Showing posts with label JamesVinodTK. Show all posts
Showing posts with label JamesVinodTK. Show all posts

പാർക്കിലെ കാഴ്ച്ചകൾ

പാർക്കിലെ കാഴ്ച്ചകൾ
"ധനൽ.... നിനക്ക് ജീവിതം എന്തെന്ന് ശരിക്കും അറിയില്ല. എന്നെ മാത്രം അറിഞ്ഞാൽ പോരാ
എന്റെ കുടുംബം ചുറ്റുപാട്..."
എന്റെ ആഗ്രഹങ്ങളെ കുറിച്ച് പറയുമ്പോൾ
കാഞ്ചനയുടെ മറുപടി ഇങ്ങനെ ആയിരുന്നു.
ഞങ്ങൾ പട്ടണത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ഒന്നിച്ച് ജോലി ചെയ്യുന്നവർ.
അവളിലെ ലാളിത്യവും എളിമയും സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്ക്
എപ്പോഴോ വഴുതി വീണു.
പട്ടണത്തിൽ നിന്നും വളരെ ദൂരെ ഒരു ഗ്രാമത്തിലായിരുന്നു അവളുടെ വീട്.
വീടിനെ കുറിച്ചും പുഴയെ കുറിച്ചും,
വൈകുന്നേരങ്ങളിലെ ഞങ്ങളുടെ പാർക്കിലെ
സംഭാഷണത്തിൽ മുഖ്യവിഷയങ്ങൾ ആയിരുന്നു.
ജോലി കഴിഞ്ഞ് ഏകദേശം ഒരു മണിക്കൂറോളം പാർക്കിലെ സിമന്റ് ബെഞ്ചിലിരുന്ന് കപ്പലണ്ടിയും കൊറിച്ചു കൊണ്ട് എന്തൊക്കയോ പറയും.
അവളെല്ലാം മൂളി കേൾക്കും.
ജോലി കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷമേ
അവളുടെ ഗ്രാമത്തിലേക്ക് ബസ്സുണ്ടായിരുന്നുള്ളൂ.
............................................................................
പലനാളായ് അവളോട് പറഞ്ഞ ആഗ്രഹ സഫലീകരണത്തിന്റെ യാത്രയിലാണ് ഞങ്ങൾ രണ്ടു പേരും. അതേ അവളുടെ ഗ്രാമത്തിലേക്ക് പുഴക്കരയിലെ അവളുടെ വീട്ടിലേക്ക് ഒരു യാത്ര. ചെമ്മൺപാതയിൽ പൊടിപടർത്തി കൊണ്ട് കുലുങ്ങി കുലുങ്ങിയുള്ള ബസ്സ് യാത്ര
മുഷിപ്പായി തോന്നിയെങ്കിലും അവളോട് തൊട്ടുരുമിയിരിക്കമ്പോൾ എന്തോ.... അതൊക്കെ മറന്നു.പുറം കാഴ്ച്ചകൾ നോക്കി കൊണ്ടിരുന്ന അവളുടെ നയനങ്ങളിലേക്ക്
നോക്കിയിരുന്നു. എന്നും ഇതുപോലെ അടുത്തിരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ......
വേനൽക്കാലമായത് കൊണ്ടാവണം പുഴയിൽ
നീരൊഴുക്ക് കുറവാണ്. ബസ്സിറങ്ങി കുറച്ച് ദൂരം നടക്കാനുണ്ട് അവളുടെ വീട്ടിലേക്ക്. പൊടി നിറഞ്ഞ യാത്രയിൽ കാലിലെ മൺ തരികൾ പുഴ നീരിലേക്ക് അലിഞ്ഞിറങ്ങി. കുറച്ച് സമയം വെള്ളത്തിൽ തന്നെ നിന്നു. പൊടിമീനുകൾ കാലിനെ ചുംബിച്ച് വലംവച്ചോണ്ടിരിക്കുന്നു. എന്റെ
നിൽപ്പ് കണ്ടിട്ടാണോന്തോ കാഞ്ചന ചോദിച്ചു.
''ധനൽ നിന്റെ നാട്ടിൽ ഉണ്ടോ പുഴയൊക്കെ " ?
കോൺക്രീറ്റ് വീടുകളിലെ അഴുക്കും പേറി
ഒഴുകുന്ന ഓട വെള്ളമാണ് എന്റെ പുഴ.
അമ്പര ചുമ്പികളായി നിൽക്കുന്ന കെട്ടിടങ്ങൾ ആണ് എനിക്ക് മലനിരകൾ......
വാലാട്ടി പക്ഷികൾ കല്ലുകളിൽ നിന്നും കല്ലു കളിലേക്ക് പാറി നടന്നു. കൊലുന്നനെയുള്ള കാലുകളിൽ നിന്ന് കൊക്കുകൾ " ഇതേടാ ഒരു പുതുമുഖം" എന്ന ഭാവത്തിൽ എന്നെ നോക്കി.
ചാണകമെഴുതിയ കോലായിൽ ഇരിക്കാൻ ഒരു പലക നീട്ടികൊണ്ട്
" ഓഫീസിലെ കുഷ്യൻ സുഖം ഒന്നും ഇതിൽ കിട്ടില്ലട്ടോ "
ചിരിച്ച് കൊണ്ട് അവൾ പറഞ്ഞു.
അനിയത്തി തന്ന ആട്ടിൻ പാലൊഴിച്ച കാപ്പി കുടിച്ചപ്പോൾ യാത്രാ ക്ഷീണം ഒക്കെ മാറി.
ചെറുകടിയായി തേങ്ങയിട്ട് പുഴുങ്ങിയ കടലയും. യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ ഞാൻ
തീരുമാനിച്ചു.കാഞ്ചന എനിക്കുള്ളതാണ്.
.............................................
ഞാൻ വികാരപരവശനായി നീട്ടിയ പ്രണയ സമ്മാനം വാങ്ങാതെ
"ധനൽ നിന്റെ ഓർമ്മകൾ എന്നും മനസ്സിലുണ്ട്. അതിന് ഈ മോതിരത്തിന്റെ ആവിശ്യകതയുണ്ടോ?"
പാർക്കിലെ ഞങ്ങളുടെ അവസാന കൂടി കാഴ്ച്ചയാണ്‌. മറ്റന്നാൾ ഞാൻ വിദേശത്തേക്ക് പോകുകയാണ്. ഉയർന്ന ശമ്പളം ഏട്ടന്റെ നിർബന്ധം പോയേ പറ്റു. സിമന്റ് ബഞ്ചിന് ഒരു പാട് നീളം ഉള്ളത് പോലെ തോന്നി. കൈയ്യാത്താ ദൂരത്താണ് കാഞ്ചന എന്ന് തോന്നിപ്പോകുന്നു. കൈകൾ കൂട്ടി പിടിച്ച്
"എനിക്ക് വേണ്ടി കാത്തിരിക്കണം"
തൊണ്ടയിടറി പറയുമ്പോഴും മുഖത്ത് ഭാവഭേദം വരുത്താതെ
" ജീവിതം തന്നെ ഒരു കാത്തിരിപ്പല്ലേ "
എന്ന മറുചോദ്യമാണ് എനിക്ക് മറുപടിയായി തന്നത്.
.................. :................................................
"ധനൽ ഭാര്യയായിരിക്കും അല്ലേ "
നല്ല പരിചയം ഉള്ള സ്വരം കേട്ടാണ് ഞാൻ തിരിഞ്ഞ് നോക്കിയത്‌. കാഞ്ചന !!! ആറ് വർഷമായിരിക്കുന്നു കണ്ടിട്ട്. വിദേശത്ത് പോയി ആഴ്ച്ചയിൽ ആഴ്ച്ചയിൽ കത്തെഴുതുമായിരുന്നു. പിന്നെ മാസത്തിലായി
പിന്നെ പിന്നെ....... ഇപ്പോ നാല് വർഷമായി ഒരു ബന്ധവുമില്ല. അവധിക്ക് വന്നപ്പോൾ ഭാര്യയേയും കുഞ്ഞിനേയും കൂട്ടി പാർക്കിലേക്കിറങ്ങിയതായിരുന്നു.
" കല്യാണത്തിന് പോലും ക്ഷണിച്ചില്ല."
അതിൽ പരിഭവത്തിന്റെ ലാഞ്ജന പോലും ഇല്ലായിരുന്നു.
" അത് പിന്നെ എല്ലാം പെട്ടെന്നായിരുന്നു. വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച കല്യാണം. ഭാര്യ പത്മിനി, മോൻ"
കുടുംബത്തെ പരിചയപെടുത്തുമ്പോഴും കാഞ്ചനയെ നോക്കിയില്ല. ഒരു പായ്ക്കറ്റ് കപ്പലണ്ടി വാങ്ങി
" ഇതാണ് എന്റെ വിവാഹ സമ്മാനം ''
എന്നു പറഞ്ഞ് നീട്ടിയപ്പോൾ വാങ്ങാതിരിക്കാൻ കഴിഞ്ഞില്ല. ഉഞ്ഞാല് നോക്കി മോൻ കൈ ചൂണ്ടിയപ്പോൾ കുഞ്ഞിനേയും കൂട്ടി പത്മിനി അങ്ങോട്ട് നീങ്ങി.
"കല്യാണമൊന്നും?"
"കല്യാണമൊക്കെ ഒരു യോഗമല്ലേ ധനൽ?"
കുറച്ച് ദൂരെ അറ്റം പൊളിഞ്ഞ സിമന്റ് ബെഞ്ച് ചൂണ്ടി കൊണ്ട്
" കഴിഞ്ഞ ആറ് വർഷമായി ഞാൻ ഇവിടെ കാത്തിരിക്കാറുണ്ട്."
അത് പറയുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നോ? കണ്ഠം ഇടറിയരുന്നോ
അറിയില്ല അപ്പോഴേക്കും എന്റെ കണ്ണുകളിൽ
ഇരുട്ട് കയറിയിരുന്നു. കാതുകളിൽ കടന്നലുകളുടെ ഇരമ്പൽ പ്രകമ്പനം കൊണ്ടിരുന്നു.
ജയിംസ് വിനോദ്........

''''''പാർട്ടി തീരുമാനമായിരുന്നു,കൂട്ടുകാരാ"'''"

''''''പാർട്ടി തീരുമാനമായിരുന്നു,കൂട്ടുകാരാ"'''"
''മോനേ ഇന്നലെ നീ കൊണ്ടുവിട്ടു പോയതല്ലേ? അവനിപ്പോ കെടക്കുന്ന കെടപ്പു കണ്ടോ മോനേ''
ആ അമ്മ തളർന്ന് വീണത് എന്റെ നെഞ്ചിലേക്കായിരുന്നു. ആരെക്കയോ അവരെ താങ്ങിപ്പിടിച്ച് നിലത്തു വിരിച്ച പുൽപായയിൽ കിടത്തി.പ്രിയപ്പെട്ട കൂട്ടുകാരന് അന്ത്യോപചാരം അർപ്പിച്ചു.ശാന്തമായി ഉറങ്ങുന്ന എന്റെ പ്രിയ കൂട്ടുകാരൻ. നെറ്റിയിൽ പുരികത്തിനോടടുപ്പിച്ചുള്ള മൂന്നിഞ്ച് നീളത്തിലുള്ള ആ പാട് ഞാൻ ഓർത്തെടുത്തു. എന്റെ പെങ്ങളുടെ മാനത്തിനെ ഹനിക്കാൻ വന്നവനെ ഞാനതറിയും മുന്നേ അവന്റെ വീട്ടിൽ കയറി തല്ലി ചതച്ചവൻ, അവിടെ വച്ചുണ്ടായ ബഹളത്തിൽ നെറ്റിയിലേറ്റ ആ മുറിപ്പാട്.
പാർട്ടി യോഗവും കഴിഞ്ഞ് ഏറെ വൈകി ഇന്നലെ അവനോടൊപ്പം തിരിച്ചു വരുമ്പോൾ അവന്റെ അമ്മ ഉറങ്ങാതെ കാത്തിരിപ്പുണ്ടായിരുന്നു. നാളികേരം ചിരകിയിട്ട ചുവന്ന അരിയുടെ അവലും പഴുത്ത പാളയൻകോടൻ പഴവും ശർക്കരയിട്ട കാപ്പിയും മേശപ്പുറത്ത് വച്ച് ഞങ്ങളെ കാത്തിരിക്കുന്ന അവന്റെ അമ്മ.വെളിച്ചം മങ്ങിയ ടോർച്ച് അവിടെ വെപ്പിച്ച് തെങ്ങോല ചൂട്ട് കത്തിച്ചു തരുമ്പോൾ അമ്മ പറഞ്ഞു.
'' സൂക്ഷിച്ച് പോവണം മോനേ, ഇഴജന്തുക്കൾ ഇര തേടുന്ന സമയമാണ്''
ആദ്യത്തെ കുത്ത് ഇടനെഞ്ചിലേക്കായിരുന്നു. ഹൃദയം പിള്ളർന്ന് ചുടുചോര ചീറ്റിയപ്പോൾ ആ ചോരത്തുള്ളികൾ വായിലേക്ക് തെറിച്ചപ്പോൾ മനംപിരട്ടി ശർദ്ദിച്ചു.അന്ന് രാത്രി കഴിച്ച നാളികേരം ചിരകിയിട്ട ചുവന്ന അരിയുടെ അവലും, പാളയംകോടൻ പഴത്തിന്റെ കഷണങ്ങളും എന്റെ ദേഹത്ത് തന്നെ പറ്റിപ്പിച്ചു.
ആദ്യത്തെ കുത്തിന് തന്നെ തീർക്കാൻ ഞാൻ തന്നെയാണ് പാർട്ടി യോഗത്തിൽ നിന്ന് അനുവാദം വാങ്ങിയത്.കമുകിനെ ചുറ്റി പിണഞ്ഞ് കിടക്കുന്ന മുള്ള് വള്ളിയായ ചെടങ്ങയെ ഒറ്റവെട്ടിന് കഷണമാക്കാൻ പഠിപ്പിച്ചതും, പറമ്പിലെ മൂപ്പെത്തിയ വാഴക്കുല നിലത്തിടാതെ വെട്ടാൻ പഠിപ്പിച്ചതും അവനായിരുന്നു.
ഞാൻ പോലുമറിയാതെ എന്റെ അമ്മയ്ക്ക് വിധവാ പെൻഷൻ വാങ്ങിച്ചു തന്നതും, നാട്ടിലേക്കുള്ള റോഡ് വെട്ടാൻ മുന്നിൽ നിന്നതും, വായനശാല എന്ന ആശയം കൊണ്ടുവന്നതും, പെങ്ങൾക്ക് എഞ്ചിനീയറങ്ങിന് സീറ്റ് തരപ്പെടുത്തിത്തന്നതും അവനായിരുന്നു.
പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതി ആരുമറിയാതെ ജില്ലാ കമ്മിറ്റി റിപ്പോർട്ട് ചെയ്തതും, പാർട്ടി ഓഫീസിൽ സെക്രട്ടറി നടത്തിയ അനാശാസ്യം കൈയ്യോടെ പിടികൂടി നാട്ടുകാരെ അറിയിച്ചതും പാർട്ടി വിരുദ്ധമാണ് പ്രിയ കൂട്ടുകാരാ.
പാർട്ടി തീരുമാനമായിരുന്നു പ്രിയ കൂട്ടുകാരാ 'ആരും പാർട്ടിക്കതീതരല്ല '' എന്നുള്ളത്.

James

എനിക്കെന്തേ കരച്ചിൽ വരാത്തത്

"എനിക്കെന്തേ കരച്ചിൽ വരാത്തത്? എന്റെ മനസ്സെന്തേ വിങ്ങാത്തത്?''
വെള്ളപുതപ്പിച്ച ഏട്ടന്റെ ദേഹം കണ്ടിട്ട് ഒരു ഭാവഭേദവും കൂടാതെ ഞാനിരുന്നു.തലക്കൽ കത്തിച്ച് വച്ച നിലവിളക്കിൽ ഈയാംപാറ്റകൾ മത്സരിച്ച് സ്വയം എരിഞ്ഞടങ്ങുന്നു.
എന്തിനിത് ചെയ്തു.? നമ്മുടെ മോൻ, ഞാൻ......... ഏട്ടൻ ഒന്നും ഓർത്തില്ലല്ലോ.. ഒരിക്കെലെങ്കിലും ഞാൻ മുഖം വീർപ്പിച്ച് നടന്നിട്ടുണ്ടോ, സംസാരിച്ചിട്ടുണ്ടോ?
ഏട്ടന്റെ ഇല്ലായ്മയിൽ ഞാനും കൂട്ടായ് നിന്നിട്ടില്ലേ... ഇളയ നാത്തൂന്റെ കല്യാണത്തിന് എന്റെ കെട്ടുതാലി ഒരു സങ്കടവും കൂടാതെ അഴിച്ച് തന്നിട്ടില്ലേ.....? അനിയന്റ ജോലിക്കായ് എനിക്ക് അഛൻ തന്ന രൂപ തരുമ്പോൾ പോലും എന്റെ മുഖത്തോ മനസ്സിലോ വേദന ഉള്ളതായി ഏട്ടന് തോന്നിയിട്ടുണ്ടോ?......
ഏട്ടൻ പറ..... ഏട്ടൻ എല്ലാവർക്കും വേണ്ടി കഷ്ട്ടപെടുന്നതല്ലേ.. എല്ലാവരുടെയും ആവിശ്യങ്ങൾ നിറവേറ്റുന്നില്ലേ...
ഞാൻ ഇത്രയും കാലത്തിനിടയ്ക്ക് ഏട്ടനോട് എന്തെങ്കിലും ആവിശ്യപെട്ടിട്ടുണ്ടോ?
വയലിലും, പറമ്പിലും ഏട്ടന്റെ കൂടെ നിഴൽ പോലെ വന്നിട്ടില്ലേ, നിന്നിട്ടില്ലേ.?
വീടുപണിക്കായ് എടുത്ത ലോൺ അടവ് തെറ്റി ജപ്തി നോട്ടീസ് വന്നത് കൊണ്ടല്ലേ ഏട്ടാ ഞാൻ അക്കാര്യം വീട്ടിൽ പറഞ്ഞത്.? അച്ഛൻ പ്രസിഡന്റായിരുന്ന സഹകരണ ബാങ്കിൽ, ഭവന വായ്പ എഴുതിത്തള്ളൽ സ്കീമിൽ പെടുത്തിയിരുന്നില്ലേ.? എന്നിട്ടും ഏട്ടൻ......
അന്ന് വൈകുന്നേരം അക്കാര്യം പറഞ്ഞ് ഏട്ടൻ ആദ്യമായി വഴക്കിട്ടില്ലേ, എന്നെ തല്ലിയില്ലേ..? അഭിമാനമാണോ ഏട്ടാ.... അത് ദുരഭിമാനമല്ലേ..?
എന്റെ ഭർത്താവിന്റെ വിഷമതകൾ അല്ലേ ഏട്ടാ ഞാൻ അച്ഛനോട് ആദ്യമായും അവസാനമായും പറഞ്ഞത്..? ആ ഒരു സംഭവത്തിന്റെ പേരിൽ എന്നേയും നമ്മുടെ മോനേയും വിട്ടു ,മാവിൻ കൊമ്പിൽ അഭയം തേടിയില്ലേ ? ഇനി എനിക്കാരുണ്ട് ഏട്ടാ..? നമ്മുടെ മോന് സ്ക്കൂളിലേക്ക് പോവണമെങ്കിൽ അച്ഛന്റെ വിരൽ തുമ്പ് വേണമെന്ന് ഏട്ടനറില്ലേ.. ?
എന്നിലെ ചുടുനിശ്വാസങ്ങൾ ഏറ്റുവാങ്ങുന്നത് ഏട്ടന്റെ നെഞ്ചല്ലേ? ആ നെഞ്ചിൽ തല തായ്ച്ചല്ലെ ഏട്ടാ നമ്മുടെ സ്വപ്നങ്ങൾ നെയ്തത്..?
ഏട്ടൻ പറ പറക്കമുറ്റത്ത നമ്മുടെ മോനെ, എന്നെ തനിച്ചാക്കി എങ്ങനെ പോവാൻ തോന്നി.?
ഓർമ്മകൾ ഇരമ്പിയാർത്തിട്ടും എനിക്ക് വിങ്ങിപ്പൊട്ടാൻ, ഒന്ന് ആർത്തലച്ച് കരയാൻ പറ്റുന്നില്ലല്ലോ ഏട്ടാ

james

ഹൃദയത്തിൽ സൂക്ഷിച്ചത്

Image may contain: 1 person, closeup and outdoor

ഇഷ്ടങ്ങൾ മനസ്സിൽ സൂക്ഷിക്കാനുള്ളതല്ല. തുറന്ന് പറയാനുള്ളതാണ്. എന്നിട്ടും അവനെന്തേ എന്നോട് അകന്ന് നിൽക്കുന്നത്. എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടാത്ത മരീചികയാണത്. മുറ ചെറുക്കനാണെങ്കിലും, കുടുംബത്തിലെ ഒട്ടുമിക്ക പേർക്കും നിവിൻ അഭികാമ്യനല്ല. ടൗണിലെ പിള്ളേരുമായാണ് കൂട്ട് .പറഞ്ഞാൽ ഒന്നും കേൾക്കില്ല.മൂക്കത്ത് ദേഷ്യം. എല്ലാം കൊണ്ടും പുകഞ്ഞ കൊള്ളി.
പക്ഷെ എനിക്കെന്നാണ് അവനോട് ഇഷ്ടം തോന്നിയത്? അറിയില്ല. സ്ക്കൂൾ അവധിക്ക് അമ്മയോടൊപ്പം തറവാട്ടിൽ ഒന്നു രണ്ടാഴ്ച്ച താമസിക്കും. അമ്മുമ്മയും, അപ്പുപ്പനും, മാമനും, മാമിയും മക്കളും എല്ലാരും കൂടി ഉത്സവമാക്കും. പക്ഷെ നിവിൻ ഇതിലൊന്നും ഇടപെടില്ല. എങ്കിലും ഞങ്ങളുള്ളപ്പോൾ തറവാട്ടിൽ തന്നെ കാണും മിക്കവാറും. അതൊരു പക്ഷെ എന്റെ അമ്മയെ പേടിച്ചിട്ടാവാം. തറവാട്ട് കുളത്തിൽ കുളിക്കാൻ പോകുമ്പോൾ, കാവലാളായി നിവിനും ഉണ്ടാവും. ഒരാൾക്ക് മാത്രം നടന്ന് പോകാൻ മാത്രം വീതിയുള്ള ഇടവഴിയിലൂടെ പിള്ളേരെ മുന്നിൽ നടത്തി നിവിന്റ തോളോടുരുമ്മി നടക്കും. ചുമലിൽ പിടിച്ച് തള്ളി
'' മുന്നേക്കേറി നടക്ക് പെണ്ണേ..''
അത് കേട്ട് ചുണ്ടുകൾ ഇരു വശത്തേക്കും കോട്ടിപ്പിടിച്ച് നീരസ്സത്തോടെ മുന്നിൽ നടക്കും.
വൈകുന്നേരം തറവാട് ക്ഷേത്രത്തിൽ വിളക്ക് വയ്ക്കാൻ ഞാനും പോവാറുണ്ട് അവന്റെ കൂടെ. കുത്തുവിളക്കിന്റെ വെളിച്ചത്തിൽ പാടവരമ്പത്തൂടെ കുറച്ച് നടക്കണം തെയ്യതറയിലെത്താൻ.വരമ്പ് തെന്നി പാടത്ത് വീണാലും ആ മൊശടൻ ഒരു കൈ സഹായം തരില്ല. തറയിൽ വിളക്ക് വച്ച്, ചന്ദനക്കല്ലിൽ ചന്ദനവും അരച്ച് കട്ടിള പടിയിൽ കുറി വരച്ച് ബാക്കി മിച്ചം വരുന്ന ചന്ദനം എന്റെ നെറ്റിയിൽ തൊടുവിക്കാറുണ്ട്. അപ്പോൾ വിചാരിക്കാറുണ്ട് എല്ലാ സന്ധ്യകളിലും ഈ കൈയ്യാൽ കുറി തൊടുവിച്ചിരുന്നെങ്കിൽ. ഒരു പത്താം ക്ലാസ്സുകാരിക്ക് അത്രയൊക്കെ ചിന്തിക്കാമല്ലോ.
നിവിൻ ഒരിക്കൽ പോലും എന്നോട് പ്രണയാതുരമായി പെരുമാറിയിട്ടില്ല.പക്ഷെ എന്റെ മനസ്സു മുഴുവൻ അവനായിരുന്നു. ഒരിക്കലെങ്കിലും എനിക്കത് തുറന്ന് പറയണം.അല്ലെങ്കിൽ എന്റെ ഏറെ നാളത്തെ കാത്തിരിപ്പിന് അർത്ഥമില്ലാതാവും. അങ്ങനെയിരിക്കെ തറവാട്ടിൽ വലിയ മാമന്റെ മകളുടെ കല്യാണം ഒത്തുവന്നു. ബന്ധുക്കളും, കുടുംബക്കാരുമായി എങ്ങും കല്യാണാരവം. നിവിനെ ഒറ്റയ്ക്ക് കിട്ടാൻ ഞാൻ പെടാപ്പാട് പെട്ടു.അവസാനം മട്ടുപ്പാവിൽ എന്തോ ആവിശ്യത്തിനായി അമ്മാവൻ അവനെ പറഞ്ഞ് വിടന്നുത് കണ്ടു. ഞാനും പിറകെ പിടിച്ചു.
'' നിവി നിക്കൊരു കാര്യം പറയാനുണ്ട് '' എന്നെക്കാൾ അഞ്ച് വയസ്സിന് മൂത്തെതെങ്കിലും ഞാൻ പേര് ചൊല്ലിയേ വിളിക്കാറുള്ളൂ.
''ന്താടി.. ചിണുങ്ങാതെ കാര്യം പറ '' മൊശട സ്വഭാവത്തിന് ഒരു മാറ്റവുമില്ല.
''നിക്ക് നിന്നെ ഇഷ്ടാണ്...'' എടുത്തടിച്ചത് പോലെ പറഞ്ഞെതെങ്കിലും നാണമായിരുന്നു എനിക്കപ്പോൾ.
'' ഒന്ന് മാറിനിന്നേ.... പ്രേമോം കൊണ്ട് വന്നിരിക്കുന്നു.'' എന്നും പറഞ്ഞ് കൈ പിടിച്ച് താഴ്ത്തി പുറത്തേക്ക് പുതുക്കെ രണ്ടടി വച്ച് തന്നു.ഞാൻ കരയണോ, സന്തോഷിക്കണോ എന്നതിനെ കുറിച്ച് ചിന്തിച്ചവിടെ തന്നെ നിന്നു.പടിയിറങ്ങിപ്പോവുമ്പോൾ കവിളൊത്തൊരു നുള്ളും തന്നിട്ടാ പോയത്. അത് മതിയായിരുന്നെനിക്ക്.
അങ്ങനെയിരിക്കേ അച്ഛന് കുറച്ച് ദൂരേക്ക് ഒരു ട്രാൻസ്ഫർ കിട്ടി. തറവാടുമായിട്ടുള്ള ബന്ധം വിട്ടു. നിവിൻ വല്ലപ്പോഴും വിളിക്കാറുണ്ടായിരുന്നു. ഒരു പ്രാവിശ്യം വിളിച്ചപ്പോൾ പറഞ്ഞു. എനിക്ക് ജോലി കിട്ടി ഗൾഫിലേക്ക് പോകുകയാണ്. ഒന്ന് കാണാൻ എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ 'നിന്നെയൊന്നു കാണണമെന്ന് ' അവനും പറഞ്ഞില്ല. അതെങ്ങെനെ പണ്ടും ഇതുപോലെ തന്നെയല്ലേ സ്വഭാവം മൊശടൻ .
ഡിഗ്രി കഴിഞ്ഞ് എയർപ്പോട്ടിൽ ഗ്രൗണ്ട് സ്റ്റാഫായി ജോലിക്ക് കയറി.എയർ പോർട്ടിന് തൊട്ടടുത്ത് സ്റ്റാഫ് ഹോസ്റ്റലിൽ ആയിരുന്നു താമസം. മാസത്തിൽ നാല് ലീവ്. അത് ഒന്നിച്ചെടുക്കാം. അപ്പോൾ വീട് വരെ പോയി വരും. അങ്ങനെയിരിക്കെ ആകസ്മികമായി എന്റെ മൊബൈലിലേക്ക് ഒരു കോൾ വന്നു.പരിചിതമല്ലാത്ത നമ്പർ ആയത് കൊണ്ട് എടുത്തില്ല. വീണ്ടും കോൾ വന്നപ്പോൾ എടുത്തു.
'' ഹലോ... ഇത് ഞാനാണ് നിവിൻ. മിനിഞ്ഞാന്ന് ചെറിയമ്മായിടെ മകൾ രേഖയാണ് നിന്റെ നമ്പർ തന്നത്.നിയ്യിപ്പോൾ എയർപ്പോട്ടിലാണല്ലേ. ഞാൻ അടുത്ത പതിനാലാം തിയ്യതി വരുന്നുണ്ട്. ഒന്ന് കാണാൻ പറ്റുമോ.. ''
എകദേശം ഒരു വർഷക്കാലമായിക്കാണും, നിവിനോടു ഒന്ന് സംസാരിച്ചിട്ട്. അമ്മ പറഞ്ഞ് തറവാട്ടിലെ കാര്യങ്ങൾ ഇടയ്ക്കിടെ അറിയാറുണ്ട്. നിവിന് വിദേശത്ത് നല്ല ജോലിയാണെന്നും, നല്ല ശബളമാണെന്നും അമ്മ തന്നെയാണ്. പറഞ്ഞത്. പണ്ട്, താന്തോന്നി, പുകഞ്ഞ കൊള്ളി എന്നൊക്കെ വിളിച്ചവർക്ക് നിവിനിപ്പോൾ വളരെ പ്രിയപ്പെട്ടവനാണ്.
പതിമൂന്നാം തിയ്യതി രാത്രി എനിക്കുറങ്ങാൻ പറ്റിയില്ല. നാളെ നിവിൻ വരികയാണ്.തിരിഞ്ഞും, മറിഞ്ഞും കിടക്കുമ്പോൾ റും മേറ്റ് ഡയാനയും, മെർവിനും അർത്ഥം വച്ച് എന്തോ പറഞ്ഞു. അവളുമാരുള്ളത് കൊണ്ട്, ഒരിക്കലും ജോലിയോ, താമസമോ മുഷിഞ്ഞതായി തോന്നാറില്ല. എപ്പോഴും കലപില പറഞ്ഞോണ്ട് അടികൂടി കൊണ്ടിരിക്കും.
പതിവിലും നേരത്തേ എഴുന്നേറ്റ് കുളിച്ച് ഫ്രഷായി. കണ്ണാടിയിൽ ഒന്നൂടെ ഒന്നു നോക്കി. കൊള്ളാം ഞാൻ സുന്ദരിയായിരിക്കുന്നു. ഒന്നുടെ ഉറപ്പ് വരുത്താനായി എട്ട് പത്ത് മുടിയിഴകൾ വലത് നെറ്റിയിലൂടെ താഴേക്കിട്ടു. ചിറി കോട്ടി ആ മുടിയിഴകളെ ഒന്നു ഊതി പാറിപ്പിച്ചു. ചവിട്ടി പുതച്ചുറങ്ങുന്ന മെർവിന്റെയും, ഡയാനയുടെയും ബ്ലാങ്കറ്റ് വലിച്ചെടുത്ത്
.'' ഹേയ് ഗൈയ്സ് വേയ്ക്ക് അപ്പ് മാൻ''
എന്നും പറഞ്ഞോടി. അവളുമാർ ഇംഗ്ലിഷിൽ തന്നെ മുറ്റ് തെറി വിളിക്കുന്നുണ്ടായിരുന്നു.
കൃത്യം 8.30ന് തന്നെ വിമാനം ലാന്റ് ചെയ്തു.ചെക്ക് ഔട്ട് കഴിഞ്ഞ് നിവിൻ പുറത്തിറങ്ങി. അര്യവൽ ലോഞ്ചിൽ ഞാൻ കാത്തിരുന്നു.ആളൊന്നു തുടുത്തിട്ടുണ്ട്. എന്നെ മനസ്സിലായി, കുശലാന്വോഷണത്തിന് ശേഷം എയർപ്പോർട്ട് ക്യാന്റീനിൽ ഒരു മേശക്കിരുവശവും ഇരുന്നു.
'' ഇപ്രാവിശ്യം കല്യാണം കഴിച്ചിട്ടേ തിരിച്ച് പോവുന്നുള്ളുടി. അച്ഛന് പണ്ടത്തെ പോലെ വയ്യാ,അമ്മയ്ക്ക് മുട്ട് വേദന കൂടി.രണ്ട് അനിയന്മാരും പഠിക്കുവയല്ലേ, എല്ലാ കാര്യവും അമ്മ തന്നെ നോക്കണം.''
ചുവന്ന കപ്പിലെ നെസ്ക്കോഫി ഊതി കുടിച്ചു കൊണ്ട് നിവിൻ പറഞ്ഞ് നിർത്തി.
'' നിന്റെ കേയ്റോഫിൽ വല്ല പെൺപിള്ളേരുമുണ്ടോ..? വല്ല ഗ്രൗണ്ട് സ്റ്റാഫോ, പൈലറ്റോ, ഫ്ലൈറ്റ് മൊതലാളിമാരോ...''
എന്നെ നോക്കി കണ്ണിറുക്കി.കാപ്പി സൽക്കാരം കഴിഞ്ഞ് പിരിയാൻ നേരം ഞാൻ ചോദിച്ചു.
''നിവി എനിക്കൊന്നും കൊണ്ടുവന്നില്ലേ....?''
''നിനക്കുള്ളത് ഇതിലുണ്ട്. സമയമാകുമ്പോൾ തരാം''
തന്റെ ഹാന്റ് ബാഗ് ചൂണ്ടികാണിച്ചു കൊണ്ട്, യാത്ര പറഞ്ഞ് അവൻ കാറിൽ കയറി.
പിന്നീട് എല്ലാ ദിവസവും നിവിൻ വിളിക്കുമായിരുന്നു.
''ഡീ ഇന്നൊരു പെണ്ണ് നോക്കാൻ പോയി, ഇഷ്ട്ടപ്പെട്ടില്ല, ആള് വെളുത്തിട്ടാണേലും,മുടിയില്ല. ഒന്നുമില്ലേലും നിന്റെ മുടിയെങ്കിലും വേണ്ടേ... അതില്ല.. ''
''ഡി ഇന്നൊരു സുന്ദരിപ്പെണ്ണിനെ കണ്ടു. പക്ഷെ കണ്ണ് അത്ര പോരാ. ഉണ്ടക്കണ്ണാ., നിന്റെ കണ്ണിനെ പോലെ ആയിരുന്നേൽ ഒപ്പിക്കാമായിരുന്നു... ''
ഇതൊക്കെയാണ് വിളിച്ചാൽ പറയാനുള്ളത്. എന്നെ കളിപ്പിക്കാൻ പറയുന്നതാണെന്ന് എനിക്കറിയാം. നിവിന്റ മനസ്സിൽ ഞാനുണ്ട്, എനിക്കതുറപ്പാണ്.കഴിഞ്ഞ ഏഴെട്ട് വർഷമായി കാത്തിരിക്കുന്നതും അതിനാണ്.
ഒരു ദിവസം നിവിന്റെ കോൾ വന്നു.
'' ഡി.. ഈ മാസം പതിനേഴിന് എന്റെ എൻഗേജ്മെൻറ്. പെണ്ണ് ബാഗ്ലൂരാണ് വിപ്രോയിൽ അസിസ്റ്റന്റ് മാനേജറാണ്.നിനക്ക് ആളെ അറിയും, വലിയമ്മാവിടെ അനിയത്തിയുടെ മകൾ, ശ്വേത. ഇന്നലെ പോയി കണ്ടു. ജാതകം ഒത്തു നോക്കി, മുഹൂർത്തവും കുറിച്ചു. വീട്ടിലേക്ക് വരുന്നുണ്ട്. നീ ഇനി എപ്പഴാ വരിക..?''
'' ശ്വേത.. ആ.. കണ്ടിട്ടുണ്ട്, എനിക്കറിയാം ആ കുട്ടിയെ. നല്ല കുട്ടിയാ.എനിക്കിനി അടുത്തൊന്നും
ലീവില്ല നിവിൻ, പക്ഷെ എൻഗ്ഗേജ്മെൻറിന് വരും. അതിനെന്തായാലും ഞാൻ വരും.''
വിമാനത്തിൽ നിന്നും അവസാനയാളും ഇറങ്ങി. ഓരോ യാത്രക്കാരനും ഓരോ പ്രതീക്ഷയാണ്. എല്ലാ പ്രതീക്ഷകളേയും ഇറക്കി വിമാനം സേഫ് സോണിലേക്ക് പോവുകയാണ്. കുറച്ച് ദൂരയായി എൻജ്ജിൻ തകരാറായി യാത്ര മുടങ്ങിയ വിമാനം കിടപ്പുണ്ട്.
''ഹേയ് ഹണി.you know മെർവിന് ഹൈദ്രബാദിലേക്ക് ട്രാൻഫറായി. I think ടുമോറോ അവള് പോകും, ഇവിടെ അടുത്തെങ്ങോ കസിനില്ലെ അവളെ കാണാൻ പോയിരിക്കുവാ.. ഹേയ് ബേബി At last ഐയാം ആൾസോ എൻഗ്ഗേജ്ഡ്.... അതേടാ..... ഞാനങ്ങ് സമ്മതിച്ചു. കുറേ കാലം ഹീ ബിഹേന്റ് മീ... ഇനി വയ്യടി.. കെട്ടാൻ തീരുമാനിച്ചു.''
ഡയാന പറഞ്ഞ് നിർത്തി.
കുറേ കാലമായി മെർവിൻ ഹൈദ്രബാദ് എന്ന് പറയുന്നു. അവളുടെ
ക്ലോസ്സ് റിലേറ്റിവ്സ് അവിടെയാണ്. ഡയായുടെ കാമുകൻ നീരജ് ,എയർപ്പോർട്ട് കസ്റ്റംസിലാണ്. ഡയാന ഇതുവരെ പിടികൊടുത്തിട്ടില്ല. ഇപ്പോൾ അവളും.......
മനസ്സ് കലുഷിതമാണ്, ഒന്നിനോടും താൽപര്യമില്ല.ജോലി പോലും ആർക്കോ വേണ്ടി. റൂമിൽ വന്നാലും തനിച്ചായപോലെ, ഡയാന എപ്പോഴും കാമുകനോട് സൊള്ളിക്കോണ്ടിരിക്കും. ഒരിക്കൽ ദേഷ്യം വന്ന് ഫോൺ വാങ്ങി തറയിലെറിഞ്ഞു.അന്നവൾ ഒരു പാട് ചീത്ത പറഞ്ഞു.
''നിനക്ക് അസൂയയാണ്, നിനക്ക് കിട്ടാത്തത് എനിക്ക് കിട്ടിയപ്പോഴുള്ള ജലസി....''
അന്നൊരു പാട് കരഞ്ഞു.മനസ്സ് ഭ്രാന്തമായി കുത്തിയൊഴുകുന്നു. ചുഴികളും, തിരകളും, ആർത്തിരമ്പുന്ന ഒരു മലവെള്ള പാച്ചിൽ പോലെ മനസ്സ്. ഏഴ് വർഷത്തെ കാത്തിരിപ്പ്, പ്രതീക്ഷ എല്ലാം, എല്ലാം വെറുതേ.
മൊബൈൽ എടുത്തു, അമ്മയുടെ നമ്പർ ഡയൽ ചെയ്തു.
'' അമ്മാ.... എനിക്കൊരു കൂട്ട് വേണം. എന്റേതായ, എനിക്ക് മാത്രമായ ഒരു കൂട്ട്. ഈയ്യിടയായി ഭയങ്കര ലോൺലിനസ്സാണമ്മാ, മനസ്സ് പിടിച്ചാ കിട്ടണില്ല.''
കണ്ണുനീർ ഡയൽ പാടിലേക്ക് വിഴാതിരിക്കാൻ ശ്രമിച്ചെങ്കിലും, രണ്ട് തുള്ളി സ്ക്രീനിലേക്ക് വീണു.
ട്രയിനിലിരുന്നു വെറുതേ ഓരോന്നു ആലോചിച്ചു.ഒരു കണക്കിന് നിവിൻ ഒരു കവചമായിരുന്നു. അവൻ മാത്രം മനസ്സിൽ ഉള്ളത് കൊണ്ട്. വേറൊരു പ്രണയത്തെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല.മനസ്സ് നിറയെ അവനാണ്. ഒരു പാട് പ്രണയാഭ്യർത്ഥനകൾ നിരസിച്ചിട്ടുണ്ട്. അവന് വേണ്ടി.നിവിനായിരുന്നു എന്റെ കാമുക ഭാവം. തറവാട്ടിലെ, കുളവും കുളിയും, തെയ്യത്തറയും, ചന്ദനക്കുറിയുമെല്ലാം മനസ്സിൽ തെളിഞ്ഞു നിന്നു.
അടുത്ത സ്റ്റേഷനിൽ നിന്നും വണ്ടി വിട്ടു. ട്രെയിനിന്റെ ശബ്ദം താളാത്മകമായി. പുൽപ്പാടങ്ങളും, കുന്നുകളും, പുഴകളും ഭൂതകാല ഓർമ്മയെന്ന പോലെ പിന്നോട്ട് പായുന്നു. എന്റെ ഓർമ്മകളെ പിന്നിലേക്ക് തള്ളി കൊണ്ട്, പുതിയൊരു ജീവിതത്തിലേക്ക് പാളം മാറ്റുകയാണ്.

By James Vinod TK

'നല്ല 'പാതി.

 James Vinod TK's profile photo, Image may contain: 1 person, outdoor



''ഏതൊരു സ്ത്രീയുടെ ഉയർച്ചക്കു പിന്നിലുള്ള പുരുഷന്റെ അകമഴിഞ്ഞ പ്രോത്സാഹനം സെലിന്റെ കാര്യത്തിലും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണല്ലോ, കേവലം ഒരു വീട്ടമ്മയിൽ നിന്നും ഇന്നീ സാഹിത്യ പുരസ്കാരം വാങ്ങാൻ പ്രാപ്തയാക്കിയത്. പയറ്റിതെളിഞ്ഞ പ്രമുഖ എഴുത്തുകാരെയെല്ലാം പിൻന്തളളി തികച്ചും പുതമുഖമായ ശ്രീമതി സെലിൻ ഫിലിപ്പ് തന്റെ കഴിവ് ഈ സാഹിത്യ പുരസ്ക്കാരത്തിലൂടെ തെളിയിച്ചിരിക്കുന്നു ''
ഉദ്ഘാടക പ്രാസംഗിക തന്റെ അനർഗ്ഗള വിഴുപ്പ് ചവച്ചു തുപ്പിക്കോണ്ടിരുന്നു.
ഹും ഭർത്താവിന്റെ പ്രോത്സാഹനം, ഞാനോർക്കുവായിരുന്നു. ഗവൺമെന്റ് ഉദ്യോഗസ്ഥനായ ഭർത്താവ്, ഡിഗ്രിയും, പത്താം ക്ലാസിലുമായ രണ്ട് ആൺമക്കൾ, ഇതാണ് എന്റെ കുടുംബം. തികച്ചും നാട്ടുമ്പുറത്ത് കാരിയായ എന്നെ നഗരത്തിന്റെ ശ്വാസം മുട്ടുന്ന ഫ്ലാറ്റിലേക്കും, ആൾക്കൂട്ടത്തിലേക്കും വീട്ടുകാർ വിവാഹമെന്ന ചങ്ങലായാൽ തള്ളിവിട്ടപ്പോഴും, മനസ്സിൽ എന്നും മായാതെ സൂക്ഷിച്ചിരുന്ന ഒരു കാര്യമുണ്ടായിരുന്നു. എഴുത്ത്.
നാട്ടിലെ പുഴയോരവും, വയലേലകളും, ഉത്സവങ്ങളും, പള്ളിപ്പെരുന്നാളും എനിക്ക് പകുത്ത് നൽകിയ നിർമ്മലത. അതിലൂടെ ഞാൻ അനുഭവിച്ച നിർവൃതി,അതൊക്കെ വരയുള്ള നോട്ടുബുക്കിൽ വരികളായ് നിറഞ്ഞു. ആരും കാണാതെ, ആർക്കും കാണിക്കാതെ എന്റെ സ്വകാര്യ സ്വത്ത് പോലെ ആ നിധിയെ കാത്തു സൂക്ഷിച്ചു.
കല്യാണം കഴിഞ്ഞ് മൂന്നാല് ദിവസം കഴിഞ്ഞതോടെ മനസ്സിലായി പ്രതിപുരുഷന് എഴുത്തിലും, വായനയിലും വലിയ താത്പര്യം ഇല്ലാന്ന്. അന്ന് ഞാൻ എത്ര ഉത്സാഹത്തോടെയാണ് അദ്ദേഹത്തെ എന്റെ നിധി കാണിച്ചത് !! എന്തൊക്കെ പ്രതീക്ഷയോടെ ആണ് അദ്ദേഹത്തിന്റെ ചുമലിൽ കൈവച്ച് നിന്നത്. പക്ഷെ പേജുകൾ അലക്ഷ്യമായി മറിച്ചു നോക്കിയതല്ലാതെ വേറെ ഒന്നും പറഞ്ഞില്ല.
മനം മടുപ്പിക്കുന്ന ദിനരാത്രങ്ങൾ, യാന്ത്രികമായ ജീവിതം. രാവിലെ എഴുന്നേറ്റ്, കുളിച്ച് ഭക്ഷണം ഉണ്ടാക്കിയും കൊടുത്തും, വല്ലപ്പോഴും കിട്ടുന്ന ഒഴിവു ദിനങ്ങളിലെ ഷോപ്പിംഗും..... ജീവിതം അങ്ങനെ നീങ്ങി നിരങ്ങി.
അതിനിടയിൽ രണ്ട് മക്കൾ, ജീവിതത്തിന് എന്തെക്കയോ അർത്ഥമുണ്ടെന്ന് തോന്നിയ കുറച്ച് വർഷങ്ങൾ, പക്ഷെ അവർ സ്ക്കൂളിൽ പോകാൻ തുടങ്ങിയതോടെ ഞാൻ വീണ്ടും ഒറ്റപ്പെട്ടു. വീണ്ടും ഏകാന്തവാസം മടുപ്പ് കണ്ടിട്ടാവണം മൂത്തവൻ ഒരു ഫെയ്ബുക്ക് അക്കൗണ്ട് ആക്കി തന്നത്. പിന്നെ അതിലൂടെ സഞ്ചരിച്ചപ്പോൾ ജീവിതത്തിന്റെ മറ്റൊരു മുഖം ഞാൻ കണ്ടു. എന്റെ ജീവിതം മാറ്റിമറിച്ച ഒരു മുഖ പുസ്തക സാഹിത്യ കൂട്ടായ്മ ' അക്ഷരമെഴുത്ത് '
എന്നിലെ ഉറങ്ങിക്കിടന്ന സാഹിത്യവാസനകളെ തൊട്ടുണർത്തുന്ന അവിടെത്തെ സൗഹൃദം, എന്റെ ആ പഴയ നിധി, അത് ഞാൻ പതിയെ പുറത്തെടുത്തു. ആദ്യത്തെ ഒരു ചീന്തിൽ തന്നെ അഭിനന്ദനക്കളുടെ പെരുമഴ. പ്രമുഖ എഴുത്തുകാരുടെയൊക്കെ പ്രശംസകൾ രഹസ്യമായും പരസ്യമായും എന്നെ ഹർഷപുളകിതയാക്കി. പിന്നീടങ്ങോട്ട് എന്റെ ഓരോ സൃഷ്ടികൾക്ക് വേണ്ടിയുള്ള ആൾക്കാരുടെ കാത്തിരിപ്പായിരുന്നു ഞാൻ കണ്ടത്. എല്ലാം ഒന്നിനൊന്ന് മികച്ചെതെന്ന
വായനക്കാരുടെ പ്രശംസ.
അതിരാവിലെ എഴുന്നേറ്റ് മക്കൾക്കും ഭർത്താവിനുമുള്ള ഭക്ഷണമുണ്ടാക്കി, എഴുത്തിന്റെ ലോകത്തിലേക്ക് നടന്ന് കയറി. ആർക്കും ഉപദ്രവകരമാകാതെ ഒരു സിറോ വോൾട്ട് ബൾബിന്റെ വെളിച്ചത്തിൽ ഞാൻ എഴുതി. എന്നിലെ ആ പഴയ, പുഴയോരവും, വയലേലകളും, ഉത്സവങ്ങളും പള്ളിപ്പെരുന്നാളും തിരിച്ച് വന്നു. എങ്കിലും എന്റെ നല്ല പാതി ഒരിക്കൽ പോലും ഞാൻ എഴുതിയത് വായിച്ചില്ല.എനിക്കത് ഒരു പാട് വേദനയുണ്ടാക്കി.
'അക്ഷരമെഴുത്തിലെ ' സുഹൃത്തുക്കൾ നിർബന്ധിച്ചിട്ടാണ്, തന്റെ കഥാസമാഹാരം പ്രസിദ്ധികരിക്കാൻ സമ്മതിച്ചത്. തനിക്ക് തോന്നിയ വിഡ്ഢിത്തങ്ങൾ ഒരു പുസ്തക രൂപത്തിൽ വരുന്നെന്ന ചിന്ത എന്നെ തെല്ലൊക്കെ അലോസരപ്പെടുത്തി. തന്റെ കുത്തിക്കുറിപ്പുകൾ വായനക്കാർ സ്വീകരിക്കുമോ എന്ന ഭയം എന്നെ വല്ലാതെ അലട്ടി. സമൂഹ്യമാധ്യമ എഴുത്തും, അച്ചടി മാധ്യമ എഴുത്തും തമ്മിൽ അജഗജാന്തരമുണ്ട് .പക്ഷെ അതൊന്നും അവർക്കൊരു വിഷയമേ അല്ലായിരുന്നു.' ഈ പുസ്തകം ചരിത്രമാകുമെന്ന ഉത്തമ വിശ്വാസത്തിലായിരുന്നു എല്ലാവരും.
പ്രഥമ പുസ്തകം തന്നെ അവാർഡിനർഹമാകുക എന്നത് ഏതൊരു എഴുത്തുകാരന്റെയും സ്വപ്നങ്ങൾക്കപ്പുറമാണ്. എന്നാൽ സെലിൻ ഫിലിപ്പ് എന്ന എനിക്ക് ആ സ്വപ്നം സാക്ഷാൽക്കാരമായി.പ്രശസ്തരായ വിധി നിർണ്ണായകർ എന്റെ പുസ്തകത്തെ മാറോടണച്ചപ്പോൾ, നിർവൃതി പൂണ്ടത് ഞാനായിരുന്നു.
ഉത്ഘാടക പ്രാസംഗികയുടെ വാക്ദോരണിയുടെ ഇടയ്ക്ക് ഞാൻ അടുത്തിരിക്കുന്ന ഭർത്താവിനെ നോക്കി.'എന്റെ പ്രയത്നത്തിന് പിന്നിലെ പ്രേരകശക്തി' പ്രസംഗം ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്.
പുരസ്ക്കാരം ഏറ്റുവാങ്ങുവാനായി എന്നെ വിളിച്ചു. അപ്പോഴെന്താണ് എന്നിലുണ്ടായ വികാരം എനിക്കറിയില്ല അത് പറഞ്ഞറിയിക്കാൻ, ആരൊടൊക്കെ നന്ദി പറയണം, ആരൊയൊക്കെ സ്മരിക്കണം അറിയില്ല, എന്നിലെ ഏകാന്തത മാറ്റാൻ ഉപായം കണ്ടത്തിയ എന്റെ മോൻ, പ്രോത്സാഹിപ്പിച്ചിട്ടില്ലെങ്കിലും, നിരുത്സാപെടുത്താത്ത എന്റെ നല്ല പാതി, അതിലൊക്കെയുപരി സെലിൻ ഫിലിപ്പ് എന്ന എന്നെ ലോകമറിയുന്ന എഴുത്തുകാരിയാക്കിയ 'അക്ഷരമെഴുത്തിന്' .......
എനിക്കറിയില്ല.

By JamesVinod Tk

യാന്ത്രികമായ ജീവിതം

Image may contain: 1 person, outdoor

വണ്ടി വരാൻ ഇനിയും പത്തു മിനിറ്റെടുക്കും. 
ചുറ്റും നോക്കി എല്ലാം പതിവ് കാഴ്ച്ചകൾ, ഉറക്കച്ചുവയോടെ എല്ലാവരും, തിക്കിതിരക്കി തങ്ങളുടെ ഭാഗം അഭിനയിച്ച് കാണിക്കാൻ അവരവരുടെ ജോലിസ്ഥലത്തേക്ക്. സൂര്യൻ ഇതുവരെയും ഉറങ്ങി എഴുന്നേറ്റില്ല. എന്നാലും വെളിച്ചം നൽകുന്നുണ്ട്. അന്തരീക്ഷത്തിൽ മഞ്ഞു കണങ്ങൾ ഉണ്ടെങ്കിലും നാട്ടിലെ പോലെ അത്ര ആസ്വാദകമല്ല അതിന്റെ ഭംഗി. കാരണം ഇവിടെ അതിനെ ഹ്യൂമിഡിറ്റി എന്ന് പറയും. ചൂട് കൂടിയാൽ സഹിക്കാം പക് ഷെ ഹ്യൂമിഡിറ്റി അസഹനീയമാണ് ഗൾഫിൽ.
കഥയിലേക്ക് വരാം
. തലയുയർത്തി നിൽക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങൾ.നാൽപ്പതും, അമ്പതും നിലയുള്ള കെട്ടിടങ്ങൾ. വെറുതേ ഞാൻ അതിലൂടെ കണ്ണോടിച്ചു. കുറച്ച് ദൂരെ ഒരു കെട്ടിടത്തിന്റെ ബാൽക്കണിയിൽ ഒരു കൊച്ചു പയ്യൻ, ഏഴോ എട്ടോ വയസ്സ് പ്രായം തോന്നിക്കും. ചുവന്ന ബനിയൻ ഇട്ടിട്ടുണ്ട്. കൈകൾ ബാൽക്കണിയിലെ വിലങ്ങനെയുള്ള കമ്പികളിൽ കുത്തി പുറത്തേക്ക് നോക്കുകയാണ്. ആകാശത്തിലൂടെ അട്ടഹസിച്ചു കൊണ്ട് പോകുന്ന വിമാനങ്ങൾ നോക്കി നെടുവീർപ്പെടുംപോലെ തോന്നി. കുട്ടികൾ അത്രയും നേരത്തെ ഇവിടെ എഴുന്നേൽക്കാറില്ല പ്രത്യേകിച്ച് സ്ക്കൂൾ അവധിക്കാലത്ത്.
ഞാൻ വെറുതേ ആ കുട്ടിയെ കുറിച്ച് ചിന്തിച്ചു.
എന്തായിരിക്കും ആ കുഞ്ഞ് മനസ്സിൽ?
എല്ലാവരും സ്ക്കൂൾ അടച്ചാൽ നാട്ടിൽ പോകും
അവിടെയുള്ള കൂട്ടുകാരും, ബന്ധുക്കളും, കളിയും, ചിരിയും ഒക്കെയായി ആഘോഷിക്കും.ഇവിടെ ആണെങ്കിൽ ബാല തടവറയാണ്. യാന്ത്രികമായ ജീവിതം. എല്ലാ സൌകര്യങ്ങളും കൂടിയ തടവറ.
നാലു ചുവരിനുമപ്പറത്തെ കാര്യങ്ങൾ അറിയാതെ അങ്ങനെ ജീവിക്കുന്നു. എഴുന്നേറ്റ് കുളിച്ച്, പ്രാതൽ കഴിച്ചെന്നാക്കി, ബാഗും എടുത്ത് സ്ക്കൂൾ ബസ്സ്, പിന്നെ സ്ക്കൂൾ, അത് കഴിഞ്ഞ് വീണ്ടും നാലു ചുമരുള്ള തടവറയിലേക്ക്.
ഇതാണ് ഒട്ടുമിക്ക ഗൾഫ് കുട്ടികളുടെ ജീവിത ചക്രം.
അതൊക്കെ ആലോചിക്കുമ്പോൾ നാം എത്ര ഭാഗ്യവാന്മാർ അല്ലേ.?.
നമ്മൾ ആസ്വദിച്ച ബാല്യകൗമാരജീവിതം
നമ്മൾ ആസ്വദിച്ച ഉത്സവങ്ങൾ ,ആഘോഷങ്ങൾ
എന്റെ പ്രിയപ്പെട്ട നാട്ടിലെ കുട്ടികളെ നിങ്ങൾ ഇപ്പോൾ ജീവിക്കുന്നത് യഥാർത്ഥ സ്വർഗ്ഗലോകത്താണ്. നിങ്ങൾക്കത് ഇപ്പോൾ മനസ്സിലാവില്ല. എന്നെങ്കിലും പുറംനാട്ടിൽ ചെല്ലണം, അവിടെ ജീവിക്കണം. അന്ന് മനസിലാവും പിറന്ന മണ്ണിന്റെ മാധുര്യം.



By: JamesVinodTK

ആദ്യത്തെ ഓണാഘോഷം

Image may contain: 1 person, closeup and outdoor

ദക്ഷിണേന്ത്യയിലെ പ്രശസ്ത പുണ്യനദിയുടെ പേരായിരുന്നു ഞങ്ങളുടെ ക്ലബ്ബിന്. തൊട്ടുകുടായ്മയും, അയിത്തവും നാടുനീങ്ങിയെങ്കിലും അതിന്റെ ബഹിർസ്ഥുരിണങ്ങൾ അങ്ങിങ്ങായ് ഞങ്ങളുടെ ഗ്രാമത്തിൽ കാണാറുണ്ട്.ഒരു പാട് കീഴ്ജാതിക്കാർ ഉള്ള എന്റെ ഗ്രാമം. ഇപ്പോഴും തൊട്ടുകൂടായ്മ്മയും അയിത്തവും ചെറുതായി അവിടിവിടെയായ് കാണാം.
ഞാൻ പറയാൻ പോകുന്നത് ഒരു ഓണവിശേഷമാണ്..
ഞങ്ങളുടെ ക്ലബ്ബിന്റെ മെംബേർസിൽ അധികവും മേൽ പറഞ്ഞ കീഴ്ജാതി വിഭാഗത്തിൽ പെടുന്നവരായിരുന്നു. ഒട്ടുമിക്ക പേരും എട്ടിലും, പത്തിലും പഠിക്കുന്ന കുട്ടികൾ.മുതിർന്നവരായി കോളേജിൽ പോയ്കൊണ്ടിരുന്ന ഞാൻ മാത്രം. ടുട്ടോറിയൽ കോളേജിലേക്ക് വേനൽക്കാലത്ത് നടന്ന് പോവേണ്ട ദൂരം, ഏകദേശം ഒരു മണിക്കൂർ നടത്തം. പുഴ കടന്ന്, വയലും, കവുങ്ങിൻ തോപ്പിൽക്കൂടി, റബ്ബർ മരക്കൂട്ടത്തിലൂടെയുള്ള യാത്ര.
വൈകുന്നേരം തിരിച്ച് വരുമ്പോൾ കുറച്ച് കുട്ടികൾ നെല്ല് കൊയ്ത വയലിൽ ക്രിക്കറ്റ് കളിക്കുന്നത് പതിവായിരുന്നു.അവരോടൊപ്പം കൂടി, ക്രിക്കറ്റും ഫുട്ബോളും കളിച്ച് പുഴ കടന്ന് വീട്ടിൽ എത്തുമ്പോഴേക്കും ഇരുട്ട് പരക്കും. സ്ഥിരം പരിപാടി ആയത് കൊണ്ട് വീട്ടിൽ നിന്ന് വഴക്ക് കിട്ടില്ലായിരുന്നു.
ഞങ്ങൾ കളിച്ചു കൊണ്ടിരുന്ന നെൽവയലുകളിൽ ഭൂരിഭാഗവും തൊട്ടടുത്ത് തന്നെയുള്ള ഇല്ലത്തിന്റെ വകയാണ്. ബ്രാഹ്മണ ഇല്ലത്തെ അധികാരിയെ ഞങ്ങൾ' ഇല്ലത്തോർ' എന്നാണ് ബഹുമാന പുരസരം വിളിച്ചിരുന്നത്. പക്ഷെ അദ്ദേഹത്തിന് തൊട്ടുകൂടായ്മയോ, അയിത്തമോ ഒന്നുമില്ല. ഞങ്ങളുടെ കൂടെ കളിക്കാനൊക്കെ വരുമായിരുന്നു. ഞങ്ങളുടെ ക്ലബ്ബിന് വേണ്ടി പടിപ്പുര വരെ തന്നിരുന്നു. ആ പടിപ്പുരയിലായിരുന്നു ക്ലബ്ബിന്റെ ഉത്ഭവം.
ക്ലബ്ബ് രൂപികരിച്ചതിന് ശേഷമുള്ള ആദ്യത്തെ ഓണാഘോഷം. അത് ഗംഭീരമായി തന്നെ നടത്താൻ തീരുമാനിച്ചു.തൊട്ടടുത്ത ക്ലബ്ബുകൾ എല്ലാം ഓണ പരിപാടി വെക്കുന്നത് കൊണ്ട്, ക്ലബ്ബുകൾ മുൻകൂട്ടി തമ്മിൽ തമ്മിൽ അറിയിക്കുമായിരുന്നു, പരിപാടി ദിവസം. അതിനനുസരിച്ച് മറ്റു ക്ലബ്ബുകൾ തങ്ങളുടെ പരിപാടികൾ ഒന്നാം ഓണം,ഉത്രാടം, തിരുവോണം, നാലാം ഓണം എന്നി ദിവങ്ങളിൽ മാറി മാറി വെയ്ക്കും.
ഞങ്ങൾക്ക് കിട്ടിയത് ഉത്രാട ദിവസമാണ്.പെങ്ങൾ പ്രസവിച്ച് വീട്ടിലുള്ള സമയം. പെൺകുഞ്ഞ്.. ആദ്യത്തെ ഉത്രാടം, വീട്ടിലാണെങ്കിൽ സദ്യവട്ടത്തിന്റെ തിരക്ക്, ക്ലബ്ബിന്റെ ആദ്യത്തെ ഓണ പരിപാടി. വീട്ടിലെ സദ്യവട്ടങ്ങൾ ഒരുക്കി പത്ത് മണിയോട് കൂടി കടത്ത് തോണിയിൽ ഇക്കരെ കടന്ന് ക്ലബ്ബിൽ എത്തി.
ഉച്ചവരെയുള്ള പരിപാടികളൊക്കെ കഴിഞ്ഞു.ഇനി ഭക്ഷണം കഴിച്ചിട്ടാണ് ഉച്ചയ്ക്ക് ശേഷം പരിപാടി. ഞാൻ ക്ലബ്ബിലെ പിളേളരെയൊക്കെ ക്ഷണിച്ചിട്ടുണ്ട് വീട്ടിലേക്ക്. ഉച്ചഭക്ഷണം എന്റെ വീട്ടിൽ. അങ്ങനെ പത്തിരുപതിനടുത്തുള്ള പിള്ളേരേം കൊണ്ട് നേരെ വീട്ടിലേക്ക്. വീട്ടിൽ അമ്മയൊക്കെ മുഖം വീർപ്പിച്ച് നിൽപ്പുണ്ട്. വന്ന ആൾക്കാരൊക്കെ എന്നെ അന്വോഷിക്കുകയാണ്. അഥിതികൾ ഭക്ഷണം കഴിച്ചങ്ങനെ നാട്ടുവിശേഷങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നു.'
ഞാൻ പിള്ളേരേയും വിളിച്ച് പെങ്ങളുടെ മുറിയിലേക്ക് കുഞ്ഞുമോളെ കാണിക്കാൻ ചെന്നു. കുറച്ച് പിള്ളേർക്ക് വീടിനകത്തേക്ക് കേറാൻ മടി. മേൽജാതിക്കാരുടെ വീടിനകത്തേക്ക് അവർക്ക് പ്രവേശനമില്ലത്രേ. ഞാൻ എല്ലാത്തിന്റെയും കൈപിടിച്ച് മുറിക്കകത്തേക്ക് തള്ളിവിട്ടു. വീട്ടിലെ അഥിതികൾ മുറുമുറുക്കുന്നുണ്ടായിരുന്നു.എന്നാൽ എന്റെ അച്ഛൻ പഴയ കാല കോൺഗ്രസ്സ് പ്രവർത്തകനായിരുന്നു.അതുമാത്രമല്ല പുരോഗമന ചിന്താഗതിയുള്ളയാൾ കൂടിയാണ്.അമ്മ കറ കളഞ്ഞ കമ്മ്യൂണിസ്റ്റ്കാരിയും. അതു കൊണ്ട് തന്നെ എന്റെ പ്രവർത്തിയിൽ അവർ അസ്വാഭാവികതയൊന്നും കണ്ടില്ല. വന്ന പിള്ളേരിൽ പലരും ആദ്യമാണ് ഒരു മേൽജാതിക്കാരന്റെ വീടിനകത്തേക്ക് കയറുന്നത്, അതിന്റെ വിഹ്വലത അവരുടെ മുഖത്ത് കാണാം.
അവർ കുഞ്ഞുമോൾക്ക് ഉടുപ്പൊക്കെ കൊണ്ടു വന്നിരുന്നു. അതൊക്കെ കുഞ്ഞിന് നൽകി. പിന്നെ
നമ്മുടെ പിള്ളേരെയൊക്കെ ഇരുത്തി ഭക്ഷണം വിളമ്പി കൊടുത്ത് ഞാനുമിരുന്നു. ഭക്ഷണം കഴിച്ച ഇല എടുക്കാൻ അമ്മ സമ്മതിച്ചില്ല.' അവിടെ വച്ചേക്ക് മക്കളെ ഞാൻ എടുക്കാം ' എന്നും പറഞ്ഞ് എഴുന്നേൽപ്പിച്ചു. ഭക്ഷണമൊക്കെ കഴിച്ച് കസേരയിൽ വെറുതേ ഇരിക്കുമ്പോൾ അമ്മ കുഞ്ഞുമോളെയും കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു.അവർ കൊണ്ടുവന്ന ഉടുപ്പുമിട്ടാണ് വരവ് 'മാമന്മാർ കൊണ്ടുവന്ന കുപ്പായം അല്ലേ മോളെ ' എന്നും പറഞ്ഞ് എല്ലാവരുടെയും മടിയിൽ ഇരുത്തി.
തിരിച്ച് തോണി കയറുമ്പോൾ പിള്ളേരുടെ കണ്ണൊക്കെ നിറഞ്ഞിരുന്നു. ആദ്യമായിട്ടാണ് അവർക്കീയനുഭവം. മുറ്റത്തിന് വെളിയിൽ നിർത്തിയിരുന്ന ഒരു വിഭാഗം മനുഷ്യർ ആദ്യമായി മുറ്റവും കടന്ന് വീടിനകത്തേക്ക്.ഒരു പക്ഷെ അവരുടെ ചിന്തയ്ക്കുമപ്പുറത്തെ കാര്യമോ, സ്വപ്നമോ എനിക്കറിയില്ല. ഞാൻ വിശ്വസിച്ചിരുന്ന എന്റെ പ്രത്യയശാസ്ത്രം എനിക്ക് നൽകിയ ശക്തിയാണ് അന്ന് അങ്ങനെ ചെയ്യാൻ തോന്നിപ്പിച്ചത്." വിനുവേട്ട " എന്നും പറഞ്ഞ് കെട്ടിപ്പിടിച്ച മേലാളരുടെ ഭാഷയിലെ ' അടിയാൻ' ചെക്കന്റ ആനന്ദ കണ്ണീർ എനിക്ക് നൽകിയ ആത്മവിശ്വാസം ചെറുതല്ല.

By James Vinod Tk

സൂര്യ കാന്തി

Image may contain: 1 person, outdoor and closeup

' മോളെ സൂര്യേ ഇല്ലത്തേക്ക് ഇന്ന് നീ പോവണം, എനിക്കിത്തിരി വയ്യായ്ക ഉണ്ട്. ഇല്ലത്തമ്മേടെ പുടവയൊക്കെ ശ്രദ്ധിച്ചു അലക്കണം. മറപ്പുരയുടെ കോലായിൽ സോപ്പ് കായ ഉണ്ട്, പിന്നെ അലക്കി കഴിഞ്ഞാൽ തിരുമേനിയുടെ മുണ്ട് ഇളം കഞ്ഞിവെള്ളത്തിൽ മുക്കണം, അവിടെവിടേം കളിച്ചോണ്ടിരിക്കണ്ട നേരത്തെ വരണം, അച്ഛന് കളിങ്ങോത്ത് തെയ്യമുണ്ട്. നിന്നെ കാണാണ്ടായാൽ എനിക്കാരിക്കും ഇരിക്ക പൊറുതി തരാത്തത്.. ''
സൂര്യശോഭയാർന്ന പതിനെട്ടുകാരി, സൂര്യ. പുരാണകഥകളിലെ രാജകുമാരിമാരെ പോലും വെല്ലുന്ന സൗന്ദര്യധാമം. ഈന്തിൻ കുലകളെ പോലെ നീളമേറിയ കാർ കൂന്തൽ.കേശഭാരത്താലെന്ന പോലെ മുഖമുയർത്തിയാണ് നടപ്പ്. ചെറുകുഴിയാനവട്ടത്തിനെ അനുസ്മരിക്കുന്ന നുണക്കുഴി. മന്ദഹസിക്കുമ്പോൾ, വിടരുന്ന മുല്ലമൊട്ടു പോലെ നുണക്കുഴിയും വിടരും. കണ്ണുകളിലെ കുസൃതിത്തം ആരെയും ആകർഷിക്കും.പതിനെട്ടിന്റെ പരിപൂർണ്ണ അംഗലാവണ്യം സൂര്യ..
മനുഷ്യരൂപം പൂണ്ട ദൈവഗണങ്ങൾ ആണ് തെയ്യങ്ങൾ, ദേവൻ കർണ്ണമൂർത്തി കെട്ടിയാടാത്ത തെയ്യക്കോലങ്ങളില്ല. നോറ്റിരിപ്പിന്റെ ഒരു ശാസ്ത്രമുണ്ട്. തെയ്യക്കോലത്തിന്റെ ' അടയാളം' വാങ്ങിക്കഴിഞ്ഞാൽ അത് അനുശാസിക്കുന്ന വ്രതത്തിൽ നിന്നും കർണ്ണമൂർത്തി വ്യതിചലിക്കില്ല. അതു കൊണ്ടാവും നാൽപ്പത്തിരടി ഉയരമുള്ള തിരുമുടി ഒറ്റെയ്ക്കെടുത്ത് മൂന്ന് വട്ടം ചുറ്റമ്പലം നടന്ന് വന്ന ഒരൊറ്റയാളേ ഉള്ളൂ അത് ദേവൻ കർണ്ണമൂർത്തിയാണ്. എട്ട് ദിക്പാലരെ അനുസ്മരിച്ച്, എട്ട് വലിയ പന്തങ്ങൾ അരയിൽ ചുറ്റിയ കുരുത്തോലൊയ്ക്ക് മുകളിൽ കെട്ടിവച്ച് ഒറ്റക്കാലിൽ ഉറഞ്ഞാടാൻ ദേവൻ കർണ്ണമൂർത്തിയെ വെല്ലാൻ മറ്റാർക്കുമാവില്ല. സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തിയ മഹാരഥൻ. തന്റെ നല്ല പ്രായത്തിൽ തന്നെ ദൈവദത്തമായ കഴിവ് പിൻതലമുറയ്ക്ക് വേണ്ടി ത്യജിച്ചു. വളർന്നു വരുന്ന പുതു വംശത്തിലെ ചെറുപ്പക്കാർക്ക് വേണ്ടി താൻ സ്വായത്തമാക്കിയ കഴിവുകൾ പകർന്നു നൽകി. ആത്മസഖി പൂമാത പുഷ്പ്പിണിയായപ്പോൾ തന്നെ തെയ്യക്കോലങ്ങളോട് വിട പറഞ്ഞു. എങ്കിലും ദേവൻ കർണ്ണമൂർത്തിയെ ക്ഷണിക്കാത്ത, കളിയാട്ടമോ, തെയ്യം കെട്ടോ ആ നാട്ടിൽ ഉണ്ടായിരുന്നില്ല. ഏകമകൾ സൂര്യയുടെ കയ്യും പിടിച്ച് നീളമേറിയ നെറ്റിത്തടത്തിൽ വിലങ്ങനെ ചന്ദന കുറിയണിഞ്ഞ്, ഒത്ത നടുക്കായി വട്ടത്തിലൊരു കുങ്കുമ ചുവപ്പും, തന്റെ അടയാളചിഹ്നമായ ചുവന്ന പട്ടിൽ സ്വർണ്ണ കസവ് നൂൽനൂറ്റ വലിയെ മുണ്ടും വലത് തോളത്തിട്ട്, ആയംങ്കര തറവാട്ടിൽ നിന്നും കോടോത്ത് ജന്മിമാർ സമ്മാനിച്ച അഞ്ചു പവന്റെ 'വളയുമണിഞ്ഞ് ആഡ്യത്തോടെയുള്ള വരവ് കണ്ടാൽ തന്നെ ആരുമൊന്ന് എഴുന്നേൽക്കും. മകൾ സൂര്യ ചെറുപ്പത്തിൽ തന്നെ അച്ഛന്റെ വാമൊഴിയിൽ നിന്നും സ്വായത്തമാക്കിയ 'തോറ്റംപാട്ടുകൾ ' പതിവുകൾ തെറ്റിച്ച് തെയ്യക്കോലങ്ങൾക്ക് വേണ്ടി പാടുമായിരുന്നു. അച്ഛനും, മകളും മാറി മാറി തോറ്റങ്ങൾ ചൊല്ലി തെയ്യത്തെ മനുഷ്യ മെയ്യിലേക്ക് ആവാഹിച്ചു.
പാരമ്പര്യമായി കിട്ടിയ സ്വത്ത് വകകൾ തുലോം പരിമിതമെങ്കിലും താൻ സംബാദിച്ച് കൂട്ടിയ സമ്പത്ത് ദേവൻ കർണ്ണമൂർത്തിക്ക് കുറച്ചുണ്ട്. അത് കൊണ്ട് തന്നെ ആരുടെ മുമ്പിലും കൈ നീട്ടേണ്ടി വന്നിട്ടില്ല. ഒരു ദുശ്ശീലവും ഇല്ലാത്ത പച്ചമനുഷ്യൻ.എങ്കിലും പരമ്പരാഗതമായ ചില ആചാരങ്ങൾക്കും, കീഴ് വഴക്കങ്ങൾക്കും അദ്ദ്ദേഹം വലിയ വില കൽപ്പിക്കുന്നു. അത് കൊണ്ട് തന്നെയാണ് ആത്മസഖി പൂമാതയെ ഇല്ലത്തെ തിരുവസ്ത്രങ്ങൾ അലക്കുവാൻ പറഞ്ഞ് വിടുന്നത്. മകളെ അങ്ങനെ വിടുന്നതിനോട് താൽപര്യ കുറവുണ്ട്. എങ്കിലും ആ ഇല്ലം തന്ന അന്നം ഒരുപാട് കഴിച്ചിട്ടുള്ളത് കൊണ്ട് നീരസം പ്രകടമാക്കാറില്ല.
ഏറെ വൈകിയിട്ടും ഇല്ലത്തേക്ക് പോയ മകളെ കാണാഞ്ഞ് പൂമാത പരവശയായി.ദേവൻ കർണ്ണമൂർത്തിക്ക് ഇന്ന് തെയ്യത്തിനും പോവാനുള്ളതാണ്. പോകാൻ നേരം മകളെ കാണണം എന്നും അച്ഛന്. ആചാര സ്ഥാനമായ പട്ടും വളയും മകൾ തന്നെ നൽകണമെന്ന് നിർബന്ധമുണ്ട്, മകളുടെ നെറ്റിയിൽ ഒരു സ്നേഹചുംബനം നൽകി മാത്രമേ തെയ്യങ്ങൾക്ക് തോറ്റം ചൊല്ലാൻ പോവാറുള്ളു. ഇന്നു ആ പതിവ് തെറ്റിച്ചു. മകളുടെ അഭാവത്തിൽ കർണ്ണമൂർത്തി തന്നെ സ്വയം പട്ടും,വളയുമണിഞ്ഞ് യാത്രയായി.
ആ നുണക്കുഴികളിൽ വെള്ളം നിറഞ്ഞിരുന്നു. ഈന്തിൻ കുലപോലുള്ള കാർകൂന്തലിലെ വെള്ളം മെടഞ്ഞ പച്ചയോലയും കവിഞ്ഞ് പുറത്തേക്കൊഴുകുന്നു. ശോഭയാർന്ന കണ്ണുകൾ അടഞ്ഞിട്ടുണ്ട്.
'' മോളെ... കണ്ണുതുറക്കൂ മോളെ. മോളുടെ അച്ഛനല്ലെ വന്നു നിൽക്കുന്നത്. ഒന്നു നോക്കൂ മോളേ.... ''
പൂമാത പിന്നെയും എന്തൊക്കയോ പുലംമ്പികൊണ്ടിരുന്നു.
''ആ കുളത്തിൽ നല്ല അടിയൊഴുക്കുണ്ട്. പിന്നെ ചെളിയും, അതുമല്ല ഇല്ലത്തെ മൂത്ത തിരുമേനിയുടെ വേളിയും മുങ്ങി മരിച്ച കുളമാ.''
ആരോ അടക്കം പറയുന്നത്,ദേവൻ കർണ്ണമൂർത്തി കേട്ടു. തനിക്കെന്തേ കരച്ചിൽ വരാത്തത്.?, തന്റെ കണ്ണുകൾ എന്തേ ഈറനണിയാത്തത്? തന്റെ ചുണ്ടുകൾ എന്തേ വിതുമ്പാത്തത്.? കർണ്ണമൂർത്തി ഒന്നിനുമാവാതെ തളർന്നിരുന്നു. പക്ഷെ സ്വന്തം മകളുടെ പട്ടടയിൽ ചൂട്ടോല വെളിച്ചം പകർന്നപ്പോൾ ആ കണ്ണുകളിൽ 'തീ ചാമുണ്ഡിയമ്മ 'യുടെ കനലായിരുന്നു.
'' ചെറിയ തിരുമേനി
ഇപ്രാവിശ്യം 'രക്തജാത 'ന്റ തെയ്യക്കോലം അണിയാൻ അടിയന് ആഗ്രഹമുണ്ട്. എന്താണെന്നറിയില്ല. ആ തെയ്യക്കോലത്തോടെ എല്ലാം മതിയാക്കണം. ഇനി ആർക്ക് വേണ്ടിയാണ് ചെറിയ തിരുമേനി ഞാൻ...''
വാക്കുകൾ പൂർത്തികരിക്കാൻ ദേവൻ കർണ്ണമൂർത്തിക്ക് കഴിഞ്ഞില്ല. ഇല്ലത്തെ പ്രധാന ഉപാസന മൂർത്തിയാണ് രക്തജാതൻ.പണ്ട് ഇല്ലത്തിന് ശത്രുക്കൾ തീയ്യിട്ടപ്പോൾ ഇല്ലത്ത് നിന്നും സ്വജീവൻ പണയപ്പെടുത്തി തിരുമേനിമാരെയും, പരിവാരങ്ങളേയും രക്ഷിച്ചത് രക്ത ജാതനെന്ന പേരായ കാര്യസ്ഥനാണത്രേ.തന്റെ പ്രാണൻ ത്യജിച്ചും ജീവൻ രക്ഷിച്ച 'രക്തജാതനെ 'ഇല്ലത്തിൽ ദൈവ രൂപത്തിൽ തന്നെ കുടിയിരുത്തി.
"ഇപ്രാവിശ്യം'രക്തജാതനെ 'കോലം കൊള്ളുന്നത് ദേവൻ കർണ്ണമൂർത്തിയാണത്രേ.... '' കാട്ടൂ തീ പോലെ ആ വാർത്ത നാടുനീളെ പരന്നു. പതിനെട്ടു വർഷത്തിന് ശേഷം ദേവൻ കർണ്ണമൂർത്തി മുഖത്തെഴുതുന്നു. കേട്ടറിവ് മാത്രമുള്ള പുതിയ തലമുറയും, കണ്ടറിഞ്ഞ് വിസ്മയം പൂണ്ട പഴയ തലമുറയും ഇല്ലത്തിലെ തെയ്യത്തറയിലേക്ക് നിർഗ്ഗമിച്ചു. അപൂതപൂർവ്വമായ ജനസാഗരത്തെകണ്ട് എല്ലാവരും അന്ധാളിച്ചു. ദേവൻ കർണ്ണമൂർത്തിയുടെ 'രക്തജാത 'നെ കാണാനും തെയ്യത്തിന്റെ അനുഗ്രഹാശ്ശിസിൽ നിർവൃതി കൊള്ളാനും ഒരോ മൺ തരിപോലും കൊതിച്ചു.
ഇരുപത്തേഴടി നീളത്തിലും ഇരുപത്തിമൂന്നടി വീതിയിലും, ഇരുപത്തൊന്നടി ഉയരത്തിലും പ്ലാവും, കാഞ്ഞിരവും, ഇരൂളും, നെല്ലിയും ചേർത്തുണ്ടാക്കിയ 'നിരിപ്പ്' അഥവ തീ കൂമ്പാരം. രക്തജാതൻ തെയ്യത്തിന്റെ പ്രധാന ചടങ്ങുകളിൽ ഒന്നാണ് ഈ കനലാട്ടം. പണ്ട് കൊടും തീയ്യിൽ നിന്നും ഇല്ലത്തെ തിരുമേനി മാരെ രക്ഷിച്ചതിന്റെ പുനരാവിഷ്ക്കരണം. തെയ്യത്തിന്റെ കൈ പിടിച്ച് ഇല്ലത്തിലെ ഇളയ തിരുമേനി ആ കനലാട്ടം വിലക്കണം എന്നാണ് ചടങ്ങ്. എന്നാൽ അത് വകവെയ്ക്കാതെ രക്ത ജാതൻ തീക്കനലാടണം.
താമരയിതൾ പോലുള്ള തിരുമുടി യേറി, പട്ടുടുത്ത് കണ്ണിൽ രക്തജാതനെ ആവാഹിച്ച് ദിക്കുകൾ പൊട്ടുമാറുച്ചത്തിൽ ഇരമ്പിയാർക്കുന്ന അസുരതാളത്തിൽ കാൽപാദങ്ങൾ ദ്രുതതാളത്തിൽ ചലിപ്പിച്ച് ഇടതുകാലിന്റെ പെരുവിരലിൽ കുത്തി കറങ്ങുകയാണ് ദേവൻ കർണ്ണമൂർത്തി. ആളുകൾ അത് കണ്ട് അറിയാതെ തൊഴുതു പോയി. പതിനെട്ടു വർഷത്തിന് ശേഷവും ദേവൻ കർണ്ണമൂർത്തി ദേവൻ തന്നെയാണ്. തെയ്യക്കോലക്കാരുടെ ദേവൻ.
ഇനിയാണ് ആ പ്രധാനപ്പെട്ട ചടങ്ങ് ,തീക്കനലാട്ടം. തീനിരുപ്പിൽ നിന്നും അഗ്നിനാളങ്ങൾ തിരമാലകളെ പോലെ ആകാശത്തിലേക്കുയർന്നു. ഇളയ തിരുമേനിയുടെ കൈപിടിച്ച് രക്തജാതൻ തീക്കനലിലേക്ക്.
''ചെറിയ തിരുമേനി.....
ഓർക്കുന്നുണ്ടോ എന്റെ മോളെ.. സൂര്യശോഭ മുഖമാർന്ന എന്റെ മോൾ സൂര്യയെ? മുപ്പതടിയാഴത്തിൽ കുത്തിയൊഴുകുന്ന പയസ്വിനി പുഴ ഒറ്റകൈയ്യാൽ നീന്തി കരപറ്റിയ എന്റെ മോൾ.. അവൾ ഇല്ലത്തെ പൊട്ടകുളത്തിൽ മുങ്ങി മരിച്ചല്ലേ....? നാട്ടുകാർ വിശ്വസിക്കും, എന്റെ പൂമാത വിശ്വസിക്കും, ഞാനും, എന്റെ ഉപാസന മൂർത്തിയും വിശ്വസിക്കില്ല. പിച്ചിചീന്തി കുളത്തിൽ താഴ്ത്തിയില്ലേ താൻ. അത് കണ്ട കാര്യസ്ഥൻ വേലായുധന് നാല് പൊൻപണം നൽകി. ഞാൻ കെട്ടിയാടുന്ന മൂർത്തി എന്നെ ചതിക്കില്ല. ചാരം മൂടിയ സത്യം ഞാൻ അറിഞ്ഞിട്ട് തന്നയാ പതിനെട്ട് വർഷത്തിന് ശേഷവും ഈക്കോലം തന്നെ വേണമെന്ന് നിർബന്ധം പിടിച്ചത്. നിന്റെ അവസാനം എന്റെ കൈയ്യാൽ തന്നെ, എന്റെ മോൾക്ക് നൽകുന്ന പിതാവിന്റെ തർപ്പണം......''
ചെറിയ തിരുമേനിയുടെ കൈകൾ കൂട്ടി ചേർത്ത് ആർത്തലച്ചുലഞ്ഞ് കത്തുന്ന തീ കൊട്ടാരത്തിലേക്ക് 'രക്തജാതന്റ ' കനലാട്ടം..

സ്തന ഛേദനം

Image may contain: 1 person, outdoor and closeup

പ്രണയത്തിന്റെ ഛേദ ബാക്കിയായ 
ശൂർപ്പണഖയല്ല ഞാനൊരിക്കലും
മാറിടം കാർന്ന് തിന്നും മാഹാമാരിയാൽ
ഛേദിതമായ നറുംപാൽ സ്രോതസ്സ്
എനിക്കശ്ശേഷം മടിയില്ലത് തുറന്ന് കാട്ടാൻ
കാമരൂക്ഷ ദൃഷ്ട്ടികൾ പതിക്കില്ലൊരിക്കലും
മുഖമൊന്നൊളിപ്പിക്കാൻ കൊതിയാർക്കുമില്ല
പഴുതാരരൂപമാർന്ന തുന്നലുകൾ മാത്രമതിൽ
ഞാനെത്ര ഭാഗ്യവതി ഒളിപ്പിക്കാനായൊന്നുമില്ല
ഞാനെത്ര ഭാഗ്യവതി മറയ്ക്കേണ്ടൊതൊന്നും
ഭീതി വേണ്ടൊരിക്കലും മാർദ്ദവമളക്കാൻ വരും
തഴമ്പിച്ച കൈകൾ തൻ നുഴഞ്ഞുകയറ്റത്തേ
ഏറെ ഖിന്നയാണ്,ഞാനൊരിക്കലും ചുരത്തില്ല
നറുംപാൽ മണമുള്ള മുലപ്പാലെൻ കുഞ്ഞിനായ്
നിർവൃതിയറിയില്ല മുലഞ്ഞെട്ടിൻ സ്പർശനം
എങ്കിലും കീഴ്പ്പെടുത്തി ഞാൻ ഭീതിത മാരിയെ
(മരിയാന: ബ്രസീലിയൻ സൈന്യത്തിലെ ഒരു നഴ്സ് ആയിരുന്നു.തന്റെ ഇരുപത്തിനാലാം വയസ്സിൽ സ്തനാർബുദം പിടിപെട്ട് ഇരു സ്തനങ്ങളും നഷ്ട്ടപെടുത്തേണ്ടി വന്ന യുവതി. അന്നു മുതൽ ആ ഭീതിതമായ മഹാമാരിക്കെതിരെ ബോധവൽക്കരണ പരിപാടികളുമായി സമൂഹത്തിലേക്കിറങ്ങി.
തന്റെ മേൽവസ്ത്രം വലിച്ചൂരി ''ഞാനൊരു സ്തനാർബുദ രോഗിയായിരുന്നു, ''
എന്ന് പ്രഖ്യാപിക്കുന്ന ചിത്രം ലോകം മുഴുവൻ ഏറ്റെടുത്തിരിക്കുകയാണ്. അവരുടെ, ചങ്കൂറ്റത്തിനും, ആത്മസമർപ്പണത്തിനും വേണ്ടി ഈ ചെറു കുറിപ്പ്

By: JamesVinod TK

.........കുടംമ്പുളി.............

.........കുടംമ്പുളി.............
പത്ത് പതിനാല് മണിക്കൂർ വിമാനയാത്ര ഏലിയാമ്മച്ചിയെ വല്ലാതെ തളർത്തി.ചെങ്കുത്തായ ഏറാന്മല കെട്ടിയോന്റെ കൂടെ കട്ടക്ക് കട്ടക്ക് നിന്ന് കയറിയിട്ടുണ്ട്. അതും പത്ത് നാൽപ്പത് കിലോ ചാണകപ്പൊടിയുമായി.ഇതിപ്പോ മസ്സിലും പിടിച്ച് ഒരേ ഇരുത്തോല്ലെ. പെറ്റ് വീണിട്ട് ഇതുവരെക്കും ഇങ്ങനെ അടങ്ങിയിരുന്നിട്ടില്ല. അടുത്തുള്ള പെങ്കൊച്ചാണേൽ കമാന്നൊരക്ഷരം മിണ്ടണില്ല. ചെവിലെന്തോ കുത്തിനിറച്ച് കയ്യിൽ സ്ലേറ്റു പോലുള്ള സാധനത്തിൽ എന്തോ കുത്തി കുറിക്കുവാണ്.
അല്ലേല് ഇളയ മോൻ സെബാന്റെ ഒറ്റ നിർബന്ധമാണ് അമ്മച്ചിയെ അമേരിക്ക കാണിക്കണോന്ന്. പാലാക്കാരുടെ അഭിമാനപ്രശ്നമാണല്ലേ അമേരിക്കൻ യാത്ര. എംബസിയിൽ നല്ല ജോലിയുള്ള മോനേം കെട്ടിയോളെയും മക്കളെയും കാണാൻ കൊതിയില്ലാഞ്ഞിട്ടല്ല.പക്ഷെ ഇഞ്ചിം, കപ്പേം, ഏലോം, റബ്ബറും, പശും, പന്നിനേം വിട്ടു പോകുക എന്നത് ഏലിയാമ്മച്ചിക്ക് ചിന്തിക്കാൻ വയ്യാ.അറുപത്തെട്ടാം വയസ്സിലും അതൊക്കെ ജീവിതത്തിന്റെ അല്ല ജീവന്റെ ഭാഗമായി തന്നെ അവരത് കൊണ്ട് നടക്കുന്നു.
അയൽക്കാരി ത്രേസ്യ അമേരിക്കൻ വിശേഷങ്ങൾ പറഞ്ഞപ്പോൾ ചെറിയൊരു പൂതികേറി എന്നുള്ളത് സത്യാണ്. അതിന്റ കൂടെ സെബാന്റെ നിർബന്ധം കൂടിയായപ്പോൾ ഏലിയാമ്മച്ചി അമേരിക്കൻ യാത്രയ്ക്ക് സമ്മതിച്ചു.
മഞ്ഞുകാലമയതിനാൽ ഒരു കമ്പിളി കുപ്പായം ഇട്ടേച്ചു വരാൻ മോൻ പറഞ്ഞത് നന്നായി. നന്നായി തണുക്കുന്നുണ്ട്. കടലുപോലെ നീണ്ട എയർപ്പോർട്ട്. തോമാശ്ലീഹാ ആണ്ടുനേർച്ചക്ക് പോലും ഇത്രം തിരക്ക് കാണുല്ല.പെട്ടെന്ന് രണ്ട് മൂന്ന് പോലിസുകാർ വന്ന് ഏലിയാമ്മച്ചിയെ ഒരു മുറിയിലേക്ക് വിളിച്ചോണ്ട് പോയി. നാട്ടീന്ന് കൊണ്ട് വന്ന ബാഗ് അവിടെ തുറന്ന് വച്ചിട്ടുണ്ട്.
അതിൽ നിന്ന് ഒരു കവറെടുത്ത് പൊട്ടിച്ച് വച്ചിരിക്കുവാണ്. കുടംമ്പുളി. സെബാന് ഇഷ്ട്ടമുള്ള കുടംമ്പുളി ഇട്ട് വച്ച ആവോലിക്കറിക്ക് വേണ്ടി കൊണ്ടുവന്നത്. അത് എന്താണെന്നാണ് അവര് ചോദിക്കുന്നത്. ഇടക്കിടെ മണത്ത് നോക്കുന്നുണ്ട് പോലിസുകാർ. അവർക്ക് സംഗതി എന്താണെന്ന് അങ്ങട്ട് മനസ്സിലാവണില്ല.
ഏലിയാമ്മക്കറിയാവുന്ന പച്ച മലയാളത്തിൽ പറഞ്ഞു കൊടുത്തു.'
'' കുടംമ്പുളിയാ സാറന്മാരെ.ഇതുട്ടിട്ട് ആവോലിക്കറി വച്ചാലുണ്ടല്ലോ.... രണ്ടിടങ്ങഴി കുത്തരിച്ചോറുണ്ണാം."
അതോടെ സാറന്മാർക്ക് ഒരു കാര്യം മനസ്സിലായി ഇത് ഒരു നടക്ക് പോവൂല്ലാന്ന്. അവർ കുറച്ച് ദൂരെ നിന്ന് മൊബെലിൽ സംസാരിക്കുന്ന ഒരു മലയാളിയെ വിളിച്ചു വരുത്തി.
"യൂ ഫ്രം..?''
'' ഐം ഇന്ത്യ, കേരള മലയാളി, മൊഗ്രാല്, കാസർഗോഡ് " മുറി ഇംഗ്ലിഷിൽ മൂപ്പർ പറഞ്ഞൊപ്പിച്ചു.
ഏലിയാമ്മച്ചിയുടെ കുടംമ്പുളി പൊതികാണിച്ചു കൊടുത്ത് ചോദിച്ചു.
'' യു നോ വാട്ടീസ് ദിസ്...?''
അയാൾ അതിനെ സാകൂതം വീക്ഷിച്ചു.പടച്ചോനെ ഇത് എന്ത് സാധനം? കർത്തിറ്റ് (കറുത്തിട്ട് ) പഞ്ഞി പോൽത്തെ.? നമ്മളെ നാട്ട്ല് ഇങ്ങൻത്തെ ഒന്നൂല്ലല്ലോ.ഏലിയാമ്മച്ചിയെ നോക്കി. എനിപ്പോ ഈ തൊണ്ടി (കെളവി) മയക്കുമരുന്നോറ്റോ കോണ്ടന്നതാണോ.? എടങ്ങേറായല്ലോ? മല്ലെ ബെലിയാം ( മെല്ലെ തടിയൂരാം) അയാൾ മനസ്സിൽ കണക്ക് കൂട്ടി
'' ഐ നോ.എനിക്കറിയില്ല. സോറി ഐ ഡോൺഡ് നോ സർ.''
സംഗതി മൂപ്പർ കൈവിട്ടെന്ന് ഏലിയാമ്മക്ക് തോന്നി.
"എടാ കൊച്ചനെ കാസർകോട് കാരാ ഒന്ന് പറഞ്ഞ് കൊട്ക്കെടാ.ഇത് കുടംമ്പുളിയാടാ.മീനേലും, ഇറച്ചിലും ഇട്ട് വെക്കണ സാധാനാടാ..."
കേൾക്കാത്ത ഭാവത്തിൽ അയാള് നടന്നകന്നു. പോലിസുകാർ അവസാനം ഏലിയാമ്മയുടെ കയ്യിൽ നിന്നും മകന്റെ നമ്പർ വാങ്ങി വിളിച്ചു വരുത്തി, സെബാൻ വന്നു. മോനെ കണ്ടതോടെ അമ്മച്ചിക്ക് സമാധാനമായി.കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി.
ഇന്റർനെറ്റിൽ കുടംമ്പുളിയുടെ ഏ റ്റു ഇസെഡ് കാര്യങ്ങൾ പോലീസുകാരെ പറഞ്ഞ് മനസ്സിലാക്കി.അവസാനം ഏലിയാമ്മയോട് പോലീസുകാർ ക്ഷമ ചോദിച്ചു യാത്രയാക്കി.
മഞ്ഞു വീണ റോഡിൽ കൂടി സെബാന്റ വണ്ടി പതുക്കേ പോവുകയാണ്.
"ഡാ സെബാനെ.. " ഏലിയാമ്മ വിളിച്ചു.
'' എന്നതാ അമ്മച്ചി.?"
" കപ്പല് മുങ്ങി നടുക്കടലിൽ താണാലും കാസർഗോഡ്കാരോട് സഹായം ചോദിക്കരുതെടാ....''

James

.. പളനി......

... പളനി......
'' എന്ത് പണിയാ പളനിയണ്ണാ കാണിച്ചത്?.വിസയും ഐഡിയും തീർന്നെന്നറിഞ്ഞിട്ടും നിങ്ങളീപ്പണിക്ക് പോയതെന്തിന്? ഇപ്പം ലേബർ ചെക്കിംഗ് സ്ട്രിക്റ്റ് ആക്കിയതറിഞ്ഞിട്ടും...... ''
''സാഹുൽസാർ അത് വന്ത്, ചിന്നപൊണ്ണുടെ കുളന്തയ്ക്ക് ഒരു സർജ്ജറി. അതുക്കാകെ കൊഞ്ചം കാസിന് ആവിശ്യം വന്നു.കാസ് കടം വാങ്കിക്കാൻ മനസ്സ് വന്തില്ല.''
പളനി ജയിലിലെ നീണ്ട ബലിഷ്ഠമായ ഇരുമ്പ് കമ്പിയിൽ തലചേർത്തു കണ്ണീരണിഞ്ഞു.ഇരുപത്തിയെട്ട് വർഷത്തെ പ്രവാസ ജീവിതത്തിന് അവസാനം വെറും കൈയ്യോടെ നാട്ടിലേക്ക് അയക്കപ്പെടുമോ എന്നയാൾ ഭയപ്പെട്ടു.
''അണ്ണൻ പേടിക്കേണ്ട, അർബാബിനോട് പറഞ്ഞ്, റീലീസിംങ്ങ്ന്റ ഞാൻ ശരിയാക്കാം. ഒന്നുമില്ലേലും കമ്പനി തുടങ്ങുമ്പോഴുള്ള സ്റ്റാഫല്ലേ? അങ്ങനെ കൈയ്യൊഴിയുകയില്ല. എന്നാ ശരി ഞാൻ വരാം, ഇത് വച്ചോളൂ''
ഷാഹുൽ കൊടുത്ത നൂറ് ദിർഹം പഴകിയ ഷർട്ടിന്റെ പോക്കറ്റിലേക്ക് തിരുകി പളനി തിരികേ നടന്നു. ഇടുങ്ങിയ ജയിൽ ഭിത്തിയിൽ ചാരിയിരുന്നു. വർഷങ്ങൾക്ക് മുന്നേ' അൽ ഹാഷിം' കോൺട്രാക്റ്റിംഗ് കമ്പനിയിലേക്ക് നാന്നൂറ് ദിർഹം വേതനത്തിൽ ഒരു സാധാരണ തൊഴിലാളിയായി ജോലിക്ക് കയറി. അഞ്ച് വർഷം അവിടെ ജോലി ചെയ്തു. പിന്നീട് അവിടെത്തെ അസിസ്റ്റന്റ് മാനേജർ തുടങ്ങിയ ലേബർ സപ്ലേ കമ്പനിയിൽ ആദ്യത്തെ ലേബർ. തുടർന്നങ്ങോട്ട് ഇതു വരെ ആ ഒരു കമ്പനിയിൽ.താനടക്കം അഞ്ച് പേരിൽ നിന്നും ഇരുന്നൂറ്റി ഇരുപത്തിയഞ്ചിൽ എത്തിയ ലേബർ സപ്ലേ കമ്പനിയുടെ ഉയർച്ചയിലും, വളർച്ചയിലും തന്റെ വിയർപ്പിന്റെ, ചോരയുടെ മണമുണ്ട്. ഒന്നിച്ച് ഉണ്ടായിരുന്ന നാല് പേരും പല വഴിയായി വർഷങ്ങൾക്ക് മുമ്പേ പിരിഞ്ഞെങ്കിലും, തന്റെ മൂന്ന് പെൺമക്കളെ കരക്കടുപ്പിച്ച ആ കമ്പനിയെ വിട്ടു പോകാൻ പളനിക്ക് മനസ്സ് വന്നില്ല. ജോലിക്ക് പോയിരുന്ന പല കമ്പനികളും മികച്ച ശമ്പളം വാഗ്ദ്ധാനങ്ങൾ നൽകിയിരുന്നെങ്കിലും പളനി അതൊക്കെ പുഞ്ചിരിയോടെ തള്ളിക്കളഞ്ഞു.
കമ്പനിയിൽ തൊഴിലാളികൾ ശബള വർദ്ധനയ്ക്ക് വേണ്ടി നിസ്സഹകരണ സമരം തുടങ്ങിയപ്പോൾ അവരെ ശബളം കൂട്ടാതെ തന്നെ അനുനയിപ്പിച്ചത് തന്റെ കഴിവു കൊണ്ടാണ്.പിന്നെ ലോകത്തെ പിടിച്ചുകുലുക്കിയ സാമ്പത്തിക മാന്ദ്യത്തിൽ ആറ് മാസം ശബളം പോലുമില്ലാതെ പണിയെടുത്ത ചരിത്രമുള്ള പളനി. അന്ന് മുഴു പട്ടിണിയായിരുന്ന കുടുംബത്തിന്റെ അവസ്ഥയോർത്ത് കണ്ണീരൊഴുക്കാത്ത ദിവസങ്ങൾ വിരളമാണ്.
ഇളയ മകളുടെ കുഞ്ഞിന്റെ ഓപ്പറേഷന് വേണ്ടി പൈസ അത്യാവശ്യം വന്നപ്പോൾ രാത്രിയിൽ ചെയ്ത പണി, അതിത്രയും വലിയ ദുരന്തമായി മാറുമെന്ന് അയാൾ കരുതിയില്ല. കാശ് കടം വാങ്ങി അയക്കാൻ അയാളുടെ അഭിമാനം സമ്മതിച്ചില്ല. ഇത്രയും കാലത്തിനിടയ്ക്ക് അങ്ങനെ ഒരു കീഴ് വഴക്കം അയാൾക്ക് അറിയില്ലായിരുന്നു. ഒഴിഞ്ഞ, പെപ്സി, കോള ഡപ്പികൾ പെറുക്കി സ്ക്രാപ്പ് കമ്പനിയിൽ കൊടുത്താൽ കിലോയ്ക്ക് മൂന്ന് ദിർഹം കിട്ടുമെന്ന് ആരോ പറഞ്ഞപ്പോൾ തുടങ്ങിയ പണി. പക്ഷെ അന്ന് രാത്രിയിൽ തന്നെ മുനിസിപ്പാലിറ്റി അധികൃതർ പിടികൂടിയപ്പോൾ തന്റെ കയ്യിലെ കാലാവധി തീർന്ന 'ബത്താക്കാ'(ഐഡന്റിറ്റി കാർഡ്) വിനയായി.'ബത്താക്ക'യിൽ പറഞ്ഞിരിക്കുന്ന ജോലി അല്ല ചെയ്യുന്നതറിഞ്ഞതും കുറ്റം വലുതാക്കി. അവരുടെ വണ്ടിയിൽ പിടിച്ചു കയറ്റി ജയിലിലടച്ചു. അവിടെ നിന്നാണ് കമ്പനി പി ആർ ഓ ഷാഹുൽ റഷീദിനെ വിളിച്ച് കാര്യം പറഞ്ഞത്.
ഇന്നേക്ക് ഒരാഴ്ച്ചയായി ജയിലിൽ. കമ്പനിയിൽ നിന്നും ഒരാളുപോലും വിളിച്ചിട്ടില്ല. ആരും കാണാനും വന്നിട്ടില്ല.
'' ഇന്ത കലാം പലനി''
അറബി പോലീസിന്റ വിളി കേട്ട് പളനി എഴുന്നേറ്റ് വിസിറ്റിംഗ് ഏരിയയിലേക്ക് നടന്നു.
ഇരുമ്പു മറയ്ക്കപ്പുറം കമ്പനി പി ആർ ഓ ഷാഹുൽ റഷീദ്.
''സാഹുൽ സാർ എന്നേക്ക് എന്നെ റീലീസ് പന്നമുടിയും?
'' പളനിയണ്ണാ കമ്പനി അതിന്റെ റൂൾസ് ആന്റ് റഗുലേഷൻസ് വച്ച് നോക്കുമ്പോൾ കൈ മലർത്തി.അവർക്ക് ഇരുപത്തിമൂന്ന് വർഷത്തെ സർവ്വീസ് മണി ലാഭം. കമ്പനിയിതര ജോലി ചെയ്ത് പിടികൂടിയാൽ കമ്പനി അനുശാസിക്കുന്ന സെറ്റിൽമെന്റ് തരാൻ വകുപ്പില്ല.ഞാൻ എന്റെ പരമാവധി ശ്രമിച്ചു.പക്ഷെ അർബാബ്. കാശിന് ആർത്തിയുള്ളവരാണ് മുതലാളിമാർ. ലാഭമാണ് അവർക്ക് വേണ്ടത് .അതിന് ഒരു മാനുഷിക പരിഗണനയും നൽകില്ല, മനുഷ്യത്തമില്ല. ഈ ടിക്കറ്റ് മാത്രം തരാനാണ് മാനേജ്മെന്റ് തീരുമാനം. എന്ത് ചെയ്യാൻ, എനിക്ക് അണ്ണനെ സഹായിക്കണമെന്നുണ്ട്. ഞാനും അൽപ്പം ബുദ്ധിമുട്ടിലാണ് ''
ഷാഹുൽ ഒന്ന് നിർത്തി.
''നാട്ടിൽ എത്തിയാൽ വിളിക്കണം. എന്നാലാവുന്നത് ഞാൻ ചെയ്യാം. ''
ഷാഹുൽ നീട്ടിയ കവർ വിറയാർന്ന കൈയ്യോടെ പളനി വാങ്ങി.തന്റെ ഇരുപത്തിയെട്ട് വർഷത്തെ ആകെ സംമ്പാദ്യം ഒരു വിമാന ടിക്കറ്റ്. പ്രവാസം; നാടിനേയും,വീടിനേയും വീട്ടുകാരേയും മനസ്സിലിട്ട് മരുക്കാറ്റിനോടും കൊടും ചൂടിനോടും മല്ലിട്ട് തനിക്ക് കിട്ടിയ സംമ്പാദ്യം. പളനിയുടെ സമനില അവിടെന്ന് തൊട്ട് തെറ്റുകയായിരുന്നു.
ഷാഹുൽ തന്റെ കാറിലെ കവർ തുറന്ന് പണം എടുത്ത് ഒന്നുകൂടി എണ്ണിതിട്ടപ്പെടുത്തി. പിന്നെ മൊബൈൽ എടുത്ത് നമ്പർ ഡയൽ ചെയ്തു.
''ഹലോ അളിയാ ആ പ്രോപെർട്ടിയുടെ കാര്യം ഉറപ്പിച്ചോ. അഡ്വാൻസ് ടോക്കൺ എമൗണ്ട് ഇന്നയക്കാം. ന്നാ ശരി പിന്നെ വിളിക്കാം.''
' പളനി മുത്തു സെറ്റിൽമെന്റ്'' എന്നെഴുതിയ കവർ ചുരുട്ടി കൂട്ടി അടുത്തുള്ള ഡസ്റ്റ്ബിന്നിലേക്കെറിഞ്ഞു.

james

...മുഖാമുഖം....(മൂന്നാം ഭാഗം )

...മുഖാമുഖം....(മൂന്നാം ഭാഗം )
ദേവി ത്രയംബകേശ്വരി മാത തന്റെ കഥ പറഞ്ഞു തുടങ്ങി.
'' കൊൽക്കത്തയിലെ ഓർഫനേജിലെ എന്റെ ജീവിതം സന്തോഷ പ്രദമായിരുന്നു. നാട്ടിലെ പ്രാരാബ്ദങ്ങൾ ഒന്നും അറിയേണ്ടല്ലോ. നല്ല ഭക്ഷണം, നല്ല സിസ്റ്റേഴ്സ്, വിദ്യാഭ്യാസം. എല്ലാം കൊണ്ടും സന്തോഷ പ്രദമായ ജീവിതം. ആയിടയ്ക്കാണ്, ബിഷപ്പ് നേതൃത്വം നൽകുന്ന 'മത സൗഹാർദ്ദ സമാഗമം' നടന്നത്. എന്റെ ജീവിതത്തെ മാറ്റിമറിച്ച മഹാസംഭവം. സംഗമത്തിൽ പങ്ക് ചേരാൻ വന്ന, ദൽഹിലെ പ്രശസ്തമായ ത്രയംമ്പാകാശ്രമത്തിന്റെ അധിപൻ സ്വാമി സ്വരൂപൻ ദത്താത്രേയെനെ ശുശ്രൂഷിക്കേണ്ട ചുമതല എനിക്കായിരുന്നു. എഴുപത് വയസ്സോടടുക്കുന്ന വെള്ളി നാരുകൾ പോലുള്ള താടിയും, മുടിയുമുള്ള കൃശാഗാത്രൻ.വിസ്താരമേറിയ നെറ്റിത്തടവും, അതിൽ പൂശിയ ഭസ്മത്തിനും എന്തോ ഒരു ആകർഷതയാണ്. കണ്ണുകൾ തിളങ്ങി നിൽക്കുന്ന വൈരക്കല്ലുകൾ പോലെ. കൈയ്യിലെ ജപമാലയ്ക്കു പോലും വല്ലാത്തൊരു ആകർഷണീയതയാണ്.അർദ്ധ നിലിമിതനായ് പ്രാർത്ഥനയിൽ മുഴുകുമ്പോഴായിരുന്നു' ഞാൻ അദ്ദേഹത്തിന്റെ പാദങ്ങളിൽ തൊട്ട് അനുഗ്രഹം തേടിയത്.
തന്റെ ചുമലിൽ പിടിച്ച് എഴുന്നേൽപ്പിച്ചു. എന്റെ കണ്ണുകളിലേക്ക് തന്നെ സൂക്ഷിച്ചു നോക്കി.ആ വൈരശോഭയിൽ എന്റെ ഉപബോധമനസ്സ് ശൂന്യമായി.ആ വൃദ്ധ സ്വാമിയുടെ ആലിംഗനത്തിൽ ഞാനെല്ലാം മറന്നു.'മതസൗഹാർദ്ദ സമാഗമം' കഴിഞ്ഞ് സ്വാമി സ്വരൂപൻ ദത്താത്രേയൻ യാത്ര തിരിക്കുമ്പോൾ വാമഭാഗത്ത് ഞാനും ഉണ്ടായിരുന്നു. ദൽഹിയിലെ ' ത്രയംമ്പകാശ്രമം' ഇന്ത്യൻ രാഷ്ട്രീയ ഭരണത്തെ അദൃശ്യമായി നിയന്ത്രിക്കുന്ന ആശ്രമം.കോടിക്കണക്കിന് സ്വത്തും, ആൾബലവുമുള്ള ത്രയംമ്പകാശ്രമം. സ്വാമിയോട് കൂടിയുള്ള എട്ട് വർഷങ്ങൾ, ഞാൻ സ്വായത്തമാക്കിയ പുതിയ അനുഭവങ്ങൾ. ആശ്രമാധികാരത്തിൽ കണ്ണ് നട്ടിരിക്കുന്ന സ്വാമിയുടെ അരുമശിഷ്യനെ ആശ്രമത്തിൽ നിന്നല്ല, ഈ ലോകത്ത് നിന്ന് തന്നെ നിഷ്ക്കാസനം ചെയ്തു. എന്റെ ആദ്യത്തെ കുതികാൽ വെട്ട്.''
ത്രയംമ്പകേശ്വരി ഒന്ന് നിശ്വസിച്ചു. ആ ശീതികരണമുറിയിലെ ചുമരിലെ സ്ക്രീനിൽ ഒരു മുഖം തെളിഞ്ഞ് കണ്ടു. ദൽഹി മുഖ്യമന്ത്രി 'ശ്വേതാ രക്ഷിത് '
''ഹായ് മാതാജി ഹൗ യു.?. ആപ് ടീക് ഹേ?''
''ഹായ് ശ്വേതാജി.ഐയാം ഫൈൻ.ഹൗറ്റു യു.?
സോറി ഡിയർ ഐയാം ലിറ്റിൽ ബിറ്റ് ബിസി നൗ. call You later honey bye''
'' അറിയില്ലേ ശ്വേതാ രക്ഷിത്? CM of Delhi. എന്റെ സ്ത്രീ ഭക്തയിൽ പ്രധാനി. എന്റെ സൗന്ദര്യ ആരാധിക കൂടിയാണ്.ഒരു രാത്രിയിൽ അവരോടൊപ്പം ആഘോഷിച്ചതിന്റെ പരിണിത ഫലമാണ്, നഗര മധ്യത്തിലെ കോടികൾ മൂന്നേക്കർ തരിശ് ഭൂമിയും, പിന്നീട് ആശ്രമം കെട്ടിപ്പൊക്കിയ ആയുർവേദ യോഗാ പഞ്ചനക്ഷത്ര സമുച്ചയം. നിങ്ങൾ പത്രക്കാരുടെ സ്വകാര്യ കുശുകുശുപ്പുകളിൽ പറയാറുള്ള CMന്റെ ഹോമോസെക്ഷ്വൽമാനിയ It is True.''
ത്രയംമ്പകേശ്വരി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞ് നിർത്തി.(തുടരും)

james vinod

.. മുഖാമുഖം... (പാർട്ട് രണ്ട് )

.. മുഖാമുഖം... (പാർട്ട് രണ്ട് )
ഹിമ ശീതളമായ അന്തരീക്ഷത്തിലും 'ദേവി ത്രയംബകേശ്വരി മാത' നിന്ന് വിയർത്തു. നെറ്റിയിലെ നീണ്ട ചന്ദന കുറിക്കൊപ്പം വിയർപ്പിൻ കണങ്ങൾ വെളുത്ത വടിവൊത്ത നാസികയിലൂടെ ഒലിച്ചിറങ്ങി. മുന്നിൽ വന്ന് നിൽക്കുന്നത് ഡെൽഹിയിലെ പെയിഡ് ന്യൂസ് റിപ്പോർട്ടറല്ല. നല്ല ഗൃഹപാഠം ചെയ്തു വന്നിട്ടുള്ള പത്രപ്രവർത്തനത്തിന്റെ അന്തസത്തയറിഞ്ഞവനാണ്. വർഷങ്ങളായ് ഞാൻ മനസ്സിന്റെ ശവക്കോട്ടയിൽ അടക്കം ചെയ്ത ഭൂതക്കാലത്തിന്റെ മേൽപ്പൊളി തുറക്കേണ്ടി വരുമോ.
ത്രയംമ്പകേശ്വരി ഭയപ്പെട്ടു. എങ്കിലും മുഖത്ത് പ്രകടമാക്കിയില്ല. സ്വതസിദ്ധമായ പുഞ്ചിരി പൊഴിച്ചു കൊണ്ട് അവരെഴുന്നേറ്റു.
'' എന്റെ യഥാർത്ഥ കഥകൾ ആണല്ലോ, നിങ്ങൾക്ക് വേണ്ടത് പറഞ്ഞു തരാം.പക്ഷെ അതിന് പറ്റിയ അന്തരീക്ഷം ഈ വലിയ ഹാളിൽ ഇല്ല. നമ്മുക്ക് അകത്തിരുന്ന് സംസാരിക്കാം. വരു അകത്തേക്ക് ''
നീല നിറത്തിലുള്ള പട്ടുവസ്ത്രങ്ങൾ ചുമരിൽ അലംകൃതമായി വിരിച്ചിട്ടുണ്ട്. മാദക സൗരഭ്യം പടർത്തുന്ന ഏതോ സുഗന്ധദ്രവ്യം ആ മുറിയിൽ ഒഴുകി നടക്കുന്നു. ഏകദേശം പതിനഞ്ചു മിനിറ്റായിക്കാണും, പത്രപ്രവർത്തകൻ അവിടെ ഒറ്റെയ്ക്കിരിക്കാൻ തുടങ്ങിയിട്ട്.
''മുഷിച്ചല് തോന്നിക്കാണുമല്ലേ ക്ഷമിക്കണം''
ശബ്ദം കേട്ട് പത്രപ്രവർത്തകൻ തിരിഞ്ഞു നോക്കി.
സ്വർണ്ണ നിറമാർന്ന ചുരുണ്ട മുടി തോളൊപ്പം വെട്ടി വെച്ചിരിക്കുന്നു. കാതിൽ വജ്രശോഭയാർന്ന കമ്മൽ.റോസാക്കളർപൂശിയ കവിളുകളും ചുണ്ടും. നിറഞ്ഞ മാറിടത്തെ ഉൾക്കൊള്ളാനാവാതെ ആ ഓറഞ്ച് നിറത്തിലുള്ള ബനിയൻ.പൊക്കിൾച്ചുഴിയും കടന്ന് കുറച്ച് കീഴ്പ്പോട്ടായി ഇറുകി കയറ്റിയ നീല ജീൻസ് ബെർമുഡ. അതൊരു ബെർമുഡയല്ല. അടിവസ്ത്രമാണ്. അത്രയ്ക്കും വലിപ്പം കുറവാണതിന്. 'ദേവി ത്രയംബകേശ്വരി മാതാ '
ഡൽഹിമിററിന്റെ സീനിയർ റിപ്പോർട്ടർ അന്ധാളിച്ചു നിന്നു. തന്റെ കയ്യിലെ വോയിസ്റെക്കോർഡർ അറിയാതെ നിലത്ത് വീണു.
'' വോയിസ്റെക്കോർഡർ ഓൺ ചെയ്തോളു. ഇനി ഞാൻ പറയാൻ പോകുന്നത്, നിങ്ങളുടെ പത്രത്തിന്റെ സബ്ക്രിപ്ഷൻ സ്വപ്നതുല്യവേഗത്തിലാക്കാനുള്ള കാര്യങ്ങളാണ്.''
ദേവിത്രയംബകേശ്വരി മാത കസേരയിൽ ഒന്നിളകിയിരുന്നു. വെളുത്ത തുട മുതൽ കണങ്കാൽ വരെയുള്ള മിനുസമാർന്ന നഗ്നത ഹോളിവുഡ് നായികമാരിൽ മാത്രമേ മുമ്പ് കണ്ടിട്ടുള്ളു. അയാൾ വോയിസ് റെക്കോർഡർ ഓൺ ചെയ്തു.

James Vinod

....... മുഖാമുഖം.......(1)

........ മുഖാമുഖം.......
''ലില്ലിക്കുട്ടി കൊൽക്കത്തയിലേക്ക് പോവ്വാൻ തന്നെ തീരുമാനിച്ചോ.?''
ചോദിക്കുമ്പോൾ ജോണിയുടെ കൊച്ച് മനസ്സ് വിങ്ങി.
'' ഞാനങ്ങനെ പോവ്വോ ന്റെ ജോണി,നീയ്യും, ഈ പള്ളിയും, നമ്മുടെ മേടും ഒക്കെ എനിക്ക് വിട്ടു പോവ്വാൻ പറ്റ്വോ..?''
വൈകുന്നേരത്തെ സ്ഥിരം കൂടിക്കാഴ്ച്ചയിൽ അവർക്ക് പറയാനുള്ളത്, അന്ന് രാവിലെ പള്ളിയിൽ വച്ച് ഫാദർ പറഞ്ഞ കാര്യങ്ങളായിരുന്നു. സഭയിൽ നിന്നും പാവപ്പെട്ട പെൺകുട്ടികളെ പഠിപ്പിക്കാനായി കൊൽക്കത്തയിലേക്ക് പറഞ്ഞയക്കുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു. കുട്ടികളുടെ മുഴുവൻ പഠന ചിലവും സഭ വഹിക്കും. പഠനം കഴിഞ്ഞാൽ യോഗ്യതയ്ക്കനുസരിച്ച് സഭയുടെ തന്നെ വിവിധ സ്ഥാപനങ്ങളിൽ ജോലിയും കൊടുക്കും.
മൂന്ന് പെൺമക്കളിൽ ഇളയവളായ പതിനൊന്ന് വയസ്സുകാരിയായ ലില്ലിക്കുട്ടി, പഠിക്കാനും,ക്വയറിൽ പാട്ട് പാടുന്നതിലും മിടുക്കിയായിരുന്നു.അപ്പൻ കൂപ്പിൽ തടിപിടിച്ചു കിട്ടുന്ന വരുമാനം കൊണ്ടാണ് ആ അഞ്ചംഗ കുടുംബം കഴിഞ്ഞിരുന്നത്. ഡിഗ്രി അവസാനവർഷ പഠിക്കുന്ന, മൂത്ത ചേച്ചിയും, പോളിയോ ബാധിച്ച് അരയ്ക്ക് താഴെ തളർന്ന് പോയ നടുക്കുള്ളവളും, ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ലില്ലി കുട്ടിയും, അമ്മയും ദാരിദ്രത്തിലും സംതൃപ്തിയോടെ തന്നെയായിരുന്നു ജീവിച്ചിരുന്നത്. മദർ സുപ്പീരിയറും അമ്മയോട് 'കൊൽക്കത്തയുടെ 'കാര്യം പറഞ്ഞിരുന്നു. അപ്പനും, അമ്മച്ചിക്കും സമ്മതമായിരുന്നെങ്കിലും ലില്ലി കുട്ടി അതിന് കൂട്ടാക്കിയില്ല. അവൾക്ക് ഏറെ പ്രിയപ്പെട്ട കളി കൂട്ടുകാരനെ പിരിഞ്ഞിരിക്കാൻ പറ്റില്ലായിരുന്നു.
'' എനിക്കറിയാം നീ പോവൂല്ലാന്ന്. നമ്മുടെ താറാ കൂട്ടങ്ങളും, അമ്മിണിയാടും മക്കളും, മേടയിലെ തിരുരൂപത്തെയും മറന്ന് നീ പോവൂല്ല.''
ജോണിയുടെ കണ്ണ് നിറഞ്ഞു. ലില്ലികുട്ടി ജോണിയുടെ കൈകൾ മുറുകേ പിടിച്ചു.
'' കൊച്ചെർക്കാ അയ്യേ കരയല്ലേ... മോശം, മോശം ആങ്കുട്ടികൾ കരയാൻ പാടില്ല. ഞാ പള്ളിയിലോട്ടാ ഇപ്പം തന്നെ വൈകി വൈകുന്നേരം റിഹേഴ്സൽ ഉണ്ട്, പുതിയ പാട്ടാണ് ശരി നാളെ കാണാം...''
ജോണിയുടെ കവിളിൽ സ്ഥിരം കൊടുക്കാറുള്ള മുത്തം കൊടുത്ത്, ആ കൊച്ചു മാലാഖ പറന്നകന്നു. കാറ്റത്ത് പിന്നിലോട്ട് പാറി പറക്കുന്ന അവളുടെ മുടിയിഴകൾ അസ്തമന സൂര്യന്റെ ചുവന്ന നിറത്താൽ ശോഭിതമായിരുന്നു.
പള്ളിമേടയിൽ സഭയുടെ മിനി ബസ്സ് തയ്യാറായി നിന്നു. കുട്ടികളെയും കൊണ്ട് റെയിൽവേസ്റ്റേഷനിലേക്ക് പോകുവാനാണ്. നിറമിഴികളോടെ എല്ലാ പെൺകുട്ടികളും അങ്ങിങ്ങായ് കൂട്ടം കൂടി വന്നു. ചൂരലിൽ കൊത്തുപണികൾ ചെയ്ത ഊന്നുവടിയും കുത്തി ഫാദർ പടിയിറങ്ങി വന്നു.
'' എന്റെ കുഞ്ഞാടുകളെ..... നിങ്ങൾ പോകുന്നത്, നിങ്ങളുടെ സ്വന്തം വീട്ടിലേക്ക് തന്നെയാണ്. കൊൽക്കത്തയിലെ സിസ്റ്റർമാർ നിങ്ങളുടെ അമ്മമാർ തന്നെയാണ്. അവർ നിങ്ങളെ സ്നേഹത്തോടെ തന്നെ പരിചയിക്കും. നമ്മുടെ വീടിനേക്കാൾ സുഖ സൗകര്യങ്ങൾ ഉണ്ട് അവിടെ. നിങ്ങളുടെ വിദ്യാഭ്യാസവും, പിന്നെ നല്ലൊരു ജോലിയും സഭ വാഗ്ദ്ധാനം നൽകിയിട്ടുണ്ട്. വർഷത്തിൽ ഒരു മാസം ഇവിടെ വന്ന് നിൽക്കാനും നിങ്ങൾക്ക് അവസരമുണ്ട്. എന്റെ കുഞ്ഞാടുകൾക്ക് എന്തെങ്കിലും ബുധിമുട്ട് അനുഭവപ്പെട്ടാൽ അവിടെത്തെ മദറിനോട് പറയാം. അല്ലെങ്കിൽ നമ്മുടെ പള്ളിയിലേക്ക് വിളിച്ചാലും മതി. എല്ലാവർക്കും, പരിശുദ്ധാത്മാവിന്റെ പേരിലും, എന്റെ പേരിലും പ്രാർത്ഥനകൾ നേരുന്നു.. ''
പെൺകുട്ടികൾ ഫാദറിന്റെ ശോഷിച്ച കൈയിൽ ചുംബിച്ച് കൊണ്ട് മിനി ബസ്സിലേക്ക് കയറി.ഡ്രൈവറുടെ പിറകിലെ സീറ്റിൽ ലില്ലിക്കുട്ടി തന്റെ കറുത്ത ബാഗിൽ മുഖമണച്ചിരുന്നു. ആ കണ്ണുകളിൽ ഒരു തരം നിർവ്വികാരത മാത്രമായിരുന്നു. കണ്ണിരുവറ്റിയ നിർവ്വികാരത. പള്ളി പടിക്കട്ടിൽ ജോണി നിൽക്കുന്നുണ്ടാവുമെന്ന് അവൾക്കറിയാം. ഇല്ലാ അവനെ നോക്കാൻ വയ്യാ. ആ കണ്ണിലെ ദൈന്യത കാണാൻ വയ്യാ. ഈ മിനി ബസ്സ് പള്ളിമേടയിൽ നിന്ന് നീങ്ങി മറയുമ്പോൾ അവന്റെ മനസ്സിൽ നിന്നും 'ലില്ലിക്കുട്ടി' മറഞ്ഞ് പോകട്ടെ. അവസാനമായി മദർ സുപ്പിരിയറും ബസ്സിലേക്ക് കയറി. ബസ്സ് നിങ്ങി തുടങ്ങി. പിന്നിലേക്ക് നീങ്ങി പോകുന്ന, പള്ളിമേട, തിരുരൂപം, തേക്കിൻ മരങ്ങൾ, പൂന്തോട്ടവും പിന്നിലേക്ക് മറഞ്ഞു. ലില്ലി കുട്ടി അടിവയറ്റിലേക്ക് കൈയ്യമർത്തി. തന്റെ കറുത്ത ബാഗ് മറച്ച് പിടിച്ചു കൊണ്ട് അടിവസ്ത്രത്തിലേക്ക് വിരലുകൾ ഓടിച്ചു. ഇപ്പഴും നനവുണ്ട് ചോരയുടെ നനവ്. അവൾ ഓർക്കുകയായിരുന്നു, ഇന്നലെ റിഹേൽസൽ കഴിഞ്ഞ് വൈകിയപ്പോൾ കപ്യാര് വീട്ടിലേക്ക് കൂട്ടു വന്നതാണ്. അച്ഛേനേക്കാൾ പ്രായമുള്ള അയാളാണ് ഇരുട്ടിന്റെ മറവിൽ എന്നെ പിച്ചിചീന്തിയത്. ഒന്നു ഒച്ചവെക്കാൻ പോലും തനിക്കായില്ല. അയാളുടെ കരുത്തുറ്റ കരങ്ങൾക്ക് എന്റെ വായയെ മാത്രമല്ല എന്റെ ശരീരത്തെപോലും നിശബ്ദമാക്കി. എല്ലാം കഴിഞ്ഞ് ചോര വാർന്ന തുടയിടുക്കുകൾ തന്റെ വലിയ ടർക്കി കൊണ്ട് തുടച്ച്
'' വീട്ടിലോ, ഫാദറിനോടോ പറഞ്ഞാൽ, വീൽ ചെയറിൽ ഇരിക്കുന്ന നിന്റെ ചേച്ചിക്കും ഇതേ ഗതി വരും, നിന്നെ കൊന്നുകളയുമെന്ന " ഭീഷണിയും. എനിക്ക് പ്രിയപ്പെട്ടവളാണ് ചേച്ചി.
മിനി ബസ്സ് റെയിൽവേസ്റ്റേഷനിൽ എത്തി. എല്ലാവരും ബസ്സിൽ നിന്നിറങ്ങി പ്ലാറ്റ്ഫോമിലേക്ക് നടന്നു. കുറച്ച് സമയത്തിനുള്ളിൽ കൊൽക്കത്തയിലേക്കുള്ള ഗുരുദേവ് എക്സ്പ്രസ്സ് വന്നു നിന്നു. മദർ സുപ്പിരിയർ എല്ലാവരെയും ട്രയിനിലേക്ക് കയറ്റിയിരുത്തി, അവരും ഒരു സീറ്റിൽ ഇരുപ്പുറപ്പിച്ചു.ഇരുപത്തിമൂന്ന് പെൺകുട്ടികളേയും വഹിച്ചുകൊണ്ട് ഗുരുദേവ് എക്സ്പ്രസ്സ് കുതിച്ചു പാഞ്ഞു, സൈക്കിൾ റിക്ഷകളുടെയും, കൈവണ്ടികളുടെയും നാട്ടിലേക്ക്, നക്ഷത്ര വിളക്കുകൾ തെളിഞ്ഞു കത്തുന്ന ഹുഗ്ലി നദിക്കരയെ ലക്ഷ്യമാക്കി ഗുരുദേവ് എക്സ്പ്രസ്സ് കൊൽക്കത്തിലേക്ക്, കൂടെ പതിനൊന്ന് വയസ്സുകാരി ലില്ലി കുട്ടിയും.
''ജീ.. സാഹേബ് മാഡം ആപ്ക്കോ ബുലാരെ.'' കഷായ വസ്ത്രധാരി പത്രപ്രവർത്തകനെ അകത്തേക്ക് ക്ഷണിച്ചു. അയാൾ അകത്തേക്ക് നടന്നു. ചരിത്ര പുസ്തകങ്ങളിൽ മാത്രം വായിച്ച് പരിചയമുള്ള കൊത്തുപണികൾ നിറഞ്ഞ ' ത്രയംബകാശ്രമം. ദൽഹിയിലെ ഭരണസിരാകേന്ദ്രങ്ങളെ നിയന്ത്രിക്കുന്ന കോണാർക്കിലെ ത്രയംമ്പകാശ്രമം. കരിവീട്ടിതടയിൽ തീർത്ത കൂറ്റൻ തൂണുകൾ നടുത്തളങ്ങളെ താങ്ങി നിർത്തുന്നു. കസവു തുണികൾ ചുമരുകളിലെ ജനാലകൾക്ക് ദൃശ്യഭംഗി പകരുന്നു.വിസ്തൃതമായ നടുത്തളത്തിന് കിഴക്ക് ഭാഗത്തായി അൽപ്പം ഉയർന്ന് ഒരു സുവർണ്ണ സിംഹാസനം. ചുവന്ന പട്ടു പുതച്ച ഇരിപ്പിടം. തൊട്ടടുത്ത് ഇരുഭാഗത്തുമായി ഇരിപ്പിടങ്ങൾ വേറെയും.
'' ജി സാഹേബ് ആപ് ഇദർ ബൈഠിയെ''
കഷായ വസ്ത്രധാരി സുവർണ്ണ സിംഹാസനത്തിന്റെ വലതുഭാഗത്തെ ഇരിപ്പിടം ചൂണ്ടി കാണിച്ച്, അകത്തേക്ക് നടന്നു. കുറച്ച് നിമിഷങ്ങൾക്ക് ശേഷം വലിയൊരു താലത്തിൽ ഫലവർഗ്ഗങ്ങളുമായി ഒരു പരിചാരിക പ്രവേശിച്ചു. വശ്യമായ ഒന്ന് പുഞ്ചിരിച്ച് അടുത്തുള്ള പീഠത്തിൽ താലം വച്ചു. പളുങ്കു പോലുള്ള ഗ്ലാസ് പാത്രത്തിൽ നിന്നും വിശിഷ്ടമായ മണമുള്ള ഏതോ ഒരു പാനീയം കപ്പിലേക്ക് പകർന്നു.
'' ജീ ആപ് പീലിയേ.. ദേവിജി അഭി ആയേഗ.'' പരിചാരിക ഭവ്യതയോടെ അയാൾക്ക് പകർന്നു നൽകി. പെട്ടെന്ന് നാസാരാന്ധ്രങ്ങളെ സുഗന്ധപൂരിതമാക്കി ഒരു നറുമണം കടന്നു വന്നു. 'ദേവി ത്രയംബകേശ്വരി മാത'അയാൾ പിറുപിറുത്തു കൊണ്ട് അറിയാതെ എഴുന്നേറ്റ് കൈകൂപ്പി. അഭയമുദ്രയാൽ അയാളോട് ഇരിക്കാൻ ആവിശ്യപ്പെട്ട്, ത്രയംമ്പകേശ്വരി സുവർണ്ണ സിംഹാസനത്തിൽ അമർന്നിരുന്നു. ചുണ്ടിൽ ഇളംപുഞ്ചിരി നിറച്ച് ഒന്നു കണ്ണടച്ച് എന്തോ മന്ത്രിച്ചു. കണ്ണുതുറന്ന് പരിചാരികയെ ഒന്നു നോക്കി. അവർ അഭിവാദ്യം ചെയ്ത് അകത്തേക്ക് നടന്നു നീങ്ങി.
''ഡൽഹി മിററിലെ സീനിയർ ന്യൂസ് റിപ്പോർട്ടർ, താങ്കൾക്ക് ത്രയംമ്പകാശ്രമത്തിലേക്ക് സുസ്വാഗതം. എന്താണ് താങ്കൾക്ക് അറിയേണ്ടത്.? മലയാളത്തിൽ തന്നെ പറയുന്നത് തന്നെയല്ലേ ഉചിതം? ''
പുഞ്ചിരി കൈവിടാതെ ത്രയംമ്പകേശ്വരി ആരാഞ്ഞു.
'' മാതാ ശ്രീയുടെ ഉചിതം പോലെ., ഞാൻ ഒന്നും ചോദിക്കുന്നില്ല. അമ്മ തന്നെ എല്ലാം പറഞ്ഞാലും.''
അയാൾ ഭക്തിയോടെ പറഞ്ഞു. ഇന്ത്യയുടെ ഭരണ സിരാകേന്ദ്രം ഡൽഹി, ആ ഡൽഹി കാതോർക്കുന്നത് കൊണാർക്കിലെ ' ത്രയംമ്പാകാശ്രമത്തിലെ ദേവി ത്രയംമ്പകേശ്വരി മാതയുടെ വാക്കുകൾക്കാണ്. രാഷ്ട്രീയ, സാമൂഹിക, വ്യവസായകാര്യങ്ങളിൽ ആശ്രമത്തിന് ചെലുത്താൻ പറ്റുന്ന സ്വാധീനം അത്രയ്ക്കും വലുതായിരുന്നു. ആശ്രമത്തിന് സ്വന്തമായുള്ള സ്വത്തു വകകൾക്ക് കയ്യുംകണക്കുമില്ല.
'' സ്വാമി ദത്രാത്തേയിൽ നിന്നും എന്നിലേക്ക് ആശ്രമത്തിന്റെ സാരഥ്യം പകർന്ന് തരുമ്പോൾ എനിക്ക് ഇരുപത്തിയേഴ് വയസ്സ്.അന്നു മുതൽ ഇന്ന് വരെയുള്ള എട്ടുവർഷക്കാലം ആശ്രമത്തിന്റെ ഖ്യാതിയും,വ്യാപ്ത്തിയും എന്നാലാകും വിധം വർദ്ധിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. രാഷട്രീയ ഇടപെടലുകൾ നടത്തുന്നു എന്ന് നിങ്ങൾ പത്രക്കാർ അടക്കം പറയുന്നുണ്ട്. സത്യത്തിൽ എന്നോട് അഭിപ്രായം ചോദിക്കുമ്പോൾ മറുപടി പറയുന്നു എന്ന് മാത്രം'' ദേവി ത്രയംമ്പകേശ്വരി മാത ഒന്നു നിശ്വസിച്ചു.''
''മാതാശ്രീ എനിക്ക് അറിയേണ്ടത് ഇതൊന്നുമല്ല.ഇരുപത്തിനാല് വർഷങ്ങൾക്ക് മുൻമ്പ് ഗുരുദേവ് എക്സ്പ്രസിൽ കൊൽക്കത്തയിലേക്ക് വണ്ടി കയറിയ ഇരുപത്തിമൂന്ന് പെൺകുട്ടികളിൽ, പള്ളി ക്വയറിൽ നന്നായി പാടിയിരുന്ന പതിനൊന്നു വയസ്സുള്ള സ്വർണ്ണമുടിക്കാരി ഉണ്ടായിരുന്നു. ഒരു ജോണിയുടെ സ്വന്തം ലില്ലിക്കുട്ടി. അവളുടെ കഥയാണ് എനിക്കറിയേണ്ടത്. ആ ലില്ലിക്കുട്ടി'ദേവി ത്രയംബകേശ്വരി മാത'യായ കഥ....
തുടരും.......

James Vinod

പുതിയോട്ക്കൽ

''വരിക വരിക വേണം
വയനാട്ട് കുലവൻ ദൈവം
വയനാടഞ്ചും മുന്നൂറ് കാതവും
അവിടെയും പന്തീരുകാതം
ഇവിടെയും പന്തീരുകാതം
അകമല പന്ത്രണ്ടു കാതം
പുറ മലപതിനെട്ടു കാതം.......
മെടഞ്ഞ ഉണക്കോലയിൽ ചമ്രം പടിഞ്ഞിരുന്ന് കണ്ണൻ പെരുവണ്ണാൻ തോറ്റം തുടങ്ങി. ചിറക്കൽ തറവാട്ടിൽ 'പുതിയോട്ക്കൽ'. തറവാട്ടംഗമായ ചിരുത ചടങ്ങിനെത്താൻ വൈകി. കിഴക്ക് പെയ്ത മഴയിൽ അന്ന് കരിച്ചേരി പുഴയിൽ അസാമാന്യ ഒഴുക്കായിരുന്നു.ചെറിയമ്മാവൻ തോണി കടത്താം എന്നെറ്റതാണ്. എന്തോ ആവിശ്യത്തിന് എത്താൻ വൈകി. ചിരുതയും മക്കളും കാത്തിരുന്ന് മുഷിഞ്ഞു. ചൂട്ടും കെട്ടി അഞ്ചിടങ്ങഴി അരിയും, ശർക്കരയും,അഞ്ച് തേങ്ങയും, 25 വാഴയിലയും, കുലദൈവമായതൊണ്ടച്ചന് കലശം വെക്കാനുള്ള ഒരു കുപ്പി കള്ളും കൊണ്ട് മല കടന്ന് ചിറക്കൽ എത്താൻ മൂന്ന് നാല് മണിക്കൂറെടുക്കും.
വെളിച്ചപ്പാടിന്റെയും, കുലദൈവം തൊണ്ടച്ചന്റയം അനുഗ്രഹം വാങ്ങി ചോറും കഴിച്ച് പുതിയോട്ക്കലിന്റ പ്രസാദമായ അടയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്.
"വൈകി വന്നവർക്ക് അട കുറച്ച് കൊടുത്താ മതി"
തറവാട്ട് കാരണവരുടെ ഉത്തരവ്.കൊടിയിലയിൽ ശർക്കരയും, തേങ്ങയും ചേർത്ത് ഉണക്കോലയിൽ ചുട്ടെടുക്കുന്ന ആറ് അടയായിരുന്നു.കഴിഞ്ഞ വർഷം വരെ ചിരുതയ്ക്ക് കൊടുത്തിരുന്നത്. ഇപ്രാവിശ്യം മൂന്നാക്കി ചുരുക്കി.
''എന്തേ ചീരു കരയുന്നത്. " ?
വല്യമ്മാവനാണ്. തണ്ടും, തടിയും, സമ്പത്തുമുള്ള വല്യമ്മാവൻ. മരുമക്കളെ മക്കളെ പോലെ നോക്കുന്നയാൾ. മരുമോളുടെ സങ്കടത്തിന്റെ കാരണമാരാഞ്ഞു.
"തറവാട്ടീന്ന് രണ്ട് കഷണം അടയേ തന്നുള്ളൂ വല്യമ്മാവാ. ഇതിനെ ഞാൻ എവിടൊക്കൊക്കെ വീതിച്ച് കൊടുക്കും..? നേരം താമസിച്ചത് കൊണ്ട് തറവാട്ട് കാർന്നോർ ഇത്ര കൊടുത്താ മതീന്ന് പറഞ്ഞു.''
വല്യമ്മാവൻ ചിന്താധീനനായി. തന്റെ മരുമോൾക്കേറ്റ അപമാനത്തിന് പരിഹാരം കണ്ടേ പറ്റൂ.
" കുമാരാ.... ( ചെറിയമ്മാവനെയാണ് ) നാളെന്നെ കോതോർമ്മൻ ആശാരിനെ കാണണം. വളപ്പിലെ പടിഞ്ഞാറെ മൂലക്ക് തെങ്ങിന് താഴെയുള്ള തേക്ക് മരം നോക്കിക്കണം. ഒരു കൊട്ടിലിന്റെ മരം കിട്ടും(കൊട്ടിൽ തൊണ്ടച്ചൻ ദൈവത്തിന്റെ ആ യുധങ്ങളും, വിളക്കും വെക്കാനുള്ള മരത്തിന്റെ ശിൽപ്പം 6 അടിയോളം നീളം 5 അടിയോളം വീതിയുമുള്ള കൊത്തുപണികൾ ഉള്ള ശിൽപ്പം). ഞാൻ പോയി ഇരിയയിലെ തന്ത്രിനെ കാണാം. നല്ലൊരു ദിവസം നോക്കി കുറ്റിയിടണം. എന്റെ കുഞ്ഞിക്ക് (ചിരുതയെ അങ്ങനെയാണ് വിളിക്കുന്നത് ) ഞാൻ തന്നെ തൊണ്ടച്ചനെ കുടിയിരുത്തി കൊടുക്കും. ഇനി കൈതേരിയിലേക്ക് പോവേണ്ട."
അഭിമാനത്തിനും, വാശിക്കും വല്യമ്മാവനെ കവച്ച് വെക്കാൻ ആരുമില്ല. പെങ്ങളുടെ വീടിന്റെ (ചിരുതയുടെ അമ്മ ) തൊട്ടടുത്ത് 'കുഴിഞ്ഞടി' യിൽതന്നെ തറവാട് പണിതു കൊടുത്തു.ഇരിയയിലെ തന്ത്രിയെ കൊണ്ട് കുലദൈവമായ തൊണ്ടച്ചൻ ദൈവത്തിന്റെയും, ഉറ്റ ചങ്ങാതി വിഷ്ണുമൂർത്തിയുടെയും സാന്നിദ്ധ്യം പ്രതിഷ്ഠിച്ചു. തറവാട്ടിന് സമീപത്ത് തന്നെ ഗുളികനേയും പ്രതിഷ്ഠിച്ചു.
ചിറക്കൽ കാർന്നോരുടെ എതിർപ്പ് ഉണ്ടായിരുന്നെങ്കിലും വല്യമ്മാവന്റെ നിശ്ചയദാർഠ്യത്തിനും, കരുത്തിനും മുന്നിൽ അതൊക്കെ നിഷ്പ്രഭമായി.ചിരുതയും മക്കളും ശിഷ്ടകാലം കുഴിഞ്ഞടിയിലെ തറവാട്ടിൽ ' പുതിയോട്ക്കൽ' ഗംഭീരമായി തന്നെ കൊണ്ടാടി.
മരുമക്കത്തായത്തിന്റെ കാലത്തെ കഥയാണ്. മാനത്തിനും, അഭിമാനത്തിനും വലിയ പ്രാധാന്യം കൊടുത്തിരുന്ന കാലം.'ചിരുത ' എന്ന കഥാപാത്രം എന്റെ അച്ഛന്റെ അമ്മയാണ്. കേട്ടറിഞ്ഞ കഥകൾ. എനിക്ക് രണ്ടോ, മൂന്നോവയസ്സുള്ളപ്പോൾ മൺമറഞ്ഞ് പോയി.
(പുതിയോട്ക്കൽ..... അത്യുത്തരകേരളത്തിലെ ഒരു പ്രത്യേക സമുദായം തങ്ങളുടെ തറവാട്ട് കുലദൈവമായ തൊണ്ടച്ചൻ (വയനാട്ട് കുലവൻ) ദൈവത്തിന് പ്രസാദം നേദിക്കുന്ന ചടങ്ങ്)

james

തുളിച്ചേരി കോമൻ നമ്പ്യാർ

തുളിച്ചേരി കോമൻ നമ്പ്യാർ
തുളുച്ചേരി തറവാടിന്റെ പൂമുഖത്ത് കരിമ്പനയിൽ കടഞ്ഞെടുത്ത ചാരുകസേരയിൽ കോമൻ നമ്പ്യാർ ഒന്നമർന്നിരുന്നു. ചാരുകസേരയുടെ കാലുകൾ ഞെരിഞ്ഞമർന്നു കരഞ്ഞു. മേൽമുണ്ട് പോലെ തോന്നിപ്പിക്കുന്ന തോർത്തെടുത്ത് വിശറിയാക്കി കാറ്റൊന്നു വീശി. വായിലെ വെറ്റില മുറുക്കി ഓട്ടു കോളാമ്പിയിലേക്ക് നീട്ടി തുപ്പി പൂമുഖപ്പടിയിൽ നിൽക്കുന്നവരോടായി ചോദിച്ചു.
'' അപ്പഴ് ആരാ മാധവാ ഇക്കൊല്ലം കോമാളിക്കോലം കെട്ടിയാടുന്നത്?''
ആലീൻകീഴ് ക്ഷേത്രത്തിൽ അഞ്ച് വർഷത്തിലൊരിക്കൽ നടത്താറുള്ള തെയ്യം കെട്ട് മഹോത്സവത്തിന് കോയ്മ്മക്കാരായാ തുളിച്ചേരി തറവാടിൽ നിന്നും ആചാര വാളും, മഞ്ഞക്കുറിത്തട്ടും ക്ഷേത്രത്തിലേക്ക് നൽകുന്നതോട് തെയ്യം കെട്ട് മഹോത്സവത്തിന് തുടക്കമാവും. നാട്ടിലെ പ്രമാണിയും, ജന്മിയുമായ തുളുച്ചേരി കോമൻ നമ്പ്യാർക്ക് ആചാര അനുഷ്ടാന കലകളോട് പുഛമാണ്. കാലാകാലങ്ങളായി തറവാട്ടിൽ നിന്നും കൊടുത്തു പോരുന്ന ഒരു ചടങ്ങായത് കൊണ്ട് മാത്രം അർദ്ധ മനസാലെ അനുവർത്തിച്ചു പോരുന്നു.
'' ഇക്കൊല്ലം ദേവദത്തൻ നേണിക്കമാണ് കോലം കെട്ടുന്നത്. നടേശ്വരം മഹാരാജാവിൽ നിന്നും പട്ടും വളയും കിട്ടിയ ആളാണ് എസമാനറെ.''
മാധവൻ ഭവ്യതയോടെ ഓച്ഛാനിച്ച് പറഞ്ഞു.
''മഹാരാജാവ്, പ്ഫു എന്ത് മഹാരാശ്യാവ്, രാജവാഴ്ച്ചയൊക്കെ കഴിഞ്ഞ് കാലം കുറേയായി മാധവാ, ഇത് പോലുള്ള കുറേ പേക്കോലങ്ങൾക്ക് പട്ടും വളയും കൊട്ത്ത് വഷളാക്കുന്നത് ഈ രാശ്യാക്കന്മാരാണ്. നിങ്ങൾക്ക് എന്താണ് വേണ്ടേന്ന് വച്ചാൽ കാര്യസ്ഥൻ ദാമൂനോട് ചോദിച്ചു വാങ്ങിക്കോ മാധവാ .ആ പിന്നെ വല്ലതും വേണേച്ചാ പടിപ്പുരയിൽ നിന്ന് കഴിച്ചോ ''
ചെങ്കൽ ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ഇരട്ടക്കുഴൽ എടുത്ത് അകത്തേക്ക് നടന്നു കോമൻ നമ്പ്യാർ. താൻ വേട്ടയാടിയ മൃഗങ്ങളുടെ തലയും,കൊമ്പും, നഖവും, തേറ്റയും കൊണ്ട് അലംകൃതമായ ചുമരുകൾ. ഉമിനിറച്ച പുലിത്തോലും, മാന്തോലും. എന്തുകൊണ്ടും ഒരു നാട്ടുരാജാവിന് ചേർന്ന കൊട്ടാരം തന്നെയായിരുന്നു തുളിച്ചേരി തറവാട്.
ആലിൻകീഴ് ക്ഷേത്രോത്സവത്തിന്റെ അവസാന ദിവസം ക്ഷേത്ര കുലദേവതയായ 'പുലിയാറമ്മ'യുടെ തിരുമുടിയേറി. തെയ്യക്കോലങ്ങൾ കെട്ടി പ്രാഗൽഭ്യം തെളിയിച്ച ദേവദത്തൻ നേണിക്കം ശക്തിസ്വരൂപിണിയും, ഉഗ്രകോപിയുമായ പുലിയാറമ്മയായി ഉറഞ്ഞാടി. വട്ടത്തിരുമുടി ചുറ്റമ്പലത്തിന്റെ കൽപ്പടവുകളിൽ ചിത്രം വരച്ചു. ഒറ്റക്കാലിൽ ചെണ്ടയുടെ താള വിന്യാസത്തിനനുശ്രുതമായി നൃത്തം ചവിട്ടി.
ക്ഷേത്രത്തിന്റെ പടിവാതിലിൽ പ്രത്യേകം പണികഴിപ്പിച്ച 'കോയ്മ്മ കൊട്ടിൽ ' അവിടെയാണ് ക്ഷേത്രകോയ്മ്മയുള്ള തുളിച്ചേരി കോമൻ നമ്പ്യാർ ആഠ്യത്തോടെ ഇരുന്നിട്ടുള്ളത്. ക്ഷേത്രോത്സവത്തിന്റെ അവസാന ദിവസം മാത്രമേ നമ്പ്യാർ വരാറുള്ളൂ. അതിന് കാരണമുണ്ട്. 'പുലിയാറമ്മ 'യുടെ ഇളനീർ ആട്ടത്തിന് ( ക്ഷേത്രത്തിൽ നിന്നും ഇളനീർ കൊണ്ട് കുറച്ച് ദൂരെയുള്ള കാവിലെ തറയിലെ കരിങ്കലിൽ ഉടച്ച് അഭിഷേകം ചെയ്യലാണ് ഇളനീർ ആട്ടം) കോയ്മ്മയുടെ അനുവാദം വാങ്ങി മാത്രമേ പോകാൻ പാടുള്ളു.
'' തുളിച്ചേരി അഹംമ്പടി
തുളിച്ചേരി അഹംമ്പടി,
തുളിച്ചേരി അഹംമ്പടി.
ആയത് കൊണ്ട്, വിശേഷിച്ചും, ഈ കലിയുഗത്തിങ്കൽ ദുഷ്ട്ട ശക്തികളെ നിഗ്രഹിക്കാനും, ഭക്തജനങ്ങളെ പരിപാലിക്കാനും പിറവി കൊണ്ട പുലിയാറമ്മ. മുനിശാപമേറ്റ ദേവഗണങ്ങൾ കന്നുകളെ കൊന്നും മാനവനെ ഹനിച്ചും സംഹാര നൃത്തമാടിയ ആറു പുലിക്കൂട്ടങ്ങളായി. അവരെ നിഗ്രഹിച്ച് മോക്ഷപ്രാപ്തി കൊടുത്ത 'പുലിയാറമ്മയ്ക്ക് ഇളനീരാട്ടത്തിനായ് ക്ഷേത്ര വാതായനം തുറന്നാലും. ''
പുലിയാറമ്മയുടെ വാക്കുരി ക്ഷേത്രാങ്കണത്തിൽ പ്രകംമ്പനം കൊണ്ടു. കോമൻ നമ്പ്യാർ കൊട്ടിലിൽ നിന്നെഴുന്നേറ്റ് പുല്ലാഞ്ഞിവട്ടിയിൽ നിന്നും രണ്ട് ഇളനീർ എടുത്തു തെയ്യത്തിന്റെ കൈയ്യിൽ കൊടുത്തു.
'' ഏതാവത് ചൊല്ലിക്കഴിപ്പിക്കാനുണ്ടോ തുളിച്ചേരി അഹംമ്പടി.? '' തെയ്യം ആരാഞ്ഞു.
'' പുലിയെ നിഗ്രഹിച്ചതല്ലേ പുലിയാറമ്മേ, ആ പുലികളെ കണ്ടാൽ കൊള്ളാമെന്നുണ്ട്.''
നമ്പ്യാരുടെ പരിഹാസത്തിന് പുലിയാറമ്മ മറുപടി കൊടുത്തു.
'' ഏതായാലും തുളിച്ചേരി അഹംമ്പടിയുടെ ആഗ്രഹമല്ലേ. നരിയും, പുലിയും ഇന്നാട്ടിലില്ലെങ്കിലും, പുലിയാറമ്മ വിളിച്ചാൽ വരുന്ന പുലികളുണ്ടെങ്കിൽ, ദൈവഹിതമതാണെങ്കിൽ അനുഭവിച്ച് തരാം അഹംമ്പടി, ആയത് കൊണ്ട് ഞാൻ കൈയ്യെടുക്കട്ടെ (പോകട്ടെ) ''
ഇളനീർ കൊടുക്കുമ്പോൾ കോമൻ നമ്പ്യാർ ഒന്നു ഊറിച്ചിരിച്ചു. 'പുലിയേയും കൊണ്ട് വരുന്ന പുലിയാറമ്മ. പുലി പോയിട്ട് ,കാട്ടൂ പൂച്ച പോലുമില്ലാത്ത നാടാ ഇത്. അങ്ങ് ദേവലോകത്തിന്ന് ചിലപ്പോൾ കൊണ്ടുവരുമായിരിക്കും. ദേവന്മാരുടെ മനുഷ്യ രൂപമല്ലേ തെയ്യങ്ങൾ' പരിഹാസത്തിന്റെ ആത്മഗതം.
ദൂരേ നിന്നും ഒരാരവം കേട്ടു. ജനങ്ങൾ ഭയചകിതരായി ഓടിപ്പോകുന്നു. ഓട്ട് ചിലമ്പിന്റെ നാദം.'പുലിയാറമ്മ 'ഇളനീരാട്ടം കഴിഞ്ഞുള്ള വരവാണ്. കൂടെ ആറ് കൂറ്റൻ പുലികളും. അതിൽ ഒന്നിന്റെ പുറത്തേറിയാണ് അമ്മയുടെ വരവ്. മുരണ്ട് കൊണ്ട് ആ ആറ് പുലിശ്രേഷ്ഠന്മാരും ക്ഷേത്രപടി വാതിലിൽ നിന്നു.അതു വരെ 'കൊട്ടിലിൽ 'കാലിന്മേൽ കാലും വച്ചിരുന്ന കോമൻ നമ്പ്യാർ ഭയപ്പാടോടെ എഴുന്നേറ്റ് നിന്ന് തൊഴുതു.
'' തുളിച്ചേരി അഹംമ്പടി
തുളിച്ചേരി അഹംമ്പടി
തുളിച്ചേരി അഹംമ്പടി.
കലികാലമല്ലേ, പുലി പോയിട്ട്, കാട്ടുപൂച്ച പോലുമില്ലാത്ത നാട്.ദേവലോകത്ത് നിന്നും ഞാൻ കൊണ്ടുവന്ന പുലികൾ. പുലിയാറമ്മയാണ്. കെട്ടുകഥകളിലെ അമ്മയല്ല. മുനി ശപിച്ച ദേവഗണങ്ങൾക്ക് ശാപമോക്ഷം കൊടുത്ത പുലിയാറമ്മ. വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത് തുളിച്ചേരി അഹംമ്പടി. ഈ കൊമ്പും, കുഴൽവിളിയും ക്ഷിപ്ര നേരത്തേക്കേയുള്ളു.അഹന്തയും, അഹങ്കാരവും കണ്ണിലെ കുരുക്കളാണ്. അത് മറക്കുന്നത് നേർക്കാഴ്ച്ചകളേയാണ്. ആയത് കൊണ്ട് കളിച്ചതും, കളിക്കാൻ പോകുന്നതുമായ കളികളെല്ലാം ഈ പുലിയാറമ്മയറിയുന്നുണ്ട്. എല്ലാം അമ്മയുടെ മായയാണെന്ന് കരുതി, ഈ പുലിക്കൂട്ടങ്ങളും മായയാണെന്ന് കരുതിക്കോളു തുളിച്ചേരി അഹംമ്പടി. കലികാലത്തിങ്കൽ തോന്നിക്കുന്ന അഹംഭാവങ്ങൾക്ക് പുലിയാറമ്മയോളം മറുപടി തരാൻ വേറെയാരുമില്ല പാരിൽ. ഏതായാലും എന്നോടൊപ്പം വന്ന പുലിശ്രേഷ്ഠന്മാർ വെറും കയ്യാൽ പോകുന്നത് ഉചിതമല്ല. ആയത് കൊണ്ട് ഇഷ്ട്ടമുള്ള ഭോജ്യം കഴിച്ച് ഉദര സായൂജ്യമടഞ്ഞ് വിടചൊല്ലി പോവട്ടെ.''
പുലി പുറത്ത് നിന്നും താഴെയിറങ്ങി പുലിയാറമ്മ ഒന്നു വട്ടം തിരിഞ്ഞു നിന്നു. ആറ് പുലികളും അപ്രത്യക്ഷമായി.കണ്ടു നിന്ന എല്ലാവരും സ്തഭ്ധരായി. മായ കാഴ്ച്ചയാണോ, അതോ സംഭവിച്ചതാണോ?. അവിശ്വസിനിയമായ കാഴ്ച്ച കണ്ട കോമൻ നമ്പ്യാർ അപ്പോഴും കൈകൂപ്പി തന്നെ നിന്നിരുന്നു.
'' ഏമാന്നേ ,സുബ്രഹ്മണ്യത്തിന്ന് കൊണ്ടുവന്ന മൂന്ന് ജോട് (ജോഡി) കന്നുകളെ കാണാനില്ല.''
കാര്യസ്ഥൻ ദാമു.
പുഞ്ചയ്ക്ക് പൂട്ടാൻ കൊണ്ടുവന്ന അഴകൊത്ത, ലക്ഷണമൊത്ത മൂന്ന് ജോഡി കന്നുകൾ. പൊന്നുംവിലയ്ക്കു വാങ്ങിയ കന്നുകൾ
'' ഏതായാലും, എന്നോടൊപ്പം വന്ന പുലി ശ്രേഷ്ഠന്മാർ വെറും കയ്യാൽ പോകുന്നത് ഉചിതമല്ല. ആയത് കൊണ്ട് ഇഷ്ട്ടമുള്ള ഭോജ്യം കഴിച്ച് ഉദര സായൂജ്യമടഞ്ഞ് വിട ചൊല്ലി പോവട്ടെ.''
പുലിയാറമ്മയുടെ വാക്കുരി കോമൻ നമ്പ്യാരുടെ ചെവിയിൽ പ്രകംമ്പനം കൊണ്ടു.

james

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo