നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ജ്വാലാമുഖികൾ

Image may contain: Jayasree Menon, smiling, standing and outdoor
പ്രളയം - നാലുപാടും അഗ്നിപ്രളയം. തീനാമ്പുകൾ അത്യാർത്തിയോടെ തെരുവോരങ്ങളെ നക്കിതുടച്ചു.
അനുരാഗവിവശതയിൽ,
അരുണാഭമായ അവൾ - അഗ്നിദേവത, ചുട്ടുപ്പൊള്ളുന്ന തന്റെ ഉഗ്രകരങ്ങൾ കൊണ്ട്,
അന്തഃപുരങ്ങളെയും,
ഈറ്റില്ലങ്ങളെയും, സൗധങ്ങളെയും ഇറുക്കിയിറുക്കി പുണർന്ന് തന്റെ അനുരാഗചേഷ്ടകൾ
കൂടുതൽ ഊർജ്ജത്തിൽ പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു.
ശോണവര്ണ്ണത്തിലെ അവളുടെ പട്ടുടയാട അഴിഞ്ഞുലഞ്ഞ് കാറ്റത്ത് പാറിക്കളിച്ചു. നീലിമ
പിംഗലവര്ണ്ണത്തിൽ ലയിച്ച്, രക്തവര്ണ്ണത്തോട് ചേർന്നിരുന്ന് മേഘങ്ങൾക്ക് ചാര നിറം പൂശി രസിച്ചു...
ഞെട്ടലോടെ ശാരിക തിരിച്ചറിഞ്ഞു, സ്വന്തം ദേഹത്തു നിന്നാണ് ഇക്കണ്ട അഗ്നി മുഴുവൻ ഉത്ഭവിച്ചതെന്ന്.. എന്നിട്ട് താൻ എന്തുകൊണ്ട് വെന്ത് വെണ്ണീറാവുന്നില്ല. ഭീതിയോടെ അവൾ അലറിവിളിച്ചു... പക്ഷേ ചുറ്റുപാടുമുള്ള അഗ്നിയുടെ ആധിക്യത്തിൽ, അവളുടെ കരച്ചിൽ വെന്തുരുകിയൊലിച്ചു.
പിന്നെയും പിന്നെയും അവൾ അലറി നിലവിളിച്ചു കൊണ്ടേയിരുന്നു..
വല്ലാത്തൊരു അലർച്ചയോടെയാണ് ശാരിക ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്.
പക്ഷെ കട്ടിലിൽ നിന്നും
പിടഞ്ഞെഴുന്നേറ്റ്, സ്ഥലകാല ബോധത്തിലേക്ക് കണ്ണു തുറന്ന് ചുറ്റും നോക്കിയപ്പോൾ മനസ്സിലായി തന്റെ അലർച്ച വെളിയിൽ വന്നിട്ടില്ലായെന്ന്. വന്നിരുന്നുവെങ്കിൽ, മോനൂട്ടൻ ഇത്രയും ശാന്തനായ് ഉറക്കം തുടരില്ലായിരുന്നു. ചുറ്റോടുചുറ്റം അഗ്നിയാണ് സ്വപ്നം കണ്ടത്.. വെന്തു വെണ്ണീറാവുന്ന സൗധങ്ങളും, തെരുവോരങ്ങളും. അതിന്റെ നടുവിലേക്ക് ഉറച്ച കാൽവയ്പ്പോടെ നടന്നു കയറുന്ന താനും. വല്ലാതെ ഭീതിപ്പെടുത്തുന്ന എന്തോ ഒന്ന് ആ സ്വപ്നത്തിലുണ്ടെന്ന് ശാരികക്ക് തോന്നി. തന്റെ വായനാലോകത്തേയ്ക്കു കയറി വന്ന, തമിഴ് മഹാകാവ്യമാണ് ഇങ്ങിനെയൊരു സ്വപ്നത്തിനു കാരണമെന്ന് അവൾ ഊഹിച്ചു. തന്റെ ജീവിതവുമായി ഒരുപാട് സാമ്യതകളുള്ള മഹാകാവ്യം. ഇതുവരെയുള്ള ജീവിതം കൃത്യമാണ്. ഇനിയങ്ങോട്ട് അവസാനവും അങ്ങിനെ തന്നെയാവുമോ ഈശ്വരാ? !!
ഉറക്കം അവളുടെ മിഴികളോട് യാത്ര പറഞ്ഞു പോയിരുന്നു. സമയം രാത്രി രണ്ടര. രാത്രി രണ്ടരയെന്നോ, പകലെന്നോ എന്താണ് പറയേണ്ടത്? തെല്ല് വിഭ്രാന്തിയിൽ ശാരിക പതിയെ എഴുന്നേറ്റ് അടുത്ത മുറിയിലേക്ക് നടന്നു.. ലൈറ്റും, ഫാനും ഓൺ ചെയ്ത് മേശക്കരികിലെ കസേരയിൽ പോയിരുന്നു. മേശപ്പുറത്തിരുന്ന, തലേന്ന് രാത്രി വായിച്ചവസാനിപ്പിച്ച പുസ്തകത്തിന്റെ താളുകൾ അവൾ അലസമായി മറിച്ചു നോക്കി. രണ്ടു ദിവസമായിട്ട് വായിച്ചു കൊണ്ടിരുന്ന കഥയിലേക്ക് മനസ്സ് ചാഞ്ഞു.. ഇളങ്കോ അടിഗളുടെ സിലപ്പതികാരം എന്ന മഹാകാവ്യം തന്റെയുള്ളിൽ വല്ലാത്തൊരു വേലിയേറ്റം സൃഷ്ടിച്ചിരിക്കുന്നു.
കണ്ട സ്വപ്നം ഇപ്പോഴും മുന്നിൽ തീജ്വാലകൾ തുപ്പുന്നുണ്ട്. കണ്ണകി ശാരികയായിട്ട് പുനർജ്ജനിച്ചുവോ?
തന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതും, കണ്ണകി അനുഭവിച്ചു തീർത്തതും രണ്ടും ഒന്ന് തന്നെയല്ലേ?
പ്രസിദ്ധനായൊരു വ്യാപാരിയും, കപ്പിത്താനുമായിരുന്ന മനയകന്റെ മകളായിരുന്നു കണ്ണകി. പൂംപുഹാറിലെ സമുദ്രവും നദിയും ചേരുന്ന ഇടത്തിൽ ജനിച്ചു വളർന്ന, നദീമുഖത്തിൽ, മധുരമൂറുന്ന നല്ലൊരു ശൈശവത്തിലൂടെ കടന്നു പോയ
കണ്ണകിയെ കോവലൻ വിവാഹം കഴിക്കുന്നതോടെ അവളുടെ പിന്നിട്ട നല്ല ബാല്യകാലനാളുകൾ അഴിമുഖത്തിലെ വമ്പൻ തിരമാലകൾ വന്ന് ഉൾക്കടലിലേക്ക് വലിച്ചു കൊണ്ടു പോയി...
കോവലൻ മറ്റൊരു സമ്പന്നനായ കടൽ വ്യാപാരി മക്കാട്ടുവന്റെ മകനായിരുന്നു. കടൽ ദേവത മണിമേഖല ആയിരുന്നു അവരുടെ കുടുംബത്തിലെ ആരാധനാ മൂര്ത്തിയും ആശ്രയദാതാവും. അതുകൊണ്ട് തന്നെ ധനം ആ കുടുംബത്തിൽ കുമിഞ്ഞു കൂടിയിരുന്നു, കൂട്ടത്തിൽ അഹങ്കാരവും. മക്കാട്ടുവന്റെ ധാര്ഷ്‌ട്യത്തിന്റെ
പിന്ഗാമിയായിരുന്നു മകനായ കോവലൻ. പിതാവ് ധന സമ്പാദനത്തിന്റെ പുറകെ വിജയിച്ചു നീങ്ങുമ്പോൾ, മകൻ ധനം എങ്ങിനെ ധൂർത്തടിക്കാം എന്നതിൽ പര്യന്വേഷണം നടത്തി പോന്നു. അതായിരുന്നു അച്ഛനും, മകനും തമ്മിലുള്ള പ്രധാന വ്യത്യാസം. പ്രണയം, ഒരാളിൽ ഒതുക്കാൻ മാത്രമുള്ള മനസ്സ് കോവലനുണ്ടായിരുന്നില്ല. സ്നേഹമയിയായിരുന്ന തന്റെ കളത്രത്തെ മറന്ന്, നർത്തകിയും, സൗന്ദര്യറാണിയുമായിരുന്ന മാധവിയുടെ അഴകിനു പിന്നാലെ അയാൾ പാഞ്ഞു. തന്റെ സമ്പത്തെല്ലാം, മാധവിക്കും, അവളുടെ അമ്മയ്ക്കും വേണ്ടി ധൂർത്തടിച്ചു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ധൂർത്തടിക്കപ്പെട്ടു എന്നതാവും ശരി. മാധവിക്കൊരു പെൺകുഞ്ഞിനേയും നൽകി, അവൾക്ക് തന്റെ കുടുംബ ദേവതയുടെ, മണിമേഖല എന്ന പേരും നൽകി, പരാജിതനായി,
കണ്ണകിയിലേക്ക് തന്നെ അയാൾ മടങ്ങുന്നു.
ശാരിക പുസ്തക ചിന്തയിൽ നിന്നും തന്റെ സ്വകാര്യതയിലേക്ക് മടങ്ങി വന്നു. തന്റെ അച്ഛൻ കാർപെറ്റ് കയറ്റുമതി വ്യവസായത്തിൽ മുൻപന്തിയിൽ നിൽക്കുന്നയാളാണ്.
വ്യവസായം ചെയ്യുന്നവർക്ക്,
വ്യാപാരസംബന്ധമായ കുടംബത്തിലെ ആള് തന്നെ മതിയെന്ന അച്ഛന്റെ പിടിവാശിക്കാണ്, രാജേട്ടനെ തന്റെ പ്രതിശ്രുതവരനായി തിരഞ്ഞെടുത്തത്.. അവിടെ സ്വന്തം മകളുടെ ഇഷ്ടങ്ങൾക്കോ, അനിഷ്ടങ്ങൾക്കോ സ്ഥാനമുണ്ടായിരുന്നില്ല. അങ്ങിനെ വല്ലതും ഉണ്ടോയെന്ന് തരിമ്പും അന്വേഷിച്ചില്ല എന്നതാണ് സത്യം. എന്നിട്ടും കല്യാണം കഴിഞ്ഞ നാളുകളിൽ താനും, രാജേട്ടനും തീവ്രപ്രണയത്തിലായിരുന്നു. അതിന്റെ സമ്മാനമായി തനിക്കു കിട്ടിയ പൊന്നോമനയാണ് മോനൂട്ടൻ. മോനൂട്ടൻ ഉണ്ടായ ശേഷം, കാലക്രമേണ, ജോലി സംബന്ധമായി യാത്രകൾ ചെയ്തിരുന്ന അയാളിലെ പ്രേമഭിക്ഷു വഴികൾ എവിടെയൊക്കെയോ മാറി സഞ്ചരിക്കാൻ തുടങ്ങി.
ഒരിക്കൽ ബിസിനസ്‌ ആവശ്യത്തിനായി മസ്കറ്റിൽ പോയ രാജേട്ടന്റെ കണ്ണുകൾ പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയലഞ്ഞു. നാട്ടിൽ തിരിച്ചു വന്നെങ്കിലും, അവിടെതന്നെ സ്ഥിരപ്പെടുത്താൻ പദ്ധതിയിട്ടത് എന്തിന്റെ പേരിലായിരുന്നു എന്ന് പിന്നീടാണ് ശാരിക അറിയുന്നത്.
അയാളെയും കാത്തു ജീവിതം മുന്നോട്ടു നീക്കുമ്പോഴായിരുന്നു വെള്ളിടി പോലെ ആ വാർത്ത ശാരികയെ വരിഞ്ഞു മുറുക്കിയത്. രാജൻ മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലാണെന്നും, അവളോടൊപ്പമാണ് മസ്കറ്റിൽ താമസമെന്നും.. ആലപ്പുഴക്കാരി ലിസിയെ മായിക വലയത്തിൽ കുടുക്കി, ഒപ്പം കൂട്ടിയ രാജേട്ടനെ കുറിച്ച്, അവധിക്കു നാട്ടിൽ വന്ന അദ്ദേഹത്തിന്റെ പ്രിയമിത്രം തന്നെയാണ് കാര്യങ്ങൾ വിസ്തരിച്ചു പറഞ്ഞു തന്നത്.
ഇനിയെന്ത് എന്ന ചോദ്യശരത്തിനു മുന്നിൽ തല കുനിക്കാൻ കൂട്ടാക്കാതെ, ശാരിക ദ്രുതഗതിയിൽ ജോലി അന്വേഷണം ആരംഭിച്ചു. വീട്ടിൽ ഒന്നും അറിയിക്കാൻ തോന്നിയില്ല. പറയാതിരിക്കുന്നത് വലിയ തെറ്റാണെന്ന് അവൾക്കറിയാം. അവരെ വിഷമിപ്പിക്കണ്ട എന്ന ചിന്ത ഒരു വശത്തും, ഇനിയെല്ലാവരും അറിഞ്ഞ് രണ്ടു പേരെയും തമ്മിൽ ഇണക്കി ചേർക്കേണ്ടതില്ല എന്നുള്ള ചിന്ത മറുവശത്തും. ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും. അതു എനിക്ക് വേണ്ട. ജീവിതത്തിലെ ഈ വെല്ലുവിളി താൻ സ്വീകരിച്ചിരിക്കുന്നു. വാശിയാണ് തന്നെക്കൊണ്ടത് ചെയ്യിപ്പിക്കുന്നതെന്ന് അറിയാതെയല്ല.
ആറു വയസ്സുകാരൻ മോനൂട്ടനെ നെഞ്ചോടടുക്കിപ്പിടിച്ചിരിക്കുമ്പോൾ എവിടെ നിന്നെന്നെറിയാത്ത
സകാരാത്മകമായൊരു
ഊർജ്ജം തന്നിൽ വന്നു നിറയുന്നത് ശാരിക തിരിച്ചറിയുന്നുണ്ടായിരുന്നു. അതു തന്നെയാണ് ജോലിയന്വേഷണത്തിന്റെ മുഖ്യഹേതുവും. ഇനി ഒരിക്കൽ പോലും ആ മനുഷ്യനെ കുറിച്ചോർത്തു ദുഃഖിക്കരുതെന്ന് കരുതുമെങ്കിലും, തന്റെ സ്വകാര്യതയിൽ മനസ്സു കലങ്ങി മറിഞ്ഞൊഴുകാറുണ്ട്.
ഫാനിന്റെ കിതപ്പിൽ പുസ്തകത്താളുകൾ മറിഞ്ഞപ്പോൾ, ശാരിക വീണ്ടും കണ്ണകിയിലേക്കു തിരിച്ചു വന്നു.
സമ്പത്തെല്ലാം നഷ്ടപ്പെടുത്തി, മറ്റൊരു സ്ത്രീയുടെ ചൂരും, ശ്വാസനിശ്വാസങ്ങളും ഏറ്റു വാങ്ങി, തിരിച്ചെത്തിയ കോവലനെ, കണ്ണകി
എങ്ങിനെ പൂർണ്ണ മനസ്സിൽ സ്വീകരിച്ചു എന്ന് ശാരിക അത്ഭുതപ്പെട്ടു. തനിക്കു രാജേട്ടനെ ഇനി സ്വീകരിക്കാൻ കഴിയുമെന്ന് തോന്നുന്നതേയില്ല. കണ്ണകിയോ -
തിരികെ വന്ന ഭർത്താവിന്, പുതിയ വല്ല കച്ചവടവും തുടങ്ങാനായിട്ട്, തന്റെ വിലകൂടിയ മാണിക്യക്കല്ലുകൾ
നിറച്ച കനകചിലമ്പിൽ ഒന്ന് നൽകി, എവിടെയെങ്കിലും കൊണ്ടുപോയി വിറ്റ് പൈസയുണ്ടാക്കികൊള്ളാൻ പറഞ്ഞു വിടുന്നു. ആ ചിലമ്പ് വിൽക്കുവാൻ ശ്രമിക്കുമ്പോൾ, രാജകിങ്കരന്മാർ പിടികൂടുകയും, മധുരൈയിലെ പാണ്ഡ്യ മഹാരാജാവ് തന്റെ രാജ്ഞിയുടെ മോഷണം പോയ ചിലമ്പാണതെന്നും പറഞ്ഞ്, കുറ്റം ചുമത്തി, കോവലനെ തല വെട്ടി
കൊലപ്പെടുത്തുന്നു. ഇതറിഞ്ഞ കണ്ണകി, ദുഃഖവും, ക്രോധവും അടക്കാതെ, തന്റെ മറുകാലിലെ ചിലമ്പ്, രാജസന്നിധിയിൽ എറിഞ്ഞുടയ്ക്കുകയും, അതിൽ നിന്നും ചിതറി തെറിച്ചു വീണ മാണിക്യക്കല്ലുകൾ കണ്ട്, സംഭ്രമം പൂണ്ട മഹാരാജാവ് തന്റെ രാജ്ഞിയുടെ ചിലമ്പിൽ കേവലം മുത്തുകളാണെന്ന തിരിച്ചറിവിൽ, കുറ്റബോധത്താൽ നീറിപിടഞ്ഞു മരിച്ചു വീഴുകയും ചെയ്തുവെന്ന് മഹാകാവ്യത്തിൽ ഉദ്ധരിക്കുന്നു. അദ്ദേഹത്തിന്റെ മരണത്തിനു പിറകെ മഹാരാജ്ഞിയും രോഗബാധിതയായി മരണപ്പെടുന്നു.
പാതിവ്രത്യത്തിന്റെ അവതാര മൂർത്തിയായ കണ്ണകി, കഥാന്ത്യത്തിൽ ഉഗ്രകോപത്തിൽ നിന്നും ഉത്ഭവിക്കുന്ന, രോക്ഷാഗ്നിയിൽ വെന്തുരുകിയ തീജ്വാലയായി മാറുന്നു. എന്നിട്ട് മധുരൈ നഗരം തന്റെ ശാപജ്വാലയിൽ ചുട്ടെരിക്കുന്നു. എന്നിട്ടും കലിയടങ്ങാത്ത കണ്ണകിയെ മീനാക്ഷി ദേവി സാന്ത്വനപ്പെടുത്തി,
പിന്നീട് അവൾ മോക്ഷ പ്രാപ്തിയടഞ്ഞുവെന്ന് പറഞ്ഞു
കൊണ്ട് ഇളങ്കോ അടികൾ മഹാകാവ്യം അവസാനിപ്പിക്കുന്നു.
തന്റെ സ്വപ്നത്തിലെ തീജ്വാലകളുടെ ചൂട് ശാരികയുടെ ദേഹം വീണ്ടും പൊള്ളിച്ചു തുടങ്ങി.. അവൾ എഴുന്നേറ്റ്, ഫാനിന്റെ വേഗത കൂട്ടിയിട്ട്, ലൈറ്റ് അണച്ച്, തിരികെ കസേരയിൽ വന്നിരുന്നു. ഇടംകൈ മുന്നിലേക്ക്‌ നീട്ടി, വലംകൈ ഇടത്തേക്ക് പിണച്ച്, മുഖം അതിലണച്ചുവച്ച് ശാരിക വിതുമ്പി.
ആലോചിച്ചുറപ്പിച്ചൊരു പരിണയം. ഇരുവരും തമ്മിൽ തമ്മിൽ മനസ്സിലാക്കുന്നത്
ദൃഢസംയോഗത്തിനു ശേഷം മാത്രം. പുസ്തകങ്ങളുടെ കടുത്ത ആരാധികയായിരുന്നു ശാരിക... പക്ഷെ രാജൻ, ജീവതം എവിടേയും, എപ്പോഴും ആസ്വദിക്കുക എന്ന തത്വത്തിൽ വിശ്വസിച്ചു മുന്നേറുന്നൊരു വ്യക്തിയും. തന്നോടുള്ള അയാളുടെ അഭിനിവേശം എന്ന്, എപ്പോൾ കെട്ടടങ്ങിയെന്ന് മനസ്സിലാവുന്നില്ല.
ഇനി, ഈ പുതിയ സ്നേഹബന്ധത്തിന്റെ ഹൃദ്യത നഷ്ടപ്പെടുമ്പോൾ
അയാൾ എന്നിലേക്കു തന്നെ തിരിച്ചു എത്തുമോ??
ശാരികയുടെ മടക്കി വച്ചിട്ടുള്ള വലംകൈയിലേക്ക് ഒന്ന് രണ്ടു ചൂട് അശ്രുകണങ്ങൾ അടർന്നു വീണു. തന്റെ കണ്ണുനീരിന്റെ കാഠിന്യം അവൾക്ക് കൈത്തണ്ടയിൽ അനുഭവപ്പെട്ടു. കുറച്ചു കഴിഞ്ഞപ്പോൾ അതൊരു ധാരയായി മാറി, അത് അവളുടെ കൈകളെയും, മേശപ്പുറവും, പൊള്ളിച്ച് നനച്ചു കൊണ്ടിരുന്നു.
ഉള്ളുരുകി ഒഴുകുമ്പോഴും, അവൾ മനസ്സിനെ ശാസിച്ചു. ഇല്ലാ... താൻ കണ്ണകിയല്ല, തനിക്കയാളോട് ഒരിക്കലും പൊറുക്കാൻ കഴിയില്ല.
കഥയിലെ കണ്ണകിക്ക് ഇല്ലാതിരുന്ന ഒന്ന് എനിക്കുണ്ട്.. ഒരു കുഞ്ഞ്. അവനെ ഞാൻ പഠിപ്പിച്ചു നല്ലൊരു മനുഷ്യനാക്കും... ശരിയും, തെറ്റുകളും തിരിച്ചറിയുന്ന, ജീവിത മൂല്യങ്ങളുടെ മാഹാത്മ്യം മനസ്സിലാക്കുന്ന നല്ലൊരു മനുഷ്യൻ.
മനസ്സിൽ ഒരാവർത്തി കൂടി അടിവരയിട്ട്, ശാരിക വാക്കുകൾ ഉരുവിട്ടു കൊണ്ടിരുന്നു... കണ്ണകിയുടെ അത്രയും ക്ഷമ എനിക്കില്ല. തന്റെ ഭർതൃ സ്നേഹത്തിന്റെ വാടിയ പൂമരത്തിന് വെള്ളം പകർന്നിട്ടും ഇനി കാര്യമില്ല. തീക്ഷ്ണമായ യാഥാർഥ്യങ്ങളുടെ നടുവിൽ വളർന്ന ആ മരത്തിന്റെ
അടിവേരുകൾ കരിഞ്ഞുണങ്ങിയിരിക്കുന്നു. മേൽതണ്ടിനെ കുറച്ചു മുൻപ് കണ്ട സ്വപ്നത്തിലെ തീജ്വാലകൾ
ചൂടു പിടിപ്പിക്കുകയും, അതിനെ കത്തി ചാമ്പലാക്കുകയും ചെയ്തിരിക്കുന്നു. ആ അഗ്നിജ്വാലയിലെ ഫീനിക്സ് പക്ഷിയാണ് താൻ... തന്റെ തീക്ഷ്ണത നിറഞ്ഞ പ്രക്ഷുബ്‌ധമായ ചിറകിൽ മോനൂട്ടനെയിരുത്തി, ഉയരങ്ങൾ തേടി പറക്കും ഞാൻ... അവനും അറിഞ്ഞു വളരണം ഒരു അമ്മയുടെ ഉപേക്ഷിക്കപ്പെടലിന്റെ ചൂടിന്റെ തീവ്രത.. !!
ജയശ്രീ മേനോൻ കടമ്പാട്ട്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot