Showing posts with label SajiVarghese. Show all posts
Showing posts with label SajiVarghese. Show all posts

നിന്നെയൊന്ന് തിരിഞ്ഞു നോക്കിയപ്പോൾ,

Image may contain: Saji Varghese, closeup
********* സജി വർഗീസ്*********
നീയെന്തിനാണിങ്ങനെയൊളിച്ചിരിക്കുന്നത്?
നിന്റെ കണ്ണുകളിലെശോകക്കടലിൽ,
ഞാനൊന്നുനോക്കിയപ്പോൾ ,
തിരയിളകിയിരുന്നു;
മരവിച്ചവികാരത്തിന്റെ മഞ്ഞുകട്ടകൾ ഒഴുകിനടക്കുന്നു,
തീക്ഷ്ണമായൊരുനോട്ടത്തിലെല്ലാമലിയിച്ച്,
വേലിയേറ്റത്തിൽനനഞ്ഞുകുതിർന്ന നിന്നെചേർത്തുപിടിച്ച്,
പഞ്ചഭൂതങളുടെ സുഗന്ധമറിഞ്ഞ്,
ബാഷ്പകണങ്ങളൊഴുകിയിറങ്ങുമ്പോൾ,
ഇളംകാറ്റിന്റെ തലോടലിന്റെ തണുപ്പിലങനെലയിച്ച്,
പാടവുംപുഴയുംകടന്ന്,
വന്യമായയാത്രയിലേക്ക് കടന്നപ്പോൾ,
ഒരു ചെന്നായനിന്നരികിലേക്ക്,
മെല്ലെമെല്ലെ ചുവടുവയ്ക്കുന്നുണ്ട്,
നിന്റെചുവന്നചുണ്ടിലേക്ക് നീണ്ട കണ്ണുകളാണതിന്,
എന്റെകരംപിടിക്കുവാൻ നീയൊന്നു തിരിഞ്ഞപ്പോൾ,
നമുക്കിടയിലെയകലവുംവർദ്ധിച്ചു വരുന്നു,
ശിലപോലെനിന്നനിന്നരികിലെത്തിയ ചെന്നായ,
നിന്റെവിയർപ്പിന്റെമണംപിടിച്ചതിനു ശേഷം തിരിഞ്ഞുതന്നെ നടന്നു,
എന്നിലേക്ക് നീയൊന്നുതിരിയുമ്പോൾ,
അകന്നുപോകുന്നഞാനും,
നിന്റെ കണ്ണുകളിൽ മരവിച്ചവികാരത്തിന്റെമഞ്ഞുകട്ടകൾ,
ചെന്നായനിന്റെ കാൽച്ചുവട്ടിൽ വലയം വച്ച
മാന്തിക്കീറിയനിന്റെപാദങ്ങളിൽ
നക്കിത്തുടച്ച് ,ദാഹമകറ്റിച്ചുരുണ്ടുകൂടിക്കിടന്നിരുന്നു;
ശ്വാസമടക്കിപ്പിടിച്ചുനിൽക്കുന്ന,
നിന്നെയൊന്ന് തിരിഞ്ഞു നോക്കിയപ്പോഴാണ്,
എന്നിൽനിന്ന് നിന്നിലേക്കുള്ളദൂരം
നടന്നടുക്കാനാകാത്തയത്രയാണെന്നറിഞ്ഞത്.
By
Saji varghese

നിശബ്ദതയിലേക്ക് മടങ്ങാം

Image may contain: Saji Varghese, standing and outdoor
********** സജി വർഗീസ്*****
എത്രദിനങ്ങളായ്നിൻമനതാരിലെന്നെ
നീ പുണരുന്നു,
പ്രിയസഖീ...
നിൻശ്വാസഗതികളെൻഹൃദയതന്ത്രിയിൽമീട്ടുന്നു,
നിന്നിലെമോഹാഗ്നിയിലെന്നെനീ
പുൽകിടുന്നു;
കാർമേഘങ്ങളെനോക്കിനീയുന്മാദ നൃത്തംചവിട്ടുന്നു,
മാഞ്ഞുപോകുന്നകരിമേഘങ്ങളെ നോക്കിനീ വെള്ളിമേഘങ്ങളെ ശപിച്ചിടുന്നു,
നിന്നിലെതീയണയ്ക്കുവാൻ, തിമിർത്തുപെയ്യുവാതെ,
എങ്ങോപോയ്മറഞ്ഞപ്രണയമേ...
ഒരിക്കലീനീലാകാശത്തുരുണ്ടുകൂടുക!
തമ്മിൽപ്പുണർന്നങ്ങനെകിടന്ന്
തിമിർത്തുപെയ്ത്, നിശബ്ദതയിലേക്ക്മടങ്ങാം;
പ്രണയമാഗ്രഹിച്ചവളുടെയുള്ളിലെ തുടിപ്പും,
കരയെപുൽകിമടങ്ങിയതിരയുടെതേങ്ങലും,
ശൂന്യതയിലൂടെയൊരുകൊടുങ്കാറ്റിന്റെ
തുടക്കമായ്തീവ്രമായ്, താണ്ഡവമാടിയെന്റെസിരകളിലേക്കെത്തിച്ചീന്തുന്നതിൻമുൻപ്,
ഒരിക്കൽക്കൂടിയീനീലാകാശത്തുരുണ്ടുകൂടുക,
തമ്മിൽപ്പുണർന്നങ്ങനെകിടന്ന്,
തിമിർത്തുപെയ്ത്,
നിശബ്ദതയിലേക്ക്മടങ്ങാം.
സജി വർഗീസ്

വലിയതെറ്റ്

Image may contain: Saji Varghese, standing and outdoor
**************************
സജി വർഗീസ്
****************************
ഒന്നാം ക്ളാസിലെ പാഠപുസ്തകവുമെടുത്ത് മകൻ എന്റെയടുത്തേക്കുവന്നു.
"പപ്പാ എല്ലാവരും സ്വന്തം വീടിന്റെ ചിത്രം ഇതിൽ വരച്ച്, കൊണ്ടുപോ
കണമെന്ന് ടീച്ചർ പറഞ്ഞിട്ടുണ്ട് "
ഞാൻ ശ്രദ്ധിക്കാതെ അലക്ഷ്യമായ് മൂളി.
പിറ്റേദിവസം മകൻ പറഞ്ഞു
"നമുക്ക് വീടില്ലല്ലോ പപ്പാ അതു കൊണ്ട് ഞാൻ നമ്മുടെ അമ്മച്ചിയുടെ വീട് വരച്ചു വച്ചിട്ടുണ്ട് "
വൈകുന്നേരം മകൻ വിഷണ്ണനായിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു..
"എന്താ മോനേ കാര്യം "
"നമ്മുടെ വീടിന് ടീച്ചർ സ്റ്റാറൊന്നും തന്നില്ല പപ്പ..ഒരു ശരി മാത്രമേ തന്നിട്ടുള്ളൂ"
"നമ്മുടെ ഓടിട്ട വീടും മുറ്റവുമൊന്നും ടീച്ചർക്കിഷ്ടമായില്ല,
കൊട്ടാരംപോലുള്ള വീടിനൊക്കെ അഞ്ചുസ്റ്റാറൊക്കെ കൊടുത്തു, "
"ആ ടീച്ചറെനിക്കൊരു ശരിമാത്രമിട്ടു തന്നു."
"ഉം... "
"ടീച്ചർ ആള് കൊള്ളാമല്ലോ,
മോൻ നാളെയൊരു ഫൈവ്സ്റ്റാർവീട് വരച്ചുകൊടുക്ക് "
'"ശരി പപ്പാ, '' ഞാനൊന്നു നോക്കട്ടെ ".
തൊട്ടടുത്തദിവസം സ്കൂൾവിട്ട് വൈകുന്നേരം മകൻവന്നപ്പോൾ ഞാൻ ചോദിച്ചു.
"ഇന്നെത്ര സ്റ്റാർ ടീച്ചർ തന്നു?
മോൻ ഫൈവ് സ്റ്റാർ വീട് വരച്ചോ?
'
"പിന്നേ ഇന്ന് വമ്പൻസ്റ്റാറാ കിട്ടിയത് "
എനിക്കാകാംക്ഷയായ്!
മരടിലെ ഫ്ളാറ്റ്പൊളിക്കുന്നതിന് നഗരസഭ ടെണ്ടർ വിളിച്ചു. വാർത്ത സ്ക്രീനിൽ തെളിഞ്ഞുവരുന്നു.
ഫ്ളാറ്റുകൾ പൊളിക്കുമ്പോഴുള്ള കോൺക്രീറ്റ്മാലിന്യങ്ങൾ പരിസ്ഥിതിക്ക് ദോഷകരമാകുന്നതാണെന്നാണ് വിദഗ്ദ്ധാഭിപ്രായം. ചാനലിൽ മരട് ഫ്ളാറ്റ് സംബന്ധിച്ച വാർത്തകൾ തുടരുകയാണ്.
"എന്താ മോൻ ആലോചിക്കുന്നത് "
"അല്ല പപ്പാ, ഇതൊക്കെ നമ്മുടെ കായലിലും പുഴയിലുമൊക്കെയാണോ ഇടുന്നത് ?
ചിലപ്പോൾ കടലിലായിരിക്കുമല്ലേ "
ഞാൻ ഉത്തരമൊന്നും പറഞ്ഞില്ല.
ഒരു അമ്പതുകൊല്ലമൊക്കെ കഴിയുമ്പോൾ കേരളത്തിലെ നിലവിലുളളഫ്ളാറ്റുകളൊക്കെ പൊളിച്ചുമാറ്റുന്നസാഹചര്യമാണ് ഞാനോർത്തത്.
'എങ്ങുംകുമിഞ്ഞുകൂടുന്ന കോൺക്രീറ്റ് മാലിന്യങ്ങൾ,
വഴിയടഞ്ഞപുഴകൾ! ശക്തമായ കാറ്റിൽ സിമന്റ്പൊടികൾ നിറഞ്ഞിരിക്കുന്നയന്തരീക്ഷം.. പക്ഷികൾ, ശലഭങ്ങൾ, മത്സ്യങ്ങൾ എല്ലാം അപ്രത്യക്ഷമായിരിക്കുന്നു.
കോൺക്രീറ്റ് മരുഭൂമിയിൽ കടൽവെള്ളം കൊണ്ടുവരുന്ന ടാങ്കർ ലോറിക്ക് മുൻപിൽ വെള്ളത്തിനായ് ക്യൂ നിൽക്കുന്നജനങ്ങൾ.. ,
വീർത്ത ഉദരങ്ങളും നീരുവന്ന മുഖങ്ങളുമായ് ഡയാലിസ് കേന്ദ്രങ്ങളിൽ ഊഴം കാത്തുറങ്ങിപ്പോയവർ'
"പപ്പേ.."
മകന്റെ വിളികേട്ട് ഞാൻ ഭാവനയുടെലോകത്തുനിന്നും ഞെട്ടിയുണർന്നു.
"ഇതാ എനിക്ക് കിട്ടിയ ഫൈവ്സ്റ്റാർ "
ഞാൻ പുസ്തകത്തിലേക്ക് നോക്കി.
മനോഹരമായ് വരച്ച ഹരിതഭൂമിക്ക് മുകളിൽ വലിയൊരുതെറ്റ് ടീച്ചർ വരച്ചിട്ടുണ്ട്.
"നമുക്ക് വീടില്ലല്ലോപപ്പേ?
"അതിന് മോനെന്താ ഭൂമി വരച്ചത്?
ഞാൻ ചോദിച്ചു
"ഭൂമിയല്ലേ നമ്മുടെ വീട്, ഞാൻ നിൽക്കുന്നത് ഭൂമിയിലല്ലേ,
ഞാനിത് വരച്ചുകൊടുത്തു "
"വരയ്ക്കാനും എളുപ്പം "
"പപ്പ പറഞ്ഞ ഫൈവ്സ്റ്റാർ വീടൊക്കെ വരയ്ക്കാൻ വല്യപാടാ"
"ഇതാണോ നിന്റെ വീടെന്ന് ചോദിച്ച് ടീച്ചർ വലിയ തെറ്റ് വരച്ചു "
"കുട്ടികളെല്ലാം കളിയാക്കി ചിരിച്ചു പപ്പേ".
"അതെ മോനേ ഭൂമി വരയ്ക്കാനെളുപ്പം,
വലിയ തെറ്റിടാനുമെളുപ്പമാ,
വലിയ ശരിയാർക്കും വേണ്ട."
.
"സ്റ്റാറ് കിട്ടുന്നവർക്കേ നിലനിൽപ്പുള്ളൂ"
ഞാൻ മകനെ മടിയിലിരുത്തി കവിളിലൊരുമുത്തംകൊടുത്തു.
അവൻ മടിയിൽനിന്നൂർന്നിറങ്ങി.
പാoപുസ്തകത്തിൽ വരച്ച ഹരിത ഭൂമിക്ക്മുകളിൽ ടീച്ചർവരച്ച വലിയ തെറ്റ് മായ്ച്ചുകളഞ്ഞു.
വലിയതെറ്റിൽ നിന്ന് ഫൈവ്സ്റ്റാറിലേക്ക് മാറുവാനുള്ള ശ്രമം.
അവന്റെ നിഷ്കളങ്കമായ കണ്ണുകൾ തിളങ്ങി.
"മോനേ നീയായിരുന്നു ശരി, ശരിയാർക്കുവേണം".
അവൻ എന്റെ കഴുത്തിന് ചുറ്റിപ്പിടിച്ച് കവിളിലൊരുമ്മതന്നു.
അകലെ മലമുകളിൽ നിന്ന് മാറുപിളരുന്തോറും അവളൊന്നു പിടഞ്ഞു. ചരിഞ്ഞുകിടക്കുന്നവളുടെ മാറിൽനിന്ന് പാലരുവിക്ക്പകരം സ്ഫോടനത്തിലുയർന്നുപൊങ്ങിയ കരിയുംപുകയും.
ഫൈവ്സ്റ്റാർ മുറിയിൽ നിന്നൊരsക്കിപ്പിടിച്ച തേങ്ങലും ഉയർന്നുവോ?
തൊണ്ടയിൽക്കുരുങ്ങിയ ഉറയുമായൊരുകാട്ടുപന്നി കോൺക്രീറ്റ് റോഡിലൂടെതലങ്ങുംവിലങ്ങു മോടുന്നുണ്ടായിരുന്നു
സജി വർഗീസ്
Copyright protected
9656512930

ശക്തമായ മഴ. നമുക്ക് വേണ്ടത് മുൻകരുതലും ജാഗ്രതയും

Image may contain: Saji Varghese, standing and outdoor

*******"*****""*******""*******
ശക്തമായ മഴ ഇനി അഞ്ചുദിവസത്തേക്കും കൂടി ഉണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്.ശക്തമായ ചുഴലിക്കാറ്റിനും സാധ്യതയുണ്ട്.കടൽ തിരമാലകൾ പരമാവധി ഉയരാം. ഇതൊക്കെ കണക്കിലെടുത്ത് തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രതപാലിക്കേണ്ടതും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടതുമാണ്. സർക്കാരിന്റെയോ സന്നദ്ധ പ്രവർത്തകരുടെ യോ സേവനത്തിനായ് മാത്രം കാത്തു നിൽക്കരുത്.
മലയോരത്തിനും തീരപ്രദേശത്തിനും ഇടയ്ക്ക് താമസിക്കുന്നവർ ജാഗ്രത പുലർത്തുക. പുഴകളിൽ ജലനിരപ്പ് ഉയർന്ന് താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറാം. ഇലക്ട്രിക് ലൈനുകൾ പൊട്ടിവീണ് അപകടമുണ്ടാകാം. മലയോര മേഖലകളിൽ ഉരുൾപൊട്ടൽ ഉണ്ടായി പുഴയുടെ ജലനിരപ്പ് ഉയർന്ന് മധ്യപ്രേദേശമേഖലയിൽ വെള്ളം കയറാം. ഇഴജന്തുക്കളും മറ്റും ഒലിച്ച് വരാവുന്നതാണ്. പുഴയോരത്തുള്ളവർ ജലനിരപ്പ് ഉയരുന്നതും കാത്തിരിക്കാതെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുക. വയൽപ്രദേശത്ത് വരമ്പിലൂടെ നടക്കരുത്. വെള്ളക്കെട്ടിൽ വീണ് അപകടം സംഭവിക്കാം.
മലയോമേഖലയിലുള്ളവർ ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് ആവശ്യമായ മുൻകരുതൽ എടുക്കണം. മഴ ഇതുപോലെ ശക്തമായ്തുടർന്നാൽ ഉരുൾപൊട്ടൽ ഉണ്ടാകുന്നതാണ്.മലയുടെ മുകളിൽ, താഴ്വാരത്ത് താമസിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക. പരമാവധി ഗതാഗത സൗകര്യമുള്ള സുരക്ഷിതമായ സ്ഥാനത്തേക്ക് മാറുന്നതിനുളള മുൻകരുതൽ എടുക്കണം. വനത്തിൽ ഉരുൾപൊട്ടിയാൽ പുഴയിലേക്ക് ശക്തമായ കുത്തൊഴുക്കിന് സാധ്യതയുണ്ട്. പുഴയിൽ ഒഴുകി വരുന്ന തടികൾ, മറ്റ് വസ്തുക്കൾ ശേഖരിക്കുവാൻ ഒരു കാരണവശാലും ഇറങ്ങരുത്. അതുപോലെ മത്സ്യം പിടിക്കുവാനും പോകരുത്. പുഴയോരത്ത് താമസിക്കുന്നവരും പരമാവധി ശ്രദ്ധിക്കുക. കമ്പിപ്പാലം, തൂക്കുപാലം ഇവയിലൂടെയുള്ള നടത്തം പരമാവധി ഒഴിവാക്കുക. വിനോദസഞ്ചാര മേഖലയിൽ പോകുന്നത് ഒഴിവാക്കുക. സാഹസിക ടൂറിസത്തിന്റെ ഭാഗമായ് വെള്ളച്ചാട്ടങ്ങളിൽ സന്ദർശിക്കുന്നത് ഒഴിവാക്കുക.മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ നിർത്തിയിടുകയോ ചെയ്യരുത്. വൈദ്യുതലൈനുകൾ വെള്ളത്തിൽ പൊട്ടിവീണ് അപകടമുണ്ടാകാം. ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ ശ്രദ്ധിക്കുക.ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്.മലയോര മേഖയിലുള്ളവർ ഭൂമിയിൽ വിള്ളലോ, വെള്ളം ഭൂമിയിൽ നിന്ന് ശക്തിയായ് പുറത്തേക്ക് മെല്ലെ വരുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവിടെ നിന്ന് താമസം മാറ്റണം.
മൊബൈൽ ഫോൺ പരമാവധി ചാർജ് ചെയ്ത് വച്ച് അടിയന്തിരഘട്ടങ്ങളിൽ ഉപയോഗിക്കത്തക്കവിധത്തിൽ ചാർജ് നിലനിർത്തുക.. പവർബാങ്ക് ചാർജ് ആക്കി വയ്ക്കുക. സർട്ടിഫിക്കറ്റുകളും മറ്റ് വിലപ്പെട്ട രേഖകളും ഭദ്രമായ് ഒരുസ്ഥലത്ത് സൂക്ഷിച്ചു വയ്ക്കുക. അടിയന്തിരഘട്ടങ്ങളിൽ വീടുപേക്ഷിച്ച് പോകുമ്പോൾ കൈയിൽ സർട്ടിഫിക്കറ്റുകളും കരുതുക. ആവശ്യമായ എളുപ്പം കേടായിപോകാത്ത ഭക്ഷ്യവസ്തുക്കൾ കരുതിവയ്ക്കുക. പാകം ചെയ്യാനാവശ്യമായ ഗ്യാസ്, വിറക് തുടങ്ങിയവയും കരുതിവയ്ക്കണം.കുട്ടികളെ വെള്ളക്കെട്ടിനടുത്തേക്കോ, മഴയത്തോ ഒറ്റയ്ക്ക് വിടരുത്. പഴയവീടിന്റെ മേൽക്കൂര, ഭിത്തി ഇവയുടെ ഉറപ്പ് പരിശോധിക്കണം. വീട്ടിൽ തളർന്നു കിടക്കുന്നവർ, പ്രായമായവർ, രോഗികൾ തുടങ്ങിയവരെ ഗതാഗത സൗകര്യമുള്ള, ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ഭവനങ്ങളിലേക്കോ, സർക്കാർ ദുരിതാശ്വാസ കേന്ദ്രങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിലേക്കോ മാറ്റേണ്ടതാണ്. ദ്വീപുകളിൽ താമസിക്കുന്നവർ ജലനിരപ്പ് ഉയരുന്നതു കാത്തുനിൽക്കാതെ സുരക്ഷിതസ്ഥാനത്തേക്ക് മാറേണ്ടതാണ്. ഡാമിന്റെ പ്രദേശത്തെ പുഴയോരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കുക. സർക്കാർ നിർദ്ദേശങ്ങൾ അംഗീകരിക്കുക.
അടിയന്തിര ഘട്ടങ്ങളിൽ അതാത് ജില്ലയിലെ എസ്ടിഡി കോഡ് ചേർത്ത് 1077 ൽ വിളിക്കുക. ജില്ലാഭരണകൂടത്തിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും ഫോൺ നമ്പർ ശേഖരിച്ച് വയ്ക്കുക.
കഴിഞ്ഞവർഷത്തെ അനുഭവം നമുക്ക് മുന്നിലുണ്ട്.അതുകൊണ്ട് മുന്നറിയിപ്പുകളെയും നിർദ്ദേശങ്ങളെയും പരിഹസിച്ച് തള്ളിക്കളയാതെ ജാഗ്രത പുലർത്തുക.
അപകടം വരുന്നതിനു ശേഷമുള്ള രക്ഷാദൗത്യത്തേക്കാൾ അപകടം വരാതെ നോക്കുകയെന്നതാണ് നമ്മുടെ ഉത്തരവാദിത്വം.
സജി വർഗീസ്
കണ്ണൂർ.മണത്തണ

കവിതേ നീയെങ്ങുപോയി.

Image may contain: Saji Varghese, tree, sky, outdoor and nature
*********** സജി വർഗീസ്*****
കവിതേ നീയെങ്ങുപോയി,
വാക്കുകൾകൊണ്ടെന്റെസിരകളഗ്നിയാൽ ജ്വലിപ്പിച്ച്,
പ്രണയച്ചൂടിലെന്നെദഹിപ്പിച്ച്,
നീ പറയാതെ അറിയാതെ പോയതെന്തേ,
നിന്റെയുള്ളിലൊളിപ്പിച്ച,
മൗനരഹസ്യമെന്തേ ?
നിന്റെ മൗനത്തിലലിഞ്ഞ്, ചേരുവാൻനിൽക്കാതെ, 
നീയെങ്ങുപോയ് കവിതേ,
പ്രണയംനിറഞ്ഞ നിന്റെ കരിമഷിക്കണ്ണിലേക്ക് ഞാൻ നോക്കീടവേ,
ചുംബനം കൊതിക്കുന്ന, നിന്നധരങ്ങളിൽചിത്രംവരച്ച്, തീരുന്നതിൻ മുൻപേ,
കവിതേ.. പ്രിയപ്പെട്ട കവിതേ.. നീയെങ്ങു പോയ് മറഞ്ഞു,
പ്രണയം, വിരഹം, വേദന ഈ മൂന്നു ഭാവങ്ങളിലൂടെ,
നിന്നുള്ളറകളിലേക്ക് ഞാൻ പ്രവേശിക്കവേ,
നീ പോയതതെന്തേ,
നിനക്കായ് ഞാനൊരു ചുംബനം കരുതിവച്ചിരുന്നു,
കവിതവിരിയിച്ചിട്ട് എന്റെ പൂർത്തീകരണത്തിൻ മുൻപേ നീ പോയതെന്തേ,
എന്റെ നെഞ്ചിലുന്മാദംനിറച്ചിട്ട്,
നീയെങ്ങോട്ടാണ്പോയത്,
കവിതേ... പ്രിയപ്പെട്ടകവിതേ..
സ്നേഹിച്ചിരുന്നു ഞാൻ നിന്നെയും
നീയെന്നെയും,
എന്നിട്ടുംനമ്മളെന്തിനാണ്, രണ്ടിടങ്ങളിൽ രണ്ടായ് നിൽക്കുന്നത്,
നിന്റെ കരിമഷിക്കണ്ണുകളിലേക്ക് നോക്കിയിരുന്ന്,
വിറയ്ക്കുന്നയധരങ്ങളിലെന്റെ, വിരലുകളാൽ മുദുവായ്തലോടി,
കാൽവിരൽകൊണ്ട് ചിത്രം വരയ്ക്കുന്ന നിന്റെശ്രാണിയിലൊന്ന് ചുറ്റിപ്പിടിച്ച്,
തിരയിരമ്പുമ്പോൾ, മൃദുചുംബനംനൽകി,
മെല്ലെമെല്ലെ പടർന്നുകയറി,
നിമ്നോന്നതങ്ങളിലൊന്നമർത്തി
മൂർദ്ധാവിൽ ചുംബിച്ച്,
നിന്നുടലെന്നോട് ചേർത്തുവച്ച്,
നുണക്കുഴികവിളിലൊരു ചുടുചുംബനംനൽകി,
നിന്റെയധരങ്ങളിലേക്കെന്റെ ചുണ്ടുകളമർത്തി,
ഭ്രാന്തമായ് ചുറ്റിച്ചേർത്തുപിടിച്ചാഴത്തിലുമ്മവച്ച്,
മെല്ലെമെല്ലെയയഞ്ഞ്, കണ്ണുകളിലേക്ക് നോക്കിയിരിക്കുമ്പോളെന്റെ യാത്മാർത്ഥചുംബനത്തിൽ,
പൂത്തുലഞ്ഞ് നീയങ്ങനെ, നില്ക്കുമെന്റെ കവിതേ,
മടങ്ങിവരൂ കവിതേ, 
നീ പൂത്തുലഞ്ഞ് പ്രണയപുഷ്പങ്ങൾ പൊഴിക്കെന്റെ കവിതേ,
കാത്തിരിക്കുന്നു, ഞാനീതൂലികത്തുമ്പാൽനിന്നെയൊരു, കൊത്തിവച്ചശില്പമാക്കാനെന്റെ കവിതേ.
===========സജി വർഗീസ്
Copyright protected.
9656512930

ജാനകിയേടത്തീന്റെയോഗാസനം

Image may contain: Saji Varghese, standing and outdoor
************ സജി വർഗീസ്*********
ശീർഷാസനത്തിലങ്ങനെ നിൽക്കുമ്പോഴാണ്,
ജാനകിയേടത്തി ഓർത്തത്;
പണ്ട് കണാരേട്ടൻ കള്ളുംകുടിച്ചുവന്ന്,
കാലേൽപിടിച്ചൊരിടലിൽ ശീർഷാസനത്തിൽനിന്നാ മുക്തമായത്;
പാദഹസ്താസനത്തിൽ നിൽക്കുമ്പോൾ,
നെല്ലുമൂരുന്നതുംഞാറുനടുന്നതും,
കമലേന്റെ കാലില് ,ഞണ്ടിറുക്കിയതുമോർത്തു;
ജാനുശീർഷാസനത്തിലിരിക്കുമ്പോൾ
ആട്ടമ്മീല്ദോശക്കരച്ചതും,
ദോശമാവ് കൈതട്ടി താഴെവീണ് പോയതിന്,
അമ്മായിയമ്മ കമലാക്ഷിചീത്ത പറഞ്ഞതുംഓർത്തുപോയി;
കല്ലിമ്മേലലക്കുകഴിഞ്ഞ്,
രണ്ടുകയ്യിന്റെയും തള്ളവിരല് നടുവിന്കുത്തിപ്പിടിച്ച്,
പുറകോട്ടൊന്ന് വളഞ്ഞ്, നടുവേദനമാറ്റിയപ്പോൾ,
അർദ്ധകടീചക്രാസനത്തിലായതോർത്ത്,
നാണിയമ്മയൊന്നു ചിരിച്ചു;
താഡാസത്തില് നിന്നപ്പോൾ,
കണാരേട്ടൻകെട്ടിയഅയേമ്മേല്,
തുണിവിരിക്കാൻ, കയ്യെത്താത്തപ്പോൾ,
കാലിന്റെ തള്ളവിരലില് കുത്തിനിന്ന്,
തുണിവിരിച്ചതുംഓർത്തുപോയി;
ഭുജംഗാസനത്തിലുംധനുരാസനത്തിലും പവനമുക്താസനത്തിലൂടെയും കടന്നപ്പോൾ,
കണാരേട്ടനെയോർത്ത്,
നാണിയമ്മയ്ക്ക്നാണംവന്നു;
നട്ടുച്ചയ്ക്ക് കിടന്നുറങ്ങിയപ്പോൾ,
കണാരേട്ടന്റെ ചീത്തകേട്ട്, ചാടിയെഴുന്നേറ്റപ്പോൾ,
നാണിയമ്മപശ്ചിമോത്ഥാസനവും,
ശവാസനവുംകഴിഞ്ഞിരുന്നു;
രാവിലെയെഴുന്നേറ്റ് വിളക്ക്കത്തിച്ച്,
വിഷമങ്ങളെല്ലാംതീരുന്നതിന്, കൈകൂപ്പിപ്രാർത്ഥിച്ച്,
സങ്കടമെല്ലാംകളഞ്ഞ്,
മൂക്കില് വിരല് വച്ച്,
ശ്വാസംഅകത്തേക്കും
പുറത്തേക്കും
ഇരുമൂക്കിലും വിട്ട്,
നാണിയമ്മ നമസ്ക്കാരമുദ്രയും, പ്രാണായാമവുംകഴിഞ്ഞിരുന്നു;
നാൽപ്പതുകാരിപ്പെണ്ണുങ്ങളെല്ലാം ,
തൊട്ടടുത്തദിവസം,
വീണ്ടുംയോഗയ്ക്ക് പോകാൻ വിളിച്ചതും,
നാണിയമ്മ മോണകാട്ടിചിരിച്ചു കൊണ്ട്,
"ന്റെ കണാരേട്ടൻപഠിപ്പിക്കാത്ത യോഗയില്ലേ,
നിങ്ങടെകണാരേട്ടൻമാരോട്,
മൊബൈലില് തോണ്ടാണ്ട്,
യോഗപഠിപ്പിച്ചാലെന്താ,
പെണ്ണുങ്ങളേയെന്ന് ചോദിച്ചപ്പോൾ,
നാണത്താൽ കുണുങ്ങിക്കുണുങ്ങി, പെണ്ണുങ്ങളെല്ലാം യോഗക്ളാസിനു പോയി.
സജി വർഗീസ്
Copyright protected
9656512930

പതിനെട്ടാംപടി

Image result for pathinettam padi movie
പതിനെട്ടാംപടി: നന്മയുടെ വൃക്ഷങ്ങൾ പൂത്തുലഞ്ഞു നിൽക്കുന്ന മികച്ച എൻറർടെയ്ൻമെന്റ് സിനിമ

************** സജി വർഗീസ്*******
ശങ്കർരാമകൃഷ്ണൻ രചനയും സംവിധാനവുംനിർവ്വഹിച്ച പതിനെട്ടാം പടി സാമൂഹികപ്രതിബദ്ധതനിറഞ്ഞ നന്മമരങ്ങൾ പൂത്തുലഞ്ഞുനിൽക്കുന്ന മികച്ച എൻറർടെയ്ൻമെന്റ് സിനിമയാണ്പതിനെട്ടാംപടി .വിവിധ വർണ്ണങ്ങളിലുള്ളതുണിയിൽ തുന്നിപ്പിടിപ്പിച്ച നൂലിഴകളാണ് പതിനെട്ടാംപടിയെന്ന് പറയാം.പ്രേക്ഷകഹൃദയങ്ങളെ രണ്ടു മണിക്കൂറുംനാൽപ്പതുമിനിറ്റും പതിനെട്ടാംപടിയിലെ കഥാപാത്രങ്ങളിലേക്ക് ഉൾക്കൊണ്ടിരുത്തുവാൻ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
വർത്തമാനകാലത്തുനിന്നുംതുടങ്ങി ഭൂതകാലത്തേക്ക് സിനിമ ഭൂരിഭാഗസമയവും കടന്നുപോയിവർത്തമാനകാലത്തിലവസാനിക്കുന്നരീതിയിൽ കോർത്തിണക്കിയ ശ്രീ ശങ്കർരാമകൃഷ്ണനെന്ന സംവിധായകന്റെ കരവിരുത് എടുത്തുപറയേണ്ടിയിരിക്കുന്നു.
തന്റെ സ്ക്കൂൾകാലഘട്ടത്തിലെ ഇന്റർനാഷണൽസ്ക്കൂളിലെ അധ്യാപകനായിരുന്ന ജോയ് മാഷിന്റെ സ്വപ്നപദ്ധതിയായ
സ്ക്കൂൾ ഓഫ് ജോയ് എന്ന സമാന്തര വിദ്യാഭ്യാസരീതി പിന്തുടരുന്ന പൃഥ്വിരാജിന്റെ കഥാപാത്രമായ അശ്വിൻ വാസുദേവിലൂടെയാണ് സിനിമ തുടങ്ങുന്നത്.
തൊണ്ണൂറുകളിലെ തിരുവനന്തപുരംനഗരത്തിലെ സർക്കാർ മോഡൽ റസിഡൻഷ്യൽ സ്ക്കൂളിലെ കുട്ടികളും ഇന്റർനാഷണൽ സ്ക്കൂളിലെ കുട്ടികളും തമ്മിലുള്ള സാമൂഹികമായ അന്തരത്തിൽനിന്നുടലെടുത്തതിന്റെ ഭാഗമായിട്ടുള്ള പകയുംപ്രതികാരവും പരസ്പരമുള്ളഏറ്റുമുട്ടലുമായാണ് ചിത്രംപുരോഗമിക്കുന്നത്.മോഡൽ റസിഡൻഷ്യൽസ്ക്കൂളിൽ സാധാരണക്കാരുടെ മക്കൾ പഠിക്കുകയും അവരുടെ കാലികവിഷയങ്ങളോടുള്ള വികാരതീവ്രമായപെരുമാറ്റവും ഇന്റർനാഷണൽസ്ക്കൂളിലെ സമ്പന്നരുടെ മക്കളുമായ് കായികമത്സരത്തിലടക്കം വാശിയോടെ സ്ക്കൂളിനകത്തും പുറത്തുംഏറ്റുമുട്ടുകയും ചെയ്യുന്നു. സമ്പന്നതയുടെ മടിത്തട്ടിൽ വളരുന്നവരുടെയിടയിലേക്ക് മയക്കുമരുന്നിന്റെ ഉപയോഗം വളരുന്നതിന്റെ പ്രത്യാഘാതവും സിനിമയിലൂടെ കാണിക്കുന്നു. മറുഭാഗത്ത് സർക്കാർസ്ക്കൂളിലെകുട്ടികളുടെ അതിജീവനത്തിന്റെ കഥയുംകാണിക്കുന്നു.
രണ്ടുകാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന സിനിമയിൽ സ്ക്കൂൾ കാലഘട്ടത്തിലെ സംഘർഷവും കുടിപ്പകയും വളരെ ഗംഭീരമായ് അവതരിപ്പിക്കുവാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
മോഡൽ റസിഡൻഷ്യൽ സ്ക്കൂളിലെ ഗാങ്ങ് ലീഡറായ് അക്ഷയ് രാധാകൃഷ്ണന്റെ അയ്യപ്പൻ എന്ന വേഷവും മറുഭാഗത്ത് അശ്വിൻ ഗോപിനാഥിന്റെ അശ്വിൻ വാസുദേവ് എന്ന വേഷവും ആയിട്ടാണ് ചിത്രം പുരോഗമിക്കുന്നത്.ഇവരോടൊപ്പം അശ്വത് ലാൽ, അമ്പി നീനാസം, ന കുൽതമ്പി, ഫഹീംസഫർ, ആർഷ, ശ്രീ ചന്ദ്വവഫ, ഹരിണി തുടങ്ങിയ വലിയ പുതുമുഖ താരനിര നല്ല പ്രകടനം തന്നെ കാഴ്ചവച്ചിട്ടുണ്ട്. ചിത്രത്തിൽ ആനി എന്ന കഥാപാത്രവുമായെത്തുന്ന അഹാന കൃഷ്ണയും മമ്മൂട്ടിയുടെ സഹോദരനായ് അഭിനയിച്ച ചന്ദുനാഥും നല്ല രീതിയിൽ തന്നെ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജോയ് അബ്രഹാം പാലയ്ക്കൽ എന്ന കഥാപാത്രം പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.
മമ്മൂട്ടി അവതരിപ്പിക്കുന്ന ജോൺ എബ്രഹാം പാലയ്ക്കൽ എന്ന കഥാപാത്രം സിനിമയിലൂടെ നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ പൊളിച്ചെഴുത്തിന്റെ ആവശ്യകത വ്യക്തമാക്കിത്തരുന്നുണ്ട്. മമ്മൂട്ടിയുടെ കഥാപാത്രം സിനിമയിൽ ഗസ്റ്റ് റോളിലാണ് വരുന്നതെങ്കിലും സിനിമയിൽ മൊത്തമായ് നിറഞ്ഞു നിൽക്കുന്ന കഥാപാത്രമായ് മാറുന്നുണ്ട്. മഹാനടന്റെ ലുക്കും സ്റ്റൈലും സിനിമയുടെ രംഗങ്ങളുടെ മാറ്റ് കൂട്ടുന്നു.രണ്ടാംപകുതിയിലെ മമ്മൂട്ടിയുടെ ജോൺ എബ്രഹാം പാലയ്ക്കൽ എന്ന കഥാപാത്രത്തിന്റെ രംഗപ്രവേശത്തോടെയാണ് സിനിമയുടെ കഥാഗതി മാറുന്നതും പ്രമേയത്തിന്റെ അന്ത:സത്ത പ്രേക്ഷകർക്ക് കൂടുതൽ വ്യക്തമാകുകയും ചെയ്യുന്നത്.
അശ്വിൻ വാസുദേവ് എന്ന കഥാപാത്രത്തിലൂടെ പൃഥ്വിരാജിന്റെ സ്ക്കൂൾകാലഘട്ടം അവതരിപ്പിക്കുന്ന അശ്വിൻ ഗോപിനാഥിന്റെ അഭിനയമികവ് എടുത്തു പറയേണ്ടിയിരിക്കുന്നു. ഒരു പുതുമുഖനടന്റെ യാതൊരുവിധ പതർച്ചയുമില്ലാതസ്വാഭാവികമായ അഭിനയ മുഹൂർത്തങ്ങളാണ് അശ്വിൻ ഗോപിനാഥ് തന്റെകഥാപാത്രത്തിലൂടെ കാഴ്ചവച്ചത്.എല്ലാവൈകാരിക നിമിഷങ്ങളും വളരെഭംഗിയായ് മികച്ച അഭിനയത്തിലൂടെ സ്വാഭാവികമായ് അവതരിപ്പിക്കുവാൻ ഈ പുതുമുഖനടന് കഴിഞ്ഞിട്ടുണ്ട്.ശങ്കർരാമകൃഷ്ണനെന്ന സംവിധായകന്റെ കണ്ടെത്തൽ പൂർണ്ണമായും ശരിവയ്ക്കുന്നതാണ് അശ്വിൻ ഗോപിനാഥിന്റെ മികച്ച പ്രകടനം.മമ്മൂട്ടിയെന്ന മലയാള സിനിമയിലെ കുലപതിയോടൊപ്പം യാതൊരുവിധ വെപ്രാളവുമില്ലാതെ സ്വതസിദ്ധമായ ശൈലിയിൽ അഭിനയിക്കുവാൻ കഴിഞ്ഞ അശ്വിൻ ഗോപിനാഥ് നാളെ മലയാളസിനിമാലോകത്ത് തന്റേതായ സ്ഥാനമുറപ്പിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല.
അയ്യപ്പൻ എന്ന സർക്കാർ സ്ക്കൂളിലെ എടുത്തു ചാട്ടക്കാരനായ കഥാപാത്രത്തെ അവതരിപ്പിച്ച അക്ഷയ് രാധാകൃഷ്ണന്റെ അഭിനയവും എടുത്തു പറയേണ്ടിയിരിക്കുന്നു. അമ്പിയുടെ സുരൻ എന്ന കഥാപാത്രവും മികച്ച അഭിനയ മുഹൂർത്തങ്ങളാണ് കാഴ്ചവയ്ക്കുന്നത്.
മമ്മൂട്ടിയ്ക്കും പൃഥ്വിരാജിനുമൊപ്പം ആര്യയും ഉണ്ണിമുകുന്ദനും അതിഥിതാരങ്ങളായ് എത്തുന്നുണ്ട്.ലാലു അലക്സ്, മണിയൻ പിള്ള രാജു, ബിജു സോപാനം, പാർവ്വതി. ടി., മനോജ്.കെ.ജയൻ, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയ നടന്മാരുടെ നീണ്ടനിര തന്നെയുണ്ട് ചിത്രത്തിൽ.യുവതാരങ്ങളെല്ലാം അസാമാന്യമായ പ്രകടനമാണ്‌ കാഴ്ചവച്ചത്.
സുദീപ് എളമണ്ണിന്റെ ക്യാമറ പ്രകൃതിയെയും കഥാപാത്രങ്ങളെയും ഹൃദയത്തിൽ നിലയുറപ്പിക്കത്തക്കവിധത്തിൽ ഒപ്പിയെടുത്തിട്ടുണ്ട്.
സിനിമയിലെ സംഗീതം വളരെ മികച്ച രീതിയിൽ തന്നെ കൈകാര്യം ചെയ്യുവാൻ കഴിഞ്ഞിട്ടുണ്ട്. എ.ആർ.റഹ്മാന്റെ സഹോദരീപുത്രനായ കാഷിഫ് സംഗീതം നൽകിയിരിക്കുന്ന ഗാനങ്ങൾ വളരെ മനോഹരമാണ്.ഭുവൻ ശ്രീനിവാസന്റെ ചിത്രസംയോജനവും എടുത്തു പറയേണ്ടിയിരിക്കുന്നു. മാസ്റ്റർ കെചയുടെ ആക്ഷൻ കോറിയോഗ്രാഫി ടീം ഏറ്റവും മികച്ചതാണ്. ബാഹുബലി പോലെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് ആക്ഷൻ രംഗങ്ങളൊരുക്കിയതിന്റെ അനുഭവ സമ്പത്ത് കെചയുടെ ആക്ഷൻ കോറിയോഗ്രാഫിയിലൂടെ കാണുവാൻ കഴിയും.ഡബിൾഡക്കർബസിലുള്ള ഇരു വിഭാഗം വിദ്യാർത്ഥികളുടെ സംഘട്ടനരംഗം സൂപ്പർ എന്ന് തന്നെ പറയാം.
ഓഗസ്റ്റ് സിനമയുടെ ബാനറിൽ ഷാജി നടേശനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇത്രയും പുതുമുഖതാരങ്ങളെ വച്ച് മമ്മൂട്ടിയെന്ന മെഗാസ്റ്റാറിന്റെ സാന്നിധ്യവുമായ് കോർത്തിണക്കി പൃഥ്വിരാജുൾപ്പടെയുള്ള അതിഥിതാരങ്ങളെ അതിന്റെ ഭാഗമാക്കി തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ശങ്കർ രാമകൃഷ്ണണൻ വലിയൊരു പരീക്ഷണത്തിന് തയ്യാറാവുകയും അതിൽ വിജയിക്കുകയും ചെയ്തെന്ന് നിസ്സംശയം പറയുവാൻ കഴിയും. ഒരു പാട് രംഗങ്ങൾ മാറിമറിയുമ്പോൾ അല്പം തിടുക്കം കൂടിപ്പോയിയെന്നതു മാത്രമാണ് ചിത്രത്തിന്റെ ചെറിയൊരു പോരായ്മയായ്തോന്നിയത്.സാങ്കേതികമായ് ഉന്നതനിലവാരം പുലർത്തുന്ന സിനിമയാണ് പതിനെട്ടാംപടി.
ആക്ഷനും മാസുംത്രില്ലുമെല്ലാം കൂടിക്കലർന്ന മനോഹരമായ പുതിയൊരനുഭവംപ്രദാനംചെയ്യുന്ന സിനിമയാണ് പതിനെട്ടാംപടി. സാനിയ ഇയ്യപ്പന്റെ നൃത്തച്ചുവടുകൾ സിനിമയുടെ മാസ്മരികത നിലനിർത്തുന്നതിന് സഹായകമായിട്ടുണ്ട്. യുവത്വത്തിന്റെ പതിനെട്ടിലേക്കുള്ള ചുവടുവയ്പ്പാണ് ശങ്കർരാമകൃഷ്ണന്റെ പതിനെട്ടാംപടിയെന്ന സിനിമ.
കുടുംബ പ്രേക്ഷകർക്ക്, ബാച്ചിലേഴ്സിന് തുടങ്ങി സമൂഹത്തിന്റെ വിവിധ തട്ടിലുള്ളവർക്ക് ധൈര്യപൂർവ്വം പതിനെട്ടാം പടിയെന്ന സിനിമ കാണാം.
സജി വർഗീസ്Image may contain: Saji Varghese, closeup
Copyright protected.

തൂവൽസ്പർശമായ്

Saji Varghese's Profile Photo, Image may contain: Saji Varghese, standing and outdoor
***** സജി വർഗീസ് ****
ഇനിയുമെത്രനാളീയിതൾപൊഴിയും,
ഇനിയുമെത്രനാളീനിലാവും പുലരിയും,
ഇനിയുമെത്രനാളീപ്രണയത്തിൻ ഗന്ധവും,
ഇനിയുമെത്രനാളീജഡില മോഹങ്ങളും;
ഓർമ്മകളുടെമൃദുചുംബനവും പേറി,
ഓർമ്മകളുടെകൂടാരത്തിൽ മയങ്ങിക്കിടക്കവേ,
വെറുതേമോഹിക്കുന്നൊരു പൂക്കാലവും കൂടി,
വെറുതെയീമോഹങ്ങളാണെന്നറിഞ്ഞെങ്കിലും,
വെറുതേയൊന്നുമോഹിക്കുന്നു ഞാനുംസഖി,
ജനിമൃതികൾക്കിടയിലൊരു മൃദു ചുംബനംനൽകാൻ!
ജന്മപാപത്തിൻമാറാപ്പുമായ്,
ജന്മാന്തരങ്ങൾ തേടിയലയുന്നു ഞാൻ;
പുറകിലേക്കൊന്നു തിരിഞ്ഞു നോക്കിയപ്പോൾ,
പുറകോട്ട്നീങ്ങുന്നയെന്റെ കാല്പാടുകൾ മാത്രം,
മുൻപോട്ട് ഞാൻ നടന്നു നീങ്ങീടവേ,
മുന്നോട്ട്പിന്നോട്ട് നിന്നിലേക്കായ് ,
ഒരുദിവസം യാത്രയൊന്നും ചൊല്ലിടാതെസഖീഞാനീ, നിലാവിലേക്കെത്തുന്നരാവിൽ,
ഓടിവരുവാൻകഴിയാതെനീ,
ഓർമ്മകളുടെപൂമെത്തയിൽ,
ഒരായിരംചുംബനംനൽകിപ്പിടഞ്ഞ്,
താമരത്തണ്ടുപോൽ, മയങ്ങിക്കിടക്കവേ.
താരാപഥത്തിൽനിന്നുമിറങ്ങി,
താരാട്ട്പാടിയീയാലിലവയറിൽ,
തൂവൽസ്പർശമായ്ഞാനെത്തിടും സഖി;
സജി വർഗീസ്
Copyright protected.

ബോധവിസ്ഫോടനങ്ങൾ

Image may contain: 1 person
************ സജി വർഗീസ്*******
ഭോഗപരതയിൽ ആനന്ദന്യത്തമാടുന്ന സമൂഹത്തിന്റെ നീർച്ചുഴിയിലാണ് മനുഷ്യ ജന്മങ്ങൾ. ചീഞ്ഞളിഞ്ഞാണ് കറങ്ങിക്കൊണ്ടിരിക്കുന്നത്.ആ ചീയലിന്റെ ദു:ർഗന്ധമാണ് സുഗന്ധമായി തോന്നുന്നത്. ഭൗതികതയുടെ മാംസള സുഗന്ധത്തിലങ്ങനെ കുലുങ്ങിച്ചിരിച്ച് ആസ്വദിക്കുകയാണ്, ഹാ! എന്തു നല്ല സുഗന്ധമാണത്. നാസാരന്ധ്രങ്ങളിലൂടെ വലിച്ചു കയറ്റുമ്പോൾ കാമത്തിന്റെ ഗ്രാഫും മുകളിലേക്കുയരുന്നു.
ആശയ വിനിമയങ്ങൾ, അയൽക്കൂട്ടങ്ങൾ മെല്ലെ മെല്ലെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.
ചന്തവൽക്കരണത്തിൽ ദാരിദ്ര്യമില്ലാതായതോടുകൂടി മനുഷ്യത്വം മാനവികതയുമില്ലാതായിരിക്കുന്നു,
ഹാ! എത്ര മനോഹരമായ ലോകം
വിശപ്പോ ആർക്ക്? ആർക്ക് വിശക്കുവാൻ? തിന്നു മദിച്ച് മേദസുറ്റി ഹെൽത്ത് ക്ളബിലേക്കെത്തി വീർത്ത ഉദരം ഒന്നൊതുക്കി അംഗവടിവിന്റെയളവുകൾ കണ്ണുടക്കുന്ന പുരുഷനെയൊന്ന് മോഹിപ്പിച്ച് കാണിച്ച് മെല്ലെ നടന്നു നീങ്ങണം,
മസിലു പെരുപ്പിച്ച്, കണ്ണെഴുതി സ്ത്രൈണതയിൽ നടക്കുന്ന പെണ്ണാണ്കൾ, തിന്നുക, കുടിക്കുക, മദിക്കുക, പേരും പെരുമയും ചന്തയിൽ നിന്നു വാങ്ങുകയെന്ന നിലയിലേക്ക് ചന്തവൽക്കരണമെത്തി നിൽക്കുന്നു.
എഴുത്തുകാരൻ ഇനിയെന്താണ് പറയേണ്ടത്?എന്തു ഭാഷയാണ് ഉപയോഗിക്കേണ്ടത്? എഴുത്തുകാരിയുടെ ഫാൻസിഡ്രസ്സിലുള്ള നിറങ്ങളുടെ സമ്മേളനത്തിലുള്ള ത്രസിപ്പിക്കുന്ന ചിത്രങ്ങൾ ചേരുമ്പോൾ എഴുത്തുകളെക്കാൾ ശ്രദ്ധയാകർഷിക്കുന്നു. സ്ഥാപനങ്ങളെ ചരക്കുവൽക്കരണം കാർന്നുതിന്നുകൊണ്ടിരിക്കുന്നു. വിശപ്പിന്റെ കണ്ണുനീര് കാണുവാനെനിക്ക് താല്പര്യമില്ല, എന്നെ ബാധിക്കുന്ന കാര്യമല്ല, എനിക്കറിയേണ്ട, എനിക്കറിയേണ്ടത് എന്റെ ലിംഗപുരുഷൻ ഇന്ന് അടുക്കളയിൽ കയറി എനിക്കു കഴിക്കുവാനെന്തുണ്ടാക്കും, നഗരത്തിലെ തിരക്കേറിയ സ്റ്റാർ ഹോട്ടലിൽ നിന്നൊരു ഡിന്നർ, രജസ്വലയായ എന്നെ തഴുകിത്തലോടി അത്യന്താധുനികതയുടെയും അത്യന്താധുനികതയുടെ 'പുറത്താകലിലൂടെ 'നീയൊന്നും ചെയ്യേണ്ട നിനക്കുള്ള തന്തൂരി പാർസ ലെത്തും .ഇതൊക്കെയാണെന്നെ അലട്ടിക്കൊണ്ടിരിക്കുന്നത്. അതിനിടയിൽ വിശപ്പിനെക്കുറിച്ച് പറഞ്ഞാൽ, കിടന്നുറങ്ങുന്ന കൂരയെക്കുറിച്ച് പറഞ്ഞാൽ ഞാൻ പൊട്ടിത്തെറിക്കും. ചന്തവൽക്കരണത്തിന്റെ നവീന പ്രൊഡക്ടുകളാണിതൊക്കെ.
ഉയരുന്ന മണി ഗോപുരങ്ങളിൽ നോക്കി നെടുവീർപ്പിട്ടു കൊണ്ട്, സ്വപ്നം കണ്ടു കൊണ്ട് ആരൊക്കെയോ നടക്കുന്നുണ്ട്.
ദാരിദ്ര്യത്തിന്റെ പ്രത്യയശാസ്ത്രങ്ങളുടെ സന്തതികളും നവീന പ്രൊഡക്ടുകളായ് മാറിക്കൊണ്ടിരിക്കുന്നു, വയറു നിറയ്ക്കുവാൻ ത്രസിപ്പിക്കുന്ന ചടുല നൃത്തം ചവിട്ടുന്നവളുടെ നിതംബത്തിൽ നോക്കിയാനന്ദിച്ച്, ഒരു ലക്ഷം രൂപ വിലയുള്ള ഗ്ളാസിലൊഴിച്ച ലഹരിയും നുകർന്ന്, അവളുടെ മാറിലൊന്നമർത്തിപ്പിടിച്ച് പെർഫ്യൂമിന്റെ സുഗന്ധത്തിലങ്ങനെ കിടക്കുമ്പോഴാണ് സമത്വമുണ്ടാകുന്നത്. ഇല്ലാത്തവനും ഉള്ളവനും തമ്മിലുള്ള സംഗമത്തിലൂടെ നവീന സോഷ്യലിസം പിറന്നു കഴിഞ്ഞു,
ഇനി മാറ്റുവാൻ ചട്ടങ്ങളൊന്നുമില്ല, അബദ്ധം പറ്റിയതാണെന്ന നിലയ്ക്ക് ചന്തവൽക്കരണത്തിന്റെ സന്തതികൾക്ക് മാപ്പു നൽകാം. എന്തിനിങ്ങനെ ശ്വാസം മുട്ടിക്കുന്നു, ആത്മാർത്ഥമായ് മാപ്പു നൽകാം.
ചക്രവാളത്തിലെ സൂര്യനുമസ്തമിച്ചു കഴിഞ്ഞിരിക്കുന്നു.
എനിക്ക് ഭ്രാന്താണ് എന്ന് പറഞ്ഞ് ആരൊക്കെയോ തിരക്കിട്ടോടുന്നുണ്ട്, പകൽ ജോലിയുടെ ഗതിവിഗതികൾക്കു ശേഷം കൊട്ടാരത്തിലെത്തി ഭോഗിക്കുവാൻ തിരക്കുകൂട്ടിയുള്ള ഓട്ടത്തിലാണ്, വിജയപരാജയങ്ങളുടെ വേലിയേറ്റത്തിനു ശേഷമുള്ള അടുത്ത ഉദയത്തിനായുള്ള ചക്രവ്യൂഹങ്ങൾ!
യുദ്ധം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.
ബോധമണ്ഡലത്തിന്റെ തീജ്യാലയിൽ തന്നെയെല്ലാം കത്തിച്ചു കളയണം. ആഗോളവൽക്കരണത്തിന്റെ പെരുമ്പറയുടെ പുറകേ ആൾക്കൂട്ടം ഓടിക്കഴിഞ്ഞിരിക്കുന്നു. വിശപ്പിന് ഭക്ഷിക്കുവാൻ ജാതിയുണ്ട്. ജാതിയുടെയും മതത്തിന്റെയും ഫ്രൈഡ് റൈസ് തിളങ്ങുന്ന സ്പൂണിൽ കോരി വായിലേക്കിടുമ്പോൾ നല്ല സ്വാദ്.
ദാരിദ്ര്യമില്ലാത്ത സൊസൈറ്റിയായി മാറിക്കഴിഞ്ഞിരിക്കുന്നു. സോഷ്യലിസം യാഥാർത്ഥ്യമായിക്കഴിഞ്ഞിരിക്കുന്നു. സമ്പന്നനും പാവപ്പെട്ടവനും പല രൂപത്തിൽ മാർക്കറ്റിൽ സുലഭമാണ്.
കേരളത്തിലെ നഗരത്തിൽ തമിഴനും ബംഗാളിക്കും ബംഗ്ളാദേശിക്കും ബീഹാറിക്കുമെല്ലാം അവൾ കാഴ്ചവച്ചു.ആയിരത്തിലധികം ആളുകളായിട്ടുണ്ടാകും.സാധാരണക്കാരുടെ അമ്യത്കുംഭങ്ങൾ, കൃത്യമായ കണക്കുണ്ടാകില്ല. വിശപ്പില്ലാത്ത ലോകത്തിനായ്നാനാത്വത്തിൽ ഏകത്വം. ചവറ്റുകൊട്ടയിലേക്കെറിഞ്ഞ ഉറയിൽ ഗാന്ധിസവും ലെനിസവും കട്ട പിടിച്ചു കിടക്കുന്നുണ്ട്.
വായിൽ സ്വർണ്ണക്കരണ്ടിയുമായ് പിറന്നവർക്ക് കൊട്ടാരത്തിലെ ശീതീകരിച്ച മുറിയിൽ കൊത്തിവച്ച ശില്പം പോലെ കിടക്കുന്നുണ്ട്. ചരക്കു വല്ക്കരണം സമസ്ത മേഖലയിലും വികസനത്തിന്റെ പുതുവസന്തം നൽകിക്കഴിഞ്ഞു. കാടുകൾ, പുഴകൾ, കുന്നുകൾ എല്ലാം രാഷ്ട്രീയ-കോർപ്പറേറ്റ് കൂട്ടുകെട്ടുകൾ സ്വന്തമാക്കി കഴിഞ്ഞു.
അവരിൽ ചില നല്ലവരുണ്ട് എന്നതാണാശ്വാസം. നക്കാപ്പിച്ചയാണെങ്കിലും ഇടയ്ക്കിടയ്ക്ക് സാധാരണക്കാരന് നേരെ വാരിയെറിയും, പെറുക്കിയെടുക്കുകയെങ്കിലും ചെയ്യാമല്ലോ. സോഷ്യലിസത്തിന്റെ പുത്തൻ നടപ്പാക്കൽ രീതിയാണത്.
സാഹിത്യത്തിന്റെ സർവ്വ മേഖലകളിലും സമ്പന്നതയുടെ മാംസള ശരീരത്തിന്റെ കൊഴുപ്പുകൾ അടിഞ്ഞുകൂടിയിരിക്കുന്നു. കൊച്ചമ്മമാരുടെ വിയർപ്പിന്റെ കവിതകൾ, കഥകൾ അച്ചടിക്കുവാൻ പ്രസിദ്ധീകരണങ്ങൾ മത്സരിക്കുന്നു. എഴുത്തിനും സ്റ്റാറ്റസുണ്ടത്രെ. ഭക്ഷിച്ച് ഭോഗിച്ച് ദുർമ്മേദസുറ്റിയവർ വിശപ്പിനെക്കുറിച്ചും കാമത്തിെനെക്കുറിച്ചും എഴുതിയാൽ നല്ല മാർക്കറ്റാണ്. പ്രത്യയശാസ്ത്ര മാസികകൾക്കും അതാണ് പഥ്യം.
വിശപ്പറിഞ്ഞവന്റെ, ചൂഷണത്തിനിരയായവളുടെ കദന കഥകൾ ആർക്കു വേണം. ഫ്യൂഡൽ പ്രഭുത്വത്തിനാണ് അതെഴുതുവാൻ അവകാശം.പ്രതിമാസം പതിനായിരം രൂപ വരുമാനം ലഭിക്കുന്നവരും കോടികളുടെ സ്റ്റാറ്റസാണ് കാണിക്കുന്നത്. ഫ്ളാറ്റിലെ നീന്തൽക്കുളത്തിൽ സ്വിമ്മിങ്ങ് ഡ്രസിലൊരു ഫോട്ടോയും സാഹിത്യത്തിന്റെ അനന്തവിഹായസിലൂടെയൊരു കുറിപ്പു മെഴുതിയാൽഗംഭീരമെന്ന് പറയുവാൻ കാളക്കുട്ടന്മാർക്യൂവിലാണ്, നിറത്തിന്റെ സാഹിത്യവും രാഷ്ട്രീയവും.
ഇവിടെ എഴുത്തുകാരൻ നിസ്സഹായനാകുന്നു. ബോധമണ്ഡലത്തിൽ നിന്നും ചോദ്യമുയരുന്നു? എന്തു ഭാഷയാണ് ഇനി ഉപയോഗിക്കേണ്ടത്? ആഗോളീകരണത്തിന്റെ സന്തതികൾ തലങ്ങും വിലങ്ങും വാഹനത്തിൽ കുതിക്കുന്നു. ഏതെങ്കിലുമൊരു വാഹനത്തിൽ എനിക്കും കയറിയേ പറ്റൂ, അല്ലെങ്കിൽ ഭ്രാന്തനെന്നു വിളിക്കും.
കെട്ടിപ്പൊക്കിയ കൽത്തൂണുകൾ സ്തൂപങ്ങളായിരിക്കട്ടെയെന്ന് പരിഹസിക്കപ്പെടുമ്പോൾ കെട്ടിത്തൂങ്ങിയാടുന്നുണ്ട് ചിലർ.ആഗോളീകരണത്തിന്റെ വള്ളിയിലാണ് കെട്ടിത്തൂങ്ങിക്കിടക്കുന്നത്. അന്തി ചർച്ചകൾ പൊടിപൊടിക്കും. എല്ലാം വീണ്ടും വിസ്മൃതിയിലാകും.
ഉപ്പു തൊട്ടു കർപ്പൂരം വരെയുള്ള നികുതിയിൽ നിന്ന് പുതിയ സാമ്രാജ്യങ്ങൾ ഉയർന്നു വന്നിരിക്കുന്നു. പുതിയ 'നവലോകം' ഉയർന്നു തുടങ്ങിയിരിക്കുന്നു, സമൂലമായ മാറ്റത്തിനു ശേഷം ഇനിയെന്ത് എന്ന ചോദ്യം മാത്രം അവശേഷിക്കുന്നു
രാവിലെ പൂശേണ്ട ലിപ്സ്റ്റിക്ക് ഏതാണെന്ന് തല പുകഞ്ഞാലോചിക്കുന്നുണ്ട് സൊസൈറ്റി ലേഡികൾ. രാവിലെ മക്കൾക്ക് ഭക്ഷിക്കുവാൻ എന്തു നൽകുമെന്നാലോചിക്കുന്ന അമ്മമാരുടെ ചിന്തകൾക്കിടയിലേക്ക് ഫൗണ്ടേഷനിൽ തീർത്ത മുഖശില്പവുമായ് നടന്നു നീങ്ങുന്നവർ ഇടയ്ക്കൊന്ന് കയറി വരും.
കുടിച്ചു തീരാത്ത മിനറൽ വാട്ടർ കുപ്പികൾ ആഗോളീകരണത്തിന്റെ ചർച്ചകൾക്കിടയിൽ നവീന സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്ര ഭരണകൂടത്തിന്റെ ഉപദേശക വലിച്ചെറിയുമ്പോൾ കുടിവെള്ളത്തിനായ് മറുഭാഗത്ത് എരിയുന്ന വയറുകൾ യുദ്ധമാരംഭിച്ചു കഴിഞ്ഞിരിക്കും.
മൂത്രപ്പുരകളിൽ മിനറൽ വാട്ടർ കുപ്പികൾ നിരത്തി വച്ചിരിക്കും. സാധാരണക്കാരൻ മൂത്രം കുടിക്കുവാൻ ശേഖരിച്ചു വയ്ക്കുന്നതാണത്.കോർപ്പറേറ്റ് മുതലാളിയുടെ മൂത്രം മധ്യ വർഗത്തിനു മുകളിലുള്ളവർക്കാണ്?
ഞാനിനി എന്തു ഭാഷയാണ് ഇല്ലാത്തവർക്കു വേണ്ടി ഉപയോഗിക്കേണ്ടത്. കണക്കുകളിൽ സോഷ്യലിസം നടപ്പിലായിക്കഴിഞ്ഞിരിക്കുന്നു.
രാജ്യത്തെമ്പാടും വികസനവാദികൾ പടർന്നു പന്തലിച്ചിരിക്കുന്നു.ഇതിനിടയിൽ എന്റെ എഴുത്തിനെന്തു പ്രസക്തി?
സമൂലമായ മാറ്റത്തിനു ശേഷം കൂട്ടമരണത്തിനായ് കാത്തിരിക്കാം.
സജി വർഗീസ്
Copyright protected.

ലൂസിഫർ - താരത്തിളക്കത്തോടെയുള്ള മാസിന്റെ പൊടിപൂരം

Image may contain: Saji Varghese, standing and outdoor

By സജി വർഗീസ്
ലൂസിഫർ നല്ല ഒന്നാന്തരം പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ കച്ചവടസിനിമയെന്ന് പറയാം.
മോഹൻലാൽ എന്ന മഹാനടന്റെ പ്രേക്ഷകർ ആഗ്രഹിച്ചരീതിയിലുള്ള പ്രകടനമാണ് സ്റ്റീഫൻ നെടുമ്പള്ളിയെന്ന കഥാപാത്രത്തിലൂടെയുണ്ടായത്.
സ്റ്റീഫൻ നെടുമ്പള്ളിയെന്ന കഥാപാത്രത്തെ ആവാഹിച്ചെടുക്കുന്നതിൽ താരരാജാവ് വിജയിച്ചിരിക്കുന്നു.
പി. കെ, ആർ എന്ന കേരള രാഷ്ട്രീയത്തിലെ അതികായന്റെ മരണവും, ഐ യു എഫ് എന്ന രാഷ്ട്രീയ പാർട്ടിയെ കൈപ്പിടിയിൽ ഒതുക്കുവാനും അതിലൂടെ തന്റെ അധോലോകം കേരളത്തിലേക്ക് വ്യാപിപ്പിക്കുവാനുള്ള ബിമൽനായർ എന്ന ബോബിയുടെ (വിവേക് ഒബ്റോയ് ) തന്ത്രങ്ങളാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്..പി.കെ.ആർ ന്റെ മകൾ പ്രിയദർശിനിയുടെ (മഞ്ജു വാര്യർ ) രണ്ടാം ഭർത്താവാണ് ബോബി.ഇന്ദ്രജിത്ത് സുകുമാരൻ അവതരിപ്പിക്കുന്ന ഗോവർദ്ധൻ എന്ന മീഡിയ ആക്ടിവിസ്റ്റിന്‍റെ വിവരണത്തിലൂടെയാണ് കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് ആദ്യ അരമണിക്കൂറിനുള്ളിൽ പരിചയപ്പെടുത്തുന്നത്.
സ്റ്റീഫൻ നെടുമ്പള്ളി ഒരു രക്ഷകനായ് അവതരിക്കുന്നതും അതിനിടയിലുള്ള സംഘട്ടനങ്ങളും രാഷ്ട്രീയ ചതുരംഗക്കളികളെല്ലാം സിനിമയിലൂടെ കാണിക്കുന്നു,
വർത്തമാനകാല രാഷ്ട്രീയത്തിൽ തെരഞ്ഞെടുപ്പിന് ഫണ്ട് ഒഴുക്കുന്നത് കള്ളപ്പണക്കാരും മയക്കുമരുന്ന് അധോലോകവും സ്വർണക്കള്ളക്കടത്തുകാരുമാണെന്ന യാഥാർത്ഥ്യം സിനിമയിലൂടെ അനാവരണം ചെയ്യുന്നു,
രാഷ്ട്രീയത്തിലെ ഉന്നതനേതാക്കൾ തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ടും രാഷ്ട്രിയനാടകങ്ങളും സ്ത്രീകളെ രാഷ്ട്രീയ ആവശ്യത്തിനായ് കപടവേഷം കെട്ടിച്ച് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതുമെല്ലാം സിനിമയിലൂടെ പ്രേക്ഷകരിലെത്തിക്കുന്നതിലൂടെ നിശിതമായവിമർശനത്തിന് കേരള രാഷ്ട്രീയംവിധേയമാകുന്നു
.
സിനിമയിലൂടെ ക്രിസ്തീയ വിശ്വാസത്തിന്റെ ധാർമ്മികതയും മൂല്യങ്ങളും ഉയർത്തിക്കാട്ടുന്നുണ്ട്.
വിവേക് ഒബ്റോയി ബോബിയെന്ന വില്ലൻ കഥാപാത്രത്തിലൂടെ അസാമാന്യമായ പ്രകടനമാണ് ചിത്രത്തിലുടനീളം കാഴ്ചവയ്ക്കുന്നത്.
ഒരു സ്വീറ്റ് വില്ലൻ എന്ന് തന്നെ പറയാം.
ഒരു ഘട്ടത്തിൽ നായകനേക്കാൾ ഒരു പടി മുന്നിൽനിൽക്കുന്ന അഭിനയമാണ് വിവേക് ഒബ്റോയ് കാഴ്ചവച്ചത്.
മുന്നിൽനിന്ന് നയിക്കുന്ന ജന നേതാവായ് മോഹൻലാലിന്റെ ആ നടന്നുവരവ് ഒരു മാസ് തന്നെയായിരുന്നു. സ്റ്റീഫൻ നെടുമ്പള്ളിയെന്ന കഥാപാത്രമായ് മാറുകയായിരുന്നു അദ്ദേഹം.ആ കണ്ണുകളിലെ ചലനങ്ങളിൽ പോലുമുണ്ട് മുഴുവൻ കരുത്തും. പൃഥ്വിരാജ്ന്റെ ഗസ്റ്റ് റോൾ ഭംഗിയായ് തന്നെ കൈകാര്യം ചെയ്യുവാൻ കഴിഞ്ഞിട്ടുണ്ട്.
ടോവിനോയുടെ അഭിനയവും ശക്തമായ കഥാപാത്രത്തെ ഉൾക്കൊണ്ടായിരുന്നു,
മഞ്ജുവാര്യരും വളരെ വികാരതീവ്രമായ അഭിനയ മുഹൂർത്തങ്ങളാണ് കാഴ്ചവച്ചത്
മുരളിഗോപിയുടെ ശക്തമായ തിരക്കഥയും പൃഥിരാജിന്റെ സംവിധാ ന മികവും ഒത്തുചേർന്നപ്പോൾ തിയേറ്ററിനെ പ്രകമ്പനം കൊള്ളിക്കുന്ന ദൃശ്യവിരുന്നാണ് പ്രേക്ഷകർക്ക് ലഭ്യമാകുന്നത്.
ഓരോ സീനിലും നിർത്താതെയുള്ള കരഘോഷം, നീളൻ ഡയലോഗുകളില്ലാതെ എന്നാൽ കാണികളെ ഹരംകൊള്ളിക്കുന്ന സംഘട്ടനരംഗങ്ങളും ഐറ്റംഡാൻസും സിനിമയുടെ മാറ്റ് കൂട്ടുന്നു, സുജിത് വാസുദേവിന്റെ ഛായാഗ്രഹണമികവും എടുത്തു പറയേണ്ടിയിരിക്കുന്നു. അത്രയ്ക്കും പ്രതിഭയാർന്ന ഫ്രെയിമുകളാണ് അദ്ദേഹത്തിന്റേത്. സായ്കുമാറും വർമ്മസാർ എന്ന നേതാവിലൂടെ സ്ഥിരം അഭിനയപാടവം കാഴ്ചവച്ചു.
മലയാളികൾക്ക് മോഹൻലാൽ ഒരു വികാരമാണ്. ആരാധകരുടെ ഹൃദയനായകന്റെ മാസ് ലുക്ക് ഉപയോഗപ്പെടുത്തി മലയാളത്തിലെ പ്രിയയുവതാരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ലൂസിഫർ. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രംനിർമ്മിച്ചിരിക്കുന്നത്.
ദീപക് ദേവാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. എഡിറ്റിംഗ് സംജിത്ത് മുഹമ്മദ് ആണ് ചെയ്തിരിക്കുന്നത്.
വലിയതിന്മയെ ചെറിയതിന്മകൊണ്ട് പരാജയപ്പെടുത്തുകയെന്നതാണ് സിനിമയിലൂടെ വ്യക്തമാകുന്നത്.
കേരളം ദൈവത്തിന്റെ സ്വന്തം നാടല്ല, സ്വർഗ്ഗത്തിൽനിന്നും പുറത്താക്കപ്പെട്ട ദൈവദൂത മാലാഖയായ ലൂസിഫറിന്റെ നാടാണെന്ന് പറയുന്നതിലൂടെ വ്യക്തമാകുന്നത് ചീഞ്ഞളിഞ്ഞ അധികാരരാഷ്ട്രീയത്തിന്റെ തിന്മകൾ സൃഷ്ടിച്ച സാമൂഹികാവസ്ഥയുടെ ഫലമായ് ദൈവം അപ്രത്യക്ഷമായിരിക്കുന്നു, എവിടെയും സാത്താന്മാർ നിറഞ്ഞിരിക്കുന്നു, ലൂസിഫറുമാരുടെ നാട്. അങ്ങിനെയുള്ള നാട്ടിൽ വലിയ തിന്മയെ ഇല്ലാതാക്കുന്ന ചെറിയ തിന്മയുടെ ലൂസിഫർ.
ലൂസിഫർ ഒരു അവാർഡ്‌ സിനിമയോ, ആഴത്തിൽ ചിന്തിപ്പിക്കുന്ന ഒരു കുടുംബചിത്രമോ അല്ല.എന്നാൽ ആക്ഷൻ രംഗങ്ങളും മാസിന്റെ പൊടിപൂരവുമായെത്തുന്ന ലൂസിഫറിനെ കാണുവാൻ കുടുംബ പ്രേക്ഷകരുടെ ഒഴുക്കുണ്ടാകുമെന്നുറപ്പാണ്.
സജി വർഗീസ്
Copyright protected.
ലൂസിഫർ
സംവിധാനം പൃഥ്വിരാജ്
നിർമ്മാണം ആന്റണി പെരുമ്പാവൂർ
രചന മുരളി ഗോപി
സംഗീതം ദീപക് ദേവ്
ഛായാഗ്രഹണം സുജിത് വാസുദേവ്
ചിത്രസംയോജനം സാംജിത്ത് മുഹമ്മദ്
സ്റ്റുഡിയോ ആശിർവാദ് സിനിമാസ്
അഭിനേതാക്കൾ
മോഹൻലാൽ - സ്റ്റീഫൻ നെടുമ്പള്ളി
മഞ്ജു വാര്യർ -പ്രിയദർശനി രാമദാസ്
വിവേക് ഒബ്റോയ് - ബോബി
ടൊവിനോ തോമസ് - ജതിൻ രാമദാസ്
ഇന്ദ്രജിത്ത് സുകുമാരൻ
കലാഭവൻ ഷാജോൺ - അലോഷി ജോസ്
നൈല ഉഷ - അരുന്ധതി
സയ്യ അയ്യപ്പൻ - ജാൻവി
നന്ദു - പി.എസ് പീതാംബരൻ
ബൈജു സന്തോഷ് - മുരുഗൻ
ബാല - ഭദ്രൻ
ആദിൽ ഇബ്രാഹിം
ജിജു ജോൺ
സായി കുമാർ- മഹേഷ വർമ്മ
ശിവജി ഗുരുവായൂർ - മേടയിൽ ദേവരാജൻ
ജോൺ വിജയ് - മയിൽവാഹനഠ ഐ.പി.എസ്
സച്ചിൻ ഖേദകർ - പി.കെ. രാമദാസ് ( പി.കെ. ആർ)
ഫാസിൽ - ഫാദർ നെടുമ്പള്ളി

Written by Saji Varghese

അമ്മമലയാളം മറക്കരുതേ..

Image may contain: Saji Varghese, tree, sky, outdoor and nature

****** സജി വർഗീസ്*******
അമ്മിഞ്ഞപ്പാൽ നുകർന്നുകൊണ്ട്,
അമ്മേയെന്നുവിളിച്ചുഞാനമ്മ മലയാളം,
അമ്മേയെന്നവിളികേട്ടനേരം,
അമ്മയെൻകവിളിൽമുത്തമിട്ട്,
ആയിരംപൂർണ്ണ ചന്ദ്രനുദിച്ചപോലെന്ന്,
എൻ മകൻ പതിയെവിളിച്ചപ്പോൾ,
എൻ മനതാരിൽ തെളിഞ്ഞുവന്നു;
കുഞ്ഞിക്കാൽവളരുമ്പോൾ,
കുഞ്ഞിക്കൈവളരുമ്പോഴെന്നമ്മ യോതിതന്നതമ്മമലയാളം,
പൂക്കളുംപുഴയുംപൂത്തുമ്പിയും,
പൂമ്പാറ്റയുംപച്ചപ്പാടവും,
എന്നെപഠിപ്പിച്ചതെന്നമ്മമലയാളം,
മഴയുംവെയിലുംകുളിർതെന്നലും,
പ്രാർത്ഥനഗീതവുംനാമജപവും ,
അമ്മയുംഉമ്മയുംനന്മയുമമ്മമലയാളം;
പ്രകൃതിതൻതാരാട്ടുംജീവജാലങ്ങളും,
എന്റെമനസ്സിൽ നിറച്ചതമ്മമലയാളം,
പ്രണയകുറിപ്പെഴുതിയെൻസുഹൃത്തിന്റെ
പ്രണയിനിക്കു നൽകുവാൻ, നൽകിയതും മലയാളം;
അറിവിന്നൗഷധമേകി അകതാരിൽ നന്മനിറച്ചതമ്മമലയാളം,
അമ്പിളിമാമനെന്നച്ഛനോതിതന്നതും അമ്മമലയാളം,
അമ്മയുംനന്മയും അമ്മമലയാളവും മറക്കുമ്പോൾ,
അമ്മയുംമച്ഛനുമനാഥരായ് ജീവിത പന്ഥാവിലലയുന്നു;
ലോകജീവിത സഞ്ചാരപാതയിൽ, അമ്മമലയാളം മറക്കരുതേ.
സജി വർഗീസ്
Copyright protected.

നഗ്നസത്യങ്ങൾ

Image may contain: Saji Varghese, tree, sky, outdoor and nature

സജി വർഗീസ്
****************
പൊന്തക്കാട്ടിൽ പതിനഞ്ചുകാരിയുടെ,
നഗ്നശരീരം ജീർണ്ണിച്ചുതുടങ്ങിയിരുന്നു;
അവളുടെമുഖത്ത് നഖക്ഷതങ്ങൾ,
ഇടത്തേക്കവിൾ മാന്തിക്കീറി,
രക്തം കട്ടപിടിച്ചിട്ടുണ്ട്;
കാണാതായ മകളെത്തേടി ,
ഒരച്ഛൻ അലഞ്ഞുനടക്കുന്നുണ്ട്,
ആരും ഒന്നുമറിഞ്ഞില്ല,
ഞാനും ഒന്നുമറിഞ്ഞില്ല;
അധികാരചതുരംഗക്കളരിയിൽ,
പത്രസമ്മേളനങ്ങൾ വിളിച്ച്,
നഗ്നസത്യങ്ങളാരൊക്കെയോ വിളിച്ചു പറയുന്നുണ്ട്,
നഗ്നസത്യത്തെ
വസ്ത്രംധരിപ്പിച്ചുമൂടിയതിനുശേഷമായിരുന്നത്,
പത്താംക്ളാസിലെ വാട്ട്സപ്പ് ഗ്രൂപ്പിൽ,
നഗ്നസത്യം പറയട്ടേയെന്ന് സഹപാഠിചോദിച്ചു,
അസംബ്ളിസമയത്ത് ഒമ്പതാം ക്ളാസുകാരിയുടെ അടിപ്പാവാട ഊരിപ്പോയതും,
അവളതാരുംകാണാതെ മാലിന്യക്കൊട്ടയിലിട്ട്,
അസംബ്ലിയിൽപോയി നിന്നതും,
വരാന്തയിലൊളിച്ചുനിന്ന സഹപാഠിയതു കണ്ടതും,
ഇരുപത്തിയേഴുവർഷത്തിനുശേഷം,
അയവിറക്കുകയായിരുന്നു,
അവൾ വാട്ട്സപ്പ് ഗ്രൂപ്പിൽ പിണങ്ങി,
പണ്ടത്തെ കുറുമ്പിപ്പെണ്ണിനേപ്പോലെ തന്നെ,
ആരൊക്കെയോ സദാചാരംപറഞ്ഞു,
ശരിയായില്ല പറഞ്ഞതെന്ന്,
അവനും ഗ്രൂപ്പ് വിട്ടങ്ങ് പോയി;
അങ്ങനെ നഗ്നസത്യം ഇനിമുതൽ ഉടുപ്പിട്ട് മതിയെന്ന് വാട്സപ്പ് അഡ്മിനും പറഞ്ഞു;
നഗ്നസത്യമെന്താണെന്ന് പഠിപ്പിച്ച,
അർദ്ധനഗ്നനായ ഫക്കീറിന്റെ,
മരണദിവസവും മറന്നുപോയി,
രണ്ടുമിനുട്ട് മൗനമാചരിക്കണമെന്ന
സർക്കാർ ഉത്തരവ് വാട്സപ്പ് ഗ്രൂപ്പുകളിൽ കറങ്ങിനടന്നു.
നഗ്നസത്യങ്ങൾക്ക് പാകത്തിനുള്ള
വസ്ത്രംതേടി,
ഞാനും ജീവിത വസ്ത്രാലയത്തിലൂടെയലഞ്ഞുനടക്കുന്നു.
സജി വർഗീസ്
Copyright Protected.

മെല്ലെ മെല്ലെ മരവിച്ച്...

Image may contain: Saji Varghese, selfie, tree, outdoor and closeup

******* സജി വർഗീസ്****
നിൻകണ്ണുകളിലെ ശാന്തതയെന്തോ വിഷാദമെന്നോതിടുന്നു,
നിന്നെപ്പിരിഞ്ഞിരിക്കുന്നനേരമെൻ, ഹൃദയത്തിൻനോവ് നീയറിയുമോ?
പകലെത്രചുറ്റിക്കറങ്ങിയാലും,
നിശീഥിനിയുടെയിരുണ്ടയാമങ്ങളിൽ നിൻനെഞ്ചിലെച്ചൂടറിഞ്ഞാലെയെൻ നിദ്രയുള്ളൂ,
പിന്നെയെന്തിനീഹൃദയത്തിൻ നോവുകൾ,
പിന്നെയെന്തിനീ നീണ്ടമൗനങ്ങൾ!
തിരകളെനോക്കിയൊറ്റയ്ക്കിരുന്നാലും,
യാത്രാവണ്ടിയിലോർമ്മകൾ മേഞ്ഞാലും,
നിന്നിലേക്കെത്തിനിന്നിലലിയുന്നതെന്റെസ്വർഗ്ഗം;
വെറുതെ കണ്ണുകളിൽ നനവുകൾ പടരുമ്പോൾ,
ഒരുപുഞ്ചിരിയുമായെന്റെ കവിളിൽ മുത്തിടുമ്പോൾ,
വിടരുന്നു സ്നേഹത്തിൻ നറുമലരുകൾ,
നിൻശ്വാസത്തിലലിയുമ്പോഴെന്റെ
കാൽവിരൽതുമ്പിൽനിന്നൊരു പ്രവാഹമുയർന്നിടുന്നു;
നിന്റെനാഭിച്ചുഴിയിലോളങ്ങൾതീർത്ത്
നിൻമാറിലെച്ചൂടിൽക്കിടന്ന്
ഞാൻ
നേർത്തതണുപ്പിലേക്കരിച്ചിറങ്ങി,
മരവിച്ച് ..മരവിച്ച്.. മെല്ലെ മാഞ്ഞിടുമ്പോൾ,
നിൻഹൃദയത്തിൻവേദനെയെന്നെ കീറിമുറിച്ചിടുമോ?
കരയുടെയരഞ്ഞാണംചുംബിച്ചു കൊണ്ട്,
ഭ്രാന്തമായ്മെല്ലെപ്പടർന്നു കയറിയിറങ്ങിയതിരയതാമെല്ലെ നീങ്ങിടുന്നു,
നിന്നിലേക്കോടിയെത്തി,
നിന്നെപ്പൊതിഞ്ഞ്,
നിന്നിലലിഞ്ഞ്,
നിന്റെകണ്ണുകളിലെ നനവുകളൊപ്പിയെടുത്തമർത്തി ചുംബിച്ചിടുമ്പോൾ,
ഉദയാസ്തമയങ്ങൾ തുടർന്നു കൊണ്ടേയിരിക്കുമ്പോൾ,
ഭ്രാന്തമായ് നീചുറ്റിയകൈളിൽ,
ശൂന്യതയെവാരിപ്പുണർന്ന്,
കണ്ണടച്ച്, ശാന്തമായ്, നീയുറങ്ങീടുക.
സജി വർഗീസ്
Copyright protected.

അടങ്ങാത്ത മോഹജന്മം

Image may contain: Saji Varghese, tree, sky, outdoor and nature

ചിതറിത്തെറിക്കുന്ന ചിന്തകൾ,
ചിതറിയോടുന്ന ജീവിതങ്ങൾ;
ചിതൽപ്പുറ്റുപോലുളള മോഹങ്ങൾ !
മനം മടുപ്പിക്കുന്ന ജീവിതക്കാഴ്ചകൾ!
മരുഭൂമിയിലെന്നപോലലയുമീജന്മം,
മരണമെത്തുവാൻ നേരത്ത്, ജീവിച്ചിരിക്കുവാൻ മോഹമെന്നോതിയും,
മരണമെത്താത്തപ്പോൾ,
മരണമെന്തെന്നു തേടിയും,
മരുഭൂമിയിലലയുന്നകാലജന്മം;
മുടിയാകെ പാറിപ്പറത്തിക്കൊണ്ട്,
മറുകരയിലേക്ക് നോക്കിയിരിക്കുന്ന,
മനുഷ്യപ്പെണ്ണിവളുടെയുടലുകൾ,
നോക്കി ചിരിക്കുന്നുണ്ട് ചിലർ,
നോക്കിനോക്കി കരയുന്നുണ്ട് ചിലർ,
ഭൂമിയിൽപ്പിറന്ന് വീണപ്പോൾ,
ഭൂമിയിൽ വളർന്ന്പന്തലിച്ചപ്പോൾ,
ഭൂലോകരംഭയെന്ന് വിളിച്ച്,
ആർത്തിപൂണ്ട് ആവേശത്താൽ,
ആരവമുയർത്തിയുയർത്തിയലിംഗത്താൽ,
ജീവഗൃഹത്തെ കുത്തിനോവിച്ചപ്പോൾ,
ജീവിച്ചു തീരുവാനായ്,
ജീവച്ഛവംപോൽ കിടന്നു നിശ്ചലം;
കരയുന്നുണ്ടൊരുവൾ പ്രണയത്താൽ വഞ്ചിതയായ്,
കരയുന്നുണ്ട് മറ്റൊരുവൾ വിശപ്പടക്കുവാനായ്,
കണ്ണീരിനുപ്പുകലർന്ന ജീവജന്മങ്ങൾ.
കരയുന്നുണ്ട് വേറൊരുവൾ,
കടലുപോൽമോഹമായ് വരണമാല്യ മണിഞ്ഞവൾ,
കരയുന്നുണ്ട് ഒരായിരംപെണ്ണുടലുകൾ,
കാഴ്ചകൾമോഹങ്ങൾ പലവിധമാണെന്നതു മാത്രം,
കിടപ്പറയിൽനിന്നുയരുന്നുതേങ്ങലുകൾ,
തെരുവിൽകിടക്കുന്നു മറ്റൊരുവൾ,
വിശന്നവയറിന് കാവലാളായവൾ,
വിശപ്പിന്റെ വേദനയറിഞ്ഞവൾ,
വയറിന്റെ വിശപ്പകറ്റുവാൻ,
വിയർപ്പിൽക്കുളിച്ച് മാലിന്യം വാരുന്നുണ്ടവൾ,
വിശപ്പ് ശരീരത്തിനാണെന്ന്പറഞ്ഞ്,
വിവസ്ത്രയായ് പട്ടുമെത്തയിൽക്കിടന്ന്,
വരണ്ടമതിലുകളിലുയർന്നുനിൽക്കുന്ന ഗോപുരത്തെ നോക്കി,
പിറുപിറുക്കുന്നുണ്ട് മറ്റൊരുവൾ;
വേദനയിലങ്ങനെ വിധിയെപ്പഴിച്ചു കൊണ്ടടുക്കളയിലാടിത്തീർക്കുന്നുണ്ടൊരുവൾ,
ശിലയായ്ക്കിടക്കുന്നവളുടെ,
ശരീരത്തിൽ ചിത്രപ്പണികൾ തീർത്തശേഷം,
ശാന്തനായ്കിടക്കുന്നവനെനോക്കി,
ശ്വാസമടക്കി വിതുമ്പുന്നുണ്ടൊരുവൾ,
മകൾ, മരുമകൾ ,ഭാര്യയുമമ്മയുമായ്,
മോഹങ്ങളൊക്കെയും പൂർത്തീകരിക്കാതെ,
മോഹഭംഗത്താൽക്കിടന്നുവേദനിച്ച്,
മരണത്തെപുൽകുവാൻ കാത്തിടുന്നവൾ,
സ്ത്രീജന്മം അടങ്ങാത്ത മോഹജന്മം.
സജി വർഗീസ്
Copyright protected.

ഡിസംബറിലെ മഞ്ഞുതുള്ളി

Image may contain: Saji Varghese, tree, sky, outdoor and nature

***By സജി വർഗീസ്***
ഡിസംബർ പുതിയപ്രതീക്ഷയുടെ തുടക്കമാണ്. ഡിസംബറിലെ മഞ്ഞുതുള്ളികളേറ്റ മരങ്ങളുംചെടികളും തുറന്നിട്ടജനാലയിലൂടെ നോക്കുമ്പോൾ പ്രത്യേകഭംഗിയാണ്.
ആവിപറക്കുന്ന ചൂട്കാപ്പി കുടിച്ചു കൊണ്ട് മേഴ്സിയമ്മ മഞ്ഞിൽക്കുളിച്ചുനിൽക്കുന്ന ഡിസംബറിനെ നോക്കിയിരിപ്പാണ്.
ഒറ്റ നിലവാർപ്പ് വീടിന്റെ സെൻട്രൽ ഹാളിൽ ഒരു വെള്ളനക്ഷത്രം തൂക്കിയിട്ടിട്ടുണ്ട്. റോസ് നിറം പൊഴിക്കുന്ന വെളിച്ചം നക്ഷത്രത്തിലുള്ളതിനാൽ റോസ് നിറത്തിലാണ്കാണുന്നത്.
ആ വെള്ളനക്ഷത്രം മേഴ്സിയമ്മയുടെ കണ്ണുകളിൽ തിളങ്ങിക്കാണുന്നുണ്ട്.
"മേഴ്സിയമ്മച്ചീ .. "
അടുത്തവീട്ടിലെ ബിന്ദുവിന്റെയും സന്തോഷിന്റെയും മകൻ കണ്ണനാണ്.
"റോണിയങ്കിൾ വന്നോ ".
"മേഴ്സിയമ്മച്ചീ.. "
കണ്ണന്റെകൂടെ കുട്ടിപ്പട്ടാളങ്ങൾ വേറെയുമുണ്ട്.
ചിന്നുമോൾ, അമൽമോൻ, അവിലേഷ്, പക്കുടു.. അയൽപക്കത്തെ കുട്ടികളെല്ലാവരുമുണ്ട്.
ഡിസംബർ ആയാൽ അവർക്ക് മേഴ്സിയമ്മയുടെ വീട്ടിലേക്ക് വരുവാൻ ആവേശമാണ്.
ഒരുഭാഗത്ത് പുൽക്കൂടുകൾ ഉണ്ടാക്കുവാൻ ഉണ്ണിയീശോപ്പുല്ല് മുറിച്ചുകൊണ്ടുവരുവാൻ ഒരു ഗ്രൂപ്പ്, കല്ലുകൾ പെറുക്കിക്കൂട്ടി ചെറിയ മലയുണ്ടാക്കുവാൻ വേറൊരു ടീം.
ചെറിയ മരക്കമ്പുകളുംഓടയും കൊണ്ടുവരുന്നവർ, അങ്ങനെ ആഘോഷം തന്നെ.
മേഴ്സിയമ്മ എല്ലാവർക്കും കേക്കുണ്ടാക്കി കൊടുക്കും.
നല്ല കാപ്പിയുംപഴംപൊരിയും കൊടുക്കും.
അവരുടെ മുഖത്തെ സന്തോഷം കാണുമ്പോൾ മേഴ്സിയമ്മയുടെസ്നേഹം ഇരട്ടിക്കും
.
"റോണിമോൻ നാളെ വൈകുന്നേരം എത്തും കണ്ണാ... ". മേഴ്സിയമ്മ പറഞ്ഞു.
ഡൽഹിയിലെ നോയിഡസിറ്റി സെന്ററിലെ ജലശുദ്ധീകരണ കമ്പനിയിലെ എഞ്ചിനീയറാണ് റോണിമോൻ.ഭാര്യ ലിസ അവിടെ തന്നെയുള്ള കമ്പനിയുടെ ഹോസ്പിറ്റലിൽ നഴ്സാണ്.
രണ്ടു കുട്ടികളാണുള്ളത്,
സാന്ദ്രമോളും, സ്റ്റീഫനും.
ഏഴാംക്ളാസുകാരനായ സ്റ്റീഫനും രണ്ടാംക്ളാസുകാരിയായ സാന്ദ്ര മോൾക്കും ക്രിസ്തുമസ് അവധിക്ക് വരുന്നത് ആഹ്ളാദകരമാണ്.
"മേഴ്സിയമ്മച്ചീ.... ".
"ഓ മക്കള് വന്നോ..."
മേഴ്സിയമ്മ പേരക്കുട്ടികളെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു.
റോണിമോൻ കയ്യിലുള്ള വലിയ പെട്ടി തുറന്നു.
കുട്ടികളുടെ കണ്ണുകളിൽ നക്ഷത്ര തിളക്കം.
"എത്രയാ നക്ഷത്രങ്ങൾ..
ചുവപ്പ്.. പച്ച.. നീല... മഞ്ഞ... വെള്ള.."
"ഈ വീടിനുചുറ്റും നമ്മളിന്ന് നക്ഷത്രത്താൽ അലങ്കരിക്കും".
കുട്ടികൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി.
"നിങ്ങൾക്കെന്തു വട്ടാ...
ഇത്രയ്ക്കും നക്ഷത്രം... അമ്പതോളം നക്ഷത്രം ഒരു വീട്ടിൽ തൂക്കിയിടുകയെന്ന് വച്ചാൽ ". ലിസ പിറുപിറുത്തു.
റോണിമോൻ പൊട്ടിച്ചിരിച്ചു.
"അതൊന്നും നിനക്ക് മനസ്സിലാവുകേല.. ".
മേഴ്സിയമ്മകൊച്ചുമക്കൾക്കും കുട്ടികൾക്കും അപ്പമുണ്ടാക്കേണ്ടതിരക്കിലാണ്.
"ഉണ്ണിയീശോ ഇവിടെയിരിക്കട്ടെ..
മാതാവ് ഇവിടെ.. ഔസേപ്പിതാവ് ഇവിടെ...
രാജാക്കന്മാർ.. ഒട്ടകം.... ".കുട്ടികൾ പുൽക്കൂടലങ്കരിക്കുവാൻ തിടുക്കം കൂട്ടി.
വിവിധരൂപങ്ങൾ, നക്ഷത്രം എല്ലാം റോണിമോൻ പുൽക്കൂട്ടിൽ വച്ചു.
വൈദ്യുതാലങ്കാരത്താൽ പുൽക്കൂട് മനോഹരമായി.
കുട്ടികൾ സന്തോഷത്താൽ തുള്ളിച്ചാടി.
"കമ്പിത്തിരി കത്തിക്ക് പപ്പാ.. ".
സാന്ദ്ര മോൾ പറഞ്ഞു.
റോണിമോൻ കമ്പിത്തിരി കത്തിച്ചു.
എല്ലാവരും കമ്പിത്തിരിയും പിടിച്ച് ഓടി നടന്നു.
റോണിമോൻ വീടിനകത്തേക്ക് കയറി.മുറിയുടെ മൂലയിലിരുന്ന പഴയ പെട്ടിയെടുത്തു തുറന്നു.
"നിങ്ങളെന്തിനാ ഇത് സൂക്ഷിച്ചു വയ്ക്കുന്നത്, എത്ര കൊല്ലമായ്...
ഇതെല്ലാം പഴകിപ്പോയില്ലേ.. "
"എന്നാലും സാരമില്ല അതവിടിരിക്കട്ടെ...".റോണിമോൻ പറഞ്ഞു.
"ആയിക്കോ.. നൊസ്റ്റാൾജിയ.... അല്ലാണ്ടെന്തു പറയാനാ.. ".
ലിസ ആത്മഗതംപറഞ്ഞു.
റോണിമോൻ പുൽക്കൂടിനടുത്തേക്ക് നടന്നു.പുൽക്കൂടിന്റെ ഒത്തനടുവിൽ തന്നെ വച്ചു.
"ഇതെല്ലാം പോയി..
വെറുതേ പുൽക്കൂടിന്റെ ഭംഗി കളയാൻ...".
ലിസ അതെടുത്ത് പുറത്തേക്കെറിഞ്ഞു.
കമ്പിത്തിരിയുമായി ഓടിക്കളിക്കുന്ന കുട്ടികൾ അത് കാലുകൊണ്ട് തട്ടിക്കളിച്ചു.
മുഖമടച്ച് ഒരടിയായിരുന്നു..
ലിസ മുഖംപൊത്തിക്കരഞ്ഞു.
"നിങ്ങളെന്തിനാ എന്നെ അടിച്ചത്..
നല്ലോരു ദിവസമായിട്ട്.. ".
"വേണ്ടെടാ മക്കളേ.. "
മേഴ്സിയമ്മ മകന്റെ കൈയ്ക്കു പിടിച്ചു.
ആ കണ്ണുകളിൽ നനവ് പടർന്നിരുന്നു.
****
"ഇന്ന് കട അടയ്ക്കാൻ കുറച്ച് വൈകും, നമ്മുടെ രാമൻ നായരുടെ പുതിയവീട്ടിലേക്ക് കുറച്ച് ഫർണ്ണിച്ചർ സാധനംവാങ്ങാൻ അങ്ങേര് വന്നിരുന്നു. കുറച്ച് വിശേഷമൊക്കെ പറഞ്ഞ് നേരമങ്ങ് പോയി.
നീ ചോറ് കഴിച്ച് കിടന്നോ..."
"റോണിമോൻ രാവിലെ പോകുമ്പോൾ നിങ്ങളോട് പറഞ്ഞത് ഓർമ്മയില്ലേ.. ജോച്ചായാ..."
"അപ്പ എപ്പഴാവരുന്നത് അമ്മച്ചീ..."
"മോൻ അവിടെയിരുന്ന് പഠിക്ക്..
അപ്പൻ വരും... ".
"അഞ്ചാം ക്ളാസിലായ്..
ഇനി മുതൽ മുഴുവൻ മാർക്കും വാങ്ങണം".
റോണിമോൻ മുറ്റത്തേക്കിറങ്ങി.
പൂനിലാവ് പൊഴിച്ച് നിൽക്കുന്ന ആകാശത്തേക്ക് നോക്കി.
ആ കണ്ണുകളിൽ ഒരായിരം നക്ഷത്രങ്ങൾ തിളങ്ങി.
"സമയമാംരഥത്തിൽ ഞാൻ സ്വർഗ്ഗ യാത്ര ചെയ്യുന്നു,
എൻസ്വദേശം കാണ്മതിന്നായ്, ഞാൻ തനിയെ പോകുന്നു.".
ജോമോന്റെ കാതുകളിൽ മുഴങ്ങി കേൾക്കുന്നുണ്ട്.
"എന്നാ പറയാനാ.. അപ്പുറത്തെ ഫാൻസിക്കടയിൽ കയറി സാധനവും വാങ്ങി സ്കൂട്ടർ തിരിച്ചപ്പോഴാ.. പാണ്ടി ലോറി സ്പീഡിൽ വന്നിടിച്ചത്..
രക്തത്തിൽകുളിച്ച് കിടക്കുകയായിരുന്നു..,
ആശുപത്രീലെത്തിക്കുമ്പോഴേക്കും.."
കുഞ്ഞാമുചേട്ടൻ പറയുന്നത് കേട്ട് എല്ലാവരും സങ്കടത്തോടെയിരുന്നു.
"മേഴ്സീ... ഇതവിടെ വച്ചോ.. പോലീസുകാര് തന്നതാ...
ആ കൈയ്യില് ഒരു വെള്ളനക്ഷത്രം മുറുക്കിപ്പിടിച്ചിട്ടുണ്ടായിരുന്നു."
രക്തംകലർന്ന വെള്ളനക്ഷത്രവും പൊട്ടിയ ഒരു വാച്ചുമായിരുന്നത്.
കുഞ്ഞാമുചേട്ടന്റെ കണ്ണു തുടച്ച് പുറത്തേക്കിറങ്ങി.
റോണിമോൻ കുട്ടികൾ തട്ടിക്കളിച്ച് കീറിയനക്ഷത്രമെടുത്ത് നെഞ്ചോട് ചേർത്തുവച്ചു.
"ഇച്ചായാ... മാപ്പ്.. അത് പഴകിക്കീറാറായതു കൊണ്ടാണ് ഞാനെടുത്ത് മാറ്റിയത് ".
മേഴ്സിയമ്മ ഫെവിക്കോളെടുത്ത് കീറിയഭാഗം ഒട്ടിച്ച് ചേർത്തു.
ആകാശത്തില് കിഴക്ക് ഭാഗത്ത് ഒരു വെള്ളനക്ഷത്രം ഉദിച്ചുയർന്നു.
അപ്പ, വെള്ളനക്ഷത്രവുംറോസ് ബൾബും വാങ്ങിവരുന്നതും കാത്തിരുന്ന പത്തുവയസ്സുകാരൻ ഉറങ്ങിപ്പോയിരുന്നു.
ഒരുമഞ്ഞുതുള്ളി റോണിമോന്റെ കവിളിലേക്ക് വീണു.
റോണിമോൻ മുകളിലേക്ക് നോക്കി. കിഴക്കുദിച്ച നക്ഷത്രം മെല്ലെ മാഞ്ഞു തുടങ്ങിയിരുന്നു.
" ഉണ്ണി പിറന്നു ബത് ലഹേമിൽ, വന്ദന മരുളാൻ വന്നിടുവിൻ..
പാതിരാവിൻ പനിനീരിൽ പൂനിലാവിൻ പുഞ്ചിരിയിൽ "
ബാന്റ്മേളത്തോടെ കരോൾ സംഘം വന്നു തുടങ്ങിയിരുന്നു.
സജി വർഗീസ്
Copyright protected.

ഡിസംബറിൻ കുളിരുള്ള രാവിൽ

Image may contain: Saji Varghese, tree, sky, outdoor and nature
,***************By Saji Varghese
ഡിസംബറിൻ കുളിരുള്ളരാവിൽ,
കാത്തിരുന്ന രക്ഷകൻപിറന്നുവല്ലോ,
പള്ളിമണികൾ മുഴങ്ങിയല്ലോ,
കുന്തിരിക്കത്തിൻ സുഗന്ധമേറുംരാത്രിയിൽ,
കുർബ്ബാന കൂടുവാനെത്തിയല്ലോ,
ഉണ്ണിയീശോയെ മുത്തുവാനായ്,
കുഞ്ഞിപ്പൈതങ്ങൾ ഓടിയെത്തിയല്ലോ,
നേർച്ചയിട്ട് മുത്തിയനേരം,
ഉണ്ണിയീശോഹൃദയത്തിൽ വന്നുവല്ലോ,
(ഡിസംബറിൻ കുളിരുള്ള രാവിൽ...)
പുൽക്കൂടുനോക്കിയ കുരുന്നുകളുടെ, നക്ഷത്രക്കണ്ണുകൾ തിളങ്ങിയല്ലോ,
കിഴക്കു പൊൻതാരകമുദിച്ചുവല്ലോ,
ലോകനാഥൻ പിറന്നുപാരിൽ;
മധുരമുന്തിരി വീഞ്ഞിൽമുക്കിയ കുർബ്ബാനയപ്പം നാവിലലിഞ്ഞനേരം,
ഉണ്ണിയീശോയെന്നിൽ വന്നുവല്ലോ,
നക്ഷത്രവിളക്കുകൾ തെളിയിച്ചനേരത്ത്,
മാനവഹൃദയങ്ങളിൽ നന്മയുടെ വിളക്കും തെളിച്ചുവല്ലോ.
(ഡിസംബറിൻ കുളിരുള്ള രാവിൽ....)
ക്രിസ്തുമസപ്പൂപ്പൻ വന്നല്ലോ, സമ്മാനവുമായ്;
കുഞ്ഞിളംകണ്ണുകളിലാനന്ദനക്ഷത്രം തിളങ്ങിയല്ലോ..,
( ഡിസംബറിൻ കുളിരുള്ള രാവിൽ..)
ഉണ്ണിയീശോയേ...
ലോകനാഥാ...
ഞങ്ങളിൽ കനിയേണമേ..
(ഡിസംബറിൻ കുളിരുള്ള രാവിൽ...)
ഹാപ്പി ക്രിസ്തുമസ്.... ഹാപ്പി ക്രിസ്തുമസ്...
സജി വർഗീസ്
Copyright protected.

നമ്മുടെ വിമാനത്താവളത്തില് ഞാനും വിമാനമിറങ്ങി.

Image may contain: Saji Varghese, tree, sky, outdoor and nature


********************* സജി വർഗീസ്...
ഡൽഹിയിൽ പോയി തിരിച്ച് ബാംഗ്ളൂർ വഴി നമ്മുടെ കണ്ണൂർ മട്ടന്നൂർ എയർപോർട്ടിൽ ഇറങ്ങാമെന്ന് തീരുമാനിച്ചു. ഗോ എയർG8 623 ക്ക് ബുക്ക് ചെയ്തു. സീറ്റ് നമ്പർ 15 F. നമ്മുടെ സ്വന്തം എയർപോർട്ടിൽ വിമാനമിറങ്ങുന്നത് വലിയ സന്തോഷമുള്ള കാര്യമാണല്ലോ. ഡൽഹി - ബാംഗ്ളൂർ ഇൻഡിഗോ ഇന്ന് രാവിലെ അഞ്ച് മണിക്ക് തന്നെ ബാംഗ്ളൂർ എത്തി. സെക്യൂരിറ്റി ചെക്ക് ഇൻ ൽ ഭയങ്കര തിരക്ക്.ഒരു വിധം അകത്ത് കയറി. പല്ലുതേപ്പും മറ്റ് കലാപരിപാടിയുമൊക്കെ കഴിഞ്ഞ് നോക്കിയപ്പോൾ കണ്ടു. സ്ക്രീനിൽ കണ്ണൂർ ഗേറ്റ് നമ്പർ 6. നേരെ താഴേക്ക് പോയി ഗേറ്റ് നമ്പർ 6 ൽ നിലയുറപ്പിച്ചു."ഈടുന്ന് വിമാനം 7.45 ന് പുറപ്പെടും.." വളരെ ഗൗരവത്തിലിരിക്കുന്ന ഷർട്ട് ഇൻസൈഡ് ആക്കി നല്ലഷൂ ഒക്കെ ധരിച്ച് ഇരിക്കുന്ന ആളാണ് ഫോണിൽ ആരോടോ പറയുന്നത്. ആ സംഭാഷണത്തോടെ തനി നാടൻ ആയി അയാൾ.
"പേടിയൊന്നൂല്ല... "ഇത് ഒരു അറുപത്തിയഞ്ചിനും എഴുപതിനുമിടയ്ക്കുള്ള വ്യക്തി, മേൽപ്പറഞ്ഞ രീതിയിൽ വസ്ത്രധാരണം.. കൂടെ അദേഹത്തിന്റെ ഭാര്യയുമുണ്ട്..
മറുതലയ്ക്കൽ ഉള്ളയാളുടെ ശബ്ദം കേൾക്കാം, "പേടിക്കല്ലേ.. " "ഇല്ലപ്പാ.. "
വേറെ ചിലരുണ്ട്,ഭയങ്കര ഗൗരവത്തിൽ, നമ്മളെത്ര വിമാനവും വിമാനത്താവളവും കണ്ടെന്നമട്ടിൽ,ആ ഇരിപ്പുകണ്ടപ്പോൾ ഞാൻ മനസ്സിൽക്കരുതി വലിയ അഭിനയമൊന്നും വേണ്ട... നമ്മുടെ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന്റെ സന്തോഷം എല്ലാവർക്കുമുണ്ട്.. ഉള്ളിൽ അടക്കി വച്ച് മസിലുപിടിക്കണ്ട...
ബോർഡിങ്ങ് സമയമായി... ഹോ.. പെട്ടന്നൊരു ക്യൂ നിരന്നു... ചെറിയ തള്ളലുമൊക്കെയായി.... നമ്മുടെ സ്വഭാവം കാണിക്കാണ്ടിരിക്കുമോ..
"ഇതിന് ബോർഡിങ്ങ് പാസ് വേണം പോലും.. സെക്യൂരിറ്റി പറഞ്ഞിന്.. പിന്നെയെനിക്ക് ഭാഷയൊക്കെ അറിയുന്നതു കൊണ്ട് ഞാൻ ശരിക്കാനിപ്പ... നീയത് തന്നീനില്ല..."
"നിങ്ങള് ഫോണ് വെക്കപ്പാ..." ഭാര്യ പറയുന്നുണ്ട്.
എയർ ബസിലിരിക്കുമ്പം അയാൾ വീണ്ടും ഭാര്യയോട് "ഓനതൊന്നും ശരിയാക്കീല..."
"അതെ.. ഓന്റെ വർത്താനം കേട്ടാല്.. "
"ഒന്നും ചെയ്യാണ്ട് വെറുതേ പറയിന്ന്."ഭാര്യയുടെ വക.
ഇതൊക്കെ ശ്രദ്ധിച്ച് ഞാനിരിക്കുമ്പോഴാണ് പുറകിലത്തെ സീറ്റിലൊരാൾ.ശരത്തേ... ഞാൻ നീട്ടി വിളിച്ചു.
എന്റെ വിളി കേട്ട് ശരതും ഞെട്ടിത്തരിച്ചു. പ്രതീക്ഷിക്കാണ്ടുള്ള വിളിയല്ലേ.. അതും ഈ ബാംഗ്ളൂരിൽ നിന്ന്.
ശരത്ത് ടൂറിസം വകുപ്പിന്റെ കീഴിലുള്ള കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൽ ജോലി ചെയ്യുന്നു.ഞാൻ നാലഞ്ചു കൊല്ലക്കാലം കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറിയായിരുന്നു. ശരത്ത് മുംബൈയിൽ നിന്ന് വെളുപ്പിന് രണ്ടു മണിക്ക് ബാംഗ്ളൂർ എയർപോർട്ടിൽ എത്തിയിരുന്നു.എന്റെ ഡൽഹിയിലുള്ള വാട്ട്സപ്പ് സ്റ്റാറ്റസ് ഫോട്ടോ കണ്ട് ഇത് ഇതിനു മുൻപ് പോയപ്പോഴുള്ളതാണോയെന്ന് എനിക്ക് വാട്ട്സപ്പ് സന്ദേശം അയച്ചിരുന്നുവെന്ന് പറഞ്ഞു. ഞാൻ വാട്സപ്പ് നോക്കിയിരുന്നില്ല.
നമ്മൾ രണ്ടാളും പരസ്പരം കാണാതെ രണ്ടു ഭാഗത്തുണ്ടായിരുന്നല്ലോയെന്നത് സംസാരിച്ചു.
പിന്നെ ഫ്ളൈറ്റിൽ കയറുവാനുള്ള തിരക്ക്..
ചിലർ ബേഗ് മടിയിൽ തന്നെ വയ്ക്കുന്നു.. വിമാനത്തിലെ ജീവനക്കാർ തലയ്ക്ക് മുകളിലെ കാബിനിൽ വാങ്ങി വെയ്ക്കുന്നു.
ഞാൻ ശരതി നോട് ഇറങ്ങുമ്പോൾ കുറച്ച് സെൽഫി പരിപാടി വേണമെന്ന് പറഞ്ഞ് എന്റെ സീറ്റിൽ ഇരുന്നു.
നമ്മടെ നാട്ടിലേക്കുള്ള വിമാനമല്ലേ.. ഇരുന്നപ്പോൾ തന്നെ ഒരു സെൽഫിയങ്ങ് കാച്ചി.
അങ്ങനെ.. 7.50 കഴിഞ്ഞപ്പോൾ ഉയർന്നുപൊങ്ങിയ വിമാനം.. 8.30 കഴിഞ്ഞപ്പോൾ കണ്ണൂരിന്റെ ആകാശത്ത് എത്തി.
ലാൻഡിങ്ങ് ആകാറായപ്പോൾ നമ്മുടെ ഇരിട്ടിപ്പുഴയും പഴശ്ശി അണക്കെട്ടും പരിസരവുമൊക്കെ കണ്ടപ്പോൾ സന്തോഷം തിരതല്ലി... കണ്ണൂരിലെ ആകാശക്കാഴ്ചയാണ് മറ്റേതൊരു സ്ഥലത്തേക്കാളും മനോഹരം.... എനിക്ക് പരിചയമുള്ള സ്ഥലങ്ങൾ.. കെട്ടിടങ്ങൾ... നമ്മുടെ പഴശ്ശി അണക്കെട്ട്.. ഇരിട്ടിപ്പുഴ... മനോഹരമായ ദൃശ്യം.. നല്ല പച്ചപ്പു നിറഞ്ഞ ആകാശക്കാഴ്ച... മസിലുപിടിച്ചിരുന്നവരും സന്തോഷത്താൽ മതിമറന്ന് പുറത്തേക്ക് നോക്കി....
അങ്ങനെ... ലാൻഡ് ചെയ്തപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം..
പിന്നെ ഇറങ്ങാനുള്ള തിരക്ക്... ഞാനും ശരതും കൂടി സെൽഫി പരിപാടി തുടങ്ങി, നമ്മുടെ നാട്ടിൽ ആദ്യമായ് ഞാൻ വിമാനമിറങ്ങിയതല്ലേ... അതിനെന്തിനു നാണിക്കണം.. കുറേയേറെ ഫോട്ടോയെടുത്തു..
എന്നാൽ ടോയ്ലറ്റ് ഒന്ന് നോക്കിക്കളയാമെന്ന് ഞാൻ പറഞ്ഞു.... ഒന്ന് മുഖമൊക്കെകഴുകി.വെയ്സ്റ്റ് ബിന്നൊക്കെ ഇപ്പഴേ കേടാക്കിയിട്ടുണ്ട്.. തനി സ്വഭാവം കാണിക്കാണ്ടിരിക്കില്ലല്ലോ...
ബാംഗ്ളൂരിലും ഡൽഹിയിലുമൊക്കെ ഇരുപത്തിനാല് മണിക്കൂറും ടോയ്ലറ്റ്റൂമിൽ ശുചീകരണ ജീവനക്കാരുണ്ടാകും. ബാംഗ്ളൂരിൽ ഓരോരുത്തരും ടോയ്ലറ്റ് ഉപയോഗിച്ച് കഴിഞ്ഞാൽ അത് ഒന്നുകൂടി വൃത്തിയാക്കിയിട്ടേ അടുത്തയാളെ ഉപയോഗിക്കുവാൻ വിടുന്നത്. ശുചീകരണ ജീവനക്കാരൻ നല്ല ക്ഷമയുള്ള മനുഷ്യൻ... ബഹുമാനപൂർവ്വം ചിരിച്ചു കൊണ്ട് തന്റെ ജോലി ചെയ്യുന്ന ഒരു മനുഷ്യൻ... അതാണ് ബാംഗ്ളൂരിൽ കണ്ടത്..
അയാളോട് എനിക്ക് വലിയ ബഹുമാനം തോന്നി.
നമ്മുടെ മട്ടന്നൂർ എയർപോർട്ടിൽ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ശുചി മുറി വൃത്തികേടാകാൻ തുടങ്ങി.നാം നിലപാടുകൾ മാറ്റേണ്ട കാലം അതിക്രമിച്ച കഴിഞ്ഞു.
നമ്മൾ ഫോട്ടോ പരിപാടി തുടർന്നു. നല്ല ചിത്രങ്ങൾ വരച്ചത് കണ്ടപ്പോൾ സെൽഫിയും... ഒറ്റയ്ക്ക് നിന്നും ഫോട്ടോയെടുത്തു. നിലവിൽ ഫ്ളൈറ്റുകൾ കുറവായതിനാൽ ആളുകൾ നന്നേ കുറവാണ്.
മസിലുപിടിച്ചു നിന്ന യുവ വൃദ്ധൻ ഒന്നു മടിച്ചതിനു ശേഷം ഫോട്ടോയെടുത്തു. 'നിങ്ങള് എന്തിനാണപ്പാ .. നാണക്കേട് വിചാരിക്കുന്നത്..., ഈ പുതുമോടി തീരുന്നതുവരെ എടുക്കണം.. അതല്ലേ.. അതിന്റെ രസം.'. ഞാൻ മനസ്സിൽ പറഞ്ഞു.
കളരിപ്പയറ്റും തെയ്യവുമൊക്കെയുണ്ട് ചുമരിലും ചില്ല് വാതിലുകളിലും.
ഉള്ളിൽ ഫുഡ് കോർട്ടോ മറ്റ് സംവിധാനങ്ങളോ ഇല്ല.. എല്ലാം തുടങ്ങണം. -
അതുപോലെ പാർക്കിങ് ഏരിയ കുറച്ച് കൂടി വർദ്ധിപ്പിക്കണം. വിമാനത്താവള ടെർമിനലിൽ നിന്നും
പുറത്തിറങ്ങി വീണ്ടും കുറേയേറെ ഫോട്ടോയെടുത്തു. പാർക്കിങ്ങ് ഗ്രൗണ്ടിൽ നിന്ന് ശരതിന്റെ കാറിൽക്കയറി. പാർക്കിങ്ങ് ഗെയിറ്റിൽ നിന്ന് പാർക്കിങ് ഫീ.1 107 രൂപയെന്ന് പറഞ്ഞപ്പോൾ ഒന്നു ഞെട്ടി.. ശരതിന്റെ മുഖവും ഒന്നു വിളറി വെളുത്തു...
ആദ്യത്തെ രണ്ടു മണിക്കൂറിന് 70 രൂപ വീതം 140 രൂപ പിന്നെ ഓരോ മണിക്കൂറിനും ഇരുപത് രൂപയെന്നൊക്കെയാണ് പറഞത്.
"ഹോ.... കഴുത്തറപ്പായ്പ്പോയി.. " "മട്ടന്നൂരെങ്ങാനും വെച്ചാൽ മതിയായിരുന്നല്ലോ" എന്ന് ഞാൻ പറഞ്ഞു
.
"ഇങ്ങനെയാണെങ്കിൽ കാറ് പത്ത് ദിവസം വച്ചിട്ട് പോയാൽ പാർക്കിങ്ങ് ഫീയ്ക്ക് കാറ് തന്നെ വിൽക്കണമല്ലോയെന്ന് " ഞാൻ തമാശയായ് പറഞ്ഞു.
പ്രധാന കവാടം കഴിഞ്ഞപ്പോൾ കാർ നിർത്തി. കവാടത്തിന്റെ മുമ്പിൽ നിന്ന് നമ്മുടെ ഫോട്ടോ പരിപാടി. മട്ടന്നൂര് ബസ് സ്റ്റാൻഡിന്റെയടുത്ത് കാറിൽ നിന്ന് ഞാനിറങ്ങി. ചായ കുടിക്കാമെന്ന് പറഞ്ഞപ്പോൾ, ശരത് ബാംഗ്ളൂര് എയർപോർട്ടിൽ നിന്ന് കുടിച്ചതാണെന്ന് പറഞ്ഞു. 210 രൂപ കൊടുത്ത് ഉപ്പുമാവ് വിശന്നതു കൊണ്ട് ബാംഗ്ളൂർ എയർപോർട്ടിൽ നിന്നും വാങ്ങിക്കഴിച്ചെന്നും പറഞ്ഞു.ഫ്ളൈറ്റിൽ നിന്ന് കിട്ടിയ കയ്യിലുണ്ടായ സാൻഡ്വിച്ച് പാക്കറ്റ് എന്റെ ബേഗിൽ വച്ചു.
മട്ടന്നൂര് ബസ് സ്റ്റാൻഡിലെ ടീസ്റ്റാളിൽക്കയറി ഒരു ഉപ്പ് മാവും നല്ല ചൂട് സുകയിനും കഴിച്ച് സ്ട്രോങ്ങ്ചായയും കുടിച്ചു. അപ്പോൾ ചായക്കടയിലിരുന്ന് പുട്ടും മുട്ടക്കറിയും ചേർത്ത് കുഴച്ച് വായിലേക്കിടുന്നതിനിടയിൽ ഒരു പ്രായമുള്ള മനുഷ്യൻ " ഇന്ന് രണ്ട് തുമ്പി മുകളിൽക്കൂടി പറന്നിന് കെട്ടാ" .അതിലൊരു തുമ്പിയിലാ ഞാനുമുണ്ടായിരുന്നതെന്ന് ഞാനോർത്തു. മുകളിൽക്കൂടി പറക്കുന്ന 'തുമ്പി'യുടെ എണ്ണവും എടുക്കുവാൻ തുടങ്ങിയിരിക്കുന്നു.മൊത്തം മുപ്പത് രൂപ നൽകി. ഹോ എയർപോർട്ടിൽ 150 രൂപയിൽ കുറഞ്ഞ ചായയില്ലല്ലോയെന്ന് മനസ്സിൽക്കരുതി.
കണ്ണൂരിലേക്കുള്ള ബസിൽ തിക്കിതിരക്കി കയറി. സ്വന്തം നാട് ഇരിട്ടി - പേരാവൂർ - മണത്തണയാണെങ്കിലും പരിയാരം ആയു.കോളേജ് ക്വാർട്ടേഴ്‌സിൽ ജോലി സംബന്ധമായ് താൽക്കാലികമായ് നിൽക്കുന്നത്.
കണ്ണൂരിൽ നിന്ന് മക്കൾക്ക് കുറച്ച് ഡൽഹി വിഭവവും വാങ്ങി സന്തോഷത്തോടെ ഞാൻ തിരിച്ചെത്തി.
കണ്ണൂർ എയർപോർട്ട് വലിയ എയർ പോർട്ട് സിറ്റിയായ് മാറേണ്ടതുണ്ട്. വൻകിട ഹോട്ടലുകൾ. ഹെൽത്ത് ടൂറിസം.. ഐ.ടി...
നമ്മുടെ നാടൻ വിഭവങ്ങളുടെ വിപണന കേന്ദ്രം.. അഞ്ഞൂറു രൂപ മുതൽ ലക്ഷം രൂപ വരെ ദിവസ വാടകയ്ക്കുള്ള വിവിധ ഹോട്ടലുകൾ, ഹോംസ്റ്റേകൾ, എയർ പോർട്ട് ബസ് സ്റ്റാൻഡ്‌, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കൺവെൻഷൻ സെന്ററുകൾ, റോഡുകൾ ഇവയൊക്കെ വേണം. വലിയ തോതിൽ സ്വകാര്യ മൂലധന നിക്ഷേപം ആവശ്യമാണ്.. വിദേശ കമ്പനികളെയുൾപ്പടെ ഇവിടെ മുതൽമുടക്കി നിക്ഷേപിക്കുവാൻ ഇവിടേയ്ക്ക് കൊണ്ടുവരണം. അതിനുള്ള രാഷ്ടീയ സാമൂഹികാന്തരീഷം ഇവിടെയുണ്ടാകണം.
ഹർത്താലുകൾ വേണ്ടേ ... വേണ്ട... അക്രമങ്ങൾ വേണ്ടേ.. വേണ്ട.. ഇതായിരിക്കട്ടെ നല്ലൊരു കണ്ണൂരിനായ് നമ്മുടെ മുദ്രാവാക്യം.ഇല്ലെങ്കിൽ കണ്ണൂർ എയർപോർട്ട് മട്ടന്നൂരിൽ ആളുകൾ വരുകയും പോവുകയും മാത്രം ചെയ്യുന്ന കെട്ടിടം മാത്രമുള്ള ഉണങ്ങിവരണ്ട മൂർഖൻ പറമ്പിലെ ശ്മശാനഭൂമി പോലെയാകും.
അങ്ങനെ നമ്മളും കണ്ണൂര് വിമാനത്താവളത്തില് വിമാനമിറങ്ങി.
ജയ് കേരള, ജയ് കണ്ണൂർ.
സജി വർഗീസ്
Copyright protected.

ഒടിയൻ - :ഇരുട്ടും നിശബ്ദതയും മുഖമുദ്രയാക്കിയ സിനിമ

Image may contain: Saji Varghese, closeup 

സജി വർഗീസ്*

വാരണാസിയിലെ സ്നാനഘട്ടിൽ മുങ്ങിത്താഴുന്ന തങ്കമണി വാരസ്യാർ എന്ന ശ്രീജയുടെ കഥാപാത്രത്തെ സാഹസികമായ് രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചപ്പോൾ ഒടിയൻ മാണിക്യനല്ലേയെന്ന ചോദ്യത്തിൽ നിന്ന് കഥയാരംഭിക്കുന്നു. തുടർന്ന് ഫ്ളാഷ്ബാക്കായിപാലക്കാട് തേങ്കുറിശ്ശിയെന്ന ഗ്രാമത്തിലേക്കെത്തി ഒടിയൻമാണിക്യന്റെ ഭൂതകാലവും വർത്തമാനകാലവും സിനിമയിലൂടെ മാറി മാറി കാണിക്കുന്നു.
പൂർണ്ണ ഗർഭിണിയുടെ മറുപിള്ളയിൽ മന്ത്രമോതി സേവിച്ച്, നരിയായും കാളയായും നായയുമൊക്കെയായി ഇരുട്ടിൽ ഏകാന്ത യാത്ര ചെയ്യുന്നവരെ കെണിവച്ചു വീഴ്ത്തുന്ന ഒടിയന്റെ പഴയ കാലമിത്തിനെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ് ഒടിയൻ.ഒടിയൻ മറുതയായും ചാത്തനായും വരുമെന്നാണ് പഴമക്കാർ പറയുന്നത്.
സ്ഥിരം ചേരുവകളായ പ്രണയവും നിസ്സഹായതയും പ്രതികാരവുമൊക്കെ ഈ സിനിമയിലും നിറഞ്ഞു നിൽക്കുന്നു.. പനയും പുഴയും കുന്നുകളുമുള്ള മനോഹരമായ ദൃശ്യഭംഗി സിനിമയിൽ അനുഭവഭേദ്യമാകുന്നുണ്ട്.
ദേശീയ അവാർഡ് നേടിയ ചിത്രമായ കുട്ടിസ്രാങ്കിന്റെ തിരക്കഥാകൃത്തായ ഹരികൃഷ്ണണനാണ് ഒടിയന്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്. പരസ്യചിത്ര സംവിധായകനായ ശ്രീകുമാരമേനോന്റെ ആദ്യ സംവിധായക പരീക്ഷണമായിരുന്നു ഒടിയൻ എന്ന സിനിമയെന്നു പറയാം.
ഒരു നാടോടിക്കഥയെ മൺമറഞ്ഞ മിത്തിനെ മിനുക്കിയെടുത്തവതരിപ്പിച്ചപ്പോൾ നീണ്ടു നിൽക്കുന്ന സിനിമയിൽ വേണ്ട വിധത്തിലുള്ള വേഗതയുണ്ടായില്ലായെന്നത് ഇന്നത്തെ യുവതലമുറയ്ക്ക് സിനിമയെക്കുറിച്ചുള്ള പോരായ്മയായി പറയുവാൻ കാരണമായത്. മോഹൻലാൽ എന്ന കഥാപാത്രത്തിന്റെ അമാനുഷികമായ പ്രകടനവും ത്രസിപ്പിക്കുന്ന രംഗങ്ങളും ചടുലമായ സംഭാഷണങ്ങളും ഹോളിവുഡ് നിലവാരത്തിലുള്ള സാങ്കേതികവിദ്യയുമൊക്കെ പ്രതീക്ഷിച്ചാണ് സിനിമാപ്രേമികൾ തിയേറ്ററിലെത്തിയത്. ആ പ്രതീക്ഷയ്ക്കടിസ്ഥാനം സിനിമയെക്കുറിച്ചുള്ള പരസ്യം ആ വിധത്തിലായിരുന്നല്ലോ. ശ്രീകുമാർ മേനോന്റെ മാർക്കറ്റിങ്ങ് തന്ത്രം ഈക്കാര്യത്തിൽ വിജയിച്ചെന്നു പറയാം.കാരണം ഒരാഴ്ചത്തേക്കുള്ള ഷോ ആളുകൾ കുടുംബസമേതം ബുക്ക് ചെയ്തു കഴിഞ്ഞു. എന്നാൽ ഒടിയൻ ആ വിധത്തിലുള്ള ഒരു സിനിമയല്ല. അഭിനയപ്രതിഭ മോഹൻലാലിന്റെ ഒടിയൻ എന്ന കഥാപാത്രം തീവ്രമായ വേഗതയുള്ള സംഭാഷണം പറയുന്ന നായക കഥാപാത്രമല്ല. ഈ കഥയ്ക്ക് അത് അനുയോജ്യമല്ല താനും.കാരണം ഇരുട്ടിനെ നിശബ്ദതയെ ഇഷ്ടപ്പെടുന്നവനാണ് ഒടിയൻ.ആ കണ്ണുകളിൽ എല്ലാം പറയുന്നുണ്ട്. പഴമക്കാർ പറഞ്ഞു നടന്ന മിത്തിനെ പാലക്കാടിന്റെ പ്രകൃതി ഭംഗിയിലൂടെ ഒടിയനെന്ന കഥാപാത്രത്തിനെ ഇരുട്ടിന്റെ നിശബ്ദതയിലൂടെ അവതരിപ്പിക്കുകയാണ് സംവിധായകൻ ചെയ്തത്. അതോടൊപ്പം പറയാതെ പറയുന്ന പ്രണയവും വില്ലൻ കഥാപാത്രവും സിനിമയിൽ ദൃശ്യമാകുന്നു. പഴയ തറവാടും കുളവും ഗ്രാമവും പാലക്കാടിന്റെ മനോഹാരിതയും കാണിച്ചു കൊണ്ട് നിശബ്ദമായ് നീങ്ങുന്ന സിനിമയാണ് ഒടിയൻ.ഇരുട്ടും നിശബ്ദതയുമാണ് ഒടിയന്റെ മുഖമുദ്ര. എന്നാൽ ഈക്കാര്യം സിനിമയിറങ്ങുന്നതിന് മുമ്പ് സംവിധായകൻ പറയാതിരുന്നതുകൊണ്ടാണ് അദ്ദേഹം ഇത്രയും വിമർശന വിധേയനാകേണ്ടി വന്നത്.
വടക്കുംനാഥൻ, പുലിമുരുകൻ, ചന്ദ്രോത്സവം എന്നീ സിനിമകളിലെ ചില കഥാശയത്തെ ഈ സിനിമയോട് കൂട്ടിച്ചേർത്ത് ഉപയോഗിച്ചിട്ടുണ്ട്. വടക്കുംനാഥൻ എന്ന സിനിമയിൽ പഴയ തറവാടും കുളവും നായികയും കൂടാതെ മോഹൻ ലാലിന്റെ നായക കഥാപാത്രം നാടുവിട്ട് തിരിച്ചു വരുന്നുണ്ട്. അതിലെ ഗംഗേ.. എന്ന ഗാനം ഓർമ്മയുണ്ടല്ലോ..
അതേപോലെ തന്നെയാണ് മറ്റൊരു വിധ സാഹചര്യത്തിൽ ഒടിയനും നാടുവിട്ട് വാരണാസിയിലെത്തി താടിയും മുടിയും നീട്ടി കാഷായ വസ്ത്രത്തിൽ തിരിച്ചെത്തുന്നതും തറവാടും കുളവും ഗ്രാമഭംഗിയുമൊക്കെ ഈ ചിത്രത്തിലും കാണിക്കുന്നതും.
അതുപോലെ പുലിമുരുകനിൽ നാട് വിട്ടു പോയ പുലിമുരുകൻ പുലിയെപിടിക്കുവാൻ എത്തുന്നതും. കുഞ്ചാക്കോബോബൻ നായക കഥാപാത്രമായ ശിക്കാരി ശംഭുവിൽ പുലിവേഷം കെട്ടിയ കഥാപാത്രം ആളുകളെ വകവരുത്തുന്നതും പുലിയാണെന്ന് ആളുകൾ കരുതുകയും ചെയ്യുന്നുണ്ട്.ഇതേ രീതിയിൽ വേറെയൊരു ഒടിയനും ഒടിയൻ വേഷം കെട്ടി രംഗപ്രവേശം ചെയ്യുന്നുണ്ട്. ചന്ദ്രോദയമെന്ന സിനിമയിലും മോഹൻലാലിന്റെ നായക കഥാപാത്രം നാടുവിട്ട് തിരിച്ചു വരുന്നതും നായികയും തറവാടും പഴയകാല ഓർമ്മകളിലൂടെയുള്ള നായക കഥാപാത്രത്തിന്റെ യാത്രയും ഗ്രാമവും ഒക്കെയാണ് കാണിച്ചത്.ഈ തരത്തിൽ വിവിധ സിനിമകളിലുള്ളതിന്റെ ആവർത്തനം ഈ സിനിമയിലുണ്ട്.
ഒടിയൻ മാണിക്യന്റെ ഭൂതകാലത്ത് പ്രേക്ഷകൻ പ്രതീക്ഷിക്കുന്ന ചടുലതയും വേഗവും നൽകുന്നതിൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാണ് ഒടിയൻ ഒരു ശരാശരി ചിത്രമെന്ന് പ്രേക്ഷകർ പറയുന്നത്.
ഒടിയനായ് മാണിക്യന്റെ രൂപമാറ്റം നടക്കുന്ന രംഗങ്ങളിൽ ഗ്രാഫിക്സിന്റെ സാധ്യതകൾ കുറച്ചാണ് ഉപയോഗിച്ചത്.ഒരു പക്ഷേ സംവിധായകൻ ഒറിജിനാലിറ്റി കാണിക്കുകയെന്നയുദ്ദേശ്യത്തിൽ ആയിരിക്കാം. പക്ഷേ ചില രംഗങ്ങളിൽ പോത്തിന്റെ മുഖം മൂടി വെച്ച രംഗം കണ്ടപ്പോൾ പോരായ്മയായ് തോന്നി.മാണിക്യൻ പെട്ടന്ന് നായയും കാളയും പോത്തുമൊക്കെയായ് രൂപമാറ്റം നടത്തുന്നത് കണ്ടെങ്കിൽ കാണികളെ ത്രസിപ്പിക്കുവാൻ കഴിഞ്ഞേനെ.ഗ്രാഫിക്സിന്റെ സഹായത്തോടെ ത്രസിപ്പിക്കുന്ന മാസ് രംഗങ്ങൾ അവതരിപ്പിച്ചെങ്കിൽ സിനിമയുടെ ആദ്യ ദിനത്തെ അഭിപ്രായത്തിലെ പോസിറ്റീവ്ഗ്രാഫ് ഉയർന്നു നിന്നേനെ.
വിക്രംസേഥിയിലൂടെ ശ്രദ്ധേയനായ സാംസി എസിന്റെ പശ്ചാത്തല സംഗീതം മികച്ചതാണ്. ജയചന്ദ്രന്റെ സംഗീതത്തിലുള്ള കൊണ്ടാരാ. ,താങ്കണക്കണ.. എന്നു തുടങ്ങുന്ന ഗാനം മനോഹരമാണ്. പാലക്കാടിന്റെ മനോഹാരിത ഒപ്പിയെടുത്ത ഷാജികുമാറിന്റെ ഛായാഗ്രഹണ മികവ് എടുത്തു പറയേണ്ടിയിരിക്കുന്നു. ഒടിയൻ മാണിക്യന്റെ പനയോലപ്പുരയും പരിസരവും ഇരുട്ടിന്റെ പശ്ചാത്തലത്തിൽ കാണുവാൻ മനോഹരമാണ്. മഞ്ജു വാര്യർ പ്രഭ എന്ന കഥാപാത്രത്തിലൂടെ ശരാശരി നിലവാരം സിനിമയിൽ പുലർത്തുന്നുണ്ട്.പ്രകാശ് രാജിന്റെ രാവുണ്ണി നായർ എന്ന വില്ലൻ കഥാപാത്രം ശ്രദ്ധേയമാണ്. സിദ്ദീഖ്, നരേൻ, കൈലാഷ്, നന്ദു, ഇന്നസെന്റ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ
.ചിത്രത്തിലെ ക്ലൈമാക്സിൽ മാണിക്യൻ രാവുണ്ണി നായരുമായ് ഇരുട്ടിൽ ഏറ്റുമുട്ടുന്ന സംഘടന രംഗം ആവിഷ്ക്കിരിച്ച പീറ്റർ ഹെയ്ൻ പുലിമുരുകന്റെയത്രത്തോളം മികച്ചതാക്കാൻ കഴിഞ്ഞിട്ടില്ല.
വാരണാസിയിൽ നിന്നാരംഭിച്ച് പാലക്കാടിന്റെ തേങ്കുറിശ്ശി ഗ്രാമത്തിലൂടെ നീങ്ങുന്ന ഇരുട്ടിന്റെ നിശബ്ദതയെ കൂട്ടുപിടിച്ച് നടക്കുന്ന മാണിക്യൻ എന്ന കഥാപാത്രത്തെ മോഹൻലാൽ എന്ന അഭിനയചക്രവർത്തി ആവാഹിച്ചെടുത്ത് ഒച്ചയും ബഹളവുമില്ലാതെ മുന്നോട്ട് നീങ്ങി ഇടയ്ക്ക്ക്ക് ഒടിവിദ്യയൊക്കെ പ്രേക്ഷകരെ കാണിച്ച് നിശബ്ദമായ് നീങ്ങുന്ന സിനിമയാണ്.
ത്രസിപ്പിക്കുന്ന ന്യത്തരംഗങളോ, മാംസക്കൊഴുപ്പോ കാണിക്കാത്ത പാലക്കാടിന്റെ ഗ്രാമഭംഗി കണ്ട് ആസ്വദിക്കാവുന്ന ശരാശരി സിനിമയാണ് ഒടിയൻ. അല്ലാതെ ഇതൊരു മാസ് എന്റർടെയ്നർ സിനിമയല്ല.
ഒടിയന്റെ കഥ കാണുവാൻ കുടുംബ പ്രേക്ഷകർക്ക് ധൈര്യപൂർവ്വം പോകാവുന്നതാണ്.
സജി വർഗീസ്
Copyright protected.

പെരുന്തച്ചനുംകണ്ണനും അഗ്നിഗോളവും.

Image may contain: 3 people, including Sukaami Prakash and Saji Varghese

വെറുപ്പാണ്, മടുത്തു.

*********************** സജി വർഗീസ്***
പെരുന്തച്ചന്റെ ഉളിയിലെ ചോരക്കറയെന്താണ് പറയുന്നത്?
കണ്ണന്റെ കണ്ണുകളിലവശേഷിച്ചത്
വറ്റാത്തപ്രണയത്തിന്റെ വജ്രതിളക്കം;
ചെറ്റപ്പുര മറനീക്കിയകത്തുകയറി,
ശൂദ്രനുംപറച്ചിയിലുമുണ്ടായ ബീജത്തിന്,
വാ കീറിയ ദൈവം ഇരയും നൽകുമെന്ന് തമ്പുരാൻ വചനം!
മതിലുകൾ പലവിധം,
അഗ്നിഗോളംകത്തിയമർന്ന് വീഴുന്നു,
സമൂഹത്തോട് വെറുപ്പാണ്,
ജീവിതം മടുത്തെന്ന മൊഴി;
മതിലുകൾതീർത്ത സെറ്റ്സാരിയിൽ തിളങ്ങുന്നു,
നായര്നമ്പൂതിരിതീയ്യമണിയാണിവാണിയ പിള്ളബ്രാഹ്മണപണിയപുലയപറച്ചിയെന്ന കാണാത്തയെഴുത്തുകൾ;
പറയിപെറ്റപന്തിരുകുലത്തിലെ പെരുന്തച്ചനോടൊരു ചോദ്യം,
നിന്റെബീജം പിറന്നവയറേതെന്ന് പറയുവാൻമടിയോ?
ഇരുളിൽ പറയിയിൽ പടർന്നുകയറിയവന്റെ,
ബീജത്തിൽനിന്നുണ്ടായവന്റെ ,
ബീജത്തിൽ പിറന്നവനോടോശകാരം,
ചാതുർവർണ്യത്തിൻ തടവറയിലെന്റെ, പ്രണയത്തെ തളച്ചിടുന്നതെന്തിന്?
ജാതിയുടെമതിലുകളുയരുമ്പോൾ,
കണ്ണന്റെ ചോദ്യത്തിനുത്തരംകിട്ടാതെ
പെരുന്തച്ചന്റെയാത്മാവ്
എന്തൊക്കെയോ പുലമ്പുന്നുണ്ട്,
മതിലുകൾ ! മതിലുകൾ !
തലച്ചോറിൽ സമുദ്രങ്ങൾരൂപപ്പെട്ട്,
തിരമാലകളടിച്ച് തകർന്ന,
കപാലഭിത്തിയുമായ് ,
നീങ്ങിയ അഗ്നിഗോളം,
ചെരിഞ്ഞുവീണു ഭൂതലത്തിൽ;
സമൂഹത്തോട് വെറുപ്പാണ്,
ജീവിതം മടുത്തു;
ഉയരുന്നു ഉപവാസപ്പന്തലുകൾ !
ഉയരുന്നു മതിലുകൾ !
തെരുവിലലയുന്നു വിശന്നവയറുകൾ,
ശീതീകരിച്ച മുറികളിൽ,
വിശപ്പടക്കുവാൻ വിധിക്കപ്പെട്ട്,
അർദ്ധനഗ്ന്നയായ്കിടക്കുന്ന മതിലുകളുടെ,
തുടയിടുക്കിൽ നിന്നൊലിച്ചിറങ്ങുന്ന, ബീജത്തിൻമുകളിലേക്ക്,
രണ്ടായിരംരൂപയും വലിച്ചെറിഞ്ഞ്,
കുളിച്ച് തൂവെള്ളവസ്ത്രവും ധരിച്ച്, കാറിൽക്കയറി നേരേപോയി, പ്രസംഗിക്കുന്നുണ്ട്,
വിഷയം :ആർത്തവം,
അശുദ്ധി, ആചാരം.
സമൂഹത്തോട് വെറുപ്പാണ്,
ജീവിതം മടുത്തിട്ടാണ്,
ആത്മാവ് ഉറക്കെ വിളിച്ചുപറയുന്നുണ്ട്,
ഉപവാസം തുടരട്ടെ,
മതിലുകളുയരട്ടെ,
മതിലുകൾ കെട്ടുവാൻ ബീജങ്ങൾ,
പുതിയ മനുവാരെന്ന ചോദ്യം?
സജി വർഗീസ്
Copyright protected.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo