Slider

ഹ്യദയം കൊണ്ടെഴുതിയ കത്തുകൾ

0
Image may contain: Giri B Warrier, beard and outdoor
(ഓർമ്മക്കുറിപ്പ് | ഗിരി ബി. വാരിയർ )
*****
എൺപത്തിയെട്ടിൽ ആണ് നാട് വിടുന്നത്. ചേച്ചിയുടെ മകനെ നോക്കാൻ നിന്നേക്കാൾ നല്ലൊരാളില്ല എന്ന് പറഞ്ഞു് അമ്മ പതപ്പിച്ച സോപ്പിൽ എന്റെ മനസ്സിലെ "ഒരിക്കലും നാടുവിടില്ല" എന്ന തീരുമാനത്തെ മഞ്ജു വാരിയർ പരസ്യത്തിൽ പറയുന്നതുപോലെ "അലിയിച്ചുകളഞ്ഞു". അങ്ങിനെ ബോംബെയ്ക്ക് അടുത്ത് ഡോംബിവിലി എന്ന സ്ഥലത്തേക്ക് പറിച്ചുനട്ടു.
അവിടെയെത്തി രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ചതി പുറത്തുവന്നത്. ഒരു ദിവസം നേരം പരപരാ വെളുക്കുമ്പോൾ, അമ്പലക്കുളത്തിൽ കൂട്ടുകാരൊത്ത് ചാടിക്കുളിക്കുന്നതും മറ്റും സ്വപ്നം കണ്ട് ബാങ്കിൽ ഇട്ട ഫിക്സഡ് ഡെപ്പോസിറ്റ് പോലെ ചുരുണ്ടുകൂടി കിടക്കുമ്പോൾ, കയ്യിലുള്ള വെള്ളം എന്റെ മുഖത്തേയ്ക്ക് തളിച്ചുകൊണ്ട് ചേച്ചി വന്ന് വിളിച്ചെഴുന്നേൽപ്പിച്ചു. അളിയൻ നല്ല മസാലയൊക്കെ ചേർത്ത് മോടി പിടിപ്പിച്ച എന്റെ ഒരു ബയോഡേറ്റ കൈയ്യിൽ തന്നു, കൂടെ ഏതോ ഒരു മലയാളിയുടെ അഡ്രസ്സും, എന്നിട്ട് ഒന്ന് പോയി കണ്ടോളാൻ പറഞ്ഞു.
അതൊരു ഇന്റർവ്യൂ ആയിരുന്നുവെന്ന് അവിടെ എത്തിയപ്പോൾ ആണ് മനസ്സിലായത്. മമ്മുട്ടിയും മോഹൻലാലും ഒന്നുമല്ലായിരുന്ന എന്നെ വെറുതെ കാണാൻ വിളിക്കുന്നതാവില്ല എന്ന തിരിച്ചറിവ് പിന്നീടാണുണ്ടായത്. അങ്ങിനെ വിശ്വവിഖ്യാതമായ റീഡേഴ്സ് ഡൈജസ്റ്റിന്റെ (READERS' DIGEST) ബല്ലാർഡ് എസ്റ്റേറ്റിൽ ഉള്ള ഓഫീസിൽ താത്കാലികാടിസ്ഥാനത്തിൽ ക്ലാർക്ക് ആയി മൂന്ന് മാസത്തേക്ക് ജോലി കിട്ടി.
ഗൂഗിൾ ട്രാൻസ്ലേറ്റ് ചെയ്യുന്നതുപോലെ , ഹിന്ദിയിൽ പറഞ്ഞാലും ഇംഗ്ലീഷിൽ പറഞ്ഞാലും എന്റെ വായിൽ നിന്നും മലയാളം മാത്രമേ പുറത്ത് വരൂ എന്ന് മനസ്സിലാക്കിയ മലയാളിയായ ഡിസ്പാച്ച് സെക്ഷൻ മാനേജർ നായർ സാർ പോസ്റ്റ് ഓഫീസിൽ നിന്നും VPP അയച്ച് തിരിച്ചുവന്ന പുസ്തകളുടെ കവർ കീറി ഒരു ചാക്കിൽ ഇട്ട് വെച്ചതിന്റെ ലിസ്റ്റ് ഉണ്ടാക്കുന്ന പണി തന്നു. അഡ്രസ്സും ഫോൺ നമ്പറും എല്ലാം ഒരു റെജിസ്റ്ററിൽ എഴുതുക, അതായിരുന്നു ജോലി. വർഷങ്ങളായി ഉപയോഗിക്കാതിരുന്ന എന്റെ ബ്രെയിൻ വീണ്ടും നിരാശനായി.
സ്റ്റോറിന്റെ വാതിലിന് തൊട്ടടുത്ത് പണ്ട് ഏതോ വലിയ ഓഫീസറുടെ കേടായ മേശയും കസേരയും ഇട്ടതാണ് എനിക്കായി നായർ സാർ കണ്ടുപിടിച്ച ഇരിപ്പിടം. ആ വലിയ മേശയുടെ അടിയിൽ ചാക്കിൽ നിറച്ചുവെച്ചിരിക്കുന്ന കീറിയ കവറുകൾ. ഒരു ആക്രിക്കച്ചവടക്കാരനെ പോലെ ഞാനിരുന്നു.
സ്റ്റോറിന്റെ വാതിൽ കടന്നുവേണം ടോയ്‌ലെറ്റിൽ പോകാൻ. റെയിൽവേ സ്റ്റേഷനടുത്ത് വിദ്യാ ബാലൻ ഉണ്ടാക്കിയ ശൗചാലയത്തിന്റെ മുൻപിൽ കാശ് വാങ്ങാനിരിക്കുന്ന നടത്തിപ്പുകാരന്റെ പോലെയുള്ള എന്റെ ഇരിപ്പ് കണ്ട് അതിലൂടെ കടന്നുപോവുന്നവർ ഒരു പുച്ഛം നിറഞ്ഞ ചിരി സമ്മാനിച്ചുകൊണ്ട് പോകും.
എന്റെ ജോലി സൂപ്പർവൈസ് ചെയ്യാനാണോ അതോ പഞ്ചാരയുടെ അസുഖമുള്ളതിനാലാണോ എന്തോ നായർ സാർ ഇടയ്ക്കിടെ ടോയ്‌ലെറ്റിൽ പോകും. തിരിച്ചുപോകുമ്പോൾ പഞ്ചാബി ഹൌസ് സിനിമയിൽ ഹരിശ്രീ അശോകനോട് പറയുന്നത് പോലെ വേഗം തീർത്താൽ അടുത്ത ചാക്ക് നിറയെ വീണ്ടും പണി തരാം എന്ന് സ്നേഹത്തോടെ പറയും.
ആ സമയത്താണ് ജീവിതത്തിൽ ആദ്യമായി കത്തിന്റെ മാധുര്യം നുണയുന്നത്. അമ്മയുടെ കത്താണ് ആദ്യം വന്നത്. അതൊരിക്കലും മറക്കില്ല, ട്രെയിൻ വി ടി സ്റ്റേഷൻ വിട്ടപ്പോൾ ആണ് കത്ത് വായിക്കാനെടുത്തത്. നാട്ടുവിശേഷങ്ങൾക്ക് കൂടെ എന്റെ കൂട്ടുകാർ വീട്ടിൽ ക്രിക്കറ്റ് കളി കാണാനും മറ്റും വരാറുണ്ട് എന്നത് വായിച്ചപ്പോൾ എന്റെ നിയന്ത്രണം വിട്ടുപോയി. നാട്ടിലുള്ള സുഹ്യത്തുക്കൾ കയറില്ലാതെ മേയാൻ വിട്ട പശുക്കളെപ്പോലെ ക്രിക്കറ്റും ഫുട്ബോളും, പള്ളിപ്പെരുന്നാളും, വായ്നോട്ടവുമായി സസുഖം വാഴുന്നതിനെക്കുറിച്ചോർത്തായിരുന്നു കൂടുതൽ ദുഃഖം. യാർഡിൽ കഴുകാനിട്ടിരുന്ന കേരളത്തിലേക്കുള്ള ജയന്തി ജനത എക്സ്പ്രസ്സ് കൂടി കണ്ടപ്പോൾ എന്റെ കണ്ണുകൾ ഈറനണിഞ്ഞു.
തൊണ്ണൂറ്റിരണ്ട് അവസാനം അളിയന്റെ ശ്രമഫലമായി സൗദി അറേബ്യയിൽ ഒരു ജോലി കിട്ടി അങ്ങോട്ട് ചേക്കേറി. ഇന്റർനെറ്റും ഇ-മെയിലും ഒന്നും പ്രചാരത്തിൽ വരാത്ത ആ കാലത്ത്, നാട്ടിൽ നിന്നും വരുന്ന കത്തുകൾ മനസ്സിന് എത്രമാത്രം കുളിർമ്മ തന്നിരുന്നു എന്ന് വാക്കുകളാൽ പറഞ്ഞറിയിക്കാൻ പറ്റില്ല
നാട്ടിൽ നിന്നും കത്ത് വന്നാൽ, മെയിൽ സോർട്ടിങ് ഓഫീസിൽ നിന്നും വിളിച്ചുപറയും, കത്തുണ്ടെന്ന്. അവിടെ അക്കാലത്ത് കുറച്ച് പ്രായം ചെന്ന മലയാളിയായ എബ്രഹാം സർ ആയിരുന്നു സോർട്ടിങ് ഓഫീസർ. അന്ന് നാട്ടിൽ നിന്നും വന്ന കത്ത് തുറന്ന് ആദ്യം ഒന്ന് മണപ്പിക്കുമായിരുന്നു, നാടിന്റെ മണം, എത്ര വിലയേറിയ പെർഫ്യൂമിനും അത്രയും സുഗന്ധം നൽകാൻ കഴിഞ്ഞിട്ടില്ല.
ഓഫീസിൽ നിന്നും ഫോൺ വന്നില്ലെങ്കിൽ അവിടെ പോയി അന്വേഷിക്കും, അപ്പോൾ എബ്രഹാം സാർ പറയും എനിക്കൊരു കത്തുണ്ട് വേണമെങ്കിൽ അതെടുത്തോളൂ. പക്ഷേ അതിൽ ചോദിച്ചതുപോലെ പണം അയച്ചുകൊടുക്കണം എന്ന ഒരേയൊരു ഉപാധി മാത്രം. അല്ലാതെ സുഖമാണോ, എന്നാണ് വരുന്നത് എന്നൊന്നും ആ കത്തിൽ കാണില്ല പണത്തിനുള്ള ആവശ്യങ്ങളുടെ നീണ്ടപട്ടിക മാത്രമേ കാണൂ എന്നും എബ്രഹാം സാർ പറയും. പലപ്പോഴും അതുപറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ നനവ് കാണാറുണ്ട്.
വിവാഹം ഉറപ്പിച്ചതിനുശേഷം മിക്കവാറും രണ്ടോ മൂന്നോ ദിവസങ്ങൾ കൂടുമ്പോൾ ഓരോ കത്ത് കിട്ടും എന്ന സ്ഥിതിയായി. ഒരുപാട് സ്നേഹവും, സ്വപ്നങ്ങളും മോഹങ്ങളും ആ കത്തുകളിലൂടെ ഹ്യദയത്തിനുള്ളിലേക്ക് കടന്നുവരും. ഓരോ ദിവസവും പ്രതീക്ഷകളുടെ ദിവസങ്ങൾ ആയിരുന്നു.
തൊണ്ണൂറ്റിയെട്ടിൽ ആയിരുന്നു ഗൾഫ് ജീവിതം അവസാനിപ്പിച്ച് ഡൽഹിയിലേക്കുള്ള കുടിയേറിപ്പാർക്കൽ. അപ്പോഴും സുഹ്യത്തുക്കളുടെയും അമ്മയുടെയും കത്തുകൾ മുടങ്ങാതെ വരാറുണ്ടായിരുന്നു.
രണ്ടായിരമായതോടെ ഇന്റർനെറ്റും ഇ-മെയിലും പ്രചാരം കൂടിത്തുടങ്ങി. കൂട്ടുകാരുടെ കത്തുകൾ കുറഞ്ഞു. ഒന്നിടവിട്ട ദിവസത്തിൽ ബൂത്തിൽ പോയി അമ്മയ്ക്ക് ഫോൺ ചെയ്ത് സംസാരിക്കാൻ തുടങ്ങി. അത്യാവശ്യത്തിന് കമ്പനി തന്ന മൊബൈൽ ഫോണിൽ വിളിക്കാൻ തുടങ്ങിയതോടെ അമ്മയും കത്തുകൾക്കു വിരാമമിട്ടു...
ഈ സമയമെല്ലാം മുടങ്ങാതെ കത്തെഴുതുന്ന ഒരാൾ ആയിരുന്നു
അമ്മയുടെ അമ്മാമൻ, ഞങ്ങൾ "തൃശ്ശൂരമ്മാമൻ" എന്ന് വിളിക്കുന്ന ടി.വി. അച്യുതവാര്യർ. പഠനകാലത്ത് കേൾവി നഷ്ടപ്പെട്ട അദ്ദേഹത്തിന് ടെലികോം വിപ്ലവത്തിന്റെ ഫലം അനുഭവിക്കാൻ കഴിഞ്ഞില്ല. തൃശ്ശൂർ ആസ്ഥാനമാക്കി പുറത്തിറങ്ങിയിരുന്ന എക്സ്പ്രസ്സ് ദിനപത്രത്തിന്റെ പത്രാധിപർ കൂടിയായിരുന്നു.
കുടുംബവിശേഷങ്ങൾ ഒന്നോ രണ്ടോ വരികളിൽ ചുരുക്കി, മിക്കവാറും ഒരു എഡിറ്റോറിയൽ പോലെയാണ് കത്തുകൾ, കേരളത്തിനകത്തും പുറത്തുമുള്ള രാഷ്ട്രീയ സ്ഥിതിവിശേഷങ്ങൾ, നിരീക്ഷണങ്ങൾ, അങ്ങിനെ എല്ലാ മേഖലകളും ഉൾക്കൊള്ളിച്ചുകൊണ്ടാവും അമ്മാമന്റെ കത്ത്. വേണമെങ്കിൽ കാപ്സ്യൂൾ ഫോമിലുള്ള ഒരു മിനി പത്രം എന്നു തന്നെ പറയാം
ദിവസവും രാത്രി ഒരു കത്തെഴുതണം എന്ന് അദ്ദേഹം നിർബന്ധിക്കുമായിരുന്നു. പക്ഷെ ആ പദ്ധതി നടപ്പിലാവില്ലെന്ന് മനസ്സിലായ അദ്ദേഹം കുറഞ്ഞത് അദ്ദേഹത്തിന്റെ കത്തുകൾക്ക് മറുപടിയെങ്കിലും എഴുതണമെന്ന് പറയാറുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാകും വരേക്കും ജോലി കഴിഞ്ഞു വീട്ടിലെത്തുമ്പോൾ പലപ്പോഴും എന്നെ കാത്ത് അമ്മാമന്റെ കത്തുകൾ ഉണ്ടാകുമായിരുന്നു. രണ്ടായിരത്തി പന്ത്രണ്ടിൽ അദ്ദേഹത്തിന്റെ മരണശേഷം ആ കത്തുകളും ഇല്ലാതായി.
നീണ്ട ഏഴുവർഷങ്ങൾക്കിപ്പുറം ഒരു കത്ത് ലഭിച്ചത് പാലക്കാട് നിന്നും ഉണ്ണിയേട്ടനയച്ചപ്പോളാണ്.
ആരെയെങ്കിലും യാത്രയയക്കുമ്പോൾ എത്തിയ വിവരത്തിന് ഒരു മണിയോർഡർ അയക്കണം എന്ന് പണ്ട് തമാശയായി പറയാറുണ്ടായിരുന്നു. അച്ഛൻ പറയാറുണ്ട് കയ്യിൽ എത്ര പൈസയുണ്ടായാലും പണ്ട് നീ അയച്ച മണിയോർഡർ കിട്ടുമ്പോൾ വല്ലാത്ത സന്തോഷം ആയിരുന്നു എന്ന്. നെറ്റ് ബാങ്കിങ്ങും, ഗൂഗിൾപേയും മറ്റും വന്നതോടെ മണിയോർഡർ പുതുതലമുറയ്ക്ക് അന്യമായിത്തുടങ്ങി.
ഇന്ന് ലോക തപാൽദിനമാണെന്നു അറിയുമ്പോൾ ഇന്നു കാലത്തു് വെറും ഓർമ്മയായി മാറിക്കൊണ്ടിരിക്കുന്ന കത്തുകൾ ഒരു കാലത്തു ജീവിതത്തിൽ നൽകിയ പ്രതീക്ഷകളും ഊർജ്ജവും ഒരു നിമിഷം ഓർത്തുപോയി...
(അവസാനിച്ചു).
ഗിരി ബി. വാരിയർ
10 ഒക്ടോബർ 2019
©️copyrights protected
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo