Showing posts with label LijinJohn. Show all posts
Showing posts with label LijinJohn. Show all posts

ഡാർക്ക് - ഭാഗം 1

Image may contain: text
കഥയും കഥാപാത്രങ്ങളും കഥാപശ്ചാത്തലവും തികച്ചും സങ്കല്പികമാണ് .ജീവിച്ചിരിക്കുന്നവരായോ മരിച്ചവരായോ യാതൊരു ബന്ധവുമില്ല.ഈ കഥ യാതൊരുവിധത്തിലും ഏതെങ്കിലും മതവിഭാഗത്തിന്റെ വിശ്വാസങ്ങളെയോ ആചാരങ്ങളെയോ വ്രണപ്പെടുത്തുന്നില്ല .ലോജിക്കുകൾ നോക്കാതെ കഥയെ കഥയായി മാത്രം കാണുക ..എന്നാൽ തുടങ്ങട്ടെ ..
"Nightmares exist outside of logic, and there’s little fun to be had in explanations; they’re antithetical to the poetry of fear "- unknown
-------------
കൊല്ലവര്‍ഷം 1899 ,കേരളത്തിലെ ഒരു മലയോരഗ്രാമത്തിലെ ഒരു രാത്രി
ഇടതൂര്‍ന്ന്‍ നില്‍ക്കുന്ന റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെയുള്ള ചെമ്മണ്‍പാതയിലൂടെ ആ കുതിരവണ്ടി കുതിച്ചുപായാന്‍ തുടങ്ങിയിട്ട് അധികനേരമായില്ല.ഇരുട്ട് നിറഞ്ഞ ചെമ്മണ്‍പാതയിലെ വളവുകളും തിരിവുകളും കൃത്യമായി നിശ്ചയമുണ്ടായിരുന്ന ഹെൽഗ് റിക്കിനായിരുന്നു കുതിരവണ്ടിയെ മുന്നോട്ട് പായിച്ചത് .കുതിരവണ്ടിയിൽ ഹെൽഗിന്റെ പിറകിലായി ഇരുന്നിരുന്ന ഹെൽഗിന്റെ അച്ഛൻ അലക്‌സാണ്ടർ റിക്കിന്റെ മുഖത്തെ ഭയം കണ്ടപ്പോൾ കുതിരവണ്ടിയുടെ വേഗത കുറച്ചുകൊണ്ട് ഹെൽഗ് അലക്‌സാണ്ടറോട് ചോദിച്ചു
"അബ്ബാ നമ്മുടെ തീരുമാനം പിഴച്ചിട്ടില്ലല്ലോ? ഈ രാത്രിയോടെ അവന്റെ ശല്യം തീരുകയല്ലേ ? "
"പിഴച്ചിട്ടില്ല ഹെൽഗ് റബ്ബി പറഞ്ഞത് നീയും കേട്ടതല്ലേ ? രാത്രിയുടെ മൂന്നാം യാമത്തിൽ അവൻ ഉറക്കത്തിലേക്ക് വഴുതിവീഴും അപ്പോഴേ അവനെ ബന്ധസ്ഥനാക്കാനാകൂ " പിതാവിന്റെ ആ മറുപടി ഹെൽഗിന്റെ മുഖത്ത് സന്തോഷം നിറച്ചു അവൻ വീണ്ടും കുതിരവണ്ടിയുടെ വേഗതകൂട്ടി
ഒരു സിനഗോഗിന്റ മുന്നിലാണ് ഹെൽഗ് കുതിരവണ്ടി നിർത്തിയത് .അവരെയും കാത്തതുപോലെ ഒരാൾ സിനഗോഗിന്റെ പടിവാതിൽക്കൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു
"റബ്ബി വന്ദനം " കാത്തുനിന്നിരുന്നയാളെ നോക്കി അലക്‌സാണ്ടർ മന്ദഹസിച്ചുകൊണ്ട് പറഞ്ഞു
"മൂന്നുമണിയാകാൻ ഏതാനും മണിക്കൂറുകൾ മാത്രം.അതിനുമുന്നെ കാടുകയറി നമ്മുക്ക് അവന്റെ വാസസ്ഥലത്തെത്തണം " കുതിരവണ്ടിയിലേക്ക് കയറുന്നതിനിടയിൽ റബ്ബി അലക്‌സാണ്ടറോട് പറഞ്ഞു
ഹെൽഗ് കുതിരവണ്ടി സിനഗോഗിന്റെ മുന്നിൽ നിന്ന് പതിയെ മുന്നോട്ട് ചലിപ്പിച്ചു.ഇരുട്ടിന്റെ ശക്തിയെ ഭേദിക്കാനെന്ന പോലെ റബ്ബി കൈയ്യിലുണ്ടായിരുന്ന തനക്ക് എന്ന മതഗ്രന്ഥം നെഞ്ചോട് ചേർത്തുവെച്ച് ചില പ്രാർത്ഥനകൾ ഉരുവിട്ടുകൊണ്ടിരുന്നു.
"യഹോവേ, ഞാന്‍ നിന്നെ ശരണം പ്രാപിക്കുന്നു; ഞാന്‍ ഒരുനാളും ലജ്ജിച്ചുപോകരുതേ; നിന്റെ നീതിനിമിത്തം എന്നെ വിടുവിക്കേണമേ.നിന്റെ ചെവി എങ്കലേക്കു ചായിച്ചു എന്നെ വേഗം വിടുവിക്കേണമേ. നീ എനിക്കു ഉറപ്പുള്ള വളരെ പാറയായും എന്നെ രക്ഷിക്കേണ്ടതിന്നു കോട്ടയായും ഇരിക്കേണമേ;നീ എന്റെ പാറയും എന്റെ കോട്ടയുമല്ലോ. നിന്റെ നാമംനിമിത്തം എന്നെ നടത്തി പാലിക്കേണമേ; അവര്‍ എനിക്കായി ഒളിച്ചുവെച്ചിരിക്കുന്ന വലയില്‍നിന്നു എന്നെ വിടുവിക്കേണമേ " ചലിക്കുന്ന കുതിരവണ്ടിയിലും കണ്ണുകൾ അടച്ചുകൊണ്ട് ഏകാഗ്രതയോടെ റബ്ബി പ്രാർത്ഥനകൾ ഉരുവിട്ടുകൊണ്ടിരുന്നു.
ഏതാനും നിമിഷങ്ങൾ മുന്നോട്ട് നീങ്ങിയ കുതിരവണ്ടി ചെന്നുനിന്നത് ഒരു റബ്ബർ എസ്റ്റേറ്റിന്റെ ഗേറ്റിന്റെ മുന്നിലാണ്.ഗേറ്റിന് മുകളിലുണ്ടായിരുന്ന ഇരുമ്പ് ബോർഡിൽ 'റിക്കൻസ് ' എന്ന് ചുവന്ന അക്ഷരത്തിൽ എഴുതിയിട്ടുണ്ടായിരുന്നു.
കുതിരവണ്ടിയിൽ നിന്ന് ആദ്യമിറങ്ങിയ ഹെൽഗായിരുന്നു എസ്റ്റേറ്റിന്റെ ഗേറ്റ് അലക്‌സാണ്ടറിനും റബ്ബിയ്ക്കും മുന്നിലായി തുറന്നുകൊടുത്തത്
"നമ്മുക്കിനി അധികം സമയമില്ല " ഇടതൂർന്ന് നിൽക്കുന്ന റബ്ബർ മരങ്ങൾക്കിടയിലൂടെ അവർ മൂന്നുപേരും മുന്നോട്ട് നടന്നു
----------------------
ഇന്ന് , സമയം രാത്രി ഏഴുമണി
വലിയൊരു എസ്റ്റേറ്റിന്റെ മുന്നിൽ ഒരു ഇന്നോവ കാർ വന്നു നിന്നു. ആ കാറിനെ അനുഗമിച്ചെന്നതുപോലെ യമഹയുടെ രണ്ടു RX100 ബൈക്കുകളും എസ്റ്റേറ്റ് ഗേറ്റിന്റെ മുന്നിലായി പാർക്ക് ചെയ്തിരുന്ന കാറിന്റെ പിറകിലായി വന്നുനിന്നു
"ഇതാണ് ഞാൻ പറഞ്ഞ എസ്റ്റേറ്റ്..ഇവിടെയാണ് ഇന്നത്തെ ഷൂട്ടിംഗ്..എസ്റ്റേറ്റിന്റെ പിറകെയൊരു കാടാണ്..നമ്മുട കഥയ്ക്ക് എന്തുകൊണ്ടും അനുയോജ്യമായ ഒരു സ്ഥലമാണ് ഈ എസ്റ്റേറ്റും അതിന്റെ പിറകിലെ കാടും..കാടിന്റെ അസാധ്യമായ ഫ്രെയിംസ് നമ്മുക്ക് ഇവിടെനിന്നും പകർത്താം "കാറിൽ നിന്നിറങ്ങിയ അല്പം ഫ്രീക്കനായ ഒരുത്തൻ അവന്റെ കുറ്റിത്താടിയിൽ കൈവെച്ചുകൊണ്ട് കൂടെയുണ്ടായിരുന്ന അഞ്ചുപേരോടായി പറഞ്ഞു
"അർജുൻ അതിന് ഈ ഗേറ്റ് ലോക്കാണല്ലോ..അതിക്രമിച്ചു കടന്നാൽ പുലിവാലാകുമോ ? " എസ്റ്റേറ്റിന്റെ ഗേറ്റിന്റെ മുകളിൽ റിക്കൻസ് എന്നെഴുതിയിരിക്കുന്നതിലേയ്ക്ക് നോക്കികൊണ്ട്‌ ശ്യാം അർജുനോടായി ചോദിച്ചു
"ഹേയ് ഇല്ല അളിയാ ഒരു പ്രശ്‌നവുമില്ല..പണ്ടെങ്ങോ കേരളത്തിൽ എത്തിപ്പെട്ട ജൂത ഫാമിലിയുടേതാണ് ഈ എസ്റ്റേറ്റ്..നമ്മൾ ഈ വഴിവരുമ്പോൾ മതിലിൽ റിക്കൻ ഫാമിലി എന്നെഴുതിയ വലിയൊരു ബംഗ്ലാവ് കണ്ടില്ലേ ? അവരുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ എസ്റ്റേറ്റ്..മാത്രമല്ല ഇതിന്റെ അവകാശികളൊക്കെ ലോകത്തിന്റെ ഏതൊക്കെയോ മൂലയിലാണ്..ഇവിടെയിപ്പോ അകയുള്ളത് ഈയിടെ മരണപ്പെട്ട ജോനാസ് റിക്കന്റെ ഭാര്യ മാർത്ത റിക്കനും അവരുടെ വേലക്കാരിയും ഒരു കാര്യസ്ഥനും മാത്രമേയുള്ളൂ..അവർക്കാണെങ്കിൽ ഈ എസ്റ്റേറ്റിന്റെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധയുമില്ല " അർജുൻ ശ്യാമിനോടും കൂടെയുള്ളവരോടുമായി പറഞ്ഞു
"എന്നാലും അവരുടെ അനുവാദമില്ലാതെ ഇതിനകത്തേയ്ക്ക് കയറുന്നത് ? "ചോദിയ്ക്കാൻ വന്നത് മുഴുവനാക്കാതെ ബാലു അർജുനെ നോക്കി
"അളിയാ ബാലു,നമ്മുടെ ഷോർട്ട് ഫിലിമിന്റെ ബഡ്ജറ്റ് എത്രയാണെന്ന് നല്ല ബോധ്യമുണ്ടല്ലോ ? ഇരുപത്തയ്യായിരം രൂപയ്ക്ക് വിഷ്വൽ എഫക്ട്സ് ചെയ്യാനോ അല്ലെങ്കിൽ കാട് മുഴുവൻ സെറ്റ് ഉണ്ടാക്കാനോ കഴിയില്ല..ഇനി ഏതെങ്കിലും കാടുകളിൽ കയറി അതിന്റെ ദൃശ്യങ്ങൾ ക്യാമെറയിൽ പകർത്താനാണെങ്കിൽ നിയമത്തിന്റെ നൂലാമാലകൾ ഒരു നൂറെണ്ണം നേരിടേണ്ടി വരും..ഇവിടെ നമ്മുക്ക് പത്തുപൈസ ചിലവില്ല ഒറ്റ സെക്യൂരിറ്റിക്കാരെയും ഭയപ്പെടേണ്ട..കേട്ടിടത്തോളം നമ്മുട കഥയ്ക്ക് വേണ്ട ആംബിയൻസ് എസ്റ്റേറ്റിന്റെ പിറകിലെ കാട്ടിൽനിന്നും നമ്മുക്ക് ലഭിക്കും "അത്രയും പറഞ്ഞുകൊണ്ട് അർജുൻ എസ്റ്റേറ്റിന്റെ ഗേറ്റ് തള്ളിത്തുറന്നു.പെയിന്റ് ശരിയായി അടിക്കാത്തതിനാൽ ഗേറ്റിന്റെ സിംഹഭാഗവും തുരുമ്പുപിടിച്ചിരുന്നു
"അധികം ഇരുട്ടാവുന്നതിന് മുൻപ് ഷൂട്ട് കഴിഞ്ഞു കാടിറങ്ങണം .. വേഗം ക്യാമറയും ട്രൈപ്പോഡും മൈക്കും എടുക്ക് "അർജുൻ ബാക്കിയുള്ളവരോടായി പറഞ്ഞു.അർജുന്റെ തീരുമാനത്തെ ശരിവെക്കും പോലെ അവന്റെ കൂടെയുള്ളവർ കാറിൽ നിന്ന് ക്യാമറയും മറ്റുള്ള ഉപകരണങ്ങളുമായി ഇടതൂർന്ന് നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ കാടിനെ ലക്ഷ്യമാക്കി നടന്നു
"ഇനിയും ഒരുപാട് ദൂരമുണ്ടോ " ഏകദേശം നടത്തം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ കൂട്ടത്തിലെ വിഷ്ണു അർജുനോട് ചോദിച്ചു
"എനിയ്ക്കും വലിയ പരിചയമില്ല അളിയാ..ഞാനും ആദ്യമായാണ് ഇവിടേയ്ക്ക് വരുന്നത്..റബ്ബർ എസ്റ്റേറ്റ് കഴിഞ്ഞാൽ ഒരു അരുവി കാണാമെന്നും അതിന്റെ അപ്പുറമാണ് കാട് തുടങ്ങുന്നതെന്നാണ് അറിഞ്ഞത്"അർജുൻ അത്രയും പറഞ്ഞുകൊണ്ട് മുന്നോട്ടുള്ള നടത്തം തുടർന്നു
"നമ്മൾ എത്താറായി " ഏതാനും മിനിറ്റുകൾ മുന്നോട്ട് നടന്ന്,അവർക്ക് മുന്നിലൊരു അരുവി പ്രത്യക്ഷമായപ്പോൾ അർജുൻ കൂടെയുള്ളവരെ നോക്കി പറഞ്ഞു.
അർജുനെ അനുഗമിച്ചുകൊണ്ട് ബാക്കിയുള്ളവരും പതിയെ അരുവി മുറിച്ചുകടന്നുകൊണ്ട്‌ കാട്ടിലേക്ക് കയറി .സമയം എട്ടരയോട് അടുത്തതിനാലും ചന്ദ്രന്റെ നുറുങ്ങുവെട്ടം ഇടത്തൂർന്ന് നിൽക്കുന്ന മരങ്ങളെ കവച്ചുവെക്കാൻ കഴിയാത്തതിനാലും കാടിനകത്തെ ഇരുട്ടിന് തീവ്രത വർദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു
"നമ്മുക്ക് കുറച്ചൂടെ നേരത്തെ വരാമായിരുന്നു ..ഇതിപ്പോ ഇരുട്ടത്ത് ഒന്നും കാണാനും കഴിയാത്ത അവസ്ഥയാണ് ..വല്ല പുലിയോ സിംഹമോ വന്നാൽ ? കാറിനകത്തെ ലൈറ്റെങ്കിലും എടുക്കാമായിരുന്നു " വിഷ്‌ണു കൂടെയുള്ളവരോടായി പറഞ്ഞു
"ഇത്രയും ദൂരം നടക്കേണ്ടി വരുമെന്ന് കരുതിയില്ല അറിഞ്ഞിരുന്നെങ്കിൽ കുറച്ചൂടെ നേരത്തെ വരാമായിരുന്നു ..പിന്നെ നമ്മുട കഥയിൽ കാട്ടിലെ രംഗങ്ങൾ നടക്കുന്നത് രാത്രിയിലാണ്..പകൽ ആ ഷോട്ടുകൾ എടുത്ത് എഡിറ്റിംഗിൽ കളർ ചേർത്ത് രാത്രിയാക്കാൻ നോക്കിയാൽ ആ ഷോട്ടിനൊരു ഒറിജിനാലിറ്റി ഉണ്ടാവില്ല ..ഇത് നമ്മുടെ ഡ്രീം വർക്ക് അല്ലേടാ? അതൊരിക്കലും മോശമാണെന്ന് ആരും പറയാൻ പാടില്ല അതുകൊണ്ടാണ് പരിചയമില്ലാത്ത സ്ഥലമായിട്ടും ഇരുട്ട് വീണപ്പോൾ നമ്മൾ ഇവിടെ വന്നത്" അർജുൻ ആ പറഞ്ഞത് ബാക്കിയുള്ളവരെ ഉത്തേജിപ്പിക്കുന്ന തരത്തിലായിരുന്നു.അവരുടെ മുഖത്ത് സന്തോഷവും അഭിമാനവും മാറിമറഞ്ഞുകൊണ്ടിരുന്നു
"പിന്നെ ഈ കട്ടിൽ പുലിയും സിംഹവും മണ്ണാങ്കട്ടയുമില്ല ..യഥാർത്ഥത്തിൽ ഈ കാടിന്റെ ഒരു ഭാഗം വെട്ടിത്തെളിച്ച്, റബ്ബർ മരങ്ങൾ നട്ടുപിടിപ്പിച്ച് റിക്കൻ ഫാമിലി കൈയ്യേറിയ ഭൂമിയാണ് നമ്മൾ നേരത്തെ കണ്ട റിക്കൻസ് റബ്ബർ എസ്റ്റേറ്റ് ..അതുകൊണ്ട് ഒന്നുകൊണ്ടും പേടിക്കണ്ട അളിയാ ഞാനല്ലേ പറയുന്നത് " അർജുൻ വിഷ്ണുവിനും ബാക്കിയുള്ളവർക്കും ധൈര്യം നൽകിക്കൊണ്ട് അവർ നടത്തം തുടർന്നു.അതുകേട്ടപ്പോൾ
പെട്ടെന്നാണ് വലിയ ശബ്ദത്തിൽ ഒരു ഇടിവെട്ടിയത് അതിനുപുറകേ തുടരെത്തുടരെ മിന്നലും മഴയും പെയ്യാൻ തുടങ്ങി .അപ്രതീക്ഷതമായ പെയ്യാൻ തുടങ്ങിയ മഴ അതുവരെ അവർക്കുണ്ടായിരുന്നു സന്തോഷത്തെയും മൊത്തമായി ഇല്ലാതാക്കുന്നതായിരുന്നു
"അർജുൻ മഴ ശക്തമാകാൻ തുടങ്ങി നമ്മുക്ക് ക്യാമറയിലും ബാക്കിയുള്ള ഉപകരണങ്ങളിലും മഴവെള്ളം വീഴാതെ അവ സുരക്ഷിതമാക്കണം "അതീവ ഗൗരവത്തോടെ ശ്യാം അർജുനോടായി പറഞ്ഞു.അർജുൻ വേഗത്തിൽ തന്നെ പരിസരത്തേയ്ക്ക് കണ്ണോടിച്ചു
"ദാ അവിടെ " കുറച്ചകലെയായി ഭാഗികമായി തകർന്ന ഒരു വീടുനോക്കി അർജുൻ ശ്യാമിനോടായി പറഞ്ഞു.അത്രയും പറഞ്ഞശേഷം അർജുൻ ആ വീടുനോക്കി അതിവേഗം ഓടുകയും ബാക്കിയുള്ളവർ അവനെ പിന്തുടർന്ന് ആ വീടിനകത്തേക്ക് കയറുകയും ചെയ്തു
മേൽക്കൂരയുടെ ഭൂരിഭാഗവും തകർന്ന ഒരു ഓല വീടായിരുന്നു അത്.ആ വീടിന്റെ ഏതാനും ഭാഗങ്ങൾ മാത്രമാണ് കാലപഴക്കം ഹേതുവായി തകരാതെ ബാക്കിയുണ്ടായിരുന്നുള്ളൂ.മേൽക്കൂരയുടെ ഭാഗങ്ങൾ നിലംപൊത്തിയതിനാൽ കുറച്ചു കഷ്ടപ്പെട്ടാണ് അവർ ആ വീടിനകത്തേയ്ക്ക് കയറിയത് .ശേഷം ക്യാമറയും മറ്റുള്ള ഉപകരണങ്ങളും മഴവെള്ളം വീഴാത്ത വീടിന്റെ ഉമ്മറം പോലെ തോന്നിച്ച ഭാഗത്തേയ്ക്ക് അവർ മാറ്റിവെച്ചു
"ഈ കാടിനകത്ത് ഇങ്ങനെയൊരു വീട് ? അല്പം വിചിത്രമായി തോന്നുന്നില്ലേ ? "ബാലു അർജുനോടായി ചോദിച്ചു
"മഴ നനയാതിരിക്കാൻ ഈ കാടിനകത്ത് ഒരു വീട് കിട്ടിയതിൽ നിനക്ക് വല്ല പ്രോബ്ലമുണ്ടോ ബാലു ? നിങ്ങൾ എന്തിനെയും ഏതിനെയും സംശയത്തോടെ നോക്കിയാൽ .."അർജുൻ മുഴുവനാക്കാതെ അല്പം ഗൗരവത്തോടെ ബാലുവിനോട് പറഞ്ഞു.
ഗൗരവത്തോടെയുള്ള അർജുന്റെ മറുപടികേട്ടപ്പോൾ പിന്നീട് കുറച്ച് നേരത്തേയ്ക്ക് ആരുമൊന്നും സംസാരിച്ചില്ല.മഴ അപ്പോഴും നിലക്കാതെ പെയ്തുകൊണ്ടിരുന്നു.അർജുൻ പതിയെ ആ വീടിന്റെ അകത്തേയ്ക്ക് നടന്നു.അകത്തേയ്ക്ക് നടന്നപ്പോൾ വീടിന്റെ മേൽക്കൂരയൊക്കെ തകർന്നതിനാൽ മഴവെള്ളം നേരിട്ട് അവന്റെ ദേഹത്ത് പതിക്കുന്നുണ്ടായിരുന്നു.വീടിന്റെ ഭിത്തിയുടെ ഭാഗങ്ങൾ ഇടിഞ്ഞുപൊളിഞ്ഞു വീടിനകം മണ്ണുകൊണ്ട് നിറഞ്ഞിരുന്നതിനാലും മഴവെള്ളം നേരിട്ട് പതിക്കുന്നതിനാലും വീടിന്റെ അകം ചെളികൊണ്ട് നിറഞ്ഞിരുന്നു
"ആഹ് .."നടത്തത്തിനിടയിൽ കാലിൽ എന്തോ തടഞ്ഞപ്പോൾ വേദനയോടെ അർജുൻ ശബ്ദിച്ചു.അർജുന്റെ ഒച്ചക്കേട്ടപ്പോൾ ബാക്കിയുള്ളവരും അവിടേയ്ക്ക് ഓടിയെത്തി.അർജുൻ അപ്പോഴേക്കും കാലിനടിയിലെ മണ്ണിൽ തടഞ്ഞത് തിരയാൻ ശ്രമം നടത്തി.അവൻ ചെളി നിറഞ്ഞ മണ്ണ് കൈകൊണ്ട് നീക്കിയശേഷം മണ്ണിനടയിൽ അവന്റെ കാലിൽ തടഞ്ഞ സാധനത്തിൽ കൈവെച്ചു.എന്നിട്ടത് സർവ്വശക്തിയോടെ മണ്ണിനടയിൽ നിന്ന് പുറത്തേയ്ക്ക് വലിച്ചെടുത്തു
----------------------
അതെ ദിവസം ,രാത്രി
വളരെ വേഗത്തിലാണ് അയാൾ ഹെയർപിന്നുകൾ തിരിച്ചും വളച്ചും കാർ മുന്നോട്ട് ഓടിച്ചുകൊണ്ടിരുന്നത്.തെരുവ് വിളക്കുകൾ ആ റോഡിൽ ഇല്ലാത്തതിനാൽ കാറിന്റെ ലൈറ്റിന്റെ പ്രകാശം മാത്രമേ റോഡിലുണ്ടായിരുന്നുള്ളൂ.കാർ ഓടിക്കുന്നതിനിടയിലും അയാൾ ഇടക്കിടക്കായി വാച്ചിൽ സമയം നോക്കുന്നുണ്ടായിരുന്നു .
അയാൾ അടുത്ത ഹെയർപിന്ന് വളച്ചു കാർ മുന്നോട്ട് എടുത്തതും പെട്ടെന്ന് അയാളുടെ കാറിന് മുന്നിലേയ്ക്ക് ആരോ എവിടെനിന്നോ ചാടി.അയാൾ ദ്രുതവേഗത്തിൽ ബ്രേക്കിൽ കാലമർത്തി കാർ നിർത്താൻ ശ്രമിച്ചെങ്കിലും അതിനു കഴിയാതെ അയാളുടെ കാർ മുന്നിലേയ്ക്ക് ചാടിയ ആളെ തട്ടിത്തെറിപ്പിച്ചു.കാർ തട്ടിയ ആൾ വായുവിലൂടെ ചെറുതായി ഒന്ന് പറന്നശേഷം കാറിന് കുറച്ചുമുന്നിലായി തെറിച്ചുവീണൂ
കാറിൽ നിന്നിറങ്ങിയ അയാൾ വേഗത്തിൽ തെറിച്ചുവീണ അയാളുടെ അടുത്തേയ്ക്ക് ഓടി.കാറിന്റെ ലൈറ്റിനെ മറഞ്ഞുനിന്നതിനാൽ തെറിച്ചുവീണയാളുടെ മുഖം വ്യക്തമായി അയാൾക്ക് കാണാൻ സാധിച്ചില്ല.
അയാൾ തെറിച്ചുവീണയാളുടെ കൈയ്യിൽ പിടിച്ചു പൾസ് നോക്കി.തുടിപ്പുകൾ ഇല്ലെന്ന് മനസ്സിലാക്കിയ അയാൾ ഭയത്തോടെ രണ്ടുചുവടുകൾ പിറകിലേക്ക് കാലുകൾവെച്ചു
പെട്ടെന്നാണ് യാന്ത്രികമായി അയാളുടെ കാറിന്റെ ലൈറ്റുകൾ അണയുകയും ഹോൺ നിർത്താതെ അടിക്കാൻ തുടങ്ങുകയും ചെയ്തത് .ചുറ്റം എന്താണ് നടക്കുന്നതെന്ന് മനസ്സിലാകാതെ അയാൾ കാറിനെ തിരിഞ്ഞുനോക്കിയതും ഹോൺ നിശബ്ദമാവുകയും ലൈറ്റ് വീണ്ടും പ്രകാശിക്കാൻ തുടങ്ങുകയും ചെയ്തു.
"മഹാനക്രത്തെ ചൂണ്ടലിട്ടു പിടിക്കാമോ? അതിന്റെ നാക്ക് കയറുകൊണ്ടു അമർത്താമോ?
അതിന്റെ മൂക്കിൽ കയറു കോർക്കാമോ? അതിന്റെ അണയിൽ കൊളുത്തു കടത്താമോ? ഹ ഹ ഹ "
ആരോ അട്ടഹസിക്കുന്ന ശബ്ദം കേട്ട് അയാൾ തിരിഞ്ഞുനോക്കി .അവിടെയതാ അല്പം മുൻപ് അയാളുടെ കാറിടിച്ചുവീണയാൾ റോഡിൽ എഴുന്നേറ്റ് നിൽക്കുന്നു
"ഹ ഹ ഹ " കാറിടിച്ചുവീണയാൾ അട്ടഹസിച്ചു ചിരിച്ചുകൊണ്ട് വേഗത്തിൽ കാറോടിച്ചുവന്നയാളുടെ നേരെ വന്നശേഷം കൈകളിൽ ഒളിപ്പിച്ചുവെച്ചിരുന്ന വലിയൊരു വാളുകൊണ്ട് അയാളുടെ വയറ്റിൽ ഒറ്റകുത്ത്.
അയാൾ സ്വപ്നത്തിൽ നിന്ന് ഞെട്ടിയെഴുന്നേറ്റു
"ചാർളി ? ആർ യൂ ഓക്കേ ? "
(തുടരും)
Written by Lijin John
Special Thanks - Jins Joseph
വാക്കുകളും അർത്ഥങ്ങളും
അബ്ബാ -അച്ഛൻ ,റബ്ബി -ജൂത മതപണ്ഡിതൻ ,സിനഗോഗ് -ജൂതപ്പള്ളി

നെഗറ്റീവ് -ഭാഗം 1

Image may contain: 1 person, car
വളരെ ധൃതിയിലാണ് അയാള്‍ ലിഫ്റ്റിന്‍റെ അടുത്തേയ്ക്ക് നടന്നത് .മുകളിലേയ്ക്കുള്ള ബട്ടണില്‍ അമര്‍ത്തി അധികനേരമായില്ല ലിഫ്റ്റ്‌ അയാളുടെ മുന്നില്‍ വന്നുനിന്നു.രണ്ടുപേര്‍ അതില്‍നിന്നും ഇറങ്ങാനായി തുഞ്ഞിഞ്ഞതും അയാള്‍ അവരുടെ ഇടയിലേയ്ക്ക് ഇടിച്ചുകയറി.അയാളുടെ വെപ്രാളം കണ്ടിട്ടെന്നോണം അവരില്‍ ഒരാള്‍ ചോദിച്ചു
“ഡോക്ടര്‍ നരേന്‍ ആര്‍ യൂ ഓക്കേ ? “
“യെസ് അം ഓക്കെ “ വെപ്രാളം അടക്കിപ്പിടിച്ചു കൊണ്ട് അയാള്‍ അവരോട് മറുപടി പറഞ്ഞു .ലിഫ്റ്റിന്‍റെ ഡോര്‍ അടഞ്ഞതും ഇരുപത് എന്ന നമ്പറില്‍ അയാള്‍ വിരലമര്‍ത്തി.നിമിഷനേരം കൊണ്ട് ലിഫ്റ്റ്‌ ഇരുപതാം നിലയില്‍ അയാളെയുകൊണ്ട് എത്തിച്ചേര്‍ന്നു .ലിഫ്റ്റില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ അയാളുടെ ചെവികള്‍ രണ്ടും കൈകള്‍കൊണ്ട് അയാള്‍ അടച്ചുപിടിച്ചിരുന്നു.ലിഫ്റ്റ്‌ ഇറങ്ങിയ ശേഷം സ്റ്റെയര്‍കേസ്‌ കയറിയാണ് അയാള്‍ ആ ബില്‍ഡിംഗിന്‍റെ മുകളിലേയ്ക്ക് എത്തിയത് .അപ്പോഴും അടച്ചുപിടിച്ച ചെവികളില്‍ നിന്ന് അയാള്‍ കൈകള്‍ എടുത്തിരുന്നില്ല.ബില്‍ഡിംഗിന്‍റെ മുകളില്‍ നിന്ന് അയാള്‍ താഴേയ്ക്ക് നോക്കി.അയാളുടെ കണ്ണുകളില്‍ നിന്ന് കണ്ണീര്‍ മുഖത്തിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു ആ സമയം.
“അച്ഛനൊരു തെറ്റ് ചെയ്തു മോളെ “ പോക്കറ്റില്‍ നിന്നെടുത്ത പേഴ്സിലെ ഫോട്ടോയില്‍ നോക്കി വിങ്ങിവിങ്ങി കൊണ്ട് അയാള്‍ പറഞ്ഞു.ആ വിങ്ങലൊരു അലര്‍ച്ചയിലേയ്ക്ക് പരിണമിക്കാന്‍ അധികനേരം വേണ്ടി വന്നില്ല .പിന്നെയെല്ലാം പെട്ടെന്നായിരുന്നു . അലര്‍ച്ചയുടെ അവസാനത്തില്‍ അയാള്‍ ആ ബില്‍ഡിംഗിന്‍റെ മുകളില്‍നിന്നും താഴേയ്ക്ക് കുതിച്ചു
------------------------
ഡോക്ടര്‍ നരേന്‍റെ ആത്മഹത്യ ഫാര്‍മ ലിങ്ക് കമ്പനി അധികൃതര്‍ അറിയിച്ച ആ നിമിഷം തന്നെ എസ് ഐ മാധവനും മറ്റു പോലീസുകാരും സംഭവസ്ഥലത്തെയ്ക്ക് തിരിച്ചിരുന്നു .അധികം താമസിയാതെ ജീവനും സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നു
“സാര്‍ അവിടെ “ മാധവന്‍ മരിച്ചുകിടക്കുന്ന ഡോക്ടര്‍ നരേന്‍റെ അടുത്തേയ്ക്ക് വഴികാട്ടി. മരിച്ചുകിടക്കുന്ന ഡോക്ടര്‍ നരേന്‍റെ വശങ്ങളില്‍ പോലീസിന്‍റെ ചുവന്ന ടേപ്പുകൊണ്ട് ബാരിക്കേഡുകള്‍ തീര്‍ത്തിട്ടുണ്ടായിരുന്നു.കൈകൊണ്ട് ടേപ്പ് പതിയെ ഉയര്‍ത്തി ജീവന്‍ മരിച്ചുകിടക്കുന്ന ഡോക്ടര്‍ നരേന്‍റെ അടുത്തെത്തി.നരേന്‍റെ ശരീരത്തിന്‍റെ ചുറ്റും രക്തം തളം കെട്ടികിടക്കുന്നുണ്ടായിരുന്നു
“ബില്‍ഡിംഗിന്‍റെ മുകളില്‍നിന്നും താഴേയ്ക്ക് ചാടുകയായിരുന്നു “ ബില്‍ഡിംഗിന്‍റെ മുകളിലേയ്ക്ക് കൈചൂണ്ടി മാധവന്‍ ജീവനോട്‌ പറഞ്ഞു
“അച്ഛാ “ പെട്ടെന്ന് ഒരു നിലവിളിയോടെ ആള്‍ക്കുട്ടത്തിന്‍റെ മുന്നിലെ ബാരിക്കേഡ് തട്ടിമാറ്റി ഡോക്ടര്‍ നരേന്‍റെ അടുത്തേയ്ക്ക് കുതിച്ച പെണ്‍കുട്ടിയുടെ ശബ്ദം ജീവന്‍റെ കാതുകളില്‍ എത്തി.പക്ഷെ അപ്പോഴേയ്ക്കും ബാക്കിയുള്ള പോലീസ്സുകാര്‍ അവളെ ഡോക്ടര്‍ നരേന്‍റെ അടുത്തേയ്ക്ക് എത്തുന്നതില്‍ നിന്നും തടഞ്ഞിരുന്നു
“അച്ഛാ “ അവള്‍ വീണ്ടും അലറി
“ഡോക്ടര്‍ നരേന്‍റെ മകളാണ് ..പേര് ശാന്തി..ഇവിടെ തന്നെയാണ് അവള്‍ വര്‍ക്ക്‌ ചെയ്യുന്നതും “ മാധവന്‍ അവളെ ജീവന് പരിചയപ്പെടുത്തും പോലെ പറഞ്ഞു
“അപ്പോ ഭാര്യ ? “
“ഭാര്യ ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ആക്സിഡന്റില്‍ മരണപ്പെട്ടു “
“മം ..ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങള്‍ വല്ലതും അറിയാന്‍ കഴിഞ്ഞോ ? “ ജീവന്‍ മാധവനോട് ചോദിച്ചു
“കൃത്യമായൊരു കാരണം ലഭിച്ചില്ല സാര്‍ ..പക്ഷെ ഡോക്ടര്‍ നരേന്‍ മുന്‍പൊരിക്കല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട് “
“ഓ ആദ്യതവണയല്ല അപ്പോ “
“അല്ല സാര്‍ ..മാനസികമായ എന്തൊക്കെയോ പ്രശ്നങ്ങള്‍ അദ്ധേഹത്തിന് ഉണ്ടായിരുന്നുവെന്നാണ് അന്വേഷണത്തില്‍ മനസ്സിലായത് “ മാധവന്‍ പറഞ്ഞുതീരലും ഒരാള്‍ അവരുടെ അടുത്തേയ്ക്ക് നടന്നുവന്നു
“കിഷന്‍ ബോസ്സ് ..ഫാര്‍മ ലിങ്ക് ചെയര്‍മാന്‍ “ അയാള്‍ ഹസ്തദാനത്തിനായി ജീവനുനേരെ കൈകള്‍ നീട്ടി
“ജീവന്‍ അഗസ്റ്റിന്‍ “ ഹസ്തദാനം സ്വീകരിച്ചുകൊണ്ട് ജീവനും സ്വയം പരിചയപ്പെടുത്തി
“ഫാര്‍മ ലിങ്കിന്‍റെ നെടുംതൂണായിരുന്നു ഡോക്ടര്‍ നരേന്‍ “ മുഖത്തുവെച്ചിരുന്ന എസ്സലോറിന്‍റെ ഗ്ലാസ്‌ എടുത്ത് കണ്ണുകള്‍ തുടച്ചുകൊണ്ട് ദുഃഖം നിറഞ്ഞ സ്വരത്തില്‍ കിഷന്‍ ജീവനോട്‌ പറഞ്ഞു
“ഐ നോ കിഷന്‍ ..നിങ്ങളുടെ വിഷമം ഞാന്‍ മനസ്സിലാക്കുന്നു “
“എന്‍റെ ഭാഗത്തുനിന്ന് എന്തെങ്കിലും സഹായം ചെയ്തു തരെണ്ടതുണ്ടോ ? “
“താങ്ക്സ് കിഷന്‍ ..ആവശ്യമുണ്ടെങ്കില്‍ അറിയിക്കാം “
“സീ യൂ ദെന്‍ “ അത്രയും പറഞ്ഞുകൊണ്ട് കിഷന്‍ അവിടെനിന്നും പോയി
“ഡോക്ടര്‍ നരേന്‍റെ കൂടെ ജോലി ചെയ്തവരുടെ മൊഴിയും മകളുടെ മൊഴിയും എടുത്ത ശേഷം ബാക്കി നടപടികള്‍ ചെയ്ത് നാളെ എനിയ്ക്ക് റിപ്പോര്‍ട്ട്‌ സമര്‍പ്പിയ്ക്ക് അതുപോലെ നേരത്തെ പറഞ്ഞില്ലേ ഡോക്ടര്‍ നരേന്‍റെ മാനസിക പ്രശ്നങ്ങളെ പറ്റി ? അതിനെപ്പറ്റിയും ഒന്ന് അന്വേഷിക്കണം മാധവന്‍ “
“ശരി സര്‍ “
-------------------
മൂന്നുമാസങ്ങള്‍ക്ക് ശേഷമുള്ള ഒരു പകല്‍
അസഹ്യമായ തലവേദനയെ തുടര്‍ന്നു ഹാഫ് ഡേ ലീവ് എടുത്ത് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു മഹിമ.ബസ്സ് സ്റ്റാന്‍ഡില്‍ ബസ്സിറങ്ങിയ ശേഷം സീബ്രാ ലൈനിലൂടെ റോഡ്‌ ക്രോസ് ചെയ്യുന്നതിനിടയിലാണ് അവളുടെ കാതുകളില്‍ ആരോ മന്ത്രിക്കുന്ന പോലെയുള്ള ശബ്ദം അവള്‍ കേള്‍ക്കുന്നത്.അവള്‍ സംശയത്തോടെ പിന്നിലേയ്ക്ക് നോക്കി.പക്ഷെ അവളുടെ പിറകില്‍ വേറെയാരും ഉണ്ടായിരുന്നില്ല .കഷ്ടി രണ്ടടി മുന്നോട്ട് വെച്ചുകാണും .വീണ്ടും ആ ശബ്ദം അവളുടെ കാതില്‍ എത്തി.
“നീ മരിക്കേണ്ടവളാണ്..നിന്നെ ഞങ്ങള്‍ കൊല്ലും “ അവളുടെ കാതില്‍ ആ ശബ്ദം വീണ്ടുംവീണ്ടുമായി വന്നുകൊണ്ടിരുന്നു.അവള്‍ ഭയത്തോടെ എങ്ങനെയൊക്കെയോ റോഡ്‌ മുറിച്ചുകടന്നു.അപ്പോഴും ആ ശബ്ദം അവളുടെ കാതുകളില്‍ നിന്ന് പോയിട്ടുണ്ടായിരുന്നില്ല.പതിയെ പതിയെ ആ ശബ്ദത്തിന്‍റെ ആവൃത്തിയും ഉയര്‍ച്ചയും കൂടിവന്നത് അവള്‍ അറിഞ്ഞു.കൈയ്യിലുണ്ടായിരുന്ന ബാഗ്‌ നിലത്തേയ്ക്ക് ഇട്ടുകൊണ്ട്‌ രണ്ടുകൈകൊണ്ടും അവള്‍ ചെവി അടച്ചുപിടിച്ചു.അപ്പോള്‍ ആ ശബ്ദം നിലച്ചപ്പോള്‍ അവള്‍ക്ക് ആശ്വാസമായി.അവള്‍ പതിയെ കൈകള്‍ ചെവിയില്‍ നിന്ന് വിടുവിച്ചു.പക്ഷെ ആ ശബ്ദം വീണ്ടും അവളുടെ കാതില്‍ പ്രതിഫലിച്ചുനിന്നു
“നീ മരിക്കേണ്ടവളാണ്..നിന്നെ ഞങ്ങള്‍ കൊല്ലും” എന്താണ് അവള്‍ക്ക് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ അവള്‍ വീണ്ടും ചെവി അടച്ചുപിടിച്ചു.അവളുടെ മുഖത്തെ ഭാവം പതിയെ അവള്‍ പോലും അറിയാതെ മാറുവാന്‍ തുടങ്ങിയിരുന്നു അപ്പോള്‍
---------------------
വളരെ ധൃതിയിലാണ് മാധവന്‍ ജീവന്‍റെ റൂമിലേയ്ക്ക് വന്നത്
“സാര്‍ ട്രാഫിക്കില്‍ നിന്നൊരു കോള്‍ ..ടൌണില്‍ ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി ഒരു പെണ്‍കുട്ടി ..ടൌണ്‍ മൊത്തം അവള്‍ കാരണം ബ്ലോക്കായിരിക്കുകയാണ് ..റോഡില്‍ നിന്ന് അവളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചവര്‍ക്കെതിരെ അവള്‍ കത്തികൊണ്ട് വീശിയത്രെ “
“ഓ ഗോഡ്..മാധവേട്ടാ എന്നാല്‍ ഇപ്പോതന്നെ പുറപ്പെടാം “
നിമിഷനേരങ്ങള്‍ക്കുള്ളില്‍ ജീവനും മാധവനും ടൌണില്‍ എത്തി.റോഡിന് മധ്യത്തിലായി ഒരു ആള്‍ക്കൂട്ടം തന്നെയുണ്ടായിരുന്നു അപ്പോള്‍ .വാഹനങ്ങളെല്ലാം മുന്നോട്ട് പോകാന്‍ കഴിയാതെ ആ ഗതാഗതകുരുക്കില്‍ പെട്ടുകിടക്കുകയായിരുന്നു ആ സമയം .ക്ഷമ നശിച്ച ചില യാത്രക്കാര്‍ വാഹനങ്ങളില്‍ നിന്ന് ഹോണുകളും മുഴക്കുന്നുണ്ട്‌.ജീവനും മാധവനും ആ ആള്‍ക്കൂട്ടത്തിലൂടെ മുന്നിലേയ്ക്ക് നടന്നു.
“ഹേയ് സ്റ്റോപ്പ്‌ “ ആള്‍ക്കൂട്ടത്തിന്‍റെ മധ്യത്തലായി നിന്നിരുന്ന പെണ്‍കുട്ടിയെ നോക്കിക്കൊണ്ട്‌ ജീവന്‍ പറഞ്ഞു.മുഖത്ത് അലക്ഷ്യമായി വീണുകിടക്കുന്ന അവളുടെ മുടിയിഴകളുടെ ഉള്ളിലൂടെ അവളുടെ മുഖത്തിന്‍റെ ഭാവമാറ്റം ജീവന്‍ ശ്രദ്ധിച്ചു.അവള്‍ മറ്റൊന്നും ആലോചിക്കാന്‍ നില്‍ക്കാതെ കൈയ്യിലുണ്ടായിരുന്ന കത്തി ജീവന് നേരെ വീശി .ജീവന്‍ അതില്‍നിന്നും പെട്ടെന്ന് ഒഴിഞ്ഞുമാറി
“അടുക്കരുത് “ അവള്‍ ഒരു താക്കീതു പോലെ ജീവനെ നോക്കിപറഞ്ഞു
“പ്ലീസ്സ് ..ദയവായി നിങ്ങള്‍ കത്തി താഴെയിടൂ “ ജീവന്‍ ആ പെണ്‍കുട്ടിയോട് പറഞ്ഞു
“ഇല്ല ..സാധ്യമല്ല “ അവള്‍ അലറികൊണ്ട് പറഞ്ഞു.പെട്ടെന്ന് ആള്‍ക്കൂട്ടത്തിലുണ്ടായിരുന്ന ഒരാളുടെ ഷര്‍ട്ടിന്‍റെ കോളറില്‍ കയ്യറിപ്പിടിച്ച് അയാളുടെ കഴുത്തില്‍ അവള്‍ കത്തിവെച്ചു
“ഒരടികൂടി മുന്നോട്ടുവെച്ചാല്‍ ഞാന്‍ ഇയാളെ കൊല്ലും “ അയാളുടെ കഴുത്തില്‍ കത്തി വെച്ച് അവള്‍ ജീവനോട്‌ പറഞ്ഞു
“ഹേയ് സ്റ്റോപ്പ്‌ ..നിങ്ങള്‍ ആരെന്ന് എനിയ്ക്കറിയില്ല ..നിങ്ങളുടെ പ്രശ്നം എന്താണെന്നും അറിയില്ല ..അതെന്തുതന്നെയായാലും പരിഹരിക്കുന്നതിന് ഞാന്‍ നിങ്ങളെ സഹായിക്കാം ..പ്ലീസ് നിങ്ങള്‍ അയാളെ ഉപദ്രവിക്കരുത് “ജീവന്‍ ഒരു അപേക്ഷ പോലെ അവളോട്‌ പറഞ്ഞു
“നിങ്ങള്‍ പരിഹരിക്കുമോ ? “ അയാളുടെ കഴുത്തില്‍ വെച്ചിരുന്ന കത്തി പതിയെ മാറ്റിക്കൊണ്ട് അവള്‍ ചോദിച്ചു
“യെസ് ഐ പ്രോമിസ് ..ഞാന്‍ നിങ്ങളെ സഹായിക്കാം “
അവള്‍ ഒരുനിമിഷം എന്തോ ആലോചിച്ചു നിന്നു
“ഞാന്‍ വാക്കുതന്നില്ലേ ..ഇനി അയാളെ വിടൂ “
ജീവന്‍ പറഞ്ഞത് അനുസരിക്കും പോലെ അവള്‍ അയാളുടെ കഴുത്തില്‍ നിന്ന് പൂര്‍ണമായി കത്തിയെടുത്തു അതിനുശേഷം അയാളുടെ കോളറില്‍ നിന്നും കൈകള്‍ വിടുവിച്ചു
“ഗുഡ് ..ഇനി കത്തി താഴെയിടൂ “ ജീവന്‍ വീണ്ടും അവളോട്‌ പറഞ്ഞു.അതിന് അവള്‍ ജീവന്‍റെ മുഖത്തേയ്ക്ക് നോക്കി ചിരിച്ചു
“ഞാന്‍ പറഞ്ഞില്ലേ ..നിങ്ങളെ ഞാന്‍ സഹായിക്കാം ..ദയവായി കത്തി താഴെയിടൂ “
അവള്‍ പെട്ടെന്ന് കൈകള്‍കൊണ്ട് ചെവി അടച്ചുപിടിച്ചു
“ഇല്ല നിങ്ങള്‍ക്ക് എന്നെ സഹായിക്കാന്‍ കഴിയില്ല ..അവര്‍ എന്നെ കൊല്ലും ..ഞാന്‍ മരിക്കേണ്ടവാളാണ് “ വളരെ നിസ്സഹായതൊടെ അവള്‍ ജീവനോട് പറഞ്ഞു
“അങ്ങനെയൊന്നും ചിന്തിക്കരുത് ..എല്ലാത്തിനും പരിഹാരമുണ്ട് എനിയ്ക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയും “ ജീവന്‍ ഒരു ചുവട് മുന്നോട്ട് വെച്ചുകൊണ്ട് പറഞ്ഞു
“ഇല്ല ആര്‍ക്കും എന്നെ രക്ഷിക്കാന്‍ കഴിയില്ല ..അവര്‍ എന്നെ കൊല്ലും ഞാന്‍ മരിക്കേണ്ടവളാണ് “ അവള്‍ അത്രയും പറഞ്ഞശേഷം അവളുടെ കൈയ്യിലുണ്ടായിരുന്ന കത്തി അവളുടെ വയറ്റിലേയ്ക്ക് കുത്തിയിറക്കി
(തുടരും )

ആറാം ഇന്ദ്രിയം

Image may contain: 1 person, car
നല്ല കാറ്റും മഴയുമുള്ള ഒരു രാത്രിയായിരുന്നു അന്ന് .വലിയ ശബ്ദത്തോടെ ഭീതിജനിപ്പിച്ച ഇടിയ്ക്ക് മുന്നോടിയായി അവതരിച്ച മിന്നലിന്റെ പ്രകാശത്തില്‍ അയാളുടെ ചുവടുകള്‍ തെല്ലും സംശയംമില്ലാതെ മുന്നോട്ട് നടന്നു .ഇരുട്ടില്‍ നിന്ന് പ്രതിധ്വനിച്ചെത്തിയ നായക്കളുടെ ഓരിയിടലിന്‍റെ ശബ്ദം ചെവിയില്‍ എത്തിയപ്പോഴാണ് സമയം പാതിരാത്രിയോട് അടുത്തിരുന്ന കാര്യം അയാള്‍ ഓര്‍ത്തത് .പള്ളിയ്ക്ക് ഓരമായി ചേര്‍ത്തുക്കെട്ടിയ വികാരിയച്ചന്റെ മുറിയിലെ സിഎഫെല്‍ ബള്‍ബിന്റെ വെളിച്ചം പകുതിമാത്രം അടച്ചിട്ടിരുന്ന ജനലൊന്നിലൂടെ നേര്‍ത്തപോലെ പുറത്തേയ്ക്ക് വരുന്നുണ്ടായിരുന്നു അപ്പോള്‍ .അടച്ചിട്ടിരുന്ന മുറിയുടെ വാതിലിന്‍റെ മുകളില്‍ അയാള്‍ പതിയെ രണ്ടുതവണ കൈകൊണ്ട് തട്ടി.അകത്താരുമില്ലെന്ന് മനസ്സിലാക്കിയ അയാളുടെ മുഖത്ത് നിരാശ വിരുന്നെത്തിയെങ്കിലും അതത്രയും കാര്യമാക്കാതെ അയാള്‍ പള്ളി സെമിത്തേരി നോക്കി നടന്നു.കാറ്റിന്റെ ശക്തിയില്‍ സെമിത്തേരിയ്ക്ക് പിറകിലെ മരങ്ങള്‍ ഇടത്തോട്ടും വലത്തോട്ടുമായി ആടുന്നത് മിന്നലിന്റെ വെളിച്ചത്തില്‍ ഒരു നിമിഷം അയാള്‍ നോക്കിനിന്നെങ്കിലും പിന്നീട് എന്തോ പിറുപിറുത്തുകൊണ്ട് അയാള്‍ മുന്നോട്ട് നടന്നു.ഏകദേശം സെമിത്തേരിയുടെ മധ്യഭാഗത്തോളം നടന്ന അയാള്‍ എത്തിച്ചേര്‍ന്നത് കറുത്തനിറമുള്ള മാര്‍ബിള്‍ കൊണ്ടുതീര്‍ത്ത ശവക്കല്ലറയുടെ മുന്നിലാണ്.മഴയുടെ ശക്തിയാല്‍ ആ കല്ലറയുടെ മുകളിലെ പൂച്ചെണ്ടുകളും പൂക്കളും ചിതറിക്കിടക്കുന്നുണ്ടായിരുന്നു.ചിതറിക്കിടന്നിരുന്ന ചുവന്ന റോസാപ്പൂക്കളുടെ കെട്ടില്‍ നിന്നൊരു പൂ അയാള്‍ കൈയ്യിലെടുത്തു .അതിന്‍റെ ഇതളുകള്‍ പകുതിമാത്രമേ വാടിയിട്ടുണ്ടായിരുന്നുള്ളൂ
“പകുതിയെ വാടിയിട്ടുള്ളൂ, പരേതനെന്ന മേല്‍വിലാസത്തിലായിട്ടു അധികനേരമായിട്ടില്ല “ റോസാപ്പൂ മൂക്കിനോട് ചേര്‍ത്തുപ്പിടിച്ചുകൊണ്ട് അയാള്‍ പറഞ്ഞു.
കൈകള്‍ക്കൊണ്ട് കല്ലറയുടെ മുകളിലെ അവശേഷിച്ച പൂച്ചെണ്ടുകളും പൂക്കളും നീക്കിയശേഷം അയാള്‍ ആ കല്ലറയുടെ മുകളിലായി ഇരുന്നു.ആ സമയം മഴ പൂര്‍ണ്ണമായും പെയ്തൊഴിഞ്ഞിരുന്നു പക്ഷെ കാറ്റ് അപ്പോഴും ശക്തമായി വീശി അടിക്കുന്നുണ്ടായിരുന്നു.ആ തണുത്ത കാറ്റിന് തന്‍റെ ശരീരത്തിനെ മരവിപ്പിക്കാനുള്ള കരുത്തുണ്ടെന്ന് അയാള്‍ക്ക് തോന്നി . കല്ലറയുടെ മുകളിലായി ഇരുന്ന അയാളുടെ നോട്ടം വികാരിയച്ചന്‍റെ മുറിയിലേയ്ക്കായിരുന്നു ചെന്നെത്തിയിരുന്നത്.
“മിസ്റ്റര്‍ ഫിലിപ്പ് നിങ്ങളുടെ കഥകള്‍ പഴഞ്ചനും ആവര്‍ത്തന വിരസതയുള്ളവാക്കുന്നതുമായിരിക്കുന്നു. ഇനിയും നിങ്ങളുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ എനിയ്ക്ക് ബുദ്ധിമുട്ടുണ്ട് “ പ്രസാധകന്‍റെ ധാര്‍ഷ്ട്യം നിറഞ്ഞ ശബ്ദം പുറത്തെ കനത്ത ഇടിവെട്ടലിന്‍റെ ശബ്ദത്തിലും അയാളുടെ ചെവിയില്‍ കൃത്യമായി പ്രതിഫലിച്ചു നിന്നു ആ നിമിഷം
“ഭീതിയുളവാക്കുന്ന അനുഭവങ്ങള്‍ക്കൊണ്ട് ഭീതിനിറഞ്ഞൊരു കഥയെഴുതണം “ കൈയ്യിലുണ്ടായിരുന്ന റോസാപ്പൂ വലിച്ചെറിഞ്ഞുക്കൊണ്ട് വളരെ പ്രതീക്ഷ നിറഞ്ഞ മനോഭാവത്തോടെ അയാള്‍ പറഞ്ഞു.
പെട്ടെന്നാണ് ഒരു നായ ഇരുട്ടില്‍നിന്നും അയാളുടെ മുന്നിലേയ്ക്ക് ചാടിവന്നത് .അപ്രതീക്ഷിതമായ നായയുടെ വരവ് അയാളില്‍ ഭയമുണര്‍ത്തി .അയാള്‍ ദ്രുതവേഗത്തില്‍ കല്ലറയുടെ മുകളില്‍നിന്നും പിന്നിലേയ്ക്ക് ചാടിമാറി.നായ അയാളുടെ കണ്ണുകളിലെയ്ക്ക് തുറിച്ചുനോക്കിക്കൊണ്ട് കുരയ്ക്കാന്‍ തുടങ്ങി.അത് പതിയെ ചുവടുകള്‍വെച്ചുകൊണ്ട് അയാളുടെ അടുത്തേയ്ക്ക് നടന്നു.അതിനനുസരിച്ച് അയാളുടെ ചുവടുകളും പിന്നിലേയ്ക്ക് നീങ്ങി .മിനുസമുള്ള മാര്‍ബിള്‍ കല്ലറയുടെ മുകളില്‍ നിന്ന് തെന്നിവീഴാതിരിക്കാന്‍ അതിന്‍റെ മുകളിലെ കുരിശില്‍ രണ്ടുകൈകള്‍ കൊണ്ടും മുറുകെപ്പിടിച്ചിട്ടുണ്ടായിരുന്നു അയാള്‍.ശേഷം നായയെ ഓടിയ്ക്കാനായി ശൂന്യമായ കൈകൊണ്ട് എന്തോ എറിയുമ്പോലെ കൈകൊണ്ട് ആംഗ്യം കാണിച്ചെങ്കിലും ഒരിഞ്ചുപോലും അനങ്ങാതെ നായ അയാളുടെ മുഖത്തോട്ട് നോക്കി കുരച്ചുകൊണ്ടിരുന്നു.ആ തണുത്ത കാറ്റിലും അയാളുടെ ശരീരം വിയര്‍ക്കുന്നത് അയാള്‍ അറിഞ്ഞു .പണ്ടെങ്ങോ സണ്‍‌ഡേ ക്ലാസ്സില്‍ പഠിച്ച ദാവിദിന്‍റെ സങ്കീര്‍ത്തനങ്ങള്‍ അയാളുടെ മസ്തിഷ്കത്തില്‍ അയാളോടുപോലും അനുവാദം ചോദിക്കാതെ ഒരു ഉണര്‍ത്തുപ്പാട്ടുപോലെ മന്ത്രിക്കാന്‍ തുടങ്ങി
“കൂരിരുള്‍ താഴ്വരയില്‍കൂടി നടന്നാലും ഞാന്‍ ഒരു അനര്‍ത്ഥവും ഭയപ്പെടുകയില്ല നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ നിന്‍റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു “ അയാളുടെ അലറികൊണ്ടുള്ള ശബ്ദം ഇടിയുടെ ശബ്ദത്തില്‍ പൂര്‍ണ്ണമായും ലയിച്ചുപോയിരുന്നു.നായ പെട്ടെന്ന് കുരച്ചില്‍ അവസാനിപ്പിച്ച ശേഷം അയാളുടെ മുഖത്തേക്ക് വീണ്ടും നോക്കിനിന്നു.ആ നിമിഷം അയാള്‍ ദീര്‍ഘമായി ഒന്ന് നിശ്വസിച്ചു.ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം അയാള്‍ ആകാശത്തിലേയ്ക്ക് നോക്കി പ്രകൃതി മാറുവാന്‍ തുടങ്ങിയിരിക്കുന്നു കാര്‍മേഘങ്ങള്‍ ഇരുണ്ടുകൂടി ചന്ദ്രന്‍റെ നൂറുങ്ങുവെട്ടത്തെ മുഴുവനായി മറച്ചു.തുടരെ തുടരെ മിന്നലും അതിന് പിറകെ ശക്തമായി മഴയും പെയ്യാന്‍ തുടങ്ങി.നായ അയാളുടെ മുഖത്ത് നിന്ന് കണ്ണുകളെടുത്ത് സെമിത്തേരിയ്ക്ക് പിറകിലെ വൃക്ഷങ്ങള്‍ക്കിടയിലേയ്ക്ക് നോക്കി.നായ നോക്കിയപോലെ അയാളും ആ ദിശയിലേയ്ക്ക് നോക്കി.വൃക്ഷങ്ങള്‍ക്കിടയില്‍ ഒരു അനക്കം .അത് കണ്ട അയാളുടെ ഉള്ളില്‍ പുറത്തു മിന്നിമറയുന്ന മിന്നലിന്‍റെ ശക്തിയെക്കാള്‍ പതിമടങ്ങ്‌ ശക്തിയില്‍ ഒരു കൊള്ളിയാന്‍ മിന്നി.നായ വീണ്ടും അയാളെ നോക്കി അതിനുശേഷം ഒരു പ്രത്യേകരീതിയില്‍ ഒരു ശബ്ദമുണ്ടാക്കി ഇരുട്ടിലേക്ക് മറഞ്ഞു.അയാള്‍ അപ്പോഴും അനക്കം കേട്ട വൃക്ഷങ്ങളുടെ ദിശയില്‍ നോക്കിനില്‍ക്കുകയായിരുന്നു.അനക്കം കേട്ട ആ വൃക്ഷങ്ങള്‍ക്കിടയില്‍ തൂവെള്ള വസ്ത്രത്തില്‍ ഒരു രൂപം അയാള്‍ക്ക് ദൃശ്യമായി .ആ നിമിഷം അയാളുടെ ശരീരം തളരുന്നതും തൊണ്ടവരളുന്നതും അയാള്‍ അറിഞ്ഞു.ഉറക്കെ അലറിക്കരഞ്ഞാലോ എന്നൊരു തവണ ആലോചിച്ചെങ്കിലും ഭയത്താല്‍ മൂടപ്പെട്ട അയാളുടെ ചുണ്ടകള്‍ ഒന്ന് മൂളാന്‍ പോലും കഴിയാതെ സ്തംഭിച്ചിരുന്നു .തൂവെള്ള വസ്ത്രത്തിലെ രൂപം അയാളുടെ മുന്നിലേയ്ക്ക് വന്നുകൊണ്ടിരുന്നു.ഭയത്താല്‍ കഴുത്തില്‍ കിടന്നിരുന്ന കൊന്തയിലെ കുരിശിലെയ്ക്ക് അയാള്‍ കൈകൊണ്ട് പോയപ്പോഴാണ് കൊന്ത എവിടെയോ നഷ്ടപ്പെട്ടുപ്പോയെന്നുള്ള കാര്യം അയാള്‍ മനസ്സിലാക്കിയത്.പെട്ടെന്നുള്ള മിന്നലില്‍ അയാള്‍ ആ തൂവെള്ള വസ്ത്രത്തിന്‍റെ മുഖം കണ്ടു .ഒരു പുരുഷ രൂപമായിരുന്നു അത് .ആ രൂപം കണ്ട് അയാള്‍ ആ കല്ലറയുടെ മുകളില്‍ നിന്ന് താഴേയ്ക്ക് തെറിച്ചുവീണു.നിലത്തുനിന്നു എഴുന്നേല്‍ക്കുന്നതിനിടയിലാണ് ഒരു വലിയ ചിറകടി ശബ്ദത്തോടെ ഒരു വവ്വാല്‍ അയാളുടെ തലയുടെ മുകളിലൂടെ പറന്നുപോയത്.വീണ്ടും തെറിച്ചുവീഴാതെയിരിക്കാന്‍ കല്ലറയുടെ മുകളിലെ കുരിശില്‍ മുറുകെപ്പിടിച്ചു.അപ്പോഴേക്കും ആ പുരുഷ രൂപം അയാളുടെ മുന്നില്‍ എത്തിയിരുന്നു.ഭയന്നുവിറച്ചു നില്‍ക്കുന്ന അയാളെ നോക്കി ആ പുരുഷ രൂപം ഒന്നു മന്ദഹസിച്ചു.
“ഭയക്കാതെ ഫിലിപ്പ് “ ആ രൂപം അയാളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.ഭയത്താല്‍ വിറച്ചുനില്‍ക്കുന്ന അയാള്‍ മറുപടി പറയാത്തതുകൊണ്ട് ആ പുരുഷ രൂപം തുടര്‍ന്നു
“ഭയക്കാതെ ഫിലിപ്പ് ഞാന്‍ മനുഷ്യനാണ് അല്ലാതെ ..” രൂപം വാചകം മുഴുവനാക്കാതെ നിറുത്തി
അയാള്‍ കല്ലറയുടെ മുകളിലെ കുരിശില്‍ നിന്ന് പതുക്കെ പിടിയഴച്ചുകൊണ്ട് പുരുഷ രൂപത്തിന്‍റെ മുഖത്തേയ്ക്ക് ഒരു സംശയത്തോടെ നോക്കി
“ഇനിയും ഭയം മാറിയില്ലേ ? “ പുരുഷ രൂപം വീണ്ടും ചോദിച്ചു
“നിങ്ങളാരാ ..നിങ്ങള്‍ക്ക് എങ്ങനെ എന്‍റെ പേരറിയാം ? “ അയാള്‍ പുരുഷ രൂപത്തോട് ചോദിച്ചു .അതിന് പുരുഷ രൂപം ഒന്ന് ചിരിച്ചുകൊണ്ട് അയാള്‍ ഇരുന്നിരുന്ന കല്ലറയിലേയ്ക്ക് കൈചൂണ്ടി .അയാള്‍ പുരുഷ രൂപം കൈചൂണ്ടിയ ഭാഗത്തേക്ക് നോക്കി.കല്ലറയുടെ മുകളില്‍ എഴുതിയിരിക്കുന്നത് അയാള്‍ വായിച്ചു
“ഫിലിപ്പ് ഇമ്മാനുവേല്‍ “ ഒരു ഞെട്ടലോടെയാണ് അയാള്‍ അത് വായിച്ചത്
“ഞാന്‍ പള്ളിവികാരി ഫാദര്‍ റോയി .ഇന്ന് ഉച്ചയ്ക്ക് നിങ്ങളെ ഞാനാണ് ഇവിടെ അടക്കംചെയ്തത് “ പുരുഷ രൂപം മന്ദഹസിച്ചുകൊണ്ട് പറഞ്ഞു
കാറ്റ് വീണ്ടും ആര്‍ത്തിരമ്പി അടിയ്ക്കാന്‍ തുടങ്ങി .മഴ വീണ്ടും ശക്തമായി പെയ്യാന്‍ തുടങ്ങി
(അവസാനിച്ചു )

രക്തപവിഴം-ഭാഗം 6


“ശരിക്കും ഇവിടെ ഉദേശിക്കുന്നത് വീട് എന്നല്ലേ ..ആ രണ്ടു ആളുകളെ ശ്രദ്ധിച്ചോ അവരുടെ കൈയ്യിലെ ആയുധം കുന്തമാണ് അങ്ങനെയെങ്കില്‍ രണ്ടു പടയാളികളായി അവരെ കാണാം ..വീടിന് കാവല്‍ നില്‍ക്കുന്ന പടയാളികള്‍ അല്ല അവര്‍ ..മറിച്ച് കൊട്ടാരത്തിന് കാവല്‍ നില്‍ക്കുന്ന പടയാളികളാണ് അതുകൊണ്ട് അത് വീടുമല്ല രാജകൊട്ടരമാണ്..പിന്നെ ഒരേപോലെയിരിക്കുന്ന ഈ മൃഗങ്ങള്‍ സിംഹമാണ് ..കൊട്ടാരത്തിന് അകത്തുള്ള സിംഹങ്ങളെ എവിടെയാണ് കാണുക ?..രാജാവിന്റെ സിംഹാസനം ..സിംഹാസനത്തിന്‍റെ മധ്യത്തിലെ വാള്‍ ഒന്നുകില്‍ രാജാവിനെ ആയിരിക്കണം സൂചിപ്പിക്കുന്നത് ..അല്ലെങ്കില്‍ അവിടെ ആയിരിക്കണം നമ്മള്‍ തേടുന്ന രക്തപവിഴവും കാരണം അതാണ് നമ്മുടെ അവസാനത്തെ ക്ലൂ ..അപ്പോ എങ്ങനെയാ പുറപ്പെടുകയല്ലേ അമ്മാവാ ? “ ചാര്‍ളി പോളിനോട് ചോദിച്ചു
പോളും സമന്യയും മുഖത്തോടുമുഖം നോക്കി
“അപ്പോ സമന്യ പറഞ്ഞുതന്ന എല്ലവിവരങ്ങള്‍ക്കും വളരെ നന്ദി ..ഞങ്ങള്‍ ഇറങ്ങുകയാണ് “മേശപ്പുറത്തിരുന്ന മാപ് മടക്കി സമന്യയെ നോക്കികൊണ്ട്‌ പോള്‍ പറഞ്ഞു
“പോകട്ടെ ..”ചാര്‍ളിയും അവളോട്‌ യാത്രപറഞ്ഞു .
“ഉറപ്പാണോ നിങ്ങള്‍ക്ക് രക്തപവിഴം എടുക്കാന്‍ സാധിക്കുമോ ? “ അവള്‍ പോളിനെ നോക്കി ചോദിച്ചു .ചാര്‍ളി പോളിനെ നോക്കി
“എനിയ്ക്ക് തോന്നുന്നത് നിങ്ങള്‍ക്ക് സാധിക്കില്ല എന്നാണ് ..ഒരു പക്ഷേ നിങ്ങള്‍ക്ക് അത് കണ്ടെത്താനാവും പക്ഷെ അതില്‍ സ്പര്‍ശിക്കാനാവില്ല “ അവള്‍ ചിരിച്ചുകൊണ്ട് ചാര്‍ളിയോട് പറഞ്ഞു.എന്തോ ആലോചിച്ചശേഷം ചാര്‍ളി പോളിനെ നോക്കികൊണ്ട്‌ പറഞ്ഞു
“യെസ് അമ്മാവാ ..കന്യകമാര്‍ക്ക് അല്ലാതെ മറ്റാര്‍ക്കും അതില്‍ സ്പര്‍ശിക്കാന്‍ ആവില്ലല്ലോ ..അതല്ലാതെ ആര് സ്പര്‍ശിച്ചാലും കരിനാഗത്തിന്‍റെ വിഷം കൊണ്ട് മരിക്കുമെന്നല്ലേ “
“അതെ ..കന്യകയല്ലാതെ വേറെയാരും സ്പര്‍ശിച്ചാല്‍ വിഷം തീണ്ടി മരിയ്ക്കും ..അതുകൊണ്ട് നിങ്ങള്‍ക്ക് ഒരു കന്യകയെ ആവശ്യമാണ് “ സമന്യ ചാര്‍ളിയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
“മം ..അമ്മാവാ നമ്മുടെ വണ്ടിയ്ക്ക് അകത്ത് ഒരാള്‍ക്ക് കൂടെ കയറാനുള്ള സ്ഥലമുണ്ടാകില്ലേ ? “ ചാര്‍ളിയുടെ ചോദ്യത്തിന് പോള്‍ ഉണ്ടെന്ന് തലയാട്ടി
“പോരുന്നോ ഞങ്ങളുടെ കൂടെ “ ഒരു സിനിമ ഡയലോഗ് പോലെ ചാര്‍ളി അവളോട്‌ ചോദിച്ചു
--------------------------------
പോളിന്‍റെ വീട്
രക്തപവിഴം തേടിയുള്ള അവരുടെ അടുത്ത ഘട്ടത്തിന്‍റെ തയ്യാറെടുപ്പായിരുന്നു പോളിന്‍റെ വീട്ടില്‍ നടന്നുകൊണ്ടിരുന്നത്
മേശപ്പുറത്തായി രക്തപവിഴത്തിന്റെ മാപിനോപ്പം മറ്റൊരു മാപും നിവര്‍ത്തി വെച്ചുകൊണ്ട് ചാര്‍ളി അതിലേയ്ക്ക് നോക്കി നില്‍ക്കുകയായിരുന്നു. സമന്യയും പോളും അവന്‍റെ വശങ്ങളിലായി നിന്നുകൊണ്ട് ചാര്‍ളി നോക്കുന്നതുപോലെ മാപിലെയ്ക്ക് നോക്കിനിന്നു
“നമ്മുക്ക് തുടങ്ങേണ്ടത് ദ്വാരകയില്‍ നിന്നാണ് പക്ഷേ പ്രശ്നം എന്തെന്ന് വെച്ചാല്‍ ആറില്‍ കൂടുതല്‍ തവണദ്വാരക സമുദ്രത്താല്‍ നശിക്കപ്പെട്ടിട്ടുണ്ട് ഇന്ന് കാണുന്ന ദ്വാരകയാണെങ്കില്‍ ഏഴാമത്തെ പട്ടണമാണ് ..മാപില്‍ പറയുന്ന ദ്വാരക എന്നത് കൃഷ്ണഭഗവാന്‍ പണികഴിപ്പിച്ച ദ്വാരകയെ കുറിച്ചാണ് ..മഹാഭാരതം കഥാപ്രകാരം കൃഷ്ണഭഗവാന്റെ സ്വര്‍ഗാരോഹണത്തിന് ശേഷം കടലില്‍ മുങ്ങിപോയെന്നാണ് പറയുന്നത് “
“അതെ ..അതിന്‍റെ അവശിഷ്ടങ്ങളാണ് പിന്നീട് രണ്ടായിരത്തിയോന്നില്‍ കണ്ടെത്തിയത്..ഇപ്പോഴും അതിന്‍റെ റീസെര്‍ച്ച്‌ നടക്കുന്നുണ്ട് അവിടെ “ സമന്യ ചാര്‍ളിയോട് പറഞ്ഞു
“പുരാതന ദ്വാരക ഇപ്പോ വെള്ളത്തിന്‌ അടിയിലാണ് ..നമ്മുക്ക് തുടങ്ങേടത് അവിടെ നിന്നാണ് “
“അങ്ങനെയെങ്കില്‍ കടലിനടിയില്‍ പടിഞ്ഞാറ് മാറി അഞ്ച് പകലുകള്‍ നാല് രാത്രി ദൂരം കണ്ടെത്തുക എന്നത് അസാധ്യമാണ് ചാര്‍ളി “ പോള്‍ ചാര്‍ളിയോട് പറഞ്ഞു
“അതെ അമ്മാവാ ..കാര്യങ്ങള്‍ നമ്മള്‍ വിചാരിച്ചതിനെക്കാള്‍ കോംപ്ലിക്കേറ്റഡാണ്..അറബിക്കടലിലുള്ള ഉള്‍ക്കടല്‍ ആണ് ഘാംബട്ട് ഉള്‍ക്കടല്‍ ..സമന്യ പറഞ്ഞ പ്രകാരം ഇവിടെ ആയിരിക്കണം പുരാതന ദ്വാരകയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത് ..ഇതിന്‍റെ ഒരു കിലോമീറ്റര്‍ ഡയമീറ്റര്‍ ദൂരത്തിലായിരിക്കണം പുരാതന ദ്വാരക നിലന്നിരുന്നത് “ മാപിലെ അറബിക്കടല്‍ എന്ന് എഴുതിയിരിക്കന്ന ഭാഗത്തായി പെന്‍സില്‍ കൊണ്ട് മാര്‍ക്ക്‌ ചെയ്ത ശേഷം പോളിനോടും സമന്യയോടുമായി ചാര്‍ളി പറഞ്ഞു .ചാര്‍ളി ആ മാര്‍ക്കില്‍ കൈവിരല്‍ വെച്ചുകൊണ്ട് തുടര്‍ന്നു
“ഈ ചുറ്റളവില്‍ നിന്ന് പടിഞ്ഞാറു ഭാഗത്തേയ്ക്കായി നമ്മള്‍ നീങ്ങണം അതും അഞ്ച് പകലുകളും നാല് രാത്രികളും “
“പക്ഷേ ചാര്‍ളി ഈ കടലിനടിയിലെ അഞ്ച് പകലുകളും നാല് രാത്രികളും എങ്ങനെ അളക്കാനാവും നമ്മുക്ക് “പോള്‍ ചാര്‍ളിയോട് ചോദിച്ചു
“അത് ഈസിയാണ് അഞ്ച് പകലുകളും നാല് രാത്രിയും എന്ന് പറയുന്നത് നാല് ദിവസവും ഒരു പകലുമാണ് ..ഒരു ദിവസത്തില്‍ ഇരുപത്തിനാല് മണിക്കൂര്‍ ഒരു പകലില്‍ പന്ത്രണ്ട് മണിക്കൂറുകള്‍ ..ഇരുപത്തിനാല് ഇന്റ്റ്യൂ നാല് പ്ലസ്‌ പന്ത്രണ്ട് മണിക്കൂര്‍ ഈക്വൽ നൂറ്റിയെട്ട് മണിക്കൂര്‍..ഒരു ശരാശരി മനുഷ്യന് നടക്കാനാവുന്ന നടത്തത്തിന്റെ വേഗത ഫൈവ് കിലോമീറ്റര്‍ പെര്‍ അവര്‍ ..സൊ ഡിസ്റ്റൻസ് ഈക്വൽ സ്പീഡ് ഇന്റ്റ്യൂ ടൈം ..നൂറ്റിയെട്ട് ഇന്റ്റ്യൂ അഞ്ച് അഞ്ഞൂറ്റിനാല്പത് കിലോമീറ്റര്‍ ..ഒന്നൂടെ ക്ലിയര്‍ ആയി പറഞ്ഞാല്‍ ദ്വാരകയില്‍ നിന്ന് അഞ്ഞൂറ്റിനാല്പത് കിലോമീറ്റര്‍ ദൂരം പടിഞ്ഞാറ് നീങ്ങണം ..അതായത് ഇവിടെ നിന്ന് മുന്നൂറ്‌ നോട്ടിക്കല്‍ മൈല്‍ ദൂരം “ മാപില്‍ മറ്റൊരിടത്തായി പെന്‍സില്‍ കൊണ്ട് മാര്‍ക്ക്‌ ചെയ്ത ശേഷം ചാര്‍ളി പറഞ്ഞു
“പക്ഷേ ചാര്‍ളി പകലുകളുടെയും രാത്രികളുടെയും കണക്ക് ശരിയെന്ന് തോന്നുന്നില്ല ..ക്രിസ്തു വര്‍ഷത്തിലാണ് ഇരുപത്തിനാല് മണിക്കൂര്‍ ക്ലോക്ക് കണ്ടെത്തുന്നത് ..അതുപോലെതന്നെ നവീനശിലയുഗത്തിലെ പ്രധാന കണ്ടുപിടുത്തമായ ചക്രം ..ചക്രം കൊണ്ടുള്ള വാഹങ്ങള്‍ അന്ന് ഉണ്ടായിരുന്നു ..ചക്രം ദൂരം എന്ന തടസ്സത്തെ ഇല്ലായ്മ ചെയ്യുന്ന ഒന്നാണ് ..അഞ്ച് പകലുകളും നാല് രാത്രികള്‍ എന്നതും എന്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് നമ്മുക്ക് അറിയില്ല ..ചക്രം കൊണ്ടുള്ള വാഹങ്ങള്‍ ആണെങ്കില്‍ മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ എന്നുള്ളത് മറ്റെണ്ടാതായി വരും ... അതുപോലെ ഒരാളുടെ നടത്തത്തിന്റെ വേഗത അഞ്ച് കിലോമീറ്റര്‍ പെര്‍ അവര്‍ എന്ന് പറയുന്നതിലും വ്യതിയാനം ഉണ്ടാവാം ..നടത്തത്തിന്റെ വേഗത നടക്കുന്നയാളുടെ ഉയരം ,ഭാരം ,നടക്കുന്ന പ്രതലം തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയാണ് “
“അതെ ..ഞാന്‍ അതിലേയ്ക്ക് വരുകയായിരുന്നു സമന്യ..ദ്വാരകയില്‍ നിന്ന് പടിഞ്ഞാറ് മാറി മുന്നൂറ് നോട്ടിക്കല്‍ മൈല്‍ എന്നത് കൃത്യമായ ഒരു കോർഡിനേറ്റ് അല്ല ..ഈ കാണുന്ന സ്ഥലത്ത് നിന്ന് “ മാപിലെ മാര്‍ക്കില്‍ കൈവിരല്‍ വെച്ചുകൊണ്ട് ചാര്‍ളി തുടര്‍ന്നു
“ഈ കാണുന്ന സ്ഥലത്ത് നിന്ന് പത്തുകിലോമീറ്റര്‍ ഡയമീറ്റര്‍ ദൂരം അളവില്‍ നമ്മുക്ക് തിരയാം ..സമന്യ പറഞ്ഞ ദൂരത്തിന്റെ എല്ലാ വ്യതിയാനങ്ങളും ഈ പത്തുകിലോമീറ്റര്‍ ദൂരത്തില്‍പ്പെടും ..അതായത് ഈ പോയിന്റിന്‍റെ പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ നമ്മുക്ക് തിരയണം ..തകര്‍ന്ന രാജകൊട്ടരവും രാജാവിന്റെ സിംഹാസനവും നമ്മുക്ക് കണ്ടെത്തണം “ പോളും സമന്യയും മാപിലേയ്ക്ക് നോക്കിയതല്ലാതെ മറുപടി പറഞ്ഞില്ല
“പക്ഷേ അത് അത്രേ ഈസി ആയിരിക്കില്ല ചാര്‍ളി ..കോസ്റ്റ് ഗാര്‍ഡ്സിന്‍റെ കണ്ണുവെട്ടിച്ച്‌ അത്രയും ആഴത്തില്‍ തിരയുക എന്നത് അല്പം റിസ്ക് ആണ് ..എന്തെങ്കിലും സംശയം അവര്‍ക്ക് തോന്നിയാല്‍ ,പ്രത്യേകിച്ച് ചാര്‍ളിയുടെ ക്രിമിനല്‍ പശ്ചാത്തലം...മാത്രമല്ല നല്ല അടിയൊഴുക്കുള്ളതാണ് അറബിക്കടലിന്റെ ഭാഗമായ ഘാംബട്ട് ഉള്‍ക്കടല്‍ “ പോള്‍ ചാര്‍ളിയെ ഓര്‍മ്മിപ്പിക്കും പോലെ പറഞ്ഞു
“ശരിയാണ് അമ്മാവാ അല്പം റിസ്ക്‌ തന്നെയാണ്..ജോര്‍ദ്ദനെ സാലിയേറിയില്‍ നിന്ന് നമ്മുക്ക് രക്ഷിക്കണ്ടേ ? അതിന് ഇതല്ലാതെ വേറെ ഓപ്ഷന്‍ ഇല്ല അമ്മാവാ “ ചാര്‍ളി തുടര്‍ന്നു
“സമന്യയ്ക്ക് നീന്താന്‍ അറിയുമോ ? “ ചാര്‍ളി സമന്യയോട് ചോദിച്ചു .അവള്‍ അറിയുമെന്ന് തലയാട്ടി
--------------------------------
ഘാംബട്ട് ഉള്‍ക്കടല്‍ ,അറബിക്കടല്‍
പിറ്റേന്ന് തന്നെ അവര്‍ രക്തപവിഴം തേടിയുള്ള അവരുടെ യാത്ര ആരംഭിച്ചിരുന്നു.ചാര്‍ളിയുടെ ഒരു പഴയ ചങ്ങാതി വഴി ഒരു ബോട്ട് സങ്കടിപ്പിച്ചു കൊണ്ട് മാപിലെ സ്ഥലം ലക്ഷ്യമാക്കി അവര്‍ പുറപ്പെട്ടു
“അമ്മാവാ കോർഡിനേറ്റ് 22.23°W 68.97 °W ആന്‍ഡ്‌ 300 നോട്സ് സെറ്റ് ചെയ്യ്‌തോള്ളൂ “ ബോട്ട് ഓടിച്ചുകൊണ്ടിരുന്ന പോളിനോടായി ചാര്‍ളി പറഞ്ഞു
“സമന്യ ഭയം തോന്നുന്നുണ്ടോ ? “ബോട്ടില്‍ നിന്ന് വെള്ളത്തിലേയ്ക്ക് നോക്കി നില്‍ക്കുകയായിരുന്ന സമന്യയോട് ചാര്‍ളി ചോദിച്ചു
“ഇല്ല ചാര്‍ളി ..ഒരു പക്ഷേ പറഞ്ഞാല്‍ ചാര്‍ളി വിശ്വസിക്കില്ല ഒരു ആര്‍ക്കിയോളജിസ്റ്റ് ആവാനുള്ള എന്‍റെ ഇൻസ്പിറേഷൻ എന്തായിരുന്നു എന്നറിയാമോ ? “സമന്യ ചാര്‍ളിയോട് ചോദിച്ചു.ചാര്‍ളി അവളുടെ മുഖത്തേക്ക് നോക്കി നിന്നു
“ഇന്‍ഡ്യാനാ ജോണ്‍സ് “
“ഹാരിസണ്‍ ഫോര്‍ഡിന്റെ ഇന്‍ഡ്യാനാ ജോണ്‍സ് ? “ചാര്‍ളി ചിരിച്ചുകൊണ്ട് ചോദിച്ചു
“അതെ കുട്ടിക്കാലത്ത് ആ ചിത്രം കാണുമ്പോഴോക്കെ വലുതാകുമ്പോള്‍ ഇന്‍ഡിയെ പോലെ ആകണമെന്നായിരുന്നു ആഗ്രഹം “
“ഇപ്പോ ആ ആഗ്രഹം സാധിച്ചില്ലേ ? “
“മം ..അല്ല അങ്കിള്‍ പറയുന്നതുകേട്ടു ചാര്‍ളിയുടെ ക്രിമിനല്‍ പശ്ചാത്തലം എന്നൊക്കെ ? “ സമന്യ ചോദ്യം മുഴുവനാക്കാതെ ചോദിച്ചു
“ഓ അതോ ഞാന്‍ കുറച്ചുനാള്‍ ജയിലില്‍ ആയിരുന്നു ..അപ്പനായി വരുത്തിവെച്ച കടബാധ്യതകള്‍ തീര്‍ക്കാനായി വീടിന്‍റെ ആധാരം ബാങ്കില്‍ വെക്കേണ്ടി വന്നിരുന്നു..കിട്ടുന്ന വരുമാനം ബാങ്കിന്‍റെ തവണകള്‍ അടക്കാന്‍ കഴിയാതെ വന്നപ്പോള്‍ ബാങ്കുകാര്‍ ജപ്തി നോട്ടിസുമായി ഒരിക്കല്‍ വീട്ടില്‍ വന്നു..എന്തിന്റെയും ഡ്യൂപ്ലിക്കേറ്റ്‌ ഉണ്ടാക്കുന്നതില്‍ മിടുക്കനായിരുന്നു അപ്പന്‍ ..വീട് തിരിച്ചുപിടിക്കാന്‍ അപ്പന്‍റെ പണി ചെയ്യാന്‍ തീരുമാനിച്ചു ..പട്ട്യാല രാജാവിന്‍റെ നഷ്ടപ്പെട്ട നെക്ലസ് കണ്ടെത്തുന്നവര്‍ക്ക് ഉയര്‍ന്ന തുക പാരിതോഷികം നല്‍കുന്നുണ്ടെന്ന് എന്‍റെ അനിയന്‍ ജോര്‍ദ്ദന്‍റെ ഒരു ചങ്ങാതി വഴി അറിഞ്ഞു..ജോര്‍ദ്ദന്‍ വഴി നഷ്ടപ്പെട്ട പോയ നെക്ലേസിന്‍റെ രൂപ രേഖ ലഭിച്ചു..ഞാന്‍ അതിന്‍റെ ഡ്യൂപ്ലിക്കേറ്റ്‌ ഉണ്ടാക്കാന്‍ തീരുമാനിച്ചു ..പക്ഷേ അപ്പന്‍റെ അത്ര കഴിവ് മക്കള്‍ക്ക് കിട്ടിയിലെന്ന് വേണം പറയാന്‍ ..ടെസ്റ്റിംങ്ങില്‍ നെക്ലേസ് ഒറിജിനല്‍ അല്ലെന്ന് തെളിഞ്ഞു ..സര്‍ക്കാരിനെ ചീറ്റ് ചെയ്തെന്ന് പറഞ്ഞുകൊണ്ട് അവര്‍ എനിയ്ക്ക് എതിരെ വഞ്ചനകുറ്റത്തിന് കേസെടുത്തു ..എനിയ്ക്ക് ജയിലില്‍ കിടക്കേണ്ടി വന്നു “ ചാര്‍ളി പറഞ്ഞു അവസാനിപ്പിച്ചു
“ചാര്‍ളി ഈട്ടിഎ(ETA)..രണ്ട് മിനിറ്റ് ..ഗെറ്റ് റെഡി “ പോള്‍ ചാര്‍ളിയോട് പറഞ്ഞു
“സമന്യ രണ്ട് മിനിറ്റിനുള്ളില്‍ നമ്മള്‍ സ്ഥലത്തെത്തും ..ഈ സ്യൂട്ട് ധരിച്ചോള്ളൂ ഇതിലെ വയര്‍ലെസ്സ് മൈക്കിലൂടെ വെള്ളത്തിന്‍റെ അടിയില്‍ നമ്മുക്ക് പരസ്പരം സംസാരിക്കാന്‍ കഴിയും..അതുപോലെ ഈ ഓക്സിജന്‍ സിലിണ്ടര്‍ വഴി ഓക്സിജനും ലഭിക്കും “ സ്യൂട്ട് സമന്യയ്ക്ക് നല്‍കിക്കൊണ്ട് ചാര്‍ളി പറഞ്ഞു .അവള്‍ ചാര്‍ളിയെ ഒരു നിമിഷം നോക്കി നിന്നു
“ഹേയ് പേടിക്കേണ്ട ..ഞാനില്ലേ ? “ അവളുടെ കൈകള്‍ പിടിച്ചുകൊണ്ട് ചാര്‍ളി പറഞ്ഞു
“സ്ഥലമെത്തി ചാര്‍ളി “ബോട്ടിന്‍റെ എഞ്ചിന്‍ നിറുത്തിയ ശേഷം പോള്‍ ചാര്‍ളിയോട് പറഞ്ഞു
“അമ്മാവാ ..ഞങ്ങള്‍ റെഡിയാണ് ..ഈ വയര്‍ലെസ്സ് കൈയ്യില്‍ വെച്ചേയ്ക്ക് കോസ്റ്റ് ഗാര്‍ഡിന്‍റെ സാനിധ്യം ഉണ്ടായാല്‍ ഒന്ന് അറിയിച്ചേയ്ക്ക് “പോളിന്‍റെ കൈയ്യിലേയ്ക്ക് ഒരു വയര്‍ലെസ്സ്ടോക്കി നല്‍കികൊണ്ട് ചാര്‍ളി പറഞ്ഞു
“സമന്യ റെഡിയല്ലേ ? “ അവള്‍ റെഡിയെന്ന് തലയാട്ടി
“ത്രീ ..ടു ..വണ്‍ “ ചാര്‍ളി അത്രയും വെള്ളത്തിലേയ്ക്ക് എടുത്തുചാടി അതിന് പിന്നിലായി സമന്യയും കടലിന്‍റെ ആഴത്തിലേയ്ക്ക് ഊളയിട്ടു
(തുടരും )

Lijin

രക്തപവിഴം-ഭാഗം 5


“പക്ഷെ ശ്രീകൃഷ്ണഭഗവാനും നമ്മള്‍ തേടുന്ന രക്തപവിഴവുമായി എന്ത് ബന്ധം ? ഭഗവാന്‍റെ സ്വര്‍ഗാരോഹണം കഴിഞ്ഞു നൂറ്റാണ്ടുകള്‍ കഴിഞ്ഞില്ലേ അഗാധ രാജ്യം ഉണ്ടാവുന്നത് അതും കഴിഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞില്ലേ അശോക ചക്രവര്‍ത്തി അഗാധയെ ആക്രമിക്കുന്നതും ?” സമന്യ സംശയത്തോടെ അവളോട്‌ ചോദിച്ചു
“ഞാന്‍ നേരത്തെ പറഞ്ഞില്ലേ അതൊരു ക്ലൂ മാത്രമാണ് അല്ലാതെ ശ്രീകൃഷ്ണഭഗവാനും രക്തപവിഴവുമായി യാതൊരു ബന്ധവുമില്ല “ ചാര്‍ളി ഒന്ന് നിറുത്തിയ ശേഷം തുടര്‍ന്നു
“അല്ല സമന്യ ഈ മഹാവംശം എന്ന പുസ്തകം നിങ്ങള്‍ക്ക് എവിടെ നിന്ന് ലഭിച്ചെന്നാണ് നേരത്തെ പറഞ്ഞത് ? “
“രണ്ടായിരത്തി ഒന്നില്‍ ഗുജറാത്തിലെ ഘാംബട്ട് സമുദ്രത്തിന്‍റെ അടിത്തട്ടില്‍ നിന്ന് ശ്രീകൃഷ്ണന്‍ ഭഗവാന്റെ ദ്വാരകയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു ..അവിടെ നിന്ന് പടിഞ്ഞാറ് ഒമ്പത് കിലോമീറ്റര്‍ പരപ്പില്‍ നാല്പത് മീറ്റര്‍ ആഴത്തില്‍ മറ്റൊരിടത്ത് നിന്ന് കണ്ടെത്തിയതാണ് മഹാവംശം “ സമന്യ അത് പറഞ്ഞപ്പോള്‍ ചാര്‍ളി ഒന്ന്‍ പുഞ്ചിരിച്ചു
“അമ്മാവാ ..സമന്യ..അശോക ചക്രവര്‍ത്തി തന്നിരിക്കുന്ന ക്ലൂവിന്‍റെ അര്‍ഥം നമ്മള്‍ കണ്ടുപിടിച്ചിരിക്കുന്നു “ ചാര്‍ളി ചിരിച്ചുകൊണ്ട് പറഞ്ഞു
“ശ്രീകൃഷ്ണഭഗവാന്‍ എന്നല്ല ചക്രവര്‍ത്തി ഉദേശിച്ചത്‌ “
“പിന്നെ ? “പോളും സമന്യയും ഒരേ സ്വരത്തില്‍ ചോദിച്ചു
“ചക്രവര്‍ത്തി ശ്രീകൃഷ്ണഭഗവാന്‍ എന്നല്ല ഉദേശിച്ചിരിക്കുന്നത് മറിച്ച് ഇവിടെ ഉദേശിക്കുന്നത് ദ്വാരക എന്നാണ് ..നേരത്തെ പറഞ്ഞല്ലോ ഇതുവെറുമൊരു ഊഹമാണ് ..ഊഹം ശരിയാണെങ്കില്‍ മാനിനേയും വേടനേയും ഇതില്‍ കാണിച്ചിരിക്കുന്നത് ദ്വാരകയെ തന്നെയാവണം..എനിയ്ക്ക് തോന്നുന്നത് നമ്മുക്ക് ചക്രവര്‍ത്തി തന്നിരിക്കുന്ന കോർഡിനേറ്റ് ആണ് ഈ ക്ലൂ എന്നാണ്.. അതായത് രക്തപവിഴം തേടാന്‍ എവിടെ നിന്ന് തുടങ്ങണം എന്നുള്ള ക്ലൂ ..അതുകൊണ്ട് മാനും വേടനും ദ്വാരകയെയാണ് സൂചിപ്പിക്കുന്നതെന്ന് ഉറപ്പിക്കാം “
“അങ്ങനെയെങ്കില്‍ എന്തിനാണ് ഈ വേടന്‍ മാനിനെ ലക്ഷ്യമാക്കാതെ മാന്‍ നില്‍ക്കുന്നതിന്‍റെ എതിര്‍ദിശ നോക്കിയാണ് അമ്പേയ്യുന്നത് ?കൃഷണഭഗവാനിലേയ്ക്കും ദ്വാരകയിലേയ്ക്കും എത്തണമെങ്കില്‍ വേടന്‍ മാനിനെ നോക്കിയല്ലേ അമ്പേയ്യെണ്ടത് ? “ പോള്‍ ചാര്‍ളിയോട് ചോദിച്ചു
“അങ്ങനെ ചോദിച്ചാല്‍ ..വെയിറ്റ് “ ചാര്‍ളി വീണ്ടും മാപിലേയ്ക്ക് സൂക്ഷിച്ചുനോക്കി.ചാര്‍ളി തുടര്‍ന്നു
“അമ്മാവാ ഞാന്‍ നേരത്തെ പറഞ്ഞില്ലേ ചക്രവര്‍ത്തി നമ്മുക്ക് തന്നൊരു കോർഡിനേറ്റ് ആണ് അത് ..പക്ഷേ ഇതിലും ചക്രവര്‍ത്തി മറ്റെന്തൊക്കയോ ഒളിപ്പിച്ചുവെച്ചിട്ടുണ്ട് “ അത്രയും പറഞ്ഞുകൊണ്ട് ചാര്‍ളി മാപ് തിരിച്ചും മറിച്ചും നോക്കിയശേഷം വീണ്ടും മേശപ്പുറത്തുതന്നെ വെച്ചു
“അമ്മാവാ ദ്വാരക എന്നത് കോർഡിനേറ്റ് ആണെങ്കില്‍ ഈ മാനും വേടനും ഒരു പക്ഷേ “ ചാര്‍ളി അത്രയും പറഞ്ഞു നിറുത്തി
“ചാര്‍ളി എന്താണ് പറയാന്‍ ഉദേശിക്കുന്നത് ? “ സമന്യ ചാര്‍ളിയോട് ചോദിച്ചു.ചാര്‍ളി മാപ് മറിച്ചിട്ടശേഷം അതിന്‍റെ പിന്നില്‍ കൈയ്യിലുണ്ടായിരുന്ന പേനകൊണ്ട് ഒരു വരവരച്ചു .അതിനുശേഷം ആ വരയ്ക്ക് കുറുകയായി മറ്റൊരു വരച്ച് വരകളുടെ അറ്റത്തായി S,N,E,W എന്ന ഇംഗ്ലീഷ് അക്ഷരങ്ങള്‍ രേഖപ്പെടുത്തി
“മാനും വേടനും ദ്വാരക എന്ന കോർഡിനേറ്റ് ആണെങ്കില്‍ മാനിനെ ലക്ഷ്യമാക്കാതെ മാനിന്റെ എതിര്‍ദിശയിലേയ്ക്ക് അമ്പേയ്യുന്ന വേടന്‍ എന്നതുകൊണ്ട്‌ ചക്രവര്‍ത്തി ഉദേശിക്കുന്നത് ഇതാണ് “ മാപിന്റെ പുറകിലായി ചാര്‍ളി വരച്ച വരയിലേയ്ക്കും ഇംഗ്ലീഷ് അക്ഷരങ്ങളിലേയ്ക്കും ചൂണ്ടികൊണ്ട്‌ ചാര്‍ളി പറഞ്ഞു
“കാർഡിനൽ ഡയറക്ഷന്‍(cardinal direction) ? “ സമന്യ ചാര്‍ളിയോട് ചോദിച്ചു
“അതെ കാർഡിനൽ ഡയറക്ഷന്‍..ഡയറക്ഷനാണ് മാനിലും വേടനിലും ചക്രവര്‍ത്തി ഒളിപ്പിച്ചുവെച്ച അടുത്ത ക്ലൂ ..മാന്‍ എന്നത് ദ്വാരകയാണെങ്കില്‍ അതിന് നേരെ എതിര്‍ദിശയില്‍ വേണം നമ്മള്‍ രക്തപവിഴത്തെ തേടാന്‍..സൂക്ഷിച്ച് നോക്ക് ഈ പിക്ക്ടോഗ്രാഫിലെയ്ക്ക് ..ഓരോ ചിത്രങ്ങളും ഒരേ ശ്രേണിയില്‍ ആണെങ്കില്‍കൂടിയും അത് നിലനില്‍ക്കുന്ന ദിശ വ്യതസ്തമാണ് ..വേടന്‍ എന്ന് എവിടെ ഉദേശിക്കുന്നത് ദിശയെ സൂചിപ്പിക്കാനാണ് ..ഇനി കാര്‍ഡിനല്‍ ഡയറക്ഷന്‍ നോക്കുകയാണെങ്കില്‍ “ ചാര്‍ളി അത്രയും പറഞ്ഞു മാപ് മറിച്ചുകൊണ്ട് തുടര്‍ന്നു
“കാര്‍ഡിനല്‍ ഡയറക്ഷന്‍ നോക്കുകയാണെങ്കില്‍ മാന്‍ നില്‍ക്കുന്നത് ഇവിടെയാണ് അതായത് ദ്വാരക സ്ഥിതി ചെയ്യുന്നത് ഇവിടെയാണ് ? “ ഇംഗ്ലീഷ് അക്ഷരം E യില്‍ വിരല്‍ വെച്ചുകൊണ്ട് ചാര്‍ളി പറഞ്ഞു
“ഈസ്റ്റ്‌ ? കിഴക്കോ ? “ പോള്‍ ചാര്‍ളിയോട് ചോദിച്ചു
“അതെ ..മാപ് പ്രകാരം ദ്വാരക നില്‍ക്കുന്നത് കിഴക്കാണ് അതിന്‍റെ നേരെ എതിര്‍ദിശ എന്ന് പറയുമ്പോള്‍ ..വെസ്റ്റ്.. പടിഞ്ഞാറാണ് നമ്മുക്ക് രക്തപവിഴത്തെ തേടി പോകേണ്ടത് “ W എന്ന അക്ഷരത്തില്‍ വിരല്‍ വെച്ചുകൊണ്ട് ചാര്‍ളി പറഞ്ഞു.ചാര്‍ളി പറഞ്ഞത് വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും പറ്റാതെ പോളും സമന്യയും ആ മാപിലേയ്ക്ക് തന്നെ നോക്കിനിന്നു
“വെറും ഊഹാങ്ങളാണ് ഇതൊക്കെ ..വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം ..എനിയ്ക്ക് എന്തായാലും ഇങ്ങനെ വിശ്വസിച്ചേ പറ്റൂ “
“ഞങ്ങളും ചാര്‍ളി പറഞ്ഞത് വിശ്വസിക്കുന്നു .. അങ്ങനെയെങ്കില്‍ പിക്ക്ടോഗ്രാഫിലെ ബാക്കിയുള്ള ചിത്രങ്ങള്‍ എന്തായിരിക്കും സൂചിപ്പിക്കുന്നത് ? “ പോള്‍ ചാര്‍ളിയോട് ചോദിച്ചു
“ഇനി പിക്ക്ടോഗ്രാഫില്‍ ഉള്ളത് ഒരു പാറക്കെട്ട് ..പിന്നെയൊരു വീട് അതിന് മുന്നില്‍ രണ്ട് ആളുകള്‍ ..അതിനുശേഷം ഒരേപോലെയുള്ള രണ്ട് മൃഗങ്ങള്‍ അതിന്‍റെ മധ്യത്തിലായി ഒരു വാള്‍ “ സമന്യ മാപിലേയ്ക്ക് കണ്ണോടിച്ചു കൊണ്ട് പറഞ്ഞു
“ദ്വാരകയില്‍ നിന്ന് പടിഞ്ഞാറ് ദിശ നോക്കി പോയാല്‍ നമ്മുക്ക് ഒരു പാറക്കെട്ട് കാണാം എന്നായിരിക്കുമോ ഈ കാണുന്ന പാറക്കെട്ടിന്റെ അര്‍ഥം ? “ പോള്‍ ചാര്‍ളിയോട് ചോദിച്ചു
“അത്ര എളുപ്പത്തിലുള്ള ക്ലൂ ചക്രവര്‍ത്തി നമ്മുക്ക് തരുമോ അമ്മാവാ ?..എനിയ്ക്ക് തോന്നുന്നില്ല..വെറുമൊരു പാറക്കെട്ട് ആയിരിക്കില്ല ഇത്.. മാനിലും വേടനിലും ഒളിപ്പിച്ച രഹസ്യം പോലെ ഇതിലും നമ്മള്‍ എന്തെങ്കിലും പ്രതീക്ഷിക്കണം “ പിക്ക്ടോഗ്രാഫിലെ പാറക്കെട്ടുകള്‍ക്ക് മുകളിലൂടെ കൈവിരല്‍ ഓടിച്ചുകൊണ്ട് ചാര്‍ളി പറഞ്ഞു
“പാറക്കെട്ടുകള്‍ക്ക് വേറെ എന്ത് അര്‍ത്ഥം ചാര്‍ളി ? “
“ഈ പാറക്കെട്ടുകള്‍ ശരിയ്ക്കും ശ്രദ്ധിച്ചോ അമ്മാവാ ? സമന്യയ്ക്ക് എന്തെങ്കിലും തോന്നുന്നുണ്ടോ ? “ ചാര്‍ളി പോളിനോടും സമന്യയോടുമായി ചോദിച്ചു.രണ്ടുപേരും മാപിലേയ്ക്ക് ഒരു മിനിറ്റോളം സൂക്ഷിച്ചുനോക്കി.പക്ഷെ രണ്ടുപേരും ഒന്നും പറയാത്തതുകൊണ്ട് ചാര്‍ളി തുടര്‍ന്നു
“അമ്മാവാ ..സമന്യ..സാധാരണ ഒരു പാറക്കെട്ട് ഒന്നിലേറെ പാറകള്‍ ചേര്‍ന്നാണ് ഉണ്ടാവുക ..മിക്കപ്പോഴും അതിലെ ഓരോ പാറകളുടെയും വലുപ്പം വ്യതസ്തമായിട്ടായിരിക്കും ഉണ്ടായിരിക്കുക ..എന്നാല്‍ നമ്മുക്ക് ലഭിച്ച മാപിലെ പാറക്കെട്ടുകളിലെ പാറകള്‍ എല്ലാം ഒരേപോലെയാണ്..ഒന്നൂടെ വ്യക്തമായി പറഞ്ഞാല്‍ ഒമ്പത് ഐഡന്റിക്കൽ ആയിട്ടുള്ള പാറകള്‍ “ഒന്ന് നിറുത്ത ശേഷം ചാര്‍ളി തുടര്‍ന്നു
“ഈ പാറക്കെട്ടിലെ പാറകളെ നോക്കൂ ..എല്ലാം ഒരേപോലെയല്ലേ ? “
“അതെ ശരിയാണ് ..9 ഐഡന്റിക്കൽ റോക്ക്സ് “ മാപിലേയ്ക്ക് നോക്കികൊണ്ട് സമന്യ പറഞ്ഞു
“അതെ ഒരേ പോലെയിരിക്കുന്ന ഒമ്പത് പാറകള്‍ ..അങ്ങനെയെങ്കില്‍ ഇതിന്‍റെ അര്‍ത്ഥമെന്തായിരിക്കും ? “ ചാര്‍ളി ഉദേശിക്കുന്നത് മനസ്സിലാകാത്തത് പോലെ പോള്‍ ചോദിച്ചു
“ഒരേ പോലെയുള്ള ഒമ്പത് പാറകള്‍ ..അത് ചേര്‍ന്നുള്ള പാറക്കെട്ട് ..മാന്‍ നമ്മുക്ക് ചക്രവര്‍ത്തി തന്ന കോർഡിനേറ്റ് ആണെങ്കില്‍ വേടന്‍ എന്നതില്‍ ചക്രവര്‍ത്തി ഒളിപ്പിച്ചുവെച്ചത് ദിശയെയാണ് ..ഇതെല്ലാം ചക്രവര്‍ത്തി നമ്മുക്ക് തന്നിരിക്കുനത് രക്തപവിഴത്തിലെയ്ക്കുള്ള വഴി തന്നെയാണ് ..അങ്ങനെയെങ്കില്‍ ഈ പാറക്കെട്ടുകള്‍ ..ഈ ഒരേപോലെയുള്ള ഒമ്പത് പാറകള്‍ കൊണ്ട് ചക്രവര്‍ത്തി പറയാന്‍ ഉദേശിച്ചത് ഒരു പക്ഷെ മൈല്‍സ്റ്റോണ്‍(milestone) എന്നായിരിക്കും ..ഒന്നൂടെ വ്യക്തമായി പറഞ്ഞാല്‍ ദ്വാരകയില്‍ നിന്ന് പടിഞ്ഞാറു മാറി ഒമ്പത് മൈല്‍ സ്റ്റോണ്‍ ദൂരത്ത് നമ്മള്‍ തേടുന്ന രക്തപവിഴമുണ്ട് ..ഇനി കണ്ടെത്തേണ്ടത്‌ ഈ മൈല്‍സ്റ്റോണുകള്‍ തമ്മിലുള്ള ദൂരമാണ് “
“ദൂരത്തെ സൂചിപ്പിക്കുവാനാണ് ഈ പാറകള്‍ എങ്കില്‍ അന്നുകാലത്ത്‌ നമ്മള്‍ ഇന്ന് പിന്തുടരുന്ന ദൂരത്തിന്റെ അളവുകള്‍ ആയിരിക്കില്ല ”
“അതെ അമ്മാവാ ..ഇന്നത്തെ ദൂരത്തിന്റെ അളവുകള്‍ വെച്ച് നമ്മുക്ക് ഒരിക്കലും പ്രാചീനകാലങ്ങളിലെ ദൂരത്തെ അളക്കാന്‍ സാധ്യമല്ല ..അപ്പൊ നമ്മുക്ക് കണ്ടുപിടിക്കേണ്ടത് ഈ പാറക്കെട്ടുകള്‍ അഥവാ ഈ മൈല്‍സ്റ്റോണുകള്‍ തമ്മിലുള്ള ദൂരമാണ് “
“വെയിറ്റ് ..അതിനുത്തരം ഞാന്‍ തരാം “സമന്യ അത്രയും പറഞ്ഞുകൊണ്ട് ലൈബ്രറിയിലെ ഷെല്‍ഫുകളിലേയ്ക്ക് നോക്കി.അവള്‍ പിന്നിലേയ്ക്ക് നടന്നു.മറ്റൊരു പുസ്തകവുമായിട്ടാണ് അവള്‍ അവരുടെ അടുത്തേയ്ക്ക് വന്നത്
“ചാണക്യന്‍ എഴുതിയ അര്‍ഥശാസ്ത്രമാണിത് ..പ്രാചീന ഇന്ത്യയിലെ അളവുതൂക്കസമ്പ്രദായങ്ങളെപ്പറ്റി ഇതില്‍ പ്രതിപാദിക്കുന്നുണ്ട് “ പുസ്തകത്തിന്‍റെ പേജുകള്‍ മറിക്കുന്നതിനിടയില്‍ സമന്യ പറഞ്ഞു
“എന്തൊക്കെയാണ് അവ ? “
“അംഗുലം, ചാൺ, മുഴം, ഗജം, മാറ്, കാതം, നാഴിക, യോജന എന്നിവയായിരുന്നു ദൈർഘ്യമാനങ്ങള്‍ .. ത്രുടി, നിമിഷം, വിനാഴിക, നാഴിക, ദിവസം,പകൽ, രാത്രി, പക്ഷം, മാസം, ഋതു, അയനം, സംവത്സരം, യുഗം എന്നിങ്ങനെയായിരുന്നു കാലയളവുകള്‍ .. ആഴക്ക്, ഉഴക്ക്, ഉരി, നാഴി, ഇടങ്ങഴി, പറ, ഒറ എന്നിങ്ങനെയായിരുന്നു അളവുകള്‍ നെൻമണി, കുന്നിക്കുരു, മഞ്ചാടി, പണമിട, പലം എന്നിങ്ങനെയായിരുന്നു തൂക്കങ്ങള്‍ . “ സമന്യ അത്രയും പറഞ്ഞുകൊണ്ട് ചാര്‍ളിയെ നോക്കി
“മം “ ചാര്‍ളി വീണ്ടും മാപിലെ പാറക്കെട്ടുകളിലേയ്ക്ക് നോക്കി
“കാതം, നാഴിക, യോജന ? “ ചാര്‍ളി മാപിലേയ്ക്ക് നോക്കികൊണ്ട്‌ പറഞ്ഞു
“സമന്യ ഒന്നൂടെ അത് വായിച്ചേ ? “ ചാര്‍ളി ആവശ്യപ്പെട്ട പ്രകാരം അവള്‍ വീണ്ടും പുസ്തകത്തിലെ അളവുകള്‍ വീണ്ടും വായിച്ചു.അവള്‍ വയിച്ചുമുഴുവനാക്കിയപ്പോള്‍ പെട്ടെന്ന്‍ ചാര്‍ളി ചിരിച്ചു
“ഹീ ഈസ്‌ ക്ലെവര്‍ ..വെരി ക്ലെവര്‍ “ ചാര്‍ളി ചിരിച്ചുകൊണ്ട് പറഞ്ഞു.സമന്യയും പോളും ഒന്നും മനസ്സിലാകാതെ മുഖത്തോട് മുഖം നോക്കി
“അമ്മാവാ ..സമന്യ..പാറക്കെട്ടിലെ അടുത്ത ക്ലൂ ..മഹാനും അതിബുദ്ധിമാനായ ചക്രവര്‍ത്തി ഒളിപ്പിച്ചുവെച്ച അടുത്ത ക്ലൂ നമ്മള്‍ കണ്ടെത്തിയിരിക്കുന്നു ..ഈ പറകളിലേയ്ക്ക് നോക്കൂ ..ഒരേപോലെ എന്നതല്ലാതെ വേറേതെങ്കിലും നിങ്ങള്‍ക്ക് കാണാന്‍ സാധിച്ചോ ? “ചാര്‍ളി തുടര്‍ന്നു
“സൂക്ഷിച്ചു നോക്ക് മൊത്തം ഒമ്പത് പാറകള്‍ ..അതില്‍ അഞ്ച് പാറകള്‍ക്ക് വെളുത്ത നിറം ബാക്കിയുള്ള നാല് പാറകള്‍ക്ക് കറുത്തനിറം “
“അതെ ..അത് ശരിയാലോ ..അഞ്ച് പാറകള്‍ വെള്ളാറം പാറകളും നാല് കറുത്ത പാറകളും “മാപിലേയ്ക്ക് നോക്കി പോള്‍ പറഞ്ഞു
“അഞ്ച് പകലുകള്‍ ..നാല് രാത്രികള്‍ അതാണ് അതിനര്‍ത്ഥം ..വെളുത്ത പാറകള്‍ ഉദേശിക്കുന്നത് പകലിനെയാണ് അഞ്ച് പാറകള്‍ അതിനര്‍ത്ഥം അഞ്ച് പകലുകള്‍ പിന്നെ കാണുന്ന കറുത്ത പാറകള്‍ അതിനര്‍ത്ഥം രാത്രിയെന്നാണ് നാല് പാറകള്‍ അതിനര്‍ത്ഥം നാല് രാത്രികള്‍ ..ചുരുക്കത്തില്‍ അഞ്ച് പകലും നാല് രാത്രിയും ദൂരമുണ്ട് “ ചാര്‍ളി ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞത്
“അങ്ങനെയങ്കില്‍ ദ്വാരകയില്‍ നിന്ന് പടിഞ്ഞാറ് നീങ്ങി അഞ്ച് പകലും നാല് രാത്രിയുടെ ദൂരമുണ്ട് രക്തപവിഴത്തിലേയ്ക്ക് “
“അതെ അമ്മാവാ “
ബാക്കിയുള്ള ചിത്രങ്ങള്‍ ? അതില്‍ എന്താണ് ചക്രവര്‍ത്തി ഒളിപ്പിച്ചുവെച്ചിരിക്കുന്നത് ഇനി ?” സമന്യ ചാര്‍ളിയോട് ചോദിച്ചു
“ഇനി മാപില്‍ ബാക്കിയുള്ളത് ഒരു വീടും അതിന് മുന്നിലായി നില്‍ക്കുന്ന രണ്ടു ആളുകള്‍ ..പിന്നെ രണ്ടു മൃഗങ്ങള്‍ അതിന് മധ്യത്തലായി ഒരു വാളിന്റെ ചിത്രം അല്ലേ “ ചാര്‍ളി തുടര്‍ന്നു
“ശരിക്കും ഇവിടെ ഉദേശിക്കുന്നത് വീട് എന്നല്ലേ ..ആ രണ്ടു ആളുകളെ ശ്രദ്ധിച്ചോ അവരുടെ കൈയ്യിലെ ആയുധം കുന്തമാണ് അങ്ങനെയെങ്കില്‍ രണ്ടു പടയാളികളായി അവരെ കാണാം ..വീടിന് കാവല്‍ നില്‍ക്കുന്ന പടയാളികള്‍ അല്ല അവര്‍ ..മറിച്ച് കൊട്ടാരത്തിന് കാവല്‍ നില്‍ക്കുന്ന പടയാളികളാണ് അതുകൊണ്ട് അത് വീടുമല്ല രാജകൊട്ടരമാണ്..പിന്നെ ഒരേപോലെയിരിക്കുന്ന ഈ മൃഗങ്ങള്‍ സിംഹമാണ് ..കൊട്ടാരത്തിന് അകത്തുള്ള സിംഹങ്ങളെ എവിടെയാണ് കാണുക ?..രാജാവിന്റെ സിംഹാസനം ..സിംഹാസനത്തിന്‍റെ മധ്യത്തിലെ വാള്‍ ഒന്നുകില്‍ രാജാവിനെ ആയിരിക്കണം സൂചിപ്പിക്കുന്നത് ..അല്ലെങ്കില്‍ അവിടെ ആയിരിക്കണം നമ്മള്‍ തേടുന്ന രക്തപവിഴവും കാരണം അതാണ് നമ്മുടെ അവസാനത്തെ ക്ലൂ ..അപ്പോ എങ്ങനെയാ പുറപ്പെടുകയല്ലേ അമ്മാവാ ? “ ചാര്‍ളി പോളിനോട് ചോദിച്ചു
(തുടരും )

Lijin

രക്തപവിഴം-ഭാഗം 4

രക്തപവിഴം-ഭാഗം 4
“അമ്മാവാ കാറിന്‍റെ കീ തരൂ “ എന്താണ് ചാര്‍ളി ഉദേശിക്കുന്നതെന്ന് മനസ്സിലാകാതെ പോള്‍ കാറിന്‍റെ കീ അവന് കൊടുത്തു.ചാര്‍ളി കീയുടെ അഗ്രം കൊണ്ട് ആ പുസ്തകത്തിന്‍റെ പിന്നിലെ ചട്ടയുടെ നടുവിലൂടെ കുത്തിക്കീറി.ആ ചട്ടയ്ക്കുള്ളില്‍ നിന്നൊരു പേപ്പര്‍ താഴേയ്ക്ക് വീണു.ചാര്‍ളി നിലത്തുവീണ ആ പപ്പേര്‍ കൈയ്യിലെടുത്തു തുറന്നുനോക്കി
“മാപ് “ ആശ്ചര്യം കൊണ്ടും സന്തോഷം കൊണ്ടും ചാര്‍ളി പറഞ്ഞു
“അമ്മാവാ ..സമന്യ..മാപ് “ചാര്‍ളി വീണ്ടും അവരോടായി പറഞ്ഞു .ചാര്‍ളി തന്‍റെ കൈയ്യിലുണ്ടായിരുന്ന മാപിന്റെ കോപ്പിയെടുത്ത് പുസ്തകത്തില്‍ നിന്ന് ലഭിച്ച മാപുമായി ഒത്തുനോക്കി
“ഇത് രണ്ടും തമ്മില്‍ വ്യത്യാസമില്ലല്ലോ അമ്മാവാ “ രണ്ടു കൈയ്യിലെയും മാപുകള്‍ ഒത്തുനോക്കി കൊണ്ട് ചാര്‍ളി പോളിനോട് പറഞ്ഞു
“എവിടെ നോക്കട്ടെ “ പോള്‍ ചാര്‍ളിയുടെ കൈയ്യില്‍നിന്നും മാപ് വാങ്ങികൊണ്ട് പറഞ്ഞു.ചാര്‍ളിയുടെ കൈയ്യില്‍നിന്നും മാപിന്റെ കോപ്പിയും വാങ്ങികൊണ്ട് പോളും ഒത്തുനോക്കി
“ശരിയാണ് ചാര്‍ളി രണ്ടും ഒരേപോലെതന്നെയാണ് ..പക്ഷേ ഇതിലെയും ഡാര്‍ക്ക്‌ ഷെയിഡ് കണ്ടോ ..ഫോട്ടോ കോപ്പിയില്‍ ഈ ഭാഗം കറുപ്പ് ആണെങ്കില്‍ ഇതില്‍ നീല നിറത്തിലാണ് ..ഈ നീലനിറമായിരിക്കണം കോപ്പിയില്‍ വന്നപ്പോള്‍ കറുത്ത നിറമായതെന്നു തോന്നുന്നു “
“ഒരു നിമിഷം ആ മാപ് ഒന്ന് തരൂ “ അതുവരെ ഒന്നും മിണ്ടാതെയിരുന്നിരുന്ന സമന്യ പോളിനോട് മാപ് ചോദിച്ചു.പോള്‍ ചാര്‍ളിയെ നോക്കി മാപ് കൊടുക്കണോ എന്ന് ചോദിക്കുമ്പോലെ നോക്കി.ചാര്‍ളി അവള്‍ക്ക് കൊടുത്തോ എന്ന് പറയുംവിധം തലയാട്ടി.പോള്‍ മാപ് സമന്യയ്ക്ക് കൊടുത്തു.അവള്‍ രണ്ട് മാപിലേയ്ക്കും മാറിമാറി സൂക്ഷിച്ചുനോക്കി
“ഈ ഡാര്‍ക്ക്‌ ഷെയിഡ് അല്ലെങ്കില്‍ ഈ നീലനിറം എനിയ്ക്ക് തോന്നുന്നുത് “ അവള്‍ മുഴുവനാക്കാതെ മാപിലേയ്ക്ക് നോക്കികൊണ്ട്‌ പറഞ്ഞു
“തോന്നുന്നത് ? “ ചാര്‍ളി ചോദിച്ചു
“ചാര്‍ളി ഭാരതം കണ്ട മഹാനായ രാജാവ്‌ അത്ര എളുപ്പത്തില്‍ രക്തപവിഴത്തിലെയ്ക്ക് എത്തിക്കാനുള്ള വഴി കാണിച്ച് തരുമെന്ന്‍ തോന്നുന്നുണ്ടോ ? മുത്തച്ഛന്‍ ചന്ദ്രഗുപ്തന് അപ്രാപ്യമായിരുന്ന കലിംഗയെ തോല്‍പ്പിച്ച അശോക ചക്രവര്‍ത്തി ഒരിക്കലും എളുപ്പം നമ്മളെ രക്തപവിഴത്തിലെയ്ക്ക് എത്തിക്കില്ല “
“മാപ് ശരിയല്ലന്നാണോ സമന്യ പറയുന്നത് ? “ ചാര്‍ളി വീണ്ടും ചോദിച്ചു
“ഒരിക്കലുമല്ല..ചാര്‍ളി ലിറ്റ്മസ് എന്ന് കേട്ടിട്ടുണ്ടോ ? “
“പണ്ടെങ്ങോ കേട്ടിട്ടുണ്ട് .. സയന്‍സില്‍ പണ്ടേ ഞാന്‍ വീക്കാ ..സമന്യ സസ്പന്‍സ് ഒന്ന് അവസാനിപ്പിച്ച്‌ ഈ മാപിനെ പറ്റി ഒന്ന് പറയാമോ ? “
“പറയാം ഈ കാണുന്ന ഡാര്‍ക്ക്‌ ഷെയിഡ് ഈ നീലനിറം ലിറ്റ്മസ് ആണെന്നാണ് എനിയ്ക്ക് തോന്നുന്നത് “
“ലിറ്റ്മസ് അതിന് അത്രയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ടുപിടിച്ചിട്ടുണ്ടോ ? “പോള്‍ അവളോട്‌ ചോദിച്ചു
“അതാണ് എനിയ്ക്കും സംശയം “ അവള്‍ വീണ്ടും മാപിലേയ്ക്ക് നോക്കിനിന്നു
“ആരെങ്കിലും ഒന്നു പറയാമോ എന്താണ് ഈ ലിറ്റ്മസ് ? “ ക്ഷമ നശിച്ച ചാര്‍ളി അവരോട് ചോദിച്ചു
“കുമിൾ ജീവിവർഗ്ഗവും പായൽ ജീവിവർഗ്ഗവും ഒന്നിച്ചുജീവിക്കുന്ന ജീവിതക്രമത്തെയാണ് ലൈക്കനുകൾ എന്ന് വിളിക്കുന്നത് .ലൈക്കനുകളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്നതും ജലത്തില്‍ ലയിക്കുന്നതുമായ മിശ്രിതമാണ് ലിറ്റ്മസ് “
“ഒരു സംശയം ..സമന്യ യൂണിവേഴ്സിറ്റിയിലെ ആര്‍ക്കിയോളജിക്കല്‍ ഹെഡ് ആണോ അതോ ഏതെങ്കിലും ശാസ്ത്രശാഖയുടെ ഹെഡ് ആണോ ? ഇനിയെങ്കിലും ലിറ്റ്മസും ഈ മാപും തമ്മില്ലുള്ള ബന്ധം എന്താണെന്ന് പറയാമോ ? “ ചാര്‍ളി സമന്യ പറയുന്നതിന് ഇടയ്ക്ക് കയറി ചോദിച്ചു
“അവള്‍ മുഴുവനാക്കട്ടെ ചാര്‍ളി ..സമന്യ ബാക്കി പറയൂ “ പോള്‍ അവളോട്‌ ബാക്കി പറയാന്‍ ആവശ്യപ്പെട്ടു .അവള്‍ ചാര്‍ളിയെ ഒന്ന് നോക്കിയശേഷം തുടര്‍ന്നു
“ പീ എച്ച് [pH] മൂല്യനിർണയത്തിനാണ് ലിറ്റ്മസ് ഉപയോഗിക്കുന്നത് . നീല ലിറ്റ്മസ് കടലാസ് അമ്ലഗുണസാഹചര്യത്തിൽ ചുവപ്പ് നിറവുകയും ഇനി ചുവപ്പ് ലിറ്റ്മസ് ക്ഷാരഗുണസാഹചര്യത്തിൽ നീലനിറമാകുകയും ചെയ്യും..നമ്മുക്ക് ലഭിച്ചിരിക്കുന്നത് നീലനിറത്തിലുള്ള ലിറ്റ്മസ് ആണ് ഒരു പക്ഷേ ഈ നീലനിറത്തിനു അപ്പുറം നിങ്ങള്‍ തേടുന്ന രക്തപവിഴം ഉണ്ടായിരിക്കാം” രക്തപവിഴം ശരിക്കും ഉണ്ടെന്ന് ശരിവെയ്ക്കും പോലെയായിരുന്നു സമന്യ അത് പറഞ്ഞത്
“അപ്പോ അമ്ലഗുണ സാഹചര്യം ഉണ്ടാക്കിയെടുത്താല്‍ ഈ നീലനിറത്തില്‍ ഒളിച്ചിരിക്കുന്ന മാപിന്റെ ബാക്കി ഭാഗങ്ങള്‍ നമ്മുക്ക് മനസിലാക്കാം അല്ലേ ? “
“അതെ ..പക്ഷെ എനിയ്ക്ക് ഇപ്പോഴും മനസ്സിലാകാത്തത് അത്രയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലിറ്റ്മസ് അവര്‍ കണ്ടുപിടിച്ചിരുന്നോ എന്നുള്ളതാണ് “ പോള്‍ ലിറ്റ്മസിനെ പറ്റി സമന്യ പറഞ്ഞത് വിശ്വസിക്കാനാവാതെ അവളോട്‌ ചോദിച്ചു
“രണ്ടായിരത്തിയൊന്നില്‍ ദ്വാരകയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയപ്പോള്‍ റീസെര്‍ച്ച്‌ നടത്തിയിരുന്ന ആര്‍ക്കിയോളജി കമറ്റി പറഞ്ഞിരുന്നു ദ്വാരക സോഫിസ്റ്റിക്കേറ്റഡ് സിറ്റി ആയിരുന്നുവെന്ന് ..എന്തിനേറെ പറയുന്നു ‘saubha-pura’ എന്ന പറക്കും വിമാനവും അന്ന് കാലത്ത് ഉണ്ടായിരുന്നുവെന്ന് മിത്തുകളില്‍ പറയുന്നതിനെ അവരും ശരിവെച്ചിരുന്നു അങ്ങനെ നോക്കുമ്പോള്‍ ഒരു പക്ഷേ ലിറ്റ്മസ് അവര്‍ കണ്ടുപിടിച്ചിരിക്കാം എന്ന നിഗമനത്തില്‍ നമ്മുക്ക് എത്താം “ അവള്‍ പോളിന്‍റെ സംശയം തീര്‍ത്തുകൊടുത്തു
“ഇതിലെ നീലനിറം മാറ്റി ഇതില്‍ മറഞ്ഞിരിക്കുന്ന മാപിന്റെ ബാക്കി ഭാഗം ലഭിക്കാന്‍ ഇനി നമ്മള്‍ എന്താണ് ചെയ്യേണ്ടത് ? ആസിഡ് മാപിന്റെ നീലനിറമുള്ള ഭാഗത്ത് ഒഴിക്കണോ ? “ അടക്കിപ്പിടിച്ച ആകാംഷ മൊത്തമായി ചാര്‍ളിയില്‍നിന്ന് പുറത്തേയ്ക്ക് വന്നിരുന്നു അവന്‍ അത് പറയുമ്പോള്‍
“അരുത് ..നേര്‍ത്ത ഗുണമുള്ള ആസിഡ് വേണം ഇതിന് ഉപയോഗിക്കാന്‍ ..അല്ലെങ്കില്‍ ഒരു പക്ഷേ മാപ് ഉരുകി പോവുകയോ കത്തി പോവുകയോ ചെയ്യും..ഒന്നുകില്‍ നാരങ്ങനീര് അല്ലെങ്കില്‍ തൈര് ..വളരെ നേരിയ അമ്ലഗുണമുള്ളവ വേണം ഉപയോഗിക്കാന്‍..വെയിറ്റ് ഞാന്‍ ഇപ്പോ വരാം “ അവള്‍ അത്രയും പറഞ്ഞുകൊണ്ട് ലൈബ്രറിയില്‍ നിന്ന് പുറത്തേയ്ക്ക് പോയി .തിരിച്ചുവന്നത് പകുതിയായി മുറിച്ച നാരങ്ങയുമായിട്ടായിരുന്നു.മേശപ്പുറത്തെയ്ക്ക് പുസ്തകത്തിന്‍റെ ചട്ടയില്‍ നിന്ന് ലഭിച്ച ഒറിജിനല്‍ മാപ് വെച്ചുകൊണ്ട് അതിലെ നീലനിറമുള്ള ഭാഗത്തായി നാരങ്ങ പിഴിഞ്ഞ് അതിന്‍റെ നീര് കൈക്കൊണ്ടായി അതിന് മുകളിലായി പുരട്ടി
“എവിടെ ഒന്നും കാണാന്‍ ഇല്ലല്ലോ ? “ ചാര്‍ളി അവളോട്‌ ചോദിച്ചു
“വെയിറ്റ് ..ലിറ്റ്മസ് ആണെങ്കില്‍ ഇപ്പോ നിറം മാറും “മാപിലേയ്ക്ക് നോക്കികൊണ്ട്‌ അവള്‍ പറഞ്ഞു.ചാര്‍ളിയും പോളും മാപിലെ നീലനിറമുള്ള ഭാഗത്ത് ഉണ്ടാകാനായി പോകുന്ന മാറ്റത്തിനായി നോക്കിനിന്നു.അവള്‍ പറഞ്ഞപോലെ നീലനിറം പതിയെ മാറുവാന്‍ തുടങ്ങി.പതിയെ പതിയെ ആ നീലനിറമായിരുന്നു ആ ഭാഗം ചുവന്ന നിറമായി.
“സീ ഞാന്‍ പറഞ്ഞില്ലേ ഇത് ലിറ്റ്മസ് ആണെന്ന് “ സമന്യ അത്ഭുതത്തോടെ മാപിലേയ്ക്ക് നോക്കിനില്‍ക്കുന്ന പോളിനോടും ചാര്‍ളിയോടുമായി പറഞ്ഞു.ചാര്‍ളി മേശപ്പുറത്ത് നിന്ന് മാപ് കൈയ്യിലേയ്ക്ക് എടുത്തു
“ ഇതെന്താണിത് ? എന്താണ് ഈ അടയാളങ്ങള്‍ ? അമ്മാവാ ഇതൊന്ന് നോക്കൂ “ ചാര്‍ളി നിറം മാറിയ ആ ഭാഗത്തിലേയ്ക്ക് നോക്കികൊണ്ട്‌ പറഞ്ഞു
“പിക്ക്ടോഗ്രാഫ് “ ചുവന്ന നിറത്തില്‍ ഉണ്ടായിരുന്ന അടയാളങ്ങളില്‍ നോക്കികൊണ്ട്‌ പോള്‍ പറഞ്ഞു
“ എവിടെ നോക്കട്ടെ ? “ സമന്യ മാപിലെയ്ക്ക് എത്തിനോക്കി
“അതെ പിക്ക്ടോഗ്രാഫ്..ഒരു വാക്കിനേയോ അല്ലെങ്കില്‍ ഒരു വാചകത്തിനെയോ സൂചിപ്പിക്കുന്നതിനായി പണ്ട് കാലങ്ങളില്‍ അതായത് ലിപി കണ്ടുപിടിക്കുന്നതിന് മുന്‍പ് പിക്ക്ടോഗ്രാഫ് ആയിട്ടായിരുന്നു വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നത് “
“അങ്ങനെയെങ്കില്‍ ഈ ചുവന്ന നിറത്തിലുള്ള ഭാഗത്തിലാണ് നമ്മള്‍ തേടുന്ന രക്തപവിഴം അശോക ചക്രവര്‍ത്തി ഒളിപ്പിച്ചുവേച്ചിരിക്കുന്നത് ..ബാക്കിയുള്ള ഭാഗം അവിടെയ്ക്ക് എത്തിപ്പെടാനുള്ള വെറും വിവരങ്ങള്‍ മാത്രമാണ് “ ചാര്‍ളി പിക്ക്ടോഗ്രാഫിലെയ്ക്ക് നോക്കികൊണ്ട്‌ പറഞ്ഞു
“അതെ ..അതുതന്നെയാണ് “സമന്യ ചാര്‍ളി പറഞ്ഞത് ശരിവെച്ചു
“പക്ഷേ ഈ അടയങ്ങള്‍ ..ഈ പിക്ക്ടോഗ്രാഫ് എന്താണ് ഉദേശിക്കുന്നത് “ ചാര്‍ളി കൈയ്യിലെ മാപ് വീണ്ടും മേശപ്പുറത്ത് വെച്ചു
“ഇതെന്താണ് ? ഇതെന്തോ മൃഗമാണ്‌ “പിക്ക്ടോഗ്രാഫിലേയ്ക്ക് നോക്കി ചാര്‍ളി പറഞ്ഞു
“നീണ്ട കൊമ്പുകള്‍ ..നാലു കാലുകള്‍ ..ചെറിയ വാല് ..ഇതെനിയ്ക്ക് തോന്നുന്നത് മാന്‍ ആണെന്നാണ് “പിക്ക്ടോഗ്രാഫിലേയ്ക്ക് നോക്കികൊണ്ട്‌ പോള്‍ പറഞ്ഞു
“യെസ് ..ഇത് മാന്‍ തന്നെയാണ് ..ഈ കാണുന്നത് ഒരു നായാട്ടുകാരന്‍ ..ഒരു നായാട്ടുകാരന്‍ അമ്പേയ്യുന്നു..എന്താണ് ഈ ചിത്രംകൊണ്ട് ഉദേശിക്കുന്നത് ? “പോളിനോടും സമന്യയോടുമായി ചാര്‍ളി ചോദിച്ചു .അവര്‍ മാപിലേയ്ക്ക് നോക്കിയതല്ലാതെ അവന്‍റെ ചോദ്യത്തിന് മറുപടി പറഞ്ഞില്ല
“പിന്നെ ഈ പാറക്കെട്ട് അത് കഴിഞ്ഞു ഒരു വീട് പോലെ എന്തോ ഒന്ന്‍ അതിന് മുന്നിലായി രണ്ടു ആളുകള്‍ ..പിന്നെ വീണ്ടും ഒരേ പോലെയിരിക്കുന്ന രണ്ട് മൃഗങ്ങള്‍ അതിന് മധ്യത്തിലായി ഒരു വാളിന്റെ ചിത്രം “ ചാര്‍ളി മാപില്‍ കണ്ട കാര്യങ്ങള്‍ പോളിനും സമന്യയ്ക്കും കാണിച്ചുകൊടുത്തു
“എന്തായിരിക്കും ഇതുകൊണ്ട് ചക്രവര്‍ത്തി ഉദേശിക്കുന്നത് ? “
“ചാര്‍ളി ഇത് ശ്രദ്ധിച്ചോ ? ചിത്രത്തിലെ നായാട്ടുകാരന്‍ മാനിനെ അല്ല അമ്പേയ്യുന്നത് ..മാന്‍ നില്‍ക്കുന്നതിന്റെ എതിര്‍ദിശയിലേയ്ക്കാണ് അമ്പേയ്യുന്നത് ..അമ്പിന്‍റെ ദിശ കാണിക്കുന്നത് മാനിനെ ലക്ഷ്യമാക്കിയല്ല “ മാപിലെ പിക്ക്ടോഗ്രാഫല്‍ നോക്കികൊണ്ട്‌ പോള്‍ ചാര്‍ളിയോട് പറഞ്ഞു
“അത് ശരിയാണല്ലോ ..മാനിനെ ലക്ഷ്യമാക്കാതെ നേരെമറിച്ച് എതിര്‍ദിശ നോക്കിയാണ് അമ്പേയ്യുന്നത് ..അതെന്തായിരിക്കും ചക്രവര്‍ത്തി ഉദേശിച്ചിട്ടുണ്ടാവുക ? “ചാര്‍ളി തുടര്‍ന്നു
“മാന്‍ ..നായാട്ടുകാരന്‍ “രണ്ടില്‍ കൂടുതല്‍ തവണ ചാര്‍ളി അങ്ങനെ ഉച്ചരിച്ചു
“ഇത് നായാട്ടുകാരന്‍ അല്ല ..എന്‍റെ ഊഹം ശരിയാണെങ്കില്‍ ഇവിടെ നായാട്ടുകാരന്‍ എന്നതിനേക്കാള്‍ കൂടുതല്‍ അനുയോജ്യമായത് ഒരു വേടന്‍ എന്ന സങ്കല്‍പമാണ് ..മാനിനെ അമ്പേയ്യുന്ന വേടന്‍ ..എന്ന് വെച്ചാല്‍ ചക്രവര്‍ത്തി നമ്മുക്കൊരു ക്ലൂ തന്നിരിക്കുകയാണ് ..നമ്മുക്ക് അറിയാവുന്ന കാര്യം തന്നെയാണ് അമ്മാവാ ..വേടന്‍റെ അമ്പേറ്റു ആരാണ് മരിച്ചിരിക്കുന്നത് ? “
“ശ്രീകൃഷ്ണഭഗവാന്‍ ? “സമന്യ ചാര്‍ളിയോട് പറഞ്ഞു
“അതെ സമന്യ..ചക്രവര്‍ത്തി ഇവിടെ ഉദേശിച്ചതും അത് തന്നെയാണ് ശ്രീകൃഷ്ണഭഗവാന്‍ “
“പക്ഷെ ശ്രീകൃഷ്ണഭഗവാനും നമ്മള്‍ തേടുന്ന രക്തപവിഴവുമായി എന്ത് ബന്ധം ? ഭഗവാന്‍റെ സ്വര്‍ഗാരോഹണം കഴിഞ്ഞു നൂറ്റാണ്ടുകള്‍ കഴിഞ്ഞില്ലേ അഗാധ രാജ്യം ഉണ്ടാവുന്നത് അതും കഴിഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞില്ലേ അശോക ചക്രവര്‍ത്തി അഗാധയെ ആക്രമിക്കുന്നതും ?” സമന്യ സംശയത്തോടെ അവളോട്‌ ചോദിച്ചു
“ഞാന്‍ നേരത്തെ പറഞ്ഞില്ലേ അതൊരു ക്ലൂ മാത്രമാണ് അല്ലാതെ ശ്രീകൃഷ്ണഭഗവാനും രക്തപവിഴവുമായി യാതൊരു ബന്ധവുമില്ല “ ചാര്‍ളി ഒന്ന് നിറുത്തിയ ശേഷം തുടര്‍ന്നു
“അല്ല സമന്യ ഈ മഹാവംശം എന്ന പുസ്തകം നിങ്ങള്‍ക്ക് എവിടെ നിന്ന് ലഭിച്ചെന്നാണ് നേരത്തെ പറഞ്ഞത് ? “
“രണ്ടായിരത്തി ഒന്നില്‍ ഗുജറാത്തിലെ ഘാംബട്ട് സമുദ്രത്തിന്‍റെ അടിത്തട്ടില്‍ നിന്ന് ശ്രീകൃഷ്ണന്‍ ഭഗവാന്റെ ദ്വാരകയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു ..അവിടെ നിന്ന് പടിഞ്ഞാറ് ഒമ്പത് കിലോമീറ്റര്‍ പരപ്പില്‍ നാല്പത് മീറ്റര്‍ ആഴത്തില്‍ മറ്റൊരിടത്ത് നിന്ന് കണ്ടെത്തിയതാണ് മഹാവംശം “ സമന്യ അത് പറഞ്ഞപ്പോള്‍ ചാര്‍ളി ഒന്ന്‍ പുഞ്ചിരിച്ചു
“അമ്മാവാ ..സമന്യ..അശോക ചക്രവര്‍ത്തി തന്നിരിക്കുന്ന ക്ലൂവിന്‍റെ അര്‍ഥം നമ്മള്‍ കണ്ടുപിടിച്ചിരിക്കുന്നു “ ചാര്‍ളി ചിരിച്ചുകൊണ്ട് പറഞ്ഞു
“ശ്രീകൃഷ്ണഭഗവാന്‍ എന്നല്ല ചക്രവര്‍ത്തി ഉദേശിച്ചത്‌ “
“പിന്നെ ? “പോളും സമന്യയും ഒരേ സ്വരത്തില്‍ ചോദിച്ചു
(തുടരും )

Lijin

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo