Showing posts with label ArshadKaruvarakundu. Show all posts
Showing posts with label ArshadKaruvarakundu. Show all posts

ലിയയുടെ പ്രാർത്ഥന

Image may contain: 1 person, smiling, closeup
സൈനുക്കാ ..."!!
"എന്താ മോളേ..?
"ഞാന്‍ നിങ്ങളോട് പറഞ്ഞത് കാര്യത്തിൽ തന്നെയാണ് ട്ടോ .."
അപ്പോ നിനക്ക് വിഷമാവില്ലേ ...?
"ഏയ് ഇല്ല ഇക്കാ
എല്ലാവരുടേം സന്തോഷമാണ് എനിക്ക് വലുത് ഉമ്മയും പൂവിയുമൊക്കെ ഒാരോന്ന് പറയുന്നത് കേൾക്കാറില്ലേ ..?
"എന്ന ശരി നാളെ തന്നെ അന്വേഷിക്കാം ലേ"
"ഉം"
സൈനുവിന് ഒരു മൂളൽ മാത്രം മറുപടി നൽകി ലിയ അപ്പുറത്തേക്ക് തിരിഞ്ഞ് കിടന്നു ...
" പാവം എന്റെ മോള് .. അതൊക്കെ ദൈവം തരുന്ന ഭാഗ്യമല്ലേ എനിക്ക് അത് അർഹിച്ചിട്ടില്ല " ഒരു നെടു നിശ്വാസത്തോടെ മനസ്സില്‍ മന്ത്രിച്ച് അയാള്‍ നിസ്സഹായനായി പുറം തിരിഞ്ഞ് കിടക്കുന്ന ലിയയെ ഒന്ന് നോക്കി...
തേങ്ങുന്നുണ്ടായിരുന്നു ആ ഹൃദയം അടക്കാന്‍ കഴിയാത്ത സങ്കടം ഒരു പൊട്ടിക്കരച്ചിലായി മാറി...
"മോളേ.... "
"മ്"
ആ കരച്ചിലിനിടയിലും അവള്‍ വിളികേട്ടു...
"ഇങ്ങോട്ട് നോക്കിയേ..."
ഇക്കയുടെ കണ്ണിലേക്ക് "
തിരിഞ്ഞ് കിടക്കാന്‍ മടിച്ച ലിയയെ അയാള്‍ നെഞ്ചിലേക്ക് ചേര്‍ത്ത് പിടിച്ചു
" ഇക്കാടെ മോള് വിഷമിക്കരുത് .. നിന്നെ സങ്കടപ്പെടുത്താനോ നിന്റെ കണ്ണുനീര്‍ കാണാനോ അല്ല ഈ സൈനു നിന്റെ കഴുത്തില്‍ മഹറ് ചാർത്തിയത് ,നിന്നെ ഭാര്യയായി സ്വീകരിച്ചത് , പടച്ച തമ്പുരാന് നമുക്ക് അങ്ങനെയൊന്ന് വിധിച്ചിട്ടില്ലയെങ്കിൽ ക്ഷമയോടെ നമുക്ക് അതില്‍ പൊരുത്തപ്പെടാൻ ശ്രമിക്കാം ...
അതുവരെ എന്റെ മോളുടെ കുഞ്ഞ് ഞാനും എന്റെ കുഞ്ഞ് നീയുമാണ്.
ഒരു കുഞ്ഞിന് വേണ്ടി എന്റെ ജീവിതത്തില്‍ നിനക്ക് മാത്രമുള്ള സ്ഥാനം കളയാനും അത് മറ്റൊരു പെണ്ണുമായി പങ്ക് വെക്കാനും ഈ സൈനുവിന് താൽപര്യമില്ല "
അവളുടെ നെറ്റിയില്‍ ഒരു ചുടുചുംബനം നൽകി പറഞ്ഞ ഈ വാക്കുകള്‍ അവസാനിക്കുമ്പോൾ അവളുടെ കണ്ണുകള്‍ നിയന്ത്രണം വിട്ട് നിറഞ്ഞൊലിക്കുകയായിരുന്നു...
"ഇനി എന്നത്തേയും പോലെ എന്റെ മോള് ദേ ഈ ചുണ്ടില്‍ ഒരു ചക്കര ഉമ്മ തന്നേ...!!
തന്റെ മൃദുലമായ കൈകള്‍ കൊണ്ട് സൈനുവിന്റെ കവിളുകളിൽ പിടിച്ചമർത്തി അവളുടെ ചുണ്ടുകളിലേക്ക് ചേര്‍ത്ത് ചൂടോടെ ലിയ ഒരുമ്മ കൊടുത്തു
കുറച്ച് സമയം നീണ്ടു നിന്ന ആ ചുംബനം
രണ്ടു പേരെയും വികാരഭരിതരാക്കി.... എല്ലാ സുഖങ്ങളും ആവോളം ആസ്വദിച്ചവർ തളർന്നുകിടന്നു..
അഞ്ച് വർഷം കഴിഞ്ഞിട്ടും തങ്ങള്‍ക്ക് ഒരു കുഞ്ഞിക്കാല് കാണാനുള്ള സമയം പടച്ച തമ്പുരാന്‍ ഇതുവരെ നിശ്ചയിച്ചിട്ടില്ലല്ലോ എന്ന് ലിയ സങ്കടപ്പെട്ടു...
ഒന്നിനും കൊള്ളാത്തവൾ എന്ന അമ്മായിയമ്മയുടെ പരിഹാസ വാക്കുകള്‍ അവളുടെ കാതുകളെ ഇടക്കിടെ ഒാർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു ...
അയൽവാസികളോട് സംസാരിക്കുമ്പോൾ നാത്തൂൻ പൂവി പറയാറുള്ള മച്ചിയെന്ന പ്രയോഗവും ഒരു കൊള്ളിയാൻ പോലെ കാതിലെത്തുന്നു..
എന്നിട്ടും വിധിയെന്ന് ആശ്വസിച്ച് ലിയയും എനിക്ക് കുട്ടിയായി എന്റെ ലിയ മതിയെന്ന് സൈനുവും മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു ....
സദാ അവള്‍ പടച്ച റബ്ബിനോട് കരഞ്ഞ് പ്രാര്‍ത്ഥിച്ചു
അതിനിടക്ക് സൈനുക്കയുടെ പെങ്ങൾ പൂവിയുടെ കല്ല്യാണം ഏകദേശം ശരിയായി ..
പ്രായം ഒത്തിരി ആയിട്ടുണ്ട് അത്യാവശ്യം വിദ്യാഭ്യാസവുംഉണ്ട് എന്തായിട്ടെന്താ കാണാന്‍ വലിയ സൗന്ദര്യമില്ലാത്തത് കൊണ്ട് വരുന്നവർക്കൊന്നും അവളെ ഇഷ്ടപ്പെടുന്നില്ലായിരുന്നു
ആരെങ്കിലും അയൽവാസികളോ കുടുംബങ്ങളോ കല്ല്യാണം വിളിക്കാന്‍ വരുമ്പോള്‍ അപ്പുറത്ത് മാറി നിന്ന് കരയും പാവം ....
"അൽഹംദുലില്ലാഹ് " സൈനുക്കയുടെ വായില്‍ നിന്നും ആ വാര്‍ത്ത കേട്ടതിൽ ലിയക്ക് സന്തോഷമായി...
തന്നെ എത്രമാത്രം കുറ്റം പറഞ്ഞാലും തന്റെ ഇക്കയുടെ പെങ്ങളല്ലേ എന്ന് കരുതി ആശ്വസിക്കും പിന്നെ കല്ല്യാണവും കഴിയാത്തതല്ലേ അതിന്റെയൊക്കെ വിഷമം കൊണ്ട് ഒാരോന്ന് പറയുന്നതാണ്..
എന്തായാലും ഈ കല്ല്യാണമെങ്കിലും ഒന്ന് നടന്ന് കാണണേ എന്ന് ലിയ മനസ്സറിഞ്ഞ് പ്രാര്‍ത്ഥിച്ചു
ദിവസങ്ങക്ക് ശേഷം വയറുവേദന തുടങ്ങുന്ന സമയമടുത്തിട്ടും അതിന്റെ ലക്ഷണങ്ങളൊന്നും കാണുന്നില്ല
"അള്ളാഹ്.... നാലഞ്ച് വർഷങ്ങളോളം മനസ്സില്‍ കൊണ്ട് നടന്ന ആഗ്രഹത്തിന്റെ തുടക്കമാണോ...???
അതോ സമയം മാറിയതാണോ....
രണ്ട് ചോദ്യങ്ങള്‍ ലിയയുടെ മുന്നില്‍ തെളിഞ്ഞു ... അവള്‍ ഉടന്‍ തന്നെ ഫോണെടുത്ത് സൈനുവിനെ വിളിച്ചു
"ഹലോ... ഹലോ .. ഇക്കാ..... പിന്നെയ്... ഹലോ.....
"എന്താ മോളേ എന്താ പറ്റിയേ.... എന്തിനാ കരയുന്നത് ... മോളേ... ?
ലിയയുടെ ഫോണ്‍ വിളിയിൽ ഇന്നേവരെ കേട്ടിട്ടില്ലാത്ത ഒരു ശബ്ദമാറ്റം ... കാര്യമെന്താണെന്ന് അറിയാതെ സൈനു വിയര്‍ത്തു
"ലിയാ .... മോളേ .. എന്തിനാ കരയ്ണേ എന്തിനാ നീ വെപ്രാളപ്പെടുന്നെ.... ?
"സൈനുക്കാ ഇങ്ങളെവിടെ.... ?
"ഞാൻ അങ്ങാടിയിലുണ്ട് എന്താ മോളേ..??
"അതേയ് പെട്ടെന്ന് എന്താ പറയാ എന്ന് അറിയാത്തത് കൊണ്ടാ എനിക്ക് സംസാരിക്കാന്‍ കഴിയാതിരുന്നത് "
പീരിയഡ്സ് സമയമായിട്ടും അതിന്റെ ഒരു ഫീലുമില്ല... ഇനി നമ്മുടെ പ്രാര്‍ത്ഥന പടച്ചോൻ കേട്ട് കാണോ..... ?
അത് പറഞ്ഞ് മുഴുവിപ്പിക്കുമ്പോഴും ലിയയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു
"അത് മോളേ സമയം മാറിയതാവും.."
"അല്ല എന്ന് എന്റെ മനസ്സ് പറയുന്നു ഇക്കാ "
ഇങ്ങള് വരുമ്പോ മെഡിക്കല്‍ ഷോപ്പില്‍ നിന്നും ആ കാർഡ് വാങ്ങി വരണം ട്ടോ ..."
"എന്തായാലും കുറച്ച് ദിവസം കൂടി കഴിയട്ടെ മോളേ നമുക്ക് ഹോസ്പിറ്റലില്‍ പോയി നോക്കാം..."
"വേണ്ട സൈനുക്കാ ഇങ്ങള് വരുമ്പോ അത് കൊണ്ട്‌ വരണം .."
"ഉം ശരി മോളേ കൊണ്ട് വരാം."
ആകാംക്ഷയും സന്തോഷവും നിറഞ്ഞ ലിയയുടെ അഭ്യാർത്ഥനക്ക് മുന്നില്‍ സൈനു സമ്മതം മൂളി...
"പാവം " ഒാരോ ദിവസവും അവള്‍ എത്രത്തോളം ഒരു കുഞ്ഞിന് വേണ്ടി ആഗ്രഹിക്കുന്നുണ്ടെന്നും പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും സൈനു ഒാർത്തു..
പൂവിയുടെ കല്ല്യാണം ഉറപ്പിച്ചു.
ഒരു രണ്ടാം കെട്ടുകാരനാണ് ആദ്യ ഭാര്യ എന്തോ അസുഖം വന്ന് മരണപ്പെട്ടതാണ് അതില്‍ ഒരു കുഞ്ഞുമുണ്ട്..
എങ്കിലും പൂവിക്ക് സമ്മതമായിരുന്നു
അത്യാവശ്യം കാണാനും കുഴപ്പമില്ലാത്ത സാമ്പത്തികചുറ്റുപാടൊക്കെയുള്ള നല്ലൊരു മനുഷ്യന്‍
അടുത്ത മാസമാണ് കല്ല്യാണം . വലിയ ആർഭാടങ്ങളൊന്നുമില്ല ഒഴിവാക്കാന്‍ പറ്റാത്ത കുറച്ച് കുടുംബങ്ങളെ മാത്രം വിളിച്ച് ചെറിയൊരു കല്ല്യാണം അതു മതി ..
സൈനു ഒാരോ കാര്യങ്ങളിങ്ങനെ മനസ്സില്‍ കണ്ടു
കല്ല്യാണത്തിനുള്ള ഒരുക്കങ്ങളെല്ലാം തുടങ്ങി കുറച്ച് പൊന്ന് കൊടുക്കണം താനാണെങ്കിൽ മര്യാദക്ക് പണിപോലുമില്ലാതെ നടക്കുന്ന സമയം..
ഇക്കാക്കയും അനിയനുമൊക്കെ ഗൾഫിലുണ്ട്
"പേടിക്കണ്ട അതൊക്കെ നമുക്ക് കൊടുക്കാം " എന്ന് ഇക്കാക്ക പറഞ്ഞെങ്കിലും ഈ കുഞ്ഞിക്കയുടെ വക എന്തെങ്കിലും കൊടുക്കണ്ടേ... എന്റെ കുഞ്ഞു പെങ്ങൾക്ക്. ?
രാത്രി കിടക്കുമ്പോ സൈനു ഒരേ ആലോചനയാണ് കണ്ണുകള്‍ നിറഞ്ഞൊലിക്കുന്നു
"ഇക്കാ എന്തിനാ കരയുന്നത് .."? വേറെ പെണ്ണ് കെട്ടാന്‍ പറ്റാത്തതിലുള്ള സങ്കടമാണോ... ?
"ഹഹ ഒന്ന് പോടി പോത്തേ..
അതൊന്നുമല്ല പൂവിയുടെ കല്ല്യാണമല്ലേ ... അതിന്റെ ഒാരോ കാര്യങ്ങളാലോചിച്ചതാണ്... എന്തെങ്കിലും കൊടുക്കണ്ടേ അവൾക്ക് ..? ഇക്കാക്കയും കുഞ്ഞോനുമൊക്കെ അയക്കാമെന്ന് പറഞ്ഞെങ്കിലും എന്റേതായിട്ട് വല്ലതും കൊടുക്കണ്ടേ മോളേ... അവളുടെ കുഞ്ഞിക്കയല്ലേ ഞാന്‍ .!!
"നമ്മുടെ അലമാരയിരിക്കുന്ന എന്റെ സ്വർണ്ണങ്ങളൊക്കെ ഉണ്ടാകുമ്പോ എന്റെ ഇക്ക എന്തിനാ സങ്കടപ്പെടുന്നേ... "
അതീന്ന് അവക്ക് എന്താ വേണ്ടതെന്ന് വെച്ചാല്‍ എടുത്ത് കൊടുത്തോളൂ ഇക്കാ..
അത് ഈ പൊട്ടിപ്പെണ്ണിനെ സ്വീകരിച്ചതിന് എന്റെ ഉപ്പ നിങ്ങള്‍ക്ക് തന്നതല്ലേ...
ഇങ്ങളെ കണ്ണ് നിറഞ്ഞാൽ എനിക്ക് സഹിക്കൂല ട്ടോ.... "
എന്ത് പറയണമെന്നറിയാതെ സൈനു ചെറു ചിരിയോടെ അവളെ നോക്കി
ഉറവ പോലെ ഒഴുകുന്ന കണ്ണുനീര്‍ തുള്ളികൾ സാക്ഷിയാക്കി അവന്‍ ലിയയെ പുണർന്നു വിതുംബുന്ന ചുണ്ടുകള്‍ കൊണ്ട് അവന്‍ അവളുടെ കണ്ണുകളില്‍ ചുമ്പിച്ചു ...
"എന്റെ മോളേ... നീ വല്ല ജിന്നോ മറ്റോ ആണോ... ? എനിക്ക് അറിയാം പൂവിയും ഉമ്മയുമൊക്കെ നിന്നെ എത്രമാത്രം വേദനിപ്പിച്ചിട്ടുണ്ടെന്ന് എന്നിട്ടും നീ ഇപ്പോ പറഞ്ഞ ഈ വാക്കുണ്ടല്ലോ... ഒരു പെണ്ണും പറയാന്‍ ഇഷ്ടപ്പെടാത്ത ഈ വാക്ക് .. ഇത് മതി എനിക്ക് ജീവിതത്തില്‍ ഞാന്‍ നേടിയെടുത്ത ഏറ്റവും വലിയ സൗഭാഗ്യത്തെ ഒാർക്കാൻ.."
രാവിലെ ലിയയുടെ സന്തോഷ പ്രകടനങ്ങൾക്ക് ഇരയായിക്കൊണ്ടാണ് സൈനു കണ്ണ് തുറന്നത്... കെട്ടിപ്പിടിച്ച് തുരുതുരാ വെക്കുന്ന ചുംബനങ്ങളെന്തിനെന്ന് അറിയാതെ ‍ അവന്‍ അവളെ നോക്കി ...
"ഇക്കാ എന്റെ പ്രാര്‍ത്ഥന .... അല്ല നമ്മുടെ പ്രാര്‍ത്ഥന പടച്ച റബ്ബ് കേട്ടു.... ഇന്ന് തന്നെ ഹോസ്പിറ്റലില്‍ ഒന്ന് പോയി ഉറപ്പ് വരുത്തണം ...
"മോളേ....."""????
"അതേ ഇക്കാ പോസിറ്റീവ് കണ്ടു "
അവളുടെ സംശയം പോലെ തന്നെ അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ പ്രഗ്നൻസി കാർഡിൽ കണ്ട ശുഭ സൂചനക്ക് ഡോക്ടറും ഉറപ്പ് നൽകിയപ്പോൾ ആ നിമിഷം രണ്ട് പേരെയും സന്തോഷത്തിന്റെ ഉന്മാദ ലഹരിയിലെത്തിച്ചു . പരിസരം മറന്നവൾ അവനെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു
"സോറി മേഡം അഞ്ച് വർഷം കഴിഞ്ഞു കല്ല്യാണം കഴിഞ്ഞിട്ട് ഇപ്പോഴാ മനസ്സറിഞ്ഞ് സന്തോഷിച്ചത് അതുകൊണ്ടാണ് ഇവൾ ...
"നോ പ്രോബ്ലം .. ആൾ ദി ബെസ്റ്റ് ... ഗോഡ് ബ്ലസ് യൂ.." ഡോക്ടറുടെ ആശംസകള്‍ കൂടെ കിട്ടിയതിൽ ‍അവരുടെ സന്തോഷം ഇരട്ടിയായി ...
"ലിയക്ക് വയറ്റിലുണ്ടെന്ന് ""
വീട്ടിലും കുടുംബങ്ങളിലും അയൽവാസികളിലും �ഒരു ചൂടുള്ള വാര്‍ത്ത പോലെ പരന്നു .. പലരുടെയും മുഖം ആകാംക്ഷയോടെ തിളങ്ങി ചിലരൊക്കെ പുച്ഛത്തോടെയും പരിഹാസത്തോടെയും പറഞ്ഞു നടന്നു
പൂവിയുടെ കല്ല്യാണത്തിന് വന്നവരെല്ലാം ലിയയെ ഭംഗി വാക്കുകള്‍ കൊണ്ട് സുഖിപ്പിച്ചു...
"ഇന്നലെ വരെ മച്ചിയെന്നും കൊള്ളരുതാത്തവരെന്നും പറഞ്ഞ് നടന്നിരുന്നവർ വന്ന് തഴുകി തലോടുന്നു.... "
ആശ്വാസത്തിന്റെ പുഞ്ചിരി അവളുടെ മുഖത്ത് എപ്പോഴും നിറഞ്ഞു നിന്നു
പെങ്ങളുടെ കല്ല്യാണത്തേക്കാൾ താനൊരു ആണാണെന്ന് നാട്ടുകാര്‍ക്ക് മുമ്പില്‍ അറിയിക്കാന്‍ കഴിഞ്ഞതിൽ സന്തോഷിച്ച് സൈനുവും പടച്ച റബ്ബിനെ സ്തുതിച്ചു
മാസങ്ങള്‍ക്ക് ശേഷം ...
ഇന്നാണ് ലിയയുടെ പ്രസവത്തിന് ഡോക്ടര്‍ പറഞ്ഞ ദിവസം
ഒാപ്പറേഷൻ തീയേറ്ററിനു മുന്നില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന സൈനുവിന്റെ വെപ്രാളം കണ്ട് കൂട്ടുകാരന്‍ ആശ്വസിപ്പിച്ചു ..
"ലിയയുടെ കൂടെയുള്ളവർ ??
"ഞാനാണ് മേഡം .. ലേബര്‍ റൂമിന്റെ ഗ്ലാസ് ഡോർ തുറന്ന് വന്ന ഒരു സിസ്റ്ററുടെ ചോദ്യത്തിന് മറുപടിയായി സൈനു പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു
"ചിലപ്പോള്‍ ഒപ്പറേഷൻ വേവേണ്ടിവരും എ പോസിറ്റീവുള്ള കുറച്ച് ബ്ലഡ് കരുതണം ...
" എടാ എന്റെ ലിയ .. ?? അവന്‍
കൂട്ടുകാരന്റെ മുഖത്തേക്ക് നോക്കി ..
"പേടിക്കാനൊന്നുമില്ല അതവർ എല്ലാവരോടും പറയുന്നതാണ് നമ്മുടെ കണ്ണനും റിജോയും എ പോസിറ്റീവാണ് ഞാന്‍ അവരെ വിളിച്ച് വരാന്‍ പറയാം "
"ഉം"
ഷമീറിന്റെ വാക്കുകള്‍ കുറച്ച് ആശ്വാസം നൽകിയെങ്കിലും അവന്റെ വെപ്രാളത്തിൽ ഒരു മാറ്റവും വന്നില്ല
സൈനുവിന്റെ ഉമ്മയും അവനെ ആശ്വസിപ്പിച്ചു അപ്പോഴേക്കും പൂവിയും ഭർത്താവും അവിടെ എത്തിയിരുന്നു...
"അള്ളാഹ്... ഒരു മുള്ള് കൊണ്ടാൽ പോലും സഹിക്കാന്‍ കഴിയാത്തവളാ എന്റെ ലിയ എന്റെ മോളവിടെ ഒറ്റയ്ക്ക് നീ സഹിക്കാനുള്ള ശക്തി നൽകണേ...
പ്രസവം സുഖമുള്ളതാക്കണേ.... മനമുരുകി പ്രാര്‍ത്ഥിച്ചു
കുറച്ച് കൂടി കഴിഞ്ഞപ്പോള്‍ ലേബര്‍ റൂമിന്റെ ഡോർ തുറന്ന് മുമ്പ് വന്ന അതേ സിസ്റ്റർ തന്നെ ‍ പുറത്തേക്ക് വന്നു
സൈനുവിനെ നോക്കി ..
"ലിയ പ്രസവിച്ചു "
"ഒാപ്പറേഷനൊന്നും വേണ്ടി വന്നില്ല ഇരട്ടക്കുട്ടികളാണ് രണ്ട് പെൺകുട്ടികൾ അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു കുട്ടികളെ അൽപം കഴിഞ്ഞ് കാണിക്കാം "
"അൽഹംദുലില്ലാഹ് .... ഉമ്മാ.... !!
നിറഞ്ഞ കണ്ണുകളോടെ സൈനു ഉമ്മയെ കെട്ടിപ്പിടിച്ചു ""
അവന്റെ കണ്ണു നിറഞ്ഞുള സന്തോഷ പ്രകടനം കണ്ട് ഉമ്മയും ,കണ്ണനും, റിജോയും , ഷമീറും എല്ലാം നിറഞ്ഞ കണ്ണുകള്‍ തുടക്കേണ്ടി വന്നു ...
ഭർത്താവ് കാണാതെ ഒഴുകി വരുന്ന കണ്ണുനീര്‍ തുടക്കാൻ പൂവിയും പാട് പെടുന്നുണ്ടായിരുന്നു ..
അൽപ സമയം കഴിഞ്ഞ് ലിയയേയും കുഞ്ഞുങ്ങളേയും റൂമിലേക്ക് മാറ്റി
ലിയയെ കണ്ടതും പിടിച്ച് വച്ച സന്തോഷവുമെല്ലാം തൽക്കാലം ഒരു ചുംബനത്തിൽ ഒതുക്കി സൈനു അവിടെയുള്ളവർക്കെല്ലാം മധുരം നൽകി..
അവളെ പോലെ തന്നെ വെളുത്ത് തുടുത്ത സുന്ദരികളായ രണ്ടു കുഞ്ഞു മുഖങ്ങള്‍
സന്തോഷത്തിന്റെ കണ്ണുനീര്‍ തോരാതെ തന്റെ മക്കളെ തലോടുന്ന ഉമ്മയെ നോക്കി ലിയ ഒന്ന് പുഞ്ചിരിച്ചു ...
"ഉമ്മാ ഞാന്‍ ഒന്നിനും കൊള്ളാത്തവളല്ല എന്ന തെളിവോടെ... "
ആ ചിരി മായാതെ തന്നെ നാളിതുവരെ തന്നെ മച്ചിയെന്ന് വിശേഷിപ്പിച്ചിരുന്ന പൂവിയേയും അവളൊന്ന് നോക്കാന്‍ മറന്നില്ല ...
സൈനുവിന്റെ കുഞ്ഞുങ്ങളെ കാണാന്‍ കുടുബങ്ങൾ ഹോസ്പിറ്റലില്‍ വന്നുകൊണ്ടിരുന്നു
************
( തങ്ങളുടെ മക്കൾക്കിന്ന് രണ്ട് വയസ്സ് തികയുകയാണ്.... )
ആ ആഹ്ലാദ നിമിഷത്തില്‍ കുറച്ച് അഹങ്കാരത്തോടെ തന്നെ മറ്റൊരു സന്തോഷം കൂടെ അവര്‍ രണ്ട് പേരും സ്വകാര്യമായി പങ്കുവെച്ചു ....
ഇന്നലെ ഡോക്ടര്‍ അവരെ അഭിനന്ദനങ്ങളോടെ അറിയിച്ച ആ രഹസ്യം ....
പൊങ്ങി വരുന്ന അവളുടെ വയറിനുള്ളിൽ രണ്ടാമതും വളര്‍ന്നു കൊണ്ടിരിക്കുന്ന തങ്ങളുടെ ഇരട്ടക്കുട്ടികളെ കുറച്ച് ...
ആരും കാണാതെ ഒളികണ്ണിട്ട് കള്ളച്ചിരിയോടെ സൈനുവിനെ നോക്കുന്ന ലിയക്ക് അപ്പോള്‍ മനസ്സില്‍ മറ്റൊരു പ്രാര്‍ത്ഥനയായിരുന്നു ...
"കല്ല്യാണം കഴിഞ്ഞ് രണ്ട് വർഷമായിട്ടും കുട്ടികളാവാതെ സങ്കടപ്പെടുന്ന പൂവിക്ക് വേണ്ടി ......
"അള്ളാഹ്....
എന്നെ സങ്കടപ്പെടുത്തിയ പോലെ ആ പാവത്തിനെ നീ സങ്കടപ്പെടുത്തല്ലെ റബ്ബേ.....
******
അർഷദ് കരുവാരകുണ്ട്

സാറേ ഇതെന്റെ കുട്ടിയല്ല​


ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട എന്റെ സ്വപ്ന സുന്ദരിയെ ഒന്നുകാണാൻ വേണ്ടിയാണ് രാവിലെ തന്നെ ഞാന്‍ കുളിച്ച് കുട്ടപ്പനായി ഇറങ്ങിയത്,,,
ദിവസവും ഞാനിടുന്ന ചളി സ്റ്റാറ്റസുകൾക്കെല്ലാം അവളുടെ ലൈക്കും കമന്റും ഒരു സ്നേഹം പോലെ വരാറുണ്ട്,,,,
പിന്നീടങ്ങോട്ട് അവളുടെ കമന്റിന് വേണ്ടിയായിരുന്നു എന്നും രാവിലെ ഒരു പ്രഭാത കൃത്യം പോലെ കുറിക്കുന്ന എന്റെ സ്റ്റാറ്റസുകൾ,,_
അവളോടുള്ള എന്റെ ഇഷ്ടം കൂടിക്കൂടി വന്നു,,, തുറന്നുപറയാൻ വേണ്ടി പല തവണ അവളുടെ ഇൻബോക്സ് തുറന്നെങ്കിലും,,, വാരിക്കോരിക്കിട്ടുന്ന അവളുടെ ലൈക്കും കമന്റും ഒാർത്ത് വേണ്ടെന്ന് വച്ചു,,,,
എന്നാലും എന്റെ മനസ്സ് സമ്മതിക്കുന്നില്ല,,,, അവളുടെ ഇൻബോക്സ് തുറന്ന് രണ്ടും കൽപ്പിച്ച് ഞാനൊരു ഹായ് കൊടുത്തു ,,,
ഒട്ടും പ്രതീക്ഷിച്ചില്ല ,,,,
എന്റെ മെസ്സേജിന് താഴെ ടൈപ്പിംഗ് എന്ന് കാണിക്കുന്നു,,,,
സന്തോഷം കൊണ്ടെന്റെ മനസ്സില്‍ വലിയൊരു ലഡു പൊട്ടി,,,,
ഹായ് സുഖമാണോ,,,,??
എന്ന അവളുടെ റീപ്ലേ മെസ്സേജ്,,, എന്റെ സന്തോഷം ഇരട്ടിയാക്കി,,,, !!!
പിന്നീട് ഞങ്ങളുടെ സ്നേഹ സംഭാഷണങ്ങൾ രാത്രിയും പകലുമെന്നില്ലാതെ,,, നീണ്ടു,,,
എന്റെ കൂട്ടുകാരാരെങ്കിലും എന്നെ പറ്റിക്കുകയാണോ എന്നൊരു സംശയം എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു,,,,,
ഒാരോ ദിവസത്തെയും സന്തോഷവും വിഷമവും അവൾ മെസ്സേജിലൂടെ എന്നെ അറിയിക്കാന്‍ തുടങ്ങി,,,,
സന്തോഷത്തിൽ പങ്ക് ചേര്‍ന്നും വിഷമത്തിൽ ആശ്വസിപ്പിച്ചും ഞാനവളോടൊപ്പം നിന്നു ,,,
നിങ്ങളുടെ ഈ സ്നേഹവും സൗഹൃദവുമാണ് ഇന്നെന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന അവളുടെ വാക്കുകള്‍ എന്നെ വല്ലാതെ വേദനിപ്പിക്കുകയും അതിലുപരി സന്തോഷിപ്പിക്കുകയും ചെയ്തു ,,,
ഞാനെന്താഗ്രഹിച്ചോ അതുതന്നെയാണ് അവളും പറയാന്‍ ശ്രമിക്കുന്നത് ,,,
എന്റെ സൗഹൃദം നീ ഇഷ്ടപ്പെടുന്നെങ്കിൽ ഈ നമ്പരിൽ ഒരു മിസ്ഡ് കാൾ തരൂ എന്ന്പറഞ്ഞ് ഞാനെന്റെ മൊബൈല്‍ നമ്പര്‍ അവൾക്കയച്ചു,,_ ,,,
കുറച്ച് കഴിഞ്ഞപ്പോഴേക്കും എന്റെ മൊബൈലിലേക്ക് രണ്ട് മിസ്ഡ്കാൾ ,,,,!!
അറിയാത്ത നമ്പര് തന്നെ,,, അവളായിരിക്കുമെന്ന വിശ്വാസത്തോടെ ഞാനാ നമ്പരിലേക്ക്‍ തിരിച്ച് വിളിച്ചു ,,,
എന്റെ പ്രതീക്ഷ പോലെത്തന്നെ അപ്പുറത്തൊരു പെൺ ശബ്ദം ,,,,
ഹലോ... !!! ഏട്ടാ,,,
ഇത് ഞാനാ,,,, നീതു,,,
അതോടെ ഞാന്‍ പറ്റിക്കപ്പെട്ടിട്ടില്ലാ എന്നെനിക്ക് മനസ്സിലായി ,,_
പിന്നീടങ്ങോട്ട് മെസ്സേജുകൾ കുറഞ്ഞു,,,
വെറും ഫോണ്‍ വിളി മാത്രം ,,,
പരസ്പരം ഇഷ്ടം പറഞ്ഞ് , പരിഭവങ്ങളും, പരാതികളും,, ചുംബനങ്ങളും കൈമാറിയ ദിവസങ്ങൾ ,,,
ചെറിയ ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും തീർത്ത രാത്രികള്‍ ,,,,
എന്റെ ഒാരോ ദിവസവും നിമിഷവേഗത്തിൽ കഴിയുന്ന പോലെ തോന്നി ,,,
ഇന്നലെ അവളാണ് ആദ്യമായൊന്ന് കാണണമെന്ന് ആവശ്യപ്പെട്ടത്,,,,
നാളെത്തന്നെ വരാമെന്ന് ഞാനും പറഞ്ഞു ,,,,
ഒരു കല്ല്യാണത്തിന് പോവാണെന്നും പറഞ്ഞാ ഇന്ന് ഞാന്‍ വീട്ടില്‍ നിന്നുമിറങ്ങിയത്,,,,
റോഡെത്തിയപ്പോഴേക്കും പാലക്കാട്ടേക്കുള്ള ബസ്സ് വന്നു ,,,,
നല്ലൊരു ഗിഫ്റ്റും വാങ്ങി ഞാനതില്‍ കേറിയിരുന്നു,,,_
,, മണ്ണാറക്കാട് കല്ലടി കോളേജിനടുത്തേക്കാണവൾ ചെല്ലാൻ പറഞ്ഞത്,,,
ബസ്സ് നീങ്ങിയപ്പോൾ ,,,,
പുറപ്പെട്ടു എന്ന് ഞാന്‍ അവളെ വിളിച്ചറിയിച്ചു ,,,
കോളേജിനു മുന്നിലെ ബസ്റ്റോപ്പിൽ ഞാനുണ്ടാകും ,,,,_
എന്ന അവളുടെ വാക്കുകള്‍ എന്നെക്കാണാനുള്ള നിറഞ്ഞ ആഗ്രഹത്തോടെയാണെന്ന് മനസ്സിലായി
കോളേജിലേക്കും സ്കൂളിലേക്കുമുള്ള കുട്ടികളും ആളുകളും ബസ്സില്‍ നിറഞ്ഞു ,,,,
ഇന്നവളെ കാണാമെന്നുള്ള വലിയ സന്തോഷത്തോടെ ഞാനും ഒാരോരോ സ്വപ്നങ്ങള്‍ കണ്ട് സീറ്റിലേക്ക് മെല്ലെ ചാരി ,,,,
തിരക്കിനിടയിൽ ഒരു സ്ത്രീ ചെറിയൊരു കുഞ്ഞിനേയുമെടുത്ത് കമ്പിയിൽ പിടിച്ച് നിൽക്കുന്നത് ഞാന്‍ കണ്ടു,,, അവളെന്നെയൊന്ന് നോക്കി ചിരിച്ചു ,,,
ഇങ്ങട്ടിരുന്നോളു എന്ന് തലകൊണ്ട് ആഗ്യം കാണിച്ച് ഞാന്‍ എണീറ്റു ,,,,
വേണ്ട എന്നവൾ തലയാട്ടി,,,,
ഒരുപാട് പെണ്ണുങ്ങളുണ്ട് സീറ്റുകളിൽ കുട്ടികളെയും അടുത്തിരുത്തി ഞെളിഞ്ഞിരിക്കുന്നു,,,
കുറേയെണ്ണം ഉറക്കം നടിക്കുന്നു,,,,
തിരക്ക് കുറയാതെ വന്നപ്പോള്‍ അവളെന്റെ അടുത്തേക്ക് നീങ്ങി നിന്നു ചോദിച്ചു ,,,
ബുദ്ധിമുട്ടില്ലെങ്കിൽ എന്റെ കുട്ടിയെ ഒന്നു പിടിക്കാമോ ഞാൻ ഇവിടെ നിന്നോളാം,,,,
അതിനെന്താ,,, ഇങ്ങോട്ട് തന്നോളു,,,
ഞാനാ കുട്ടിയെ വാങ്ങി മടിയില്‍ വെച്ചു
ഒരു കൊഞ്ചലോടെ ഞാന്‍ പേര് ചോദിച്ചു ,,,
കുട്ടിയാണേൽ ഒന്നും മിണ്ടാതെ എന്റെ മുഖത്തേക്ക് നോക്കി ചിരിക്കുന്നു ,,,_
ചെറിയ കുട്ടിയാണ് എന്നാലും സംസാരിക്കനൊക്കെ ആയിട്ടുണ്ട്,,,,
അതോ ,,,! ഇനി മിണ്ടാൻ കഴിയാത്ത വല്ല കുട്ടിയുമാണോ,,,,, എനിക്ക് സംശയമായി,,,,
പാവം ,,, എന്തെങ്കിലുമൊക്കെ ആവട്ടെ ,,,

കുട്ടിയോടോരോ തമാശകൾ പറഞ്ഞ് ഞങ്ങള്‍ കളിയും ചിരിയുമായി പുറത്തെ കാഴ്ചകളെല്ലാം കണ്ടങ്ങിനെയിരുന്നു,,,,,
ബസ്സിന്റെ സ്പീഡനുസരിച്ച് മരങ്ങളും കെട്ടടങ്ങളുമൊക്കെ അതിലേറെ സ്പീഡിൽ പിറകോട്ടോടുന്നു,,,,
പനമ്പട്ടയും പിടിച്ച് റോഡിലൂടെ പോകുന്നൊരാനയെ വലിയ അതിശയത്തോടെ കുട്ടി എനിക്ക് ചൂണ്ടിക്കാണിച്ച് തന്നു,,,,
എടത്തനാട്ടുകര അങ്ങാടിയെത്തിയപ്പോൾ കുറേ സ്കൂള്‍ കുട്ടികളും ആളകളുമൊക്കെ ബസ്സില്‍ നിന്നിറങ്ങി ,,,_ ഒന്നു രണ്ട് സ്റ്റോപ്പുകൾ കൂടെ കഴിഞ്ഞപ്പോള്‍ ,,,, ബസ്സിലെ സീറ്റുകളെല്ലാം കാലിയായിത്തുടങ്ങി,,,,
അല്ല,,!
ബസ്സ് കാലിയായിട്ടും ആ പെണ്ണെന്താ കുട്ടിയെ വാങ്ങാന്‍ വരാത്തെ,,,,
ഞാന്‍ പുറകിലേക്ക് നോക്കി ,,,,
അവരെ കാണുന്നില്ല ,,, ഒന്നെണീറ്റ് മറ്റു സീറ്റുകളിലേക്കും മാറി മാറി നോക്കി ,,,,
പടച്ചോനെ കുട്ടിയെ മറന്ന് ഇറങ്ങിപ്പോയോ ആ പെണ്ണ് ,,,,
എന്റെ നെഞ്ചിടിപ്പ് കൂടി,,,,,
ഹലോ... ഒന്നു ബസ്സ് നിർത്തൂ,,,,,.

ഒരു പെണ്ണ് കുട്ടിയെ എന്റെ കയ്യില്‍ തന്ന് മറന്ന് ഇറങ്ങീട്ടുണ്ട്,,,
ഞാന്‍ സീറ്റില്‍ നിന്നുമെണീറ്റ് പറഞ്ഞു,,,,
ഡ്രൈവര്‍ ബസ്സ് നിർത്തി,,,
എല്ലാവരും എന്നെ നോക്കി ,,_
കണ്ടക്ടറും ക്ലീനറുമൊക്കെ എന്റടുത്തേക്ക് വന്നു ,,,,
ബസ്സില്‍ തിരക്കായപ്പോൾ ഈ കുട്ടിയെ എന്നോട് പിടിക്കാന്‍ പറഞ്ഞ് തന്നതാണ് ഒരു സ്ത്രീ ,,,,,
അവരെ ഇപ്പോ കാണുന്നില്ല,,,,,,
ഞാന്‍ കണ്ടക്ടറോട് കാര്യം പറഞ്ഞു,,,,
ദേ വെറുതെ കുട്ടിയെ ഒഴിവാക്കാനുള്ള നിന്റെ അടവ് ഞങ്ങളടുത്ത് വേണ്ട,,,
കണ്ടക്ടർ എന്റെ നേരെ തിരിഞ്ഞു ,,,,,
നിങ്ങളെന്താ ഈ പറയ്ണത്,,,,
ഇതിനെ പിടിക്കാന്‍ പറഞ്ഞ് ഒരു പെണ്ണ് തന്നതാണ് എന്റെ കയ്യില്‍ ,,,,
കണ്ടക്ടറുടെ വാക്ക് കേട്ട് ഞാന്‍ ദേഷ്യത്തോടെ പറഞ്ഞു ,,,,
അവര് കുട്ടിയോട് ഒരോന്ന് ചോദിച്ചു ,,,,
കുട്ടിയാണെങ്കിൽ ഇതൊക്കെ കണ്ട് പേടിച്ച് എന്നെ മുറുകെ പിടിച്ചിരിക്കുന്നു,,,,,,
ഇതിന് മിണ്ടാൻ കഴിയില്ല ഞാനവരോട് പറഞ്ഞു ,,,,
മിണ്ടാൻ കയ്യാത്തൊരു കുട്ടിയെയാണോടാ നായേ,,,,,
നീ ഇൗ ബസ്സിലിട്ട് പോകാന്‍ നോക്ക്ണത്,,,,
ബസ്സില്‍ നിന്നും ദേഷ്യത്തോടെ ഒരാളെന്നെ അടിക്കാന്‍ വന്നു,,,,
ആ പെണ്ണ് കുട്ടിയെ തന്നപ്പോഴെന്റടുത്തുണ്ടായിരുന്ന ആളെയും കാണാനില്ല,,,_
അയാള് മുന്നെ ഏതോ ഒരു സ്റ്റോപ്പിലിറങ്ങി,,,,
അയാള് കണ്ടതാണ് ,,, അല്ലെങ്കില്‍ നിങ്ങളുടെ സംശയം അയാളോട് ചോദിക്കാമായിരുന്നു,,, ,,,,
ഞാനവരോട് പറഞ്ഞു ,,,
ദേഷ്യവും സങ്കടവും എന്നെ വല്ലാതെ അസ്വസ്ഥനാക്കി ,,,,
എടോ ഒരു പെണ്ണൊരിക്കലും ഒരു കുഞ്ഞിനെ കളയില്ല ,,,,,
ഞങ്ങളത്ര പൊട്ടൻമാരൊന്നുമല്ല,,,, കുറച്ച് പ്രായമായൊരാൾ പറഞ്ഞു ,,,,
കോളേജിലേക്കുള്ള കുട്ടികളും ബസ്സിലെ ആളുകളുമൊക്കെ എന്നെ വട്ടമിട്ടു ,,,,
ഒരു കള്ളനെ കിട്ടിയ പോലെ എല്ലാവരും എന്നെ നോക്കുന്നു ,_,,
ചിലര്‍ അടിക്കാന്‍ വരുന്നു,,,,,
ഇവനെ നമുക്ക് പോലീസില്‍ ഏൽപ്പിക്കാം,,,,
ആരോ പറഞ്ഞു,,,,
ഞാനിവിടെ ഇറങ്ങിക്കോളാം,,, എന്നെ വിട്ടേക്ക് ഇതെന്റെ കുട്ടിയല്ലെന്ന് പറഞ്ഞില്ലേ ,,,,,
ഞാന്‍ കുട്ടിയെ സീറ്റിലിരുത്തി എണീറ്റു,,,
അങ്ങനെയങ്ങ് ഇറങ്ങല്ലേ ഇതിനൊരു തീരുമാനമാക്കീട്ട് പോയാമതി ,,,,,,
ഇവനെ കണ്ടാല്‍ തന്നെ ഒരു കള്ള ലക്ഷണമുണ്ട്,,,,,
എന്നുംപറഞ്ഞ് ക്ലീനറെന്നെ പിടിച്ച് സീറ്റിലിരുത്തി,,,
ആദ്യമായിട്ടാ ഇങ്ങനൊരനുഭവം,,,, പേടികൊണ്ടെന്റെ നിയന്ത്രണം വിട്ടു,,,
അവന്റെ ഒരു കള്ളക്കണ്ണീര്,,,
ഈ തെമ്മാടിയെ ഇങ്ങനെ വിടാന്‍ പാടില്ല നമുക്ക് ,,,, പോലീസിലേൽപ്പിക്കാം,,,
ഇന്നത്തെ ഒരു ട്രിപ്പ് മുടങ്ങിയാലും വേണ്ടില്ല,,, സതീഷേട്ടാ
വണ്ടി സ്റ്റേഷനിലേക്ക് വിട്,,,,
കണ്ടക്ടറ് ഡ്രൈവരോട് പറഞ്ഞു ,,,
അതെ ,, ഇവനെ പോലീസിലേൽപ്പിച്ച് പോയാമതി,,,
ബസ്സിലുള്ളവരും കൂടെ പറഞ്ഞപ്പോള്‍ ഡ്രൈവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് വണ്ടി തിരിച്ചു ,,,,,
സ്റ്റേഷന് മുന്നില്‍ ബസ്സ് നിർത്തി ഒരു ക്രിമിനലിനെ പോലെ കണ്ടക്ടറും കുറച്ചാളുകളും എന്നെ സ്റ്റേഷനകത്തേക്ക് കൊണ്ട്പോയി,,,,,
പടച്ചോനെ അവിടുത്തെ എസ് ഐ യെ കണ്ടപ്പോള്‍ തന്നെ എന്റെ ശ്വാസം പോയി
സർ , ഇവനീ കുട്ടിയെ ഞങ്ങടെ ബസ്സിലുപേക്ഷിച്ച് പോകാന്‍ ശ്രമിച്ചു _,,,,
ഇവൻ പറയുന്നു ഇതിവന്റെ കുട്ടിയല്ലെന്ന്,,,,
കണ്ടക്ടർ എസ് ഐ യോട് പറഞ്ഞു ,,,
സത്യമായും
സാറേ ഇതെന്റെ കുട്ടിയല്ല,,,, ഞാനിവരോട് പല തവണ പറഞ്ഞതാണ്,,,
തിരക്ക് കാരണം ഒരു സ്ത്രീ എന്റെ കയ്യില്‍ തന്നതാണിതിനെ,,, പടച്ചോനാണ് സാറേ,,, സത്യം ,,_
ഞാന്‍ അവിടെയുണ്ടായിരുന്ന എസ്ഐ സാറോട് പറഞ്ഞു ,,,
മിണ്ടാതെ ഇങ്ങോട്ട് മാറി നിൽക്കെടാ,,,,,
ബെൽറ്റൊന്ന് മുറുക്കി ദേഷ്യത്തോടെ എസ്ഐ എന്നോട് പറഞ്ഞു ,,,,,
പേടിയോടെ ഞാന്‍ അപ്പുറത്തേക്ക് മാറി നിന്നു ,,,
എന്താടാ തന്റെ പേര്,,,,??
അർഷദ് ,,,
എവിടാടോ നിന്റെ നാട് ,,,???
കരുവാരകുണ്ട്,,,
ഇവിടെയെന്താ നിനക്ക് കാര്യം ,,, ??
ഞാനൊരു കല്ല്യാണത്തിനു പോവ്വാണ് സാറേ ,,,
ഈ കുട്ടിയെയും കൊണ്ടാണോടോ ഇത്ര ദൂരത്തേക്കൊക്കെ കല്ല്യാണത്തിന് പോകുന്നത്,,,
ഞാന്‍ പറഞ്ഞില്ലേ സാറെ ഇതെന്റെ കുട്ടിയല്ല,,,,
അയ്യോടാ,,, പാവം നീ പറയുമ്പോഴേക്ക് ഞങ്ങളങ്ങ് വിശ്വസിക്കുമെന്ന് കരുതിയോ,,,
നിന്റട്ത്ത് എന്തോ ഒരു കള്ളത്തരമുണ്ട്,,,,
സത്യം പറയടാ,,,,
ഈ കുട്ടിയേതാ,,,, ??
എന്തിനാ ഇതിനെ ബസ്സിലിട്ട് ഇറങ്ങാന്‍ നോക്കിയത്,,,,, ?
എന്റെ റബ്ബേ,,,
ഈ സാറുമെന്നെ കുറ്റക്കാരനാക്കുവാണോ,,,, ??
നെഞ്ചിനൊക്കെയൊരു വേദന,,,,
എന്റെ തല ചുറ്റ്ണ പോലെ ,,,,
എന്നെ പോലീസിലേൽപ്പിച്ച് ബസ്സ്കാരും പോയി,,,
എനിക്കാണേൽ ഈ സ്ഥലമൊന്നും വലിയ പരിചയമില്ല,,,,
ഒന്ന് സഹായത്തിന് വിളിക്കാൻ പോലും എനിക്കിവിടെ അറിയുന്നോരാരുമില്ല ,,,
കയ്യും കാലുമൊക്കെ വിറച്ചിട്ടു വയ്യ,,_,,
പത്തിരുപത്തെട്ട് വയസ്സായിട്ട് ആദ്യായിട്ടാ പോലീസ്റ്റേഷനിൽ ,,, അതും ഒരു കുറ്റവാളിയെപ്പോലെ,,,
സാറേ എന്നെ വിശ്വസിക്കണം,,,, ഞാന്‍ കല്ല്യാണം പോലും കഴിച്ചിട്ടില്ല,,,,
ഒരു സ്ത്രീ തന്നതാ എന്റെ കയ്യില്‍ ഇതിനെ ,,,_ കരഞ്ഞ്കൊണ്ട് ഞാന്‍ എസ് ഐക്കു മുന്നില്‍ കൈ കൂപ്പി,,,,
അങ്ങോട്ടിരിക്ക് ഞാനൊന്ന് അന്വേഷിക്കട്ടെ,,,,
അപ്പുറത്തെ ബെഞ്ച് ചൂണ്ടിക്കാട്ടി എസ്ഐ സാറെന്നോട് പറഞ്ഞു ,,,,
എന്ത് ചെയ്യണമെന്നറിയാതെ ആ കുട്ടിയെയും മടിയില്‍ വച്ച് ഞാനാ ബെഞ്ചിലിരുന്ന് കരഞ്ഞു,,,,
എന്റെ കരച്ചില്‍ കണ്ട് കുട്ടിയും എന്നെ നോക്കി കരയുന്നു,,,,,
ഡോ,,,,,,, !!!
എന്റെ കരച്ചില്‍ കേട്ടാരോ എന്നെ പുറകിൽ തട്ടി വിളിച്ചു ,,,,
ഒരു ഞെട്ടലോടെ ഞാന്‍ പുറകിലേക്ക് തിരിഞ്ഞു,,,,
എന്താ,,,,?????
സ്ഥലമെത്തി ഇറങ്ങുന്നില്ലേ,,,,,
ഒരു ആക്കിയ ചിരിയും ചിരിച്ചുകൊണ്ടായിരുന്നു കണ്ടകടറുടെ ചോദ്യം ,,,,,,,
അർഷദ് കരുവാരകുണ്ട്

ഒറ്റയാൾ പോരാട്ടം


ബാപ്പ ഇങ്ങോട്ട് വരട്ടെ അന്റെ ഈ പോക്രിത്തരം ഞാനിന്ന് മാറ്റിത്തരാം ,,,,,
അടുക്കളയില്‍ നിന്നും ഉമ്മയുടെ ദേഷ്യം നിറഞ്ഞ ശബ്ദം ബെഡ്റൂമിന്റെ കട്ടിലിനടിയിൽ നിന്നും ഞാന്‍ കേട്ടു,,,,,
ഇക്കാക്കയുടെ തേങ്ങിക്കരച്ചിലും അടുക്കളയില്‍ നിന്നുതന്നെ കേൾക്കുന്നുണ്ട്,,,,,,,
അല്ലെങ്കിലും അവനെന്തിനാ എന്നെ തടിയാ എന്ന് വിളിച്ചു കളിയാക്കുന്നത്,,,,,
രണ്ട് വയസ്സിന് മൂത്തതാണെന്നു കരുതി അത്രക്ക് അഹങ്കാരം പാടുണ്ടോ,,,,
ഒാ,,, ഇതിന്റെ ഉള്ളില്‍ കിടന്ന് ഞാനിപ്പോ ചാവും,,,,
ഈ ആശാരിമാർക്ക് കുറച്ച് വലുതാക്കി ഉണ്ടാക്കിക്കൂടെ ഈ കട്ടിൽ,,,,
അല്ലെങ്കില്‍ ,,,!! അതുവേണ്ട ഇങ്ങനെ തന്നെ മതി,,,,
കുറച്ചു റിസ്ക്കാണെങ്കിലും ഒളിച്ചിരിക്കാൻ ഇതു തന്നെ യാ നല്ലത്,,,,,
പടച്ചോനേ,,, ഉമ്മ ഇനി ബാപ്പാനോട് പറയോ,,,, ??
ബാപ്പ ഒന്നു നോക്കിയാല്‍ തന്നെ എന്റെ ട്രൗസർ നനയും,,,,,
അത്ര നല്ല നോട്ടമാ ബാപ്പയുടേത്,,,,
ഹോ ആലോചിക്കുമ്പോൾ തന്നെ കുളിര് കേറ്ണു,,,,,
ഇക്കാക്കയുടെ കരച്ചില്‍ അമർന്നപ്പോൾ ഞാന്‍ പുറത്ത് ചാടി,,,,,
ഉമ്മയുടെ ദേഷ്യം തണുപ്പിക്കണം ഇല്ലെങ്കില്‍
ബാപ്പ വന്നാല്‍ എന്റെ പുറം പൊളിയും,,,,
ഉമ്മയെ തണുപ്പിക്കാൻ
എന്താണൊരു മാർഗ്ഗം,,,,,
ഇതു തന്നെയാണ് നല്ല മാർഗ്ഗം ,,,
അധികം ആലോചിക്കേണ്ടി വന്നില്ല അനിയത്തിയുടെ പുള്ളി പ്പാവാടയും കുപ്പായവും തട്ടവുമിട്ട് ഞാന്‍ പതിയെ അടുക്കളയിലേക്ക് ചെന്നു ,,,
എന്റെ ശബ്ദത്തിന്റെ ടോണൊന്നുമാറ്റി,,,
അപ്പുറത്തെ റൂമില്‍ ഉറങ്ങുന്ന അനിയത്തിയുടെ അതേ ശബ്ദത്തില്‍ ,,, ഞാന്‍ പറഞ്ഞു ,,,_
"
"ഉമ്മച്ച്യേ,,,, ചായ,,,,,!!!!!
ആഹാ,,, ഉമ്മാന്റെ കുട്ടി എണീറ്റോ,,,_ അവിടെയിരിക്ക്,,,, ഉമ്മ ഇപ്പോ ചായ തരാട്ടോ,,,, ,,,,
ഉം എന്ന് അനിയത്തിയുടെ അതേ ശബ്ദത്തില്‍ തന്നെ മറുപടി കൊടുത്ത് ഞാന്‍ ഇക്കാക്കാന്റെ അപ്പുറത്ത് പോയിരുന്നു ,,,,,
ആ കൈതയുണ്ടോ പൊന്നോ അവിടെ റൂമില്,,,,
എന്റെ കാര്യമാണുമ്മ ചോദിക്കുന്നത്,,,,,
ഇല്ല,, ഞാന്‍ കണ്ടില്ല എന്ന് പറഞ്ഞ് തിരിഞ്ഞതും,,,
ഇക്കാക്ക ഭയങ്കര ചിരി,,,,
ഇതാക്കുണു ഉമ്മാ ആ കൈത,,,,
പൊന്നൂന്റെ കുപ്പായോം പാവടയും ഇട്ട് വന്നിരിക്കാണ്,,,,,
അന്നെ ഞാന്‍ കാണിച്ച് തരാന്നും പറഞ്ഞ് അടുപ്പില്‍ നിന്നും ഒരു തീക്കൊള്ളിയെടുത്തായിരുന്നു ഉമ്മയുടെ വരവ്,,,,
എണീറ്റു ഒാടാൻ തുടങ്ങിയപ്പഴേക്കും എന്നെ കണ്ട് ഉമ്മ ചിരി തുടങ്ങി ,,,,,
ഞാനും വിട്ട് കൊടുത്തില്ല പൊന്നുവിന്റെ അതേ ശബ്ദത്തില്‍ ഒന്നൂടെ ചോദിച്ചു,,,,
"ഇങ്ങള് ചായ തരോ ,,,,??
ഉമ്മ ചിരി നിർത്താൻ വല്ലാതെ പാട് പെട്ടു അപ്പഴേക്കും ഇക്കാക്ക ചിരിക്കാന്‍ തുടങ്ങി ,,, കൂടെ ഉമ്മയും,,,, പിന്നെ ഞാനായിട്ട് എന്തിനാ ചിരിക്കാതിരിക്ക്ണെ,,,,
ഞാനും ചിരിക്കാന്‍ തുടങ്ങി ,,, ഞങ്ങള്‍ മൂന്ന് പേരുടെയും കൂട്ടച്ചിരികേട്ടുണർന്നതാണെന്ന് തോന്നുന്നു അനിയത്തി പൊന്നു കണ്ണും തിരുമ്മി എണീറ്റ് വന്നത്,,,_,
എന്റെ കോലംകണ്ടവൾ ചിരിക്കുന്നുമുണ്ട് അവളുടെ പുതിയ പാവാടയും തട്ടവുമൊക്കെ എടുത്തതിന് കരയുന്നുമുണ്ട്,,,,
എന്റെ ദൗത്യം വിജയം കണ്ടതിന്റെ സന്തോഷം പുറത്ത് കാണിക്കാതെ ഞാന്‍ മനസ്സില്‍ തന്നെ പിടിച്ചമർത്തിവെച്ചു,,,,
അല്ലെങ്കില്‍ വീണ്ടും ഉമ്മ ബാപ്പയെ കാത്തിരുന്നാലോ,,,, ഒരുവിധത്തിലാണിപ്പോ രക്ഷപ്പെട്ടത് ,,,,
അങ്ങനെ ഞങ്ങൾ മൂന്നു പേരും ചായകുടിക്കുന്നതിനിടെ ഉമ്മ കാണാതെ ഇക്കാക്ക എന്നെ ഒരു നുള്ള്,,,,,
എനിക്ക് നല്ലപോലെ വേദനിച്ചെങ്കിലും ഞാന്‍ കരയാതെ വേദന സഹിച്ച് എന്റെ ഗ്ലാസിലെ ചായ ഒറ്റമുറുക്കിൽ വലിച്ച് കുടിച്ചു ,,,,,
നേരത്തെ ഇക്കാക്കയെ നുള്ളിക്കരയിപ്പിച്ചതിന്റെ പകരം വീട്ടിയതാണവൻ,,,,
എന്റെ ചായ കുടികഴിഞ്ഞ് ഞാന്‍ എണീറ്റു ഉമ്മയെ ഒന്നു നോക്കി ,,,ചോറും കറിയുമൊക്കെ തയ്യാറാക്കുന്ന തിരക്കിലാണ് ഉമ്മ,,,,_ പാവം ഉൗത്തുകുഴലും പിടിച്ച് ഉൗതി തീ കത്തിക്കുകയാണ്,,,,
അവിടെ തീയ്യിനെ പ്രാഗി പുകയോട് മല്ലിടുന്നത് ഇവിടെയിരുന്നെനിക്ക് കാണാം ,,,__
ഉമ്മ എന്നെ മൈന്‍ഡ് ചെയ്യുന്നില്ല എന്നുറപ്പായി,,,,
എന്നെ നുള്ളിയതിന് പകരമായി കൈചുരുട്ടി കൊടുത്തു ഞാന്‍ ഇക്കാക്കാന്റെ മുതുകിലൊരു കുത്ത്,,,
അല്ലെങ്കിലും എന്റെ കൈ ഒന്ന് അവന്റെ അരികിലൂടെ പോകുമ്പഴേക്കും അവന്‍ കരച്ചില്‍ തുടങ്ങിയിട്ടുണ്ടാവും,,,, എന്റെ കുത്ത് നന്നായി ഏറ്റിട്ടുണ്ട് ,,,, ശ്വാസം കിട്ടുന്നില്ലേ എന്നൊരു സംശയം ,,, അവന്‍ കരയുന്നുണ്ട് പക്ഷേ ശബ്ദം പുറത്തേക്ക് വരുന്നില്ല കുറച്ച് നേരം അങ്ങനെ തന്നെ നിന്നു ,,,
സത്യത്തില്‍ ഞാനും ആകെ പേടിച്ചു ,,,_,
ശ്വാസം കിട്ടിയതും ഉറക്കെ കരയാൻ തുടങ്ങി ,,,_
ഉമ്മ വടിയെടുക്കാൻ പുറത്ത് പോയ നേരം ഞാന്‍ ഒാടി ഒളിച്ചു,,,_
"അന്റെ പിരാന്തിന്ന് ഞാന്‍ മാറ്റും ,,, ഇബടെ വാട ബലാലെ,,,,
ഉമ്മ നല്ല കലിപ്പിലാണ് വരുന്നത് നല്ലൊരു പുളിവടിയും കയ്യിലുണ്ട്,,,,
ബെഡ്റൂമിലേക്ക് കലിപ്പോടെ കയറിവന്ന്
നിന്നെ ഞാനൊന്ന് ഉറക്കുന്നുണ്ടെന്നും പറഞ്ഞ് പുതച്ച് മൂടിക്കിടക്കുന്ന എന്നെ പുളിവടിയും കൊണ്ട് ആഞ്ഞടിച്ചു,,,,
നീ ഇനി ഒാനെ തല്ലോ,,,???
എന്നും ചോദിച്ച് ദേഷ്യം തീരുവോളം അടിച്ചു,,,,
അത്രയും അടിച്ചിട്ടും എന്റെ പ്രതികരണമോ കരച്ചിലോ കേൾക്കാതിരുന്നപ്പോ
എന്താണ് കാര്യമെന്നറിയാതെ പടച്ചോനെ എന്റെ കുട്ടിക്ക് എന്തെങ്കിലും പറ്റിയോ എന്നും ചോദിച്ച്,,,
മുകളിലിട്ട കമ്പളിപ്പുതപ്പ് വലിച്ചു മാറ്റി,,,,,
പാവം ഞാന്‍ ,,,,,,
അല്ല ,,, ഞാനല്ല ,,_!!!
എന്റെ തലയിണകൾ,,,
തലയിണകളെ നീളത്തിൽകിടത്തി ഉറക്കിക്കൊടുത്ത് കമ്പിളി പുതപ്പിച്ചത് ഞാനാ,,,_,
പൊട്ടിച്ചിരിക്കാൻ കഴിയാതെ എല്ലാം കേട്ട് ഞാനാ കട്ടിലിന്റെ താഴെയുണ്ടായിരുന്നു,,,,__!!
ഇവന്റെ ഒരുകാര്യം,,,,
ഉമ്മയുടെ ദേഷ്യമെല്ലാം ചിരിയിലേക്ക് വഴിമാറി
പറ്റിയ അമളിയോർത്ത് അവസാനിപ്പിക്കാന്‍ കഴിയാതെ പൊട്ടിപ്പൊട്ടി ചിരിക്കാന്‍ തുടങ്ങി ,,,,
അത്കേട്ട് ഇക്കാക്കയും വന്നു കാര്യമറിഞ്ഞപ്പോൾ അവനും തുടങ്ങി ചിരി,,,, പലയിടത്തും എന്നെ അവര്‍ തിരയുന്നുണ്ട് ,,, വാതിലിന് പുറകിലും മേശയുടെ താഴെയുമെല്ലാം,,,,
ഉമ്മയുടെ ദേഷ്യമടങ്ങി എന്ന് കണ്ടപ്പോള്‍ ഞാൻ നുഴഞ്ഞ് നുഴഞ്ഞ് പുറത്തേക്ക് വന്നു,,,
എന്റെ തല കട്ടിലിന് വെളിയിലേക്ക് വന്നപ്പഴേക്കും,,__
ന്റമ്മ്യേ,,,,,, കൂ,,,,,,,,,,,,,
ഉമ്മ പേടിച്ച് കൂവി റൂമിന് പുറത്തേക്കോടി ,,,, അത് കേട്ട് ഇക്കാക്കയും പേടിച്ച് പുറത്തേക്കോടി
ശരിക്കും ഉമ്മ പേടിച്ചിട്ടുണ്ട് എന്റെ വരവ് കണ്ട്
എന്ത് സാധനമാണീ വരുന്നതെന്ന് തോന്നിക്കാണും,,,,,
അല്ല ,,! എന്നെ കുറ്റം പറയാനും പറ്റില്ല ... ആ കട്ടിലിനടിയിൽ നിന്നും അങ്ങനെയല്ലാതെ പിന്നെങ്ങനാ ഞാന്‍ വരുന്നത് ,,,__,
ഉമ്മയെ പേടിപ്പിച്ച വകയിൽ പുളിവടികൊണ്ട് നന്നായൊന്ന് എനിക്ക് കിട്ടി,,,_
ഹും ,,, സാരമില്ല ,,, ഞാനതെന്റെ കണക്കിൽ തന്നെ വച്ചു,,,,
എന്റെ തമാശകൾക്കു മുന്നില്‍ ഇക്കാക്കയും ഉമ്മയും എപ്പോഴും പരാജിതരാണ്,,,
കലിപ്പ് സീനൊക്കെ നിമിഷ നേരംകൊണ്ട് ഒാരോ തമാശകളുണ്ടാക്കി ഞാന്‍ തിരുത്താറുണ്ട്,,,
ഇതൊക്കെ അടികിട്ടാതിരിക്കാനുള്ള എന്റെ അടവുകളാണ്,,,
അടിയും വടിയുമൊക്കെ എനിക്കത്രക്കും പേടിയാണ്,,, ഇതാണ് സത്യം
അങ്ങനെ എല്ലാം കഴിഞ്ഞ് പുസ്തകം വായിക്കാനുള്ള സൈറൺ മുഴക്കി ഉമ്മ,,,
ഇക്കാക്ക ഭയങ്കര വായനയിലാണ്,,,
ഉറക്കെ ഒരു പദ്യം ചൊല്ലി പ്പഠിക്കുകയാണ്,,,, അവന് നാളെ പരീക്ഷയാണത്രേ,,,,
" തിങ്കളും താരങ്ങളും തൂവെള്ളി കതിർ ചിന്നം,,,
തുംഗമാം വാനിന്‍ ചോട്ടീലാണെന്റേ വിദ്യാലയം,,_,,,,,
ഇന്നലേ,,, കണ്ണീർവാർത്തൂ
കരഞ്ഞീടിന വനാ,,,
മിന്നതാ ചിരിക്കുന്നു പാലോളീ ചിതറുന്നൂ,,,,,_
നല്ല ഈണത്തിലുച്ചത്തിലിങ്ങനെ ചൊല്ലിപ്പടിക്കുന്നത് കേട്ടപ്പോ എനിക്കും ഉറക്കെ പഠിച്ചാലെന്താ എന്ന് ഞാനും ആലോചിച്ചു,,,
ഒരു രണ്ട് രണ്ടേ,,,_
ഇരുരണ്ട് നാലേ,,,,__ മൂ രണ്ടാറേ,,,__,
നാൽ രണ്ടെട്ടേ,,,,,,
ഞാനും തുടങ്ങി അവനേക്കാളുച്ചത്തിൽ,,,,
ഉമ്മാ ഈ തടിയനെന്നെ പഠിക്കാന്‍ അയക്കുന്നില്ല,,, ഇവടെ ഇരുന്ന് കാറീട്ട്,,,,,
ഇക്കാക്ക എന്നെക്കുറിച്ച് പരാതി പറഞ്ഞതാണ്,,,,
ഞാന്‍ കുറച്ചൂടെ ഉച്ചത്തില്‍ ചൊല്ലാൻ തുടങ്ങി ,,,,
എന്നോടാ അവന്റെ കളി,,,,
മതി പഠിച്ചത് വരിം രണ്ടാളും ചോറു തരാമെന്ന് ഉമ്മ പറഞ്ഞത് കേട്ടപാടേ ഞാന്‍ പുസ്തകവും ബാഗിലേക്കിട്ട് അടുക്കളയിലേക്കോടി ,,,,,
അവനും വന്നു പിറകെ,,,, ചോറ് കഴിക്കുന്നതിനിടെ അവനെന്റെ കൂട്ടാൻ പകുതി പൊട്ടിച്ചെടുത്തു ,,,,
എനിക്കിനി അത് വേണ്ട വേറെതരണമെന്ന് പറഞ്ഞ് ഞാന്‍ അവിടെയിരുന്ന് ബഹളമുണ്ടാക്കി,,,
വേറെ തരില്ല നീ അതു തന്നെ തിന്നാമതിയെന്ന് ഉമ്മ പറഞ്ഞപ്പോ എനിക്കും സങ്കടായി ,,,
ഉമ്മ അല്ലെങ്കിലും എപ്പോഴും അവന്റെ ഭാഗത്താ നിക്കാറ്,,,,
അവന്റെ മുന്നില്‍ തോറ്റതിലുള്ള സങ്കടവും എന്റെ കൂട്ടാന്‍ പകുതി പൊട്ടിച്ചെടുത്തതിന്റ ദേഷ്യവും കൂടെയായപ്പോൾ ഭക്ഷണം കഴിക്കാതെ അവനൊരു കുത്തും കൊടുത്ത് ഞാന്‍ റൂമില്‍ പോയിക്കിടന്നു,,,,
ബാപ്പ ഇങ്ങോട്ട് വരട്ടെ അന്റെ ഈ പോക്രിത്തരം ഞാനിന്ന് മാറ്റിത്തരാം,,,,
ഉമ്മ ദേഷ്യത്തോടെ പറഞ്ഞു,,,,
ഉമ്മ ഇതിടക്ക് പറയാറുള്ളതാണ്,,,
ഞാനൊന്നും മിണ്ടാതെ കിടന്നു,,,
സിറ്റൗട്ടിലെ ഗ്രില്ലുവാതിൽ തുറക്കുന്ന ശബ്ദം ,,,,
ബാപ്പ വന്നു ഞാൻ ഉറങ്ങിയ പോലെ കിടന്നു,,_
ചോറുതിന്നാതെ വാശി പിടിച്ച് കിടക്കുകയാണ് അവനെന്ന് ഉമ്മ ബാപ്പയോട് പറയുന്നത് ഞാന്‍ കേട്ടു ,,,
ഇന്നെനിക്ക് പൊട്ടിയത് തന്നെ ,,, കണ്ണുകള്‍ അമർത്തിയടച്ച് ഞാന്‍ പുതച്ച് മൂടി ക്കിടന്നു,,,
ബാപ്പയുടെ കൈകള്‍ എന്നെ എണീപ്പിച്ചു നിർത്തി,,, ഉമ്മ ചോറും വേറെ കൂട്ടാനുമായെത്തി,,,,
കണ്ണു ചുവപ്പിച്ച് ബാപ്പ ദേഷ്യത്തോടെ പറഞ്ഞു,,,
"മരിയാദക്ക് ഈ ചോറ് തിന്ന്,,,,, ഈ കൂട്ടാനും,,,, അവന്‍ കുറച്ച് പൊട്ടിച്ചെടുത്തതിനല്ലേ നീ ചോറും കൂട്ടാനുമൊക്കെ തട്ടിയിട്ട് പോന്നത്,,_ അന്റെ വാശി ഇന്ന് ഞാന്‍ മാറ്റും,,,,,
നീയ്യും പൊട്ടിക്കാതെ തിന്നണം ഈ കൂട്ടാന്‍ ,,,,,
പടച്ചോനെ കുടുങ്ങ്യേലോ,,, ഞാന്‍ ,,,
എങ്ങനെയാണ് പപ്പടം പൊട്ടിക്കാതെ തിന്നുന്നെ,,,,
ഇക്കാക്ക അത് പൊട്ടിച്ചപ്പോ ഒാനോടുള്ള ദേഷ്യത്തില്‍ പറഞ്ഞതാണ് ഞാന്‍ എനിക്ക് പൊട്ടാത്തത് മതിയെന്ന്,,,,
പൊട്ടിച്ച് തിന്നാന്‍ അയച്ചില്ല ബാപ്പ എന്നെ,,,
മാത്രമല്ല വെറും ചോറ് മുഴുവന്‍ എന്നെക്കൊണ്ട് തീറ്റിച്ചു,,,
പുറമെ ഉമ്മ കൊണ്ട് വന്നുകൊടുത്ത വടികൊണ്ട് ,,, നല്ല രണ്ടടിയുംബാപ്പ തന്നു,,,,
എന്റെ ഒറ്റയാൾ പോരാട്ടം ബാപ്പയുടെ മുന്നില്‍ തീർത്തും പരാജയപ്പെട്ടു ,,,,
എന്നെ തല്ലാൻ കൊട്ട്വേഷൻ കൊടുത്ത ഉമ്മയും ഇക്കാക്കയും വിജയികളെപ്പോലെ അപ്പുറത്തിരുന്ന് ചിരിക്കുന്നതും,,,,
അതിനിടയില്‍ ഞാന്‍ കണ്ടു,,,,,!!!!
കുറച്ച് സമയം കഴിഞ്ഞ് ബാപ്പ കുളികഴിഞ്ഞ് വന്നു,,, ഉമ്മയോട് ഭക്ഷണം വിളമ്പാൻ ആവശ്യപ്പെട്ടു ,,_ നല്ല വിശപ്പുണ്ടെന്ന് തോന്നുന്നു
ടിവി പോലും ഒാൺ ചെയ്യാതെ ബാപ്പ ചോറുതിന്നാൻ അടുക്കളയിലേക്ക് ചെന്നു ,,,
" മാനേ,,, ഇവടെ എടുത്ത് വച്ച പപ്പടം നീ എടുത്തോ,,,,
ഇക്കാക്കാനോടാണ് ഉമ്മയുടെ ചോദ്യം ,,,,
ഇല്ലുമ്മാ ഞാനെടുത്തില്ല,,,,
അവന്റെ മറുപടി കേട്ട് ഞാന്‍ അപ്പുറത്ത് പുതപ്പിനുള്ളിൽ കിടന്ന് ചിരിച്ചു,,,,,
എന്നെ തിന്നാനയക്കാതെ ബാപ്പ അങ്ങനെ പപ്പടം തിന്ന് രസിക്കണ്ട,,,,
പൊട്ടിയതും തിന്നണ്ട പൊട്ടാത്തതും തിന്നണ്ട,,,,
ഞാന്‍ തിന്നപോലെ വെറും ചോറ് വാരി ത്തിന്നാമതി,,,,,,
ഹല്ല പിന്നെ ,,,,,!!!
മൂത്രമൊഴിക്കണമെന്നും പറഞ്ഞ് ഞാന്‍ പുറത്ത് പോയത് എനിക്ക് മൂത്രമൊഴിക്കാൻ മുട്ടീട്ടൊന്നുമല്ല ,,,,,
ബാപ്പാക്ക് എടുത്ത് വച്ച പപ്പടം പൊട്ടിച്ചു പൊട്ടിച്ചു തിന്നാന്‍ തന്നെയായിരുന്നു ,,,,
എന്നോടാ ഒാരെ കളി,,,_,,,,
ബാപ്പയായാലും വേണ്ടില്ല പള്ളീലെ ഉസ്താദായാലും വേണ്ടില്ല,,,,
എനിക്ക് കിട്ടിയ പണി തിരിച്ചു കൊടുത്തിരിക്കും,,,,,,
****************
അർഷദ് കരുവാരകുണ്ട്

കോപ്പിയടി


പേര് വായിച്ചത് കൊണ്ട് ആദ്യമേ പറയട്ടെ ഇത് ആരുടെയും കോപ്പി അടിച്ചതല്ല കെട്ടോ....
ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കാലം,
സത്യൻ മാഷ് എന്നു കേൾക്കുമ്പഴേ സ്കൂളിലെ കുട്ടികളുടെ മുട്ടു വിറച്ചിരുന്നു....
നിർഭാഗ്യമെന്നു പറയട്ടെ ചെന്നു പെട്ടത് സത്യൻ മാഷിന്റെ ഏഴ് എ ക്ലാസ്സിലായിരുന്നു ..."
മാഷ് പഠിപ്പിക്കുന്നതോ വെള്ളക്കാരന്റെ ഇംഗ്ലീഷും ..,
സായിപ്പൻമാരുടെ ഭാഷയായത് കൊണ്ട് ബാക്ക് ബെഞ്ചിലിരിക്കുന്ന ഞങ്ങള്‍ക്ക് ഇംഗ്ലീഷ് എന്നു കേൾക്കുമ്പഴേ കലിപ്പായിരുന്നു....😀
ചെറുപ്പത്തിലേ കരാട്ടയായത്കൊണ്ട്
എന്നും സത്യൻമാഷിന്റെ ചൂരൽ പ്രയോഗങ്ങൾ
ഞങ്ങള്‍ കൈകൊണ്ടോ ചന്തികൊണ്ടോ ബ്ലോക്ക് ചെയ്യുന്നത് ക്ലാസ്സിലെ പഠിപ്പിസ്റ്റുകൾക്ക് രസക്കാഴച്ചയായിരുന്നു...
പരീക്ഷ അടുത്തു !
എല്ലാരും നല്ല വായനയിലാണ്,,!
ബാക്ക് ബെഞ്ചില്‍ ഞങ്ങള്‍ അഞ്ചു പേരുണ്ടായത് കൊണ്ട് കള്ളനും പോലീസും കളിക്കാന്‍ ഒരു നോട്ട്ബുക്ക് തന്നെ വിനയൻ മാറ്റിവെച്ചിരുന്നു ...."
എന്റെ ഉറ്റ ചെങ്ങാതിയാ വിനയൻ !!
പേരില്‍ മാത്രമെ വിനയമൊള്ളു ആളു മഹാ വെടക്കാ.... !!
സത്യൻമാഷ് ചോദ്യം ചോദിച്ചാല്‍ ആദ്യം ബാക്ക് ബെഞ്ചില്‍ നിന്നും തുടങ്ങും,,,,
ചോദ്യോത്തര സെക്ഷൻ തുടങ്ങിയാൽ കയ്യും കാലുമൊക്കെ റഡിയാക്കി ഒരു ഇരുത്തമുണ്ട് വിനയന് ,, !
ഇരിപ്പൊക്കെ കണ്ടാല്‍ തോന്നും ഇപ്പോ
എണീറ്റു ഉത്തരം പറയുമെന്ന്...
നിവർന്നിരുന്ന് എന്നെ ഒന്നു നോക്കും,,,
അർഷൂ .....
തലയാട്ടിക്കൊണ്ട് എന്താ ? എന്നൊരു ചോദ്യം ,,
ഞാന്‍ നല്ല പഠിത്തക്കാരനായത് കൊണ്ട് എല്ലാത്തിനും ഉത്തരം പറഞ്ഞു കൊടുക്കാറുണ്ട്...,
"അറിയില്ല" എന്ന്
ഹാവു ....
എന്റെ ഉത്തരം കേട്ടാൽ അവനും പിന്നെ നല്ല സന്തോഷത്തിലാവും..,
മാഷിനും അറിയാം ഞങ്ങള്‍ ഉത്തരം പറയില്ല എന്ന് .."
എന്നാലും ഒരു നല്ല കാര്യം തുടങ്ങുമ്പോള്‍ ഐശ്വര്യമുള്ള ഭാഗത്തുനിന്ന് വേണ്ടേ തുടങ്ങാൻ
അതുകൊണ്ടാ ഞങ്ങളിൽ നിന്ന് തന്നെ തുടങ്ങുന്നത്...!!😀
അങ്ങനെ പരീക്ഷയൊക്കെക്കഴിഞ്ഞു !
ഇംഗ്ലീഷ് ആയത് കൊണ്ട് ചോദ്യത്തിന്റെ ആദ്യത്തെ വാക്ക് ഒഴിവാക്കി ബാക്കി എഴുതിയാൽ മാർക്കുകിട്ടുമെന്ന് ഒരു വിദ്വാൻ പറഞ്ഞു തന്നിരുന്നു
എല്ലാ ചോദ്യത്തിനും ഞാന്‍ ഉത്തരമെഴുതിയിട്ടുണ്ട്,
എന്റെ നോക്കി വിനയനും....,,,"""
സ്കൂള്‍ തുറന്നു !!
അന്ന് പുതിയ ഒരു കളിയുമായിട്ടാണ് വിനയൻ വരുന്നത്,,*
കള്ളനും പോലീസും കളിച്ച് തോറ്റു മടുത്തെത്രെ അവന്‍
പുതിയ കളി രീതികളൊക്കെ പഠിപ്പിച്ചു തന്നു "കോഴിതല"
ഒാരോ അക്ഷരങ്ങള്‍ ഒരോ തുണ്ട് പേപ്പറില്‍ എഴുതി കൈമാറ്റം ചെയ്യലാണത്രേ പുതിയ കളിയുടെ രീതി ...,
ഫസ്റ്റ് ഒത്തു കിട്ടുന്നവർ വിജയിക്കും എന്നാണ് പറഞ്ഞത് ...
അവന്റെ അടുത്ത വീട്ടിലെ സുമതിച്ചേച്ചി പറഞ്ഞു കൊടുക്കുന്ന കളിയാണത്രെ ഇതെല്ലാം
കളി തുടങ്ങി....,,
അപ്പഴും തോൽവി അവനു ‍ തന്നെയായിരുന്നു "!
കളിയുടെ ഇടയിലാണ് സത്യൻ മാഷിന്റെ വരവ് ...,
വിനയന്റെ "കോഴിത്തല " വായിലേക്കിട്ടു
എന്റെത് പോക്കറ്റിലും ഒളിപ്പിച്ചു ....
മറ്റവരൊക്കെ എവിടെയൊക്കെയോ ഒളിപ്പിച്ചു ..."
പരീക്ഷ പേപ്പറും മാഷിന്റെ കയ്യിലുണ്ട്...
ബ്ലോക്ക് ചെയ്യാനുള്ള കയ്യും ചന്തിയുമൊക്കെ റഡിയാക്കി ഞങ്ങള്‍ അഞ്ചു പേരും ഇരുന്നു
പഠിപ്പിസ്റ്റുകളൊക്കെ പെരുന്നാള് വന്നപോലെ ഞങ്ങളെ നോക്കി ചിരിക്കുന്നു ,
"അർഷോ ഫുൾ മാർക്കുകിട്ടോ "?
വിനയൻ പതിയെ ചോദിച്ചു
"ഉം"" ഫുൾ എഴുതീക്കുണു.... ഞാന്‍ മറുപടി കൊടുത്തു
""അപ്പോ എനിക്കും ഉണ്ടാകും " നിന്റെ പേപ്പര്‍ വാങ്ങീട്ടല്ലെ ഞാനും എഴുതിയെ ..."
"" ഉം " മിണ്ടാതിരിക്ക്...!
ഞാനവനോട് പറഞ്ഞു
ഒാരോർത്തരെ പേര് വിളിക്കാൻ തുടങ്ങി ....
നല്ല മാർക്കുള്ളവർക്ക് അവസാനമാണ് സത്യൻ മാഷ് പേപ്പർ കൊടുക്കാറ് ...
എന്റെ പേരൊന്നും ആദ്യം വിളിക്കുന്നില്ല
മനസ്സില്‍ ലഡുവും ജിലേബിയുമൊക്കെ പൊട്ടി ...
ആദ്യമാദ്യം കൊടുക്കുന്നവർക്കൊക്കെ അഞ്ച് , എട്ട് മാർക്കൊക്കെയുള്ളൂ.... അങ്ങനെ ക്ളാസ് ലീഡറിന്റെ പേരും വിളിച്ചു ... എപ്പഴും അവനാണ് കൂടുതല്‍ മാർക്കു കിട്ടാറ്
അതിനു ശേഷം എന്റെ പേരും ...
" അർഷദ്"
പടച്ചോനെ പറഞ്ഞമാ തിരി എനിക്കാണോ കൂടുതല്‍ മാർക്ക് ...,
എല്ലാരും എന്നെ തിരിഞ്ഞു നോക്കുന്നു
എനിക്കെന്തോപോലെ,,,,,,,!
ഞാൻ ചെന്ന് പേപ്പറ് വാങ്ങി ....,
മാഷ് മാർക്കൊന്നും പറഞ്ഞില്ല ...
അർഷാദിവിടെ നിക്കു,,,,,,
പേപ്പറ് വാങ്ങി തിരിച്ചു പോന്നപ്പോ എന്നെ അവിടെ പിടിച്ചു നിര്‍ത്തി ...
"ഇനി ആർക്കെങ്കിലും പേപ്പര്‍ കിട്ടാനുണ്ടോ...?
സത്യൻ മാഷിന്റെ ചോദ്യം ,,,
""എനിക്ക് കിട്ടിയിട്ടില്ല സാറെ "
ബാക്ക് ബെഞ്ചില്‍ നിന്നും വിനയന്റെ ശബ്ദം
എന്ന സാറിന്റെ കുട്ടി ഇങ്ങു വന്നേ....
സത്യൻ മാഷിന്റെ വിളികേട്ട് ഞാനടക്കം എല്ലാവരും ചിരിച്ചു ....😀😀
വിനയൻ പതുക്കെ വന്നു
നീ പരീക്ഷ എഴുതിയിട്ടുണ്ടോ... ?
മാഷിന്റെ ചോദ്യം
ഉണ്ട് സാറെ .... !
ഇതാണോ നിന്റെ പേപ്പര്‍ . ?
വിനയന്റെ മറുപടി കേട്ട് മാഷിന്റെ അടുത്ത ചോദ്യം
അവൻ പേപ്പറൊന്നുനോക്കി അവന്‍ എഴുതിയത് തന്നെ ...
ഉം " ഇതുതന്നെയാണ് സാറെ ...
നീയ്യാ പേരൊന്നു വായിച്ചേ....?
കുറച്ച് ഗൗരവത്തിലായിരുന്നു മാഷ് അത് വായിക്കാന്‍ പറഞ്ഞത്
അവന്‍ വായിച്ചു
"അർഷദ്"
ങേ... ഞാനൊന്നു ഞെട്ടി
എല്ലാവരും ഉറക്കെ ചിരിച്ചു ...!
ഇത് അർഷദിന്റെ പേപ്പറല്ലേ ?
മാഷ് ചൂരലും കയ്യില്‍ പിടിച്ചായിരുന്നു ചോദ്യം ...
അല്ല ഇതെന്റെ പേപ്പറാ സാറേ....
കൊടുത്തു ചൂരലു കൊണ്ടൊന്ന് "
അടി കിട്ടുന്ന സമയത്ത് അവന്റെ ചില ആക്ഷൻ കാണാന്‍ നല്ല രസായിരുന്നു...
പല്ലിയുടെ വാല് മുറിഞ്ഞ പോലെ....!!!!!
അത്ര പേടിയാ അവന് അടി !
ഇതെന്താടാ നിന്റെ പരസ്യോ.....
ഒരുകള്ളിയൊക്കെയിട്ട് ചുറ്റും പൂക്കളെൊക്കെ വരച്ച് പേപ്പറിന്റെ പുറകിൽ "വിനയൻ " എന്ന് കുറച്ച് കട്ടിയിൽ എഴുതി വച്ചതും ചൂണ്ടിക്കാട്ടി യായിരുന്നു മാഷിന്റെ ചോദ്യം ....
കൂടെ ചൂരലിന്റെ പ്രയോഗവും
നോക്കി എഴുതാൻ പേപ്പറ് കൊടുത്തതിന്
എനിക്കും ഒരു വിഹിതം തരാന്‍ മാഷ് മറന്നില്ല
ഒന്നല്ല ഒരൊന്നൊന്നര വിഹിതമായിരുന്നു അത്....!!!
കിട്ടിയ അടിയെല്ലാം എന്നത്തേയും പോലെ പുറംകൊണ്ട് ബ്ലോക്ക് ചെയ്തു,,,,!
മനസ്സില്‍ പൊട്ടിയ ലഡുവും ജിലേബിയുമൊക്കെ ഒരു നീറ്റലായി ഒരാഴ്ച യോളം കൂടെയുണ്ടായിരുന്നു....!!!
കിട്ടുന്നതെല്ലാം അപ്പഴേ മറന്ന് പഴയ കളിയും പുതിയ കളിയുമായി ..... ഞങ്ങള്‍
തുടര്‍ന്നു .....!!!
മറ്റൊരു
പരീക്ഷക്കായ് കാത്തിരുന്നുകൊണ്ട് ,
By: അർഷദ് കരുവാരകുണ്ട്

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo