പെണ്ണ് കാണൽ

'എനിക്ക് കുറച്ച് കൂടി പഠിപ്പുള്ള ആളെ ആണ് ആവശ്യം. ചേട്ടൻ വേറെ ആളെ നോക്കിക്കോളൂ'
'ഓക്കേ,കുഴപ്പല്യ, തുറന്ന് പറഞ്ഞതിൽ സന്തോഷം'
'എന്നോട് വിരോധമൊന്നും തോന്നരുത് ട്ടോ'
'ഏയ്, ഇല്ല. തന്റെ ജീവിതത്തിന്റെ കാര്യമാണ് , തീരുമാനം എടുക്കേണ്ടത് താനാണ്. തുറന്ന് പറയാനുള്ള മടിയുടെ പേരിൽ ജീവിതം നശിപ്പിക്കരുത്. സ്വന്തമായി അഭിപ്രായവും തീരുമാനവും ഉള്ളത് നല്ലതാണ്'
പെണ്ണ് കെട്ടാനുള്ള പ്രായമായി എന്ന് വീട്ടുകാർ പറയാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. അളിയനും പെങ്ങളും എപ്പോഴും നിർബന്ധിക്കും. ശല്യം സഹിക്കാൻ പറ്റാതായപ്പോൾ ആണ് അവരോട്തന്നെ പെണ്ണിനെ തപ്പിപ്പിടിക്കാൻ പറഞ്ഞത്. സാധാരണ ജാതകം നോക്കി പെണ്ണിനെ കിട്ടണമെങ്കിൽ ഒരു കൊല്ലമെങ്കിലും ചായ കുടിച്ച് നടക്കണം, ആ സമയം ഗൾഫിൽ നിൽക്കുകയാണെങ്കിൽ കല്യാണച്ചിലവിനുള്ള പൈസയെങ്കിലും ഉണ്ടാക്കാം. സർവ്വഗുണസമ്പന്നയായ ഒരു സുന്ദരിയെത്തന്നെ കണ്ട് പിടിക്കാൻ ഏൽപ്പിച്ചു. കണ്ടീഷൻ കൂടുംതോറും സമയം നീട്ടിക്കിട്ടുമല്ലോ എന്നായിരുന്നു എന്റെ കണക്ക് കൂട്ടൽ. അതെല്ലാം തെറ്റിച്ച് കൊണ്ട് രണ്ട് മാസത്തിനുള്ളിൽ അഞ്ച് പെൺകുട്ടികളെ നോക്കി വച്ചിരിക്കുന്നു.
ഇനിയും ഒഴിഞ്ഞ് മാറൽ നടക്കില്ലെന്ന് അറിയാവുന്നത് കൊണ്ട് വേഗം വിമാനം പിടിച്ച് നാട്ടിലെത്തി. മലയാള മണ്ണിന്റെ ഗന്ധം ആസ്വദിക്കാൻ തുടങ്ങുന്നതിന് മുൻപ് തന്നെ വീട്ടുകാരുടെ നിർബന്ധം തുടങ്ങി. അങ്ങനെയാണ് പെണ്ണ് കാണൽ പരിപാടിക്ക് തുടക്കമിട്ടത്.
ദൈവമേ, ഇതും മൂഞ്ചിയോ??
കഴിഞ്ഞ മൂന്നെണ്ണവും ശരിയായില്ല, ഇതിലായിരുന്നു പ്രതീക്ഷ.
പെണ്ണൊക്കെ ശരിയായിട്ടുണ്ട് നാട്ടിൽ ചെന്ന് സെലക്ട് ചെയ്ത് രണ്ട് മാസത്തിനുള്ളിൽ കെട്ട് നടത്തും എന്നൊക്കെ കൂടെയുള്ളവരോട് പറഞ്ഞിട്ടാ ഇങ്ങോട്ട് പോന്നത്. ഇനി ആദ്യം തൊട്ട് തിരയേണ്ടി വരുമോ? ആറ് മാസത്തെ ലീവിനാ പോന്നിരുന്നത്, ഈ ആറ് മാസവും പെണ്ണ് തപ്പി നടക്കേണ്ടി വരോ?
ഞാനിപ്പോ പി.ജി. കഴിഞ്ഞു, എനിക്ക് ഇനിയും പഠിക്കണം എന്നുണ്ട്. അപ്പൊ അതിന് പറ്റിയ ഒരാളെ ആണ്....'
'ഓക്കേ, എനിക്ക് മനസിലാവും. വീട്ടിൽ വെച്ച് കാണാതെ പുറത്ത് വച്ചുള്ള ഈ കൂടിക്കാഴ്ച്ച തന്നെ ആലോചിച്ചത് തന്നോട് സംസാരിച്ച് കാര്യങ്ങളിൽ വ്യക്തത വരുത്താൻ വേണ്ടിയാ. വീട്ടിലായാൽ തനിക്ക് ചിലപ്പോൾ മനസ്സ് തുറന്ന് സംസാരിക്കാൻ പറ്റിയെന്ന് വരില്ല. ആകെ ടെൻഷനും മറ്റുള്ളവരെ പേടിയും'
'ശരിയാ ഏട്ടാ. ഏട്ടൻ വീട്ടിൽ വന്നിരുന്നെങ്കിൽ അപ്പോൾ ഫോൺ നമ്പർ വാങ്ങി ഈ കാര്യങ്ങളെല്ലാം ഫോണിലൂടെ പറയാം എന്നാ ഞാൻ കരുതിയത്. അച്ഛനെ പേടിയാണ്, അത്കൊണ്ട് എതിർത്തൊന്നും പറയാനും പറ്റില്ല'
'ഉം, മാനസികമായി എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ എന്നറിയാൻ ഇങ്ങനത്തെ കൂടിക്കാഴ്ചയാ നല്ലത്. എനിക്ക് ഇത് നാലാമത്തെ ആണ്'
'എനിക്ക് ആദ്യത്തെ. മറ്റേതെല്ലാം എന്ത് പറ്റി?'
'കുറ്റം പറയരുതല്ലോ മൂന്നും പ്രേമം. മനസ്സിൽ ഒരാളെ വെച്ചിട്ട് എന്തിനാണാവോ ഇങ്ങനെ കെട്ടിയൊരുങ്ങി നിൽക്കുന്നത്?'
'സാഹചര്യം ആവും'
'ആവും. ആരെയും പ്രേമിക്കാത്ത പെണ്ണിനെ കിട്ടുക എന്നൊക്കെ മഹാഭാഗ്യമാണ്, അതിനുള്ള ചാൻസും കുറവാണ്. എന്നാലും ഈ സമയത്തെങ്കിലും മനസ്സിൽ ആരുമില്ലാത്ത പെൺകുട്ടിയെ വേണമെന്നുണ്ട്'
'ഉം, പലരും വീട്ടുകാർക്ക് വേണ്ടി ഇഷ്ടങ്ങൾ മാറ്റിവെക്കുന്നവരാ. ചിലർ തേപ്പുകാരും'
'തേപ്പ്, ഞാൻ ഗൾഫിൽ പോകുന്നതിന് മുൻപ് ഈ വാക്ക് ഉണ്ടായിരുന്നില്ല. ഉള്ള വാക്ക് ചുമര് തേക്കുന്നതായിരുന്നു. മലയാള നിഘണ്ടു പുതുക്കി എഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു'
'ഉം. കോമഡി'
'പ്രവാസിയുടെ കോമഡിക്ക് ഈ നിലവാരമൊക്കെയേ ഉണ്ടാകൂ.
ഞാൻ കണ്ട മൂന്ന് കുട്ടികളും ഇപ്പോൾ പ്രേമത്തിൽ ഉള്ളവരാണ്. മുൻപ് ഉണ്ടായിരുന്നു എന്ന് പറഞ്ഞിരുന്നെങ്കിലും ഞാൻ അഡ്ജസ്റ്റ് ചെയ്യുമായിരുന്നു. ഇത്...
ഞാൻ പിന്മാറിയില്ലെങ്കിൽ ചിലപ്പോ അതിലെ ഏതെങ്കിലും ഒന്ന് എന്റെ ഭാര്യയാവുമായിരുന്നു. അതിലൊക്കെ എന്ത് ജീവിതമാ ഉള്ളത്'
'ഉം, മനസ്സുകൾ തമ്മിലുള്ള അടുപ്പമല്ലേ വേണ്ടത്'
'ഞാൻ പിന്മാറിയില്ലെങ്കിൽ ചിലപ്പോൾ മരണവും സംഭവിച്ചേക്കാം. വീടിന്റെ അടുത്തുള്ള ഒരേട്ടൻ പെണ്ണ് കാണാൻ പോയി. ഒരാളുമായി ഇഷ്ടത്തിലാണെന്ന് ആ കുട്ടി പറഞ്ഞു. ഇയാളാണെങ്കിൽ പെണ്ണ് കണ്ട് മടുത്തിരിക്കാ, അപ്പൊ ആ കുട്ടിയോട് എനിക്ക് അത് കുഴപ്പമില്ല, പ്രായത്തിനെയാണ്, ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ മതി എന്ന് പറഞ്ഞ് ആലോചനയുമായി മുന്നോട്ട് പോയി. അധികം വൈകാതെ ആ കുട്ടി ആത്മഹത്യയും ചെയ്തു'
'അയ്യോ, കഷ്ടായല്ലോ,, എന്നിട്ട്?'
'എന്നിട്ടെന്താ ആ ഏട്ടന്റെ കല്യാണം ഒന്ന് കൂടി വൈകി എന്ന് മാത്രം. നഷ്ടം അവളുടെ അച്ഛനും അമ്മയ്ക്കും.
അല്ല, ഞാൻ പറഞ്ഞ് ബോറടിപ്പിക്കുന്നുണ്ടോ? പ്രവാസി ആയതിൽ പിന്നെ സംസാരം അധികം ഉണ്ടാകാറില്ല, ആ കുറവ് ഇപ്പൊ തീർക്കാ'
'ഏയ്, കുഴപ്പല്ല്യാ, ഏട്ടൻ പറഞ്ഞോ'
'തനിക്ക് താല്പര്യമില്ലാത്തത് കൊണ്ട് ഞാൻ ഒന്നിനും നിർബന്ധിക്കുന്നില്ല ട്ടോ. എന്റെ സങ്കല്പങ്ങൾക്കനുസരിച്ചുള്ള ഒരു കുട്ടി എവിടെയെങ്കിലും ഉണ്ടാവും'
'ഒന്ന് ചോദിക്കട്ടെ, ഞാൻ ഏട്ടന്റെ സങ്കൽപ്പത്തിൽ ഉള്ള ആളായിരുന്നോ?'
'അങ്ങനെ ചോദിച്ചാൽ എന്താ പറയാ... ഫോട്ടോ കണ്ടപ്പോൾ താല്പര്യം തോന്നി. അതാ വന്ന് അന്വേഷിക്കാം എന്ന് കരുതിയത്. മുഴുവൻ കാര്യങ്ങളും മനസിലാക്കി കല്യാണം കഴിക്കണമെങ്കിൽ പ്രേമിച്ച് കെട്ടണം. അറേഞ്ച് മാരേജിൽ ഏറെക്കുറെ ഓകെയാണോ എന്ന് നോക്കാനേ പറ്റൂ'
'ഉം, ഏട്ടാ, ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേഷ്യം തോന്നോ?'
'ഏയ്, ചുമ്മാ പറയ്'
'ഏട്ടന്റെ സങ്കല്പങ്ങൾ പറയോ? എനിക്ക് ആരെയെങ്കിലും സജസ്റ്റ് ചെയ്യാൻ പറ്റുമോ എന്നറിയാനാ'
'ഓക്കേ, എന്റെ കാഴ്ചപ്പാട് ഒറ്റവാക്കിൽ പറഞ്ഞാൽ നല്ല പാതി. ഞാൻ ഒരു പൂർണ്ണനായ മനുഷ്യൻ അല്ല, എനിക്ക് ഒരുപാട് കുറവുകൾ ഉണ്ട്. എല്ലാവരും പൂർണ്ണന്മാർ ആണെന്ന് പറയുന്നില്ല ട്ടോ. എന്നോട് എന്റെ ഭാര്യ ചേരുമ്പോൾ ആ കുറവുകൾ തീരണം. ഇത് സങ്കൽപ്പമാണ്, ഇതിനോടടുത്ത് നിൽക്കുന്നതാണ് ഞാൻ ആഗ്രഹിക്കുന്നത്'
'ഉം. ഡിമാന്റുകൾ?'
'സ്ത്രീധനം ആണോ
? തന്റെ അച്ഛനോട് വല്ലതും ചോദിച്ചിരുന്നോ?'
'അറിയില്ല, ഒന്നും പറഞ്ഞില്ല'
'ഉം. ചോദിച്ചിരുന്നു. പണം ആയിട്ടല്ല എന്ന് മാത്രം. എനിക്ക് വേണ്ടത് സ്ത്രീധനം അല്ല, വിദ്യാധനം ആണ്. അത് ഉണ്ടെന്ന് തോന്നിയത് കൊണ്ടാണ് ഈ ആലോചന കൊണ്ട് വന്നത്. ഞാൻ നേരത്തെ പറഞ്ഞല്ലോ എന്റെ ഭാര്യ എന്റെ കുറവുകൾ നികത്തണമെന്ന്, അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണിത്. ഞാൻ പ്ലസ് ടു വരെയേ പഠിച്ചിട്ടുള്ളു. ചേച്ചിയുടെ കല്യാണം കഴിഞ്ഞപ്പോൾ ചെറിയ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായി, അപ്പൊ അച്ഛനെ സഹായിക്കാൻ വേണ്ടി ജോലിക്കിറങ്ങി.
അത്കൊണ്ട് അക്കാദമിക് വിദ്യാഭ്യാസം കുറവാണ്'
'ഉം'
'താൻ ചിന്തിക്കുന്നുണ്ടാകും പ്ലസ് ടു ക്കാരൻ അത് വരെ പഠിച്ചവരെയോ ഡിഗ്രി പഠിക്കുന്നവരെയോ നോക്കിയാൽ പോരേ, അതിനും മുകളിൽ ആലോചിക്കാൻ അർഹത ഉണ്ടോ എന്ന്'
'ഏയ്, ഇല്ല ഏട്ടാ'
'ഓക്കേ, ഒരു ശരാശരി ആൾ അതാ ചിന്തിക്കാ.
അർഹിക്കാവുന്നതിലും അധികം ആണെങ്കിലും ഈ ഒരു കാര്യത്തിൽ ഞാനിത്തിരി സ്വാർത്ഥൻ ആണ് . ഇതിൽ മാത്രം.
സ്‌കൂളിൽ പോയത് കൊണ്ട് മാത്രം നമ്മുടെ വിദ്യാഭ്യാസം പൂർത്തിയാവില്ല, ഒന്നാമത്തെ സ്‌കൂൾ നമ്മുടെ വീട് തന്നെയാണ്. എന്റെ വീട്ടിൽ നിന്നും ആണ് ഇന്നത്തെ ഞാൻ ഉണ്ടായത്. നല്ല ശീലങ്ങൾ, ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ, വീട്ടിലെ ജോലികൾ, ആളുകൾ തമ്മിലുള്ള സ്നേഹം ഇതൊക്കെ പഠിക്കുന്നത് വീട്ടിൽ നിന്നാണ്. സ്‌കൂളിൽ പോയി പഠിക്കുമ്പോൾ കുട്ടികളുടെ ലക്ഷ്യം പരീക്ഷ പാസ്സാവുക എന്നും അദ്ധ്യാപകരുടെ ലക്ഷ്യം അവരെ പാഠപുസ്തകം പഠിപ്പിക്കുക എന്നുമാണ്. അത്കൊണ്ട് വിദ്യാഭ്യാസം പൂർണ്ണമാകില്ല.
ഭാവി തലമുറയെ വാർത്തെടുക്കുക എന്നൊക്കെ കേൾക്കാം, സത്യത്തിൽ ഇന്ന് അത് ഉണ്ടോ? പരീക്ഷയിൽ മാർക്ക് വാങ്ങിക്കുക, സ്‌കൂളിന് നൂറ് ശതമാനം വിജയം ഉറപ്പിക്കുക ഇതൊക്കെയല്ലേ ഇന്ന് നടക്കുന്നത്. ഈ വിദ്യാഭ്യാസരീതിയോട് എനിക്ക് പുച്ഛമാണ് ട്ടോ, ഭാഗ്യത്തിന് ഗുരു എന്ന് ഉറപ്പിച്ച് വിളിക്കാവുന്ന കുറച്ച് പേരുടെ ശിക്ഷണവും ശിക്ഷയും കിട്ടിയത് കൊണ്ട് ഞാൻ ഇങ്ങനെയൊക്കെയായി. അതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്'
'ഇപ്പോഴത്തെ വിദ്യാഭ്യാസത്തിന് നിലവാരം കുറവ് തന്നെയാണ്. അത് ചേട്ടൻ പറഞ്ഞപോലെ വീട്ടിലെയും സ്‌കൂളിലെയും പഠിപ്പിക്കലിലെ പോരായ്‌മതന്നെയാണ്'
'ഉം. ഇപ്പൊ ഈയടുത്ത് ഒരു കാര്യം കേട്ടു, മതിയായ ശിക്ഷകൾ ഇല്ലാത്തത് കൊണ്ടാണ് രാജ്യത്ത് കുറ്റകൃത്യങ്ങൾ കൂടുന്നത് എന്ന്. പെട്ടന്ന് ഒരു ദിവസം എല്ലാ ശിക്ഷകളും ഇരട്ടിയാക്കിയാൽ എല്ലാം ശരിയാവോ?
പഴമക്കാർ പറയും കാതിരിന്മേൽ വളം വെച്ചിട്ട് കാര്യമില്ലെന്ന്. കുട്ടിക്കാലത്ത് എല്ലാ സ്വാതന്ത്ര്യവും കൊടുത്ത് കുട്ടികളെ വളർത്തും, പിന്നീട് അവർ തന്നെയാണ് ഒരു പേടിയും ഇല്ലാതെ കുറ്റകൃത്യങ്ങൾ ചെയ്യുന്നത്. ഇന്നത്തെ ഏതൊരു കേസ് എടുത്താലും അതിൽ ഒരു കുട്ടിക്കുറ്റവാളി ഉണ്ടാകും.
നമ്മുടെ സ്‌കൂളുകളിൽ കുട്ടികളെ തല്ലുകയോ വഴക്ക് പറയുകയോ ചെയ്യോ? ഇല്ല. എന്റെ കുട്ടിയെ തല്ലിപ്പഠിപ്പിക്കണ്ട എന്ന് വീട്ടുകാർ തന്നെ പറയുന്നു. ഇങ്ങനെ ശിക്ഷയെ പേടിക്കാതെ വളരുന്ന കുട്ടികൾ വലുതായാൽ ശിക്ഷകളെ പേടിക്കുമോ, നിയമത്തെ അനുസരിക്കുമോ?'
'അതും ശരിയാണ്'
'അയ്യോ സോറി ട്ടോ. ഞാൻ സംസാരിച്ച് കാട് കയറി'
'ഇല്ല്യ, കുഴപ്പല്ല്യാ'
'ആകെ ഉള്ളത് ഈ നാക്ക് ആണ്. അവിടെ സെയിൽസ്മാൻ ആണ്, അപ്പൊ എല്ലാവരേം സംസാരിച്ച് വീഴ്ത്തണമല്ലോ. അത് ഏറെക്കുറെ സാധിച്ചിട്ടും ഉണ്ട്'
'ഉം'
'അപ്പൊ ഞാൻ പറഞ്ഞ് വന്നത്, വീട്ടിൽ നിന്ന് എനിക്ക് കിട്ടാത്ത ഒന്നായിരുന്നു അക്കാദമിക് പഠനത്തിലെ സഹായം. അച്ഛനും അമ്മയും അധികം പഠിച്ചിട്ടില്ല. എന്റെ നാലാം ക്ലാസ് വരെയുള്ള പഠിപ്പിൽ സഹായിക്കാനോ അമ്മയ്ക്ക് കഴിഞ്ഞുള്ളു. മക്കളിൽ മൂത്ത ആൾ ഞാനായത് കൊണ്ട് ഏട്ടനോ ചേച്ചിയോ സഹായിക്കാൻ ഉണ്ടായിരുന്നില്ല. ചിലപ്പോഴൊക്കെ ആരും എനിക്ക് ഒന്നും പറഞ്ഞ് തരാൻ ഇല്ലാത്തതിനാൽ അമ്മയോട് ഞാൻ ദേഷ്യപ്പെട്ടിരുന്നു. എന്നെ സഹായിക്കാൻ പറ്റാത്തതിനാൽ അമ്മയ്ക്കും വിഷമം ഉണ്ടായിരുന്നു, അമ്മയുടെ അന്നത്തെ അവസ്‌ഥ വെച്ച് പത്താംക്ലാസ് വരെ പോകാൻ പറ്റിയത് തന്നെ ഭാഗ്യമാണ്. അച്ഛന്റെയും അമ്മയുടെയും ആ നിസ്സഹായാവസ്ഥ ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്. അത് എനിക്ക് ഉണ്ടാവാൻ പാടില്ല, ഞാൻ അനുഭവിച്ച വിഷമം എന്റെ മക്കൾ അനുഭവിക്കാൻ പാടില്ല. ആ ഒരു ആഗ്രഹം മാത്രേ എനിക്കുള്ളൂ'
'ഇന്നത്തെ കാലത്ത് ഒരുവിധം പെണ്കുട്ടികളൊക്കെ ഡിഗ്രി എടുക്കുന്നുണ്ട്'
'അക്ഷയാ, അത് എനിക്കറിയാം. ഞാൻ പറഞ്ഞില്ലേ, സെർട്ടിഫിക്കറ്റ് നോക്കി ഒരു ഭാര്യയെയല്ല എനിക്ക് വേണ്ടത്. വിദ്യാഭ്യാസത്തിനൊപ്പം വിവരവും വേണം. ഏതെങ്കിലും ഒരു ഡിഗ്രിക്ക് ഇന്ന് ഒരു ക്ഷാമവും ഇല്ല. നല്ലൊരു കോഴ്സ് എടുത്ത് അത് തുടർന്ന് പഠിക്കണം, ആ വിഷയത്തിൽ നല്ല അവബോധം ഉണ്ടാകണം. താൻ സയൻസ് ഗ്രൂപ്പ് അല്ലേ? അപ്പൊ അത്യാവശ്യം നന്നായി പഠിക്കേണ്ടിവരും'
'എനിക്ക് സയൻസ് പണ്ട് മുതലേ ഇഷ്ടമാണ്'
'ഇഷ്ടപ്പെട്ട വിഷയം പഠിക്കുമ്പോൾ കൂടുതൽ അറിവ് ഉണ്ടാകും.
ഏതൊരു ആണിനേയും പോലെ കെട്ടാൻ പോകുന്ന പെണ്ണ് സുന്ദരിയായിരിക്കണം, പാട്ട് പാടണം, ഡാൻസ് ചെയ്യണം, അരയോളം മുടി വേണം എന്നൊക്കെ ഞാനും ആഗ്രഹിച്ചിരുന്നതാ, അതിനെയെല്ലാം കെട്ടാൻ പോകുന്ന പെൺകുട്ടിക്ക് ഉയർന്ന വിദ്യാഭ്യാസം വേണം എന്ന ആഗ്രഹത്തിന് വേണ്ടി മാറ്റി വെച്ചതാ. വിവരവും വിദ്യാഭ്യാസവും ഉള്ളിടത്ത് നല്ല സ്വഭാവം ഉണ്ടാകും, എല്ലാ കാര്യങ്ങളിലും താല്പര്യവും വാസനയും ഉണ്ടാകും. അങ്ങനെയുള്ള ഒരു കുട്ടിക്ക് നല്ലൊരു കുടുംബിനി ആകാൻ പറ്റുമെന്നാണ് എന്റെ വിശ്വാസം'
'ഉം. കഴിഞ്ഞോ ചേട്ടാ?'
'എന്തെ ബോറടിക്കുന്നുണ്ടോ?'
'ഏയ് ഇല്ല, ബാക്കി കൂടി കേൾക്കാനാ'
'തീർന്നു. ഒറ്റവാക്കിൽ പറഞ്ഞാൽ എനിക്ക് നല്ലൊരു പെൺകുട്ടിയെ വേണം, സ്ത്രീധനം വേണ്ട, വിദ്യാധനം നിർബന്ധമായും വേണം.
സമയം ഒരുപാടായി, അക്ഷയ പൊയ്‌ക്കോളൂ'
'ഉം. ശരി ചേട്ടാ'
'ബൈ പറ്റിയാൽ വീണ്ടും കാണാം'
തിരിച്ച് പോരുമ്പോൾ ഒന്ന് കൂടി തിരിഞ്ഞ് നോക്കി, അവൾ പോകുന്നു, മനസ്സ് കൊണ്ട് ഇഷ്ടപ്പെട്ടതായിരുന്നു. സാരല്യാ, അവൾക്കും ഉണ്ടാകുമല്ലോ സ്വപ്‌നങ്ങൾ!!!!
#രജീഷ് കണ്ണമംഗലം
'മോൾക്ക് പഠിച്ചിട്ട് ആരാവണം?'
'മോൾക്ക് ടീച്ചറായാൽ മതി'
'ടീച്ചറാവാൻ നല്ലോണം പഠിക്കണം ട്ടോ'
'അതിന് കൊറേ പഠിക്കണോ അച്ഛാ?'
'ഉം. മോള് എത്രയാണെന്ന് വച്ചാൽ പഠിച്ചോ ട്ടോ. മോള് പഠിപ്പ് മതിയായി എന്ന് പറഞ്ഞാലേ അച്ഛൻ പഠിത്തം നിർത്തൂ ട്ടോ'
'എങ്ങനെ എങ്ങനെ? എന്തിനാ ഏട്ടാ ആ കുഞ്ഞിനെ കൂടി പറ്റിക്കുന്നത്? എന്നെ പറ്റിച്ച് മതിയായില്ലേ?'
'അച്ഛ അമ്മേനെ പറ്റിച്ചോ?'
'ഏയ്, അച്ഛൻ അങ്ങനെ ചെയ്യോ മോളേ?'
'ഏയ് ചെയ്യില്ല. എത്ര വേണമെങ്കിലും പഠിച്ചോ, വിദ്യാധനം സർവ്വധനാൽ പ്രധാനമാണ്, എനിക്കോ പഠിക്കാൻ പറ്റിയില്ല നീയെങ്കിലും പഠിക്ക് എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ എല്ലാം കണ്ണുംപൂട്ടി വിശ്വസിച്ചു. എന്റെ മണ്ടത്തരം, അല്ലാതെന്ത് പറയാനാ. ഡിഗ്രിയും പിജിയും കഴിഞ്ഞ ആളുകൾ വന്നപ്പോൾ അവരെയൊക്കെ ഒഴിവാക്കി എന്നെ തുടർന്ന് പഠിപ്പിക്കുന്ന ഒരാളെ കാത്തിരുന്നു. എന്നിട്ട് കിട്ടിയതോ ഇങ്ങനെ ഒരാളെയും'
'അച്ഛനെന്താ അമ്മയെ പഠിപ്പിക്കാഞ്ഞേ?'
'അമ്മയോട് ഞാൻ പൊയ്ക്കോളാൻ പറഞ്ഞതാ, അമ്മ പോവാഞ്ഞിട്ടാ'
'ആ നന്നായി, ഇനി എന്നെ കുറ്റം പറഞ്ഞോ.
കല്യാണം കഴിഞ്ഞ് മൂന്ന് കൊല്ലം കഴിഞ്ഞ് മതി കുട്ടികൾ എന്നൊക്കെ പറഞ്ഞിട്ട് ആറ് മാസം പോലും തന്നില്ല, ദുഷ്ടൻ'
'അത് മോളേ അച്ഛയ്ക്ക് ഗൾഫിൽ ആയിരുന്നല്ലോ പണി. അവിടെ സ്വദേശിവൽക്കരണം വന്നപ്പോൾ അച്ഛന്റെ ജോലി പോയി, ലീവ് തീർന്ന് തിരിച്ച് പോകേണ്ടി വന്നില്ല. നാട്ടിൽ ഒരു പണിയുമില്ലാതെ നടക്കണ്ടല്ലോ എന്റെ ചിന്നൂട്ടിയേം കളിപ്പിച്ച് ഇരിക്കാലോ എന്ന് കരുതീട്ടാ അച്ഛൻ...
പിന്നെ അച്ഛൻ അമ്മയെ പറ്റിച്ചിട്ടൊന്നുമില്ല, അന്ന് ആദ്യം കണ്ടപ്പോഴേ അച്ഛൻ പറഞ്ഞതാ, ഞാനൊരു സെയിൽസ്മാൻ ആണ് ആരെയും സംസാരിച്ച് വീഴ്ത്തും എന്നൊക്കെ. അത് നിന്റെ അമ്മയ്ക്ക് മനസിലാവാഞ്ഞിട്ടാ'
'ഉം, മതി മതി. അച്ഛനും മോളും വന്ന് കിടന്നേ. എനിക്ക് രാവിലെ എണീച്ച് അടുക്കളേൽ കേറാൻ ഉള്ളതാ, നിങ്ങൾക്ക് പാത്രത്തിന് മുന്നിൽ വന്നിരുന്നാൽ മതിയല്ലോ'
'അപ്പൊ ശുഭരാത്രി'

Rajeesh K

പുഷ്പകവിമാനം

"എന്റെ ചെറുക്കനെ ഇതാ തല്ലിക്കൊല്ലാന്‍ പോകുന്നെ,നിനക്ക് അവനെ ഇനിയും കാണണമെന്നുണ്ടെങ്കില്‍ എത്രയും വേഗം വന്ന് അവനെ കൊണ്ട് പൊയ്ക്കോ",ഇത്രയും പറഞ്ഞു ഫോണ്‍ കട്ട് ചെയ്യേണ്ട താമസം,രതിയമ്മ ഓട്ടോയും പിടിച്ചു വീട്ടിലെത്തി.....
ഡോക്ടര്‍മാര്‍ കുറിപ്പ് എഴുതുന്നത്‌ പോലെ,ഓരോന്നു വീതം മൂന്നു നേരം എന്ന കണക്കില്‍,എല്ലാ ദിവസവും ഞാനും അനിയനും തമ്മില്‍ അടി കൂടാറുണ്ടായിരുന്നുവെങ്കിലും,അന്നു വൈകുന്നേരം നടന്നത് ഒരു മഹാഭാരത യുദ്ധം തന്നെയായിരുന്നു.വീട്ടുകാരുടെ കണ്ണില്‍ അവന്‍ എപ്പോഴും നല്ലവനായ ഭീമസേനനും,ഞാന്‍ ദുഷ്ട്ടനും ക്രൂരനുമായ ദുര്യോധനനും...😏
വൈകുന്നേരം ഓഫീസ് കഴിഞ്ഞു വരുന്ന അമ്മ കാണുന്ന കാഴ്ച എന്തെന്നാല്‍,ദ്വന്ദ്വ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഭീമനെയും ദുര്യോധനനെയുമാണ്‌.
നിരാലംബനായി നിലത്തു വീണു കിടക്കുന്ന ഭീമന്റെ നെഞ്ചില്‍ കാലും കയറ്റി വച്ച്,ഗദയ്ക്ക് പകരം കയ്യില്‍ ക്രിക്കറ്റ്‌ ബാറ്റുമേന്തി,ഭവാന്റെ കാല്‍പ്പാദങ്ങളിലൊന്ന് തല്ലിയൊടിക്കാനുള്ള ഉദ്യമത്തിലായിരുന്നു ഈ പാവം ദുര്യോധനന്‍....
ഏതൊരു മാതാശ്രീയ്ക്കും തന്റെ പുത്രന്മാര്‍ ഈ വിധം കുത്സിത പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത് കാണാന്‍ സാധിക്കില്ലയോ,അപ്രകാരം തന്നെ നമ്മുടെ മാതാവും അത്യധികം ഹൃദയ വ്യഥയോടെ ഇപ്രകാരം മൊഴിഞ്ഞു....
അല്ലയോ പുത്രാ ദുര്യോധനാ,നിന്റെ ബാലിഷ്ട്ടമായ ഈ കരങ്ങള്‍ കൊണ്ട്,അഞ്ചു വയസ്സിനു ഇളയതായ പാവം ഭീമസേനനെ നീ ഇപ്രകാരം പ്രഹരിക്കുകയാണെങ്കില്‍,അവന്‍ തല്‍ക്ഷണം മൃതിയടയുകയും,തദ്വാരാ,നിയമപാലകര്‍ വന്നു നിന്നെ കയ്യാമം ചെയുകയും,നീ നിന്റെ ശിഷ്ട്ട കാലം ബന്ധനസ്ഥനായി തടവറയ്ക്കുള്ളില്‍ കഴിയേണ്ടാതയും വരുന്നു...
ചുരുക്കി പറഞ്ഞാല്‍,എടാ മഹാ പാപീ,കാലമാടാ,എന്റെ കൊച്ചിനെ നീ അടിച്ചു കൊല്ലാതെടാ,അവനെ കൊന്നിട്ടു നീ ഇവിടെ സുഖിച്ചു കഴിയാമെന്നു ഒരിക്കലും കരുതണ്ടാ,പോലീസ് വന്നു നിന്നെ പിടിച്ചോണ്ട് പോയി ജയിലില്‍ അടയ്ക്കും.നിന്റെ ജീവിതകാലം മുഴുവന്‍ നെ അവിടെ കിടന്നു നരകയാതന അനുഭവിക്കും,നീ വേണേല്‍ ആരെ വേണോ കൊന്നിട്ടൂ ജയിലില്‍ പൊക്കോ,എന്റെ ചെറുക്കനെ വെറുതെ വിട്....😀
മാതാശ്രീയുടെ ഇത്തരത്തിലുള്ള ജല്പനങ്ങളെ പുചിച്ചു മാത്രം ശീലിച്ച ഞാന്‍,നിഷ്കരുണം തികഞ്ഞ അവജ്ഞയോടെ അവയെ തള്ളികളഞ്ഞു.
നോമിന്റെ ഉന്നം അപ്പോഴും അവന്റെ പിഞ്ചു പാദങ്ങളിലായിരുന്നു.ഇടതു കാല്‍ ഓടിക്കണോ അതോ വലതു കാല്‍ തല്ലി ഓടിക്കണോ എന്നൊരു കണ്ഫ്യുഷനില്‍ ആയിരുന്നു ഈ പാവം ഞാന്‍.
അതിലൊരെണ്ണം തല്ലിയോടിക്കാതെ നോമിന്റെ കലി അടങ്ങുകില്ല മാതാശ്രീ,...അടങ്ങുകില്ല..ഈ വിധമുള്ള നമ്മുടെ അലര്‍ച്ച കാരണമാണ് ഭവതി ദൂത് മുഖേനേ വലിയമ്മയെ കാര്യം ധരിപ്പിക്കുന്നതും,അവര്‍ അപ്പൊ തന്നെ പുഷ്പക വിമാനം ചാര്‍ട്ട് ചെയ്തിങ്ങു പോന്നതും...
എന്തുകൊണ്ട് വല്യമ്മയെ വിളിച്ചു എന്നായിരിക്കും വായനക്കാരായ നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്.സംഭവം വളരെ സിമ്പിള്‍...കുടുംബത്തില്‍ ആരെയെങ്കിലും പേടിയുണ്ടെങ്കില്‍ അത് വല്യമ്മയെയും വല്യച്ചനെയും മാത്രമായിരുന്നു.
പ്രസവിച്ചു എന്നൊരു കര്‍മ്മം മാത്രമേ അമ്മ ഭീമന്റെ കാര്യത്തില്‍ ചെയ്തിരുന്നുള്ളൂ.കുഞ്ഞിലേ മുതല്‍ക്കു തന്നെ ദിവസ്സേനെ ലിറ്റര്‍ കണക്കിന് ആട്ടിന്‍ പാലും പശുവിന്‍ പാലും,ശുദ്ധമായ തൈരും ഒക്കെ കുത്തി നിറച്ചാണ് വല്യമ്മ അവനെ വളര്‍ത്തിയത്..തത്ഫലമായി അവനു എന്തെങ്കിലും ആപത്തു സംഭവിക്കാന്‍ പോകുമ്പോള്‍ അമ്മ ആരെയാ വിളിക്കേണ്ടത്,സ്വാഭാവികമായും വല്യമ്മയെതന്നെ,ശേരിയല്ലേ...
അങ്ങനെ പുഷ്പക വിമാനത്തില്‍ പറന്നെത്തിയ വല്യമ്മ അവനെയും കൊണ്ടു തിരിച്ചു പറക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.അംഗ വസ്ത്രങ്ങള്‍ ഒക്കെ പായ്ക്ക് ചെയ്തു.ഗുരുകുല വിദ്യാഭ്യാസത്തിനു പോകുമ്പോള്‍ വേണ്ട പേന,ബുക്ക്‌,പെന്‍സില്‍ തുടങ്ങി കയ്യില്‍ കിട്ടിയതൊക്കെ പെറുക്കികൂട്ടി..
തിരക്കിനിടയില്‍ നോമിന്റെ വളരെ അത്യാവശ്യം വേണ്ട ഒന്ന് രണ്ടു അംഗ വസ്ത്രങ്ങള്‍ കൂടി അവര്‍ വരിക്കെട്ടിയത്തിനു ഇടയില്‍ പെട്ട് പോയി.തദ്വാരാ തുടര്‍ന്നുള്ള രണ്ടു മൂന്നു ദിവസം നോം,ഗുരുസമക്ഷം പഠനത്തിനായി പോകുമ്പോള്‍ അവ ധരിക്കാതെയായിരുന്നു പോയിരുന്നത് എന്നുള്ളത് വ്യാസന സമേതം ഈ അവസരത്തില്‍ പറഞ്ഞുകൊള്ളട്ടെ...
അവനെയും കൂട്ടി പടിയിറങ്ങാന്‍ നേരം മാതാശ്രീ വക ഒരു ഉഗ്ര ശാപം ഞങ്ങളുടെ മേല്‍ പതിക്കുകയുണ്ടായി.ഇന്നുമുതല്‍ നിങ്ങള്‍ തമ്മില്‍ മുഖാമുഖം നോക്കുകയോ സംസാരിക്കുകയോ ചെയ്യരുത്.
മാതാവിന്റെ ശാപം ഉഗ്രമായിരിക്കും എന്നറിയാവുന്നത് കൊണ്ടു തന്നെ തുടര്‍ന്നുള്ള ഒരു വര്ഷം ഭീമനും ദുര്യോധനനും തമ്മില്‍ യാതൊരു ഇടപെടലുകളും നോക്കാലോ വാക്കാലോ ഉണ്ടായിട്ടില്ല..
ഒരു ദിവസത്തെ സംഭവ പരമ്പരകളുടെ അവസാനമാകുകയാണ്.
പുഷ്പകവിമാനം ഡ്രൈവര്‍ കിക്കര്‍ അടിച്ചു സ്റ്റാര്‍ട്ട്‌ ആക്കി.ക്ലച്ചു പിടിച്ചു വണ്ടി ഫസ്റ്റ് ഗിയറില്‍ ഇട്ടതും നമ്മുടെ അനുജന്‍ അതില്‍ നിന്നും താഴേക്ക്‌ ചാടി ഇറങ്ങിയതും ഒരുമിച്ചായിരുന്നു..
നിറകണ്ണുകളോടെ,അവര്‍ പോകുന്ന ദിക്കിലേക്ക് നോക്കി നിന്ന എന്റെ അടുക്കലേയ്ക്ക് ഒരു ചെറിയ മാന്‍പേടയെപ്പോലെ അവന്‍ ഓടിയടുത്തു.ശേഷം വാരി പുണരാനായി കൈ നീട്ടിയ എന്നെ കുനിച്ചു നിറുത്തി മുതുകത്ത് ഒരൊന്നൊന്നര ഇടിയങ്ങ് ഇടിച്ചു.
രണ്ടു മിന്നല് വെട്ടിയതും,അധികം പ്രകാശിക്കാത്തതുമായ ഏതാനം മിന്നാമിനുങ്ങുകളെയും മാത്രം നോക്കി ഭൂമിദേവിയോട് ചേര്‍ന്ന് മുഖം പൊത്തിക്കിടക്കാന്‍ മാത്രമേ എനിക്കപ്പോള്‍ സാധിക്കുമായിരുന്നുള്ളൂ.....

Vivek VR

Man from Louisiana - Part 1


ന്യൂ ഓർലാൻസ് - ല്യൂസിയാന - യുണൈറ്റഡ് സ്റ്റേറ്റ്സ്. 2018 ജനുവരി 26
അമേരിക്കൻ സംസ്ഥാനമായ ല്യൂസിയാനയുടെ തെക്കു കിഴക്കൻ പ്രവിശ്യയിലുള്ള ഒരു പട്ടണമാണ് ന്യൂ ഓർലാൻസ്. പ്രസിദ്ധമായ മിസ്സിസ്സിപ്പി നദിയുടെ ഇരു കരകളിലുമായി പരന്നു കിടക്കുന്ന ഒരു മനോഹര നഗരം.
മറ്റു അമേരിക്കൻ സിറ്റികൾ പോലെയല്ല. ന്യൂ ഓർലാൻസിന് തനതായ ഒരു സംസ്കാരമുണ്ട്. സംഗീതം , പാചകം പോലുള്ള മേഖലകളിൽ സ്വന്തമായ നിലപാടുകളുണ്ടവർക്ക്. മാർട്ടിഗ്രാ പോലുള്ള സാംസ്കാരിക പരിപാടികൾ ലോക പ്രശസ്തമാണ്.
സിറ്റിയിൽ നിന്നും ഏതാണ്ട് 120 മൈൽ ഉള്ളിലേക്ക് കയറിയാണ് ഡ്രെക്സ് അവെന്യു എന്നറിയപ്പെടുന്ന ഒരു ചെറിയ റെസിഡെൻഷ്യൽ ഏരിയ. പേരു കേട്ടാൽ ഒരു വൻ പാർപ്പിട സമുച്ചയം പോലെ തോന്നുമെങ്കിലും ആകെ അവിടെ ജനവാസമുള്ളത് പത്തോ പന്ത്രണ്ടോ വീടുകളിൽ മാത്രം. ആകെ അവിടെയുള്ള ഒരു പൊതു സ്ഥാപനം എന്നു പറയാനുള്ളത് ഒരു പെട്രോൾ പമ്പാണ്. അതിനോടു ചേർന്നു തന്നെ ഒരു ഗാരേജും ചെറിയൊരു സൂപ്പർ മാർക്കറ്റുമുണ്ടായിരുന്നു.
സ്ഥലത്തിനുള്ള വിലക്കുറവു കൊണ്ട് മാത്രമാണ് അവിടുള്ളവർ ആ ടൗൺ വിട്ടു പോകാത്തത്. കാരണം ടൗണിന്റെ ഒത്ത നടുക്കു തന്നെ ഒരു വലിയ ശ്മശാനമുണ്ട്. രണ്ടു നൂറ്റാണ്ടുകളോളം പഴക്കമുള്ള ഒരു പടു കൂറ്റൻ സെമിത്തേരി. ആ നാട്ടുകാർ പറയുന്നത് , ഗവണ്മെന്റിന് അവിടെയുള്ള മനുഷ്യരേക്കാളും താൽപര്യം ആ പുരാതന ശവക്കല്ലറകളോടാണെന്നാണ്. കാരണമുണ്ട്. ന്യൂ ഓർലാൻസ് സന്ദർശ്ശിക്കാനെത്തുന്ന സഞ്ചാരികൾ ഒരിക്കലും വിട്ടു പോകാതെ കണ്ടിരിക്കേണ്ട ഒരു ടൂറിസ്റ്റ് പ്ലേസാണ് ആ ശ്മശാനം. വൂഡൂ സെമിത്തേരി എന്നറിയപ്പെടുന്ന ആ കല്ലറകൾ വളരെ വിചിത്രമാണ്. മിക്കതും ഭൂമിക്കു മുകളിലാണ്. നമുക്ക് കല്ലറകൾക്കുള്ളിൽ കയറി നടക്കാനാകും. വാതിലുകളും ജനലുകളുമൊക്കെയുള്ള കുഴിമാടങ്ങൾ!
അവിടെ ഇപ്പോഴും ആത്മാക്കൾ വിഹരിക്കുന്നുണ്ടത്രേ. ആറു മണി കഴിഞ്ഞാൽ ആരും തന്നെ ആ വഴി നടക്കാറില്ല.
ടൗണിന് ശാപമാണ് ആ കല്ലറകൾ എന്നെല്ലാവർക്കുമറിയാം. പക്ഷേ അതൊരു പുരാതന സംസ്കാരത്തിന്റെ ഭാഗമായി ഇപ്പോഴും പരിരക്ഷിക്കപ്പെടുന്നു.
പൊതുവേ ആ നാട്ടുകാർ സന്തുഷ്ടരല്ല. എല്ലാവരുടെയും മുഖം മ്ലാനമായിരുന്നു എപ്പോഴും. കാരണം ഒരു പക്ഷേ സാമ്പർത്തികമായിരിക്കണം. ഒരു ജോലിക്കായി മൈലുകളോളം സഞ്ചരിക്കണം. ഉന്നത വിദ്യാഭ്യാസം വേണമെങ്കിൽ ടൗൺ തന്നെ ഉപേക്ഷിക്കണം. പെട്ടെന്നൊരു അസുഖമോ മറ്റോ വന്നാൽ ആംബുലൻസിനു കാത്തു നിൽക്കാനാവില്ല. സ്വയം ഡ്രൈവ് ചെയ്ത് അടുത്ത സിറ്റിയിലെ ഹോസ്പിറ്റലിലെത്തിക്കണം. വികസിത രാജ്യമായ അമേരിക്കയിൽ ഇങ്ങനെയും ചില സ്ഥലങ്ങളുണ്ടെന്ന് ചെന്നു കണ്ടെങ്കിലേ വിശ്വസിക്കാനാകൂ.
സ്ഥല വിവരണം വല്ലാതെ നീണ്ടു പോകുന്നല്ലേ ? കഥ തുടങ്ങട്ടെ
***** ***** ***** ***** ***** *****
അന്നൊരു വെള്ളിയാഴ്ച്ചയായിരുന്നു. തണുത്ത് വിറങ്ങലിച്ച ഒരു ജനുവരി ദിവസം. തലേന്നു രാത്രി മുഴുവൻ മഴയായിരുന്നു. റോഡുകൾ വിജനമായ്ക് കിടന്നു. ആകെ ഒരു കുതിർന്ന ദിവസം. ഒപ്പം മൂർച്ചയുള്ള ഒരു തരം കാറ്റും.
സ്റ്റെല്ല ലെവിൻ. അവളെയാകട്ടെ നമ്മൾ ആദ്യം പരിചയപ്പെടുന്നത്.
രാവിലെ തന്നെ ഉണർന്ന് വീട്ടു ജോലികളെല്ലാം തീർത്ത് സ്റ്റെല്ല കോളേജിലേക്കു പോകാൻ തയ്യാറായി. യൂണിഫോമിട്ടു നിന്നാണ് അവൾ ബ്രെയ്ക് ഫാസ്റ്റ് കഴിച്ചത്. ഒപ്പം അന്നു ക്ലാസ്സിലേക്കു വേണ്ടി റെഫർ ചെയ്യേണ്ട ഒരു ടെക്സ്റ്റ് ബുക്ക് മേശപ്പുറത്ത് തുറന്നു വെച്ച് വായിക്കുന്നുണ്ടായിരുന്നു. പതിനഞ്ചു മിനിട്ടാണ് അവൾ തനിക്കനുവദിച്ചിരിക്കുന്ന ബ്രെയ്ക്ക് ഫാസ്റ്റ് ടൈം. അതു കഴിഞ്ഞതും ബുക്ക് അടച്ചു വെച്ച് വായിച്ചതെല്ലാം ഒരു നിമിഷം മനസ്സിൽ ഉരുവിട്ടു. തുടർന്ന് പാത്രങ്ങൾ കഴുകാനായി സിങ്കിലേക്കിട്ട് തിടുക്കത്തിൽ അവൾ സ്വീകരണ മുറിയിലേക്കെത്തി.
അമ്മ മാർഗ്ഗരറ്റ് ലെവിൻ അവിടെ തന്റെ വീൽ ചെയറിൽ ജനലിലൂടെ പുറത്തേക്കു നോക്കി ഇരിപ്പുണ്ടായിരുന്നു.
"അമ്മ ഇന്നലെ രാത്രിയും ഉറങ്ങീല്ല. അല്ലേ ?" സ്റ്റെല്ലയുടെ സ്വരത്തിൽ അൽപ്പം നീരസമുണ്ടായിരുന്നു. "എത്ര പറഞ്ഞിട്ടും പ്രയോജനമില്ല!"
"നല്ല മഴയായിരുന്നു മോളേ..." അമ്മയുടെ പതിഞ്ഞ സ്വരം. " ചെലപ്പോ വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ടീ വിയിൽ കണ്ടിരുന്നു. "
"പിന്നേ! അതൊക്കെ അങ്ങ് സിറ്റിയിലല്ലേ ? ഇവിടെയൊന്നും ഒരിക്കലും വെള്ളം പൊങ്ങൂല്ല. അമ്മ പോയി കിടന്നുറങ്ങാൻ നോക്കിക്കേ. ഞാൻ ഓറഞ്ച് ജ്യൂസ് ഉണ്ടാക്കിയിട്ടുണ്ട്. അതും കുടിച്ച് ഗുളികയെല്ലാം കഴിച്ച് നല്ല കുട്ടിയായി കിടന്നുറങ്ങ്. കേട്ടോ ?" അവൾ സ്നേഹത്തോടെ അവരുടെ നരച്ച മുടിയിഴകൾ തലോടി. " അതിരിക്കട്ടെ പപ്പാ എന്ത്യേ ?"
ഒരു ദീർഘനിശ്വാസമായിരുന്നു മറുപടി. സ്റ്റെല്ലയുടെ മുഖം വാടി.
"ഓഹോ! രാവിലെ തന്നെ ബെയ്സ്മെന്റിലേക്കിറങ്ങിയോ ? എനിക്കൊന്നു കാണണമാരുന്നു. " അവൾ താഴെ ബെയ്സ്മെന്റിലേക്കിറങ്ങുന്ന സ്റ്റെപ്പുകളിലേക്കു നോക്കി. അങ്ങോട്ടേക്കിറങ്ങാനുള്ള വാതിൽ പൂട്ടിയിരിക്കുന്നു. ഇംഗ്ലീഷിലും സ്പാനിഷ് ഭാഷയിലും ആ വാതിലിൽ " അന്യർക്ക് പ്രവേശനമില്ല!" എന്ന് വലിയ അക്ഷരങ്ങളിൽ എഴുതിയിരുന്നു.
അൽപ്പ സമയം ആലോചിച്ചു നിന്നതിഞ്ഞ് ശേഷം അവൾ നടന്ന് ചെന്ന് ആ വാതിലിൽ മുട്ടി.
"പപ്പാ! അവിടെയുണ്ടോ ?" ഉറക്കെ വിളിച്ചു ചോദിച്ച ശേഷം അവൾ കാതോർത്തു. മറുപടിയില്ല.
അവൾ പതിയെ കുനിഞ്ഞ് തന്റെ ചെവി ആ വാതിലിൽ ചേർത്തു വെച്ചു. പതിയെ പതിയെ അവളുടെ മുഖത്ത് വെറുപ്പ് വന്നു നിറഞ്ഞു. അകത്തു നിന്നും കേട്ട മന്ത്രോച്ചാരണങ്ങളാണ് അവളെ അസ്വസ്ഥയാക്കിയത്.
ഓർമ്മ വെച്ച കാലം മുതലേ അവളെ അലട്ടുന്ന ഒരു പ്രശ്നമാണത്.
അവൾക്കെന്നല്ല, ഈ ലോകത്ത് ആർക്കും അറിയില്ല അവളുടെ പപ്പാ ആ ബെയ്സ്മെന്റിൽ എന്താണീ ചെയ്യുന്നതെന്ന്. ഒരിക്കൽ പോലും ആ വാതിൽപടിക്കപ്പുറത്തേക്ക് കടക്കാൻ അവൾക്ക് ധൈര്യമുണ്ടായിട്ടില്ല.
അവളുടെ പപ്പ, വാൾട്ടർ ലെവിൻ ഒരു വല്ലാത്ത മനുഷ്യനാണ്. ആരോടും അടുപ്പമില്ലാതെ ആരുമായും ബന്ധമില്ലാതെ ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരു വിചിത്ര മനുഷ്യൻ. കറുത്ത് കരുവാളിച്ചിരിക്കുന്ന ആ മുഖം കണ്ടാൽ തന്നെ പേടിയാകും. ദീർഘകാലത്തെ പട്ടാള ജീവിതം അയാളെ ഒരു തരം മരവിച്ച അവസ്ഥയിലെത്തിച്ചിരുന്നു.
നാട്ടുകാർ ആരും അയാളുമായി ഇടപെടാറില്ല. പോരാത്തതിന് അയാളുടെ ഈ ‘ബെയ്സ്മെന്റ് ബിസിനസ്’ എന്താണെന്നറിയാത്തത് എല്ലാവർക്കും ഒരു അസ്വസ്ഥതയുണ്ടാക്കി. ദുർ മന്ത്രവാദമാണെന്ന് ചിലർ. മയക്കുമരുന്നുണ്ടാക്കുകയാണെന്ന് മറ്റു ചിലർ.
രണ്ടു വർഷം മുൻപ് ഒരിക്കൽ ഒരു സംഘം ഡി ഇ ഏ ഏജന്റുമാർ വീട്ടിലെത്തിയിരുന്നതാണ്. രാത്രി കാലങ്ങളിൽ ആ വീട്ടിൽ എന്തൊക്കെയോ വിചിത്ര ഇടപാടുകൾ നടക്കുന്നതായി നാട്ടുകാരിൽ ചിലർ പോലീസിൽ പരാതിപ്പെട്ടിരുന്നത്രേ. ബെയ്സ്മെന്റിൽ നിന്നും പുക ഉയരുന്നതാണ് സംശയം ഉണ്ടാകാൻ കാരണം. ക്രിസ്റ്റൽ മെത്ത് (മെതേയ്ൻ ഫെഡമീൻ) എന്നൊരുതരം മയക്കുമരുന്ന് ഉണ്ടാക്കുന്ന ഒരു ലാബ് അയാൾ നടത്തുന്നുണ്ടെന്നായിരുന്നു പോലീസിനു കിട്ടിയ രഹസ്യ വിവരം.
എന്നാൽ രണ്ടു കാറുകളിലായി ആഘോഷമായി വന്ന ഡീ ഈ ഏ സംഘം നിരാശരായി മടങ്ങേണ്ടി വന്നു. ബെയ്സ്മെന്റിൽ തന്റെ ആരാധനാ കേന്ദ്രമാണെന്നും മതപരമായ കാരണങ്ങളാൽ ‘അവിശ്വാസികളായ’ അന്യരെ പ്രവേശിപ്പിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും കാണിച്ച് അയാൾ മുൻപേ തയ്യാറാക്കിയിരുന്ന കോർട്ട് ഓർഡർ അവർക്ക് മുൻപിൽ നിവർത്തി. റെയ്ഡ് ചെയ്യാൻ പോയിട്ട് ആ മുറിയിൽ ഒന്നു കാൽ ചവിട്ടാൻ പോലുമാകാതെ ആ ഉദ്യോഗസ്ഥർ സ്ഥലം വിട്ടു.
എന്തായാലും, അയാളെക്കൊണ്ട് ആർക്കും ഒരു ഉപദ്രവവും ഇല്ല. ആരുടെയും ഒരു സഹായവും അയാൾ ഇന്നു വരെ ചോദിച്ചിട്ടില്ല.
കഠിനാദ്ധ്വാനിയായിരുന്നു അയാൾ. രാവിലെ 9 മണിയോടു കൂടി വീടു വിട്ടിറങ്ങുന്ന അയാൾ തന്റെ ട്രക്കിൽ അടുത്തുള്ള ടൗണുകളിൽ ഒരു മൈന്റനൻസ് ഹാൻഡിമാൻ ആയി ജോലി ചെയ്യും. പ്ലംബിങ്ങ്, ഇലക്ട്രോണിക്സ്, പിന്നെ അത്യാവശ്യം വാഹന റിപ്പയർ ഒക്കെയായി അന്നന്നത്തേക്കു വേണ്ട വരുമാനം അയാൾ സംഘടിപ്പിക്കും. നല്ലൊരു തുക സമ്പാദ്യമായി മാറ്റി വെച്ചിട്ടുമുണ്ട്. വളരെ മിതമായി മാത്രം മദ്യപിക്കുന്ന അയാൾ കൃത്യം 8 മണിക്കു തന്നെ വീട്ടിലെത്തി ഭക്ഷണം കഴിച്ച് 9:15 ന് ഉറങ്ങാനായി പോകും. പട്ടാള ചിട്ടയിലാണ് കാര്യങ്ങൾ.
അമ്മ - മാർഗരറ്റ് (ആന്റി മാഗി) വീൽ ചെയറിലാണ് സ്റ്റെല്ലക്ക് ഓർമ്മ വെച്ച കാലം മുതൽ. അസ്ഥികൾ ക്ഷയിച്ചു പോകുന്ന എന്തോ അസുഖമാണെന്നാണ് കേട്ടിരിക്കുന്നത്. എന്നാൽ വർഷങ്ങളായി യാതൊരു ചികിൽസയും അവർക്കില്ല. ഉറങ്ങാനായി ഒരു ഗുളിക മാത്രം. ആരോടും സംസാരം ഇല്ല. സ്റ്റെല്ല മാത്രം എന്തെങ്കിലും ചോദിച്ചാൽ ചിലപ്പൊ മറുപടി പറയും. വിഷാദ ഭാവമാണ് സദാ സമയവും. വാൾട്ടർ അവരെ തീരെ ശ്രദ്ധിക്കാറേയില്ല.
അവർ രണ്ടു പേരും തമ്മിൽ എന്തോ വലിയ പ്രശ്നമുണ്ടായിട്ടുണ്ടെന്ന് സ്റ്റെല്ലക്കറിയാം. ഒരു പക്ഷേ പപ്പായുടെ ജീവിതത്തിലെ ദുരൂഹതകളുമായി അതിനെന്തെങ്കിലും ബന്ധം കാണുമെന്നും അവൾക്കു തോന്നിയിട്ടുണ്ട്. എന്നാൽ, ആ വിഷയങ്ങളൊന്നും സംസാരിക്കാൻ അവർ രണ്ടു പേരും തയ്യാറല്ല.
സ്റ്റെല്ലക്ക് പപ്പയോട് സംസാരിക്കാനേ ഭയമാണ്. എന്തെങ്കിലും പറഞ്ഞാൽ അത് ഒരു വാഗ്വാദത്തിലേ അവസാനിക്കൂ. അമ്മയാണെങ്കിൽ ഒന്നും മിണ്ടാറുമില്ല.
അന്ന്
വാതിലിൽ ചെവിയോർത്തു നിന്ന സ്റ്റെല്ല പെട്ടെന്നു നിവർന്നു നിന്നു. അകത്തു നിന്നും മന്ത്രോച്ചാരണങ്ങൾ നിലച്ചിരിക്കുന്നു.
“പപ്പാ!” അവൾ വീണ്ടും വിളിച്ചു.
“വരുന്നു...” അകത്തു നിന്നും അയാളുടെ പരുക്കൻ സ്വരം കേട്ടു.തുടർന്ന് എന്തൊക്കെയോ സാധന സാമഗ്രികൾ അടുക്കി പെറുക്കി വെക്കുന്ന ശബ്ദം. സ്റ്റെല്ല ആകെ വിഷണ്ണയായി അവിടെ തന്നെ നിന്നു.
രണ്ടു മിനിറ്റിനുള്ളിൽ ആ വാതിൽ തുറക്കപ്പെട്ടു.
“യെസ്! പറയൂ...” അയാളുടെ മുഖം ക്രൂദ്ധമായിരുന്നെന്നു തോന്നി അവൾക്ക്. ഒരുപക്ഷേ താൻ എന്തെങ്കിലും ശല്യമുണ്ടാക്കി കാണുമോ ?
“അം..എനിക്കൊരു ഹെല്പ് വേണം.” അവൾ ഒന്നു പരുങ്ങി. “കുറച്ചു കാശു വേണം.”
“എന്തിന് ?” അയാൾ അവളെ പുറകോട്ട് തള്ളിക്കൊണ്ട് വാതിലിനു വെളിയിലേക്കിറങ്ങി. “നീയിവിടെ ഒളിച്ചു നിന്ന് കേൾക്കുകയായിരുന്നോ ? എന്തിനാ വാതിലിനോട് ഇത്രേം ചേർന്ന് നിന്നത് ?” അയാളുടെ ചോദ്യം തീഷ്ണമായിരുന്നു.
“എന്ത് കേൾക്കാൻ ?” അവൾക്കു ദേഷ്യം വന്നു. “ഞാനെന്തിനാ ഒളിച്ചു കേൾക്കുന്നേ ? അതിനകത്തെന്തുണ്ടായിട്ടാ ?”
“എനിക്കറിയാം നിന്റെയൊക്കെ സ്വഭാവം. ക ള്ളത്തരമാണു കയ്യിൽ നിറയെ.” അയാൾ ആ വാതിൽ ഒരു വലിയ താഴിട്ടു പൂട്ടി. “എന്തിനാ നിനക്കു കാശ് ?”
“ഒരു 70$ മതി. ഇന്നലെ എന്റെ ഒരു ഫ്രണ്ടിന്റെ കയ്യീന്നു വാങ്ങിയതാ. തിരിച്ചു കൊടുക്കണം.”
“കോളേജി പഠിക്കാൻ പോകുന്ന പിള്ളേർക്കെന്തിനാ കാശ് ?”
“അത്... എനിക്ക് ഒരു പേഴ്സണൽ ആവശ്യത്തിന് വാങ്ങിയതാ. എല്ലാം പപ്പയോട് പറയാൻ പറ്റുമോ ? എനിക്ക് ചില പേഴ്സണൽ ഐറ്റംസ് ഒക്കെ വാങ്ങേണ്ടി വരും. ഞാനൊരു പെൺകുട്ടിയല്ലേ ? “
”നീ നിന്റെ പിരീഡ്സിനെപ്പറ്റിയാണ് പറയുന്നതെങ്കിൽ, എനിക്ക് നന്നായി അറിയാം നിന്റെ ഡേറ്റ്സ് എല്ലാം. നീ എന്റെ മോളാണ്. നിനക്കു പോലുമറിയാത്ത നിന്റെ പല കാര്യങ്ങളും എനിക്കറിയാം. ഞാൻ ഒന്നും ശ്രദ്ധിക്കാറില്ല എന്നു നിനക്കു തോന്നുന്നുണ്ടെങ്കിൽ, അതൊരു തെറ്റിദ്ധാരണയാണ്. സോ, കള്ളം പറയരുത്. എന്തിനാണ് നിനക്ക് കാശ് ?“
അവൾ കൈത്തലം നെറ്റിയിലമർത്തി അല്പ്പ നേരം നിന്നു. ദേഷ്യം കൊണ്ട് അവളുടെ മുഖം ചുവന്നു വരുന്നുണ്ടായിരുന്നു.
”നീയും നിന്റെ ഫ്രണ്ടും കൂടി ക്ലാസ്സു കട്ട് ചെയ്ത് കറങ്ങാൻ പോയി. അല്ലേ ? അതിനല്ലേ നീ അവൾടെ കയ്യീന്നു കാശു വാങ്ങിയത് ? സത്യം പറ.“
”വാട്ട് ദ ഹെൽ !! പപ്പ എന്താ ഈ പറയുന്നേ ? ചുമ്മാ ഓരോന്ന് ചിന്തിച്ചുണ്ടാക്കുന്നതെന്തിനാ ? “ അവളുടെ നിയന്ത്രണം വിട്ടു പോയിരുന്നു.
”യങ്ങ് ലേഡി! എന്റെ വീടാണിത്. ഇവിടെ ഇത്തരം ഭാഷകൾ ഞാൻ അനുവദിക്കില്ല. “ അയാൾ മുരണ്ടു. ”നീ അത്ര വലിയ പെണ്ണൊന്നുമായിട്ടില്ല. 17 വയസ്സല്ലേ ഉള്ളൂ നിനക്ക് ? ഞാൻ പറയുന്നതനുസരിച്ച് അടങ്ങിയൊതുങ്ങി കഴിഞ്ഞാ മതി എന്റെ മോൾ. അല്ലെങ്കിൽ… അറിയാല്ലോ.“ അയാൾ പല്ലിറുമ്മുന്ന ശബ്ദം കേട്ടു.
പോക്കറ്റിൽ നിന്ന് പേഴ്സ് വലിച്ചെടുത്ത അയാൾ ഒരു 100$ നോട്ടെടുത്ത് അവൾക്കു നീട്ടി.
സ്റ്റെല്ലയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
”എന്റെ മോളു സങ്കടപ്പെടാൻ പറഞ്ഞതല്ല പപ്പ.“ കണ്ണീരു കണ്ടപ്പോൾ അയാൾ പെട്ടെന്നു തന്നെ ശാന്തനായി. “എനിക്ക് നിന്നിൽ എന്തോരം പ്രതീക്ഷയുണ്ടെന്നറിയാമോ ? എനിക്കാകെ ഉള്ള ഒരെണ്ണമാ നീ. ഇതാ, കാശ് വാങ്ങ്.”
അവൾ ആ നോട്ടിൽ തൊട്ടതും അയാൾക്ക് പെട്ടെന്നെന്തോ ഓർമ്മ വന്നു.
“നീ പാർട്ട് ടൈം ആയിട്ട് ജോലി ചെയ്യുന്നില്ലായിരുന്നോ ? ഏതോ കോഫീ ഷോപ്പിൽ. അവരു സാലറിയൊന്നും തരാറില്ലേ ?”
അവളുടെ തല താഴ്ന്നു.
“ആ ജോലി പോയി പപ്പാ. അവർ രണ്ടു ദിവസം മുൻപ് എന്നെ പിരിച്ചു വിട്ടു. ”
“അതെന്തുപറ്റി ?”
“അത്...അവർക്ക് രാത്രി വൈകി നില്ക്കുന്ന ആരെയെങ്കിലും വേണം.9.30 വരെയെങ്കിലും നിന്നാലേ പറ്റൂ. എനിക്കതു പറ്റില്ലല്ലോ.8 മണി വരെ ജോലി കഴിഞ്ഞ് അര മണിക്കൂർ യാത്രയുണ്ട് ഇങ്ങോട്ട്. പിന്നെ കുളിച്ച് ഭക്ഷണം കഴിച്ചു കഴിയുമ്പോഴെക്കും ഉറങ്ങാറാകും. പിന്നെ ഹോംവർക്ക് ചെയ്യാൻ പോലും സമയം തികയില്ല. രാവിലെ എഴുന്നേറ്റാണ് ഞാൻ പഠിക്കാറ്. അതു പറഞ്ഞപ്പോ സൂപ്പർവൈസർ സമ്മതിച്ചില്ല. കണ്ടിന്യൂ ചെയ്യണ്ട എന്നു പറഞ്ഞു. ഞാൻ വേറേ നോക്കുന്നുണ്ട്.”
“ഈ സൂപ്പർവൈസർ...” വാൾട്ടറുടെ മുഖം വീണ്ടും ക്രൂദ്ധമായി . “അവനെന്തിനാണ് നിന്നെ രാത്രി വൈകി അവിടെ നിർത്തിയിട്ട് ? എന്താ അവന്റെ ഉദ്ദേശം ? ചെറുപ്പം പെൺകുട്ടികളെ ഒറ്റക്കു കിട്ടിയാൽ എന്തു ചെയ്യാനാ അവന്റെ പ്ലാൻ ?”
“വാട്ട്!!” സ്റ്റെല്ലയുടെ മുഖം വക്രിച്ചു. “പപ്പക്കെന്താ പറ്റിയത് ? ചുമ്മാ എഴുതാപ്പുറം വായിക്കരുത് . അദ്ദേഹം ഒരു ഡീസന്റ് മനുഷ്യനാണ്. പപ്പയേക്കാൾ പ്രായമുണ്ട്. എല്ലാരേം സംശയം ! എന്തൊരു കഷ്ടമാണിത് ! അവരുടെ വർക്കിങ്ങ് ടൈം 9.30 വരെയാണ്. ഷോപ്പ് ക്ലോസ് ചെയ്യുന്ന വരെ ജോലി ചെയ്യാൻ ഒരാളെയാണ്‌ അവർ നോക്കുന്നത്. അത്രേയുള്ളൂ. “ അവൾ തലയിൽ കൈ വെച്ചു.
”നിനക്കെന്തറിയാം മോളേ!“ വാൾട്ടറിൽ നിന്നും ഒരു ദീർഘനിശ്വാസമുതിർന്നു " വയസ്സന്മാർക്കാ കിളുന്തു പെൺകുട്ടികളെ കാണുമ്പോൾ ഇളക്കം കൂടുതൽ. ഒരു പോറൽ പോലും വീഴിക്കാതെയാ നിന്നെ ഞാൻ വളർത്തിക്കൊണ്ടു വന്നെ. ഇനിയും അങ്ങനെ തന്നെയായിരിക്കുകയും ചെയ്യും.ഞാനെന്തായാലും അയാളെ ഒന്നു പോയി കാണുന്നുണ്ട്. ഒരു മാൻ റ്റു മാൻ സംസാരം ആവശ്യമാണ്.“
”ദൈവമേ!!“ അവൾ സഹിക്കവയ്യാതെ തിരിഞ്ഞു നടന്നു. ”ഒന്നും പറയാൻ നിവൃത്തിയില്ല ഈ വീട്ടിൽ! എല്ലാരേം സംശയം! എല്ലാരും ശത്രുക്കൾ! പപ്പ അടുത്തു തന്നെ മെന്റലാകും. ഉറപ്പാ എനിക്ക്. നോക്കിക്കോ. 18 വയസ്സു തികയുന്ന ആ നിമിഷം ഞാൻ ഈ വീട്ടീന്നിറങ്ങിയിരിക്കും! മടുത്തു ഞാൻ!“ പുറത്തേക്കിറങ്ങിയ അവൾ ദേഷ്യത്തോടെ വാതിൽ ശക്തിയായി വലിച്ചടച്ചു.
വെറും 5000$ മാത്രം വിലയുള്ള തന്റെ പഴഞ്ചൻ കാറും ഓടിച്ച് കോളേജിലേക്കു തിരിച്ചപ്പോൾ സ്റ്റെല്ലയുടെ മനസ്സ് ആകെ കലുഷിതമായിരുന്നു.
ഇത് ആദ്യമായിട്ടല്ല, എപ്പൊ വാൾട്ടറുമായി സംസാരിച്ചാലും അത് ഇങ്ങനെയൊക്കെയേ അവസാനിക്കൂ. ഈയിടെയായി, അവളുടെ ശരീര വളർച്ച അയാളെ വല്ലാതെ ഭയപ്പെടുത്തുന്ന പോലെ തോന്നിയിരുന്നു അവൾക്ക്. സദാ സമയവും പപ്പ തന്നെ എവിടെയൊക്കെയോ ഇരുന്നു വീക്ഷിക്കുന്ന പോലെ ഒരു തോന്നൽ.
കോളേജിലെത്തിയ അവൾ തന്റെ കൂട്ടുകാരി മെറിനെ പ്രതീക്ഷിച്ച് കാന്റീനിലേക്കു നടന്നു. സ്ഥിരം പതിവാണത്. ആരാണോ അദ്യം വരുന്നത് അയാൾ കാന്റീനിൽ വെയ്റ്റ് ചെയ്യും.
“ഇന്നെന്താ പ്രശ്നം ?” മെറിൻ അവളെ കണ്ടതും എണീറ്റു വന്നു. “പപ്പയോ മമ്മയോ ? ആരാ ഉടക്കിയെ ?”
സ്റ്റെല്ല മറുപടിയൊന്നും പറഞ്ഞില്ല. പകരം, ബാഗിൽ നിന്ന് നേരത്തെ പപ്പ കൊടുത്ത ആ 100$ എടുത്ത് മെറിനു നീട്ടി.
“എന്താ സ്റ്റെല്ലാ പ്രശ്നം ?” മെറിൻ അവളെ ചുറ്റിപ്പിടിച്ചു കൊണ്ട് ക്ലാസ്സിലേക്കു നടന്നു.
“ഒരു കാര്യം ചോദിക്കട്ടെ ?” സ്റ്റെല്ല ശാന്തയായിരുന്നു. “നിന്റെ പപ്പയും നീയുമായിട്ട് വല്യ കൂട്ടല്ലേ ? ഭയങ്കര ഫ്രണ്ട്ലി ആണല്ലോ.”
“അതേ. അതിന് ?”
“നിന്റെ എല്ലാ കാര്യങ്ങളും പപ്പ അന്വേഷിക്കാറുണ്ടോ ?”
“അത്യാവശ്യം. നീ കാര്യം പറ പെൺകുട്ടി.”
“നിന്റെ പിരീഡ്സിന്റെ ഡേറ്റ്സ് ഒക്കെ പപ്പക്കറിയുമോ ?”
“വാട്ട്!!” മെറിൻ അമ്പരന്നു പോയി. “അതെങ്ങനെ പപ്പക്കറിയും ? അമ്മക്ക് ചെലപ്പോ...പക്ഷേ പപ്പ... ഛേ! നീയെന്താ ഈ ചോദിച്ചെ. ” അവളാകെ അസ്വസ്ഥയായി.
“നിനക്കറിയണോ, എന്റെ പപ്പ അതിന്റെയെല്ലാം കണക്കെടുത്താ നടക്കുന്നത്.” സ്റ്റെല്ലയുടെ മുഖത്ത ഒരു വല്ലാത്ത് നിസ്സഹായ ഭാവമായിരുന്നു. “ഇങ്ങനെ ഉള്ള ഒരു ട്വിസ്റ്റഡ് മനുഷ്യന്റെ കൂടെയാ ഞാൻ ജീവിക്കുന്നെ. കാൻ യൂ ബിലീവ് ഇറ്റ് ? മരിച്ചാലോന്നു വരെ തോന്നിപ്പോകുന്നു. മിണ്ടാൻ നിവൃത്തിയില്ല. എന്തു പറഞ്ഞാലും സംശയമാണ് അങ്ങേർക്ക്. എന്റെ ജീവിതം എന്തായിത്തീരുമെന്നോർത്തിട്ട് ഒരു സമാധാനവുമില്ല മെറിൻ. എന്നെ എന്തോ പ്രത്യേക ഉദ്ദേശത്തിനു വളർത്തുന്ന പോലെയാ. അവസാനം എന്തോ ബലി കൊടുക്കാനോ മറ്റോ ആണെന്നു തോന്നും ചിലപ്പോ.” അവൾ വിങ്ങിപ്പൊട്ടി.
“സ്റ്റെല്ല!” പുറകിൽ നിന്നും ആ വിളി കേട്ട് അവർ രണ്ടു പേരും ഞെട്ടിത്തിരിഞ്ഞു.
പ്രൊഫ. സ്റ്റീവ് ലർക്കിൻ !
അവരുടെ ഫിസിക്സ് പ്രൊഫസ്സറാണ്.
“എന്നൊട് ക്ഷമിക്കണം.” അയാൾ അവളോട് അടുത്തു നിന്നു. “ എല്ലാം ഞാൻ കേട്ടു. അറിയാതെ പറ്റിയതാ. സോറി.”
“നോ പ്രോബ്ലം മിസ്റ്റർ ലർക്കിൻ.” സ്റ്റെല്ലയുടെ ചുണ്ടുകൾ വിറച്ചു. “ഞാൻ താങ്കളെ കണ്ടിരുന്നില്ല.”
“സ്റ്റെല്ലക്ക് വേണമെങ്കിൽ ഞാൻ ഇന്ന് വൈകിട്ട് ഫ്രീയാണു കേട്ടോ. നമുക്ക് സംസാരിക്കാം. ഡൊമസ്റ്റിക്ക് ഇഷ്യൂസ് ഒക്കെ ഇങ്ങനെ മനസ്സിൽ കൊണ്ടു നടന്നാൽ അത് പഠനത്തെ ബാധിക്കും. വൈകിട്ട് നാലു മണിക്കു ശേഷം എന്റെ കാബിനിലേക്കു വരൂ. അല്ലെങ്കി വേണ്ട, നമുക്ക് കോസ്റ്റയിൽ വെച്ചു കാണാം. അവിടെയാകുമ്പോ പ്രൈവസി കിട്ടും.” (പ്രശസ്തമായ ഒരു അമേരിക്കൻ കോഫീ ഷോപ്പ് ശ്രംഘലയാണ് കോസ്റ്റ കഫെ.)
“അം...” സ്റ്റെല്ല എന്താണു പറയേണ്ടതെന്നറിയാതെ കുഴങ്ങി.
“അവൾ വരും മി. ലർക്കിൻ.” മെറിൻ ഇടക്കു കയറി. “ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കിക്കോളാം.” നിറഞ്ഞ പുഞ്ചിരിയുണ്ടായിരുന്നു മെറിന്റെ മുഖത്ത്.
അദ്ദേഹം അവരെ കടന്നു മുൻപോട്ടു പോയതും മെറിൻ സ്റ്റെല്ലയെ വട്ടം പിടിച്ചു.
“വാട്ട് എ ലക്കി ഗേൾ!! അങ്ങേരെയൊക്കെ ഒന്ന് അടുത്തു കിട്ടുക എന്നു വെച്ചാൽ!! ഹോ!! നീയൊരു ഭാഗ്യവതി തന്നെ മോളേ!”
ആ കോളേജിലെ മിക്ക പെൺകുട്ടികളുടേയും സ്വപ്ന കാമുകനാണ് പ്രൊഫ. സ്റ്റീവ് ലർക്കിൻ.
46 വയസ്സാണ്, ഡൈവോഴ്സ്ഡ് ആണ്, പഠിപ്പിക്കുന്ന അദ്ധ്യാപകനാണ് ... എല്ലാമറിയാം. പക്ഷേ ആ പേഴ്സണാലിറ്റി... പെൺകുട്ടികൾ മരിക്കും അദ്ദേഹത്തിനു വേണ്ടി. പക്ഷേ ഇന്നു വരെയും ഒരു വാക്കിലോ നോട്ടത്തിലോ പോലും ഒരു ദുഷ്പേരു കേൾപ്പിച്ചിട്ടില്ല അദ്ദേഹം.
സ്റ്റെല്ലയും വ്യത്യസ്ഥയായിരുന്നില്ല. അവൾക്കും പ്രൊഫസ്സറെ ഇഷ്ടമായിരുന്നു. പേടിയും ബഹുമാനവുമൊക്കെ കലർന്ന ഒരു തരം വല്ലാത്ത ഇഷ്ടം.
“ഞാനെന്താ പറയുക അദ്ദേഹത്തോട് ? പേടിച്ചിട്ട് എനിക്ക് ഒരു വാക്കു പോലും വെളിയിൽ വരുമെന്നു തോന്നുന്നില്ല.” സ്റ്റെല്ല ആകെ ചിന്താകുഴപ്പത്തിലായിരുന്നു.
“നീ ഒന്നും പറയണ്ട...അദ്ദേഹം പറഞ്ഞോളും. നീയിങ്ങനെ താടിക്കു കയ്യും കൊടുത്ത് ആ കണ്ണുകളിലേക്കു തന്നെയിങ്ങനെ സൂക്ഷിച്ച് നോക്കി... ലയിച്ചങ്ങനെ ഇരുന്നാ മതി.” മെറിൻ ആ പോസ് കാണിച്ചു കൊടുത്തു.
“പോ പിശാചേ!” സ്റ്റെല്ല അവളുടെ കവിളിൽ ചെറുതായി ഒരടി കൊടുത്തു. “എന്റെ പപ്പേടെ പ്രായമുണ്ട്. ഇങ്ങനൊന്നും ചിന്തിക്കാൻ കൂടി പാടില്ല. അദ്ദേഹം ഇതൊന്നും മനസ്സിൽ പോലും കരുതുന്നുണ്ടാകില്ല.”
“എന്തായാലും അങ്ങേർക്ക് നിന്നോട് എന്തോ സോഫ്റ്റ് കോർണ്ണറുണ്ട്. ഞാൻ മുൻപും ശ്രദ്ധിച്ചിട്ടുണ്ട്. “മെറിൻ കുസൃതിച്ചിരിയോടെ സ്റ്റെല്ലയെ അടിമുടി നോക്കി. “അതിനു കാരണവുമുണ്ടെന്നു വെച്ചോ.”
അന്നത്തെ ദിവസം ഒരിക്കലും അവസാനിക്കാതെ നീണ്ടു പോകുന്നതായി തോന്നി സ്റ്റെല്ലക്ക്. വൈകിട്ടത്തെ കാര്യമോർത്തിട്ട് അവൾക്ക് ഒരു സമാധാനവും കിട്ടിയില്ല.
പല പ്രാവശ്യം അവൾ ആ കൂടിക്കാഴ്ച്ച മനസ്സിൽ റിഹേഴ്സ് ചെയ്തു നോക്കി. അദ്ദേഹത്തിന്റെ ചോദ്യങ്ങളും തന്റെ മറുപടികളുമെല്ലാം അവൾ പല തവണ മനസ്സിൽ ഉരുവിട്ടു. ഒരു സ്വപ്ന ലോകത്തിലായിരുന്നു അവൾ അന്നു മുഴുവനും.
അങ്ങനെ 4:00 മണിയായി.
പട പട മിടിക്കുന്ന ഹൃദയത്തോടെ അവൾ കോസ്റ്റ കഫെ ലക്ഷ്യമാക്കി തന്റെ കാർ ഓടിച്ചു. കഷ്ടി ഒരു ഫർലോങ്ങ് എത്തിയപ്പോഴേക്കും, പ്രൊഫസ്സറുടെ മേഴ്സിഡസ് ബെൻസ് അവളുടെ കാറിനെ മറികടന്നു പോയി.
അവളുടെ വീട്ടിലേക്കുള്ള വഴിയിൽ തന്നെയാണ് കോസ്റ്റ. വർഷങ്ങളായി അതിലേ സഞ്ചരിക്കുന്നു. എങ്കിലും അവൾ ഇന്നു വരെ അതിനുള്ളിൽ പോയിട്ടില്ല. അതേ കെട്ടിടത്തിന്റെ മറ്റേ അറ്റത്തുള്ള ഒരു ചെറുകിട കോഫീ ഷോപ്പിലായിരുന്നു അവൾ പാർട്ട് ടൈം ആയി ജോലി ചെയ്തിരുന്നത്. അവിടെ സാധാരണക്കാരാണ് അധികവും വരാറ്. പക്ഷേ കോസ്റ്റ ഒരല്പ്പം ചിലവു കൂടുതലാണ്. സാദാ ജോലിക്കാർക്ക് താങ്ങാനായെന്നു വരില്ല.
ഉള്ളിൽ കൗണ്ടറിനടുത്ത് പ്രൊഫസ്സർ അവളെ കാത്തു നില്ക്കുന്നുണ്ടായിരുന്നു. അവളെ കണ്ടതും അദ്ദേഹം ഏറ്റവും പുറകിലായി ഒരു പ്രൈവറ്റ് ബൂത്തിലേക്കു നടന്നു. ആകെ ഇരുട്ടാണവിടെ. സ്റ്റെല്ലക്ക് എന്തോ ഒരു ഭയം തോന്നി. അവൾ സംശയത്തോടെയാണ് അദ്ദേഹത്തെ പിന്തുടർന്നത്.
കമിതാക്കൾക്കു വേണ്ടി പ്രത്യേകം രൂപകല്പ്പന ചെയ്തതാണ് ആ ബൂത്ത്. പുറത്തു നിന്നും ആരുടെയും കണ്ണെത്തില്ല അവിടേക്ക്. കറുത്ത ഗ്ലാസ്സ് കൊണ്ടുള്ള പാർട്ടീഷനുകൾക്കപ്പുറമാണ് സീറ്റുകൾ. വളരെ സ്വകാര്യമായി രണ്ടു പേർക്ക് സന്ധിക്കാൻ പറ്റിയ ഇടം.
അയാൾക്ക് എതിർവശത്തായി ഇരിക്കുമ്പോൾ സ്റ്റെല്ലയുടെ കാൽ മുട്ടുകൾ വിറക്കുന്നുണ്ടായിരുന്നു.
“പറയൂ കുട്ടി. എന്താ കഴിക്കുന്നത് ?”
“എനിക്കൊന്നും വേണ്ട മി. ലർക്കിൻ. എനിക്കിവിടെയൊക്കെ എന്താ ഓർഡർ ചെയ്യണ്ടതെന്നു പോലും അറിയില്ല.”
“ഹ ഹ ഹ ...” അയാൾ കയ്യെത്തിച്ച് അവളുടെ കവിളിൽ തലോടി. “കപ്പൂച്ചിനോ പറയാം. അതാവുമ്പോ എല്ലാർക്കും ഇഷ്ടമാകും.” അയാൾ ഒരു വെയ്റ്ററെ നോക്കി കൈ വീശി.
കോഫീ ഓർഡർ ചെയ്തതിനു ശേഷം, അദ്ദേഹം പതിയെ എഴുന്നേറ്റ് അവൾ ഇരുന്ന സൈഡിൽ സോഫയിൽ വന്നിരുന്നു. “ ഇങ്ങനെ അടുത്തിരുന്നില്ലെങ്കിൽ, ഉറക്കെ സംസാരിക്കേണ്ടി വരും. ആരെങ്കിലുമൊക്കെ കേൾക്കും.” അയാൾ അവളുടെ ചെവിയിൽ മന്ത്രിച്ചു.
സ്റ്റെല്ലക്ക് എന്തോ ഒരു പന്തികേടു പോലെ തോന്നിത്തുടങ്ങിയിരുന്നു. മനസ്സിൽ ബഹുമാനത്തിന്റെ അങ്ങേയറ്റത്തു പ്രതിഷ്ഠിച്ചിരുന്ന ഒരാളാണ്... എന്തോ പ്രശ്നമുണ്ട്.
“മി. ലർക്കിൻ... നമുക്ക് വേറൊരു ദിവസം കണ്ടാലോ ?” അവൾക്ക് പെട്ടെന്ന് അങ്ങനെ ചോദിക്കാനാണ് തോന്നിയത്.
“എന്തുപറ്റി ? ഞാൻ എന്റെ എല്ലാ എൻഗേജ്മെന്റുകളും മാറ്റിവെച്ച് സ്റ്റെല്ലക്കു വേണ്ടി വന്നിരിക്കുകയാണ്.“
അവൾക്ക് തുടർന്നെന്താണു പറയേണ്ടതെന്നറിയില്ലായിരുന്നു.
”എനിക്കറിയാം സ്റ്റെല്ല… പേടിയാണ് തനിക്ക്. യു സീ, തന്റെ പപ്പ, തന്നെ ഒരു വല്ലാത്ത മാനസീകാവസ്ഥയിലേക്കെത്തിച്ചിരിക്കുകയാണ്. ഇന്നു ഞാൻ കേട്ടതു മാത്രമല്ല, തന്റെ പപ്പായെപ്പറ്റി നാട്ടുകാർക്കിടയിൽ പല കഥകളുമുണ്ട്. താനനുഭവിക്കുന്ന സംഘർഷം എനിക്കു മനസ്സിലാകും. ഐ ഫീൽ സോറി ഫോർ യൂ. “ അയാൾ വീണ്ടും അവളുടെ കവിളിൽ തൊട്ടു. സ്റ്റെല്ല കണ്ണുകൾ ഇറുക്കിയടച്ചു.
“ആ, കോഫി വന്നല്ലോ. ഇനി അതു കുടിച്ചിട്ട് നമുക്ക് സംസാരിക്കാം.” തൊട്ടു പുറകിൽ ആരുടെയോ കാൽ പെരുമാറ്റം കേട്ട അയാൾ കൈ വലിച്ചു.
എന്നാൽ തിരിഞ്ഞു നോക്കിയ പ്രൊഫസ്സർ അമ്പരന്നു. “ആരാ നിങ്ങൾ ? ഞാൻ കരുതി വെയ്റ്ററായിരിക്കുമെന്ന്. ഇതൊരു പ്രൈവറ്റ് മീറ്റിങ്ങ് ആണ്. വേറെ എവിടെയെങ്കിലും ചെന്നിരിക്കൂ പ്ലീസ്.”
ആ മനുഷ്യൻ അവിടെത്തന്നെ നിന്നതേയുള്ളൂ.
“നിങ്ങളോടല്ലേ പറഞ്ഞത് ?” പ്രൊഫസറുടെ ശബ്ദമുയർന്നു. “തനിക്ക് സാമാന്യ മര്യാദയില്ലേ ?”
അതിനു മറുപടിയെന്നോണം ആ മനുഷ്യൻ ഒന്നു മുരടനക്കി.
ആ നിമിഷം! ആ ശബ്ദം കേട്ട ക്ഷണത്തിൽ!
ഒരു പ്രേതത്തെ കണ്ടാലെന്ന വണ്ണം സ്റ്റെല്ല നടുങ്ങി വിറച്ചു പോയി.
“പ..പ്പ...” അവളുടെ ചുണ്ടുകൾ ചലിച്ചെങ്കിലും ശബ്ദം വെളിയിൽ വന്നില്ല.
(തുടരും...)

Alex John

ഇന്റർവ്യൂ

ഇന്റർവ്യൂ ചെയ്യാൻ വന്ന ആൾ ആദ്യ ചോദ്യം എന്നോട് ചോദിച്ചു:
"ശ്രീ പറങ്ങോടൻ...താങ്കളുടെ കഥകളിൽ മനസ്സിൽ മായാതെ നിൽക്കുന്നത് ദാമ്പത്യ ജീവിതത്തിന്റെ മനോഹാരിത വിളിച്ചു പറയുന്ന "ഒരില, ഒരു പൂവ് ' എന്ന കഥയാണ്...എങ്ങിനെയാണ് ഇത്രയും വശ്യമായ ആ കഥ എഴുതിയത്.. "
"അത് പറയാം..." ഞാൻ കസേര ഒന്നുകൂടി അയാളുടെ അടുത്തേക്ക് നീക്കി.."ഇവിടെ ഭാര്യയുടെ ബഹളങ്ങൾക്കിടയിൽ നല്ല എഴുത്തുകളൊന്നും വരില്ല. അവൾ പിണങ്ങി അവളുടെ വീട്ടിൽ ഒരാഴ്ച പോയപ്പോഴാണ് ആ കഥ എനിക്കെഴുതാൻ പറ്റിയത്"
"യു ആർ ഗ്രേറ്റ് ! ...താങ്കളുടെ മറ്റൊരു ഹിറ്റ് കഥയായിരുന്നു "അർധരാത്രിയിൽ വിരിഞ്ഞ ആമ്പൽപ്പൂവ്". പാതിരാത്രി റെയിൽവേ സ്റ്റേഷനിൽ ഒറ്റപ്പെട്ടുപോയ പെൺകുട്ടിയെ വീട്ടിൽ എത്തിക്കുന്ന ധർമ്മനിഷ്ഠയുള്ള യുവാവിന്റെ കഥ. വല്ല അനുഭവവും?
"അങ്ങിനെ ചോദിച്ചാൽ ....സ്വകാര്യം പറയാം...ഞാൻ ഇടക്ക് ഓട്ടോ ഓടിക്കാറുണ്ട്..അങ്ങിനെയുള്ള ഒരു ദിവസം നടന്ന സംഭവമാണ്...വീട് മാറി എന്നുമാത്രം "
"വീടെങ്ങനെ മാറിപ്പോയി?"
"ശെടാ...ഞാൻ അവളെ ആദ്യം എന്റെ വീട്ടിൽ കൊണ്ട് വന്നു..പുലരാൻ കാലത്ത് അവളുടെ വീട്ടിൽ തിരിച്ചു വിട്ടു. അന്നും എന്റെ ഭാര്യ അവളുടെ വീട്ടിൽ ആയിരുന്നു, പ്ളീസ് നോട്ട് ദാറ്റ്."
“ആദ്യത്തെ കണ്ടുമുട്ടലിൽ തന്നെ തന്നെ കയറിട്ടു കുടുക്കി..ല്ലേ ? പറങ്ങോടൻ വെറും പറങ്ങോടനല്ല, പത്തര മാറ്റാണ് !”
“താങ്കളുടെ സോഷ്യൽ മീഡിയയിലെ നിലപാടുകൾ വളരെ പ്രശംസനീയമാണ്..താങ്കളെഴുതിയ "സ്നേഹതീരം' ഇന്നും വായനക്കാരുടെ മനസ്സിൽ ഒരു കുളിരായി അവശേഷിക്കുന്നു - വിവിധ വിശ്വാസങ്ങൾ, ആദർശങ്ങൾ ഒക്കെ പുലർത്തുന്നവർ സ്നേഹം കൊണ്ട് പരസ്പരം കണ്ണുനീർ തുടക്കണം - എന്ന ആ എഴുത്തിലെ വാചകം ആ സമയത്ത് വൈറൽ ആയിരുന്നല്ലോ?
"സത്യത്തിൽ പത്തു മിനിറ്റ് കൊണ്ടെഴുതിയ ഒരു പോസ്റ്റാണത്. "ഒരു രാജ്യം, ഒരേ ഒരു അജണ്ട" എന്ന ക്യാമ്പയ്‌നിൽ ഒരു പ്രഭാഷണം നടത്താൻ എന്നെ ക്ഷണിച്ചിരുന്നു..അത് കഴിഞ്ഞു വരുന്ന വഴിയിൽ കാറിലിരുന്ന് എഴുതിയതാണത്. അന്ന് പോലീസ് വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു.”
“ഫേസ് ബുക്ക് സൗഹൃദങ്ങളുടെ തനി നിറം വിളിച്ചു പറയുന്ന നിരവധി എഴുത്തുകൾ താങ്കൾ നടത്തിയിട്ടുണ്ട്...പ്രത്യേകിച്ച് ടീനേജ് പെൺകുട്ടികളുടെ കാണാമറയത്തുള്ള പ്രണയവും ദുരന്തവും.. സമൂഹത്തിനു വലിയൊരു ഉപകാരമാണ് പറങ്ങോടൻ സാർ ചെയ്യുന്നത്”
"ആശാനേ, നിങ്ങൾ ഒരു മണ്ടനാണല്ലോ...അതെഴുതാൻ ഒരു സാഹചര്യം ഉണ്ടായിരുന്നു..."
"പറയൂ..." ഇന്റർവ്യൂർ വെള്ളമൂറുന്ന ചുണ്ടുകൾ തുടച്ചു ഒന്നുകൂടെ അടുത്തിരുന്നു.
"എനിക്ക് ഒരു കോളേജ് വിദ്യാര്ഥിനിയുമായി ഫേസ്ബുക് സൗഹൃദം ഉണ്ടായിരുന്നു..എന്റെ എഴുത്തുകൾ വായിച്ചു വന്നതാണ്...പിന്നെ അവളെക്കൊണ്ട് ഞാൻ എന്നെ പ്രണയിപ്പിച്ചു. ടെക്‌നിക് പറയില്ല..അവൾ കാപ്പി കുടിക്കാനും കുളിക്കാനും പോകുമ്പോൾ പോലും എന്നോട് പറയും.., "
"എന്നിട്ട് അവളെ കണ്ടോ?" അഭിമുഖക്കാരന്റെ ഒലിച്ചുവരുന്ന തുപ്പൽ എന്റെ കയ്യിൽ വീണു.
"എടോ ...മന്ദബുദ്ധീ... കൊൽക്കത്തയിലുള്ള അവളെ പോയി കാണാൻ എനിക്കെന്താ പ്രാന്താ? നാട്ടിൽ വേറൊന്നു ഒത്തുവന്നപ്പോൾ ഞാനവളെ അങ്ങട്ട് ഒഴിവാക്കി "
"ഇനി ഒന്നും ചോദിക്കാനില്ല..പറങ്ങോടൻ എന്ന ഈ അതുല്യ പ്രതിഭക്കാണ് നമ്മുടെ മാസികയുടെ ഈ വർഷത്തെ "ധന്യം' അവാർഡ് എന്ന സന്തോഷ വാർത്തകൂടി അറിയിച്ചുകൊണ്ട് ഞാൻ വിട വാങ്ങുന്നു...നന്ദി, നമസ്കാരം.."
അവാർഡുകളുടെ പൊള്ളത്തരങ്ങളെക്കുറിച്ചു പിറ്റേന്ന് ഞാനൊരു പോസ്റ്റിട്ടു.
(ഹാരിസ്)
നടുക്കഷ്ണം: പറങ്ങോടൻ ഒരു സാങ്കൽപ്പിക കഥാപാത്രമല്ല, അയാൾ ചിലപ്പോൾ ഞാനാവാം അല്ലെങ്കിൽ നിങ്ങളിൽ ആരെങ്കിലും..

Haris

ലൈഫ് ഓഫ് ജോസൂട്ടി (ഒന്നാം ഭാഗം)


************************************
ജോസൂട്ടി ഗൾഫിൽ നിന്ന് ഇന്നലെയാണ് ലാൻഡ് ചെയ്തത്. നാട്ടിൽ നിന്ന് സകല കുരുത്തക്കേടിലും മാസ്റ്റർ ഡിഗ്രി എടുത്തപ്പോൾ വകേലൊരു അമ്മാച്ചൻ ദുബായിക്ക് കൊണ്ടുപോയത് കൊണ്ട് മുപ്പത്തഞ്ചാം വയസ്സിലും ജോസൂട്ടി പെണ്ണ് കെട്ടിയില്ലെങ്കിലും നല്ലൊന്നാന്തരം അത്തറിന്റെ മണമുള്ള, റയ്ബൻ ഗ്ലാസ്സുവച്ച പേർഷ്യക്കാരനായി..
പണ്ടൊരിക്കൽ മുറുക്കാൻ പീടികയിലെ വറീത് കൊച്ചേട്ടന്റെ മകൻ ഷിബുമോൻ ബോംബെയ്ക്ക് പോയിട്ട് വന്നപ്പോൾ ജീൻസിട്ടു നടന്നതിന് കുറെ കളിയാക്കിയിരുന്നു ജോസൂട്ടിയും കൂട്ടുകാരും.
അതിനോട് അനുബന്ധിച്ച് ദുബായിക്ക് പോകും മുൻപ് ഒരു ഉഗ്രശപഥമെടുക്കാനും ജോസൂട്ടി മറന്നില്ല. താൻ എത്ര വലിയ ദുബൈക്കാരൻ ആയാലും നാട്ടിലെത്തിയാൽ തനി നാടൻ ആയിരിക്കുമെന്നും മുണ്ട് മാത്രമേ ഉടുക്കൂ എന്നും.
ഗൾഫിൽ നിന്ന് വന്നതിന്റെ പിറ്റേ ദിവസം കവലയിലേക്ക് പോകാൻ തുടങ്ങിയപ്പോഴാണ് ശപഥം ഓർമ വന്നത്. ശപഥം മുണ്ടിന്റെ കാര്യത്തിൽ മാത്രമായിരുന്നത് കൊണ്ട് ജോസൂട്ടി നല്ലൊരു കസവു കരയൻ മുണ്ട് തന്നെ ഉടുത്തു. നെയ് റോസ്റ് നെഞ്ചിൽ ഒട്ടിച്ച പോലൊരു തൂവെള്ള ജുബ്ബയും ഇട്ട് റയ്ബൻ ഗ്ലാസ്സും വയ്ക്കാൻ മറന്നതുമില്ല.
മുറ്റത്തേയ്ക്കിറങ്ങിയതും ഗേറ്റിന്റെ വിടവിലൂടെ ഒരു കഷണ്ടിത്തല ഉള്ളിലേക്ക് നീണ്ടു വരുന്നത് കണ്ടു. നാട്ടിലെ യുവതീയുവാക്കളെ വിവാഹക്കമ്പോളത്തിൽ നിരത്തുന്ന കൊച്ചാപ്പി ചേട്ടനായിരുന്നു ആ മൊട്ടത്തലയുടെ ഉടമ.
ജോസൂട്ടി വന്നതറിഞ്ഞുള്ള എത്തിനോട്ടം ആണ്.
ജോസൂട്ടിയെ കണ്ടതും എലി പുന്നെല്ലു കണ്ടതുപോലെ കൊച്ചാപ്പി ചേട്ടൻ ചിരിച്ചു.
" ജോസൂട്ടിയെ... നീയങ്ങു വെളുത്ത് ചൊമന്ന് സുന്ദരനായല്ലോ..ദേ നല്ല ദൈവഭയമുള്ള,അടക്കോം ഒതുക്കോമുള്ള സുന്ദരികൊച്ചുങ്ങൾ എമ്പിടി ഉണ്ട് കൊച്ചപ്പിച്ചേട്ടന്റെ കസ്റ്റഡിയിൽ.. ഒന്നാലോചിക്കണ്ടേ നമ്മക്ക്.."
കൊച്ചാപ്പി ചേട്ടൻ പറയുനുള്ളത് ഒറ്റശ്വാസത്തിൽ പറഞ്ഞു..
കൊച്ചാപ്പി ചേട്ടന്റെ വരവിന്റെ ഉദ്ദേശം മനസ്സിലായതും ജോസൂട്ടി തന്റെ നയം വ്യക്തമാക്കി,
"അതേ കൊച്ചാപ്പിച്ചേട്ടാ എനിക്കീ അടക്കോം ഒതുകോം ഓക്കെയുള്ള പൂച്ചക്കുട്ടി ടൈപ്പ് പെമ്പിള്ളേരെ വേണ്ടെന്നെ.. നല്ല കുറുമ്പും കുസൃതിയും ഒക്കെയുള്ള ഒരുത്തിയെ മതി.അതായത് എന്റെ കുരുത്തക്കേടിന് കുട പിടിക്കുന്ന ഒരു കാന്താരി പെണ്ണ് .. "
ജോസൂട്ടിയുടെ വ്യത്യസ്തമായ ഡിമാന്റ് കേട്ട കൊച്ചാപ്പി ചേട്ടൻ തുറന്നു വച്ച വായ അടയ്ക്കുവാൻ ഒരു ഈച്ച വായ്ക്കുള്ളിലേക്ക് കയറി പോകേണ്ടി വന്നു.
കവലയിലെ കലുങ്കിൽ ഇരിക്കുന്ന ചങ്ക് ചങ്ങാതിമാരുടെ അടുത്തേയ്ക്ക് പളപള തിളക്കവും അത്തറിന്റെ സുഗന്ധവുമായി ജോസൂട്ടി എത്തി..
കലുങ്കിൽ ഇരുന്ന ഷാജിയും അനിലും ജോസൂട്ടിയെ കണ്ടതും ചെറിയ ബഹുമാനവും ചമ്മലും കൂട്ടിക്കുഴച്ചു കഴിച്ച മാതിരി എഴുന്നേറ്റ് നിന്നു.
ജോസൂട്ടിയാകട്ടെ കുചേലനെ കണ്ട കൃഷ്ണനെ പോലെ ചങ്ങാതിമാരെ ചേർത്തുപിടിച്ചു, കെട്ടിപ്പുണർന്നു.."ഷാജി..അനിലെ... എത്രനാളായെടോ നമ്മളൊന്നു കൂട്ടിയിട്ട്.
"അല്ല.. എവിടെ നമ്മുടെ വിനോദ്?"
സംഘത്തിലെ പ്രധാനി ആയ വിനോദിനെ കാണാത്ത സങ്കടം ജോസൂട്ടി തുറന്ന് ചോദിച്ചു.
ജോസൂട്ടിയുടെ വെളുത്ത ഷർട്ടിന്റെ പോക്കറ്റിൽ തെളിഞ്ഞു നിന്ന മാൽബറോ സിഗരറ്റിലേക്ക് നോക്കിക്കൊണ്ട് ഷാജിയാണ് മറുപടി പറഞ്ഞത്"ഓ... അവനിപ്പം പെണ്ണ് കെട്ടിയതിൽ പിന്നെ നമ്മളെ ഒന്നും മൈൻഡ് ഇല്ലന്നെ.. എപ്പോഴും അവൾടെ സാരിത്തുമ്പിലാ, അല്ലേലും പെണ്ണ് കെട്ടിയാൽ പിന്നെ കണ്ണ് കെട്ടിയ പോലെ എന്നാണല്ലോ.ചുറ്റും ഉള്ളതൊന്നും കാണൂല്ല"
സിഗരറ്റ് പാക്കറ്റ് ഷാജിയുടെ കയ്യിലേക്ക് വച്ചുകൊണ്ട് ജോസൂട്ടി കലുങ്കിലേക്ക് കയറിയിരുന്നു അടുത്ത ഒരു ശപഥത്തിന് തിരി കൊടുത്തു.."നിങ്ങൾ നോക്കിക്കോ ഞാനും ഇത്തവണ പെണ്ണ് കെട്ടും..ഒരു കാന്താരി പെണ്ണിനെ, ഞാൻ ഒരു പെഗ്ഗ് കഴിക്കണം എന്ന് മനസ്സിൽ വിചാരിക്കുമ്പോൾ സോഡാ വേണോ അതോ വെള്ളം വേണോ ഇച്ചായാ എന്ന് ചോദിക്കുന്ന ഒരുത്തിയെ..
കൂട്ടുകൂടി നടക്കാൻ എന്നെ സന്തോഷത്തോടെ യാത്രയാക്കുന്ന ഒരുത്തിയെ..."
ജോസൂട്ടിയുടെ ഭാവി വധുവിനെ കുറിച്ചുള്ള വർണ്ണനകൾ കേട്ട് ചങ്ങാതികൾ കോരിത്തരിച്ചു.. പിന്നെയവർ സ്വന്തം ഭാര്യയുടെ കലിപ്പ് കയറിയ മുഖമോർത്തപ്പോൾ നെടുവീർപ്പിട്ടു..
അങ്ങനെ അന്നേയ്ക്ക് മൂന്നാം നാൾ മൂന്നാൻ കൊച്ചാപ്പി വീടിനു മുന്നിൽ തെളിഞ്ഞു നിൽക്കുന്നതും കണികണ്ടാണ് ജോസൂട്ടി ഉണർന്നത്.
മുട്ടോളമെത്തുന്ന ട്രൗസറുമിട്ടു ജോസൂട്ടി അവതരിച്ചപ്പോഴാണ് കൊച്ചാപ്പി ചേട്ടൻ ആ സന്തോഷവർത്തമാനം പറഞ്ഞത് "ജോസൂട്ടി ഈ നിക്കർ ഒക്കെ ഒന്നു മാറി ഒരു നല്ല തുണിയുടുത്തു വന്നേ... ദേ നല്ലൊരു തല്ലിപ്പൊളി... ശ്ശേ അല്ല തങ്കക്കുടം പെണ്ണിനെ കിട്ടിയിട്ടുണ്ട്.. നമുക്കൊന്നു പോയി കണ്ടേച്ചും വരാം"
കേട്ട പാതി കേൾക്കാത്ത പാതി അത്തറും പൂശി കറുത്ത കണ്ണടയും ചാർത്തി ജോസൂട്ടി റെഡി..
കാറിലേക്ക് കയറാൻ ഐശ്വര്യമുള്ള ഇടത്തുകാൽ ഉയർത്തിയപ്പോഴാണ് താൻ പല്ലു തേച്ചില്ലല്ലോ എന്ന് ജോസൂട്ടി ഓർത്തത്..
നാവ് കൊണ്ട് പല്ലിൽ ഒരു റൌണ്ട് ഓടിയിട്ട് ഒരു ആട് ചവയ്ക്കും പോലെ ജോസൂട്ടി ഒരു ചൂയിങ് ഗം വായിലിട്ട് ചവയ്ക്കാൻ തുടങ്ങി.
ഇടവക പള്ളിയിലെ കപ്യാർ മത്തായിച്ചന്റെ സന്തതികളിൽ നടുക്കഷ്ണമായ പുത്രി മേരിയെ കാണാനാണ് ജോസൂട്ടി പോയത്..മൺകട്ട കെട്ടി കുമ്മായം തേച്ച വീടിന്റെ തിണ്ണയിൽ ജോസൂട്ടിക്കായി പലഹാരങ്ങൾ നിരന്നു. ഭാവി മരുമകന്റെ തിളക്കം കണ്ട് അല്പം ഭവ്യതയോടെയാണ് മത്തായിച്ചന്റെ നിൽപ്പ്..
പെൺകുട്ടിയെ വിളിക്കാം എന്ന മൂന്നാന്റെ അറിയിപ്പിനെ തുടർന്ന് തിണ്ണയിലേക്ക് നായിക മേരി എത്തപ്പെട്ടു.. ചവിട്ടി തുള്ളിയുള്ള മേരിയുടെ നടത്തം കണ്ടപ്പോൾ ജോസൂട്ടി അറിയാതെ അവളുടെ കാൽ പാദത്തിലേക്ക് നോക്കിപ്പോയി, അല്ല ഇനിവല്ല സ്പ്രിങ്ങും വച്ചു പിടിപ്പിച്ചിട്ടുണ്ടോ എന്നൊരു സംശയം കൊണ്ടാണ് കേട്ടോ.
കണ്ട മാത്രയിൽ തന്നെ മേരിക്കൊച്ചിനെ ജോസൂട്ടിക്ക് ബോധിച്ചു.
തനിച്ചു സംസാരിക്കാൻ കിട്ടിയ അവസരത്തിൽ തന്റെ എല്ലാ (ദു)ശീലങ്ങളും, ഭാര്യസങ്കല്പവും മേരിയെ അറിയിച്ചു. അവൾ മുട്ടനാടിനെ പോലെ തല കുണുക്കി എല്ലാം സമ്മതിച്ചു.
(തുടരും..)
രമ്യ രതീഷ്
29/04/2018

അയൽനാട്ടു വിശേഷം !


"അവിടെ ആ കോർണർ റൂമിൽ പുതിയ സ്റ്റാഫ് വന്നീട്ടുണ്ട് . പേര് 'യാങ് ലീ'...ചൈനീസാ "
വെക്കേഷൻ കഴിഞ്ഞ് ഫ്‌ളാറ്റിൽ എത്തിയപ്പോൾ സ്വപ്ന പറഞ്ഞു .
ഇത്രനാളും ഞങ്ങൾ അഞ്ചു മലയാളികളുടെ സാമ്രാജ്യം ആയിരുന്നു ആ ഫ്‌ളാറ്റ് .
ആകെ ആറു റൂമുകൾ . അതിൽ ഒരു റൂം ആളില്ലാതെ ഒഴിഞ്ഞു കിടക്കുകയായിരുന്നു .
ഞങ്ങൾ , അതായത് സൊപ്പി എന്ന സ്വപ്ന , പാപ്പി എന്ന ജിൻസി പാപ്പി , ജൂബി , ഷീജ പിന്നെ ഈ ഞാൻ എന്നിവർ ആയിരുന്നു ആ ഫ്‌ളാറ്റിലെ കഴിഞ്ഞ മൂന്നു വർഷമായുള്ള അന്തേവാസികൾ. സമപ്രായക്കാർ , ഒരുമിച്ച് ജോലിക്ക് ചേർന്നവർ , ഒരേ മനസ്സുള്ളവർ ..
സ്ത്രീകൾ ഒരുമിച്ചാൽ രണ്ടാം പക്കം അടി ഉറപ്പ് എന്നുള്ളതിന് അപവാദങ്ങൾ . ഒരിക്കൽ പോലും വഴക്കുണ്ടാക്കി തല്ലിപ്പിരിയൽ ഉണ്ടായിട്ടില്ല. അങ്ങനെ ഞങ്ങൾ പഞ്ചാങ്കനമാർ സസുഖം വാഴും മാളികയിലേക്കാണ് ഈ ചൈനീസ് കടന്നു കയറ്റം .
" ആളെങ്ങനെ ??" ഞാൻ തിരക്കി
"ആർക്കറിയാം ... ഇതിനോടൊക്കെ ഏത് ഭാഷയിൽ സംസാരിക്കും ?" പാപ്പി ചോദിച്ചു
" അതെന്താ ഇംഗ്ളീഷിൽ സംസാരിച്ചുകൂടെ ?"
"അതിന് ആ സംഭവത്തിന് ഇംഗ്ളീഷ് അറിഞ്ഞീട്ട്‌ വേണ്ടേ .. "
" അയ്യോ .. പിന്നെങ്ങനെ "
" കഴിഞ്ഞ ഒരാഴ്ചയായി ഞങ്ങൾ നാലും ഇവിടെ കഥകളി പഠിക്കുവാ. അവളുടെ നാട്ടിൽ നഴ്സിംഗ് പോലും ചൈനീസ് ഭാഷയിലാണത്രെ പഠിക്കുന്നത് " സ്വപ്ന തലക്ക് കൈ കൊടുത്തു
" അതിനെ കിച്ചൺ ഉപയോഗിച്ചതിന് ശേഷം വൃത്തിയാക്കിയിടണം എന്ന് പറഞ്ഞു മനസിലാക്കിക്കാൻ പെട്ട പാട് എനിക്കും ദൈവത്തിനും മാത്രമറിയാം " പാപ്പി പറഞ്ഞു
അല്ലെങ്കിലും പണ്ടേ കിച്ചൺ പാപ്പിയുടെ ഡിപ്പാർട്മെന്റാ .. അവളാണ് ഞങ്ങളുടെ ഫുഡ് മിനിസ്റ്റർ .
ഇടക്കിടക്ക് കക്ഷി ഞങ്ങളോട് ചോദിക്കാറുണ്ട്
" എനിക്ക് അറിയാൻ പാടില്ലാത്തകൊണ്ട് ചോദിക്കുവാ .. നിങ്ങളെന്നെ ഹൗസ് മെയിഡിന്റെ വിസയിൽ കൊണ്ടുവന്നതാണോ " എന്ന് .
കിച്ചൺ വൃത്തിയില്ലാതെ കിടക്കുന്നത് പാപ്പിക്ക് സഹിക്കില്ല .
അതുപോലെ മഹാവൃത്തിക്കാരിയായ ജൂബി ചൈനീസിനെ ഒരാഴ്ച്ച ജീവനോടെ വിട്ടുവെച്ചത് തന്നെ ഭാഗ്യം !
കിച്ചണിൽ ചെന്നപ്പോൾ സംഭവത്തിന്റെ ഏകദേശ രൂപം പിടികിട്ടി .
കിച്ചണിന്റെ ഒരു ഭാഗം ചൈനീസ് വത്കരിക്കപ്പെട്ടിരിക്കുന്നു .
ചോപ് സ്റ്റിക് , ഇലക്ട്രിക് റൈസ് കുക്കർ , ഫോർക്കുകൾ , സൂപ്പ്‌ ബൗളുകൾ ആദിയായവയൊക്കെ നിരന്നീട്ടുണ്ട് .
ഫ്രിഡ്ജ് തുറന്നപ്പോൾ ഏതോ വന്യമൃഗ സംരക്ഷണ കേന്ദ്രത്തിന്റെ ഗെയിറ്റ് തുറന്ന പോലെ തോന്നി . കോഴി , ആട് , പോത്ത്, ഒക്കെയുണ്ട് . മാസത്തിൽ കഷ്ടി ഒരു ദിവസം കോഴിയെ ഹിംസിക്കുന്ന സസ്യാഹാര പ്രിയരായിരുന്നു ഞങ്ങൾ .
വലിയ ഫ്രിഡ്ജിന്റെ താഴത്തെ രണ്ടു തട്ടുകളിൽ ചൈന തന്റെ വെന്നിക്കൊടി പാറിച്ചീട്ടുണ്ട് . മൂന്നാമത്തെ തട്ടിലോട്ട് നുഴഞ്ഞു കയറാനുള്ള ശ്രമത്തെ ഷീജ നല്ല പച്ച മലയാളത്തിൽ നാല് 'നല്ല' വാക്ക് പറഞ്ഞ് ഒതുക്കിയത്രേ .
ഹും .. മലയാളിയോടാ ചൈനാക്കാരിയുടെ കളി!!
കിച്ചണിൽ നടന്ന ചൈനീസ് വിപ്ലവം നോക്കി അന്തം വിട്ടു ഞാൻ നിൽക്കുമ്പോൾ ഡ്യൂട്ടി കഴിഞ്ഞ് ലീ എത്തി .
" ഇപ്പം കണ്ടോണം ഇവിടുത്തെ അങ്കം " സ്വപ്ന പറഞ്ഞു
ലീ യൂണിഫോം മാറി കിച്ചണിലേക്ക് വന്നു . (വസ്ത്രം പാവത്തിന് അലർജി ആണെന്ന് തോന്നുന്നു ) ഫ്രിഡ്ജ് തുറന്നു . ഫ്രീസറിൽ നിന്നും ഒരു വലിയ മീനിനെ വലിച്ചെടുത്തു . നേരെ മൈക്രോവേവിലോട്ട് വെച്ച് ഡിഫ്രോസ്റ്റ് ഓൺ ചെയ്തു .
എന്തൊക്കെയോ പച്ചക്കറികൾ , മിക്കവയുടെയും പേര് എനിക്കറിയില്ല , എടുത്ത് കന്നാ പിന്നാന്ന് വെട്ടി ഒരു വലിയ പാത്രത്തിൽ ഇട്ടു . ( സ്കെയിൽ വെച്ച് പച്ചക്കറി അരിയുന്ന പാപ്പിയെ ഞാനൊന്ന് നോക്കി . )
അപ്പോഴേക്കും മൈക്രോവേവ് ശബ്ദിച്ചു . ലീ ആ മീനിനെ എടുത്ത് ടാപ്പിന് താഴെ പിടിച്ച് ഒന്ന് കഴുകി .. ഒരു കത്രിക കൊണ്ട് അതിന്റെ ഒരു വശം മുറിച്ച് ആന്തരിക അവയവങ്ങൾ എല്ലാം എടുത്തു കളഞ്ഞു . ശേഷം ഒരു പ്രത്യേകതരം കത്തി കൊണ്ട് അതിന്റെ ചെതുമ്പൽ കളഞ്ഞു എന്ന് വരുത്തി . ഒന്നുകൂടി ടാപ്പിന് താഴെ പിടിച്ച് കഴുകി . വെട്ടിക്കൂട്ടിയ പച്ചകറികളിൽ കുറച്ച് ആ മീനിന്റെ വയറിനുള്ളിൽ നിറച്ചു . ഒരു വലിയ പാത്രത്തിലോട്ട് ഈ മീനിനെ ഇറക്കി വെച്ചു . അതിന്റെ മുകളിൽ ബാക്കി വന്ന പച്ചക്കറികളും വാരിയിട്ടു . കബോർഡ് തുറന്ന് മൂന്നു നാല് കുപ്പികളിൽ നിന്നും പല തരത്തിലുള്ള സോസുകൾ ഓരോന്നായി ആ പച്ചക്കറിയുടെയും മീനിന്റെയും മുകളിൽ ഒഴിച്ചു . കുറച്ച് ഉപ്പിട്ടു . കുറച്ചു വെള്ളം ഒഴിച്ച് പാത്രം അടച്ച് ഗാസിൽ വെച്ചു . എന്നീട്ട് റൂമിൽ പോയി ...!!!
ഞാൻ അന്തം വിട്ട് കണ്ണും തള്ളി നിൽക്കുകയാണ് . ഇത്രയും കാര്യങ്ങൾ ചെയ്യാൻ ലീ ആകെ എടുത്തത് പത്തു മിനിറ്റിൽ താഴെയാണ്..!!!
ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ലീ തിരികെ വന്നു . ആ പാത്രത്തിന്റെ മൂടി തുറന്നു . വല്ലാത്തൊരു മണം അവിടെയാകെ പടർന്നു . ഞാൻ ആ പാത്രത്തിലേക്ക് നോക്കി . അതിനുള്ളിൽ കിടക്കുന്ന ആദ്യാവതാരത്തിന് ഒരു സങ്കടവും ഉണ്ടാവാൻ താരമില്ല. കടലിൽ കിടന്നിരുന്നതിന് തുല്യമായ അവസ്ഥയിൽ തന്നെയാണ് അദ്ദേഹം ലീയുടെ പാത്രത്തിൽ കിടക്കുന്നത് .. അംഗവൈകല്യങ്ങൾ ഒന്നും സംഭവിച്ചീട്ടില്ല . കണ്ണും മൂക്കും വായും ഒക്കെ അതുപോലെ തന്നെ!!
ഒരു പ്ളേറ്റും ഫോർക്കും സ്പൂണും പിന്നെ മീൻ പാകം ചെയ്ത പാത്രത്തോടെയും എടുത്ത് ലീ റൂമിലേക്ക് പോയി .
" കഴിഞ്ഞ ദിവസം ഞാനും പാപ്പിയും കൂടി ഒരു ചിക്കൻ എടുത്ത് മുറിക്കാൻ തുടങ്ങിയപ്പൊഴാ ഇവൾ വന്നത് .. വന്നപാടെ ഇപ്പം ആ മീനിനെ ചെയ്തപോലെ തന്നെ ചിക്കനേയും ചെയ്തു . ഞങ്ങൾ ചിക്കൻ മുറിച്ച് സവാള അരിഞ്ഞ് കഴിഞ്ഞപ്പഴേക്ക് അവൾ ചിക്കൻ തീറ്റ കഴിഞ്ഞു "
സ്വപ്ന പറഞ്ഞു
ഞങ്ങൾ സംസാരിച്ചു നിൽക്കെ ലീ കഴിപ്പ്‌ കഴിഞ്ഞ് പാത്രം കഴുകാൻ വന്നു . അവളുടെ പ്ളേറ്റിൽ നോക്കിയപ്പോൾ പണ്ട്‌ കഥകളിൽ പറഞ്ഞു കേട്ടീട്ടുള്ള പല്ലും നഖവും മാത്രം മിച്ചം വെക്കുന്ന യക്ഷികളെ ഞാൻ വെറുതെ ഓർത്തുപോയി !! ഒരു വലിയ മീനിന്റ അസ്ഥികൂടം മാത്രമേ അതിൽ ഉണ്ടായിരുന്നുള്ളു!!!
പതിയെ പതിയെ ലീ ഞങ്ങളുമായി അടുത്തു.ഞങ്ങൾക്ക് കേട്ടറിവ് മാത്രമുള്ള അവളുടെ രാജ്യത്തെപ്പറ്റി വാതോരാതെ സംസാരിക്കും ലീ. അവൾക്കറിയാവുന്ന മുറി ഇംഗ്ളീഷിൽ . ഏതു നേരവും ലീയുടെ കാതിൽ ഒരു ഹെഡ്ഫോൺ ഉണ്ടാവും . അവൾ ആ ഹെഡ്‌ഫോണിൽ കൂടി ഇംഗ്ളീഷ് പാഠങ്ങൾ പഠിക്കുകയായിരുന്നു എന്ന് പിന്നീടാണ് ഞങ്ങൾക്ക് മനസിലായത് .
ഏതാണ്ട് ആറു മാസം കൊണ്ട് സാമാന്യം നന്നായിതന്നെ ഇംഗ്ളീഷ് സംസാരിക്കുവാൻ ലീ പഠിച്ചു .
ഒരിക്കൽ അവളുടെ സംസാരത്തിൽ നിന്നും ഞങ്ങൾക്ക് മനസിലായി ലീയുടെ ഭർത്താവ് ചൈനയിൽ നടന്ന ഒരു സായുധ വിപ്ലവത്തിൽ കൊല്ലപ്പെട്ടു. അവൾക്ക് ആറു വയസുള്ള ഒരു മകളുണ്ട് . ഭർത്താവിനെ തീവ്രവാദി എന്ന് മുദ്രകുത്തിയിരുന്നത് കൊണ്ട് അയാളുടെ മരണ ശേഷവും ലീക്ക് ചൈനയിൽ സമാധാനമായി ജീവിക്കാൻ പ്രയാസമായിരുന്നു. അങ്ങനെ മകളെ തന്റെ മാതാപിതാക്കളെ ഏൽപ്പിച്ച് എങ്ങനെയോ നാട് വിട്ട് ഓടി വന്നതാണ് അവൾ. ഏതെങ്കിലും ഒരു യുറോപ്പിയൻ രാജ്യത്ത് പോയി സെറ്റിൽ ചെയ്ത ശേഷം മകളെ കൂടെ കൂട്ടാനാണ് അവളുടെ പരിശ്രമം . ഇനി സ്വന്തം നാട്ടിലേക്ക് തിരികെ പോകാൻ അവൾ വല്ലാതെ ഭയപ്പെടുന്നു .
രണ്ടു വര്ഷം കഴിഞ്ഞപ്പോൾ ലീ അബുദാബി വിട്ട്‌ ലണ്ടനിലേക്ക് പോയി . പിന്നീട് അവളെപ്പറ്റി ഞങ്ങൾക്ക് ഒരു വിവരവും ഇല്ല . എങ്കിലും ഇടക്കൊക്കെ ഞങ്ങൾ ഓർക്കാറുണ്ട് ലീയെ.
അവളെ ഓർക്കുമ്പോൾ നമ്മുടെ നാട് പോലുള്ള ഒരു നാട്ടിൽ ജനിക്കാൻ കഴിഞ്ഞതിൽ അഭിമാനവും ആശ്വാസവും തോന്നും .
മാധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയകൾ വഴിയും എത്രയൊക്കെ നമ്മുടെ നാടിനെ നമ്മൾ തന്നെ തരം താഴ്ത്തിയാലും , ഒന്ന് മാത്രം ഓർത്തു കൊള്ളുക . ഇത്രയും അഭിപ്രായ സ്വാതന്ത്ര്യമുള്ള , ചിന്തിക്കാനും പ്രവർത്തിക്കാനും സ്വാതന്ത്ര്യമുള്ള , ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാൻ സ്വാതന്ത്ര്യമുള്ള വേറെ ഒരു നാട് ഈ ഭൂമിയിൽ വേറെയില്ല .
അഭിമാനിക്കാം നമുക്ക് .. നമ്മുടെ നാടിനെ ഓർത്ത് 🙏🏻
വന്ദന 

നിശബ്ദം.


പുറത്തേക്കെടുക്കപ്പെടാനാവാതെ
ഹൃദയത്തിലിട്ട് ശ്വാസം മുട്ടിച്ചു
കൊല്ലപ്പെടുന്ന എത്ര നിലവിളികളിലാവും
വൃദ്ധരാക്കപ്പെട്ടവരുടെ ജീവിതങ്ങൾ
കുട്ടികളെക്കാളും വാശിയോടെ..
ഒതുക്കാനാവാത്ത കോപത്തോടെ
മുഴുവൻ വെറുപ്പും സമ്പാദിക്കുമ്പോൾ
നിഷ്ക്കളങ്കമായ ചിരിയിൽ എല്ലാം മായ്ച്ചു കളഞ്ഞ് വിണ്ടും ഭാഗ്യവാൻമാരായ ചിലർ.
വെറുക്കപ്പെട്ടവരായി പടികടത്തപ്പെടുമ്പോൾ
ആത്മാവിലെരിയുന്ന ചിതയുമായി അലയുന്നുണ്ടെത്രയോ നരകജന്മങ്ങൾ.
വീടിന് ഐശ്വര്യമായിരുന്ന
പണ്ടത്തെ കാഴ്ചകളിൽ നിന്നും
ഉമ്മറക്കോലായിലെ പുണ്യത്തിൽ നിന്നും
വീടിനൊത്ത അഴകു പോരാഞ്ഞ്
ആക്രി സാധനങ്ങൾ പോലെ
കൈകാര്യം ചെയ്യപ്പെട്ടവസാനം
അഗതിമന്ദിരങ്ങളിലേക്ക് പുറന്തള്ളപ്പെടുന്ന
വാർദ്ധക്യങ്ങൾക്ക്
എന്തെങ്കിലും മോഹമോസ്വപ്നമോ ഉണ്ടായിരിക്കുമോ..?
സ്വന്തം മക്കളുടെ പീഡനമേൽക്കുമ്പോൾ
ഏണീറ്റ് ഓടാനോ ഉറക്കെക്കരയാനോ കഴിയാതെ..
സ്വന്തം വൃണങ്ങളിൽ ഈച്ചയാർക്കുന്നതു പോലും ആട്ടിയകറ്റാനാവാത്ത
നിസ്സഹായർ എന്തു ചെയ്യും.
കടലുറങ്ങുന്ന കണ്ണുകളിൽ നിന്ന്
ഒലിച്ചിറങ്ങുന്ന കണ്ണിരുമായ് അങ്ങിനെ..
ഭൂമിയെ ചവിട്ടിമെതിച്ചു നടന്ന കാലത്ത് മക്കളെന്ന സ്വപ്നത്തിനു വേണ്ടി ഇത്രകാലം..
എന്നിട്ടും.
ഇന്ന് മരിച്ചു കിട്ടാൻ പ്രാർത്ഥിക്കുന്ന ജന്മങ്ങൾ എത്രയോ....
Babu Thuyyam.
28/04/18.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo