Slider

#അമ്മയില്ലാത്ത_സൽക്കാരം

0

അവന്റെ കണിശത കണ്ടു ഞാൻ അമ്പരന്നു. കുടുംബത്തെ എത്ര ചിട്ടയോടെയാണ് അവൻ ശ്രദ്ധിക്കുന്നത്. എനിക്ക് അത്ഭുതമായി.
ഓരോ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.
"എടീ.... മോനെ കുളിപ്പിച്ചോ....?"
"അമ്മേ... പശുവിനെ കഴിച്ചു കെട്ടിയിരുന്നോ...?"
"മോനെന്തെങ്കിലും കൊടുത്തോ.....?"
എല്ലാം വളരെ തൃപ്തികരം. ഉച്ചയൂണ് കഴിഞ്ഞേ പോകാവൂ എന്ന് എന്നോട് പ്രത്യേകം പറഞ്ഞതാണ്. അതു കൊണ്ട് തന്നെ ഞാൻ കുറച്ചധികം സമയം അവിടെ ഇരുന്നു കുശലം പറഞ്ഞു.
അതിനിടയ്ക്കെപ്പോഴോ ചില പരുക്കൻ സ്വരങ്ങൾ അകത്തു നിന്ന് കേൾക്കാനിടയായി.
ശ്രദ്ധിച്ചപ്പോൾ അത് അവന്റെ ഭാര്യയുടെ ശബ്ദമാണെന്നു മനസ്സിലായി.
അമ്മയല്ലാതെ മറ്റാരും അവിടെ ഇല്ലാലോ....
അവൾ അമ്മയോടാണ് സംസാരിക്കുന്നത് എന്ന് മനസ്സിലാക്കാൻ മറ്റൊരു വഴിയും തേടേണ്ടി വന്നില്ല.
ഉച്ചക്ക് ഭക്ഷണമെല്ലാം മേശയിൽ നിരത്തി വെക്കുകയാണ്. അമ്മയും അവന്റെ ഭാര്യയും ചേർന്നാണ് ഓരോന്നും ചെയ്യുന്നത്. എല്ലാം എടുത്തു വെച്ച ശേഷം ഞങ്ങൾ ഇരുന്നു.
ഭക്ഷണം കഴിക്കാൻ അമ്മയൊഴികെ എല്ലാവരും ഉണ്ട്. ഇടക്ക് മറന്ന എന്തോ ഒരു സാധനത്തിന്റെ പേര് പറഞ്ഞ് അവൾ അമ്മയെ വിളിക്കുമ്പോൾ അവളിലെ പരുക്കൻ ശബ്ദം ഞാൻ വീണ്ടും കേട്ടു. എനിക്ക് എന്തെന്നില്ലാത്ത അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങി. ഭക്ഷണത്തിന് ഏറെ സ്വാദുണ്ടെങ്കിലും എന്നെ തൃപ്‌തിപ്പെടുത്താനാവാതെ ഓരോ വിഭവവും എന്റെ മുന്നിൽ നിരന്നിരിക്കുകയാണ്. എന്തു കൊണ്ടാണ് ആ അമ്മയെ അവർ വിളിക്കാഞ്ഞത്. അവർക്കും പൂതിയുണ്ടാവില്ലേ ഓപ്പമിരുന്ന് കഴിക്കാൻ. പോരാത്തതിന് ഇനി അവർ ഒരാള് കൂടിയല്ലേ ഇവിടെ ഉള്ളൂ.....
പ്രത്യക്ഷത്തിൽ ഒന്നും പ്രകടമാക്കാതെ ഒപ്പം ചേർന്ന് മനസ്സില്ലാ മനസ്സോടെ അൽപ്പം കഴിച്ച് ഞാൻ കൈ കഴുകി.
"എന്തു പറ്റിയെടാ..... വിളമ്പി വെച്ചതെല്ലാം ഇവിടെ തന്നെ വെച്ച് എഴുന്നേൽക്കുകയാണോ...?"
"എന്തോ.... വയറിന് നല്ല സുഖം പോരാ...." എന്ന ഒഴുക്കൻ മറുപടിയിൽ ഞാൻ പുറത്തെ കസേരയിൽ ചെന്നിരുന്നു.
ആ അമ്മയെ വീട്ടു വേലക്കാരിയെപ്പോലെ മാത്രമാണ് അവനും ഭാര്യയും കാണുന്നത് എന്ന് കുറഞ്ഞ സമയം കൊണ്ട് തന്നെ എനിക്ക് ബോധ്യമായി.
പിന്നെ അധിക സമയം അവിടെ നിൽക്കാതെ ഞാൻ കാർ സ്റ്റാർട്ട് ചെയ്ത് അവരെ വീട്ടിലേക്ക് ക്ഷണിച്ച ശേഷം മടങ്ങി.
*************
രണ്ടാഴ്ചകൾക്ക് ശേഷം ഒരൊഴിവ്‌ ദിവസം അവർ വീട്ടിൽ വരുമെന്ന് വിളിച്ചറിയിച്ചു. അവിടെ കണ്ട കാര്യങ്ങളെല്ലാം ഞാൻ എന്റെ സഹധർമ്മിണിയോട് അന്ന് തന്നെ പറഞ്ഞിരുന്നു. ബുദ്ധിമതിയായ അവൾ ഒരു തീരുമാനവുമെടുത്തു. അവരെ അങ്ങനെ വിട്ടാൽ പറ്റില്ല. അമ്മയോടുള്ള ബഹുമാനവും സ്നേഹവുമെല്ലാം പ്രവൃത്തിയിലൂടെ അവർക്ക് കാണിച്ചു കൊടുക്കണം. എങ്കിലേ അവർക്ക് ഉൾക്കൊള്ളാൻ സാധിക്കൂ...
വന്ന ദിവസം അവരെ ക്ഷണിച്ചു സ്വീകരിക്കാൻ അമ്മയെ ഏർപ്പാടാക്കി മനപൂർവ്വം ഞങ്ങൾ പുറത്തു പോയി. എല്ലാ ഭക്ഷണവും അവിടെ തയ്യാറാക്കി വെച്ചിരുന്നു. ഒന്നും അധികമായി ഉണ്ടാക്കേണ്ടതില്ല.
വീട്ടിലെത്തിയ ശേഷം അവർ ഞങ്ങളെ നിരന്തരം ഫോണിൽ വിളിച്ചു കൊണ്ടേയിരുന്നു. ഞങ്ങൾ കുറച്ചു സമയം കൊണ്ട് എത്തും എന്ന് പറഞ്ഞ് കുറച്ചധികം സമയം അവരെ അവിടെ ഇരുത്തി.
അവർ അമ്മയുമൊത്ത് കൂടുതൽ സമയം ചിലവഴിച്ചു. അവരുടെ വീട്ടിൽ അവരുടെ അമ്മക്ക് കൊടുക്കാത്ത സ്നേഹവും വാത്സല്യവും എന്റെ അമ്മയോടും അവർ കാണിച്ചിരിക്കണം. അങ്ങനെയാണല്ലോ നമ്മിൽ പലരും.....
അതിനിടയിൽ ഞാൻ ഇടക്കിടെ അമ്മയെ വിളിച്ച് നിർദ്ദേശങ്ങൾ കൊടുക്കും. എല്ലാ വിഭവങ്ങളും മേശയിൽ നിരത്താൻ തുടങ്ങിയപ്പോൾ ഞങ്ങൾ അവിടെ എത്തി. സഹധർമ്മിണി വേഗത്തിൽ തന്നെ അമ്മയോടൊപ്പം എല്ലാം നിരത്തി വെച്ചു.
അവരെ ക്ഷണിച്ചിരുത്തിയത് അമ്മയായിരുന്നു. അവളോട് ചേർന്ന കസേരയിൽ എന്റെ അമ്മയും ഇരുന്നു. തൊട്ടടുത്ത് അമ്മയിരുന്നപ്പോളും സഹധർമ്മിണി ബാക്കിയുള്ള സാധനങ്ങൾ കൂടി മേശയിലേക്ക് കൊണ്ടു വെക്കുകയായിരുന്നു.
'അമ്മ തന്നെ സ്വന്തം മക്കൾക്കെന്ന പോലെ അവർക്ക് വിളമ്പിക്കൊടുത്തു. പിന്നെ എനിക്കും, അവൾക്കുള്ളതും വിളമ്പി വെക്കുമ്പോഴേക്ക് അവളും കൈ കഴുകി വന്നിരുന്നു.
സുഹൃത്തിനും ഭാര്യക്കും അതിയായ സന്തോഷം പകർന്ന ഒരു സൽക്കാരം തന്നെയായിരുന്നു അത്. ഭക്ഷണം കഴിക്കുന്നതിനിടക്ക് സ്വാദ് ഇഷ്ടമായത് കൊണ്ട് തന്നെ സുഹൃത്ത് വീണ്ടും ഭക്ഷണം കോരിയിട്ടു കൊണ്ട് തനിക്ക് വയറു വേദന ഇല്ലാലോ എന്ന ഒരു നർമ്മ പ്രയോഗവും പാസ്സാക്കി.
ആ ഒരവസരം മുതലെടുത്തു കൊണ്ട് തന്നെ ഞാൻ സത്യമെന്താണെന്ന് അവനെ ബോധ്യപ്പെടുത്താൻ തീരുമാനിച്ചു.
"നീ കരുതുമ്പോലെ എനിക്ക് വയറ് വേദന ഉണ്ടായിട്ടൊന്നുമല്ല ഒന്നും കഴിക്കാതിരുന്നത്. നീ കണ്ടോ....."
അമ്മയുടെ നേരെ വിരൽ ചൂണ്ടിയാണ് ഞാൻ സംസാരം തുടർന്നത്.
"എന്റെ അമ്മയുടെ അരികിലിരുന്ന് ഇതുപോലെയാണ് എന്നും ഞങ്ങൾ ഭക്ഷണം കഴിക്കാറ്. നിന്റെ അമ്മയെ കണ്ടപ്പോൾ എനിക്കെന്റെ അമ്മയെയാണ് ഓർമ്മ വന്നത്. അമ്മയെ ക്ഷണിച്ചിരുത്താത്ത സൽക്കാരത്തിൽ എങ്ങനെയാണ് എന്റെ വിശപ്പടങ്ങുക....."
എല്ലാവരും ഒരു നിമിഷം മൂകരായി. അവന്റെ ഭാര്യയുടെ കണ്ണുകൾ കുറ്റബോധം കൊണ്ട് നിറയാൻ തുടങ്ങി.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo