Showing posts with label RajishKumar. Show all posts
Showing posts with label RajishKumar. Show all posts

പാമ്പ്

"എടീ... അതിൽ വല്ല പാമ്പും കിടക്കുന്നുണ്ടോന്ന് നോക്ക്...!"

ഉച്ചയ്ക്ക് കിടക്ക വിരി നേരെയാക്കി ഇടുന്ന ഭാര്യയെ നോക്കി ഞാനൊരലക്കലക്കി..
തിരിച്ചെന്തേലും കേൾക്കുമ്പോഴാണല്ലോ മ്മൾക്കൊരു സുഖം..

" അതേയ്... അക്കാര്യത്തിൽ എനിക്ക് ങ്ങളെ ഒടുക്കത്തെ വിശ്വാസാ... ങ്ങളെന്തായാലും പാമ്പിനെ കൊണ്ടുവന്ന് എന്നെ കൊത്തിക്കൂല്ല...!!

ദൈവമേ...
ഇവളെവിടേലും തലയടിച്ച് വീണാ...
ഇങ്ങനെയല്ലല്ലോ പതിവ്...
ഉരുളയ്ക്ക് ഉപ്പേരിയെന്ന പോലെ കൗണ്ടർ ഡയലോഗ് വരുന്നതാണല്ലോ..?
അതിനല്ലേ ഞാനീ ഡയലോഗുകൾ ഇടയ്ക്കിടയ്ക്ക് കാച്ചുന്നത്.
ഇതെന്തു പറ്റി...
മോനേ രജീഷേ സൂക്ഷിച്ചോ...
ഇത് മാരക സോപ്പാണ്..
എന്തോ ഒരു അപകടം പതുങ്ങിയിരിപ്പുണ്ട്..

ചുരിദാർ വല്ലതും വാങ്ങാനുള്ള പുതിയ പദ്ധതിയെങ്ങാനുമുണ്ടാേ...?
എന്നെ ബോറടിപ്പിച്ച് മൂലയിലിരുത്തി, കടയിലെ തുണി മുഴുവൻ വാരി വിതറി അതും നോക്കി നില്ക്കുന്ന കലാ പരിപാടി..
ഇവൾക്കെന്ത് സുഖമാണാവോ അത് ചെയ്യുമ്പം കിട്ടുന്നത്..?
ഇതിപ്പം അതിന് ചെല്ലാനുള്ള മുൻകൂർ ഏറാവും...
ഉറപ്പ്.. അല്ലാതിങ്ങനെ പതിവില്ല..
എൻ്റെ ചാരന്മാരായ മക്കളെയാണേൽ കാണാനുമില്ല...

ചിന്തകൾ മലക്കം മറിയുകയാണ്..
ഏയ്.. അതിനും സാധ്യതയില്ലല്ലോ....?
അവളുടെ സ്ഥിരം കടയൊന്നും തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയിട്ടില്ല..
പിന്നെന്തിനായിരിക്കും...?
അവളുടെ വീട്ടിലേക്ക് പോവാൻ....?
ച്ഛേ..... ലവളുടെ വീട്ടിലാണല്ലോ ഞങ്ങളിപ്പം ഉളളത്..
പിന്നെന്താണ് ആ ഡയലോഗ്..?
പതിവിൽ വിരുദ്ധമായുളള ആ ഡയലോഗിൽ തറച്ച് ഞാൻ ശരിക്കും വീണു..
ആകെ സ്വസ്ഥത പോയി..

ഇനീപ്പം ശരിക്കും സീരിയസായി പറഞ്ഞതാവുമോ...?
അവളെ കൊല്ലാൻ പോയിട്ട്, ഒന്ന് വേദനിപ്പിക്കാൻ പോലും എന്നെ കൊണ്ട് കഴിയില്ലെന്ന വിശ്വാസം കൊണ്ട്..
അത്രയ്ക്ക് സ്നേഹവും കരുതലുമുള്ള ആളാണ് ഞാനെന്ന്..
എൻ്റെ പൊന്നോ...
മനസ് പ്രണയം കൊണ്ടു നിറഞ്ഞു..
പ്രണയത്തിൻ്റെ ആണിക്കല്ലാണല്ലോ വിശ്വാസം..

ശ്ശേ... ലപ്പം പറയണ്ടായിരുന്നു അങ്ങനെ..!
മോശായി..
അവളെ ഞാൻ മനസിലാക്കിയില്ലല്ലോ..?
ഉള്ളിലുണ്ടായ സങ്കടം മുഴുവൻ ഞാനൊരു അണകെട്ടി നിർത്തി..

രാത്രി അടുക്കള തിരക്കൊക്കെ കഴിഞ്ഞ് വന്ന് കിടന്നപ്പോൾ ഞാനവളെ എൻ്റെ നെഞ്ചോട് ചേർത്തു പിടിച്ചു...

''ഡീ... ഉച്ചയ്ക്കത്തെ പാമ്പ് ഡയലോഗിൻ്റെ മറുപടീണ്ടല്ലോ... അത് കലക്കി ട്ടോ... "

"നിങ്ങളത് ഇതുവരെ വിട്ടില്ലേ...?"

"അതെന്താ നീയപ്പം അങ്ങനെ മറുപടി പറഞ്ഞത്...?"

അവളുടെ വായിൽ നിന്ന് തന്നെ അത് കേൾക്കാൻ എനിക്ക് ഒടുക്കത്തെ കൊതി...ധൃതി...
എന്തൊക്കെയാവും ലെവൾ പറയുക..
ആകെ ആകാംക്ഷയായി....
അവൾ മനസിലാക്കിയ എന്നെ പറ്റി അവളിപ്പം പറയും...
എൻ്റെ സ്നേഹം, കെയറിംഗ്.. തുടങ്ങി ഒക്കെ..
ന്നിട്ട് വേണം ഞാൻ വല്യ സംഭവമാണെന്ന രീതിയിൽ നെഞ്ചും വിരിച്ച് നിൽക്കാൻ..
ഓഹ്... യെന്തൊരു മൊമൻ്റാപ്പാ യിത്..?
രോമം വരെ എണീറ്റ് നിന്നോന്നൊരു സംശ്യം..
അവളെ ഞാൻ ഒന്നും കൂടി ബലമായ് എന്നോട് ചേർത്തു പിടിച്ചു..

"എൻ്റെ മനുഷ്യാ... അങ്ങനത്തെ ഒരു പാമ്പിനെ മേടിക്കാനേ രൂപാ പതിനായിരം എണ്ണിക്കൊടുക്കണം... എനിക്ക് വേണ്ടീറ്റാന്ന് പറഞ്ഞാൽ പതിനായിരം പോയിട്ട് പത്ത് ചില്ലിക്കാശ് പോലും നിങ്ങളടുത്ത് എടുക്കാനുണ്ടാവില്ലെന്ന് എനിക്കുറപ്പല്ലേ...?"

പ്ലിംഗ്...!
ശരിയാണല്ലോ...
ഹാവൂ...ഇപ്പഴാ ശരിക്കും മനസ്സമാധാനമായത്..
ഞാൻ വിചാരിച്ച് നിനക്കെന്തോ കാര്യായിട്ട് പറ്റിയെന്ന്..

അല്ലേലും കൊണ്ടും കൊടുത്തും കൊമ്പുകോർത്തും ഇടുന്ന ഡയലോഗുകളുടെ ത്രില്ലും രസോം ഒന്നും ഈ പൈങ്കിളി ഡയലോഗുകൾക്കില്ല...!!

ലബ് യൂ ഡീ..


By: Rajish Kumar

കലാപരിപാടി

Image may contain: Rajish Kumar, smiling, selfie, closeup and indoor

ദു:സ്വപ്നങ്ങൾ കണ്ട് നട്ടപാതിരയ്ക്ക് എണീറ്റ് നിലവിളിക്കലാണ് മോന്റെ പുതിയ കലാപരിപാടി...
ഉടൻ വന്നു അമ്മയുടെ ഒരു സൈക്കളോജിക്കൽ മൂവ്...
അമ്പലത്തിൽ നിന്നും ഒരു മന്ത്രചരട് വാങ്ങി അവന്റെ കൈയ്യിൽ കെട്ടി.
ഇനി പേടി സ്വപ്നം കാണില്ലെന്ന ഉറപ്പും നൽകി..
ദക്ഷിണ കൊടുത്തത് കുറഞ്ഞോണ്ടാവും രണ്ടീസമേ കിട്ടിയുള്ളൂ..
അപ്പഴത്തേക്കും അതിന്റെ വാറണ്ടി ഗാരണ്ടീം ഒക്കെ തിർന്നു..
പിന്നേം തുടങ്ങി പേടി സ്വപ്നങ്ങൾ..
അല്ലേലും ദൈവങ്ങളൊക്കെ ഇപ്പം ആയിരങ്ങൾ കൊടുക്കുന്നവരുടെ കൂടെയാണല്ലോ..
കാടുകളിൽ ഒറ്റപ്പെട്ടതും...,
ക്രൂര മൃഗങ്ങൾക്കിടയിൽ പെട്ടതും...,
കൊള്ളക്കാർ തട്ടിക്കൊണ്ട് പോയതും..,
ഇരുട്ട് ഗുഹയിൽ പെട്ടതുമായ ഭീകര ഭീകര സ്വപ്നങ്ങൾ..
നല്ല ഭാവനയുള്ളവരാണത്രേ ഇത്തരം സ്വപ്നങ്ങൾ കാണുക.
രാവിലെ ഒരു സിനിമ പോലെ അവൻ സ്വപ്നങ്ങളുടെ കഥ പറയും.
ഞങ്ങൾ കേട്ടിരിക്കും..
ഓരോ ദിവസം ഓരോ കഥ..
നമുക്ക് നല്ല രസം..
ഒരു ദിവസം രാവിലെ കക്ഷി എണീറ്റ് വന്ന് പതിവ് പോലെ പറഞ്ഞു..
"ഇന്നലേം പേടി സ്വപ്നം കണ്ടച്ഛാ..."
" ആലത്തൂർ വീര ഹനുമാനെ..
പേടി സ്വപ്നം കാട്ടരുതേ.... "
ന്ന് പ്രാർത്ഥിച്ചില്ലേ ??"
--അവന്റമ്മ ഇടപ്പെട്ടു..
" പ്രാർത്ഥിച്ചാ കിടന്നത്.."
ദൈവം ചതിച്ചതിൽ അവന് സങ്കടായി.
അല്ലേലും തൃശൂരൊക്കെ ഹനുമാന് റേഞ്ച് കുറവാന്നാ തോന്നുന്നേ..
"എന്താ കണ്ടത്...? പറ..! "
കഥ മ്മക്ക് പണ്ടേ വീക്ക്നെസാണല്ലോ..?
ഞാനും പണ്ട് സ്വപ്നങ്ങൾ കാണുമായിരുന്നു...
പക്ഷെ ലെവനെ പോലെ ഓർത്തെടുക്കാൻ കഴിയുമായിരുന്നില്ല..
യിവനാണേൽ സിനിമാക്കഥ പോലെ പറയും..
"അച്ഛാ... ഞാൻ കിണറ്റിന്റടുത്ത് നിൽക്കുകയായിരുന്നു.. "
"ആ... പഷ്ട്..!
അപ്പം കിണറ്റിൽ വീണ് കാണും..
നിനക്കൊരു ശ്രദ്ധയുമില്ലല്ലോ...?
ചാടിക്കളിയല്ലേ എപ്പഴും..
ഇതാ പറഞ്ഞാകേൾക്കണമെന്ന് ഞങ്ങൾ പറയുന്നത്..."
അവന്റമ്മ ഗൂഗിളാണ്.
ഒരിക്കലും മുഴുവൻ പറയാൻ സമ്മതിക്കില്ല..
ഊഹിച്ച് പറഞ്ഞോണ്ടിരിക്കും..
" എന്നിട്ട് "
" എന്റെ കൈയ്യിൽ ഒരു ചോക്കോബാറുണ്ടായിരുന്നു."
"എന്നാൽ കഴിഞ്ഞ്...
ഐസ് ക്രീം കിട്ടിയാൽ പിന്നെ ചുറ്റുമെന്താന്ന് നീ അറിയില്ലല്ലോ..?
കാല് തെറ്റി വീണതാവും തീർച്ച.. "
-ഗൂഗിൾ.
"ബാക്കി പറ..."
"അവസാനം ചോക്കോ ബാറിന്റെ ഒരു കഷ്ണം മാത്രം സ്റ്റിക്കിൽ.. "
ഗൂഗിൾ ഇടപെടാൻ നോക്കി..
ഞാൻ ഒരു നോട്ടം കൊണ്ട് ബ്രൗസർ തന്നെ ക്ലോസ് ചെയ്തു..
"അപ്പം ല്ലേ അച്ഛാ...
ആ കഷ്ണം കിണറ്റിലേക്ക് വീണു.. "
"ഓഹ്... ഇത്രേയുള്ളൂ.. "
ഗൂഗിൾ സമാധാനപ്പെട്ടു.
എന്റെ നെഞ്ച് കലങ്ങി..!
എനിക്കാ അവസ്ഥ ആലോചിക്കാൻ വയ്യ..!
എന്ത് മാത്രം പ്രതീക്ഷയായിരിക്കും ആ കഷ്ണത്തിൽ...
എനിക്ക് പറ്റീട്ടുണ്ട്..
വല്ലാത്ത നിരാശയാവും..
കഴിച്ചതിന് ഒരു പൂർണ്ണത കിട്ടില്ല..
വായിലൂറിയ വെള്ളം അവതാര ലക്ഷ്യം നിർവ്വഹിപ്പിക്കാനാവാതെ ഇറക്കേണ്ടി വരും..
പ്ലേറ്റിൽ അവസാനം വരെ കരുതി വെച്ച ചിക്കൻ കഷ്ണം ആരേലും എടുത്ത് തിന്ന അനുഭവം ഉള്ളോർക്ക് ഇത് ചിലപ്പം മനസ്സിലാവും..
ജീവിതത്തിന്റെ എല്ലാ സുഖങ്ങളും അവസാനത്തെ കഷ്ണത്തിലേക്ക് സ്വരുക്കൂട്ടി വെച്ച് ജീവിക്കുന്ന എന്നെ പോലുള്ളവർക്ക് ആ കഷ്ണം നഷ്ടപ്പെടുന്ന വേദന നന്നായി മനസിലാവും...
ഇതുപോലൊരു ഭീകര സ്വപ്നം വേറെയില്ല..!!

By: RajishKumar

പ്രണയ മധുരമീ കാരക്കകൾ..!

Image may contain: Rajish Kumar, standing, tree and outdoor

8 മണിക്ക് പാർസൽ സർവ്വീസ് ഷോപ്പ് അടയ്ക്കും.
അതിന് മുൻപ് ടൗണിൽ എത്തണം.
ആദ്യം കണ്ട ബസിൽ തന്നെ ഓടി കേറി.
തിരക്ക് കുറവാണ്. ഭാഗ്യത്തിന് സീറ്റും കിട്ടി.
"മാസപ്പിറവി കണ്ടു..
നാളെ മുതൽ നോമ്പ് തുടങ്ങും."
ബസിൽ ആരോ പറയുന്നു..
റംസാൻ പിറവി എനിക്ക് അവളാണ്.
അവളുടെ വറ്റാത്ത, തെളിഞ്ഞ ഓർമ്മകളാണ്.
വർഷങ്ങൾക്ക് മുമ്പുള്ള ഇതേ ദിവസം..
അന്ന് മാസപ്പിറവി അറിഞ്ഞപ്പോൾ വലിയ ടെൻഷനായിരുന്നു.
പിറ്റേന്ന് തൊട്ട് റംസാനായതിനാല്‍
അവളെ കാണാൻ കിട്ടില്ല..
സമയം 7 മണി കഴിഞ്ഞിരിക്കുന്നു..
എന്തെങ്കിലും കാരണം പറഞ്ഞ് അവളുടെ വീട്ടിലേക്ക് പോയേ പറ്റൂ...
ഒന്നുമാലോചിച്ചില്ല..
അങ്ങ് പോയി.
കോളിംഗ് ബെൽ അടിച്ചു...
ഭാഗ്യം അവൾ തന്നെ വാതിൽ തുറന്നു..
കൗമാരത്തിന്റെ ധൈര്യം വല്ലാത്തത് തന്നെ..!
അവളുടെ ഉപ്പയാണ് വാതിൽ തുറന്നെതെങ്കിൽ എന്ത് പറയണമെന്ന് പോലും ഓർത്ത് വെക്കാതെയാണ് ചെന്നത്...
അവളുടെ കണ്ണുകൾ അത്ഭുതത്താൽ വിടർന്നിരിക്കുന്നു..
കൈയ്യിലുള്ള കാരക്കാപ്പൊതി അവളുടെ നേരെ നീട്ടി..
"ഇതെന്റെ സമ്മാനമാണ് ...
നീ ഈ കാരക്കകൾ കൊണ്ട് നിന്റെ എല്ലാ നോമ്പും തുറക്കണം...
ഇതിനൊരു പ്രത്യേകതയുണ്ട്..
അത് പിന്നീട് പറയാം.. "
അവൾ ആ പൊതി തട്ടത്തിന്റെ ഉള്ളിലേക്ക് പൊതിഞ്ഞ് ഒതുക്കി.
"ഞാൻ പോട്ടെ"
കണ്ണുകൾകൊണ്ടാണ് ചോദിച്ചത്...
അവൾ തലയാട്ടി.
അകത്ത് നിന്നും ചോദ്യങ്ങൾ വരുന്നതിന് മുമ്പെ പടികൾ ഇറങ്ങി ഞാനോടി...
അവളെന്തായിരിക്കും പറഞ്ഞിരിക്കുക..
നുണ പറയാൻ അവൾക്ക് ഒട്ടും വശമില്ലാത്തതുമാണ്...
അവധിയായതിനാൽ അവളെ ഇനി കാണാൻ കിട്ടില്ല.
വൈകുന്നേരങ്ങൾ ഇനി നോമ്പുതുറയ്‌ക്കു ഭക്ഷണമൊരുക്കലിലാവും...
വീട്ടിലേക്ക് വരുന്ന പതിവും ഇനിയുണ്ടാവാൻ സാധ്യതയില്ല...
പറയണം... കൊടുത്ത സമ്മാനത്തിന്റെ വിശേഷം പറയണം..
പറഞ്ഞാൽ അത് പൈങ്കിളിയാവുമോ ?
ആകെയൊരു ചമ്മൽ...
പ്രണയമാണെന്ന് രണ്ട് പേർക്കുമറിയാം.
കണ്ണുകൾ പണ്ടേ പറഞ്ഞതാണ്...
ശരീരവും...
പക്ഷെ, ഒരേയൊരു പ്രശ്നം മാത്രം..
ജനിച്ച മതങ്ങൾ മാത്രം വ്യത്യസ്തമായിപ്പോയി.....
വാങ്ങിയ കാരക്കകൾ ഓരോന്നായി ചുംബിച്ച് പാക്ക് ചെയ്ത് കൊടുക്കാനുള്ള ഐഡിയ തോന്നിയത് വൈകുന്നേരമാണ്..
മാസപ്പിറവി നാളെയാകുമെന്ന് കരുതി ഒന്നു അമാന്തിച്ചു.
ധൃതിയിൽ ആണ് എത്തിച്ചത്.. പറയാൻ കഴിഞ്ഞുമില്ല... തോന്നിയുമില്ല..
രഹസ്യം അറിയുവാൻ, എന്തെങ്കിലും കാരണം പറഞ്ഞ് അവൾ പിറ്റേന്ന് എത്തും..
മനസ്സ് പറയുന്നു.. അതായിരുന്നു പ്രതീക്ഷയും...
പറഞ്ഞത് പോലെ പിറ്റേന്ന് ഉച്ച കഴിഞ്ഞപ്പോൾ അവൾ എത്തി.
വാഴയിലകൾ വേണം....
ഞാനും ഇറങ്ങി...
പറമ്പിലെ വാഴകൾ കാട് പോലെയാണ്...
അതിലേക്ക് ഇറങ്ങും മുമ്പ് അവൾ ഓർമ്മപ്പെടുത്തി...
"എനിക്ക് നോമ്പാണ് "
അതിൽ പലതുമുണ്ട്.
"ഉം "
ഞാനൊന്ന് ഇരുത്തി മൂളി.
വാഴത്തോട്ടത്തിൽ വെച്ച് കാരക്കയുടെ രഹസ്യം പെട്ടെന്ന് പറഞ്ഞു തീർത്തു.
അവൾ മൂളി കേട്ടു .അപ്പഴേക്കും അമ്മയും എത്തി സഹായിക്കാൻ..
പിന്നീട് ഒന്നും പറയാൻ കഴിഞ്ഞില്ല.
അവളുടെ മറുപടിയും പ്രതികരണവും അറിഞ്ഞതുമില്ല.
എനിക്ക് മതാചാരങ്ങൾ വല്യ വശമില്ല..
ഇത്തരം കാരക്കകൾ നോമ്പു തുറക്കാനുപയോഗിക്കാമോ..?
ഉള്ളിൽ ഭയമായി..
മതം കഴിഞ്ഞേ മനുഷ്യന് എന്തുമുള്ളൂ...
ഇത് കൊണ്ട് നോമ്പ് തുറന്നാൽ നോമ്പ് മുറിയുമോ ?
മതവിരുദ്ധമാവുമോ എന്റെ ഇഷ്ടം ?
വല്ലാത്ത ആശങ്കകൾ..
മറുപടി അറിയാൻ സമയം കിട്ടിയതുമില്ല.
ദിവസങ്ങൾ കഴിയിന്നു..
അവളെ കാണാൻ കിട്ടുന്നില്ല.
വൈകുന്നേരം കളി കഴിഞ്ഞ് വന്നപ്പം അമ്മ പറഞ്ഞു..
അന്നെല്ലാവർക്കും ഭക്ഷണം അവളുടെ വീട്ടിലാണെന്ന്.
അവൾ നോമ്പ് തുറ വിളിക്കാൻ വന്നത്രേ...
കളിക്കാൻ പോകാൻ തോന്നിയ നിമിഷത്തെ ഞാൻ ശപിച്ചു..
സന്ധ്യയായപ്പം അവളുടെ വീട്ടിലെത്തി..
എല്ലാവരുമുണ്ട്.
ഒരു കാര്യവും പറയാൻ പറ്റില്ല.
ഞങ്ങൾ മേശക്ക് ചുറ്റും ഇരുന്നു.
പാത്രങ്ങൾ നിരന്നു.
അവളുടെ ഉമ്മ കാരക്കകൾ നിരത്താൻ തുടങ്ങി.
എന്റെ പ്ലേറ്റിലും അവളുടെ പ്ലേറ്റിലും കാരക്കകൾ നിരന്നു.
അപ്പം ഞാൻ നൽകിയ കാരക്കകൾ ?
ഇത്രയും ആൾക്കാർക്കിടയിൽ നിന്ന് അവളുടെ മുഖം വായിച്ചെടുക്കാൻ പ്രയാസമാണ്..
കാര്യങ്ങൾ കൈവിട്ട് പോയി.
ഞാൻ കഷ്ടപ്പെട്ട് ഇല്ലാത്ത പണമുണ്ടാക്കി വാങ്ങി നൽകിയ കാരക്കകൾ എവിടെയോ കിടന്ന് പൂപ്പൽ പിടിക്കുന്നു..
എന്റെ വാക്കുകൾക്ക് ഒരു വിലയും കൊടുക്കാതെ അവൾ മറ്റ് കാരക്കകൾ കൊണ്ട് നോമ്പ് തുറക്കുന്നു.
നെഞ്ചിൽ വല്ലാത്തൊരു കനം...
എന്റ വാക്കിന് വിലയില്ലാതെ പോയതാണ് വല്ലാതെ വേദനിപ്പിക്കുന്നത്...
അവഗണനയാണല്ലോ പ്രണയത്തിൽ ഏറ്റവും സഹിക്കാൻ പറ്റാത്തത്....
ഞാൻ ചിന്തിച്ച് കൂട്ടിയത് മുഴുവൻ ശരിയാണ്....
മതം കഴിഞ്ഞേ അവൾക്ക് ഞാനുമുള്ളൂ...
കണ്ണ് നിറയും പോലെ...
ഇറങ്ങി പോരാന്നാണ് തോന്നിയത്..
അവളുടെ മുഖത്ത് നോക്കാതെ പ്ലേറ്റിലെ കാരക്കയിൽ തുറിച്ച് നോക്കി ഞാനിരുന്നു.

അവൾക്ക് കാര്യം മനസ്സിലായോ ?
കാലിൽ ആരോ ചവിട്ടുന്നു. ഞാൻ നോക്കി.
അവൾ ആരും കാണാതെ അവളുടെ ചുരുട്ടി പിടിച്ച വലതു കൈയിലെ വെളുത്ത് മെലിഞ്ഞ വിരലുകൾ രണ്ടെണ്ണം തുറന്ന് കാണിച്ചു.
അതിനുള്ളിൽ ഞാൻ കൊടുത്ത കാരക്ക ഒട്ടിയിരിക്കുന്നു..
എത്ര കഷ്ടപ്പെട്ടാണ് അവൾ എന്റെ ആഗ്രഹം സാധിച്ച് തരുന്നത്..
മനസ്സിൽ വല്ലാത്ത സന്തോഷം..
ലോകം കീഴടക്കിയ പോലെ...
ആ സന്തോഷം ബാങ്ക് വിളിയിൽ ലയിച്ച് ചേർന്നു..
എല്ലാരും കഴിക്കാൻ തുടങ്ങി.
അവൾ കാരക്ക അവളുടെ ചുണ്ടിനോട് ചേർത്ത് പിടിച്ച് ഒരു കള്ള ചിരി ചിരിച്ചു.. ...
എന്റെ ചുംബനം അവളുടെ ചുണ്ടിലേക്ക് പടരുന്നതും നോക്കി ഞാനിരുന്നു..
പ്രണയസാക്ഷാൽക്കാരം വിവാഹം മാത്രമാണ് എന്നൊരു ചിന്ത ഞങ്ങൾ രണ്ട് പേർക്കും അന്നുണ്ടായിരുന്നില്ല..
ഒരു പക്ഷെ , ഒരു ഹിന്ദു മുസ്ലീം വിവാഹം ഈ സമൂഹത്തിൽ അസാധ്യമാണെന്ന തോന്നലാവാം കാരണം.
ഒരിക്കലും സ്വന്തമാവില്ലെന്ന് കരുതി കൊണ്ടുള്ള പ്രണയം...
അതാണ് ആ പ്രണയത്തെ ഉത്സവമാക്കിയത്..
പിരിയുമെന്ന് ഉറപ്പിച്ച് ഒരു പരിധിയുമില്ലാതെ സ്നേഹിക്കുക.. അതായിരുന്നു അവൾ....
മരിക്കുംവരെ മറക്കരുതെന്ന് പറഞ്ഞ് അവൾ പകർന്ന് നൽകിയ എത്ര നിമിഷങ്ങൾ....
എല്ലാം ഞാൻ മറന്ന് തുടങ്ങിയോ ?
ഇല്ല....!
റംസാൻ പിറക്കുമ്പം, മാസപ്പിറവി എന്ന് കേൾക്കുമ്പം അവൾ കാരക്കയുമായ് ചിരിച്ചു കൊണ്ട് മനസ്സിൽ ഓടിയെത്താറുണ്ട് ...
ഞാൻ സന്തോഷത്തോടെ ഇരിക്കുക അതായിരന്നു അവളുടെ ജന്മ ലക്ഷ്യം...
നോമ്പ് തുറയ്ക്ക് അവൾ മറ്റു വീട്ടിലേക്ക് പോകുമ്പോൾ ഒളിച്ച് കടത്തുന്ന എന്റെ കാരക്കകളുടെ പൊതി വഴിവക്കിൽ വെച്ച് ആരും കാണാതെ എന്നെ കാണിച്ചത് എന്നെ സന്തോഷം കൊണ്ട് നിറയ്ക്കാനായിരുന്നു.
കടുംബശ്രീയിലുള്ള ഒരു ചെറിയ വഴക്കാണ് ഞങ്ങളുടെ കുടുംബത്തെ അകത്തിയത്.
അതിന് ശേഷം അവളുടെ വിശേഷങ്ങൾ അറിഞ്ഞിട്ടില്ല.
വിവാഹ ശേഷം ബാഗ്ലൂരാണെന്നും നല്ല ജോലിയാണെന്നും അറിഞ്ഞു.
ഇടയ്ക്ക് വിദേശത്ത് പോയെന്നും..
ഞാനെന്തേ അവളെ പറ്റി ചിന്തിക്കാതെ പോയത് ?
കാലം അവളെ മാറ്റിയിരിക്കും ..
പഴയ കാരക്ക പ്രണയം അവൾ മറന്നു കാണും..
അതിന് ശേഷം എത്ര കാരക്കകൾ കൊണ്ട് അവൾ നോമ്പ് തുറന്ന് കാണും ?
ലോകത്തെ ഏറ്റവും മുന്തിയ കാരക്കകൾ വാങ്ങുവാൻ ഒരു വിഷമവുമില്ലാത്ത സാമ്പത്തിക സ്ഥിതിയും..
സ്വസ്ഥമായ കുടുംബ ജീവിതമാവും..
കുട്ടികൾ.....?
ഒന്നുമെനിക്കറിയില്ല... അറിയാൻ ശ്രമിച്ചില്ല.
FB യിലോ വാട്സ് ആപ്പിലോ എന്തിലെങ്കിലും അവളുണ്ടോയെന്ന് ഞാൻ തിരഞ്ഞില്ല.
അവൾ ഞാൻ തന്നെയായിരുന്നില്ലേ...?
എന്നിട്ടും ഞാൻ....!
ഒരു പക്ഷെ, ഇനി ബന്ധപ്പെടുന്നത് അവർക്കിഷ്ടമായിരിക്കില്ല.
കുടുംബവുമായുള്ള സ്വസ്ഥജീവിതമായിരിക്കും.
ഒരു സാധ്യത പോലും തിരക്കാതെ ഞാനെന്താണിങ്ങനെ ?
ബസ് ടൗണിൽ എത്തിയിരിക്കുന്നു.
പലതും ചിന്തിച്ചിരുന്നു സമയം പോയതറിഞ്ഞില്ല.
ഇറങ്ങി പാർസൽ കടയിലെത്തി.
വിവരങ്ങൾ പറഞ്ഞു.
"എവിടുന്നാ പാർസൽ ? "
"ഫ്രം അഡ്രസ്സില്ല "
പൊതി വാങ്ങി ഇറങ്ങി.
താഴേക്ക് പടിയിറങ്ങുമ്പോൾ ചെറിയ വെളിച്ചത്തിൽ ഞാൻ പൊതി തുറന്നു.
കാരക്കകൾ.....!!!!!
മനസ്സൊന്നു പിടഞ്ഞു.
ഒരിക്കലും മാറാൻ സാധ്യതയില്ലാത്ത എന്റെ അഡ്രസ്..
അതിൽ ഞാനുണ്ടാവുമെന്ന് അവൾക്ക് ഉറപ്പാണ്.
അവൾ മറന്നിട്ടില്ല.
മാസപ്പിറവി കണ്ട ഇന്നുതന്നെ കിട്ടത്തക്കവിധം എത്ര കൃത്യമായാണ് അവൾ അയച്ചത്.
മൊബൈൽ വെളിച്ചത്തിൽ വല്ല എഴുത്തുമുണ്ടോയെന്ന് തിരഞ്ഞു.
"ലോകത്തിലെ ഏറ്റവും മുന്തിയ കാരക്കകളാണിത്. പക്ഷെ ഇതിന് ഞാൻ പണ്ട് നോമ്പ് തുറന്ന കാരക്കകളുടെ മധുരമില്ല !."
പേപ്പർ തിരിച്ചും മറിച്ചും നോക്കി.
മറ്റൊന്നുമില്ല.
ഇതും അവൾ എന്നെ സന്തോഷിപ്പിക്കാൻ ചെയ്തതാണ്..
പക്ഷെ ആദ്യമായി..
എന്റെ ജീവിതത്തിൽ ആദ്യമായി അവൾ ചെയ്തത് എന്നെ സന്തോഷിപ്പിച്ചില്ല..
അവളെ ഞാൻ നഷ്ടപ്പെടുത്തിയതോർത്തെന്റെ കണ്ണുകൾ നിറഞ്ഞു....
എന്റെ കണ്ണുനീരിൽ കാരക്കകൾ നനഞ്ഞു..
ഞാനതിൽ നിന്നൊന്നെടുത്ത് എന്റെ ചുണ്ടോട് ചേർത്തു പിടിച്ചു.
അവളുടെ ചുംബനം എന്റെ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങി..

By: 

ഫസ്റ്റ് റാങ്ക്

Image may contain: 1 person, smiling, ocean, outdoor and water

"സാറെന്നെ വെറുമൊരു പെൺശരീരമായാണ് കാണുന്നത് അല്ലേ...?"
ആഴത്തിൽ തന്നെ ആ ചോദ്യം തുളച്ച് കയറി...
ഞാനാകെ തളർന്ന് പോയി..
വാക്കുകൾ കൊണ്ട് ഒന്നും വിശദീരിക്കാനാവാതെ ഞാൻ നിശ്ശബ്ദനായി..
ഒരു വർഷത്തെ എന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇന്ന് വന്ന റിസൾട്ട്...
ഒന്നും രണ്ടും റാങ്കുകൾ സ്വന്തം വിദ്യാർത്ഥികൾക്കാണെന്നറിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ഉച്ചമുതൽ..
പത്രക്കാർ, ചാനലുകാർ എല്ലാവരുടേയും മുന്നിൽ നായകനായിന്ന് വിലസി...
അധ്യാപന ജീവിതത്തിലെ തന്നെ ഒരിക്കലും മറക്കാനാവാത്തത്ര വലിയ വിജയം കൈവരിച്ച ദിനം..
ഒരുപാട് കോളുകൾ...
ഇതുവരെ അറിയാത്തവർ, കാണാത്തവർ എത്ര പേരാണ് എന്നെ ഇന്ന് അഭിനന്ദിച്ചത്..
എല്ലാവരോടും സ്നേഹ പുരസരം മറുപടി പറയുന്നതിനിടയിലാണ് രേഖയുടെ അച്ഛന്റെ കോൾ വന്നത്..
രേഖയെ ഒന്നാം റാങ്ക് വാങ്ങാൻ പ്രാപ്തയാക്കിതിന്റെ നന്ദി വാക്കുകളും, അഭിനനന്ദനങ്ങളും ഏറ്റുവാങ്ങാൻ തയ്യാറായി ഞാൻ ഫോണെടുത്തു..
പക്ഷെ,, അപ്പുറത്തെ ശബ്ദത്തിൽ ഒരു വിറയൽ....
'' മാഷെ... അവൾ ഒന്നും മിണ്ടുന്നില്ല... !!
ഉച്ചയ്ക്ക് കണ്ട സന്തോഷമൊന്നും ഇപ്പം അവൾക്കില്ല... !
ആരോടും മിണ്ടുന്നില്ല...
ദേഷ്യം മാത്രം...
ഞങ്ങൾ നോക്കീട്ട് ഒന്നും നടക്കുന്നില്ല..
അവൾക്ക് ഞങ്ങളേക്കാൾ കാര്യം മാഷെയല്ലേ..?
മാഷൊന്ന് സംസാരിക്കണം..
ന്നാലേ ശരിയാകൂ....
ഞങ്ങൾക്ക് അവളെയിങ്ങനെ കാണാൻ വയ്യ.. "
വാക്കുകൾ ഇടറി രാഘവേട്ടൻ ഫോൺ വെച്ചു..
ഒന്നും മനസ്സിലാവുന്നില്ല...
എത്ര സന്തോഷത്തിലായിരുന്നു അവളിന്ന് ഉച്ചമുതൽ..
അവസാനം സ്വീകരണ യോഗം വരെ അവൾ സന്തുഷ്ടയായിരുന്നു.
രണ്ടാം റാങ്ക് നേടിയ അരുണിന് 11 മാർക്കിനാണേലും ഒന്നാം സ്ഥാനം നഷ്ടപ്പെട്ടതിന്റെ ഒരു വിഷമം മുഖത്തുണ്ടായിരുന്നോ എന്ന് ഞാൻ സംശയിച്ചിരുന്നു..
അവൻ തളരാതിരിക്കാൻ ഞാനൊന്ന് താങ്ങിയിരുന്നോ ആവോ..
നല്ല സുഹൃത്തുക്കളാണേലും ആരോഗ്യപരമായ ഒരു മത്സരം എപ്പോഴുമവർ കാത്ത് സൂക്ഷിച്ചിരുന്നു...
ഒരു പരിധി വരെ ഞാനത് പ്രോത്സാഹിപ്പിക്കയും ചെയ്തു.
അവൻ പറഞ്ഞതു പോലും അവൾക്ക് തന്നെയാണ് കിട്ടേണ്ടതെന്നാണ്.. അർഹിക്കുന്ന വിജയമാണവളുടേതെന്ന്...
ഇവൾക്കെന്താണ് പറ്റിയത്...?
വിളിച്ച് വിളിച്ച് ചാർജ് തീരാറായ ഫോൺ ചാർജിംഗിൽ കുത്തി ഞാനവളെ വിളിച്ചു..
ആദ്യ രണ്ട് റിംഗിൽ ചാടി ഫോണെടുക്കാറുള്ള അവൾ റിംഗ് പൂർത്തിയായിട്ടും എടുത്തില്ല..
വാശി വന്നാൽ അവൾ അങ്ങനെയാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്...
പക്ഷെ ഇതുവരെ എന്റെ കോൾ എടുക്കാതിരുന്നിട്ടില്ല...
കാര്യമായ എന്തോ പ്രശ്നമുണ്ട്..
പെട്ടെന്ന് വണ്ടിയെടുത്ത് അവളുടെ വീട്ടിലേക്ക് വിട്ടു..
സന്തോഷം കൊണ്ട് ഉത്സവമാവേണ്ട ആ വീട് ഒരു മരണവീട് പോലെ ആയിരിക്കുന്നു...
മുറ്റത്ത് തന്നെ കാത്തിരിക്കയാണ് രാഘവേട്ടൻ..
ഓടി വന്ന് എന്റെ കൈകൾ രണ്ടും നെഞ്ചോട് ചേർത്ത് പിടിച്ച് പറഞ്ഞു..
"മാഷേ... ന്റെ മോള്...."
ആ കരച്ചിൽ ഒരാർത്തനാദമായ് വീട്ടിലെ സ്ത്രീകളിലേക്ക് പകർന്നു...
"രേഖയെവിടെ...?"
"റൂമിലുണ്ട്.. ആരോടും മിണ്ടാതെ അവിടെ ഇരിക്കുന്നുണ്ട്.. "
ഞാൻ റൂമിന്റെടുത്തെത്തി..
ഇന്നിതുവരെ എനിക്കുണ്ടായിരുന്ന സന്തോഷങ്ങൾ മുഴുവൻ എവിടെയോ പോയ്മറഞ്ഞു.
"രേഖേ... "
വാതിലിന് മുട്ടി പതിഞ്ഞ സ്വരത്തിൽ ഞാൻ വിളിച്ചു..
അവൾ വിളി കേൾക്കുന്നില്ല...
" എന്താ നിനക്ക് പറ്റിയത്... ?
നിന്റെ മാഷാ ചോദിക്കുന്നത് നീ പറ...!"
വാതിൽ തുറന്നു...
കരഞ്ഞ് കലങ്ങിയ കണ്ണുകളും അഴിച്ചിട്ട മുടികളുമായി അവൾ വന്നു..
ഞാനിതുവരെ ഇങ്ങനെ അവളെ കണ്ടിട്ടില്ല...
കണ്ണുനീർ ഇപ്പഴും ഒഴുകുന്നുണ്ട്...
ഞാൻ അവളെയും കൊണ്ട് അകത്തേക്ക് കയറി..
"എന്താ പറ്റിയത്...?
ഇന്ന് നിന്റെ ദിവസമല്ലേ...?
നീ എല്ലാം മറന്ന് സന്തോഷിക്കുകയല്ലേ വേണ്ടത് "
ഞാനവളുടെ ചുമലിൽ കൈവെച്ചു..
അവളത് ശക്തമായ് തട്ടിമാറ്റി.
അവൾ രൂക്ഷമായ് എന്റെ മുഖത്തേയ്ക്ക് നോക്കി...
എനിക്ക് അങ്ങോട്ട് നോക്കാൻ കഴിയുന്നില്ല.. അത്രയ്ക്ക് തീക്ഷ്ണമാണത്..
കണ്ണുനീർ തുടച്ച് കൊണ്ടവൾ ചോദിച്ചു.
"എനിക്കല്ലേ മാഷേ ഫസ്റ്റ് റാങ്ക്...?
അരുണിനല്ലല്ലോ...?
എന്നിട്ട് മാഷെന്താ ആ സ്വീകരണ യോഗത്തിൽ, എല്ലാരേം മുന്നിൽ ആ അരുണിനെ മാത്രം ചേർത്ത് പിടിച്ചത്...?
എന്നെയും ഒരു വശത്ത് ചേർത്ത് പിടിച്ചുകൂടായിരുന്നോ..?
എല്ലാരുടേം മുന്നിൽ മാഷുടെ കുട്ടിയായി, ആ ചിറകിനടിയിൽ അഭിമാനത്തോടെ എനിക്കൊന്ന് നിന്ന് കൂടായിരുന്നോ...?
ആ ഒരു ചേർത്ത് പിടിക്കൽ മാത്രം മതിയായിരുന്നല്ലോ എനിക്ക്...!
അതിന് വേണ്ടിയല്ലേ ഞാനിത്രയും കഷ്ടപ്പെട്ടത്..
എനിക്ക് എന്റെ മാഷിന്റെ അംഗീകാരം മതിയായിരുന്നു.."
ശരിയാണ്..
യോഗത്തിൽ ഞാനവനെമാത്രമാണ് ചേർത്ത് പിടിച്ചത്..
ഇതിനാണോ ഇവൾക്ക് ഇത്രയ്ക്ക് വിഷമം...!
കുട്ടികൾ എന്തൊക്കെ ചെറിയ കാര്യങ്ങളാണ് ശ്രദ്ധിക്കുന്നത്..
ഇതിൽ എന്താണിത്ര വിഷമിക്കാൻ..
ഒരു ചേർത്ത് പിടിക്കലിൽ എന്താണ് ഒരാൾക്ക് കിട്ടുന്നത്..
എന്റെ യുക്തിചിന്ത ഉണർന്നു..
അത് പണ്ടേ എന്റെ ശത്രുവാണ്..
അല്ല... അതല്ല..
അവനെ അംഗീകരിക്കാൻ അവനെ ചേർത്ത് പിടിക്കാൻ എനിക്ക് തോന്നിയെങ്കിൽ അതിൽ എന്തോ ഉണ്ട്..
അവൾ പറഞ്ഞതിൽ സത്യമില്ലേ.. ?
ഞാനവളെയായിരുന്നില്ലേ ചേർത്ത് പിടിക്കേണ്ടിയിരുന്നത്..
എന്താണ് ഞാനങ്ങനെ ചെയ്യാതെ പോയത്..?
ഒരു ചേർത്ത് പിടിക്കലിൽ നിന്ന് എന്നെ പിന്തിരിപ്പിച്ചതെന്താണ്...?
ചിന്തകൾ കാടുകേറി..
ഒരു ഞെട്ടലോടെ ഞാനത് തിരിച്ചറിഞ്ഞു..
അവൾ പെണ്ണാണെന്നുള്ളത് തന്നെ..!
മറ്റൊന്നുമല്ല..
അതുതന്നെയാണ് കാരണം..
എനിക്ക് ലജ്ജയാണ് തോന്നിയത്.
അവളോട് മറ്റെന്തെങ്കിലും പറഞ്ഞൊഴിയാനും.
"ഞാനതൊന്നും ശ്രദ്ധിച്ചില്ല..
എനിക്ക് അവനും നീയും ഒരു പോലല്ലേ..?
അവനെ ഞാൻ ചേർത്ത് പിടിച്ചായിരുന്നോ.?
ആ സന്തോഷത്തിൽ
എനിക്കൊന്നും ഓർമ്മയില്ല."
"പിടിച്ചു...
ഒന്നല്ല..! ആ പരിപാടീടെ അവസാനം വരെ..
അഭിമാനത്താൽ മനസ് നിറഞ്ഞ് മാഷ് പറഞ്ഞ വാക്കുകൾ മുഴുവൻ അവനെ ചേർത്ത് പിടിച്ചു കൊണ്ടായിരുന്നു..
ഞാൻ മാത്രം അന്യയായി ദൂരെ..
മാഷെ,..വല്ലാതെ ഒറ്റപ്പെട്ടു പോയ് ഞാനവിടെ.. "
എനിക്കവളെ ചേർത്ത് പിടിക്കാൻ തോന്നിയതാണ്..
പക്ഷെ ഒരു നിമിഷം ഞാൻ സമൂഹത്തെ ഓർത്തു പോയി..
ആണും പെണ്ണും തമ്മിൽ മറ്റൊരു ബന്ധമില്ലെന്ന് ചിന്തിക്കുന്ന നമ്മുടെ വൃത്തികെട്ട സമൂഹത്തെ..
ഞാൻ ഒരു പുരുഷനും അവൾ ഒരു പെണ്ണുമായി മാറി..
ഭയം... ഭയം കൊണ്ട് മാത്രം ഞാനത് ചെയ്തില്ല..
എല്ലാ പുരുഷന്മാരുടെയും ജീവിതം ഇങ്ങനെ തന്നെ ഒടുങ്ങും..
ഭയം കൊണ്ട് മാത്രം..
സ്വന്തം മകളെ ഒന്ന് ഓമനിക്കാനാവാതെ..
അടുത്ത വീട്ടിലെ കുട്ടികൾക്ക് ഒരു മധുരം നല്കാനാവാതെ,
കൊച്ചു കുട്ടികൾക്കൊരുമ്മ കൊടുക്കാനാവാതെ ഭയന്ന് തീരും..
അങ്ങനെ ആക്കി വെച്ചിട്ടുണ്ട് സമൂഹത്തെ നമ്മൾ..
ലൈംഗികതയ്ക്ക് ഇടയിൽ വരുന്ന എല്ലാ ചേഷ്ടകളും ലൈംഗികത ഒന്നിന് വേണ്ടി മാത്രമാകുകയാണ് സമൂഹത്തിൽ...
നഗ്നത, ആലിംഗനം, ചുംബനം, തലോടൽ എല്ലാം ലൈംഗികമാണ് നമ്മൾക്ക്..
അതിന് മറ്റൊരു അർത്ഥമില്ല..
ലോകത്ത് മനുഷ്യർ ഒഴികെ എല്ലാ ജീവജാലവും നഗ്നരാണ്..
അവയ്ക്ക് അത് ലൈംഗികതയുടെ ഭാഗമല്ല..
ഒരു മനുഷ്യന് ഇഷ്ടപ്പെടുന്ന ഒരാളെ ഒരേ ജൻഡർ ആണേൽ സ്നേഹം കാണിക്കാൻ കെട്ടിപ്പിടിക്കും...
പട്ടിയേയും പശുവിനേയും കെട്ടിപ്പിടിക്കും.. അതിലും ലൈംഗികതയില്ല..
സ്നേഹ പ്രകടനം മാത്രം..
ചുംബനത്തിന് ജീവൻ പോലും വേണമെന്നില്ല.. കളിപ്പാട്ടത്തെ, പുസ്തകത്തെ, പെന്നിനെ, പൊന്നിനെ, കുഞ്ഞിനെ എന്ന് തുടങ്ങി ഇഷ്ടം തോന്നുന്ന എല്ലാത്തിനേയും നാം ഉമ്മ വെക്കാറുണ്ട്..
അതിലും ലൈംഗികത വരുന്നില്ല...
ഇഷ്ടം കാണിക്കാനുള്ള ഒരു മാർഗ്ഗം മാത്രം..
അത് തിരിച്ചു നൽകുന്നതോ വലിയ സംതൃപ്തിയും..
പക്ഷെ നമുക്കിവയൊക്കെ "അത് " മാത്രമാണ്..
അത് മാത്രം..
ചില വിദേശ രാജ്യങ്ങളിൽ സ്വീകരണം പോലും ആലിംഗനം ചെയ്ത് ചുംബനം നല്കിയാണ്..
അവർ ഒരു പരിധി വരെ നഗ്നരുമാണ്..
അവിടെ ഇതൊന്നും അങ്ങനെയല്ല..!
ഒരു നിമിഷം കൊണ്ട് പല പല ചിന്തകൾ മനസിൽ കൂടെ കടന്നു പോയി..
അവളുടെ മുഖത്ത് നോക്കാൻ അശക്തനായ് ഞാൻ തല കുനിച്ച് നിന്നു..
ജീവിതത്തിൽ ആദ്യമായാണ് ഞാനും അവളും, ആണും പെണ്ണുമാണെന്ന ചിന്ത കടന്നു വന്നത്..
ഞാനങ്ങനെ ചിന്തിക്കരുതായിരുന്നു...
ഞാനാണ് തെറ്റുകാരൻ...
ഞാൻ മാത്രമാണ് തെറ്റുകാരൻ..!
ഇത്രയ്ക്ക് കുറ്റബോധത്തോടെ ഞാനെന്റെ കുട്ടികളുടെ മുന്നിൽ ഇതുവരെ നിന്നിട്ടില്ല..
ഒന്നും പറഞ്ഞ് സമാധാനിപ്പിക്കാൻ കഴിയാത്ത അവസ്ഥ...
എന്റെ ചിന്തയാണല്ലോ തെറ്റ്..
"എന്നെ വിഷമിപ്പിച്ചത് അതല്ല മാഷേ...?"
ഞാൻ മുഖമുയർത്തിയില്ല..
ഒരു കുറ്റവാളിയെ പോലെ തലകുനിച്ചു നിന്നു..
"ഞാനൊരു പെൺകുട്ടിയായതോണ്ടല്ലേ മാഷങ്ങനെ ചെയ്തത്...?
എന്റെ നെഞ്ച് പടപടാ ന്ന് ഇടിക്കാൻ തുടങ്ങി..
ഞാനെന്ത് പറയാൻ..
അതാണല്ലോ സത്യം..
"സാറെന്നെ വെറുമൊരു പെൺശരീരമായാണ് കാണുന്നത് അല്ലേ...?"
" മാഷങ്ങനെ ചിന്തിച്ചു എന്നതാണ് എന്റെ വിഷമം.. ഞാനുമൊരു ആണായാൽ മതിയായിരുന്നു... "
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..
ഒരു ബലത്തിനായ് ഞാൻ ഒരു കൈ ചുമരിൽ വെച്ചു...
അവൾ ഉച്ചത്തിൽ വിളിച്ച് കൂവി..
"എനിക്ക് വെറുപ്പാണ്.... മാഷോട്..
കടുത്ത വെറുപ്പ്.. വെറുപ്പ് മാത്രം..
ഞാൻ മാഷുടെ മോളല്ലേ...
എന്നിട്ടും...
മാഷ്ക്കങ്ങനെ ചിന്തിക്കാൻ തോന്നിയല്ലോ... "
അവൾ അലറി അലറി കരഞ്ഞു...
ഞാൻ ഒരു വിധം പുറത്തു കടന്നു...
മുറ്റത്ത് ഒരു പാട് പേർ കൂടി നിൽക്കുന്നു..
" നീയെന്താടാ രാഘവേട്ടന്റെ മോളോട് കാട്ടിയത്... സത്യം പറ.. ഞങ്ങൾ അവൾ പറഞ്ഞത് കേട്ടു.. "
കണ്ണ് നിറഞ്ഞതിനാൽ മുഖങ്ങൾ വ്യക്തമാകുന്നില്ല.. ആരൊക്കെയോ കോളറയിലും മറ്റുമായി പിടിച്ചിരിക്കുന്നു..
കവിളിൽ കിട്ടിയ ഒരടിയിൽ കണ്ണുനീർ മുഴുവൻ തുളുമ്പി പോയി..
അടിച്ചവന്റെ മുഖം ഞാൻ വ്യക്തമായി കണ്ടു...
കരഞ്ഞ് കലങ്ങിയ കണ്ണുമായി അരുൺ... ഞാൻ ഒന്ന് നിലത്ത് വീണു...
രാഘവേട്ടൻ ഓടി വന്ന് അവരെ തടഞ്ഞു..
ഒരു വിധം എങ്ങനെയോ വേഗം വണ്ടിയെടുത്ത് ഞാൻ വിട്ടു...
സദുദ്ദേശത്തോടെ നമ്മൾ ചെയ്യുന്ന കാര്യങ്ങൾ, നമ്മൾ ഒരു പാട് ഇഷ്ടപ്പെടുന്നവർക്ക് വിഷമമാണ് ഉണ്ടാക്കുന്നതെങ്കിൽ, നമ്മൾ ആർക്ക് വേണ്ടി ജീവിച്ചിരിക്കണം...?
ആണും പെണ്ണുമായത് കൊണ്ട് മാത്രം ജീവിതത്തിൽ നഷ്ടമായ ഒരു പാട് സൗഹൃദങ്ങൾ മനസിലേക്ക് തികട്ടി വന്നു.
മനസ്സിലെ കുറ്റബോധം വണ്ടിയുടെ സ്പീഡ് കൂട്ടിക്കൊണ്ടിരുന്നു..
വളവ് തിരിഞ്ഞാൽ പിന്നെ കൊക്കയാണ്..
സന്തോഷത്തിന്റെ ഉയരത്തിൽ നിന്നും ദുഃഖത്തിന്റെ ആഴത്തിലേക്ക് നീണ്ടു കിടക്കുന്ന കൊക്ക..
ഉള്ളിൽ ഉറഞ്ഞു കൂടുന്ന സ്നേഹം പ്രകടിപ്പിക്കാൻ ലൈംഗിക ചുവയില്ലാത്ത മാർഗ്ഗങ്ങൾ ഉള്ള സമൂഹത്തിൽ പുനർജനിക്കാൻ എനിക്ക് തിടുക്കമായി..
വണ്ടിയുടെ സ്പീഡ് കൂടിക്കൊണ്ടിരുന്നു....

by: RajishKumar

മധുര അവശിഷ്ടങ്ങൾ


"രജീഷ് സാർ... ആ ഓട്ടോക്കാരൻ അയാളുടെ വീട്ടിലേക്ക് ചെല്ലാൻ പറയുന്നു. സാറൊന്ന് വര്വോ ന്റെ കൂടെ...?"
കൂട്ടത്തിൽ ഗുണ്ടാ ലുക്കുള്ളത് എനിക്കായതോണ്ടാകും,ടീച്ചർ എന്നോടാണ് വന്ന് പറഞ്ഞത്...
തിരക്കിലാണെങ്കിലും എന്നിലെ ഗുണ്ട ചാടി എണീറ്റു.
" എവിടെ ..? പോകാം"
ഗുണ്ടകൾക്ക് പിന്നെ മുന്നും പിന്നും നോക്കാനില്ലല്ലോ..?
ടീച്ചർ ടെൻഷനിലാണ്.
ടീച്ചറുടെ മൊബൈൽ ഫോൺ രണ്ട് ദിവസം മുമ്പ് ഒരു ഓട്ടോയിൽ വെച്ച് മറന്നു.
ഫോണിന് വേണ്ടി വിളിച്ച് സംസാരിച്ചപ്പോഴൊക്കെ അയാൾക്കൊരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നിയതാണ്.
അതിനിടയിൽ ടീച്ചറുടെ അച്ഛൻ ഹോസ്പിറ്റലിൽ ആയതിനാൽ ഫോണില്ലാതെ വല്ലാതെ ബുദ്ധിമുട്ടുകയും, വാങ്ങാൻ പോകാൻ കഴിയാതിരിക്കുകയും ചെയ്തു..
ഇന്ന് അയാൾ നേരിട്ട് കോളേജിലേക്ക് വന്നിരിക്കയാണ്.
ഫോൺ കൊണ്ടു വന്നില്ല.
വീട്ടിലാണത്രേ ഉള്ളത്..
ടീച്ചർ ഒപ്പം ചെന്നാൽ എടുത്തു കൊടുക്കാമെന്ന്...
പേടി ഉണ്ടോന്ന് ചോദിച്ചപ്പഴാണ് ടീച്ചർ ഗുണ്ടാ സഹായത്തിനെത്തിയത്.
എന്നിലെ ഗുണ്ട അയാളെ നോക്കി...
ആരോഗ്യ ദൃഢ ഗാത്രൻ...
ടി ജി രവീടെയോ ഉമ്മറിന്റെയോ ഛായ ഇല്ല.
ഞാൻ വന്നതിൽ വല്ല ഭാവ പകർച്ചയും ണ്ടോ ...? അതും ല്ല.
ഓട്ടോയിൽ കേറി... വിട്ടു..
ടീച്ചർ ഭയന്ന് ഒരു സൈഡിൽ ഇരിക്കുന്നു.
ഗുണ്ട ഉള്ളിലെ ഭയം പുറത്ത് കാണിക്കാതെ മസിലും പിടിച്ചിരിക്കുന്നു.
റോഡിൽ നിന്നും വണ്ടി ഒരു ഊടുവഴിയിലേക്ക് ഇറങ്ങി..
ഒറ്റപ്പെട്ട ഒരു വീട്ടിലെത്തി..
ഇറങ്ങാൻ പറഞ്ഞു..
ഞങ്ങൾ നഴ്സറി കുട്ടികളെ പോലെ ഇറങ്ങി.
"വീട്ടിലാരുമില്ല.. ഇവടത്തോളം വന്നതല്ലേ ? കേറീട്ട് പോയാ മതി."
ആരുമില്ലേൽ ഓക്കെ. ഇവനോട് പിടിച്ച് നിക്കാൻ ഞാൻ മതി.
അയാൾ കോളിംഗ് ബെൽ അടിച്ചു കൊണ്ട് ഗ്രിൽ തുറന്നു.
ആരുമില്ലേൽ എന്തിനാ ബെൽ അടിച്ചത്....?
ഇതാർക്കോ ഉള്ള സൂചനയാണ്. ഗുണ്ടമനസ്സിൽ സംശ്യം
"ഞങ്ങൾ ഇവിടെ നിൽക്കാം... ങ്ങള് ഫോണെടുത്ത് വരീം... "
ടീച്ചർ വിനയത്തോടെ പറഞ്ഞു.
ടീച്ചർക്കും കാര്യം മനസ്സിലായിരിക്കുന്നു
ഉള്ളിൽ വേറെയും ആണുങ്ങൾ ഉണ്ടേൽ ഈയുള്ളവനെ മർദ്ദിച്ച് ലവലാക്കി ടീച്ചറെ... ഓഹ്....
ഗുണ്ട ടീച്ചർക്ക് സപ്പോർട്ട് കൊടുത്ത് മുറ്റത്തെ മാവിലേക്ക് നോക്കി നിന്നു.
ഉള്ളിൽ സ്ത്രീ ശബ്ദം...
സമാധാനം...
സന്തോഷം...
(ഗുണ്ടകൾക്ക് പെണ്ണുങ്ങളോടുള്ള ഒരിത് അങ്ങനെയാണല്ലോ ?)
ചില സമയത്ത് ഇങ്ങനെയാണ്..
സ്ത്രീകളാണ് ധൈര്യം...
ഞങ്ങൾ വരാന്തയിലേക്ക് കേറി.
പോര.. അകത്തേക്ക് കേറണമെന്ന് ആഹ്വാനം..
കേറി.... ഒരാള് കാര്യായിട്ട് പറയുന്നതല്ലേ ?
മുഷിപ്പിക്കണ്ടല്ലോ ?
സോഫയും ടി.വി.യുമൊക്കെ ഉള്ള ഒരു റൂം.
"ഇരിക്ക് "
ഞങ്ങൾ സോഫയിലായി ഇരുന്നു.
മൂന്നു സ്ത്രീകൾ...
രണ്ട് പേർ പർദ്ദയിൽ ഒരാൾ മാക്സിയിലും.
ഞങ്ങൾ അവരോട് ചിരിച്ചു.
അവരും
"ഇതാണ് മൊബൈൽ മറന്നു വെച്ച ടീച്ചർ "
എൽ പി സ്കൂൾ കുട്ടികൾ മൃഗശാലയിലെ മൃഗത്തെ നോക്കും പോലെ അവർ കൗതുകത്തോടെ ഞങ്ങളെ നോക്കി നിന്നു.
ഫോൺ, ബാറ്ററി, സിമ്മുകൾ വേറെ വേറെ പാക്കറ്റിലായി കൊണ്ടുവന്നു.
ടീച്ചർ എല്ലാം കൂട്ടിച്ചേർത്തു.
"അതിലുള്ള ചിത്രങ്ങളൊക്കെ ഉണ്ടോന്നു നോക്കീറ്റ് പോയാ മതി."
ഇതിലുള്ള ചിത്രങ്ങൾ ആരെടുത്താലും കോപ്പി ഇതിലുണ്ടാകുമെന്നറിയാത്തവർ...
വല്ല പേഴ്സും കളഞ്ഞുകിട്ടിയമാതിരി പറയ്യാ.. എല്ലാം ഇതിലുണ്ടോന്ന് നോക്കാൻ...
ഞങ്ങൾ ക്ഷമിച്ചു.
അതിനിടെ രണ്ടു ഗ്ലാസ് ഹോർലിക്സ് വന്നു.
വിറ്റാമിനൊക്കെ ഉള്ളതല്ലേ കുടിക്കാന്നു കരുതി എടുക്കാൻ നോക്കിയപ്പം ടീച്ചറൊരു നുള്ള്..
ശരിയാണല്ലോ... വല്ല മയക്കുമരുന്നും കലക്കി തന്ന് ഞങ്ങളെ ബോധം കെടുത്തീട്ട്...
ഒരോ സിനിമകളിലെ സീനുകൾ മുന്നിൽ കൂടി കടന്നു പോയി.
ഗ്ലാസിന്റെ അടുത്തെത്തിയ വലതു കൈയ്യെ ഞാൻ ഇടത് കൈ കൊണ്ട് പിടിച്ച് പിന്തിരിപ്പിച്ചു.
ന്നാലും സ്ത്രീകളില്ലേ....?
വല്ല വാണിഭ കേന്ദ്രവും ?
ന്റമ്മോ....?
പ്ലേറ്റിൽ ഹലുവയും വിഭവങ്ങളും പുറകെ...
എന്റെ കണ്ട്രോൾ പോയി...
ബോധം കെടാണെങ്കിൽ കെടട്ടെ..
ചാവ്വാണെങ്കിൽ ചാവട്ടെ..!!
ഞാൻ പണി ആരംഭിച്ചു...
ടീച്ചർ ഒരു ചെറിയ കഷ്ണം ഹല് വയെടുത്ത് തിന്നും പോലെ ആംഗ്യം കാണിക്കാൻ തുടങ്ങി.
ഒരുവിധം സൽക്കാരം പൂർത്തിയാക്കി ധൃതിയുണ്ടെന്ന് പറഞ്ഞ് ഇറങ്ങി.
എത്രയും പെട്ടെന്ന് റോഡിലെത്തി ഓട്ടോ പിടിച്ച് കോളേജിലെത്തണം.
" വണ്ടീൽ കേറ്... ഞാൻ കൊണ്ട് വിടാം"
സേട്ടന് ഞങ്ങളെ തന്നെ വിടാൻ ഉദ്ദേശമില്ല.
ഓഹ്.... ശരിയാ.... ഞങ്ങളിപ്പം ബോധം കെടുമല്ലോ .. അപ്പം വണ്ടി മറ്റു വല്ല കേന്ദ്രത്തിലും കൊണ്ടു പോയി.... ടീച്ചറെ.. വേണ്ട....
ഓഫർ നിരസിക്കാൻ അമർത്തേണ്ട നമ്പർ അറിയാതെ ഞങ്ങൾ ഓട്ടോയിൽ ഓടി കേറി.
ഓട്ടോ നീങ്ങി..
ടീച്ചർ കഴിക്കാതെ അതിവിദഗ്ദ്ധമായി ഒളിപ്പിച്ച് കടത്തിയ ഒട്ടിപ്പിടിക്കുന്ന ഹലുവ വളരെ ബുദ്ധിമുട്ടി ഓട്ടോയുടെ സൈഡിൽ കൂടി പുറത്തേക്ക് കളഞ്ഞു...
ബോധം പോകുന്നില്ല..
ഓട്ടോ കോളേജിന്റെ പുതിയ കവാടത്തിലെത്തി നിന്നു.
ഞങ്ങൾക്ക് വേണ്ടി ഇദ്ദേഹം കുറേ നേരമായി ഓടുന്നു..
അതുമല്ല ഇക്കാലത്ത് ആരാ കൈയ്യിൽ കിട്ടിയ ഫോൺ തിരിച്ച് തരിക.
ഇയാൾ എന്തെങ്കിലും പ്രതിഫലം പ്രതീക്ഷിക്കുന്നുണ്ടാവുമോ ?
ചോദിക്കാതെ കൊടുക്കുന്നതാണല്ലോ അതിന്റെ ഒരിത്...
" ഞങ്ങൾക്ക് വേണ്ടി കൊറേ നേരമായില്ലേ ഓടുന്നത്.. ഞങ്ങളുടെ സന്തോഷത്തിന് എന്തെങ്കിലും... "
എന്നും പറഞ്ഞ് ഞാൻ എന്റെ പേഴ്സ് പുറത്തെടുത്തു.
പറഞ്ഞ് മുഴുമിപ്പിക്കാൻ അനുവദിക്കാതെ അയാൾ എന്റെ കൈക്ക് കേറി പിടിച്ചു കൊണ്ട് പറഞ്ഞു.
"സാർ.. ഒന്നും തരരുത്... ഇപ്പം ഇത് ചെയ്യുമ്പം എനിക്ക് കിട്ടുന്ന ഒരു സന്തോഷമുണ്ട്.. എന്തെങ്കിലും വാങ്ങിയാൽ അത് ണ്ടാവില്ല.. "
കൂടെ അറബി വാക്കുകൾ ഉൾപ്പെടുന്ന ഒരു വാക്യം കൂടെ പറഞ്ഞു.
എനിക്ക് മനസ്സിലായില്ല. എന്തായാലും അത് അദ്ദേഹത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ട എന്തോ ഒന്നാണ്.
അദ്ദേഹം ഓട്ടോയോടിച്ച് കടന്നു പോയി.
വിദ്യാസമ്പന്നരെന്നും പരിഷ്കാരികളെന്നും അഹങ്കരിച്ച രണ്ട് ആൾ രൂപങ്ങൾ വിദ്യയുടെ ആ വലിയ കവാടത്തിന് മുന്നിൽ തല താഴ്ത്തി നിന്നു.
തീർത്തും അപരിചിതരായവരെ എന്ത് സ്നേഹത്തോടെയാണ് ഇവർ സൽക്കരിക്കുന്നത്..
എന്തൊക്കെയാണ് ഞങ്ങൾക്ക് ഇവരെ പറ്റിയുള്ള മുൻധാരണ....
ഞങ്ങൾ തമ്മിൽ സംസാരിക്കാതെ തലയും കുനിച്ച് കോളേജിലേക്ക് നടന്നു. കേറാൻ നേരം ഞാൻ ടീച്ചറെ നോക്കി
കൈയ്യിൽ ഒട്ടിപ്പിടിച്ച ആ നഷ്ടപ്പെട്ട സ്നേഹ സൽക്കാരത്തിന്റെ മധുര അവശിഷ്ടങ്ങൾ, ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന ഉറപ്പോടെ... നിറഞ്ഞ കണ്ണുകളോടെ.. ടീച്ചർ നുണയുകയാണ്..

Rajish K

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo