Slider

മിടുക്കി

0

(NB: ഈ കഥയും കഥാപാത്രങ്ങളും സാങ്കല്പികമല്ല !!! )
സരസു ചെടിക്കു വെള്ളം നനക്കുകയായിരുന്നു.അപ്പോഴാണ് കയ്യിൽ പച്ചക്കറി കവറുമായി ലളിതേച്ചി എത്തിയത്.മുകളിലെ റൂമിലാണ് ചേച്ചി താമസിക്കുന്നത്.ജോലി കഴിഞ്ഞ് വരുകയാണ്.എന്റെ സരസു.. നമ്മുടെ പച്ചക്കറി അണ്ണൻ നമ്മളെ ശരിക്കു പറ്റിക്കുകയായിരുന്നൂന്ന് ഇപ്പോഴാ മനസിലായെ. ബസ്‌സ്റ്റോപ്പിന്റെ അടുത്തുള്ള കടയിലെ നല്ല വില കുറവാണ്.പിന്നെ എന്തു വാങ്ങിയാലും ഒരു ചെറിയ കെട്ടു കറിവേപ്പില ഫ്രീ.ഇനി അവിടന്നെ പച്ചക്കറി വാങ്ങുള്ളൂ. ഇതും പറഞ്ഞു ലളിതേച്ചി കോണിപ്പടി കയറി പോയി.
അടുത്ത ദിവസം,
സരസു ഷെയർ ഓട്ടോയിൽ കയറി.തിക്കി തിരക്കി ഇരുന്നു. നാലുപേർ പിന്നിലും, പിന്നെ ഡ്രൈവർടെ അപ്പുറത്തും ഇപ്പുറത്തും രണ്ടുപേരും. മൊത്തം ഡ്രൈവറടക്കം ഏഴുപേർ ഒരു ഓട്ടോയിൽ.ഇതിലാണേൽ പത്തു രൂപയ്ക്കു ബസ്റ്റോപ്പിൽ എത്താം. ഒറ്റക്കു ഓട്ടോ വിളിക്ക്യാണെങ്കിൽ നാല്പത് രൂപ കൊടുക്കണം. ബസ്റ്റോപ്പിൽ ഇറങ്ങി നടന്നു. ഹാവൂ... ന്തൊരു ചൂട്. ഒരു ഇളനീർ കുടിച്ചാലോ...സരസു റോഡ് സൈഡിൽ നിന്നും ഉന്തുവണ്ടിയിൽ വിൽക്കാൻ വച്ചിരിക്കുന്ന മച്ചിങ്ങ പോലുള്ള ഇളനീർ വാങ്ങി കുടിച്ചു. യെഷ്ട്ടൂ അണ്ണാ.അറിയാവുന്ന കന്നഡയിൽ അവൾ ചോദിച്ചു. തേർട്ടി. അങ്ങനെ വീണ്ടും മുന്നോട്ട് നടന്നു പച്ചക്കറി കടയിൽ എത്തി. ഉച്ചയായതു കൊണ്ടാവാം വലിയ തിരക്കില്ലായിരുന്നു. തക്കാളി ഒരു കിലോ. പതിനേഴു രൂപ.. സരസു ഇരുപതിന്റെ ഒരു നോട്ട് കൊടുത്തു.തക്കാളിക്കവറും മൂന്നു രൂപ ചില്ലറയും പിന്നേ ഒരു ചെറിയ കെട്ടു കറിവേപ്പിലയും സരസുവിനു കൊടുത്തു കൊണ്ടു കടക്കാരൻ നല്ലൊരു ചിരി പാസ്സാക്കി. നന്ദിയോടെ സരസു തിരിച്ചും ചിരിച്ചു. വീണ്ടും ഷെയർ ഓട്ടോയിൽ കയറി പത്തു രൂപയ്ക്കു തിരിച്ചു വീടെത്തി.
വൈകീട്ട് ശശി വീട്ടിലെത്തിയപ്പോൾ സരസുവിന്റെ മുഖത്ത് ഒരു പ്രത്യേക ഭാവം. എനിക്കൊരു ഷേക്കാന്റു തന്നെ.. എന്നിട്ട് മിടുക്കി എന്ന് വിളിക്കേം വേണം... നീ കാര്യം പറ, എന്നിട്ടാവാം...
അതേ നമ്മളോടാ കളി. പച്ചക്കറി അണ്ണൻ ഒരു കിലോ തക്കാളിക്ക് ഇരുപത് രൂപയാ വാങ്ങിയിരുന്നെ. അവിടെ ബസ്‌സ്റ്റോപ്പിനടുത്തെ പതിനേഴു രൂപയെ ഉള്ളു. പിന്നെ ഒരു കെട്ടു കറിവേപ്പിലയും ഫ്രീ..
നീ എങ്ങന്യാ അവിടെ വരെ പോയെ ?? ശശി ചോദിച്ചു..
അത് ഷെയർ ഓട്ടോയിൽ. സരസു പറഞ്ഞത് കേട്ട് ശശി അന്തം വിട്ടു. മൂന്നു രൂപ ലാഭിക്കാൻ ഇരുപത് രൂപക്ക് വണ്ടി വിളിച്ചു പോയിരിക്കുന്നു.. ബെസ്റ്റ് !!
ഹോ, എന്തൊരു ചൂടായിരുന്നു. കരിക്കൊരെണ്ണം വാങ്ങി കുടിച്ചപ്പോഴാ ഇത്തിരി ആശ്വാസമായേ.. സരസു അടുക്കളയിലേക്കു പോകാൻ നേരം വിളിച്ചു പറഞ്ഞു.. മിടുക്കീന്ന് വിളിച്ചില്ലാട്ടോ ചേട്ടാ!!
എന്നാലും ന്റെ മിടുക്കീ... ശശി തലയിൽ അറിയാതെ കൈ വച്ചു...

Aisha J
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo