Slider

--ഒരു പാട്ടിന്റെ കഥ. അൽപ്പം പ്രചോദനം, ചില പാഠങ്ങളും...

0
പുതിയ എഴുത്തുകാരുടെ നന്മയ്ക്കായി ചില ചിന്തകൾ ഇവിടെ അവതരിപ്പിക്കുകയാണ്.മുതിർന്ന എഴുത്തുകാരുടെ രചനകൾ കണ്ടു, തങ്ങൾക്കും ഇങ്ങനെയൊക്കെ എഴുതാൻ സാധിക്കുമോ എന്ന് ഭയക്കുന്നവർ ധാരാളം ഉണ്ട്.തുടക്കക്കാരായ അവർക്ക് ആത്മ വിശ്വാസം നൽകുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം.
--ഒരു പാട്ടിന്റെ കഥ. അൽപ്പം പ്രചോദനം,
ചില പാഠങ്ങളും...
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
"പോയ് മറഞ്ഞ കാലം വന്നു ചേരുമോ..?
പെയ്തൊഴിഞ്ഞ മേഘം വാനം തേടുമോ..
വർണ്ണമേഴും ചാർത്തും മാരിവില്ലു പോലെ,
അഴകെഴുന്ന ബാല്യം
വരുമോ പ്രിയേ... "
കാൽ നൂറ്റാണ്ടിനു ശേഷം ഗാന ഗന്ധർവ്വൻ യേശുദാസിനു 2017 ലെ മികച്ച ഗായകനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ഗാനമാണിത്. അദ്ദേഹത്തിന് എട്ടാം തവണയാണ് ഈ പുരസ്‌കാരം സ്വന്തമാകുന്നത്.
ഒരു സാധാരണക്കാരനായ ശ്രീ പ്രേംദാസ് ഗുരുവായൂരാണ് ഈ വരികൾ എഴുതിയത്.
സിനിമയിലെ രംഗങ്ങളെ കുറിച്ചു ചെറിയ ഒരു
വിവരണം സംവിധായകൻ നൽകിയപ്പോൾ, അവരുടെ മുന്നിലിരുന്ന് ഒറ്റയിരുപ്പിലാണ് അദ്ദേഹം ഈ വരികൾ എഴുതിയത്.
സിനിമയിലെ ഗാന രംഗങ്ങൾ കണ്ടാൽ അദ്ദേഹത്തിന്റെ ഭാവനയുടെ വിശാലതയും മനോഹാരിതയും നമുക്ക് മനസ്സിലാകും.
എഴുത്തുകാർ ശ്രദ്ധിക്കേണ്ട Points:
• ചെറിയ സൂചനകളിൽ നിന്ന്, പ്രചോദനങ്ങളിൽ നിന്ന്, ഭാവനയുടെ വലിയ ലോകം കെട്ടിപ്പടുക്കുക. മനോഹരമായ രംഗങ്ങൾ സൃഷ്ടിക്കുക. പ്രേക്ഷകരുടെയും വായനക്കാരുടെയും ഹൃദയം കവരുക. അതിലാണ് ഒരു എഴുത്തുകാരന്റെ വിജയം.
അതു തന്നെയാണ് ഒരെഴുത്തുകാരൻ നേരിടുന്ന പ്രധാന വെല്ലുവിളിയും.
•അവസരങ്ങൾ തികച്ചും അപ്രതീക്ഷിതമായാണ് ലഭിക്കുക.ഏതു നിമിഷവും പ്രതിഭ തെളിയിക്കാൻ നിങ്ങൾ വെല്ലുവിളിക്കപ്പെട്ടേക്കാം.
•ഒരു തീമിനെ കുറിച്ച് എട്ടു വരികൾ അല്ലെങ്കിൽ പന്ത്രണ്ട് വരികൾ എഴുതാൻ ഒരു സംഗീത സംവിധായകൻ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. അല്ലെങ്കിൽ സിനിമയ്ക്ക് പറ്റിയ ഒരു കഥ നൂറു അല്ലെങ്കിൽ ഇരുനൂറു വാക്കുകളിൽ ചുരുക്കി പറയാൻ ഒരു നിർമാതാവ് ആവശ്യപ്പെട്ടേക്കാം.
•അപ്പോഴാണ് നമ്മൾ കഴിവുകൾ പുറത്തെടുക്കേണ്ടത്. നമുക്ക്‌ കഴിവുകൾ തെളിയിച്ചേ മതിയാകൂ. അതിനായി നിങ്ങൾ ചെയ്യേണ്ടത് ഒന്ന് മാത്രം. നിങ്ങളുടെ പ്രതിഭാ ശക്തിയുടെ തിളക്കം അല്ലെങ്കിൽ മൂർച്ച നഷ്ടപ്പെടാതെ സൂക്ഷിക്കുക.,എപ്പോഴും.
ഉദ്യാന പാലകനാണ് ശ്രീ പ്രേംദാസ്. പൂന്തോട്ട നിർമ്മാണവും പരിപാലനവും ആവശ്യക്കാർക്ക് ചെടികൾ എത്തിച്ചു കൊടുക്കലുമൊക്കെയാണ് ജോലി.ചെറിയ വരുമാനം. പ്രാരാബ്ധങ്ങൾ നിറഞ്ഞ ജീവിതം. പക്ഷേ അതിനിടയിലും അദ്ദേഹം എഴുത്ത് കൈവിട്ടില്ല. ജോലികൾ ചെയ്യുമ്പോഴും അദ്ദേഹം മനസ്സിൽ പുതിയ ഗാനങ്ങൾ രചിക്കുകയായിരുന്നു. അവയ്ക്ക് ഈണമിട്ട് പാടുകയായിരുന്നു.
ഈ രീതിയിൽ ആയിരക്കണക്കിന് ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
എഴുത്തുകാർ ശ്രദ്ധിക്കേണ്ട Points:
•ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും ജോലിത്തിരക്കുകൾക്കിടയിലും,പ്രതികൂല സാഹചര്യങ്ങളിലും എഴുത്ത് നിർത്തരുത്. ഉപേക്ഷിക്കരുത്. എഴുതുക. എങ്ങനെയെങ്കിലും സമയം കണ്ടെത്തി എഴുതുക. എഴുതിക്കൊണ്ടേയിരിക്കുക.
•കടലാസിൽ എഴുതാൻ പറ്റാത്ത സാഹചര്യം ആണെങ്കിൽ മനസ്സിലെങ്കിലും എഴുതുക.
ഈ മനസ്സിൽ എഴുതൽ വളരെ ഉപകാരപ്രദമാണ്. സമയവും സന്ദർഭവും ഒത്തു വരുമ്പോൾ കടലാസിലേക്ക് പകർത്തിയാൽ മതിയല്ലോ. കുറെ വെട്ടിത്തിരുത്തലുകൾ ഒഴിവാക്കുകയും ചെയ്യാം.
•എഴുത്ത് നിർത്തി നീണ്ട ഇടവേളകൾ എടുക്കരുത്.
അത്‌, കടലാസിൽ പേന വച്ചാൽ തനിയേ വരികൾ തൂലികയിലൂടെ ഉതിർന്നു വരുന്ന ആ സിദ്ധി,
കൈത്തഴക്കം എന്നും പറയാം, നഷ്ടപ്പെടുന്നതിനു ഇടയാക്കും.
ജീവിതത്തിലെ പല പ്രശ്നങ്ങളും മൂലം ഞാൻ 18വർഷത്തോളം എഴുത്തിൽ നിന്ന് വിട്ടു നിന്നിരുന്നു. ആ നീണ്ട ഇടവേള എന്നിലെ എഴുത്തുകാരനെയും വായനക്കാരനെയും തീർത്തും ഇല്ലാതാക്കി.എഴുത്തിലേക്ക് തിരികെ വരണമെന്ന് ആഗ്രഹിച്ചപ്പോൾ, പിന്നീടെനിക്ക് എല്ലാം ഒന്നുമുതൽ തുടങ്ങേണ്ടി വന്നു.
അനേകം ഗാനങ്ങൾ എഴുതിയിട്ടുണ്ടെങ്കിലും പറയത്തക്ക അംഗീകാരങ്ങൾ ഒന്നും പ്രേംദാസിന് ഇതു വരെ ലഭിച്ചിരുന്നില്ല. എങ്കിലും അദ്ദേഹം പരിശ്രമങ്ങൾ തുടർന്നു കൊണ്ടേയിരുന്നു.
പ്രതീക്ഷകളും കൈവിട്ടില്ല.അവസാനം അദ്ദേഹത്തിനു വിധിക്കപ്പെട്ട അംഗീകാരം തേടി വരിക തന്നെ ചെയ്തു.
ഈ ഗാനം ആലപിച്ച യേശുദാസും പറയുന്നു. എന്റെ ആലാപനം മെച്ചപ്പെടുത്താൻ ഞാൻ പരിശ്രമിച്ചു കൊണ്ടേയിരിക്കുന്നു. സ്ഥിര പരിശ്രമത്തിലൂടെ എല്ലാവർക്കും ഉയരങ്ങളിൽ എത്താൻ സാധിക്കും.
•ഈ ലോകത്തിൽ നിങ്ങളുടേതായ ഒരിടം ഉണ്ട്. നിങ്ങൾക്ക് മാത്രം വിധിക്കപ്പെട്ട ഒരു റോൾ ഉണ്ട്.
അവ നേടിയെടുക്കാനുള്ള പോരാട്ടം ആകട്ടെ ഈ ജീവിതം...
തന്റെ ഗാനം യേശുദാസ് പാടി എന്നതാണ് തനിക്കു ലഭിച്ച ഏറ്റവും വലിയ അവാർഡ് എന്ന് ശ്രീ പ്രേംദാസ് പറയുന്നു. അപ്പോൾ ആ മുഖത്തു നിറഞ്ഞ ഭാവം സന്തോഷം മാത്രം.ഒരു ആത്മ സംതൃപ്തി മാത്രം. ഒട്ടും അഹംകാരമില്ല. സ്വയം പുകഴ്ത്തലുകളും ഇല്ല. നമുക്കും ആ മാതൃക സ്വീകരിക്കാം. ഏത് വലിയ നേട്ടത്തിലും വിനയം മാത്രം പ്രകടിപ്പിച്ചു കൊണ്ട്...
°°°°°°°°°°°°°°°°°
സായ് മാഷ്‌
°°°°°°°°°°°°°°°°
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo