Showing posts with label SindhuKrishnan. Show all posts
Showing posts with label SindhuKrishnan. Show all posts

ഓൺലൈൻ

 


ഓൺലൈൻ ക്ലാസുകളിൽ കുട്ടികൾക്ക് എന്തെല്ലാമാണ് നഷ്ടമാകുന്നത് എന്ന് നിങ്ങളൊന്നു ഓർത്തു നോക്കിയിട്ടുണ്ടോ..

എന്നും കൃത്യസമയത്ത് ഉണരുകയും, പ്രഭാതകൃത്യങ്ങൾ എല്ലാം കഴിഞ്ഞു കുളിച്ച് കുറിതൊട്ട് സുന്ദരന്മാരായി കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിച്ചു ഓടിച്ചാടി നടന്നിരുന്ന ആ പ്രസരിപ്പിനാണ് ആദ്യത്തെ ആഘാതം ഏറ്റിരിക്കുന്നത് ..

ടിവിയിലെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ
"അതിനിപ്പോ ആര് കാണാനാ ഞങ്ങളെ"...
"ക്ലാസ് കഴിഞ്ഞിട്ട് കുളിക്കാം"..
ഇനി ഗൂഗിൾ ക്ലാസ് റൂമിൽ ആണെങ്കിൽ മുഖം മാത്രം മിനുക്കി
"ബാക്കിയൊക്കെ ക്ലാസ് കഴിഞ്ഞിട്ട് ആവാ"മെന്ന് പറയുന്നവരും ഒട്ടും കുറവല്ല..

ഓൺലൈൻ ക്ലാസുകളിൽ കുഞ്ഞുങ്ങളുടെ ആ അടുക്കും ചിട്ടകളും താളം തെറ്റിയിരിക്കുന്നു...

ഒരുമിച്ച് സ്കൂളിൽ പോകുന്ന സമയത്താണ് കൂട്ടുകാരോടൊത്ത് പല വിശേഷങ്ങളും അവർ പങ്കുവെയ്ക്കുക .
അതിൽ പല വിഷയങ്ങളും ഉണ്ടാകാം.. പഠിക്കുന്ന കാര്യങ്ങൾ ഉണ്ടാവാം..
വീട്ടിലെ കാര്യങ്ങൾ ഉണ്ടാവാം...
അവരുടെ കുഞ്ഞു കുഞ്ഞു സങ്കടങ്ങളും സന്തോഷങ്ങളും നാളെയുടെ സ്വപ്നങ്ങളും എല്ലാം അതിൽ ഉണ്ടാകാം...

കൂട്ടുകാരന്റെ തോളിൽ കൈയ്യിട്ട് അല്ലെങ്കിൽ കൈകൾ കോർത്തുപിടിച്ച് തന്റെ സങ്കടങ്ങൾ പറയുമ്പോൾ കൂട്ടുകാരൻ അവന്റെ ചുമലിൽ തട്ടി,
അല്ലെങ്കിൽ കോർത്തു പിടിച്ച കൈകളെ ഒന്നമർത്തി. "സാരമില്ലടാ എല്ലാം ശരിയാകും" എന്ന ഒറ്റ വാക്കിലൂടെ
അവന്റെ മനസ്സിലുള്ള പിരിമുറുക്കങ്ങൾ അകറ്റുന്നു...

ഒരു കുട്ടി നിത്യവും സ്കൂളിൽ വൈകി വരികയോ, അവനിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാവുകയോ ചെയ്യുമ്പോൾ അത് ആദ്യം അറിയുക അവന്റെ അധ്യാപകർ ആയിരിക്കും..
അവർ അവനെ അടുത്ത് വിളിച്ച് സ്നേഹപൂർവ്വം കാര്യങ്ങൾ തിരക്കുകയും, അതിനെ നേരിടാനുള്ള നല്ലൊരു മാർഗം കാണിച്ചു കൊടുക്കുകയും, അവന്റെ മനസ്സിന് ധൈര്യം പകരുകയും ചെയ്യുന്നു..

വിദ്യാഭ്യാസം എന്നാൽ പാഠഭാഗങ്ങൾ കുഞ്ഞുങ്ങളുടെ മുന്നിൽ നിന്ന് വിവരിക്കുകയും, അത് അവർക്ക് മനസ്സിലാക്കി കൊടുക്കുകയും മാത്രമല്ല...

വിദ്യാലയങ്ങളിൽ നിന്നും നമ്മൾ പഠിച്ചെടുക്കേണ്ടത് പാഠപുസ്തകങ്ങളിലെ ഭാഗങ്ങൾ മാത്രമല്ല...

കൂടെയുള്ള കൂട്ടുകാരന്റെ കണ്ണൊന്നു കലങ്ങുമ്പോൾ അവനെ ചേർത്തു പിടിക്കുന്നതും,
എല്ലാവരും ഊണ് കഴിക്കാൻ ഇരിക്കുമ്പോൾ 'വിശപ്പില്ലെന്നും" പറഞ്ഞു എഴുന്നേറ്റു പോകുന്ന ചങ്ങാതിയെ പിടിച്ചിരുത്തി അവനെ തങ്ങളുടെ ഭക്ഷണത്തിൽ നിന്നും ഒരു പിടി ചോറു വീതമെടുത്തു അവന്റെ വയറു നിറക്കുന്നതും പാഠഭാഗങ്ങളിൽ എഴുതിവെച്ചിട്ടുണ്ടാവില്ല ..
ഇതെല്ലാം വിദ്യാലയങ്ങളിൽ നിന്നും പഠിച്ചെടുക്കുന്ന പാഠഭാഗങ്ങളെ പോലെ പ്രസക്തിയുള്ളതു തന്നെയാണ്...

പല വീടുകളിലും നിലനിൽക്കുന്ന വ്യത്യസ്ത സാഹചര്യങ്ങൾ കുട്ടികളെ സമൂഹം എന്തെന്ന് പഠിപ്പിക്കുവാനും അവരെ സാമൂഹിക ബോധമുള്ള പൗരന്മാരായി വളരുവാൻ സഹായിക്കുന്നു.. വിദ്യാഭ്യാസത്തോടൊപ്പം തന്നെ പ്രാധാന്യം കുട്ടികൾക്ക് സമൂഹത്തോടും വളർത്തിയെടുക്കേണ്ടത് ഈ കാലഘട്ടത്തിൽ വളരെ അത്യാവശ്യമാണ്...

കൂടാതെ കുട്ടികളിലെ കലാവാസനകളും, കായികപരമായ മികവുകളും, ഓരോ വിഷയങ്ങളോടുള്ള അവരുടെ സമീപനവും,
ഓരോ വിഷയങ്ങളും അവരുടെ മനസ്സിൽ പതിയുന്ന ആഴങ്ങളും ആദ്യം അളക്കാൻ കഴിയുന്നത് അവരുടെ അധ്യാപകർക്ക് തന്നെയാണ്..

നിങ്ങളുടെ വീട്ടിൽ ഓൺലൈൻ ക്ലാസ് അറ്റൻഡ് ചെയ്യുന്ന രണ്ട് കുട്ടികൾ ഉണ്ടെങ്കിൽ ക്ലാസിനു ശേഷം ഉള്ള അവരുടെ സംശയങ്ങൾ സ്വാഭാവികമായി നിങ്ങളോട് ആയിരിക്കും അവർ ചോദിക്കുക..

ഒരു സംശയം അവർക്കു മനസ്സിലാക്കുന്നത് വരെയും ചോദിക്കുമ്പോൾ നിങ്ങളിൽ എത്രപേർക്ക് അവരോട് ദേഷ്യപ്പെടാതെ അവരുടെ സംശയം ദൂരീകരിക്കാൻ കഴിയും..
അവരുടെ ഓൺലൈൻ ക്ലാസിലെ ആദ്യദിവസങ്ങളിൽ ഉണ്ടായിരുന്ന ക്ഷമയും സഹിഷ്ണുതയും ഒക്കെ നമ്മളിൽ അതേ അളവിൽ തന്നെ ഇപ്പോഴും ഉണ്ടോ എന്ന് സ്വയം തിരിഞ്ഞു നോക്കുക..

അതേസമയം വർഷങ്ങളോളം പലതരത്തിലുള്ള കുട്ടികളുമായി ഇടപഴകുന്ന അധ്യാപകർക്ക് എത്ര തവണ ചോദിച്ചാലും ക്ഷമ ഇല്ലായ്മയോ, അസഹിഷ്ണുതയോ ഒരു നല്ല അധ്യാപകൻ പ്രകടിപ്പിക്കാറില്ല ...
അത് അവർക്ക് കുട്ടികളുടെ മനശാസ്ത്രം ഇതിനകം അറിഞ്ഞിരിക്കുന്നത് കൊണ്ട് തന്നെയാണ് ...
വീട്ടിൽ നിന്നും അവരുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നല്കാൻ കഴിയും . മനസ്സിനാവശ്യമായ പോഷകങ്ങൾ നല്കാൻ നല്ലൊരു ഗുരുനാഥന് കഴിയും...

എല്ലാവരും പഠിച്ചവർ ആയിരിക്കണമെന്നില്ല..
പഠിച്ച എല്ലാവർക്കും ഇൻറർനെറ്റും കാര്യങ്ങളും ഉപയോഗിക്കാൻ അറിഞ്ഞിരിക്കണമെന്നില്ല..
എല്ലാവർക്കും മൊബൈലും ടിവിയും ഉണ്ടാകണമെന്നും ഇല്ല ..
ഓൺലൈൻ ക്ലാസുകൾ തുടങ്ങിയ സമയത്ത് ഇങ്ങനെയുള്ള സംഭവങ്ങൾ നമ്മുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടല്ലോ..
എങ്ങനെയെങ്കിലും മക്കൾക്കുവേണ്ടി സംഘടിപ്പിച്ചു കൊടുത്താലും മാസം ഒരു തുക അതിനുവേണ്ടി കണ്ടെത്താൻ ബുദ്ധിമുട്ടുന്നവരും ഉണ്ട്..

(രാവിലെ കുഞ്ഞുങ്ങളെ സ്കൂളിൽ പറഞ്ഞു വിട്ട ശേഷം അവർ വരുന്ന അതിനുള്ളിൽ ചെയ്തുകൊണ്ടിരുന്ന ചെറിയ ജോലികൾക്ക് പോകാൻ പറ്റാതെ ഇരിക്കുന്നവരും ധാരാളമുണ്ട്..)

ഇനി ഇതെല്ലാം ഉള്ളവരുടെ വീട്ടിൽ കൂടെയിരുന്നു പറഞ്ഞുകൊടുക്കാൻ അറിവുള്ളവർ ഉണ്ടാവണമെന്നില്ല.
അറിവുള്ളവർക്കോ കൂടെയിരിക്കാൻ മതിയായ സമയം ഉണ്ടായിരിക്കുകയും ഇല്ല..

ഒരു മുറിയിൽ ഇരുന്നു പഠിക്കുന്ന രണ്ട് ഓൺലൈൻ ക്ലാസ്സുകളുടെ ശബ്ദങ്ങൾ ശല്യം ആകുമ്പോൾ രണ്ടുപേരും രണ്ടു ഭാഗത്തായി മാറിയിരിക്കുന്ന ഇടത്തുനിന്നും നമ്മൾ ശ്രദ്ധിക്കേണ്ടതായി വരുന്നു..

ഇന്റർനെറ്റ്
എന്ന് പറഞ്ഞാൽ "പാലാഴി മഥനം" പോലെയാണ്...
അതിൽ നിന്നും
അമൃത കുംഭവും വരാം
കാളകൂട വിഷവും വരാം...
ഏതു വേണമെന്ന് തിരഞ്ഞെടുക്കേണ്ടത് നമ്മൾ തന്നെയാണ്...

അറിവിന്റെ അനന്തമായ ലോകത്തിലേക്ക് കുഞ്ഞുങ്ങൾക്ക് എത്തിപ്പെടാൻ ഇൻറർനെറ്റ് ലൂടെ കഴിയും..
ഒരുപാട് നല്ല കാര്യങ്ങൾ പറഞ്ഞു തരാൻ ഇൻറർനെറ്റിനു കഴിയും ..
അവരത് എങ്ങനെയെല്ലാം ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അവരുടെ മനോവളർച്ച..

അവിടെയാണ് നമ്മൾ കരുതലോടെ ഇരിക്കേണ്ടത് .. അവർ ചെന്നെത്തി പെടുന്ന ലോകം ഏതാണെന്ന് രക്ഷിതാക്കൾ തീർച്ചയായും അറിഞ്ഞിരിക്കണം..

അബദ്ധത്തിൽ ചെന്ന് പെടുന്ന ആ ലോകത്തെക്കുറിച്ച് അറിയാനാകും അവർ പിന്നെ പഠിത്തത്തേക്കാൾ കൂടുതൽ ശ്രദ്ധ ചെലുത്തുക..
അവർ അതിനുവേണ്ടി കൊട്ടിയടക്കപ്പെട്ട എല്ലാ വാതിലുകളും തള്ളിത്തുറന്നു പോയി കൊണ്ടേയിരിക്കും ...

അത് എന്തുമാകാം...
പെയ്ഡു ഗെയിമുകൾ ആവാം.. അശ്ലീലങ്ങൾ പ്രചരിപ്പിക്കുന്ന സൈറ്റുകൾ ആവാം..
സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജ അഡ്രസ്സ് ഉണ്ടാക്കിയെടുത്ത് ആളുകളെ പറ്റിക്കാൻ നടക്കുന്ന സംഘങ്ങൾ ആവാം...

ആദ്യം ചാറ്റിങ് പിന്നെ ചീറ്റിംഗ് ഇതെല്ലാം കഴിയുമ്പോഴാവും രക്ഷിതാക്കൾ കുഞ്ഞുങ്ങൾ ഇത്തരത്തിലുള്ള ബന്ധങ്ങളിൽ ചെന്ന് ചാടിയത് അറിയുന്നത് തന്നെ...

ലൈവായി അധ്യാപകർ പഠിപ്പിക്കുന്ന സമയത്തെ കുട്ടികളുടെ മെസ്സേജ് നിങ്ങൾ ഒന്ന് കണ്ടു നോക്കൂ ..
അതിൽ തന്നെ നിങ്ങൾക്ക് മനസ്സിലാകും പഠിപ്പിൽ ഉള്ള ശ്രദ്ധ എന്തുമാത്രമാണെന്ന്..

എല്ലാവരും പഠിക്കുന്ന കുട്ടികളാണ് ഇങ്ങിനെ മെസ്സേജ് അയക്കുന്നത് വിചാരിക്കരുത്..
വഴിതെറ്റിക്കാൻ നടക്കുന്നവരും ആ കൂട്ടത്തിൽ തന്നെയുണ്ട്...

മൊബൈൽ ബില്ലടയ്ക്കാനോ, കറണ്ട് ബില്ല് അടയ്ക്കാനോ, വേറെ എന്തിനെങ്കിലും രക്ഷിതാക്കളുടെ മൊബൈൽ ബാങ്കിങ് പാസ്സ്‌വേർഡ് അറിയുന്നവരാണെങ്കിൽ അവരത് നമ്മളറിയാതെ ഏതെങ്കിലും വിധം ദുരുപയോഗിക്കുന്നുണ്ടോ എന്ന് നമ്മൾ ഇടയ്ക്കിടെ പരിശോധിക്കേണ്ടതാണ്..

ബാങ്കിംഗ് അപ്ലിക്കേഷൻ ലോക്ക് ചെയ്തു വയ്ക്കാനും, പാസ്‌വേഡ് ഇടയ്ക്കിടെ മാറ്റുവാനും മറക്കാതിരിക്കുക..
അവരെ സ്വയം പര്യാപ്തരാക്കേണ്ടത് വളരെ ആവശ്യം തന്നെയാണ്..
പക്ഷെ .. അവരത് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് നമ്മൾ നിർബന്ധമായും നോക്കേണ്ടതാണ്..

നമ്മുടെ സ്നേഹം വളരെ എളുപ്പത്തിൽ ചൂഷണം ചെയ്യാൻ അവർക്ക് കഴിയും..

ഇൻറർനെറ്റിൽ സാമൂഹ്യ മാധ്യമങ്ങളിലും ചതിക്കുഴികളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുക..
കാരണം പുതിയ പുതിയ അറിവുകൾ നേടാനുള്ള ത്വര കൗമാരക്കാർക്ക് വളരെ കൂടുതലാണ്..

എല്ലാവരുടെയും സാന്നിധ്യത്തിൽ ഇൻറർനെറ്റ് ഉപയോഗിക്കാൻ പഠിപ്പിക്കുക..

എന്തും, ഏതും, എപ്പോഴും നിങ്ങളോട് തുറന്നുപറയാനുള്ള മാനസികാവസ്ഥ വളർത്തിയെടുക്കുക...

ചെറിയ ചെറിയ തെറ്റുകൾ പറ്റുമ്പോൾ ശാസിക്കുന്നതിനും, ശിക്ഷിക്കുന്നതിനും പകരം സ്നേഹപൂർവ്വം അതിനെ മറികടക്കാനുള്ള ധൈര്യം പകരുക..

തെറ്റുകൾ പറ്റാനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കാതിരിക്കുക...

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ തുടങ്ങിവച്ച ഓൺലൈൻ ക്ലാസുകൾ അവസാനിക്കാനും, അധ്യാപകരുടെ സ്നേഹപൂർവ്വമുള്ള ശിക്ഷണങ്ങൾ ഏറ്റുവാങ്ങാനും എപ്പോഴാണ് കഴിയുന്നത് എന്ന് നമുക്ക് കാത്തിരിക്കാം...

"പാലാഴിമഥനം" കഴിയുമ്പോൾ
"അമൃത കുംഭ"ത്തെ സ്വീകരിക്കാനും, "കാളകൂട വിഷത്തെ" പുറന്തള്ളാനും അവർക്ക് കഴിയട്ടെ...

സ്നേഹപൂർവ്വം..,
സിന്ധുകൃഷ്ണൻ,
കാവശ്ശേരി....

ഒരു അനുഭവക്കുറിപ്പ്

...Image may contain: 1 person.
ഞാൻ കണ്ടിട്ടുള്ള നരക വേദനകൾ....
ജീവിതം മടുത്തു തുടങ്ങിയെന്ന് നിങ്ങൾക്ക് തോന്നിയോ..
ഇനിയെന്തിന് ജീവിക്കണം., ആർക്കു വേണ്ടി ജീവിക്കണം എന്നെല്ലാം ചിന്തകളിൽ നിറയുമ്പോൾ ജീവിതം അവസാനിപ്പിച്ചേക്കാം എന്നു കരുതുന്നവരേ...
നിങ്ങൾ ജീവിതം അവസാനിപ്പിക്കുകയാണെങ്കിൽ അതിനായി ഒരിക്കലും അഗ്നിയെ കൂട്ടു പിടിക്കാതിരിക്കുക..
കാരണം അഗ്നി നിങ്ങളെ വിഴുങ്ങിയില്ലെങ്കിൽ മരിക്കാതെ തന്നെ നരകം എന്തെന്ന് നിങ്ങൾക്കറിയേണ്ടി വരും...
അത് വളരെ ഭീകരമായ ഒരവസ്ഥയാണ്...
ശത്രുക്കൾക്കു പോലും വരരുതേയെന്നു പ്രാർത്ഥിക്കണം...
നിങ്ങളുടെ ദേഹത്ത് എപ്പോഴെങ്കിലും ഒരു ചെറിയ പൊള്ളലെങ്കിലും എറ്റിട്ടുണ്ടോ..?
ഏല്പിച്ചു നോക്കുക..
ഒരു മൂന്നാലു ദിവസമെങ്കിലും ഓർത്ത് കൊണ്ടേയിരിക്കാൻ തീപ്പെട്ടിക്കൊള്ളി കത്തിക്കുമ്പോൾ ശരീരത്തിൽ ഏൽക്കുന്ന മുറിവ് മതി..
അടുക്കളയിൽ കയറി പാചകം ചെയ്തിട്ടുണ്ടോ..?
കടുകു വറക്കുമ്പോഴോ, മീൻ പൊള്ളിക്കുമ്പോഴോ, പൂരിയുണ്ടാക്കുമ്പോഴോ ഒരു തുള്ളി തിളച്ച എണ്ണ നിങ്ങളുടെ ദേഹത്ത് പതിച്ചിട്ടുണ്ടോ..?
വിസിൽ ശബ്ദം വരാറായ പ്രഷർ കുക്കർ നിങ്ങളുടെ ദേഹത്തു മുട്ടിയിട്ടുണ്ടോ..?
ഒരാഴ്ചയെങ്കിലും നിങ്ങളെയോർമ്മിപ്പിച്ചു കൊണ്ടിരിക്കാൻ അതു ധാരാളം മതി..
നിങ്ങൾ ആത്മഹത്യ ചെയ്യാൻ അഗ്നിയെ കൂട്ടു പിടിക്കരുത്..
ഞാൻ വീണ്ടും ഓർമ്മപ്പെടുത്തുകയാണ്...
ഏകദേശം പതിനാറ് വർഷത്തോളം നീണ്ട
നഴ്സിംഗ് എന്ന എന്റെ തൊഴിൽ മേഖലയിൽ
ദേഹമാസകലം പൊള്ളിയ മൂന്നു സ്ത്രീ ശരീരങ്ങൾ എനിക്കു കാണേണ്ടി വന്നിട്ടുണ്ട്...
പിന്നെ ചെറിയതോതിൽ മാത്രം പൊള്ളലേറ്റ കുറെ രോഗികളെയും...
ആദ്യമായ് കണ്ട സ്ത്രീ വർഷങ്ങൾക്കിപ്പുറവും എന്റെ ഓർമ്മയിലിങ്ങനെ നിറഞ്ഞു നിൽക്കുന്നുണ്ട്..
രാത്രി പന്ത്രണ്ടു മണിയോടടുക്കുന്ന സമയത്താണ് വാർഡ് ബോയ്സ് അത്യാഹിത വിഭാഗത്തിലേക്ക് ഒരു വെള്ളതുണിയിട്ടു മൂടിയ രൂപം വീൽചെയറിലിരുത്തി കൊണ്ടു വന്നത്..
വേറെയൊരു രോഗിക്ക്
നെബുലൈസർ കൊടുത്തു കൊണ്ടിരുന്ന ഞാൻ അവരുടെയടുത്തു "കഴിയാറാകുമ്പോൾ വിളിക്കണെ"യെന്നും പറഞ്ഞു പൊള്ളലേറ്റ രോഗിയുടെ അടുത്തേക്ക് ഓടിവന്നു.
അവർ പുതച്ചിരുന്ന വെള്ളത്തുണി മാറ്റിയ ഞാൻ ഞെട്ടിപ്പോയി..
ആദ്യമായി അന്നാണ് ഞാൻ ഇത്രയും വലിയ പൊള്ളൽ കാണുന്നത്..
ഒരിഞ്ചു സ്ഥലം പോലും ബാക്കിയില്ലാതെ അവരെ അഗ്നി വിഴുങ്ങിയിരിക്കുന്നു..
മുടിയില്ലാത്ത അവരുടെ കരിഞ്ഞ തലയും, പേടിപ്പെടുത്തുന്ന വികൃതമായ മുഖവും എനിക്ക് കണ്ടു നിൽക്കാൻ കഴിഞ്ഞില്ല..
അവരുടെ പൊള്ളിയമർന്ന നഗ്നമായ ശരീരത്തിൽ വേഗം ആ വെള്ളത്തുണി വീണ്ടും ഞാൻ പുതപ്പിച്ചു കൊടുത്തു.
എങ്ങിനെയാണ് എടുത്തു ബെഡിൽ കിടത്തുക. എവിടെ തൊട്ടാലും അവരുടെ വെന്ത ശരീരം കൂടുതൽ വേദനിക്കുകയേ ഉള്ളൂ. പ്രൈവറ്റ് ഹോസ്പിറ്റലായത് കൊണ്ട് മെഡിക്കൽ ലീഗൽ കേസുകൾ ഡോക്ടർ എടുക്കാറുമില്ല. വേഗം തന്നെ ഡോക്ടറെ വിളിച്ചു വിവരം പറഞ്ഞു. എത്രയും പെട്ടെന്ന് അവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റുവാൻ ഡോക്ടർ പറഞ്ഞു..
അവരെ ആംബുലൻസിലേക്ക് കയറ്റുമ്പോഴാണ് ഹൃദയഭേദകമായ ആ കാഴ്ച ഞാൻ കണ്ടത്..
അവരിരുന്ന വീൽചെയറിൽ അവരുടെ ശരീരത്തിന്റെ വെന്തു കരിഞ്ഞ ഭാഗങ്ങൾ അവിടവിടെയായി ഒട്ടിപ്പിടിച്ചിരിക്കുന്നു..
അപ്പോഴും അവർ പുലമ്പുന്നുണ്ടായിരുന്നു.
"എന്നോടെന്തിനിങ്ങനെ ചെയ്തു" എന്ന്..
അവർ പോയിട്ടും അന്തരീക്ഷത്തിൽ അവരുടെ മാംസം കരിഞ്ഞ ഗന്ധം തങ്ങി നിൽപ്പുണ്ടായിരുന്നു..
ഞങ്ങളെ പോലെയുള്ളവർക്ക് മനസ്സിൽ നിന്നും ചില കാഴ്ചകളൊക്കെ മായണമെങ്കിൽ ദിവസങ്ങളോളം എടുക്കും...
പിന്നീടൊരു ദിവസം നൈറ്റ് ഡ്യൂട്ടിയിൽ ഇരിക്കുമ്പോഴാണ് അടുത്ത പൊള്ളലേറ്റ സ്ത്രീ വരുന്നത്. മുഖത്തും, തലയിലും, കൈകളിലും മുഴുവനായും ബാക്കി ശരീരഭാഗങ്ങളിൽ അവിടവിടെയായും അവർക്ക് പൊള്ളലേറ്റിരുന്നു .
ഐ വി ഫ്ലൂയിഡ് ഇടുന്നതിനായി വെയ്ൻ തിരഞ്ഞു പിടിച്ചു കാനുല ഇടുമ്പോഴേക്കും എനിക്ക് കരയേണ്ടി വന്നു.
ശരീരം തളർന്നു പോകുമെന്നതിനാൽ വെയ്ൻ കിട്ടാൻ ശ്രമമാകും. ഇനി കിട്ടിയാൽ തന്നെ ഫ്ലൂയിഡ് പോകുമ്പോഴേക്കും വീങ്ങി വരും. എവിടെ തൊട്ടാലും വേദനിക്കുന്ന, വെന്തു പോയ ആ ശരീരത്തിൽ വീണ്ടും വീണ്ടും കുത്തേണ്ടി വരുക എന്നത് ഞങ്ങളെപോലെയുള്ളവരുടെ മനസ്സിന് വളരെയേറെ വിഷമമുണ്ടാക്കുന്ന ഒന്നാണ്..
ബന്ധുക്കളുടെ പരുങ്ങൽ കണ്ടതോടെ ആ രോഗിയെയും ഡോക്ടർ മെഡിക്കൽ കോളേജിലേക്ക് ഷിഫ്റ്റ്‌ ചെയ്തു..
മൂന്നാമതായി കാണുന്നത് മേലാസകലം പൊള്ളിയടർന്നു വന്ന ഒരു പ്രണയനൈരാശ്യം ആയിരുന്നു..
ഒരു നിമിഷത്തിന്റെ ആവേശത്തിൽ സംഭവിച്ച ഒരു അവിവേകം.
ഡോക്ടർക്ക് അറിയുന്ന ഏതോ ഒരാൾ ആ കുട്ടിയുടെ ബന്ധുവായത് കൊണ്ടാണെന്നു തോന്നുന്നു അവർക്ക് അവിടെ തന്നെ ചികിത്സ തുടരാൻ കഴിഞ്ഞത്.
ഉണരുമ്പോഴൊക്കെ അവർ ഞങ്ങളോട് സംസാരിച്ചിരുന്നു.
സംസാരിക്കുമ്പോഴൊക്കെയും അവർ മുഖം കാണാൻ കണ്ണാടി വേണമെന്ന് ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നു..
അവരിലൂടെയായിരുന്നു അവരനുഭവിക്കുന്ന നരകം ഞങ്ങൾ കണ്ടത്..
എമർജൻസി കേസുകൾ വരുമ്പോൾ മറ്റു വാർഡുകളിൽ ഉള്ള സിസ്റ്റർമാരും സഹായിക്കാൻ ഓടിയെത്താറുണ്ടായിരുന്നു..
ഒരു വലിയ വല പോലെയുള്ള കൂടുണ്ടാവും..
അത് അവരുടെ മേലെ വെച്ച ശേഷം അതിനു മീതെയാണ് നേരിയ തുണി കൊണ്ട് മറയ്ക്കുന്നത്..
തല മാത്രം വെളിയിൽ കാണും..
കണ്ടാൽ
ഒരു ശവമഞ്ചത്തിനുള്ളിൽ കിടക്കുന്നതു പോലെ തോന്നും...
പിന്നെ ഒരു സാധാരണ നിലയിൽ കഴിയുന്ന കുടുംബങ്ങളുടെ അടിത്തറയിളക്കാൻ തീപ്പൊള്ളലിനും ആകും എന്ന് മനസ്സിലാക്കി തന്ന അനുഭവം..
ആദ്യത്തെ രണ്ടു ദിവസം വലിയ കുഴപ്പമില്ലാത്ത ഡ്രസിങ് ആയിരുന്നു..
ഓരോ ദിവസം കഴിയും തോറും മുറിവിൽ കൂടുതൽ പഴുപ്പുകൾ നിറയുന്നു..
കൂടെ അസഹനീയമായ ഗന്ധവും..
ഡ്രസിങ് എന്ന് പറഞ്ഞാൽ പുറമേ പുരട്ടുന്ന മരുന്നുകൾ വെച്ച് കെട്ടുന്നതല്ല..
മുറിവുകൾക്കുള്ളിലുള്ള ഇളം മഞ്ഞ നിറത്തിലുള്ള നേർത്ത പാട പോലെയുള്ള പഴുപ്പിനെ പൂർണ്ണമായും നീക്കം ചെയ്യണം..
വൃത്തിയാക്കിയ മുറിവ് കണ്ടാൽ ചോര കിനിയുന്ന പോലെയിരിക്കണം. ചിലപ്പോഴൊക്കെ ചോര കിനിയാറുമുണ്ട്..
ഇതൊക്കെ ബോധത്തോടെയിരിക്കുന്ന രോഗിയിലാണ് ചെയ്യുന്നത് എന്നോർക്കണം..
ആ സമയങ്ങളിലാണ് ഭൂമിയിലെ മാലാഖമാർക്ക് ശാപവാക്കുകൾ ഏറെയും കേൾക്കേണ്ടി വരിക..
മാലാഖമാരുടെ കണ്ണുകളും അപ്പോൾ നിറഞ്ഞൊഴുകുന്നുണ്ടാവും..
പക്ഷേ ... അപ്പോഴും ആ കണ്ണുനീരിന്റെ ഓരോ തുള്ളിയിലും ആ രോഗിക്ക് വേണ്ടി
ഒട്ടും പരിഭവമില്ലാതെ, ആത്മാർത്ഥമായ പ്രാർത്ഥനയായിരിക്കും
"ദൈവമേ.. അവരെ അധികം വേദനിപ്പിക്കാതെ അവർക്ക് സുഖപ്പെടുത്തണെ" എന്ന്...
എത്രയൊക്കെ പ്രാർത്ഥിച്ചാലും വെന്തു പോയ മാംസം എങ്ങിനെയാണ് പെട്ടെന്ന് പച്ചമാംസമായി മാറുക..
അതിനുള്ള വഴികളൊന്നും ആരും കണ്ടുപിടിച്ചിട്ടും ഇല്ലല്ലോ..
അവിശ്വാസികളായി ജോലിക്കു കയറുന്നവർ പോലും മറ്റുള്ളവർക്ക് വേണ്ടി ദൈവത്തോടു പ്രാർത്ഥിക്കുവാനായി വിശ്വാസികളായി മാറാറുള്ള ഒരു തൊഴിൽമേഖല കൂടിയാണ് നഴ്സിംഗ്...
ആ രോഗിയാണ് മൂന്നാഴ്ചയോളം ഞങ്ങൾക്കെല്ലാം വളരെയേറെ പ്രതീക്ഷകൾ നൽകിയ ശേഷം കാർഡിയാക് അറസ്റ്റിന്റെ രൂപത്തിൽ വികൃതമായിപ്പോയ തന്റെ മുഖം കണ്ണാടിയിലൂടെ കാണാതെ തന്നെ
ഞങ്ങളെ വിട്ടു പോയത്...
കുറെ വർഷങ്ങളായി ,
കുടുംബപരമായ കാരണങ്ങളാൽ
ഞാൻ എന്റെ തൊഴിൽ മേഖലയിൽ നിന്നും മാറി നിൽക്കാൻ തുടങ്ങിയിട്ട്..
വർഷങ്ങൾക്കു മുൻപുള്ള ഓർമ്മകളാണ് ഇവിടെ പകർത്തിയിട്ടുള്ളത്..
ചിലതെല്ലാം വിട്ടു പോയിരിക്കാം..
എങ്കിലും ..
ഒരാളെങ്കിലും ഈ വരികൾ വായിച്ചു തിരുത്തപ്പെടുകയാണെങ്കിൽ...
അതു മാത്രം മതിയാകും എന്നിൽ ഏറെ സന്തോഷം നിറയാൻ...
സ്വയം കൊളുത്തലുകളും,
മറ്റുള്ളവരുടെ മേൽ മണ്ണെണ്ണയും, പെട്രോളും ഒഴിച്ചുള്ള കൊളുത്തലുകളും കാരണം ഈ കഴിഞ്ഞ വർഷത്തിൽ കൊഴിഞ്ഞു വീണ ജീവിതങ്ങൾ ഏറെയാണ്..
അങ്ങിനെ എല്ലാവരെയും കടത്തി വിടുന്ന സ്ഥലങ്ങളല്ല ആശുപത്രികളിലെ ചില പ്രത്യേക വാർഡുകൾ..
എങ്കിലും വലിയ പൊള്ളലുകൾ ഒന്നും നിങ്ങൾ കാണേണ്ട.. കൈയ്യിൽ മാത്രമായോ, കാലിൽ മാത്രമായോ ഉള്ള പൊള്ളലുകൾ എങ്ങിനെയാണ് മരുന്നു വെച്ചു ഉണക്കുന്നതെന്നു ആ മുറിവ് ഉണങ്ങും വരെയും കൂടെയിരുന്നു കണ്ടാൽ നിങ്ങൾ ആത്മഹത്യയെ കുറിച്ചു ചിന്തിക്കുകയില്ല..
ഇനി ആത്മഹത്യ ചെയ്യാൻ തോന്നിയാലും അഗ്നിക്കിരയാവുന്നതിൽ നിന്നും നിങ്ങൾ മാറി നിൽക്കുക തന്നെ ചെയ്യും...
ഒരു ജീവൻ നശിപ്പിക്കാൻ വളരെ പെട്ടെന്നു കഴിയും..
പക്ഷേ .. നിങ്ങൾ എത്രയൊക്കെ വിചാരിച്ചാലും ഒരു ജീവനെ തിരികെ നൽകാൻ കഴിയില്ല...
സ്വയം കൊളുത്താതിരിക്കുക..
നിങ്ങൾ മറ്റുള്ളവരേയും കൊളുത്താതിരിക്കുക...
ആ അനുഭവിക്കുന്നതിന്റെ നൂറിലൊരംശം ധൈര്യം മാത്രം മതിയാകും നിങ്ങളുടെ ജീവിത പ്രശ്നങ്ങളിൽ നിന്നും നിങ്ങൾക്ക് രക്ഷ നേടാൻ...
പ്രശ്നങ്ങൾ ഇല്ലാത്ത ജീവിതങ്ങൾ എവിടെയും ഇല്ല എന്നതോർമ്മിക്കുക...
ചില ചിരിച്ചു കൊണ്ടേയിരിക്കുന്ന,
നമ്മളെ അത്ഭുതപ്പെടുത്തുകയും, അസൂയപ്പെടുത്തുകയും ചെയ്യുന്ന ജീവിതങ്ങൾ പോലും ഒരായിരം പ്രശ്നങ്ങൾക്ക് മേലെയിരുന്നാണ് ചിരിയുതിർക്കുന്നതെന്നും ഓർക്കുക..
ജീവിതം ജീവിച്ചു തീർക്കാനുള്ളതാണ്..
ജീവിതത്തിൽ വരുന്ന പ്രതിസന്ധികൾക്ക് മരണം മാത്രമല്ല പരിഹാരം എന്നോർക്കുക..
നമ്മൾ കാരണം ഒരാളുടെ കണ്ണുനീരും നമ്മുടെ ജീവിതത്തിൽ കലരാതിരിക്കാൻ ശ്രദ്ധിക്കുക...
തോൽവിയും, വിജയവും കൂടിക്കലർന്നതാണ് ഓരോ ജീവിതവും....
ജീവിതം നഷ്ടപ്പെടുത്താതിരിക്കുക..
നമുക്കും,
നമ്മൾ കാരണം മറ്റുള്ളവർക്കും....
പിറക്കുന്ന പുതുവർഷം എല്ലാവരുടെയും മനസ്സുകളിൽ നന്മകൾ നിറയ്ക്കട്ടെ...
പ്രത്യാശകളും....
സ്നേഹപൂർവ്വം...
സിന്ധുകൃഷ്ണൻ,
കാവശ്ശേരി....

നന്ദുമഹാദേവ.

Image may contain: 2 people, people smiling.
Author : Sindhu Krishnan

ആ പേര് കേൾക്കുമ്പോൾ തന്നെ എന്തൊരു പോസിറ്റീവ് എനർജിയാണ് ഉള്ളിൽ ഉണരുന്നത്...
ഇന്നാണ് നന്ദുവിന് രണ്ടാമത്തെ കീമോ തുടങ്ങുന്നത്..
നന്ദുവിന് വേണ്ടി നമുക്കെല്ലാം പ്രാർത്ഥിക്കാം...
തിരുവനന്തപുരം
ഭരതന്നൂർ സ്വദേശിയായ നന്ദു മഹാദേവ
ജനനം മുതൽ തന്നെ തുടങ്ങിയ പോരാട്ടം ഇന്നും തളരാതെ തുടരുന്നു..
ന്യൂമോണിയയുടേയും, പാമ്പിന്റെയും, തേളിന്റേയും, ആക്സിഡന്റുകളുടെയും രൂപത്തിൽ വന്നു ഭയപ്പെടുത്തിയപ്പെടുത്താൻ നോക്കിയപ്പോഴെല്ലാം നേർക്ക് നേർ നിന്ന് അതിനെയെല്ലാം
ധൈര്യത്തോടെ നേരിട്ട പോരാളി..
പൊരുതിയും ജയിച്ചും മുന്നോട്ടു നീങ്ങുന്നത് കണ്ടപ്പോഴാവണം അവനോട് കടുത്ത പ്രണയവുമായി കാൻസർ എന്ന രോഗം അവനിലേക്ക് അടുത്തത്..
ആദ്യം കാലിനെയായിരുന്നു അവൾ വിരിഞ്ഞു മുറുക്കിയത്..
ഒരു കാൽ മുഴുവൻ അവൾക്ക് വിട്ടു കൊടുത്തിട്ടും അവനിലെ ധൈര്യം അല്പം പോലും ചോർന്നു പോയില്ല..
അവളുടെ പ്രണയത്തിന് മറ്റുള്ളവരുടെ കണ്ണിൽ കണ്ണീർ നിറയ്ക്കുന്നതിനുള്ള കഴിവ് അപാരമായിരുന്നു..
അവനും വിട്ടു കൊടുത്തില്ല..
അവളെപ്പറ്റി കൂടുതൽ അറിയാൻ ശ്രമിച്ചു.
അവൾ കാരണം ധൈര്യവും, ജീവിതവും ചോർന്നു പോകുന്നവർക്ക് വേണ്ടി "അതിജീവനം" എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു..
ജീവിതപ്രതിസന്ധികളിൽ തളർന്നു പോകുന്നവരുടെ കണ്ണീർ തുടയ്ക്കാനും, അവർക്ക് ആത്മവിശ്വാസം പകർന്നു കൊണ്ട് കൂടെ നിൽക്കുവാനും ശ്രമിച്ചു..
മുൻപെല്ലാം തനിക്കു കാൻസറാണ് എന്ന് കേൾക്കുമ്പോഴേക്കും ചിരി മാഞ്ഞു പോയ
മുഖങ്ങളെല്ലാം ഇപ്പോൾ ചിരിച്ചു കൊണ്ട് തികഞ്ഞ ആത്മവിശ്വാസത്തോടെ പൊരുതാനിറങ്ങുന്നുണ്ട് എന്നതും വളരെ പോസിറ്റീവായ ഒരു മാറ്റമാണ്...
കീമോ ചെയ്തു ശരീരം തളർന്നിട്ടുണ്ടാവാം..,
ഒരു പാടു വേദനകൾ അനുഭവിച്ചിട്ടുണ്ടാവാം..
അതിലൊന്നും തളരാതെ തന്റെ ആത്മവിശ്വാസം കൊണ്ട് പഴനിമലയിലെ 1008 പടികളും ഒറ്റക്കാലിൽ ചവിട്ടിക്കയറിയും, പാട്ടു പാടിയും, പാഞ്ചാലിമേട്ടിൽ പോയും തന്റെ സ്വപ്‌നങ്ങൾ സാക്ഷാത്ക്കരിച്ചവനാണ് നന്ദു...
"ഓട്ടോബോക്കിന്റെ മകളായ വധു" എന്നാണു തന്റെ കൃത്രിമ കാലിനെ പറ്റി നന്ദു വിശേഷിപ്പിച്ചത്..
ഏകദേശം 1.5 കോടി രൂപ വില വരുന്ന മൈക്രോ ചിപ്പു ഘടിപ്പിച്ചു പ്രവർത്തിക്കുന്ന കൃത്രിമ കാലിനു പോലും നമുക്ക് ദൈവം തന്ന കാലുകളുടെ നൂറിൽ ഒന്ന് പോലും ചലനശേഷിയില്ലെന്നാണ് നന്ദു തന്റെ അനുഭവത്തിലൂടെ പറയുന്നത്..
അപ്പോൾ ദൈവം നമുക്കു തന്ന നമ്മുടെ കാലുകളുടെ വില നമ്മൾ ഊഹിക്കുന്നതിലും വളരെ വളരെ മുകളിലാണ്...
അല്ലെങ്കിലും കണ്ണുള്ളപ്പോൾ കാഴ്ചയുടെ വില നമ്മൾ അറിയാറില്ലല്ലോ..
ഇത്രയും നന്മയും, ധൈര്യവും ഉള്ള ആരെയെങ്കിലും പ്രണയിച്ചവർ വിട്ടു പോകുമോ..
ഇവിടെയും അത് തന്നെ സംഭവിച്ചു..
അവന്റെ ശ്വാസനിശ്വാസങ്ങളുടെ പങ്കു പറ്റാൻ അവളവിടെയും സ്ഥാനം പിടിച്ചു..
കീമോ എന്ന അടികൾ അവൾക്കു കൊടുത്തപ്പോൾ അല്പം പിണങ്ങി വാടിയിരുന്നുവെങ്കിലും, അവൾക്കവനോടുള്ള സ്നേഹം പതിന്മടങ്ങു വർദ്ധിച്ചതേയുള്ളൂ..
ഒടുവിൽ പതിനഞ്ച് സെന്റിമീറ്ററോളം വളർന്ന ആ സ്നേഹത്തെ ഒരു മേജർ സർജറിയിലൂടെ തന്റെ പാതിയിലധികം വരുന്ന ശ്വാസകോശം പകുത്തു നൽകി കൊണ്ട് അവൻ അവളെ തിരിച്ചയയ്ക്കാൻ ശ്രമിച്ചു..
പുഞ്ചിരിയും, ധൈര്യവും ഒട്ടും ചോരാതെ നന്ദു അവിടെയും പൊരുതി ജയിച്ചു..
പ്രണയം മൂത്ത അവളിപ്പോൾ അവന്റെ ഹൃദയത്തിൽ കുടിയേറിക്കഴിഞ്ഞു...
ഹൃദയവും രണ്ടുണ്ടായിരുന്നുവെങ്കിൽ അവനതും അവൾക്കായി പകുത്തു നല്കിയേനെ..
പക്ഷേ.. ഇവിടെ നമ്മളുണ്ടല്ലോ..
നമ്മുടെ ഹൃദയങ്ങളിൽ നിന്നുള്ള പ്രാർത്ഥനകൾ ഉണ്ടല്ലോ...
നമ്മുടെ കുഞ്ഞനിയനു വേണ്ടി നമ്മൾ നേരുന്ന നേർച്ചകളുണ്ടല്ലോ..
അവളെ തൃപ്തയാക്കാൻ അതെല്ലാം മതിയാകും ..
പിന്നെ ശ്രീ ചിത്തിരയിൽ വികസിപ്പിച്ചെടുത്ത ഒരു മരുന്നുമുണ്ട് നമുക്ക് കൂട്ടിന്..
പിന്നെയെന്തിനു നമ്മൾ പേടിക്കണം...
ഒരു പാടു പേരുടെ പ്രതീക്ഷകളാണ് ആ മരുന്ന്..
ഇതെല്ലാം തന്നെ നിങ്ങൾക്കും അറിയുന്ന കാര്യങ്ങളാണ്..
ഞാനിതിവിടെ ഇപ്പോൾ പറയുന്നത്
എന്തിനാണെന്ന് വെച്ചാൽ ..
നന്ദുവിന്റെ വിദ്യാഭ്യാസം എന്താണെന്ന് എനിക്കറിയില്ല...
പക്ഷേ...
എത്രയൊക്കെ വിദ്യാഭ്യാസം നേടിയെടുത്തവരും..,
നന്ദുവിന്റെ ജീവിതവും,
അവൻ കടന്നു വന്ന കനൽ വഴികളും,
അവന്റെ മുഖത്തെ മായാത്ത പുഞ്ചിരിയും.,
കൈമോശം വരാത്ത ആത്മവിശ്വാസവും.,
മറ്റുള്ളവർക്ക് പകർന്നു നൽകുന്ന നന്മകളും കണ്ടു പഠിക്കേണ്ടതുണ്ട്...
ഇന്നത്തെ കാലഘട്ടത്തിൽ വളർന്നു വരുന്ന തലമുറയ്ക്ക് വിചാരിച്ച കാര്യങ്ങൾക്ക് ഉണ്ടാവുന്ന ചെറിയ തടസ്സങ്ങൾ പോലും വലിയ മനപ്രയാസങ്ങൾ സൃഷ്ടിക്കുകയും, അവർ നിരാശയുടെ പടു കുഴിയിലേക്ക് വീണു പോകുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്..
ഉന്നത വിദ്യാഭ്യാസം നേടി വലിയ കമ്പനികളിൽ ജോലിയെടുക്കുന്നവർ വരെ മേലുദ്യോഗസ്ഥന്റെ ഒരു ശകാരം കൊണ്ട് പോലും വിഷാദത്തിലേക്ക് വീണു പോകുന്നവർ...
ചെറിയ ചെറിയ കാര്യങ്ങളെ ഊതി പെരുപ്പിച്ചു ജീവിതത്തെ മടുക്കുന്നവർ..
മാതാപിതാക്കളുടെ ശാസനകളിൽ അസ്വസ്ഥരാകുന്നവർ...
ആഗ്രഹിച്ച കാര്യങ്ങൾ നടക്കാതെയാകുമ്പോഴോ..,
പരീക്ഷയ്ക്ക് ആദ്യ പത്തിൽ ഇടം പിടിച്ചില്ലെങ്കിലോ മരണത്തെ കൂട്ട് പിടിക്കുന്നവർ..
ഇങ്ങിനെയുള്ളവരെല്ലാം ഈ കുഞ്ഞനുജന്റെ ജീവിതം ഒരിക്കലെങ്കിലും വായിച്ചിരിക്കണം ..
ഒരു പക്ഷേ നിങ്ങൾക്ക് എന്നെക്കാൾ കൂടുതൽ അടുത്തറിയാമായിരിക്കും...
ഒരു വ്യക്തിയെ പറ്റി ഞാൻ ഇത്രയും എഴുതുന്നത് ആദ്യമായാണ്..
കാരണം..
ചില പാഠപുസ്തകങ്ങൾ ഉണ്ട്....
മാനസികമായി
നമ്മൾ തളർന്നു പോകുമ്പോൾ
നമ്മിൽ ഊർജ്ജം നിറയ്ക്കാൻ കഴിയുന്നവ...
കണ്ടിട്ടും,
കണ്ടില്ലെന്നു നടിച്ചു ആ പുസ്തകങ്ങളെ
തുറന്നു നോക്കാതിരിക്കുമ്പോഴാണ്
നമ്മൾ ജീവിതത്തിൽ തോറ്റു പോകുന്നത്....!
നന്ദുവിന്റെ ജീവിതം ഒരു പാഠപുസ്തകമാണ്...
അതിൽ നിന്നും നിങ്ങൾക്കൊരുപാടു പഠിക്കാനുണ്ട്..
പ്രതിസന്ധികളോട് പൊരുതാൻ അതു നിങ്ങളെ പഠിപ്പിക്കും.
മറ്റുള്ളവർക്ക് ആത്മവിശ്വാസവും, ധൈര്യവും പകരേണ്ടത് എങ്ങിനെയെന്ന് നിങ്ങളെ പഠിപ്പിക്കും..
ഏതൊരു സാഹചര്യത്തിലും കനൽ പോലെ ജ്വലിക്കാൻ നിങ്ങളെ പഠിപ്പിക്കും..
ഇത്ര മാത്രം ധൈര്യത്തോടെ.,
ആത്മവിശ്വാസത്തോടെ തിളങ്ങാൻ ആ ഹൃദയത്തെ പഠിപ്പിച്ച "അമ്മ"യ്ക്കും ഞങ്ങളുടെ സ്നേഹവും, പ്രാർത്ഥനകളും...
കഴിഞ്ഞ വർഷം നിങ്ങൾക്കിഷ്ടപ്പെട്ട പുസ്തകം ഏതെന്ന് ഒരു സുഹൃത്ത് ചോദിയ്ക്കാൻ ഇടയായി..
ഈ കഴിഞ്ഞ വർഷമാണ് നന്ദു മഹാദേവ യെന്ന പുസ്തകം ഞാൻ വായിക്കാൻ ഇടയായത്..
ഞാൻ വായിച്ചതിൽ വെച്ചേറ്റവും നല്ല പുസ്തകം...
നിങ്ങളും വായിക്കുക....!
ഈ വരുന്ന പുതുവർഷം നന്ദുവിനും, നന്ദുവിനെപോലെയുള്ള ഒട്ടനേകം ആളുകൾക്കും ആശാവഹമായ മാറ്റങ്ങൾ വരുത്തുന്നതാവട്ടെ...
അവർക്ക് ആത്മവിശ്വാസവും,
പുത്തൻ ഉണർവ്വും,
നവജീവനും,
ചൈതന്യവും നിറയ്ക്കുന്നതാവട്ടെ...
നന്ദുവിനും, കുടുംബത്തിനും
നിങ്ങളോടൊപ്പം എന്റെയും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ നേർന്നു കൊണ്ട്....
സ്നേഹപൂർവ്വം..
സിന്ധുകൃഷ്ണൻ,
കാവശ്ശേരി....

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo