Showing posts with label RenjiniNamboothiri. Show all posts
Showing posts with label RenjiniNamboothiri. Show all posts

പുതിയ തീരങ്ങൾ (കഥ)


മൗനം വാക്കുകളെ അപഹരിച്ചു കൊണ്ടു പോയ ആ അശാന്തമായ സായാഹ്നത്തിൽ, വിദഗ്ധയായ ഒരു മനഃശാസ്ത്രജ്ഞയെ പോലെ, ജയദേവന്റെ കണ്ണുകളിൽ നോക്കികൊണ്ട്‌ മനസ് വായിച്ചറിയാൻ ശ്രമിക്കുകയായിരുന്നു ഞാൻ. കാർമേഘങ്ങൾ നിറഞ്ഞ മാനം പോലെ അവന്റെ മനസ്സും അസ്വസ്ഥമായിരുന്നു എന്നെനിക്ക് തോന്നിയിരുന്നു. ഓഫീസിന്റെ വാതിൽ തള്ളി തുറന്നു കൊണ്ടുള്ള അവന്റെ വരവും, കാലടിയുടെ ചടുല താളങ്ങളും അങ്ങനെ ചിന്തിക്കാൻ എന്നെ പ്രേരിപ്പിക്കുകയായിരുന്നു. അവന്റെ കാലടികളുടെ താളത്തിൽ നിന്നും മനസിന്റെ ഭാവത്തെ പറ്റി ഏകദേശമൊരു ധാരണ സൃഷ്ടിക്കാൻ പലപ്പോഴും എനിക്ക് കഴിഞ്ഞിരുന്നു. ചിലപ്പോളത് പുലർകാല വെയിൽ പോലെ ശാന്തവും , മറ്റു ചിലപ്പോൾ തുള്ളിയുറയുന്ന കാലവർഷം പോലെ രൗദ്രവും ആയിരുന്നു.
എന്നാൽ കൈപിടിയിൽ ഒതുക്കാൻ ശ്രമിക്കും തോറും വഴുതിപ്പോകുന്ന ഒരു പുഴമീനിനെ പോലെ എന്റെ മുഖത്തേക്ക് നോക്കാതെ, മേശപ്പുറത്തിരുന്ന പേപ്പർ വെയിറ്റ് വലത്തേക്കും ഇടത്തെക്കും കറക്കികൊണ്ട് വെറുതെ ഇരുന്നതേയുള്ളൂ അവൻ. ഒരു ചോദ്യത്തിലൂടെ ഞങ്ങൾക്കിടയിലെ മൗനം അവസാനിപ്പിച്ചു കൊണ്ട് അവന്റെ മനസിന്റെ വിജനതയിലേക്ക് ഒരു പാത സൃഷ്ടിക്കാമെന്നു കരുതി ഞാൻ ചോദിച്ചു
"ജയദേവാ, നിന്നെ കണ്ടിട്ട് എത്ര നാളായി? നിനക്ക് സുഖമല്ലേ? ജീവിതം ഒക്കെ എങ്ങനെ പോകുന്നു? "
"ജീവിതമെന്നത് നമ്മുടെ ഇഛക്കനുസരിച്ചു ചലിക്കുന്ന ഒരു വളർത്തു മൃഗമല്ലല്ലോ? ജലത്തിലെ ഒഴുക്കിനനുസരിച്ചു നീങ്ങുന്ന ഒരു പച്ചിലയെ പോലെ കാലത്തിന്റെ ഒഴുക്കിൽ അതങ്ങനെ ഒഴുകി അകലും. "
അവന്റെ മറുപടിയിലാകമാനം ഒരു നിരാശ നിറഞ്ഞു നിന്നിരുന്നു. ഭാവികാല ജീവിതത്തെ പറ്റി മധുര സ്വപ്‌നങ്ങൾ നെയ്തിരുന്ന അവന്റെ പഴയ സംസാരത്തെ പറ്റി ഞാനോർത്തു. ഒരു നിമിഷത്തേക്കെങ്കിലും ഭൂമിയെ പ്രകമ്പനം കൊള്ളിക്കുന്ന ഇടിമുഴക്കം പോലെ ശക്തവും ഊർജസ്വലവുമായിരുന്നു പണ്ടൊക്കെ അവന്റെ വാക്കുകൾ. ജീവിതത്തിൽ ഒന്നും നേടാത്തവന്റെ ദുർബലത മാത്രമേ ഇപ്പോൾ എനിക്കതിൽ ദർശിക്കാനായുള്ളൂ. എന്റെ മുന്നിലിരിക്കുന്നത് ആ പഴയ ജയദേവന്റെ ജീവിക്കുന്ന പ്രേതമാണെന്ന് എനിക്ക് തോന്നി.
പിന്നെയും എന്തൊക്കെയോ ചോദിക്കുവാനുണ്ടായിരുന്നുവെങ്കിലും വാക്കുകൾ എന്റെ തൊണ്ടയിൽ തങ്ങി നിന്നു. ഓഫീസ് സമയം കഴിഞ്ഞിട്ടും മടങ്ങി പോകാതെ അവിടെ തന്നെ ഇരുന്ന ആ നശിച്ച നിമിഷത്തെ ഞാൻ മനസ്സിൽ ശപിച്ചു. ക്ഷണിക്കപ്പെടാത്ത അതിഥിയെ പ്പോലെ വീണ്ടും നിശബ്ദത ഞങ്ങൾക്കിടയിലേക്ക് കടന്നു വന്നു. എന്നാൽ പടർന്നു പന്തലിക്കാനൊരുങ്ങിയ ആ നിശബ്ദതയുടെ വിത്തിനെ മുളയിലേ നുള്ളി എറിഞ്ഞു കൊണ്ട് പെട്ടെന്ന് അവൻ പറഞ്ഞു.
"ഞാൻ ഇന്നലെ സീതയെ കണ്ടിരുന്നു. "
ചില്ലുജാലകത്തിന്റെ പ്രതലത്തിൽ പറ്റിപ്പിടിച്ചിരുന്ന ജലകണങ്ങൾ ക്ഷണനേരം കൊണ്ട് മാഞ്ഞിട്ട് പുറം കാഴ്ചകൾ വ്യക്തമാകുന്നത് പോലെ, ഏറെ നാളുകൾക്ക് ശേഷം അവൻ എന്നെ കാണാൻ വന്നതിന്റെ ഉദ്ദേശം എനിക്ക് വ്യക്തമാകാൻ തുടങ്ങി. ഓർക്കുവാനിഷ്ടപ്പെടാത്ത ഭൂതകാല ഓർമ്മകൾ തന്നെ വല്ലാതെ വേട്ടയാടുമ്പോഴൊക്കെയും എന്നെ കാണാൻ വരികയെന്നത് അവന്റെ ഒരു പതിവായിരുന്നുവല്ലോ? . ഒരു നാൾ ഞങ്ങൾ തമ്മിലുണ്ടായിരുന്ന അഗാധമായ സൗഹൃദത്തിന്റെ തായ് വേരു അവൻ ഇപ്പോഴും അറുത്തു മാറ്റാത്തതിൽ ഒരേ സമയം സന്തോഷവും ദുഖവും എനിക്ക് മനസിൽ തോന്നി.
ഓർമകളുടെ തേരിലേറി ഞാൻ ഭൂതകാലത്തിലേക്ക് സഞ്ചരിച്ചു. ആരിലും അസൂയ ജനിപ്പിച്ചിരുന്ന, സീതയുടെയും ജയദേവന്റെയും മനോഹരമായ പ്രണയകാലവും, പിന്നീട് ദുഃഖത്തിന്റെ കാണാക്കയങ്ങളിലേക്കു നിർദാക്ഷിണ്യം അവനെ തള്ളിയിട്ടിട്ട് മറ്റേതോ തീരത്തേക്ക് വഞ്ചി തുഴഞ്ഞു പോയ സീതയെ പറ്റിയും ഞാൻ ഓർത്തു. ഇഷ്ടമില്ലാത്ത ഭക്ഷണം ചവച്ചിറക്കുന്നതു പോലെയുള്ള മനോവികാരത്തോടെ ഞാൻ ചോദിച്ചു.
"എവിടെ വച്ചാ നീ സീതയെ കണ്ടത്? "
"ബീച്ചിൽ. അവളും കുടുംബവും ഉണ്ടായിരുന്നു. "
"നിന്നെ അവൾ കണ്ടോ? "
"ഇല്ല. കാണാതെ ഞാൻ മറഞ്ഞു നിന്നു. പകരക്കാരന്റെ സ്ഥാനം എപ്പോഴും തിരശീലയ്ക്ക് പിന്നിലാണല്ലോ? അവൾക്ക് ഒരു നല്ല ജീവിതമാണ് കിട്ടിയിരിക്കുന്നത് എന്ന് തോന്നുന്നു. മുഖം അത് വിളിച്ചു പറയുന്നുണ്ട്. എന്നും അങ്ങനെ തന്നെ ആയിരിക്കട്ടെ അല്ലേ? "
അപകടകരമായ അടിയൊഴുക്കിനെ ഒളിച്ചു വച്ചുകൊണ്ട് ഉപരിതലത്തിൽ ശാന്തത ഭാവിക്കുന്ന ഒരു പുഴ പോലെയാണ് അവനെന്ന് എനിക്ക് തോന്നി. അവന്റെ മനസിനെ ആശ്വസിപ്പിക്കാൻ ഞാൻ പറയുന്ന വാക്കുകൾക്ക്, ചുട്ടു പഴുത്ത ലോഹക്കഷണത്തിൽ വീഴുന്ന ജലകണങ്ങളുടെ ആയുസ്സ് മാത്രമേ ഉള്ളുവെന്ന് നല്ലതു പോലെ അറിയാവുന്ന ഞാൻ നിസ്സംഗമായി ഒന്നു മൂളിയിട്ട് കൂടെ ഇതുകൂടി കൂട്ടിച്ചേർത്തു.
"അവളെ പറ്റിയോർത്ത് ജീവിതം തച്ചുടക്കുന്ന നീയാണ് ഞാൻ കണ്ടിരിക്കുന്നതിൽ വച്ചേറ്റവും വലിയ വിഡ്ഢി. "
"അതെ ഞാൻ വിഡ്ഢിയാണ്, സമ്മതീച്ചിരിക്കുന്നു. നിന്നെ പോലെയൊരു ആത്മാർത്ഥ സുഹൃത്ത്‌ ഇല്ലായിരുന്നെങ്കിൽ എല്ലാ വിഡ്ഢികളും ചെയ്യുന്ന ആ വലിയ വിഡ്ഢിത്തം ഞാനും എന്നേ ചെയ്തേനെ? പക്ഷേ ഓരോ പ്രാവശ്യവും അതിന് ഒരുങ്ങുമ്പോൾ ഒക്കെയും നിന്റെ മുഖവും, പലപ്പോഴായി നീ പറഞ്ഞിട്ടുള്ള ആശ്വാസ വാക്കുകളും
എന്റെ മനസിലേക്ക് വരും. എപ്പോഴും സ്വന്തം ഹൃദയത്തോട് എന്നെ ചേർത്ത് പിടിച്ച നിനക്ക് എന്റെ വേർപാട് താങ്ങാൻ കഴിയില്ല എന്നോർക്കുന്നത് കൊണ്ടു മാത്രമാണ് ഞാൻ ഇന്നും ജീവനോടെ ഇരിക്കുന്നത് തന്നെ."
ചിലപ്പോളൊക്കെ നമ്മൾ പറയുന്ന ചില വാക്കുകൾ വീര്യം കൂടിയ മരുന്നുകളെക്കാൾ ഫലം ചെയ്യും എന്ന് മനസ്സിൽ ഓർത്തു കൊണ്ട്
താഴേക്ക് ഒഴുകി വീഴാൻ സമ്മതിക്കാതെ എന്റെ കണ്ണുകളിൽ നിറഞ്ഞു വന്ന കണ്ണുനീരിനെ, പുറം കൈ കൊണ്ട് തുടച്ചു മാറ്റി ഞാൻ മൗനമായി ഇരുന്നു. ഒപ്പം, ഇത്രയും ആത്മാർത്ഥമായി തന്നെ സ്നേഹിച്ചിട്ടും ഒരു കറിവേപ്പില പോലെ അവനെ വലിച്ചെറിഞ്ഞ സീതയോടുള്ള ദേഷ്യവും എന്റെ മനസ്സിൽ വർധിച്ചു.
എന്നെ മൗനത്തിന്റെ കാരാഗൃഹത്തിൽ ബന്ധിതയാക്കാൻ സമ്മതിക്കാതെ അവൻ പറഞ്ഞു.
"യഥാർത്ഥത്തിൽ ഞാൻ ഇപ്പൊ വന്നത് നിന്നോട് യാത്ര ചോദിക്കാനാണ്. . വിദേശത്തുള്ള എന്റെ ഒരു സുഹൃത്ത് എനിക്കവിടെ ജോലി ശരിയാക്കിയിട്ടുണ്ട്. എന്തു ജോലി ആണെങ്കിലും വേണ്ടില്ല. ഹൃദയത്തെ കൊത്തി വലിക്കുന്ന ഒരുപാട് വേദനകൾ തന്ന ഇവിടെ നിന്ന് രക്ഷപ്പെടണം എന്ന് മാത്രമേ ഞാനിപ്പോ ചിന്തിക്കുന്നുള്ളൂ. എവിടെ ആയിരുന്നാലും ഞാൻ നിന്നെ എന്നും ഓർമ്മിക്കും. ഏതു പ്രതിസന്ധിയെയും തരണം ചെയ്യാൻ അത് മാത്രം മതി എനിക്ക്. "
ശാന്തമായ മനസ്സോടെ ഞാൻ പറഞ്ഞു
"കാലത്തിന് ഉണക്കാൻ പറ്റാത്ത ഒരു മുറിവും ആരിലും അവശേഷിക്കില്ല എന്ന് നീ കേട്ടിട്ടില്ലേ? കുറെ നാളുകൾ കഴിയുമ്പോൾ എല്ലാം വെറും ഓർമ്മകൾ മാത്രമാകും. "
"ഉം. എന്നാ വന്നേ, ഇന്ന് ഹോസ്റ്റൽ വരെ ഞാനും കൂടി വരാം. പണ്ടത്തെ പോലെ നമുക്ക് സന്തോഷമായി ഒരുമിച്ചു നടക്കാം."
ഓഫീസിന്റെ മതിലിനപ്പുറം ഒരു പുഴ ഒഴുകുന്നുണ്ടായിരുന്നു. അവന്റെ കൂടെ പുറത്തേക്ക് ഇറങ്ങുമ്പോൾ, പുതിയ തീരങ്ങൾ തേടി ഒഴുകിപ്പോകുന്ന അതിനെ ഞാൻ ഒരു നിമിഷം സന്തോഷത്തോടെ നോക്കി നിന്നു.
Written By
Renjini EP Namboothiri

പറന്നുയരുന്ന ഈയാംപാറ്റകൾ

Image may contain: 1 person, closeup
.....................................................
ഞാനിപ്പോൾ ഇരിക്കുന്നത് കുട്ടികൾക്ക് വേണ്ടി മാത്രം പണികഴിപ്പിച്ചിരിക്കുന്ന, നഗരത്തിലെ പ്രശസ്തമായ ഒരു ആശുപത്രിയിലെ ഐസിയുവിന്റെ മുന്നിലിട്ടിരിക്കുന്ന കസേരകളിലൊന്നിലാണ്. രണ്ടു മൂന്നു കസേരകൾക്കപ്പുറം കണ്ണുകളടച്ച് എന്തോ ആലോചനയിൽ മുഴുകി അയാളും ഇരിക്കുന്നുണ്ട്. ഇപ്പോഴത്തെ അയാളുടെ മാനസികാവസ്ഥ എന്താണെന്ന് ഒരു പക്ഷേ എന്നേക്കാൾ നല്ലതുപോലെ ഊഹിക്കാൻ കഴിയുന്ന വേറെ ആരും ഉണ്ടാവില്ല. കാരണം അയാളും ഞാനും ഏകദേശം ഒരേ അവസ്ഥയിൽ കൂടിയാണ് കടന്നു പോകുന്നത് എന്നതു തന്നെയാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരേ വിധിയുടെ രണ്ടു വ്യത്യസ്ത പ്രതിരൂപങ്ങളാണ് ഞങ്ങളിരുവരും. എന്നിരുന്നാലും ആ വിധി ഞങ്ങളിലേൽപ്പിച്ച ദു:ഖത്തിന്റെ അളവിൽ കാര്യമായ വ്യത്യാസം തന്നെയുണ്ടായിരുന്നു. ഒരേ പ്രഹരം തന്നെ പലരിലും ഏൽപ്പിക്കുന്ന ആഘാതവും പല തരത്തിലായിരിക്കുമല്ലോ? എനിക്കുള്ളതിന്റെ എത്രയോ മടങ്ങ് ദു:ഖം അയാൾ തന്റെ ഉള്ളിൽ പേറുന്നു എന്ന് ആദ്യ ദിവസം അയാളെ കണ്ടപ്പോൾ തന്നെ എനിക്കു മനസിലായതാണ്.
മൂന്നാലു ദിവസങ്ങൾക്ക് മുമ്പ് ഇവിടുത്തെ പ്രശസ്തനായ സർജനെ കാണാൻ ചെല്ലുമ്പോളാണ് ഞാനയാളെ ആദ്യം കാണുന്നത്. ഞാൻ ചെല്ലുമ്പോ ഡോക്ടറുടെ മുറിയിൽ മറ്റാരോ ഉണ്ടായിരുന്നു. അകത്തുള്ളയാൾ ഇറങ്ങുന്നതും കാത്ത് കൺസൽട്ടിംഗ് റൂമിനു പുറത്തിട്ടിരിക്കുന്ന കസേരയിൽ ഞാൻ ഇരുന്നു. എനിക്ക് സംഭവിച്ച ദുർവിധിയുടെ വിവരങ്ങൾ അടങ്ങിയ കടലാസുകൾ ഒരു ഫയലിലാക്കി ഞാൻ കൈയിൽ കരുതിയിട്ടുണ്ടായിരുന്നു. എന്റെ മനസപ്പോൾ പ്രതീക്ഷയുടെ വർണ്ണങ്ങളൊന്നുമില്ലാതെ, ഒരു വെളുത്ത കടലാസ് പോലെ ശൂന്യമായിരുന്നു.
എന്തും നേരിടണമെന്ന് പലവട്ടം മനസിനെ പറഞ്ഞു പഠിപ്പിച്ചിട്ടായിരുന്നു ഞാൻ അവിടേക്ക് വന്നതെങ്കിലും എന്റെ മനസിന്റെ അഗാധതയിലെവിടെയോ തീവ്രമായ ഒരു ദുഃഖം തളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു. ഈ ഡോക്ടർ എന്തായിരിക്കും പറയുവാൻ പോകുന്നത് എന്ന് ഞാൻ വെറുതെ ചിന്തിച്ചു. ഒരു പക്ഷേ മറ്റേ ആശുപത്രിയിലെ ഡോക്ടർ പറഞ്ഞതു തന്നെയാണ് ഇദ്ദേഹവും പറയുവാൻ പോകുന്നതെങ്കിൽ? എയ് അങ്ങനെയാവില്ല. ഇദ്ദേഹം ഒരിക്കലും അങ്ങനെ പറയില്ല. തീർച്ചയായും എനിക്ക് പ്രതീക്ഷ നൽകുന്ന കാര്യം തന്നെയാവും ഇദ്ദേഹം പറയാൻ പോവുന്നത് എന്നൊക്കെയുള്ള പല വിധ ചിന്തകൾ എന്റെ മനസിലേക്ക് വന്നു കൊണ്ടിരുന്നു. അവ മനസിനെ അസ്വസ്ഥമാക്കാൻ തുടങ്ങിയപ്പോൾ ഞാൻ കൈയിലിരുന്ന ഫോണെടുത്ത് വെറുതേ എന്തൊക്കെയോ നോക്കിക്കൊണ്ടിരുന്നു. പക്ഷേ എത്ര ശ്രമിച്ചിട്ടും അവയിലൊന്നും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ അകത്തുള്ളവർ ഇറങ്ങാത്തതെന്തായിരിക്കും എന്നു ചിന്തിച്ച് കൊണ്ട് ഞാൻ ഡോക്ടറുടെ മുറിയിലേക്ക് മിഴികളർപ്പിച്ചു. എന്റെ കാത്തിരിപ്പിന് അറുതി വരുത്തിക്കൊണ്ട് പെട്ടെന്ന് ഡോക്ടറുടെ മുറിയുടെ വാതിൽ തുറക്കപ്പെടുകയും അതിൽ നിന്ന് രണ്ടു പേർ പുറത്തേക്കു വരികയും ചെയ്തു. ധൃതിയിൽ ഞാനകത്തേക്കു കടക്കുമ്പോഴാണ് ആരുടെയോ ഉച്ചത്തിലുള്ള കരച്ചിൽ എന്റെ കാതുകളിൽ പതിച്ചത്. തിരിഞ്ഞു നോക്കിയപ്പോൾ എനിക്കു മനസിലായി അതിപ്പോ അകത്തു നിന്നിറങ്ങി വന്നവരിലൊരാളുടെതായിരുന്നുവെന്ന്. എനിക്കു ഡോക്ടറെ കാണേണ്ട അത്യാവശമുണ്ടായിരുന്നതുകൊണ്ട് അതിനെ പറ്റി കൂടുതൽ അന്വേഷിക്കാതെ ഞാനകത്തേക്കു കടന്നു. പക്ഷേ എന്റെ മനസപ്പോഴും അയാളുടെ കരച്ചിലിന്റെ കാരണം തേടുകയായിരുന്നു.
എന്റെ കൈയിലിരുന്ന രേഖകളെല്ലാം പരിശോധിച്ചതിനു ശേഷം ഡോക്ടർ പറഞ്ഞ വാക്കുകൾ എനിക്ക് വളരെയധികം നിരാശയാണ് നൽകിയത്. ആദ്യത്തെ ഡോക്ടർ പറഞ്ഞതിനപ്പുറമൊന്നും ഇദ്ദേഹത്തിനും പറയുവാനുണ്ടായിരുന്നില്ല. എന്റെ മനസിലെ പ്രതീക്ഷകൾക്ക് വെറുമൊരു ചീട്ടുകൊട്ടാരത്തിന്റെ ബലമേ ഉണ്ടായിരുന്നുള്ളു എന്നെനിക്ക് മനസിലായി. എന്റെ മുഖത്തെ അസ്വസ്ഥത കണ്ടിട്ടാവണം അദ്ദേഹം എന്നോടു പറഞ്ഞു.
" നോക്കു മിസ്റ്റർ രാജിവ്, താങ്കളെ വിഷമിപ്പിക്കാൻ വേണ്ടിയല്ല ഞാനത് പറഞ്ഞത്. ഒരു ഡോക്ടറെന്ന നിലയിൽ എന്റെ കർത്തവ്യമാണത്. പിന്നെ നമുക്ക് നോക്കാം. വല്ല അത്ഭുതവും സംഭവിക്കുമോ എന്ന്. അങ്ങനെയുള്ള അത്ഭുതങ്ങളെ പറ്റി പത്രങ്ങളിൽ ദിനംപ്രതി എത്ര വാർത്തകളാണ് നമ്മൾ വായിക്കാറുള്ളത്?"
" പക്ഷേ ഡോക്ടർ, അങ്ങനെയൊന്നും ചിന്തിക്കാൻ എനിക്കു കഴിയുന്നില്ല. എന്റെ മനസെപ്പോഴും അരുതാത്ത ചിന്തകളിലേക്ക് വഴുതി വീണു കൊണ്ടിരിക്കുകയാണ് ."
" തന്നെപ്പോലെയാണ് ഒട്ടുമിക്ക പേരും ചിന്തിക്കുന്നത്. എന്തെങ്കിലും ചെറിയ പ്രശ്നം വരുമ്പോഴേക്കും അതിലെ നെഗറ്റീവ് വശം മാത്രം ചിന്തിച്ചു കൊണ്ടിരിക്കും. രാജീവ്, തന്നെക്കാളും കഷ്ടകാലം പിടിച്ചവരും ഈ ലോകത്തുണ്ട്. അവരെ പറ്റിയൊന്നു ചിന്തിച്ചാൽ തന്റെ അവസ്ഥ ഒന്നുമല്ല. ഉദാഹരണത്തിന് ഇപ്പോൾ ഇവിടെ നിന്നിറങ്ങിപ്പോയില്ലേ? ഗോപൻ എന്നാണയാളുടെ പേര്. കല്യാണം കഴിഞ്ഞ് 10 വർഷങ്ങൾക്കു ശേഷം പല ചികിത്സകളും ചെയ്തതിനു ശേഷമാണ് അവർക്കൊരു കുഞ്ഞ് ജനിക്കുന്നത്. നിർഭാഗ്യമെന്തെന്നാൽ ആ കുഞ്ഞിനും തന്റെ കുഞ്ഞിന്റെ അതേ പ്രശ്നമാണ്. അയാളുടെ ഭാര്യയ്ക്കാണെങ്കിൽ ഇനി ഒരു കുഞ്ഞിന് ജൻമം നൽകാനും കഴിയില്ല. പ്രസവ സമയത്തെ എന്തോ പ്രശ്നം കാരണം അവരുടെ ഗർഭപാത്രവും നീക്കം ചെയ്തിരിക്കുകയാണ്. തനിക്ക് ആരോഗ്യമുള്ള വേറൊരു കുഞ്ഞുണ്ടല്ലോ? ഇനി വേണമെങ്കിൽ ഉണ്ടാവുകയും ചെയ്യും. അതു കൊണ്ട് പോസിറ്റീവായി മാത്രം ചിന്തിച്ചു കൊണ്ട് തിരികെ പോവുക. നല്ലതു വരാൻ ദൈവത്തോട് പ്രാർത്ഥിക്കുക. ഏറ്റവും അടുത്ത ദിവസം തന്നെ നമുക്ക് കുഞ്ഞിന്റെ സർജറി നടത്താം. "
ചില ചോദ്യങ്ങളുടെ ഉത്തരങ്ങൾ നമ്മൾ അന്വേഷിച്ചില്ലെങ്കിലും നമ്മെ തേടി വരുമെന്ന് എനിക്ക് മനസിലായത് ഡോക്ടറുടെ വാക്കുകളിൽ നിന്നായിരുന്നു. ഞാൻ ഡോക്ടറുടെ മുറിയിൽ നിന്നിറങ്ങുമ്പോഴേക്കും അയാൾ പോയ്ക്കഴിഞ്ഞിരുന്നു. പക്ഷേ അയാളുടെ അവസ്ഥ എന്നെ വിടാതെ പിന്തുടർന്നു കൊണ്ടേ ഇരുന്നു.
പിന്നെയും പല സ്ഥലത്തു വച്ച് ഞാനയാളെ കണ്ടു. അപ്പോഴെക്കെ വിഷാദം നിറഞ്ഞ ഒരു പൂഞ്ചിരി അയാൾ എനിക്കു നൽകാറുണ്ടായിരുന്നു. ഒരു ദിവസം കഴിഞ്ഞ് ഏതാണ്ട് അടുത്തടുത്ത സമയങ്ങളിലാണ് ഞങ്ങളുടെ കുട്ടികളെ സർജറിക്കായി കയറ്റിയത്. മണിക്കൂറുകൾ നീണ്ട സർജറിക്കു ശേഷം ഞങ്ങളുടെ കുട്ടികൾ ബോധത്തിലേക്ക് തിരികെ വരുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ് ഞങ്ങൾ. ഏതു നിമിഷവും ഐസിയുവിന്റെ വാതിൽ തുറക്കപ്പെടുമെന്നും ഞങ്ങൾക്കുള്ള നല്ല വാർത്ത വരുമെന്നുമുള്ള പ്രതീക്ഷ ഞങ്ങളിരുവർക്കുമുണ്ട്. ചില പ്രതീക്ഷകളാണല്ലോ പലപ്പോഴും നമ്മെ മുന്നോട്ട് നയിക്കുന്നത്?
എന്റെ സമയങ്ങൾ ഒരു ഒച്ചിനെ പോലെ സാവധാനം പോയ്ക്കൊണ്ടിരുന്നു. പല പ്രായത്തിലുള്ള കുട്ടികളുടെ കരച്ചിൽ, അവരെ ആശ്വസിപ്പിക്കുന്ന മാതാപിതാക്കളുടെ ശബ്ദങ്ങൾ, ഇവയുടെ എല്ലാമിടയ്ക്ക് ആശ്വാസത്തിന്റെ ഒരു വാതിൽ തുറക്കുന്ന ശബ്ദത്തിന് കാതോർത്ത് ഞാനിരുന്നു. ഒടുവിൽ ഐസിയുവിന്റെ വാതിൽ തുറന്ന് ഒരു നേഴ്സ് പുറത്തേയ്ക്ക് വന്ന് എന്നോടു പറഞ്ഞു.
"രാജീവ്, നിങ്ങളെ ഡോക്ടർ വിളിയ്ക്കുന്നു."
അവരുടെ ഒപ്പം ഐ സി യു വിന്റെ അകത്തേക്ക് പോവുമ്പോൾ ഡോക്ടർ പറയാൻ പോകുന്ന കാര്യത്തെ കുറിച്ചുള്ള ആകാംക്ഷ ഒരു ആൽമരം പോലെ എന്നിൽ പടർന്നു പന്തലിച്ചിരുന്നു.
നിറഞ്ഞ പുഞ്ചിരിയോടെയാണ് അദ്ദേഹം എന്നെ എതിരേറ്റത്.
''രാജീവ്, നിങ്ങളുടെ പ്രാർത്ഥന ഫലം കണ്ടു. നിങ്ങളുടെ കുഞ്ഞിന് അനസ്തേഷ്യയിൽ നിന്നു ബോധം തെളിഞ്ഞു. സത്യം പറഞ്ഞാൽ നിങ്ങളുടെ കുഞ്ഞിന്റെ കാര്യത്തിൽ എനിക്ക് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. ഗോപന്റെ കുഞ്ഞിലായിരുന്നു എന്റെ പ്രതീഷ മുഴുവൻ. പക്ഷേ.... "
" ആ കുഞ്ഞ് രക്ഷപ്പെടില്ലെ ഡോക്ടർ ?"
" ഞങ്ങൾ പരമാവധി ശ്രമിച്ചു. പക്ഷേ ഒന്നും നമ്മുടെ കയ്യിലല്ലല്ലോ? ഒരേ സമയം ദുഃഖവും സന്തോഷവും പങ്കു വയ്ക്കാൻ വിധിക്കപ്പെട്ടവരാണ് ഞങ്ങൾ ഡോക്ടർമാർ . ശരി രാജീവ് ഇപ്പോ പോയ്ക്കൊള്ളു. അൽപ്പസമയം കഴിയുമ്പോൾ കുഞ്ഞിനെ വാർഡിലേയ്ക്ക് മാറ്റും. അeപ്പാൾ നിങ്ങൾക്ക് കാണാം. "
ഗോപനെ വിളിയ്ക്കാൻ ഡോക്ടർ നേഴ്സിനോടു പറയുന്നതു കേട്ട ഞാൻ അയാളെ അഭിമുഖീകരിക്കാനുള്ള ശക്തിയില്ലാതെ വേഗത്തിൽ ഐ സി യു വിന്റെ പുറത്തേക്ക് കടന്ന് വരാന്തയുടെ അറ്റത്തുള്ള ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു. സമയമപ്പോൾ സന്ധ്യയാവാറായിരുന്നു. പടിഞ്ഞാറൻ ചക്രവാളങ്ങൾ ചുമന്നു തുടങ്ങിയിരുന്നു. സന്തോഷം നിറഞ്ഞ ഒരു പ്രഭാതം ഇനി അയാളുടെ ജീവിതത്തിലുണ്ടാകുമോ എന്നു ഞാൻ വെറുതെ ചിന്തിച്ചു നോക്കി. പകലെപ്പോഴോ പെയ്ത മഴയിൽ നനഞ്ഞു കിടന്നിരുന്ന മണ്ണിൽ നിന്ന് നീലാകാശം ലക്ഷ്യമാക്കി പറന്നു വരുന്ന ഈയാംപാറ്റകളെ കണ്ട് എന്തുകൊണ്ടോ അന്നാദ്യമായി ഞാൻ അസ്വസ്ഥനായി.
അവസാനിച്ചു.
രഞ്ജിനി.

പ്രതികരണ ശേഷി ഇല്ലാത്തവർ

പ്രതികരണ ശേഷി ഇല്ലാത്തവർ
ജനുവരി 6 നുണ്ടായിരുന്ന പി എസ് സി ടെസ്റ്റ് കഴിഞ്ഞ് മടങ്ങി വരികയായിരുന്നു ഞാൻ. ബസ് വരാൻ ഇനിയും താമസമെടുക്കുമെന്നുള്ളതിനാൽ ഞാൻ കോട്ടയത്തെ പ്രൈവറ്റ് സ്റ്റാൻഡിലിട്ടിരുന്ന വെയ്റ്റിംഗ് ചെയറുകളൊന്നിൽ ഇരുന്നു. ബാഗിൽ നിന്നും മൊബൈൽ എടുത്ത് നെറ്റ് ഓണാക്കി. ഫെയ്സ് ബുക്ക് നോക്കാൻ തുടങ്ങി. കുറേ പതിവു മെസേജുകൾ മാത്രം. അതിൽ ഏറ്റവും കൂടുതൽ ആളുകൾ ഷെയർ ചെയ്തിരിക്കുന്ന മെസേജാണ് കേരള പോലീസിന്റേത്. മെസേജിന്റെ ചുരുക്കം ഇങ്ങനെയാണ്. നമ്മുടെ വീട്ടിലെത്തുന്ന ഭിക്ഷക്കാർക്ക് പൈസയൊന്നും കൊടുക്കരുത്. നിങ്ങളറിയാതെ നിങ്ങളുടെ കുട്ടികൾക്കുള്ള അപകടം ക്ഷണിച്ചു വരുത്തുകയാണ് എന്ന്. ഞാൻ ഫോൺ തിരികെ ബാഗിലേക്കു വച്ചു. ബസ് വരുന്നുണ്ടോ എന്ന് നോക്കിയിരിക്കാൻ തുടങ്ങി. അപ്പോഴാണ് അകലെ ഭിക്ഷ യാചിക്കുന്ന ഒരു സ്ത്രീയെയും ഒക്കത്തിരിക്കുന്ന കുഞ്ഞിനെയും കണ്ടത്. കണ്ടാൽ തന്നെ അറിയാം അത് അവരുടെ കുട്ടിയല്ല എന്ന്. ഞാൻ ചുറ്റുപാടുമുള്ള ജനങ്ങളെ ശ്രദ്ധിച്ചു. ആരും അവരെ തടയുന്നില്ല. തങ്ങളുടെ സമീപത്ത് എത്തുമ്പോൾ കൈയിലുള്ള പൈസയിൽ ഒരു പങ്ക് അവർക്ക് കൊടുക്കുന്നു. അവരുടെ കൈയിലിരിക്കുന്ന കുഞ്ഞിനെ ശ്രദ്ധിക്കുന്നു പോലുമില്ല. ആരും പ്രതികരിക്കാത്തതെന്താണ് എന്ന് ഞാൻ മനസിലോർത്തു. അവർ എന്റെ സമീപം എത്താറായി. എന്തു ചെയ്യണമെന്നറിയാതെ ഞാൻ ആകെ വിഷമത്തിലായി. വേണമെങ്കിൽ എനിക്ക് പ്രതികരിക്കാം. ഫോൺ എടുത്ത് പോലീസിനെ വിളിക്കാം. പക്ഷേ ഞാനങ്ങനെ പ്രതികരിച്ചാൽ ആൾക്കാർ എന്തു കരുതും ? 5 രൂപ കൊടുക്കാൻ കഴിയാത്ത പിശുക്കിയാണ് ഞാൻ എന്നു വരെ ആളുകൾ പറയുമായിരിക്കും. അല്ലെങ്കിൽ ഞാൻ പ്രതികരിച്ച് പോലീസ് വന്ന് അവരെ കൊണ്ടുപോയി എന്നു തന്നെ ഇരിക്കട്ടെ. ഭിക്ഷാsന മാഫിയയുടെ ആക്രമണത്തിൽ യുവതി മരണപ്പെട്ടു എന്നൊരു ഹോട്ട് ന്യൂസിൽ നാളത്തെ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുവാൻ ഞാനൊരിക്കലും ആഗ്രഹിച്ചില്ല എന്നതാണു സത്യം. ഇനി അതുമല്ലെങ്കിൽ ആരിലെങ്കിലും ഇവർക്ക് ജനിച്ച കുഞ്ഞ് തന്നെയായിരിക്കാം ചിലപ്പോൾ അത്. മൂന്നാമത്തേതിന് മുൻതൂക്കം നൽകിക്കൊണ്ട് പ്രതികരണ ശേഷി നഷ്ടപ്പെട്ട മറ്റൊരാളായി ഞാൻ എന്റെ ബാഗിൽ നിന്നും 5 രൂപ എടുത്തു കൊടുത്തു. പൈസ കൊടുക്കുമ്പോൾ ഞാൻ ആ കുഞ്ഞിന്റെ മുഖത്തേക്ക് ഒന്നുകൂടി നോക്കി. ഏതോ വീട്ടിൽ തന്റെ അച്ഛനമ്മമാർക്ക് സന്തോഷം നൽകേണ്ട കുഞ്ഞായിരിക്കാം ചിലപ്പോൾ ഇത്. അവർ അടുത്ത ആളെ ലക്ഷ്യമാക്കി നീങ്ങിയപ്പോഴേക്കും എന്റെ ബസ് വന്നു. ഞാനതിൽ കയറി. വീടിനടുത്തുള്ള സ്റ്റോപ്പിൽ ഇറങ്ങി കുട്ടികൾക്കുള്ള മിഠായിയും വാങ്ങി വീട്ടിലേക്കു നടക്കുമ്പോഴും എന്റെ ഉള്ളിൽ ഇരുന്ന് ആരോ എന്നെ കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു. ഇതു പോലെ മിഠായിയും വാങ്ങി വീട്ടിൽ ചെന്നപ്പോളായിരിക്കും ഒരു പക്ഷേ ആ കുഞ്ഞിന്റെ അമ്മ തന്റെ കുഞ്ഞ് നഷ്ടപ്പെട്ടതറിഞ്ഞു കാണുക. ഇങ്ങനെയുള്ള ചിന്തകളിൽ വീർപ്പുമുട്ടി ഞാൻ വേഗം വീട്ടിലേക്ക് നടന്നു. വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്ന എന്റെ കുട്ടികളെ കണ്ടപ്പോളാണ് എനിക്ക് സമാധാനമായത്. അവർക്കുള്ള മിഠായിയും കൊടുത്ത് ഞാൻ അകത്തേക്ക് കയറി. അപ്പോഴും എന്റെ മൊബൈലിലേക്ക് കുഞ്ഞിനെ നഷ്ടപ്പെട്ട ഒരമ്മയുടെ നൊമ്പരം മാറ്റാൻ നമുക്കൊരുമിച്ച് കൈകോർക്കാം എന്ന തലക്കെട്ടോടെയുള്ള ഒരമ്മയുടെയും കുഞ്ഞിന്റെയും ഫോട്ടോ മെസേജായി വന്നു കൊണ്ടിരുന്നു. ആ കുഞ്ഞിന് ഞാൻ ബസ് സ്റ്റാൻഡിൽ വച്ചു കണ്ട കുഞ്ഞിന്റെ ഛായ ഉണ്ടായിരുന്നു. ഒന്നും ആലോചിക്കാതെ ഞാൻ ആ മെസേജ് ഷെയർ ചെയ്തു. അപ്പോഴും എന്റെ ഉള്ളിൽ പ്രതികരണ ശേഷി നഷ്ടപ്പെട്ട മനുഷ്യനായി പോയതിലുള്ള ദുഃഖം അലയടിക്കുന്നുണ്ടായിരുന്നു.
സമർപ്പണം: സത്യങ്ങളെ തിരിച്ചറിഞ്ഞിട്ടും പ്രതികരിക്കാത്ത ഒരു വിഭാഗം ജനതയ്ക്ക്.

Renjini

അനാമിക (ഭാഗം-1)


അനാമിക (ഭാഗം-1)
...................................
വീടിനോടു ചേർന്നുള്ള തന്റെ ആഫീസ് മുറിയിലെ കറങ്ങുന്ന കസേരയിൽ എന്തൊക്കെയോ ചിന്തിച്ചു കൊണ്ട് ഇരിക്കുകയാണ് ഹരിശ്ചന്ദ്രൻ. ഒരു പക്ഷേ അയാളുടെ നഷ്ടങ്ങളെ കുറിച്ചായിരിക്കും അയാൾ ഇപ്പോൾ ചിന്തിക്കുന്നത്. ചിന്തകളെ മുറിപ്പെടുത്തി കൊണ്ട് അപ്പോൾ അയാളുടെ ഫോൺ ബല്ലടിച്ചു. ഫോണിലെ നമ്പർ കണ്ടതും ദേഷ്യം സഹിക്കാനാവാതെ അയാൾ തന്റെ കയ്യിലിരുന്ന ഫോൺ ഒറ്റ ഏറ് കൊടുത്തു. മുറിയുടെ ചുവരിൽ തട്ടി അത് കഷണങ്ങളായി താഴെ ചിതറി വീണു. എന്നിട്ടും ദേഷ്യം തീരാഞ്ഞിട്ട് അയാൾ എന്തൊക്കെയോ പുലമ്പികൊണ്ടിരുന്നു. അതു കണ്ടു കൊണ്ടാണ് അയാളുടെ ഏക മകൾ മീര അങ്ങോട്ടു വന്നത്. ടൗണിലെ കോളേജിൽ പി ജി വിദ്യാർത്ഥിനിയാണ് അവൾ.
മിസ്റ്റർ ഹരിശ്ചന്ദ്രൻ, ഇത് എത്രാമത്തെ ഫോൺ ആണ് എറിഞ്ഞുടയ്ക്കുന്നത് എന്ന് വല്ല നിശ്ചയവും ഉണ്ടോ?
അതിന് നിനക്ക് വല്ല കുഴപ്പവും ഉണ്ടോ? ഞാൻ പൈസ കൊടുത്തു വാങ്ങിയ എന്റെ ഫോൺ അത് ഞാനെന്റെ ഇഷ്ടം പോലെ ചെയ്യും.
ഇത്തിരി കുഴപ്പമുണ്ടല്ലോ മിസ്റ്റർ. അതല്ലേ ചോദിച്ചത്. ഇന്നെന്താ പുതിയ പ്രശ്നം?
ഇവിടുത്തെ ലോക്കൽ ചാനലിൽ നിന്ന് ഇന്നലെ മുതൽ വിളിക്കുവാ. ഇന്റർവ്യു ആണെന്നാ പറയുന്നത്. പക്ഷേ പ്രധാന ഉദ്ദേശം അതല്ലല്ലോ? അല്ല എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ ഈ സിനിമാക്കാർക്കെന്താ ഇത്ര പ്രത്യേകത? എപ്പോഴും അവരെ ചുറ്റിപ്പറ്റി ഈ മാധ്യമ ഹിജഡകൾ വരുന്നതെന്തിനാ? അവരുടെ ജീവിതത്തെ ബാധിക്കുന്ന നിസാര കാര്യം പോലും വലിയ വാർത്തയാക്കി കൊണ്ടാടുന്നു.
അതെന്താ ഇപ്പോ അങ്ങനത്തെ ഒരു വാർത്ത?
അത് നീ അറിഞ്ഞില്ലേ? എന്റെ ഭാര്യ അതായത് നിന്റെ അമ്മ പത്മിനി അഭിനയരംഗത്തേക്ക് തിരിച്ചു വരുന്നു. അതേ പറ്റിയുള്ള ചർച്ചയാണ് പ്രധാനം. ഇത്രയും എന്നെ നാണം കെടുത്തിയിട്ടും അവൾക്ക് മതിയായില്ല.
അമ്മ അഭിനയിക്കട്ടെ. അതിനിപ്പം എന്താ കുഴപ്പം? അവർ നല്ലൊരു അഭിനേത്രി ആയതു കൊണ്ടാണല്ലോ ഇപ്പോഴും അവസരങ്ങൾ കിട്ടുന്നത്.
അതെ. അവൾ ഒരു നല്ല അഭിനേത്രി തന്നെയാ. അതാരും പറയാതെ തന്നെ എനിക്കറിയാം. ഒന്നുമല്ലാതിരുന്ന അവളെ അറിയപ്പെടുന്ന ഒരു സിനിമാ നടി ആക്കിയത് ഞാനാ. പക്ഷേ ജീവിതത്തിലും അവൾ അഭിനയിക്കുകയായിരുന്നു എന്നു ഞാൻ മനസിലാക്കിയപ്പോഴേക്കും വൈകിപ്പോയിരുന്നു. അല്ലെങ്കിൽ ഒരു നിസാര കാരണത്തിന്റെ പേരിൽ എന്നെ ഉപേക്ഷിച്ച് അവൾ പോവില്ലായിരുന്നല്ലോ. വർഷങ്ങളോളം പ്രണയിച്ചു നടന്നതാ ഞങ്ങൾ. എന്നിട്ടാ ഒരു സുപ്രഭാതത്തിൽ ആരൊക്കെയോ പറഞ്ഞ നുണക്കഥകൾ വിശ്വസിച്ച് അവൾ ഇവിടുന്ന് ഇറങ്ങി പോയത്. എന്നെയും എന്റെ മകളാകാൻ പോലും പ്രായമില്ലാത്ത ഒരു കുട്ടിയേയും ചേർത്ത് ആൾക്കാർ ഉണ്ടാക്കിയ കള്ളകഥകൾ, വിശ്വസിക്കരുത് എന്ന് ഞാൻ അവളുടെ കാല് പിടിച്ചു പറഞ്ഞതാ. പക്ഷേ അവൾ കേട്ടില്ല. എന്നിട്ടും ഞാൻ പ്രതീക്ഷിച്ചു ഒരു ദിവസം തെറ്റുകൾ എല്ലാം മനസിലാക്കി അവൾ തിരികെ വരുമെന്ന്. അതു കൊണ്ടാണ് അവൾ പോയതിൽ പിന്നെ ഞാൻ സിനിമ ഫീൽഡിൽ നിന്നേ മാറി നിന്നത് . പക്ഷേ ഇപ്പോഴും തോറ്റത് ഞാനല്ലേ, എനിക്കല്ലേ എല്ലാം നഷ്ടപ്പെട്ടത്. എന്റെ കരിയർ, എന്റെ ഭാവി അങ്ങനെ എല്ലാം. എന്നെ തോൽപ്പിച്ചു എന്ന് സന്തോഷിക്കുന്നുണ്ടാവും അവൾ ഇപ്പോ.
കഴിഞ്ഞോ?
ഇല്ലടീ. ഇനി കുറച്ചു കൂടിയുണ്ട്. അതു കൂടി കേൾക്കണോ നിനക്ക് ?
അയ്യോ. എനിക്കൊന്നും കേൾക്കണ്ടായേ. പഴയ തൊക്കെ ചികഞ്ഞെടുത്ത് വെള്ളമടിക്കാൻ വല്ല പദ്ധതിയുമുണ്ടെങ്കിൽ അതങ്ങു മാറ്റി വച്ചേക്ക്.
അല്ലെങ്കിലും നിന്നെയൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അവളുടെയല്ലേ വിത്ത്? നിനക്കൊന്നും എന്റെ വിഷമം മനസിലാക്കാനുള്ള ഒരു കഴിവും ഇല്ല.
ഇതൊക്കെ നേരത്തേ മുന്നിൽ കണ്ടതുകൊണ്ടാ ഞാൻ അന്ന് അങ്ങനെയൊരു സിനിമ ചെയ്യുന്ന കാര്യം പറഞ്ഞത്. അപ്പോ എന്നെ കൊല്ലാൻ വന്നു. ആ കഥ ഒന്നു കേൾക്കാനുള്ള മനസ് പോലും കാണിച്ചില്ല. ഇവിടെ വേറെ സംവിധായകർ ഇല്ലാത്തതു കൊണ്ടല്ല, ഞാൻ കാലു പിടിച്ചു പറഞ്ഞതു കൊണ്ടു മാത്രമാ അന്ന് അവർ അതിനു സമ്മതിച്ചത്.
അത് മണ്ടത്തരമായിപ്പോയി എന്ന് എനിക്കിപ്പോൾ തോന്നുന്നുണ്ട് . ആ പ്രോജക്ട് പിന്നെ എന്താ നടക്കാഞ്ഞത്?
ആരും ആ റിസ്ക് എറ്റെടുക്കാൻ തയ്യാറായില്ല. ഒരു പാട് ക്യാംപസ് സിനിമകൾ വന്നില്ലേ പിന്നീട്? അതിന്റെ ഇടയ്ക്ക് ഇത് വിജയിക്കുമോ എന്ന സംശയമായിരുന്നു എല്ലാവർക്കും. അതു കൊണ്ട് ആരും കഥ കേൾക്കാൻ പോലും തയ്യാറായില്ല.
എങ്കിൽ അവരെ വിളിച്ചു പറഞ്ഞേക്ക്. ഞാൻ തയ്യാറാണെന്ന്. ഇനി കഥ കൊള്ളില്ലെങ്കിലും , സിനിമ വിജയിച്ചില്ലെങ്കിൽ പോലും എനിക്ക് അതിന് സമ്മതമാണെന്ന്.
വിജയിക്കും. എനിക്കുറപ്പുണ്ട്. കാരണം ക്യാംപസ് സിനിമ ചെയ്തു വിജയിപ്പിക്കുന്നതിൽ അച്ഛനോളം കഴിവ് ഇവിടെ വേറെ ആർക്കും ഇല്ലല്ലോ. പിന്നെ വെറുമൊരു പൈങ്കിളി പ്രണയ കഥയായ് ഇതിനെ കാണേണ്ട. ഇന്നത്തെ തലമുറയ്ക്ക് നൽകാൻ വലിയൊരു സന്ദേശവും ഇതിലുണ്ട്. ഇപ്പോ എല്ലായിടത്തും പീഡന കാലമല്ലേ? ഒരവസരം കിട്ടിയാൽ ആരും ആരെയും പീഡിപ്പിക്കുന്ന കാലം. എന്നാൽ അങ്ങനെ പല അവസരങ്ങളും ഉണ്ടായിട്ടും തന്റെ സുഹൃത്തിനെ അരുതാത്ത കണ്ണുകൊണ്ട് നോക്കാത്ത ഒരു ആത്മാർത്ഥ സുഹൃത്തിന്റെ കഥയാണ് ഇത്. പലരും അവരെ പറ്റി അനാവശ്യങ്ങൾ പറഞ്ഞിട്ടും അവരുടെ സൗഹൃദത്തെ തെറ്റിദ്ധരിക്കാത്ത ഒരു കാമുകന്റെ കഥ, പിന്നെ ഒരു പാട് പേരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശിയ ഒരു പെൺ കുട്ടിയുടെ കഥ. അങ്ങനെ അങ്ങനെ ഒരുപാടുണ്ട് പറയാൻ. പിന്നെ അതിലും വലിയ വേറൊരു കാര്യം എന്താണെന്നു വച്ചാൽ അവർ 3 പേരും വെറും കഥാപാത്രങ്ങളല്ല. ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് അവർ. രണ്ടു പേർ ഞങ്ങളുടെ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികളുമാണ്. എന്റെ ആത്മാർത്ഥ സുഹൃത്തുക്കൾ. പിന്നെ ക്ലൈമാക്സ് ഇനിയും ആയിട്ടില്ല. അതിന് കുറച്ചു നാൾ കൂടെ കാത്തിരിക്കേണ്ടി വരും.
നീ പറയുന്നത് എനിക്ക് പൂർണ്ണമായും മനസിലായില്ല. വിശദമായി പറ.
വിശദമായി തന്നെ പറയും. പക്ഷേ ഞാനല്ല.
പിന്നെ?
അതൊക്കെയുണ്ട്. അയാളാണ് ഈ കഥയിലെ യഥാർത്ഥ ഹീറോ. എങ്കിൽ വേഗം പുറപ്പെടാം നമുക്ക് ഈ കഥ ജനിച്ച എന്റെ കോളേജിലേക്ക്.
അര മണിക്കൂറിനുള്ളിൽ അവർ റെഡിയായി പുറപ്പെട്ടു. കോട്ടയം ജില്ലയിലെ ആർപ്പൂക്കരയിലുള്ള പ്രസിദ്ധമായ ' ശ്രീ സരസ്വതി' കോളേജിലേക്ക്.
[ആ കോളേജിനെ പറ്റി പറയുകയാണെങ്കിൽ കോട്ടയത്തെ ഏറ്റവും പഴക്കം ചെന്ന കോളേജാണ് അത്. പഠിത്തത്തോടൊപ്പം കലകൾക്കും പ്രാധാന്യം നൽകുന്ന ഒരു സ്ഥാപനം. അധ്യാപകരും വിദ്യാർത്ഥികളും സുഹൃത്തുക്കളായിരിക്കുന്ന ഒരു കോളേജ്. ഒരു കാലത്ത് അവിടുത്തെ പ്രണയ ജോഡികളായിരുന്ന രണ്ടു പേരുടെ കഥയാണ് ഇത്. ഇന്നും അവരുടെ പ്രണയം ഈ ക്യാംപസ് ഏറ്റു പറഞ്ഞു കൊണ്ടേയിരിക്കുന്നു. അല്ലെങ്കിൽ അവരെ പോലെ ആകാൻ ശ്രമിക്കുന്നു. പക്ഷേ അവരെ പോലെ ആവാൻ അവർക്കു മാത്രമേ പറ്റു എന്നുള്ളതാണ് യാഥാർത്ഥ്യം.]
(തുടരും)

Renjini

ഭ്രാന്തില്ലാത്ത ഭ്രാന്തൻ



എല്ലാരെയും പോലെ ഞാനും വിശ്വസിച്ചു. അയാൾക്ക് ഭ്രാന്താണെന്ന്. മുഷിഞ്ഞതും കീറിയതുമായ വസ്ത്രങ്ങളും, ജഡ കെട്ടിയ മുടിയും, പഴുത്ത് ഒഴുകുന്ന വ്രണങ്ങളും എന്നിലെ ചിന്തകളെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു. തൽക്കാലം നമുക്ക് അയാളെ രാമു എന്നു വിളിക്കാം. എന്റെ സുഹൃത്ത് പ്രിയയുടെ നാട്ടിൽ ഉള്ളതായിരുന്നു അയാൾ. കോട്ടയം ജില്ലയിലെ കുറവിലങ്ങാടിനടുത്തുള്ള ഒരു ഗ്രാമത്തിലായിരുന്നു അവളുടെ വീട്. അങ്ങോട്ട് ഒന്നോ രണ്ടോ ബസുകളേ ഉണ്ടായിരുന്നുള്ളു . അതു പറഞ്ഞ് ഞങ്ങൾ അവളെ എപ്പോഴും കളിയാക്കാറുണ്ടായിരുന്നു. അവളുടെ ചേച്ചിയുടെ കല്യാണത്തിന് പോയപ്പോളാണ് ഞാൻ അയാളെ ആദ്യമായി കണ്ടത് .
" എനിക്കു ഭ്രാന്തില്ല. എന്നെ ഭ്രാന്തനെന്നു വിളിക്കുന്ന നിങ്ങൾക്കാണ് ഭ്രാന്ത് ". അയാൾ എപ്പോഴും പറയുന്ന വാചകമായിരുന്നു ഇത്.
അതു കേട്ട് ഞങ്ങൾ അന്നാർത്തു ചിരിച്ചു.
ഞങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ
എല്ലാ മാസത്തിലും തിരുവനന്തപുരത്ത് വച്ച് മീറ്റിംഗ് പതിവുണ്ട്. അതിന് പോകുന്നതിന് വേണ്ടിയാണ് ഞാൻ പിന്നെ അവളുടെ വീട്ടിലേക്ക് പോയത്. ഞാൻ അന്ന് മുവാറ്റുപുഴയിലും അവൾ പാലായിലുമാണ് ജോലി ചെയ്യുന്നത്. മീറ്റിംഗിനു തലേ ദിവസം രാവിലെ ഞാൻ അവളെ വിളിച്ച് വീട്ടിലേക്കു വരുന്ന കാര്യം പറഞ്ഞു. അപ്പോൾ അവൾ പറഞ്ഞു കുറവിലങ്ങാട് ബസ് സ്റ്റാൻഡിൽ കാത്തു നിൽക്കാമെന്ന്. എന്നിലെ അഹങ്കാരി അതിനു സമ്മതിച്ചില്ല. ഹേയ് നീ കാത്തു നിൽക്കുകയൊന്നും വേണ്ട. ഞാൻ വീട്ടിലേക്ക് വന്നോളാം. ഞാൻ പറഞ്ഞു.
എന്നാൽ അന്ന് കൃത്യ സമയത്ത് ഓഫീസിൽ നിന്നും ഇറങ്ങാൻ പറ്റിയില്ല. ബസ് കിട്ടിയപ്പോഴും താമസിച്ചു. കുറവില ങ്ങാട് ഇറങ്ങിയപ്പോൾ തന്നെ 6.00 മണിയായി. ഭാഗ്യത്തിന് അങ്ങോട്ടുള്ള ബസ് അപ്പോത്തന്നെ കിട്ടി. ബസിൽ കയറി അങ്ങോട്ടുള്ള ടിക്കറ്റും എടുത്തു.സൈഡ് സീറ്റിൽ ഗമയിൽ ഇരുന്ന് യാത്ര തുടങ്ങി. എന്നാൽ എന്റെ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട് ഇറങ്ങേണ്ട സ്റ്റോപ്പിന്റെ രണ്ടു മൂന്നു സ്റ്റോപ്പ് ഇപ്പുറത്ത് വച്ച് ബസ് കേടായി. എല്ലാ യാത്രക്കാരും ഇറങ്ങി. എന്തു ചെയ്യണമെന്നറിയാതെ ഞാൻ കുഴങ്ങി. ധൈര്യം സംഭരിച്ച് രണ്ടു ചേച്ചിമാരുടെ പിറകേ വച്ചു പിടിച്ചു. എന്നാൽ അവർ എന്റെ സ്റ്റോപ്പ് എത്തുന്നതിനു മുൻപേ വേറൊരു വഴിയിൽ കൂടി പോയി. ഞാൻ അടുത്തു കണ്ട വെയ്റ്റിംഗ് ഷെഡിൽ കയറി നിന്നു. അവളെ വിളിച്ചു പറയാം എന്നു കരുതി ഫോൺ എടുത്തു നമ്പർ ഡയൽ ചെയ്തു. പക്ഷേ അവളെ കിട്ടിയില്ല. ഞാൻ പിന്നെയും അവിടെ തന്നെ നിന്നു. അപ്പോഴാണ് വെയിറ്റിംഗ് ഷെഡിൽ കിടക്കുന്ന ആളെ കണ്ടത്. "ഭ്രാന്തൻ രാമു ". ഞാൻ മനസിൽ പിറു പിറുത്തു. സൂക്ഷിച്ചു നോക്കിയപ്പോൾ മനസിലായി അയാൾ നല്ല ഉറക്കത്തിലാണ്. ഈശ്വരാ ഇപ്പോഴെങ്ങും അയാൾ ഉണരല്ലേ എന്നു ഞാൻ അറിയാതെ പ്രാർത്ഥിച്ചു പോയി. അയാൾ എങ്ങാനും ഉണർന്നാലുള്ള എന്റെ അവസ്ഥ എന്തായിരിക്കും? പണ്ട് പഠിച്ച ഏതോ പുസ്തകത്തിലെ ഭ്രാന്തന്റെ കഥ മനസിലേക്കോടി എത്തി. തന്റെ കാവൽക്കാരനെ കല്ലുകൊണ്ട്‌ തലയ്ക്കടിച്ചു കൊന്ന ഒരു ഭ്രാന്തൻ. ഞാൻ നോക്കിയപ്പോൾ ഒരു വലിയ കല്ലും അവിടെ കിടക്കുന്നതു കണ്ടു. അതെന്നെ കൂടുതൽ ഭീതിയിലാഴ്ത്തി. അപ്പോഴാണ് വേറെ രണ്ടു പേർ കൂടി അങ്ങോട്ട് വന്നത്. കാണുമ്പോഴേ അറിയാം നല്ല പൂസാണെന്ന്. വന്നതും അവർ എന്റെ അടുത്തു വന്ന് ഓരോ കമന്റുകൾ പറയാൻ തുടങ്ങി. പതുക്കെ പതുക്കെ ഞങ്ങൾക്കിടയിലെ അകലം കുറയാൻ തുടങ്ങി. അവർ എന്റെ അടുത്തേക്കു വരും തോറും ഞാൻ പുറകിലേക്കു മാറി നിന്നു. അങ്ങനെ ഭ്രാന്തൻ രാമു കിടക്കുന്ന സ്ഥലമെത്തി. അപ്പോഴാണ് ഭ്രാന്തന്റെ ഭാണ്ഡക്കെട്ട് എന്റെ കണ്ണിൽ പെട്ടത്. അതിൽ എപ്പോഴും ഒരു വെട്ടുകത്തി ഉണ്ടാകും എന്ന് പ്രിയ പറഞ്ഞത് ഞാൻ മനസിലോർത്തു. ഞാൻ അത് എടുക്കാനായി കുനിഞ്ഞതും ഒരു അലർച്ചയോടെ അയാൾ ചാടി എഴുന്നേറ്റു. പേടിച്ചു പോയ ഞാൻ വീഴാതിരിക്കാനായി വെയിറ്റിംഗ് ഷെഡിലെ തൂണിൽ മുറുകെ പിടിച്ചു. അയാൾ ഭാണ്ഡക്കെട്ടിൽ നിന്നും വെട്ടുകത്തി എടുത്തു ഓടെടാ ഭ്രാന്തൻമാരേ, ഓടിപ്പോ ദൂരേക്ക് എന്നും പറഞ്ഞു കൊണ്ട് അവരുടെ നേർക്ക് ചാടി വീണു. അയാളെ പേടിച്ച് അവർ ഓടിയ വഴിയിൽ പുല്ല് പോലും മുളച്ചില്ല. അതിനു ശേഷം അയാൾ പഴയ സ്ഥലത്തു വന്നിരുന്നു പതിവു പല്ലവി ആവർത്തിച്ചു.
" എനിക്കു ഭ്രാന്തില്ല. എന്നെ ഭ്രാന്തനെന്നു വിളിക്കുന്ന നിങ്ങൾക്കാണ് ഭ്രാന്ത് ".
അപ്പോഴാണ് പ്രിയ വിളിച്ചത്. ഞാൻ ഫോൺ എടുത്തു നിൽക്കുന്ന സ്ഥലം പറഞ്ഞു കൊടുത്തു. അൽപ്പ സമയം കഴിഞ്ഞപ്പോൾ അവൾ സ്കൂട്ടറുമായി വന്നു. ഞാൻ അതിൽ കയറി അവളുടെ കൂടെ വീട്ടിലേക്കു പോയി. അപ്പോളും അയാൾ അവിടെ ഇരുന്നു പറയുന്നുണ്ടായിരുന്നു
" എനിക്കു ഭ്രാന്തില്ല. എന്നെ ഭ്രാന്തനെന്നു വിളിക്കുന്ന നിങ്ങൾക്കാണ് ഭ്രാന്ത് ".
വീട്ടിലേക്കുള്ള യാത്രക്കിടയിൽ അവൾ എന്നോടു ചോദിച്ചു ആ ഭ്രാന്തൻ രാമു നിന്നെ ഉപദ്രവിച്ചോ എന്ന്. അപ്പോൾ ഞാൻ മറുപടി പറഞ്ഞു.
" അയാൾക്കു ഭ്രാന്തില്ല. അയാളെ ഭ്രാന്തനെന്നു വിളിക്കുന്ന നമ്മൾക്കാണ് ഭ്രാന്ത് ".

By: Renjini Namboothiri

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo