Showing posts with label Charu. Show all posts
Showing posts with label Charu. Show all posts

അമ്മായമ്മ


പെണ്ണുകാണലിന്റെ അന്ന് ചെക്കന്റെ അമ്മ ചോദിച്ച ചോദ്യം കേട്ട് ഞാനൊന്നു പകച്ചു...
" കുട്ടിക്ക് പാചകം അറിയോ? "
പഠിക്കാൻ പുറത്ത് പോയതിൽ പിന്നെ കിട്ടുന്ന അവധിക്കെല്ലാം അമ്മയുടെ കൈപ്പുണ്യത്തിന്റെ രുചി ആസ്വദിക്കലായിരുന്നു പ്രധാന പണി.. അതിനിടക്ക് പാചകം പഠിക്കാൻ എവിടെ സമയം....
"ഡീ ഈ സാമ്പാറിനുള്ളത് ഒന്ന് അരിഞ്ഞെടുത്തേ എന്ന് അമ്മ പറയുമ്പോൾ നിന്ന നിൽപ്പിൽ തലവേദന അഭിനയിക്കും... വേണ്ടിവന്നാൽ അവിടെ തന്നെ നിന്നു റ ങ്ങും...... എത്ര ചീത്ത പറഞ്ഞാലും ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ നമ്മുടെ പൊത്തിൽ ( റൂം.) കയറി വാതിലടച്ച് പാട്ട് വയ്ക്കും... (മമ്മി & മി സ്റ്റൈൽ) ......
അതിന്റെയൊക്കെ ഫലം ഇപ്പൊ ഈ ചോദ്യത്തിനു മുന്നിൽ നിന്നപ്പൊ കിട്ടി.... ഈശ്വരാ എന്ത് പറയും എന്ന് ആലോചിച്ച് നിക്കേ അമ്മ മറുപടി പറഞ്ഞു..
'' ചെറുതായിട്ടൊക്കെ... പിന്നെ പഠിക്കുവല്ലായിരുന്നോ.. സമയം കിട്ടില.... എല്ലാം പഠിച്ചിട്ട് എങ്ങനാ കെട്ടിക്കുന്നെ.... ഇതും പറഞ്ഞ് അമ്മ എന്നെ ഒരു നോട്ടം നോക്കി...
എന്റെ കണ്ണുകൾ അങ്ങിങ്ങായ് തത്തിക്കളിച്ചു..
"ഓ... സാരല്യ... നമുക്ക് പഠിക്കാലോ... എന്ന ചെക്കന്റെ അമ്മയുടെ മറുപടി കേട്ടപ്പോൾ എന്നെക്കാൾ ആശ്വാസം തോന്നിയത് എന്റെ അമ്മക്കായിരുന്നു...
xxx
വിവാഹം കഴിഞ്ഞ് വിരുന്നൊക്കെയായി കുറെ ദിവസം പോയി കിട്ടി..
എല്ലാം കഴിഞ്ഞ് അടുക്കളയിലേക്ക് പ്രവേശിച്ചു.. അമ്മയുടെ കൂടെ നിന്ന് കണ്ട് പഠിച്ചു..
ശരിക്ക് ദേഷ്യം തോന്നി... ന്നാലും സമാധാനപരമായ കുടുംബ ജീവിതം മനസ്സിൽ കണ്ട് സഹിച്ചു...
അയൽക്കാരുടെ ആക്കിയ നോട്ടത്തിലൂടെയും ചിരിയിലൂടെയും എനിക്കൊരു കുന്തവും അറിയില്ലെന്ന സത്യം അമ്മയിലൂടെ അവർ മനസ്സിലാക്കിയെന്ന് ഞാനുറപ്പിച്ചു..
നാണക്കേട് കാരണം ശരിക്കും സങ്കടം വന്നു.... ആരോടൊക്കെയോ ദേഷ്യവും..
പതിയെ പതിയെ ചെറിയ കാര്യങ്ങൾ മുതൽ ചെയ്ത് തുടങ്ങി...
ആദ്യമൊക്കെ സ്വന്തം വീട്ടിൽ ചെല്ലുമ്പോൾ ഇവിടുത്തെ കാര്യങ്ങളോർത്ത് കരച്ചിലായിരുന്നു..
അമ്മ വീട്ടിലില്ലാത്തപ്പോൾ വരുന്ന വിരുന്നുകാർക്ക് പുറത്ത് നിന്ന് ഭക്ഷണം വാങ്ങി കൊടുക്കേണ്ട അവസ്ഥയിൽ നിന്നും എത്ര പേർക്ക് വേണേലും വച്ച് വിളമ്പിക്കൊടുക്കാനുള്ള ആത്മവിശ്വാസത്തിലേക്ക് നയിച്ചത് എന്റെ അമ്മ (അമ്മായമ്മ ) ആണ്..
ഒരു പാട് സഹിച്ചും ക്ഷമിച്ചും ഒരു കുടുംബം നോക്കാൻ പഠിച്ചതിന് ലാഭനഷ്ടത്തിന്റെ കണക്കെടുത്ത് നോക്കിയാൽ ലാഭം മാത്രമേയുള്ളു..
എല്ലാം പഠിപ്പിച്ച് തന്റെ കടമ ഭംഗിയായി നിർവഹിച്ച് ഇന്ന് ആ അമ്മ തളർന്ന് കട്ടിലിൽ കിടക്കുമ്പോഴും എനിക്ക് തോന്നുന്നു ഈ അവസ്ഥ അമ്മക്ക് വരുമെന്ന് ദൈവം മുൻകൂട്ടി അമ്മയെ അറിയിച്ചിരിക്കണം.. അല്ലെങ്കിൽ അമ്മയില്ലാത്ത ആ അടുക്കള ചൈതന്യമില്ലാതെ എന്നേ നശിച്ചുപോയേനെ...
ഭാഗ്യവതിയാണ് ഞാൻ എന്ന് ഹൃദയം നിറഞ്ഞ് മുഴുവിപ്പിക്കാനാകുന്നില്ല... അമ്മയില്ലാത്ത അടുക്കള എന്നും ചൈതന്യമറ്റതാണ്...
ഒരു കുടുംബം നോക്കാൻ എന്നെ പഠിപ്പിച്ച ആ അമ്മക്ക് എന്റെ മനസ്സിൽ വലിയൊരു സ്ഥാനമുണ്ട്.. കൂടെ സ്നേഹവും പ്രാർത്ഥനയും.
NB : അമ്മായമ്മപ്പോരോ ഇഷ്ടക്കുറവോ കാരണങ്ങളോ ഒന്നും ഞാൻ ചികയുന്നില്ല... കാരണം സമൂഹത്തിൽ ഇത്തരത്തിലുള്ള അമ്മമാരും ഉണ്ട്...
# ചാരു

വീട്ടമ്മ


ചെറുപ്പത്തിൽ , വലുതാകുമ്പോൾ ആരാകണം എന്ന് ചോദിച്ചാൽ ഒരു വീട്ടമ്മ ആയാ മതി എന്ന് പറഞ്ഞ ഒരോർമ്മ...
രാവിലെ തന്നെ കുളിച്ച് സെറ്റ്മുണ്ടൊക്കെ ഉടുത്ത് സിന്ദുരവും ചന്ദനക്കുറിയും തൊട്ട് നനഞ്ഞ മുടിയിൽ തോർത്ത് ചുറ്റി വച്ച് ഭർത്താവിന് ഒരു കപ്പ് ചായയുമായി പോകുന്ന സിനിമയിലെ വീട്ടമ്മ.... ചില ജീവിതത്തിലും.... എന്താ ഒരു ഭംഗി.. ശരിക്കും അതൊക്കെ കണ്ടിട്ടാണ് ഒരു വീട്ടമ്മ ആയാ മതി എന്ന ആഗ്രഹം ഉടലെടുത്തത് എന്നാണ് എന്റെ ഒരിത്....
പക്ഷേ.... ഒരു വീട്ടമ്മ ആയപ്പോഴാണ് മനസ്സിലായത് ഉടുത്തൊരുങ്ങി നിൽക്കുന്ന ആ രൂപം മാത്രമല്ല ഒരു വീട്ടമ്മ... നിറവേറ്റാനായി ഒരു പാട് ഉത്തരവാദിത്വങ്ങളും കടമകളും നിറഞ്ഞ ഒരു വ്യക്തിത്വമാണ്.... എന്നത്....
സത്യം പറഞ്ഞാൽ ചില സമയത്ത് തമാശയായി തോന്നാറുണ്ട്...... രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ ചിന്തകളും ആശങ്കകളുമാണ്.... രാവിലെ ചായക്ക് എന്തുണ്ടാക്കും.... ഉച്ചക്കോ .... ചായ കുടി കഴിഞ്ഞാൽ ഞാനും അമ്മയും അങ്ങോട്ടുമിങ്ങോട്ടും നോട്ടമാണ്... ഉച്ചക്ക് കറി എന്തുണ്ടാക്കും.... അമ്മ പറയുന്നത് കേൾക്കാം ഇതൊരു അന്താരാഷ്ട്ര തലമായ ചോദ്യമാണെന്ന്...
അങ്ങനങ്ങനെ എന്തൊക്കെ...
ഒന്ന് ചിന്തിച്ചു നോക്കിയാൽ കഴുകിയ പാത്രങ്ങൾ തന്നെ അല്ലേ പിന്നീടുള്ള ദി വസങ്ങളിലും കഴുകുന്നത്.. തുണികൾ ആയാലും അങ്ങനെ തന്നെ... പുതിയത് വാങ്ങുന്നില്ല എന്നല്ല ട്ടോ.....
മീൻ കാരന്റെയും പച്ചക്കറി വണ്ടികളുടെയും ശബ്ദങ്ങൾ കാതോർക്കുന്ന ഒരു ശ്രദ്ധ...... :D
ഭർത്താവിന്റെയും മാതാപിതാക്കളുടെയും മക്കളുടെയും ആരോഗ്യത്തിന്റെ കാര്യത്തിൽ ആശങ്ക കാണിക്കുന്ന ഇവർ പല സ്വന്തം കാര്യങ്ങളും മറക്കാറില്ലെ..... പല ഇഷ്ടങ്ങളും മാറ്റിവയ്ക്കാറില്ലേ...... രാവിലെ അടുക്കളയിൽ കയറി ഇല്ലെങ്കിൽ തന്റെ വീട് ഉറങ്ങി പോകും എന്ന ചിന്താബോധമാണ് ഒരു വീട്ടമ്മയെ ഉണർത്തുന്നത് തന്നെ...
ഗ്യാസ് ബുക്ക് ചെയ്യൽ, റേഷൻ കടയിൽ പോകുക ,സുപ്പർ മാർക്കറ്റിലെ സന്ദർശനം.... ആരാധാനാലയങ്ങൾ സന്ദർശിക്കുക മാതാപിതാക്കൾക്കുള മരുന്നുകൾ വാങ്ങുക..... അങ്ങനെ ചില കടമകൾ... ഉത്തരവാദിത്വങ്ങൾ......
പതിവായുള്ള ഈ ദിനചര്യക ളിൽ നിന്നുള്ള ഒരു മാറ്റം... ഷോപ്പിംഗ് ,പുറത്ത് നിന്നുള്ള ഭക്ഷണം, സിനിമ ഈ സന്ദർഭങ്ങളിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുക ഈ വീട്ടമ്മമാർ തന്നെ....
പക്ഷേ എന്തൊക്കെ പറഞ്ഞാലും ഒരു വീട്ടമ്മ എന്ന പൂർണതയിലെത്താൻ വളരെയധികം ബുദ്ധിമുട്ടാ.....
അനന്തമായ ആ നേർരേഖയിലൂടെയുള്ള യാത്രയിലെ ചെറിയ പ്രതിസന്ധികളിൽ കാൽ തട്ടുമ്പോഴാണ് കേട്ട്യോൻമാരോടുള്ള ഈ പരാതിയും പരിഭവങ്ങളും....
ന്നാലും അപ്പൊ തന്നെ അതൊക്കെ മറന്ന് പുഞ്ചിരിക്കാൻ ഒരു വീട്ടമ്മക്ക് നിഷ്പ്രയാസം കഴിയും......
NB : ഒരു സാധാരണ വീട്ടമ്മ.'' ... നാട്ടിൻപുറങ്ങളിൽ ഇപ്പോഴും ഉണ്ട് ഇങ്ങനെ ചിലർ.. എന്നെ പോലെ :P ....'ആരും വിഷമിക്കണ്ട അടുത്ത പ്രാവശ്യം വീട്ടച്ഛൻമാരെ കുറിച്ച് എഴുതാം ട്ടാ :D :p
# ചാരു

തന്റേടി


പെണ്ണ് കാണാൻ വന്ന ചെക്കന്റെ മുഖത്ത് നോക്കി വിവാഹത്തിന് ശേഷവും ജോലിക്ക് പോകണം എന്ന് പറഞ്ഞ ഞാൻ എല്ലാവരുടെയും മുന്നിൽ അഹങ്കാരിയും തന്റേടിയുമായി.....
കൂടെ വന്നവരുടെ പിറുപിറുക്കൽ എന്നെ ലവലേശം കുലുക്കിയില്ല.... തീരുമാനത്തിൽ ഉറച്ചു നിന്ന എന്നെ ചെക്കന്റെ കൂടെ വന്ന സ്ത്രീകൾ ഒരുമാതിരി നോക്കി...
ഒരു പുഞ്ചിരിയോടെയും അതിലേറെ ആത്മവിശ്വാസത്തോടെയും ഞാനവരെ നോക്കി '....
പറ്റില്ലെനിക്ക്.... ആദർശങ്ങളെ മുറുകെ പിടിക്കുവാൻ.....
ഒരു ഭാര്യ ആകുന്നതിനു മുൻപേ ഞാനൊരു മകളാണ്...
മക്കളെ പഠിപ്പിച്ച് വലിയവരാക്കണം എന്ന ആഗ്രഹത്താൽ പട്ടിണി കിടന്നും മുണ്ട് മുറുക്കിയുടുത്തും വിദ്യാഭ്യാസകച്ചവടത്തിനു മുന്നിൽ പഴകിയ നോട്ടുകളുമായി നിന്ന മാതാപിതാക്കളെ മറക്കാൻ കഴിയില്ലെനിക്ക്....
മെറിറ്റ് സീറ്റ് കിട്ടിയാൽ തന്നെയും ഒരു കോഴ്സ് പൂർത്തിയാക്കാൻ വേണ്ടി വരുന്ന പണം ആവശ്യമുള്ളപ്പോൾ അതെത്തിച്ചു തരിക എന്ന കടമ ഭംഗിയായി നിർവ്വഹിച്ച എന്റെ മാതാപിതാക്കളെ മറക്കാനും, കിട്ടിയ റാങ്കുകളിൽ നേടിയെടുത്ത സമ്മാനങ്ങൾ ആ പണിയെടുത്തു തഴമ്പിച്ച കൈകളിൽ ഏൽപ്പിക്കുമ്പോൾ സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പിയ കണ്ണുകൾ കണ്ടില്ലെന്നു നടിക്കാനും, കോളേജിലെ വിശേഷ ദിവസങ്ങളിൽ തന്റെ മകൾ മറ്റുള്ളവരുടെ മുന്നിൽ മോശമാകരുതെന്ന ചിന്തയാൽ പഴയ തുടുത്ത് പുതിയ കുപ്പായങ്ങളുമായി വരുന്ന അച്ഛനെ നിഷ്പ്രയാസം തള്ളിക്കളയാനും, പഠിച്ചിറങ്ങി ഡിഗ്രി കയ്യിൽ കിട്ടിയപ്പോൾ എന്റെ മകളാ എന്ന് പറഞ്ഞ് അഭിമാനത്തോടെ ചേർത്ത് പിടിച്ച് സന്തോഷിക്കുന്ന മാതാപിതാക്കളെ ഒഴിവാക്കാനും ഒരു മകളെന്ന നിലയിൽ ഒരിക്കലും കഴിയില്ലെനിക്ക് ....
ജോലിക്ക് പോയി ശമ്പളം വാങ്ങുന്ന ഭാര്യ ഭർത്താവിനെ അനുസരിക്കാതെ തോന്നിവാസത്തോടെ ജീവിക്കും എന്ന് കേൾക്കുന്നത് ഒന്ന് കാതോർക്കാം..പക്ഷേ.. ന്യായവാദങ്ങളുടെ പിന്നാലെ പോകുന്നതിനു മുമ്പ് പറയട്ടെ....
ജോലിക്കാരനായ ഭർത്താവിനോട് ഒരു നൂറ് രൂപ ചോദിച്ചാൽ ആയിരമായിരം ചോദ്യങ്ങൾ തിരിച്ചു ചോദിക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ട്.....
ഒന്ന് തലവേദന വന്ന് ആശുപത്രിയിൽ പോകാൻ നേരം പോലും കാശ് ചിലവാകുന്നതോർത്ത് പിറുപിറുക്കുന്ന ആണുങ്ങളെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ട് അടുക്കളയിലെ സാധനങ്ങൾ തീർന്നാൽ ഭാര്യ ഒറ്റയ്ക്ക് കഴിച്ച് തീർത്ത പോലെ പെരുമാറുന്നവർ കുറവല്ല...
മറ്റുള്ളവരുടെ മുന്നിൽ വച്ച് ഭാര്യയെ വീട്ടിൽ കയറിയിരുന്ന് വെറുതെ ഭക്ഷണം കഴിക്കുന്നു എന്ന് പറഞ്ഞ് ആക്ഷേപിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്....
ജോലിയെടുത്താൽ കിട്ടുന്ന പണത്തിന്റെ പങ്ക് അവളുടെ സ്വന്തം വീട്ടിൽ കൊടുക്കാൻ വിലക്കുകൾ ഉണ്ടെങ്കിലും കൊടുത്തില്ലെങ്കിലും ആ അച്ഛനമ്മമാർക്ക് പരാതിയോ പരിഭവമോ ഉണ്ടാവില്ല... കാരണം തങ്ങൾ നേടികൊടുത്ത വിദ്യാഭ്യാസത്തിൽ തങ്ങളുടെ മകൾ ജോലി ചെയ്ത് ഭർത്താവിനെയും കുടുംബത്തെയും അധികം ബുദ്ധിമുട്ടിക്കാതെ ജീവിക്കുന്നുണ്ടല്ലോ അല്ലെങ്കിൽ അതിലൂടെ ഭർത്താവിനെ സഹായിക്കുന്നുണ്ടല്ലോ എന്ന സന്തോഷവും നാളെ ഒരു വേള തന്റെ മകൾ തനിച്ചായാൽ പോലും മറ്റുള്ളവരുടെ മുന്നിൽ കരുണക്കു വേണ്ടി കാത്തു നിൽക്കേണ്ടി വരില്ലല്ലോ എന്ന ആശ്വാസം മാത്രമേ ഉണ്ടാകൂ ആ മാതാപിതാക്കൾക്ക്............
NB : ജോലിയുളതിന്റെ പേരിൽ തന്നിഷ്ടം കാണിക്കുന്ന പെൺകുട്ടികൾ ഉണ്ടാകാം.. ഇല്ലെന്ന് പറയില്ല.... പക്ഷേ ഇത്... ഈ വാക്കുകൾ സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന് എന്നെ പോലെ പഞ്ചപാവങ്ങളായ പെൺകുട്ടികൾക്ക് വേണ്ടി മാത്രമാണ് :D
ഫെമിനിസ്റ്റായി കാണില്ലെന്ന് ബിശ്വസിക്കണു...
ചാരു

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo