Showing posts with label DhanyaAjijesh. Show all posts
Showing posts with label DhanyaAjijesh. Show all posts

മോർച്ചറി

Image may contain: 1 person, selfie and closeup
ചുണ്ടുകളിലാരോ അമർത്തി ചുംബിക്കുന്നതുപോലെ തോന്നിയപ്പോഴാണ്, ഞാൻ ഒരു നീണ്ട ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്..
തലയ്ക്കെന്തോ അടിയേറ്റ പോലെ.. ഞാനിതെവിടെയാണ്??..
കണ്ണു തുറക്കാൻ കഴിയുന്നില്ല..
ബലമായി കണ്ണുകൾ ആരോ അടച്ചു പിടിച്ച പോലെ..
ചുറ്റും മനം മടുപ്പിക്കുന്ന ദുർഗന്ധം.. എനിക്കെന്താണ് സംഭവിച്ചത്??..
ഓർമ്മകൾ, സൂചികുത്തുന്ന വേദനയോടെ പതിയെ തെളിഞ്ഞു വരുന്നു..
ഞാൻ ഉറങ്ങുന്നതിനു മുൻപ് കുറച്ചധികം ഉറക്ക ഗുളികകൾ കഴിച്ചിരുന്നു..
അതേ അച്ഛനോടും അമ്മയോടും വഴക്കടിച്ചിരുന്നു എല്ലാം എന്റെ സുധിക്ക് വേണ്ടി..
സുധി അവൻ എന്റെ എല്ലാം ആയിരുന്നു.. പക്ഷെ വീട്ടിലാർക്കും അവനെ ഇഷ്ടമായില്ല.. എനിക്കുവേണ്ടി അവർ വേറൊരാളെ കണ്ടെത്തി.. എല്ലാവരോടും വാശിയായിരുന്നു ദേഷ്യമായിരുന്നു.. ആ വാശിക്കാണ് ഒരുപിടി ഉറക്കഗുളികകൾ വാരി കഴിച്ചത്..
ഉറക്കം എഴുനേൽക്കുമ്പോൾ അവർ എന്റെ ശവം കാണുന്നതും നിലവിളിക്കുന്നതും ഒക്കെ ഓർത്തപ്പോൾ മനസ്സിനൊരു സുഖം.. എല്ലാവരോടും പ്രതികാരം ചെയ്ത സന്തോഷത്തിലാണ് ഉറങ്ങാൻ കിടന്നത്.. ഇതിപ്പോൾ ഞാൻ എവിടെയാണ് ഉണർന്നത്??..
ശരീരത്തിന് വല്ലാതെ ഭാരം കൂടുന്നതുപോലെ.. .
കനം വച്ച കൺപോളകൾ തുറക്കാൻ നന്നേ പാടുപെട്ടു..
അയ്യോ ! ആരോ എന്റെ ശരീരത്തിനുമേൽ അമർന്നു കിടക്കുന്നു..
"ആരാ താൻ; എഴുനേൽക്കടോ! എന്റെ ദേഹത്തു നിന്നും"
ഞാൻ ആക്രോശിച്ചു..
പക്ഷെ അയാൾ അതൊന്നും കേട്ട ഭാവം നടിച്ചില്ല..
അയാൾ ഞാൻ പുതച്ചിരുന്ന പുതപ്പെടുത്തു മാറ്റി, എന്റെ ശരീരത്തു കിടന്ന തുണി ഉരിഞ്ഞു എന്നേ നഗ്നയാക്കുകയാണ് ..
ഞാൻ ചാടി എഴുനേൽക്കാൻ ശ്രമിച്ചു പക്ഷെ എനിക്കാവുന്നില്ല..
കൈ ഉയർത്തി അയാളുടെ കരണത്തൊന്നു പൊട്ടിക്കാൻ ശ്രമിച്ചു..
പക്ഷെ തളർന്നു കിടക്കുന്നപോലെ ഒരു ചെറിയ ചലനം പോലും ഇല്ലാതെ എന്റെ കൈകൾ..
എനിക്കെന്താണ് പറ്റിയത്.. ഞാൻ ചുറ്റിലും ഭയഭീതിയോടെ നോക്കി..
വെള്ള പുതപ്പിച്ച ഒരുപാട് ജീവനറ്റ ശരീരങ്ങൾ നിരന്നു കിടക്കുന്നു..
ഇതെവിടെയാണ് മോർച്ചറിയോ..
അയ്യോ !ആരാ എന്നേ ഇവിടെ കൊണ്ടിട്ടത് ഞാൻ ഉറക്കെ പൊട്ടിക്കരഞ്ഞു..
പക്ഷെ എന്റടുത്തു നിന്ന കറുത്ത് തടിച്ച മനുഷ്യരൂപം പൂണ്ട രാക്ഷസൻ പോലും അതു കേട്ടില്ല
ഇപ്പോഴാണ് ഞാൻ എന്നേ ശ്രദ്ധിക്കുന്നത്.. അയാൾ വലിച്ചുരിഞ്ഞു കളഞ്ഞത് ഉറങ്ങുമ്പോൾ ഞാനിട്ടിരുന്ന കുപ്പായം അല്ല.. ഒരു വെള്ളത്തുണിയാണ്..
അതാരാണ് എന്നേ ഉടുപ്പിച്ചത്..
ഒരുപാട് സംശയങ്ങൾ ആ നിമിഷം എന്റെ മനസ്സിലൂടെ മിന്നി മാഞ്ഞു..
കുറച്ചു മാറി നിന്നു അയാൾ എന്റെ നഗ്നത ആസ്വദിക്കുകയായിരുന്നു.. അയാളുടെ കണ്ണുകളിലെ കാമത്തിന്റെ തിളക്കം.. എനിക്കാ കണ്ണുകൾ കുത്തി പൊട്ടിക്കാൻ തോന്നി.. പക്ഷെ പ്രതികരണ ശേഷി നഷ്ടപ്പെട്ടവളേപ്പോലെ എനിക്ക് കിടക്കേണ്ടി വന്നു.. കാരണം എന്റെ ഇച്ഛക്കനുസരിച്ചു എനിക്ക് ഒന്ന് അനങ്ങാൻ പോലും ആകുന്നില്ല..
പെട്ടന്ന് കതകിലാരോ മുട്ടുന്ന ശബ്ദം..
അയാൾ വലിച്ചുരിഞ്ഞ തുണി എന്റെ ദേഹത്തു വെപ്രാളപ്പെട്ട് ചുറ്റിക്കെട്ടി..
അകത്തേക്ക് നൂലുപോലെ വെളിച്ചം അരിച്ചിറങ്ങി ആ നൂലു വലുതായി വന്നു.. വെളിച്ചത്തിൽ ഒരു രൂപം..
അതൊരാളാണ്.. അയാൾ എന്തോ ചോദിക്കുന്നു.. ഞാൻ കാതുകൂർപ്പിച്ചു..
"അനഘയുടെ ബോഡി എപ്പോഴാ വിട്ടുകിട്ടുക "
വിറയാർന്ന ആ പുരുഷ ശബ്ദം ഒരു ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു
"അച്ഛൻ "
"ഫോർമാലിറ്റീസ് ഒക്കെ കഴിഞ്ഞു സമയമെടുക്കും നിങ്ങൾ പിന്നേ വരൂ "
അയാൾ അരിശത്തോടെ വാതിലടച്ചു
അടയുന്ന വാതിലിനു മുന്നിൽ നിറകണ്ണുകളോടെ നിൽക്കുന്ന അച്ഛന്റെ രൂപം മറഞ്ഞു.. വാതിലിനു സാക്ഷയിട്ട് അയാൾ എന്റടുക്കലേക്കു നടന്നു വരുന്നു.
അപ്പോൾ.. ഞാൻ.. ഞാൻ മരിച്ചിരിക്കുന്നു..
ഒരു ചുമരിനപ്പുറം നിറകണ്ണുകളോടെ എന്റെ ശരീരം ഏറ്റുവാങ്ങാൻ എന്റെ അച്ഛൻ..
ഒന്നും വേണ്ടിയിരുന്നില്ല..
ഓടിച്ചെന്നു അച്ഛനെ കെട്ടിപ്പിടിച്ചൊന്നു പൊട്ടിക്കരയാൻ മനസ്സു കൊതിച്ചു..
എന്റെ ശരീരത്തിലൂടെ എന്തോ ഇഴയുന്നു.. അയാളുടെ കറുത്ത് തടിച്ച കൈകൾ.. ചേതനയറ്റ എന്റെ ശരീരത്തിൽ തഴുകുകയാണ്..
പാമ്പും പഴുതാരയും അട്ടയും തുടങ്ങി ക്ഷുദ്രജീവികൾ ശരീത്തിലാകെ ഇഴയുന്നതുപോലെ..
പുകവലിച്ചു കറുത്ത പല്ലുകൾ കാട്ടി ചിരിച്ചു അയാൾ എന്റെ മുഖത്തിനടുത്തേക്കു വന്നു ചുണ്ടുകളിൽ അമർത്തി ചുംബിച്ചു ..
അയാളുടെ വായിൽ നിന്നും വമിച്ച ദുർഗന്ധത്താൽ എനിക്ക് ഓക്കാനം വരുന്നുണ്ടാരുന്നു..
രണ്ടുവർഷമായി സുധിയെ സ്നേഹിക്കുന്നു അവൻ ആവശ്യപ്പെട്ടിട്ടും ഒരിക്കൽ പോലും ഒന്ന് ചുംബിക്കാൻ അവനു അവസരം കൊടുത്തിട്ടില്ല.. ആ എന്നെയാണ് ഈ വൃത്തികെട്ട ജന്തു.. എനിക്കെന്നോട് തന്നെ അറപ്പു തോന്നി
അയ്യോ ഇയാളെന്താണ് ചെയ്യുന്നത്.. ഞാൻ ഒരു പെണ്ണാണ് എങ്കിലും ജീവനില്ലാത്ത എന്റെ ശരീരം ഈ രാക്ഷസന്റെ കാമത്തിന് ഇരയാവുകയാണ്.. ഞാൻ ഉറക്കെ അലറി കരഞ്ഞു
പുറത്തേക്കു വരാത്ത എന്റെ കരച്ചിൽ അയാളുടെ നിശ്വാസത്തിനും കിതപ്പിനും ഇടയിൽ പെട്ടു ഞെരിഞ്ഞമർന്നു..
ഒരു പെണ്ണെന്ന നിലയിൽ ശരിക്കും ഞാൻ മരിച്ചത് ഇപ്പോഴാണ്..
Dhanyajijesh

അസ്തമിക്കുന്ന പ്രതീക്ഷകൾ

Image may contain: 1 person, smiling, closeup

കരയാതെന്റെ മിഴികളെ,
കണ്ണീരു വീണെന്റെ കവിളിലൊരു ചാലായി
പടരുന്നു കരി നിഴലും,
കൺതടങ്ങലിലാകവേ.
പകൽമാഞ്ഞു, ഇരുൾ പുൽകി
സ്വപ്‌നങ്ങൾ മാഞ്ഞുപോയ് !
ഉരുകുന്ന വേനലിൽ, പ്രണയമാം പൊയ്കയും -
വറ്റിവരളുന്നു തീഷ്ണമായ്.
കനൽമൂടിയ കുന്നിന്റെ, മുകളിലായ്
വെന്തുഞാൻ തേങ്ങുന്നു.
അടരുന്നു മാംസവും ഇതളുകൾ പോലവേ !
കരിയുന്നു, പുകയുന്നു മോഹങ്ങൾ ചാമ്പലായ്.
ഒഴുകുന്നു, ജീവനും; നിലയില്ലാ കയത്തിലായ്.
മതിയായെന്റെ മോഹമേ, മതിയായെന്റെ സ്വപ്നമേ ;
അരുതരുത് വരരുത് ഇനിയെന്റെ ചാരത്തു,
കപട പ്രതീക്ഷതൻ പാൽപുഞ്ചിരിയുമായിനി.
ഇനിയെനിക്കില്ല, ത്രാണിയിനിയില്ലയൊട്ടുമേ ;
തളർന്നു പോയിന്നെന്റെ മനസ്സും ശരീരവും
ഒരുയർത്തെഴുനേൽപ്പിൻ, പിൻവിളിയില്ലാതെ..

By Dhanya Ajijesh

താതഹൃദയം

Image may contain: 1 person, smiling, closeup

എനിക്കിപ്പോ അറിയണം, നിങ്ങൾക്ക് ഞാനാണോ അതോ നിങ്ങളുടെ അച്ഛനാണോ വലുതെന്നു..? ഒന്നുകിൽ ഞാൻ,അല്ലെങ്കിൽ നിങ്ങളുടെ അച്ഛൻ രണ്ടിൽ ഒരാളേ ഇനിയീ, വീട്ടിൽ വാഴുള്ളൂ, അതാരാവണമെന്നു നിങ്ങൾക്ക് തീരുമാനിക്കാം.. അഥവാ അച്ഛനെയാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ ഇപ്പോൾ ഈ നിമിഷം ഞാനും എന്റെ മക്കളും ഈ വീടിന്റെ പടിയിറങ്ങും.. ഈ ജന്മം ഇങ്ങോട്ടൊരു തിരിച്ചുവരവുണ്ടാവില്ല. അച്ഛനെയും കെട്ടിപ്പിടിച്ചു നിങ്ങളിവിടെ സന്തോഷമായിട്ട് താമസിച്ചോ.. 
ഇതും പറഞ്ഞു രേഷ്മ കയ്യിലിരുന്ന ബാഗ് കട്ടിലിലേക്ക് വലിച്ചെറിഞ്ഞു, ദേഷ്യം കൊണ്ടവളപ്പോൾ വിറയ്ക്കുന്നുണ്ടായിരുന്നു..
എന്റെ പൊന്നു രേഷ്മ, നീയൊന്നടങ്ങ്.. അച്ഛനു പ്രായമായില്ലേ, അതിന്റേതായ മാറ്റങ്ങൾ പെരുമാറ്റത്തിലും സ്വഭാവത്തിലും ഉണ്ടാകുന്നത് സ്വാഭാവികമല്ലേ..അത് മനസ്സിലാക്കി നമ്മളല്ലേ ക്ഷമിക്കണ്ടത്.. മോഹൻ അവളെ തണുപ്പിക്കാൻ ശ്രമിച്ചു.. 
ഇല്ല മോഹൻ ഇനിയും നിങ്ങളെന്നെ വിഡ്ഢിയാക്കാൻ നോക്കണ്ട, എനിക്കീവീട്ടിൽ ഒരു നൂറുകൂട്ടം പണിയുണ്ട്, ഞാനിവിടെ വെറുതെ ചൊറിയും കുത്തി ഇരിക്കല്ല.. രാവിലെ എഴുനേൽക്കുമ്പോൾ തുടങ്ങുന്ന ഓട്ടമാ.. കുട്ടികളുടെ കാര്യം നോക്കണം, അവരെ സ്കൂളിൽ വിടണം. മോഹന്റെ കാര്യം നോക്കണം, ഭക്ഷണം ഉണ്ടാക്കണം തുണികഴുകണം പാത്രം കഴുകണം തൂക്കണം തുടക്കണം..ഇതെല്ലം കഴിഞ്ഞു ഒൻപത് മണിക്കുമുൻപ് എനിക്ക് ഓഫീസിൽ എത്തുകയും വേണം.. ഒരുപാട് ക്ഷീണിച്ചാണ്‌ വൈകിട്ട് വീട്ടിലേക്ക് വരുന്നത്..അപ്പൊ അവിടെ നിങ്ങടച്ഛന്റെ വക ദ്രോഹം .. എത്ര പ്രാവശ്യം പറഞ്ഞതാ വീടിനകത്തു തുപ്പരുതെന്നു, മുറുക്കിചുവപ്പിച്ചു ഭിത്തിയിലും തറയിലും.. ഹോ! ഓക്കാനം വരുന്നു..ഉള്ള ഗ്ലാസ്സും പാത്രവുമെല്ലാം തട്ടിയുടച്ചു തറയിലുമുണ്ടാകും.. ഇന്നിപ്പോ നാലാമത്തെ ഗ്ലാസ്സാ പൊട്ടിച്ചത് .. ഇന്നലെ ഞാൻ ഡ്രസ്സ് മാറും നേരം കതകിലൊന്നു മുട്ടുകപോലും ചെയ്യാതെ റൂമിനകത്തേക്ക് കയറിവന്നിരിക്കുന്നു.. സമാധാനത്തോടെ കുറച്ചു നേരം വിശ്രമിക്കാൻപോലും എനിക്ക് പറ്റുന്നില്ല. മടുത്തു ഈ ജീവിതം.. വയസ്സായാൽ മറ്റുള്ളവർക്ക് ഉപദ്രവമുണ്ടാക്കാതെ ഒരിടത്തു അടങ്ങിയിരിക്കണം. അല്ലാതെ മനുഷ്യനെ ദ്രോഹിക്കാൻ ഇറങ്ങി നടക്കരുത്.. അവളുടെ ശബ്ദം ഉയർന്നു..
അച്ഛനു ഓർമക്കുറവുള്ളതുകൊണ്ട് അറിയാതെ സംഭവിച്ചുപോകുന്നതല്ലേ രേഷ്മ, നിനക്കറിയാമല്ലോ അമ്മ മരിച്ചതിനു ശേഷം അച്ഛൻ മാനസികമായി നോർമലല്ലെന്നു.. മനഃപൂർവം അച്ഛൻ ഇങ്ങനൊന്നും ചെയ്യില്ല.. ഈ സ്ഥാനത്തു നിന്റച്ഛനായിരുന്നെങ്കിൽ നീയിങ്ങനൊക്കെ പറയുമോ ?.. മോഹൻ ചോദിച്ചു.. 
എന്റച്ഛൻ ഇതുപോലെ മനുഷ്യനു ശല്യമുണ്ടാക്കാൻ നടക്കുവല്ല.. നിങ്ങളുടെ അച്ഛനു ഒരു മാനസിക രോഗവുമില്ല ഇല്ല, എല്ലാം അങ്ങേരുടെ അഭിനയമാ.. എന്നിട്ട് പാവത്തിനെപ്പോലെ നിഷ്കളങ്കമായി നിന്നാൽ മതിയല്ലോ മോനങ്ങു വിശ്വസിക്കുമല്ലോ.. രേഷ്മ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.. അച്ഛനെ ഏതു വിധേനയും ശരണാലയത്തിലാക്കണമെന്നു അവൾ തീരുമാനിച്ചിരുന്നു.. അതിന്റെ ആദ്യപടിയാണ് ഈ പൊട്ടിത്തെറി..
തൊട്ടടുത്ത മുറിയിലിരുന്ന് മോഹന്റെ അച്ഛൻ ചന്ദ്രശേഖരൻ ഇതൊക്കെ കേൾക്കുന്നുണ്ടായിരുന്നു.. താൻ കാരണമാണ് വഴക്കുണ്ടാകുന്നതെന്നോർത്തപ്പോൾ അയാളുടെ കണ്ണുകൾ ഈറനണിഞ്ഞു. 
രണ്ടുവർഷം മുൻപാണ് മോഹന്റെ അമ്മ ദേവകി അസുഖം വന്നുമരിക്കുന്നത്.. ചെറിയൊരു പനിയായിരുന്നു, പെട്ടന്നാണ് അത് മൂർച്ഛിച്ചത്.. ഒരാഴ്ച ഹോസ്പിറ്റലിൽ കിടന്നു വെന്റിലേറ്ററിൽ ആയിരുന്നു അവസാന രണ്ട് ദിവസം. മരണവും അടക്കവും എല്ലാം പെട്ടെന്ന് കഴിഞ്ഞു.. പക്ഷെ ദേവകിപോയതോടെ ചന്ദ്രശേഖരൻ മാനസികമായി തളർന്നു, ചെയ്യുന്നതെല്ലാം യാന്ത്രികമായി മാറി.. ഒന്നും ആരെയും ഉപദ്രവിക്കണമെന്നു കരുതി ചെയ്യുന്നതല്ല, പക്ഷെ അറിയാതെ സംഭവിച്ചുപോകുന്നതാണ്..
മോഹൻ മുറിയിൽ നിന്നും പുറത്തേക്കിറങ്ങിയതും രേഷ്മ ശക്തിയായി വാതിൽ വലിച്ചടച്ചു. മോഹന്റെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു, ശരിയും തെറ്റും തിരിച്ചറിയാൻ കഴിയുന്നില്ല, എന്താ ചെയ്യേണ്ടതെന്ന് അയാൾക്കൊരു നിശ്ചയവുമുണ്ടായിരുന്നില്ല... ഭൂതകാലത്തിന്റെ ഓർമകൾ മനസ്സിലേക്കു തികട്ടി തികട്ടി വരികയാണ്.. അമ്മയുടെയും ചേച്ചിയുടെയും പുഞ്ചിരിക്കുന്ന മുഖം അയാളുടെ മനസ്സിൽ തെളിഞ്ഞു.. ചേച്ചി, സുകന്യ. പഠിക്കാൻ മിടുക്കിയായിരുന്നു പോരാത്തതിന് സുന്ദരിയും.. സുകന്യ പത്താംതരത്തിൽ പഠിക്കുമ്പോഴാണ് ഒരു വലിയ ദുരന്തം ആ കുടുംബത്തെ തേടിയെത്തിയത്.. സ്കൂൾ വിട്ടു വരുംവഴി ഒരു വാഹനാപകടം..റോഡിന്റെ ഓരം ചേർന്നു നടന്നുവന്നിരുന്ന സുകന്യയെ ഒരു സ്വകാര്യ ബസ്സ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു..മോഹനു സുഖമില്ലാത്തതിനാൽ സുകന്യ ഒറ്റക്കായിരുന്നു അന്ന് സ്കൂളിൽ പോയത്..ഹോസ്പിറ്റലിൽ കൊണ്ടുപോകും മുൻപേ എല്ലാം കഴിഞ്ഞിരുന്നു..അന്ന് എട്ടാം തരത്തിൽ പഠിക്കുകയായിരുന്നു മോഹൻ.. സുകന്യയുടെ വേർപാട് ആ കുടുംബത്തെ തളർത്തി..പഠിച്ചു ഒരു ജോലി സമ്പാദിച്ചു അച്ഛനെയും അമ്മയെയും നോക്കണം അതായിരുന്നു അവളുടെ ഏറ്റവും വലിയ ആഗ്രഹം.കുഞ്ഞൂട്ടാ എന്നായിരുന്നു സുകന്യ മോഹനെ വിളിക്കാറ്.."നീ നോക്കിയില്ലേലും കുഞ്ഞൂട്ടാ എന്റച്ഛനേം അമ്മേം ഞാൻ പൊന്നുപോലെ നോക്കിക്കൊള്ളും" ഒരിക്കൽ ചേച്ചി പറഞ്ഞ വാക്കുകൾ അവന്റെ മനസ്സിൽ പ്രതിധ്വനിച്ചു.
അച്ഛനെ ശരണാലയത്തിൽ ഉപേക്ഷിക്കാനോ, അവിടെക്കിടന്നു നരകിച്ചു മരിക്കാൻ അച്ഛനെ വിട്ടുകൊടുക്കാനോ, അയാൾക്കു മനസ്സുവന്നില്ല.. മോഹൻ അച്ഛന്റെ മുറിയിലേക്ക് നടന്നു.. കട്ടിലിൽ തലകുമ്പിട്ടിരിക്കുകയായിരുന്നു ചന്ദ്രശേഖരൻ.. 
അച്ഛാ.. മോഹൻ വിളിച്ചു.. ചന്ദ്രശേഖരൻ തലയുയർത്തി നോക്കി, അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. അതുകണ്ട് മോഹനു സങ്കടവും ഒപ്പം കുറ്റബോധവും തോന്നി.
രേഷ്മ പറയുന്നതുകേട്ട് അച്ഛൻ വിഷമിക്കരുത്, അവൾക്ക് വിവരമില്ലാത്തതുകൊണ്ട് പറയുന്നതാണച്ഛ.. മോഹൻ അച്ഛനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.. 
ഇല്ലമോനെ, അവൾ പറയുന്നതിലൊരു തെറ്റുമില്ല, ആരായാലും പറഞ്ഞുപോകും അച്ഛനതിലോരു സങ്കടവുമില്ല.. എന്റെ ദേവകീടേം മോൾടേം അടുത്തേക്ക് എത്രയും വേഗം എത്തണമെന്നൊരാഗ്രഹം മാത്രമേ അച്ഛനുള്ളു.. മോൻ വിഷമിക്കരുത് ചന്ദ്രശേഖരൻ മകനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. 
അച്ഛനൊന്നു വേഗം റെഡിയാകു, നമുക്ക് പുറത്തേക്കൊന്നു പോയിവരാം, ഇങ്ങനെ വീട്ടിൽ ചടഞ്ഞുകൂടിയിരുന്നാൽ ആവശ്യമില്ലാത്ത ചിന്തകൾ കൊണ്ട് മനസ്സിടിയും അതുംപറഞ്ഞു മോഹൻ അച്ഛനെ എഴുന്നേൽപ്പിച്ചു..
അങ്ങനെയാണ് എത്രയും വേഗം അമ്മയുടെ അടുത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന അച്ഛനുമായി, കലുഷിതമായമനസ്സുമായി അയാൾ ഈ കടൽ തീരത്തേക്ക് വന്നത്. 
വെളിച്ചത്തെ വിഴുങ്ങി ചുറ്റും ഇരുട്ടുപാകിയിട്ട് സൂര്യൻ പൂർണ്ണമായും കടലമ്മയുടെ മടിത്തട്ടിലേക്ക് മയങ്ങിയിരുന്നു.. 
അച്ഛന്റെ കൈപിടിച്ചു അയാൾ കടലിനോട് ചേർന്നുള്ള മണൽതിട്ടയിൽ ഇരുന്നു.. 
ശാന്തമായി ഒഴുകുന്ന തിരമാലകൾ പൊടുന്നനെ രൗദ്രഭാവത്തോടെ കടൽത്തീരത്തേക്ക് ആഞ്ഞടിച്ചുകൊണ്ടിരുന്നു, അതുപോലെ അയാളുടെ മനസ്സും.. എങ്ങനെ സംസാരിച്ചു തുടങ്ങണമെന്ന് അയാൾക്കൊരു എത്തും പിടിയും കിട്ടിയില്ല.. മകന്റെ മനസ്സു വായിച്ചിട്ടെന്നപോലെ ചന്ദ്രശേഖരൻ സംസാരിച്ചുതുടങ്ങി.. 
ഞാൻകാരണം എന്റെ മോൻ ഒരുപാട് വിഷമിക്കുന്നുണ്ടെന്നു അച്ഛനറിയാം.. ഒന്നും മനഃപൂർവ്വമല്ല മോനെ മോനെന്നോട് ക്ഷമിക്കണം.. അച്ഛനെന്നോടെന്തിനാ ഇങ്ങനെ പറയുന്നത് ക്ഷമചോദിക്കാൻ മാത്രം ഒരുതെറ്റും എന്റച്ഛൻ ചെയ്തിട്ടില്ല മോഹൻ പറഞ്ഞു.. നിനക്കറിയാത്ത ഒരുപാട് കാര്യങ്ങൾ എന്റെ മനസ്സിൽ കിടന്നു നീറുന്നുണ്ട് മോനെ.. ഇത്രനാളും നിന്നോട് പറയണോ വേണ്ടയോ എന്നറിയാതെ കുഴങ്ങുകയായിരുന്നു ഞാൻ .. ഇപ്പോൾ പറയാൻ നേരമായീന്ന് മനസ്സിലിരുന്നു എന്റെ ദേവകിയെന്നോട് പറയുന്നു.. മോനതറിയണം.. ഇതുപറഞ്ഞു ഒരുനിമിഷം ആ അച്ഛൻ ഇളകിമറിയുന്ന കടലിലേക്ക് നോക്കിയിരുന്നു..
അയാളുടെ മുഖത്തു സങ്കടത്തിന്റെയും കുറ്റബോധത്തിന്റെയും നിരാശയുടെയും വിവിധഭാവങ്ങൾ മിന്നിമറഞ്ഞു.. അച്ഛനു തന്നോട് പറയാനുള്ള കാര്യം എന്താണെന്നറിയാൻ മോഹൻ ചെവികൂർപ്പിച്ചു.. 
കടലിലേക്കുള്ള ദൃഷ്ടി പിൻവലിച്ചു ചന്ദ്രശേഖരൻ മകന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു, അമ്മ പനിവന്നു മരിച്ചൂന്നാ നീയടക്കം എല്ലാവരും വിശ്വസിക്കുന്നത്.. രണ്ടുവർഷം മുൻപ് എനിക്കു വിട്ടുമാറാത്ത പനിവന്നത് മോനോർക്കുന്നുണ്ടോ.. അന്ന് ഞാനും ദേവകിയും കൂടി ഹോസ്പിറ്റലിൽ പോയി.. കുറേ ടെസ്റ്റുകൾ ചെയ്തശേഷമാണ് ഡോക്ടർ ഞങ്ങളോട് പറയുന്നത് എനിക്ക് ബ്ലഡ് ക്യാൻസർ ആണെന്ന്.. അതുകേട്ട് എന്നേക്കാൾ തകർന്നത് എന്റെ ദേവകിയായിരുന്നു.. ആധിപിടിച്ചു അവൾക്ക് പനിയായി.. അവളെ വിട്ടു, ഞാനാദ്യം പോകുമെന്നുകരുതി, പക്ഷെ സ്‌നേഹംകൊണ്ടെന്നും എന്നേതോല്പിച്ചവൾ അവിടെയും എന്നെ തോൽപ്പിച്ച് എന്നേക്കാൾ മുൻപേ പോയി.. നാളുകൾ കഴിയുംതോറും അർബുദം എന്നിൽ വേരുറപ്പിച്ചു കഴിഞ്ഞിരുന്നു .. രോഗം മൂർച്ഛിച്ചു.. എത്രയും വേഗം അവളുടെ അടുത്തെത്തിയാൽ മതിയെന്നായിരുന്നു എനിക്ക്.. എന്റെ അവസ്ഥ പറഞ്ഞു മോനെ വേദനിപ്പിക്കാൻ അച്ഛനു മനസ്സുവന്നില്ല.. അച്ഛനെന്നുതൊട്ടാ മുറുക്കാൻ തുടങ്ങിയതെന്ന് ചോദിച്ചു, മോനെന്നോട് ദേഷ്യപ്പെട്ടതോർക്കുന്നുണ്ടോ..? എനിക്കുപോലും നിയന്ത്രിക്കാൻ കഴിയാതെ ഇടയ്ക്കിടെ പുറത്തേക്കു വരുന്ന ചുടുചോര നിങ്ങളിൽ നിന്നും മറയ്ക്കാൻ, രക്തം കണ്ട് എന്റെമോൻ വിഷമിക്കാതിരിക്കാൻ അച്ഛൻ സൃഷ്‌ടിച്ച മറയായിരുന്നു മുറുക്ക്.. ഒരോപ്രാവശ്യം രക്തം ഛർദ്ദിക്കുമ്പോഴും, അത് മുറുക്കാൻ കറയാണെന്നു നിങ്ങളെ വിശ്വസിപ്പിക്കാൻ എനിക്ക് കഴിഞ്ഞു.. അതിന്റെ പേരിൽ രേഷ്മയുടെ കുറച്ചു വഴക്കുകേൾക്കേണ്ടി വന്നു സാരമില്ല.. അച്ഛന്റെ ഗതിയോർത്തു എന്റെ മോൻ വിഷമിക്കേണ്ടി വന്നില്ലല്ലോ, അതായിരുന്നു അച്ഛനു വേണ്ടതും.. ഏറിയാൽ ഒന്നോ രണ്ടോ മാസം അത്രയേ അച്ഛനിനി ആയുസ്സുള്ളൂ.. എന്റെ മോനും കുടുംബത്തോടുമൊപ്പം അത്രയും കാലം അച്ഛനു ജീവിക്കണം, എന്നിട്ട് സന്തോഷത്തോടെ എന്റെ ദേവകിയുടെയും മോളുടേം അരുകിലേക്ക് എനിക്ക് പോകണം. ഈ വയസ്സനു അത്രെയുമുള്ളൂ ആഗ്രഹമുള്ളു.. ആരെയും ബുദ്ധിമുട്ടിക്കണമെന്നു വിചാരിച്ചിട്ടില്ല മോനെ.. അയാൾ മകന്റെ കൈകൾ നെഞ്ചിലേക്ക് ചേർത്തുവച്ചു മനസ്സുതുറന്നു കരഞ്ഞു..
ഇതെല്ലാം കേട്ട് ഒരു പ്രതിമ കണക്കെ നാവുപോലും ചലിപ്പിക്കാനാകാതെ മോഹനിരുന്നു.. അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി, എന്താ അച്ഛാ എന്നെയിതുവരെ ഒന്നും അറിയിക്കാതിരുന്നത് അച്ഛനെ കെട്ടിപ്പിടിച്ചു അയാൾ പൊട്ടിക്കരഞ്ഞുകൊണ്ട്‌ പറഞ്ഞു.. 
എന്റെ മോൻ വിഷമിക്കരുത്, നിന്നെ വിഷമിപ്പിക്കാതിരിക്കാനാണ് അച്ഛനിത്രനാളും ഒന്നും അറിയിക്കാതിരുന്നത്.. അച്ഛനൊരു സങ്കടവുമില്ല അമ്മേടെ അടുത്തേക്ക് പോകാൻ സന്തോഷത്തോടെ കാത്തിരിക്കാണച്ഛൻ.. അച്ഛന്റെ വാക്കുകൾ കേട്ടു മോഹൻ അച്ഛന്റെ കാലിൽ വീണു.. അച്ഛനുണ്ടായ എല്ലാ സങ്കടങ്ങൾക്കും ഈ മകൻ അച്ഛനോട് മാപ്പുപറയുകയാ.. എന്റച്ഛനെ ഞാനെങ്ങോട്ടും വിടില്ല.. എന്റച്ഛനെനിക്ക് മാപ്പുതരണം.. 
പെട്ടെന്നുതന്നെ ചന്ദ്രശേഖരൻ മകനെ എഴുന്നേൽപ്പിച്ചു, നിറകണ്ണുകളോടെ ആശ്ലേഷിച്ചു ... ഇനിയുള്ള കാലം അച്ഛനെ സങ്കടപ്പെടുത്താതെ സന്തോഷത്തിന്റെ നാളുകൾ സമ്മാനിക്കാൻ മോഹൻ മനസ്സിലുറപ്പിച്ചു കഴിഞ്ഞിരുന്നു.. അച്ഛന്റെ കൈപിടിച്ചു അയാൾ വീട്ടിലേക്ക് തിരിച്ചു..... 
Dhanyajijesh

അമ്മേ... വിശക്കുന്നു...

Image may contain: 1 person, closeup

അമ്മേ... വിശക്കുന്നു... ടെലിവിഷനിൽ നിന്നും കണ്ണെടുക്കാതെയവൾ വിളിച്ചുകൂവി. നിമിഷങ്ങൾക്കുള്ളിൽ ഒരുപാത്രം ചോറും കറികളും അവൾക്കുമുന്നിൽ നിരന്നു. അപ്പോഴും കാലിന്മേൽ കാൽകയറ്റി സോഫയിൽ ചാരിക്കിടന്നു ടീവി പ്രോഗ്രാം കാണുകയായിരുന്നു അവൾ..
വിശക്കുന്നുന്നു പറഞ്ഞിട്ട് എന്താമോളെ കഴിക്കാത്തെ, എണീച്ചെ ചോറുണ്ടിട്ട് ടീവി കാണ്. അവർ അവളെ എഴുനേല്പിച്ചിരുത്തി ചോറുരുളകളാക്കി വായിൽ വച്ചു...
എന്താ കുട്ട്യേ വയസ്സു പത്തിരുപതായില്ലേ ഇനിയെങ്കിലും ഇതൊക്കെ ഒറ്റക്ക് ചെയ്തൂടെ നിനക്ക്., അമ്മപറയുന്നത് കേട്ടിട്ടും കേൾകാത്തപോലെ വായിലുള്ള ചോറവൾ ചവച്ചിറക്കി... ചോറുമുഴുവൻ കഴിപ്പിച്ച ശേഷം അമ്മ ഒഴിഞ്ഞ പാത്രവുമായി അടുക്കളയിലേക്കു പോയി
അമ്മേ എന്റെ നെറ്റിയൊന്നു തൊട്ടുനോക്കെ നിക്ക് ചെറുതായി പനിക്കുനുണ്ട്ട്ടോ.. കേട്ടപാതി കേൾക്കാത്തപാതി അടുക്കളയിൽ നിന്നും ശരവേഗത്തിൽ അവർ അവൾക്കുമുന്നിലെത്തി, നെറ്റിയിൽ തൊട്ടുനോക്കി.. ഉവ്വ് ചെറിയ ചൂടുണ്ട്.. മോളുകിടക്ക് അമ്മയിത്തിരി ചുക്കുകാപ്പിയിട്ടുതരാം., ചൂടും പനിയുമൊക്കെ പമ്പകടക്കും.. അവൾസോഫയിലേക്ക് ചാരിക്കിടന്നു കണ്ണുകളറിയാതെ അടഞ്ഞുപോകുന്നു.
"എടീ... മൂദേവി.. നട്ടുച്ചക്ക് കിടന്നുറങ്ങുന്നോ എണീക്കെടി.."അലർച്ച കേട്ടവൾ ചാടിയെഴുന്നേറ്റു, അന്ധാളിപ്പോടെ ചുറ്റും നോക്കി, പെട്ടെന്ന് സ്ഥലകാലബോധം വീണ്ടെടുത്തു..
അമ്മേ, നിക്കു നല്ല സുഖമില്ല ശരീരമാസകലം വേദനിക്കുന്നു.. ക്ഷീണംകൊണ്ടൊന്നിരുന്നതാ ഉറങ്ങിപ്പോയി.. അവൾ പറഞ്ഞുമുഴുമിപ്പിക്കുന്നതിനു മുൻപേ ആ സ്ത്രീ ഇടക്കുകേറിപറഞ്ഞു.,നിന്റെ അടവൊക്കെ നിന്റെ വീട്ടിൽപോയെടുത്താൽ മതി എന്നോട് വേണ്ട, ജോലിചെയ്യാതിരിക്കാൻ ഓരോ കള്ളത്തരം കൊണ്ടിറങ്ങും..
ഇല്ലമ്മേ ഞാൻ ജോലിയെല്ലാം തീർത്തിട്ടാ ഒന്നിരുന്നത്, ചോറുപോലും ഉണ്ടില്ല.. ക്ഷീണം കൊണ്ടൊന്നിരുന്നതാ മയങ്ങിപ്പോയി ദയനീയതയോടവൾ പറഞ്ഞു. ചോറൊക്കെ പിന്നെയുണ്ണാം, നീ പോയി ആ വിറക് കീറിയിട്, മഴക്കാലമാ വരുന്നേ, ഗ്യാസിൽവച്ചു ഉണ്ടാക്കാമെന്നുകരുത്താണ്ട എന്റെ മോൻ ഗൾഫിൽപോയി കഷ്ടപ്പെട്ടുണ്ടാക്കുന്ന പൈസയാ, അതു നിനക്ക് ദൂർത്തടിക്കാനുള്ളതല്ല.,
ജോലിയൊക്കെ കഴിഞ്ഞിട്ടാകാം തീറ്റ, പോ ചെല്ല്.,പെട്ടെന്നുവേണം ... സോഫയിലേക്ക് കാലിന്മേൽ കാൽകയറ്റിയിരുന്നു അമ്മായിയമ്മയുടെ ആജ്ഞ കേട്ട്, നിറഞ്ഞുവന്ന കണ്ണുകൾ അമർത്തിതുടച്ചു കോടാലിയെടുക്കാനായി ചായ്പ്പിലേക്കവൾ നടന്നു...
by: 

വന്ധ്യയാക്കപ്പെട്ട ഭൂമി


കുടചൂടി നിന്നൊരാ മാമരങ്ങൾ !
മഴുതിന്നു സർവ്വം നശിച്ചുവെന്നോ.. 
പാർക്കാനിടമില്ല പക്ഷികൾ തൻ,
കൂട്ടനിലവിളി ഉയരുന്നുവോ...
ഭ്രഷ്ടരായ് തീർന്നോരാ പതംഗങ്ങളോ -
തലതല്ലി ജീവനും കളയുന്നുവോ..
കടൽജലം ഭൂമിയെ മൂടുന്നുവോ...
മണലൂറ്റി നദിയെല്ലാം വറ്റിയെന്നോ...
മാലിന്യം പുഴകളിൽ കുന്നുകൂടി,
ജലമില്ല സർവ്വം കളങ്കമെന്നോ...
ശ്വസിക്കാനൊരിറ്റു വായുവില്ല.
ശ്വാസം നിലച്ചങ്ങു വീഴുന്നുവോ...
കാടില്ല മേടില്ല കാട്ടാറില്ല,
മഴയില്ല പുഴയില്ല മലയുമില്ല,
പട്ടുപൂഞ്ചേല പറിച്ചെടുത്തു -
നിന്നെ നഗ്നയായ് തീർത്തവർ മക്കളെന്നോ
ജനനി നിൻ കണ്ണിൽ നിന്നൊഴുകിടുന്ന
കണ്ണുനീർ നോവിൻ രുധിരമെന്നോ ..
വിപിനങ്ങൾ വെട്ടി വെളുപ്പിച്ചപ്പോൾ,
അർക്കനു കോപം വന്നുവെന്നോ...
നിൻ മാറിടം പൊള്ളി പുകച്ചിടുന്നോ...
ക്ഷിതിയതു ചെത്തി മിനുക്കി മർത്യാ.. -
നീ പണിയുവത് നിൻ കുഴിമാടമെന്നോ..

By: Dhanyajijesh

അമ്മുമ്മയ്കൊരു പ്രസാദം


നീയൊരു പെൺകുട്ടിയാ അതോർമ്മവേണം.മകളുടെ കുസൃതികൾ കാരണം പൊറുതിമുട്ടി ശാരദ ദേഷൃപ്പെട്ടൂ.എന്താ പെൺകുട്ടി ആയാൽ, ആകാശം ഇടിഞ്ഞു വീഴുമോ, എന്ത് കഷ്ടാ ഇത് ആണ്കുട്ടികൾക് മാത്രം ഇവിടെ ജീവിച്ചാൽ മതിയോ. അമ്മുക്കുട്ടി ദേഷ്യത്തോടെ പിറുപിറുത്തു. അതേയ് വയസ്സ് പത്തിരുപതായി ഇപ്പോഴും പാലുകുടി മാറാത്ത കുട്ടിയാണെന്നാണോ നിന്റെ വിചാരം, കണ്ട കുട്ടിപ്പിശാചുക്കളുടെ കൂടെ മരംകേറി നടന്നാലുണ്ടല്ലോ കെട്ടിക്കൊണ്ട് പോകാനാരും വരില്ല പറഞ്ഞേക്കാം, പിന്നെ കിടന്നു അയ്യോ പൊത്തോന്ന് വിളിച്ചിട്ടൊരു കാര്യോമില്ല, അതെങ്ങനെയാ ജനിച്ചതേ കാലുപിറന്നല്ലേ പിന്നെങ്ങനെ നന്നാവും അതും പറഞ്ഞു ശാരദ അടുക്കളയിലേക്ക് പോയി.
അമ്മ പറഞ്ഞതിലും കാര്യമുണ്ടെന്നവൾക് തോന്നി മുത്തശ്ശി പറഞ്ഞു അവൾ കേട്ടിട്ടുണ്ട് തന്നെ പ്രസവിച്ച സമയത്തു കാലാനാദ്യം വന്നതെന്നും പെട്ടെന്ന് തന്നെ ഓപ്പറേഷൻ നടത്തിയത്കൊണ്ട് രക്ഷപ്പെട്ടു കിട്ടിയെന്നും.ആ കാലുറപ്പിച്ചു പിച്ച വക്കാൻ തുടങ്ങിയ സമയത്തു മുതൽ തുടങ്ങിയ തന്റെ തീരാത്ത കുരുത്തക്കേടുകൾ കാരണം മുത്തശ്ശൻ അവളെ കളിയാക്കി വിളിക്കുന്നത് തന്നെ കാലു പുറന്നതേന്നാണു.
അമ്മുക്കുട്ടിക് അഞ്ചു വയസ്സ് പ്രായമുള്ള സമയത്തു,മുത്തശ്ശന്റെ അമ്മ വല്യ മുത്തശ്ശി ജീവനോടുണ്ടായിരുന്നു. പ്രായാധിക്യം കാരണം ഓര്മയൊക്കെപ്പോയി കിടന്നിടത് തന്നെ മലമൂത്ര വിസർജ്ജനം ചെയ്യുന്ന അവസ്ഥ എന്നിരുന്നാലും നാക്കിനു യാതൊരുവിധ കുഴപ്പങ്ങളുമില്ല. ഒരുദിവസം കൊച്ചമ്മുവിന്റെ കളിപ്പാട്ടങ്ങളൊക്കെ അടുക്കി പിറക്കി വല്യ മുത്തശ്ശി അടുക്കളയിലേക്ക് വച്ചു പിടിക്കുന്നത് അവൾ കണ്ടു. ഈ മുത്തശ്ശിക്കെന്തിനാ തന്റെ കളിപ്പാട്ടങ്ങൾ എന്നായിരുന്നു കൊച്ചമ്മുവിന്റെ സംശയം, അവളും മുത്തശ്ശിയുടെ പുറകെ പമ്മി പമ്മി ചെന്നു. അടുക്കളയിൽ ചെന്നപ്പോൾ മുത്തശ്ശി അടുപ്പിൽ തീയൂതുകയാണ്,അടുപ്പത്തു അരി തിളച്ചു മറിയുന്നു,പെട്ടെന്നാണ് കൊച്ചമ്മു അത് ശ്രദ്ധിച്ചത് വല്യമുത്തശ്ശി വിറകായ് പിറക്കി വച്ച് എരിച്ചുകൊണ്ടിരിക്കുന്നത് കണ്ണേ കരളെന്നു താൻ കൊണ്ടു നടക്കുന്ന തന്റെ കളിപ്പാട്ടങ്ങളാണെന്നു, അതിൽ അവൾക്കേറ്റവും പ്രീയപ്പെട്ട നീണ്ട സ്വർണ്ണ മുടിയിഴകളുള്ള, നീലക്കണ്ണുകൾ ചിമ്മി തുറക്കുന്ന പാവക്കുട്ടിയും ഉണ്ടായിരുന്നു. അതാണിപ്പോൾ വിറകിനു പകരം കത്തിക്കൊണ്ടിരിക്കുന്നത്.
കൊച്ചമ്മുവിനു ദേഷ്യവും സങ്കടവും കൊണ്ട് മുഖം ചുമന്നു . അവൾ ഓടി ചെന്നു അടുപ്പിൽ നിന്നും തന്റെ പാവക്കുട്ടി വലിച്ചെടുത്തു അതെ വേഗത്തിൽ തന്നെ അത് താഴെയിട്ടു അലറി വിളിച്ചു...
ബഹളം കേട്ട് എല്ലാരും ഓടിവന്നു അപ്പോഴേക്ക് അമ്മുവിന്റെ കൈ ഒരു ചെറിയ പപ്പടവട്ടത്തിൽ പൊള്ളിക്കുടുത്തിരുന്നു. ഏങ്ങലടിച്ചു കരയുന്നതിനിടയിലും അവൾ വല്യ മുത്തശ്ശിയെ പകയോടെ നോക്കി. അവളുടെ ഭാവം കണ്ട അമ്മക്കു മുത്തശ്ശിയാണ് അതിനുത്തരവാദി എന്ന് തോന്നി മുത്തശ്ശിയെ വഴക്ക് പറഞ്ഞു. ഞാൻ ഒന്നും ചെയ്തില്ല അരിവേവിക്കുകയായിരുന്നു എന്ന് പിറുപിറുത്തു മുത്തശ്ശി സ്വന്തം മുറിയിലേക്ക് വേച്ചു വേച്ചു നടന്നു.
അങ്ങനെയിരിക്കെ ഒരുദിവസം വല്യമുത്തശ്ശി ഉമ്മറത്തിരുന്നു നിലവിളി തുടങ്ങി. മുത്തശ്ശിക്കൊരാഗ്രഹം രാവിലെ അമ്പലത്തിൽ പോയി പ്രസാദം തൊടണം. കരച്ചിലുകേട്ട് ഉറക്കമുണർന്നു കണ്ണും തിരുമി അമ്മുക്കുട്ടി അങ്ങോട്ടു വന്നു.ഇത് സ്ഥിരം ഏർപ്പാടായതിനാൽ മുത്തശ്ശിയേയും അവരുടെ ആവശ്യവും ആരും ഗൗനിക്കുന്നില്ലെന്നു മനസ്സിലായി , അവളുടെ കുഞ്ഞു മനസ്സിൽ കളിപ്പാട്ടം കത്തിച്ചു കൈപൊള്ളിച്ച മുത്തശ്ശിയോട് ദേഷ്യമാരുന്നു .
അമ്മുക്കുട്ടി പയ്യെ പറമ്പിലേക്കിറങ്ങി പറമ്പിൽ നിരനിരയായി നട്ടു വച്ചിരിക്കുന്ന കുഞ്ഞൻ വാഴകന്നുകളിൽ നിന്നും ഒരു കഷണം വാഴ ഇല ചീന്തിയെടുത്തു, നേരെ കോഴിക്കൂടിനടുത്തേക്ക് വച്ചുപിടിച്ചു,ചിന്നൂക്കോഴിയും മക്കളും അവിടെ നിന്നു എന്തോ ചിക്കി ചിതഞ്ഞു തിന്നുന്നുണ്ടാരുന്നു, അവൾ അവരെ ശല്യപ്പെടുത്താതെ ഒരു ചെറിയ കമ്പെടുത്തു കോഴിക്കൂടിനടുത്തുനിന്നും ചൂടാറിയിട്ടില്ലാത്ത നല്ലൊരു കോഴിക്കാഷ്ടം തോണ്ടി വാഴയിലയിലിട്ടു, പിന്നെ മുറ്റത്തു കുലച്ചു നിൽക്കുന്ന തെറ്റിയിൽ നിന്നും രണ്ടു മൂന്നു പൂക്കൾ അടർത്തി കോഴിക്കാഷ്ടത്തിനുമേൽ വിതറി, അവൾ തയ്യാറാക്കിയ കാഷ്ഠ പ്രസാദവുമായി നേരെ വല്യമുത്തശ്ശിക്കടുക്കലേക്ക്, അവിടെ കൂവി കാറിക്കൊണ്ടിരിക്കുന്ന മുത്തശ്ശിക്ക് വളരെ സന്തോഷപൂർവം അവളാ പ്രസാദം കൈമാറി, വലതു കയ്യിലെ നാലു വിരലുകൾ കൊണ്ട് മുത്തശ്ശി കോഴിക്കാഷ്ഠ പ്രസാദം തോണ്ടി നെറ്റിയിൽ ചാർത്തികൊണ്ട് പറഞ്ഞു ഈ കൊച്ചിന് മാത്രെ എന്നോട് സ്നേഹമുള്ളു. ഇതുകേട്ട് അമ്മുക്കുട്ടി ഊറി ചിരിച്ചു.
ആരെക്കുറിച്ചാ മുത്തശ്ശി പറയുന്നേ എന്ന് ചോദിച്ചു ശാരദ അങ്ങോട്ടേക് വന്നു. കോഴിക്കൂടിനടുത്തിരുന്നു അമ്മുക്കുട്ടി ചിക്കി പിറക്കുന്നത് കണ്ടിട്ടാണെന്നു തോന്നുന്നു സംശയം തോന്നിയ ശാരദ പ്രസാദം വാങ്ങി മണത്തു. എടി അമ്മു... എന്നൊരലർച്ചയായിരുന്നു പിന്നവിടെ കേട്ടത്, അന്ന് വീടിനു ചുറ്റും മൂന്നാലു പ്രാവശ്യം അമ്മുക്കുട്ടിയും പുറകെ അമ്മയും ഓടി അളന്നു. അവസാനം അമ്മ കയ്യോടെ പിടികൂടി നല്ല രണ്ടു പൊട്ടിക്കലും കൊടുത്തു. കരഞ്ഞുകൊണ്ട് പിന്നാമ്പുറത്തേക്കോടുമ്പോഴും,ഒരു പകരം വീട്ടലിന്റെ മാധുര്യം അവൾ നുണയുന്നുണ്ടാരുന്നു...
മായാത്ത ഓർമകൾ എന്ന കഥക്കൂട്ടിൽ നിന്നൊരേട്
By: 
Dhanyajijesh

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo