Showing posts with label NawabAbdulAzizThalayaad. Show all posts
Showing posts with label NawabAbdulAzizThalayaad. Show all posts

#അമ്മയില്ലാത്ത_സൽക്കാരം


അവന്റെ കണിശത കണ്ടു ഞാൻ അമ്പരന്നു. കുടുംബത്തെ എത്ര ചിട്ടയോടെയാണ് അവൻ ശ്രദ്ധിക്കുന്നത്. എനിക്ക് അത്ഭുതമായി.
ഓരോ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.
"എടീ.... മോനെ കുളിപ്പിച്ചോ....?"
"അമ്മേ... പശുവിനെ കഴിച്ചു കെട്ടിയിരുന്നോ...?"
"മോനെന്തെങ്കിലും കൊടുത്തോ.....?"
എല്ലാം വളരെ തൃപ്തികരം. ഉച്ചയൂണ് കഴിഞ്ഞേ പോകാവൂ എന്ന് എന്നോട് പ്രത്യേകം പറഞ്ഞതാണ്. അതു കൊണ്ട് തന്നെ ഞാൻ കുറച്ചധികം സമയം അവിടെ ഇരുന്നു കുശലം പറഞ്ഞു.
അതിനിടയ്ക്കെപ്പോഴോ ചില പരുക്കൻ സ്വരങ്ങൾ അകത്തു നിന്ന് കേൾക്കാനിടയായി.
ശ്രദ്ധിച്ചപ്പോൾ അത് അവന്റെ ഭാര്യയുടെ ശബ്ദമാണെന്നു മനസ്സിലായി.
അമ്മയല്ലാതെ മറ്റാരും അവിടെ ഇല്ലാലോ....
അവൾ അമ്മയോടാണ് സംസാരിക്കുന്നത് എന്ന് മനസ്സിലാക്കാൻ മറ്റൊരു വഴിയും തേടേണ്ടി വന്നില്ല.
ഉച്ചക്ക് ഭക്ഷണമെല്ലാം മേശയിൽ നിരത്തി വെക്കുകയാണ്. അമ്മയും അവന്റെ ഭാര്യയും ചേർന്നാണ് ഓരോന്നും ചെയ്യുന്നത്. എല്ലാം എടുത്തു വെച്ച ശേഷം ഞങ്ങൾ ഇരുന്നു.
ഭക്ഷണം കഴിക്കാൻ അമ്മയൊഴികെ എല്ലാവരും ഉണ്ട്. ഇടക്ക് മറന്ന എന്തോ ഒരു സാധനത്തിന്റെ പേര് പറഞ്ഞ് അവൾ അമ്മയെ വിളിക്കുമ്പോൾ അവളിലെ പരുക്കൻ ശബ്ദം ഞാൻ വീണ്ടും കേട്ടു. എനിക്ക് എന്തെന്നില്ലാത്ത അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങി. ഭക്ഷണത്തിന് ഏറെ സ്വാദുണ്ടെങ്കിലും എന്നെ തൃപ്‌തിപ്പെടുത്താനാവാതെ ഓരോ വിഭവവും എന്റെ മുന്നിൽ നിരന്നിരിക്കുകയാണ്. എന്തു കൊണ്ടാണ് ആ അമ്മയെ അവർ വിളിക്കാഞ്ഞത്. അവർക്കും പൂതിയുണ്ടാവില്ലേ ഓപ്പമിരുന്ന് കഴിക്കാൻ. പോരാത്തതിന് ഇനി അവർ ഒരാള് കൂടിയല്ലേ ഇവിടെ ഉള്ളൂ.....
പ്രത്യക്ഷത്തിൽ ഒന്നും പ്രകടമാക്കാതെ ഒപ്പം ചേർന്ന് മനസ്സില്ലാ മനസ്സോടെ അൽപ്പം കഴിച്ച് ഞാൻ കൈ കഴുകി.
"എന്തു പറ്റിയെടാ..... വിളമ്പി വെച്ചതെല്ലാം ഇവിടെ തന്നെ വെച്ച് എഴുന്നേൽക്കുകയാണോ...?"
"എന്തോ.... വയറിന് നല്ല സുഖം പോരാ...." എന്ന ഒഴുക്കൻ മറുപടിയിൽ ഞാൻ പുറത്തെ കസേരയിൽ ചെന്നിരുന്നു.
ആ അമ്മയെ വീട്ടു വേലക്കാരിയെപ്പോലെ മാത്രമാണ് അവനും ഭാര്യയും കാണുന്നത് എന്ന് കുറഞ്ഞ സമയം കൊണ്ട് തന്നെ എനിക്ക് ബോധ്യമായി.
പിന്നെ അധിക സമയം അവിടെ നിൽക്കാതെ ഞാൻ കാർ സ്റ്റാർട്ട് ചെയ്ത് അവരെ വീട്ടിലേക്ക് ക്ഷണിച്ച ശേഷം മടങ്ങി.
*************
രണ്ടാഴ്ചകൾക്ക് ശേഷം ഒരൊഴിവ്‌ ദിവസം അവർ വീട്ടിൽ വരുമെന്ന് വിളിച്ചറിയിച്ചു. അവിടെ കണ്ട കാര്യങ്ങളെല്ലാം ഞാൻ എന്റെ സഹധർമ്മിണിയോട് അന്ന് തന്നെ പറഞ്ഞിരുന്നു. ബുദ്ധിമതിയായ അവൾ ഒരു തീരുമാനവുമെടുത്തു. അവരെ അങ്ങനെ വിട്ടാൽ പറ്റില്ല. അമ്മയോടുള്ള ബഹുമാനവും സ്നേഹവുമെല്ലാം പ്രവൃത്തിയിലൂടെ അവർക്ക് കാണിച്ചു കൊടുക്കണം. എങ്കിലേ അവർക്ക് ഉൾക്കൊള്ളാൻ സാധിക്കൂ...
വന്ന ദിവസം അവരെ ക്ഷണിച്ചു സ്വീകരിക്കാൻ അമ്മയെ ഏർപ്പാടാക്കി മനപൂർവ്വം ഞങ്ങൾ പുറത്തു പോയി. എല്ലാ ഭക്ഷണവും അവിടെ തയ്യാറാക്കി വെച്ചിരുന്നു. ഒന്നും അധികമായി ഉണ്ടാക്കേണ്ടതില്ല.
വീട്ടിലെത്തിയ ശേഷം അവർ ഞങ്ങളെ നിരന്തരം ഫോണിൽ വിളിച്ചു കൊണ്ടേയിരുന്നു. ഞങ്ങൾ കുറച്ചു സമയം കൊണ്ട് എത്തും എന്ന് പറഞ്ഞ് കുറച്ചധികം സമയം അവരെ അവിടെ ഇരുത്തി.
അവർ അമ്മയുമൊത്ത് കൂടുതൽ സമയം ചിലവഴിച്ചു. അവരുടെ വീട്ടിൽ അവരുടെ അമ്മക്ക് കൊടുക്കാത്ത സ്നേഹവും വാത്സല്യവും എന്റെ അമ്മയോടും അവർ കാണിച്ചിരിക്കണം. അങ്ങനെയാണല്ലോ നമ്മിൽ പലരും.....
അതിനിടയിൽ ഞാൻ ഇടക്കിടെ അമ്മയെ വിളിച്ച് നിർദ്ദേശങ്ങൾ കൊടുക്കും. എല്ലാ വിഭവങ്ങളും മേശയിൽ നിരത്താൻ തുടങ്ങിയപ്പോൾ ഞങ്ങൾ അവിടെ എത്തി. സഹധർമ്മിണി വേഗത്തിൽ തന്നെ അമ്മയോടൊപ്പം എല്ലാം നിരത്തി വെച്ചു.
അവരെ ക്ഷണിച്ചിരുത്തിയത് അമ്മയായിരുന്നു. അവളോട് ചേർന്ന കസേരയിൽ എന്റെ അമ്മയും ഇരുന്നു. തൊട്ടടുത്ത് അമ്മയിരുന്നപ്പോളും സഹധർമ്മിണി ബാക്കിയുള്ള സാധനങ്ങൾ കൂടി മേശയിലേക്ക് കൊണ്ടു വെക്കുകയായിരുന്നു.
'അമ്മ തന്നെ സ്വന്തം മക്കൾക്കെന്ന പോലെ അവർക്ക് വിളമ്പിക്കൊടുത്തു. പിന്നെ എനിക്കും, അവൾക്കുള്ളതും വിളമ്പി വെക്കുമ്പോഴേക്ക് അവളും കൈ കഴുകി വന്നിരുന്നു.
സുഹൃത്തിനും ഭാര്യക്കും അതിയായ സന്തോഷം പകർന്ന ഒരു സൽക്കാരം തന്നെയായിരുന്നു അത്. ഭക്ഷണം കഴിക്കുന്നതിനിടക്ക് സ്വാദ് ഇഷ്ടമായത് കൊണ്ട് തന്നെ സുഹൃത്ത് വീണ്ടും ഭക്ഷണം കോരിയിട്ടു കൊണ്ട് തനിക്ക് വയറു വേദന ഇല്ലാലോ എന്ന ഒരു നർമ്മ പ്രയോഗവും പാസ്സാക്കി.
ആ ഒരവസരം മുതലെടുത്തു കൊണ്ട് തന്നെ ഞാൻ സത്യമെന്താണെന്ന് അവനെ ബോധ്യപ്പെടുത്താൻ തീരുമാനിച്ചു.
"നീ കരുതുമ്പോലെ എനിക്ക് വയറ് വേദന ഉണ്ടായിട്ടൊന്നുമല്ല ഒന്നും കഴിക്കാതിരുന്നത്. നീ കണ്ടോ....."
അമ്മയുടെ നേരെ വിരൽ ചൂണ്ടിയാണ് ഞാൻ സംസാരം തുടർന്നത്.
"എന്റെ അമ്മയുടെ അരികിലിരുന്ന് ഇതുപോലെയാണ് എന്നും ഞങ്ങൾ ഭക്ഷണം കഴിക്കാറ്. നിന്റെ അമ്മയെ കണ്ടപ്പോൾ എനിക്കെന്റെ അമ്മയെയാണ് ഓർമ്മ വന്നത്. അമ്മയെ ക്ഷണിച്ചിരുത്താത്ത സൽക്കാരത്തിൽ എങ്ങനെയാണ് എന്റെ വിശപ്പടങ്ങുക....."
എല്ലാവരും ഒരു നിമിഷം മൂകരായി. അവന്റെ ഭാര്യയുടെ കണ്ണുകൾ കുറ്റബോധം കൊണ്ട് നിറയാൻ തുടങ്ങി.

#കെമിസ്ട്രി #ലാബിലെ #പ്രണയം



സ്റ്റാന്റിൽ ബസ് കാത്ത് നിൽക്കുകയാണ് സനൽ. ഭാര്യയും മകനുമൊത്ത് ബന്ധുവീട്ടിലെ കല്ല്യാണവും കഴിഞ്ഞ് വരുന്ന വരവാണ്.
"എവിടുന്നാ വരുന്നത് ..."
പെട്ടെന്ന് അപരിചിതയായ ഒരു സ്ത്രീ അയാളുടെ അടുത്ത് വന്നു ചോദിച്ചു.
അയാൾ ഒന്നും മിണ്ടാതെ അവരെ നോക്കി.
തന്നെ മനസ്സിലായിട്ടില്ലെന്ന് മനസ്സിലാക്കിയ സ്ത്രീ അവരെ സ്വയം പരിചയപ്പെടുത്തിയപ്പോൾ അയാളുടെ കണ്ണുകളിൽ വിസ്മയം നിറഞ്ഞു. അയാൾ അവളെ നന്നായി ഒന്നു നോക്കി.
" എല്ലാരും ഉണ്ടല്ലോ...? എന്താ പേര്..? "
ആ ചോദ്യം അയാളുടെ ഭാര്യയോടായിരുന്നു. അവൾ പേര് പറഞ്ഞു കൊടുത്തു.
പരിചയപ്പെടുത്തിയപ്പോൾ അവൾക്കും കക്ഷിയെ പെട്ടെന്ന് മനസ്സിലായി. അവളോടും പറഞ്ഞു കൊടുത്തിട്ടുണ്ട് ആ പഴയ കഥകളൊക്കെ ...
" ഇപ്പോൾ മനസ്സിലായോ ..'? ഞങ്ങൾ ഒരുമിച്ച് രണ്ട് വർഷം പഠിച്ചവരാ.... "
അവൾ ഒരു വായാടിയായിരുന്നു. ഇന്നും അതേ സ്വഭാവ രീതിയിലാണ് സംസാരം. കൂടെ ആരുമില്ല.
അയാൾ അവളുടെ വിശേഷങ്ങൾ ആരാഞ്ഞു.
" താൻ എവിടുന്നാ വരുന്നത്..?"
" എനിക്ക് ഇവിടെ ഒരു മെഡിക്കൽ ഷോപ്പിലാണ് ജോലി. "
"ഭർത്താവും കുട്ടികളുമൊക്കെ....?"
''മൂപ്പര് ടൗണിൽ ഒരു പാരലൽ കോളേജ് അധ്യാപകനാണ്. കുട്ടികളൊന്നുമായിട്ടില്ല."
" നീയിപ്പോഴും ആ പഴയ വായാടി തന്നെ ... "
അത് കേട്ട് അവളൊന്നു ചിരിച്ചു.
" അന്നത്തെ ഓർമ്മകളൊന്നും വിട്ടിട്ടില്ലേ..."
"ഹേയ്... അതങ്ങനെ പെട്ടെന്ന് വിടാൻ പറ്റുമോ...? ലേ... രശ്മീ.. ... " അത് പറഞ്ഞ് അയാൾ തന്റെ ഭാര്യയെ ഒന്നു നോക്കി.
എല്ലാം അറിയുന്ന പോലെ അവളൊന്നു ചിരിച്ചു.
" അന്ന് ഞാൻ കളവ് പറഞ്ഞതായിരുന്നു ട്ടോ... എന്നോട് ക്ഷമിച്ചേക്ക് ... തന്നെപ്പോലെ എനിക്കും കുറേ സങ്കടമുണ്ടായിരുന്നു കുറച്ചു ദിവസം.
തന്റെ ഭാവി ഞാൻ കാരണം നശിക്കരുത് എന്ന് കരുതിയിട്ടാണ് അന്ന് കള്ളം പറഞ്ഞത്. എനിക്കൊരുത്തനോടും ഒരു പ്രണയവും ഒരു മണ്ണാങ്കട്ടയുമില്ലായിരുന്നു. പിന്നെ ആകെയുള്ളത് ഒരിഷ്ടം തന്നോട് മാത്രമായിരുന്നു."
അത് കേട്ട് അയാൾ ശരിക്കും അമ്പരന്നു. അന്നത്തെ ആ സംഭവത്തിന് ശേഷം ആരോടും പ്രണയാഭ്യർത്ഥന നടത്തുകയോ പ്രണയിക്കുകയോ അയാൾ ചെയ്തിട്ടില്ല.
അവസരോചിതമായ ഇടപഴകലിലൂടെ അവൾ തന്നെ തിരിച്ചറിയുകയും തന്റെ വളർച്ച ആഗ്രഹിക്കുകയും ചെയ്തതിൽ അവളോട് അപ്പോൾ ഒരു പ്രത്യേക സ്നേഹം തോന്നി. നന്ദി വാക്കുകൾക്ക് പ്രസക്തിയില്ലാത്ത എന്തോ പുണ്യകർമ്മം ചെയ്ത പോലെ.....
അവളോട് യാത്ര പറഞ്ഞ് ഭാര്യയും മകനുമൊത്ത് അയാൾ വീട്ടിലേക്ക് ബസ് കയറി. വീട്ടിലെത്തിയ ഉടനെ തന്നെ രശ്മി അവളുടെ പണികളിൽ മുഴുകാൻ തുടങ്ങി.
സനൽ മകനെയും നോക്കി ഉമ്മറത്ത് ചൂരൽ കസേരയിൽ ഇരുന്ന് പതിയെ ഒർമ്മകളുടെ കെട്ടഴിച്ചു.
അന്ന് കെമിസ്ട്രി ലാബുള്ള ഒരു വൈകുന്നേരം.....
ഏറെ നാളത്തെ സനലിന്റെ ആഗ്രഹമായിരുന്നു അവളെ ലാബിൽ തൊട്ടടുത്ത് കിട്ടണമെന്നത്...
അന്ന് അങ്ങനെ ഒരവസരം ഒത്തുവരികയായിരുന്നു. അന് സനൽ തന്റെ ഇഷ്ടം അവളോട് പറഞ്ഞു.
"അത് നീ കെട്ടാൻ ഉദ്ദേശിക്കുന്ന ആളോട് തന്നെ പറഞ്ഞാൽ മതി." അവളുടെ മറുപടി സനൽ പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല.
"അതല്ലേ .... നിന്നോട് തന്നെ പറഞ്ഞത്. "
അത് കേൾക്കേണ്ട താമസം അവൾ എക്സ്പരിമന്റ് പൂർത്തിയാക്കാതെ ലാബിൽ നിന്നും പുറത്തിറങ്ങി.
അവൾ ദേഷ്യത്തോടെ ഒരു നോട്ടമെറിഞ്ഞ് മുഖം കനപ്പിച്ച് പുറത്തേക്ക് പോയപ്പോൾ സനലിന് പേടി തോന്നി.
കെമിസ്ട്രി സാറ് കണ്ടാൽ...
അവളോട് വല്ലതും ചോദിച്ചാൽ ....
അവൾ നടന്ന കാര്യങ്ങൾ വല്ലതും പറഞ്ഞാൽ ....
അതെല്ലാം ഓർത്ത് തല പെരുത്തപ്പോൾ സനലും പുറത്തേക്ക് നടന്നു. വാതിലിനടുത്തേക്ക് എത്തിയതും ആ കാഴ്ച കണ്ട് അവൻ ഒന്ന് സ്തബ്ധനായി നിന്നു.
വരാന്തയിൽ അവളുടെ തൊട്ടടുത്ത് കെമിസ്ട്രി സാർ നിൽക്കുന്നു. സനൽ വേഗം തിരിഞ്ഞു നടന്നു. തന്റെ സ്ഥാനത്ത് തന്നെ പോയി നിന്നു.
അവൾ കുറച്ചു കഴിഞ്ഞ് അവിടെ നിന്നും നടന്നു പോയി. സാറ് ലാബിൽ കയറി അവരിൽ ഓരോരുത്തരുടെ അടുത്തുകൂടി നടക്കാൻ തുടങ്ങി.
സനലിന്റെ അടുത്തെത്താറായി. ഉള്ളിൽ ഭയം നിറയാൻ തുടങ്ങി. കയ്യിലുള്ള ജാറുകൾ പരസ്പരം ശണ്ഠകൂടിയപ്പോൾ സാറ് അവനെയൊന്നു നോക്കി.
"എന്ത് പറ്റി സനലേ...."
"ഹേയ്... ഒന്നുമില്ല സാറേ ....?" അപ്പോഴേക്കും സാറ് അവന്റെ അടുത്തെത്തിയിരുന്നു.
"എന്താ.... അവള് പോയത് കൊണ്ടാണോ....? അവന്റെ ചെവിയോട് ചുണ്ടുകളടുപ്പിച്ച് സാറ് ചോദിച്ചപ്പോൾ അവൾ എന്തായിരിക്കും പറഞ്ഞതെന്നറിയാതെ സനൽ നിന്നു വിറക്കുകയായിരുന്നു.
സാറ് ചുണ്ടിൽ ചെറിയ ചിരിയ വിടർത്തി അടുത്ത മേശയുടെ അരികിലേക്ക് നടന്നപ്പോൾ മാത്രമാണ് സനലിന് ശ്വാസം നേരെ വീണത്.
ബെല്ലടിക്കാറായി. വേഗം ചെയ്തു തീർത്തിട്ട് കീർത്തിയെ ചെന്നു കാണണം. ഞാൻ പറഞ്ഞത് അവൾക്ക് ഇഷ്ടപ്പെട്ടിട്ടില്ലെന്നു തോന്നുന്നു. ക്ഷമ പറയണം.
എല്ലാം മനസ്സിലുറപ്പിച്ച് വേഗത്തിൽ തന്നെ റിസൽട്ട് സാറെ കാണിച്ചു. സാറ് അത് വാങ്ങി വായിച്ച ശേഷം അവനെ ചൂഴ്ന്ന് നോക്കിയിട്ട് ശരിയിട്ട് ബുക്ക് കൊടുത്തു.
"കുറച്ച് കൂടി പഠിത്തത്തിൽ ശ്രദ്ധിക്കണം. ഈയിടെയായി നീ കുറച്ച് പുറകോട്ടാണ്. "
"ശരി സാറേ ... ശ്രദ്ധിക്കുന്നുണ്ട്. " സനൽ മറുപടി പറഞ്ഞ് പുറത്തിറങ്ങി.
അപ്പോഴേക്കും ബെല്ലടിച്ചു. കുറച്ച് പേരു കൂടി എക്സ്പരിമെന്റ് ചെയ്തു തീർക്കാനുണ്ട്. കഴിഞ്ഞവർക്ക് വേഗം തന്നെ വീട്ടിലേക്ക് പോകാം.
'' S3 ബാച്ചിലേക്ക് അതായത് അവന്റെ ക്ലാസിലേക്ക് നടന്നടുക്കുമ്പോൾ ഉളിൽ മിടിപ്പ് കൂടാൻ തുടങ്ങി.....
"ഇതു വരെ പറയാതെ സൂക്ഷിച്ച ഒരിഷ്ടം പറഞ്ഞതിന് അവൾ ദേഷ്യപ്പെട്ടിരിക്കുകയാവും എന്നു കരുതിയാണ് ക്ലാസിലെത്തിയത്."
അവിടെ അപ്പോൾ അവൾ ഇല്ലായിരുന്നു. നേരത്തേ തന്നെ പോയിക്കാണും....
അന്ന് രാത്രി അവൾ പല വട്ടമിരുന്ന് ആലോചിച്ചു. സനൽ ക്ലാസിൽ നന്നായി പഠിക്കുന്ന കുട്ടിയാണ്.സനലിനോട് എന്തു മറുപടിയാണ്‌ പറയുക. അവനെ ചൊടിപ്പിക്കാനും പറ്റില്ല.
പത്താം ക്ലാസ് പിരിയാൻ നേരം മോഹനൻ സാറ് പറഞ്ഞത് പെട്ടെന്ന് ചിന്തയിലേക്ക് വന്നു.
" മക്കളേ.... നിങ്ങൾ പഠിക്കാൻ വേണ്ടിയാണ് നിങ്ങളുടെ രക്ഷിതാക്കൾ അന്നന്ന് കിട്ടുന്നതിൽ നിന്നും മിച്ചം വെച്ച് നിങ്ങൾക്ക് വേണ്ടി ചെലവഴിക്കുന്നത്. നിങ്ങൾ ഉഴപ്പരുത് . എല്ലാവരും നന്നായി പഠിക്കണം. നല്ല മാർക്ക് വാങ്ങണം. എന്നിട്ട് കൊള്ളാവുന്ന ഒരു കുടുംബത്തിൽ നിന്ന് ഒരു ചെറുക്കനെ കണ്ടു പിടിച്ച് തരാൻ രക്ഷിതാക്കളോട് പറയണം. ഈ പ്രണയം നിങ്ങൾക്ക് ചേരില്ല. കാരണം ഈ പ്രായത്തിൽ പ്രണയം തലക്ക് പിടിച്ചാൽ പിന്നെ ഒന്നും ഉള്ളിൽ കയറൂല. നിങ്ങളുടെ മാർക്ക് മാത്രമല്ല നിങ്ങൾ പ്രണയിക്കുന്നവന്റെയും മാർക്ക് കുറയാനേ അത് ഉപകരിക്കൂ.... നല്ല സൗഹൃദങ്ങളെ സമ്പാദിക്കുക "
മോഹനൻ സാറ് അന്ന് പറഞ്ഞത് സത്യമാണെന്ന് കീർത്തിക്ക് അറിയാമായിരുന്നു. അത് കൊണ്ട് കീർത്തി സ്വയം ഒരു തീരുമാനമെടുത്തു.
പിറ്റേന്ന് കാലത്ത് സ്കൂളിലേക്ക് മന:പൂർവ്വം വൈകിയാണ് എത്തിയത്.
"അവൾ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടാവുമോ ..?"
ദീപക് സാറ് ക്ലാസിലെത്തിയിട്ടുണ്ട്. അഞ്ചു മിനിറ്റ് ബസ് സ്റ്റോപ്പിലിരുന്ന് ലേറ്റാക്കിയതാണ്.
ലേറ്റായത് സാറ് കാര്യമാക്കാറില്ല. കാരണം എല്ലാവരും നന്നായി പഠിക്കുന്നവരാണ്.
അവന്റെ കണ്ണുകൾ കീർത്തിയുടെ ബെഞ്ചിലേക്ക് ശരവേഗത്തിൽ പറഞ്ഞു.
അവൾ അവിടെയുണ്ട്. അപ്പോൾ പരസ്പരം നോട്ടങ്ങൾ തമ്മിലുടക്കി. അവളുടെ മുഖത്ത് ചെറിയ ഗൗരവം പ്രതീക്ഷിച്ചതായിരുന്നു. എന്നാൽ അതൊന്നും അവളുടെ മുഖത്ത് കാണാനില്ല.
പ്രസന്നമായ അവളുടെ മുഖം ആരെയും ആകർഷിക്കും. വാർന്നു കെട്ടിയ മുടിയിൽ നിന്നും വളർന്നു തുടങ്ങിയ ചെറിയ മുടികൾ കെട്ടിലൊതുങ്ങി നിൽക്കാതെ മുഖത്തേക്ക് തൂങ്ങി നിൽക്കുന്നത് അവളിലെ സൗന്ദര്യം വർദ്ധിപ്പിക്കുന്നുണ്ട്.
അറിയാതെ മനസ്സിൽ സൂക്ഷിച്ച ഇഷ്ടം തഴച്ചു വളരാൻ തുടങ്ങിയിട്ട് മാസങ്ങളായി. നേരിട്ട് പറയാനോ അത് പ്രകടമാക്കാനോ അത് വരെ സാധിച്ചിരുന്നില്ല.
എന്തായാലും ഇന്ന് രണ്ടിലൊന്ന് അറിയാം.
രണ്ട് പിരീഡ് കഴിഞ്ഞാൽ ഒരു ചെറിയ ഇടവേളയാണ്.
ആ സമയം അവൾ അവന്റെ ബെഞ്ചിനരികിലേക്ക് ചെന്നു.
"എന്താ ഇന്ന് വൈകിയത് ''
അവളുടെ ചോദ്യം പതിവില്ലാത്തതാണ്. അപ്രതീക്ഷിതമായതിനാൽ തന്നെ പെട്ടെന്ന് മറുപടി കൊടുക്കാനും കഴിഞ്ഞില്ല
" ഒന്നുമില്ല. ബസ് കിട്ടിയില്ല. അതാണ് വൈകിയത്."
അവന്റെ മറുപടിയിൽ തൃപ്തിയല്ലാത്ത രീതിയിൽ കണ്ണുകൾ ചെറുതാക്കി നെറ്റി ചുളിച്ച് ഒരു ചെറു ചിരി സമ്മാനിച്ച് അവൾ ക്ലാസിൽ നിന്നും പുറത്തേക്ക് നടന്നു.
അവളിൽ നിന്നും കണ്ണെടുക്കാതെ സനലും എഴുന്നേറ്റു.
മനസ്സിൽ സ്വപ്നങ്ങളുടെ പേമാരി കനത്തു പെയ്യുകയാണ്. ആകാംക്ഷ നിറഞ്ഞ നിമിഷങ്ങളിലൂടെയുള്ള സുന്ദര യാത്ര.....
തലേ ദിവസം സംഭവിച്ചതിന് അവളോട് ക്ഷമ ചോദിക്കാനുറച്ച് അവൻ പുറത്തേക്കിറങ്ങി. വരാന്തയിലെ തൂണിനോട് ചാരി അതാ അവൾ നിൽക്കുന്നു. അടുത്ത് വേറെ ആരുമില്ലാത്തത് കൊണ്ട് തന്നെ അവൻ അവളുടെ അടുത്തേക്ക് നടന്നു.
"ഹായ്... കീർത്തി''
"ഹായ്...''
"എടേ ... ഇന്നലെ ഞാൻ പറഞ്ഞത് നിനക്ക് വിഷമമായോ...?
"ഹേയ്.. ... ഇല്ലടാ .. എന്തിന് ... ?"
അല്ല... ഞാനിന്നലെ പറഞ്ഞപ്പോൾ താൻ ദേഷ്യത്തിൽ അപ്പോൾ തന്നെ ലാബിൽ നിന്ന് പുറത്ത് പോന്നില്ലേ.. ? അത് കൊണ്ട് ചോദിച്ചതാ..."
അപ്പോൾ എനിക്ക് ദേഷ്യം തോന്നിയത് സത്യമാ... അത് തന്നോടുള്ള ദേഷ്യം കൊണ്ടല്ല. എനിക്ക് എന്നോട് തന്നെ തോന്നിയ ഒമർഷം."
"പിന്നെ സാറ് തന്നെ ചോദ്യം ചെയ്യുന്നത് കണ്ടല്ലോ.....?"
അപ്പോൾ അവൾ അധികം ഒച്ച വെക്കാതെ പൊട്ടിച്ചിരിച്ചു.
" അത് ചോദ്യം ചെയ്തതൊന്നുമായിരുന്നില്ല.
"എനിക്ക് തീരെ വയ്യ... തലവേദനയാവുന്നു" എന്ന് ഒരു കാച്ച് കാച്ചി. സാറ് വേഗം പോയിക്കോളാൻ പറഞ്ഞു. "
"ഹോ... അതായിരുന്നു ലേ... ഞാനാകെ പേടിച്ചു പോയി ... താൻ വല്ലതും സാറോട് പറഞ്ഞെന്നു കരുതി വെറുതെ ടെൻഷനടിച്ചു. "
"സനലേ... നീയൊരു മണ്ടൻ തന്നെയാ... ഞാൻ പറയോ...?"
"സനലേ.... നിനക്ക് എന്നോടുള്ള ഇഷ്ടം എപ്പോ തുടങ്ങിയതാ..."
" അത് കുറെയായി .... ഞാൻ മനസ്സിലിട്ട് സൂക്ഷിക്കുകയായിരുന്നു."
"അപ്പോ ... അത് പറ... നീ പേടിച്ച് മിണ്ടാതിരുന്നതായിരിക്കും...ലേ..... "
മറുപടി പറയാതെ സനൽ അവളുടെ മുഖത്ത് നോക്കി കണ്ണിറുക്കി കാണിച്ച് ചെറുതായൊന്നു പുഞ്ചിരിച്ചു. "
"സനലേ... ഇത് ശരിയാവില്ലടാ .... നിന്നെ എനിക്ക് നല്ല ഒരു സുഹൃത്തായി മാത്രമേ കാണാൻ പറ്റൂ... ഇനിയെത്ര തന്നെ ശ്രമിച്ചാലും ഒരു പ്രണയമൊന്നും നമ്മൾ തമ്മിൽ നടക്കില്ല."
"അതെന്താ.... ?"
എന്ന് ചോദിക്കാനുള്ള ധൈര്യമൊന്നും സനലിന് ഉണ്ടായിരുന്നില്ല.
തന്റെ ആദ്യ ശ്രമം തന്നെ പരാജയപ്പെട്ട നിരാശയിൽ സനൽ "ഓക്കെ " എന്നും പറഞ്ഞ് അവളുടെ പിന്നാലെ ക്ലാസിലേക്ക് നടന്നു.
എത്ര ആലോചിച്ചിട്ടും സനലിന് കാരണം പിടികിട്ടിയില്ല. എത്ര പേർ ക്ലാസിൽ പരസ്പരം പ്രണയിക്കുന്നു. പിന്നെ എന്താണ് എന്നെ അത്തരത്തിൽ കാണാൻ കഴിയില്ലെന്ന് അവൾ പറഞ്ഞത്.
പിറ്റേന്നു വൈകിട്ട് ക്ലാസ് കഴിഞ്ഞപ്പോൾ സനൽ കാരണം തിരക്കാൻ വേണ്ടി അവളെ പിന്തുടർന്നു.
ബസ് സ്റ്റോപ്പ് വരെ പത്ത് മിനിറ്റിന്റെ ദൂരം നടക്കാനുണ്ട്.
സനലിനെ കണ്ടത് കൊണ്ടാവണം കൂട്ടുകാരികളിൽ നിന്ന് മാറി അവൾ നടത്തം പതുക്കെയാക്കി. അവൻ അടുത്തെത്തിയതും അവൾ സംസാരിക്കാൻ തുടങ്ങി. എന്തോ പറയാൻ ബാക്കി വെച്ച പോലെ ...
"സനലേ... നീയെന്നോട് ക്ഷമിക്കണം. എനിക്ക് തന്നെ ഒരുപാടിഷ്ടമാണ്. പക്ഷേ എനിക്ക് വേറെ ഒരു പ്രണയമുണ്ട്. ഞങ്ങൾ തമ്മിൽ രണ്ടു വർഷത്തിലധികമായി പ്രണയത്തിലാണ്. അത് കൊണ്ട് വേറെ ഒരാളെ എനിക്ക് സങ്കൽപ്പിക്കാനാവില്ല. ഇനിയും നീയെന്നെ മനസ്സിൽ പേറി നടക്കരുത്. ഇതെന്റെ അപേക്ഷയാണ്."
"ഉം...' എന്ന ഒരു മൂളലിൽ അവനതെല്ലാം കേട്ടു സമ്മതിച്ചു.
ആഗ്രഹിച്ചത് നഷ്ടമാവുമ്പോൾ അനുഭവിക്കുന്ന വേദന ചെറുതൊന്നുമായിരുന്നില്ല. നേരിട്ട് മുമ്പേ പറഞ്ഞിട്ടില്ലെങ്കിലും ഒത്തിരി നാളായി മനസ്സിൽ അവളെ മാത്രം സ്വപ്നം കണ്ട് കഴിയുകയായിരുന്നു സനൽ . അതിനാണ് ഇന്ന് തിരശ്ശീല വീണത്.
പഠിക്കുന്ന കാലത്തെ പ്രണയത്തിന് ഒരു പ്രത്യേക അനുഭൂതിയാണ്. അത് പോലെ തന്നെയാണ് വിരഹവും....
എത്രയെത്ര പ്രണയങ്ങളാണ് ഇത് പോലെ പുഷ്പിക്കാതെ വാടി വീഴുന്നത്. എത്രയെത്ര പ്രണയങ്ങളാണ് ഇത് പോലെ മൊട്ടുകളിട്ടിട്ടും പൂവായി വിടരാതെ വീണലിയുന്നത്. സുഗന്ധമറിയാതെ വിസ്മൃതിയിലാഴ്ന്നു പോകുന്നത്.
ചില നഷ്ടങ്ങൾ മറ്റു ചില നേട്ടങ്ങളുടെ തുടക്കവും ആവാറുണ്ട്. സനലിന്റെ കാര്യത്തിൽ അങ്ങനെയാണെന്ന് വളരെ വൈകിയാണ് മനസ്സിലായത്.
അവസാനിച്ചു
എഴുതിയത്:
നവാബ് അബ്ദുൽ അസീസ് തലയാട്

ധൈര്യശാലിയായ എന്റെ അച്ഛൻ

Image may contain: 1 person, smiling, eyeglasses and closeup

ചുവരിൽ ആണിയടിച്ച് ചില്ലിട്ട് തൂക്കിയ ചിരിച്ചു നിൽക്കുന്ന അച്ചന്റെ ചിത്രത്തിലേക്ക് നോക്കി തിരിഞ്ഞ് പടികളിറങ്ങി നടവഴിയിലേക്ക് നടന്നു.
ഉള്ളു കരയുന്ന ചിന്തയിൽ വെള്ളയിൽ പൊതിഞ്ഞു കിടത്തിയ അച്ചന്റെ ദേഹം ഇപ്പോഴും കണ്ണിൽ നിന്നും മാഞ്ഞിട്ടില്ല.
വർഷം പതിനാലുകഴിഞ്ഞു. നേരിയ ഓർമ്മകൾ മാത്രം സൂക്ഷിച്ചു വെച്ച ബാല്യത്തിന് മറക്കാനാവാത്ത ഓർമ്മയായി അച്ചന്റെ വേർപാട്.
കൊതിയോടെ പലഹാരപ്പൊതിക്കായി അച്ചൻ വരുന്നതു കാത്ത് തൂങ്ങിയുറങ്ങി വീഴുന്ന ഉണ്ണിയെ വിളിച്ച് അമ്മ പറയും.
"മോനേ... അച്ഛൻ ഇനിയും വൈകും, മോൻ കിടന്നോ... അമ്മേടെ കുട്ടിക്ക് നാളെ സ്കൂളിൽ പോകണ്ടേ ....."
മനസ്സില്ലാ മനസ്സോടെ കണ്ണുമടച്ച് ഉറങ്ങാതെ കിടക്കും. ഇടക്കെപ്പോഴോ ഉറക്കം എന്നെയും പിടികൂടും.
ആഴ്ച്ചയിൽ മാത്രമേ വീട്ടിലേക്ക് വരാൻ അച്ഛനു സാധിക്കുകയുള്ളു എന്ന് എനിക്കറിയില്ലായിരുന്നു.
ഉണരുമ്പോൾ അച്ഛനെ കാണില്ല. അമ്മയോട് ചോദിക്കും.
"അമ്മേ... ഉണ്ണീടെ അച്ഛൻ എവിടെ?"
മോനേ അച്ഛൻ ഇന്നലെ വന്നിട്ടില്ല. ഇന്ന് വരും.
കാത്തിരിപ്പിന്റെ കോലായിയിൽ മരപ്പലകയിൽ ഞാൻ വഴിക്കണ്ണുമായി അന്നും കാത്തിരുന്നു.
നാലു ദിവസങ്ങൾക്ക് ശേഷം കേട്ട വാർത്ത ഞങ്ങളെ തളർത്തി.
അച്ചന്റെ ചലനം നിലച്ച ദേഹം കയറ്റി വാൻ വീടിനു മുന്നിൽ നിർത്തിയതും കൂടി നിന്നവരെല്ലാം പൊട്ടിക്കരഞ്ഞു.
ഒരു കുഞ്ഞിനെ രക്ഷപ്പെടുത്തിയതിന് കിട്ടിയ കടുത്ത ശിക്ഷ...
വിധി എത്ര ക്രൂരനാണെന്ന് എന്റെ വളർച്ചയിൽ ഞാനറിഞ്ഞു...
റോഡ് സൈഡിൽ ഡ്യൂട്ടിയിലായിരുന്ന കോൺസ്റ്റബിൾ ഗംഗാധരൻ എന്ന എന്റെ അച്ചൻ പെട്ടെന്ന് റോഡിലേക്ക് ഓടിയിറങ്ങിയ ചെറിയ കുട്ടിയെ രക്ഷപ്പെടുത്താൻ ഓടി റോഡിലേക്കിറങ്ങി കുഞ്ഞിനെയെടുത്ത് തിരിച്ചു നടക്കുമ്പോൾ എതിരെ അതി വേഗതയിൽ വന്ന ഒരു കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ശക്തിയിൽ കുട്ടി തെറിച്ചു ദൂരെ വീണു. സാരമായ പരിക്കോടെ കുട്ടിയെ ആശുപത്രിയിലാക്കി.
ഓർമ്മകൾ അശ്രു പൊഴിച്ച കണ്ണുമായി ഇടവഴിയിലൂടെ ഞാൻ നടന്നു. ഇന്നെന്റെ യാത്ര അച്ഛൻ എനിക്കായി ബാക്കി വെച്ച അച്ഛന്റെ ജോലി ഏറ്റെടുക്കാനാണ്.
ഓർമ്മകളിൽ ധൈര്യ ശാലിയായ സ്വന്തം അച്ഛനെ സ്മരിച്ചു കൊണ്ട് ഞാൻ ആ ജോലി ഏറ്റെടുത്തു. ഈ എഴുത്ത് ഇവിടെ നിർത്തുന്നു.
ശുഭം

സഹോദരിമാർക്ക്

Image may contain: 1 person, smiling, eyeglasses and closeup

അടുപ്പത്ത് കലത്തിൽ വെച്ച വെള്ളം തിളയ്ക്കുന്നു. ഏതായാലും അരിയിട്ടിട്ട് അലക്കാൻ പോകാം.
തിളച്ച വെള്ളത്തിലേക്ക് അരി കഴുകിയിട്ട് നസിയ അലക്കാൻ പുറത്തേക്ക് പോയി. സമയം പത്തരയായിട്ടേ ഉള്ളൂ. രാവിലെ തന്നെ എല്ലാ പണികളും തുടങ്ങും. ഉച്ചക്ക് കഴിക്കാൻ ഉള്ളതും പതിനൊന്ന് മണിയാവുമ്പോഴേക്കും റെഡിയാക്കി വെക്കും.
അലക്കാൻ ഒരു പാട് ഉണ്ട്. കുട്ടികൾ സ്കൂളിൽ പോയതാണ്. ഉച്ചക്ക് പണി കഴിഞ്ഞ് ഭർത്താവ് വരും. ഭക്ഷണം കഴിഞ്ഞ് കുറച്ച് കിടക്കുമ്പോഴേക്ക് മക്കളും വരും. പിന്നെയും പണിയാണ്.
ചുരുക്കിപ്പറഞ്ഞാൽ രാവിലെ എഴുന്നേറ്റാൽ തുടങ്ങുന്ന പണി അവസാനിക്കുന്നത് രാത്രി കിടക്കാൻ നേരമെന്ന് സാരം.
ഇതൊക്കെ പറഞ്ഞത് ഇന്നത്തെ മരുമക്കളെപ്പോലെ അനങ്ങാതെ വീട്ടിൽ ടിവിയും കണ്ടിരുന്ന് ഫ്രിഡ്ജിൽ ഉണ്ടാക്കി വെച്ചത് എടുത്ത് ചൂടാക്കി കഴിക്കുന്ന സ്വഭാവക്കാരിയല്ല നമ്മുടെ കഥാപാത്രം.
അലക്കുന്നതിനിടയ്ക്ക് നസിയാനോട് അടുപ്പത്തിട്ട അരിയുടെ കാര്യം മറന്നു. ഓർമ്മ വന്നപ്പോൾ കയ്യിലെടുത്ത തുണി അലക്കു കല്ലിൽ വെച്ച് അകത്തേക്ക് ഓടി.
കലത്തിൽ നിന്ന് പുക വരുന്നു. ഒരു തുള്ളി വെള്ളവും കലത്തിലില്ല. ഉണങ്ങിയ ചകിരിപ്പൊളിയും റബ്ബർ മരത്തിന്റെ വിറകും കെട്ടു പോകാതെ ആളിക്കത്തിയത് കൊണ്ട് കണക്കു കൂട്ടലെല്ലാം പിഴച്ചു.
വേഗം ടാപ്പ് തുറന്ന് പച്ചവെള്ളം എടുത്ത് കലത്തിലേക്ക് ഒഴിച്ചു.
എന്നിട്ട് കൈലിട്ട് ഇളക്കാതെ മറ്റൊരു പാത്രമെടുത്ത് ചോറ് അതിലേക്ക് മാറ്റി.
കലത്തിനകത്തേക്ക് നോക്കിയ നസിയാക്ക് ദേഷ്യം വന്നു.
വാങ്ങിയിട്ട് കുറച്ചായിട്ടേ ഉള്ളൂ. ഇട്ട അരിയിൽ പകുതിയും കലത്തിൽ ഒട്ടിപ്പിടിച്ചിട്ടുണ്ട്. ഇനി എത്ര പാടുപെടണം ഇതൊന്ന് വൃത്തിയാക്കാൻ ...
കുറച്ച് വറ്റ് എടുത്ത് വായിലിട്ട് ചവച്ചു നോക്കി.
ചെറിയ രുചി മാറ്റം അനുഭവപ്പെട്ടു.
ഇത് എനിക്കും കുറച്ച് കുട്ടികൾക്കും കൊടുക്കാം. ഭർത്താവിനും കുട്ടികൾക്കും വേറെ വെക്കാൻ മറ്റൊരു പാത്രത്തിൽ അടുപ്പത്ത് വെള്ളം വെച്ച് നസിയ പുറത്തേക്ക് നടന്നു.
" പടച്ചോനെ.. പൈപ്പ് പൂട്ടിയിട്ടില്ലായിരുന്നോ?
നസിയ വെപ്രാളത്തിൽ കയ്യിലുള്ള തുണി അലക്കു കല്ലിൽ വെച്ച് പെട്ടെന്ന് പോയപ്പോൾ മറന്നതാണ്.
സ്ത്രീ സഹചമായ ഒരു സ്വഭാവമാണ് ഞാൻ ഇവിടെ സൂചിപ്പിച്ചത്.
മുഴുവൻ സമയം വീട്ടിലെ പണിയെടുത്ത് നടക്കുന്ന സ്ത്രീകളെ കാണുമ്പോൾ സങ്കടം തോന്നാറുണ്ട്. പലപ്പോഴും അവർ ഒരു പണി പോലും പൂർത്തിയാക്കാതെയാണ് മറ്റു പണികളിൽ കൂടി നിരതരാവുന്നത്.
അത് കൊണ്ട് തന്നെ ഒരു പണി പോലും കൃത്യമായി പൂർത്തീകരിക്കാനും അവർക്ക് സാധിക്കാറില്ല.
ഒരു കറി വെക്കാൻ എന്തെല്ലാം സാധനങ്ങൾ വേണമോ അവയെല്ലാം ഒരു തവണ മുന്നിലെടുത്ത് വെച്ച് കറി വെക്കുന്ന ശീലം നമ്മുടെ വീടുകളിൽ കാണാറില്ല.
അത് കൊണ്ട് തന്നെ തക്കാളി ഇടാൻ നോക്കുമ്പോൾ തക്കാളിപ്പാത്രത്തിനടുത്തേക്ക് വീണ്ടും പോകും.
ഉപ്പിടാൻ നേരമാണ് ഉപ്പു പാത്രം തിരയുക.
എല്ലാം കഴിഞ്ഞ് ഇറക്കി വെക്കാൻ നേരം ക്കൈക്കൾകൂട്ടി (പാത്രങ്ങൾ പിടിക്കാൻ ഉപയോഗിക്കുന്ന തുണി.) തിരയുക. തിരഞ്ഞിട്ട് കാണാതാവുമ്പോൾ തുണിയില്ലാതെ കൈ കൊണ്ട് തന്നെ ഇറക്കാൻ ശ്രമിക്കുന്നവരെ കാണാറുണ്ട്. ചിലർ ഉടുത്ത നൈറ്റിയുടെ തല കൊണ്ട് പാത്രം ചേർത്ത് പിടിച്ച് ഇറക്കി നിലത്ത് വെക്കും.
എന്റെ എഴുത്ത് വായിക്കുന്ന സഹോദരിമാർ ഇത്തരം കാര്യങ്ങൾ വളരെ ശ്രദ്ധിക്കണം. ഒരുപാട് വാർത്തകൾ ഇത്തരത്തിൽ തീ പൊള്ളലേറ്റത് നമ്മൾ കേട്ടിട്ടുണ്ട്.
എത്ര എടുത്താലും തീരാത്ത പോലെ തോന്നാൻ കാരണം കൃത്യനിഷ്ടയില്ലാത്തതും ക്രമം തെറ്റിയതുമായ രീതി കൊണ്ടാണ്.
ഒരു പണിയെടുക്കാൻ തുടങ്ങിയാൽ ഉദാഹരണത്തിന് അടുക്കളയിൽ വെച്ച് പാചകം ചെയ്യുകയാണെങ്കിൽ അടുക്കളയോട് ചേർന്ന പണികളെല്ലാം തീർക്കുക. എന്നിട്ട് നിലം അടിക്കുകയും തുടയ്ക്കുകയും ചെയ്യുക .
അതിന് ശേഷം അലക്കാനും കുളിക്കാനും പോവുക. അപ്പോൾ ഓരോന്നിലും ഒരു ക്രമം കൊണ്ടുവരാൻ സാധിക്കും. സമയവും ലാഭിക്കാം.

കാലപ്രയാണം:

Image may contain: 1 person, smiling, eyeglasses and closeup

ക്ഷണിക ജീവിതം
കുറിച്ചിട്ട ചിന്തകൾ
കാല പ്രയാണത്തിൽ
തളിരിട്ടു, പൂ വിട്ടു,
കായായ് ഫലമിട്ടു...
പറിച്ചെടുത്തവർ രുചിച്ചറിഞ്ഞിട്ടും
ഭാവഭേദമില്ലാതവർ പിന്നെയും...
ചിന്തകൾ വളർന്നു
ആശയങ്ങൾ
അതിരു വിട്ടു പറന്നു
അനുവാചക ഹൃദയങ്ങൾ
അവർക്കു പിന്നിലായ്
അവിടെയൊന്നും
അനുഭവിച്ചറിഞ്ഞില്ല
അഹം പൊരുൾ തേടിയ
യാത്രകൾ.....
മാറുമെന്നുറച്ചവർ
മാറ്റം വരുത്തിയിന്നു പലതും
മാറ്റം കൊതിച്ചു മറ്റു പലതും
മാറ്റമില്ലാതിപ്പോഴും
മാറാത്തതായ് നിൽക്കുന്നതു
മാറുമെന്നുറച്ചവനിലെ
ചിന്തയും വികാരവും മാത്രം....
നവാബ് അബ്ദുൽ അസീസ് തലയാട്

ചീറ്റിപ്പോയ ലീവ് ലെറ്റർ

Image may contain: 1 person, smiling, eyeglasses and closeup

ഉമ്മാക്ക് മരുമോളുടെ ലീവ് ലെറ്ററാണ്. ആരും ചിരിക്കരുത്, കൂടുതൽ ചിന്തിക്കരുത്.
കഥയും കഥാപാത്രവും സാങ്കൽപ്പികം മാത്രമാണ്. ഇങ്ങനെ സംഭവിക്കുന്നെങ്കിൽ ഞാൻ അതിന് ഉത്തരവാദിയല്ലെന്ന് ആദ്യമേ അറിയിക്കുന്നു.
ഉമ്മാന്റെ കയ്യിൽ ലെക്കോട്ടിലിട്ട് ഒട്ടിച്ച് അവളാ എഴുത്ത് കൊടുത്തു.
"എന്താ മോളേ ഇത് '?
" അത് ഉമ്മാക്കുള്ളതാ....
സമയം കിട്ടുമ്പോൾ പൊളിച്ച് വായിച്ചാൽ മതിട്ടോ... ഒരു തിരക്കുമില്ല. "
അതും പറഞ്ഞ് ഒരു കള്ളച്ചിരി ചിരിച്ച് അവൾ അവിടെ നിന്നും വേഗം തിരിഞ്ഞ് നടന്ന് അകത്ത് കയറി.
ഉമ്മാക്ക് സംഗതി പന്തിയല്ലെന്ന് മനസ്സിലായി.
ഉമ്മാ വൈകുന്നേരത്തെ ചായ കുടിച്ച് ഉമ്മറത്തെ ഇരുത്തിയിലിരുന്ന് മോളുടെ കളികൾക്കൊപ്പം പുറം കാഴ്ചകൾ കണ്ട് ഇരിക്കുകയാണ്.
ചായ കുടിച്ച് കഴിഞ്ഞ് ഉമ്മ മരുമോള് നൽകിയ കത്ത് പൊളിച്ചു.
വായിക്കാൻ വേണ്ടി നിവർത്തി
"ഉമ്മ മാത്രമേ വായിക്കാവൂ , ഇത് ഉമ്മാക്ക് മാത്രം "
തുടക്കം അങ്ങനെയായത് കൊണ്ട് തന്നെ ഉമ്മ അകത്തേക്ക് പോയി.
" ഈ പൊട്ടിപ്പെണ്ണിന് എന്തിന്റെ ഭ്രാന്താ.... മനുഷ്യനെ സുയിപ്പാക്കാൻ ....."
അകത്തേക്കുള്ള നടത്തത്തിനിടയിൽ ഉമ്മ പിറുപിറുത്തു.
ഉമ്മയും മരുമോളുമാണെന്ന് ഒരിക്കലും അവരെ കണ്ടാൽ പറയില്ല. അത്രയ്ക്ക് സ്നേഹത്തോടെയുള്ള പെരുമാറ്റവും കുസൃതിത്തരങ്ങളും നിറഞ്ഞതാണ് അവരുടെ നിമിഷങ്ങൾ. അത് കൊണ്ട് തന്നെ ഉമ്മാക്ക് മരുമോളുടെ കത്ത് വായിക്കാൻ ധൃതിയായി. കാരണം അതിൽ എന്തെങ്കിലും കുസൃതിയുണ്ടാവുമെന്ന് ആ ഉമ്മാക്ക് മറ്റാരെക്കാളും നന്നായി അറിയാം.
"സ്നേഹത്തോടെ ഉമ്മാക്ക് സബീല;
ഉമ്മാ നൗഷാദ്ക്കാ ഈ മാസം വരുമെന്ന് പറഞ്ഞിട്ടുണ്ടല്ലോ. വർഷം കൂടുമ്പോൾ കിട്ടുന്ന ലീവ് അടിച്ചു പൊളിക്കാൻ ഞങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ട്. അത് കൊണ്ട് ഇക്കാ തിരിച്ച് പോകുന്നത് വരെ അടുക്കളപ്പണികളിൽ ഉമ്മ ശ്രദ്ധിക്കണം. എനിക്ക് കുറച്ച് മാറി നിൽക്കണം.
എന്ന് ഉമ്മാന്റെ സ്വന്തം
സബീല.
കത്ത് വായിച്ച് ഉമ്മ ചിരിച്ചു. നേരെ ചെന്ന് സബീലയുടെ വാതിൽക്കൽ നിന്ന് കത്ത് നീട്ടിക്കാണിച്ചു. ഇത് വായിച്ചു. നീ എന്താ കരുതിയേ...?
"ഓൻ വരുമ്പോ നീ ഒരു മാസം എവിടെയെങ്കിലും പോകുന്നുണ്ടോ? ഉമ്മാ ചിരിച്ചു.
എല്ലാ ദിവസവും അല്ല, കുറച്ചൊക്കെ എവിടേലും പോണം....
അപ്പോ... അടുക്കളപ്പണിയിൽ ശ്രദ്ധിച്ചാൽ ഇക്കാനെ ശ്രദ്ധിക്കാൻ കഴിയോന്ന് ഒരു പേടി...
ഇക്കാന്റെ ആദ്യത്തെ വരവാണ്. എനിക്ക് ആദ്യത്തെ അനുഭവവും. മോൾക്ക് വയസ്സ് മൂന്നായി. പോയിട്ട് വർഷം ഒന്നു കഴിഞ്ഞു. വർഷത്തിൽ ഒരു മാസം കിട്ടിയ ഒഴിവിൽ മകളെയും ഭാര്യയെയും കാണാൻ വരികയല്ലേ...
അത് കരുതി എഴുതിയതായിരുന്നു.
" ഉമ്മാക്ക് മോള് പറഞ്ഞത് മനസ്സിലായി. എന്നാൽ മോള് ഒരു കാര്യം മനസ്സിലാക്കണം. ഭർത്താക്കന്മാർക്ക് ഭാര്യമാർ വെച്ച് വിളമ്പിക്കൊടുക്കുമ്പോൾ കിട്ടുന്ന സന്തോഷം വേറെ ആര് കൊടുത്താലും സ്നേഹമുള്ള ഭാര്യയ്ക്ക് തൃപ്തിയാവൂല.
ഇപ്പം മോള് പറയുന്നത് ഉമ്മ അംഗീകരിച്ചു. ഓൻ വന്നാൽ പിന്നെ ഏത് സമയവും അടുക്കളയിൽ കിടന്ന് തിരിഞ്ഞു കളിക്കരുത്... ട്ടോ... പറഞ്ഞേക്കാം." ഒരു കള്ളച്ചിരി പാസ്സാക്കി ഉമ്മ തിരിഞ്ഞു നടന്നു.
പടച്ചോനെ ആകെ നാണംകെട്ടു . ഈ ഉമ്മാന്റെ ഒരു കാര്യം..... സബീല നാണത്താൽ മുഖത്ത് കൈയ്യമർത്തി.
''ഉമ്മാ പറഞ്ഞതിലും കാര്യമുണ്ടല്ലോ...?
എന്റെ കറി കൂട്ടാൻ.... ഞാൻ വെച്ച് വിളമ്പുന്നത് മതി വരുവോളം കഴിക്കാൻ......
ഞാൻ വരും എന്ന് ഇക്കാ ഇടയ്ക്കിടെ പറയുന്നത് മനസ്സിൽ തെളിഞ്ഞു. "
ഏതായാലും സ്വന്തം ലീവ് ലെറ്റർ ഉമ്മാനോട് പിടിച്ചു വാങ്ങി ആരോടും പറയില്ലെന്ന് സത്യം ചെയ്യിച്ച് സബീല ആ കത്ത് കീറി അടുപ്പിലിട്ട് ലീവ് അടിച്ചു പൊളിക്കാൻ നൗഷാദ്ക്കാന്റെ വരവും കാത്തിരുന്നു.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo