Showing posts with label SukaamiPrakash. Show all posts
Showing posts with label SukaamiPrakash. Show all posts

ഈ രാത്രിയില്‍!

Image may contain: Sukaami Prakash, eyeglasses, closeup and indoor

ഒരുപാടുകാലത്തിനുശേഷം നല്ലെഴുത്തില്‍ ഒരു കവിതയിടട്ടെ!

കന്നിനിലാവിറ്റുവീഴേണ്ട രാത്രിയില്‍
കള്ളപ്പെരുമഴയാട്ടം!
നീട്ടി,ക്കുയില്‍പ്പെണ്ണു പാടേണ്ട കൊമ്പത്ത്
ചുറ്റുന്ന കാറ്റിന്റെ ചൂളം!
എങ്കിലും തൂവാനം ചിന്നുമിറയത്ത്
സങ്കടമെല്ലാം കുതിര്‍ന്നു.
ഇന്നിനിയീക്കുളിര്‍ വാരിപ്പുതച്ചുകൊ-
ണ്ടെല്ലാം മറന്നൊന്നുറങ്ങാം!
- പി പ്രകാശ്‌

വിമര്‍ശകന്‍.

Image may contain: Sukaami Prakash, eyeglasses, closeup and indoor

തെറ്റു കണ്ടാല്‍ പറയണം; എങ്കിലും
കുറ്റങ്ങള്‍ മാത്രം കാണാതിരിക്കണം.
പറ്റുമെങ്കില്‍ കരംപിടിച്ചീടണം
തെറ്റിവീഴാതെ നോക്കണം; കാക്കണം.
-പി പ്രകാശ്‌

കഥയെഴുതുമ്പോള്‍: പുതിയ എഴുത്തുകാര്‍ക്കായി ഒരു കുറിപ്പ്.


കഥയെഴുതുമ്പോള്‍: പുതിയ എഴുത്തുകാര്‍ക്കായി ഒരു കുറിപ്പ്.
നല്ലെഴുത്തിലെ രചനാനിരൂപണം വായിക്കുന്ന പല എഴുത്തുകാരും ഇന്‍ബോക്‌സിലെത്തി പല സംശയങ്ങളും ചോദിക്കാറുണ്ട്. സമാനസ്വഭാവമുള്ള അത്തരം സംശയങ്ങള്‍ക്കുള്ള മറുപടി എന്ന നിലയിലാണ് ഈ കുറിപ്പ്.
ഒരു ചെറുകഥയുടെ അടിസ്ഥാനഘടകങ്ങളെക്കുറിച്ചു പറയാം.
1. പ്രമേയം: കഥ സംവേദനം ചെയ്യാന്‍ ശ്രമിക്കുന്ന ആശയമാണ് അതിന്റെ പ്രമേയം. ഒരവസ്ഥ, സന്ദേശം, വിശ്വാസം തുടങ്ങിയവയെല്ലാം പ്രമേയങ്ങളാകാം. ഒരേ പ്രമേയത്തില്‍നിന്ന് എത്ര കഥകള്‍ വേണമെങ്കിലും രചിക്കാം. അതുപോലെതന്നെ, ഒരു കഥയില്‍ ഒന്നിലധികം പ്രമേയങ്ങളും വരാം. പ്രമേയമെന്താണെന്ന് എഴുത്തുകാരനു ബോധ്യമുണ്ടായിരിക്കണം.
2. ഇതിവൃത്തം: കഥയിലെ സംഭവങ്ങളുടെ തുടര്‍ച്ചകള്‍, അല്ലെങ്കില്‍ കഥാപാത്രങ്ങള്‍ ചെയ്യുന്ന കാര്യങ്ങളുടെ തുടര്‍ച്ചകളാണ് ഇതിവൃത്തം. കഥയില്‍ സംഭവിക്കുന്ന കാര്യങ്ങളുടെ തുടര്‍ച്ചയിലൂടെ (വളര്‍ച്ചയിലൂടെ) ഇതിവൃത്തം രൂപപ്പെടുന്നു. പ്രമേയത്തെ ഇതിവൃത്തമാക്കിമാറ്റാന്‍ രചയിതാവിനു കഴിയണം.
3. കഥാപാത്രങ്ങള്‍: പ്രമേയത്തെ, ഉചിതമായ ഇതിവൃത്തത്തിലൂടെ അവതരിപ്പിക്കാന്‍ കഥാപാത്രങ്ങളാവശ്യമാണ്. അഥവാ, അതിനാണ് കഥാപാത്രങ്ങള്‍. അവര്‍ മനുഷ്യര്‍ തന്നെയായിരിക്കണമെന്ന് ഒരു നിര്‍ബ്ബന്ധവുമില്ല. മൃഗങ്ങളോ അചേതനവസ്തുക്കളോ സാങ്കല്‍പ്പികജീവികളോ ആകാം. കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതകള്‍ പ്രത്യക്ഷമായോ പരോക്ഷമായോ അവതരിപ്പിച്ചുകൊണ്ട് അവരെ വായനക്കാരന്റെ മനസ്സില്‍ പ്രതിഷ്ഠിക്കാന്‍ എഴുത്തുകാരനു കഴിയണം. അത് പ്രമേയത്തെ ശക്തിപ്പെടുത്താനായിരിക്കുകയും വേണം.
4. ആഖ്യാനം: പ്രമേയത്തെ ഫലപ്രദമായി വായനക്കാരനിലെത്തിക്കുക എന്ന കര്‍മമാണ് ആഖ്യാനം. പ്രധാനമായി രണ്ടു തരത്തിലാണ് ആഖ്യാനം: കഥാകൃത്തുതന്നെ ആഖ്യാതാവായിരിക്കുകയാണ് ഒന്നാമത്തേത്. കഥാപാത്രം ആഖ്യാതാവുക എന്നതാണ് രണ്ടാമത്തേത്.
കഥ പറയുന്നതാരാണ് എന്നു തീരുമാനിച്ചുകഴിഞ്ഞാല്‍, അപ്രതീക്ഷിതമായി അതു മാറിപ്പോകുന്നത് പല പുതിയ എഴുത്തുകാരുടെയും പ്രശ്‌നമാണ്. കഥാശില്‍പ്പത്തില്‍ ആഖ്യാനത്തിനാണ് ഏറ്റവും പ്രാധാന്യം. അതുകൊണ്ടുതന്നെ നിരവധി പഠനങ്ങള്‍ ഈ മേഖലയില്‍ നടന്നിട്ടുണ്ട്. ഏ ആര്‍ രാജരാജവര്‍മ 13 തരം ആഖ്യാനത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. അതില്‍നിന്നു ഭിന്നമായി മറ്റു 13 തരം ആഖ്യാനരീതികളെക്കുറിച്ച് പാശ്ചാത്യചിന്തകനായ വാലസ് ഹില്‍ഡിക്കും പറഞ്ഞിട്ടുണ്ട്. (Thirteen types of narrative).
ആഖ്യാനം നടക്കുന്ന സമയവും പ്രധാനമാണ്. ഭൂതകാലത്തില്‍ (അയാള്‍ക്ക് അങ്ങനെ സംഭവിച്ചു) എന്നു തുടങ്ങുന്ന കഥ അപ്രതീക്ഷിതമായി വര്‍ത്തമാനകാലത്തിലായിപ്പോകുന്നത് (ഭാഷാസൗന്ദര്യത്തിനായി സാമാന്യവര്‍ത്തമാനകാലം ഉപയോഗിക്കുന്നതിനെക്കുറിച്ചല്ല) പലപ്പോഴും തുടക്കക്കാര്‍ക്കുണ്ടാകുന്ന അബദ്ധമാണ്.
അയാള്‍ അങ്ങനെ ചെയ്തു എന്ന രീതിയില്‍ മൂന്നാം പുരുഷനു (ഭൂതകാലത്തില്‍) കഥ പറയാം. ഇയാള്‍ ഇപ്പോള്‍ ഇവിടെ എന്ന മട്ടിലും മൂന്നാം പുരുഷനു (വര്‍ത്തമാനകാലത്തില്‍) കഥ പറയാം. ഞാന്‍ പറയുന്നു എന്നാണെങ്കില്‍ അത് ഒന്നാം പുരുഷനാണ്. നിങ്ങള്‍ പറയുന്നു എന്നാണെങ്കില്‍ അത് രണ്ടാം പുരുഷനാണ്. കൂടാതെ കത്തിന്റെ രൂപത്തിലോ, ഡയറിയുടെ രൂപത്തിലോ സംഭാഷണരൂപത്തിലോ നാടകരൂപത്തിലോ ഒക്കെ കഥ പറയാം. പറയുന്നത് യുക്തിസഹമായിരിക്കണമെന്നു മാത്രം. ഇതുസംബന്ധിച്ച് വ്യക്തമായ ധാരണ എഴുത്തുകാരനുണ്ടായിരിക്കുന്നത് നല്ലതാണ്.
ആഖ്യാനത്തിനിടയില്‍ കഥാകൃത്തു കടന്നുവന്ന് അനാവശ്യമായ സംഭാഷണങ്ങള്‍ നടത്തരുത്. എം ടി പറയുന്നു: 1. കഥാപാത്രത്തിനു ദുഃഖമുണ്ടെങ്കില്‍ അതു വായനക്കാരനു മനസ്സിലാക്കിക്കൊടുക്കേണ്ട ചുമതല കാഥികനുണ്ട്. ''ഹൃദയം തുണ്ടുതുണ്ടായി, പൊട്ടിപ്പൊട്ടിക്കരഞ്ഞു; കണ്ണീര്‍ച്ചാലുകള്‍ കൂലംകുത്തിയൊഴുകി'' എന്നൊക്കെ കമന്ററി നടത്താന്‍ കാഥികന്‍ വേണ്ട. 2. 'അന്ന് കരഞ്ഞുകൊണ്ടാണ് മകന്‍ കയറിവന്നത്' എന്നെഴുതേണ്ടിടത്ത് 'സ്വപുത്രന്‍ ബാഷ്പാകുലനേത്രങ്ങളോടെയാണ് മാതാവിന്റെ സവിധത്തിലെത്തിയത്' എന്നെഴുതിയാല്‍ എന്നെ തല്ലണം. (കാഥികന്റെ പണിപ്പുര)
5. സ്ഥലകാലങ്ങള്‍: ഇത് കഥയില്‍ വളരെ പ്രാധാന്യമുള്ള ഒന്നാണ്. കഥ നടക്കുന്ന സ്ഥലം, സമയം, കഥാപാത്രത്തിന്റെ മുമ്പിലെ ദൃശ്യങ്ങള്‍ എന്നിവയെല്ലാം, കഥാപാത്രത്തിന്റെ മാനസികാവസ്ഥയെയും കഥയുടെ ഭാവത്തെയും സൂചിപ്പിക്കുന്നതില്‍ നിര്‍ണായകമാണ്. ഊഷരമായ ഒരു കാലാവസ്ഥയില്‍ നമുക്കുണ്ടാകുന്ന വികാരമല്ലല്ലോ മഞ്ഞുമൂടിയ അന്തരീക്ഷത്തിലുണ്ടാവുക! ഇതേ വ്യത്യാസം കഥാപാത്രങ്ങള്‍ക്കുമുണ്ട്. പെരുമഴ എന്ന വാക്കും വേനല്‍ എന്ന വാക്കും സൃഷ്ടിക്കുന്ന അനുഭൂതികള്‍ വ്യത്യസ്തമാണ്. അതുപോലെതന്നെ, ഇതിവൃത്തത്തിന്റെ വളര്‍ച്ച ഏതേതന്തരീക്ഷങ്ങളിലൂടെയാണ് എന്നു വിശദീകരിക്കുന്നത് കഥയുടെ പ്രമേയത്തെ ഫലപ്രദമായി അവതരിപ്പിക്കാന്‍ കഥാകൃത്തിനെ സഹായിക്കും.
ഈ കുറിപ്പ് ഒരു പ്രവേശിക മാത്രമാണ്. നിരവധി സ്‌നേഹിതരുടെ സംശയങ്ങള്‍ക്കുള്ള ലഘുവായ മറുപടി. കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്നവര്‍ ഗൗരവത്തോടെ അതിനു ശ്രമിക്കുക.
(പല ഗ്രന്ഥങ്ങളിലെയും ഗവേഷണപ്രബന്ധങ്ങളിലെയും വിവരങ്ങള്‍ ഓര്‍മയില്‍നിന്നെടുത്തിട്ടുണ്ട്, ഈ കുറിപ്പെഴുതാന്‍.)

Sukaami Prakash

ക്വൊട്ടേഷന്‍

Image may contain: 2 people, beard and text

നടന്‍, നിര്‍മാതാവ്, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ശ്രീ തമ്പി ആന്റണി(Thampy Antony). അദ്ദേഹം എഴുതിയ 'ക്വൊട്ടേഷന്‍' എന്ന കഥയാണ് ഇത്തവണ 'ടീം നല്ലെഴുത്ത്' വിശകലനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. 
അസംതൃപ്തമായ കുടുംബബന്ധങ്ങളിലേക്കും വ്യാപകമായിക്കൊണ്ടിരിക്കുന്ന ക്വൊട്ടേഷന്‍ സംസ്‌കാരത്തിലേക്കുമാണ് കഥാകാരന്‍ വായനക്കാരന്റെ ശ്രദ്ധ ക്ഷണിക്കുന്നത്. അപൂര്‍വ്വമാണ് ഈ പ്രമേയമെന്നതില്‍ കഥാകാരന് അഭിമാനിക്കാം. 
കറിയാച്ചന്‍ എന്നറിയപ്പെടുന്ന സക്കറിയ പോത്തനും ഭാര്യയും തമ്മില്‍ കടുത്ത അഭിപ്രായഭിന്നതകളുണ്ട്. അവരുടെ ഏകമകന്‍ തേജസിന് ഇക്കാര്യമറിയാം. അര്‍ദ്ധരാത്രിയില്‍ ഉറക്കമില്ലാതിരുന്ന് മൊബൈല്‍ ഫോണില്‍ എലിസബത്ത് സംസാരിക്കുന്നത് കാമുകന്‍മാരുമായാണെന്നാണ്, മദ്യപനായ കറിയാച്ചന്റെ ഊഹം. വഴക്കിന്റെ മൂര്‍ദ്ധന്യത്തില്‍, കറിയാച്ചന്റെ കഴുത്തിനു കുത്തിപ്പിടിച്ച കരുത്തയായ എലിസബത്തിനെ കറിയാച്ചനു ഭയവുമുണ്ട്. അവളെ ഒരു പാഠം പഠിപ്പിക്കാന്‍ കറിയാച്ചന്‍ തീരുമാനിച്ചു. അതിനയാള്‍, പുലിമുരളി എന്ന ക്വൊട്ടേഷന്‍കാരനെ സമീപിക്കുന്നു. ആദ്യം ഒരു കൈ വെട്ടാനുള്ള ക്വൊട്ടേഷന്‍ നല്‍കാമെന്നു തീരുമാനിച്ചിരുന്നെങ്കിലും, കൈയില്ലാത്ത ഭാര്യയുടെ ചികിത്സയ്ക്കും ശുശ്രൂഷയ്ക്കുമായി സമയവും പണവും ചെലവുചെയ്യേണ്ടിവരുമെന്നു മനസ്സിലാക്കിയ കറിയാച്ചന്‍, അവളെ കിഡ്‌നാപ്പ് ചെയ്താല്‍ മതിയെന്നു പുലിമുരളിയോടു പറഞ്ഞു. കരാര്‍ ഏറ്റെടുത്തതിന്റെ അടുത്ത ദിവസം, എലിസബത്തും മകനും അപ്രത്യക്ഷരായി. രണ്ടു ദിവസങ്ങള്‍ക്കുശേഷം കറിയാച്ചന്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. 
എന്നാല്‍ അതിനടുത്ത ദിവസം എലിസബത്ത് മകനുമായി തിരിച്ചെത്തി. കറിയാച്ചനെ കളിയാക്കിച്ചിരിച്ച് മുറിയിലേക്കു പോയ അവള്‍, ആ രാത്രി സുഖമായി കൂര്‍ക്കം വലിച്ചു കിടന്നുറങ്ങുന്നതായി കറിയാച്ചന്‍ കണ്ടെത്തുന്നിടത്ത് കഥ അവസാനിക്കുന്നു. 
എലിസബത്തിന്റെ തൃഷ്ണകള്‍ക്കു ശമനം വരുത്താന്‍, പുലിമുരളിക്കു കഴിഞ്ഞു എന്ന സൂചനയാണ് കഥാകൃത്ത് നല്‍കുന്നത്. കടുത്ത ലൈംഗികദാരിദ്ര്യം കുടുംബബന്ധങ്ങളെ ശിഥിലമാക്കുമെന്ന വസ്തുതയിലാണ് കഥയുടെ ഊന്നല്‍. ക്വൊട്ടേഷന്‍ നടത്തുന്ന സാമൂഹ്യവിരുദ്ധനാണെങ്കിലും, ഒരു സ്ത്രീയുടെ ലൈംഗികകാമനകളെ തൃപ്തിപ്പെടുത്താന്‍ തികച്ചും അപരിചിതനായ അയാള്‍ മതിയാകുമെന്ന കണ്ടെത്തല്‍, ഉപരിപ്ലവമായിത്തീരുന്ന ഭാര്യാഭര്‍തൃബന്ധങ്ങളിലേക്കു വിരല്‍ ചൂണ്ടുന്നു. അസ്വസ്ഥതയുണ്ടാക്കുന്നതാണത്. ആ അസ്വസ്ഥത സൃഷ്ടിക്കാന്‍ കഴിഞ്ഞതില്‍ കഥാകൃത്ത് വിജയിച്ചിരിക്കുന്നു. 
ശ്രീ തമ്പി ആന്റണിയെപ്പോലെ പരിണതപ്രജ്ഞനായ എഴുത്തുകാരനു സംഭവിച്ചുകൂടാത്ത ചില പിഴവുകള്‍ ഇക്കഥയിലുണ്ടെന്നു പറയാതിരിക്കാനാവില്ല. കറിയാച്ചന്‍ പരാതി കൊടുത്തത് പുത്തന്‍കുരിശ് പോലീസ് സ്‌റ്റേഷനിലാണെന്നു കഥയുടെ തുടക്കത്തില്‍ത്തന്നെ പ്രസ്താവിച്ചിരിക്കുന്നത് ഒടുവിലായപ്പോള്‍ പള്ളിക്കര സ്റ്റേഷനായി മാറി! ഭാര്യയും ഭര്‍ത്താവും തമ്മില്‍ 'സ്വരച്ചേര്‍ച്ചയുണ്ടായിരുന്നു' എന്ന പ്രസ്താവം തെറ്റാണ്. അവര്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലായിരുന്നല്ലോ. വസ്തുതാപരമായ ഒരു പിശക്, ഭാര്യയെ കാണാനില്ലെന്ന് ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയാല്‍, അവളെ കണ്ടെത്താതെ ആ പരാതി പിന്‍വലിക്കാന്‍ നിയമം അനുവദിക്കുന്നില്ല എന്നതാണ്. 
കഥയിലെമ്പാടും വ്യാപിച്ചുകിടക്കുന്ന അക്ഷരപ്പിശകുകള്‍ക്ക് കഥാകാരനെ കുറ്റം പറയുന്നില്ല. പത്രാധിപര്‍ ശ്രദ്ധിക്കേണ്ടതായിരുന്നു അവ.
ലൈംഗികദാരിദ്ര്യംകൊണ്ട് അസ്വസ്ഥതയനുഭവിക്കുന്ന ഒരു വീട്ടമ്മയുടെ കഥ കുറച്ചുനാള്‍ മുമ്പ് സക്കറിയ മാതൃഭൂമിയില്‍ എഴുതിയിരുന്നു എന്നുകൂടി സൂചിപ്പിക്കട്ടെ. ആ കഥയില്‍, ഒരു വൈദ്യരാണ് വീട്ടമ്മയുടെ 'അസുഖം' മാറ്റുന്നത്! അതും ഭര്‍ത്താവിനെ പച്ചമരുന്നു ശേഖരിക്കാന്‍ പറഞ്ഞയച്ച ശേഷം! 
'ക്വൊട്ടേഷന്‍' എന്ന ഈ കഥയ്ക്ക് അതുമായി ബന്ധമൊന്നുമില്ല. പ്രമേയത്തിലെ സാമ്യം ചൂണ്ടിക്കാണിച്ചു എന്നുമാത്രം. 
ഏതായാലും പ്രണയം, വിരഹം, പഴമയിലേക്കുള്ള മടക്കം എന്നിങ്ങനെയുള്ള പതിവു പ്രമേയങ്ങള്‍ക്കു പകരം പുതിയ ബിംബങ്ങളിലേക്കും ജീവിതനിരീക്ഷണങ്ങളിലേക്കും വായനക്കാരനെ കൂട്ടിക്കൊണ്ടു പോയതിന് കഥാകാരന്‍ അഭിനന്ദനമര്‍ഹിക്കുന്നു. നല്ലെഴുത്തിലെ എഴുത്തുകാരന്‍കൂടിയായ ശ്രീ തമ്പി ആന്റണിയില്‍നിന്ന് മികച്ച രചനകള്‍ പ്രതീക്ഷിക്കുന്നു.

By Sukaami Prakash

രചനാ നിരൂപണം



മൃണാളിനി- ശ്രീ അഷറഫ് തേമാലിപ്പറമ്പില്‍ (Ashraf Themaliparambil) എഴുതിയ കഥ.
അപൂര്‍വ്വമായ ഒരു പ്രമേയമാണ് ഈ കഥയുടേത്.
രണ്ടു പെണ്‍മക്കളുള്ള ദേവു എന്ന സ്ത്രീയുടെ ആദ്യത്തെ മകളുടെ വിവാഹം കഴിഞ്ഞതാണ്. രണ്ടാമത്തെ മകളുടെ വിവാഹം കഴിഞ്ഞ് ഒമ്പതാംനാള്‍ അവര്‍ രഹസ്യമായി വീടുവിട്ടുപോകുന്നു. അന്വേഷിക്കാന്‍ ശ്രമിച്ചാല്‍ ശവശരീരമേ കിട്ടൂ എന്ന ഭീഷണിയുള്ള കത്തെഴുതിവച്ചിട്ടാണ് അവര്‍ സ്ഥലംവിട്ടത്. എങ്കിലും മക്കളും അവരുടെ ഭര്‍ത്താക്കന്‍മാരും അവര്‍ക്കായി അന്വേഷണം നടത്തി. അതു വിഫലമായി.
സ്ത്രീയുടെ ഭര്‍ത്താവ് സദാശിവന്‍നായര്‍, പക്ഷേ ഭാര്യയെ അന്വേഷിച്ചില്ല. പോലീസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കിയില്ല. പത്തുദിവസം കഴിഞ്ഞ് അവര്‍ തിരിച്ചെത്തുമെന്നാണ് കുപിതനായ അദ്ദേഹം പ്രതികരിച്ചത്. ക്രമേണ, കരുത്തനായ ആ മനുഷ്യന്‍ തളരുകയും ഒറ്റപ്പെടുകയും ചെയ്തു. നല്ല നിലയില്‍ നടത്തിയിരുന്ന ജ്വല്ലറി ബിസിനസ് അദ്ദേഹം വിറ്റു.
ഏഴുവര്‍ഷങ്ങള്‍ക്കു ശേഷം, അക്കാദമി അവാര്‍ഡ് നേടിയ പുതിയ എഴുത്തുകാരി മൃണാളിനിയെക്കുറിച്ചുള്ള വാര്‍ത്തയറിഞ്ഞ് അന്വേഷണം നടത്തിയ മകള്‍, ആ എഴുത്തുകാരി അവരുടെ അമ്മതന്നെയാണെന്നു തിരിച്ചറിഞ്ഞു. ബാംഗ്ലൂരിലെ ഒരു പ്രശസ്തവിദ്യാലയത്തില്‍ അധ്യാപികയായി പ്രവര്‍ത്തിക്കുന്ന അമ്മയെക്കാണാന്‍ മകളും ഭര്‍ത്താവും പോകുമ്പോള്‍, സദാശിവന്‍നായരും ഒപ്പം ചേരുന്നു. മകളെയും മരുമകനെയും ഭര്‍ത്താവിനെയും കണ്ട മൃണാളിനിക്ക് ഭാവഭേദമൊന്നുമുണ്ടാകുന്നില്ല. തികഞ്ഞ ഔപചാരികതയോടെ അവര്‍ എല്ലാവരെയും സ്വീകരിച്ച്, ചായ നല്‍കി സല്‍ക്കരിക്കുന്നു. ചെറുപ്പത്തിലുണ്ടായിരുന്ന ആഗ്രഹത്തിന്റെ പൂര്‍ത്തീകരണത്തിനാണ്, ചുമതലകള്‍ തീര്‍ത്ത ആശ്വാസത്തോടെ അവര്‍ ബാംഗ്ലൂരില്‍ വന്ന് ബിരുദവും ജോലിയും സമ്പാദിച്ചതെന്ന് മകളെ അറിയിക്കുന്നു. ഉച്ചരിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ മൃണാളിനി എന്ന പേരുമാറ്റി ദേവു എന്നു വിളിച്ച ഭര്‍ത്താവിനോടുള്ള മധുരപ്രതികാരംകൂടിയായിരുന്നു സ്വന്തം പേരു വീണ്ടെടുക്കല്‍.
തിരികെപ്പോരാന്‍ തുടങ്ങിയ, അകാലത്തില്‍ വൃദ്ധനായിത്തീര്‍ന്ന സദാശിവന്‍നായര്‍ക്ക് ഭാര്യയോടൊപ്പം ഏതാനും നാള്‍ തങ്ങിയാല്‍ കൊള്ളാമെന്ന ആഗ്രഹമറിയിക്കുമ്പോള്‍, മൃണാളിനി അതിനനുവദിക്കുന്നിടത്ത് കഥ പൂര്‍ത്തിയാകുന്നു.
സ്വന്തം ആഗ്രഹങ്ങളെ ഉള്ളിലൊതുക്കി, ദാമ്പത്യബന്ധത്തിലേര്‍പ്പെടുന്ന സ്ത്രീകള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അതിശയിക്കാനില്ല. ഇത്തരം വേറിട്ട ചിന്ത അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ കഥാകാരന് അഭിമാനിക്കാം. അദ്ദേഹം പ്രതീക്ഷ നല്‍കുന്നു.
പ്രമേയപരമായ ഈ വ്യത്യസ്തത ആഖ്യാനത്തില്‍ പുലര്‍ത്താന്‍ കഥാകാരനു കഴിയാതെപോയി എന്നതാണ് ഇതിന്റെ പോരായ്മ. രണ്ടാമത്തെ മകളുടെ കാഴ്ചപ്പാടിലൂടെയാണ് കഥ അവതരിപ്പിച്ചിരിക്കുന്നത്. ഉത്തമപുരുഷാഖ്യാനം. അതിനാലാകാം, മൃണാളിനി ഭര്‍ത്താവിനോടൊപ്പം ജീവിച്ച കാലത്തെ ആകുലതകള്‍ വായനക്കാരനിലേക്കു ശക്തമായി കൊണ്ടുവരാന്‍ കഥയ്ക്കു കഴിഞ്ഞില്ല. ഒറ്റനോട്ടത്തില്‍ സ്ത്രീപക്ഷത്തു നില്‍ക്കുന്നതായി തോന്നുമെങ്കിലും സൂക്ഷ്മവിശകലനത്തില്‍ ഇക്കഥ പുരുഷപക്ഷത്താണു നില്‍ക്കുന്നത്. സ്വഭാവത്തിലും ആരോഗ്യത്തിലും കരുത്തനായിരുന്ന ഭര്‍ത്താവിന്റെ തളര്‍ച്ചയേയോ നിസ്സഹായതയേയോ മൃണാളിനി കണക്കിലെടുത്തില്ല. സ്വന്തം ആഗ്രഹങ്ങളെക്കുറിച്ച് ശക്തമായി അദ്ദേഹത്തോട് അവര്‍ ഉന്നയിച്ചതായും കാണുന്നില്ല. അങ്ങനെ ഉന്നയിച്ചിട്ടും ഭര്‍ത്താവ് അതിനനുവദിച്ചില്ലെന്നുവന്നാല്‍ മൃണാളിനിയുടെ പ്രവൃത്തിക്ക് സാധുതയുണ്ടാകുമായിരുന്നു.
ലളിതമായി കഥ പറഞ്ഞിട്ടുണ്ട്. എന്നാല്‍ കഥാപാത്രത്തിന്റെ ഉള്ളറകളിലേക്കു പ്രവേശിച്ച് മാനസികവ്യാപാരങ്ങള്‍ വിശദമാക്കാന്‍ ശ്രമിച്ചതായി കാണുന്നില്ല. കുറച്ചുനാള്‍ മുമ്പ്, ജയമോഹന്‍ എഴുതി മധുപാല്‍ സംവിധാനം ചെയ്ത 'ഒഴിമുറി' എന്നൊരു ചലച്ചിത്രം വന്നിരുന്നതോര്‍ക്കുന്നു. അമ്പതുകളിലെത്തിയ ഒരു സ്ത്രീ ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം നേടുന്നതാണ് പ്രമേയം. വിവാഹമോചനം നേടുന്നതെന്തുകൊണ്ട് എന്നത് അവിടെ, കാഴ്ചക്കാരനു ബോധ്യമാകുംവണ്ണം അവതരിപ്പിക്കാന്‍ എഴുത്തുകാരനു കഴിഞ്ഞിരുന്നു. ആ കഥാപാത്രം, വിവാഹമോചനം നേടിയെങ്കിലും ഭര്‍ത്താവിനെ ശുശ്രൂഷിക്കാന്‍ തയ്യാറാകുന്നുണ്ട്.
ആ സിനിമയുമായി ബന്ധമുണ്ടെന്നല്ല പറഞ്ഞത്. കഥയുടെ പ്രധാനപ്പെട്ട ഭാഗത്ത് വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ല എന്നു സൂചിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുറച്ചുകൂടി ഗൃഹപാഠം ചെയ്തശേഷം എഴുതിയാല്‍ മതിയായിരുന്നു എന്നാണ് എന്റെ അഭിപ്രായം. നിലവാരമുയരാന്‍ അതു സഹായിക്കുമായിരുന്നു.
നല്ലെഴുത്തില്‍ വ്യത്യസ്തത പുലര്‍ത്തിയ ഇക്കഥയുടെ വായനയിലും അക്ഷരപ്പിശകുകള്‍ അലോസരം സൃഷ്ടിച്ചു എന്നു പറയാതെവയ്യ. അച്ചടിമാധ്യമങ്ങളില്‍, പ്രൂഫ് റീഡറുടെയും എഡിറ്ററുടെയുമെല്ലാം സഹായം എഴുത്തുകാരനു കിട്ടും. ഫെയ്‌സ്ബുക്കില്‍ ഈ ജോലിയെല്ലാം എഴുത്തുകാരന്‍തന്നെ ചെയ്യണം. അതു ചെയ്തില്ലെങ്കില്‍, നല്ല രചനകള്‍പോലും മലയാളസാഹിത്യത്തില്‍ അടയാളപ്പെടുത്തപ്പെടാതെപോകും.
മലയാളത്തിന് നല്ല കഥകള്‍ സംഭാവനചെയ്യാന്‍ ഈ എഴുത്തുകാരനു കഴിയുമെന്നതില്‍ സംശയമില്ല.
ഇത്തവണ വിശകലനം ചെയ്യാന്‍ രണ്ടു കവിതകള്‍കൂടി നല്ലെഴുത്ത് തെരഞ്ഞെടുത്തിട്ടുണ്ട്:
1. ശ്രീ സായി ശങ്കറിന്റെ (Sai Sankar) 'ആയുസ്സറ്റ സ്വപ്‌നങ്ങള്‍.'
വാങ്ങാനാളുണ്ടെങ്കില്‍ ഒരു കടല്‍ വില്‍ക്കാനുണ്ടെന്നാണ് കവി പ്രഖ്യാപിക്കുന്നത്. കവിയുടെ മാത്രം കണ്ണീര്‍ക്കടലായതിനാല്‍ അതില്‍ മറ്റാര്‍ക്കും അവകാശമില്ലെന്നും കവി പറയുന്നു.
മുങ്ങിത്താണുപോയ സ്വപ്‌നങ്ങളുടെ കളിവഞ്ചികള്‍ ആ കടലിന്റെ അടിത്തട്ടില്‍ കിടന്ന് നുരയും പതയുമുയര്‍ത്തുന്നു. സ്വപ്നങ്ങളൊന്നും യഥാര്‍ത്ഥവഞ്ചികളല്ലെന്ന ബോധ്യം കവിക്കുണ്ട്. ആ ബോധ്യം, കവിയെ ശുഭപ്രതീക്ഷയിലേക്കാണു വളര്‍ത്തേണ്ടത്. ഇവിടെ പക്ഷേ കവി സങ്കടങ്ങളുടെ വില്‍പ്പനക്കാരനായിത്തന്നെ നില്‍ക്കുന്നു. അതൊരു രചനാദോഷമല്ല; കവിയുടെ പക്ഷമാണ്!
ഒട്ടും ദുര്‍മേദസ്സില്ലാതെയും വത്യസ്തമായ ചില ബിംബങ്ങളോടുകൂടിയും എഴുതിയതില്‍ കവിക്ക് അഭിനന്ദനം.
2. ശ്രീ രാജേഷ് ദാമോദരന്റെ (Rajesh Damodharan) 'തലമുറയ്ക്കായി'.
കനിവില്ലാത്ത മത്‌സരങ്ങളിലലയുമ്പോഴും പുഞ്ചിരിക്കാന്‍ മറക്കരുതെന്നും, ഓരോ നിറത്തിലും പൂവിലും പ്രണയം പെയ്തിറങ്ങുമ്പോള്‍, മഴമുകില്‍ത്തുമ്പില്‍നിന്നിറ്റുവീഴുന്ന ജലകണങ്ങളെ മിഴി തുറന്ന് ആസ്വദിക്കണമെന്നും വിസ്മയിപ്പിക്കുന്ന വര്‍ണങ്ങളുള്ള മഞ്ഞുതുള്ളിയില്‍പ്പോലും സ്‌നേഹവും ആര്‍ദ്രതയും പുലരണമെന്നും പുതിയ തലമുറയോടു പറയുകയാണ് കവി.
ആറാമത്തെ വരിയൊഴികെ ബാക്കിയെല്ലാം താളനിബദ്ധം. ആറാംവരിയില്‍ രണ്ടുമാത്രയുടെ കുറവുണ്ട്.
കവിയുടെ ആഹ്വാനം നല്ലത്. എങ്കിലും, പദപ്രയോഗങ്ങളിലും ബിംബങ്ങളിലും പഴമയുടെ ചൂരുണ്ട്. (ഉദാ: പൂവുപോലെയുള്ള പുഞ്ചിരി, വിസ്മയത്തിന്റെ വര്‍ണപ്രഭാവമുള്ള മഞ്ഞുതുള്ളി.) അത് ഇക്കവിതയുടെ പരിമിതിയാണ്.
താളനിബദ്ധമായി ആശയം അവതരിപ്പിക്കാന്‍ നടത്തിയ ശ്രമം അഭിനന്ദനീയം. മികച്ച രചനകള്‍ നടത്താന്‍ കവിക്കു കഴിയും. രചനകളുടെ എണ്ണം കുറയ്ക്കുകയും ഗുണം കൂട്ടുകയും ചെയ്യാന്‍ ശ്രമിക്കണമെന്നാണ് എന്റെ അപേക്ഷ.
Sukaami Prakash

'കാടു കത്തുമ്പോള്‍' എന്ന കഥയെപ്പറ്റി. (രചന: അശ്വതി -Aswathy Vs V S)



കാടു കത്തുമ്പോള്‍' എന്ന കഥയെപ്പറ്റി.
(രചന: അശ്വതി -Aswathy Vs V S)
ഭ്രമാത്മകമായ ഇക്കഥ, മായക്കാഴ്ചകളെ സ്‌നേഹിക്കുകയും അവയെ വ്യാഖ്യാനിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നവരെ ആകര്‍ഷിക്കും. ഭാവനാശാലിനിയാണ് കഥാകാരി. ചരിത്രവും സങ്കല്‍പ്പവും കൂട്ടിയിണക്കി കഥ പറയാനുള്ള വിരുത് കഥയില്‍ ദൃശ്യമാണ്. അതിനായി നടത്തിയിട്ടുള്ള പ്രയത്‌നം ശ്ലാഘനീയം. 
ധനുമാസക്കുളിരുള്ള ഒരു പ്രഭാതത്തില്‍, പ്രധാനകഥാപാത്രവും മൂന്നു വയസ്സുള്ള കുട്ടിയുടെ അമ്മയുമായ യുവതി കാണുന്ന സ്വപ്‌നമാണ് കഥയില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. കേരളവര്‍മ്മ പഴശ്ശിരാജയുടെ ചരിത്രത്തെക്കുറിച്ചു ബോധവതിയായ ആ യുവതി, സ്വപ്‌നത്തില്‍ പഴശ്ശിരാജയുടെ കല്‍പ്രതിമയ്ക്കു മുമ്പിലെത്തുന്നു. പ്രതിമയുടെ മൂക്കില്‍നിന്നു വന്ന പുകച്ചുരുളുകളില്‍നിന്ന് ഏഴു വയസ്സുകാരനായ ഒരു ബാലന്‍ പ്രത്യക്ഷപ്പെടുകയും അവന്‍ യുവതിയെ കാടിനുള്ളിലുള്ള ഒരു ഗ്രാമത്തിലേക്കു കൊണ്ടുപോവുകയും ചെയ്യുന്നു. ശക്തനായ ബാലന് ഒരു കടുവയെപ്പോലും അനുസരിപ്പിച്ചു കൊണ്ടുപോകാനുള്ള കഴിവുണ്ട്. 
കറുത്തവരും നിരാലംബരുമായ ആളുകള്‍ താമസിക്കുന്ന ഒരു ഗ്രാമത്തിലാണ് അവരെത്തിയത്. അവര്‍ അവിടെയിരിക്കുമ്പോള്‍, ഒരിടത്ത് തീ പടര്‍ന്നുപിടിക്കുകയും അതില്‍പ്പെട്ടുപോയ ജീവികളെയും മനുഷ്യരെയും രക്ഷപ്പെടുത്താനുള്ള ബാലന്റെ ശ്രമത്തില്‍ യുവതി പങ്കാളിയാവുകയും ചെയ്യുന്നു. 
ബാലന്‍ അവള്‍ക്ക് രണ്ടു കുന്നിക്കുരു സമ്മാനിച്ചശേഷം പഴശ്ശിരാജയുടെ പ്രതിമയുടെ മൂക്കിലേക്കുതന്നെ മടങ്ങുന്നു. കടുവ രണ്ടു രോമങ്ങള്‍ അവള്‍ക്കു സമ്മാനിച്ച് കാട്ടില്‍ മറയുന്നു. തുടര്‍ന്ന് യുവതി ഉണര്‍ന്നെങ്കിലും, സ്വപ്‌നത്തില്‍ നടന്നതിന്റെ ക്ഷീണവും തീയില്‍ പെരുമാറിയതിനാല്‍ വലതുകൈയ്ക്ക് പൊള്ളലേറ്റതിന്റെ നീറ്റലും അനുഭവപ്പെടുന്നു. അതിനാല്‍ വീണ്ടും ഉറങ്ങിയ അവളുടെ ചുരുട്ടിപ്പിടിച്ച കൈകളില്‍ രണ്ടു കുന്നിക്കുരുവും കടുവയുടെ രോമങ്ങളുമുള്ളതായി തോന്നുന്നു. 
ഇതാണ് കഥയുടെ സംഗ്രഹം. ആദ്യം പറഞ്ഞതുപോലെ, ഭ്രമാത്മകകല്‍പ്പനയാണിത്. ഇങ്ങനെ ചെയ്യാന്‍ ശേഷിയുള്ള എഴുത്തുകാരിയുടെ രചനയായതിനാല്‍ത്തന്നെയാണ് ഇത് വിശകലനം ചെയ്യാന്‍ തെരഞ്ഞെടുത്തതും. ഭാവനാശാലിയായ വായനക്കാരന് ഈ കല്‍പ്പനകളില്‍നിന്ന് സ്വന്തം കല്‍പ്പനകളിലേക്കു തെന്നിനീങ്ങാം എന്നതാണ് പ്രമേയത്തിന്റെ സവിശേഷത. 
എന്നാല്‍, ഇക്കഥ വായിച്ചു പൂര്‍ത്തിയാക്കുക എന്നത് ക്ലേശകരമാണ്. മൂന്നു കാരണങ്ങളാണുള്ളത്. ഒന്ന്, ഓരോ വാക്യത്തിലെയും ആശയം ക്ലിഷ്ടമാണ്. രണ്ട്, അക്ഷരത്തെറ്റുകളുള്‍പ്പെടെയുള്ള പ്രയോഗവൈകല്യങ്ങള്‍. മൂന്ന് അനാവശ്യമായ സ്ഥൂലത. അവ വിശദമാക്കാം. 
1. ആശയക്ലിഷ്ടത: ഉദാ: 1. പകല്‍ക്കിനാവുകളിലോ സങ്കല്‍പ്പങ്ങളിലോ സ്വപ്‌നത്തെയുള്‍പ്പെടുത്തുന്നത് വേദനകള്‍ സമ്മാനിക്കുന്നതെങ്ങനെയെന്ന് വ്യക്തമല്ല. രാത്രിയില്‍ കാണുന്ന സ്വപ്നത്തെ അക്കൂട്ടത്തില്‍ പെടുത്തേണ്ടതില്ല എന്ന് ആര്‍ക്കാണറിയാത്തത്? എടുത്തുപറയാനുള്ള കാരണം പറഞ്ഞിട്ടുമില്ല. മനോസങ്കല്‍പ്പം എന്നു പറഞ്ഞിരിക്കുന്നതെന്തിനാണ്? സങ്കല്‍പ്പം എന്നു പോരേ? മനസ്സുകൊണ്ടല്ലാതെ സങ്കല്‍പ്പിക്കാന്‍ കഴിയുമോ? 
ഉദാ: 2. 'നോവലിന്റെ അക്ഷരപ്രകാശങ്ങളില്‍ മനസ്സില്‍ കിനിഞ്ഞിറങ്ങിയ വേദനയോടെ' എന്നു പറഞ്ഞിരിക്കുന്നു. പല അക്ഷരങ്ങള്‍ക്കു പല പ്രകാശങ്ങളുണ്ടെന്നാണോ? ആണെങ്കില്‍ത്തന്നെ ആ 'പ്രകാശത്തില്‍, മനസ്സില്‍' വേദന കിനിയുന്നതെങ്ങനെയാണ്? 
ഉദാ: 3. 'കരിങ്കല്‍പ്രതിമയുടെ നാസാദ്വാരങ്ങള്‍ക്കുള്ളില്‍നിന്നും പുറത്തേക്ക് പടര്‍ന്ന പുകച്ചുരുളുകള്‍ ഉരുണ്ടുകൂടി ഒരു ബാലനിലേക്ക് രൂപകല്‍പ്പന ചെയ്യുന്നത് അത്ഭുതത്തോടെ നോക്കിനിന്ന'- ബാലനിലേക്കു രൂപകല്‍പ്പന ചെയ്യുന്നതെങ്ങനെ? ബാലനെ രൂപകല്‍പ്പന ചെയ്യാം. പക്ഷേ അതു പുകച്ചുരുളുകള്‍ക്കു കഴിയില്ല. ഒരു ആര്‍ക്കിടെക്ട് വീട് രൂപകല്‍പ്പന ചെയ്യുന്നതുപോലെയല്ലല്ലോ അത്. ആ വാക്യം മുഴുവന്‍ തെറ്റാണ്. നാസാദ്വാരങ്ങളില്‍നിന്ന് (ഉള്ളില്‍ നിന്നും- നിന്നും എന്നതും തെറ്റ്.) എന്നു മതി.
ഈ കഥയിലാകെ വ്യാപിച്ചുകിടക്കുകയാണ് ഇത്തരം ദോഷങ്ങള്‍. 
2. പ്രയോഗവൈകല്യങ്ങളും അക്ഷരത്തെറ്റുകളും.
ഉദാ: 1. ഇന്നത്തെയെന്റെ- ഇന്നത്തെ എന്റെ എന്നുതന്നെ വേണം. 
2. പകല്‍കിനാവ്- പകല്‍ക്കിനാവ് എന്നുതന്നെ വേണം.
3. ബാലന്റെ രൂപം ഏഴുവയസ്സു തോന്നിച്ചു- ബാലന്റെ രൂപത്തിന് എന്നു വേണം. (വാസ്തവത്തില്‍ ബാലന് ഏഴു വയസ്സു തോന്നിച്ചു എന്നതാണു ശരി)
4. കരിങ്കല്‍ പ്രതിമ- കരിങ്കല്‍പ്രതിമ എന്നു ചേര്‍ത്തുതന്നെ പറയണം.
5. പക്ഷെയിവിടെയെനിക്ക്- പക്ഷേ, ഇവിടെയെനിക്ക് എന്നു വേണം. 
രണ്ടു പദങ്ങള്‍ സന്ധിക്കുമ്പോള്‍ അക്ഷരങ്ങള്‍ക്കുണ്ടാകുന്ന മാറ്റം സാഹിത്യരചയിതാവിനറിയില്ല എന്നു വരുന്നത് മോശമാണ്. ചുരുങ്ങിയത് അക്ഷരത്തിന്റെ ഇരട്ടിപ്പെങ്കിലും (ദ്വിത്വസന്ധി) അറിഞ്ഞിരിക്കണം.
വേണ്ടിടത്തു പദങ്ങള്‍ മുറിക്കാതെയും, യുക്തിരഹിതമായും അക്ഷരത്തെറ്റുകളോടെയുമുള്ള വാക്യങ്ങള്‍ ഇക്കഥയാകെ വ്യാപിച്ചുകിടക്കുന്നു.
3. വൃഥാസ്ഥൂലത: 
ഇക്കഥയുടെ ദൈര്‍ഘ്യം ഇതിന്റെ മൂന്നിലൊന്നേ വേണ്ടൂ. പലയിടത്തും ഭാഷ കൃത്രിമമാകയാലുണ്ടായ ദുര്‍മേദസ്സ് നിസ്സാരമല്ല. ഉദാ: 'തുള്ളികളായി നിലത്തേക്കുപതിച്ച മഞ്ഞുകണികകള്‍ക്കൊപ്പം എന്റെ വിയര്‍പ്പുമുണ്ടായിരുന്നുവെന്നത് മരംകോച്ചുന്ന തണുപ്പിലുമെന്റെ ശരീരം വിറപ്പിച്ച ഭയത്തിന്റെ ഉഷ്ണത്തെ കാണിച്ചു.' എന്തൊരു വാക്യമാണിത്! മഞ്ഞുതുള്ളിക്കൊപ്പം വിയര്‍പ്പുതുള്ളികളുമുണ്ടായിരുന്നു. ഭയംകൊണ്ടുണ്ടായ ഉഷ്ണമാണതിനു കാരണം. ഈ രണ്ടു കാര്യങ്ങളെയാണ് വികലമായി യോജിപ്പിച്ചിരിക്കുന്നത്! 
എഴുത്തുകാരന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് ഇന്നലെ ഞാന്‍ കുറിച്ചിരുന്നു. മറ്റു തുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കേവലം ആശയവിനിമയോപാധി മാത്രമായി ഭാഷയെ കണക്കാക്കാം. എന്നാല്‍ എഴുത്തുകാരന്‍ ഭാഷ പഠിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. എത്ര ഭാവനാസമ്പന്നതയുണ്ടെങ്കിലും, ആശയത്തിനിണങ്ങുന്ന, അന്യൂനമായ ഭാഷയില്ലെങ്കില്‍ ആ എഴുത്തുകാരന്റെ സൃഷ്ടി മികച്ചതായിത്തീരില്ല.
മനഃപൂര്‍വ്വം ദുരൂഹത വരുത്തുന്നത് കുറ്റകരമാണ്. മാജിക്കല്‍ റിയലിസത്തിന്റെ തലതൊട്ടപ്പനായ മാര്‍കേസിന്റെ രചനകള്‍ നോക്കുക. എവിടെയാണ് അതില്‍ സന്ദേഹത്തിനു സ്ഥാനം? അദ്ദേഹം സൃഷ്ടിച്ച സാങ്കല്‍പ്പികദേശം ഓരോ വായനക്കാരന്റെയും മനസ്സില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.
ആദ്യമേ സൂചിപ്പിച്ചതുപോലെ, ഭാവനാസമ്പന്നയായ ഒരു എഴുത്തുകാരിയായതിനാലാണ് ഇത്രയും സമയമെടുത്ത് ഈ വിശകലനമെഴുതിയത്. കൂടുതല്‍ ക്ഷമയോടെ, കൂടുതല്‍ സത്യസന്ധതയോടെ ഈ പ്രമേയത്തെ സമീപിച്ചിരുന്നെങ്കില്‍ ഇത് ഉദാത്തമായ രചനയാകുമായിരുന്നു; പഠനാര്‍ഹമായ കൃതിയാകുമായിരുന്നു. കഥാകാരിയുടെ അനവധാനത ഇതിനെ ഓജസ്സില്ലാത്ത രചനയാക്കിത്തീര്‍ത്തു. 
പ്രതിഭയുള്ള ഓരോരുത്തരും എഴുത്തിനോട് ഉത്തരവാദിത്വം കാണിക്കണം എന്ന ഓര്‍മപ്പെടുത്തല്‍ മാത്രമായി ഇതിനെ കണ്ടാല്‍ മതി. നല്ലെഴുത്തില്‍ പയറ്റിത്തെളിഞ്ഞവര്‍ ഏതു വെയിലിലും വാടാന്‍ പാടില്ല. കഴിവുള്ളവര്‍ അലസമായി എഴുത്തിനെ സമീപിക്കരുത്. ബാല്യകാലം പിന്നിട്ട നമുക്ക് ഇനി ജാഗ്രതയോടെ മുന്നേറാം.
Sukaami Prakash

മൂല്യമുള്ള എഴുത്തിനുവേണ്ടി..

Image may contain: 1 person, eyeglasses and closeup

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് ഏറെ പ്രചാരമുള്ള കാലമാണിത്; വിശേഷിച്ച് ഫെയ്‌സ് ബുക്കിലെ സാഹിത്യഗ്രൂപ്പുകള്‍ക്ക്. എഴുതുന്നത് ഉടനടി പ്രസിദ്ധീകരിക്കാനും അതിനെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ അപ്പോള്‍ത്തന്നെ കാണാനും കഴിയുന്നു എന്നതാണ് ഇവയുടെ ഗുണം. ഈ വിലയിരുത്തലുകള്‍ പലപ്പോഴും ഉപരിപ്ലവങ്ങളാണെന്ന വസ്തുത മിക്കവാറും എഴുത്തുകാര്‍ക്ക് അറിയില്ല. അതുകൊണ്ട് വികലരചന നടത്തുന്നവര്‍ പോലും നല്ല രചയിതാക്കളായി മാറി എന്നു തെറ്റിദ്ധരിക്കുന്നു. അതൊരു ദുരവസ്ഥയാണ്. ഫെയ്‌സ്ബുക്ക് രചനകള്‍ മാത്രം വായിക്കുന്ന ആളുകള്‍, സാഹിത്യത്തിന്റെ വളര്‍ച്ചയോ പരിണാമമോ തിരിച്ചറിയാത്തവരായി തുടരേണ്ടിവരുന്നു എന്നതാണ് കാരണം. 
സാങ്കേതികവളര്‍ച്ചയുടെ സാധ്യത ഉപയോഗപ്പെടുത്തുന്നതോടൊപ്പം ഭാഷയുടെ വളര്‍ച്ചയ്ക്കനുസരിച്ച് ഉയരാനുംകൂടി കഴിഞ്ഞാല്‍, വരുന്ന തലമുറയ്ക്ക് അത് ഗുണം ചെയ്യുമെന്നതില്‍ സംശയമില്ല. 
എഴുത്തുകാരന്‍ നല്ല വായനക്കാരനായിരുന്നേ മതിയാകൂ. അയാള്‍ മികച്ച പഠിതാവുമായിരിക്കണം. ഉള്ളില്‍, എഴുതാനുള്ള ത്വരയോടൊപ്പം പ്രശസ്തിയാര്‍ജ്ജിക്കാനുള്ള ത്വരയും വളരുന്നതോടെ, പഠിക്കുക എന്ന പ്രാഥമികകര്‍ത്തവ്യം ഫെയ്‌സ്ബുക്ക് രചയിതാക്കള്‍ മറന്നുപോകുന്നു. ലൈക്കുകളുടെയും കമന്റുകളുടെയും അടിമകളായി അവര്‍ മാറിപ്പോകുന്നതാണ് പ്രധാനകാരണം. 
പ്രണയം, മരണം, വിശ്വാസവഞ്ചന, പീഡനം എന്നിവയാണ് ഫെയ്‌സ്ബുക്കിലെ മിക്ക രചനകളുടെയും പ്രമേയം. അതിവൈകാരികത ചേര്‍ത്തെഴുതാനാണ് ഭൂരിപക്ഷത്തിനും താല്‍പ്പര്യം. കാരണം, ഫെയ്‌സ്ബുക്കിലൂടെ വായനയാരംഭിക്കുന്നവരെ ആകര്‍ഷിക്കുന്നത് അതാണ്. അവിടെ ഭാഷാനിയമങ്ങളോ ചിഹ്നങ്ങളോ ഉപയോഗിക്കുന്ന പദത്തിന്റെ സാരമോ ഒന്നും പ്രശ്‌നമാകുന്നില്ല. 
ജനപ്രിയസാഹിത്യം മാത്രം വായിച്ചുപരിചയമുള്ള ആളുകള്‍ക്കും ഈ രചനകള്‍ ആശ്വാസം നല്‍കും. എന്നാല്‍ ഇത്തരം സാഹിത്യം വായനയുടെയും എഴുത്തിന്റെയുമൊക്കെ അടിസ്ഥാനതലത്തില്‍ നില്‍ക്കുന്നേയുള്ളു എന്നു മനസ്സിലാക്കേണ്ടതുണ്ട്. കൊച്ചുകുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ ഇഷ്ടമാണ്. ബാല്യത്തില്‍ ടോയ് കാര്‍ ഇഷ്ടപ്പെടുന്ന കുട്ടി, മുതിരുമ്പോള്‍ യഥാര്‍ത്ഥ കാര്‍ അന്വേഷിക്കുന്നത് സ്വാഭാവികമാണ്. പണ്ട്, മുട്ടത്തുവര്‍ക്കിയെ വായിച്ചുതുടക്കമിടുന്നവര്‍, ക്രമേണ മൂല്യമുള്ള കൃതികള്‍ അന്വേഷിച്ചുപോയിരുന്നു. അദ്ദേഹം ചെയ്തത്, വായനയുടെ ബാലപാഠം നല്‍കുക എന്ന കര്‍ത്തവ്യമായിരുന്നു. ഈ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ കൃതികള്‍ ഓര്‍മ്മിക്കപ്പെടുന്നുണ്ടെങ്കിലും, പിന്നാലേ വന്ന അത്തരം എഴുത്തുകാരുടെ എത്ര കൃതികള്‍ ഇന്ന് മലയാളത്തില്‍ സ്മരിക്കപ്പെടുന്നുണ്ടെന്നു ചിന്തിക്കുക. 
ഒട്ടും ആലോചന ആവശ്യമില്ലാത്ത, പഠനം ആവശ്യമില്ലാത്ത നോവലുകളാണ് ജനപ്രിയസാഹിത്യകൃതികളായി പ്രത്യക്ഷപ്പെടുന്നത്. ഒരുതരം 'യൂസ് ആന്‍ഡ് ത്രോ' സംസ്‌കാരം. പക്ഷേ അത്തരം ജനപ്രിയവാരികകള്‍ക്കുള്ള പ്രചാരത്തിന്റെ പത്തിലൊന്നുപോലും മലയാളത്തിലെ പ്രധാനവാരികകള്‍ക്കൊന്നുമില്ല! അവയില്‍ വരുന്ന ലേഖനങ്ങളോ കഥകളോ കവിതകളോ ഉള്‍ക്കൊള്ളാന്‍ ബോധപൂര്‍വ്വമായ യത്‌നം ആവശ്യമായതുകൊണ്ടാണത്. കുറുക്കുവഴികള്‍ തേടുന്നത് ആളുകളുടെ സ്വഭാവമാണല്ലോ. 
ഫെയ്‌സ്ബുക്ക് കവികളില്‍ ഭൂരിപക്ഷവും മൂഢസ്വര്‍ഗത്തിലാണെന്നു പറയാതെ വയ്യ! ലോകത്തെ മാറ്റിമറിക്കാന്‍ ശേഷിയുള്ളവരായിരുന്നു പണ്ട് കവികള്‍. ആ ഉത്തരവാദിത്വബോധം അവര്‍ക്കുണ്ടായിരുന്നു. അതുകൊണ്ട് അവര്‍ നിരന്തരം പഠിച്ചിരുന്നു. ഇന്ന്, ഒരു ദിവസംതന്നെ മൂന്നും നാലും കവിതകളെഴുതുന്നവരുണ്ട്. കുഞ്ഞുണ്ണിമാഷ് പറയുന്നു: 'കാണ്‍മതു കേള്‍പ്പതു നൂറുപറ/ കരളില്‍ക്കൊള്ളുവതാറുപറ/ കവിതയിലാകുവതൊരുപറ- അപ്പറ/ നൂറുപറയ്ക്കും മേലേ താന്‍!' ആവശ്യത്തിനു മനനം ചെയ്താല്‍ മികച്ച രചനകളായിത്തീര്‍ന്നേക്കാവുന്ന അനവധി രചനകള്‍ ഇങ്ങനെ ചാപിള്ളകളായി ഒടുങ്ങിപ്പോകുന്നതിനാല്‍, ഫെയ്‌സ്ബുക്കിനെ കവിതകളുടെ ശവപ്പറമ്പെന്നു വിശേഷിപ്പിക്കാനാണ് എനിക്കു തോന്നുന്നത്. 
2017 ല്‍ ഒരുപാട് എഴുത്തുകാരെ വെളിച്ചത്തിലേക്കു കൊണ്ടുവരാന്‍ നല്ലെഴുത്തിനു കഴിഞ്ഞിട്ടുണ്ട്. നിസ്സാരമല്ല അത്. ആ ആഹ്ലാദത്തോടെതന്നെ പറയട്ടെ: വലിച്ചുവാരി എഴുതുന്നതല്ല പ്രതിഭ. ആവശ്യത്തിനു ചിന്തിച്ച്, അവധാനതയോടെയും വിവേകത്തോടെയും എഴുതാനുള്ള ശേഷിയാണത്. അങ്ങനെ വരുമ്പോള്‍ സ്വന്തം രചനയുടെ സവിശേഷതകള്‍ തിരിച്ചറിഞ്ഞ് അതിനു മൂല്യമുണ്ടോ ഇല്ലേ എന്നു വിലയിരുത്താന്‍ എഴുത്തുകാരനുതന്നെ കഴിയും. അനാദിയും അനന്തവുമായ കാലത്തില്‍ പുതുവര്‍ഷം എന്ന സങ്കല്‍പ്പത്തിന് വലിയ പ്രസക്തിയൊന്നുമില്ലെങ്കിലും മനുഷ്യരെ നവീകരിക്കാന്‍ അതിനു കഴിയുമെങ്കില്‍ നല്ലത്. അതിനാല്‍ ഈ വര്‍ഷാദ്യം മുതല്‍ അങ്ങനെ ചെയ്യാന്‍ ഓരോ എഴുത്തുകാരനും കഴിയട്ടെ എന്നാശംസിക്കുന്നു.
Sukaami Prakash

പുഴുത്ത മനസ്സുള്ള സാഹിത്യ മോഷ്ടാക്കൾ!

Image may contain: textImage may contain: 1 personNo automatic alt text available.

പോസ്റ്റ് മോഷ്ടാക്കൾ മുഖപുസ്തകത്തിൽ സജീവമാണ്. എന്റെ പല കുറിപ്പുകളും മറ്റു പലരുടെയും പേരിൽ വന്നത് ഷെയർ ചെയ്യപ്പെട്ട് ഞാൻ തന്നെ കണ്ടിട്ടുണ്ട്. ആ പോക്കറ്റടിക്കാരോട് എനിക്കു സഹതാപമേ തോന്നിയിട്ടുള്ളു. പക്ഷേ ഇന്ന് വാട്സ് ആപ്പിൽ കണ്ട ഒരു കഥ മനസ്സിനെ പ്രക്ഷുബ്ധമാക്കി. ശ്രീമതി രമ്യ രാജേഷ് നല്ലെഴുത്തിന്റെ പുസ്തകത്തിലെഴുതിയ "മരണമെന്ന നിത്യസത്യം' എന്ന കഥയാണ് ഏതോ നാണം കെട്ട നരഭോജി അയാളുടെ സൃഷ്ടിയായി പ്രചരിപ്പിക്കുന്നത്. മസ്തിഷ്ക മരണം മറയാക്കി ആശുപത്രികൾ നടത്തുന്ന കച്ചവടമാണ് പ്രമേയം. നല്ലെഴുത്ത് ഗ്രൂപ്പ് പ്രസിദ്ധീകരിച്ച ആ പുസ്തകത്തിന്റെ എഡിറ്റർ ഞാനായിരുന്നു. അതു കൊണ്ടാണ് പെട്ടെന്ന് അത് എന്റെ ശ്രദ്ധയിൽ പെട്ടത്. അടുത്തയിടെ ഒരു കള്ളൻ, മോഷ്ടിച്ച പഴ്സിലെ പണമെടുത്ത ശേഷം വിലപ്പെട്ട രേഖകളെല്ലാം ഉടമയ്ക്ക് അയച്ചുകൊടുത്ത വാർത്ത കണ്ടിരുന്നു. മറ്റുള്ളവരുടെ ചിന്തയുടെയും അധ്വാനത്തിന്റെയും ഫലം തട്ടിയെടുത്ത് സാഹിത്യകാരൻ ചമയുന്ന, പുഴുത്ത മനസ്സുള്ള ഈ ഏഭ്യനൊക്കെ ആ കള്ളന്റെ ഹൃദയവിശാലത പോലുമില്ലല്ലോ! (Sukaami Prakash)

വൃത്തശാസ്ത്രപാഠം 6


അടുത്ത ഛന്ദസ്സ് 16 അക്ഷരങ്ങള്‍ വീതം ഒരു വരിയിലുള്ള അഷ്ടിയാണ്.
1. പഞ്ചചാമരം
ലക്ഷണം: ജരം ജരം ജഗം നിരന്നു പഞ്ചചാമരം വരും. 
(ലക്ഷണം മറ്റൊരു തരത്തിലും പറയാം: ലഗം ലഗം നിരന്നു പത്തുമാറു പഞ്ചചാമരം)
ഉദാഹരണം:
സമര്‍ത്ഥനായ സീസറും പ്രസിദ്ധനായ ഹോമറും
സമത്വമറ്റ സോളമന്‍ തുടങ്ങിയുള്ള വിജ്ഞരും
അമര്‍ന്നുപോയി കാലചക്രവിഭ്രമത്തിലെങ്കിലീ-
യെനിക്കുപിന്നെയെന്തുശങ്ക, മാറ്റമൊന്നുമില്ലതില്‍
2. അശ്വഗതി
ലക്ഷണം: അഞ്ചു ഭകാരമിഹാശ്വഗതിക്കൊടുവില്‍ ഗുരുവും
ഉദാ:
പദ്മജവല്ലഭതന്നുടെ തൃപ്പദയുഗ്മമതാ-
മുന്‍മിഷദംബുരുഹത്തിലമര്‍ന്ന രജോവിസരം
എന്‍മനമാകിന ദര്‍പ്പണമെപ്പൊഴുതും കഴുകി-
ക്കന്‍മഷമെന്നിയെ നിര്‍മ്മലമാക്കി വിളക്കിടണം.
ഈ ഛന്ദസ്സിലും അധികം ഉപയോഗമില്ലാത്ത വൃത്തങ്ങളുണ്ട്. കൂടുതല്‍ പഠിക്കണമെന്നുള്ളവര്‍ക്കായി അവ വിവരിക്കാം.
ഛന്ദസ്സ് അത്യഷ്ടി. അക്ഷരങ്ങള്‍ 17
1. വൃത്തം: ശിഖരിണി
ലക്ഷണം: യതിക്കാറില്‍ തട്ടും യമനസഭലം ഗം ശിഖരിണീ.
ഉദാ:
അതിക്രൂരം ബാണം കുസുമതതിയില്‍ ചെങ്കനലുപോല്‍
പതിപ്പിച്ചിടൊല്ലാ പരിമൃദുലയാമിമ്മൃഗതനൗ
നിതാന്തം നിസ്സാരം ബത! മൃഗമതിന്‍ ജീവനെവിടെ?
കൃതാന്താ ദൈത്യാനാം, തവ ച കടുബാണങ്ങളെവിടെ?
(ഭാഷാ ശാകുന്തളം)
2. വൃത്തം: മന്ദാക്രാന്താ
ലക്ഷണം: മന്ദാക്രാന്താ മഭനതതഗം നാലുമാറേഴുമായ് ഗം
ഉദാ:
പാലിക്കാനായ്ബ്ഭുവനമഖിലം ഭൂതലേ ജാതനായി-
ക്കാലിക്കൂട്ടം കലിതകുതുകം കാത്ത കണ്ണന്നു ഭക്ത്യാ
പീലിക്കോലൊന്നടിമലരില്‍നീ കാഴ്ചയായ് വെച്ചിടേണം
മൗലിക്കെട്ടില്‍ തിരുകുമതിനെത്തീര്‍ച്ചയായ്ബ്ഭക്തിദാസന്‍.
ഈ ഛന്ദസ്സിലും ധാരാളം വൃത്തങ്ങളുണ്ട്.
ബാക്കി അടുത്ത പാഠത്തില്‍

By
Sukaami Prakash

വൃത്തശാസ്ത്രപാഠം 4

Image may contain: 1 person, eyeglasses and beard

എണ്ണത്തില്‍ കുറവാണെങ്കിലും നിരവധി സ്‌നേഹിതര്‍ അനുഷ്ടുപ്പു വൃത്തത്തില്‍ എഴുതി ഇന്‍ബോക്‌സില്‍ അയച്ചിരുന്നു. സന്തോഷം. ഈ പാഠം പ്രയോജനപ്പെടുന്നു എന്നു മനസ്സിലാക്കുന്നതിനാല്‍, തുടരുന്നു.
അടുത്ത ഛന്ദസ്സ് 'ബൃഹതി'യാണ്. ഒരു പാദത്തില്‍ 9 അക്ഷരങ്ങള്‍. 
1. വൃത്തം: രമണീയം.
ലക്ഷണം: ചൊല്ലാം മം ന യ രമണീയം.
ഉദാഹരണം:
കുന്ദേന്ദുദ്യുതി രമണീയം
കുന്ദം മൂന്നുലകിതിനെല്ലാം
ചിത്തിന്‍വിത്തൊരു പരതത്ത്വം
ചിത്തത്തില്‍ തെളിവരുളേണം.
2. വൃത്തം: മണിമധ്യം
ലക്ഷണം: കേള്‍ മണിമധ്യം ഭം മസവും
ഉദാഹരണം:
നിര്‍മ്മലശുദ്ധം സ്ഫാടികമാം
നന്‍മണിമധ്യത്തിന്നെതിരാം
വര്‍ണ്ണഗുണത്താല്‍ വര്‍ണ്യമതാം
വാണിയുടംഗം കൈതൊഴുവിന്‍.
3. വൃത്തം: ഫലമുഖി
ലക്ഷണം: രം നസം ഫലമുഖിയതാം.
4. വൃത്തം: ശിശുഭൃത
ലക്ഷണം: നനമശിശുഭൃതാ വൃത്തം
5. വൃത്തം: ഭദ്രിക
ലക്ഷണം: ഭദ്രികാ രനര ചേരുകില്‍.
അടുത്ത ഛന്ദസ്സ് 10 അക്ഷരങ്ങള്‍ ഒരു പാദത്തില്‍ വരുന്ന 'പംക്തി' ആണ്.
1. വൃത്തം: സുമുഖി
ലക്ഷണം: സുമുഖീ സസജത്തൊടേ ഗുരു
2. വൃത്തം: ചമ്പകമാല
ലക്ഷണം: ഭം മസഗം കേള്‍ ചമ്പകമാലാ
ഉദാഹരണം:
ചമ്പകമാലാ ചുംബികപാലാ
ചന്ദ്രസുഫാലാ ചാരു കപോലാ
ഭാസുര ചെമ്മേ ഭാരതി നമ്മെ
കാത്തരുളേണം കീര്‍ത്തി തരേണം.
3. വൃത്തം: മത്താ
ലക്ഷണം: മത്താവൃത്തം മഭസഗ ചേര്‍ന്നാല്‍.
ഇനിയുള്ളവ അധികം ഉപയോഗത്തിലില്ലാത്തവയാണ്:
4. വൃത്തം ശുദ്ധവിരാള്‍ മസം ജഗം.
5. രം ദരം മയൂരസാരിണീ ഗം
6. നരജങ്ങളാല്‍ മനോരമാ.
7. സാരവതിക്കിഹ ഭം ഭഭഗം
8. ചൊല്ലാം സുഷമാ തം യംഭ ഗുരു
അടുത്ത ഛന്ദസ്സ് തൃഷ്ടുപ്പ് ആണ്. ഓരോ പാദത്തിലും 11 അക്ഷരങ്ങള്‍. ഇവിടം മുതലുള്ള വൃത്തങ്ങള്‍ കവികള്‍ ധാരാളമായി ഉപയോഗിച്ചു പോന്നിട്ടുള്ളതാണ്.
1. വൃത്തം: ഇന്ദ്രവജ്ജ്ര
ലക്ഷണം: കേളിന്ദ്രവജ്ജ്രയ്ക്കു തതം ജഗംഗം.
ഉദാ:
ഭക്തപ്രിയത്താല്‍ ഭഗവാനുമങ്ങ-
സ്സല്‍ക്കാരമേല്‍ക്കാനുടനേ തുനിഞ്ഞാന്‍
കെല്‍പ്പോടു മുപ്പാരു മയക്കിയെന്ന
നല്‍ബ്ബാണമദ്ദര്‍പ്പകനും തൊടുത്താന്‍.
2. ഉപേന്ദ്രവജ്ജ്ര
ലക്ഷണം: ഉപേന്ദ്രവജ്ജ്രയ്ക്കു ജതം ജഗം ഗം.
3. ഉപജാതി.
ഇന്ദ്രവജ്ജ്രയും ഉപേന്ദ്രവജ്ജ്രയേയും കൂട്ടിക്കലര്‍ത്തിയാല്‍ കിട്ടുന്നതാണ് ഉപജാതി.
ഉദാഹരണം:
ഭൃംഗാഞ്ജനച്ചാര്‍ത്തൊടു ചേര്‍ത്തു ചാര്‍ത്തി
മുഖത്തിലോമല്‍ത്തിലകം മധുശ്രീ
ചേലൊത്ത ചെഞ്ചായമുഴിഞ്ഞു മെല്ലെ
മിനുക്കിനാള്‍ മാന്തളിരാകുമോഷ്ഠം.
ഈ രീതിയില്‍ മറ്റു ചില വൃത്തങ്ങള്‍ കലര്‍ത്തിയുണ്ടാക്കുന്ന വൃത്തങ്ങളെയും ഉപജാതി എന്നു വിളിക്കും.
4. വൃത്തം: രഥോദ്ധത
ലക്ഷണം: രം നരം ല ഗുരുവും രഥോദ്ധതാ
ഉദാഹരണം:
എത്രവേഗമഖിലം മറന്നു നീ
യാത്ര ചൊന്നു! പിരിയാന്‍ തിടുക്കമോ?!
മാത്രനേരമിവനൊന്നുറങ്ങിയാല്‍
രാത്രിപോലുമിടരാര്‍ന്നു കേഴുവോള്‍!!
(പി പ്രകാശ്)
5. സ്വാഗതയ്ക്കു രനഭം ഗുരു രണ്ടും
6. നാലേഴായ് മം ശാലിനീ തം തഗം ഗം
(ഇവിടെ ശാലിനി എന്ന വൃത്തത്തില്‍ നാലാമത്തെയും ഏഴാമത്തെയും അക്ഷരങ്ങളില്‍ യതി വേണമെന്നാണ് ഉദ്ദേശിക്കുന്നത്. ഇങ്ങനെ സംഖ്യകള്‍ പറയുന്ന അക്ഷരങ്ങളില്‍ യതി വേണമെന്നാണ് നിയമം എന്നു മനസ്സിലാക്കിയിരിക്കണം.)
ഈ ഛന്ദസ്സില്‍ അത്രയേറെ ഉപയോഗത്തിലില്ലാത്ത നിരവധി വൃത്തങ്ങളുണ്ട്. അടിസ്ഥാനപാഠത്തിന് ആവശ്യമില്ലാത്തതിനാല്‍ അവ വിസ്തരിക്കുന്നില്ല.
അടുത്ത പാഠത്തില്‍ തുടരാം.

വൃത്തശാസ്ത്രപാഠങ്ങള്‍

Image may contain: 1 person, eyeglasses and beard

പാഠം 3

പദ്യങ്ങള്‍ രചിക്കാം!
ആദ്യത്തെ രണ്ടു പാഠങ്ങളും മനസ്സിരുത്തി വായിച്ചിട്ടുണ്ടെങ്കില്‍ ഇനി മുതലുള്ളവ എളുപ്പവും രകസകരവുമാണ്. കാരണം, സ്വന്തം നിലയ്ക്ക് പദ്യങ്ങള്‍ കുറിയ്ക്കാന്‍ അവ സഹായിക്കും. (കവിത എന്നു ഞാന്‍ പറഞ്ഞില്ല എന്നതു ശ്രദ്ധിക്കുക.)
മൂന്നക്ഷരങ്ങള്‍ വീതം വരുന്ന നിരവധി വാക്കുകളുടെ ഗണം എന്താണെന്ന് പെട്ടെന്നു പറയുന്ന ഒരു വിനോദമത്സരം പണ്ടുണ്ടായിരുന്നു. ശ്ലോകരചനയില്‍ വലിയ സഹായം ചെയ്യാന്‍ അതിനു കഴിയും. ഓരോരുത്തര്‍ക്കും സ്വന്തം നിലയ്ക്കും അതാലോചിക്കാവുന്നതാണ്.
സമവൃത്തങ്ങള്‍:
മുമ്പ് സൂചിപ്പിച്ചതുപോലെ എല്ലാ പാദങ്ങളിലും ഗണങ്ങളും അക്ഷരങ്ങളും തുല്യമായി വരുന്ന വൃത്തങ്ങളാണ് സമവൃത്തങ്ങള്‍. ഉക്ത, അത്യുക്ത, മധ്യ, പ്രതിഷ്ഠ, സുപ്രതിഷ്ഠ, ഗായത്രി, ഉഷ്ണിക് എന്നീ ഛന്ദസ്സുകളില്‍ യഥാക്രമം 1 മുതല്‍ 7 വരെ അക്ഷരങ്ങളാണ് ഓരോ പാദത്തിലും വരിക എന്നു പറഞ്ഞിരുന്നല്ലോ. ഈ വൃത്തങ്ങള്‍ സാധാരണഗതിയില്‍ കവികള്‍ ഉപയോഗിക്കാറില്ല. കാരണം, ആശയം വ്യക്തമാക്കാനുള്ള ഇടം ഇവയില്‍ വളരെ കുറവാണ്. അതുകൊണ്ട് അനുഷ്ടുപ്പ് (8) എന്ന ഛന്ദസ്സ് മുതലാണ് ഇവിടെയും പറയാനുദ്ദേശിക്കുന്നത്.
1. അനുഷ്ടുപ്പ്‌:
1.1 വിദ്യുന്‍മാലാ
അനുഷ്ടുപ്പ് ഛന്ദസ്സിലെ ആദ്യവൃത്തമാണ് വിദ്യുന്‍മാല.
ലക്ഷണം: മം മം ഗം ഗം വിദ്യുന്‍മാലാ. ഇതിന് മധ്യത്തില്‍ യതി (നിര്‍ത്ത്) വേണം. അതായത് നാലാമക്ഷരം കഴിഞ്ഞ്.
ഉദാഹരണം:
വിദ്യുന്‍മാലാ സൗന്ദര്യത്തി-
ന്നുദ്ദാമത്വം വര്‍ദ്ധിപ്പിക്കും
ഉദ്യോതത്താലുദ്ദീപിക്കും
വാഗ്‌ദേവിക്കായ് വന്ദിക്കുന്നേന്‍.
1.2 ചിത്രപദാ
ലക്ഷണം: ഭം ഭഗ ചിത്രപദാ ഗം
ഉദാഹരണം:
ചീര്‍ത്തൊരു ചിത്രപദാര്‍ത്ഥം
ചേര്‍ത്തുരു ചാരു കവിത്വം
ചിത്തമതിങ്കലുദിപ്പാന്‍
ചിത്തനു വാണി തുണയ്ക്ക!
1.3 മാണവകം
ലക്ഷണം: മാണവകം ഭം തലഗം
1.4 സമാനികാ
ലക്ഷണം: രം സമാനികാ ജഗം ല
1.5 പ്രമാണികാ
ലക്ഷണം: പ്രമാണികാ ജരം ലഗം
ഉദാഹരണം:
പ്രമാണികള്‍ക്കുമുത്തമ-
പ്രമാണമാം ഭവല്‍പ്പദം
വണങ്ങിടുന്നു ഞാനിതാ
വണക്കമോടു ഭാരതീ.
(ഈ വൃത്തത്തിന്റെ രണ്ടു പാദങ്ങള്‍ ചേര്‍്ന്നാല്‍ പഞ്ചചാമരം എന്ന വൃത്തത്തിന്റെ ഒരു പാദം കിട്ടും. ആ വൃത്തം പിന്നാലെ വരും.)
1.6 നാരാചികാ
ലക്ഷണം: നാരാചികാ തരം ലഗം
1.7 കബരീ
ലക്ഷണം: തം ജം ലഗവും കബരീ
1.8 ഹംസരുത
ലക്ഷണം: മം നം ഹംസരുത ഗം ഗം
1.9 വിതാനം
ലക്ഷണം: ജതം വിതാനം ഗഗം കേള്‍
1.10 നാഗരികം
ലക്ഷണം: നാഗരികം ഭരം ലഗം
വ്യക്തമായി ക്രമമില്ലാതെയും, ഒരു പാദത്തില്‍ 8 അക്ഷരങ്ങള്‍ വരത്തക്കവിധത്തില്‍ എഴുതിയിട്ടുള്ള അനുഷ്ടുപ്പ് പദ്യങ്ങള്‍ കാണാം. അവയ്ക്ക് പൊതുവേ 'വക്ത്രം' എന്നു പറയുന്നു. ഇവയില്‍ത്തന്നെ വീണ്ടും ചില സവിശേഷതകള്‍ കണ്ടെത്തി സാമാന്യവത്ക്കരിച്ചിട്ടുണ്ട്. അവയൊന്നും ഇക്കാലത്ത് അത്ര പ്രസക്തമല്ലാത്തതിനാല്‍ പറയുന്നില്ല.
പൊതുവേ കവികള്‍ ഉപയോഗിക്കുന്നവയില്‍ ഏറ്റവും അക്ഷരങ്ങള്‍ കുറവുള്ള, ഏറ്റവും ചെറിയ ഛന്ദസ്സാണ് അനുഷ്ടുപ്പ് എന്നു പറഞ്ഞല്ലോ. അവയില്‍ത്തന്നെ കൂടുതല്‍ ഉപയോഗിച്ചു വരാറുള്ള വൃത്തങ്ങള്‍ക്കാണ് ഉദാഹരണം പറഞ്ഞിട്ടുള്ളത്. മറ്റുള്ളവയ്ക്കുമുണ്ട് പദ്യങ്ങള്‍.
ലക്ഷണങ്ങളെല്ലാം അതതു വൃത്തത്തില്‍ത്തന്നെയാണ്. അതുകൊണ്ട് ലക്ഷണം ചൊല്ലി നോക്കുമ്പോള്‍, വൃത്തത്തിന്റെ സ്വഭാവവും കിട്ടും.
ഏറ്റവും സാഹസികമായ, ഏറ്റവും രസകരമായ ഒരു ഉദ്യമത്തിലേക്ക് ഞാന്‍ നിങ്ങളെ ക്ഷണിക്കുകയാണ്: ഇപ്പറഞ്ഞ വൃത്തങ്ങളില്‍ ഏതിലെങ്കിലും നിങ്ങളുടെ ഓരോ ചിന്തയെ എഴുതുക. ഉദാഹരണത്തിന് പ്രണയം എന്ന വിഷയമെടുക്കാം. നാലു വരികളില്‍, അതായത് 32 അക്ഷരങ്ങള്‍ കൊണ്ട് (8x4) അത് അവതരിപ്പിക്കണം. മുകളില്‍ പറഞ്ഞ അനുഷ്ടുപ്പു വൃത്തങ്ങളില്‍ ഏറ്റവും യുക്തമെന്നു നിങ്ങള്‍ക്കു തോന്നുന്ന ഏതു വൃത്തവും ഉപയോഗിക്കാം.
നമുക്ക് ശ്ലോകങ്ങള്‍ രചിച്ചു തുടങ്ങാം!

വൃത്തശാസ്ത്രപാഠം

Image may contain: 1 person, eyeglasses and beard

നിരവധി സുഹൃത്തുക്കളുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ഈ സാഹസത്തിനു മുതിരുന്നത്. 'നല്ലെഴുത്ത്' ഗ്രൂപ്പിലെ വാസനാസമ്പന്നരായ കവികള്‍ പലരും വൃത്തസംബന്ധിയായ സംശയങ്ങള്‍ ഉന്നയിക്കാറുണ്ട്. കവിയാകാന്‍ വൃത്തശാസ്ത്രം പഠിക്കണമെന്നില്ല. കവിതയ്ക്ക് വൃത്തം നിര്‍ബ്ബന്ധവുമല്ല. എന്നാല്‍ വൃത്തനിബദ്ധമായി എഴുതണമെങ്കില്‍ ഒരാള്‍ക്ക് പദസമ്പത്ത് നിര്‍ബ്ബന്ധമാണ്. മലയാളത്തില്‍നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന വാക്കുകളെയും പ്രയോഗങ്ങളെയും ഒരു പരിധി വരെയെങ്കിലും പിടിച്ചുനിര്‍ത്താന്‍ വൃത്തനിബദ്ധരചനകള്‍ സഹായിക്കും.
ഏ ആര്‍ രാജരാജവര്‍മ്മയുടെ 'വൃത്തമഞ്ജരി' യെ അധികരിച്ചാണ് ഈ പാഠങ്ങളെല്ലാം. തുടക്കം മുതല്‍ ശ്രദ്ധയോടെ പിന്‍തുടര്‍ന്നാല്‍ ഒരു സാമാന്യധാരണ സൃഷ്ടിച്ചെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. നമുക്ക് ശ്രമിച്ചു നോക്കാം. താളവും ഈണവുമുള്ള കവിതകള്‍ എഴുതുന്നതെങ്ങനെയെന്നാണ് ഭൂരിപക്ഷത്തിന്റെയും സംശയം. സംസ്‌ക്കൃതവൃത്തപരിശീലനത്തിലൂടെ ഭാഷാവൃത്തത്തിലെത്തിച്ചേരുമ്പോള്‍ അത് എളുപ്പമായിത്തീരും.
പാഠം 1
വാക്യങ്ങള്‍ രണ്ടു വിധമുണ്ട്: ഗദ്യവും പദ്യവും. ഒരു പാദത്തില്‍ എത്ര അക്ഷരം വേണമെന്നും, ഏതൊക്കെ അക്ഷരങ്ങള്‍ ലഘുക്കളായിരിക്കണമെന്നും, ഏതൊക്കെ അക്ഷരങ്ങള്‍ ഗുരുക്കളായിരിക്കണമെന്നും, എവിടെയൊക്കെ യതി (നിര്‍ത്ത്) വേണമെന്നുമുള്ള നിബന്ധനകളോടെ എഴുതുന്ന വാക്യം പദ്യമാണ്. അത്തരം നിബന്ധനകളില്ലാത്തത് ഗദ്യവും.
സാധാരണയായി ലോകവ്യവഹാരത്തിന് നമ്മള്‍ ഉപയോഗിക്കുന്നത് ഗദ്യമാണ്.
കാവ്യമെല്ലാം പദ്യമായിരിക്കണമെന്നോ പദ്യമെല്ലാം കാവ്യമായിരിക്കണമെന്നോ നിര്‍ബ്ബന്ധമില്ല. പദ്യലക്ഷണം വൃത്തശാസ്ത്രത്തെയും, കാവ്യലക്ഷണം സാഹിത്യശാസ്ത്രത്തെയും ആശ്രയിച്ചു നില്‍ക്കുന്നു. കാവ്യമല്ലാത്ത പദ്യത്തെ സംസ്‌ക്കൃതത്തില്‍ 'കാരിക' എന്നു പറയും.
പദ്യം നിര്‍മ്മിക്കാനുള്ള തോതാണ് വൃത്തം. ഒരു പാദത്തില്‍ എത്ര അക്ഷരം വേണം എന്ന നിബന്ധനയാണ് ഛന്ദസ്സ്. ഒരു പദ്യപാദത്തില്‍ 1 മുതല്‍ 26 അക്ഷരങ്ങള്‍ വരെയാകാം. അതുകൊണ്ട് ആകെയുള്ളത് 26 ഛന്ദസ്സുകളാണ്. ഒരേ ഛന്ദസ്സില്‍ത്തന്നെ, ഗുരു-ലഘു അക്ഷരങ്ങള്‍ പല വിധത്തില്‍ ക്രമപ്പെടുത്താന്‍ കഴിയുന്നതുകൊണ്ട് നിരവധി വൃത്തങ്ങളുണ്ടാകും.
26 ഛന്ദസ്സുകള്‍ (ബ്രായ്ക്കറ്റില്‍ അവയിലെ ഓരോ പാദത്തിലെയും അക്ഷരങ്ങളുടെ എണ്ണം):
ഉക്ത (1), അത്യുക്ത (2), മധ്യ (3), പ്രതിഷ്ഠ (4), സുപ്രതിഷ്ഠ (5), ഗായത്രി (6), ഉഷ്ണിക്ക് (7), അനുഷ്ടുപ്പ് (8), ബൃഹതി (9), പങ്ക്തി (10), ത്രിഷ്ടുപ്പ് (11), ജഗതി (12), അതിജഗതി (13), ശക്വരി (14), അതിശക്വരി (15), അഷ്ടി (16), അത്യഷ്ടി (17), ധൃതി (18), ആതിധൃതി (19), കൃതി (20), പ്രകൃതി (21), ആകൃതി (22), വികൃതി (23), സംകൃതി (24), അഭികൃതി (25), ഉത്കൃതി (26)
ഒരു പാദത്തില്‍ 26 അക്ഷരങ്ങള്‍ക്കു മുകളില്‍ വന്നാല്‍ അതിനെ 'ദണ്ഡകം' എന്നു വിളിക്കും.
വൃത്തശാസ്ത്രത്തില്‍, സ്വരങ്ങളെ മാത്രമേ അക്ഷരമായി കണക്കിലെടുക്കൂ. സ്വരമില്ലാതെ നില്‍ക്കുന്ന വ്യഞ്ജനം എണ്ണുകയില്ല. 'കണ്‍മിഴിച്ചവള്‍ നോക്കിനാള്‍' എന്ന വരിയില്‍ എട്ടു സ്വരമേയുള്ളു; എട്ടക്ഷരങ്ങളും. 'ണ്‍', 'ള്‍' എന്നീ ചില്ലക്ഷരങ്ങള്‍ എണ്ണത്തില്‍ പെടുന്നില്ല. 'കണ്‍' എന്നും 'നാള്‍' എന്നുമുള്ളത് ഒറ്റയക്ഷരങ്ങളാണ്.
'ഹ്രസ്വാക്ഷരം ലഘുവാണ്; ദീര്‍ഘമായത് ഗുരുവും.
അനുസ്വാരം, വിസര്‍ഗ്ഗം, തീവ്രയത്‌നമാവശ്യമുള്ള ചില്ലക്ഷരം, കൂട്ടക്ഷരം എന്നിവ പിന്നാലെ വന്നാല്‍ ഹ്രസ്വാക്ഷരവും ഗുരുവായിത്തീരും.'
കരുണ- എല്ലാം ഹ്രസ്വം, അതുകൊണ്ട് എല്ലാം ലഘു
ഭംഗം- രണ്ടക്ഷരത്തിനും പിന്നാലെ അനുസ്വാരം വന്നിരിക്കുന്നതിനാല്‍ രണ്ടും ഗുരു.
മലര്‍പ്പൊടിയില്‍ 'ര്‍' തീവ്രയത്‌നമാവശ്യമുള്ളതാണ് അതുകൊണ്ട് ല ഗുരുവാണ്. എന്നാല്‍ മലര്‍മാലയില്‍, പ്രയത്‌നം തീവ്രമല്ല, ലഘുവാണ്. അതുകൊണ്ട് ഇവിടെ ല ലഘുവാണ്.
(ഇങ്ങനെ നിരവധി വാക്കുകള്‍ എഴുതി, അവയില്‍ ഏതെല്ലാം ലഘുവാണ്, ഏതെല്ലാം ഗുരുവാണ് എന്നു നിര്‍ണയിച്ചു നോക്കുക.
അടുത്ത പാഠത്തില്‍, പദ്യരചനയുടെ മറ്റു സാങ്കേതികതകള്‍ പരിചയിക്കാം.)

By: Sukaami Prakash

എല്ലാം പറയില്ല!


എല്ലാം പറയില്ല!
ഇത്രമാത്രം പറയാം: കിഴക്കൊരു
ചിത്രസൈകതഭൂമിയില്‍ വച്ചവള്‍
തന്നതാണീയെഴുത്താണി; യക്ഷരം
തീര്‍ന്നുപോയാല്‍ മടക്കിക്കൊടുക്കണം.
കാലമായെന്നറിയുന്നു; ശൂന്യമാം
താളിയോലയ്ക്കു മുമ്പില്‍ വിനമ്രനായ്
എത്രനാളായിരിക്കുന്നു! കണ്ണുനീര്‍
മാത്രമൂറുന്നു; തോല്‍ക്കുന്നു സന്തതം.
എങ്കിലും തെല്ലൊരാനന്ദമുണ്ട, വള്‍
സങ്കടങ്ങളെ സ്വപ്‌നങ്ങളാക്കുവോള്‍!
വര്‍ണബന്ധുരമാം പുളിനത്തില്‍നി-
ന്നെന്നെ വീണ്ടും പറഞ്ഞയക്കില്ലവള്‍!

By
Sukaami Prakash

ചില നല്ലെഴുത്തുചിന്തകള്‍.


ഒരു സാഹിത്യമത്സരത്തില്‍, കഥയുടെയും കവിതയുടെയും വിധികര്‍ത്താവായിരുന്നു. കോളേജ് തലത്തില്‍ മത്സരിച്ച കുട്ടികള്‍ പലരും മികച്ച രചനകള്‍ തന്നെ നടത്തി. ഫലം പ്രഖ്യാപിച്ച ശേഷം, ഇരുവിഭാഗങ്ങളിലുംനിന്ന് സമ്മാനാര്‍ഹരായ കുട്ടികളെ വിളിച്ച് അഭിനന്ദിച്ചു. അതില്‍ ഒരു കുട്ടിയോട് സഹവിധികര്‍ത്താവ് ഇങ്ങനെ ചോദിച്ചു: 'കുട്ടിയെന്താ, ഫെയ്‌സ് ബുക്ക് കവിയായി മാറാനാണോ തീരുമാനിച്ചിരിക്കുന്നത്?' കുട്ടിയുടെ മുഖം വാടി. ഫെയ്‌സ് ബുക്കില്‍ എഴുതുന്നവര്‍ മോശക്കാരാണെന്ന സൂചന എനിക്ക് ഇഷ്ടപ്പെട്ടില്ല. കുട്ടിയെ ഞാന്‍ സമാധാനിപ്പിച്ചു. പക്ഷേ, മുഖ്യധാരാമാധ്യമങ്ങളിലെ പ്രശസ്തനായ ആ എഴുത്തുകാരന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ പിന്നീട് എന്നോടു വിശദീകരിച്ചു. അതില്‍ പ്രധാനപ്പെട്ട ചിലത് ഇവിടെ പങ്കുവയ്ക്കാം. കഥയായാലും കവിതയായാലും, ആദ്യത്തെ വരി മുതല്‍ അനാവശ്യമായി കുത്തുകളിടുന്നത് ഫെയ്‌സ്ബുക്ക് എഴുത്തുകാരുടെ ശൈലിയാണ്. പറയാനുള്ള എന്തോ പറഞ്ഞിട്ടില്ലെന്നും, അത് ഊഹിച്ചെടുക്കാവുന്നതാണെന്നും വരുമ്പോഴാണ് ഈ കുത്തുകള്‍ വേണ്ടത്. നമ്മുടെ നല്ലെഴുത്തില്‍ത്തന്നെ പല രചനകളും ആരംഭിക്കുന്നത് 'ഞാന്‍ സാവിത്രി അന്തര്‍ജ്ജനം....' എന്ന രീതിയിലാണ്. ഇവിടെ ആ കുത്തുകള്‍ എന്തിനാണ്? അതുപോലെ കവിതകളില്‍ വരികള്‍ മുറിക്കുന്നത് എങ്ങനെയെന്നതു സംബന്ധിച്ച അവ്യക്തതയാണ് മറ്റൊന്ന്. ഒരു കവിത 'ഡിസംബറിലെ മഞ്ഞുതുള്ളികളില്‍ നിന്റെ/ കണ്ണുനീര്‍ത്തുള്ളികള്‍/ഞാന്‍ കണ്ടു' എന്ന് വരികള്‍ മുറിച്ചിരിക്കുന്നു. ഇതേ വരികള്‍, 'ഡിസംബറിലെ മഞ്ഞുതുള്ളികളില്‍/ നിന്റെ കണ്ണുനീര്‍ത്തുള്ളികള്‍ ഞാന്‍ കണ്ടു' എന്നു മുറിച്ചാല്‍ അതിന്റെ ഓരോ വരിയിലും ആശയവ്യക്തത വരികയും ഭംഗി കൂടുകയും ചെയ്യും. 'ഞാന്‍ കണ്ടു' എന്നത് അവസാനത്തെ ഒറ്റവരിയാക്കിയാലും തെറ്റില്ല. ഇനിയൊന്ന്, ആരും ചിഹ്നങ്ങളില്‍ താല്‍പ്പര്യം കാണിക്കാത്തവരാണ് എന്നതാണ്. ഒരു സംഭാഷണം എഴുതുമ്പോള്‍ അത് ഉദ്ധരണികള്‍ക്കുള്ളിലാവുന്നതാണ് നല്ലത്. (സംഭാഷണത്തെ വേറിട്ടു കാണിക്കാന്‍ മറ്റു മാര്‍ഗങ്ങളും അവലംബിക്കാം.) കൂടാതെ വേണ്ടയിടങ്ങളില്‍ അര്‍ദ്ധവിരാമം ഉപയോഗിക്കാനും പൂര്‍ണവിരാമം ഉപയോഗിക്കാനും മറന്നുകൂടാ.
പിന്നെയുള്ളത് അക്ഷരത്തെറ്റുകളാണ്. അതിന്റെ പ്രധാനകാരണം, ഒരിക്കല്‍പ്പോലും കടലാസിലോ കമ്പ്യൂട്ടറിലോ എഴുതി നോക്കി തിരുത്താതെ നേരിട്ടു പോസ്റ്റ് ചെയ്യുന്നതാണ്. വൃത്തമോ താളമോ ദീക്ഷിക്കുന്ന കവിതയാണെങ്കില്‍, അത് പൂര്‍ണമായും പാലിക്കേണ്ടതുണ്ട്. ചില്ലറത്തെറ്റുകള്‍ തിരുത്താന്‍ കഴിയും. പക്ഷേ പല വരികളില്‍ പല താളങ്ങളും ക്രമരഹിതമായ അക്ഷരങ്ങളും വന്നാല്‍ കവിത അരോചകമാകും; അത് എത്ര നല്ല ആശയം പ്രദാനം ചെയ്യുന്നതാണെങ്കിലും. (വൈലോപ്പിള്ളിയുടെയോ സുഗതകുമാരിയുടെയോ ഒക്കെ പ്രശസ്തകവിതകള്‍ -പൂര്‍വ്വസൂരികളുടെയെല്ലാം കവിതകള്‍- ക്രമരഹിതമായ അക്ഷരങ്ങള്‍ നിറഞ്ഞതായിരുന്നെങ്കില്‍ അവ ചൊല്ലാന്‍ നമുക്കു കഴിയുമായിരുന്നോ?)
പൊതുവേ പറഞ്ഞതാണ്. ആരെയും വിമര്‍ശിച്ചതല്ല. നല്ലെഴുത്ത് നല്ലെഴുത്തുകള്‍ നിറയേണ്ട ഇടമാണല്ലോ. 

നല്ലെഴുത്തിനു വേണ്ടി, 
സുകാമി പ്രകാശ്.

നിരൂപണം


നല്ലെഴുത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രസിദ്ധീകരിച്ച ശ്രീ രമേശ് കേശവത്തിന്റെ പേരിട്ടിട്ടില്ലാത്ത കവിതയെയും ശ്രീമതി ഷീജ ഉണ്ണിക്കൃഷ്ണന്റെ 'മുഖപുസ്തകം' എന്ന കവിതയെയും അധികരിച്ച് ചില ചിന്തകള്‍: 
നല്ല കവിതകള്‍ എഴുതാന്‍ ശേഷിയുള്ളവരാണ് ഇരുവരും. ഈ കവിതകളെക്കുറിച്ച് മൗനം പാലിയ്ക്കാമെന്നാണ് ആദ്യം വിചാരിച്ചത്. എന്നാല്‍ ആ മൗനം കവികളോടും ഇനി കവിതളെഴുതാനിരിക്കുന്നവരോടും വായനക്കാരോടുമുള്ള ക്രൂരതയായിരിക്കുമെന്ന വിചാരം ശക്തമായപ്പോള്‍ ചിലതു സൂചിപ്പിക്കാന്‍ തന്നെ തീരുമാനിച്ചു. 
മലയാളഭാഷയ്ക്ക് കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെയുണ്ടായ വളര്‍ച്ചയെക്കുറിച്ചോ മാറ്റങ്ങളെക്കുറിച്ചോ കവിതയിലുണ്ടായിട്ടുള്ള ഭാവുകത്വപരിണാമങ്ങളെക്കുറിച്ചോ രണ്ടുപേരും മനസ്സിലാക്കിയിട്ടുള്ളതായി തോന്നുന്നില്ല. നവമാധ്യമമായ മുഖപുസ്തകത്തെക്കുറിച്ചെഴുതാനാണ് ശ്രീമതി ഷീജ കാലഹരണപ്പെട്ട ഒരു ഭാഷ ഉപയോഗിക്കുന്നത് എന്ന കാര്യം കൗതുകകരമാണ്. മനുഷ്യരെല്ലാം അലസരായിത്തീരുന്നത് മുഖപുസ്തകത്താളില്‍ വീണാണ് എന്നു പറയാന്‍ ഷീജ പ്രയോഗിക്കുന്ന വാക്കുകള്‍ ശ്രദ്ധിക്കുക. കുരുക്ഷേത്രയുദ്ധത്തിന്റെ വര്‍ണനയ്ക്കായി എഴുത്തച്ഛന്‍ ഉപയോഗിച്ച പ്രയോഗങ്ങളെയാണ് ഇത് അനുസ്മരിപ്പിക്കുന്നത്. ചിലയിടങ്ങളില്‍ കുഞ്ചന്‍ നമ്പ്യാരും മനസ്സില്‍ വരും. 'വീണിതല്ലോ', 'അലസരായീടുന്നു', 'വലിച്ചിടുന്ന', 'തീര്‍ന്നിടുന്നു' എന്നീ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത്, അവിടവിടെ ഭംഗമുണ്ടായിട്ടുണ്ടെങ്കിലും, കവിതയില്‍ നിലനിര്‍ത്തിയിരിക്കുന്ന താളം സംരക്ഷിക്കാനാണെന്നു കാണാം. ഫെയ്‌സ് ബുക്കിലെ കവികള്‍ മാത്രമാണിപ്പോള്‍ ഈ വാക്കുകളുപയോഗിച്ചു കാണുന്നത്! 
മറ്റൊന്ന്, കേവലം നാലു വരി ഗദ്യത്തില്‍ പറയാവുന്ന ഒരു വസ്തുതയ്ക്ക് പദ്യരൂപം നല്‍കിയതുകൊണ്ട് എന്തു ഗുണമാണ് ആസ്വാദകനുണ്ടാകുന്നത് എന്നു ചിന്തിക്കുക. കവിതയാകേണ്ടതു മാത്രം കവിതയാകുന്നതാണ് കവിയ്ക്കും വായനക്കാരനും നല്ലത്. കൃത്യമായ താളമോ വൃത്തമോ ദീക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ പദ്യരൂപത്തില്‍ എഴുതാന്‍ ശ്രമിക്കേണ്ട കാര്യമില്ല. ഗദ്യമായാലും കവിത കവിതതന്നെ. 'ഒന്നു പെയ്താല്‍ മതി, ഒരായുഷ്‌ക്കാലം മുഴുവന്‍ ചോര്‍ന്നൊലിയ്ക്കാന്‍' എന്നു പുതിയ കാല മലയാള കവി പറയുന്നത് മനോഹരമായ കവിതയല്ലേ? 
രമേശ് കേശവത്താകട്ടെ, കാല്‍പ്പനികതയുടെ തുടക്കകാലത്തെവിടെയോ ആണ് ഇപ്പോഴും! നീലമിഴികളില്‍ പ്രണയം കണ്ട് ഇപ്പോഴും ആനന്ദബാഷ്പം പൊഴിയ്ക്കുകയാണു കവി. അഭിവന്ദ്യനായ പ്രൊഫ. പ്രയാര്‍ പ്രഭാകരന്‍സാര്‍ പറഞ്ഞതുപോലെ, കാലം മാറിയ കാര്യം പല പുതുകവികളും അറിയുന്നേയില്ല. ചുരുണ്ട മുടികളില്‍ തുളസിക്കതിരും ചൂടി വയല്‍ വരമ്പില്‍ നില്‍ക്കുകയാണ് ഇപ്പോഴും അവരുടെ നായികമാര്‍. കുസുമദലങ്ങളുടെ മഴയില്‍ നനഞ്ഞ് കൈ കോര്‍ത്തു നൃത്തം ചവിട്ടുകയാണ് ഇവിടെ കവിയും നായികയും. 'ഹാ!' എന്നും 'ഹന്ത' എന്നും കവി പ്രയോഗിക്കുന്നു. നാട്ടിടകളില്‍ ചില കവികളുണ്ട്- ആരെങ്കിലും മരിച്ചാലുടന്‍ അവര്‍ കവിതയെഴുതും. 'എന്തു ഞാന്‍ കേള്‍ക്കുന്നു ഹന്ത! മരിച്ചുവോ' എന്നതാണ് അവരുടെ മട്ടെന്ന് ഒ എന്‍ വി കുറുപ്പ് പരിഹസിച്ചതോര്‍ക്കുന്നു. ആശാന്‍ വീണപൂവ് ആരംഭിച്ചത് 'ഹാ!' എന്ന വ്യാക്ഷേപകത്തോടെയാണ്. അവസാനിപ്പിച്ചത്, 'കഷ്ടം!' എന്ന പദത്തിലും. ആ പ്രയോഗങ്ങള്‍ക്ക് ഉദ്ദേശ്യമുണ്ടായിരുന്നു എന്നു കാണാം. പ്രണയം നിത്യമനോഹരമാണെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ ആയിരക്കണക്കിനു തവണ കവിതകളിലൂടെയും സിനിമാഗാനങ്ങളിലൂടെയും കേട്ടുകഴിഞ്ഞ ബിംബങ്ങള്‍ ആവര്‍ത്തിച്ചുപയോഗിക്കുന്നത് കവിതാസ്വാദകരുടെ ക്ഷമ പരീക്ഷിക്കുന്നതിനു തുല്യമാണ്. 
ശ്രീമതി ഷീജയും ശ്രീ രമേശ് കേശവത്തും കാവ്യബോധമുള്ള കവികളാണ്. പുതിയ ആശയങ്ങളെ പുതിയ ഭാഷയിലൂടെ അവതരിപ്പിക്കാന്‍ ശേഷിയുള്ളവര്‍. നല്ലെഴുത്ത് അവരുടെ നല്ല രചനകള്‍ക്കായി കാത്തിരിക്കുന്നു. (വൃത്തനിബദ്ധമായി എഴുതാന്‍ പഠനവും പരിശീലനവും ആവശ്യമാണെന്ന് ഞാന്‍ മുമ്പും ഓര്‍മ്മിപ്പിച്ചിട്ടുള്ളതാണ്. ഏ ആറിന്റെ വൃത്തമഞ്ജരി ഉപയോഗപ്പെടും. ആ അധ്വാനത്തിനു കഴിയില്ലെങ്കില്‍ പദ്യത്തെ സ്വതന്ത്രമായി വിട്ടേക്കൂ. ഗദ്യത്തിലും കവിതയെഴുതാം.)

കോളേജ് ഡെയ്‌സ്!!!


ആശ്വിനമേഘം പടിയിറങ്ങും മുമ്പു
വിശ്വകലാലയപ്പൂമരച്ഛായയില്‍
കാത്തുനിന്നേറെത്തളര്‍ന്നു തുളുമ്പിപ്പോയ്
കാര്‍ത്തികം: 'കാണുമോ നമ്മളീ ജന്‍മത്തില്‍?!'
വേദനിച്ചഗ്നിയായ്ത്തീര്‍ന്നു പെയ്തൂ മേഘം:
'വേര്‍പിരിയേണ്ടവരാണുനാമോമനേ!
നിന്‍കുലമല്ലെന്‍ കുലമെന്നതോര്‍ക്കുക
നിന്റെയാകാശം വിടരില്ലെനിയ്ക്കായി!'
കാലമൊരദ്ഭുതം; ആശ്വിനമേഘമി-
ക്കാര്‍ത്തികാകാശം പുണര്‍ന്നു മയങ്ങുന്നു!!
-പി പ്രകാശ്‌

കവിയരങ്ങ്...


By: P Prakash
ഇന്നൊരു കവിയരങ്ങുണ്ട്. 
സംഘാടനച്ചുമതല സംഗതിവശാല്‍ എനിക്കായി. 
ഒരു കവിസിംഹത്തെ ക്ഷണിച്ചു. 
അദ്ദേഹം ഇങ്ങനെ പറഞ്ഞു: 'ഫ! കവിയരങ്ങ്! 
പഴയ കൊയ്ത്തുകാര്‍ക്കുംമരംവെട്ടുകാര്‍ക്കും പോലുമുണ്ടായിരുന്നു ഈണവും താളവും. നാടന്‍പാട്ടെന്നൊക്കെ പറഞ്ഞ് ചിലര്‍ തന്‍കാര്യം നോക്കാന്‍ വരുമ്പൊഴും താളമോ ഈണമോ ഇല്ലാത്ത ഒന്നും കാണാന്‍ പറ്റത്തില്ലെടാ... 
അതെല്ലാം വിറ്റു കാശാക്കുമ്പഴും, പത്തു പൈസായുടെ പണി ചെയ്യാന്‍ വയ്യാത്ത ചെലരൊക്കെ ബുദ്ധിപരമാന്നും പറഞ്ഞ് ചെല സാധനങ്ങളുമായിട്ടു വരുന്നേനെടയ്ക്ക് ആക്രി സാധനം പോലിരിക്കാന്‍ എന്നെ കിട്ടത്തില്ല. കവിത കവി എഴുതണം. അതു പാടണം. പാടാനൊക്കാത്ത സാധനമെഴുതുന്നവന്‍ നാശമൊണ്ടാക്കാതെ വീട്ടിലിരിക്കണം. 
ഇക്കാര്യത്തില്‍ ഞങ്ങള്‍ അഹങ്കാരികളാ... എഴുത്തച്ഛന്റേം ആശാന്റേം പേരറിയാത്ത കറുത്ത തൊഴിലാളിക്കവികളുടേം പിന്‍തലമുറ. 
അതല്ലാത്ത എന്തോ ഒണ്ടെടാ നിന്റെയൊക്കെ കൈയില്‍? ഞങ്ങളെ വില്‍ക്കാന്‍ വന്നിരിക്കുന്നോ?'
ഈ ഞങ്ങള്‍ ഇവിടെയുണ്ടെങ്കില്‍, കാര്യങ്ങള്‍ക്കു തീരുമാനമുണ്ടാകുമായിരുന്നെന്ന് എനിക്കുമറിയാം. പക്ഷേ അവര്‍ എവിടെയാണ്? ഇന്നു വൈകിട്ടുതന്നെ കവിയരങ്ങു നടന്നല്ലേ പറ്റൂ!

രാക്ഷസന്‍


1
വഴികള്‍ പിന്നിലേക്കോടവേ, ഞാനൊരു
പഴയ പതിനാറുകാരനായ് മാറുന്നു
പവിഴമല്ലികള്‍ പൂക്കുന്ന മുറ്റത്തു
കവിതപോലവള്‍ വിരിയുന്നു പിന്നെയും.
ചെറിയ നാണമുണ്ടെങ്കിലും ശുണ്ഠിയില്‍
മുറുകെയെന്റെ കൈത്തണ്ടയില്‍ നുള്ളുന്നു
പരിഭവം പതഞ്ഞൊഴുകുന്നു: രാക്ഷസാ!
വെറുതെ കാത്തു ഞാനമ്പലത്തിണ്ണയില്‍!'
നഖമുനപ്പാടില്‍ നോക്കിച്ചിരി,ച്ചതില്‍
മുഖമമര്‍ത്തുന്നു; ചോദിപ്പു: 'നൊന്തുവോ?!'
2
ഏറെനാള്‍ കഴിഞ്ഞൊരു 'മാളി'ലെത്തിരക്കില്‍ ഞാന്‍
ഏകനായിരിക്കുന്നു, തണുപ്പില്‍, നിശ്ചേഷ്ടനായ്.
ഭാര്യയും മോനും ചേര്‍ന്നു 'ഷോപ്പു' ചെയ്യുന്നൂ ദൂരെ,
കാര്യമെന്തിപ്പൂച്ചയ്ക്കു പൊന്നുരുക്കലാമതില്‍?!
അവളെന്‍ മുന്നില്‍ വന്നു നില്‍ക്കുന്നു ഭര്‍ത്താവുമൊ-
ത്തവരും 'ഷോപ്പിംഗി'നാം; ഇത്രയും പറഞ്ഞവള്‍:
'നല്ല സുന്ദരിയാണു ഭാര്യ; ഞാന്‍ കണ്ടു, നിങ്ങള്‍
നല്ല ചേര്‍ച്ചയാ,ണെനിയ്‌ക്കൊത്തിരിയിഷ്ടപ്പെട്ടു!'
3
വീട്ടുമുറ്റത്തു പന്തലിലാളുകള്‍
കാത്തുനില്‍ക്കുന്നു; ഭര്‍ത്താവുമു,ണ്ടയാള്‍
എത്തിയെന്റെ കൈ കൂട്ടിപ്പിടിയ്ക്കുന്നു;
മുക്തി വന്നപോല്‍ നെറ്റിമേല്‍ വയ്ക്കുന്നു!
'ചത്തുപോവുകില്‍ നിങ്ങളാം രാക്ഷസന്‍
എത്തിവേണം ശവമടക്കീടുവാന്‍
എന്നു ചൊല്ലിയേല്‍പ്പിച്ചെന്‍ പ്രിയതമ'-
യെന്ന ഗദ്ഗദം കേട്ടു ഞാന്‍ സ്തബ്ധനായ്...
മഞ്ചലില്‍, പട്ടുകോടിയ്ക്കുപിന്നിലും
പുഞ്ചിരിച്ചവള്‍ ചോദിച്ചു: 'നൊന്തുവോ...?!'
By-പി പ്രകാശ്‌

ഓര്‍മ്മ...


ഓര്‍മ്മ...
മാവേലിക്കര ബസ് സ്റ്റാന്‍ഡിനടുത്ത് നടക്കാന്‍ ബുദ്ധിമുട്ടി നില്‍ക്കുകയായിരുന്നു ആ വൃദ്ധന്‍. ഓട്ടോ പിടിച്ച് വീട്ടില്‍ കൊണ്ടിറക്കുമ്പോള്‍, സന്തോഷത്തോടെ ഓട്ടോക്കാരനോട് അദ്ദേഹം എന്നെ പരിചയപ്പെടുത്തി പറഞ്ഞു: 'അറിയത്തില്ലിയോ? ഇത് എന്റെ മൂത്ത മോന്‍ സേവ്യറുകുട്ടിയാ..'
ഓട്ടോക്കാരന് അദ്ദേഹത്തെ നന്നായറിയാം. വൃദ്ധന്‍ വീട്ടില്‍ കയറിക്കഴിഞ്ഞപ്പോള്‍ അയാള്‍ എന്നോടു പറഞ്ഞു: 'സേവ്യറ് ഗള്‍ഫില്‍ പോയിട്ട് പത്തുപതിനഞ്ചു വര്‍ഷമായി. ഇതിനിടയ്ക്കു വന്നത് രണ്ടു തവണ മാത്രമാ..'

By: 
Sukaami Prakash

കറുക


ആടിമാസമഴയില്‍ക്കുളിച്ചിളം
നാമ്പുനീട്ടിയനുരാഗലോലയായ്
കാത്തുനില്‍ക്കുമിവളെക്കടക്കുവാ-
നാവുകില്ല; പിഴുതേയടങ്ങു ഞാന്‍!
(വൃത്തം രഥോദ്ധത)


By: Sukaami Prakash

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo