Slider

കരിങ്കാക്ക-

0
Image may contain: 1 person, beard, tree, outdoor, nature and closeup
നീയെറിഞ്ഞ ചവറെടുത്ത് നിന്നെനോക്കിയൊന്നു ചിരിക്കണം.
നീറിയൊടുങ്ങുംവരെ നീരുകൊടുക്കാതെ, കീറിലയിൽ ഉരുളവച്ചു നീ വിളിക്കുമ്പോഴുമെനിക്ക് ചിരിക്കണം. അതിനെനിക്കൊരു കാക്കയാകണം !
നൂറിലൊന്നേതെന്ന് തിരിയാവണ്ണമൊരുപോലാകണം.
എന്നിട്ട് നിറംനോക്കി വിലയിടുന്ന, നിന്റെ കൂട്ടത്തെ നോക്കിച്ചിരിക്കണമെനിക്ക്.
അതിനുമെനിക്കൊരു കാക്കയാകണം.
അറിയാത്തനേരത്തു പണിതന്നുപോയി- നീയോർത്തോർത്തു ചിരിക്കുമ്പോൾ മനസ്സിൽ ചിരിക്കണമെനിക്ക്.
അറിഞ്ഞുതന്നെയാണ് ഞാനാ മക്കളെപ്പോറ്റിയതെന്ന് നീയറിയാതെ.
അതിനുമെനിക്കൊരു കാക്കയാകണം
അരികിൽ വീണൊരുത്തൻ ചത്തുപോയാൽ അവനറിയാത്തവനെങ്കിലും നീട്ടിനിലവിളിക്കണമെനിക്ക്.
നിറയെ ആളെ കൂട്ടണമെനിക്ക്.
അതിനുമെനിക്കൊരു കാക്കയാകണം.
അരികിലെങ്ങാണ്ടൊരു സദ്യയുടെ മണം വന്നാൽ ആർത്തുവിളിച്ചറിയിക്കണം. ആർത്തിയുണ്ടായിട്ടല്ല ആരോരുമില്ലാത്തവർക്കായിക്കോട്ടെ എന്ന് കരുതിയിട്ട്.
അതിനുമെനിക്കൊരു കാക്കയാകണം.
ഒടുവിലായുസ്സെത്തിയെന്നറിയുമ്പോൾ
അകലേക്ക് പറക്കണം.
നിന്റെ മുന്നിൽ വീഴാതിരിക്കാൻ ചീഞ്ഞുനാറാതിരിക്കാൻ.
അതിനുമെനിക്കൊരു കാക്കയാകണം.
അങ്ങനെയൊരുനാൾ നീയെപ്പോഴോ എന്നെ തിരഞ്ഞു നടക്കുമ്പോൾ
അതിരുകൾക്കപ്പുറത്തുനിന്നെനിക്ക് പൊട്ടിച്ചിരിക്കണം.
അതിനുമെനിക്കൊരു കാക്കയാകണം
കറുത്തിരുണ്ട, കാലത്തിനുപോലും കറവീഴ്ത്തിക്കാണിക്കാനാവാത്ത കരിങ്കാക്ക!
വിജു കണ്ണപുരം
18 /10/ 2019
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo