Showing posts with label Ismail Oduparayil. Show all posts
Showing posts with label Ismail Oduparayil. Show all posts

My Click*

Image may contain: 1 person, selfie and closeup
രാവിലെ 6 മണിക്ക് തന്നെ വീട്ടിലെ ലാൻഡ് ഫോൺ അടിക്കുന്നത് കേട്ടാണ് ഉണരുന്നത്...ഫോൺ എടുത്ത് അമ്മ ഞാൻ ഉറങ്ങുകയാണ് എന്ന് പറഞ്ഞിട്ടും എന്നെ ലൈനിൽ കിട്ടണം എന്ന് മറുതലക്കൽ നിന്നും നിർബന്ധം പറഞ്ഞപ്പോൾ അമ്മ വന്ന് എന്നെ തട്ടിവിളിച്ചു... ഞായറാഴ്ച ആയത് കൊണ്ട് കുറേനേരം ഉറങ്ങാമല്ലോ എന്ന് കരുതിയതാണ് എന്നാലും ഒരു ചെറിയ ഉറക്കച്ചടവോടെ ആരാണ് എന്ന് അമ്മയോട് ചോദിച്ചു...
വിനോദേട്ടൻ ആടാ.. നിന്നോട് എന്തോ അർജെന്റ് ആയി പറയാൻ ഉണ്ടെന്ന്...
ഉറക്കച്ചടവോടെ ആണെങ്കിലും കണ്ണ് തിരുമ്മി ഫോണിന്റെ അടുത്തേക്ക് ചെന്നു...
ഹലോ വിനോദേട്ടാ...
ഡാ അശ്വിനെ നീ ഇന്ന്‌ വർക്ക്‌ വല്ലതും ഏറ്റിട്ടുണ്ടോ...?
ഏയ്യ്... ഇന്ന്‌ എനിക്ക് വർക്ക്‌ ഒന്നും ഇല്ലാ ... ഞാൻ ഇപ്പൊ കല്യാണത്തിൻറെ വർക്ക്‌ എടുക്കൽ നിറുത്തി...
അതെന്തേടാ...
ഏയ്യ് കല്യാണത്തിന് ഫോട്ടോ എടുക്കാൻ അല്ല ഞാൻ ഫോട്ടോഗ്രഫി പ്രാക്ടീസ് ചെയ്തത് അത് എൻറെ പാഷൻ ആണ്...
നീ നിൻറെ പാഷനും കെട്ടിപിടിച് ഇരുന്നോ... ആമ്പിള്ളേര് ഇപ്പൊ ഈ ഫീൽഡിലാണ് പൈസ ഉണ്ടാക്കുന്നത്...
എനിക്ക് ഇപ്പൊ പൈസക്ക് അത്ര അത്യാവശ്യം ഒന്നും ഇല്ലാ...
നിനക്ക് ഇല്ലങ്കിലും എനിക്ക് ഉണ്ട് ഒരു പെൺകുട്ടിയാണ് വളർന്നു വരുന്നത്...
മനുഷ്യാ നിങ്ങള് ഇത്‌ പറയാൻ ആണോ രാവിലെതന്നെ വീട്ടിലേക്ക് വിളിച്ചത്...
ഞാൻ നിൻറെ മൊബൈലിൽ കുറേ ട്രൈ ചെയ്തു സ്വിച്ച് ഓഫ്‌ ആണല്ലോ..
ഞായർ ആയത് കൊണ്ട് ഓഫ്‌ ആക്കി ഉറങ്ങിയതാണ്... പക്ഷേ കാര്യം ഉണ്ടായില്ല നിങ്ങള് വീട്ടിലെ നമ്പറിലേക്കും വിളിച്ചില്ലേ...
ഹാ.. നിന്നെ കൊണ്ട് ആവശ്യം എനിക്കാണല്ലോ അപ്പൊ ഇതെല്ലാം ചെയ്തേ പറ്റൂ...
എന്നിട്ട് എന്താ ഇന്നത്തെ വർക്ക്‌ എന്ന് പറഞ്ഞില്ല..
ഒറ്റപ്പാലത്തെ ഓഡിറ്റോറിയത്തിൽ ആണ് കല്ല്യാണം, രാവിലെ വീട്ടിൽ പോയി കുറച്ച് സ്റ്റിൽസ് എടുക്കണം... ഇപ്പോഴേ ലേറ്റ് ആയി... നീ വേഗം റെഡിയായി നിൽക്ക് ഞാൻ ഇപ്പൊ എത്താം...
ഞാൻ വരണോ വേറെ ആരെങ്കിലും...
ഏയ്യ് അതൊന്നും പറ്റില്ല... നീ വന്നേ പറ്റൂ...
ആഹ്... നോക്കട്ടെ..
ചതിക്കെല്ലടാ മോനെ.. ഞാൻ ഇതാ എത്തി...
****************
കല്യാണവീടിന്റെ മുൻപിൽ എത്തിയപ്പോഴേ നല്ല ഇഡ്ഡലിയുടെയും സാമ്പാറിന്റെയും മണം മൂക്കിലേക്ക് അടിച്ച് കയറി...
ആദ്യം ഫുഡ്‌ പിന്നെ ഫോട്ടോ പിടുത്തം എന്ന എൻറെ അഭിപ്രായം വിനോദേട്ടൻ നിരസിച്ചില്ല...
ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചു കഴിഞ്ഞു കൈ കഴുകിയതിനു ശേഷം ഞാനും വിനോദേട്ടനും അണിഞ്ഞൊരുങ്ങി നിൽക്കുന്ന പെണ്ണിനേം കൂട്ടി തൊടിയിലും പാടത്തും ഒക്കെ പോയി കുറേ സ്റ്റിൽസ് എടുത്തു, അപ്പോഴേക്കും അവരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിൽ എത്തി തുടങ്ങി...വീടിന്റെ ഹാളിൽ ലൈറ്റ് എല്ലാം സെറ്റ് ആക്കി ഞാനും വിനോദേട്ടനും അവരുടെ ഫോട്ടോസ് ഓരോന്നായി ഒപ്പിയെടുത്തു... പെണ്ണിനോടുള്ള പലരുടെയും സ്നേഹപ്രേകടനങൾ ഞങ്ങൾ അവിടെ സൃഷ്ട്ടിച്ചു... അച്ഛന്റെയും അമ്മയുടെയും ചുംബനങ്ങൾ ആ മണവാട്ടിയുടെ കവിളുകളിൽ പതിയുന്നത് പല കോണുകളിൽ നിന്നും ഞാൻ പകർത്തി...
ഇനി കുറച്ചുകൂടി സിംഗിൾ സ്റ്റിൽസ് എടുക്കാൻ പുറത്തേക്ക് പോകാം എന്ന് വിനോദേട്ടൻ പറഞ്ഞപ്പോൾ ശരി എന്നാൽ എന്ന് പറഞ്ഞ് ഞങളുടെ പണി ആയുധങ്ങൾ എടുത്ത് പുറത്തേക്ക് നീങ്ങി...
വിനോദേട്ടൻ പെൺകുട്ടിയുടെ ഫോട്ടോസ് അറഞ്ചം പുറഞ്ചം പകർത്തുന്നത് പിന്നിൽ നിന്ന്‌ കുറച്ച് നേരം ഞാൻ കണ്ട് കൊണ്ട് നിന്നു...
മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ നമ്മുടെ ഭാവനച്ചായൻ പറയുന്ന പോലെ ഒരു മൊമെന്റ് സംഭവിക്കാൻ പോകുന്നതിന് തൊട്ടുമുൻപുള്ള നിമിഷം ഒരു ക്യാമറാമാൻ കാണണം എന്നാലേ അവന്റെ ഫോട്ടോസിനു ജീവൻ ഉണ്ടാകൂ...
അങ്ങനെ കാത്ത്നിൽക്കുമ്പോൾ ആണ് ഞാൻ പ്രധീക്ഷിച്ച നിമിഷം വരാൻ പോകുന്നു എന്ന് എനിക്ക് തോന്നിയത്...
മണവാട്ടിയുടെ ഒരു സുന്ദരമായ ചിരി പകർത്താൻ ക്യാമറ ഓണാക്കി ഞാൻ സ്റ്റിൽ ബട്ടൺ അമർത്തുമ്പോൾ ആണ് എൻറെ ദേഹത്ത് വന്ന് ആരോ മുട്ടുന്നത്...
നോക്കിയപ്പോൾ ഒരു സുന്ദരിയായ പെൺകുട്ടി... സോറിട്ടോ എന്ന് പറഞ്ഞ് മുൻപിലേക്ക് നടന്ന് നീങ്ങി....
ഞാൻ പോലും അറിയാതെ എൻറെ വിരലുകൾ ക്യാമറയിലൂടെ അവളുടെ ചിത്രങ്ങൾ പകർത്തിയിരുന്നു...
പ്രിവ്യുവിൽ നോക്കിയപ്പോൾ ഞാൻ അന്ന് വരെ പകർത്തിയതിലും എത്രയോ പതിന്മടങ്ങ് ഭംഗി ആ ഫോട്ടോസിന് ഉണ്ടായിരുന്നു....
ഇതുവരെ പല കാടുകളും മലകളും കേറിയിറങ്ങി എടുത്ത കണ്ട കുരങ്ങിന്റെയും വവ്വാലിന്റെയും ഫോട്ടോ പോലെ അല്ല.... ഈ ചിത്രത്തിൽ അവളുടെ കണ്ണുകൾക്ക് എന്നോട് എന്തോ പറയാൻ ഉള്ളത് പോലെ എനിക്ക് തോന്നി...
മണവാട്ടിയുടെ ഫോട്ടോ എടുക്കാൻ ആണ് ഞാൻ വന്നത് എന്ന് കുറച്ച് നിമിഷത്തേക്ക് മറന്നു...
ഡാ നീ എന്ത് തേങ്ങകുലയാ നോക്കി നിൽക്കുന്നേ... ഈ ഭാഗത്ത്‌ ലൈറ്റ് കിട്ടുന്നില്ല ഈ ബോർഡ് ഒന്ന് പിടിച്ചേ...
കുറച്ച് നിമിഷത്തേക്ക് വേറെ ഏതോ ലോകത്തായിരുന്ന ഞാൻ സ്വബോധത്തിൽ തിരിച്ചു വന്നു...
തെർമോകോളിൻറെ ബോർഡ് മണവാട്ടിയുടെ മുഖത്തേക്ക് വെളിച്ചം കിട്ടുന്ന രീതിയിൽ പിടിച്ച് നിൽക്കുമ്പോൾ ആയിരുന്നു കല്യാണവീടിന്റെ ഒരു ഭാഗത്ത്‌ നിന്നും എൻറെ ദേഹത്ത് വന്ന് തട്ടിയ പെൺകുട്ടി മറ്റു രണ്ട് വാലുകളെയും കൂട്ടി കല്യാണപ്പെണ്ണിന്റെ അടുത്തേക്ക് വരുന്നത്...
എൻറെ കസിൻസ് ആണ് എന്ന് പറഞ്ഞ് വിനോദേട്ടന് അവരെ പരിചയപ്പെടുത്തി കൊടുത്തു...
പരിചയപെടുത്തുന്നതിനു ഇടക്ക് ആ തട്ടൽക്കാരി ഇടം കണ്ണിട്ട് എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു... ആ നിമിഷം എൻറെ ഹൃദയം ഒരു canon 5D ക്യാമെറപോലെ അവളുടെ മുഖം പകർത്തിയെടുത്തു...
വിനോദേട്ടാ ഇത്‌ ഞാൻ എടുത്തോളാം എന്ന് പറഞ്ഞ് ഞാൻ വിനോദേട്ടനെ തള്ളി മാറ്റി... അന്നുവരെ ഒരു കല്യാണത്തിന് ഞാൻ മുതിർന്ന് ഒരു ഫോട്ടോ പകർത്തുന്നത് കാണാത്ത വിനോദേട്ടൻ എൻറെ മുഖത്തേക്ക് വായപൊളിച്ചു നോക്കുന്നത് ഞാൻ കണ്ടു...
അവരെ നാലുപേരെയും നിരത്തി നിറുത്തി ഞാൻ ഒരുപാട് നേരം എൻറെ ക്യാമറയിൽ അവരുടെ ഫോട്ടോസ് പകർത്തി കൊണ്ടേ ഇരുന്നു... സോറി അവരുടെ അല്ല അവളുടെ...*😛
തകൃതിയായി ഫോട്ടോ എടുക്കുമ്പോൾ ആണ് എല്ലാ കല്യാണവീടുകളിലും സ്ഥിരം കാണാറുള്ള ഒരു വേവലാതി പിടിച്ച മാമൻ വന്ന് മുഹൂർത്തത്തിന് സമയം ആയി എല്ലാവരും വന്ന് വണ്ടിയിൽ കയറൂ എന്ന് പറയുന്നത്...
ഫോട്ടോക്ക് പോസിംഗ് നിറുത്തി മണവാട്ടിയും കൂട്ടരും വേഗം നടന്നു നീങ്ങി... പോകുന്നതിനിടയിൽ ഇടം കണ്ണിട്ട് അവൾ എന്നെ ഒന്ന് നോക്കി... ആ നിമിഷം ഞാൻ തീർച്ചപ്പെടുത്തി അവൾക്കും എന്നോട് എന്തോ ഉണ്ട് എന്നുള്ളത്....
വേവലാതി മാമനെ പോയി അച്ഛാ എന്ന് അവൾവിളിച്ചപ്പോൾ ആണ് ഞാൻ എൻറെ ഭാവി അമ്മായിഅപ്പനെ ഒന്ന് കൂടെ ശ്രദ്ധിച്ചത്...കണ്ടാലേ അറിയാം പൂത്തപണം ഉണ്ടാകും എന്ന്...
ഭാവി കാര്യങ്ങൾ ആലോചിച്ചു നിൽക്കുമ്പോൾ ആണ് വിനോദേട്ടൻ വന്ന് വേഗം സാധങ്ങൾ എല്ലാം എടുത്ത് കാറിൽ വെക്കാൻ പറയുന്നത്... കല്യാണപെണ്ണ് മണ്ഡപത്തിൽ കാലുകുത്തുന്നതുമുതൽ ഓരോ നിമിഷവും ഞങ്ങൾക്ക് പകർത്തേണ്ടതുകൊണ്ടു ടൂൾസ് എല്ലാം വണ്ടിയിൽ കയറ്റി ഞങ്ങൾ കാറിലേക്ക് കയറി...
അപ്പോഴാണ് നമ്മുടെ വേവലാതി മാമൻ വന്ന് മക്കളെ ഒരു സഹായം ചെയ്യോ എന്ന് ചോദിച്ചത്...
എന്താ ഏട്ടാ?.. എന്ന് വിനോദേട്ടൻ ചോദിച്ചു...
ഇവരെ മൂന്നുപേരെയും നിങ്ങളുടെ വണ്ടിയിൽ മണ്ഡപം വരെ ഒന്ന് കൊണ്ടുപോകാമോ...?
നോക്കിയപ്പോൾ നമ്മുടെ ആളും രണ്ടു വാലുകളും വണ്ടിയെല്ലാം ഫുള്ളായത് കൊണ്ട് മണ്ഡപത്തിലേക്ക് പോകാൻ പറ്റാതെ ശശിയായി നിൽക്കുന്നു...
അത് ചേട്ടാ ഞങ്ങളുടെ വണ്ടിയിൽ കുടയും ബാഗും പിന്നെ സ്റ്റാൻഡ്‌സും എല്ലാം കൂടി.. സ്ഥലം... വിനോദേട്ടൻ പറ്റില്ല എന്ന് പറയാൻ തുടങ്ങുമ്പോൾ ഇടയിൽ കയറി ഞാൻ പറഞ്ഞു അതിനെന്താ... അവര് കയറിക്കോട്ടെ എന്ന് പറഞ്ഞു...
പല്ല് ഇറുമ്പി എന്നെ നോക്കുന്ന വിനോദേട്ടനെ ശ്രദ്ധിക്കാതെ ഞാൻ കാറിന്റെ ബാക്കിലെ ഡോർ പുറത്തേക്ക് ഇറങ്ങി തുറന്ന് കൊടുത്തു...
എന്നാ മോളേ അഞ്ജലി നിങ്ങൾ ഇതിൽ കയറിക്കോ എന്ന് നമ്മുടെ വേവലാതി മാമൻ അവരോടു പറഞ്ഞു...
അഞ്ജലി... ഇതിലും നല്ല പേര് അവൾക്ക്‌ കിട്ടാൻ ഇല്ല എന്ന് ഞാൻ മനസ്സിൽ പറഞ്ഞു..
പേര് അറിഞ്ഞ സന്തോഷത്തിൽ അകത്തു കുറച്ച് സാധങ്ങൾ ഉണ്ട് സൂക്ഷിച്ചു ഇരിക്കണേ എന്ന് വെപ്രാളത്തോടെ ഒരു ഉപദേശവും കൊടുത്തു...
എൻറെ വെപ്രാളവും പരവേശവും കൂടി കണ്ടപ്പോൾ വിനോദേട്ടന് കാര്യത്തിന്റെ പോക്ക് എങ്ങോട്ടാണ് എന്ന് മനസിലായി...
അതിന് മറുപടി എന്നോണം ഒരു തൊലിഞ്ഞ ചിരി വിനോദേട്ടന് സമ്മാനിച്ചു വേഗം വണ്ടിയെടുക്കു എന്ന് ഞാൻ പറഞ്ഞു...
റിയർ മിറർ അവളുടെ മുഖത്തേക്ക് തിരിച്ചു വച്ച് ഞാൻ ആ സൗന്ദര്യം ആവോളം ആസ്വദിച്ചു...
അഞ്ജലി എന്നാണ് അല്ലെ പേര്.. തൊണ്ട ഒന്ന് മുരപ്പിച്ചതിനു ശേഷം ഞാൻ പിറകിലേക്ക് തിരിഞ്ഞു അവളോട്‌ ചോദിച്ചു...
അതേ എന്ന് ഒരു ചെറു പുഞ്ചിരിയോടെ അവൾ എന്നോട് മറുപടി പറഞ്ഞു...
കൂടെ ഉള്ള വാലുകളോടും ഒരു ഫോർമാലിറ്റി എന്ന നിലക്ക് പേര് ചോദിച്ചു...
സുമ... ഹിമ..
അതൊന്നും എൻറെ വിഷയം അല്ലാത്തത് കൊണ്ട് ഞാൻ വീണ്ടും അഞ്ജലിയോടായി പറഞ്ഞു... എൻറെ പേര് അശ്വിൻ...
കൂടുതൽ പരിജയപെടാൻ തുടങ്ങുമ്പോഴേക്കും ഓഡിറ്റോറിയത്തിന്റെ മുൻപിൽ കാർ എത്തി... വിനോദേട്ടൻ ഇന്ന്‌ ഇത്തിരി സ്പീഡ് കൂട്ടിയോ എന്ന് എനിക്ക് ഒരു സംശയം.. എന്തേലും ആവട്ടെ എന്ന് കരുതി ഇരിക്കുമ്പോൾ ആണ്...
ഒരു താങ്ക്സ് പറഞ്ഞ് അവളും കൂട്ടരും വണ്ടിയിൽ നിന്നും ഇറങ്ങി പോയത്...
കല്യാണപെണ്ണ് ഞങ്ങളെയും കാത്തു വണ്ടിയിൽ നിന്നും ഇറങ്ങാതെ ഇരിക്കുന്നു എന്ന് അറിഞ്ഞ വിനോദേട്ടൻ എല്ലാം വേഗം സെറ്റ് ആക്കാൻ പറഞ്ഞു...
അങ്ങനെ അവര് ഇറങ്ങുന്നതും കയറുന്നതും തിരിയുന്നതും മറിയുന്നതും എല്ലാം ഞാനും വിനോദേട്ടനും മാറി മാറി എടുത്തുകൊണ്ടേ ഇരിന്നു...
അതിനിടയിൽ ഒന്നും അഞ്ജലിയെ കണ്ടില്ലല്ലോ എന്ന് മനസിൽ പറഞ്ഞു ഞാൻ പരിസരം മുഴുവൻ കണ്ണോടിച്ചു...
അപ്പോഴേക്കും ചെക്കനും കൂട്ടരും വരുന്നേ എന്ന് പറഞ്ഞ് ഒരു ബഹളം ആയിരിന്നു...
അങ്ങനെ ഒരു കാർ വന്ന് നിർത്തിയപ്പോൾ അതിൽ നിന്നും കറുത്ത കണ്ണടയും വച്ച് നമ്മുടെ മണവാളൻ വന്ന് ഇറങ്ങി...
സുമേഷ് അല്ലെ അത്... അതേ എൻറെ കൂടെ പ്ലസ്ടു വിന് പഠിച്ച സുമേഷ്...അവൻ ആണോ കല്ല്യാണചെക്കൻ..
അവനെ പരിചയപ്പെടാൻ നിൽക്കാതെ ഞാൻ വേഗം അവന്റെയും കൂട്ടരുടെയും കുറേ ഫോട്ടോസ് എടുത്തു...
മണവാളൻറെ കാല് കഴുകുമ്പോൾ ആണ് നമ്മുടെ തട്ടൽ സുന്ദരി അഞ്ജലി അപ്പുറത്ത് നിന്നും ഓടി വരുന്നത്...
ചെക്കനെ കാണാൻ അവൾ എത്തി നോക്കുന്നത് ഞാൻ ആരും അറിയാതെ പകർത്തി വച്ചു...
കതിര്മണ്ഡപത്തിലേക്കു പോകുമ്പോൾ സുമേഷിൻറെ അടുത്ത് പോയി എൻറെ മുഖം ഒന്ന് കാണിച്ചു കൊടുത്തു...
അളിയാ അശ്വിനെ... പെട്ടന്ന് ഉള്ള കല്ല്യാണം ആയിരുന്നു അതാ ആരെയും വിളിക്കാഞ്ഞേ എന്ന അവന്റെ മുടന്തൻ ഞായം അവൻ ഇതിനിടയിൽ പറഞ്ഞു...
മുഹൂർത്തതിന്റ സമയം ആയപ്പോൾ എല്ലാവരും കതിർമണ്ഡപത്തിൽ ഒരുമിച്ചു കൂടി...
അതിനിടയിൽ ഞാനും വിനോദേട്ടനും തലങ്ങും വിലങ്ങും ഫോട്ടോസ് എടുത്ത് കൊണ്ടേ ഇരുന്നു...
താലികെട്ടിന്റെ സമയം ആയപ്പോൾ ആണ് അഞ്ജലിയുടെ മുഖം ഞാൻ തിരക്കിനിടയിൽ ശ്രദ്ധിച്ചത്... അതും ഞാൻ പകർത്തി വച്ചു...
കുരവഃ ഇടുമ്പോൾ ആണ് ഞാൻ അവളെ ഒന്നുകൂടി നോക്കിയത്... അവൾ എന്നെയും നോക്കുന്നുണ്ട് ഞാൻ ഒന്ന് പുഞ്ചിരിച്ചു... അവൾ തിരിച്ചും... വീണ്ടും ഞാൻ പുഞ്ചിരിച്ചപ്പോൾ അവൾ തലതാഴ്ത്തി പിടിച്ചു.... അടിച്ചു മോനെ... എന്ന് മനസ്സിൽ സന്തോഷത്തോടെ പറഞ്ഞു ഞാൻ ക്യാമറ തുര് തുരെ ക്ലിക്ക് ചെയ്തു....
അനുഗ്രഹം വാങ്ങലും കൊടുക്കലും എല്ലാം തകൃതിയായി നടന്നുകൊണ്ടേ ഇരുന്നു... വേവലാതി മാമന് മാത്രം ഒട്ടും തളർച്ചയില്ല... നടന്ന് കൊണ്ടിരിക്കുന്ന ഓരോ സന്ദർഭവും ഞാനും വിനോദേട്ടനും ഒപ്പിയെടുത്തു... അതിനിടയിൽ എന്നെ ദൃതങ്കപുളകിതൻ ആക്കാൻ അഞ്ജലിയുടെ ചിരിയും...
സദ്യവട്ടം റെഡിയായപ്പോൾ എല്ലാവരും അങ്ങോട്ട്‌ ഓടി... ഇവിടെ ഞാൻ നോക്കിക്കോളാം നീ ആഭാഗം കവർ ചെയ്യന്നു പറഞ്ഞ് വിനോദേട്ടൻ എന്നെ അങ്ങോട്ട്‌ പറഞ്ഞ് വിട്ടു...
മഹാഭാരത യുദ്ധം ആയിരിന്നു ഹാളിന്റെ മുൻപിൽ തിക്കിത്തിരക്കി അകത്തേക്ക് കയറി ഞാൻ എൻറെ ജോലി ആരംഭിച്ചു...
ലൈറ്റ് കിട്ടുന്നില്ല എന്ന് തോന്നിയപ്പോൾ പുറത്തേ കാറിൽ ഇരിക്കുന്ന ഫ്ലാഷ് എടുക്കാൻ പോയപ്പോൾ ആണ് ഞങളുടെ കാറിന്റെ അടുത്ത് ആരെയോ കാത്ത് നിൽക്കുന്ന അഞ്ജലിയെ കണ്ടത്...
എന്താ ഇവിടെ നിൽക്കുന്നേ എന്ന് ഞാൻ ചോദിച്ചപ്പോൾ...
ഞാൻ നിങ്ങളെ നോക്കി നിൽക്കായിരുന്നു...
ഇവള് ഇത്രയ്ക്കു ഫാസ്റ്റ് ആണോ എന്ന് ചിന്തിച്ചു.. അപ്പോഴേക്കും അവൾ പറഞ്ഞു...
എൻറെ ഫോൺ നിങ്ങളുടെ കാറിന്റെ അകത്തു പെട്ടുപോയി അതൊന്നു എടുത്ത് തരാമോ... ഞാൻ കുറേ നേരം ആയി ഫോൺ തിരഞ്ഞു നടക്കുന്നു... നിങ്ങളുടെ കാറിന്റെ അകത്തേക്ക് വന്ന് നോക്കിയപ്പോൾ സീറ്റിൽ ഇരിക്കുന്നത് കണ്ടു... ഡോർ ആണെങ്കിൽ ലോക്കും...
അതിനെന്താ ഞാൻ എടുത്ത് തരാമല്ലോ.. എന്ന് പറഞ്ഞ് ഫോൺ ഞാൻ എടുത്ത് അവൾക്ക്‌ കൊടുത്തു... കൊടുത്തതിനു ശേഷം ആണ് ഫോൺ നമ്പർ എങ്ങനെയെങ്കിലും എടുക്കാമായിരുന്നു എന്ന് ചിന്തിച്ചത്...
അപ്പോഴാണ് അവൾ എന്നോട് താങ്ക്സ് എന്നാ ഞാൻ പോട്ടേ എന്ന് ചോദിച്ചത്..
താൻ എവിടെയാ പഠിക്കുന്നെ... അങ്ങനെ അങ്ങ് പോയാലോ എന്ന് ആണ് ചോദിക്കേണ്ടത് പക്ഷേ എനിക്ക് അതിനുള്ള അധികാരം ഇല്ലല്ലോ...
ഞാൻ NSS ഇൽ ആണ്... എന്തെ ചോദിച്ചത്...
ഒന്നും ഇല്ലാ ഇവിടുന്നു പോയാലും കാണാൻ വല്ല മാർഗവും ഉണ്ടോ എന്ന് നോക്കുക ആയിരുന്നു...
അതെന്തിനാ..
എനിക്ക് ഒരു ദുസ്വഭാവം ഉണ്ട്..
എന്ത്...
മനസ്സിൽ തട്ടുന്ന എന്ത് കണ്ടാലും അത് ഞാൻ ക്യാമറയിൽ പകർത്തും... കുറച്ച് മുൻപ് ഞാൻ അങ്ങനെ മനസ്സിൽ തട്ടിയ ഒരു മുഖം കണ്ടു...
ആരുടെ?? കുറച്ച് നാണത്തോടെ ആണ് അവൾ അത് ചോതിക്കുന്നത്...
നിൻറെ എന്ന് ഞാൻ എൻറെ കാൺപുരികം കൊണ്ട് അവളോട്‌ പറഞ്ഞു...
എന്നെയോ?? എന്ന് കാൺപുരികം കൊണ്ട് അവൾ മറുപടി ചോദിച്ചു...
അതേ എന്ന് ഞാൻ തല താഴ്ത്തി കൊണ്ട് മറുപടി പറഞ്ഞു...
പിന്നെ അവൾ എൻറെ മുഖത്തേക്ക് നോക്കിയില്ല... താഴത്തെ ചിരലിൽ കാല് കൊണ്ട് ചിത്രം വരച്ചു നിൽക്കുക ആയിരുന്നു...
പെട്ടന്ന് ഡാ എന്ന് വിളികേട്ടപ്പോൾ ഒന്ന് തിരഞ്ഞു നോക്കി... വിനോദേട്ടൻ ആണ് ഒപ്പിച്ചല്ലോടാ മോനെ എന്ന ഭാവത്തിൽ എന്നെ നോക്കുന്നുണ്ട്...
വിനോദേട്ടന്റെ കൂടെ പോയി ഭാക്കി ഫോട്ടോസ് എല്ലാം എടുത്തു... കണ്ണട വച്ച് ചെക്കന്റേയും പെണ്ണിന്റെയും കുറേ യോയോ ഫോട്ടോസും പിന്നീട് അവരുടെ കൂട്ടുകാരുടെയും കസിന്സിന്റെയും കുടുംബകാരുടെയും... അതിനിടയിൽ അവളുടെ ഫോൺ നമ്പർ വാങ്ങിയില്ലല്ലോ എന്ന് വിഷമിച്ചു ഇരിക്കുമ്പോൾ ആണ്... സുമേഷ് വന്ന് അളിയാ രാത്രി വീട്ടിൽ ഫങ്ക്ഷൻ ഉണ്ട് അതിന് നീ എന്തായാലും വരണം എന്ന് പറയുന്നത്...
സാധാരണ ഞാൻ ഇങ്ങനെ ഒന്നും കല്ല്യാണം വിളിച്ചാൽ പോകാറില്ലാത്തത് ആണ്... പക്ഷേ ഇത്‌ എനിക്ക് ഒരു വഴി വെട്ടിതുറക്കൽ ആയത് കൊണ്ട് മാത്രം ഞാൻ നിരസിച്ചില്ല...
വൈകുന്നേരം വിനോദേട്ടനെയും കൂട്ടി ഫങ്ക്ഷനിൽ പങ്കെടുക്കാൻ പോയി...
അവിടെ എല്ലാം അഞ്ജലിയെ തിരഞ്ഞു നടക്കുന്നതിനു ഇടയിൽ ആണ് നമ്മുടെ വേവലാതി മാമൻ ഇവിടെയും വേവലാതി പിടിച്ചു നടക്കുന്നത് ഞങ്ങൾ കണ്ടത്...
ഞങ്ങളെ കണ്ടതും ഉടൻ അടുത്തേക്ക് വന്ന് ആഹാ നിങ്ങളൊ... വരൂ ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞ് ഞങ്ങളെ വിളിച്ചു കൊണ്ട്പോയി...
ഹാളിന്റെ അകത്തേക്ക് കയറിയതും വലിയ ഒരു ക്യു ആയിരിന്നു അവിടെ ഞങ്ങൾ കണ്ടത്...
അവസാനം കിട്ടിയ ഡിഷ്‌ എല്ലാം ഒരു പ്ലേറ്റിൽ ആക്കി ഞാനും വിനോദേട്ടനും എവിടേലും ഇരിക്കാൻ ആയി സീറ്റ്‌ തിരഞ്ഞു നടന്നു...
രാഷ്ട്രിയക്കാരുടെ സീറ്റിനുള്ള തല്ലിനെ അനുസ്മരിപ്പിക്കും വിധം ഒരു ഇരിപ്പിടത്തിനായി എല്ലാവരും പിടിയും വലിയും കൂടുന്നുണ്ട്... അവസാനം ഞങ്ങൾക്കും ഒരു സീറ്റ്‌ തരപ്പെട്ടു...
സീറ്റ്‌ കിട്ടിയ ആശ്വാസത്തോടെ ഞാൻ അവിടെ ഇരിന്നു ഇടത്തോട്ടും വലത്തോട്ടും ഒന്ന് നോക്കി...
ദൈവമേ.... !!! എൻറെ ഇടത്തെ സീറ്റിൽ നമ്മുടെ അഞ്ജലി... മനസ്സിൽ ലഡ്ഡു പൊട്ടി...
അവളെ നോക്കി ഞാൻ ഒന്ന് പുഞ്ചിരിച്ചു അവൾ എന്നെയും ഒരു പുഞ്ചിരിയാലെ വരവേറ്റു...
പിന്നെ പറയാൻ ഉണ്ടോ... ഞാനും അവളും കൂടി അവിടെ ഒരു പുഷ്പ്പാലയം തന്നെ ഉണ്ടാക്കി...
കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൾ എന്നോട് പറഞ്ഞു എന്നാ ഞാൻ പോട്ടേ...
ഹ്മ്മ്... എന്ന് ഞാൻ ഒന്ന് മൂളി... പിന്നെ തൻറെ ഫോൺ നമ്പർ ഒന്ന് തരുഒ... എന്ന് ചോദിച്ചപ്പോൾ... അവൾ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു...
ഞാൻ ഭക്ഷണം കഴിച്ച പ്ലേറ്റിലേക്ക് ഒന്ന് നോക്കു എന്ന്...
അവൾ കഴിച്ച പ്ലേറ്റിലേക്ക് നോക്കിയപ്പോൾ ആണ് ഞാൻ അത് കണ്ടത്... പ്ലേറ്റിൽ ഭാക്കി ഉള്ള കറിയിൽ അവൾ അവളുടെ നമ്പർ എഴുതി വച്ചിട്ടുണ്ട്...
സന്തോഷം കൊണ്ട് ഞാൻ അവളെ ഒന്ന് നോക്കി...
ഒരു പുഞ്ചിരിയോടെ അവൾ നടന്നു നീങ്ങി...
*******************
അതേ നിങ്ങൾക്ക് എന്താ വട്ടാണോ... ആദ്യരാത്രി ആയിട്ടു പൂക്കൾക്ക് പകരം എൻറെ ഫോട്ടോയാണല്ലോ റൂം മുഴുവൻ....
ഇതെല്ലാം നിന്നെ ഞാൻ ആദ്യം കണ്ടത് മുതൽ ഉള്ള നിൻറെ ഫോട്ടോസ് ആണ്... ഇനിയും ഉണ്ട് അത് നമുക്ക് റൂം ഒന്നുകൂടെ വലുതാക്കിയതിനു ശേഷം ചുമര് മുഴുവൻ ഒട്ടിക്കാം...
ഹാ ബെസ്റ്റ് ഇനി നിങ്ങളോട് കൂടുതൽ സംസാരിച്ചാൽ ആദ്യരാത്രിയുടെ ഓർമ്മക്കാണെന്നു പറഞ്ഞ് അതും ഫോട്ടോ എടുത്ത് വെക്കും...
അത് നല്ലൊരു ഐഡിയ ആണല്ലോ... ഞാൻ ഇതാ വരുന്നു പോയി ക്യാമറ എടുക്കട്ടെ...
ഒന്ന് പോ അവിടുന്ന് നാണം ഇല്ലാത്ത സാധനം...

വാട്സ്ആപ്പ്

Image may contain: one or more people

ഡാ... പ്രാന്താ എവിടെ നീ...
ഹാ... പറയടീ ഇവിടെ ഒക്കെ തന്നെ ഉണ്ട്... കുറച്ച് തിരക്കിലായിരുന്നു അതാ നീ രാവിലെ അയച്ച മെസ്സേജിന് റിപ്ലേ തരാഞ്ഞെ... പിന്നെ എന്തൊക്കെ എവിടെ നീ?
ഞാൻ വീട്ടിൽ അല്ലാതെ ഈ പാതിരക്ക് എവിടെ പോകാൻ... നിനക്ക് പണി ഒന്നും ഇല്ലല്ലോ പിന്നെ എന്താ ഇപ്പൊ ഇത്ര തിരക്ക്?
അച്ചുനെ കാണാൻ ഒരു കൂട്ടർ വന്നിരുന്നു അവർക്ക് ഒക്കെയാണ് ഇനി അത് നടത്താൻ നോക്കണം എന്ന് അച്ഛൻ പറഞ്ഞിരുന്നു... പയ്യൻ എറണാകുളത്ത് ഇൻഫോ പാർക്കിൽ ആണ്...
കണ്ടോ...കണ്ടോ... ആൺകുട്ടികൾ അയാൽ ഇങ്ങനെയാ ജോലി ഒക്കെ മേടിച്ച് വേഗം പെണ്ണ് കെട്ടാൻ നോക്കും...
ജോലീടെ കാര്യം മാത്രം നീ എന്നോട് പറയരുത്, വെറുതെ ചിരിപ്പിക്കല്ലേ... ഞാനും നീയും ഒരുമിച്ചു തന്നെ അല്ലെ എഞ്ചിനീയറിങ് കഴിഞ്ഞേ... ഞാൻ ജോലി കിട്ടാൻ ശ്രമിക്കുനെങ്കിലും ഉണ്ട്, നീ ആ എക്സാം ഈ എക്സാം എന്നൊക്കെ പറഞ്ഞ് വീട്ടുകാരെ പറ്റിക്കുക അല്ലെ...
അത് പിന്നെ എനിക്കൊന്നും വയ്യാ പണി എടുത്ത് ജീവിക്കാൻ... പിന്നെ അച്ഛൻ ഉണ്ടാക്കി വച്ചത് തിന്ന് മുടിപ്പിക്കാൻ ഞാൻ മാത്രം അല്ലെ ഉള്ളൂ... പിന്നെ ഞാൻ നിന്നോട് ഒരു കാര്യം പറയാനാ ഇപ്പൊ മെസ്സേജ് അയച്ചേ...
എന്തെടീ? വീണ്ടും ഏതേലും കല്യാണആലോചന വന്നോ.. നിൻറെ കെട്ടിന്റെ സദ്യ കഴിക്കുക എന്നത് എൻറെ അന്ത്യഅഭിലാഷം ആണ്... വല്ലതും നടക്കോ?
സംഭവം അത് തന്നെ.. പക്ഷേ ആലോചന വന്നത് നിന്നെ പണ്ട് തേച്ച് ഒട്ടിച്ച അനി ഇല്ലേ അവളുടെ ചേട്ടൻറെയാ...
ആ പിശാശ്ൻറെ കാര്യം എന്നോട് പറയരുത് എന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ...
എടാ ഊളെ അതിന് അവളാണ് ഈ പ്രപ്പോസൽ കൊണ്ട് വന്നത്, അതുകൊണ്ടാ ഞാൻ പറഞ്ഞെ...
ഹ്മ്മ്... എന്നിട്ട് എന്തായി...?
എന്താവാൻ അവൻ എൻറെ സൗന്തര്യത്തിൽ മയങ്ങി വീണു...
അയ്യടാ... ഒരു ഐശ്വര്യാ റായ് വന്നിരിക്കുന്നു... അവൻ ചിലപ്പോ വന്ന വഴിയേ വിട്ട് കാണും, അവന് നിന്നെ കണ്ടപ്പോ പറക്കും തളികയിലെ ബസന്തിയെ ഓർമ വന്നു കാണും... ഹഹ...
ബസന്തി നിൻറെ കെട്ട്യോള്...
പോടീ കോപ്പേ.. എന്നിട്ട് ഇതിൽ നിന്ന് നീ എങ്ങനെ സ്കൂട്ട് ആകും,നിൻറെ നെറ്റ് എക്സാം കഴിയട്ടെ എന്ന് പറഞ്ഞല്ലേ നീ ഇത്‌ വരെ നിൻറെ അച്ഛനെ പറ്റിച്ചേ.. അതാണെങ്കിൽ കഴിഞ്ഞ ആഴ്ച കഴിയും ചെയ്തു..
അതേടാ... ഇനി എന്താ ചെയ്യാ ഒരു പിടിയും ഇല്ല...
എന്ത് ചെയ്യാൻ അവന്റെ വിധി!
ഡാ വെറുതെ തമാശിക്കല്ലേ ഞാൻ സീരിയസ് ആണ്..
സീരിയസ് ആണെങ്കിൽ വല്ല ആശുപത്രിയിലും കിടക്ക്... ഹഹഹ!
എന്ത് ഊള ചളിയാടാ... വെറുതെ അല്ല അനി നിന്നെ ഇട്ട് അമേരിക്കക്കാരനെ കെട്ടിയത്...
ഡീ കോപ്പേ നിന്നോട് ഞാൻ പറഞ്ഞു ആ ഭൂതത്തിനെ പറ്റി എന്നെ ഓര്മിപ്പിക്കല്ലേ എന്ന്... ഇനി നീ അത് പറഞ്ഞാൽ തല മണ്ട അടിച്ച് ഞാൻ പൊട്ടിക്കും...
അയ്യോ എൻറെ കുഞ്ഞി തല...
കുഞ്ഞി തല അല്ല മന്തൻ തല എന്ന് പറ...
ഹീ.. പിന്നെ ഡാ നീ ഒരു വഴി പറയെടാ... എന്താ ഞാൻ ചെയ്യാ എനിക്ക് ഇപ്പൊ തന്നെ ഇതൊന്നും വേണ്ടാ...
ഞാൻ ഇപ്പൊ എന്താ പറയാ...പിന്നെ നിൻറെ അച്ഛൻ ചെയ്യുന്നതിൽ എന്താ തെറ്റ് നിനക്ക് ഇപ്പൊത്തന്നെ വയസ്സ് എത്രയായി.. ഇനി എന്നാ ഇങ്ങനെ പോയാൽ... നീ കെട്ടുന്നത് തന്നെയാ നല്ലത്..
കെട്ടാൻ പ്രശ്നം ഉണ്ടായിട്ടല്ല ഇപ്പോ തന്നെ വേണ്ടാ എന്ന് വച്ചിട്ടാ... ഒരു സ്ഥിരവരുമാനം ഉള്ള ജോലി ആയിട്ടു മതിന്നാ എനിക്ക്.. വെറുതെ പോയി ആരാന്റെ വീട്ടിൽ അടുക്കള പണി എടുക്കാനൊന്നും എന്നെ കൊണ്ട് വയ്യാ...
അടുക്കളയിൽ പണി എല്ലാം ചെയ്യേണ്ടി വരും ആരുടെ വീടായാലും... പിന്നെ ഒക്കെ നിൻറെ ഭാഗ്യം പോലെ ഇരിക്കും...
എടാ ഊളെ ഞാൻ ഇതിൽ നിന്നും എങ്ങനെ ഒഴിയാ എന്നാ ആലോചിക്കുന്നേ നീ അപ്പൊ എന്നെ കെട്ടിക്കാൻ നോക്കുന്നു...
അതല്ലെടീ കഴിഞ്ഞ ആഴ്ച നിൻറെ വീട്ടിൽ വന്നപ്പോൾ അച്ഛനും അമ്മയും എന്നോട് നിൻറെ കല്യാണ കാര്യത്തെ കുറിച്ച് കുറേ സംസാരിച്ചു... അവർക്ക് എത്രത്തോളം സന്തോഷം ആവും എന്ന് അറിയോ നിൻറെ കല്ല്യാണം കഴിഞ്ഞാൽ...
ഹ്മ്മ് ഞാൻ ഒന്ന് ആലോചിക്കട്ടെ... പിന്നെ എന്തൊക്കെ നീ ഫുഡ്‌അടിച്ചോ...
കഴിച്ചു നീയോ...?
ആ എപ്പോഴേ.. ഇന്ന്‌ ചപ്പാത്തിയും ചിക്കനും ഉണ്ടായിരുന്നു...
ദൈവമേ !!!!
എന്താടാ എന്ത് പറ്റി?
ഒന്നുല്ല നിൻറെ തള്ള് കേട്ട് ഞാൻ ഇവിടെ വീണതാ...കഞ്ഞിക്കും പയറിനും നിൻറെ വീട്ടിൽ ചപ്പാത്തി ചിക്കൻ എന്നാണോ പറയാ... എന്തിനാടീ എന്നോട് ഈ തള്ള്?
തള്ള് ഒന്നും അല്ല സത്യാ പറഞ്ഞ്... നീ പോടാ ഊളെ...
ഊള നിൻറെ വീടിന്റെ മുന്നിൽ മീശ പിരിച്ചു ഇരുക്കുന്നുണ്ടാകും !
അച്ഛന് പറയുന്നോടാ... നിൻറെ തല..
ഹഹ....
നിക്ക് വലിയ തമാശ ആയി തോന്നുന്നില്ല...
ഹ്മ്മ് എന്നാ നീ പോയി കിടന്നോ എനിക്ക് നല്ല ക്ഷീണം ഉണ്ട് ഞാൻ കിടക്കട്ടെ...
ഡാ ഇപ്പൊത്തന്നെ ഉറങ്ങല്ലേ എനിക്ക് നിന്നോട് പെണ്ണുകാണൽ അല്ലാതെ വേറെ ഒരു കാര്യം സംസാരിക്കാൻ ഉണ്ട്....
എന്താടീ... രാവിലെ അമ്പലത്തിൽ ഡ്രോപ്പ് ചെയ്യുന്ന കാര്യം ആണെങ്കിൽ പറയണ്ട... ഞാൻ വരില്ല...
അതല്ലടാ ഒരു കാര്യം നിന്നോട് പറയാൻ ഉണ്ട്... നീ ക്ഷമയോടെ കേൾക്കണം...
എന്താടീ നീ ഇങ്ങനെ സീരിയസ് ആയി... മനുഷ്യനെ പേടിപ്പിക്കാതെ കാര്യം എന്താച്ചാൽ പറ...
ഡാ ഞാൻ ഇനി പറയാൻ പോകുന്ന കാര്യം കേട്ട് നീ എന്നോട് ദേഷ്യ പെടരുത്...
എന്താടീ ഞാൻ അറിയാതെ വേറെവല്ല ലൈനും സെറ്റ് ആയോ???
ഹ്മ്മ്...
എന്ത്...?
ഹ്മ്മ് എന്ന്...
ആരാടീ ആ ഹതഭാഗ്യൻ... എന്നോട് ഒരു വാക്ക് നീ പറഞ്ഞില്ലല്ലോ...
നീ മുഴുവൻ കേൽക്കടാ... എന്നിട്ട് പറ എന്താ നിൻറെ അഭിപ്രായം എന്ന്...
ഹാ എന്നാ പറഞ്ഞ് തോല... !
പിന്നെ നിനക്ക് നമ്മുടെ കോളേജ് ഒക്കെ ഓർമ്മയുണ്ടോ...
ആ ഉണ്ട് മറക്കാൻ മാത്രം അത്ര വർഷങ്ങൾ ഒന്നും കഴിഞ്ഞില്ലല്ലോ....
ഡാ ഞാൻ പോവാ...
നീ പറയുന്നില്ലേ??
അതിന് നീ എന്നെ പറയാൻ സമ്മതിക്കുന്നുണ്ടോ...?
എന്നാ ഞാൻ നിർത്തി ഇനി നീ പറ...
പിന്നെ... ഞാൻ നമ്മുടെ കോളേജിൽ വച്ചാണ് അവനെ ആദ്യം കാണുന്നത്..
ആരാണവൻ??
ഡാ ഞാൻ പോവാ...
അയ്യോ സോറി... ഞാൻ ഇനി ഒരക്ഷരം മിണ്ടില്ല നീ പറ...
ആദ്യം അവനെ കണ്ടപ്പോൾ തന്നെ എൻറെ ഹൃദയത്തിൽ ആരോ ഐസ് ക്യൂബ് ഇട്ട പോലെ തണുപ്പായിരുന്നു...
ഹ്മ്മ് എന്നിട്ട്...
അവനോടു എങ്ങനെയെങ്കിലും ചങ്ങാത്തം കൂടാൻ വേണ്ടി ഞാൻ ഒരു പാട് കൊതിച്ചു...
ഒരു ദിവസം അവൻ എന്നോട് വന്ന്‌ സംസാരിച്ചു...
ആരാടീ ഞാൻ അറിയാത്ത ഈ അവൻ??
ഡാ !!!
നീ പറ സോറി !
പക്ഷേ അവൻ എന്നോട് വന്ന്‌ സംസാരിച്ചത് എനിക്ക് വേണ്ടി ആയിരുന്നില്ല..
പിന്നെ??
എൻറെ കൂട്ടുകാരിയെ അവന് വേണ്ടി സെറ്റ്ആക്കാൻ ആയിരുന്നു... ഉള്ളിൽ ഒരുപാട് ദുഃഖം ഒളിപ്പിച്ചു വച്ച് അവന്റെയും എൻറെ കൂട്ടുകാരിയുടെയും പ്രണയം ഞാൻ സഫലമാക്കി കൊടുത്തു...
നീ ഈ പറയുന്നത്??
കണ്മുന്നിൽ കാണാൻ പാടില്ലാത്ത പലതും കണ്ടിട്ടും ഞാൻ എൻറെ നിറക്കണ്ണുകൾ എപ്പോഴും അടച്ച് വച്ചു.. അടഞ്ഞു കിടന്ന എൻറെ കണ്ണുകളിൽ ഞാൻപോലും അറിയാതെ എപ്പോഴോ എൻറെ പ്രണയം ഒരു പകയോ അസൂയയോ ഒക്കെ ആയിമാറി... അവളുടെ വീട്ടിൽ അറിയിക്കുകയും അവളെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയും എല്ലാം എൻറെ വഴികൾ ആയിമാറി... എല്ലാം അവനോട് ഉള്ള അടങ്ങാത്ത പ്രണയം കൊണ്ട് മാത്രം....
ഡാ... നീ...
ഹ്മ്മ് മതി... എനിക്ക് മനസിലായി... അപ്പൊ നീ എന്നെ..
അതേടാ.... നീ ക്ഷമിക്കണം നിന്നോട് ഇത്രെയും നാളായി ഞാൻ പറയാതെ ഉള്ളിൽ ഒതുക്കി നടക്കുക ആയിരുന്നു... പറഞ്ഞാൽ നിന്നോട് ഉള്ള ഈ കൂട്ടുകെട്ട് എനിക്ക് നഷ്ട്ടം ആകും എന്ന് തോന്നി അത് കൊണ്ടാണ്... പിന്നെ ഇനിയും ഞാൻ ഇത്‌ പറഞ്ഞില്ലെങ്കിൽ എനിക്ക് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത ഒരു ജീവിതം എൻറെ അച്ഛനും അമ്മയും എനിക്ക് കണ്ട് വെക്കും... ഡാ നീ പോയോ... എന്താ മറുപടി... ഒന്നും..
ഡീ നീ എന്നെ കളി ആക്കുകയാണോ...??
ഡാ എനിക്ക് നിൻറെ മുഖത്ത് നോക്കാൻ ഉള്ള ധൈര്യം ഇല്ല അതുകൊണ്ടാണ്... ഈ വാട്സ്ആപ്പിൽ ഞാൻ ഇതൊക്കെ പറഞ്ഞത്... എനിക്ക് ഇപ്പോഴും ആ ഭയം ഉണ്ട് നിന്നെ എനിക്ക്... അത് സംഭവിച്ചാൽ ...
ഡീ മതി... നിർത്തുന്നുണ്ടോ... നീ എന്തൊക്കെയാ ഈ പറയുന്നേ... ഞാൻ നിന്നെ അങ്ങനെ ഒന്നും കണ്ടിട്ടില്ല... പിന്നെ നിനക്ക് എപ്പോഴേലും അങ്ങനെ എൻറെ ഭാഗത്ത്‌ നിന്നും തോന്നിയിട്ടുണ്ടോ....
ഡാ നീ എന്നെ ഒന്ന് മനസിലാക്ക് പ്ലീസ്...
ഡീ പോത്തേ... നിന്നെ ഞാൻ എൻറെ ഒരു ബെസ്റ്റ് ഫ്രണ്ട് മാത്രം ആയിട്ടാ കണ്ടേ... പക്ഷേ നീ...
ഡാ അത് എനിക്ക് അറിയാം... അത് ഞാൻ പറഞ്ഞല്ലോ എനിക്ക് നിന്നെ നഷ്ട്ടം ആകുമോ എന്ന പേടി കാരണം ആണ് ഞാൻ ഇത്‌ ഇത്രെയും നാളു പറയാതെ ഇരുന്നത്....
ഡീ നിന്നോട് ഇപ്പൊ ഞാൻ എന്താ പറയാ... എനിക്ക് നിന്നെ അങ്ങനെ കാണാൻ സാധിക്കില്ല നീ എന്നും എൻറെ ഒരു നല്ല ഫ്രണ്ട് മാത്രം ആയിരിക്കും...
ഡീ.... ഡീ... എന്താ ഒന്നും പറയാതെ ഇരിക്കുന്നെ... നീ എന്നെ മനസിലാക്ക്..എന്നെകൊണ്ട് പറ്റില്ല അത് കൊണ്ടാണ്... നീ ഒന്ന് ആലോചിച്ചു നോക്ക് ഞാൻ നാളെ രാവിലെ അങ്ങോട്ട്‌ വന്ന്‌ നിന്നെ കാണാം... ശരിന്നാൽ ഗൂഡ്‌നെറ്റ്
-few hours later-
ഡാ... എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല... നീ ഉറങ്ങിയോ?
ഇല്ലാ നീ പറ... ഞാൻ പറഞ്ഞത് നീ ആലോചിച്ചോ?? എനിക്കറിയാം നിൻറെ അറിവില്ലായിമ കൊണ്ടാണ് നീ ഇങ്ങനെ ഒക്കെ എന്നോട് പറഞ്ഞത് എന്ന്... ശരി അല്ലെ...
അല്ല... എനിക്ക് ഒട്ടും കുറ്റബോധം ഇല്ലാ... എനിക്ക് ഒരു ജീവിതം ഉണ്ടെങ്കിൽ അത് നിന്നോട് ഒപ്പം ആയിരിക്കും അതിന് ഒരു മാറ്റവും ഇല്ലാ... നിനക്ക് എന്നോട് ഇഷ്ട്ടകേട് വല്ലതും ഉണ്ടോ... അങ്ങനെ ആണെങ്കിൽ ഞാൻ ഇനി നിന്നോട് എന്ത് പറഞ്ഞിട്ടും കാര്യം ഇല്ലാ...
ഒരു ഫ്രണ്ട് എന്നരീതിയിൽ മാത്രമാണ് ഞാൻ നിന്നെ..
എടാ ഊളെ ഒന്ന് നിർത്തുന്നുണ്ടോ... കുറേ നേരായല്ലോ ഫ്രണ്ട്.. ഫ്രണ്ട് എന്ന് പറയുന്നു... സാധാരണ ഒരു പെൺകുട്ടിയുമായി ഫ്രണ്ട്ഷിപ് തുടങ്ങിയാൽ ആണുങ്ങൾ ആണ് ആദ്യം പ്രപ്പോസ് ചെയ്യാറ് ഇത്‌ ഇപ്പൊ ഞാൻ തന്നെ നിന്നോട് പറഞ്ഞില്ലേ... മതി നീ ഇനി കൂടുതൽ ഡയലോഗ് അടിക്കേണ്ട... നീ എന്നെ കെട്ടിയെ പറ്റൂ... ഞാൻ അച്ഛനോട് പറയാൻ പോവാണ്...
ഡീ നീ ഇത്‌ എന്ത് കണ്ടിട്ടാ... എന്റെൽ തലചുറ്റി വീണാൽ ഒരു സോഡാ മേടിക്കാൻ പോലും പൈസ ഇല്ലാ ആ ഞാൻ ഇപ്പൊ നിന്നെ കെട്ടണം എന്നോ...
എന്നാ ഇപ്പോ വേണ്ടാ നിനക്ക് ഒരു ജോലി ഒക്കെ ശരിയായിട്ടു മതി...
ഓഹ്... നിന്നോട് തർക്കിച്ചിട്ടു കാര്യംഇല്ലാന്ന് എനിക്ക് മനസിലായി...
മനസ്സിലായോ... അപ്പൊ നീ എന്നോട് പറ ഇഷ്ട്ടാണ് എന്ന്..
അത്... അത്...
ഡാ പ്രാന്ത നിന്നെ ഒക്കെ പ്രേമിച്ച എന്നെ പറഞ്ഞാൽ മതി... നിനക്ക് എന്താ എന്നെ കെട്ടുന്നത് കൊണ്ട്? നമുക്ക് നമ്മളെ കുറിച്ച് പരസ്പരം എല്ലാം അറിയാം പിന്നെ എൻറെ അച്ഛന്റെ കയ്യിൽ ആണെങ്കിൽ പൂത്തപണവും ഉണ്ട്.. അത് പോരെ...
പോരാ...
പിന്നെ...
പൂത്തപണം നിൻറെ അച്ഛനോട് തന്നെ വച്ചോളാൻ പറ എനിക്ക് പുതിയ നോട്ട് തന്നെ വേണം...
ഡാ...
മ്മ്മ് അതേ...
സത്യംആണോ...?
ഹ്മ്മ് ഞാനും ഇപ്പൊ ഒന്ന് ആലോചിച്ചു എന്താ ഇപ്പൊ നിനക്ക് ഒരു കുറവ് എല്ലാം ഉണ്ട്... പിന്നെ സൗന്ദര്യം അത് ഞാൻ അങ്ങ് സഹിച്ചോളാം...
അയ്യടാ... നിൻറെ അനിയെ ക്കാളും എന്ത് കൊണ്ടും ഞാനാ നല്ലത് അവളെ ഒക്കെ നീ എന്ത് കണ്ടിട്ടാ പ്രേമിച്ചേ എന്നാ എനിക്ക് മനസിലാകാത്തെ..
ഇതിന് മറുപടി പറയുന്നതിന് മുൻപ് എനിക്ക് ഒരു കാര്യം അറിയണം....
എന്ത് കാര്യം??
നീ എന്നെ കുറിച്ച് അവളോട്‌ എന്ത് പറഞ്ഞിട്ടാ അവള് എന്നെ തേച്ച് പോയത്??
ഡാ അത് പിന്നെ... അത് മാത്രം ഞാൻ പറയില്ല.. അത് കേട്ടാൽ നിനക്ക് ഒരുപാട് വിഷമം ആകും..
അത്രക്കും മോശമായകാര്യം ആണോ നീ പറഞ്ഞെ...
അതേ..
എടീ ദുഷ്ട്ടെ നിനക്ക് എങ്ങനെ തോന്നിയടി എന്നെ കുറിച്ച് ഇല്ലാത്തത് പറയാൻ... എന്നാലും നീ എന്താ പറഞ്ഞെ?
നിനക്ക് ഞാൻ ഒരു ഓഫർ തരാം...
എന്ത് ഓഫർ?
അത് ഞാൻ നമ്മുടെ ആദ്യരാത്രിയിൽ മാത്രമേ നിന്നോട് പറയൂ...
ദൈവമേ.... നീ അങ്ങോട്ട്‌ ഒക്കെ എത്തിയോ... ഡീ കോപ്പേ ഇത്രെയും ഒക്കെ നിൻറെ ഉള്ളിൽ ഉണ്ട് എന്ന് എനിക്ക് ഇത്രെ നാളും മനസിലായില്ലല്ലോ... ഓഹ് നീ ഒരു സംഭവം തന്നെ...
പിന്നെ ഡാ ശരി എന്നാൽ രാവിലെ നിനക്ക് ഒരു സർപ്രൈസ് ഞാൻ വച്ചിട്ടുണ്ട്...
എന്താടീ?
അത് നീ നാളെ അറിഞ്ഞാൽ മതി... നീ പോയി ഉറങ്ങാൻ നോക്ക്...
ഒക്കെ എന്നാൽ..
-next day morning -
ഡാ ഊളെ നീ ഇതുവരെ എഴുന്നേറ്റില്ലേ...
ആ ഇപ്പൊ എഴുനേൽക്കാൻ പോകുന്നെ ഉള്ളൂ...
എന്നാൽ മോനെ ഞാൻ ഇന്നലെ പറഞ്ഞ സർപ്രൈസ്ന് കാണാൻ നീ റെഡിയായി ഇരുന്നോ...
എന്താടീ... എന്താ നിൻറെ അവിഞ്ഞ സർപ്രൈസ്...?
നീ ഒരു കാര്യം ചെയ്യ് വേഗം റെഡിയായി താഴേക്കു വായോ നിന്നേ ആണുകാണാൻ എൻറെ അച്ഛനും അമ്മയും ഞാനും ഒക്കെ നിൻറെ വീട്ടിൽ എത്തി...
എന്ത്???
അതേടാ ഞാൻ അച്ഛനോട് എല്ലാം പറഞ്ഞു... അച്ഛന് എതിർപ്പൊന്നും ഇല്ലാ.. പിന്നെ നിനക്ക് ദുബായിലേക്ക് ഒരു വിസയും ഉണ്ട് അച്ഛന്റെ വക... ബാക്കി ഒക്കെ നേരിട്ട് സംസാരിക്കാം നീ വേഗം വായോ... പിന്നെ കോളേജിലേക്ക് വരുന്ന പോലെ വരണ്ട... പല്ല് തേച്ചിട്ടു വന്നാൽ മതി...
പോടീ കോപ്പേ... !!ഞാൻ ഇതാ വരുന്നു...
By
ismail oduparayil
( ഒരു പ്ലാനിങ്ങും ഇല്ലാതെ എഴുതിയ കഥയാണ് തെറ്റ് കുറ്റങ്ങൾ കാണാം ക്ഷമിക്കുക)

ദി സലാലിയൻ കോഴി*(നർമ്മം)

Image may contain: 1 person

കൊക്കര... കോ... കോ....
ഞാൻ "കുക്കു" കോഴി, നാട്ടിൽ ഉള്ള ഒട്ടുമിക്ക പിടകോഴികളുടെയും സ്വപ്ന നായകൻ....
രാവിലെ എഴുനേറ്റ് കോഴികൂടിന്റെ മുകളിൽ കയറി, രാവിലെ ആയത് എല്ലാവരെയും അറിയിക്കുക എന്നതാണ് ആണ് എൻറെ എന്നത്തേയും ജോലി..... ഇന്നും അതു തന്നെ ചെയ്തു....
രാവിലത്തെ ജോലി കഴിഞ്ഞപ്പോൾ കോഴിക്കൂടിന്റെ മുകളിൽനിന്നും ചാടി താഴെഇറങ്ങാൻ നോക്കുമ്പോൾ ആയിരുന്നു എൻറെ ചിറകിൽ ആരോ അമർത്തി പിടിക്കുന്നത്....
ബ... ബ... ബ... ഇവിടെ വാ കോഴിയെ...
നോക്കുമ്പോൾ ഒരു കൊച്ചു ചെറുക്കൻ എൻറെ ചിറകും കാലും എല്ലാം കൂട്ടി പിടിക്കുന്നു.. വേദനിച്ചിട്ടു വെയ്യ..!! ആരെങ്കിലും ഇവനോട് ഒന്ന് പറ മെല്ലെ പിടിക്കാൻ...
സാധാരണ എന്നെ ആരേലും തൊടാൻ വന്നാൽ അവരെ കൊത്തി പായിക്കാറുള്ള ചിങ്കി കോഴിയെ ഇന്ന്‌ കാണാനും ഇല്ലല്ലോ എൻറെ കോഴി ഭഗവാനെ !!!!
ആ കൊച്ചു ചെറുക്കൻ എന്നെ തല കീഴായി തൂക്കി പിടിച്ച് കാല് രണ്ടും കൂട്ടികെട്ടി, ഇനി എനിക്ക് അനങ്ങാൻ സാധിക്കുംഎന്ന് തോന്നുന്നില്ല, ഞാൻ ദിവസവും ചുറ്റി കറങ്ങാറുള്ള വീടിന്റെ വാതിലിൽ ആ ചെറുക്കൻ പോയി തട്ടി....
ആബിദത്താ.... ആബിദത്താ... ന്നാ ഇങ്ങള് പറഞ്ഞ പോലെ കോഴിനെ ഞാൻ പിടിച്ചിട്ടുണ്ട്...
അവൻ ഉച്ചത്തിൽ വിളിക്കുന്ന ഈ പേര് ഞാൻ മുൻപും കേട്ടിട്ടുണ്ട്... എന്നെ ഈ വീട്ടിൽ വളർത്തുന്ന ആളാണ് ഈ ആബിദത്താ... പക്ഷേ ഈ ചെറുക്കൻ എന്തിനാ എന്നെ പിടിച്ചത്... ആഹ് ആ സ്ത്രീ ചിലപ്പോ പേടിച്ചിട്ടാവും, ഈ സ്ത്രീ പണ്ട് ഒരു തവണ എന്നെ ഇതുപോലെ പിടിക്കാൻ നോക്കിയതാ.. ചിങ്കി കൊത്തി ആട്ടിയതു കൊണ്ട് അന്ന് ഞാൻ രക്ഷ പെട്ടു...
ആ ചെറുക്കൻ എൻറെ രണ്ടു കാലും ആ സ്ത്രീയുടെ കയ്യിൽ കൊടുത്തതിനു ശേഷം അവരോട് പറഞ്ഞു... ഇത്താ എനിക്ക് ഇതിനെ അറുക്കാൻ പറ്റില്ലാട്ടോ... ഇങ്ങളെന്നെ ഈ കോഴിനെ അറത്തോ !
ദൈവമേ.... ഇവര് എന്നെ അറുക്കാൻ ആണോ പിടിച്ച് കൊണ്ട് വന്നത്... എനിക്ക് ജീവിച്ച് മതിയായിട്ടില്ല ഇവരോട് ആരെങ്കിലും ഒന്ന് പറയോ.... പോരാത്തതിന് ചിങ്കിയുടെ കൂട്ടുകാരിയെ ഇന്ന്‌ വൈകുന്നേരം കോഴിക്കൂടിൻറെ പിന്നിൽ കാണാം എന്ന് പറഞ്ഞതാണല്ലോ.... അതിനൊന്നും ഈ ദ്രോഹികൾ എന്നെ സമ്മതിക്കില്ലേ !!!!
എന്നാ നീ പോയിക്കോ മോനെ ഏതായാലും ഈ കോഴിയെ കിട്ടിയല്ലോ അതു മതി... ഇതിനെ അറക്കുന്ന കാര്യം മൊയ്‌ദീനിക്ക നോക്കിക്കോളും...
ആ മൊയ്‌ദീനിക്ക സലാലേന്ന് എപ്പോളാ വരുന്നേ താത്ത...
ഒരു മണിക്കൂർ കഴിയുമ്പോളേക്കും ഇവിടെ എത്തും, ഇപ്പൊ എയർപോർട്ടിൽ ഇറങ്ങി എന്ന് പറഞ്ഞ് വിളിച്ചിരുന്നു....
എന്നാ ഞാൻ പോട്ടേ... എന്ന് പറഞ്ഞ്
എന്നെ ആ സ്ത്രീയുടെ കയ്യിൽ ഏല്പ്പിച് ആ വെട്ടമൃഗം വളരെ സന്തോഷത്തോടെ നടന്നുനീങ്ങി...
താത്ത എന്നെ ഒന്ന് പൊക്കി പിടിച്ച് ഒന്ന് നോക്കി... അപ്പോൾ എനിക്ക് ദേഷ്യം കൊണ്ട് പൊറുതി മുട്ടി നിൽക്കുക ആയിരുന്നു, അത് കൊണ്ട് താത്തയുടെ കയ്യിൽ ഒരു ചെറിയ കൊത്തു അങ്ങ് വച്ച് കൊടുത്തു... അതിന്റെ ദേഷ്യം എന്നോണം എന്നെ ആ വീടിന്റെ ഒരു മൂലയ്ക്കൽ ഇട്ടു അവര് അകത്തേക്ക് പോയി...
ഈ വീടിന്റെ പുറത്ത് ഒരുപാട് തവണ കറങ്ങിയിട്ടുണ്ടങ്കിലും അകം കാണുന്നത് ആദ്യം ആയിട്ടാണ്... എൻറെ കോഴി കൂട് പോലെ അല്ല വലിയ വീടാണ്... ഇവിടെ വേറെ ആരെയും കാണുന്നില്ലല്ലോ എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആയിരുന്നു പെട്ടന്ന് ഒരു ശബ്ദം കേട്ടത്.... വീണ്ടും അതേ ശബ്ദം..
ഇതാ വരുന്നു... അകത്തുനിന്നും ആ സ്ത്രീ വിളിച്ചു പറഞ്ഞു... അപ്പോഴാണ് എനിക്ക് ഇത്‌ അകത്തു ഉള്ള ആൾക്കാരെ വിളിക്കാൻ ഉള്ള ബെല്ലാണ് എന്ന് മനസിലായത്...
ഡോർ തുറന്ന ആ സ്ത്രീയെ ഒരു പുരുഷൻ വന്ന് കെട്ടിപിപിടിച്ചു.... "മൊയ്‌ദീനിക്കാ" ഇങ്ങൾക്ക്‌ സുഖം അല്ലെ...?
എന്ന ആ സ്ത്രീയുടെ ചോദ്യം കേട്ടപ്പോൾ ആണ് ഇതാണ് ആ സലാലേന്ന് വന്ന മനുഷ്യ കോഴി എന്ന് എനിക്ക് മനസ്സിലായത്...
വലിയ വലിയ പെട്ടികൾ ഒക്കെ അകത്തേക്ക് കൊണ്ട് വരുന്നുണ്ട്... അയാൾ ആ സ്ത്രീയുടെ തോളിൽ നിന്നും കൈ എടുക്കുന്നില്ല.
...
ഇങ്ങള് എന്നെ വിട്ടാ അടുക്കളയിൽ പണി ഉണ്ട്... താത്ത തൻറെ തോളിൽ വച്ച അയാളുടെ കൈ തട്ടിമാറ്റി കൊണ്ട് പറഞ്ഞു...
ഇയ്യ്‌ ഇവിടെ വാ ൻറെ ആബിദാ... എന്ന് പറഞ്ഞ് അയാള് ആ സ്ത്രീയുടെ കൈ രണ്ടും പിടിച്ച് വച്ചു... എന്നിട്ട് പറഞ്ഞു... ഒന്നുല്ലങ്കിലും രണ്ടു കൊല്ലം കഴിഞ്ഞിട്ടല്ലേ അന്റെ മൊയ്‌ദീനിക്കാ നാട്ടിലേക്കു വരുന്നേ... അപ്പൊ നീ അടുക്കളയിൽ പോയി ഇരിക്കാണോ..?
അതൊന്നും ഇപ്പൊ വേണ്ടാ ഒക്കെ രാത്രി മതി എന്ന് പറഞ്ഞ് മൊയ്‌ദീൻക്കാനെ താത്ത തള്ളി മാറ്റി ... ഈ താത്ത എൻറെ ചിങ്കി കൊഴിടെ പോലെ ആണല്ലോ എന്തിനെങ്കിലും പുറപ്പെട്ടാൽ അമ്പിനും വില്ലിനും അടുക്കാറില്ല.... അല്ലെങ്കിലും എല്ലാ പെണ്ണുങ്ങളും ഇങ്ങനെയാ... വെറുതെ ജാട ഇറക്കും...
എന്തായാലും മൊയ്‌ദീനുകാക്ക വിടുന്ന ലക്ഷണം ഇല്ല... ഇയ്യ്‌ ഇങ്ങു വാ മുത്തേ...
ഏയ്യ് വരൂല...
വാടീ...
ഇങ്ങള് പോ മനുഷ്യ... രാവിലെ ആണോ ഇതൊക്കെ.... താത്ത അടുക്കുന്ന ലക്ഷണം ഇല്ല...
അന്നേ ഞാൻ വിടൂല ൻറെ ആബിദാ... മൊയ്‌ദീൻകാക്ക താത്തയുടെ അരയിലൂടെ കൈയിട്ടു പിടുത്തം ഉറപ്പിച്ചു...
മൊയ്‌ദീൻക്ക ആള് കൊള്ളാമല്ലോ പെണ്ണുങ്ങളെ എങ്ങനെ പിടിക്കണം എന്ന് നല്ലോണം അറിയാം ഇയാൾക്ക് സലാലയിൽ ഇതായിരുന്നോ പണി !
അള്ളോഹ്... മൊയ്‌ദീൻക്ക മൂക്ക് പൊത്തി പിടിച്ച് അലറുന്നുണ്ട് നോക്കിയപ്പോൾ മ്മടെ ആബിദതാത്ത അങ്ങേരുടെ മൂക്കിൽ കടിച്ച് പിടുത്തം വിടീച്ചതാണ്...
എടീ കള്ള സുബറേ... അന്നേ ഞാൻ വിടൂല.. മൊയ്‌ദീൻക്ക വാശിയിൽ വിളിച്ചു പറഞ്ഞു... താത്ത തിരിഞ്ഞ് നിന്ന് ഓടാൻ തുടങ്ങി... താത്ത ഒരു മൂലയ്ക്ക് ഓടിയാൽ മൊയ്‌ദീൻകാക്ക ഓടി അവിടെ എത്തും..
അപ്പോഴേക്കും താത്ത നേരെ കട്ടിലിൽ കയറി നിക്കും.. മൊയ്‌ദീൻകാക്കയും കട്ടിലിൽ കയറും...
ഇതൊന്നും നടക്കാൻ പോകുന്നില്ല... താത്താനെ പിടിക്കാൻ ഉണ്ടോ നമ്മുടെ മൊയ്‌ദീൻക്കാ ക്ക് പറ്റുന്നു...
അന്നേ ഞാൻ വിടൂലടി... മൊയ്‌ദീൻക്കായുടെ വാശി കൂടി കൂടി വന്നു...
ഒന്നുല്ലങ്കിലും രണ്ടു കൊല്ലം കഴിഞ്ഞല്ലേ അന്നേ ഞാൻ കാണുന്നത്...ആ മണലാരണ്യത്തിൽ കിടന്ന് അധ്വാനിച്ച എന്നോടാണോ... നീ ഇങ്ങനെ കാണിക്കുന്നേ... മൊയ്‌ദീൻക്കായുടെ അപേക്ഷ നിഷ്കരുണം ആബിദതാത്ത തള്ളി കളഞ്ഞു....
ആ അടവും പാളി പോയ വിഷമത്തിൽ ഇരിക്കുന്ന മൊയ്‌ദീൻക്കയുടെ മൂക്കിൽ പോയി ഒന്ന് തോണ്ടി ആബിദതാത്ത പറഞ്ഞു... ഇങ്ങള് തോറ്റു എന്ന് പറ എന്നാൽ ഞാൻ ഒരു കൈ നോക്കാം...
അന്റെ മുന്നിൽ ഞാൻ തോൽക്കേ... നടക്കൂല ആബിദാ എന്ന് പറഞ്ഞ് മൊയ്‌ദീൻക്ക താത്തയെ പിടിക്കാൻ കൈ ഒന്ന് നീട്ടി വീശി...
ആബിദതാത്ത യെ മാത്രം പിടി കിട്ടിയില്ല...
പിന്നാലെ എഴുനേറ്റു ഓടിയ മൊയ്‌ദീൻക്ക പഠിച്ച പണി പതിനെട്ടും പയറ്റുന്നുണ്ട്...നോ രക്ഷ..
താത്ത ഓടി കോണി പടിയിൽ കയറി കാക്കയും പിന്നാലെ ഓടി കയറി... താത്ത ഓടി മുകളിൽ എത്തിയപ്പോൾ ഉണ്ട് മുകളിൽ ഒരു ഡോർ അടഞ്ഞു കിടക്കുന്നു ഇനി അങ്ങോട്ട്‌ പോകാൻ പറ്റില്ല... തൊട്ടു പിന്നിൽ മൊയ്‌ദീൻക്കയും...
ഇനി രക്ഷ ഇല്ലാ.. താത്ത പെട്ടു.. മൊയ്‌ദീൻക്കയെ ക്കാളും എനിക്കായിരുന്നു സന്തോഷം...
ആബിദതാത്തയെ തൂകി എടുത്ത് തോളിൽ ഇട്ട് മ്മടെ മൊയ്‌ദീൻക്ക ഓടി റൂമിൽ കയറി വാതിൽ അടച്ചു...
ഛെ !!! ഈ മനുഷ്യൻ മാര് എന്താ ഇങ്ങനെ... ഒരു സംസ്കാരവും ഇല്ലാതെ... എനിക്ക് കാണാൻ പറ്റുന്നില്ലല്ലോ ദൈവമേ...
കുറച്ചു മണിക്കൂർ കഴിഞ്ഞ് ഡോർ തുറന്ന് ഒരു രാജ്യം വെട്ടിപ്പിടിച്ച മുഖ ഭാവത്തോടെ മ്മടെ മൊയ്‌ദീൻക്ക പുറത്തേക്ക് വന്നു അപ്പോളാണ് അകത്തു ഒരു മൂലയിൽ ഇരിക്കുന്ന എന്നെ കാണുന്നത്...
എന്തിനാ ആബിദാ ഇജ്ജ് ഈ കോഴിനെ അകത്തു വച്ചിരിക്കുന്നെ.. അകത്തേ മുറിയിൽ ഉള്ള താത്തനോട് വിളിച്ചു ചോദിച്ചു...
അത് ഇങ്ങള് വരുന്നത് പ്രമാണിച്ചു അറക്കാൻ കൊടുന്നു വച്ചതാ... ഇങ്ങളെന്നെ അറത്ത് തരിൻ എന്നാ ഞാൻ നല്ല കറി വെച്ചുതരാം ...
അത് കേട്ടപ്പോൾ എൻറെ ഇട നെഞ്ച് ഒന്ന് പിടച്ചു ഇത്രേം കാഴ്ച എന്നെ കാണിച്ചത് ഞാൻ അവസാനിക്കുന്നതിനു മുൻപേ ഉള്ള ഒരു ഓഫർ ആയിരുന്നോ ദൈവമേ... ഇനി എൻറെ സമയം അവസാനിച്ചു എന്ന് കരുതി ഇരിക്കുന്ന എന്നെ എടുത്ത് ഉയർത്തി പിടിച്ച് മൊയ്‌ദീൻക്ക പറഞ്ഞു..
അവിടെ മൂന്ന്നേരവും ഈ കോഴി തന്നെയാ അതോണ്ട് എനിക്കൊന്നും വേണ്ടാ ഈ കോഴി കറി എനിക്ക് വല്ല കുമ്പളങ്ങ കറിയും മതി... എന്ന് പറഞ്ഞ് എൻറെ കാലിലെ കെട്ടു അഴിച്ചു എന്നെ പുറത്തേക്ക് വിട്ടു...
ദൈവമേ... നീ എന്നെ രക്ഷിച്ചു... ഞാൻ അവിടെ നിന്നും പുറത്തേക്ക് ഓടി രക്ഷപെട്ടു...
പുറത്ത് കറങ്ങി നടക്കുമ്പോൾ ആയിരുന്നു ൻറെ പ്രാണൻ ആയ ചിങ്കി അവിടെ ഓരോന്ന് കൊത്തി തിന്നുന്നത് കണ്ടത്, ഞാൻ അനുഭവിച്ചത് വല്ലതും അവൾ അറിഞ്ഞോ ആവോ? ...
ഇന്ന്‌ മൊയ്‌ദീൻക്കാ ചെയ്ത പോലെ ഞാൻ ഇവളെ ഇവിടെ മൊത്തം ഓടിക്കും... നിക്കടീ അവിടെ...
ആബിദാതാത്ത യെ കാളും ബുദ്ധിമുട്ടാണ് ഈ ചിങ്കിയെ കീഴ്പെടുത്താൻ...
അവളുടെ പിന്നാലെ ഓടി നടക്കുന്ന എന്നെ ആ വീടിന്റെ അടുക്കള ഭാഗത്ത്‌ നിന്നും ആരോ ബ... ബ.. എന്ന് വിളിച്ചു... നോക്കിയപ്പോൾ ആബിദതാത്ത.. എന്നിട്ട് എന്നോട് ഒരു ചോദ്യം "ഇജ്ജും സലാലെന്ന് വന്നതാണോ കോഴിയെ" എന്ന്...
സലാലയിൽ നിന്ന് അല്ല അമേരിക്കയിൽ നിന്നാണ് എന്ന് പറയണം എന്നുണ്ടായിരുന്നു... പക്ഷേ എൻറെ ഭാഷ അവർക്ക് മനസിലാവൂല്ലലോ...
ആബിദതാത്തയുടെ തമാശ കേൾക്കാൻ നിൽക്കാതെ ഞാൻ വേഗം ചിങ്കിയുടെ പിന്നാലെ ഓടി...
അവസാനം ഞാൻ അവളെ കൂടിന്റെ ഉള്ളിലേക്ക് ആട്ടി കയറ്റി... അങ്ങനെ ഞാനും ആ ധൗത്യത്തിൽ വിജയിച്ചു...
അടുത്ത ദിവസം വളരെ സന്തോഷത്തോടെ രാവിലെ തന്നെ ഞാൻ എൻറെ ജോലി ചെയ്തു...
കോക്കര... കോ... ക്കോ...
കൂക്കി കഴിഞ്ഞപ്പോൾ തന്നെ എന്നെ ഇന്നും ആരോ പിറകിൽ നിന്നും ചിറകുകൾ കൂട്ടി പിടിച്ചു... നോക്കിയപ്പോൾ മ്മടെ മൊയ്‌ദീൻക്ക...
ഇന്നലെ ആബിദതാത്ത വച്ച കുമ്പളങ്ങ കറി മൂപ്പരാൾക്ക് ഇഷ്ട്ടം ആയില്ല എന്ന് തോനുന്നു... എന്നെ ഇന്ന്‌ കശാപ്പ് ചെയ്യാൻ ആണ് പരുപാടി... ഇന്നലെ എന്നെ രക്ഷിച്ച ദൈവദൂതൻ ഇന്ന്‌ എൻറെ കാലൻ ആയിമാറും...
ഇന്ന്‌ എന്നെ ആരുംതന്നെ രക്ഷിക്കാൻ വരില്ല എന്ന് എനിക്ക് ഉറപ്പായി, കാരണം ഇനി ഒരു സലാലിയൻ കോഴി വരാൻ ഇല്ലാ ...
By
ismail oduparayil

സുന്നത്ത് കല്ല്യാണം*

Image may contain: one or more people

1998ലെ ഒരു വേനൽ അവധികാലത്തെ മലബാറിലെ ഒരു ചെറിയ മുസ്ലിം കൂട്ടു കുടുംബം പശ്ചാത്തലം ആയിട്ടുള്ള ഒരു കഥയാണ് ഇത്‌....
ഫാസിയും ഷാബും, രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഇവരുടെ സുന്നത്ത് കല്ല്യാണം ഇതുവരെ കഴിഞ്ഞിട്ടില്ല...വീട്ടുകാര് ഒന്ന് രണ്ടു തവണ ശ്രമിച്ചു എങ്കിലും രണ്ടുപേരുടെയും പേടി കാരണം ആ കർമം അങ്ങ് നീണ്ടുപോയി.
കഥയിലെ മറ്റൊരു കഥാപാത്രവും ഇവരുടെ രണ്ടു പേരുടെയും പ്രധാന കൂട്ടുകാരനും പോരാത്തതിന് തൊട്ടടുത്ത വീട്ടിലെ ഏക ആൺതരിയും കൂടി ആയ മജീദ് ആണ് ഇവരെ സുന്നത്ത് എന്നത് ഒരു ഭീകരസംഭവം ആണ് എന്ന് പറഞ്ഞു പേടിപ്പിച്ചത്.
ഇവരുടെ കൂട്ടുകാരൻ ആണെകിലും പത്തിരുപതുവയസ്സായി നമ്മുടെ മജീദിന്..
പ്രായത്തിന്റെ പക്വത ഇല്ലായ്മ കുറക്കാൻ വേണ്ടി മഹല്ലിലെ ഖത്തീബ് ഉസ്താത് മജീദ്‌ന്റെ ഉപ്പാക്ക് ഒരു ചെറിയ ബുദ്ധി പറഞ്ഞു കൊടുത്തു...
എന്താണ് എന്നല്ലേ! ചെക്കനെ ഉടനെ പിടിച്ചു ഒരു പെണ്ണ് കെട്ടിക്കാം എന്ന്... അടുത്ത ആഴ്ച അങ്ങനെ നമ്മുടെ മജീദ് ഒരു പുത്യാപ്ല ആകാൻപോകുന്നു...
രാവിലെ അങ്ങാടിയിലേ പീടിയേൽക്ക് പോകാൻ ഇറങ്ങിയ മജീദ് തന്റെ കൂട്ടുകാരായ ഫാസിയെയും ഷാബുനേം കൂട്ടി പോകാം എന്ന് കരുതി അവരുടെ വീടിന്റെ മുന്നിൽ എത്തിയപ്പോൾ ആണ് ഫാസിയുടെ ഉപ്പയും പ്രവാസിയും കൂടി ആയ ഹമീദ്ക്കാനെ കണ്ടത്.
ഹമീദ്ക്കാ ഇങ്ങള് എപ്പോഴാ വന്ന്....?
ആരിത് മജീദോ... വാ ഇങ്ങോട്ട് കയറി ഇരിക്ക്.
ഇല്ലാ ഇക്കാ ഞാൻ പീടിയേൽ പോകാൻ ഇറങ്ങിയഥാ.. അപ്പൊ ഇവിടെ ഫാസിയും, ഷാബും ഉണ്ടെങ്കിൽ ഓലേം കൊണ്ട് പോകാലോ എന്ന് കരുതി.... ഇങ്ങള് എന്താ പെട്ടന്ന് വന്നത് അല്ലങ്കിൽ ഷാബും ഫാസിയും ഇങ്ങള് വരുന്നു എന്ന് പറഞ്ഞു ഈ പെര മറിച്ചിടാറുണ്ടല്ലോ ...?
ഞാൻ പെട്ടന്ന് ഇങ്ങട്ട് പൊന്നു നാളെ ഇവിടെ ഒരു ചെറിയ പരുപാടി ഉണ്ട്..
അതുകൊണ്ടാ !
എന്ത് പരുപാടി? ഓല് രണ്ടാളും ഒന്നും പറഞ്ഞില്ല...
ഇജ്ജ് ഓരോട് രണ്ടാളോടും പറയൂല്ലങ്കിൽ അന്നോട്‌ ഞാൻ ഒരു കാര്യം പറയാം..
എന്താ ഇക്കാ...
ഹമീദ്ക്ക മജീദ്‌ന്റെ ചെവിയുടെ അടുത്ത് വന്ന് പതിയേ പറഞ്ഞു.
നാളെ ഒരെ രണ്ടാൾടേം സുന്നത്ത് കഴിക്കാൻ ഞങ്ങൾ എല്ലാരും കൂടി അങ്ങ് തീരുമാനിച്ചു... ഷാബുൻറെ ഉപ്പ ഇന്ന്‌ വൈന്നേരം കോഴിക്കോട്ടുന്നു വരും... നാളെ പുലാമന്തോൾ ഉള്ള തങ്ങളുടെ അടുത്ത് കൊണ്ടോകാം എന്നാ വിചാരിക്കുന്നത്,തങ്ങള് ആകുമ്പോ വേദന കുറവാണ് എന്നാ കേട്ടത്...
അതാണ് അല്ലെ ഇങ്ങള് ഇത്ര പെട്ടന്ന് വന്നത്...
ആഹ് അതേ !
എവിടെ ഓല് രണ്ടാളും?
ഓല് അപ്പുറത്ത് തൊഴുത്തിൽ കാണും വല്ലിപ്പ പയ്യിനെ കറക്കുന്നത് കാണാൻ പോയതാ... പിന്നെ മജീദെ അന്റെ കല്ല്യാണം അല്ലടോ അടുത്ത ആഴ്ച ന്നിട്ടാണോ ഒന്നിനാത്രം പോന്ന ഇജ്ജ് ഈ കുട്ടിയാള്ടെ കൂടെ കളിച്ചു നടക്കുന്നത്...
ഹമീദ്ക്കാടെ ഉപദേശം കേൾക്കാൻ നിൽക്കാതെ മജീദ് അവിടെ നിന്നും തൊഴുത്തിലേക്കു നടന്നു...
പോയിനെടാ അവിടുന്ന്...
മജീദ് തൊഴുത്തിന്റെ അടുത്ത് എത്തിയപ്പോൾ വല്ലുപ്പടെ ചീത്ത വിളി ആണ് കേട്ടത്...
പെട്ടന്ന് തൊഴുത്തിൽ നിന്നും പുറത്തേക്ക് ചാടി വരുന്ന ഫാസിയും ഷാബുവും മജീദ്‌നെ കണ്ടു...
മജീദ്കാക്കൂ ഓടിക്കോ വല്ലിപ്പ വടി എടുത്തു...
എന്താടാ... എന്താടാ ഇങ്ങള് കാട്ടിയെ...
ഒന്നുല്ല മജീദ്കാക്കൂ ഈ ഫാസിക്ക് പയ്യിനെ കറക്കണം എന്ന് പറഞ്ഞ് പയ്യിന്റെ അകിടിൽ ഞെക്കി, വേദനിച്ചപ്പോ പയ്യുകോതെറി പാത്രത്തിൽ ഉണ്ടായിരുന്ന പാല് മൊത്തം പോയി... കിതച്ചുകൊണ്ട് ഷാബു മജീദ്‌നോട് പറഞ്ഞു.
വല്ലിപ്പ വടി വീശി വരുന്നത് കണ്ട മൂന്നാളും സ്ഥലം കാലിയാക്കി...
വലിയ സത്യങ്ങൾ ഒന്നും മനസിൽ വെക്കാൻ പറ്റാത്ത മജീദ് പീടിയേൽക്കു പോണവഴിയിൽ വച്ചാണ് ഫാസിയോടും ഷാബുനോടും നാളെയാണ് ഇങ്ങളുടെ സുന്നത്ത് കല്ല്യാണം എന്ന് പറഞ്ഞത്...
രണ്ട് കണ്ണും പുറത്ത് ചാടി പരസ്പരം നോക്കി നിന്ന അവരോടു മജീദ് ഒരു ഉപദേശം പോലെ പറഞ്ഞു... കുറച്ച് ദിവസം ചെറിയ വേദന കാണും, അതോണ്ട് കളിക്കാനൊന്നും പറ്റൂല... ന്നാലും എന്തിനാ എൻറെ കല്യാണത്തിന്റെ സമയത്തന്നെ ഇങ്ങളെ സുന്നത്ത് കൈകുന്നെ എന്നാ ഞാൻ അലോയ്‌ക്കണത് !
ഫാസിയും ഷാബുവും ഇതേല്ലാം കൂടി കേട്ടപ്പോൾ പേടിച്ചു കണ്ണ് നിറച്ചു പെരേല്ക്കു തിരിച്ചു ഓടി....
പെരേല് എത്തിയപാടെ അടുക്കളയിൽ ഉള്ള ഉമ്മമാരുടെ മടിയിൽ പോയി ചാഞ്ഞു വീണു രണ്ടുപേരും കൂടി കരച്ചിൽ തുടങ്ങി..
എന്താണ്ടായത് ഫാസിയെ? രണ്ടാളും കരഞ്ഞിട്ടാണല്ലോ ഓടി വരുന്നേ.... !
ഷാബുന്റെ ഉമ്മ ഫാസിയോട് ചോദിച്ചു.
നാളെ ഞങ്ങളെ സുന്നത്ത് കയ്ക്കാൻ കൊണ്ടൊക്കുന്നുണ്ടോ...? കണ്ണിൽ കൈതിരുമ്മി ഷാബു ചോദിച്ചു.
അത്‌ കേട്ടപ്പോൾ ഒരു കൂട്ടച്ചിരി ആയിരുന്നു അവിടെ ഉണ്ടായിരിന്ന എല്ലാവരും കൂടി...
അടുക്കളയിൽ നിന്നുള്ള കൂട്ടചിരി കേട്ടപ്പോൾ പുറത്ത് നിന്നിരുന്ന അവരുടെ വല്ലിമ്മ അകത്തുകയറി വന്ന് എന്താ ഇബടെ ഒരു കൂട്ടച്ചിരി ?? എന്ന് ചോദിച്ചു.
ചിരി അടക്കി പിടിച്ച് ഫാസിയുടെ ഉമ്മ മറുപടി പറഞ്ഞു... നാളെ ഇവരെ സുന്നത്ത് കയ്ക്കാൻ കൊണ്ടോണത്തിനു ഓല് രണ്ടാളും കൂടി ഇവിടെ വന്ന് കരയാണ്...
ൻറെ കുട്ട്യാളെ എന്തിനാടീ ങ്ങള് കളിയാക്കുന്നെ എന്ന് പറഞ്ഞ് വല്ലിമ്മ അവരെയും വിളിച്ച് കോലായിലേക്ക് പോയി...
മുറുക്കാൻ പെട്ടിയിൽ ഉണ്ടായിരുന്ന കടലമിട്ടായി അവർക്കു കൊടുത്ത് വല്ലിമ്മ ചോതിച്ചു എന്തിനാ എൻറെ കുട്ട്യാളെ ഇങ്ങള് ഇങ്ങനെ കരയുന്..?
ഞങ്ങളെ നാളെ സുന്നത്ത് കൈക്കാൻ കൊണ്ടോകുണ്ടോ??
ആരാ ഇങ്ങളോട് ഇത്‌ പറഞ്ഞത്?
മജീദ്കാക്കൂ..
ആ ഹിമാർ ഇങ്ങട്ട് വരട്ടെ ഞാൻ ചോയ്ക്കാം ഓനോട്‌, എന്തിനാ ൻറെ കുട്ട്യാളെ ഇങ്ങനെ പേടിപ്പിച്ചു എന്ന്..
ഇങ്ങള് ഇപ്പൊ അതൊന്നും ചോയിക്കണ്ട ഞങ്ങളെ നാളെ സുന്നത്ത് കൈക്കാൻ കൊണ്ടൊക്കുന്നുണ്ടോ എന്ന് പറഞ്ഞാ മതി..
ഹേയ്... അത്‌ ൻറെ കുട്ട്യാളെ പേടിപ്പിക്കാൻ വേണ്ടി ആ ബടുക്കൂസ് വെറുതെ പറഞ്ഞതാണ് ട്ടോ.... രണ്ടാളും പേടിക്കണ്ട എന്ന് പറഞ്ഞ് ഷാബുൻറെയും ഫാസിയുടെയും കണ്ണ് തുടച്ചുകൊടുത്തു....
ഫാസിയുടെ ഒലിച്ചു ഇറങ്ങിയ മൂക്ക് പിഴിഞ്ഞ് വല്ലിമ്മ പറഞ്ഞു ഇഞ്ഞു ഇങ്ങള് രണ്ടാളും പുറത്ത് പോയി കളിച്ചോളിൻ ട്ടോ...
വല്ലിമ്മ പറഞ്ഞപ്പോൾ അവർക്കു സമാധാനം ആയി കാരണം മുൻപ് രണ്ടു വട്ടവും അവരെ ഈ കർമ്മത്തിൽ നിന്നും രക്ഷിച്ചത് വല്ലിമ്മ ആയിരിന്നു.
വൈകുന്നേരം വരെ പാടത്തും തൊടിയിലും കളിച്ചു നടന്ന രണ്ടു പേരും വൈകുന്നേരം വീടിന്റെ ഉമ്മറത്തു എത്തിയപ്പോൾ ആണ് ലോറിയിൽ നിന്നും ഇറക്കുന്ന വലിയ ബിരിയാണി ചെമ്പുകൾ കണ്ടത്....
ഇതെന്തിനാ ഉപ്പാ എന്ന് ഫാസി ഹമീദ്ക്കാട് ചോദിച്ചു...
ഒന്നുല്ലടാ മജീദ്ൻറെ കല്യാണത്തിന് ഇപ്പൊ തന്നെ ഇതൊക്കെ ഇവിടെ കൊടുന്നു വെക്കുന്നതാ... ഇങ്ങള് രണ്ടാളും പോയി ചായ കുടിച്ചോളിൻ... അവരെ അവിടെ നിൽക്കാൻ സമ്മതിക്കാതെ ഹമീദ്ക്ക അവരെ അവിടെ നിന്നും പായിച്ചു..
രാത്രി ആയപ്പോൾ ഷാബുൻറെ ഉപ്പ കോഴിക്കോട്ടിൽനിന്നും വന്ന് എല്ലാരും കൂടി ഇരിക്കുന്ന കൊലയിലേക്കു അവരെ രണ്ടുപേരെയും വിളിച്ചു വരുത്തി..
നാളെ രാവിലെ നമ്മൾ എല്ലാരും കൂടി ഒരു സ്ഥലം വരെ പോകും ട്ടോ രാവിലെ ഇങ്ങള് രണ്ടാളും റെഡിയായി നിൽക്കണം...
എങ്ങോട്ടാ ഉപ്പ ഷാബു അവന്റെ ഉപ്പാടെ മടിയിലേക്കു ഇരുന്ന് ചോദിച്ചു...
വല്ലിമ്മ ആയിരുന്നു അതിന് മറുപടി പറഞ്ഞത്... മലമ്പുഴ ഡാം കാണാൻ.. ഇങ്ങള് ഇതുവരെ കണ്ടിട്ടില്ലല്ലോ
..അവിടെ കുറേ വെള്ളോം ചെടികളും ഒക്കെ ഉണ്ട്... ഫാസിയും ഷാബുവും കാണാതെ കണ്ണ് ഇറുക്കി കൊണ്ട് ആണ് വല്ലിമ്മ അത്‌ പറഞ്ഞത് .
അത്‌ കേട്ടപ്പോൾ രണ്ടാളുടെയും മുഖത്ത് ഒരു പുഞ്ചിരി വിടർന്നു...
എന്നാ എല്ലാരും പോയി ഉറങ്ങിക്കോളീം.. രാവിലെ നേരത്തെ നീക്കാൻ ഉള്ളതാ... വല്ലുപ്പ എല്ലാരോടും കൂടി ആയി പറഞ്ഞു...
രാവിലെ രണ്ടു പേരെയും നേരത്തെ എഴുനേൽപ്പിച് കുളിപ്പിച് നിർത്തി അവരുടെ ഉമ്മമാർ തല തോർത്തി കൊടുത്തു...
അലമാരയിൽ ഉള്ള തന്റെ ഷഡ്ഢി എടുത്തു ഇടാൻ നിൽക്കുന്ന ഫാസിയോട് ഓന്റെ ഉമ്മ പറഞ്ഞു അതൊന്നും ഇന്ന്‌ വേണ്ടാ... വെള്ളത്തിൽ ഇറങ്ങാൻ പോകുമ്പോ ആരേലും ഇതൊക്കെ ഇടോ?? ശരിയാണല്ലോ എന്തിനാ അതുംകൂടി നനക്കുന്നെ എന്ന് പറഞ്ഞ് അവൻ ഷഡ്ഢി അലമാരയിലേക്കു തന്നെ തിരുച്ചു വച്ച് ഒരു ട്രൗസർ എടുത്തു ഇട്ടു ...
താഴത്തെ കൊലയിലേക്കു നടന്ന ഫാസി കണ്ടത് ഷാബു പത്തിരിയും കോഴിചാറും കൂട്ടി അടിച്ചു മിന്നുതാണ്,ഫാസിയും ഓന്റെ കൂടെ ഇരുന്നു.
രണ്ടു പേരും കഴിഞ്ഞ ചെറിയ പെരുന്നാൾക്കു എടുത്ത വെള്ള ഷർട്ടും കറുത്ത ട്രൗസറും ആണ് ഇട്ടിരിക്കുന്നത്...
അവരെ നല്ല സ്നേഹത്തോടെ തീറ്റിച് വല്ലിമ്മയും ഉമ്മമാരും കൂടെ ഇരുന്നു..
കൊലയിലേക്കു ഷാബുൻറെ ഉപ്പയും ഫാസിയുടെ ഉപ്പയും വന്നു...
എവിടെ അന്റെ തുണക്കാരൻ ഹമീദെ എന്ന് ഷാബുൻറെ ഉപ്പ ഫാസിയുടെ ഉപ്പാനോട് ചോദിച്ചു...
ഓല് രണ്ടാളും ഇപ്പൊ വരും...
ആരാ ഉപ്പാ.. എന്ന് ഫാസി സംശയത്തോടെ ചോദിച്ചു..
യൂസഫും ഓന്റെ മോൻ ജാഫറും..
ജാഫെറോ ഒന് എന്തിനാ വരുന്നേ...?
ഓൻക്കും മലമ്പുഴ ഡാം കാണണം എന്ന് പറഞ്ഞിരുന്നു...
ആണോ എന്ന് നിരാശയോടെ പറഞ്ഞ് ഫാസി തല കുനിച്ചു ഇരുന്നു... കാരണം അവര് പഠിക്കുന്ന അതേ ക്ലാസ്സിൽ തന്നെയാണ് കൂമൻ എന്ന് അറിയപ്പെടുന്ന ജാഫറും പഠിക്കുന്നത് പോരാത്തതിന് അവരുടെ രണ്ട് പേരുടെയും ശത്രുവും ...
പുറത്ത് ജാഫറിന്റെ ഉപ്പാ ജീപ്പുമായി വന്ന ശബ്ദം കേട്ടപ്പോൾ ആണ് രണ്ടു പേരും പുറത്തേക്ക് നോക്കുന്നത്... മുന്നിൽ തന്നെ ഇരിക്കുന്നുണ്ട് ആ കൂമൻ ജാഫർ എന്ന് ഷാബു ഫാസിടെ ചെവിയിൽ പറഞ്ഞു.
ജീപ്പിൽ നിന്നും പുറത്ത് ഇറങ്ങിയ യൂസഫ് ഹമീദ്നോട് പറഞ്ഞു പുതിയ മൂന്ന് ബക്കറ്റ് എടുത്തോ എന്ന്?
അതുകേട്ട ഷാബു ഫാസിയുടെ ചെവിയിൽ ചോദിച്ചു എന്തിനാടാ മലമ്പുഴക്ക് പോകാൻ ബക്കറ്റ്??
എടാ പൊട്ടാ അത്‌ ചെലപ്പോ ഞമ്മള് കുട്ട്യാള് അല്ലെ വെള്ളത്തിൽ ഇറങ്ങാൻ പറ്റില്ലല്ലോ അപ്പൊ ഡാമിൽ നിന്നും കോരി കുളിക്കാൻ ആകും....
യേ.... ശരിയാ ഇക്ക് വെള്ളത്തിൽ ഇറങ്ങാൻ നല്ല പേടിയാ.. ഷാബു അതിന് മറുപെടി എന്നോണം പറഞ്ഞു.
ഡാ ചെക്കൻ മാരെ ഇങ്ങട്ട് വരിം ഞമ്മക്ക് പോകാം... വല്ലിപ്പ രണ്ടാളെയും വിളിച്ച് ജീപ്പിൻറെ പിന്നിൽ കയറ്റി... മുൻപിലത്തെ സീറ്റിൽ വല്ലുപ്പ ഇരുപ്പ് ഉറപ്പിച്ചു.
ജാഫറിന്റെ ഉപ്പാ വണ്ടി ഓടിക്കാൻ റെഡിയായി നിന്നു... ജാഫർ പിന്നിലേക്ക് വന്നു അവരുടെ രണ്ടുപേരുടെയും അടുത്ത് ഇരുന്നു... രണ്ടുപേരുടെയും ഉപ്പമാര് പിന്നിലെ സീറ്റിൽ അറ്റത്തു ഇരുന്ന് ഡോർ അടച്ചു....
ഉമ്മറത്ത് നിൽക്കുന്ന വല്ലിമ്മക്കും ഉമ്മമാർക്കും റ്റാറ്റാ കാണിച്ച് അവര് യാത്ര തുടങ്ങി.... അങ്ങ് മലമ്പുഴയിലേക്കു..
കുറച്ച് ദൂരം പിന്നിട്ടപ്പോൾ ഫാസിക്ക് ഒരു സംശയം ഉപ്പാ ഇത്‌ ഉമ്മാന്റെ കുടീക്കുപോണ റോഡ് അല്ലെ...
അതേ.. ഇതുവഴിയും ഞമ്മക്ക് മലമ്പുഴക്ക് പോകാം...
ഹ്മ്മ്...
കുറച്ച് കഴിഞ്ഞപ്പോൾ പുലാമന്തോൾ പാലത്തിന്റെ മുകളിൽ എത്തിയപ്പോൾ ഷാബുന്റെ ഉപ്പാ പറഞ്ഞു ആ കാണുന്നത് മലമ്പുഴ ഡാമിലെ വെള്ളം ആണ് എന്ന്...
പുറത്തേക്ക് തല ഇട്ടു നോക്കിയ രണ്ടാൾക്കും ഈ സ്ഥലം മുൻപ് കണ്ട നല്ല പരിജയം ഉണ്ട്.... വല്ലിപ്പാടെ മുഖത്തേക്ക് നോക്കിയപ്പോൾ ഒരു ചിരിയും... രണ്ടു പേർക്കും എന്തോ പന്തികേട് മണത്തു...
ജീപ്പ് നിർത്തിയപ്പോൾ ആണ് അവര് പുറത്തേക്ക് നോക്കുന്നത് ഒരു ചെറിയ ആശുപത്രി.... !
എന്തിനാ വല്ലിപ്പാ ഞങ്ങളെ ഇങ്ങോട്ട് കൊടുന്നത്? ഷാബു സംശയത്തോടെ ചോദിച്ചു...
ഇങ്ങളെ ഞങ്ങൾ കൊടുന്നത് മലമ്പുഴക്ക് കൊണ്ടോകാൻ അല്ല സുന്നത്ത് കൈചാനാ...
കണ്ണ് രണ്ടും പുറത്തേക്ക് ചാടിയ ഫാസിയും ഷാബുവും നേരെ ജാഫറിനെ നോക്കി ഒനും പേടിച്ചു നിക്കാണ്...
ലൂസായി ഊരി ഇറങ്ങിയ ട്രൗസർ വലിച്ച് കേറ്റി ഫാസി ഓടി ജീപ്പിന്റെ പിന്നിലേക്ക് തന്നെ കയറി, അത്‌ കണ്ടപ്പോൾ ഷാബുവും ജാഫറും അതേപോലെ ഓടി ജീപ്പിൻറെ പിന്നിൽ കയറി..
രണ്ടുംകല്പ്പിച്ചു നിന്നിരുന്ന അവരുടെ ഉപ്പമാര് ജീപ്പിൽ നിന്നും തൂക്കി എടുത്ത് അവരെ മൂന്നുപേരെയും ആശുപത്രിയുടെ അകത്തേക്ക് കൊണ്ട് പോയി....
അകത്ത് ഇരിക്കുന്ന തങ്ങളുടെ അടുത്തേക്ക് ആദ്യം കൊണ്ട്പോയത് ജാഫറിനെ ആയിരുന്നു....
ജാഫർ കുറേ കുതറി ഓടാൻ നോക്കി, അറവ്കാരൻ കൂടിയായ ഓന്റെ ഉപ്പ യൂസഫ് ഒരു ആട്ടിൻകുട്ടിയെ തൂകി എടുക്കുന്ന പോലെ അവനെ തൂക്കിയെടുത്തു ഡോക്ടറുടെ അടുത്തേക്ക് കൊണ്ട് പോയി...
ഇതെല്ലാം കണ്ട് ഫാസിയും ഷാബുവും പുറത്ത് കസേരയിൽ പേടിച്ചു ഇരിക്കുകയായിരുന്നു...
ഡോക്ടറുടെ റൂമിന്റെ അടുത്തുള്ള ജനലിൽ കൂടി അകത്തേക്ക് നോക്കിയ അവർ കണ്ടത് ഒരു കട്ടിലിൽ കിടത്തിയ ജാഫറിനെ ആണ്... ചുറ്റും അവരുടെ ഉപ്പമാര് കൂടി നിൽക്കുന്നത് കാരണം അവർക്കു കൂടുതൽ ഒന്നും കാണാൻ സാധിച്ചില്ല...
കുറച്ച് കഴിഞ്ഞപ്പോൾ ഷാബു ഇവിടെ വാ എന്ന് ഓന്റെ ഉപ്പ ഓനെ വിളിച്ചു... പേടിച്ചു വിറച്ച ഷാബു ഫാസിനെ ദയനീയമായി ഒന്ന് നോക്കി....
വേണ്ടാ വേണ്ടാ എന്ന് പറഞ്ഞ് കരയുന്ന ഷാബുനെ ജനലിൽ കൂടി ഫാസി കണ്ടു...
എല്ലാവരും കൂടി ഓനെ കട്ടിലിൽ മലർത്തി കിടത്തി അപ്പോഴേക്കും ഒരു വെള്ള സാരി എടുത്ത നേഴ്സ് വന്ന് ജനൽ അടച്ചു.
കുറച്ച് കഴിഞ്ഞപ്പോൾ പേടിച്ചിരിക്കുന്ന ഫാസിയുടെ അടുത്തേക്ക് ഓന്റെ ഉപ്പ ചിരിച്ചു കൊണ്ട് വന്ന് പറഞ്ഞു... ഫാസിയെ വായോ എന്ന്...
സമ്മതം ഒന്നും ചോദിക്കാതെ ഓന്റെ ഉപ്പ ഓനെ തൂക്കി എടുത്ത് അകത്തേക്ക് കൊണ്ട്പോയി,അവിടെ ഉള്ള കട്ടിലിൽ അവനെ മലർത്തി കിടത്തി... തല പൊന്തിച്ചു നോക്കിയ ഫാസി കണ്ടത് അടുത്ത കട്ടിലിൽ ഏങ്ങൽ അടിച്ചു കരയുന്ന ഷാബുനേം കൂമൻ ജാഫറിനേം ആയിരിന്നു...
പെട്ടന്ന് വന്ന് ആരോ ഫാസിടെ കവിളിൽ ഒന്ന് തട്ടി... നോക്കിയപ്പോൾ തങ്ങൾ ഡോക്ടർ ആണ് കയ്യിൽ കത്തി പോലെ എന്തോ പിന്നെ തൊട്ടടുത്ത് നിൽക്കുന്ന നേഴ്സിന്റെ കയ്യിൽ സൂചിയും നൂലും...
അതെല്ലാം കണ്ടപ്പോളേക്കും ഫാസി പൊട്ടി കരഞ്ഞു...
ഡോക്ടർ കരയണ്ട കരയണ്ട എന്ന് പറഞ്ഞ് കുറേ സമാധാനിപ്പിച്ചു... എന്നിട്ട് ട്രൗസർ അങ്ങ് ഊരിമാറ്റി...
ഡോക്ടർ ഇടത്തോട്ടും വലത്തോട്ടും തല ചെരിച്ചു അരക്കു താഴെ എന്തോ കാട്ടുന്നു.... ഫാസിക്ക് ആണെങ്കിൽ അരക്കു താഴെ വെറും ഒരു തരിപ്പ് മാത്രം...
ഫാസി ഇടയ്ക്കു ചുറ്റും ഒന്ന് നോക്കിയപ്പോൾ എല്ലാവരും അവന്റെ അരക്ക് താഴേക്കു തുറിച്ചു നോക്കുന്നു...
മതി കരഞ്ഞത് എന്ന് പറഞ്ഞ് ഡോക്ടർ ഫാസിയുടെ കവിളിൽ ഒന്നുകൂടി തട്ടി ഇവനെ അവിടെ മാറ്റി കിടത്തിക്കോ എന്ന് അവന്റെ ഉപ്പാനോട് പറഞ്ഞു...
അങ്ങനെ ജാഫറിന്റെ ഇടത്തും വലത്തും ആയി ഷാബുവും ഫാസിയും കിടത്തിന്നു...
അങ്ങനെ അത്ര നാളും ഉണ്ടായിരുന്ന ശത്രുത ആ കിടക്കയിൽ വച്ച് അവര് മറന്നു...
അവരെ മൂന്നുപേരെയുംകയ്യിൽ മലർത്തി കിടത്തി കൊണ്ട് അവരുടെ ഉപ്പമാര് ജീപ്പിലേക്ക് എടുത്ത് കൊണ്ട് പോയി...
ജീപ്പിൽ എത്തിയപ്പോൾ ആണ് ഈ ബക്കറ്റ് കുളിക്കാൻ അല്ല പിന്നെ എന്തിനാ കൊണ്ടുവന്നത് എന്നത് അവർക്കു മനസിലായത്...
ബക്കറ്റ് ജീപ്പിന്റെ പിന്നിൽ കമഴ്ത്തി വച്ച് അതിന്റെ മേലേക്ക് അവരുടെ കാലുകൾ കയറ്റി വച്ചു...ഇരിക്കാൻ എളുപ്പത്തിന് ജാഫറിന്റെ ഉപ്പാൻറെ ബുദ്ധി...! അല്ലെങ്കിൽ സുന്നത്ത് കഴിച്ച ഭാഗം വേദനിക്കും എന്ന് അവർക്കു മനസിലായി, അങ്ങനെ കമഴ്ത്തി വച്ച ബക്കറ്റിൽ കാലുകൾ കയറ്റി വച്ച് വിശാലമായി അവര് ജീപ്പിൻറെ പിന്നിൽ ഇരുന്ന് യാത്ര തുടങ്ങി..
ഫാസിയുടെയും ഷാബുന്റെയും ഉപ്പമാര് ഉള്ളിൽ ഇരിക്കാൻ പറ്റാത്തത് കൊണ്ട് ജീപ്പിന്റെ പിന്നിൽ തൂങ്ങി...
പോകുന്ന വഴിയിൽ ജാഫറിനെ ഓന്റെ വീട്ടിൽ ഇറക്കി കൊടുത്തു... അവിടെ എത്തിയപ്പോൾ എല്ലാവരും അവനെ കാണാൻ ജീപ്പിന്റെ അരികിലേക്ക് വന്നു... അകത്തു വരി വരിയായി മൂന്ന് സുന്നത്ത് കഴിഞ്ഞ കുട്ടികൾ ഇരിക്കുന്നത് കണ്ട പെണ്ണുങ്ങൾ ചിരിക്കാൻ തുടങ്ങി....
നിന്നു ചിരിക്കാതെ ജാഫറിനെ അകത്തേക്ക് കൊണ്ട് പോയി ബിരിയാണി വെക്കാൻ നോക്കു ൻറെ സൂറ എന്ന് ജാഫറിന്റെ ഉപ്പ യൂസഫ് പറഞ്ഞു...
അവനെ അവിടെ ഇറക്കി പിന്നെ നേരെ അവരെ രണ്ടു പേരെയും അവരുടെ വീട്ടിലേക്കു കൊണ്ട് പോയി...
ഉമ്മറത്തു അവരെയും കാത്ത് വല്ലിമ്മയും ഉമ്മമാരും താത്ത മാരും അമ്മായിമാരും അങ്ങനെ ഒരു പട്ടാമ്പി നേർച്ചക്ക് ഉള്ള ആളുണ്ട്... പോകുമ്പോ ഇത്രേം ആള്ക്കാര് ഇവിടെ ഉണ്ടായിരുന്നില്ലല്ലോ എന്ന് ഫാസി മനസ്സിൽ ചിന്തിച്ചു....
വന്നവർക്കു കാണാൻ വേണ്ടി കോലായിയുടെ അടുത്തുള്ള മുറിയിൽ അവരെ കിടത്തി...
മുകളിലത്തെ കൊളുത്തിൽ രണ്ടു തുണികൾ ഒരു കൂടാരം പോലെ കെട്ടി അവരുടെ സുന്നത്ത് കഴിഞ്ഞ ഭാഗം മറച്ചു വച്ചു....
പിന്നീട് അവിടെ വരിവരിയായി ഒരു കൂട്ടം കാഴ്ചക്കാർ ആയിരുന്നു....വരുന്നവർ വരുന്നവർ തുണി പൊക്കി സുന്നത്ത് കഴിഞ്ഞ ഭാഗം കൺ കുളിർക്കെ കണ്ടു. അതിനിടയിൽ കാഴ്ച കാണാൻ വന്നവർക്കുള്ള ബിരിയാണിയുടെ ധം പൊട്ടിച്ച മണം പരിസരം മുഴുവൻ നിറഞ്ഞു.... അപ്പോഴാണ് ഫാസിക്കും ഷാബുനും ആ ചെമ്പുകൾ എന്തിന് വേണ്ടിയാ ഇറക്കിയത് എന്ന് മനസിലായത്...
കാഴ്ചക്കാരുടെ എണ്ണം കൂടി കൂടി വന്നു.... ആകെ അവർക്കുള്ള സമാധാനം എന്തെന്നാൽ വരുന്നവർ മുഴുവൻ നൂറും അഞ്ഞൂറും സ്വർണ്ണമോതിരവും ഹോർലിക്സും ബൂസ്റ്റും പഴങ്ങളും അങ്ങനെ പറഞ്ഞാൽ തീരാത്ത അത്ര കാഴ്ചകൾ അവർക്കു സമ്മാനം ആയി നൽകിയിരുന്നു....
അപ്പോഴാണ് നാട്ടിലെ പ്രധാന ഒസ്സാൻ ആയിരുന്ന ഇബ്രാഹിം വന്നത്... മൂപ്പരാളെ സുന്നത്ത് ഏൽപ്പിക്കാത്തതിന് ഉള്ള ചെറിയ ദേഷ്യവും കുശുമ്പും ഇച്ചിരി മനസ്സിൽ ഉണ്ട്...!
കാഴ്ച ഒന്നും ഫാസിക്കും ഷാബുനും അയാൾ കൊടുത്തതുമില്ല പോരാത്തതിന് ചെയ്തതിനു കുറ്റവും കുറവും പറഞ്ഞു കൊണ്ടേ ഇരിന്നു...
ഷാബുന്റെ തുണി മാടി ഇത്‌ പഴുക്കാൻ സാധ്യത ഉണ്ട്ട്ടോ എന്ന് ഒരു അഭിപ്രായം കേട്ടപ്പോൾ ഷാബാനു ദേഷ്യം സഹിക്കാൻ പറ്റിയില്ല...
കണ്ണും അടച്ച് വേദനയും സഹിച്ചു ഷാബു തുണി പൊക്കി നോക്കുന്ന ഇബ്രായി ഒസ്സാന്റെ മുഖത്തേക്ക് മൂത്രം ഒഴിച്ചു....
പിന്നെ ഒരു കൂട്ട ചിരി ആയിരുന്നു വീട് മുഴുവൻ...
കാഴ്ചകാരുടെ തിരക്ക് കഴിഞ്ഞപ്പോൾ ഫാസിയുടെ ഉമ്മ വന്ന് രണ്ടു പേർക്കും ബിരിയാണി വാരി കൊടുത്തു...
ബിരിയാണിയുടെ മണത്തിനു മുൻപിൽ അവരുടെ സുന്നത്ത് കഴിഞ്ഞതിന്റെ വേദന ഒന്നും അല്ലാതെ ആയി മാറി...
പറമ്പിൽ കളിക്കാനും സൈക്കിൾ ചവിട്ടാനും ഒന്നും ഈ അവധി കാലത്ത് സാധിക്കാത്തതിൽ അവർക്കു സങ്കടം ഉണ്ടായിരുന്നെങ്കിലും...അവരുടെ ഉറ്റ ചെങ്ങാതി മജീദ് അവരെ കാണാൻ വാരത്തിൽ ആയിരുന്നു അവർക്കു കൂടുതൽ വിഷമം...
അങ്ങനെ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ മജീദ്ക്കാടെ വീടിന്റെ ഉമ്മറത്തു വലിയ കല്യാണപന്തൽ ഉയർന്നു... ആളുകൾ വന്നും പോയിക്കൊണ്ടും ഇരുന്നു... മജീദിന്റെ കല്ല്യാണം കഴിഞ്ഞു... മജീദിന്റെ വീട്ടിൽ നിന്നും നല്ല ബിരിയാണി മണം അവർക്കു അടിക്കുന്നുണ്ടായിരുന്നെകിലും അവർക്ക് രണ്ടു പേർക്കും അതിൽ പങ്കെടുക്കാൻ പറ്റിയില്ല....
കല്ല്യാണത്തിനു ശേഷം രണ്ടു ദിവസം കഴിഞ്ഞപ്പോൾ മജീദ് പുതിയ പെണ്ണിനേം കൂട്ടി അവന്റെ കൂട്ടുകാരെ കാണാൻ വന്നു...
എങ്ങനെ ഉണ്ടെടാ വേദന ഉണ്ടോ...??
മജീദിന്റെ ചോദ്യത്തിന് ഷാബു അവരെ കാണാൻ വരാത്തതിൽ ഉള്ള ദേഷ്യത്തോടു കൂടി പറഞ്ഞു...
നല്ല രസം ഉണ്ട് ഇപ്പൊ വേദന തോന്നുമ്പോൾ ഇടക്കിടക്ക് ചൂട് വെള്ളം ഒഴിക്കും അപ്പൊ നല്ല സുഗാ ഇങ്ങൾക്ക്‌ വേണോ മജീദ്കാക്കൂ....
വേണ്ടാ മോനെ ഞാൻ കേട്ടു അന്റെ ചൂട് വെള്ളത്തിന്റെ കഥ പിന്നേയ് എൻറെ പുതിയപെണ്ണ് പറയാണ് ഇനി മുതൽ കുട്ടികളുടെ കൂടെ കളിച്ചു നടക്കരുത് എന്ന് അതുകൊണ്ട് ഇനി ഞാൻ ഇങ്ങളെ ഒപ്പം കളിക്കാൻ വരില്ലട്ടോ...
അങ്ങനെ പറഞ്ഞ് മജീദ് അപ്പുറത്ത് നിന്നിരുന്ന ഓന്റെ പുതിയ പെണ്ണിനേം കൂട്ടി അവിടെ നിന്നും പോയി...
ദിവസങ്ങൾ കഴിഞ്ഞപ്പോൾ സുന്നത്ത് കഴിഞ്ഞത് എല്ലാം ഉണങ്ങി.... തുന്നെല്ലാം വെട്ടി...
വീണ്ടും അവര് കളിക്കാൻ പാടത്തും തൊടിയിലും ആയി കറങ്ങി നടന്നു... ഇപ്പൊ മജീദ്കാക്കൂ മാത്രം ഒന്നിനും വരില്ല... പള്ളിയിലെ ഖത്തീബ് ഉസ്താതിന്റെ ഉപദേശം ഫലിച്ചു.
സ്കൂൾ തുറന്നപ്പോൾ മജീദിന് പകരം അവർക്ക് ശത്രു ആയ കൂമൻ ജാഫർ ഉറ്റ കൂട്ടുകാരൻ ആയി മാറി...
അങ്ങനെ ഒരുദിവസം സ്കൂളിലേക്ക് പോകുന്നവഴിയിൽ ഷാബുന് മൂത്രം ഒഴിക്കാൻ മുട്ടി,അത്‌ കേട്ടപ്പോൾ ഫാസിക്കും ജാഫറിനും അതേ തോന്നൽ...
പാടേതെങ്കിൽ പാടത്തു എന്ന് പറഞ്ഞ് നിരന്ന് നിന്ന് ട്രൗസർ താഴ്ത്തി അവര് മൂത്രം ഒഴിച്ചു....
തന്റെ ഇടത്തും വലത്തും നിക്കുന്ന ഫാസിയുടെയും ജാഫറിന്റെയും സുന്നത്ത് കഴിഞ്ഞോടുത്തുക്കു നോക്കി ഷാബു പറഞ്ഞു... അന്റെ തോനെ മുറിച്ചുക്കുണ് ട്ടോ ജാഫറെ..... !
By
Ismail Oduparayil

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo