മിനിക്കഥ
രാത്രി പത്തു മണിക്കായിരുന്നു താവം റയിൽവേ ഗേറ്റിനു സമീപം അജ്ഞാതൻ വണ്ടി തട്ടി മരിച്ചെന്ന സന്ദേശം സ്റ്റേഷനിൽ ആരോ വിളിച്ചു പറഞ്ഞത്.
ഉടനെ അവിടെ ചെന്നു നോക്കി വേണ്ടതു ചെയ്യാൻ എസ് ഐ എന്നോട് ആവശ്യപ്പെട്ടു. അതിനർത്ഥം ചിലപ്പോൾ അജ്ഞാത ജഡത്തിനു കാവൽ ഇരിക്കേണ്ടി വരും.കനത്ത മഴയും.
അവിടെ ചെന്നപ്പോൾ മൃത ദേഹം ഛിന്നഭിന്നമായി കിടക്കുന്നതാണു കണ്ടത്. ശരീരത്തിന്റെ ചില ഭാഗങ്ങൾ ചിതറി തെറ്റിച്ചിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ അവ പെറുക്കിയെടുത്തു ഒന്നിച്ചു വെച്ചപ്പോൾ ഒരു പുരുഷന്റെ മൃതദേഹമാണെന്നു മനസ്സിലായി. പക്ഷെ ആളെ തിരിച്ചറിയാൻ പറ്റിയില്ല.
ഈ ഭാഗത്തു ഇപ്പോൾ ആത്മഹത്യകൾ പെരുകി കൊണ്ടിരിക്കുന്നതായി തോന്നി. ഓരോ മാസവും രണ്ടും മൂന്നും പേർ വണ്ടി തട്ടി മരണപ്പെടുന്നു. എല്ലാം ആത്മഹത്യകൾ. ഇതിനു പ്രധാന കാരണം ഇവിടെയുള്ള ബാറുകളും സർക്കാർ മദ്യ വിൽപ്പന ശാലയും ആണെന്ന് ഏതൊരാൾക്കും മനസ്സിലാകും.
മദ്യത്തിന് അടിമയായി ജോലിക്ക് പോകാതെ അലഞ്ഞു തിരിയുന്നവർ ഒടുവിൽ കുടിച്ചു മത്തായി ട്രാക്കിൽ കിടന്നു ചതഞ്ഞരയുന്നു. കുടുംബം ശിഥിലമായവരുടെ.. തകർന്ന ദാമ്പത്യത്തിന്റേയും കടം പെരുത്തവന്റെയും ദാരുണ കഥകൾ ഈ ട്രക്കുകൾക്ക് പറയാനുണ്ട്.
അതു മാത്രമല്ല കുരുന്നു പ്രായത്തിലേ മദ്യത്തിന് അടിമയാകുന്ന കുട്ടികൾ ഈ ചുറ്റുപാടുകളിൽ കണ്ടുവരുന്നു. ബീറിൽ തുടങ്ങി വീര്യത്തിൽ ഒടുങ്ങുന്ന ജീവിതങ്ങൾ. ബാറുകൾക്ക് തൊട്ടരികിലുള്ള കള്ളു ഷാപ്പുകളിൽ കുടിയന്മാർ ചെല്ലാതായി. എല്ലാവരും അങ്ങോട്ടേക്ക് മാറുകയാണ്. ആർക്കു വേണം ഈ പച്ച വെള്ളം?
ഞാൻ സമയം നോക്കി. പന്ത്രണ്ടു കഴിഞ്ഞിരിക്കുന്നു. ചിതറിയ മൃതദേഹം പ്ലാസ്റ്റിക് പായയിൽ കെട്ടി വെച്ച ശേഷം നാട്ടുകാർ ഓരോരാളും സ്ഥലം വിട്ടു തുടങ്ങിയിരുന്നു. ഇപ്പോൾ ഞാനും ഈ അജ്ഞാതനും ട്രാക്കിൽ തനിച്ചായി.
കനത്ത മഴയുള്ളതിനാൽ ആംബുലൻസ് ഡ്രൈവർമാർ പോൺ എടുക്കാതെയായി. ഈ മഴയിൽ തനിച്ചെന്തു ചെയ്യാൻ കഴിയും ഒരു പോലീസ്‌കാരന്?
ഇതൊന്നു പൊക്കിയെടുത്തു തൊട്ടടുത്തുള്ള പീടിക വരാന്തയിൽ എത്തിക്കാൻ പോലും സഹായത്തിനു ആളില്ലാത്ത അവസ്ഥ. ചത്തു പോകുന്നവര്ക്ക് മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ അറിയേണ്ടല്ലോ..
അതാ... ആരോ ഇങ്ങോട്ട് വരുന്നുണ്ട്. സമാധാനമായി. ഇയാൾക്കൊന്നും രാത്രിയിൽ പോലും ഉറക്കമില്ലേ... അതും കുടയില്ലാതെ നനഞ്ഞു.. ഏതെങ്കിലും യാചകന് ആയിരിക്കും. ട്രാക്കിൽ ഇരുന്നു കുടിച്ചു തള്ളിയ കുപ്പികൾ പെറുക്കിയെടുത്തു വിറ്റു ജീവിക്കുന്നവർ.
ഹലോ.. ഒന്നു സഹായിക്കാമോ..?
അയാൾ അടുത്തെത്തിയപ്പോൾ ഞാൻ ചോദിച്ചു.
നിനക്കൊന്നും ഒരു പേടിയുമില്ലേ ഈ രാത്രിയിൽ ഇങ്ങനെ തനിച്ചു കഴിയാൻ? എത്രയോ അജ്ഞാതർ വണ്ടി തട്ടി മരിച്ച ഇടമാണ്.
പകരം അയാൾ എന്നോട് മറു ചോദ്യം ചോദിക്കുകയാണ് ചെയ്തത്.
പേടിയോ..? ഒരു പോലീസ്കാരൻ പേടിക്കാൻ പറ്റില്ല ഒരിക്കലും. പിന്നെ പ്രേതത്തിലും പിശാചിലും ഒരു വിശ്വാസവുമില്ല എനിക്കു. നിങ്ങൾ ഇതൊന്നു പിടിച്ചു തിണ്ണയിൽ എത്തിക്കാൻ സഹായിച്ചേ..
ഞാൻ പറയേണ്ട താമസം അയാൾ അജ്ഞാതന്റെ മൃതദേഹം ഒറ്റക്കെടുത്തു ചുമലിൽ ഇട്ടു മുന്നോട്ടു നടന്നു. എന്നെ സ്പർശിക്കാൻ പോലും അനുവദിച്ചില്ല.
അയാൾ അതു അടുത്തുള്ള തിണ്ണയിൽ കൊണ്ടു വെച്ച ശേഷം എന്നോട് പറഞ്ഞു.
ഞാൻ പോകുന്നു.
അവിടെ നില്ല്. നിന്റെ പേര് എന്താണ്? ഈ ചെയ്ത സേവനത്തിനു എന്തെങ്കിലും സഹായം വാങ്ങിച്ചു തരാം എന്നു കരുതിയാണ്.
അയാൾ എന്റെ വാക്കുകൾ കേട്ടു ഒന്നു ചിരിച്ചു കൊണ്ടു ചോദിച്ചു.
ചത്തവർക്കെന്തിന് പണം?
അയാളുടെ വാക്കുകൾ കേട്ടപ്പോൾ മനസ്സൊന്നു പിടഞ്ഞു. പിന്നീട് ട്രാക്കിലൂടെ അയാൾ നടന്നകന്നപ്പോൾ അകലെ നിന്നും നായ്ക്കൾ ഓരിയിടുന്നുണ്ടായിരുന്നു..
By: Krishnan Abaha
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക