Showing posts with label ManjuAbhinesh. Show all posts
Showing posts with label ManjuAbhinesh. Show all posts

യാത്ര

Image may contain: Manju Abhinesh, smiling, selfie and closeup
എനിക്കൊരു യാത്ര പോകണം. പിന്നിട്ട വഴികൾ പലതും താണ്ടി വീണ്ടും ഒരു യാത്ര.
കണ്ണിൽ കണ്ടതും കേട്ടതും മനസ്സിലാക്കിയതും എല്ലാം വിഡ്ഢിത്തരങ്ങൾ മാത്രമാണെന്ന് തിരിച്ചറിയാൻ സത്യത്തിലേക്കൊരു യാത്ര.
കാണാമറയത്ത്‌ ഞാൻ അറിയാതെ പോയ ചിലതുണ്ട്. അവയൊക്കെ അറിയാനും കേൾക്കാനും ആസ്വദിക്കാനും ഒരു തൂവലു പോലെ പാറി ഒഴുകി നടക്കണം.
ആദ്യം സുരക്ഷിതമായി എന്നെ വളർത്തിയ അമ്മയുടെ ഗര്ഭപാത്രത്തിലേക്ക് ..അവിടെ നിന്നും പ്രസവവേദനയെക്കാൾ വേദന മനസ്സിൽ ഒളിപ്പിച്ചു വെച്ചു എന്റെ വരവിനായി കാത്തിരുന്ന് എന്റെ കുഞ്ഞു കൈകളിൽ പിടിച്ചു എന്റെ കുഞ്ഞിക്കാലുകളെ പിച്ച നടത്തിച്ച അച്ഛന്റെ മടിയിലേക്ക്....
അവിടെ നിന്നും മഴ നനഞ്ഞു കുതിർന്ന നാട്ടിൻപുറത്തെ മണ്ണിലേക്ക്....കാലുകൾ കൊണ്ട് തോട്ടിറമ്പത്തെ ചെളി തെറിപ്പിച്ച്‌ പൂഴിമണ്ണിൽ പൊതഞ്ഞു കിടക്കുന്ന ശംഖുകളെയും അഭ്രങ്ങളെ കൈക്കുമ്പിളിൽ നിറച്ച് ആദ്യാക്ഷരം കുറിച്ച വിദ്യാലയമുറ്റത്തേക്ക്.........അവിടെ കൊച്ചു പല്ലുകൾ കാട്ടി ചിരിക്കുന്ന ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ അറിയാതെ നിഷ്കളങ്കമായ സൗഹൃദങ്ങളോടൊരുമിച്ച്‌ പഠിച്ചും കളിച്ചും ഉല്ലസിക്കണം.....
വിദ്യാലയ മുറ്റത്തെ കിണറ്റിലെ വെള്ളം കോരിക്കുടിച്ച്‌ തൊട്ടുമുന്പിലെ പുഴയിൽ നിന്നും ചോറ്റുപാത്രത്തിൽ കുഞ്ഞു മീനുകളെ കോരിയെടുത്ത് കടവിനോട് ചേർന്ന് നിൽക്കുന്ന ആമ്പൽ പൂക്കൾ കൂട്ടുകാരിയുടെ കൈപിടിച്ച് എത്തി പൊട്ടിക്കാൻ നോക്കണം. എന്നിട്ട് വെള്ളത്തിലേക്ക് വീണ് മുങ്ങി പൊങ്ങണം....
നനഞ്ഞു വാരി വീട്ടിൽ ചെല്ലുമ്പോൾ അകലെ നിന്നും വടിയുമായി നിൽക്കുന്ന അമ്മയെ കണ്ട് പേടിച്ചു കരയണം.....കരച്ചിലിന്റെ ശക്തിയിൽ വടി താഴെയിടുന്ന അമ്മയെ സൂത്രത്തിൽ ചിരിപ്പിക്കണം...
വർഷങ്ങൾ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾക്കാനുസരിച്ച്‌ വേദനയോടെയാണെങ്കിലും ഒരുപാട് പ്രീയപ്പെട്ടവരെങ്കിലും ആൺ സൗഹൃദങ്ങളോട് അകൽച്ച കാണിക്കണം....അടുപ്പം കാണിച്ചു പോയാൽ കുഴപ്പമാ...പെണ്ണായിപ്പോയതിനാൽ പേരുദോഷം എളുപ്പം ചാർത്തി കിട്ടും....
ചില പരിധികൾ നിശ്ചയിക്കുമ്പോൾ അതുവരെ ഉണ്ടായിരുന്ന സ്വാതന്ത്രം കുറയുമ്പോൾ മനസ്സ് അറിയാതെ തന്നെ വിലക്കപ്പെട്ട സൗഹൃദത്തിലേക്ക് തിരിയണം........ആ സൗഹൃദം പിന്നെ പ്രണയത്തിന് വഴിമാറണം........
ആരും കാണാതെ ഇടവഴികളിൽ ഗന്ധരാജൻ പൂക്കളെ സാക്ഷിയാക്കി പ്രണയോപഹാരങ്ങൾ കൈമാറണം........ജാതിയും മതവും മതിലുകൾ പണിത് മനസ്സുകളെ വേർപെടുത്തുമ്പോൾ ആരുമറിയാതെ മൂകമായി തേങ്ങണം.......തറവാട്ടിൽ പിറന്ന നല്ല കുട്ടികൾ അങ്ങനെയാണത്രേ....
ഇതിനിടയിൽ കൂടിപ്പിറപ്പിനോട് തല്ലുകൂടണം. കൊച്ചു കൊച്ചു കാര്യങ്ങൾ ഊതിപ്പെരുപ്പിച്ചു അച്ഛന് മുൻപിൽ അവതരിപ്പിച്ച്‌ തല്ല് വാങ്ങി കൊടുക്കണം. പിന്നെ പതുക്കെ പോയി ആശ്വസിപ്പിക്കണം. എന്നിട്ട് മുതുകിന് തന്നെ നല്ല ഇടി വാങ്ങണം.അറിയാതെ പോയ സ്നേഹം തിരികെ പിടിക്കണം...
അടുത്തത് പടിയിറക്കം ആണ്. പെറ്റു പോറ്റി വളർത്തിയവർ തിരഞ്ഞു പിടിക്കുന്ന ഒട്ടും പരിചിതമല്ലാത്ത വീട്ടിലേക്ക് കഴുത്തിൽ താലികെട്ടിയ പുരുഷനോടൊപ്പം വലത് കാൽ വെച്ച് കയറണം. പിന്നെ അതാവണം ലോകം. പിറന്ന്‌ വീണ നാടും വീടും ഒക്കെ അന്യമാകണം. പുതിയവീട്ടിൽ പുത്തൻ ബന്ധളെ മനസ്സിൽ നിറയ്ക്കണം. അവിടെ വിവിധ ഭാവങ്ങൾ...... ഉത്തമയായ ഭാര്യയാവണം മകളാവണം സഹോദരിയാവണം അമ്മായി ആവണം കുഞ്ഞമ്മ ആവണം......അങ്ങനെ എത്ര എത്ര വേഷങ്ങൾ...........
ഇതിനിടയിൽ നോഞ്ചോട് ചേർക്കാൻ ഈശ്വരൻ നീട്ടുന്ന കുഞ്ഞുതുടിപ്പിനെ സ്നേഹിച്ചു തുടങ്ങണം......കാത്തിരിപ്പിനൊടുവിൽ കിട്ടുന്ന കണ്മണിയുടെ നെറ്റിയിൽ മുത്തം കൊടുക്കണം.....വയറു നിറയെ ഊട്ടണം ....താരാട്ട് പാടി ഉറക്കണം......അക്ഷരങ്ങൾ ചൊല്ലി പഠിപ്പിക്കണം........അവരുടെ കുഞ്ഞിഷ്ടങ്ങൾക്ക് കൂട്ട് നില്ക്കണം.......തെറ്റുകൾ തിരുത്തണം....വേദനിപ്പിക്കാതെ ശാസിക്കണം.......
വേഷങ്ങൾ ആടിതീരാറായ കളിയരങ്ങിലെ ആട്ടവിളക്കിലെ തിരിതാഴ്ന്നു തുടങ്ങുമ്പോൾ നഷ്ടങ്ങളുടെ കണക്കെടുപ്പ്‌ തുടങ്ങണം.......ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യമായി നഷ്ടങ്ങൾ കൊഞ്ഞനം കുത്തുമ്പോൾ ജരാനരകൾ ബാധിച്ച്‌ ശിഷ്ടകാലം മക്കൾ നോക്കുമെന്ന് വെറുതെ മോഹിക്കണം.........ജീവിതയാത്ര തുടങ്ങി അകലങ്ങളിലേക്ക് യാത്രയായ മക്കളുടെ വരവിനായി താലി ചാർത്തിയവനോടൊത്ത്‌ വഴിക്കണ്ണുമായി കാത്തിരിക്കണം......എനിക്ക് അവനും അവനും ഞാനും മാത്രമായി.....
ഒടുവിൽ പ്രീയപ്പെട്ടവന് മുൻപ് ഈ യാത്രയവസാനിക്കണം സുമംഗലിയായി തന്നെ.....മക്കൾ വായിലേക്കിറ്റിക്കുന്ന അരിയും എള്ളും സ്വീകരിച്ച്‌ എന്നെ ഏറ്റെടുക്കുവാൻ ഒരുങ്ങിയ ചിതയിലേക്ക് ...... എന്നെ പുണരും അഗ്നി എന്റെ സീമന്ത രേഖയിലെ കുങ്കുമ ചോപ്പ് പോലെ ആളിക്കത്തണം.........എന്റെ ദേഹി എരിഞ്ഞൊടുങ്ങിയ സന്ധ്യയിൽ അസ്തമയ സൂര്യൻ കുങ്കുമവർണ്ണം ചാർത്തണം.... കൂട്ടിലെ കിളികൾ ചേക്കേറണം.
വെറുതെ എന്റെ കുറെ ഭ്രാന്തുകൾ...
മഞ്ജുഅഭിനേഷ്

പഴയകാല ഓർമ്മകൾ

പഴക്കം ചെന്ന ഡയറിയുടെ താളുകൾക്കിടയിലൂടെ വെറുതെ ഓടി നടക്കുന്നതിനിടയിലാണ് വിവാഹ ജീവിതത്തിന്റെ ആരംഭത്തിലെങ്ങോ വീട്ടിൽ നിന്നും വന്നൊരു പഴയ എഴുത്ത്‌ കൈയിൽ കിട്ടുന്നത്. അതിലെ അക്ഷരങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ മനസ്സ് വിങ്ങുകയായിരുന്നു. നാട്ടിൽ നിന്നും പോന്നതിനു ശേഷം വീട്ടിലെ വിശേഷങ്ങൾ അറിയുവാനായി എഴുതി അയച്ച എഴുത്തിന് മറുപടിയായി അമ്മയുടെ അക്ഷരങ്ങൾ.
വീട്ടുവിശേഷങ്ങളും നാട്ടുവിശേഷങ്ങളും നിറച്ച വരികൾ. അതിൽ അച്ഛന്റെയും അമ്മയുടെയും ഏട്ടന്റെയും പുതിയ വിശേഷങ്ങൾ. വിഷുവിന് കൊടിയേറി പത്താമുദയം കൊടിയിറങ്ങും വരെയുള്ള ഉത്സവ കാഴ്ചകൾ. വീട്ടിലെ എന്റെ സുന്ദരിക്കുട്ടി ആട്ടിൻ കുട്ടിയുടെ കുസൃതികൾ, കുറുമ്പനായ നായ്ക്കുട്ടിയുടെ പിണക്കത്തിന്റെ കഥകൾ, മുറ്റത്തു ഞാൻ നട്ടു വളർത്തിയ മുല്ലപൂക്കൾ പൊട്ടിക്കാൻ ഓടി വരുന്ന എന്റെ കുറുമ്പികൂട്ടുകാരികളുടെ വിശേഷങ്ങൾ, മുറ്റത്തെ തേന്മാവിൻ നിന്നും അന്നേ ദിവസം കൊഴിഞ്ഞു വീണ മധുരം കിനിയും മാമ്പഴത്തിന്റെയും കമ്പിളിനാരകത്തിൽ നിറഞ്ഞ നാരങ്ങയുടെ എണ്ണങ്ങളും, കൊയ്യാൻ തയ്യാറെടുത്തു നിൽക്കുന്ന വയലിന്റെ വിശേഷങ്ങളും ഒക്കെ ചേർത്തു വലിയ ഒരു എഴുത്ത്‌.
എഴുത്ത്‌ വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ നിറഞ്ഞ വിതുമ്പൽ അടക്കാനാവാതെ ഞാനെന്റെ കണ്ണുകൾ ഇറുക്കി അടച്ചു. നിറഞ്ഞ കണ്ണുനീരിൽ കുതിർന്നു മുന്നിൽ മങ്ങി മങ്ങി മനസ്സിൽ തെളിഞ്ഞ വഴിയിലൂടെ തനിച്ചൊരു യാത്ര തുടങ്ങി.
വിരിഞ്ഞ പുഴയുടെ മാറിലൂടെ ഒഴുകി അടുക്കുന്ന കടത്തുതോണി....
അതേ ആ പുഴ കടന്നു വേണം എന്റെ ഗ്രാമത്തിൽ എത്താൻ.....നിറയെ തെങ്ങുകൾ ഇരുവശവും നിറഞ്ഞു നിൽക്കുന്ന കുട്ടനാടിന്റെ സൗന്ദര്യം നിറഞ്ഞ എന്റെ ഗ്രാമം......
വരുന്നവഴിയാണോ കൊച്ചേ....തനിച്ചേ ഉള്ളോ...മക്കളും ഭർത്താവും എവിടെ........
എന്നൊക്കെയുള്ള കടത്തുകാരൻ ചേട്ടന്റെ വാക്കുകൾക്ക് മറുപടി കൊടുത്തുകൊണ്ട് പുഴയിലെ വെള്ളത്തിലേക്ക് കൈകൾ ഇട്ട് അക്കരയിലേക്ക് കണ്ണു നട്ടു......കൈയിൽ ചെറിയ പരൽ മീനുകൾ മുത്തം നൽകി.....പുതിയ പുതിയ ചില വീടുകൾ വന്നുവെന്നല്ലാതെ വലിയ മാറ്റങ്ങൾ ഒന്നുമില്ല...ഇപ്പോൾ നദിക്ക് കുറുകെ ഒരു പാലം പണിയുന്നു.....അത് പുഴയുടെ മനോഹാരിതക്ക് കുറച്ചു അഭംഗി വരുത്തിയിരിക്കുന്നു.
കടത്തിറങ്ങി ഗോതമ്പിൻ നിറമുള്ള വയലിന്റെ നടുവിലെ വഴിയിലൂടെ യാത്ര തുടരുമ്പോൾ വേ ലിപ്പടർപ്പിലെ ഗന്ധരാജൻ പൂക്കൾ സുഗന്ധം പൊഴിച്ചു കൊണ്ട് ഒപ്പം കൂടുന്നുവോ......?അറിയില്ല.
ചുറ്റിനുമുള്ള വയലിന്റെ കുറുകെ ചേറുമണം നിറഞ്ഞ വരമ്പുകൾ. കദളിനിറത്തിലെ ചെറുപോളപ്പൂക്കൾ വയലിലെ വെള്ളത്തിലൂടെ ഒഴുകി നടക്കുന്നു. എന്റെ കൊലുസിന്റെ താളത്തിനൊത്ത്‌ താളം പിടിക്കുന്ന ചരൽ വഴികൾ .സൗഹൃദത്തിന്റെ സല്ലാപത്തിന്റെ കുറുമ്പുകളുടെ പ്രണയത്തിന്റെ നിറഞ്ഞ ഓർമ്മകൾ എനിക്ക് ചുറ്റും നിറഞ്ഞു. കൈതപ്പൂവിനെ ചുംബിച്ചു വന്ന ഇളം തെന്നൽ ഒന്നുവന്ന് എന്റെ കവിളിനെ തഴുകി കടന്ന് പോയത് പോലെ....
അപ്പോൾ അതാ ദൂരെ നിന്നും വരുന്ന കുട്ടികളുടെ കൂടെ ഞാനും. വഴിവക്കിൽ പൊട്ടിമുളച്ചു നിൽക്കുന്ന മഷിത്തണ്ടു ചെടികളെ സ്ളേറ്റ് തുടയ്ക്കുവാനായി പൊട്ടിച്ച് കയ്യിൽ കൂട്ടിപ്പിടിച്ച്‌ കലപില സംസാരിച്ചു കൊണ്ട് വെള്ളബ്ലൗസ്സും മെറൂൺ നിറത്തിലെ പാവാടയും ഇട്ട് കൈയോന്നിയും ചെമ്പരത്തിയും മയിലാഞ്ചിയുമിട്ട്‌ കാച്ചിയ എണ്ണ തേച്ചു കുളിച്ച് ചുരുണ്ട മുടി രണ്ടുവശങ്ങളിലേക്കും പിന്നിയിട്ട് ചുവന്ന റിബണും കെട്ടി കണ്ണിൽ നിറയെ കണ്മഷിയും എഴുതി ചുവന്ന ചാന്തുപൊട്ടും തൊട്ട് കറുത്ത കളറിലെ ഗണപതി പ്രസാദവും ചന്ദനക്കുറിയും ചാർത്തി വെള്ളിക്കൊലുസണിഞ്ഞ കാലുകൾ തോട്ടിറമ്പിൽ പറമ്പുകളിലെ തെങ്ങിൻ ചുവട്ടിൽ ഇടാനായി ഇറക്കിയിട്ടിരിക്കുന്ന ചെളിയിലേക്ക് താഴ്ത്തി കറുത്ത സോക്സാണെന്ന ഭാവത്തിൽ കുസൃതികൾ കാട്ടിയുള്ള ബാല്യത്തിലെ പള്ളിക്കുട യാത്രയിലെ കുറുമ്പിപ്പെണ്ണ്‌.
ഇറുക്കി അടച്ച കണ്ണുകൾ തുറക്കാൻ തോന്നിയില്ല....കാണുന്ന കാഴ്ച്ചകൾ അത്രക്കും മനോഹരങ്ങളായിരുന്നു.
പള്ളിക്കൂട മുറികളിലെ സൗഹൃദങ്ങളുടെ കൂടെയുള്ള കളികൾ, പ്രാർത്‌ഥനാഗാനത്തിൽ തുടങ്ങുന്ന അസംബ്ലികൾ, കൈകൾ നീട്ടിപ്പിടിച്ച്‌ ചൊല്ലുന്ന പ്രതിഞ്ജ, ക്ലാസ്സ് മുറികളിൽ ടീച്ചർ വെള്ള ചോക്കിനാൽ കോറിയിട്ട അക്ഷരങ്ങൾ, ചൂരലിന്റെ ചൂടറിഞ്ഞ കൈവിരലുകൾ, കണക്ക് സാറിന്റെ കൈവിരലിന്റെ സ്നേഹത്തിൽ ചുവന്നുതുടുക്കുന്ന കാതുകൾ, ഉച്ചയ്ക്ക് കഞ്ഞിപ്പുരയുടെ ഭാഗത്ത് നിന്നും എത്തുന്ന കഞ്ഞിയുടെയും പയറിന്റെയും രുചിയൂറുന്ന സുഗന്ധം, പള്ളിക്കൂടമുറ്റത്തെ കിണറ്റിലെ മധുരം നിറഞ്ഞ തണുത്ത വെള്ളം, പള്ളിക്കുട മതിലിനോട് ചേർന്ന് അയലത്തെ വീട്ടിലെ നെല്ലിപ്പുളിയുടെ പുളിപ്പ് കലർന്ന രുചി, ബാല്യം മനോഹരമാക്കിയ കലോത്സവ വേദികൾ, ആൺപെൺ വ്യത്യാസമില്ലാതെ ഓടിക്കളിച്ച പള്ളിക്കൂട വരാന്തകൾ....അങ്ങനെ അങ്ങനെ തിരികെ പോകാൻ കൊതിക്കും വർണ്ണ കാഴ്ചകൾ തിളങ്ങി......
യാത്ര നിർത്താൻ മനസിനോട് പറയാൻ തോന്നിയില്ല....അടുത്തത് എന്തെന്ന് അറിയാനുള്ള ആകാംഷയായിരുന്നു അപ്പോൾ.......
മനസ്സ് കൊതിച്ചപോലെ മഴ തിമിർത്തു പെയ്യുന്ന പ്രഭാതം. നനഞ്ഞു കുതിർന്ന പച്ചനിറത്തിലെ പട്ടുപാവാടയിൽ കുടചൂടി അമ്പലമുറ്റത്തെ ആൽത്തറയിൽ തൊഴുതു നിൽക്കുമ്പോൾ നാടകശാലയുടെ വരാന്തയിൽ നിന്നും നീളുന്ന കണ്ണുകൾ തന്നിലേക്കാണെന്നറിഞ്ഞിട്ടും കാണാത്ത ഭാവത്തിൽ നടന്നു നീങ്ങിയ കൗമാരക്കാരി. പിന്നിലെ ചെരുപ്പിന്റെ താളത്തിൽ നെഞ്ചിടിപ്പിന്റെ വേഗത കൂടുമ്പോൾ അറിയുകയായിരുന്നു പ്രണയത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങുന്ന സുഖമുള്ളൊരു വേദന. ഋതുക്കൾ മുൻപോട്ട് പോകും തോറും ആ വേദനയുടെ ആക്കം കൂടി കൂടി വന്നു. ഒടുവിൽ പറയാതെ അറിഞ്ഞൊരു പ്രണയത്തിനോട് മൗനയാത്ര ചോദിച്ചു പിന്തിരിഞ്ഞു നടക്കുമ്പോൾ തിരിഞ്ഞു നോക്കുവാൻ തോന്നിയില്ല. പടിഞ്ഞാറൻ ചക്രവാളത്തിൽ കുമിഞ്ഞു കൂടിയ കാർമേഘം പെയ്യ്‌തൊഴിയുന്നത് കാണുവാനുള്ള ശക്തിയുണ്ടായിരുന്നില്ല.....ഒരിക്കൽ കൂടി ഒന്ന്‌ തിരിഞ്ഞു നോക്കിയാൽ വളർത്തി വലുതാക്കിയ പ്രീയപ്പെട്ടവരെയൊക്കെ വേദനിപ്പിച്ചൊരു തീരുമാനം എടുക്കേണ്ടി വരുമെന്ന് അന്നത്തെ കൗമാരക്കാരിക്ക്‌ അറിയാമായിരുന്നുവെന്ന് തോന്നുന്നു. അല്ലെങ്കിൽ അങ്ങനെ ഒരു തീരുമാനം എടുക്കില്ലാരുന്നല്ലോ.
മഴ അന്നത്തെ പോലെ ഇന്നും ആത്മാവിലേക്ക് പെയ്യ്തിറങ്ങാൻ കച്ച മുറുക്കുന്നുവോ............
വേണ്ട ........കാറ്റേ നീ വീശി അടിക്കുക....ഈ കാർമേഘം എന്നിൽ പെയ്യാതിരിക്കട്ടെ...... എന്നുറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു ഈ യാത്രയിൽ മനസ്സിൽ.......
ഇനി നിർത്തിയാലോ ഈ യാത്ര.....പക്ഷേ ഇതിലും വലുതെന്തോ എന്നെ കാത്തിരിക്കുന്നു ഈ യാത്രയിൽ എന്ന് ആരോ പറയും പോലെ.......
അങ്ങനെ യാത്രയിൽ തിരുവാതിര ഞാറ്റുവേലയും ഹേമന്തവും, ശിശിരവും,പൂക്കാലവും വന്നു പോയി....
കണ്ണുകൾ ഒരുപാട് നാളായി കാണാൻ കൊതിച്ച എനിക്ക് പ്രീയപ്പെട്ട വയലിനോട് ചേർന്ന് ഒരു ഇടവഴിയിൽ എത്തി നിന്നു.......മുരിങ്ങപ്പൂവുകൾ കമ്പളം വിരിച്ച മുറ്റമെന്ന് കരുതി കാലെടുത്തു വെച്ചത് ചേമ്പിൻ താളുകളും കാട്ടുചെടികളും നിറഞ്ഞു കാടുപിടിച്ച മുറ്റത്തേക്ക്ക്. നിറയെ പച്ചിലകൾ നിറഞ്ഞ കൂവള മരവും,പടർന്ന് പന്തലിച്ച പൂവരസ്സും, കാറ്റിൽ ആടിക്കളിച്ച തെങ്ങോലകൾ നിറഞ്ഞ തെങ്ങുകളും,മധുരം കിനിയുന്ന മാമ്പഴം നിറഞ്ഞ തേൻമാവും, സന്ധ്യയുടെ വരവേല്പിനായി സുഗന്ധം പൊഴിച്ചു നിന്ന എന്റെ വള്ളിമുല്ലയും, നാലുമണി ചെടികളുമില്ലാത്ത മുറ്റം.
നെഞ്ചുപിടഞ്ഞു കൊണ്ട് എന്റെ മാധുര്യംനിറഞ്ഞ ഓർമ്മകളുടെ ബാക്കിയെന്നോണം കഴിഞ്ഞ യാത്രവരെ ഉയർന്നു നിന്നിരുന്ന ഓട് മേഞ്ഞ മേൽക്കൂരയില്ലാത്ത വീടിന്റെ തറയിലേക്ക് കാലെടുത്തു വെച്ചപ്പോൾ,
മോളേ..... .....എന്ന നീട്ടിയൊരു വിളി കേട്ട പോലെ......
തെക്കേ മുറ്റത്തെ കാടുപിടിച്ചു കിടന്ന തൊടിയിൽ അച്ഛനുറങ്ങുന്ന തൊടിയിലേക്ക് കണ്ണുകൾ നീണ്ടപ്പോൾ അതുവരെ ഉരുണ്ടു കൂടിയ കാർമേഘം എന്നിൽ പെയ്യ്തിറങ്ങി......
ജനിച്ചു വളർന്ന നാടും വീടും ഒരു ഓർമ്മയായി മാറുമ്പോൾ തിരികെ നടക്കാൻ തോന്നുന്നു ആ സ്വപ്ന ലോകത്ത്‌ നിന്നും.......ഞാൻ നിറഞ്ഞൊഴുകിയ എന്റെ കണ്ണുകൾ തുറന്നു....ആ സ്വപ്നം അവിടെ അവസാനിക്കട്ടെ.........
എനിക്കെന്റെ മനസ്സിൽ നിറഞ്ഞു നില്ക്കുന്ന പഴയകാല ഓർമ്മകൾ മതി.അവിടെ ബാല്യവും, കൗമാരവും, വാത്സല്യവും, കുറുമ്പുകളും, പ്രണയവും,ഉത്സവകാഴ്ചകളും,അച്ഛനും അമ്മയും ഏട്ടനും ഞാനും ഒത്തുചേർന്ന് നല്ലനാളുകളും ഉണ്ട്.......
അതു മതി.....അത് മാത്രം മതി....ഇല്ലേ.......
മഞ്ജുഅഭിനേഷ്

തിരുവാതിര

Image may contain: 1 person, smiling, sitting, plant, tree, outdoor and nature

പൂത്തിരുവാതിരത്തിങ്കൾ തുളിക്കുന്ന
പുണ്യനിലാവുള്ള രാത്രീ..
പാൽമഞ്ഞു കോടിയുടുത്തു ഞാൻ മുറ്റത്തെ പാരിജാതച്ചോട്ടിൽ വന്നൂ..
ഞാൻ നിന്റെ പദസ്വനം കാതോർത്തു നിന്നൂ.....
തിരുവാതിര എന്ന് കേൾക്കുമ്പോൾ ചെറുപ്പത്തിൽ ആദ്യം മനസ്സിലേക്കെത്തുന്ന പാട്ട് ഇതായിരുന്നു. ഹിന്ദുത്തറവാടുകൾ നിറയെ ഉള്ള എന്റെ നാട്ടിൽ തിരുവാതിര എന്നത് സ്ത്രീകളുടെ വലിയ ആഘോഷം ആയിരുന്നു. ഇപ്പോഴും നാട്ടിൻപുറത്ത്‌ തിരുവാതിരയും അതിന്റെ ആഘോഷങ്ങളും ആചാരങ്ങളും മുറതെറ്റാതെ നടത്തുന്നവർ ഉണ്ട്. എല്ലാവർഷവും കാണും അയൽവക്കത്ത്‌ ഏതെങ്കിലും വീട്ടിൽ പൂത്തിരുവാതിര. വിവാഹം കഴിഞ്ഞവരുടെ ആദ്യത്തെ തിരുവാതിരയാണ് പൂത്തിരുവാതിര.
ചെറുപ്പത്തിൽ തിരുവാതിരയുടെ ഐതീഹ്യം ഒന്നും അറിഞ്ഞിരുന്നില്ലയെങ്കിലും നടന്ന് തുടങ്ങിയ കാലം മുതൽ ധനു മാസത്തിലെ തിരുവാതിര കൂടുക എന്നത് പതിവായിരുന്നു. വിവാഹിതരായ ചേച്ചിമാരും വിവാഹപ്രായം എത്തിയ ചേച്ചിമാരും അമ്മമാരും അമ്മുമ്മമാരും വട്ടത്തിൽ നിന്നു പാട്ടുകൾ പാടി ഭംഗിയിൽ ചുവടുകൾ വെച്ചു തിരുവാതിര കളിക്കുമ്പോൾ കുളിർമഞ്ഞിന്റെ തണുപ്പിൽ ചൂട് കാപ്പിയും കുടിച്ച് അന്തം വിട്ട് പുലരും വരെ നോക്കിയിരിക്കും. അന്നൊക്കെ ദശപുഷ്പം ചൂടുവാൻ വേണം എന്ന് പറഞ്ഞു വാശി പിടിച്ചു കരഞ്ഞിട്ടുണ്ട്...ചേച്ചിമാരൊക്കെ കുറെ പൂക്കളും ചെടികളും ഒക്കെ തുമ്പുകെട്ടിയിട്ട തലമുടിയിൽ കൊരുത്ത്‌ വയ്ക്കുമ്പോൾ എന്തിനെന്നറിയാതെ അവയ്‌ക്കായി വാശിപിടിച്ച ബാല്യം.
പിന്നീട് കൗമാരത്തിലേക്ക് കടന്നപ്പോൾ തിരിച്ചറിഞ്ഞു തിരുവാതിര നോമ്പ് നോക്കുന്നത് എന്തിനെന്ന് ഒക്കെ. കുളിരുപെയ്യുന്ന ധനുമാസത്തിലെ തിരുവാതിര ശ്രീപരമേശ്വരൻ ജന്മനാളാണ് . അന്നേ ദിവസം മംഗല്യവതികളായ സ്ത്രീകൾ ഭർത്താവിന്റെ യശസ്സിനും നെടുമംഗല്യത്തിനു വേണ്ടിയും കന്യകമാർ ഉത്തമ ഭർത്താവിനെ ലഭിക്കാൻ വേണ്ടിയും തിരുവാതിര വ്രതം അനുഷ്ഠിക്കുന്നു.
ശിവഭഗവാന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി ആദ്യമായി തിരുവാതിരവ്രതം അനുഷ്ഠിച്ചത് പാർവ്വതീ ദേവിയായിരുന്നു. കൂടാതെ ശ്രീപരമേശ്വരനും പാർവ്വതീ ദേവിയും തമ്മിലുളള വിവാഹം നടന്നത് തിരുവാതിര നാളിലാണെന്നും ഐതീഹ്യമുണ്ട്. ശക്തി ശിവനോടൊപ്പം ചേരുന്ന ഈ തിരുവാതിര ദിനത്തിൽ വ്രതം അനുഷ്ഠിച്ചാൽ ഉത്തമ ദാമ്പത്യ ജീവിതം ലഭ്യമാകുമെന്നാണ് വിശ്വാസം. മകയിരം, തിരുവാതിര എന്നീ രണ്ടു ദിനങ്ങളിലും വ്രതമാചരിക്കുന്നത് നല്ലതാണ്.
മകയിരം നോയമ്പ് മക്കളുടെ അഭിവൃദ്ധിക്കും ആയുരാരോഗ്യത്തിനും വേണ്ടിയാണ്. മകയിരദിനത്തിൽ എട്ടങ്ങാടി ചുട്ട് നിവേദിക്കണമെന്നാണ് ചിട്ട. കാച്ചിൽ, ചേന, കൂർക്ക, നനകിഴങ്ങ്, ചെറുകിഴങ്ങ്, ചെറു ചേമ്പ്, വലിയ ചേമ്പ്, മധുരക്കിഴങ്ങ് എന്നീ എട്ട് കിഴങ്ങുകൾ ചുട്ടെടുത്ത് ശർക്കരപാവു കാച്ചി, നാളികേരവും, പഴവും, വൻപയർ വേവിച്ചത്,കരിമ്പും മറ്റും ചേർത്താണ് എട്ടങ്ങാടി വിഭവം തയാറാക്കുന്നത്. ഗണപതിക്കും ശിവനും പാർവ്വതിക്കും നേദിച്ച ശേഷം പ്രസാദമായി എല്ലാവർക്കും ഭക്ഷിക്കാം.
സ്ത്രീകൾ ഒത്തു കൂടി തിരുവാതിര കളിച്ചതിനു ശേഷം പാതിരാപ്പൂചൂടൽ ചടങ്ങുകൾ ആരംഭിക്കും. ചടങ്ങിൽ ആദ്യം ദശപുഷ്പങ്ങൾ ഭഗവാനു സമർപ്പിക്കാൻ യാത്ര തിരിക്കുന്നു. ഏറ്റവും മുൻനിരയിൽ നിൽക്കുന്നവരാണ് കത്തിച്ച വിളക്ക്, ദശപുഷ്പങ്ങൾ, അഷ്ടമംഗല്യം, കിണ്ടിയിൽ ശുദ്ധ ജലം എന്നിവ പിടിക്കേണ്ടത് മറ്റുളളവർ‌ ഇവ‌രെ അനുഗമിച്ചുകൊണ്ട് ‘‘ഒന്നാകും മതിലകത്ത് ഒന്നല്ലോ പൂത്തിലഞ്ഞി....’’ എന്നു തുടങ്ങുന്ന പാട്ട് കൈകൊട്ടി ഉച്ചത്തിൽ പാടും.
ദശപുഷ്പങ്ങൾ ഭഗവാന് നേദിച്ച ശേഷം പാലച്ചുവട്ടിൽ ചെന്ന്
‘‘ഒന്നാം കുന്നിൻമേൽ ഓരടി കുന്നിൽ മേൽ ഒന്നല്ലോ കന്യക പാല നട്ടു....’’
എന്നു തുടങ്ങുന്ന പാട്ട് പാടുന്നു. അതിനു ശേഷം നേദിച്ച ദശപുഷ്പവുമായി തിരിച്ചു പോരുമ്പോൾ
‘‘ഒന്നാം ചെത്തിക്കൽ ചെന്നാലോ പിന്നെ പൂവേലൊന്നു പറിച്ചാലോ..."
എന്ന പാട്ട് പാടി ആർപ്പും കുരവയുമിടുന്നു. തിരിച്ചെത്തി
"ആദികറുകയ്ക്കു ദേവദേവൻ....എന്ന് തുടങ്ങുന്ന തിരുവാതിരപ്പാട്ട് പാട്ട് പാടി പത്ത്പുഷ്പങ്ങളും അവയെ പ്രതിനിധികരിക്കുന്ന ദേവൻമാരെയും സ്തുതിക്കുന്നു. ഓരോ പുഷ്പങ്ങളെക്കുറിച്ച് പാടുമ്പോൾ ആ പുഷ്പങ്ങൾ കൈയിൽ എടുത്ത് പാട്ട് അവസാനിപ്പിക്കുമ്പോൾ ദശപുഷ്പം ചൂടി സ്ത്രീകൾ പാടിക്കളിക്കണം. ദശപുഷ്പത്തിലെ ഓരോ പൂവ് ചൂടുന്നതിനും ഓരോരോ ഫലങ്ങളാണ്. തിരുവാതിരനാൾ‌ കഴിഞ്ഞ് അരിഭക്ഷണം കഴിച്ചോ, ശിവക്ഷേത്ര ദർശനം നടത്തി തീർത്ഥം സേവിച്ചോ വ്രതം അവസാനിപ്പിക്കാം.
ഒരു നോയമ്പും നോക്കാതെ കൗമാരത്തിൽ ഞാനും പോയിരുന്നു ചേച്ചിമാരുടെയും അമ്മമാരുടെയും കൂടെ മഞ്ഞു പെയ്യുന്ന വെളുപ്പാൻ കാലത്ത് പുഴയിലെ ചെറുചൂട്‌ വെള്ളത്തിൽ തുടിച്ചു കുളിക്കാൻ.....ഇന്നതൊക്കെ ഗ്രാമവിശുദ്ധിയുടെ നഷ്ടപ്പെടലിന്റെ ഓർമ്മകൾ മാത്രം.
നാടും നാട്ടുമ്പുറവും ഇന്നെനിക്ക് അന്യമായെങ്കിലും പഴയ തിരുവാതിരയുടെ ഓർമ്മയിൽ ഞാനും ഉണ്ടാക്കും തിരുവാതിര പുഴുക്ക്. പുലർച്ചെ ഒന്ന് പോയി ക്ഷേത്രദർശനം നടത്തും....ഈ നാഗരികതയിൽ അവിടെ കഴിഞ്ഞു തിരുവാതിര എന്ന ആചാരം......ആഘോഷം
❤എന്റെ എല്ലാ സൗഹൃദങ്ങൾക്കും ഹൃദയം നിറഞ്ഞ തിരുവാതിര ആശംസകൾ❤

ഏനെനോ നേനേനോ നേനെനേനോ

Image may contain: 1 person, smiling, selfie and closeup

പ്രീയപ്പെട്ടവരേ,
ഇത് എന്റെ കഥയാണ്. ഒന്നാം മാസം അമ്മയുടെ വയറ്റിൽ രൂപം കൊണ്ടത് മുതൽ എന്റെ ജീവിതം അവസാനിച്ചത് വരെയുള്ള ദിവസത്തെ കഥ.
നിങ്ങൾ എന്നെ കുട്ടൂസ്സ് എന്ന് വിളിച്ചോളൂ..എന്നെ അമ്മ അങ്ങനെ ആയിരുന്നു വിളിച്ചിരുന്നത്. ഇനി ഞാൻ എന്റെ കഥ പറഞ്ഞു തുടങ്ങട്ടെ .ക്ഷമയോടെ നിങ്ങൾ കേട്ടാലും......
ഒന്നാം മാസം അമ്മയുടെ വയറ്റിൽ ഞാൻ ഉണ്ടായപ്പോൾ മുതൽ അമ്മ സന്തോഷത്തിൽ ആയിരുന്നു. ഓരോ മാസത്തിലും ചെറിയ ക്ഷീണങ്ങൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും അറിയിക്കാതെ അമ്മ എന്നെ വളർത്തി. അങ്ങനെ അഞ്ചാം മാസം വന്നെത്തി. ഞാൻ അമ്മയുടെ വയറ്റിൽ ചെറുതായി അനങ്ങിത്തുടങ്ങി. എന്റെ ഓരോ ചലനവും അമ്മ എന്റെ ചേച്ചിയെ വിളിച്ചു കാണിച്ചിരുന്നു.
അപ്പോൾ നമ്മുടെ കുട്ടൂസ്സ് എന്നെ തൊട്ടു എന്ന് പറഞ്ഞു ചേച്ചി അമ്മയുടെ വയറ്റിൽ ചുറ്റിപ്പിടിച്ച്‌ എന്നെ അമർത്തി ഉമ്മവെയ്ക്കും.
ആറാം മാസത്തിൽ ഞാൻ പുറത്തുനിന്നുള്ള ശബ്ദങ്ങൾ കേട്ടു തുടങ്ങി. അമ്മ ചിലപ്പോൾ ഒക്കെ പാടുന്ന പാട്ടുകൾ എനിക്ക് തനിച്ചു കിടക്കുമ്പോൾ ആശ്വാസം ആയി തോന്നി. ഇടയ്ക്ക് അച്ഛൻ അമ്മയുടെ വയറ്റിൽ കൈവെച്ച്‌ ....
ദേ..... കുട്ടൂസ്സ് അനങ്ങുന്നു എന്ന് പറയും. അപ്പോൾ ഞാൻ കൂടുതൽ കുസൃതിയോടെ അച്ഛന്റെ കൈയിലേക്ക് ആഞ്ഞു ചവിട്ടും. ഇടയ്ക്കൊക്കെ അച്ഛൻ അമ്മയോട് ദേഷ്യപ്പെടാറുണ്ടായിരുന്നു. അപ്പോൾ അമ്മ തേങ്ങുന്നത് എനിക്ക് കേൾക്കാമായിരുന്നു.
ഏഴാം മാസത്തിൽ എനിക്ക് അമ്മയുടെ ശബ്ദം നന്നായി തിരിച്ചറിയാൻ സാധിച്ചി രുന്നു. ചേച്ചി എനിക്ക് അമ്മയുടെ വയറിനോട് ചേർന്നിരുന്നു പാട്ട് പാടിത്തന്നിരുന്നു.
കുഞ്ഞു ശബ്ദത്തിൽ ചേച്ചി എനിക്ക് വേണ്ടി,
ഏനെനോ നേനേനോ നേനെനേനോ
ഏനെനോ നേനേനോ നേനെനേനോ
ഏനെനോ നേനേനോ നേനെനേനോ
നേനേനോ ഏനോ ഏനോ ഏനെനോ
ഏനുണ്ടോടി അമ്പിളി ചന്തം ഏനുണ്ടോടീ താമരച്ചന്തം...
ഏനുണ്ടോടി മാരിവിൽ ചന്തം മാമഴ ചന്തം
കമ്മലിട്ടോ പൊട്ടു തൊട്ടോ
ഏനിതൊക്കും അറിഞ്ഞതേയില്ലേ
പുന്നാര പൂങ്കുയിലേ ...........
എന്ന പാട്ട് പാടുമ്പോൾ ഞാൻ എന്റെ കാതുകൾ കൂർപ്പിച്ചു പിടിച്ച് ശ്രദ്ധിച്ചു കിടക്കും.
ചേച്ചിയുടെ പാട്ട് അടുത്തു കേൾക്കാൻ എനിക്ക് ഒരുപാട് കൊതിയായിരുന്നു. ഓരോ ദിവസവും വേഗത്തിൽ കടന്ന് പോകുവാൻ ഞാൻ പ്രാർത്ഥിച്ചു. എല്ലാവരെയും കാണാൻ എനിക്ക് തിടുക്കമായി.
അങ്ങനെ ഒൻപതാം മാസം വന്നെത്തി. അപ്പോൾ എന്റെ ശരീരത്തിന് റോസ് നിറമായിത്തുടങ്ങി.
എന്റെ സുന്ദരക്കുട്ടൻ എന്ന് വിളിച്ച്‌ അമ്മ എന്നെ ഉമ്മകൾ കൊണ്ട് മൂടുന്നത് ഞാൻ സ്വപ്നം കണ്ടിരുന്നു. എന്റെ കിടപ്പിൽ ഞാൻ ചില ചെറിയ മാറ്റങ്ങൾ ഒക്കെ വരുത്തി. അങ്ങനെ ഞാൻ പുറത്തുവരാൻ ഡോക്ടറങ്കിൾ പറഞ്ഞ ദിവസം അടുത്തു തുടങ്ങി. എനിക്ക് വേഗത്തിൽ പുറത്ത്‌ വരാൻ തിടുക്കമായി. എന്റെ കുസൃതി ഞാൻ അമ്മയുടെ വയറ്റിൽ കിടന്ന് കാട്ടിത്തുടങ്ങി. അമ്മക്ക് ആ കുസൃതികൾ വേദന ഉണ്ടാക്കിതുടങ്ങി. അമ്മ കരഞ്ഞു തുടങ്ങി.
അങ്ങനെ 2017 നവംബർ 30 വ്യാഴാഴ്ച്ച ഞാൻ എന്റെ പ്രീയപ്പെട്ടവരെ കാണാനും അവരുടെ വാത്സല്യം ആസ്വദിക്കാനുമായി അമ്മയുടെ വയറ്റിൽ നിന്നും പുറത്ത്‌ ചാടി. ഡോക്ടറങ്കിൾ എന്നെ കൈയിൽ എടുത്ത് അമ്മയോടായി പറഞ്ഞു...
മോൻ ആണ് കേട്ടോ.....
എന്നെ കണ്ടതും അമ്മയുടെ മുഖത്തു ഞാൻ കാണാൻ കൊതിച്ച സന്തോഷമല്ലായിരുന്നു അപ്പോൾ....ഒരു തരം ഭീതി നിഴലിച്ചിരുന്നത് പോലെ. നേഴ്സാന്റിമാർ എന്നെ കുളിപ്പിച്ചു ഒരുക്കി പുതിയ പൗഡറും ഉടുപ്പും ഒക്കെ ഇട്ട് ലേബർ റൂമിന് വെളിയിൽ എന്റെ വരവിനായി കാത്തിരുന്ന അച്ഛന്റെയും ചേച്ചിയുടെയും അമ്മുമ്മയുടെയും അടുത്തേക്ക് കൊണ്ടുപോയി.
ഞാൻ എന്റെ കുഞ്ഞുമിഴികൾ തുറന്ന് ആദ്യമായി അച്ഛനെ നോക്കി ചിരിച്ചു. അച്ഛൻ എന്നെ നോക്കി പുഞ്ചിരിച്ചോ....അറിയില്ല...മറ്റെന്തോ ഭാവം ആയിരുന്നു ആ മുഖത്തപ്പോൾ. അച്ഛന്റെ തൊട്ടടുത്ത് കൗതുകത്തോടെ എന്നെ നോക്കി നിന്ന എന്റെ ചേച്ചി കുട്ടൂസ്സേ എന്ന് വിളിച്ചു എന്റെ കുഞ്ഞുകവിളുകൾ ഉമ്മകളാൽ നിറച്ചു. എന്നെ കാണുമ്പോൾ എന്റെ പ്രീയപ്പെട്ടവർ എനിക്ക് നൽകുമെന്ന് കരുതിയ സ്നേഹവും വാത്സല്യവും ചേച്ചിയിൽ മാത്രമാണ് ഞാൻ കണ്ടത്.
കുറച്ച് സമയം കഴിഞ്ഞപ്പോൾ എനിക്ക് വിശന്ന് തുടങ്ങി. അപ്പോൾ നേഴ്സാന്റി എന്നെ അമ്മയുടെ നെഞ്ചോട് ചേർത്തു. പക്ഷേ അമ്മയ്ക്ക് എന്നോട് എന്തോ പിണക്കം പോലെ. അപ്പോൾ ഞാൻ വിശപ്പ് സഹിക്കാൻ വയ്യാതെ വാവിട്ട് ഉറക്കെ നിലവിളിച്ചു. എന്റെ നിലവിളി സഹിക്കാൻ വയ്യാത്തതിനാലാവണം അമ്മ എനിക്ക് കുറച്ച് അമ്മിഞ്ഞപ്പാൽ നൽകി. എന്റെ വിശപ്പ് അടങ്ങുന്നതിന് മുൻപ് തന്നെ അമ്മ എന്നെ ആ നെഞ്ചിൽ നിന്നും അടർത്തി മാറ്റി. അങ്ങനെ അമ്മ ഇഷ്ടമില്ലാതെ എനിക്ക് ഏഴ് ദിവസം പാൽ തന്നു.
അങ്ങനെ എട്ടാം ദിവസമായ 7/12/2017 ന് പുലർച്ചെ അച്ഛൻ ജോലിക്കും അമ്മുമ്മ തുണിയലക്കാനും ചേച്ചി സ്കൂളിലും പോയിക്കഴിഞ്ഞ സമയത്ത്‌, അമ്മ ആദ്യമായി എന്നെ നോക്കി ഒന്ന് ചിരിച്ചു. പക്ഷേ ആ മിഴികൾ കണ്ണുനീരാൽ നിറഞ്ഞിരുന്നു. ഞാൻ അമ്മയിൽ നിന്നും പ്രതീക്ഷിച്ചിരുന്ന വാത്സല്യത്തോടെ അമ്മ എന്റെ നിറുകയിൽ ഉമ്മ വെച്ചു നെഞ്ചോട് ചേർത്ത് അമ്മിഞ്ഞപ്പാൽ വായിലേക്ക് വെച്ചു തന്നു. ആ സ്നേഹത്തിൽ അലിഞ്ഞ ഞാൻ അമ്മയോട് ചേർന്ന് കിടന്ന് എപ്പോളോ ഉറക്കത്തിലേക്ക് വഴുതി വീണു.
പെട്ടെന്ന് എനിക്ക് ശ്വാസം മുട്ടിത്തുടങ്ങി. എന്റെ കഴുത്തിൽ എന്തോ അമരുന്നത് പോലെ, മിഴികൾ തുറന്ന് നോക്കുമ്പോൾ പത്തുമാസം വയറ്റിൽ ചുമന്ന് നോവറിഞ്ഞു എനിക്ക് ജന്മം നൽകിയ എന്റെ അമ്മയുടെ കൈകൾ ആണ് കഴുത്തിൽ അമരുന്നതെന്ന് എനിക്ക് മനസ്സിലായി.
അമ്മേ.....അരുത്... എനിക്ക് ശ്വാസം മുട്ടുന്നു...കൈ വിടൂ എന്നുറക്കെ വിളിച്ച് പറയാൻ തോന്നി...
ഇല്ല എന്റെ നാവുകൾ പൊങ്ങുന്നില്ല....എന്റെ കുഞ്ഞിളം കൈകളും കാലുകളും തളരുന്നു....ഞാൻ കൈകാലുകളിട്ട് അടിച്ചു. എന്നിട്ടും അമ്മയുടെ കൈകൾ മുറുകുന്നതല്ലാതെ അയയുന്നില്ല.....അങ്ങനെ നിമിഷങ്ങൾക്കകം എന്റെ ശ്വാസം നിലച്ചു. അല്പം നേരം എന്റെ ജീവനറ്റ ശരീരത്തിലേക്ക് നോക്കിയിരുന്ന ശേഷം അമ്മ ഫോണിൽ അച്ഛനെ വിളിച്ച്,
കുഞ്ഞനങ്ങുന്നില്ല.....എന്ന് പറഞ്ഞു.
അച്ഛനും മറ്റ് ബന്ധുക്കളും വന്ന് ജീവനറ്റ എന്റെ കുഞ്ഞിളം മേനിയെ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. അവിടെയെത്തി ഡോക്ടറങ്കിൾ പരിശോധിച്ചപ്പോൾ, എന്റെ കഴുത്തിൽ അമ്മ അമർത്തിയ പാട് കണ്ട്, എല്ലാവരും കൂടി അമ്മയെ ചോദ്യം ചെയ്യതപ്പോൾ ഒടുവിൽ അമ്മക്ക് ആ സത്യം സമ്മതിക്കേണ്ടി വന്നു.
എന്തിന് ഇത് ചെയ്തത്...എന്ന ചോദ്യത്തിന് മുൻപിൽ നിറകണ്ണുകളോടെ അമ്മ ഒരേയൊരുത്തരം മാത്രം പറയുന്നു.
എനിക്ക് അമ്മയുടെയും അച്ഛന്റെയും നിറമോ രൂപസാദൃശ്യമോ ഇല്ല...അത് അച്ഛന് സംശയം ഉണ്ടാക്കുമെന്ന് ഭയന്നാണ് അത്രേ.....
ഇപ്പോൾ എനിക്ക് അമ്മയോട് ഒന്ന് മാത്രമേ ചോദിക്കാൻ ഉള്ളൂ....
അച്ഛനമ്മമാരുടെ രൂപാസാദൃശ്യവും നിറവും വരാത്തത് എന്റെ കുറ്റമാണോ....
എന്നെ പോലെയുള്ള കുഞ്ഞുങ്ങൾ ഈ ലോകത്തേക്ക് എത്തുന്നത് മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും കൊതിച്ചാണ്.
എനിക്കും ഉണ്ടായിരുന്നു അച്ഛന്റെ കൈവിരൽത്തുമ്പിൽ തൂങ്ങി പിച്ചനടക്കാനും, അമ്മയുടെ താരാട്ടുപാട്ടിൽ ഉറങ്ങുവാനും,ചേച്ചിയോടൊപ്പം മതിവരുവോളം കളിക്കാനും,അമ്മുമ്മയുടെ മടിയിൽ തലവെച്ചു കിടന്ന് കഥകൾ കേൾക്കുവാനുമുള്ള ആഗ്രഹങ്ങൾ, എന്റെ ചെറിയ ചെറിയ മോഹങ്ങൾ ആണ് ഒരൊറ്റ നിമിഷം കൊണ്ട് അമ്മയുടെ കൈകളിൽ കിടന്ന് പിടഞ്ഞില്ലാതായത്...
ഇപ്പോൾ ഞാൻ നിങ്ങളെപ്പോലെയുള്ള അച്ഛനമ്മമാർ വേണ്ടാതെ കൊന്നുകളഞ്ഞ കുരുന്നുകളുടെ ലോകത്തിരുന്ന് കുഞ്ഞുങ്ങൾ ഉണ്ടാകുവാൻ നോമ്പ് നോറ്റിരിക്കുന്ന ഏതെങ്കിലും അച്ഛനമ്മമാരുടെ മകനായി ജനിക്കണേയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.
സ്നേഹത്തോടെ കുട്ടൂസ്സ്
NB : 10/12/2017 ൽ മാധ്യമങ്ങളിൽ വന്ന കട്ടപ്പനയിൽ നടന്ന ഒരു സംഭവത്തെ അടിസ്ഥാമാക്കി എഴുതിയത്.......
ഈ ക്രൂരത കാട്ടും ദുഷ്ടതകളോട്....കുരുന്നുകളോട് എന്തിനീ ക്രൂരത....അവരെ ജീവിക്കാൻ അനുവദിച്ചു കൂടെ.....വേണ്ടാത്തവർ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചു കൂടെ ....ഒരു കുഞ്ഞിനെ ലാളിക്കാൻ കൊതിക്കുന്ന ആരുടെയെങ്കിലും മക്കളായി അവർ ജീവിക്കില്ലേ......
മഞ്ജുഅഭിനേഷ് 10/12/2017

ശിശിരം

Image may contain: 1 person, smiling, selfie and closeup

ഓർമ്മയിൽ ഒരു ശിശിരം
ഓമനിക്കാനൊരു ശിശിരം
ഇല വിരൽത്തുമ്പുകൾ ഇളം മഞ്ഞുതിരും
തളിർമരച്ചില്ലകളിൽ
തഴുകി വരും തെന്നലിനും കഥ
പറയാനൊരു ശിശിരം......
കാലം ശിശിരത്തിൽ പൊഴിഞ്ഞു വീഴുന്ന ഇലകൾ പോലെ കൊഴിഞ്ഞു വീഴുന്നു. ഒരു നിമിഷം പോലും വിശ്രമമില്ലാതെ കടന്നു പോകുന്ന കാലത്തെ ആർക്കും തടഞ്ഞു നിർത്താൻ കഴിയില്ല. കാലത്തിനൊപ്പം മനസ്സും ഭാവങ്ങളും ചിന്തകളും പല വഴികളിലൂടെ യാത്ര ചെയ്യുമ്പോളും ജീവിതത്തിലെ ചില നിമിഷങ്ങൾ മനസ്സിൽ മായാതെ അങ്ങനെ......ഇളം തെന്നൽ തേരേറി വരും ശിശിരത്തിലെ കുളിര് പോലെ........
2004 ഡിസംബർ 9 സമയം വെളുപ്പിനെ മൂന്നര. പതിവ് പോലെ അമ്മയുടെ വിളിയും കേട്ട് കോട്ടുവായും വിട്ട് എഴുന്നേറ്റ് തലയും മാന്തി ഇരുന്നപ്പോൾ ആണ് പെട്ടന്ന് ഓർമ്മ വന്നത്....ഇന്നാണല്ലോ ആ ദിവസം........
ചാടിയെഴുന്നേറ്റ് ബ്രഷിൽ പേസ്റ്റും തേച്ച്‌ വായിലേക്ക് തിരുകി തലയിൽ എണ്ണയും വാരിപ്പൊത്തി നേരെ ആറ്റുകടവിലേക്ക് വെച്ചുപിടിച്ചു. മഞ്ഞു തുള്ളികൾ പൊഴിച്ചു നില്ക്കുന്ന ശിശിരകാലത്തെ കുളിരിൽ ആറ്റിലെ വെള്ളത്തിന് ഇളം ചൂട്.......
ഒന്ന് വേഗം വാടീ.... മതി നിന്റെ തേച്ചുരച്ചുള്ള കുളി........
ആന കുളിക്കാൻ ഇറങ്ങും പോലെയാണ്...ഇനി ആറ്റിലെ ചേറ്‌ കലക്കി മറിച്ചിട്ടേ കേറൂ......
എന്ന കുഞ്ഞമ്മയുടെ ചീത്തയിൽ ലെക്സ് സോപ്പ് ഇട്ട് ഒരു തേപ്പും തേച്ച്‌ കാക്കക്കുളി കുളിച്ചിട്ട് പാതി തലയും തുവർത്തി ഓടിപ്പിടിച്ച്‌ വീട്ടിൽ എത്തി. അലമാരയിൽ നിന്നും കയ്യിൽ കിട്ടിയ ചുരിദാറും വലിച്ചു കേറ്റി നേരെ അമ്പലത്തിലോട്ട് വെച്ചു പിടിച്ചു....
ഇതിപ്പോൾ ദേവിയോട് എന്താ പറയുക....എന്ത് പറഞ്ഞാണ് തുടങ്ങുക....എല്ലാം ഒപ്പിച്ചു വെച്ച ആളല്ലേ.....പ്രത്യേകിച്ചു ഹോ എന്ത് പറയാനാ.....
അങ്ങനെ ചിന്തിച്ച്‌ വാത്സല്യവും ദു:ഖവും കൂടി കലർന്ന ചിരി പാസ്സാക്കിയിരിക്കുന്ന ദേവിയെ തൊഴുത് പ്രത്യേകിച്ചൊന്നും പറയാതെ ചന്ദനവും വാങ്ങി....ചുറ്റിനും ഉള്ള മറ്റ് രണ്ട് അമ്പലങ്ങളിലും പോയി തൊഴുത് വേഗത്തിൽ വീട്ടിലെത്തി...... അലമാരിയിൽ നിന്ന് കൈയിൽ കിട്ടിയ നെയിൽ പോളിഷ് വാരി കൈയിലും കാലിലും തേച്ച്‌ ഇരിക്കുമ്പോൾ തലയിലൊരു തലോടൽ...
അച്ഛൻ.............
ആ കണ്ണുകളിലേക്ക് നോക്കുവാനാകാതെ കുനിഞ്ഞിരുന്ന് ഏങ്ങലടിച്ചപ്പോൾ ആരോ വിളിച്ചു പറയുന്നു...
ഡീ.....എവിടെയാ..ദേ.... ബ്യൂട്ടീഷൻ വന്നു.....
ദൈവമേ.....ഇത്ര പെട്ടെന്നോ...രാവിലെ ഒരു കട്ടൻകാപ്പി പോലും കുടിച്ചിട്ടില്ല....ആരും തരുന്ന ലക്ഷണവും ഇല്ല.....
നേരെ ചെന്ന് അവരുടെ മുന്നിലേക്ക് മുഖവും നീട്ടി വെച്ചിരുന്നു....കൈയിൽ കിട്ടിയതൊക്കെ പരീക്ഷണാടിസ്ഥാനത്തിൽ തേയ്ക്കും പോലെ മുഖത്ത് വാരിപ്പൊത്തി മുടിയും വലിച്ചു പറിച്ചു അവരുടെ ഇഷ്ടത്തിന് കെട്ടി എടുത്താൽ പൊങ്ങാത്ത തലയിലേക്ക് കുറെ മുല്ലപൂവും കുത്തി വെച്ച് ചുവന്ന പട്ടു സാരിയും ചുറ്റിച്ച്‌ ആടയാഭരണങ്ങളും അണിയിച്ച്‌ പാടത്ത് കണ്ണ് കിട്ടാതെ നിർത്തും കോലം പോലെ റെഡി ആക്കി......
എന്നാൽ ഒന്ന് കണ്ണാടിയിൽ പോയി മൊത്തത്തിലുള്ള ആനച്ചന്തം നോക്കാമെന്ന് വെച്ചപ്പോൾ ദേ വരുന്നു അടുത്ത ടീം.....ചുട്ടുപൊള്ളുന്ന ലൈറ്റ് കത്തിച്ചു പിടിച്ച് എടുത്താൽ പൊങ്ങാത്ത വീഡിയോയും പൊക്കി നമ്മുടെ സുന്ദരൻ വീഡിയോ ഗ്രാഫർ, തലേ ദിവസത്തെ മയിലാഞ്ചിയിടലിന്റെയിടയിൽ ആളോട് ചങ്ങാത്തം കൂടിയതിനാൽ വലിയ ചമ്മൽ ഒന്നുമില്ലാതെ പുള്ളിക്കാരൻ പറഞ്ഞ പോസിൽ ഒക്കെ നിന്ന് കൊടുത്ത്‌ ഫിലിം സ്റ്റാറിനെ (സ്വയം വിലയിരുത്തൽ) പോലെ തിളങ്ങി. വീഡിയോയിലും ക്യാമറയിലും ഒപ്പിയെടുക്കാൻ വേണ്ടി മേക്കപ്പിടലിൽ അമ്മായിയും മറ്റുള്ളവരും തകർത്തഭിനയിക്കുമ്പോൾ ഒന്ന് കണ്ണാടിയിൽ സ്വന്തം കോലം കാണാൻ പറ്റാത്തതിന്റെ ആകുലതയായിരുന്നു മനസ്സിൽ. പെട്ടെന്ന് ദക്ഷിണയ്ക്ക് സമയമായെന്ന് പറഞ്ഞ്‌ ഒച്ചയെടുത്തവരോടൊപ്പം പൂജാമുറിയിലേക്ക്...പിന്നാലെ വാലു പോലെ വീഡിയോ ചേട്ടനും ക്യാമറാമാനും ലൈറ്റ്ബോയിയും.... നിലവിളക്കിന്റെ മുൻപിലും കൂവളത്തറയിലും ....തൊട്ട് തെറിച്ച ബന്ധുക്കൾക്കൊക്കെ ദക്ഷിണയും കൊടുത്ത്‌ നടുവിന് കൈയും കൊടുത്ത്‌ നിൽക്കുമ്പോൾ അടുത്ത ഉത്തരവ്....
പെണ്ണിറങ്ങാൻ സമയമായി.......
രാവിലെ എഴുന്നേറ്റപ്പോൾ മുതൽ മൂക്കിൽ അടിച്ചു കേറിയ സാമ്പാറിന്റെ മണം ആയിരുന്നു അപ്പോൾ മനസ്സിൽ...പെണ്ണ് വല്ലോം കഴിച്ചോ എന്ന് ചോദിക്കാൻ ആളില്ലാത്ത അവസ്‌ഥ...ദൈവം എന്റെ മനസ്സ് വായിച്ച പോലെ കുഞ്ഞിലേ മുതൽ അമ്മയോടൊപ്പം മത്സരിച്ച് വളർത്തമ്മ പോസ്റ്റ് കൈക്കലാക്കിയ തൊട്ട വീട്ടിലെ ചേച്ചി....ഒരു പ്ലേറ്റിൽ രണ്ട് ഇഡ്ഡലിയും സാമ്പാറും കൂട്ടിച്ചേർത്തു കുഴച്ചു കുഴമ്പു രൂപത്തിൽ വായിലേക്ക് വെച്ചു തന്നു....കൂടെ ഒരു ഗ്ലാസ്സ് പാലും......
ഹാവൂ...ആശ്വാസം...അത് കിട്ടിയില്ലായിരുന്നെങ്കിൽ ചെക്കന്റെ താലിച്ചരടിന് മുൻപിൽ തലകറങ്ങി വീണ് പേര് ദോഷം കേൾക്കേണ്ടി വന്ന പെണ്ണായി മാറിയേനെ.......വെള്ളം കിട്ടാഞ്ഞതിനാൽ പാലു കൊണ്ട് തന്നെ വായും കഴുകി നേരെ യാത്രക്കായി ഒരുങ്ങിയ കല്യാണവണ്ടിയിലേക്ക്....
കല്യാണസ്ഥലത്തേക്ക് എത്തിയത് മുതൽ വീണ്ടും വീഡിയോയുടെയും ക്യാമറായുടേയും മുന്നിൽ വിവിധ ഭാവങ്ങൾ വിരിയിച്ചു നിൽക്കുമ്പോൾ കുഞ്ഞമ്മയുടെ മോളുടെ വക അനൗൺസ്‌മെന്റ്.
ദേ........ ചെറുക്കനും കൂട്ടരും എത്തിയേ.....
പെട്ടെന്ന് മനസ്സിൽ പൊട്ടിയ ലഡ്ഡുവിന്റെ മധുരം നുണഞ്ഞുകൊണ്ട് അമ്പലത്തിലെ ഊട്ടുപുരയുടെ ജനലഴികൾക്കിടയിലൂടെ ഒരെത്തിനോട്ടം നടത്തിയെങ്കിലും ജാഥ പോലെ വരുന്ന ആളുകൾക്കിടയിലൂടെ ഒരുവട്ടം കാണാൻ ആവാതെ വായും പൊളിച്ചു നിന്നു.......
അപ്പോഴേക്കും നാട്ടുകാരിയായ ഒരു വായാടി ചേച്ചിയുടെ വക ആക്കിയുള്ള ഒരു കമന്റും കൂടെ മ്യൂസിക് പോലെ ഒരു ചിരിയും.....
കിടന്ന് വെപ്രാളം കാണിക്കാതെ .......കൈയിലോട്ടു കിട്ടാൻ പോകുവല്ലേ...ഇനിയൊന്നും കാണാമല്ലോ....ഇവിടെ വന്ന് നിക്ക് പെണ്ണേന്ന്‌.......
ചമ്മിയ ചിരി പാസ്സാക്കി ചേച്ചിയെ കനപ്പിച്ചൊന്നു നോക്കി......അതു കണ്ടു കൂടി നിന്നവരുടെ ചിരിയുടെ ഒഴുക്കിനിടയിൽ...
പെണ്ണിനെയിറക്ക്.....
ഏതോ തല മൂത്ത കാരണവരുടെ ഉത്തരവ്.....മുഖത്തേയ്ക്ക് നോക്കാതെ വിങ്ങിപ്പൊട്ടി നില്ക്കുന്ന അച്ഛന്റെ കൈപിടിച്ച്‌ മണ്ഡപത്തിന് വലം വയ്ക്കുമ്പോൾ ഏറുകണ്ണിട്ട് പാതിയാകാൻ പോകുന്നയാളെ ഒന്ന് നോക്കി....
ഒരു നിമിഷം ഞെട്ടി....
ഹേ...വടക്കുനോക്കിയന്ത്രത്തിലെ ശ്രീനിവാസനോ ?......പെണ്ണ് കാണാൻ വന്നപ്പോൾ കണ്ട ചെക്കൻ അല്ലല്ലോ...? ആള് മാറിയോ.......പണി പാളിയോ...എന്നോർത്ത്‌....ഏതായാലും ഇനി രക്ഷയില്ല....പോയി ഇരുന്ന് കൊടുക്കാം.....
അടുത്ത് ചെന്നിരുന്നപ്പോൾ മനസ്സിലായി...ആള് മാറിയില്ല.....എന്ന്... അങ്ങനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാതാപിതാക്കളുടേയും ബന്ധുക്കളുടേയും എന്റെ ദേവിയുടെയും അനുഗ്രഹത്തോടെ ഞാൻ സുമംഗലിയായി......അച്ഛൻ കൈപിടിച്ചേൽപ്പിച്ച ചെക്കന്റെ കൈയിൽ തൂങ്ങി അമ്പലത്തിന് വലം വെക്കുമ്പോൾ മെല്ലെ ചോദിച്ചു......
ഇതെന്താ.....ഈ കോലത്തിൽ......
ദയനീയമായി മുഖത്തേയ്ക്ക് നോക്കി ചെക്കൻ പറഞ്ഞു.....
സ്വയം മേക്കപ്പും സഹോദരങ്ങളുടെയും കൂട്ടുകാരുടേയും മേക്കപ്പും കൂടിക്കഴിഞ്ഞപ്പോൾ ഈ വഴിയായി....എങ്ങനെയുണ്ട് എന്ന്.....
ഉം....നന്നായിട്ടുണ്ട്....വടക്കുനോക്കിയന്ത്രത്തിലെ ശ്രീനിവാസൻ തന്നെ......
ഫോണിൽ കൂടി ആറു മാസം വാതോരാതെ വർത്തമാനം പറഞ്ഞ്‌ വായാടി എന്ന് പേരെടുത്തതിനാലാകണം ഒന്നു ചിരിച്ചു........ഇന്നാരുന്നെങ്കിൽ കൊന്നേനെ....എന്റെ സുന്ദരൻ.....
പിന്നെ ഊണ് സമയത്ത്‌ ഉടുക്കാൻ ഫോണിൽ കൂടി വിളിച്ച് പറഞ്ഞതനുസരിച്ചു കൊണ്ടുവന്ന സെറ്റും മുണ്ടും ഒക്കെയുടുത്ത്‌ അടുത്ത വട്ട ഫോട്ടോ എടുപ്പും കഴിഞ്ഞ് ഇലയുടെ മുൻപിലേക്ക്.....
രാവിലത്തെ ഇഡ്ഡലി വേഗത്തിൽ ദഹിച്ചതിനാൽ വല്ലാത്ത പരവേശം .....വലിയ ടെൻഷൻ ഒന്നും ഇല്ലാതിരുന്നതിനാൽ കൂടെയിരുന്ന ചെക്കനെയും ചേട്ടത്തിമാരെയും നാത്തൂൻമ്മാരേയും ഒന്നും നോക്കിയില്ല....ആവശ്യത്തിന് കഴിച്ചിട്ട് ആരും കേൾക്കാതെ ഏമ്പക്കവും വിട്ട് എഴുന്നേറ്റപ്പോൾ, പെണ്ണ് രണ്ട് മണിക്ക് പുറപ്പെടണം അത്രേ......
അടുത്ത ഡ്രസ്സ് മാറ്റൽ കഴിഞ്ഞ് പ്രീയപ്പെട്ടവരോടുള്ള യാത്ര പറച്ചിൽ, അത് വരെ ചിരിച്ചു നടന്ന ഞാൻ പെട്ടന്ന് ഒരു കൊച്ചു കുഞ്ഞായി.....കൂട്ടിൽ നിന്നും താഴേക്ക് പതിച്ചൊരു കിളിക്കുഞ്ഞിനെ പോലെ വാവിട്ട് കരഞ്ഞു....അച്ഛന്റെ നെഞ്ചിലേക്ക്.....ഒന്നും മിണ്ടാനാവാതെ വിങ്ങിപ്പൊട്ടിക്കൊണ്ടു എന്നെ അടർത്തി മാറ്റി അച്ഛൻ തിരിഞ്ഞു നടന്നപ്പോൾ ഭൂമി പിളരും പോലെ തോന്നി.....അമ്മയുടെയും മറ്റ് ബന്ധുക്കളുടേയും കണ്ണീരിൽ കുതിർന്ന യാത്രയയപ്പിനൊടുവിൽ ,അടുത്ത കിളിക്കൂട്ടിലേക്കുള്ള യാത്രക്കായി എന്റെ മുൻപിൽ കാറിന്റെ ഡോർ തുറക്കപ്പെട്ടു...നെഞ്ചു പൊട്ടുന്ന വേദനയും കരച്ചിലും കടിച്ചമർത്തി ചിരിച്ചു കൊണ്ട് കാറിന്റെ പിൻ സീറ്റിലേക്ക്.....നീങ്ങിത്തുടങ്ങിയ കാറിന്റെ ചില്ലിനിടയിലൂടെ നിറഞ്ഞ കണ്ണുകളോടെ ജന്മനാടിനോടും വീടിനോടും ബന്ധുക്കളോടും യാത്രാമൊഴി.....
ഒരു താലിച്ചരടിൽ കൂടെ ചേർത്ത ചെക്കന്റെ അമ്മയുടെ കാൽ തൊട്ട് വന്ദിച്ച് അഞ്ചുതിരിയിട്ട വിളക്ക് കൈയിലേന്തി പുതിയ ലോകത്തേക്ക് കാലെടുത്ത് വെച്ചപ്പോൾ ചുറ്റിനും നിന്നവരാരും എനിക്ക് അന്യരായി തോന്നിയില്ല. വലിയ ഒരു കുടുംബത്തിന്റെ അംഗമാകാൻ സാധിച്ചതിൽ സന്തോഷം തോന്നി.പെട്ടെന്ന് തന്നെ ഞാൻ ആ വീടിന്റെ മകളായി. ചെക്കന്റെ സഹോദരങ്ങളുടെ അനുജത്തിയായി..... ഇന്നിപ്പോൾ എനിക്ക് സ്വന്തം സഹോദരങ്ങൾ ആണ് അവിടെയുള്ള ഓരോരുത്തരും....പിന്നീട് കുഞ്ഞമ്മയായി മാമിയായി ഒടുവിൽ എന്റെ ചെക്കന്റെ മക്കളുടെ അമ്മയായി വർഷങ്ങൾ പിന്നിടുമ്പോൾ, ഇടയ്ക്കിടെ ഉണ്ടാകുന്ന ചെറിയ സൗന്ദര്യപ്പിണക്കങ്ങൾ ഒഴിച്ചാൽ ജീവിതം സുഖം സുന്ദരം....
ഇപ്പോൾ എല്ലാം ഇന്നലെ കഴിഞ്ഞ പോലെ....
ഉത്തരവാദിത്വവും കുഞ്ഞുകളിയും മാറാൻ എല്ലാവരും കൂടി നടത്തിയ കലാപരിപാടി കഴിഞ്ഞിട്ട് ഇന്നേക്ക് 13 വർഷം ആയെങ്കിലും എനിക്ക് വലിയ മാറ്റം ഒന്നുമില്ല...എനിക്ക് പക്വത വരില്ലെന്ന് കെട്ടിയ ചെക്കൻ മനസ്സിലാക്കിയപ്പോൾ ഇപ്പോൾ ഇവിടുത്തെ മൂത്ത കുഞ്ഞെന്ന പദവി എന്നിൽ സുരക്ഷിതം...വലിയ തിരമാലകൾ ഒന്നും അടിച്ചുലയാതെ ഞങ്ങളുടെയീ കളിവഞ്ചി യാത്ര തുടരുന്നു.......... ❤
മഞ്ജുഅഭിനേഷ്

S S LC .....ഓട്ടോഗ്രാഫിലൂടെ......

S S LC .....ഓട്ടോഗ്രാഫിലൂടെ......
"മിണ്ടാത്ത തത്തേ മിടുക്കി തത്തേ
കൊണ്ട് പോകട്ടെ ഞാനെന്റെ കൂടെ"
രശ്മി
എന്ത് ഉദ്ദേശിച്ചാണോ ഇങ്ങനെ എഴുതിയത്. ഒരൊറ്റ നിമിഷം വായടച്ചു മിണ്ടാതെ ഇരുന്നിട്ടില്ല.........
എന്നിട്ട് മിണ്ടാത്ത തത്തേന്ന്.....
പിന്നെ കൊണ്ടു പോകാഞ്ഞത് നന്നായി.....കൊണ്ടു പോന്ന ഒരാള് ഇവിടെ കിടന്ന് അനുഭവിക്കുവാ.....സഹിക്കവയ്യാതെ ആൾ തീർഥാടനം വരെ തുടങ്ങി......
അടുത്തത്
"സ്നേഹമാം പൂവാടിയിൽ
സ്നേഹമായ് കണ്ടു നാം
സ്നേഹമായ് പിന്തിരിയുവാൻ
ഇന്നിതാ സമയമായ് "
Jeenadas K p
ഒരിക്കലും നീ എന്റെ മനസ്സിൽ നിന്നും ഇതു വരെ പിരിഞ്ഞിട്ടില്ല.....ഇന്നും
നിന്നെ ഞാൻ ഓർക്കാറുണ്ട് .നീ എനിക്ക് ഒരു സഹോദരി കൂടി ആയിരുന്നു. നാട്ടിൽ എത്തിയാൽ നിങ്ങളെ കുറിച്ചൊക്കെ അന്വേഷിക്കാതെ പോരാറെ ഇല്ല.....
"ഒരുവഴിത്താരയിൽ ഒരുമിച്ചു കണ്ടു നാം
ഒരു വാക്ക് പറയുവാൻ മറക്കരുതേ"
Remya R
അന്ന് പിരിഞ്ഞതാണ്....പിന്നീട് ഒരു വഴിത്താരയിലും നിന്നെ കാണാൻ സാധിച്ചിട്ടില്ല....അതു കൊണ്ടു തന്നെ ഒരു വാക്ക് പോയിട്ട് ഒന്ന് പുഞ്ചിരിക്കുവാൻ പോലും കഴിഞ്ഞിട്ടില്ല......
"അരളിയിൽ പൂത്ത അരിമല്ലി പൂവേ
അറിയാതെ നിന്നെ ഞാൻ സ്നേഹിച്ചു പോയി
ആവില്ല മുത്തേ നിന്നെ പിന്തിരിയുവാൻ
ആവുമോ നിനക്കെന്നെ മറക്കുവാൻ"
Asha
ഇതെല്ലാം പറഞ്ഞു കെട്ടിപ്പിടിച്ചു കരഞ്ഞു വിളിച്ചു പോയവളാ.......ഒരിക്കൽ കണ്ടപ്പോൾ സംസാരിക്കാൻ പോലും നിൽക്കാതെ ധൃതി പിടിച്ച് ഓടിപ്പോയത്....
"ആശതൻ ചക്രവാളസീമയിൽ
ആയിരം പുഷ്പങ്ങൾ വിരിയും
അതിലൊരു പുഷ്പത്തെ സ്നേഹിക്കുക
സ്നേഹിച്ച പുഷ്പത്തെ സ്വീകരിക്കുക"
Manju
എന്റെ പൊന്നുമോളെ....കുറെ പുഷ്പങ്ങൾ വിരിഞ്ഞു.....ഒരു പുഷ്പത്തെ സ്വന്തമാക്കാൻ മോഹിച്ചു. പക്ഷേ ആ പുഷ്പത്തിനെ അതിന്റെ ഉദ്യാനപാലകർ വിട്ടു തന്നില്ല . അത് കൊണ്ട് എനിക്കായി വിരിഞ്ഞ ഒരു പുഷ്പത്തെ കിട്ടി. സ്വീകരിച്ചു.....വല്യ കുഴപ്പം ഇല്ലാതെ പോകുന്നു....പിന്നെ പുഷ്പമല്ലേ...ഇടയ്ക്ക് ഉണ്ടാകുന്ന കാറ്റിൽ ആടി ഉലയാറുണ്ട്.....പിന്നെ എന്റെ സ്വന്തം ആയത് കൊണ്ട് വിടാതെ കൈക്കുമ്പിളിൽ സൂക്ഷിക്കുന്നു.
ഇന്നും സ്നേഹിക്കുന്നു....ഈ സൗഹൃദങ്ങളെ
മഞ്ജുഅഭിനേഷ്
(തുടരും വെറുപ്പിക്കൽ)


ഏഷ്യാനെറ്റിൽ പ്രസിദ്ധീകരിച്ച ലേഖനം

ഏഷ്യാനെറ്റിൽ പ്രസിദ്ധീകരിച്ച ലേഖനം
ഞാൻ ഫേസ്ബുക്കിൽ സജീവ സാന്നിദ്ധ്യം ആയിരുന്നെങ്കിലും ഇൻബോക്സിൽ അധികം പോകാറില്ലായിരുന്നു. ചെറിയ ചെറിയ എഴുത്തുകളിലൂടെ കുറേശ്ശേ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ സമയം. ഇൻബോക്സിലേക്ക് വരുന്ന മെസ്സേജുകൾ ഭർത്താവ് ആയിരുന്നു നോക്കിയിരുന്നത്. ഫോണിൽ മെസ്സെഞ്ചർ ഇൻസ്റ്റാൾ ചെയ്തിരുന്നില്ല. പിന്നീട് എഴുത്തുകളെകുറിച്ചൊക്കെ വരുന്ന മെസ്സേജുകൾ കണ്ട് അദ്ദേഹം എന്നോട് മെസ്സെഞ്ചർ ഇൻസ്റ്റാൾ ചെയ്യാൻ നിർദേശിച്ചു. അങ്ങനെ എന്റെ ഫോണിലും അമ്പലമണി നാദം അടിച്ചു തുടങ്ങി.
പതുക്കെ പതുക്കെ ഞാനും ആ മണിനാദത്തിനായി കാതോർത്തിരിക്കുവാൻ തുടങ്ങി. എഴുത്തുകളിലൂടെ കിട്ടിയ കുറെ നല്ല സൗഹൃദങ്ങൾ, പലരുടെയും എഴുത്തുകൾ വായിക്കാനുള്ള ലിങ്ക് ഒക്കെ അതിൽ നിന്നും അറിഞ്ഞു തുടങ്ങി.
അതിനിടയിൽ വരുന്ന പല മണിനാദങ്ങളും അമ്പലപ്രാവുകൾ അറിയാതെ മുഴക്കുന്നതെന്ന് കരുതി ശ്രദ്ധിക്കാതെ വിട്ടു. അതിനിടയിൽ വന്ന ഒരു മണിനാദം, അതിലേക്ക് ഞാൻ അറിയാതെ ഒന്നെത്തി നോക്കി.
അറുപത് വയസ്സിനോട് അടുത്ത പ്രായം. വളരെ പരിചിതമായ ഒരു പേര്
എവിടെയോ കേട്ട് മറന്നത് പോലെ....
എന്നെ എങ്ങനെ അറിയാം ഞാൻ ചോദിച്ചു.
എനിക്കറിയാം.....നിന്നെ നന്നായി...അവിടെ നിന്നുള്ള മറുപടി.....
എന്നെ അറിയാമെന്നോ....
അറിയാം മുജ്ജന്മത്തിൽ നമ്മൾ പരിചിതർ ആയിരുന്നു....
എന്റെ ആകാംഷ വർദ്ധിച്ചു. ജ്യോതിഷത്തിൽ ചെറിയ വിശ്വാസം ഉള്ളതുകൊണ്ടാവാം എന്താണ് അദ്ദേഹം പറയുവാൻ പോകുന്നതെന്ന് അറിയാൻ ഒരു ആഗ്രഹം.
അങ്ങനെ ആ സൗഹൃദത്തിലേക്ക് പതുക്കെപ്പതുക്കെ ഞാൻ അടുത്തു. ദൈവികമായ കാര്യങ്ങൾ സംസാരിച്ചു തുടങ്ങി.
ദൈവികമായ കാര്യങ്ങൾ അല്ലേ കുഴപ്പം ഇല്ല. എന്റെ മനസ്സിനും ഒരു ശാന്തത തോന്നിത്തുടങ്ങി. അങ്ങനെ ദിവസങ്ങൾ കടന്നുപോയി.
ഒരു ദിവസം എന്റെ ഒരു ഫോട്ടോ മെസഞ്ചറിലേക്ക് അയച്ചു തന്നിട്ട് ഈ ഫോട്ടോയിൽ മോളെ നീ ഒരു ദേവിയെ പോലെ....
ഞാൻ ചിരിച്ചു....ദേവി ....ഓർത്തിട്ടു ചിരി വന്നു.
എന്റെ ചേട്ടൻ കേൾക്കേണ്ട....ദേവി എന്നു സമ്മതിക്കും....ദേവിയുടെ പേര് അറിഞ്ഞാൽ ഞെട്ടും എന്നേ ഉള്ളു.....ഞാൻ തമാശക്ക് പറഞ്ഞു.
അതെന്താ.....കാളി ആണോ ഉദ്ദേശിച്ചത്....അവിടുന്ന് ചോദ്യം.
അതേ.....ഉടവാൾ എടുത്തു ഉറഞ്ഞു തുള്ളുന്ന സാക്ഷാൽ ഭദ്ര കാളി....ഞാൻ ചിരിച്ചു.
അപ്പോൾ അവിടുന്ന് .......കാളി ആണെങ്കിലും ദേവിയുടെ അംശം അല്ലേ.....
ഇനി നിന്നോട് ഒരു കാര്യം പറയാം....അതു പറയാനുള്ള സമയം ആയി.....നിന്നിൽ ദേവിയുടെ അനുഗ്രഹം ഉണ്ട്....
നിനക്ക് ഒരു യോഗിനി ആവാൻ സാധിക്കും. സമൂഹ രക്ഷക്കായി പ്രവർത്തിക്കാൻ പറ്റും.
അതെന്ത്....ചിന്തിച്ചു തുടങ്ങി ഞാൻ.
ഏതായാലും കേൾക്കാം....
പറയൂ....എന്താണെന്ന്....
അവിടെ പറയാനുള്ള ധൃതി കൂടിയ പോലെ...
നിൽക്കൂ ഞാൻ കുറച്ചു ഫോട്ടോസ് അയക്കാം....
ദൈവികമായ എന്തെങ്കിലും ആയിരിക്കും. ഞാൻ നോക്കിയിരുന്നു.
പെട്ടെന്ന് അവിടെ നിന്നും ഒരു ഫോട്ടോയും അതിനെ കുറിച്ച് വിശദീകരിച്ചുകൊണ്ടുള്ള ഒരു കുറിപ്പും...
ഫോട്ടോ കണ്ടതും എന്റെ സകല നാഡീവ്യൂഹങ്ങളും തളർന്നു.....
ഒരു ആണും പെണ്ണും പരസ്പ്പരം പുണർന്നു ആനന്ദത്തിൽ ലയിച്ചിരിക്കുന്ന ചിത്രം.....
ഇതെന്താണ്.....
പേടിക്കണ്ട....ഇത്‌ കണ്ട്..... ഇത് തന്ത്രയുടെ ഭാഗം ആണ്....നിനക്കതിനു സാധിക്കും....നിന്നിൽ ദേവി ഉണ്ട്....നിനക്കിത് പഠിച്ചെടുക്കാൻ സാധിക്കും.......
തന്ത്ര അതെന്താണ്....ഞാൻ ഓടി പോയി ഗൂഗിൾ സെർച്ച് ചെയ്തു.....സിദ്ദിഖിന്റെ ഒരു സിനിമ....അത് ഒറ്റ രാത്രി ഉറങ്ങാതെ ഇരുന്ന് കണ്ടു തീർത്തു.....പിന്നീട് അതിലെ ആർട്ടിക്കിളുകൾ വായിച്ചു..... എല്ലാം കഴിഞ്ഞപ്പോൾ അവർക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങൾ എനിക്ക് ശരിയായി തോന്നിയില്ല....അതു ചിലപ്പോൾ എനിക്ക് അതിന്റെ ആഴങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാവാം....കാരണം ഞാൻ അതു നേരിട്ട് അനുഭവിച്ചിട്ടില്ലല്ലോ....അത് തന്നല്ല ഒരു സിനിമയിലോ ഇന്റർനെറ്റിൽ നിന്നും ലഭിച്ച കുറച്ചു കുറിപ്പുകളിലോ ഒതുങ്ങുന്ന വെറും ഒരു ശാസ്ത്രം അല്ലായിരിക്കാം അത്. ഒരു സാധാരണക്കാരിക്ക് അതിന്റെ അർത്ഥതലങ്ങൾ ഉൾക്കൊള്ളുവാൻ ബുദ്ധിമുട്ടായതുകൊണ്ടാവാം ഞാൻ അതിലേക്ക് കൂടുതൽ കടക്കാതെ പിന്മാറിയത്.......
പിറ്റേന്ന് വന്ന മെസ്സേജിന് മറുപടി ആയി ഞാൻ.....
എന്റെ പൊന്നോ എനിക്ക് തന്ത്രയും വേണ്ട മന്ത്രവും വേണ്ട....ഉള്ള കുതന്ത്രങ്ങൾ കൊണ്ടു ജീവിച്ചോളാമേ......അന്നതോടെ ആ ദൈവികതയിൽ നിന്നും ഇറങ്ങി ഓടി............
പിന്നീട് ദൈവത്തിന്റെ ഫോട്ടോസ് ആരയച്ചാലും എനിക്ക് പേടി ആണ്.....
ഇതൊക്കെ ആണെങ്കിലും ചില സൗഹൃദങ്ങൾ ഉണ്ട് ഇൻബോക്സിൽ നമ്മളെ മനസ്സിലാക്കി സ്നേഹിക്കുന്നവർ......അവർ ഉള്ളിടത്തോളം കാലം പൂർണ്ണമായി ഇൻബോക്സിലെ മണി നാദത്തിനെ അവഗണിക്കാനും വയ്യ......
തിന്മകളെക്കാൾ നന്മകൾ ആണ് എനിക്ക് മെസ്സെഞ്ചർ കൂടുതൽ സമ്മാനിച്ചിട്ടുള്ളത്......നമ്മൾ നമ്മളെ തിരിച്ചറിയണം എന്ന് മാത്രം.......ഓടി ഒളിക്കാൻ പോയാൽ അതിനെ നേരമുണ്ടാകുകയുള്ളൂ......എല്ലായിടത്തും ഉണ്ട് തിന്മകളും നന്മകളും.....
മഞ്ജു അഭിനേഷ്

വൃദ്ധസദനം

കഴിഞ്ഞ മാസം നാട്ടിൽ ഒരു ആവശ്യത്തിന് പോയപ്പോൾ അപ്രതീക്ഷിതമായി ഒരു വൃദ്ധസദനം സന്ദർശിക്കാനുള്ള അവസരം ലഭിച്ചു. പത്തനംതിട്ട ജില്ലയിലെ വയലത്തല എന്ന നാടിന്റെ മനോഹാരിതയുടെ നടുവിൽ ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന കേരള സർക്കാർ സ്ഥാപനം.
എന്റെ മനസ്സിൽ നിനച്ചു വെച്ചിരുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അന്തരീക്ഷം. അവിടുത്തെ സൂപ്രണ്ട് എന്റെ ഭർത്താവിന്റെ സഹോദരൻ ആയതിനാൽ എല്ലാവരെയും എനിക്ക് കാണുവാനും സംസാരിക്കുവാനും സാധിച്ചു. ഞങ്ങളുടെ ചേട്ടൻ ഉൾപ്പെടെയുള്ള അവിടുത്തെ ഉദ്യോഗസ്ഥരുടെ അന്തേവാസികളോടുള്ള സൗമ്യമായ പെരുമാറ്റം എന്നെ വളരെ അധികം അത്ഭുതപ്പെടുത്തി. ഒരു സർക്കാർ സ്ഥാപനത്തിലേക്ക് കയറി ചെല്ലുമ്പോൾ ഉണ്ടാകുന്ന അലോസരങ്ങൾ ഒന്നും തന്നെ ഇല്ലാത്ത വളരെ നല്ല സ്ഥാപനം. അവിടെയുള്ള അന്തേവാസികളുടെ അടുത്തു പോയി ഞാൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആ കൂട്ടത്തിൽ ഞങ്ങളുടെ വളരെ അകന്ന ഒരു ബന്ധുവും. പക്ഷേ അദ്ദേഹത്തിന് ഞങ്ങളെ തിരിച്ചറിയാൻ സാധിച്ചില്ല. കൂടാതെ എന്റെ അച്ഛനെ പോലെ ഉള്ള ഒരു ആളും. ആ കാഴ്ച്ച എന്നെ ഏറെ സന്തോഷിപ്പിച്ചു .ഒരു നിമിഷം അച്ഛൻ എന്റെ അടുത്ത് എത്തിയ പോലെ. ഞങ്ങൾ മടങ്ങി വരാൻ നേരം എന്റെ കയ്യിലേക്ക് ഒരു പുല്ലാങ്കുഴൽ സ്വന്തം കൈ കൊണ്ട് ഉണ്ടാക്കിയത് എന്ന് പറഞ്ഞു ആ വൃദ്ധൻ സമ്മാനിച്ചപ്പോൾ എന്റെ കണ്ണുകൾ ഈറനണിഞ്ഞു .അച്ഛൻ തന്ന സ്നേഹ സമ്മാനം പോലെ. അവിടെ അവർ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കുന്നു. ആ അന്തരീക്ഷം കണ്ടപ്പോൾ തോന്നി വാർദ്ധക്യത്തിൽ സമാധാനത്തോടെ ജീവിക്കുവാൻ പറ്റിയ സ്ഥലം അതു പോലെ മാന്യമായി പ്രവർത്തിക്കുന്ന വൃദ്ധസദനങ്ങൾ തന്നെ ആണെന്ന്.
ഇന്ന് നമ്മുടെ മലയാളക്കരയിൽ പോലും വൃദ്ധരെ വീട്ടിൽ ഒരു അധികപ്പറ്റായി കണ്ടു വരുന്ന ചുറ്റുപാടിൽ വൃദ്ധസദനങ്ങൾ നല്ല ഒരു ആശയം തന്നെ ആണ് എന്നാണ് എനിക്ക് തോന്നിയത്. മിക്ക വീടുകളിലും വൃദ്ധർ പല പല മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ട്. കൂട്ടുകുടുംബം ഇന്ന് അന്യമായിരിക്കുന്നതിനാൽ അവർക്ക് ഒന്നും രണ്ടും പറഞ്ഞിരിക്കാൻ സമപ്രായക്കാരായ സ്നേഹിതർ ഇല്ല. മക്കളും മരുമക്കളും ആണ് ഏക ആശ്രയം.
വൃദ്ധർക്ക് വീട്ടിൽ സ്ഥാനമുണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു നമ്മുടെ നാട്ടിൽ. വിദ്യാസമ്പന്നതയിൽ മുന്നിൽ എത്തിയത് കൊണ്ടോ മാധ്യമങ്ങളുടെയും ഇന്റർനെറ്റിന്റെയും വരവോടെയോ ആളുകൾ തിരക്കിൽപ്പെട്ടു പോകുന്ന ജീവിത സാഹചര്യം ആണിന്നുള്ളത്. മാതാപിതാക്കളെ വീട്ടിൽ വളർത്തുന്ന ഒരു രീതിയിലേക്ക് ഇന്ന് നമ്മുടെ നാടും എത്തപ്പെട്ടിരിക്കുന്നു. അങ്ങോട്ട് തിരിഞ്ഞാൽ കുറ്റം ഇങ്ങോട്ട് തിരിഞ്ഞാൽ കുറ്റം. അങ്ങനെ മക്കളുടെ ശാസനയ്ക്ക് മുൻപിൽ ഭീതിയോടെ നില്ക്കേടി വരുന്ന അവസ്‌ഥ.
മക്കളുടെയും മരുമക്കളുടെയും ഉപദ്രവം സഹിക്കാൻ വയ്യാതെ തെരുവിൽ അലഞ്ഞു നടക്കുന്നവരും ഇന്ന് ചുറ്റിനും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നു. വീട്ടിലടിഞ്ഞു കൂടിയ മാലിന്യത്തെ കൊണ്ടു പോയി തള്ളുന്നത് പോലെ വൃദ്ധരെ ഒരു ദയയും കാട്ടാതെ പൊതുവഴികളിലും ആരാധനാലയങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ഉപേക്ഷിച്ചു തങ്ങളുടെ ജീവിതത്തിലേക്ക് മടങ്ങുന്ന കുടുംബങ്ങൾ.
ഈ മാറിയ സാഹചര്യത്തിൽ വൃദ്ധസദനങ്ങൾ നല്ല ആശയം തന്നെ. അവിടെ ആകുമ്പോൾ സമപ്രായക്കാരായവരോടൊപ്പം ചിലവഴിക്കാൻ അവർക്ക് അവസരം ലഭിക്കും. ഏകാന്തതയിലേക്കും വിഷാദത്തിലേക്കും മൂക്കുകുത്താതെ വാർദ്ധക്യം കഴിച്ചു കൂട്ടാം.
അതിനാൽ വൃദ്ധരെ വീടിനു അധികപറ്റായി കാണുന്നവർ അല്ലെങ്കിൽ തിരക്കുകളിൽ പെട്ട് അവരെ ശ്രദ്ധിക്കാൻ കഴിയാത്തവർ അവർക്കായി ശാന്തവും സ്വാതന്ത്ര്യവും ലഭിക്കുന്ന വൃദ്ധസദനങ്ങൾ തിരഞ്ഞെടുക്കുക. ദുരഭിമാനത്തിന്റെ പേരിൽ ഇരു കൂട്ടരും സഹിക്കുന്നതിനെക്കാൾ നല്ലത് ഈ ആശയം തന്നെ. അതല്ല വൃദ്ധരെ വീടിന്റെ ഐശ്വര്യമായും വിളക്കായും കാണുന്നവർ ഒരുമിച്ച് സന്തോഷമായി അവർക്ക് സ്നേഹം നല്കി ചേർത്തു പിടിക്കുക......
Nb. ഓർക്കുക വാർദ്ധക്യം അതു നമുക്ക് ഓരോരുത്തർക്കും വിദൂരമല്ല....നമ്മളിലേക്ക് എത്തുക തന്നെ ചെയ്യും.......
"അസ്ഥി നുറുങ്ങുന്ന വേദന അമ്മക്ക് സമ്മാനിച്ചും അച്ഛന്റെ ചോര ഊറ്റി കുടിച്ചുമാണ് നാം ഓരോരുത്തരും വളർന്നതെന്ന് ഓർക്കുക."
"തെരുവിൽ അലയാൻ വിടരുതേ ആ നന്മകളെ"
മഞ്ജുഅഭിനേഷ് 7/11/2017

പ്രീയപ്പെട്ടവരുടെ ഓർമ്മകൾക്ക് ആയുസ്സ് കൂടുതലാണ്......

രാവിലെ ചേട്ടന്റെയും കുട്ടികളുടെയും സ്കൂളിലേക്കും ഓഫീസിലേക്കുമുള്ള യാത്രയുടെ തിരക്കുകളൊക്കെ കഴിഞ്ഞ് വീട്ടു ജോലിയും തീർത്ത്‌ ഓർമ്മകളുടെ ആകാശത്ത് ഒരു കുഞ്ഞു മേഘത്തുണ്ടുപോലെ ഒഴുകി നടക്കുമ്പോൾ പലപ്പോഴും നാടും വീടും പ്രീയപ്പെട്ടവരും നാട്ടുവഴികളും വയലും പുഴയുടെ നാദവും അമ്പലവും ആൽത്തറയും കളിത്തട്ടും ഉത്സവപ്പറമ്പും സ്കൂളും സഹപാഠികളും അയൽവക്കവും മനസ്സിലേക്ക് ഓടിയെത്തും.
അങ്ങനെയുള്ള ദിവസങ്ങളിൽ ഞാനെന്റെ പഴയ ആൽബത്തിലെ ഫോട്ടോകൾ നോക്കി പഴയ ബാല്യത്തിന്റെ വർണ്ണശബളമായ ലോകത്തേയ്ക്ക് ഒരു കൊച്ചു തെന്നലായൊഴുകുവാൻ കൊതിക്കും. ജനിച്ചുവളർന്ന വീടിന്റെ ചുമരിൽ എപ്പോഴോ വരഞ്ഞിട്ട അക്ഷരമാലകളും അക്കങ്ങളും കൊച്ചു കൊച്ചു കുസൃതികളും മാടി വിളിക്കും. എന്നോ അതൊക്കെ മായ്ക്കപ്പെട്ടതാണെന്നറിയാഞ്ഞിട്ടല്ല, ഓർമ്മകളിൽ പതിഞ്ഞിരിക്കുന്ന ചിത്രമതാണ്......
ഓട് മേഞ്ഞയെൻ വീടിന്റെ മുറ്റത്തെ തളിർത്തു നിന്നൊരു കൂവളവും അതിനോട് ചേർന്ന് പൂവരസിൽ പടർന്നു കേറി പൂക്കൾ നിറച്ചൊരു വള്ളിമുല്ലയും തെക്കേ മുറ്റത്തെ തേൻമാവും കമ്പിളിനാരകവും,തൊടിയിൽ നിറഞ്ഞ തെങ്ങുകളും മുറ്റത്തു നിന്ന് നോക്കിയാൽ കാണാവുന്ന ഗണപതിക്ഷേത്രവും ഇടയ്ക്കൊക്കെ ഉറക്കം കെടുത്തിക്കൊണ്ടു നഷ്ടപ്പെടലിനെ ഓർമ്മിപ്പിച്ചു കൊണ്ടു പല രാത്രികളിലും കിനാക്കളായി എത്താറുണ്ട്.
വിവാഹമെന്ന മനോഹരമായ ആചാരത്തിലൂടെ വീടും നാടും ഉപേക്ഷിച്ച്‌ പുതുജീവിതത്തിനായി ഗുജറാത്ത് എന്ന നാഗരികതയിലേക്ക് ചേട്ടന്റെ കൈപിടിച്ചു ചേക്കേറിയപ്പോൾ അറിഞ്ഞിരുന്നില്ല.....എല്ലാം എനിക്കന്യമാകുകയാണെന്ന്‌. പിന്നീട് വര്ഷത്തിലൊന്ന് വരുന്ന അതിഥിയായി നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ വേഷമാടേണ്ടി വന്നപ്പോൾ നിരാശയായിതുടങ്ങി. ഗുജറാത്തിലേക്ക് തിരികെ പോരുമ്പോൾ യാത്രപറയാൻ നിൽക്കാതെ എനിക്ക് മുൻപേ വീട്ടിൽ നിന്നും എവിടേക്കെങ്കിലുമിറങ്ങി പോകുന്ന അച്ഛനാവും മനസ്സ് നിറയെ.
വർഷങ്ങൾക്ക് ശേഷം നാടിനോടടുത്ത്‌ കോയമ്പത്തൂരെന്ന നഗരത്തിലേക്ക് ചേട്ടന് ജോലി മാറ്റം കിട്ടിയപ്പോൾ ഒരുപാട് സന്തോഷം തോന്നി. എന്റെ പ്രീയപ്പെട്ടവരുടെയടുത്തേക്ക് ഓടിയണയാൻ അധികം ദൂരമില്ലല്ലോ എന്നാശ്വസിച്ചു. പക്ഷേ എന്റെ പ്രതീക്ഷകളേയും ആഗ്രഹങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ടു വിധി മറ്റൊരു രൂപത്തിൽ എന്റെ മനസ്സിനെ തകർത്തു.
ഗുജറാത്തിനോട് യാത്ര പറഞ്ഞ് കോയമ്പത്തൂരിലേയ്ക്കുള്ള യാത്രയുടെ ഒരുക്കത്തിൽ പ്രതീക്ഷിക്കാതെയെത്തിയൊരു ഫോൺ കാൾ.....ഞാൻ ഏറെ കാണാൻ കൊതിച്ച എന്റെ എല്ലാമെല്ലാമായിരുന്ന അച്ഛൻ എന്നെ ഒരു നോക്കുപോലും കാണാൻ നിൽക്കാതെ മരണത്തിന്റെ തോളിലേറി യാത്രയായിയെന്ന്‌. ഗുജറാത്തിൽ നിന്നും ശൂന്യമായ മനസ്സോടെ മൂന്നു ദിവസത്തെ യാത്രക്കൊടുവിൽ രാത്രിയിൽ വീടിന്റെ മുറ്റത്തെത്തിയപ്പോൾ തെക്കേമുറ്റത്ത്‌ പൂത്തുനിന്ന തേൻമാവ് വലിയ ശബ്ദത്തോടെ നിലം പൊത്തി, അച്ഛന്റെ യാത്രയ്ക്കുള്ള ഒരുക്കത്തിനായി.....
രണ്ടുവർഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന മകൾക്കായി തിണ്ണയിലെ കസേരയിൽ ചാരി മേശയിലേക്ക് കൈകുത്തി മുറുക്കി ചുവപ്പിച്ചു വഴിക്കണ്ണുമായി ഇരിക്കുന്ന അച്ഛനില്ലെന്ന വാസ്തവം ഉൾക്കൊള്ളാനാവാതെ ചേട്ടന്റെ തോളിൽ വീണ് അമ്മയുടെ അടുത്തേയ്ക്ക്....അച്ഛനെ കാണണമെന്ന എന്റെ വാശിക്ക് പറയാൻ ചെറുപ്പത്തിലേ പോലെ കള്ളങ്ങളില്ലാതെ അമ്മ നോഞ്ചോട് ചേർത്ത് പിടിച്ച്‌ എന്തൊക്കെയോ ആശ്വാസവാക്കുകൾക്കായി പരതി...
പിറ്റേന്നാൾ വലിയ നിലവിളി ശബ്ദത്തോടെയെത്തിയ ആംബുലൻസിൽ നിന്നും തണുത്തുമരവിച്ച അച്ഛനെ മുറ്റത്തേക്കിറക്കി. മകൾക്കായി കാത്തു മുറ്റത്തു വെട്ടിയിട്ട വാഴയിലയുടെ മുകളിൽ ചെറുപ്പത്തിൽ തമ്മിൽ വഴക്കുകൂടുമ്പോൾ കിടക്കാറുള്ളതുപോലെ കള്ളയുറക്കം നടിച്ച് പുഞ്ചിരിച്ചു കിടക്കുന്നു. ഒരു വ്യത്യാസം മാത്രം ആ കള്ളയുറക്കം കാണാൻ ചുറ്റിനും നിറയെ ആളുകൾ കൂടിയിട്ടുണ്ടെന്നു മാത്രം.
അച്ഛാ.....എന്ന എന്റെ അലറി വിളികൾക്ക് കാതു തരാതെ പിണങ്ങി കിടക്കുന്നു. ഇതുവരെ വരാതിരുന്നതിന്റെ പരിഭവമാണോ എന്നു ഞാൻ ചെവിയോട് ചുണ്ടു ചേർത്ത് വെച്ചു ചോദിച്ചു. എന്നെ പിച്ച നടത്തിയിരുന്ന തണുത്തു മരവിച്ച കൈകളിൽ പിടിച്ചു കുലുക്കി വിളിച്ചു.
മോളു വന്നല്ലോ...അച്ഛനതുമതി...അച്ഛന് മോളോട് പരിഭവമില്ലയെന്നു എന്റെ തലയിൽ തലോടിപ്പറഞ്ഞിട്ടുണ്ടാവാം.നനുത്ത കൈകൊണ്ട് എന്റെ കണ്ണുനീർ തുടച്ചിട്ടുണ്ടാവാം....അച്ഛന്റെ ആ യാത്ര അംഗീകരിക്കാനാവാത്ത എന്റെ മനസ്സ് അതൊന്നും അറിഞ്ഞതേയില്ല....
ആരൊക്കെയോ ചേർന്ന് താങ്ങിപ്പിടിച്ചു കൈയിലേക്ക് വെച്ചു തന്ന എള്ളും അരിയും പൂവും അച്ഛന്റെ വായിലേക്ക് വെച്ചു കൊടുക്കുമ്പോൾ ബാല്യത്തിൽ എനിക്കുരുട്ടി തന്ന കുഞ്ഞുരുളകൾ എനിക്കോർമ്മ വന്നു. എത്രവട്ടം ആ കൈകളിൽ ഞാനെന്റെ കുഞ്ഞരിപ്പല്ലുകൾ ആഴ്ത്തിയിട്ടുണ്ടാവാം....എത്രവട്ടം ചോര പൊടിഞ്ഞിട്ടുണ്ടാവാം....
രക്തബന്ധങ്ങൾ നൽകിയ അവസാന കർമ്മകൾ സ്വീകരിച്ചു ഞങ്ങൾ മക്കളുടെയും അമ്മയുടെയും അവസാന ചുംബനവും വാങ്ങി അച്ഛന്റെ സഹോദരങ്ങളുടെയും മകന്റെയും കൈകളിൽ ചുവന്ന പട്ടു ചുറ്റി പ്രാർത്ഥനകളുടെ ആരവത്തിൽ യാത്രയ്ക്കായി ഒരുക്കിയ തേന്മാവിൻ മഞ്ചലിലേക്ക് കിടക്കുമ്പോൾ അവസാനമായി മോളേ..... എന്നുറക്കെ വിളിച്ചതായെനിക്ക് തോന്നി. അതെന്റെ മനസ്സിന്റെ തോന്നൽ ആണെന്ന് അറിയാമെങ്കിലും എന്നെ ഒന്നുകൂടി ഉറക്കെ വിളിച്ചു എന്നു വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം.
ഇന്നും നാട്ടിലെത്തി വീട് കാണുമ്പോൾ കൂട്ടുകാരനെ പോലെ എന്നോട് തല്ലുകൂടുകയും പിണങ്ങുകയും അതിലേറെ സ്നേഹിക്കുകയും ചെയ്ത അച്ഛനെയാണെനിക്കോർമ്മ വരിക.
വീട് എന്നത് പ്രീയപ്പെട്ടവരുടെ ഓർമ്മകളുടെ സ്മാരകങ്ങൾ ആണ്. തപസ്സിരിക്കാനാവാതെ ഓർമ്മകൾ ഇടയ്ക്കിടയ്ക്ക് വന്ന് വിളിച്ചുകൊണ്ടിരിക്കും നാം ചിതയിലേക്കൊടുങ്ങും വരേ.........കാരണം പ്രീയപ്പെട്ടവരുടെ ഓർമ്മകൾക്ക് ആയുസ്സ് കൂടുതലാണ്......
മഞ്ജു അഭിനേഷ് 18/9/2017

പിള്ളേരോണം

പിള്ളേരോണം🌹
ഇന്ന് കർക്കിടകത്തിലെ തിരുവോണം. ഇന്നാണ് പലരും ഓർമ്മിക്കാതെ പോകുന്ന അല്ലെങ്കിൽ പലർക്കും അറിയാത്ത പിള്ളേരോണം. ബാല്യത്തിന്റെ നിഷ്കളങ്കത നിറഞ്ഞ കുട്ടിക്കാല ഓർമ്മകളിലേക്ക് ഒരെത്തി നോട്ടം.
ബാല്യത്തിന്റെ പുഞ്ചിരി മൊട്ടുകളില്‍ പൂവിളി ഉണരുകയായി. ഇനി തിരുവോണ നാളിലേക്ക് വിളിച്ചാല്‍ കേള്‍ക്കാവുന്ന ദൂരം. വാര്‍ദ്ധക്യത്തിന്റെ പഴംപാട്ടുകളില്‍ ഇന്നും മങ്ങാതെ നില്‍ക്കുന്ന ഓണമാണ് പിള്ളേരോണം. ഓണത്തിന്റെ വരവറിയിച്ചു കൊണ്ട് എത്തുന്ന പിള്ളേരോണം. ഇന്നത്തെ ദിവസത്തെ പ്രത്യേകത ഒന്നും ഇപ്പോളത്തെ തലമുറയ്ക്ക് അറിവുണ്ടാവില്ല. ഇന്നിപ്പോൾ ഓണം തന്നെ കടയിൽ നിന്നും കാശു കൊടുത്തു വാങ്ങുന്ന ഒരു രീതി ആയി മാറിയിരിക്കുന്നു, അപ്പോളല്ലേ പിള്ളേരോണം അറിയാൻ.തിരുവോണത്തിന് 28 ദിവസം മുൻപ് ആണ് പിള്ളേരോണം. ഓണമൊക്കെ ഒരു കാലത്ത് മലയാളികളുടെ ആഘോഷമായിരുന്നു.
പണ്ടൊക്കെ ദുരിതവും കഷ്ടപ്പാടുകളും പട്ടിണിയും നിറഞ്ഞ കർക്കിടകത്തിന്റെ കറുത്ത നാളുകളിൽ വിശപ്പടക്കി ഉറങ്ങുന്ന ബാല്യങ്ങൾക്ക് വരാനിരിക്കുന്ന ഓണം എന്ന സമൃദ്ധിക്കു വേണ്ടി അണിഞ്ഞൊരുങ്ങാൻ ഒരു ദിവസം അതാണ് പിള്ളേരോണം.(അച്ഛൻ ഒക്കെ പറഞ്ഞു കേട്ടുള്ള അറിവാണ്).
കുട്ടിക്കാലത്ത്‌ പിള്ളേരോണം എന്നത് ഓണം പോലെ തന്നെ ആഘോഷം ആയിരുന്നു ഞങ്ങൾക്ക്.പിള്ളേരോണത്തിനു എന്നെ കൊണ്ട് പൂക്കളം ഇടുവിച്ചിരുന്നു അച്ഛൻ. ഉച്ചയ്ക്ക് പരിപ്പും പായസവും പപ്പടവും ഒക്കെ ചേർത്ത് സദ്യ ഉണ്ടാക്കി ഞങ്ങളെ ഊട്ടിച്ചിരുന്നു. അച്ഛന് അതൊക്കെ വലിയ നിർബന്ധമായിരുന്നു.
അച്ഛൻ പറഞ്ഞു കേട്ടിരിക്കുന്നു ,അവരുടെ ഒക്കെ ബാല്യത്തിൽ കർക്കിടകത്തിലെ മഴയുടെ ദിനങ്ങളിൽ പഞ്ഞം നിറഞ്ഞ ദിവസങ്ങൾക്കിടയിലെ ഈ ദിവസം ആണ് വയറു നിറയെ ചോറും കറികളും വിളമ്പിയിരുന്നത്. കുഞ്ഞുങ്ങളുടെ ആവേശം കണ്ടു മാതാപിതാക്കളും ഉണരും ഓണത്തിനായി ഒരുങ്ങാൻ എന്ന്.
ഇന്ന് പിള്ളേരോണം എന്നല്ല ഓണം തന്നെ ഒരു ഫാഷൻ ആയി മാറിയിരിക്കുന്നു.വീടുകള്‍ നിറയെ കുട്ടികള്‍ ഉണ്ടായിരുന്ന ഒരു നല്ലകാലത്തിന്റെ നഷ്ടസ്മൃതികളുമായി തറവാട്ടുമുറ്റങ്ങളും കുളങ്ങളും ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ എല്ലാം ഇന്നൊരോര്‍മ മാത്രമായി. ദാരിദ്ര്യം എന്തെന്ന് അറിയാതെ എന്നും വയറു നിറച്ചു ഭക്ഷണവും കഴിച്ചിട്ട് മൊബൈലും ടെലിവിഷനും കമ്പ്യൂട്ടറും ഒക്കെ കളികോപ്പുകൾ ആക്കി മാറ്റിയിരിക്കുന്നു ഇന്നത്തെ കുട്ടികളെ പിള്ളാരേ എന്നു വിളിച്ചാൽ തന്നെ അത് കേട്ട് കലി കൊള്ളുന്ന ഈ യുഗത്തിൽ എല്ലാവർക്കും പിള്ളേരോണത്തിന്റെ ആശംസകൾ.
മഞ്ജു അഭിനേഷ് 7/8/2017

മരണം (അനുഭവം)

മരണം (അനുഭവം)
അന്ന് പതിവിലും വൈകി ആണ് ഉറങ്ങാൻ കിടന്നത്. അകാരണമായി ഒരു ഭീതി മനസ്സിനെ ആകെ വിഷമിപ്പിച്ചുകൊണ്ടിരുന്നു. എന്തൊക്കെയോ ചിന്തകൾ മനസ്സിലേക്ക് ആരോ കോരി ഇടുന്ന പോലെ. പുറത്ത് പതിവില്ലാത്തപോലെ മഴയും പെയ്യ്തു തുടങ്ങി. ആദ്യമായാണ് മഴയോട് ഒരു ഭയം തോന്നുന്നത്. വീശി അടിക്കുന്ന കാറ്റ് ഇടനാഴിയിലൂടെ ചൂളമടിച്ചു പൊയ്ക്കൊണ്ടിരിക്കുന്നു. അകലെ നിന്നും നായ്ക്കളുടെ നിർത്താതെയുള്ള ഓളിയിടലും കേൾക്കുന്നുണ്ടായിരുന്നു.
ഞാൻ കണ്ണുകൾ ഇറുക്കി അടച്ച് പുതപ്പ് മുഖത്തേയ്ക്ക് ഇട്ടുകൊണ്ട് ഭിത്തിയുടെ ഓരം ചേർന്നു കിടന്നു. കൂടെ കിടക്കുന്ന ചേട്ടനെയും മക്കളെയും മെല്ലെ തൊട്ടു നോക്കി, നല്ല ഉറക്കം. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് സമയം പോകുന്നതിനിടയിൽ പെട്ടെന്ന് കറന്റ് പോയി. ഉറങ്ങുവാൻ കഴിയാതെ ഇരിക്കുന്ന എനിക്ക് ആകെ ആശ്വാസമായി കടകട ശബ്ദമുണ്ടാക്കി കറങ്ങി കൊണ്ടിരുന്ന ഫാനിന്റെ ചലനവും നിലച്ചു. നായ്ക്കളുടെ കാൽപ്പെരുമാറ്റവും ഓളി ഇടൽ ശബ്ദവും കൂടുതൽ അടുത്തേയ്ക്ക് എത്തിയിരിക്കുന്നു. എന്നും ഇടയ്ക്കിടക്ക് കേൾക്കാറുള്ള സെക്യൂരിറ്റിയുടെ വിസിലിന്റെ ശബ്ദവും കേൾക്കുവാൻ ഇല്ല.
ജനൽ പാളികൾക്കിടയിലൂടെ കടന്നുവന്നിരുന്ന ചാവു കിളിയുടെ ഉച്ചത്തിലുള്ള കരച്ചിൽ മനസ്സിനെ അസ്വസ്ഥതമാക്കിക്കൊണ്ട് കാതുകളിലേക്ക്‌. മരണം നടക്കുവാൻ പോകുന്നിടത്താണ് ചാവുകിളിയുടെ ഒച്ചയിടലും നായ്ക്കളുടെ ഓളി ഇടലും ഒക്കെ കേൾക്കാറുള്ളതെന്ന് പറഞ്ഞു കേട്ടിട്ടുള്ളത്. എന്റെ നെഞ്ചിടിപ്പിന്റെ വേഗത കൂടി. ശ്വാസം മുട്ടൽ അനുഭവപ്പെടുന്ന പോലെ. ചുണ്ടുകൾ വരണ്ടുണങ്ങി. എന്റെ മരണം ആണോ നടക്കാൻ പോകുന്നത്, എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. പറക്കമുറ്റാത്ത കുഞ്ഞുങ്ങളേയും സ്നേഹസമ്പന്നനായ ഭർത്താവിനെയും തനിച്ചാക്കി ....ഓർത്തിട്ടു തല പൊട്ടും പോലെ......എഴുന്നേറ്റ് പോയി ഒരു തലവേദനയുടെ ഗുളിക കഴിച്ചാലോ, കുറച്ചു വെള്ളം കുടിച്ചാലോ എന്നൊക്കെ തോന്നി. ഭയം ഒന്നിനും അനുവദിച്ചില്ല. പ്രാർത്ഥനയോടെ ഞാൻ കിടന്നു.
എന്റെ പ്രാർത്ഥനയുടെ ഫലം പോലെ പെട്ടെന്ന് കറന്റ് വന്നു. പഴയപോലെ ഫാൻ ഒച്ചയിട്ടു തുടങ്ങി. മഴയുടെ താളം നിലച്ചു. കാറ്റിന്റെ ചൂളമടിയും നായ്ക്കളുടെ കാൽപ്പെരുമാറ്റവും ഒച്ചയും തീർത്തും നിലച്ചു. എന്നിലെ ഭയം അകന്ന് മനസ്സ് ശാന്തമായതോടെ ഞാൻ ചേട്ടന്റെ കയ്യിലേക്ക് തലവെച്ച് കണ്ണുകൾ മൂടി ഉറക്കത്തിലേക്ക് വഴുതി വീണു.
സമയം വെളുപ്പിന് അഞ്ചു മണി. കതകിൽ ആരോ ശക്തിയായി തട്ടുന്ന ശബ്ദവും ചേട്ടന്റെ വിളിയും കേട്ടാണ് ഉണരുന്നത്. വേഗം എഴുന്നേറ്റ് കതക് തുറന്നതും ഞങ്ങളുടെ വീടിന്റെ മുകളിലത്തെ നിലയിൽ താമസിക്കുന്ന ചേച്ചി ഭയന്ന് വിറച്ചു കൊണ്ടു എന്തോ പറഞ്ഞിട്ട് ഓടി പോകുന്നു.....ഞാനും ചേട്ടനും കൂടി ചേച്ചിയുടെ പിന്നാലെ പടികൾ ചവിട്ടി ഓടി കയറി.
ചേച്ചിയും രണ്ടു പെൺകുട്ടികളൂം കണ്ണുകളിൽ ഭീതിനിറഞ്ഞു വിറയലോടെ എന്തു പറയണം എന്നറിയാതെ വല്ലാത്ത ഒരു അവസ്ഥയിൽ അകത്തെ മുറിയിലേക്ക് വിരൽ ചൂണ്ടി. ഞാനും ചേട്ടനും മുറിയിലേക്ക് ചെന്നതും എല്ലാ ദിവസവും ജോലിക്ക് പോകുമ്പോൾ മുഖത്ത് പുഞ്ചിരി നിറച്ചുകൊണ്ട് ഞങ്ങളുടെ കുഞ്ഞുമോളോട് തമാശകൾ പറയുന്ന അവിടുത്തെ ചേട്ടൻ ബെഡിൽ കമഴ്ന്ന് കിടക്കുന്നു. ആ ശരീരത്തിലേക്ക് കൈവെച്ച എന്റെ ചേട്ടൻ പെട്ടെന്ന് കൈ വലിച്ച് എന്റെ മുഖത്തേയ്ക്ക് നിസ്സഹായതയോടെ നോക്കി. ഞാൻ തൊട്ടു നോക്കിയപ്പോൾ തണുത്ത പഞ്ഞിയിൽ തൊടുന്ന പോലെ ദേഹം.വായിൽ നിന്നും ഒഴുകിയിറങ്ങിയ ചോര തലയിണയിൽ ആകെ......അന്നുവരെ ആ കുടുംബം കെട്ടിപ്പൊക്കിയ സ്വപ്നങ്ങളുടെയും മോഹങ്ങളുടെയും മാളിക ബാക്കിയാക്കി ഉറക്കത്തിനിടയിൽ ആ ചേട്ടൻ മരണത്തിലേക്ക്.......
എന്റെ മനസ്സ് രാത്രിയിൽ എനിക്ക് അനുഭവപ്പെട്ട അന്തരീക്ഷത്തിലേക്ക് .........ഞാൻ അറിഞ്ഞ ആ അവസ്‌ഥ മരണത്തിന്റെ സ്വർണ്ണരഥത്തിലുള്ള വരവിന്റെ സൂചന ആയിരുന്നുവോ.......അറിയില്ല......ഒന്നും അറിയില്ല...
മഞ്ജുഅഭിനേഷ് 2/8/2017, 2.44PM

അനുഭവക്കുറിപ്പ്

അനുഭവക്കുറിപ്പ്
ചെറുപ്പം മുതലേ സ്ഥലവും സമയവും നോക്കാതെ തലകറങ്ങി വീഴുക എന്നത് എനിക്ക് പതിവുള്ള കാര്യമായിരുന്നു. വീട്ടിൽ വെച്ചു തലകറങ്ങുമ്പോൾ അമ്മ നല്ല കുത്തരിയുടെ കഞ്ഞിവെള്ളത്തിൽ ഉപ്പിട്ട് കൊണ്ടുവന്നു തരും. അതു കഴിച്ചു കുറച്ചു നേരം കഴിയുമ്പോൾ എല്ലാം മാറി നോർമൽ ആവും. ഇടയ്ക്കൊക്കെ പാരമ്പര്യ വൈദ്യനായ അപ്പൂപ്പന്റെ മരുന്നുകൾ കഴിപ്പിക്കും.
ഒരിക്കൽ അമ്പലത്തിൽ ദീപാരാധന നടന്നു കൊണ്ടിരിക്കുമ്പോൾ നട തുറന്നതും ഞാൻ വെട്ടിയിട്ട ചക്ക പോലെ തലകറങ്ങി പുറകിൽ നിന്ന ചേച്ചിയുടെ പുറത്തോട്ട്. അന്ന് പിന്നെ ഇത്രക്ക് വണ്ണമില്ലാഞ്ഞത് കൊണ്ടു അവർക്ക് പരിക്കൊന്നും പറ്റിയില്ല. അവിടെ നിന്ന പ്രായമായ സ്ത്രീകളിൽ ചിലർ ശുദ്ധിയില്ലാതെ വന്നതിനു ദേവി കൊടുത്ത ശിക്ഷ ആണെന്നൊക്കെ പറഞ്ഞെങ്കിലും രാവിലെ എട്ടു മണിക്ക് മുൻപ് എന്തെങ്കിലും കഴിച്ചില്ലെങ്കിൽ തലകറങ്ങുമെന്ന സത്യാവസ്ഥ എനിക്കറിയാരുന്നു. അന്ന് ആഹാരം ഉണ്ടാക്കാൻ കുറച്ചു താമസിച്ചു.
നിത്യവും അമ്പല സന്ദർശനം നടത്തിയിരുന്ന ഞാൻ വേഗം പോയി തൊഴുതു വരാം എന്നോർത്തു അന്ന് കഴിക്കാൻ വേണ്ടി നിന്നില്ല. അല്ലെങ്കിൽ എന്തെങ്കിലും കഴിച്ചിട്ടേ ഞാൻ എന്നും അമ്പലത്തിൽ പോകു.കല്യാണ പ്രായമായിട്ടും എന്റെ ഈ തലകറക്കം ഇടയ്ക്കിടയ്ക്ക് ഉണ്ടായിക്കൊണ്ടിരുന്നു. അങ്ങനെ കല്യാണം കഴിഞ്ഞു ഭർത്താവിനോടൊപ്പം ഗുജറാത്തിലേക്ക് എത്തി. അങ്ങനെ ഇടയ്ക്ക് ഒക്കെ ഉണ്ടാവുന്ന എന്റെ തലകറക്കം ചേട്ടന് പേടിയായി തുടങ്ങി. ഞാൻ ഒരു കുഴപ്പവും ഇല്ല.നാരങ്ങാവെള്ളമോ കഞ്ഞിവെള്ളാമോ വല്ലോം കുടിച്ചാൽ മതി മാറിക്കോളും ലോ ബി പി യുടെ ആണ് എന്നൊക്കെ പറഞ്ഞു സമാധാനിപ്പിക്കും.
സത്യത്തിൽ ഹോസ്പിറ്റലിൽ പോകാൻ പേടി ആയിരുന്നു. അവിടെ ചെന്ന് അവര് ടെസ്റ്റ് ചെയ്യുമ്പോൾ വല്ല അസുഖമാണെന്നു പറഞ്ഞാലോ എന്ന ഉൾഭയം ആണ് കാരണം.അങ്ങനെ ഞങ്ങൾക്ക് ഒരു മോൾ ഉണ്ടായിക്കഴിഞ്ഞു മോൾക്ക് ആറു മാസം പ്രായമുള്ളപ്പോൾ ഒരു ദിവസം മോൾക്ക് പാല് കൊടുത്തൊണ്ടിരുന്ന ഞാൻ തലകറങ്ങി താഴെ .
"ചേട്ടൻ ഇനി ഇതു വെച്ചോണ്ടിരിക്കാൻ പറ്റില്ല കുഞ്ഞു കൂടി ആയി ,ഞാൻ ഓഫീസിൽ പോയാൽ ഇങ്ങനെ ഉണ്ടായാൽ എന്തു ചെയ്യും "
എന്ന് പറഞ്ഞു എന്നെ വഴക്ക് പറഞ്ഞു ഒരു വലിയ ഹോസ്പിറ്റലിൽ കൊണ്ടു പോയി.അവിടെ ചെന്ന് ഡോക്ടറിന്റെ പരിശോധന ഒക്കെ കഴിഞ്ഞ് ഡോക്ടറിന്റെ നിർദേശപ്രകാരം കുറെ ടെസ്റ്റുകളും തലയുടെ സ്‌കാനിംഗും ഒക്കെ നടത്തി അടുത്ത ദിവസം വീണ്ടും ഹോസ്പിറ്റലിലേക്ക്.
ഞാൻ റിപ്പോർട്ട് കിട്ടിയപ്പോൾ മുതൽ തലങ്ങും വിലങ്ങും നോക്കി ഇതെന്താണെന്നു മനസ്സിലാക്കാൻ വേണ്ടി പാടുപെട്ടതാണ്. ചിലതൊക്കെ എന്താണെന്ന് കൂടി വായിക്കാൻ പറ്റാത്ത രീതിയിൽ എഴുതിയിരിക്കുന്നു. ആ വാക്കുകളിൽ ആകും എന്റെ അസുഖത്തിന്റെ പേര് ഒളിഞ്ഞിരിക്കുന്നത് എന്നോർത്തു ഞാൻ ഭയപ്പെട്ടു. ഇപ്പോൾ കരയും എന്ന മട്ടിൽ ആണ് എന്റെ ഇരിപ്പും മുഖഭാവവും. ചേട്ടൻ ആണെങ്കിൽ അതിനേക്കാൾ ടെൻഷൻ അടിച്ചു വിഷണ്ണനായി ഇരിക്കുന്നു നടക്കുന്നു അങ്ങനെ സമയം തള്ളി നീക്കി. ഇന്നായിരുന്നെങ്കിൽ അങ്ങനെ ഉണ്ടാവില്ല. മൊബൈലും കുത്തി രണ്ടാളും നോക്കി ഇരുന്നേനെ.
അങ്ങനെ എന്റെ നമ്പറും വന്നു ഡോക്‌ടറിനെ കാണാൻ. ഞാൻ വിറച്ച ശരീരത്തോടെ റിപ്പോർട്ടും കയ്യിൽ പിടിച്ച് ഡോക്ടറിന്റെ മുന്നിൽ പോയി ഇരുന്നു. ഡോക്ടർ വലിയ ഗ്ലാസ് കണ്ണാടിയുടെ ഇടയിലൂടെ കണ്ണു മിഴിച്ചു പിടിച്ച് എന്റെ റിപ്പോർട്ടുകൾ ഓരോന്നായി തലങ്ങും വിലങ്ങും പരിശോധിക്കുന്നു. ഇടയ്ക്ക് എന്നോട് ഓരോന്ന് ഗുജറാത്തിയിൽ ചോദിക്കും. ഗുജറാത്തിൽ ചെന്ന് മൂന്നു വർഷം ആയെങ്കിലും ഹിന്ദി തട്ടിയും മുട്ടിയും പറഞ്ഞു ഫലിപ്പിക്കുമെന്നല്ലാതെ ഗുജറാത്തി ഒരക്ഷരം മനസ്സിലാവത്തും ഇല്ല തിരികെ പറയാനും അറിയില്ല.എന്നോട് ചോദിക്കുന്നതിനൊക്കെ ഉള്ള ഉത്തരം ചേട്ടൻ ആണ് പറയുന്നത്.
ഇയാൾക്ക് ഈ ചോദ്യമൊക്കെ ഇംഗ്ലീഷിൽ ചോദിച്ചു കൂടെ എന്നായിരുന്നു എന്റെ മനസ്സിൽ. തിരികെ അത്ര വൃത്തിയായി സംസാരിക്കില്ലെങ്കിലും എന്താണ് പറയുന്നതെന്ന് അറിയാമല്ലോ . ഇടയ്ക്ക് എന്റെ റിപ്പോർട്ടിലേക്ക് നോക്കികൊണ്ട് തന്നെ ഫോൺ എടുത്തു ആരെയോ വിളിച്ച് ഗുജറാത്തിയിൽ എന്തോ ശബ്ദം താഴ്ത്തി പറഞ്ഞു. ഞാൻ ചേട്ടന്റെ മുഖത്തു നോക്കി കണ്ണുകൊണ്ട് എന്താണെന്ന് ചോദിച്ചു. തീരെ ശബ്ദം കുറച്ചായിരുന്നതിനാൽ ചേട്ടനും ഒന്നും മനസ്സിലായില്ല എന്നു ചേട്ടന്റെ മുഖത്തു നിന്ന് ഞാൻ വായിച്ചെടുത്തു.
അങ്ങനെ ഒടുവിൽ റിപ്പോർട്ട് മാറ്റി വെച്ചു ഡോക്ടർ പേനയും കയ്യിൽ പിടിച്ചു കൊണ്ട് ചേട്ടനോടായി പറഞ്ഞു .ഒരു മാസത്തെ മരുന്നു തരാം എന്നിട്ട് വരു ഇതു കൊണ്ട് മാറുന്നില്ലെങ്കിൽ വലിയ പരിശോധനകൾ വേണ്ടി വരും. (ചേട്ടൻ അയാൾ പറയുന്നതൊക്കെ എനിക്ക് മലയാളത്തിൽ പറഞ്ഞു തരും). അസുഖമെന്താണെന്ന് ആള് പറയുന്നുമില്ല. മരുന്നുകളുടെ കുറിപ്പ് കയ്യിൽ തന്ന് എന്റെ റിപ്പോർട്ട് വീണ്ടും ഒന്നുകൂടി എടുത്തു നിവർത്തി നോക്കിയിട്ട് എന്നെ ഒരു ശോക ഭാവത്തിൽ നോക്കിയിട്ട് അടുത്ത നമ്പർകാരനെ വിളിച്ചു.ഇതിനിടയ്ക്ക് ആള് ചേട്ടനോട് എന്തോ ശബ്ദം താഴ്ത്തി പറഞ്ഞു. ചേട്ടനും അതത്ര മനസ്സിലായ ലക്ഷണം കണ്ടില്ല.
മരുന്ന് വാങ്ങുന്നതിനു ഇടയിൽ ഞാൻ ചേട്ടനോട് ചോദിച്ചു എന്താ ഡോക്ടർ അവസാനം പറഞ്ഞതെന്ന്. ചേട്ടൻ എന്റെ മുഖത്തു നോക്കാതെ പറഞ്ഞു .ഫിറ്റ് എന്നോ മറ്റോ ആണ് പറഞ്ഞത് എന്ന്. അയാൾ കൂടുതൽ ഒന്നും പറയുന്നില്ല .ഒന്നാമത് അയാള് പറയുന്നത് പകുതി മനസ്സിലാവില്ല, എന്തായാലും വലിയ ഡോക്ടർ അല്ലേ മരുന്നു കഴിച്ചു നോക്കാം എന്നു പറഞ്ഞു അവിടുന്നു തിരിച്ചു. ചേട്ടന്റെ മുഖം വിഷമം കൊണ്ടു വല്ലാതെ ആയിരുന്നു.
ജീവിതം നശിച്ചു എന്ന ചിന്തയിൽ ഞാൻ ബൈക്കിലേക്ക് കേറി. പരസ്പ്പരം ഒന്നും സംസാരിക്കാൻ ആവാതെ ഞങ്ങൾ വീട്ടിൽ എത്തി. മോളെ കെട്ടിപ്പിടിച്ചു കുറെ കരഞ്ഞു. അവൾ ഒന്നും അറിയാതെ എന്റെ മുഖത്തു നോക്കി കുഞ്ഞിക്കണ്ണുകൾ മിഴിച്ചു ചിരിച്ചു. എന്റെ മുഖത്തു ഉമ്മ വെച്ചു. അവളുടെ ഓരോ ചലനങ്ങളും എന്നിൽ കൂടുതൽ വിഷമം ഉണ്ടാക്കി. ജീവിതകാലം മുഴുവനും ഈ അസുഖമുണ്ടാകുമല്ലോ എനിക്കെന്നൊക്കെ ആയി ചിന്തകൾ. രാത്രികളിൽ ചേട്ടന്റെ നെഞ്ചിൽ തലവെച്ചു കിടന്ന് കരഞ്ഞു.
ഡോക്ടർ തന്ന മരുന്നു കഴിച്ചു തുടങ്ങിയ എനിക്ക് രണ്ടു ദിവസം കഴിഞ്ഞപ്പോൾ മുതൽ വല്ലാത്ത ക്ഷീണവും തളർച്ചയും വയറു വേദനയും തുടങ്ങി. ഒരു ദിവസം പല സമയത്തായി പത്തു ഗുളികയോളം. അതു കൂടാതെ കുറെ സിറപ്പുകളും .എല്ലാം കൂടി നല്ല ഒരു തുകയുടെ ചിലവ്.
മൂന്നു ദിവസത്തോളം ഡോക്ടർ തന്ന മരുന്നു കഴിച്ച ഞാൻ വയറു വേദന കൊണ്ട് നെട്ടോട്ടമായി. സഹിക്കാൻ വയ്യാതെ എന്നെ അടുത്തുള്ള ഒരു ചെറിയ ക്ലിനിക്കിലേക്ക് കൊണ്ടു പോയി. അവിടുത്തെ ഡോക്ടർ എന്റെ റിപ്പോർട്ട് നോക്കി മറ്റേ ഡോക്ടർ തന്ന മരുന്നിന്റെ ലിസ്റ്റും നോക്കി ചിരിച്ചു.
എന്താണ് ഡോക്ടർ എന്ന ചേട്ടന്റെ ചോദ്യത്തിന് മറുപടി ആയി അയാൾ പറഞ്ഞു .ബ്ലഡിന്റെ കൗണ്ട് കുറവു അല്ലാതെ വേറെ ഒരു കുഴപ്പവും ഇല്ല ഈ റിപ്പോർട്ടിൽ എന്ന്. ക്യാഷ് ഉണ്ടാക്കാൻ ഇവിടെ ചില വലിയ ഹോസ്പിറ്റലുകാരും ഡോക്ടർമാരും ഇപ്പോൾ ഈ പരുപാടികൾ നടത്താറുണ്ട് എന്ന്.കുറെ ആവശ്യമില്ലാത്ത മരുന്നുകൾ നൽകും. ഡോക്ടർമാരും മെഡിക്കൽ സ്റ്റോർകാരും തമ്മിലുള്ള ഒരു അഡ്ജസ്റ്റ്മെന്റ്കൾ .നമ്മളെ പോലെ ചില പാവങ്ങൾ ചിലപ്പോൾ ഇതിലൊക്കെ പോയി കുടുങ്ങും......ഇപ്പോഴും ഉണ്ട് ഇതുപോലെ ഉള്ള ഹോസ്പിറ്റലുകളും ഡോക്ടർമാരും. നല്ലരീതിയിൽ നടക്കുന്ന ഹോസ്പിറ്റലുകൾക്കും ഡോക്ടർമാർക്കും കൂടി പേരു ദോഷത്തിനായി. പണം മാത്രം മുന്നിൽ കണ്ടു പ്രവർത്തിക്കുന്നവ.
ഏതായാലും എന്റെ ജീവന് ആപത്തൊന്നും ഇല്ല എന്ന സന്തോഷത്തിൽ ഞാനും ചേട്ടനും ഹാപ്പി.... അതിൽ പിന്നെ എന്തെങ്കിലും അസുഖം വന്നാൽ വലിയ ഹോസ്പിറ്റലിൽ പോകാൻ എനിക്ക് പേടിയാണ്.......കഴിവതും ആയുവേദ മരുന്നുകൾ കഴിച്ചു നോക്കും.....അതിൽ കുറയുകയും ചെയ്യും......അതൊരു ആശ്വാസം....
മഞ്ജുഅഭിനേഷ് 21/7/2017,12.50 Pm

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo