Slider

ഒരു സദാചാര സൗഹൃദക്കഥ

0
Image may contain: 1 person, smiling, closeup
മൊബൈലിൽ നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് കുറേനേരമായി.. ഓഫീസിൽ നിന്നും എത്തിയപ്പോൾ മുതലുള്ള ഇരിപ്പാണ്.. എല്ലാദിവസവും പതിവുള്ളതാണ് ഇത്... പക്ഷേ... ഇന്ന്... ഇതുവരെ അവൾ ഓൺലൈനിൽ വന്നിട്ടില്ല.... നെറ്റ് ഓണാക്കിയിട്ടുപോലുമില്ല... സാധാരണ ഓഫീസിൽ നിന്നും ഇറങ്ങി ബസിൽ കയറിയിരുന്നാൽ ഓൺലൈനിൽ വരുന്നതാ... വാട്സ് ആപ്പിലെ അവസാന മെസേജുകൾ ഒന്നുകൂടി എടുത്തുവായിച്ചുനോക്കി "എനിക്കൊന്ന് കാണുവാൻ കൊതിയാകുന്നു... വീഡിയോ കോൾ ചെയ്യട്ടെ " ഒരു ദുർബലനിമിഷത്തിൽ അയച്ച ആ മെസേജ്...
"സൗഹൃദം നഷ്ടപ്പെടുത്തരുത് എന്നാഗ്രഹം ഉള്ളതുകൊണ്ട് ചോദിക്കട്ടെ... നിങ്ങളുടെ ഭാര്യയോട് ആരെങ്കിലും ഇങ്ങനെ ചോദിച്ചാൽ അവൾ എന്തു മറുപടി നൽകണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? " തിരിച്ച് ഒന്നും പറയാൻ കഴിഞ്ഞില്ല.... അങ്ങനെയൊരു സാധ്യതയെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലായിരുന്നല്ലോ... അവൾ എന്തോ ടൈപ്പ് ചെയ്യുന്നുണ്ട്.. എന്താണാവോ..."തെറ്റിദ്ധരിക്കപ്പെടുന്നുണ്ടോ എന്നൊരു സംശയം തോന്നിയിരുന്നു മനസ്സിൽ... എന്നാലും അങ്ങനെ അല്ലെന്ന് വിശ്വസിക്കാനാണു ശ്രമിച്ചത്..... അത് മറ്റൊന്നും കൊണ്ടല്ല... നല്ല സൗഹൃദത്തിൽ ഒരു പെൺസുഹൃത്തിനു പറയാവുന്നതെ നിങ്ങൾ പറഞ്ഞിരുന്നുള്ളൂ..... സൗഹൃദത്തിന് ലിംഗഭേദം തടസ്സമല്ലല്ലോ... അതുകൊണ്ട്... അതുകൊണ്ടുമാത്രമാണ് തിരുത്താതിരുന്നത്... എന്തെങ്കിലും ചെയ്യുമ്പോൾ രണ്ടുവട്ടം ആലോചിക്കണം... സ്വന്തം ഭാഗത്തു നിന്നും മറ്റുള്ളവരുടെ ഭാഗത്തുനിന്നും....നമ്മുടെ പ്രവൃത്തി കഴിയുന്നതും ആരെയും വേദനിപ്പിക്കരുത്.... എന്നാലേ സന്തോഷം പൂർണ്ണമാകൂ.... നല്ലൊരു സൗഹൃദം ആണ് ആഗ്രഹിക്കുന്നതെങ്കിൽ ഞാൻ ഇവിടെത്തന്നെയുണ്ട്... അല്ലെങ്കിൽ"... ഒരു കൂപ്പു കൈ ചിത്രത്തോടെ അവൾ നിറുത്തി. ഓരോ വാചകവും മനസ്സിരുത്തി വായിച്ചു...കൊള്ളാം നന്നായി പറഞ്ഞിരിക്കുന്നു... മനസ്സിൽ ആ മുഖത്തിന് തെളിച്ചമേറി.... ആ സൗഹൃദം നഷ്ടപ്പെടുത്തരുത് എന്നു തോന്നി....പെട്ടെന്ന് തന്നെ ടൈപ്പ് ചെയ്തു "Yes, waiting for your friendship"... ..അത് കിട്ടുന്നതിന് മുമ്പേ അവൾ നെറ്റ് ഓഫ് ചെയ്തു.... ആ മെസ്സേജ് അവൾക്ക് എത്തിയിട്ടുപോലുമില്ല... അതെങ്ങനെ, നെറ്റ് ഓൺ ആക്കാതെ മെസ്സേജ് കിട്ട്വോ...മണി ആറു കഴിഞ്ഞു... അധികം വൈകാതെ സോഫി എത്തും.. അവളെ സ്റ്റോപ്പിൽ പോയി കൊണ്ടുവരണം... പിന്നാലെ മക്കളുമെത്തും..സൈക്കിൾ വാങ്ങിക്കൊടുത്തതിൽ പിന്നെ ഒരു ഡ്യൂട്ടി കുറഞ്ഞു... മക്കളെ കൊണ്ടുവരാൻ പോകണ്ട... ട്യൂഷൻ കഴിഞ്ഞ് അവർ രണ്ടുപേരും കൂടി സൈക്കിളിന് വന്നോളും... അതുവരെയെ ഉള്ളു അല്പം ഫ്രീ ആയ സമയം.. സോഫി വന്നാപ്പിന്നെ തൊട്ടതിനും പിടിച്ചതിനുമൊക്കെ വിളിച്ചോണ്ടിരിക്കും...രാവിലെ എട്ടരയ്ക്ക് വീട്ടിൽ നിന്നും ഇറങ്ങിയതിനുശേഷമുള്ള എല്ലാ സംഭവ വികാസങ്ങളും തന്നോട് പറയണം...എന്നാലേ അവൾക്ക് സമാധാനമാകൂ...ആകെ ഒരു വല്ലായ്മ..... അല്പം വെള്ളം കുടിച്ച് മെല്ലെ കണ്ണുകൾ അടച്ചു...മീനുവിന്റെ ചിരിക്കുന്ന മുഖം മനസ്സിൽ തെളിഞ്ഞു...വെറും രണ്ടുമാസത്തെ പരിചയമേയുള്ളു.. എന്നിട്ടും... ഓഫീസിൽ നിന്നും അയച്ച ഒരു ട്രെയിനിങ്ങിനിടയിലാണ് മീനുവിനെ കണ്ടതും പരിചയപ്പെട്ടതും...മനസ്സില്ലാമനസ്സോടെ മേലധികാരികളെപ്പഴിച്ച് ട്രെയിനിങ് സെന്ററിൽ എത്തുമ്പോൾ സമയം വൈകിയിരുന്നു.. രജിസ്‌ട്രേഷൻ കൗണ്ടർ അന്വേഷിച്ചു നടക്കുമ്പോഴാണ് അവൾ ഓടിക്കിതച്ച് എത്തിയത്... സമയത്തിന് എത്താൻ കഴിയാത്തതിന്റെ അങ്കലാപ്പിനിടയിൽ ആദ്യം കണ്ട തന്നോടാണ് പുഞ്ചിരിയോടെ "മിനിസ്റ്റീരിയൽ സ്റ്റാഫിന്റെ ട്രെയിനിങ് എവിടെയാണ് " എന്ന് ചോദിച്ചത്.. "വാ... അന്വേഷിക്കാം" എന്ന മറുപടിയിൽ അവൾ ഒപ്പം കൂടി.. എപ്പോഴും പുഞ്ചിരിക്കുന്ന ആ മുഖം ആദ്യ കാഴ്ചയിൽ തന്നെ മനസ്സിൽ പതിഞ്ഞു.. ക്ലാസുകൾക്കിടയിലെപ്പോഴോ കണ്ണുകൾ പരസ്പരം കൂട്ടിമുട്ടിയപ്പോൾ അവൾ പകർന്ന പുഞ്ചിരി ഹൃദയത്തിലേക്കാണ് ചേക്കേറിയത്..ക്ലാസ്സിലേക്ക് ഒരുമിച്ച് കയറിച്ചെന്നതിന്റെ അടിസ്ഥാനത്തിൽ, ഇടവേളകളിൽ ക്ളാസുകളെക്കുറിച്ചുള്ള അഭിപ്രായങ്ങളും മറ്റും പറഞ്ഞ് സംസാരിക്കുവാൻ അവസരങ്ങളുണ്ടാക്കി... ഒരാഴ്ചത്തെ ട്രെയിനിങ്ങ് കഴിയുന്നതിനു മുമ്പേ അവളുടെ നമ്പർ സംഘടിപ്പിച്ചിരുന്നു.. ട്രെയിനിങ് കഴിഞ്ഞു പിറ്റേദിവസം രാവിലെ തന്നെ വാട്സ് ആപ്പിൽ ഗുഡ് മോർണിങ് സന്ദേശം അയച്ചു .. ഒമ്പതുമണിവരെ മറുപടി കാണാതായപ്പോൾ ഒഴിവാക്കുകയാണെന്ന് സംശയിച്ചുകൊണ്ടിരുന്നപ്പോഴാണ് മറുപടി ഗുഡ് മോർണിംഗ് വന്നത് " ഇപ്പോഴാണോ എഴുന്നേറ്റത് "എന്ന ചോദ്യത്തിന് ഒരു പുഞ്ചിരി സ്മൈലി ആയിരുന്നു മറുപടി.
അങ്ങനെ ഗുഡ്മോർണിങ്ങും സ്മൈലികളുമായി ദിവസങ്ങൾ.. ഫുഡ് കഴിച്ചോ? ഓഫീസിൽ എത്തിയോ? എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് എം എന്ന അക്ഷരം കണ്ടുമടുത്തപ്പോൾ "ആ കീ ബോർഡിൽ ഈ ഒരക്ഷരം മാത്രമേയുള്ളോ" എന്ന ചോദ്യത്തിനും മറുപടിയായി പുഞ്ചിരി സ്മൈലി.. എന്നിട്ടും പിന്മാറാൻ തയ്യാറായിരുന്നില്ല... പതുക്കെ പതുക്കെ ചെറിയ മറുപടികൾ.. വിശേഷങ്ങൾ.. അങ്ങനെ പരിചയം വളർന്നു......ഭർത്താവ് വിദേശത്ത്, രണ്ടു മക്കളും അവളുമാണ് വീട്ടിൽ... ഓഫീസിലേക്കും തിരിച്ചുവീട്ടിലേക്കുമുള്ള യാത്രാസമയത്ത് ബസിൽ വച്ചാണ് അവൾ ഫോൺ ഉപയോഗിക്കുന്നത്...ആ സമയം ആണ് തനിക്ക് ചാറ്റാൻ കിട്ടുന്നത്... ഓരോ ദിവസവും രാവിലെ ഒമ്പതുമണിയാകാനും വൈകുന്നേരം അഞ്ചു മണിയാകാനും നോക്കിയിരുന്നു തുടങ്ങി... സാരിയുടുത്ത ഫോട്ടോ സ്റ്റാറ്റസ് കണ്ട് ഇതാണ് തനിക്ക് ചേരുന്നത് എന്നു പറഞ്ഞപ്പോ "ഒന്നുപോയെ കളിയാക്കാതെ" എന്നായിരുന്നു മറുപടി.... അതൊക്കെ അവൾ ആസ്വദിക്കുന്നുണ്ട് എന്നാണ് തോന്നിയത്.... ഇപ്പൊ അവളുടെ മെസ്സേജ് ഇല്ലാത്ത ദിവസത്തെക്കുറിച്ച് ഓർക്കാൻ പോലും വയ്യ.. ഒന്നു കാണണമെന്ന് തോന്നി... അതാണ്‌ അങ്ങനെയൊരു മെസ്സേജ് അയച്ചത്... പക്ഷേ....എന്തായിരുന്നു ഇതുവരെ തന്റെ മനസ്സിൽ.... അറിയില്ല.....എന്തോ ഒരു പ്രത്യേകവികാരത്തിന് അടിമയായിരുന്നു താൻ... തിരിച്ചറിയാനാകാത്ത ഒരു വികാരം... നെറ്റിയിൽ ഒരു കൈവന്നു വീണപ്പോഴാണ് കണ്ണുതുറന്നത്... മുന്നിൽ സോഫി....ദൈവമേ..... ഇത്രേം നേരമായോ...ഇവൾ എങ്ങനെ വന്നു.. ഇരുട്ടിൽ ഒറ്റയ്ക്ക്.... "എന്തുപറ്റി ഏട്ടാ....സുഖമില്ലേ...." അവൾ ആശങ്കയോടെ ചോദിച്ചു.. "ഒരു തലവേദന... ഞാൻ ഒന്ന് മയങ്ങിപ്പോയി...നീയെന്താ വിളിക്കാഞ്ഞേ?ഞാൻ വേഗം വിഷയം മാറ്റി "ഞാൻ വിളിച്ചു... പക്ഷേ ഫോൺ സ്വിച്ച് ഓഫ് ആണല്ലോ..എന്തുപറ്റി.... " അപ്പോഴാണ് ഫോൺ നോക്കിയത്..നെറ്റ് ഓൺ ആയതു കൊണ്ടാവും ചാർജ് ഇറങ്ങി സ്വിച്ച് ഓഫ് ആയിരിക്കുന്നു... അത് ചാർജ് ചെയ്യാൻ വച്ചിട്ട് ടോയ്ലറ്റിൽ കയറി....അവളുടെ മുഖത്തു നോക്കാൻ ഒരു പ്രയാസം.... മുഖം കഴുകി കണ്ണാടിയിൽ നോക്കി.... അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ലെന്ന് മനസ്സിനെ പഠിപ്പിച്ച് അടുക്കള വശത്തേക്കു ചെന്നു....അവൾ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.... ഒന്നു ശ്രദ്ധിച്ചു....'ഭാര്യയോട് ഒരു നല്ല വാക്ക് പറയാൻ മേല.....നാട്ടിലുള്ള പെണ്ണുങ്ങളെ ശ്രദ്ധിക്കാനേ ഇവർക്കൊക്കെ നേരമുള്ളു..... ' അവൾ അരിശത്തോടെ പറയുന്നത് കേട്ട് ഉള്ളിലൊരാന്തൽ.... 'കർത്താവേ... പണി പള്ളയ്ക്ക് തന്നെയാണല്ലോ.... ഇവളിത് എങ്ങനെയറിഞ്ഞു...' പെട്ടെന്നാണ് ഓർമ്മ വന്നത്....'കർത്താവെ ന്റെ മൊബൈൽ' ഓടി മുറിയിലെത്തി മൊബൈൽ എടുത്തു...ഇല്ല... അത് സ്വിച്ച് ഓഫ് തന്നെ...ചാർജ് കയറുന്നതെയുള്ളൂ.... ഓൺ ആക്കി നോക്കി.. മീനു എന്തെങ്കിലും വിചാരിക്കട്ടെ... മെസ്സേജ് എല്ലാം ഡിലീറ്റ് ചെയ്തു...ഓഫ് ആക്കി ഇറങ്ങി... അടുക്കളയിലേക്ക് ഒന്നുകൂടി എത്തിനോക്കി..... മുഖം കടന്നൽ കുത്തിയപോലെ... അല്ലെങ്കിൽ വായ തോരാതെ വിശേഷങ്ങൾ പറയുന്നവളാണ് ... ഒന്നും അങ്ങോട്ട്‌ ചോദിക്കാനും തോന്നണില്ല....എക്സ് മിലിറ്ററി അമ്മായപ്പനേയും തന്റെ ഇരട്ടി സൈസ് ഉള്ള രണ്ട് അളിയന്മാരെയും ഓർത്തപ്പോൾ കൈകാലുകൾക്ക് ഒരു തളർച്ച... പിടിച്ചു നിൽക്കാൻ പിടിവള്ളിയൊന്നും ഇല്ലാതെ നിലയില്ലാക്കയത്തിൽ മുങ്ങുന്ന പോലെ...കർത്താവേ...പരീക്ഷിക്കല്ലേ...ഇനി ഇങ്ങനൊന്നും ഇണ്ടാവൂല... ഈ ഒരൊറ്റത്തവണത്തേക്ക് ക്ഷമിക്ക് കർത്താവെ... ഒരുവിധത്തിൽ അടുത്തുകണ്ട കസേരയിലേക്ക് ഇരുന്നു... കസേര നിരങ്ങുന്ന ശബ്ദം കേട്ടിട്ടാണെന്ന്i തോന്നുന്നു അവൾ വേഗം അടുത്തേക്ക് വന്നു... "എന്തുപറ്റി ഏട്ടാ... തലവേദന കുറവില്ലേ... ഞാൻ ദേ ചുക്കുകാപ്പിക്ക് വച്ചിട്ടുണ്ട്... ഉള്ളിൽ വല്ല പണിക്കോളും കാണും " അവൾ നെറ്റിയിൽ തടവിയപ്പോ ഉള്ളിൽ കുറ്റബോധം നിറഞ്ഞു.... എല്ലാം ഏറ്റുപറഞ്ഞു മാപ്പു ചോദിക്കാം.... മെല്ലെ അവളുടെ നേരെ തലചെരിച്ചു "നിനക്കെന്തെങ്കിലും വിഷമമുണ്ടോ" എല്ലാം ഏറ്റു പറയാൻ മനസ്സൊരുക്കി ചോദിച്ചു. "അത്.ഏട്ടാ ഞാൻ... " അവൾ ഒന്നു വിക്കി.. "ഞാൻ എല്ലാം ഏട്ടനോട് പറയാറുള്ളതല്ലേ... ആ ബിനുവിന് രണ്ടു ദിവസമായി ഒരു...." അവൾ പാതി വഴിയിൽ നിറുത്തി "ഏട്ടന്റെ കൂട്ടുകാരന്റെ അനിയൻ ആയതോണ്ടാ ഞാൻ അവന്റെ മെസേജുകൾക്ക് മറുപടി അയച്ചത്..ഇപ്പൊ തോന്നുന്നു അത് വേണ്ടിയിരുന്നില്ലാന്ന്..ബസ് സ്റ്റോപ്പിൽ വന്നിട്ട് ഒന്നു കാണാൻ വന്നതാ....ഈ സാരി നന്നായി ചേരുന്നു.. എന്നൊക്ക പറയുമ്പോൾ എനിക്കെന്തോ പോലെ...ഒന്നു ശ്രദ്ധിക്കാൻ പറയാമെന്നു വച്ചാൽ അവന്റെ ഭാര്യയാണെങ്കിൽ ദൂരെ ജോലി സ്ഥലത്താ" എന്റെ ഉള്ളിൽ ഒരു കുളിർകാറ്റുവീശി... അതോടൊപ്പം ഒരാശങ്കയും.... മീനു പറഞ്ഞത് അങ്ങനെ തന്നെ സംഭവിച്ചിരിക്കുന്നു..
"എന്നിട്ട് നീ എന്തു പറഞ്ഞു" എന്നിലെ ഭർത്താവും സുഹൃത്തും ഒന്നിച്ചുണർന്നു...
"ഞാൻ ആരാണെന്നും എന്താണെന്നും എനിക്ക് നല്ല ബോധ്യമുണ്ട് ... സമൂഹം കല്പിച്ചു നൽകിയിട്ടുള്ള സദാചാരമൂല്യങ്ങൾക്ക് അനുസരിച്ചായിരിക്കണം ഓരോ ബന്ധവും ... ഒരു നല്ല സുഹൃത്തായി മാത്രം എന്നെ കാണുക.." എന്നു മാത്രം പറഞ്ഞു...അപ്പോൾ അവളോട് എന്തെന്നില്ലാത്ത സ്നേഹം തോന്നി...സ്വയം തിരിച്ചറിവ് ഉണ്ടായാൽ മതി... ഒരു ബന്ധവും തെറ്റിപ്പോവില്ല... ഇങ്ങനെ ഒരു ഭാര്യ അടുത്തുണ്ടായിട്ടും മറ്റൊരു സ്ത്രീയുടെ സാമീപ്യം കൊതിച്ച തന്റെ തെറ്റ് ഓർത്തപ്പോൾ ബിനുവിന്റെ തെറ്റ് അത്ര വലുതായി തോന്നിയില്ല....
"നിനക്ക് ബിനുവിനോട്‌ ദേഷ്യം തോന്നുന്നുണ്ടോ.?
"ഉം.. എന്തേയ്"
" നിന്റെ കൂട്ടുകാരി ശ്രീലതയാണ് ഇങ്ങനെയൊക്കെ പറഞ്ഞതെങ്കിൽ നിനക്ക് ദേഷ്യം തോന്നുമോ..അതുപോലെ ഒരു സുഹൃത്തായി ബിനുവിനെയും കണ്ടാൽ മതി... അവന്റെ ഉള്ളിൽ എന്തെങ്കിലും തെറ്റ് വന്നാൽത്തന്നെ അത് തിരുത്താനും നിനക്കു കഴിയും" അവൾ അവിശ്വസനീയതയോടെ തന്റെ മുഖത്തേക്കു നോക്കി... അവളെ നെഞ്ചിലേക്ക് ചേർത്തു നിർത്തുമ്പോൾ നല്ല സൗഹൃദങ്ങൾ നിലനിർത്തുന്നതിനുള്ള സദാചാരവഴികൾ തേടുകയായിരുന്നു തന്റെ മനസ്സ്...

By: Lissy George Francis
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo