Showing posts with label RamachandranNambiar. Show all posts
Showing posts with label RamachandranNambiar. Show all posts

വാക്കുകൾ

Image may contain: 1 person, beard and eyeglasses

വാക്കുകൾതേടിയാണെന്റെ യാത്ര തുടങ്ങിയത് .
നിർവികാര സമതലങ്ങളിലെ അനാഥമായികിടക്കുന്ന -
ആർക്കുംശേഖരിക്കാവുന്ന ചത്തുകെട്ടവാക്കുകളല്ല .
മുഞ്ഞ* പോലെ പൂക്കാത്ത കായ്ക്കാത്ത വാക്കുകളല്ല.
ദശാസന്ധിയിലൊരു ചെറുസ്വാന്ത്വനംപോലുമാകാത്ത -
അടിതെറ്റുമ്പോൾ താങ്ങാകാത്ത വെറുംവാക്കുകളല്ല .
സ്വയം നിശബ്ദമായ നിർവികാരവാക്കുകളല്ല .
മരിച്ചുമരവിച്ചർത്ഥം പോയ വാക്കുകളല്ല.
സകല സ്വപ്നങ്ങളും കത്തിച്ചുചാരമാക്കി-
വെറുതെ കടന്നുപോയ വീൺവാക്കുകളല്ല .
ഒരു ശാക്തേയത്തിനും നിത്യമോക്ഷം-
നല്കാനാകത്ത അപമൃത്യുവായവാക്കുകളല്ല.
മരുത്വ മലയിലെ മൃതസഞ്ജീവിനി പോലെ-
ജീവനും ജീവിതവും തിരികെ തരുന്ന വാക്കുകൾ .
സപ്തസമുദ്രങ്ങളിലെ അഗാധതയിൽ ചിപ്പിക്കുള്ളിലെ-
മുത്ത് പോലെ വിലയിടാനാകാത്ത അമുല്യവാക്കുകൾ .
കൊടിയവേനലിൽവാടാത്ത ,പഞ്ചാഗ്നിയിലെരിയാത്ത
സ്വയം പ്രകാശിക്കുന്ന സുഗന്ധംപരത്തുന്ന വാക്കുകൾ .
ആകാശത്തിന്റെ ഉയരങ്ങളിലോ -
ക്ഷീരപഥത്തിന്റെ അനന്തതയിലോ -
കടലിന്റെ അളവില്ലാക്കയങ്ങളിലോ -
മരുഭൂമിയുടെ ഈ കൊടും ചൂടിലോ -
എന്തിനെന്റെ ഉള്ളിന്റെ ഉള്ളിലോ -
ഒരു വാക്കുപോലും കാണാനാകുന്നില്ല.
വാക്കുപൂക്കുമെന്നു പാഴ്‌വാക്ക് പറഞ്ഞു -
വെറുതെ മോഹിപ്പിച്ചവർക്കിടയിയിലും -
വാക്കിനിനിയും ജീവനുണ്ടെന്നു ഇടയ്ക്കിടെ -
സ്വയം ഓർമ്മപെടുത്തുന്നവർക്കിടയിലും-
ഉള്ളിലൊരു വാക്കുറഞ്ഞുപോയവർക്കിടയിലും-
എനിക്കൊരു വാക്കുപോലും നേടാനാകുന്നില്ലല്ലോ .
തേടാത്ത ഒരു വാക്ക്, തേടിവന്ന് വഴിമുടക്കുംവരെ -
ചത്തവാക്കുകൾ നന്മയായി പുനർജ്ജനിക്കും വരെ-
കലാപങ്ങൾക്കിടയിലും വാക്ക് അതിജീവിക്കുംവരെ -
അർത്ഥമുള്ളോരുവാക്കു ഉള്ളിൽ തീയാകുംവരെ -
വാക്കുതേടൽ അനിവാര്യമായിരിക്കുന്നു.
**********
* മുഞ്ഞ = ഒരിക്കലും പൂക്കുകയും കായ്ക്കുകയും ചെയ്യാത്ത ഒരു ആയുർവേദ മരുന്ന് ചെടി
രാമചന്ദ്രൻ മൊറാഴ - 07 / 05 / 2017

ഇന്നലെ

Image may contain: 1 person

ഇന്നലെ ഒരു പുസ്തകം പടിയിറങ്ങിപ്പോയി.
നാനാർത്ഥങ്ങൾ 
മനസ്സിലാകത്തത് കൊണ്ട്.
ഇന്നലെ ഒരു മുദ്രാവാക്യം
ഉടന്തടി ചാടി.
കൊല്ലാകൊല സഹിക്കാൻ കഴിയാത്തത് കൊണ്ട്.
ഇന്നലെ ഒരാദർശം
ആത്മഹത്യ ചെയ്തു.
ദുർവ്യാഖ്യാനങ്ങൾ
പരിധി വിട്ടത് കൊണ്ട്.
ഇന്നലെ ഒരു ചുമരേഴുത്ത്
സ്വയംമാഞ്ഞ് പോയി.
പിറകിൽ നിന്ന് വായിച്ചു
തുടങ്ങിയത് കൊണ്ട്.
ഇന്നലെ സകല അഗ്നിയും
മഞ്ഞായിത്തണുത്തുതുടങ്ങി.
സ്വയംഎരിഞ്ഞടങ്ങാൻ
ത്രാണി ഇല്ലാതായത് കൊണ്ട്.
ഇന്നലെ ഒരു വഴിവിളക്ക്
കരിന്തിരികത്തി.
എണ്ണ ഊറ്റിയവർക്ക്
വഴികാട്ടാനാകാത്തത് കൊണ്ട്.
ഇന്നലെ ഒരു രക്തസാക്ഷി
ആദ്യമായി കണ്ണിർ വാർത്തു.
വൃഥാവിലായ ജന്മമോർത്തല്ല
പാഴായ പിൻമുറയെഓർത്ത്.
.......................
രാമചന്ദ്രൻ മൊറാഴ-22/04/2017

വീട് : മത്സരത്തിന് വേണ്ടിയുള്ള ഗദ്യകവിത


വീടൊരു സ്വപ്നമാണ് .
ഒരിക്കലും നിറം മങ്ങാത്ത സ്വപ്നം .
കാണുംതോറും നിറംകൂടുന്ന സ്വപ്നമാണ് -
ഒരിക്കലും പണിയാത്ത വീട്.
സിവിൽ എഞ്ചിനീയറുടെ കുറ്റിപെൻസിലിൽ -
വിരിയുന്ന വീട് ഒരു ചിത്രം മാത്രമാണ് .
ഒരു മേലൊപ്പും കത്ത് സർക്കാർ ഗുമസ്ഥന്റെ -
ഫയലിൽ കഴിയുന്ന വെറും ചിത്രം.
3638 കല്ലും, 647 ചാക്ക് സിമന്റും -
2799 കിലോ കമ്പിയും, 990 അടി ജില്ലിയും -
9 ലോഡ് പൂഴിയും, 180 കോൽ മരവും-
വെള്ളവും ചായവും
തൊഴിലാളിയും, പണവുമായാൽ -
വീടാകുമെന്ന് പറഞ്ഞവൻ വിഡ്ഢി .
നാലുകാലോലപ്പുര വീടല്ലെന്നു -
പറഞ്ഞവൻ പമ്പര വിഡ്ഢി .
വീടൊരു നിർമ്മാണമല്ല ,, നിർമ്മിതിയല്ല .
ഒരിക്കലും നിർമ്മിക്കാൻ കഴിയാത്തതു വീട് .
സ്വയം നിർമ്മിതമാകുന്നത് വീട് .
ഒരിക്കലും നാശമില്ലാത്തത് വീട് .
ഒരിക്കലും സ്വപ്നം കാണാത്തവന് വീടില്ല -
ഒരു വീട് സ്വപ്നം കാണാത്തവനില്ല .
വീട്ടിലുറങ്ങുന്നവന്റെ സ്വപ്നത്തിലെ വീടല്ല -
തെരുവിലുറങ്ങുന്നവന്റെ സ്വപ്നത്തിലെ വീട് .
എല്ലാം പൂർണ്ണമായാലും വീടപൂർണം-
അത്ര അപൂർണ്ണമായാലും വീടുപൂർണ്ണം
പൂർണ്ണതയിലെ അപൂർണ്ണതയാണ് -
അഥവാ അപൂർണ്ണതയിലെ പൂർണ്ണത വീട് .
(എന്റെ വീടല്ല നിങ്ങളുടേത് -
നിങ്ങളുടെ വീടല്ല എന്റേത്)

By: Ramachandran babu

ഓണം


കുട്ടിക്കാലത്ത് ഓണം
എനിക്ക് വാസനകളുടെ ഉത്സവമായിരുന്നു.
മുറ്റത്ത് നിന്നും കളത്തിൽ നിന്നും ഉള്ള-
മെഴുകി ഉണങ്ങിയ ചാണകത്തിന്റെ-
കാര്ഷിക സമൃദ്ധിയുടെ വാസന.
കളത്തിൽ കൂടിയിട്ട വൈക്കോൽ കറ്റകളിൽ-
മഴയും വേയിലും കൊള്ളുമ്പോൾ ഉള്ള -
ഒരിക്കലും മറക്കാത്ത വാസന.
നടു മുറ്റത്ത് പൂവിടുമ്പോൾ തുമ്പ, ചെത്തി ,
അരിപൂ,ഹനുമാൻ കിരിടം ,നമ്പ്യാർവട്ട പൂക്കളുടെ-
മനം മയക്കുന്ന വാസന .
ഓണകോടി പരുത്തി ഉടുപ്പുകളുടെ -
കഞ്ഞിപ്പശയുടെ ആഹ്ലദിപ്പിക്കുന്ന-
മത്തു പിടിപ്പിക്കുന്ന വാസന.
അടുപ്പിൽ കുത്തരി തിളക്കുമ്പോൾ -
നീരവിയോടൊപ്പം പുറത്തു വരുന്ന-
ആരെയും കൊതിപ്പിക്കുന്ന വാസന.
മദ്ദളത്തിന്റ പതിഞ്ഞ ശബ്ദത്തിൽ ഓണപ്പാട്ട് പാടി-
വീട്ടിൽ വരുന്ന ഓണ തേയ്യത്തിന്റെ-
ചായില്യത്തിന്റ വാസന.
ഓണതേയ്യം പടി കടന്ന്ന്നു പോയാൽ-
പടിഞ്ഞാറ്റ വിളക്ക് അണക്കുമ്പോൾ -
ഉണ്ടാകുന്ന കരിംതിരിയുടെ വാസന.
അരി പായസം തിളക്കുമ്പോൾ -
വരുന്ന വെല്ലം ചുക്ക് തുളസി ഇലയും ചേർന്ന-
വായിൽ വെള്ളം നിറക്കുന്ന വാസന.
ചുടു ചോറ് വിളമ്പിയ-
നാക്കില വാടുമ്പോൾ പുറത്തു വരുന്ന-
പറയാൻ പറ്റാത്ത വാസന
സാബാർ പച്ചടി നാരങ്ങക്കറി കൂടി കുഴച്ച-
ചുടു ചോറിന്റെ ഉണ്ണാതെ -
വയറു നിറക്കുന്ന വാസന.
ഉണ്ടു കഴിഞ്ഞാൽ അച്ഛമ്മയുടെ -
നാലും കുട്ടിയ വെറ്റില മുറുക്കിന്റെ -
ലഹരിയോടു കൂടിയുള്ള വാസന
എല്ലാത്തിലും കൂടുതൽ....
ഓടി നടന്നു ഓണം ഒരുക്കുമ്പോൾ -
അമ്മയുടെ മുണ്ടിൽനിന്നുള്ള ബാർ സോപ്പിന്റെയും -
മുടിയിൽ നിന്നുള്ള പച്ച വെളിച്ചെണ്ണ യുടെയും -
സ്നഹത്തിന്റെ വാസന.
കുട്ടിക്കാലത്ത് ഓണം -
എനിക്ക് വാസനകളുടെ ഉത്സവം ആയിരുന്നു.
ഇന്ന് ഓണം ഗന്ധങ്ങളുടെ ഉൽസവമാണ്.
സിമന്റിട്ട മുറ്റത്തിന്റ പായൽ ഗന്ധം
ഭക്ഷണത്തിന്ന് മാംസ ഗന്ധം പൂക്കളത്തിന് കീടനാശിനി ഗന്ധം
അടുപ്പിൽ ഒന്നും തിളയ്ക്കാത്തത് കൊണ്ട്
അടുക്കളയുടെ മടുപ്പിന് റ ഗന്ധം.
ഓണം എനിക്കിപ്പോൾ സ്വപ്നങ്ങളുടെ ഉൽസവം മാത്രമാണ്‌. -
ചില ഓർമ്മകളുടെയും....

By: 
രാമചന്ദ്രൻ നമ്പ്യാർ ബാബു

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo