Showing posts with label SureshSBabu. Show all posts
Showing posts with label SureshSBabu. Show all posts

ഹെയർ സ്റ്റെയിൽ

Image may contain: Suresh SBabu, tree, outdoor, closeup, nature and water
___________________________
" ചേട്ടാ, ഇതു നോക്കിയേ, എന്റെ മുടിയെല്ലാം പോകുന്നു ."
" ഓ ,അതു പൈപ്പ് വെള്ളത്തിൽ കുളിക്കുന്നത് കൊണ്ടാവാം."
"പിന്നെ, ഈ രാജ്യത്തുള്ള പെണ്ണുങ്ങളെല്ലാം കിണറ്റു വെള്ളത്തില്ലല്ലേ കുളിയും, ജപവും . "
"എടീ,നീ അതിന് എന്തിനാ ചൂടാവണത്. "
"പിന്നെ, അല്ല,എന്തെങ്കിലും പറയുമ്പോൾ ഒരു തൊടുന്യായം കൊണ്ടുവരും."
"ഞാൻ കാര്യം പറഞ്ഞെന്നേയുള്ളു. "
"ങാ, നിങ്ങളൊരു സർവ്വവിഞ്ജാനകോശം".
" ശരിയല്ലേ, ഞാൻ പറയുന്നത്. "
"എന്ത് ശരി, അപ്പുറത്തേ ഗീതയെ നോക്ക്, ലക്ഷമിയേ നോക്ക്, മീനാക്ഷിയേ നോക്ക്, .....
"നിർത്ത് ...... നിർത്ത് "
എനിക്ക് രണ്ടു കണ്ണേയുള്ളു, ഇത്രയും പേരേയും ഒരുമിച്ച് നോക്കാൻ പറ്റൂല്ല.
"ഓ, ഒരു പുണ്യാളൻ. നോക്കാത്ത ആള് ."
"നിനക്ക് ഇപ്പം എന്താ പ്രശ്നം, മുടിയാണോ, ഞാൻ നോക്കന്നുതാണോ."
''നിങ്ങളിതു നോക്കിയേ, "
"ദാ, കണ്ടോ, മുട്ടറ്റം മുടിയുണ്ടായിരുന്നതാ, ഇപ്പോ കണ്ടോ പാറ്റ വെട്ടിയ കണക്കേ."
"പാറ്റയ്ക്ക് വേറെ ഒന്നും കിട്ടിയില്ല."
( ഭർത്താവ് ആത്മഗതം)
"എന്താ , എന്താ, എന്താ പറഞ്ഞത് ."
"ഓ, ഒന്നുമില്ലേ ......."
" അല്ലെങ്കിലും നിങ്ങളിപ്പം ഇങ്ങനെയാ, എന്നെ തീരെ മൈൻഡ് ചെയ്യുന്നില്ല."
''എടീ, ഭാര്യേ, നിന്നെയല്ലാതെ
പിന്നെ ആരയാ ഞാൻ മൈൻഡ് ചെയ്യുന്നത് ."
"വേണ്ട, വേണ്ട , ഒന്നും പറയണ്ട."
" ശരി, ശരി ,എന്റെ പെണ്ണിന് ഇപ്പോൾ എന്താ വേണ്ടത്. " മുടി കൊഴിയുന്നത് മാറാൻ മരുന്നു വാങ്ങണോ, അതോ വിഗ് വല്ലതും വാങ്ങണോ ,പറയൂ നമുക്ക് സങ്കടിപ്പിക്കാമെന്നേ.
"മരുന്നും വേണ്ടാ,മണ്ണാങ്കട്ടിയും വേണ്ട, എനിക്കേ അത്രയ്ക്ക് പോയിട്ടൊന്നും ഇല്ല കേട്ടോ ."
"ഹോ, ഇതൊരു കഷ്ടമായല്ലോ, രാവിലെ വെറുതേ പിണങ്ങാനായിട്ട് "
ഞാൻ എന്തു ചെയ്യണമെന്നാണ് നീ പറഞ്ഞു വരുന്നത്."
" നിങ്ങൾ ഒന്നും ചെയ്യുണ്ട. എനിക്കേ മുടി ഒന്നു സെറ്റ് ചെയ്യണം."
"ചെയ്തോ " , ആര് വേണ്ടെന്ന് പറഞ്ഞു.
"മുടി മുറിക്കുകയും വേണം ."
"വേണം ", ആര് വേണ്ടെന്ന് പറഞ്ഞു .
"എനിക്ക്, രൂപ വേണം ."
" ഇത്രയേയുള്ളോ, കാര്യം " . ഇതിനാണോ രാവിലെ കിടന്ന്
ഒച്ചപാട് ഉണ്ടാക്കുന്നത്. നാണമില്ലേ ഭാര്യേ നിനക്ക് , ഒരു സർക്കാർ ഉദ്ദ്യോഗസ്ഥയാണു പോലും നൂറ് രൂപ
എടുക്കാൻ നിന്റെ കയ്യിൽ ഇല്ലേ.
" അയ്യടാ, നൂറു ഉലുവാ, അയ്യായിരം രൂപയാക്കുമെന്നാ മീനാക്ഷി പറഞ്ഞത്. "
"എന്റെമോ, അയ്യായിരം രൂപയോ ?". അതെന്തോന്ന് വെട്ട്?. എനിക്ക് വെട്ടാൻ നൂറ് രൂപയല്ലേ ആകൂ. "
"ങാ, നിങ്ങൾക്ക് ചിലപ്പോൾ ഫ്രീ ആയിട്ട് വെട്ടി തരും. ആകെ അഞ്ചണ്ണം അല്ലേയുള്ളു.
" അതിനിടയ്ക്ക്, എനിക്കിട്ട് താങ്ങണേ, എടീ കല്യാണ സമയത്ത് എന്ത് മുടിയുണ്ടായിരുന്നു എന്ന് നിനക്ക് അറിയാമല്ലോ, വയസാകുമ്പോഴേ എല്ലാവർക്കും മുടി പോകും. ങാ "
"പോകും, പോകും തീർച്ചയായിട്ടും പോകും."
"എടി, എന്തെങ്കിലും വഴക്ക് വരുമ്പോ, എന്റെ വീക്ക് പോയിന്റിൽ പിടിച്ചോളണേ. "
(അല്പം പരിഭവത്തിൽ)
"ഓ, എന്റെ പൊന്ന്, അതിനിടയ്ക്ക് പിണങ്ങിയോ ". ദേ, നോക്കിയേ ഞാൻ മറ്റു പെണ്ണുങ്ങളെ പോലെ വേറെ എന്തെങ്കിലും ആവശ്യപെടുന്നുണ്ടോ . എന്റെ ATM കാർഡ് കൂടി നിങ്ങടടുത്ത് അല്ലേ ഉള്ളത്. ഓഫീസിൽ പോകുമ്പോൾ ഇങ്ങനെ മുടി കോലുപോലെ കിടക്കുന്നത് വൃത്തികേടല്ലേ .
സമ്മതിക്കൂന്നേ... Pl.
"ങാ, ശരി, ശരി നിന്റെയിഷ്ടം" .
അല്ലെടി, അയ്യായിരം രൂപയ്ക്ക്
ഏത് ബാർബറാ മുടി വെട്ടികൊടുക്കുന്നത് .ഒന്നു കണ്ടാൽ കൊള്ളായിരുന്നു.
" ദേ, ഇതു ബാർബറൊന്നും അല്ല, ഒരു സ്ത്രീയാ."
"സ്ത്രീയോ " .
" അതെന്നേ" .
നിങ്ങള്, TV യിൽ ഒന്നും കണ്ടിട്ടില്ലേ. TV യിൽ അവരുടെ അഭിമുഖം ഒക്കെ ഉണ്ടായിരുന്നു. എല്ലാ ആഴ്ചയിലും ഒരു പരിപാടിയും ഉണ്ട്, എങ്ങിനെ മുടി കൊഴിയാതെ സംരക്ഷിക്കാം എന്ന് .
മാഗസിനുകളിൽ അവർ ഒരു പാട് എഴുതിയിടുണ്ട്.
" ഓഹോ, അവരുടെ പേരെന്താണ് ".
പേര് ... " .......... ". നിങ്ങൾ കേട്ടിരിക്കും.
" കേട്ടിരിക്കണൂ ,കേട്ടിരിക്കണൂ " .
"ശരി, എപ്പഴാ പോണേ"
"വൈകുന്നേരം"
" ശരി, ആരുടെകൂടയാ ".
"എന്റെ പ്രിയപ്പെട്ട പ്രിയതമന്റെ കൂടെ ."
( കെട്ടി പിടിച്ചിട്ട് )
" ഞാനോ, അവിടെ മുഴുവനും സ്ത്രീകളായിരിക്കില്ലേ ".
" എന്നെ അവിടെയാക്കിയിട്ട്, നിങ്ങളൊന്ന് കറങ്ങിയിട്ട് വന്നാ മതി"
"ഓക്കേ, ഡൺ "
........................................................... കുറച്ച് സമയത്തിനു ശേഷം, ....
കറങ്ങാൻ പോയ ചങ്ങാതി ദൂരത്ത് നിന്ന് വരുന്ന ഒരു സ്റ്റയിലൻ രൂപം കണ്ട് വായും പൊളിച്ച് നിൽക്കൂവാ.
" പോകാം ... "
"എങ്ങോട്ടാ... "
"ഹലോ, നിങ്ങൾ ഈ ലോകത്തൊന്നും അല്ലേ ."
"അയ്യോ, നീ ആയിരുന്നോ " .ഞാൻ വിചാരിച്ചു വേറെ ആരോ .....
"അയ്യടാ, വേറെ ആരോ അല്ല". ഇതു ഞാൻ തന്നെ .നിങ്ങടെ സ്വന്തം ....
ഹ ഹ '... ഹാ..
"എടീ, സുന്ദരി കുട്ടി നന്നായിട്ടുണ്ടെടി ."
ഇപ്പഴല്ലേ നീ എന്റെ കൂടെ നടക്കാൻ യോഗ്യത നേടിയത്.
"ങാഹാ, ഈ മൊട്ടയുടെ കൂടെ നടക്കാനേ , പഴയ ആളു തന്നെ മതി.
"എടി, നീ വീണ്ടും എന്നെ തോണ്ടുകയാണ് അല്ലേ " .
"ചൂടാവാതെ ഭർത്താവേ, " ഞാൻ തമാശയ്ക്ക് പറഞ്ഞതല്ലേ " .
" ഞാനും ഒരു വിഗ് വച്ചാലോ എന്ന് ആലോചിക്കുവായിരുന്നു. "
" ദേ, ഞാൻ അപ്പഴ് വീട്ടിൽ നിന്ന് ഇറങ്ങി പോകും."
ആണുങ്ങൾക്കേ, കഷണ്ടി സൗന്ദര്യമാ.
പണ്ടെത്തേ ആൾക്കാർ പറയുന്നത് കേട്ടിട്ടില്ലേ,
"കഷണ്ടിയും, കുടവയറും,കപ്പടാ മീശയും ആണ് ,പുരുഷ ലക്ഷണം എന്ന്. "
ഏത് ....... ആണ് അങ്ങിനെ പറഞ്ഞത് .
എന്റെ വിഷമം എനിക്കേല്ലേ അറിയാവു.
( തലയിൽ തടവി ,ദീർഘശ്വാസം വിട്ട് .)
........................
കുറേ മാസങ്ങൾക്ക് ശേഷം,
"അല്ല, നിന്റെ മുടിയെല്ലാം വീണ്ടും പഴയതുപോലെ ആയല്ലോ" .
"ങാ, ആര് ശ്രദ്ധിക്കാൻ " .
" വീണ്ടും ,പോണ്ടേ അവിടെ. രൂപ തരാം, ഞാൻ കൊണ്ടാക്കാം."
"പിന്നെ പിച്ചകാശ് തരുന്നതുപോലെ അല്ലേ പറയുന്നത്. ഞാനും ജോലി ചെയ്യുന്നുണ്ടേ" .എനിക്കും മാസം എൺപതിനായിരം കിട്ടുന്നുണ്ടേ."
"ങ.. ഹാ, ATM കാർഡ് എന്റടുത്താണല്ലോ" .
"പിന്നെ, അതെടുക്കാൻ വലിയ കാര്യമല്ലേ ."
" നമ്മുക്ക് ഒരു ആയ്യുർവേദ ഡോക്ടറെ കണ്ടാലോ, ചിലപ്പോൾ മുടി കൊഴിച്ചില് മാറാനുള്ള എണ്ണ വല്ലതും തരും ".
" അതു വേണ്ട, അലോപതിയിൽ കാണിക്കാം, ചിലപ്പോൾ വേറെ എന്തെങ്കിലും ആണെങ്കിലോ " .
"അതല്ലേ കുണുക്കാച്ചി ഞാൻ അന്നേ പറഞ്ഞത്. " അപ്പോൾ സമ്മതിച്ചില്ല. ശരി, നാളെ തന്നെ പോകാം.
..........................
ദമ്പതികൾ ഡോക്ടറെ കണ്ടു. കുറെ ടെസ്റ്റുകൾ ചെയ്തു.
തൈറോയിഡ് ഹോർമോണിൽ വ്യത്യാസം ഉണ്ടായിരുന്നു.
ഡോക്ടർ മരുന്നിന് എഴുതി. അത് കഴിച്ചപ്പോൾ മുടി കൊഴിച്ചിൽ നിന്നു .
വീണ്ടും ശ്രീമതിയുടെ മുടി പനങ്കുല പോലെ വളരാൻ തുടങ്ങി ശ്രീമതിക്ക് സന്തോഷം '.ഓഫീസിൽ ഇനി മുടി കാണിച്ച് പെണ്ണുങ്ങളെ കൊതിപ്പിക്കാമല്ലോ .
ശ്രീമാനും സന്തോഷമായി,
ശ്രീമതിക്ക് ഒരുപാട് മുടി വന്നതു കൊണ്ടല ശ്രീമാന്റെ സന്തോഷം . ഇടയ്ക്കിടയ്ക്ക് അയ്യായിരം വച്ച് പോകത്തില്ലല്ലോ.
വാസ്തവത്തിൽ കുറച്ച് അസൂയ ഉണ്ടുതാനും. അത് തീർക്കാനായി ശ്രീമതിയുടെ മുന്നിൽ വച്ച് കഷണ്ടി തലയിൽ ഒന്നു രണ്ടു വട്ടം തടവി കാണിക്കും.
സുരേഷ് ബാബു.
തിരുവനന്തപുരം.
28-05-2018.

ഭാര്യ പറഞ്ഞത്

Image may contain: Suresh SBabu, beard and closeup
............................
"ഞാൻ മരിച്ചു പോയാൽ നീ വേറെ കെട്ടുമോ "
"കെട്ടും."
"എടീ, നിനക്ക് അൻപത് വയസ്സായില്ലേ ,ഇനി കെട്ടിയിട്ട് എന്ത് ചെയ്യാൻ " .
"ദേ , മനുഷ്യ നിങ്ങൾക്ക് എപ്പഴും "ആ " ചിന്തയേയുള്ളു. "
"അതല്ലടി , പിന്നെ എന്തിനാ അൻപതും അൻപത്തഞ്ച് വയസ്സുള്ളവർ ഭർത്താവ് മരിച്ചയുടൻ വേറെ കെട്ടുന്നത്. "
"ഓ...., നിങ്ങളാണുങ്ങളാരും വേറെ കെട്ടൂല്ല അല്ലേ ."
"അല്ലാ...... പെണ്ണുങ്ങൾ പൊതുവേ, അടങ്ങി ഒതുങ്ങി കഴിയണം എന്നല്ലേ ."
"ങാ... അടങ്ങി ഒതുങ്ങി കഴിയാം. നിങ്ങളാണുങ്ങൾക്ക് എന്തു തോന്യാസവും ആവാം അല്ലേ ."
" എന്നല്ല, മക്കളും ചെറുമക്കളും ആവുമ്പോൾ , അവരെയും നോക്കി കഴിയാല്ലോ പെണ്ണുങ്ങൾക്ക് ."
" അത് തിരിച്ചും ആവാല്ലോ."
പിന്നെ ഭർത്താവോ, ഭാര്യയോ മരിച്ചാൽ രണ്ടിലൊരാൾ വീണ്ടും കെട്ടുന്നതേ, ഒരു തുണയ്ക്ക് വേണ്ടിയാണ് കോട്ടോ. അല്ലാതെ നിങ്ങളുദ്ദേശിക്കുന്നതിനു വേണ്ടിയല്ല കേട്ടോ .
മക്കളും മരുമക്കളും അവരുടെ കാര്യം നോക്കി ജീവിക്കും. പിന്നെ അവർക്ക് അച്ഛനും അമ്മയൊന്നും വേണ്ട. അതു കൊണ്ടാ വേറെ കെട്ടുന്നത് .
"അല്ല, ഞാൻ വെറുതേ പറഞ്ഞെന്നേയുള്ളു" .
അപ്പോൾ ഞാൻ പോയാൽ നീ കെട്ടും അല്ലേ .
"ങാ, കെട്ടും, ഉടനേ കെട്ടും ".
ഇങ്ങേർക്ക് ഇതു എന്തു പറ്റി, രാവിലെ മൂഡ് കളയാൻ വേണ്ടി.
അവൾ ദേഷ്യപ്പെട്ട് അടുക്കളയിലേക്ക് പോയി.
ച്ചേ, ഇന്ന് ഉച്ചവരെയുള്ള കാര്യം ജഗപൊഗ.
ഞാറാഴ്ച രാവിലെ കാപ്പി കുടി കഴിഞ്ഞുള്ള പത്രം വായന പതിവാ.
അടുത്തകാലത്തായി ആദ്യം നോക്കുന്നത് വിവാഹ പരസ്യത്തിന്റെ പേജാണ്. മൂത്തവന് 26 വയസായി. ഇപ്പഴേ ,നോക്കി തുടങ്ങിയാലേ നല്ലത് വല്ലതും കിട്ടൂ. അപ്പോഴാണ് 50 വയസുള്ള വിധവക്ക് വരനെ ആവശ്യമുണ്ടെന്ന് കുറച്ച് കറുപ്പിച്ച അക്ഷരങ്ങളിൽ കൊടുത്തിരിക്കുന്നു.
എന്തോ, ഒന്നു വായിച്ചു നോക്കാൻ തോന്നി.
" ഭർത്താവ് മരണപ്പെട്ട " ......." സ്ത്രീക്ക് (ബാധ്യതകളില്ല).
സ്വജാതിയിൽപെട്ട അനുയോജ്യമായ ആലോചനകൾ ക്ഷണിച്ചു കൊള്ളുന്നു. ജാതകം നോക്കുന്നില്ല. സാമ്പത്തികമുണ്ട്."
ആ പരസ്യവാചകങ്ങൾ കണ്ടപ്പോൾ മുതൽ ചെറിയ ഒരു വിമ്മിഷ്ടം.
മകനു വേണ്ടി നോക്കുന്നതിൽ ആദ്യമായി ഒത്തു നോക്കുന്നത് നാളുകൾ തമ്മിൽ ചേരുമോ എന്നാണ്. അത് ചേർന്നെങ്കിൽ മാത്രമേ കൂടുതൽ അന്വേഷണം നടത്തുകയുള്ളു.
പരസ്യത്തിൽ കൊടുത്തിരിക്കുന്നത് നോക്കുമ്പോൾ ജാതകമൊക്കെ നോക്കിയായിരിക്കണം അവരുടെ കല്യാണം നടന്നിരിക്കുന്നത് .50 വയസുവരേ ദാമ്പത്യം ഉള്ളു എന്ന് ജ്യോതിഷിക്ക് കണ്ടു പിടിക്കാൻ കഴിഞ്ഞിരിക്കില്ല.
അപ്പോൾ ഇതൊക്കെ ഇത്രയേയുള്ളു.
പരസ്യത്തിലെ ഒരു കാര്യത്തോട് യോജിക്കാൻ പറ്റുന്നില്ല.
"സ്വജാതിയിൽ പെട്ടത് തന്നെ വേണം "എന്ന്
ഇനി അങ്ങോട്ട് ജീവിക്കാൻ
വെറുതേ കിട്ടുമെങ്കിൽ കുറച്ച് ആഢ്യത്വം ഇരുന്നോടെ എന്നും കരുതിയാവണം അങ്ങിനെ കൊടുത്തത്.
ചെറിയ ഒരു ഇര ഇട്ടു കൊടുത്തതാണ്, അതിൽ പറഞ്ഞിരിക്കുന്ന "സാമ്പത്തികമുണ്ട് എന്നുള്ളത് ''.
പൈസ മോഹിച്ച് വല്ല ചെറുപ്പക്കാരാരെങ്കിലും വന്നെങ്കിലോ."
അങ്ങിനെ വിവാഹ പരസ്യങ്ങൾ ഓരോന്നായി നോക്കി കൊണ്ടിരിക്കുമ്പോഴാണ്
ദേഷ്യപ്പെട്ട് പോയ ശ്രീമതിയുടെ
മണം മൂക്കിൽ അടിച്ചത് .
"നിങ്ങള് വരുന്നുണ്ടാ മുകളിൽ."
"എടി, ഇത്രയും രാവിലെ."
" ദേ, ഞാൻ വായിൽ തോന്നിയത് വിളിച്ച് പറയും."
എന്ന് പറഞ്ഞ് ആദ്യത്തേതും പിന്നെതേതും കൂടി രണ്ടു ദേഷ്യവുമായി പടികളിൽ ആഞ്ഞു ചവിട്ടി വാമം മുകളിൽ പോയി."
അല്ല , ഞാൻ ആലോചിക്കുവായിരുന്നു. ഇത്ര രാവിലെ എന്തിനാ മുകളിൽ വരാൻ പറഞ്ഞതെന്ന്.
ഹോ...ഹോ... ഹോ ഹോ ഹോ !
അപ്പഴാണ് പിടി കിട്ടിയത്,
രാവിലെ ഇസ്തിരി ചെയ്യാൻ സഹായിക്കുമോ എന്ന് ശ്രീമതി ചോദിച്ചതും ഞാൻ പറ്റൂല്ല കൈ വേദനിക്കണൂ എന്ന് പറഞ്ഞതും.
ഞാറാഴ്ച ദിവസങ്ങളിലെ കാപ്പി കുടി കഴിഞ്ഞുള്ള അവളുടെ ആദ്യത്തെ പണി,എനിക്ക് ഒരാഴ്ചത്തേക്ക്
വേണ്ട തുണിയെല്ലാം
നന്നായി ഇസ്തിരിയിട്ട് അലമാരയിൽ തൂക്കുക എന്നതാണ്.
ഞാൻ സഹായിക്കാൻ ചെന്നാൽ പറയും .
"നിങ്ങൾ അങ്ങോട്ട് മാറി നിന്നേ, ഞാൻ ചെയ്തോളം,
നിങ്ങൾ ഇട്ടാൽ ശരിയാവത്തില്ല' എന്ന് .
പക്ഷേ ഞാൻ അവിടെ തന്നെ ചുറ്റിപറ്റി നിൽക്കണം. കുറച്ച് മാറി നിന്നാൽ ,
"ഓ, അതിനിടയ്ക്ക് അങ്ങ് പോയോ എന്ന് ചോദിക്കും."
കള്ളിയുടെ കള്ളത്തരം എനിക്കറിയില്ല എന്നാണ് വിചാരം.
പക്ഷേ, ഇന്ന് അങ്ങിനെയായിരിക്കില്ല. "വയ്യാ എന്നു പറഞ്ഞിരുന്നു".
അതോ, ഞാൻ പോയി വെറുതേ അടുത്ത് നില്ക്കാനോ.
പക്ഷേ പെട്ടെന്ന് വിവാഹ പരസ്യം ഒർമ്മ വന്നു. 50 വയസുള്ള .........
അയ്യോ, ദൈവമേ, ?
" ഞാൻ തട്ടി പോയാൽ ഇവൾ വേറെ കെട്ടുമോ " .
പേപ്പർ ദൂരെയെറിഞ്ഞ് ചില സിനിമകളിൽ മോഹൻലാൽ
ചെയ്യുംപ്പോലെ മൂന്ന് സ്റ്റെപ്പുകൾ വീതം ഒന്നിച്ചുചാടി അവളുടെ അടുതെത്തി.
"എന്താ മനുഷ്യ, കിതയ്ക്കുന്നത്, അല്ലെങ്കിലും എനിക്കറിയാം നിങ്ങൾ വരുമെന്ന് ." (കള്ള ചിരി)
എന്റെ കിതപ്പ് പത്രത്തിലെ പരസ്യം ഓർത്തായിരുന്നു എന്ന് പാവത്തിന് അറിയൂല .
സുരേഷ് ബാബു .
തിരുവനന്തപുരം .
27-05-2018

മുറിഞ്ഞു പോയ സംസാരം

Image may contain: 1 person, selfie, closeup and outdoor

രാവിലെ ഒരു ചായ പതിവുള്ളതാ. പത്രത്തിലെ തലക്കെട്ടുകൾ ഓട്ടിച്ച് വായിച്ചു വിടുമ്പോൾ ഇടയ്ക്കിടയ്ക്ക് ഓരോ കവിൾ ചായ നുണയുന്നത് ശീലമായി പോയി. ഇന്നെന്തു പറ്റി ശ്രീമതിക്ക് .
"സുധേ ചായ കിട്ടിയില്ല"
രവീന്ദ്രൻ മാഷ് പത്ര താളുകൾ മറിക്കുന്നതിനിടയിൽ ഭാര്യയെ നോക്കി പറഞ്ഞു.
"ഒന്നു ഇങ്ങോട്ടു വന്ന് എടുത്തൂടെ മനുഷ്യാ, ഒരു നൂറായിരം പണിയുണ്ട് എനിക്കിവിടെ ".
അല്ലെങ്കിലും പിള്ളേരൊക്കെ വലുതായതിൽ പിന്നെ നീ എന്നെ മൈൻഡ് ചെയ്യുന്നില്ല.
"ഓ മൈൻഡ് ചെയ്യാൻ പറ്റിയ
പ്രായം " .
രവീന്ദ്രൻ മാഷിന് ഭാര്യ തന്നെ പണ്ടത്തെ പോലെ ശ്രദ്ധിക്കുന്നില്ലേ എന്ന് ഒരു സംശയം. കല്ല്യാണം കഴിഞ്ഞയിടയ്ക്ക് എന്തൊക്കയാ വിളിച്ചിരുന്നത്. "ചേട്ടാ '', "പൊന്നേ" എന്നൊക്കെ.ദാ ഇപ്പം ഗ്രേഡ് കൂടി കൂടി "മനുഷ്യനിൽ " എത്തി നിൽക്കുന്നു
കുഞ്ഞുങ്ങൾ ഉണ്ടാവുന്നതു വരെ എന്തായിരുന്നു കളിതമാശകൾ.രണ്ടു പേരും
ദിവസങ്ങളോളം അവധി എടുത്ത്
നിന്നിട്ടുണ്ട്. അത് ഒരുമിച്ച് നിൽക്കാമല്ലോ എന്ന് കരുതിയാണ്. ഹൂം, എന്തിനേറെ ശംബളം ഇല്ലാത്ത അവധികൂടി എടുത്തിട്ടുണ്ട്. സുധയ്ക്ക് ഞാൻ എപ്പഴും അടുത്ത് ഉണ്ടാവണം.
അങ്ങിനെയുള്ള ദിവസങ്ങളിൽ വിശപ്പ്പോലും അറിയാതിരുന്നിട്ടുണ്ട്.
"ങ്ങ്ഹാ, അതൊരു കാലം." എല്ലാം കുറേശ്ശേ മാറാൻ തുടങ്ങി.
"ഇപ്പം ഈ മദ്ധ്യവയസ്സിൽ ഒരു ചായ ചോദിച്ചപ്പോൾ വന്ന് എടുത്ത് കുടിച്ചൂടേ മനുഷ്യാ എന്ന് " .
ഇപ്പം ശരിയാക്കി തരാം.
രവി മാഷ് അതൊന്നു കേൾക്കാൻ തന്നെ തീരുമാനിച്ചു.
പതുങ്ങി പോയി ശ്രീമതിയെ ഒന്നു പുണർന്നിട്ട്,
" എന്താടി എന്നെ ഇപ്പം വലിയ വിലയില്ലാതായി അല്ലേ"
മാഷിന്റെ കൈകൾ വലിച്ച് മാറ്റിയിട്ട്,
"ദേ മനുഷ്യാ, പിള്ളാര് അപ്പുറത്ത് നിൽക്കുവാ ". ഒരു ബോധവും ഇല്ല ഇങ്ങേർക്ക്, വയസുകാലത്താ ഒരു മുതുക്ക് കൂത്താട്ടം.
രവി മാഷിന്റെ ഉത്സാഹം എല്ലാം പോയി, പിണങ്ങി വീണ്ടും കസേരയിൽ പോയിരുന്നു.
കുറച്ച് കഴിഞ്ഞപ്പോൾ ചായയുമായി ശ്രീമതി എത്തി.
മാഷിന്റെ കവിളിൽ നുള്ളിയിട്ട്,
"ഓ അതിനിടയ്ക്ക് പിണങ്ങിയോ ", ദേ ചായ .തരാൻ താമസിച്ചതേ, തേയില തീർന്നിട്ടാണ്. പുതിയത് വാങ്ങിയത് എവിടെവച്ചൂ എന്ന് മറന്നു.
അതുകൊണ്ടല്ലേ മാഷേ, "എന്റെ പൊന്ന് മാഷ് പിണങ്ങാതെ ".
അങ്ങിനെ സുധയുടെ സ്നേഹ സ്മൃണമായ വാക്കുകളിൽ മാഷിന്റെ പിണക്കം അലിഞ്ഞു പോയി.
യഥാർത്ഥത്തിൽ മാഷും, ടീച്ചറും മാതൃകാ ദമ്പതികളാണ്. കൊച്ചു കൊച്ചു പിണക്കങ്ങൾ ഇല്ലങ്കിൽ എന്ത് ദാമ്പത്യം അല്ലേ.
സത്യം പറഞ്ഞാൽ ടീച്ചറ് എന്തെങ്കിലും ചെയ്യുകയാണെങ്കിൽ മാഷും കൂടും സഹായത്തിന്. അപ്പോൾ ടീച്ചറ് സ്നേഹത്തോട് മാഷിനെ മാറ്റിയിട്ട് ,
"ഓ മാഷ് മാറിയേ
എനിക്ക് തീർക്കാനുള്ള പണിയല്ലേയുള്ളു' എന്ന് പറയും.
അവസാനം രണ്ടു പേരും ചേർന്ന് അതങ്ങ് തീർക്കും.
അങ്ങനെ ചെറിയ ചെറിയ പിണക്കങ്ങളും അതിനെ വെല്ലുന്ന ഇണക്കങ്ങളുമായി ആ മാഷ് - ടീച്ചർ ദമ്പതികളുടെ പ്രണയം മുന്നോട്ട് പോയി.
പെട്ടെന്നാണ് നാട്ടിൽ പുത്തൻ സാങ്കേതിക വിദ്യയുടെ കുതിപ്പിന് വഴിമരുന്നിട്ട് കൊണ്ട് മൊബയിൽ ഫോണുകളുടെ കടന്നു കയറ്റം ഉണ്ടായത്.
ആദ്യമെല്ലാം വളരെ വലിയ ഉപയോഗമായിരുന്നു അതിന് .
ഗൾഫുകാരന്റെ ഭാര്യയ്ക്കാണ് ഏറ്റവും നല്ല ഗുണം കിട്ടിയത്.
രണ്ടു വർഷത്തോളം എഴുത്തിൽ കൂടി മാത്രം ബന്ധം പുലർത്തിയിരുന്ന ഭാര്യ - ഭർത്താക്കൻമാർക്ക് പരസ്പരം അവരുടെ ശബ്ദം കേൾക്കാനായത് നിസാര കാര്യമൊന്നുമായിരുന്നില്ല.
അവിടെ തീരുന്നതായിരുന്നില്ല അതിന്റെ വ്യാപ്തി. സാങ്കേതിക വിദ്യ പരിഷ്കരിക്കപ്പെട്ടു. പഴയ നോക്കിയ ഫോണുകൾക്കു പകരം പുത്തൻ കമ്പനികൾ ഒറ്റവും പുതിയ സാങ്കേതിക വിദ്യയുമായി രംഗത്തുവന്നു.
സ്മാർട് ഫോണും, 4 G യും വന്നതോടുകൂടി തമ്മിൽ കണ്ട് സംസാരിക്കാം എന്ന നിലയിലായി.
മുൻകാലങ്ങളിൽ ഗൾഫുകാരൻ വരുംമ്പോൾ പടയോടെ വിമാന താവളത്തിൽ പോയിരുന്ന ബന്ധുകൾ ആരും തന്നെ പിന്നെ പോകാതായി.
ഗൾഫിൽ നിന്ന് വരുന്നു എന്ന് പറയുമ്പോൾ തന്നെ വിമാന താവളത്തിൽ നിന്ന് വീട്ടിലേക്ക് ഊബർ പിടിച്ചു പോന്നോളൂ എന്ന് ഭാര്യ പറയും.ഇത് ഭർത്താവിന് പിടിക്കില്ല.അവർ തമ്മിൽ വഴക്കാവും ,അടിയാവും ,
അവസാനം തമ്മിൽ തമ്മിലുള്ള സ്നേഹം കുറഞ്ഞ്
ഭാര്യയും ഭർത്താവും തമ്മിലുള്ള അകലം വർദ്ധിക്കും
ഇതെല്ലാം മെബയിൽ ഫോൺ കൊണ്ട് നാട്ടിൽ സംഭവിച്ച ദൂഷ്യ വശങ്ങളിൽ ചിലത് ആണ്.
ഇപ്പോൾ ഇത് എന്തിന് ഇവിടെ പറഞ്ഞൂ എന്നല്ലേ ,
നമ്മുടെ മാഷിനും ,ടീച്ചർക്കും കിട്ടി ഒരോ മൊബയിൽ ഫോൺ. പിള്ളാര്
കല്ല്യാണ വാർഷികത്തിന് വാങ്ങി കൊടുത്തതാ.
ഫോൺ കിട്ടിയതോടുകൂടി രണ്ടു പേരും മൊത്തത്തിൽ മാറി.
തമ്മിൽ സംസാരിക്കാതെ
എല്ലാം വാട്ട്സ് ആപ്പിൽ കൂടിയായി.
മാഷിന് ചായ വേണമെങ്കിൽ ,വാട്സ് ആപ്പിൽ കുത്തിക്കുറിക്കും.
"ചായ പ്ളീസ് "
കം അടുക്കള
"കടി വാട്ട്"
നോ കടി
എന്നൊക്കെ ആവും ചോദ്യവും ഉത്തരവും.ദമ്പതികളുടെ ദിവസവും ഉള്ള സംസാരം മുറിഞ്ഞു, സ്നേഹം കുറഞ്ഞു. അങ്ങിനെ പലതും ഈ വീട്ടിലും സംഭവിച്ചു.
കുറേ കഴിഞ്ഞപ്പോൾ മാഷും ടീച്ചറും തമ്മിലുള്ള സംസാരം തീരെ ഇല്ലാതായി.
ഒരേ സ്ഥലത്തുള്ള ഇരുപ്പും ഇമ വെട്ടാതെയുള്ള ഫോണിൽ നോട്ടവും ഒക്കെ കൂടിയായപ്പോൾ രണ്ടു പേരുടെയും ആരോഗ്യനില തകരാറിലായി.
കൊളസ്ടോളും, ഷുഗറും കൂടി, കണ്ണടയുടെ പവർ കൂടി, നടുവേദന കൂടി.
ഇതൊക്കെയാണെങ്കിലും രണ്ടു പേരും ഫേസ് ബുക്കും, വാട്ട്സ് ആപ്പും നിർത്തിയില്ല. ആ പണി വർദ്ധിത വീര്യത്തോട് അഭംഗുരം തുടർന്നു.
ഒരു ദിവസം മാഷ് ഫേസ് ബുക്കിൽ, ഫ്രണ്ട്സ് ലിസ്റ്റിൽ ജന്മദിനാശംസകൾ പോസ്റ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.
പെട്ടെന്ന് കലശലായ നെഞ്ചുവേദന
മാഷ് തളർന്നു വീണു.ശബ്ദം കേട്ട് ടീച്ചർ വന്ന് നോക്കിയപ്പോൾ, മാഷ് നിലത്ത് കിടന്ന് ഉരുളുകയാണ്.
വേഗം ആൾക്കാരെ വിളിച്ചു കൂട്ടി ആശുപത്രിയിൽ എത്തിച്ചു.
ഭാഗ്യം തക്ക സമയം എത്തിയതുകൊണ്ട് മാഷ് രക്ഷപ്പെട്ടു.
ഒരാഴ്ച കഴിഞ്ഞപ്പോൾ മാഷിനെ വാർഡിലേക്ക് മാറ്റി.
വാർഡിൽ വന്ന് മാഷ് ആദ്യം ആവശ്യപ്പെട്ടത് ഫോണാണ്.
ടീച്ചർ കൊടുത്തില്ല.
മാഷിന്റെ സ്നേഹപൂർണ്ണമായ നിർബന്ധത്തിന് വഴങ്ങി ഫോൺ നല്ക്കി.
ഫേസ് ബുക്കാണ് ആദ്യം ഓൺ ആക്കിയത്. അതിൽ എന്തോ എഴുതുന്നുണ്ടായിരുന്നു.
ഈ സമയം ടീച്ചറുടെ ഫോണിൽ മെസേജ് അലർട്ട് വന്നു.
അത് "വിഷ് യൂ എ ഹാപ്പി ബർത്ത് ഡേ " എന്നായിരുന്നു.
ടീച്ചറുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. മാഷിന് അരികിൽ എത്തി പതുക്കെ നെഞ്ചിൽ തലയമർത്തി.
മാഷ് പതിഞ്ഞ ശബ്ദത്തിൽ ടീച്ചറുടെ കാതിൽ മൊഴിയുന്നുണ്ടായിരുന്നു.

"ബിലേറ്റട്ട് ഹാപ്പി ബർത്ത് ഡേ "
(മാഷും ടീച്ചറും പിന്നെ ഒരിക്കലും ഫേസ് ബുക്കും, വാട്ട്സ് ആപ്പും ഉപയോഗിച്ചിട്ടില്ല. )
വളരെ നാളായി ആ ദമ്പതികൾ തമ്മിൽ അധികം സംസാരം ഇല്ലാത്തതു കൊണ്ട് വായുടെ മസിലുകൾ അനങ്ങാൻ കുറച്ച് സമയം എടുത്തു .
എങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ തോരാതെയുള്ള സംഭാഷണത്തിൽ ആ വേദനയൊക്കെ പമ്പ കടന്നു.
സുരേഷ് ബാബു
തിരുവനന്തപുരം .

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo