നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു പ്രസവകഥ-രചന :- ഭവിത വത്സലൻ

" കുട്ടിക് ഞാൻ പറഞ്ഞത് മനസിലാകുന്നുണ്ടല്ലോ അല്ലെ.. യൂട്രസിൽ വെള്ളം കുറവാണ്.. കൂടാതെ ഇയാളുടെ ഹാർട്ട് ബീറ്റിലും വേരിയേഷൻ ഉണ്ട്.. നോർമൽ ഡെലിവേറിയേകാൾ സിസേറിയൻ ആണ് നല്ലത്. ഡെലിവറി ടൈം ഒരു ബോഡിക്കും മനസിനും ഉണ്ടാകുന്ന മാറ്റങ്ങൾ ഡോക്ടർമാർ ക്ക് പോലും പ്രഡിക്ട് ചെയ്യാൻ പറ്റില്ല..കുട്ടിക് സിസേറിയൻ ആണ് ആസ് ആ ഡോക്ടർ മൈ ഒപിനിയൻ...നമുക്കു ഒരാഴ്ചകൂടി നോക്കാം..
ഒരാഴ്ച കഴിഞ്ഞു ഏത് നക്ഷത്രം വേണം എന്ന് നോക്കി അത് അനുസരിച്ചു വരു ..അന്ന് പെയിൻ തന്നു നോക്കിയിട്ട് ബാക്കി തീരുമാനിക്കാം..അതിനിടയിൽ അനക്കം ഒട്ടും തോന്നുന്നില്ലെങ്കിൽ അപ്പോൾ വരണം..""
ഡോക്ടർ നിർത്താതെ പറയുകയാണ്.
""എനിക് കുഞ്ഞിനെ കിട്ടിയാൽ മാത്രം മതി.. ബാക്കി ഒന്നും അറിയണ്ട"" .
ഈ മറുപടി പറയാനുള്ള അവസരം പോലും ഡോക്ടർ തരുന്നില്ല. ഡോക്ടർ പറയട്ടെ ഡോക്ടർ...ഡോക്ടർ ഒരു മുപ്പത് സെക്കൻഡ്..എന്നു ഡോക്ടറോട് പറയണം എന്ന് എനിക്ക് തോന്നി.. അല്ലെങ്കിൽ വേണ്ട.. എന്റെ ഹോസ്പിറ്റൽ എന്റെ റൂം എന്റെ പേഷ്യന്റ്.. കുട്ടി മിണ്ടരുത് എന്നു പറഞ്ഞാലോ.

യൂട്രസിൽ വെള്ളം കുറവായതിനാൽ കുഞ്ഞിന്റെ അനക്കം ഡോക്ടർ നോക്കുമ്പോൾ ലഭിക്കുകയില്ല..പരിശോധന സമയത്തൊന്നും ഉള്ളിലെ കുട്ടികുരുന്നു അനങ്ങാറില്ല.. അനക്കം ഉണ്ടാകാറുണ്ട് എന്ന എന്റെ അനുഭവത്തെ ഡോക്ടർ എപ്പോഴും സംശയത്തിന്റെ നിഴലിൽ നിർത്തലാണ് പതിവ്..ഇത്തവണയും ഡോക്ടർ സ്കാനിംഗ് തൊട്ടതും കുഞ്ഞികുരുന്നു കുസൃതി കാട്ടാൻ തുടങ്ങി.. അനങ്ങുന്നില്ല...അതിന്റെ മറുപടിയാണ് മുകളിൽ കേട്ടത്..
അമ്മയുടെ ചങ്കിടിപ്പ് അവിടെ തുടങ്ങി.. കുഞ്ഞിന് ഒന്നും വരാതിരിക്കാൻ നാട്ടിലെ അമ്പലങ്ങളായ അമ്പലങ്ങൾ മുഴുവൻ നേർച്ചയും വഴിപാടും കഴിച്ചെന്നു അമ്മയുടെ മുഖത്തു വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്..
വീട്ടിലെത്തിയതും തന്നെ ഏറ്റവും സ്നേഹിക്കുന്ന ഭർത്താവിന്റെ അമ്മമ്മ യുടെ സ്നേഹം തുളുമ്പുന്ന ഉപദേശം...
"" മോളെ നാളെ തൃക്കേട്ട ആണ്. കെട്ട നക്ഷത്രമണ്. അത് മോശം നക്ഷത്രമാണ്.. അതു കഴിഞ്ഞു മൂലം..മൂലം ജനിച്ചോടം മുടിയും.. അതും വേണ്ട.. അതിന്റെ അടുത്തത് പൂരാടം.. കരിപൂരാടമാണെങ്കിൽ അച്ഛനെ കൊല്ലും.. അതു കഴിഞ്ഞുള്ളത് മതി...”
ഇത്രേ പറഞ്ഞുള്ളു.. ഇത് മാത്രമേ പറഞ്ഞുള്ളുള്ളു... ഇതു കേട്ടത് മുതൽ വയറ്റിൽ ഒരു ഒരുണ്ടുകയറ്റവും അസ്വസ്ഥതയും.. നക്ഷത്രത്തിലൊക്കെ അമിത വിശ്വാസമുള്ള അമ്മക് ഇത്തവണ നക്ഷത്രമേതായാലും കുഞ്ഞിനെ കേടുകൂടാതെ കിട്ടിയാൽ മതി എന്ന നയമായിരുന്നു ഭാഗ്യത്തിന്...
എന്നിരുന്നാലും ആ പറഞ്ഞ നക്ഷത്രങ്ങൾ എന്റെ ശ്വാസം പാതി എടുത്തു തട്ടിയും മുട്ടിയും കടന്നു പോയി.. അങ്ങിനെ തിരുവോണത്തിന്റ പിറ്റേന്ന് ചെന്നു അഡ്മിറ് ആകാൻ തീരുമാനം ആയി..പിന്നീടങ്ങോട്ടുള്ള എല്ലാ നക്ഷത്രങ്ങളും നല്ലത് ആണെന്നാണ് അങ്ങാടിപ്പാട്ട്..
അവിട്ടത്തിന്റെ അന്ന് രാവിലെ ധനലക്ഷ്മി ഹോസ്പിറ്റലിൽ എത്തി ചേർന്നു..അവിടെ അഡ്മിറ് ആകണം.. യൂ ട്രെസ്സിലെ വെള്ളത്തിന്റെ അളവ് നോക്കി വേണം എല്ലാം തീരുമാനിക്കാൻ . ഡോക്ടർ ലേബർ റൂമിൽ ചെല്ലാൻ പറഞ്ഞു.. കുഞ്ഞിന്റെ അനക്കം ഗ്രാഫ് ചെയ്തു നോക്കണം..
ഉള്ളിലുള്ള കുസൃതികുരുന്നു വികൃതി തുടങ്ങി.. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെയും കൈയും കാലും ഇട്ടു അടിച്ച കൊച്ചിന്റെ ആ സമയത്തെ ഗ്രാഫിൽ അനക്കമില്ല.. ഡോക്ടർ പറഞ്ഞു...ഇപ്പോൾ തന്നെ സിസേറിയൻ നടത്തികളയാം.. കുഞ്ഞിന് അനക്കമില്ല ഗ്രാഫിൽ..യൂട്രസിൽ വെള്ളവും നന്നേ കുറവ്.. അന്നു പോയി അഡ്മിറ്റ് അകാൻ പറഞ്ഞുവെങ്കിലും പോയുടനെ സിസേറിയൻ ടേബിളിൽ കിടക്കേണ്ടി വരും എന്നു കരുതാത്തതിനാൽ തന്നെ നടുപ്പുറത്തു അനസ്തേഷ്യ കുത്തി വെച്ചതും കീറിയതും കുഞ്ഞിനെ പുറത്തെടുത്തതും ഒക്കെ ചടപടെ കഴിഞ്ഞു..
""ആയോ എനിക് ഓപ്പറേഷൻ.. എന്നെ കുത്തി കീറുന്നെ"" എന്നു ഒന്ന് ബേജറാകാൻ കൂടി ആ ഡോക്ടർ സമയം തന്നില്ല...
ചോരയിൽ പൊതിഞ്ഞ ഇത്തിരി പോന്ന കുഞ്ഞിനെ കാണിച്ചു ""സുന്ദരി മോൾ ആണ് കേട്ടോ"" എന്നു ഒരു മയക്കത്തിൽ എന്നവണ്ണം ഞാൻ കേട്ടു.. ഒരു ഉമ്മ കൊടുത്തോ എന്നു പറഞ്ഞു ഡോക്ടർ കുഞ്ഞിനെ മുഖത്തോടു ചേർത്തെങ്കിലും വായ ഒക്കെ അനക്കാൻ പറ്റാത്ത ഒരു തരം തരിപ്.
ദേഹം മുഴുവൻ തരിക്കുന്നു.. ഇടയ്ക്കിടക്കുള്ള വിറയൽ താങ്ങാനാകുന്നതിലും അപ്പുറം ആകുന്നു.. ഹൃദയം പടപട അടിക്കുന്നത് വ്യക്തമായി അറിയാം... ഇടയ്ക്കിടക്കുള്ള വിറയൽ.. നാവ് അനക്കാൻ ആവുന്നില്ല.. കയ്യും കാലും മരവിച്ച അവസ്ഥ...
ഡോക്ടർ അടുത്തേക്ക് വന്നു.. തരിപ്പ് കുറച്ചു നേരം കൊണ്ട് പോകുമെന്ന് ആശ്വസിപ്പിച്ചു. വീണ്ടും മറ്റൊരു ഡോക്ടറോട് പറഞ്ഞു ഹാർട്ട് ബീറ്റിൽ വാരിയേഷൻ ഉള്ള കുട്ടിയാണ്.. ഐ സി യൂ വിലേക് മാറ്റാം..കുഴപ്പം ഒന്നും ഇല്ല എന്നാലും ഒരു ദിവസം ഒബ്സെർവഷനിൽ കിടക്കട്ടെ.
കുഴപ്പം ഇല്ല എന്നു ഉറപ്പുണ്ടെങ്കിൽ ഐ സി യൂ യുടെ ആവശ്യം ഉണ്ടോ എന്ന് ചോദിക്കാൻ തോന്നി.. പക്ഷെ..അനസ്തേഷ്യ യുടെ തരിപ്പ് ദേഹത്തേയും നാവിനെയും കെട്ടി വരിഞ്ഞിരിക്കുന്നു...
അങ്ങിനെ ആദ്യമായി ഇന്റൻസിവ് കെയർ യൂണിറ്റിലേക്.. അത്യാഹിത വിഭാഗക്കാരെ കയറ്റുന്ന ഭീകര താവളത്തിലെക്ക് ഈയുള്ളവളെ പ്രവേശിപ്പിച്ചു... ഐ സി യു വിലേക് മകളെ കയറ്റി എന്നറിഞ്ഞാൽ മിക്കവാറും അമ്മയും ടെൻഷൻ അടിച്ചു ഐ സി യു വില് അഡ്മിറ്റായി എത്തും എന്നു പേടിച്ചിരുന്നെങ്കിലും അങ്ങിനെ സംഭവിച്ചില്ല ഭാഗ്യത്തിന്...
നാലു ബെഡ് ഉള്ള ഒരു ചില്ലു റൂം.. അതിനപ്പുറത്തേക് പിന്നെയും വേർതിരിച്ച ചില്ലു റൂമുകൾ... നാലു ബെഡിൽ ഒന്നിൽ ഈയുള്ളവളെ പ്രതിഷ്ഠിച്ചു.. തൊട്ടടുത്ത് യൂട്രസ് റിമൂവ് ചെയ്ത ഒരു ആന്റിയും.. പ്രായം കൊണ്ടും സർജറി കൊണ്ടും നന്നേ ക്ഷീണിച്ചു കാണപ്പെട്ടു അവർ...
പ്രധാനമന്ത്രിക്കുള്ള രണ്ടു ബ്ലാക്ക് കാറ്റ്സ് പോലെ ഐ സി യൂ എന്നാൽ ഏതു നേരവും നമ്മളെ നോക്കി കുത്തിരിക്കുന്ന സിസ്റ്റര്മാരും ഡോക്ടർമാരും ഉണ്ടാകും എന്ന ഈയുള്ളവളുടെ മൂഢദാരണ അവിടെ മാറി കിട്ടി.. ആവശ്യത്തിന് ഒരു നേഴ്സിനെ വിളിക്കാൻ ബെഡിന്റെ സൈഡ് സ്റ്റീൽ കമ്പി ആട്ടി ശബ്ദമുണ്ടാക്കി വേണം ശ്രദ്ധ പിടിക്കാൻ...

മുലപ്പാൽ നൽകുന്നതിനായി നേഴ്സ് കുഞ്ഞിനെ കൊണ്ടു വന്നു.. തരിപ്പ് കുറഞ്ഞു തുടങ്ങിയിരിക്കുന്നു..
""ഉണ്ണിക്കുട്ടാ മോനുനു പാൽ കുടിക്കണ്ടേ...അമ്മേടെ ചക്കരകുട്ടനല്ലേ""
സിസ്റ്റർ കുഞ്ഞിനെ എടുത്ത് കൊഞ്ചിക്കുന്നു..
ഈശ്വരാ അപ്പോൾ പെണ്കുഞ്ഞു അല്ലെ.. അനസ്തയേഷ്യയുടെ മയക്കത്തിൽ ഞാൻ കേട്ടത് തെറ്റിപോയത് ആണോ.. എഴുന്നേൽക്കാൻ വയ്യ.. മറ്റു രണ്ടു നേഴ്സുമാർ വന്നു എഴുന്നേൽപ്പിച്ചു ..
കുഞ്ഞിനെ അവർ മാറി മാറി എടുക്കുന്നുണ്ട്...
ചക്കര കൂട്ടാ.. ഉണ്ണിക്കുട്ടാ... എന്നൊക്കെ വിളിക്കുന്നതും കേൾക്കാം... സംശയമില്ല.. ഞാൻ കേട്ടത് മാറിയത് തന്നെ... പാതി മയ്ക്കത്തിൽ ആയിരുന്നില്ലേ.. ഇടക് അമ്മയും ചേച്ചിയും കാണാൻ വന്നു വെങ്കിലും മോളോ മോനോ എന്നു ചോദിക്കാൻ നാവ് സമ്മതിച്ചില്ല... നടുപ്പുറത്തു കുത്തിവെച്ച മയക്കുവെടി അത്ര ഭയങ്കരം ആയിരുന്നു..
ആണായാലും പെണ്ണായാലും എന്റെ കുഞ്ഞുവാവ ഏതാണെന്നു അറിയാതെ അങ്കലാപ്പിൽ കിടക്കുമ്പോൾ ആണ് അപ്പുറത്ത് അലർച്ച കേട്ടത്..
""ജാനു അമ്മേ.. കണ്ണു തുറക്കൂ.. മോൻ വന്നിട്ടാ.. നോക്കു ""..എന്നൊക്കെ സിസ്റ്റർ അലരുന്നുണ്ട..
ചില്ലുവാതിലിനപ്പുറത് പ്രായമായ സ്ത്രീ ആണെന്ന് മനസിലായി...
കുറച്ചു കഴിഞ്ഞപ്പോൾ മുതൽ വീണ്ടും ശൂന്യത ആയി...
സമയം പിന്നെയും മുന്നോട്ടു നീങ്ങി.. രണ്ടു രണ്ടര മണി ആയി കാണും...
നടുവിന്റെ കുത്തി വച്ച സ്ഥലത്ത് കുത്തി ത്തരിപ് കാരണം ഒരു പോലെ കണ്ണടക്കാൻ വയ്യ.. തൊട്ടടുത്ത ബെഡിൽ യൂട്രസ് റിമൂവ് ചെയ്ത ആന്റി സുഖമായി കൂർക്കം വലിച്ചു ഉറങ്ങുന്നു... ചില്ലുവ്വതിലിനപ്പുറത് രണ്ടു സിസ്റ്റർ മാരും ഒരു മെയിൽ നേഴ്സും വീണ്ടും സംസാരിക്കുന്നത് കേൾക്കാം...
""ജാനു അമ്മേ കണ്ണു തുറക്കൂ..
ജാനു അമ്മേ... ജാനു ഇതാ നോക്കു.. മോൻ വന്നിരിക്കുന്നു... ""
സിസ്റ്റേഴ്സ് വിളിക്കുന്നത് കേൾക്കാം..
""പോയി കേട്ടോ.. കേഷുവാലിറ്റിയിൽ ഡ്യൂട്ടി ഡോക്ടർ ഉണ്ടാകും.. ചെന്നു വിളിക്...കൺഫേം ചെയ്യണ്ടേ..."'
എന്നൊക്കെ പറയുന്നത് കേൾക്കാം... ജാനു 'അമ്മ മരണപെട്ടു എന്നു സാരം...
പണ്ടേ പ്രേത സിനിമകൾ കണ്ടാൽ പേടിക്കുന്ന ഇയുള്ളവൾക് അവിടെ നിന്നും ഇറങ്ങി ഓടാൻ തോന്നി...പ്രേതസിനിമ കണ്ടാൽ ഒരു മുറിയിൽ നിന്നു അടുത്ത മുറിയിൽ പോകാൻ രാത്രി കൂട്ടു വേണ്ട താനാണ് .... മൊത്തം ശരീരം അനക്കുവാൻ വയ്യാതെ എവിടെ ഓടാൻ...
ഡ്യൂട്ടി ഡോക്ടർ മരണം സ്ഥിരീകരിച്ചു പ്പോയി... സിസ്റ്റേഴ്സ്സ് ബോഡി വിട്ടു കൊടുക്കാനുള്ള പേപ്പർ ശരിയാക്കുവാൻ ഓടി നടക്കുന്നു..
എപ്പഴോ ഒന്നു മയങ്ങിയതും അതാ വരുന്നു ജാനു അമ്മ... അവ്യക്തമായ രൂപം മാത്രമേ ഉള്ളു...
""വാ മോളെ നമുക്കു പോവാം...""

""അയ്യോ.. ഞാൻ വരുന്നില്ല.. എന്റെ കുഞ്ഞിനെ നേരാം വണ്ണം ഒന്നു കണ്ടു പോലും ഇല്ല.. "'
"അത് സാരമില്ല.. കുഞ്ഞിന് എല്ലാവരും ഉണ്ട്.. മോൾ എന്റെ കൂടെ പോരു... ""
""ഞാൻ വരില്ല... ഞാൻ വരില്ല..ദൂരെ പോ??""

"'എന്തുപറ്റി.. എന്തെങ്കിലും വേണോ.. ""എന്നു ചോദിച്ചു സിസ്റ്റേഴ്സ് സിൽ ഒരാൾ ഓടി വന്നു.. ചമ്മിയ വിളറി വെളുത്ത മുഖത്തോടെ എനിക് ഇത്തിരി പേടിയുടെ അസുഖം ഉണ്ടെന്നു അറിയിച്ചപ്പോൾ അവിടെ ഇരിക്കാം ഉറങ്ങുന്നത് വരെ എന്നു ഉറപ്പു തന്നു...അപ്പോഴാണ് ശരിക്കും അവർ ഒരു മാലാഖ ആയി ഈയുള്ളവൾക് തോന്നിയത്...
പിറ്റേന്നും രണ്ടു മൂന്നു തവണ കുഞ്ഞിനെ പാൽ കൊടുക്കുവാൻ കൊണ്ടു വന്നപ്പോഴും സിസ്റ്റേഴ്സ്"" ഉണ്ണിക്കുട്ടാ ചക്കരകുട്ടാ"" വിളിക്കുന്നുണ്ടായിരുന്നു...
അടുത്ത ബെഡിൽ കിടന്ന സ്ത്രീ കുഞ്ഞു ആണ്കുട്ടി ആണല്ലേ എന്നു ചോദിച്ചപ്പോൾ ആണെന്നും അല്ലെന്നും ഉള്ള അർത്ഥത്തിൽ തലചലിപ്പിച്ചു.. ആണ്കുട്ടി തന്നെ ആവും.. അവരുടെ വിളിയിൽ ഞാൻ ബോധത്തോടെ ഉറപ്പിച്ചു..
ഡോക്ടർ രണ്ടുതവണ പേരിനെന്ന പോലെ കയറി ഇറങ്ങി.. എന്തു നല്ല ഒബസെർവെഷൻ..ഐസിയു എന്ന അജ്ഞാത വാസം ഒന്നര ദിവസത്തിനു ശേഷം അവസാനിപ്പിച്ചുകൊണ്ട് റൂമിലേക് രംഗപ്രവേശനം ചെയ്തു..
മാമി മോളൂട്ടി അമ്മ വന്നിട്ടാ... ഇതാ മോളെ പിടിക് എന്നും പറഞ്ഞു കുഞ്ഞിനെ കയ്യിൽ തന്നു...അടിയിലെ തുണി തെന്നി മാറിയപ്പോൾ മെല്ലെ ഒന്നു ഇടം കണ്ണിട്ടു നോക്കി..
സംശയമില്ല.. പെണ്കുഞ്ഞു തന്നെ...
അപ്പോൾ ""ഉണ്ണിക്കുട്ടനും ചക്കരകുട്ടനും ""എവിടെ...
അനസ്തയേഷ്യയുടെ മയക്കത്തിൽ ഞാൻ കേട്ട ചുന്ദരി മോൾ എന്ന കേൾവി തന്നെ ആയിരുന്നു ശരി...ഒത്തിരി സന്തോഷത്തോടെ ഒന്നര ദിവസത്തിനു ശേഷം
അതുവരെ മോളോ മോനോ എന്നു തിരിച്ചറിയാതെ ഒന്നും വിളിക്കാനാവാതെ പകച്ചു നിന്നിരുന്ന ഈയുള്ളവൾ ഉള്ളിൽ തികട്ടി വന്ന മുഴുവൻ മാതൃ ഭാവവും ആവാഹിച്ചു അവളെ തന്റെ പൊന്നോമനയെ ""മോളു " എന്നു മനസിൽ തട്ടി വിളിച്ചു..
അങ്ങിനെ അഞ്ചു ദിവസത്തെ മരുന്നും ഇഞ്ചക്ഷനും ഒക്കെ അവസാനിച്ചു.. ആശുപത്രി വാസത്തിനു പരിസമാപ്തി ആയി വീട്ടിൽ എത്തി..
പത്തു മാസം ചുമന്നു ഒടുവിൽ ഒരു വഴിയും ഇല്ലാതെ സിസേറിയൻ ചെയ്യപ്പെടുകയും അതിന്റെ വേദനയും മരവിപ്പും വിറയലും മുറിവ് ഉണങ്ങാനുള്ള ഇന്ജക്ഷനും ഒക്കെ ആടി തകർത്തു വീട്ടിൽ എത്തിയപ്പോൾ ചിലരുടെ വക വേറെ ചില ഡയലോഗ്..
"" പ്രസവ വേദന അറിയാത്ത പെണ്ണൊന്നും ഒന്നും അമ്മയല്ല""പോലും..
പിന്നെ എന്താണാവോ എന്തൊരോ.......

എല്ലാം കഴിഞ്ഞു എന്ന് അശ്വസിച്ചിരിക്കുമ്പോൾ ആണ്
ആദ്യ വാക്സിനേഷൻ എടുക്കാൻ പോകുന്നത്.കുത്തിവെപ്പിന്റെ വേദനയിൽ കുഞ്ഞു ആർത്തലയ്ക്കുന്നു ..അച്ഛൻപെങ്ങൾ മോളേയും കൊണ്ട് വരാന്തയിൽ കൂടെ നടന്നു കരച്ചിൽ അടക്കാൻ പാട് പെടുന്നുണ്ട്..
പൊതുവെ വായാടി ആയതിനാൽ കാണുന്നവരോടൊക്കെ കയറി സംസാരിക്കുന്നതിനാലും തൊട്ടടുത്തത്തിരുന്ന സ്ത്രീയോട് പെട്ടന്ന് തന്നെ കത്തി വെക്കാൻ തുടങ്ങി..
""വാവയും സെപ്റ്റംബർ പതിനഞ്ചു ആണല്ലേ"'
"" അതേ..മോള് സെപ്റ്റംബർ പതിനഞ്ചു ആണല്ലേ..മോൾ ഏതാ സമയം""
""പത്തര"'
""ഓഹ്..മോൻ വെളുപ്പിന് നാലു മണിയാ. അവിട്ടം അല്ലെ നക്ഷത്രം.. അവിട്ടം തവിട്ടിലും നേടും എന്നാ""
"" മോൾ ചതയം ആണ്. ""
(തിരുവോണത്തിന് പിറ്റേന്ന് ആണെങ്കിലും അന്ന് അവിട്ടം കുറച്ചു നേരം മാത്രമേ ഉണ്ടായുള്ളൂ.പത്തര ഒക്കെ ആയപ്പോഴേക്കും ചതയം അവിട്ടത്തെ തട്ടി മാറ്റി എന്നു.. ഞാൻ പറഞ്ഞതല്ല കേട്ടോ.. ജ്യോത്സ്യപണ്ഡിതൻ അരുളിചെയ്തത് ആണ്...എന്നാലും കുഴപ്പമില്ല.. തവിട്ടിലും നേടില്ലെങ്കിലും ശ്രീനാരായണഗുരു ന്റെ നക്ഷത്രം ആണല്ലോ ..)എന്നു സമാധാനിച്ചു നിൽക്കുമ്പോൾ ആണ്
ആ സ്ത്രീ അടുത്ത ബോംബ് പൊട്ടിച്ചത്..

""ഓഹ്.. ചതയം ചതിക്കും എന്നാ കേൾവി..."'
""ആണല്ലേ.. ""
എന്നും പറഞ്ഞു അവിടുന്നു മെല്ലെ സ്കൂട്ടകുമ്പോൾ അച്ഛൻ പെങ്ങളുടെ കൈയിലിരുന്നു കരച്ചിൽ നിറുത്തി മോളൂട്ടി കാണിച്ചു തരാടി എന്നു അർത്ഥ ഗംഭീരമായ കള്ള ചിരി പാസ്സാക്കുന്നുണ്ടായിരുന്നു...
✍️✍️✍️✍️ഭവിത വത്സലൻ

NB: മുകളിൽ പറഞ്ഞ നാളുകാർ സദയം ക്ഷമിക്കുക...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot