Slider

ഒറ്റച്ചിറകുള്ള വാനമ്പാടി(ഭാഗം അഞ്ച്).............

0

ഇനി ആറാമൻ..അവനുള്ള ശിക്ഷ വിധിക്കാനുള്ള സമയമായി..വിചാരണ തുടങ്ങി കഴിഞ്ഞു.
"മനോജ്... രാഷ്ട്രീയ ഗുണ്ട..വിശ്വംഭരന് വേണ്ടി അവൻ്റെ രാഷ്ട്രീയ വളർച്ചയ്ക്ക് വേണ്ടി ആരെയും തല്ലാനും കൊല്ലാനും മടിയില്ലാത്തവൻ..എത്ര നിരപരാധികളുടെ ചോര പുരണ്ടിട്ടുണ്ടടോ നിൻ്റെ കൈകളിൽ"
അവൻ്റെ കണ്ണുകളിൽ ആദ്യമായി ഭയത്തിൻ്റെ ലാഞ്ചന.അതു കണ്ട് അവളൊന്ന് ചിരിച്ചു.
"നിനക്ക് ഞാനൊരു ഓഫർ തന്നിരുന്നു..നിന്നെ ഞാൻ കൊല്ലില്ലെന്ന്..അതുകൊണ്ട് നിനക്ക് എൻ്റെ കൈകൊണ്ട് മരണമില്ല"
മനോജിൻ്റെ മുഖത്ത് ആശ്വാസത്തിൻ്റെ വെളിച്ചം.
"നിനക്ക് മരണമെന്നത് ഏറ്റവും ചെറിയ ശിക്ഷയാണ്.. നീ അങ്ങനെ എളുപ്പത്തിൽ മരിക്കേണ്ടവനല്ല"
എന്താണ് അവളുടെ മനസ്സിലെന്ന് അവന് മനസ്സിലായില്ല.
അവൾ ഒരു ഇരുമ്പ് ദണ്ഡ് കൈയിലെടുത്തു.കൂട്ടി കെട്ടിയിരുന്ന കൈകളിൽ അവൾ പതുക്കെ സ്പർശിച്ചു.
"മനോജേ..നീ ഈ കൈകൾ കൊണ്ടല്ലേ ഒരു പാവം പെൺകുട്ടിയുടെ തലയിലേക്ക് കരിങ്കൽ കൊണ്ട് അടിച്ചത്..അവളുടെ തലപൊട്ടി തലച്ചോർ വരുമ്പോൾ നീ ആർത്ത് ചിരിച്ചു കാണും അല്ലേടാ"
അവളൊന്ന് നിർത്തി
"അപ്പോൾ പിന്നെ നിനക്ക് ഇനിയീ കൈ വേണ്ട...ഈ കൈ ഒരു പെണ്ണിൻ്റെ നേർക്കും ഉയരാൻ പാടില്ല..ഒരു നിരപരാധികളുടെ ജീവനും ഈ കൈകൾ കൊണ്ട് ഇല്ലാതാവരുത്"
അവൾ അത് പറഞ്ഞതും അവൻ്റെ കൈകളിലേക്ക് ഇരുമ്പ് ദണ്ഡ് കൊണ്ട് ആഞ്ഞടിച്ചതും ഒന്നിച്ചായിരുന്നു..രണ്ടു മൂന്നു തവണ അവളുടെ കൈകൾ അവൻ്റെ കൈകൾക്ക് നേരെ ഉയർന്നു താഴ്ന്നു.. ഇരുമ്പ് തൂണിനും ഇരുമ്പ് ദണ്ഡിനും ഇടയിൽ പെട്ട് അവൻ്റെ കൈകൾ ചതഞ്ഞരഞ്ഞു.വേദന കൊണ്ട് അവൻ അലറി വിളിച്ചെങ്കിലും വായിലെ പ്ലാസ്റ്റർ കാരണം ആ ശബ്ദം വെറും തേങ്ങലായി മാറി.
"നിനക്കീ കാലിൻ്റെ ആവശ്യമുണ്ടോ മനോജേ? ഈ കാലു കൊണ്ട് നടന്ന് നീ ഇനിയും ഒരുപാട് പേരെ ദ്രോഹിക്കും..നീയൊരു വിഷ സർപ്പമാണ്..അപ്പോൾ അതിന്റെ വിഷ പല്ല് പൊഴിച്ച് കളഞ്ഞില്ലെങ്കിൽ നാടിനാപത്താണ്"
അവളവൻ്റെ കാൽമുട്ടുകൾ നോക്കി ദണ്ഡ് ആഞ്ഞു വീശി..മുട്ട് പൊട്ടിയടരുന്ന ശബ്ദമുയർന്നു..വേദന കൊണ്ടവൻ തല ഇരുവശത്തേക്കും ചരിച്ചു...മരണമായിരുന്നു ഇതിലും ഭേദമെന്നവൻ കരുതി...അവളുടെ കൈകൾ അവൻ്റെ ദേഹത്തേ ഓരോ മർമ്മ സ്ഥാനത്തും പതിച്ച് കൊണ്ടേയിരുന്നു..അവളവൻ്റെ ലിംഗം നോക്കി ആഞ്ഞു വീശി..അവൻ്റെ അടിവയറിനും പെനീസിനും ഇടയിലേക്ക് ആ ഇരുമ്പ് ദണ്ഡ് ശക്തിയോടെ പതിച്ചു...അവൻ വേദന കൊണ്ട് അല്പം കുനിഞ്ഞിരുന്നു..അടിവയറ്റിലൂടെ എന്തോ ഒന്ന് മുകളിലേക്ക് കയറി..വായിൽ നിന്നും ചോര പുറത്തേക്ക് തെറിച്ചു..അടിവയറ്റിൽ ഒരു മരവിപ്പ് മാത്രം.
അവൾ അവനെ വിട്ട് പുറത്തേക്ക് പോയി..താൻ ചെയ്തു പോയ തെറ്റുകൾ ഓർത്തവൻ പൊട്ടി കരഞ്ഞു...അവൻ്റെ കണ്ണിൽ നിന്നും വന്ന കണ്ണീരിന് ചൂട് കൂടുതലായിരുന്നു..അവൻ ശരിക്കും പശ്ചാത്തപിച്ചു..താനൊന്ന് വേഗം മരിച്ചെങ്കില്ലെന്ന് അവൻ ആഗ്രഹിച്ചു..അവൾ തിരിച്ചു വന്നപ്പോൾ കൈയ്യിൽ ചുട്ടുപഴുത്ത ഒരു ഇരുമ്പ് കമ്പിയുണ്ടായിരുന്നു.അവളവൻ്റെ കണ്ണുകളിലേക്ക് നോക്കി..ഉള്ളിൽ പേടിയുണ്ടെങ്കിലും അവൻ്റെ കണ്ണിൽ പക കത്തുന്നത് അവൾ കണ്ടു.
"നീ നിൻ്റെ ഈ ദുഷിച്ച കണ്ണ് കൊണ്ടല്ലേ എല്ലാവരെയും കണ്ടത്..നിൻ്റെ കണ്ണിൽ ഇപ്പോഴും ഞാൻ കാണുന്നു എന്നോടുള്ള പക..നീ നിരങ്ങി വന്നിട്ടായാലും എന്നോട് പകരം വീട്ടും എന്നെനിക്കറിയാം...അതുകൊണ്ട് നിനക്കീ കണ്ണുകൾ വേണ്ട..ഈ കണ്ണുകൾ കൊണ്ട് ഒരു പെണ്ണിനെയും ഇനി നീ നോക്കരുത്.. ഇനിയുള്ള നിൻ്റെ ലോകം ഇരുണ്ടതാണ്"
ചുട്ടുപഴുത്ത ഇരുമ്പ് കമ്പി അവൻ്റെ കണ്ണിലേക്ക് അവൾ കുത്തികയറ്റി..അവളത് തിരിച്ചെടുത്തപ്പോൾ രക്തത്തോടൊപ്പം ചില മാംസ കഷ്ണങ്ങളും ആ ഇരുമ്പ് കമ്പിയോടൊപ്പം പുറത്തേക്ക് ചാടി.
**** ***
സമയം രാത്രി പന്ത്രണ്ടിനോട് അടുത്ത്
ആലക്കോട് ഹോളി മേരി ഹോസ്പിറ്റലിൻ്റെ കാഷ്യുലിറ്റിയുടെ മുന്നിലേക്ക് ഹോൺ മുഴക്കി..പാർക്ക് ലൈറ്റ് തെളിച്ചു കൊണ്ട് ഒരു ചുവന്ന പ്രാഡോ അതി വേഗതയിൽ വന്നു നിന്നു..ഡ്രൈവിങ് സീറ്റിൽ കൂളിംഗ് ഗ്ലാസ് ധരിച്ച ഒരു യുവതിയായിരുന്നു..സെക്യൂരിറ്റിയുടെ വിസിൽ കേട്ട് സ്ട്രക്ച്ചറുമായി ഹോസ്പിറ്റൽ ജീവനക്കാർ ഓടി വന്നു.
"എന്താണ് മേഡം?എന്തു പറ്റിയതാ"
"ആക്സിഡന്റ് ആണെന്ന് തോന്നുന്നു..റോഡിൽ കിടക്കുന്നതാണ് കണ്ടത്..രാത്രിയിലെ ഒരു പരിപാടി കഴിഞ്ഞു പോകുമ്പോൾ കണ്ടതാ"
"മേഡം ഒറ്റയ്ക്കേയുള്ളു?"
"അതേ....ഞാനൊന്ന് വണ്ടി പാർക്ക് ചെയ്തു വരാം"
അവർ ആ ശരീരവുമായി കാഷ്യാലിറ്റിയിലേക്ക് ഓടി.
കാറിന്റെ ആക്സിലേറ്ററിലേക്ക് അവളുടെ കാലുകൾ കൂടുതൽ ശക്തിയായി പതിഞ്ഞു..കാർ പാർക്ക് ചെയ്യുന്നിടത്ത് നിന്ന് ആ വാഹനം വലത്തോട്ട് തിരിഞ്ഞു..ഹോസ്പിറ്റലിൻ്റെ ഗെയിറ്റ് കടക്കുമ്പോൾ അവളുടെ ഉള്ളിൽ ഒരു പുഞ്ചിരി വിടർന്നിരുന്നു..മുഖത്തുണ്ടായിരുന്ന കൂളിംഗ് ഗ്ലാസ് അവൾ എടുത്തു മാറ്റി.
**** **** ****
എസ്.പി. ഫിറോസ് അലിയുടെ ഓഫീസ്..ഒരു സിവിൽ പോലീസ്ക്കാരൻ വന്ന് സല്ല്യൂട്ടടിച്ചു.
"സാർ..പ്ലാൻ്റർ വർക്കിച്ചൻ കാണാൻ വന്നിട്ടുണ്ട്.. സാറിനെന്തോ ഇൻഫർമേഷൻ തരാനാണെന്ന് പറഞ്ഞു"
"വർക്കിച്ചനോ...വരാൻ പറയു"
വർക്കിച്ചൻ എസ്പിയുടെ മുന്നിലേക്ക് വന്നു.അയാളുടെ ചുറുചുറുക്കും കരുത്തുമൊക്കെ ചോർന്ന് പോയതു പോലെ..കുറച്ചു ദിവസങ്ങൾ കൊണ്ട് വയസ്സ് ഒരുപാട് കൂടിയത് പോലെ.
"എന്താ വർക്കിച്ചാ...തനിക്കെന്താ പറയാനുള്ളത്?"
"സാർ..ഞാൻ പറയാൻ പോകുന്നത് കേസിന് എത്രമാത്രം സഹായകമാകുമെന്ന് അറിയില്ല..അന്ന് സാറന്മാര് എൻ്റെ വീട്ടിൽ വന്ന് പോയതിൻ്റെ തൊട്ടു പുറകെ ഒരു സ്ത്രീ വീട്ടിലേക്ക് വന്നു..അവരുടെ പേര് ശ്രീപ്രഭ എന്നോ മറ്റോ ആണ് പറഞ്ഞത്..ഹൈക്കോടതി വക്കീലായ കൃഷ്ണമൂർത്തിയുടെ ജൂനിയർ ആയി പ്രാക്ടീസ് ചെയ്യുകയാണെന്നും എൻ്റെ മകനെയും കൂട്ടുക്കാരെയും രക്ഷിക്കാമെന്നും പറഞ്ഞു.അന്ന് ഞാനത് കാര്യമാക്കിയില്ല..നിങ്ങൾ പോലീസുകാരുടെ ഏതോ കളിയാണെന്നാണ് ഞാൻ കരുതിയത്"
അയാളൊന്ന് നിർത്തി..ഫിറോസ് അലി അയാളുടെ മുഖത്തേക്ക് നോക്കി.
"ഞാൻ മിനിഞ്ഞാന്ന് ഒരു കേസിൻ്റെ ആവശ്യത്തിനായി ഹൈക്കോടതിയിൽ പോയപ്പോൾ അവിടെ വച്ച് കൃഷ്ണമൂർത്തി വക്കീലിനെ കണ്ടു..ഒരു സുഹൃത്താണ് പരിചയപ്പെടുത്തി തന്നത്..എന്നാൽ അയാൾക്ക് അങ്ങനെയൊരു ജൂനിയർ ഇല്ലെന്നാണ് അറിഞ്ഞത്...സാർ മറ്റൊരു കാര്യം അന്ന് ആ സ്ത്രീ വന്നത് ഒരു ചുവന്ന പ്രാഡോയിലായിരുന്നു"
ചുവന്ന പ്രാഡോ..ഫിറോസ് അലി ചാടിയെഴുന്നേറ്റു...
"അതിന്റെ നമ്പർ നോട്ട് ചെയ്തിരുന്നോ?"
"ഇല്ല...പക്ഷെ എനിക്ക് പിന്നീടാണ് ചതി മനസ്സിലായത്..എൻ്റെ ഭാര്യ അന്നമ്മയുടെ പക്കൽ നിന്നും എനിക്ക് അങ്ങനെയൊരു ഫാം ഹൗസും സ്ഥലവുമുള്ള കാര്യം അവൾ മനസ്സിലാക്കിയിരുന്നു..ആ കാര്യവും ഞാൻ ഇന്നലെയാണ് അറിഞ്ഞത്....സാർ എൻ്റെ മകനെ കൊന്നത് അവളായിരിക്കുമോ?എങ്കിൽ അവളെ എൻ്റെ കൈയിൽ കിട്ടിയാൽ?"
"മിസ്റ്റർ വർക്കിച്ചൻ നിങ്ങളുടെ ദേഷ്യവും സങ്കടവും എനിക്ക് മനസ്സിലാവും..അന്ന് ഞങ്ങളോട് സത്യം പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ല..നിങ്ങൾ ഇപ്പോൾ പോയിക്കോ..ഞാനൊന്ന് ഐജി സാറുമായി സംസാരിക്കട്ടെ"
"ദീപക്"
"സാർ"
"ഇയാളുടെ സ്റ്റേറ്റ്മെൻ്റ് എടുത്തേക്ക്"
പെട്ടെന്ന് ഫിറോസ് അലിയുടെ ഫോൺ ശബ്ദിച്ചു..
"ഹലോ....അതേ...എസ്പി ഫിറോസ് അലിയാണ്"
മറുതലയ്ക്കിൽ നിന്നുള്ള വാർത്ത കേട്ട് ഫിറോസ് അലി ഞെട്ടി..
"എപ്പോൾ?....ഇപ്പോൾ ഏത് ഹോസ്പിറ്റലിൽ ആണ് ഉള്ളത്?"
**** **** ***
ഐജി ദിവാക്കറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിയാരം മെഡിക്കൽ കോളേജിൽ എത്തി..കോളേജ് എംഡി ഡോക്ടർ സുദർശനനുമായി സംസാരിച്ചു.
"എപ്പോഴായിരുന്നു സംഭവിച്ചത്? ഇപ്പോൾ കണ്ടീഷൻ എങ്ങനെ?"
"ഒരു മണിക്കൂർ മുൻപാണ് അയാളെ ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്തത്..അവസ്ഥ ഇപ്പോഴും ഗുരുതരം തന്നെ മെഡിസിനോട് യാതൊരു റെസ്പോൺസും കാണിക്കുന്നില്ല..ഇരുപത്തിനാല് മണിക്കൂർ കഴിയാതെ ഒന്നും പറയാൻ പറ്റില്ല"
"ആരാണ് ഇങ്ങോട്ട് കൊണ്ടു വന്നത്?"
"അവിടെ നിന്നും ഒരു ഡോക്ടറും നേഴ്സും പിന്നെയൊരു അവിടുത്തെ ഓഫീസ് സ്റ്റാഫുമുണ്ട്"
"അവരെ ഇങ്ങോട്ട് വിളിക്കു"
"സാർ...ഡോക്ടർ നിർമ്മൽ ചാക്കോ..ന്യൂറോളജിസ്റ്റാണ്"
"ആ പറയു നിർമ്മൽ എന്തായിരുന്നു?എങ്ങനെയായിരുന്നു സംഭവം?"
"സാർ...ഇന്നലെ രാത്രിയിലാണ്...ഒരു സ്ത്രീയാണ് അയാളെ കൊണ്ടു വന്നത് എന്നാണ് അന്നേരം ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫും സെക്യൂരിറ്റിയും പറഞ്ഞത്..വണ്ടി തട്ടിയതോ മറ്റോ ആണെന്നാണ് പറഞ്ഞത്..വണ്ടി പാർക്ക് ചെയ്തിട്ട് വരാമെന്ന് പറഞ്ഞിട്ട് അവർ വന്നില്ല..വല്ല പോലീസ് കേസ് വന്നാലോ എന്നു പേടിച്ചിട്ടായിരിക്കും എന്ന് അവരും കരുതി...പക്ഷെ അയാൾക്ക് വാഹനം തട്ടിയല്ല പരുക്കേറ്റത്...ആരോ അതി ശക്തമായി, ക്രൂരമായി മർദ്ദിച്ചിട്ടുണ്ട്..ശരീരത്തിൽ ഒരു സ്ഥലം പോലും മർദ്ദനത്തിൽ പരികേല്ക്കാതെയില്ല..അതുമാത്രമല്ല സാർ"
ഡോക്ടർ നിർമ്മൽ ചാക്കോ ഐജി ദിവാക്കറിനെ നോക്കി
"അയാളുടെ ഇരുകണ്ണുകളും ഏതോ വസ്തു ഉപയോഗിച്ച് ചൂഴ്ന്നെടുത്തിട്ടുണ്ട്...പിന്നെ പെനീസ് പൂർണമായും തകർന്നിട്ടുണ്ട്... ഇനി ജീവിച്ചിരുന്നാലും അയാൾക്ക് ഒരിക്കലും എഴുന്നേറ്റ് നടക്കാൻ സാധിക്കില്ല.. എല്ലുകൾ...പ്രത്യേകിച്ച് നട്ടെല്ല് തകർന്നു പോയി"
ആ ഭീകര രംഗം ഐജി ദിവാകറിൻ്റെയും എസ്പി ഫിറോസ് അലിയുടെയും മനസ്സിലേക്ക് ഓടിയെത്തി..
ആരായിരിക്കും ഈ ക്രൂരകൃത്യം നടത്തിയത്?...അവരുടെ മുന്നിലുള്ളത് വെറും രണ്ടു തെളിവുകൾ... ഒന്ന് ചുവന്ന പ്രാഡോ..രണ്ടാമത്തേത് ഒരു സ്ത്രീ...വർക്കിച്ചൻ്റെ അടുത്ത വന്ന സ്ത്രീയും ഹോസ്പിറ്റലിൽ വന്ന സ്ത്രീയും ഒന്നു തന്നെയാണോ?ആ സ്ത്രീ അവൾ ആരാണ്?
കേരള പോലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പി കൊണ്ടിരിക്കുകയാണ്... പോലീസ് അവളെ കണ്ടെത്തുക തന്നെ ചെയ്യും....പക്ഷെ അവൾ തങ്ങളുടെ കൈ അകലത്തിൽ തന്നെയുണ്ടെന്ന് മാത്രം അവർ അറിഞ്ഞില്ല.
(തുടരും)
ബിജു പെരുംചെല്ലൂർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo