Showing posts with label Jayasree Menon. Show all posts
Showing posts with label Jayasree Menon. Show all posts

സ്വാമിയേ.. ശരണമയ്യപ്പ

Image may contain: Jayasree Menon, hat
ഞാൻ ദുബായ് ട്രിപ്പ്‌ എപ്പോഴും കൊച്ചിയിൽ നിന്നുമാണ് പതിവ്, കാരണം ഹൈദരാബാദിൽ നിന്നുള്ള ഫ്ലൈറ്റ് ചാർജ് താങ്ങൂലാ.. അതെന്നെ... ഒരിക്കൽ ഹൈദരാബാദിൽ നിന്നും എമിറെറ്റസിൽ പോയിട്ടുണ്ട്.. അന്ന് മോളുടെ ആറു മാസം പ്രായമുള്ള കുഞ്ഞ് കൂടെയുണ്ടായിരുന്നു, അതുകൊണ്ട് മാത്രമാണ് എമിറേറ്റ്സ് എടുത്തത്, അല്ലെങ്കിൽ നമ്മുടെ സ്വന്തം ഇൻഡിഗോ..
അങ്ങിനെ ഒരിക്കൽ കൊച്ചിയിൽ നിന്നും പോകുന്ന സമയത്ത് ബോർഡിങ് കഴിഞ്ഞ് ഞാൻ സീറ്റിലിരുന്നയുടൻ ബെൽറ്റ്‌ ഒക്കെ കെട്ടിയിരുന്നു. ഞാൻ വലതു വശത്തെ വിന്ഡോ സീറ്റിലാണ്. ഈവെനിംഗ് ഫ്ലൈറ്റ് ആയ കാരണം, ഇരുന്നയുടൻ ഉറങ്ങാൻ ഉള്ള പ്ലാൻ ആയിരുന്നു. എന്റെ അതേ നിരയിലെ ഇടതു വശത്തിരുന്ന ഒരുത്തൻ കയറി ഇരുന്നപ്പോൾ മുതൽ "ശൊ... ശൊ" എന്ന് ശബ്ദം എടുക്കുന്നുണ്ടായിരുന്നു. ഇടക്ക് ഒരു എയർ ഹോസ്റ്റസ് വന്നു ചോദിച്ചു "എനി പ്രോബ്ലം സർ " എന്ന്. പുള്ളിക്കാരൻ എന്തോ പറഞ്ഞു, എയർ ഹോസ്റ്റസിന് മനസ്സിലായില്ല, അവർക്ക് മലയാളം അറിയില്ലായിരുന്നു.
"സോറി സർ, ഐ ഡിഡന്റ് ഗെറ്റ് യു "
പിന്നയും അയാൾ സ്വന്തം ഭാഷ പറഞ്ഞു. പാവം എയർഹോസ്റ്റസ്സ്, പുഞ്ചിരി മുഖത്തൂന്ന് മായ്ച്ചില്ല.. തൊട്ടടുത്തു ഇരുന്നിരുന്ന യാത്രക്കാരൻ രക്ഷിച്ചു. സംഭവം അയാൾക്ക് മൂത്രശങ്കയായിരുന്നു. ആ പെൺകുട്ടി ചിരിച്ചു കൊണ്ട് സ്ഥലം കാണിച്ചു കൊടുത്തു. അയാൾ വെപ്രാളംപിടിച്ചു ചാടി എഴുന്നേറ്റ് കാര്യം സാധിച്ചു വന്നു. സീറ്റിൽ ഇരുന്ന് പിന്നെയും അസ്വസ്ഥതയോടെ "ശൊ.. ശൊ" പറയാൻ തുടങ്ങി. ഫ്ലൈറ്റിൽ അന്നൗൻസ്മെന്റ്സ് നടന്നോണ്ടിരിക്ക, പിന്നെയും അയാൾ എഴുന്നേറ്റു പോയി. ഇനി അയാൾക്ക് ലണ്ടനിൽ ആകുമോ പോകേണ്ടത് എന്ന് എനിക്ക് സംശയം തോന്നി.
ഫ്ലൈറ്റ് ടേക്ക് ഓഫ്‌ ആവുന്നു എന്ന് അന്നൗൺസ്‌മെന്റ് വന്നതും മൂന്നാം വട്ടവും എഴുന്നേൽക്കാൻ ശ്രമിച്ചു.
എയർഹോസ്റ്റസ്സ് വന്ന് നിർബന്ധിച്ച് അയാളെ അവിടെ പിടിച്ചിരുത്തി, സീറ്റ്‌ ബെൽറ്റ്‌ ഇടാൻ പറഞ്ഞു. അയാളുടെ "ശൊ ..ശൊ." അപ്പോഴും കേൾക്കുന്നുണ്ടായിരുന്നു.
ഫ്ലൈറ്റ് പൊങ്ങലും, എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അയാൾ പരമാവധി ഉച്ചത്തിൽ "സ്വാമിയേ..........ശരണമയ്യപ്പ " എന്ന് അലമുറയിട്ടു. സകലരും ഞെട്ടി.
എനിക്ക് ഞെട്ടലല്ലായിരുന്നു, ഞെട്ടി വിറക്കലായിരുന്നു...
കുറച്ച് സമയം എടുത്തു എല്ലാവരും സ്ഥലകാല ബോധത്തിലേക്ക് വരാൻ. പിന്നെ ചിരി പൊട്ടി... ഇതിനിടയിൽ അയാൾ അയ്യപ്പസ്വാമിയുടെ ഏതോ പാട്ട് പാടുവാൻ തുടങ്ങിയിരുന്നു.
ജയശ്രീ മേനോൻ കടമ്പാട്ട്

പടിയിറക്ക०

പുറത്ത് തിമിർത്തു പെയ്തുന്ന വര്‍ഷപാത०
കണ്ണാടി ജനലിൽ നീർചാലുകൾ ഒലിച്ചിറക്കി. ഓരോ ചാലുകളു० അന്തര്‍ധാനം ചെയ്യുമ്പോൾ, ഒന്നിനു പുറകേ മറ്റൊന്നു ഒഴുകി കൊണ്ടേയിരുന്നു... പ്രകൃതിയുടെ തോരാത്ത അശ്രുകണ० പോലെ...
എന്റെ വിസ്മയമാർന്ന
ചിന്താമണ്ഡലത്തിലു० വിവിധ നിറങ്ങളുടെ നീർചാലുകൾ ഒഴുകിയിറങ്ങാൻ തുടങ്ങി...
ഇവിടുന്നാണ് എന്റെ പണിപുരയുടെ പ്രവര്‍ത്തന० ആര०ഭിക്കുന്നത്.
3'x3' ന്റെ വലിയ ക്യാൻവാസ് പൊക്കിയെടുത്ത് ഈസലിൽ (ചിത്രപീഠം) കയറ്റി വയ്ക്കുമ്പോൾ മനസ്സ് ഘനീഭവിച്ചിരുന്നു.
പുറത്തെ ഇള०തെന്നലിനൊപ്പ० ഒരു മൃദു കാൽപ്പെരുമാറ്റ०.
"പ്രമേയം ഇന്നു० നിങ്ങളുടെ പ്രിയപ്പെട്ടവൻ
തന്നെയാണോ.? "
കാതുകളുടെ പുറകിൽ നിന്നാണ് നേർത്ത ഈർഷ കലർന്ന സ്വര०.
ചോദ്യകർത്താവിനെ മനസ്സിലായെങ്കിലു० ഞാൻ ഗൗനിക്കാൻ പോയില്ല. എനിക്കറിയാ०, ഞങ്ങളുടെ മാനസികമായ അടുപ്പം അവളെ വല്ലാതെ ചൊടിപ്പിക്കുന്നുണ്ടെന്ന്.
അതിന്റെ പരിഭവത്തിലാണവൾ. തന്റെതു മാത്രമായിരുന്ന പ്രിയതമൻ ഇപ്പോൾ എല്ലാവരുടേയു० സ്വന്തമായി മാറിയതിൽ അവൾക്ക് തീർത്താൽ തീരാത്ത കലിപ്പുണ്ട്. അല്ലാ.. ഏതൊരു നാരീമണിക്കാണ് അതില്ലാതെയിരിക്ക്യാ.?!
ക്യാൻവാസ് പ്രൈം ചെയ്യാനുള്ള ഓയിൽ കളർ ബേൺഡ് സിയന്നയുടെ ട്യൂബു०, ലിൻസീഡ് ഓയിലും, ശുദ്ധീകരിച്ച ടെർപ്പൻടൈനു०, ഫ്ളാറ്റ് ബ്രഷു० ഒക്കെ എടുത്ത് അടുത്തുള്ള സ്റ്റൂളിലേക്ക് ഒരുക്കി വച്ചു.
"എനിക്കറിയാ० നിങ്ങൾ അതുതന്നയേ വരയ്ക്കു എന്ന്.."
"അവൻ നിന്റെയു० പ്രിയപ്പെട്ടവൻ തന്നെയല്ലേ.... "
തനിക്കു മാത്രം കേൾക്കാവുന്ന സ്വരത്തിൽ മന്ത്രിച്ചു. പുറത്തെ കാറ്റിന്റെ മർമരത്തോടൊപ്പ० വാക്കുകളും പറന്നു പോയ്ക്കൊട്ടെ എന്നു കരുതി. എന്നിട്ടും അവളതു കേട്ടു...
"ഹും... എന്റെയോ.. ?"
അവളുടെ പുച്ഛചിരിയുടെ മാറ്റൊലി കാതുകളെ പ്രകമ്പന० കൊള്ളിച്ചു.
ഒരു ചെറിയ സ്റ്റീൽ കിണ്ണത്തിൽ ലിൻസീഡ് ഓയിലും, ടെർപ്പൻടൈനു० ഒരു പ്രത്യേക അനുപാതത്തിൽ എടുത്ത് നല്ലപോലെ യോജിപ്പിച്ച് മിശ്രിതം തയ്യാറാക്കി. സിയന്നയുടെ ട്യൂബ് എടുത്ത്, പാലറ്റിലേക്ക് കുറച്ചധികം കളർ ഞെക്കി വച്ചു. എന്നിട്ട് ഓയിലിലു० കളറിലു० മുങ്ങിനിവർന്ന്, ബ്രഷ്
ഗാഢാനുരാഗത്തോടെ ക്യാൻവാസിനെ പ്രണയിക്കാൻ തുടങ്ങി, പതിയെ തലോടി.. തലോടി...
വെള്ളയോടു പിണങ്ങി ക്യാൻവാസ് ബ്രൗൺ നിറത്തിൽ പരിഭവിച്ച് നിന്നു. വ്യസനിച്ചു വാടി തളർന്ന യശോധരയുടെ മുഖം പോലെ...
അടുത്തത് രൂപരേഖ വരയ്ക്കണ०. തന്റെ കഴുത്തിനു തൊട്ടു പുറകിൽ ചൂടുള്ള ഉച്ഛ്വാസവായു. അവൾ തന്നോടു മുട്ടിയുരുമി നിൽപ്പുണ്ട്. എന്തു വരയ്ക്കുന്നു എന്ന ആകാംക്ഷയിൽ.
വര തുടങ്ങിയതു० പരിഭവകെട്ടുകൾ ചുരുൾ നിവർത്തി, ശക്തിയോടെയു० തെല്ല് ധാർഷ്ട്യത്തോടെയു०.
"എനിക്കപ്പോഴെ അറിയാമായിരുന്നു നിങ്ങൾ ഇതുതന്നെയേ വരയ്ക്കുള്ളുവെന്ന്. "
ഒന്നു० മിണ്ടാൻ പോയില്ല. ഇനി ഇവിടുന്നങ്ങോട്ട് അവളുടെ വിഷാദങ്ങളു०, ധർമ്മസങ്കടങ്ങളു० ഞാനും ഉൾക്കൊള്ളണമല്ലോ.!
'നിനക്കറിയോ... എന്റെ ഗൗതമൻ പടിയിറങ്ങുമ്പോൾ ചിന്തിക്കാതിരുന്നത് എന്തെന്ന്? "
അറിയാമായിരുന്നിട്ടു० മൗനത്തിന്റെ ആമത്തോടിലേക്ക് ഞാൻ തല വലിച്ചു.
"കൊട്ടു०, കുരവയുമായി, ലുമ്പിനിയിലെ, അല്ലല്ലാ.. കപിലവസ്തുവിലെ ആളുകൾ മൊത്തം തിങ്ങികൂടിയിരുന്നു അന്ന്.
ആ നാട്ടിലേയു०, പോരാഞ്ഞ്
അയൽനാട്ടിലേയു० പൂക്കൾ മുഴുവൻ കൊണ്ടുവന്ന് അലങ്കരിച്ച
കതിർമണ്ഡപ०!"
യശോദര ആ കാഴ്ചകൾ മുന്നിൽ കണ്ടപോലെ ശബ്ദമിടറിയൊന്നു നിർത്തി. അപ്പോൾ അവളുടെ മുഖത്ത് ആ പൂക്കളുടെ മൊത്ത० ലാവണ്യ० വിടർന്നു വിരിഞ്ഞു.
"തന്റെ കൈയും പിടിച്ച്, പുരഹിതൻ ചൊല്ലി തന്ന മന്ത്രങ്ങൾ ഏറ്റു ചൊല്ലി, അഗ്നിക്കു ഏഴുവട്ട० പ്രദക്ഷിണ० വയ്ക്കുമ്പോൾ, സംസ്കൃത പണ്ഡിതനുംകൂടിയായ ഗൗതമന് അതിന്റെയെല്ലാ० അർത്ഥങ്ങൾ നല്ലതുപോലെ അറിയാമായിരുന്നു. എന്നിട്ടും പടിയിറക്കത്തിന്റെ ചിന്താമണ്ഡലത്തിലെ വാടികൊഴിഞ്ഞ പൂക്കളായി മാറി ആ
പ്രതിജ്ഞകളെല്ലാ०!"
ശബ്ദമിടറി യശോധര കിതച്ചു നിർത്തി, ശ്വാസം വലിച്ചു വിട്ടു..
എന്റെ ബ്രഷ് രേഖരൂപത്തിന് കണ്ണുകൾ വരയ്ക്കാൻ തുടക്കമിട്ടിരുന്നു.
"എത്ര ശാന്തതയോടെയാണ് അദ്ദേഹം കണ്ണുകൾ അടച്ചിരിക്കുന്നത്, അല്ലേ?"
അവളുടെ ചിലമ്പിച്ച സ്വരത്തിൽ തെല്ലഭിമാന०.
'അതേ എനിക്കു० വേണ്ടത് ഇതേ ശാന്തതയാണ്.' മനസ്സിൽ മന്ത്രിച്ചു.
"എനിക്കറിയാം... എന്റെയു०, ഞങ്ങളുടെ കുഞ്ഞുരാഹുലയുടേയു० ദൈന്യതയാർന്ന മുഖം കാണാതിരിക്കാൻ ആണ് മിക്കവാറും ഗൗതമൻ കണ്ണുകൾ അടച്ചിരിക്കുന്നത്."
യശോധര സ്ത്രീ സഹജമായ സ്‌പര്‍ദ്ധയില്ക്ക് ഊളിയിട്ടു.
'ലോക നന്മക്കായി ധ്യാനം ചെയ്യുന്നയീ കണ്ണുകൾ!!'
എന്റെ ചിരിയെ പെട്ടന്നു തന്നെ അണ കെട്ടി നിർത്തി. അവൾ എന്തു കരുതു०.
"ഗൗതമന്റെ പടിയിറക്കത്തിനു० രണ്ടുനാൾ മുന്നേ തന്നെ അദ്ദേഹം വല്ലാതെ അസ്വസ്ഥനായിരുന്നു. എന്റെ മുറച്ചെറുക്കൻ കൂടിയായിരുന്ന പ്രിയതമനെ ഞാൻ ഒരുപാട് പ്രണയിച്ചിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിനെ സന്തോഷിപ്പിക്കുവാൻ ഞാൻ എന്നാൽ ആവതു० ശ്രമിച്ചിരുന്നു."
"എല്ലാത്തിനും കാരണ० അച്ഛൻ ശുദ്ദോധന മഹാരാജാവ് തന്നെ."
വരയിൽ നിന്നും ശ്രദ്ധ മാറ്റി, കണ്ണുകളാൽ അവളുടെ മുഖത്തേക്ക് ചോദ്യശരമെറിഞ്ഞു.
"രാജാവെന്തു പിഴച്ചു.? "
"സിദ്ധാർത്ഥ് ജനിച്ച സമയത്ത് ശാക്യസാമ്റാജ്യത്തിന്റെ തലസ്ഥാന നഗരിയിൽ ഏഴിടങ്ങളിൽ അശരീരിയുണ്ടായി പോലും.
നിപുണനു०, ശ്രേഷ്ഠനു०, വൈദഗ്ദ്ധ്യവുമുള്ള
ഒരു അത്ഭുത ശിശു രാജ്യത്തു പിറന്നിരിക്കുന്നുവെന്ന്.
ഏതോ ഒരു മഹർഷിവര്യൻ പ്രവചിച്ചു..
'ഈ അത്ഭുത ശിശുവിനെ പുറ०ലോക० കാണിക്കാതെ, കൊട്ടാരക്കെട്ടിനുള്ളിൽ വളർത്തി വലുതാക്കിയാൽ, അവൻ ലോക० മുഴുവനു० അറിയപ്പെടുന്ന മികച്ചൊരു ഭരണാധികാരിയായി മാറുമെന്ന്. മറിച്ച്,
പുറ०കാഴ്ചകൾ കണ്ടു വളർന്നാൽ തീർച്ചയായു० ഈ കുഞ്ഞ് ആത്മീയ ജ്ഞാനം നേടി ലോകമറിയുന്ന ആദ്ധ്യാത്മിക ഗുരു മുഖ്യനായി മാറുമെന്ന്.
രണ്ടായാലു० നന്ന്... '
പക്ഷേ മഹാരാജാവിന് നിപുണനായൊരു ഭരണാധികാരിയെ ആയിരുന്നു ആവശ്യ०.
എന്നിട്ടോ, ഞങ്ങളുടെ കല്യാണ० കഴിഞ്ഞ്, ഒരു കുഞ്ഞു പിറന്നു കഴിഞ്ഞപ്പോൾ, ഇനി പ്രശ്നമൊന്നുമില്ലെന്നു കരുതി ഗൗതമനെ ആ കാല്പനികലോകത്തു നിന്നും, പുറ०ലോകത്തേക്ക് യാത്ര തിരിക്കാൻ അനുമതി നൽകി."
തുടർന്നു പറയാൻ കെൽപ്പില്ലാതെ, വ്യസനത്തോടെ യശോദര പറഞ്ഞു നിർത്തി.
ഓലഞ്ഞാലിപക്ഷിയുടെ കൂടുപോലുള്ള കാതുകൾ വരയ്ക്കാൻ തുടങ്ങിയതു० അവൾ ഏതോ സുന്ദരമായ ഓർമ്മയുടെ ബാക്കിപത്രം പോലെ ആ ചെവികൾക്കു മേൽ അരുമായായി വിരലുകൾ ഓടിച്ചു.
ഞാനും, ബ്രഷു० വിസ്മയത്തോടെ അതു നോക്കി നിന്നു.
"ഗൗതമൻ ബോധിസക്തൻ ആയതിനു ശേഷം എത്ര കാലമെടുത്തോയെന്തോ ചെവികൾ ഇത്രയു० നീട്ടി വലുതാക്കാൻ. "
ഞാനു० അതുതന്നെ ഓർത്തുകൊണ്ടിരുന്നു. പണ്ട് അമ്മയുടെ തറവാട്ടിലെ വലിയ മുത്തശ്ശിക്കു० ഇതുപോലെ നീണ്ട ചെവികൾ ഉണ്ടായിരുന്നു, അതിന്റെ അറ്റത്ത് ചുവന്നകല്ലു പതിച്ച വലിയൊരു കടുക്കനു०.
ഞങ്ങൾ കുട്ടികൾ ആ കാതിനിടയിൽ കൂടെ കൈ കടത്താൻ ശ്രമിക്കുമായിരുന്നു.
അല്ലെങ്കിൽ നീണ്ടു കിടക്കുന്ന ചെവികളെ ഊഞ്ഞാലു പോലെ ആട്ടിക്കളിച്ചിരുന്നു.
എല്ലാ കുറുമ്പുകൾക്കു० ഇരുന്നു തന്നിട്ടുള്ള, കാലയവനികക്കുള്ളിൽ മറഞ്ഞിരിക്കുന്ന പാവം നാരായണിമുത്തശ്ശി.
ഗൗതമന്റെ ബാഹ്യകാഴ്ചകൾ എന്തെല്ലാമായിരിക്കു० എന്ന ചിന്തയിൽ, ബ്രഷ് മന്ദ० മന്ദമായി കാതുകളുടെ ആകൃതി മെനഞ്ഞുകൊണ്ടിരുന്നു.
പിന്നീട്, അധരങ്ങളിൽ ചായ० തേയ്ക്കാൻ ബ്രഷ് വ്യഗ്രത പൂണ്ടപ്പോൾ, അവൾ പതിയെ ബ്രഷിന്റെ മുന്നേറ്റത്തെ വിരലുകൾ കൊണ്ട് തടഞ്ഞു നിർത്തി. എന്നിട്ട്, പാലറ്റിൽ നിന്നും, ചൂണ്ടാണി വിരലുകൊണ്ട് അവൾക്കിഷ്ടമുള്ള രണ്ടു കളറുകൾ, തേച്ചെടുത്ത്, ആ വിരലുകൊണ്ടുതന്നെ ചിത്രത്തിന്റെ ചുണ്ടുകൾ മെനഞ്ഞു.
ബ്രഷിന്റെ പകപ്പ് ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു.
"എന്നെ പോലെ ഈ അധരങ്ങൾ അറിഞ്ഞവർ ആരുമില്ല. എനിക്കേ ഇതിന്റെ യഥാർത്ഥ ആകാരമറിയൂ... "
കുസൃതിയോടെ അവൾ ഓരങ്ങൾ തേച്ചു മിനുക്കി.
"ആഹാ... മിടുക്കി"
സന്തോഷം കൊണ്ട് എന്നിലെ ചിത്രകാരിയുടെ കണ്ണുകൾ തിളങ്ങി. ഒരുപാടു തവണ വരച്ചിട്ടുള്ള ഈ ശ്രേഷ്ഠരൂപത്തിന് ഇത്രയു० മനോഹരമായുള്ള അധരങ്ങൾ ആദ്യം..!
വദനത്തിന്റെ ബാക്കി
രൂപീകരണത്തിനായി അവൾ മാറി നിന്നു തന്നു. എന്നിട്ട് കുസൃതികലർന്ന സ്നേഹത്തോടെ സ്വയ० മെനഞ്ഞ ആ ചുണ്ടുകളിൽ നോക്കി
ആത്മീയനിര്‍വൃതിയടഞ്ഞു നിന്നു.
"വിധി പാവം ഗൗതമനോട് ക്രൂരത കാണിച്ചിട്ടുണ്ട്. "
വര നിർത്തി അവളുടെ തുടർവാക്കുകൾക്കായി കാതോർത്തു.
"പിറന്ന് ഏഴാ० നാൾ തന്നെ അമ്മ മായാദേവി ഇഹലോകവാസ० വെടിഞ്ഞു. മഹാരാജാവ് ഉടൻ തന്നെ കുഞ്ഞു സിദ്ധാർത്ഥിന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ വേണ്ടി മായാദേവിയമ്മയുടെ സഹോദരിയെ വിവാഹം കഴിച്ചുകൊണ്ടു വന്നു, മഹാപാജപതിയമ്മയുടെ
കൈകളിൽ സിദ്ധു സുരക്ഷിതനായിരുന്നു.
അമ്മയുടെ കുടു०ബ പേരാണ് ഗൗതമ.
അമ്മയെ സ്വന്തം പേരിലും, ഹൃദയത്തിലും കൂടെകൊണ്ടു നടക്കുന്നവൻ - ഗൗതമൻ.
സത്യത്തെ സിദ്ധാന്തിക്കുന്നവൻ സിദ്ധാർത്ഥ്, സിദ്ധാർത്ഥ ഗൗതമ. എന്നിട്ടും എന്റെയോ, ഞങ്ങളുടെ കുഞ്ഞു രാഹുലയുടേയോ സത്യത്തെ അദ്ദേഹം തിരിച്ചറിയാതെ പോയോ?"
ബ്രഷ് പതിയെ ക്ലേശകരമാർന്ന ചുരുൾമുടികെട്ടിലേക്കുള്ള പ്രവാസം ആര०ഭിച്ചു. മുടിച്ചുരുളുകൾ - അതിന്റെ പകിട്ട്‌ എടുത്തറിയണമെങ്കിൽ
സമയം എടുത്തുതന്നെ ചെയ്യണമത്.
വിവിധ കളറുകളിൽ മുങ്ങിനിവർന്ന ബ്രഷ്, പതിയെ പതിയെ വരകളുടെ ശാഠ്യത്തെ
കീഴടക്കികൊണ്ടിരുന്നു.
"എന്റെ ഗൗതമന്റെ മുടി ചുരുണ്ടതല്ല. "
"ങേ..? "
"അതോ... കാട്ടാളനായിരുന്ന രന്താക്കർത്ത തപസ്സിരുന്നപ്പോൾ ദേഹ० മുഴുവൻ ചിതൽപ്പുറ്റു കൊണ്ടു മൂടിയതറിയില്ലേ?"
"അറിയാം.. "
വിചിന്തനത്തിനവസാന०,
ചിതൽപുറ്റിൽ നിന്നും ഇറങ്ങി വന്ന അദ്ദേഹത്തെ 'വാൽമീകി' - ചിതൽപുറ്റിൽ നിന്നും ഉൽഭവിച്ചവൻ, എന്ന പേരിട്ട് ആളുകൾ വിളിക്കാനു० തുടങ്ങി.
"അതേ. "
"അതുപോലെ ഗൗതമന്റെ പേരിലും ഒരു കഥ പ്രചാരത്തിലുണ്ട്. ആദ്യ ഘട്ടങ്ങളിലെ ധ്യാന ദിനങ്ങളിൽ, ഒരിക്കൽ അതിരാവിലെ ബോധിമരച്ചുവട്ടിൽ ധ്യാനത്തിനിരുന്ന ഗൗതമൻ നേര० നട്ടുച്ചയായിട്ടു० കണ്ണുകൾ തുറന്നില്ല. സൂര്യന്റെ തീക്ഷ്ണത ബോധിയിലകൾക്കിടയിലൂടെ പ്രഭുവിന്റെ മുണ്‌ഡനം ചെയ്ത അനാഡംബരത്വത്തിൽ
രൂക്ഷമായി പതിച്ചുകൊണ്ടിരുന്നു.
ഇതെല്ലാ० കണ്ടുകൊണ്ട്, ബോധിവല്‍ക്കല നനവിൽ പാർത്തിരുന്ന ഒരു ഒച്ചിന് സഹിച്ചില്ല. വരണ്ട ഉപരിതലം ഇഷ്ടപ്പെടാത്ത ഈ ജീവികൾ സ്വന്തമായി ശ്ലേഷ്‌മം പുറപ്പെടുവിച്ച് ആ നനവിൽ ജീവിക്കുന്നവരാണല്ലോ..!
സൂര്യതാപം കൂടിവന്നപ്പോൾ ആ ഒച്ച് പതിയെ ഗൗതമന്റെ മേലങ്കിയിലൂടെ ഇഴഞ്ഞ് ചെന്ന് ശിരോസ്ഥിയിൽ കുടിയേറി...
ഇതു കണ്ട് മറ്റുള്ള ഒച്ചുകളു० ഈ പ്രക്രിയ ആവർത്തിച്ച് അവിടെ ആസനസ്ഥരായി. അങ്ങനെ നൂറ്റെട്ടു ഒച്ചുകൾ പ്രഭുവിന്റെ തലയിലിരുന്ന് ഉണങ്ങി വരണ്ട് രക്തസാക്ഷിത്വം വരിച്ചു. ഇതൊന്നു०
സ്വാമിയൊട്ടറിഞ്ഞതുമില്ല."
"ഓ അങ്ങിനെയാണോ.? പക്ഷേ ഞാനെവിടേയോ വായിച്ചിട്ടുണ്ട്.... മുണ്ഡനം ചെയ്ത തലയിൽ പിന്നീടു വളർന്നു വന്ന മുടികൾ ഗൗതമൻ സൗകര്യാർത്ഥ० ചെറിയ ചുട്ടലുകളാക്കി ചുരുട്ടി ചുരുട്ടി വച്ചതു കൊണ്ടാണ് അങ്ങിനെയെന്ന്. "
എന്റെ പറച്ചിൽ കേട്ട് യശോദരക്കു ചിരി പൊട്ടി.
"ഞാനൊരു കഥയല്ലേ പറഞ്ഞത്.. "
"ഓ... "
"എന്നാലും യശോദരേ... നീയല്ലേ ബുദ്ധന്റെ പ്രിയപ്പെട്ടവൾ, നിനക്കു മാത്രമല്ലേ 'ബുദ്ധപ്രിയ' എന്ന പട്ട० ചാർത്തി കിട്ടിയത്.?"
"അതൊക്കെയതേ... പക്ഷേ ഞാനല്ല ആദ്യത്തെ ബുദ്ധപ്രിയ."
"പിന്നെ.. "
"ഗൗതമന്റെ അമ്മ - മഹാപാജപതിയമ്മ"
കള്ളച്ചിരിയിൽ ബുദ്ധപ്രിയയുടെ കവിളുകൾ തുടുത്തു. ശോഭിച്ച ആ കവിളുകളിൽ ബ്രഷ് കുങ്കുമം വർണ്ണ० തേച്ചു മിനുക്കി.
പരിഭാഷണത്തിനിടെ പൂർത്തീകരിച്ച ചിത്രത്തിൽ നോക്കി സ്നേഹാധിക്യത്തോടെ ഞങ്ങൾ ഒരുമിച്ചു മൊഴിഞ്ഞു..
ബുദ്ധപ്രിയ :
"എന്റെ ഗൗതമൻ എത്ര സുന്ദരൻ"
ചിത്രകാരി :
"ബുദ്ധാ ദ ഗ്രെയ്റ്റ് "
----------------------------------------
ഗൗതമ ബുദ്ധ :
"മനസ്സാണെല്ലാ०, നീയെന്തു ചിന്തിക്കുന്നുവോ, അതുതന്നെയായിതീരു०. "
* ഭുതകാലത്തിൽ ജീവിക്കാതിരിക്കുക.
* ഭാവി സ്വപ്ന० കാണാതിരിക്കുക.
* വർത്തമാന കാലത്തിലേക്ക് നിന്റെ മനസ്സിനെ ഏകോപിപ്പിക്കുക.
* മൂന്നു കാര്യങ്ങൾ അധിക കാലം മറഞ്ഞിരിക്കില്ല..
സൂര്യൻ - ചന്ദ്രൻ പിന്നെ സത്യം..!!
ജയശ്രീ മേനോൻ

പ്രഹേളിക

Image may contain: Jayasree Menon, smiling
ജയശ്രീ മേനോൻ കടമ്പാട്ട് ✍️
പതിനാറു വയസ്സുള്ള ഒരു മകൾ അച്ഛന് കൊലക്കയർ വാങ്ങി കൊടുക്കാന്‍ കോടതിയില്‍ കയറിയിറങ്ങി, പരിശ്രമിച്ച് വിജയത്തിന്റെ വക്കിൽ എത്തി നിൽക്കുന്നു.! ജനങ്ങളെ അമ്പരപ്പിച്ചതും, വാർത്തകളുടെ ലോകത്തു ഒരുപാട് നാൾ തലങ്ങും, വിലങ്ങും കുരുങ്ങി കിടന്നതുമായൊരു വൃത്താന്തമായിരുന്നു അത്.
സ്മിതയുടെ ഉള്ളിലെ തണുത്തുറഞ്ഞ മഞ്ഞുകണങ്ങൾക്കു തീ പിടിച്ചു. ഓരോ മഞ്ഞുതുള്ളിയും, ഓരോരോ തീത്തുള്ളികളായി ഇറ്റിറ്റു സ്മിതയുടെ ചിന്തകളിലേക്ക് ഒലിച്ചിറങ്ങി. ഏതോ ഒരു ഉൾപ്രേരണയാൽ അവൾ മേശപ്പുറത്തിരുന്ന കുടുംബചിത്രം എടുത്ത്, അതിന്റെ അസ്ഥിക്കൂടിൽ നിന്നും, പരിശ്രമിച്ച്, അതിനുള്ളിലെ ഫോട്ടോ അടർത്തിയെടുത്തു. എന്നിട്ട് അതിൽ നിന്നും ദാമോദരൻ എന്ന അവളുടെ അച്ഛന്റെ പടം മാത്രമായി പ്രത്യേകം കീറിയെടുത്തു. മേശപ്പുറത്തിരുന്ന മഷിപ്പേനയെടുത്ത്, ആ ചിത്രത്തിൽ അവൾ കുരുകുരെ കുത്തിവരച്ചു.. ആദ്യം ചെറിയ ചെറിയ വെട്ടുകളിട്ടു, പിന്നീട് സമ്മര്‍ദ്ദത്തോടു
കൂടിയും.. ആ ഫോട്ടോ അമർന്നിരുന്ന വശത്തെ മേശപ്പുറവും കുത്തിവരകൾ കൊണ്ടു നിറഞ്ഞു. അപ്പോൾ അവളുടെ മാനസികാവസ്ഥ അവളിൽ നിന്നും കൈമോശം വന്നിരുന്നു. അവൾ ദേഷ്യത്തെ പല്ലുകള്‍ക്കിടയിൽ ഞെരിച്ചമർത്തി. പോരാതെ ആ പേനയിലെ മഷി പരമാവധി അവൾ ആ ഫോട്ടോയിൽ കുടഞ്ഞിട്ടു വൃത്തിക്കേടാക്കി. വികൃതമായി, കീറിപ്പറിഞ്ഞൊരു കടലാസ്സു തുണ്ട് മാത്രമായി അത് അവിടെ ചുരുണ്ടിരുന്നു.
ദാമോദരൻ എന്ന അച്ഛന്റെ വാക്കുകൾ അവളുടെ കാതുകളിൽ മുഴങ്ങി.
"പ്രകടിപ്പിക്കാൻ ആകാത്ത സ്നേഹത്തിന് ഒരു പഴയ പത്രക്കടലാസിന്റെ വില പോലുമില്ല.
സ്നേഹം പ്രകടിപ്പിക്കാൻ ഉള്ളതാണ്. സ്നേഹം ഉണ്ടെന്ന് നമ്മൾക്ക് തോന്നണമെങ്കിൽ, അത് പ്രകടിപ്പിച്ചേ മതിയാവു."
ആ ചുരുണ്ടിരുണ്ട കടലാസ്ത്തുണ്ട് എടുത്തവൾ ഊക്കോടെ മുറിയുടെ കോണിലേക്കെറിഞ്ഞു. അവളുടെ കണ്ണിൽ അപ്പോൾ കത്തിജ്വലിച്ച സൂര്യൻ എരിഞ്ഞമർന്നു തുടങ്ങിയിരുന്നു. പിന്നീട് ആ ചിതയിലേക്ക് ഒരു രൂപം നടന്നു കയറുന്ന കാഴ്ചയും.
ഒരു നോട്ടുബുക്ക് എടുത്ത് തുറന്ന്, പേന കൈയ്യിലെടുത്ത് അവൾ എഴുതുവാൻ തുടങ്ങി. തലക്കെട്ട് "നിനക്കായ് സഖി" എന്നെഴുതി.
പരസ്പരം കറയില്ലാതെ സ്നേഹിച്ച രണ്ടു കൂട്ടുകാരികളുടെ കഥ. സ്മിതയും, ശീതളും. പേരിലെ സാമ്യതകൾ പോലെ തന്നെ അവരുടെ ഇഷ്ടങ്ങൾക്കും, അനിഷ്ടങ്ങൾക്കും അന്ന്യോന്ന്യം ഒരുപാട് ചേർച്ചയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അവർ ഉറ്റ മിത്രങ്ങളായി. അവരുടെ മനോഹരമായ കൂട്ടുകെട്ടിനെ കുറിച്ച് അവൾ വാചാലമായി എഴുതി.
പെട്ടന്ന് സ്മിതയുടെ കൈയ്യിലിരുന്ന് പേന ചെറുതായി വിറച്ചു. തുടർന്നെഴുതാൻ പേന വിസമ്മതിക്കുന്നു. പ്രചോദന അറ്റുപോയ പേനത്തുമ്പിലേക്ക് അവൾ വ്യസനത്തോടെ നോക്കി.. ഇനിയെന്ത്? പേന എഴുത്ത് നിർത്തിയിരിക്കുന്നു. എത്ര പ്രോത്സാഹിപ്പിച്ചിട്ടും ഒരു വാക്ക് പോലും മുന്നോട്ടെഴുതാൻ അത് കൂട്ടാക്കുന്നില്ല. സ്മിത വ്യസനത്തോടെ, എവിടെവരെയാണ് എഴുതി നിർത്തിയതെന്ന് കണ്ണോടിച്ചു. അവളും അമ്മയും വീട്ടിലില്ലാതിരുന്നൊരു ദിവസം... അവിടെ വരെ.
തുടർന്നുള്ള കാഴ്‌ചകൾ അകക്കണ്ണിലൂടെ.
അതെ, അവളുടെ പ്രിയസഖി ശീതൾ, ട്യൂഷന് പോകാൻ, ഉറ്റമിത്രത്തെ വിളിക്കുവാൻ തന്റെ വീടിന്റെ വാതിലിൽ വന്നു മുട്ടി. അന്നൊരു അവധി ദിവസമായിരുന്നു. മുറ്റത്തെ പേരമരത്തിലിരുന്ന അണ്ണാറക്കണ്ണൻ എന്തിനെന്നില്ലാതെ അരോചകമായി ഛ്ൽ ഛ്ൽ ശബ്ദം പുറപ്പെടുവിച്ചു. ശീതൾ തലത്തിരിച്ച് പേരകൊമ്പിലേക്ക് നോക്കി. അണ്ണാറക്കണ്ണനു പകരമൊരു ഓലഞ്ഞാലിക്കിളിയാണ് അവളുടെ കണ്ണിൽ പെട്ടത്. അത് തന്റെ നീണ്ട മഞ്ഞയും, കറുപ്പും കലർന്ന വാൽ വല്ലാതെയിട്ടിളക്കുന്നു.
പെട്ടന്ന് വാതിൽ തുറക്കപ്പെട്ടു. തുറന്ന
വാതിലിനു നടുവിൽ സ്മിതയുടെ അച്ഛൻ.
വാതിൽ തുറക്കുന്ന ശബ്ദം കേട്ട് പേരക്കൊമ്പിലിരുന്ന ആ വാലാട്ടികിളി തെല്ല് ഉറക്കെ ചിറകിട്ടടിച്ച് അകലേക്ക്‌ പറന്നു പോയി. പുറത്ത് ശീതളിനെ കണ്ട ദാമോദരൻ പുഞ്ചിരിച്ചു കൊണ്ട് അകത്തേക്കു ക്ഷണിച്ചു. അയാളുടെ കണ്ണിൽ കത്തിയ വന്യമായ തിളക്കം ആ കുരുന്ന് പെൺകുട്ടി അപ്പോൾ കാണാതെ പോയി. പുറത്ത് അണ്ണാറക്കൻ പിന്നെയും അസ്വസ്ഥത പ്രകടിപ്പിച്ചു കൊണ്ടിരുന്നു.
"അങ്കിൾ ഞാൻ സ്മിതയെ ട്യൂഷന് പോകാൻ വിളിക്കാൻ വന്നതാണ്, ഞാൻ കയറുന്നില്ല, അവളോട് ഒന്ന് വേഗം വരാൻ പറഞ്ഞാൽ മതി.. "
"അതിനെന്താ... മോള് അകത്തു കയറി ഇരിക്ക്... ഞാൻ അവളോട് പറയാം "
അകത്തേക്ക് നീങ്ങുന്ന അങ്കിളിന്റെ നിഴലിൽ നോക്കിയിരുന്നപ്പോൾ ശീതളിന് എവിടെയോ വായിച്ച ഒരു പ്രേതകഥയിലെ നീട്ടം കൂടിയ നിഴലിനെ ഓർമ്മ വന്നു. ഒപ്പം ഒരിക്കലുമില്ലാത്ത പോലെ, ആ വീടിനുള്ളിലെ ഏതോ ഒരു വിഷാദഛവി, തിങ്ങി നിറഞ്ഞ് അവളുടെ നെഞ്ചിൽ ഭാരമിറക്കി ശ്വാസം മുട്ടിച്ചു. ഇവിടെ ആരുമില്ലേ? ഒച്ചയും അനക്കവുമില്ല. അവളുടെ വൈകാരികാനുഭവം സ്‌പര്‍ശിച്ചറിഞ്ഞപോലെ അടുക്കള ഭാഗത്തു നിന്ന് പാത്രങ്ങളുടെ കലമ്പൽ ഉയർന്നു താഴ്ന്നു.. ആന്റി അടുക്കളയിൽ തിരക്കിട്ട പണിയിലാണെന്നു തോന്നുന്നു.
അകത്തു സോഫയിൽ ആസനസ്ഥയായിരുന്ന ശീതളിനെ നോക്കി അവിടേക്കു വന്ന ദാമോദരൻ പറഞ്ഞു
"മോലിരിക്ക്, അവൾ കുളിമുറിയിലാ... ഇപ്പോൾ വരും, ഞാൻ പറഞ്ഞിട്ടുണ്ട്. "
സംസാരിച്ചു കൊണ്ടു തന്നെ അയാൾ മുൻവശത്തെ വാതിലിന്‌ നേരെ നടന്നു.
പെട്ടന്നാണ് അയാൾ വാതിൽ അടച്ചു മുകളിലത്തെ കുറ്റിയിട്ടത്. ശീതൾ ഏതോ ഒരു ഉൾപ്രേരണ പോലെ ചാടി എഴുന്നേറ്റു.
"എന്തിനാ അങ്കിൾ ഡോർ അടച്ചത്?.. ഞങ്ങൾക്കിപ്പോൾ പോകാൻ ഉള്ളതല്ലേ "
അവളുടെ ശബ്ദത്തില്‍ വാലാട്ടി കിളിയുടെ ചിറകടിയൊച്ച. അയാൾ വല്ലാത്തൊരു ഭാവത്തോടെ അവളുടെ അരികിൽ വന്ന് അവളെ കടന്നു പിടിച്ചു.. ഒരു നിമിഷം എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്നെങ്കിലും അവൾ ഭയചകിതയായി പരമാവധി ഉച്ചത്തിൽ അലറി..
"ആന്റി... സ്മിതാ.... ഓടി വായോ.. "
പാവം, ആ വീട്ടിൽ ആരുമില്ലന്നുള്ള സത്യം അടുത്ത നിമിഷത്തിൽ ഞെട്ടലോടെ അവൾ തിരിച്ചറിഞ്ഞു. വാതിലിന്‌ നേർക്ക് ഓടാൻ തുനിഞ്ഞ അവളെ ഒരു പുഷ്പം പറിച്ചെടുക്കുന്ന ലാഘവത്തിൽ അയാൾ തൂക്കിയെടുത്തു.
ജനലിൽ കൂടെ പറന്നു വന്നൊരു കുഞ്ഞി പക്ഷിത്തൂവൽ അയാളുടെ തലയിൽ പറ്റിപിടിച്ചിരുന്നു, പിന്നീട് മുറിയുടെ ഒരു കോണിലേക്ക് അത് പറന്നിറങ്ങി.
സ്മിതക്ക് പിന്നെ അവിടെ നടന്നത് ആലോചിക്കാനുള്ള കെല്പില്ലായിരുന്നു.
നിർജ്ജീവമായൊരു പേനക്കുപോലും
അത് എഴുതാൻ കഴിയുന്നില്ല..
സ്മിത ഏതാനും മാസങ്ങള്‍ക്കു മുൻപ്പുള്ളൊരു ഞായറാഴ്ചയുടെ ഓർമ്മകളിലേക്ക് മുങ്ങാക്കുഴിയിട്ടു. അമ്മുമ്മയ്ക്ക് തീരെ വയ്യാന്നു പറഞ്ഞ് അതിരാവിലെ ഫോൺ വരുന്നു, അമ്മയും താനും തിരക്കിട്ട് നാട്ടിലേക്ക് പോകുന്നു. അച്ഛൻ ഏർപ്പാടാക്കി തന്ന ടാക്സിയിലായിരുന്നു യാത്ര. പിറ്റേന്ന് ഓഫീസില്‍ ലീവ് എഴുതി കൊടുത്തിട്ട് നാട്ടിലേക്ക് എത്തികൊള്ളാമെന്ന് അച്ഛൻ അമ്മയ്ക്ക് ഉറപ്പു നൽകി. അതുപോലെ തന്നെ ചെയ്യുകയും ചെയ്തു. അമ്മുമ്മ മരിച്ചു പോയതുകൊണ്ട് ഞങ്ങളുടെ തിരിച്ചു വരവ് പിന്നെയും നീണ്ടു. വീട്ടിൽ തിരിച്ചെത്തിയ ഉടൻ സ്മിത അത്രയും ദിവസത്തെ പഠിപ്പിച്ചത് പകർത്താനുണ്ടെന്നും പറഞ്ഞ് ശീതളിന്റെ വീട്ടിലേക്ക് പോയി.
"ആന്റി, ശീതൾ എന്തെടുക്കുവാ.. അമ്മുമ്മ മരിച്ചു പോയ കാരണം, കുറെ അധികം ക്ളാസുകൾ മിസ്സായി. എനിക്ക് സ്കൂളിലെ ഒത്തിരി നോട്സ് എഴുതാനുണ്ട്. "
അതു കേട്ട് അവളുടെ അമ്മ സങ്കടത്തോടെ പറഞ്ഞു
"എന്റെ മോളെ, ശീതളും സ്കൂളിൽ പോയിട്ട് കുറെ ദിവസമായി. അവൾക്കെന്തോ വയ്യായയുണ്ട്. ചോദിച്ചിട്ടൊന്നും പറയുന്നുമില്ല. ഞാൻ നോക്കിയിട്ട് അവൾക്ക് പനിയൊന്നുമില്ല. ഡോക്ടറുടെ അടുക്കൽ കൊണ്ടു പോകാം എന്ന് എത്ര പറഞ്ഞിട്ടും അവൾ വരുന്നില്ല. എപ്പോഴും കിടപ്പും, ആലോചനയുമാ.. വല്ലപ്പോഴും വല്ലതും ഭക്ഷണം കഴിച്ചാലായി.. മോളൊന്ന് പോയി അവളോട് സംസാരിക്ക്.. "
അവരുടെ ശബ്ദം ഇടറി.
"അയ്യോ, അതെന്താത്, ഞാൻ പോയി കാണട്ടെ അവളെ ".
സ്മിത തിടുക്കപ്പെട്ട് ശീതളിന്റെ മുറിയിൽ കയറി.
കട്ടിലിൽ ചുരുണ്ടുകൂടിയിരുന്ന തന്റെ കൂട്ടുകാരിയെ കണ്ടിട്ട് സ്മിതായൊന്ന് ഞെട്ടി. പാറിപ്പറന്ന മുടിയും, രണ്ടാഴ്ച കൊണ്ട് നേർ പകുതിയുമായി അവൾ. സ്മിതയെ കണ്ട് ശീതൾ പതിയെ കട്ടിലില്‍ എഴുന്നേറ്റിരുന്നു.
"എന്താടാ നിനക്കെന്താ പറ്റിയെ, ആന്റി പറഞ്ഞു നീയെപ്പോഴും കിടപ്പാണെന്ന്. "
സ്മിത അതുംപറഞ്ഞ് അവളെ കെട്ടിപിടിച്ചു. അവളുടെ ഇറുകിയ പുണരലിൽ ശീതൾ പെട്ടന്ന് നിയന്ത്രണം വിട്ടു കരഞ്ഞു. സ്മിതയുടെ കണ്ണുകളും നിറഞ്ഞൊഴുകി.
"പോട്ടെടാ... സാരല്യ.. എന്താ നിന്റെ വിഷമമെന്ന് എന്നോടു പറയടാ.. ഡോക്ടറുടെ അടുക്കൽ പോകാൻ നീയെന്താ സമ്മതിക്കത്തെ? "
ശീതൾ കരച്ചിൽ തുടർന്നു കൊണ്ടേയിരുന്നു. അവളുടെ അമ്മ ഇടക്ക് വാതിക്കൽ വന്ന് എത്തിച്ചു നോക്കിയിട്ട് പോയി. മകളുടെ പ്രിയപ്പെട്ട കൂട്ടുകാരിയെ കണ്ടപ്പോൾ അവർക്കും കുറച്ചാശ്വാസമായി.
കുറെ കരഞ്ഞതിന് ശേഷം ശീതൾ കരച്ചിൽ നിർത്തി വളരെ ശബ്ദം താഴ്ത്തി അവളോട്‌ സംഭവങ്ങള്‍ മുഴുവനും പറഞ്ഞു.
"നിന്നെ കാത്തിരിക്കുവായിരുന്നു ഞാൻ, എനിക്കിതു നിന്നോട് മാത്രമേ പറയാൻ കഴിയൂ, നിന്നോട് മാത്രം "
പിന്നീടവർ ഇരുവരും ഒന്നും സംസാരിച്ചില്ല.
കുറെ കഴിഞ്ഞപ്പോള്‍ ഭയാനകമായ തരിപ്പിൽ നിന്നും സ്മിത മോചനം നേടി, എന്നിട്ട് പതിയെ എഴുന്നേറ്റു. ശീതളിന്റെ കൈയ്കൾ തന്റെ കൈകുമ്പിളിൽ എടുത്ത് അവൾ ശബ്ദം താഴ്ത്തി പറഞ്ഞു.
"ഞാൻ പോയിട്ട്‌ വരാടാ.. നിനക്ക് ഞാനുണ്ട്.. നിന്റെ കൂടെ ഞാൻ നിൽക്കും. എനിക്ക് ആ നീചനെ ഒന്നു കാണണം. ഞാൻ നാളെ വരാം. "
സ്മിത മുറി വിട്ടു പോയപ്പോൾ, ശീതൾ പിന്നെയും കട്ടിലില്‍ ചുരുണ്ടുകൂടി.
പിറ്റേന്ന് രാവിലെ സ്മിത ഉറക്കമുണർന്നത് ശീതളിന്റെ ആത്മഹത്യ വാർത്ത കേട്ടു കൊണ്ടാണ്. കഴിഞ്ഞു പോയ വാർത്തയെങ്കിലും ഇപ്പോഴും അവൾക്കത് ഉൾക്കൊള്ളുവാൻ ആകുന്നില്ല. തന്റെ കൂട്ടുകാരി ആയതിന്റെ പേരിൽ മാത്രം ജീവിതം കൈവിട്ടു പോയവൾ. നിഷേധാർത്ഥത്തിൽ സ്മിത മെല്ലെ തല കുടഞ്ഞു കൊണ്ടിരുന്നു.
ഇല്ല, അകക്കണ്ണിൽ കണ്ട ഈ കാഴ്ചകൾ ഒന്നുംതന്നെ എന്റെ പ്രചോദനയറ്റ പേനത്തുമ്പിന് എഴുതാൻ കഴിയില്ല...... കഴിയില്ല !
ശീതൾ, നിന്റെ മരണത്തിന്റെ ഉത്തരവാദിക്ക് ഞാൻ തൂക്കു
കയർ വാങ്ങി കൊടുക്കും.. അയാൾ മരിക്കണം. ഇനിയും ഇങ്ങിനെയൊരു അച്ഛൻ ഈ ഭൂമിയിൽ ഉണ്ടാവരുത്..!!

By: JayasreeMenon

വ്യർത്ഥ

Image may contain: Jayasree Menon, outdoor
കുഞ്ഞിക്കഥ
ജയശ്രീ മേനോൻ കടമ്പാട്ട് ✍🏻
താമ്പൂലത്തിലെ വെറ്റിലപ്പുറത്തിരുന്ന് കളിയടയ്ക്ക ഒറ്റനാണയത്തിനോട് എന്തോ തമാശ പറഞ്ഞു. അതു കേട്ട് വെള്ളിനാണയം കിലുകിലാ ചിരിച്ചു. വെറ്റില ആകാംക്ഷയോടെ കളിയടയ്ക്കയുടെ ചെവിയിൽ മന്ത്രിച്ചു.
"എന്നോടുകൂടി പറയൂ ആ രഹസ്യം"
അപ്പോൾ കിന്നാരിയടയ്ക്ക മൊഴിഞ്ഞു,
"അല്ല.. എന്തൊക്കെ തരത്തിലെ കാട്ടിക്കൂട്ടായ്കളാണ് ഇവിടെ നടക്കുന്നത്... അമ്മയും, അച്ഛനും പുന്നാരിച്ചു വളർത്തുന്നതെല്ലാം വെറുതെയാ.. ഇന്നത്തെ കല്ല്യാപെണ്ണിന്റെ യഥാർത്ഥ സ്വഭാവം ഞാൻ പറയുകയായിരുന്നു...."
" എന്താണ് ?"
"നമ്മളെ മുതിർന്നവർക്കു കൈ മാറുന്ന ഈ പെൺമണിയുണ്ടല്ലോ, അവൾ ആളത്ര ശരിയല്ല. കല്ല്യാണം കഴിഞ്ഞ് ഇന്നു രാത്രി തന്നെ അവൾ അവളുടെ കാമുകനോടൊപ്പം ഒളിച്ചോടും... ഞാൻ നാണയത്തോട് പറയുകയായിരുന്നു ഈ താമ്പൂലം കൈമാറലൊക്കെ ഇവൾക്ക് വെറുമൊരു പ്രഹസനം മാത്രമാണെന്ന്... പവിത്രത നഷ്ടപ്പെടുത്തി കൊണ്ടുള്ളൊരു ചടങ്ങ്".
"ങേ"
അതു കേട്ട് വെറ്റിലയൊന്ന് ഞെട്ടി...
"അപ്പോൾ ആ പയ്യനും, കുടുംബവും, പിന്നെ അവളുടെ മാതാപിതാക്കളും??"
"ഉം... എന്തു ചെയ്യാം...! ഇപ്പഴത്തെ കുട്ടികളല്ലേ, ആലോചനശക്തി കുറഞ്ഞും, തന്റേടം കൂടിയുമിരിക്കും.. എനിക്കീ അസംബന്ധങ്ങളൊന്നും ഇഷ്ടപ്പെടുന്നില്ല, അതുകൊണ്ട് ഇവളുടെ കയ്യിൽ നിന്നും ഞാൻ ഈ ആൾക്കൂട്ടത്തിലേക്കിറങ്ങി പോവുകയാണേ..."
പറഞ്ഞു തീർന്നതും, കളിയടയ്ക്ക വെറ്റിലയുടെ അഗ്രത്തിലുള്ള നീണ്ട ചായം തേച്ച, മൈലാഞ്ചി വിരലുകൾക്കിടയിലൂടെ താഴേയ്ക്ക് ഊർന്ന് തെന്നിത്തെറിച്ചു പോയി. അതു കണ്ട്, കൂട്ടു കൂടിയിരുന്ന വെള്ളി നാണയവും, കളിയടയ്ക്കക്കു പിന്നാലെ ഉരുണ്ടു നീങ്ങി. വെറ്റില വിഷണ്ണയായി കൈപത്തിക്കുള്ളിൽ അമർന്നിരുന്നു.
"എന്താ കുട്ടി, അത് നേരെ ചൊവ്വേ പിടിക്കണ്ടേ... നാണയവും അടയ്ക്കയും താഴേയ്ക്കു പോയല്ലോ.."
ബന്ധുവായ ഏതോ കെട്ടിലമ്മ ശബ്ദം താഴ്ത്തി പെണ്ണിനെ ശാസിച്ചു. ചുറ്റും നിന്ന കാലുകൾ അങ്ങോട്ടുമിങ്ങോട്ടും മാറിമാറി രണ്ടു പേരേയും തിരഞ്ഞു...
രണ്ടും കണ്ടു കിട്ടാതെ, മറ്റൊരു കളിയടയ്ക്കയും, നാണയവും എടുക്കാൻ തലനരച്ചൊരു കാർന്നോർ
"അപശകുനം...!" എന്നു പിറുപിറുത്തുകൊണ്ടു നിർദ്ദേശം നൽകി.

By :JayaSreeMenon

ജ്വാലാമുഖികൾ

Image may contain: Jayasree Menon, smiling, standing and outdoor
പ്രളയം - നാലുപാടും അഗ്നിപ്രളയം. തീനാമ്പുകൾ അത്യാർത്തിയോടെ തെരുവോരങ്ങളെ നക്കിതുടച്ചു.
അനുരാഗവിവശതയിൽ,
അരുണാഭമായ അവൾ - അഗ്നിദേവത, ചുട്ടുപ്പൊള്ളുന്ന തന്റെ ഉഗ്രകരങ്ങൾ കൊണ്ട്,
അന്തഃപുരങ്ങളെയും,
ഈറ്റില്ലങ്ങളെയും, സൗധങ്ങളെയും ഇറുക്കിയിറുക്കി പുണർന്ന് തന്റെ അനുരാഗചേഷ്ടകൾ
കൂടുതൽ ഊർജ്ജത്തിൽ പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു.
ശോണവര്‍ണ്ണത്തിലെ അവളുടെ പട്ടുടയാട അഴിഞ്ഞുലഞ്ഞ് കാറ്റത്ത് പാറിക്കളിച്ചു. നീലിമ
പിംഗലവര്‍ണ്ണത്തിൽ ലയിച്ച്, രക്തവര്‍ണ്ണത്തോട് ചേർന്നിരുന്ന് മേഘങ്ങൾക്ക് ചാര നിറം പൂശി രസിച്ചു...
ഞെട്ടലോടെ ശാരിക തിരിച്ചറിഞ്ഞു, സ്വന്തം ദേഹത്തു നിന്നാണ് ഇക്കണ്ട അഗ്നി മുഴുവൻ ഉത്ഭവിച്ചതെന്ന്.. എന്നിട്ട് താൻ എന്തുകൊണ്ട് വെന്ത് വെണ്ണീറാവുന്നില്ല. ഭീതിയോടെ അവൾ അലറിവിളിച്ചു... പക്ഷേ ചുറ്റുപാടുമുള്ള അഗ്നിയുടെ ആധിക്യത്തിൽ, അവളുടെ കരച്ചിൽ വെന്തുരുകിയൊലിച്ചു.
പിന്നെയും പിന്നെയും അവൾ അലറി നിലവിളിച്ചു കൊണ്ടേയിരുന്നു..
വല്ലാത്തൊരു അലർച്ചയോടെയാണ് ശാരിക ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്.
പക്ഷെ കട്ടിലിൽ നിന്നും
പിടഞ്ഞെഴുന്നേറ്റ്, സ്ഥലകാല ബോധത്തിലേക്ക് കണ്ണു തുറന്ന് ചുറ്റും നോക്കിയപ്പോൾ മനസ്സിലായി തന്റെ അലർച്ച വെളിയിൽ വന്നിട്ടില്ലായെന്ന്. വന്നിരുന്നുവെങ്കിൽ, മോനൂട്ടൻ ഇത്രയും ശാന്തനായ് ഉറക്കം തുടരില്ലായിരുന്നു. ചുറ്റോടുചുറ്റം അഗ്നിയാണ് സ്വപ്നം കണ്ടത്.. വെന്തു വെണ്ണീറാവുന്ന സൗധങ്ങളും, തെരുവോരങ്ങളും. അതിന്റെ നടുവിലേക്ക് ഉറച്ച കാൽവയ്പ്പോടെ നടന്നു കയറുന്ന താനും. വല്ലാതെ ഭീതിപ്പെടുത്തുന്ന എന്തോ ഒന്ന് ആ സ്വപ്നത്തിലുണ്ടെന്ന് ശാരികക്ക് തോന്നി. തന്റെ വായനാലോകത്തേയ്ക്കു കയറി വന്ന, തമിഴ് മഹാകാവ്യമാണ് ഇങ്ങിനെയൊരു സ്വപ്നത്തിനു കാരണമെന്ന് അവൾ ഊഹിച്ചു. തന്റെ ജീവിതവുമായി ഒരുപാട് സാമ്യതകളുള്ള മഹാകാവ്യം. ഇതുവരെയുള്ള ജീവിതം കൃത്യമാണ്. ഇനിയങ്ങോട്ട് അവസാനവും അങ്ങിനെ തന്നെയാവുമോ ഈശ്വരാ? !!
ഉറക്കം അവളുടെ മിഴികളോട് യാത്ര പറഞ്ഞു പോയിരുന്നു. സമയം രാത്രി രണ്ടര. രാത്രി രണ്ടരയെന്നോ, പകലെന്നോ എന്താണ് പറയേണ്ടത്? തെല്ല് വിഭ്രാന്തിയിൽ ശാരിക പതിയെ എഴുന്നേറ്റ് അടുത്ത മുറിയിലേക്ക് നടന്നു.. ലൈറ്റും, ഫാനും ഓൺ ചെയ്ത് മേശക്കരികിലെ കസേരയിൽ പോയിരുന്നു. മേശപ്പുറത്തിരുന്ന, തലേന്ന് രാത്രി വായിച്ചവസാനിപ്പിച്ച പുസ്തകത്തിന്റെ താളുകൾ അവൾ അലസമായി മറിച്ചു നോക്കി. രണ്ടു ദിവസമായിട്ട് വായിച്ചു കൊണ്ടിരുന്ന കഥയിലേക്ക് മനസ്സ് ചാഞ്ഞു.. ഇളങ്കോ അടിഗളുടെ സിലപ്പതികാരം എന്ന മഹാകാവ്യം തന്റെയുള്ളിൽ വല്ലാത്തൊരു വേലിയേറ്റം സൃഷ്ടിച്ചിരിക്കുന്നു.
കണ്ട സ്വപ്നം ഇപ്പോഴും മുന്നിൽ തീജ്വാലകൾ തുപ്പുന്നുണ്ട്. കണ്ണകി ശാരികയായിട്ട് പുനർജ്ജനിച്ചുവോ?
തന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതും, കണ്ണകി അനുഭവിച്ചു തീർത്തതും രണ്ടും ഒന്ന് തന്നെയല്ലേ?
പ്രസിദ്ധനായൊരു വ്യാപാരിയും, കപ്പിത്താനുമായിരുന്ന മനയകന്റെ മകളായിരുന്നു കണ്ണകി. പൂംപുഹാറിലെ സമുദ്രവും നദിയും ചേരുന്ന ഇടത്തിൽ ജനിച്ചു വളർന്ന, നദീമുഖത്തിൽ, മധുരമൂറുന്ന നല്ലൊരു ശൈശവത്തിലൂടെ കടന്നു പോയ
കണ്ണകിയെ കോവലൻ വിവാഹം കഴിക്കുന്നതോടെ അവളുടെ പിന്നിട്ട നല്ല ബാല്യകാലനാളുകൾ അഴിമുഖത്തിലെ വമ്പൻ തിരമാലകൾ വന്ന് ഉൾക്കടലിലേക്ക് വലിച്ചു കൊണ്ടു പോയി...
കോവലൻ മറ്റൊരു സമ്പന്നനായ കടൽ വ്യാപാരി മക്കാട്ടുവന്റെ മകനായിരുന്നു. കടൽ ദേവത മണിമേഖല ആയിരുന്നു അവരുടെ കുടുംബത്തിലെ ആരാധനാ മൂര്‍ത്തിയും ആശ്രയദാതാവും. അതുകൊണ്ട് തന്നെ ധനം ആ കുടുംബത്തിൽ കുമിഞ്ഞു കൂടിയിരുന്നു, കൂട്ടത്തിൽ അഹങ്കാരവും. മക്കാട്ടുവന്റെ ധാര്‍ഷ്‌ട്യത്തിന്റെ
പിന്‍ഗാമിയായിരുന്നു മകനായ കോവലൻ. പിതാവ് ധന സമ്പാദനത്തിന്റെ പുറകെ വിജയിച്ചു നീങ്ങുമ്പോൾ, മകൻ ധനം എങ്ങിനെ ധൂർത്തടിക്കാം എന്നതിൽ പര്യന്വേഷണം നടത്തി പോന്നു. അതായിരുന്നു അച്ഛനും, മകനും തമ്മിലുള്ള പ്രധാന വ്യത്യാസം. പ്രണയം, ഒരാളിൽ ഒതുക്കാൻ മാത്രമുള്ള മനസ്സ് കോവലനുണ്ടായിരുന്നില്ല. സ്നേഹമയിയായിരുന്ന തന്റെ കളത്രത്തെ മറന്ന്, നർത്തകിയും, സൗന്ദര്യറാണിയുമായിരുന്ന മാധവിയുടെ അഴകിനു പിന്നാലെ അയാൾ പാഞ്ഞു. തന്റെ സമ്പത്തെല്ലാം, മാധവിക്കും, അവളുടെ അമ്മയ്ക്കും വേണ്ടി ധൂർത്തടിച്ചു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ധൂർത്തടിക്കപ്പെട്ടു എന്നതാവും ശരി. മാധവിക്കൊരു പെൺകുഞ്ഞിനേയും നൽകി, അവൾക്ക് തന്റെ കുടുംബ ദേവതയുടെ, മണിമേഖല എന്ന പേരും നൽകി, പരാജിതനായി,
കണ്ണകിയിലേക്ക് തന്നെ അയാൾ മടങ്ങുന്നു.
ശാരിക പുസ്തക ചിന്തയിൽ നിന്നും തന്റെ സ്വകാര്യതയിലേക്ക് മടങ്ങി വന്നു. തന്റെ അച്ഛൻ കാർപെറ്റ് കയറ്റുമതി വ്യവസായത്തിൽ മുൻപന്തിയിൽ നിൽക്കുന്നയാളാണ്.
വ്യവസായം ചെയ്യുന്നവർക്ക്,
വ്യാപാരസംബന്ധമായ കുടംബത്തിലെ ആള് തന്നെ മതിയെന്ന അച്ഛന്റെ പിടിവാശിക്കാണ്, രാജേട്ടനെ തന്റെ പ്രതിശ്രുതവരനായി തിരഞ്ഞെടുത്തത്.. അവിടെ സ്വന്തം മകളുടെ ഇഷ്ടങ്ങൾക്കോ, അനിഷ്ടങ്ങൾക്കോ സ്ഥാനമുണ്ടായിരുന്നില്ല. അങ്ങിനെ വല്ലതും ഉണ്ടോയെന്ന് തരിമ്പും അന്വേഷിച്ചില്ല എന്നതാണ് സത്യം. എന്നിട്ടും കല്യാണം കഴിഞ്ഞ നാളുകളിൽ താനും, രാജേട്ടനും തീവ്രപ്രണയത്തിലായിരുന്നു. അതിന്റെ സമ്മാനമായി തനിക്കു കിട്ടിയ പൊന്നോമനയാണ് മോനൂട്ടൻ. മോനൂട്ടൻ ഉണ്ടായ ശേഷം, കാലക്രമേണ, ജോലി സംബന്ധമായി യാത്രകൾ ചെയ്തിരുന്ന അയാളിലെ പ്രേമഭിക്ഷു വഴികൾ എവിടെയൊക്കെയോ മാറി സഞ്ചരിക്കാൻ തുടങ്ങി.
ഒരിക്കൽ ബിസിനസ്‌ ആവശ്യത്തിനായി മസ്കറ്റിൽ പോയ രാജേട്ടന്റെ കണ്ണുകൾ പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയലഞ്ഞു. നാട്ടിൽ തിരിച്ചു വന്നെങ്കിലും, അവിടെതന്നെ സ്ഥിരപ്പെടുത്താൻ പദ്ധതിയിട്ടത് എന്തിന്റെ പേരിലായിരുന്നു എന്ന് പിന്നീടാണ് ശാരിക അറിയുന്നത്.
അയാളെയും കാത്തു ജീവിതം മുന്നോട്ടു നീക്കുമ്പോഴായിരുന്നു വെള്ളിടി പോലെ ആ വാർത്ത ശാരികയെ വരിഞ്ഞു മുറുക്കിയത്. രാജൻ മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലാണെന്നും, അവളോടൊപ്പമാണ് മസ്കറ്റിൽ താമസമെന്നും.. ആലപ്പുഴക്കാരി ലിസിയെ മായിക വലയത്തിൽ കുടുക്കി, ഒപ്പം കൂട്ടിയ രാജേട്ടനെ കുറിച്ച്, അവധിക്കു നാട്ടിൽ വന്ന അദ്ദേഹത്തിന്റെ പ്രിയമിത്രം തന്നെയാണ് കാര്യങ്ങൾ വിസ്തരിച്ചു പറഞ്ഞു തന്നത്.
ഇനിയെന്ത് എന്ന ചോദ്യശരത്തിനു മുന്നിൽ തല കുനിക്കാൻ കൂട്ടാക്കാതെ, ശാരിക ദ്രുതഗതിയിൽ ജോലി അന്വേഷണം ആരംഭിച്ചു. വീട്ടിൽ ഒന്നും അറിയിക്കാൻ തോന്നിയില്ല. പറയാതിരിക്കുന്നത് വലിയ തെറ്റാണെന്ന് അവൾക്കറിയാം. അവരെ വിഷമിപ്പിക്കണ്ട എന്ന ചിന്ത ഒരു വശത്തും, ഇനിയെല്ലാവരും അറിഞ്ഞ് രണ്ടു പേരെയും തമ്മിൽ ഇണക്കി ചേർക്കേണ്ടതില്ല എന്നുള്ള ചിന്ത മറുവശത്തും. ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും. അതു എനിക്ക് വേണ്ട. ജീവിതത്തിലെ ഈ വെല്ലുവിളി താൻ സ്വീകരിച്ചിരിക്കുന്നു. വാശിയാണ് തന്നെക്കൊണ്ടത് ചെയ്യിപ്പിക്കുന്നതെന്ന് അറിയാതെയല്ല.
ആറു വയസ്സുകാരൻ മോനൂട്ടനെ നെഞ്ചോടടുക്കിപ്പിടിച്ചിരിക്കുമ്പോൾ എവിടെ നിന്നെന്നെറിയാത്ത
സകാരാത്മകമായൊരു
ഊർജ്ജം തന്നിൽ വന്നു നിറയുന്നത് ശാരിക തിരിച്ചറിയുന്നുണ്ടായിരുന്നു. അതു തന്നെയാണ് ജോലിയന്വേഷണത്തിന്റെ മുഖ്യഹേതുവും. ഇനി ഒരിക്കൽ പോലും ആ മനുഷ്യനെ കുറിച്ചോർത്തു ദുഃഖിക്കരുതെന്ന് കരുതുമെങ്കിലും, തന്റെ സ്വകാര്യതയിൽ മനസ്സു കലങ്ങി മറിഞ്ഞൊഴുകാറുണ്ട്.
ഫാനിന്റെ കിതപ്പിൽ പുസ്തകത്താളുകൾ മറിഞ്ഞപ്പോൾ, ശാരിക വീണ്ടും കണ്ണകിയിലേക്കു തിരിച്ചു വന്നു.
സമ്പത്തെല്ലാം നഷ്ടപ്പെടുത്തി, മറ്റൊരു സ്ത്രീയുടെ ചൂരും, ശ്വാസനിശ്വാസങ്ങളും ഏറ്റു വാങ്ങി, തിരിച്ചെത്തിയ കോവലനെ, കണ്ണകി
എങ്ങിനെ പൂർണ്ണ മനസ്സിൽ സ്വീകരിച്ചു എന്ന് ശാരിക അത്ഭുതപ്പെട്ടു. തനിക്കു രാജേട്ടനെ ഇനി സ്വീകരിക്കാൻ കഴിയുമെന്ന് തോന്നുന്നതേയില്ല. കണ്ണകിയോ -
തിരികെ വന്ന ഭർത്താവിന്, പുതിയ വല്ല കച്ചവടവും തുടങ്ങാനായിട്ട്, തന്റെ വിലകൂടിയ മാണിക്യക്കല്ലുകൾ
നിറച്ച കനകചിലമ്പിൽ ഒന്ന് നൽകി, എവിടെയെങ്കിലും കൊണ്ടുപോയി വിറ്റ് പൈസയുണ്ടാക്കികൊള്ളാൻ പറഞ്ഞു വിടുന്നു. ആ ചിലമ്പ് വിൽക്കുവാൻ ശ്രമിക്കുമ്പോൾ, രാജകിങ്കരന്മാർ പിടികൂടുകയും, മധുരൈയിലെ പാണ്ഡ്യ മഹാരാജാവ് തന്റെ രാജ്ഞിയുടെ മോഷണം പോയ ചിലമ്പാണതെന്നും പറഞ്ഞ്, കുറ്റം ചുമത്തി, കോവലനെ തല വെട്ടി
കൊലപ്പെടുത്തുന്നു. ഇതറിഞ്ഞ കണ്ണകി, ദുഃഖവും, ക്രോധവും അടക്കാതെ, തന്റെ മറുകാലിലെ ചിലമ്പ്, രാജസന്നിധിയിൽ എറിഞ്ഞുടയ്ക്കുകയും, അതിൽ നിന്നും ചിതറി തെറിച്ചു വീണ മാണിക്യക്കല്ലുകൾ കണ്ട്, സംഭ്രമം പൂണ്ട മഹാരാജാവ് തന്റെ രാജ്ഞിയുടെ ചിലമ്പിൽ കേവലം മുത്തുകളാണെന്ന തിരിച്ചറിവിൽ, കുറ്റബോധത്താൽ നീറിപിടഞ്ഞു മരിച്ചു വീഴുകയും ചെയ്തുവെന്ന് മഹാകാവ്യത്തിൽ ഉദ്ധരിക്കുന്നു. അദ്ദേഹത്തിന്റെ മരണത്തിനു പിറകെ മഹാരാജ്ഞിയും രോഗബാധിതയായി മരണപ്പെടുന്നു.
പാതിവ്രത്യത്തിന്റെ അവതാര മൂർത്തിയായ കണ്ണകി, കഥാന്ത്യത്തിൽ ഉഗ്രകോപത്തിൽ നിന്നും ഉത്ഭവിക്കുന്ന, രോക്ഷാഗ്നിയിൽ വെന്തുരുകിയ തീജ്വാലയായി മാറുന്നു. എന്നിട്ട് മധുരൈ നഗരം തന്റെ ശാപജ്വാലയിൽ ചുട്ടെരിക്കുന്നു. എന്നിട്ടും കലിയടങ്ങാത്ത കണ്ണകിയെ മീനാക്ഷി ദേവി സാന്ത്വനപ്പെടുത്തി,
പിന്നീട് അവൾ മോക്ഷ പ്രാപ്തിയടഞ്ഞുവെന്ന് പറഞ്ഞു
കൊണ്ട് ഇളങ്കോ അടികൾ മഹാകാവ്യം അവസാനിപ്പിക്കുന്നു.
തന്റെ സ്വപ്നത്തിലെ തീജ്വാലകളുടെ ചൂട് ശാരികയുടെ ദേഹം വീണ്ടും പൊള്ളിച്ചു തുടങ്ങി.. അവൾ എഴുന്നേറ്റ്, ഫാനിന്റെ വേഗത കൂട്ടിയിട്ട്, ലൈറ്റ് അണച്ച്, തിരികെ കസേരയിൽ വന്നിരുന്നു. ഇടംകൈ മുന്നിലേക്ക്‌ നീട്ടി, വലംകൈ ഇടത്തേക്ക് പിണച്ച്, മുഖം അതിലണച്ചുവച്ച് ശാരിക വിതുമ്പി.
ആലോചിച്ചുറപ്പിച്ചൊരു പരിണയം. ഇരുവരും തമ്മിൽ തമ്മിൽ മനസ്സിലാക്കുന്നത്
ദൃഢസംയോഗത്തിനു ശേഷം മാത്രം. പുസ്തകങ്ങളുടെ കടുത്ത ആരാധികയായിരുന്നു ശാരിക... പക്ഷെ രാജൻ, ജീവതം എവിടേയും, എപ്പോഴും ആസ്വദിക്കുക എന്ന തത്വത്തിൽ വിശ്വസിച്ചു മുന്നേറുന്നൊരു വ്യക്തിയും. തന്നോടുള്ള അയാളുടെ അഭിനിവേശം എന്ന്, എപ്പോൾ കെട്ടടങ്ങിയെന്ന് മനസ്സിലാവുന്നില്ല.
ഇനി, ഈ പുതിയ സ്നേഹബന്ധത്തിന്റെ ഹൃദ്യത നഷ്ടപ്പെടുമ്പോൾ
അയാൾ എന്നിലേക്കു തന്നെ തിരിച്ചു എത്തുമോ??
ശാരികയുടെ മടക്കി വച്ചിട്ടുള്ള വലംകൈയിലേക്ക് ഒന്ന് രണ്ടു ചൂട് അശ്രുകണങ്ങൾ അടർന്നു വീണു. തന്റെ കണ്ണുനീരിന്റെ കാഠിന്യം അവൾക്ക് കൈത്തണ്ടയിൽ അനുഭവപ്പെട്ടു. കുറച്ചു കഴിഞ്ഞപ്പോൾ അതൊരു ധാരയായി മാറി, അത് അവളുടെ കൈകളെയും, മേശപ്പുറവും, പൊള്ളിച്ച് നനച്ചു കൊണ്ടിരുന്നു.
ഉള്ളുരുകി ഒഴുകുമ്പോഴും, അവൾ മനസ്സിനെ ശാസിച്ചു. ഇല്ലാ... താൻ കണ്ണകിയല്ല, തനിക്കയാളോട് ഒരിക്കലും പൊറുക്കാൻ കഴിയില്ല.
കഥയിലെ കണ്ണകിക്ക് ഇല്ലാതിരുന്ന ഒന്ന് എനിക്കുണ്ട്.. ഒരു കുഞ്ഞ്. അവനെ ഞാൻ പഠിപ്പിച്ചു നല്ലൊരു മനുഷ്യനാക്കും... ശരിയും, തെറ്റുകളും തിരിച്ചറിയുന്ന, ജീവിത മൂല്യങ്ങളുടെ മാഹാത്മ്യം മനസ്സിലാക്കുന്ന നല്ലൊരു മനുഷ്യൻ.
മനസ്സിൽ ഒരാവർത്തി കൂടി അടിവരയിട്ട്, ശാരിക വാക്കുകൾ ഉരുവിട്ടു കൊണ്ടിരുന്നു... കണ്ണകിയുടെ അത്രയും ക്ഷമ എനിക്കില്ല. തന്റെ ഭർതൃ സ്നേഹത്തിന്റെ വാടിയ പൂമരത്തിന് വെള്ളം പകർന്നിട്ടും ഇനി കാര്യമില്ല. തീക്ഷ്ണമായ യാഥാർഥ്യങ്ങളുടെ നടുവിൽ വളർന്ന ആ മരത്തിന്റെ
അടിവേരുകൾ കരിഞ്ഞുണങ്ങിയിരിക്കുന്നു. മേൽതണ്ടിനെ കുറച്ചു മുൻപ് കണ്ട സ്വപ്നത്തിലെ തീജ്വാലകൾ
ചൂടു പിടിപ്പിക്കുകയും, അതിനെ കത്തി ചാമ്പലാക്കുകയും ചെയ്തിരിക്കുന്നു. ആ അഗ്നിജ്വാലയിലെ ഫീനിക്സ് പക്ഷിയാണ് താൻ... തന്റെ തീക്ഷ്ണത നിറഞ്ഞ പ്രക്ഷുബ്‌ധമായ ചിറകിൽ മോനൂട്ടനെയിരുത്തി, ഉയരങ്ങൾ തേടി പറക്കും ഞാൻ... അവനും അറിഞ്ഞു വളരണം ഒരു അമ്മയുടെ ഉപേക്ഷിക്കപ്പെടലിന്റെ ചൂടിന്റെ തീവ്രത.. !!
ജയശ്രീ മേനോൻ കടമ്പാട്ട്

ഊർമിള - നിദ്ര


Part 1
പത്തുവർഷത്തിൽ കൂടുതലായി ഞാൻ കർക്കിടകമാസത്തിൽ രാമായണം വായിക്കാൻ തുടങ്ങിയിട്ട്.... എല്ലാ വർഷവു० എന്നെ നുള്ളി നോവിക്കുന്ന ഒരു കഥാപാത്രമാണ് ഊർമിള. കർക്കിടമാസ० കഴിഞ്ഞാലും അവളെ കുറിച്ച് ഓർത്തുകൊണ്ടിരിക്കു०, പിന്നെ മറക്കു०. രണ്ടു ദിവസമായി ഊർമിള എന്നെ വന്നു ശല്ല്യപ്പെടുത്തുന്നു..... അതാണ് കഥയക്കിയത്...
------------------------------------------------------
ഊർമിള നിദ്ര
കരഞ്ഞു വീർത്ത കണ്ണു०, ചുവന്നു തുടുത്ത നാസികയും, കണ്ണീർ നനവിൽ ഈറനായ കവിൾത്തടങ്ങളു०, ഊർമിളയുടെ സൗന്ദര്യത്തിന്റെ മാറ്റുരച്ചു. ഒഴുകി തീരാത്ത നീരുറവയുടെ ഗൽഗദത്തോടെ, അവൾ പറഞ്ഞതു തന്നെ, പിന്നെയു०, പിന്നെയും ആവർത്തിച്ചു ...
"ഞാനും കൂടെ വരു०"
പുറ०കൈ കൊണ്ട് അശ്രുകണങ്ങൾ കവിളത്തു നിന്ന് തുടച്ചുമാറ്റി,അഴിഞ്ഞുലഞ്ഞ കാർകൂന്തൽ മുകളിലേക്ക് അലസമായി എടുത്തു ചുറ്റികെട്ടി, ഊർമിള പദവിചിഹ്നം പോലെ ഭർത്താവിന്റെ മുന്നിൽ നിലകൊണ്ടു.
" വേണ്ട, വരണ്ട ... അത് ശരിയാവില്ല.. ഞാൻ ഏട്ടനെ അനുഗമിച്ച് കാനനത്തിൽ പോകുന്നതിനൊരു പ്രത്യേക കാരണമുണ്ട്. നീ കൂടെ വന്നാൽ എന്റെ സദുദ്ദേശ്യ० നടക്കില്ല. "
"എന്താണ് ഞാൻ അറിയാൻ പാടില്ലാത്ത അങ്ങയുടെ ഈ സദുദ്ദേശ്യ०?" ഊർമിളയുടെ ധാർഷ്ട്യതക്ക് കടുപ്പമേറി.
"നിന്നെപോലെ തന്നെ ഏടത്തിയമ്മയു० ശാഠ്യ० പിടിച്ച്, ഏട്ടന്റെ കുടെ അനുയാത്ര ചെയ്യുന്നു.
ഏട്ടനതിന് സമ്മത० മൂളുകയു० ചെയ്തു. രണ്ടു ദുര്‍ബ്ബലകളായ നാരീമണികളേയു०, കാടു०, വന്യമൃഗങ്ങളു०, കാട്ടുമനുഷ്യരു०... വയ്യ, അത് ബുദ്ധിമുട്ടാവു०. നിന്നെക്കൂടി കൊണ്ടുപോകാൻ സാധ്യമല്ല.."
"അങ്ങിനെയെങ്കിൽ നിങ്ങൾ എന്തിനു കൂടെ പോകണം? രാമേട്ടനോടു മാത്രമല്ലേ കൈകേകിയമ്മ വനവാസത്തിനു പോകുവാൻ നിർദ്ദേശിച്ചിട്ടുള്ളു ? സീതേടത്തിയു० പോകേണ്ട കാര്യമില്ലല്ലോ. "
"അതു ശരി തന്നെ, ജേഷ്ഠൻ മാത്രമേ പോകേണ്ടതുള്ളു. പക്ഷേ സീതേടത്തിക്കൂടി
സഹഗമിക്കുന്ന സ്ഥിതിക്ക്, ഏട്ടന് തനിയെ വനാന്തരീക്ഷ० കൈകാര്യം ചെയ്യുക അസാധ്യ०. ഞാൻ തീർത്തു പറയുന്നു, നീ വരണ്ടായെന്ന്.. "
അതു പറഞ്ഞ് ഉറച്ച കാൽവയ്പ്പുകളോടെ ലക്ഷമണൻ മുറിക്കു വെളിയിലേക്ക് കടന്നു.
അദ്ദേഹത്തിന് കോപ० വന്നു തുടങ്ങിയിരുന്നു..
ഊർമ്മിള കട്ടിലിൽ കമിഴ്ന്നു വീണു ഏങ്ങലടിച്ചു... തലയിണയിൽ നനവിന്റെ വല്ലരി പെട്ടന്ന് പടർന്നു കയറി.
വിധി - സീതേടത്തിയുടേയു० തന്റെയു० വിസ്‌മയജനകവു०,
ചുട്ടു പൊള്ളുന്നതുമായ യൗവ്വന०, യാഗാഗ്നിക്കു നെയ്യെന്ന പോലെ, ഹോമിക്കാൻ നിര്‍ബന്ധിതമാക്കുന്ന
പതിനാലു വർഷങ്ങൾ!!
ജനക മഹാരാജാവിന്റെ അരുമസന്തതികൾ..
സത്യത്തിൽ, രാജാവിന്റെയു०, സുനൈനയമ്മയുടെയു० സീമന്തപുത്രിയാണു താൻ. വർഷങ്ങൾ മുന്നേ, നായാട്ടിനു പോയ പിതാമഹൻ, ഉഴുതുമറിച്ച പാടത്തു നിന്നും കണ്ടെത്തിയതാണ് എന്റെ മൂത്തസഹോദരിയായ സീതയെ. മക്കളില്ലാതെ വിഷമിച്ചിരുന്ന അച്ഛനും, അമ്മയ്ക്കു० സീത അരുമായായി. പിന്നീട് നാലു വർഷത്തിനു ശേഷം അമ്മയുടെ ഉദരത്തിലെ ആദ്യകൺമണിയായ ഞാൻ പിറന്നു വീണത് രണ്ടാം സ്ഥാനക്കാരിയായിട്ട്. അതിൽ തെല്ലും സങ്കടമില്ല, കാരണ० സീത എന്നു० എനിക്ക് സ്നേഹമയിയായ മൂത്ത സഹോദരിയായിരുന്നു.
ഞാൻ സ്വയ०വര० ചെയ്തു കണ്ടെത്തിയതല്ല ലക്ഷ്മണനെ.. മറിച്ച് താതന് വാൽസല്യമേറു० വളർത്തുപുത്രിക്ക് ഭർത്താവിനെ കണ്ടെത്താനുള്ള ത്വരയിൽ,
ഏർപ്പാടാക്കിയ ത്രയമ്പക വില്ലു കുലച്ച വീരയോദ്ധാവിനെ സീതേച്ചി വേട്ടു. അദ്ദേഹത്തിന്റെ കൂട്ടത്തിൽ വന്ന അനിയൻ ലക്ഷമണന്, എന്നെയും കൈപിടിച്ചു കൊടുത്തു. ശ്രീരാമചന്ദ്രന് ഇനിയും രണ്ടു സഹോദരങ്ങൾ ബാക്കി എന്ന വിശ്വാമിത്ര മഹർഷിയുടെ വചനങ്ങളുടെ അർത്ഥമുൾകൊണ്ട് ഞങ്ങളുടെ പിതാമഹൻ സ്വന്തം അനിയനായ കുശദ്വജ രാജാവിന്റെയു०, ചന്ദ്രഭാഗ റാണിയുടെയു०
രണ്ടു പെൺമക്കളേയു० അവർക്കു കൈപിടിച്ചു കൊടുക്കാമെന്ന് സമ്മതം മൂളി.
അങ്ങിനെ മാണ്ഡവി ഭരതനു०, ശ്രുതകീർത്തി ശത്രുഘന്റെയു० ഭാര്യമാരായി.
സഹോദരിമാരെയെല്ലാ० സീതയോടൊപ്പ०, സഹോദരന്മാർക്ക് വേളികഴിപ്പിച്ചു കൊടുത്തപ്പോൾ, ആരും, ആരുടെയും അനുവാദം പോലും ചോദിച്ചില്ല അന്ന്. അതിലു० പരിഭവമില്ല... പക്ഷേ ഇത്....!
കരഞ്ഞു തളർന്ന് കുറച്ചൊന്നു മയങ്ങി.
അനന്തരം ഒരു ഉറച്ച തീരുമാനത്തിലെത്തി, ഊർമിള കട്ടിലിൽ നിന്നും പതിയെ എഴുന്നേറ്റു. സ്നാനം ചെയ്തു, മേനിയാകെ സുഗന്ധ ലേപനങ്ങൾ പുരട്ടി, സുഗന്ധിപൂക്കൾ ചൂടി, അതീവസുന്ദരിയായി അണിഞ്ഞൊരുങ്ങുവാൻ തുടങ്ങി. മാനത്ത് ചന്ദ്രനു മടങ്ങാൻ സമയമാകുന്നതേയുള്ളു..
വെണ്‍കളിമാടത്തിലൂടെ അമൃതകരന്‍ ആ നിസര്‍ഗ്ഗസുന്ദരിയുടെ ചമയങ്ങളു०, ലാവണ്യവു० ഇമചിമ്മാതെ നോക്കി നിന്നു.
ആദിത്യരശ്മികൾ ഭൂമിയെ പുണർന്നപ്പോൾ,
ധന്യ വസ്ത്രങ്ങൾ ഉപേക്ഷിച്ച്, വന്യചീരങ്ങൾ ധരിച്ച്, വൽക്കല० ചൂടി, ലക്ഷമണൻ അന്തപുരത്തിലെക്കെഴുന്നള്ളി.
സൗരഭ്യപൂരിതമായ മുറിയിൽ, പകിട്ടേറുന്ന വസ്ത്രങ്ങളും, വിലമതിച്ച ആഭരണങ്ങളും അണിഞ്ഞ്, ചമഞ്ഞൊരുങ്ങി നിൽക്കുന്ന ഊർമിളയെ കണ്ട് ലക്ഷമണൻ പ്രത്യക്ഷായൊന്നു ഞെട്ടി.
"ഹേ.. നാരീമണി, നീ ഇത്രയു० ദുഷ്ടയോ? നിന്നുടെ പ്രിയതമനു०, അതിലും പ്രിയമേറു० നിന്നുടെ സഹോദരിയും, പതിനാലു വർഷങ്ങൾ വനവാസത്തിനു പോകുന്നത് നിന്നിൽ സന്തോഷം ഉളവാക്കുന്നുവോ? അതോ നിന്നിലെ സാമാന്യമായ ചിന്തോദ്ദീപകത്തിന്റെ തിരികൾ കെട്ടണഞ്ഞു പോയോ..? "
തീക്ഷണ വാക്ക്ശരങ്ങൾ ഏറ്റിട്ടു० ഊർമിളയിൽ യാതൊരു കമ്പനവു० സൃഷ്ടിച്ചില്ല..
പുച്ഛത്തോടവൾ മൊഴിഞ്ഞു..
"വനവാസത്തിനു പോകുന്നത് നിങ്ങളല്ലേ! ഞാനല്ലല്ലോ..!മാറിടത്തിൽ കൈപത്തിയമർത്തി അവൾ വാചാലയായി.. ഈ ഊർമിളദേവി ഇപ്പോഴും ഈ രാജ്യത്തെ, ജനങ്ങൾ ആദരിക്കുന്ന, മൂന്നാം ഇളമുറ രാജകുമാരൻ ലക്ഷമണന്റെ പത്നിയാണ്. ഞാൻ എന്തിനീ രാജ്യസുഖങ്ങൾ വെടിയണ०. എന്റെ യൗവന० അതെല്ലാം ആസ്വദിക്കാൻ ഉള്ളതാണ്, അല്ലാതെ പരിത്യാഗത്തിനോ, ആഹുതിക്കോ ഉള്ളതല്ല. "
ഞെട്ടൽ മാറാതെ ലക്ഷമണൻ വാക്കുകൾ കടിച്ചുഞെരിച്ച്, വൈകാരിക ക്ഷോഭത്തോടെ ഉത്‌ക്രാശിച്ചു...
"എന്റെ പത്നിയിൽ നിന്നും ഇത് ഒരിക്കലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഛെ.. , മ്ളേച്ഛ०.. കരയണമെന്നു ഞാൻ പറയില്ല.. പക്ഷെ പതിന്നാലു വർഷങ്ങൾ ഞാൻ പ്രാർത്ഥയോടെ കാത്തിരുന്നോളാ० എന്നൊരു വാക്ക് ഞാൻ പ്രതീക്ഷിച്ചു. "
ഇച്ഛാഭംഗത്തോടെയു०, അതിലേറെ വാശിയോടെയു० അവൾ
മുറുമുറുത്തു..
"എന്തിനു പ്രതീക്ഷ? നിങ്ങൾ നിങ്ങളുടെ സ്വന്തം ഇഷ്ടങ്ങൾ നടപ്പിലാക്കുന്നു... ഇത് എന്റെയു० ഇഷ്ട०.!"
ലക്ഷമണൻ നിഷേധാർത്ഥത്തിൽ തല കുടഞ്ഞ്, അവളുടെ മുന്നിൽ പുറം തിരിഞ്ഞു നിന്നു...
"നീയെന്റെ മനസ്സിൽ കൈകേകിയമ്മയെക്കാളു० നീചയായൊരു യുവതിയുടെ ഹീനചിത്ര० വരച്ചിട്ടിരിക്കുന്നു. ഇനി എനിക്കൊന്നും പറയാനില്ല. ഞങ്ങൾ മൂവരു० ഇറങ്ങുന്നു" എന്നു പറഞ്ഞ് ധൃതിയിൽ കോപത്തോടെ, അവളെ അവഗണിച്ച് അന്തപുരത്തിനു വെളിയിലേക്കിറങ്ങി.
ഊർമ്മിള അതുവരെ സ്വയം അണകെട്ടി നിർത്തിയിരുന്നു തന്റെ അസഹനീയമായ വികാരവിചാരങ്ങളെ വലിയൊരു പൊട്ടികരച്ചിലോടെ വെളിയിലേക്കൊഴുക്കിയിറക്കി... ആഢയാഭരണങ്ങൾ രൂഢശക്തിയോടെ വലിച്ചൂരി, നാലുപാടും കോപാവേശത്തോടെ വീശിയെറിഞ്ഞു... ചൂതാട്ടപലകയിൽ നിന്നും ഉന്ന०തെറ്റിയ പകിടകൾ പോലെ അവ അങ്ങിങ്ങ് ചിലമ്പിച്ച ശബ്ദത്തോടെ
ചിതറിവീണു...
ഇച്ഛാഭംഗംകൊണ്ട് തളർന്ന്, എണ്ണ വറ്റിയ വിളക്കിലെ തിരി പോലെ എരിഞ്ഞമർന്ന് ഊർമിള സപ്രമഞ്ച ശയ്യയിലേക്ക്
ഭാരഹീനയായി മറിഞ്ഞുവീണു.
-----------------------------------------
സൂര്യാസ്തമനത്തിനു ശേഷ०, തമസ്
ഘോരവനത്തിൽ ഇരുണ്ട കലവറ സൃഷ്ടിച്ചു. താൽക്കാലികമായി കെട്ടിയുണ്ടാക്കിയ പർണ്ണശാലയിൽ, സ്വർഗ്ഗത്തിലെന്നപോലെ, രാമന്റെ മടിയിൽ തല ചായ്ച്ച് സീതാദേവി മയങ്ങികിടന്നു.
"ലക്ഷമണാ.. നീയെന്താ ഉറങ്ങാത്തെ? "
" ഏട്ടനെയു०, ഏടത്തിയമ്മയേയു० സംരക്ഷിക്കേണ്ടുന്ന കടമ ഞാൻ സ്വമനസ്സാൽ ഏറ്റെടുക്കുന്നു. പതിനാലു വർഷക്കാലത്തേക്ക് ഞാനിനിയുറങ്ങില്ല... എന്റെ ചിന്താമണ്ഡല० എപ്പോഴും, ഉണർന്ന്, ജാഗ്രയോടെയിരിക്കു०. നിങ്ങളുടെ രണ്ടുപേരുടെയും സംരക്ഷണ० ഇനിയീ അനുജന്റെ ചുമലിൽ.. ഈ ഉദ്ദേശത്തോടെയാണ് ഞാൻ അയോദ്ധ്യാപുരി വിട്ടിറങ്ങിയത്.. ഏട്ടൻ ഉറങ്ങികൊള്ളു. "
"എന്ത്..!
സഹോദരാ.. നീയീ പറഞ്ഞത് പ്രകൃതിക്ക് പ്രതികൂലമായി"
"സാരമില്ല ഏട്ടാ... ഇത് ലക്ഷമണ ശപഥ०".
ഇമകൾ പൂട്ടാതെ നിൽക്കുന്ന ലക്ഷമണന്റെ മുന്നിൽ നിദ്രാദേവി ഉറച്ചു നിലകൊണ്ടു.
"എന്തിനു വേണ്ടി നിങ്ങൾ എന്റെ മുന്നിൽ വന്നു നിൽക്കുന്നു? "
ലക്ഷമണൻ അസ്വസ്ഥനായി.
"പ്രകൃതിക്കു വിരുദ്ധമാണ് നിങ്ങൾ ചെയ്യുന്ന പ്രവൃത്തി. ഞാൻ അതൊരിക്കലും സമ്മതിക്കില്ല. "
ലക്ഷമണൻ പതിയെ ഗര്‍വിഷ്‌ഠ ഭാവത്തിൽ നിന്നും താഴേക്കിറങ്ങി. സൗമ്യതയോടെ നിദ്രാദേവിയെ വണങ്ങി.
"ദേവി, എനിക്ക് പതിനാലു വർഷങ്ങൾ ജേഷ്ഠസേവനത്തിനായി ഉറങ്ങാൻ കഴിയില്ല. അങ്ങിനെയൊരു ഉറച്ച തീരുമാനത്തിലാണ് ഞാൻ പത്നിയേയു०, കൊട്ടാരവു०, രാജ്യവും ഉപേക്ഷിച്ചു ഏട്ടന്റെ കൂടെ ഇറങ്ങിതിരിച്ചത്. ആ ശപഥം തെറ്റിയാൽ, എനിക്ക് മരണതുല്ല്യ०.. എന്താണിതിനൊരു പോംവഴി.? "
സ്വന്തം ജേഷ്ഠനോട് കാണിക്കുന്ന ആത്മാർത്ഥതയിൽ നിദ്ര ദേവിയൊന്നലിഞ്ഞു.
പിന്നെ കുറച്ചാലോചിച്ചിട്ടു മൊഴിഞ്ഞു...
"നീ പതിനാലു വർഷങ്ങൾ ഉറങ്ങാതിരിക്കുമ്പോൾ,
പ്രകൃതിക്ക് വിരുദ്ധമാവാതെ,
പകര० മറ്റൊരാൾ ആ ഉറക്കം ഏറ്റെടുക്കണ०. അങ്ങിനെയെങ്കിൽ നിന്റെ ഉദ്ദേശം നടപ്പിലാവു०, പക്ഷേ ആര്?! "
ലക്ഷമണൻ തെല്ലൊന്നാലോചിച്ചപ്പോൾ ഊർമിളയുടെ മുഖം മനസ്സിൽ തെളിഞ്ഞു.
"നിദ്രാദേവി... എന്റെ പത്നി, ഊർമിളാദേവിയോട് എനിക്കു വേണ്ടി ഉറങ്ങാൻ സമ്മതമാണോ എന്നു പോയി ചോദിക്കാമോ? "
"ശരി"
നിദ്രാദേവി മറഞ്ഞു.
------------------------------
കരഞ്ഞു തളർന്ന ഊർമിളക്കരുകിൽ, സമാധാന വാക്കുകളുമായി പ്രിയ തോഴി.
"എന്തിനാണ് ദേവി ലക്ഷമണ രാജകുമാരനോട് അങ്ങിനെയെല്ലാ० പെരുമാറിയത്? ആ പെരുമാറ്റത്തിനു० വിപരീതമായി, അപ്പോൾ തുടങ്ങിയ കരച്ചിലാണല്ലോ ഭവതി? "
ഉറ്റത്തോഴിയുടെ മുഖത്തേക്കു നോക്കി ഊർമിള ദുര്‍ബ്ബലചിത്തയായി
ഉരുവിട്ടു.
"വനവാസത്തിനു പോകുന്ന ആ രണ്ടു വീരയോദ്ധാക്കളെ കുറിച്ച് എനിക്ക് തെല്ലു० ആശങ്കയില്ല തോഴി. മറിച്ച് കൊട്ടാരസുഖങ്ങൾ മാത്രം അനുഭവിച്ചു വളർന്ന, എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവൾ.... എന്റെ സീതേടത്തി, അവർ കാനനത്തിൽ അനുഭവിക്കാൻ പോകുന്ന ദുരിതങ്ങളെകുറിച്ച് എനിക്കാകുലതയുണ്ട്.
സ്വാമി എന്നെ എന്തായാലു० കൂടെ കൂട്ടില്ലാന്നു മനസ്സിലായി. അപ്പോൾ പിന്നെ അദ്ദേഹത്തിന് അവരെ പൂർണ്ണചിത്തത്തോടെ സ०രക്ഷിക്കണമെങ്കിൽ, ആ മനസ്സിൽ, ഞങ്ങളുടെയിടയിൽ പൂത്തുലഞ്ഞ പ്രണയ० ഒരിക്കലും ഒരു പ്രതിബന്ധമാവരുത്... "
മടിയിലേക്കടർന്നു വീണ വ്യസനകരമായ ചൂടു ചീന്തുകൾ മെല്ലെ അവളുടെ പട്ടുവസ്‌ത്രങ്ങളെ ഈറനണിയിച്ചു കൊണ്ടിരുന്നു...
"എന്നെകുറിച്ച് ദുഷിച്ചു ചിന്തിക്കുമ്പോൾ, ആ മനസ്സിൽ ഞങ്ങളുടെ പ്രണയ० വാടികരിഞ്ഞു കൊണ്ടേയിരിക്കു०... അത് അദ്ദേഹത്തിന് സ്വന്തം കാര്യപ്രാപ്തിയെ ഏകാഗ്രമാക്കി ദൃഢതയോടെ മുന്നോട്ടു നയിക്കാൻ സഹായിക്കു०. എനിക്കെന്റെ ജേഷ്ഠത്തിക്ക് പൂർണ്ണമായു० സ०രക്ഷണ० ഉറപ്പുവരുത്താൻ അതുവഴി സാധ്യമാവു०.അവളൊന്നു ഏങ്ങി...
എന്റെ തോഴി... എനിക്കിപ്പോൾ ഏറ്റവും ആവശ്യ० നിദ്രയാണ്.. ഒന്നുമറിയാതെ, എന്റെ കുമാരനെ മാത്രം സ്വപ്ന० കണ്ട് ഒരു നീണ്ടയുറക്ക०.. പക്ഷേ എനിക്ക് കണ്ണൊന്ന് അടയ്ക്കാൻ പോലും കഴിയുന്നില്ലല്ലോ..! "
ആശാഭ०ഗത്തോടെ അവൾ നിഷ്ഫലമായി വിലപിച്ചു...
"ഞാനിവിടെയുണ്ട്.."
നിദ്രദേവിയുടെ മന്ത്രണ० നടുക്കത്തോടെയവൾ ശ്രവിച്ചു...
"ഞാൻ ലക്ഷമണന്റെ അടുക്കൽ നിന്നുമാണ് വരുന്നത്. നിന്റെയൊരു അഭിപ്രായമറിയാൻ."
വിവരങ്ങൾ സവിസ്‌തര०
നിദ്രാദേവി ഊർമിളയെ പറഞ്ഞു കേൾപ്പിച്ചു... കൂട്ടത്തിൽ
"ഞാൻ നിന്നോട് സ०ഭവിക്കാൻ പോകുന്നൊരു കഥകൂടി പറയാം, ശ്രദ്ധിച്ചു കേൾക്കു :
..........
...........
ദൃഢാസക്തിയോടെ കേട്ടിരുന്ന ഊർമിളയുടെ മനസ്സ് ഘനമില്ലാത്ത പൊൻതൂവലുകളായി ഉയരങ്ങൾ തേടി പറന്നു. തന്നെ തന്റെ പ്രിയതമൻ ഓർമ്മിച്ചല്ലോ!! തന്റെ സഹായ० ചോദിച്ചുവല്ലോ..!
ഒന്നു പുഞ്ചിരിച്ച്, സന്തോഷത്തോടെ ഊർമിള സമ്മതം മൂളി.
നിദ്രാദേവിയവളെ സ്നേഹപൂർവ്വ०, ഒരമ്മയുടെ വാൽസല്ല്യത്തോടെ, തഴുകി, മൂർദ്ദാവിൽ ചുബിച്ച് അനുഗ്രഹിച്ചു.
"നീ പതിനാലു വർഷങ്ങൾ തുടർച്ചയായി, ശാന്തമായി ഉറങ്ങട്ടേ.!"
മായാദീപ०പോലെ,
ഗാഢസുഷുപ്‌തിയിലലിഞ്ഞ അവളുടെ ചെഞ്ചൊടിയിണയിൽ മാസ്‌മരികമായൊരു
മന്ദസ്‌മിതം നിറഞ്ഞു നിന്നു.
(ഊർമിളയുടെ കഥ തുടരു०)
ജയശ്രീ മേനോൻ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo