Showing posts with label ShaliniVijayan. Show all posts
Showing posts with label ShaliniVijayan. Show all posts

പെണ്ണിന്റെ ജീവിതം

Girl Looking Away, Girl, Portrait, Outdoors, Face
കല്യാണത്തിന്റെ അവസാനവട്ട ഒരുക്കലിനിടയിൽ നിന്നാണ് അമ്മായിമാർ ചേർന്ന് കിരണേട്ടന്റെ അമ്മയോട് ആ കാര്യംപറയുന്നത് ഞാൻ കേട്ടത്..
മാസക്കുളിയുടെ ഡെയ്റ്റും കൃത്യമായിട്ടറിയില്ലെ ആ പെണ്ണിന്?
കല്യാണ തിയ്യതി കുറിക്കുമ്പോ അതൊക്കെയല്ലേ ആദ്യം നോക്കേണ്ടത് ...അതു പറയുമ്പോൾ അമ്മായിമാരുടെ മുഖത്തൊരു പരിഹാസം കലർന്ന ചിരിയായിരുന്നു.
ജീവിതത്തിലെ ഏറ്റവും വലിയസന്തോഷ നിമിഷങ്ങളാണ് കടന്നുപോകുന്നതെങ്കിലും കണ്ണിലൂടെ നിർത്താതെ നീർച്ചാലുകൾ ഒഴുകാൻ തുടങ്ങിയിരുന്നു.
താലികെട്ടിനുള്ള സമയം അടുത്തു കൊണ്ടിരുന്നപ്പോൾ ശരീരത്തിന് ഒരു തരം വിറയൽ അനുഭവപ്പെട്ടു.
മോളതൊന്നും കാര്യാക്കണ്ട
എന്തു തന്നെ ആയാലും ഈ കല്യാണം മുടങ്ങില്ലയെന്ന് കിരണേട്ടന്റെ അമ്മ പറഞ്ഞപ്പോൾ ദൈവത്തിന്റെ മറ്റൊരു പ്രതിരൂപം മനസിൽ ഉയർന്നു വന്നു..
താലികെട്ട് കഴിഞ്ഞുള്ള ഓരോ നിമിഷവും ചമ്മലോടെയായിരുന്നു ഞാൻ കിരണേട്ടനെ നോക്കിയത്.
കിരണേട്ടൻ ആണെങ്കിൽ യാതൊരു കൂസലുമില്ലാതെ എന്നെത്തന്നെ നോക്കി നിൽക്കയായിരുന്നു .
രണ്ടിനും മുന്നിനും ഇടയിലാ പെണ്ണും ചെക്കനും വീട്ടിലേക്ക് കയറേണ്ട മുഹൂർത്തം.
കിരണേട്ടന്റെ മൂത്തമ്മാവൻ ഒന്നുകൂടി ഓർമിപ്പിച്ചു.
ഭക്ഷണം എങ്ങനെയൊക്കെയോ കഴിച്ചെന്ന് വരുത്തി ഞാൻ വേഗം എന്റെ അമ്മയുടെ അടുത്തേക്ക് നീങ്ങി.
അമ്മാ പ്ലീസ്.. അച്ഛനോടൊന്ന് പറ...
ഇന്ന് നമ്മുടെ വീട്ടിൽ താമസിച്ച് രണ്ടു ദിവസം കഴിഞ്ഞ് കിരണേട്ടനൊപ്പം കിരണേട്ടന്റെ വീട്ടിലെത്താന്ന്..
കല്യാണം കഴിഞ്ഞിട്ടും പെണ്ണിനിഷ്ടം പെണ്ണിന്റെ വീടു തന്നെയോ .??
അമ്മ സങ്കടം ഉള്ളിലൊതുക്കി അൽപ്പം മുഖം കറുപ്പിച്ച് പറഞ്ഞൊപ്പിച്ചു.
കാലെടുത്തു വെയ്ക്കുന്നതു തന്നെ ശകുനത്തോടെയാണല്ലോയെന്നുള്ള മുറുമുറുപ്പ് ഒപ്പം കൂടി നിന്നവരുടെ ഇടയിൽ എനിക്ക് നന്നായി കേൾക്കാമായിരുന്നു.
കിരണേട്ടൻ ഒന്നും അറിഞ്ഞു കാണില്ലേ?
അല്ലെങ്കിലും ഒരു പെണ്ണിന്റെ ജീവിതത്തിൽ സ്വാഭാവികമായി നടന്നു കൊണ്ടിരിക്കുന്ന പ്രക്രിയകളല്ലേ ഇതൊക്കെ?
ഇതൊക്കെ കിരണേട്ടൻ എങ്ങനെ അറിയാനാ?
എന്താടോ തനിക്കൊരു വെപ്രാളം?
ആകപ്പാടെ ഒരു പിടച്ചിൽ?..
ഒന്നൂല്ല കിരണേട്ടായെന്നു പറഞ്ഞെങ്കിലും പെട്ടെന്ന് തന്നെ എന്റെ കൈ തലങ്ങളിൽ ചേർത്തു പിടിച്ച് ഒന്നും പേടിക്കണ്ടടോ ഞാനില്ലേ ഇന്നു തൊട്ട് നിന്റെ കൂടെ എന്നു പറഞ്ഞ് എന്റെ നെറ്റിയിൽ ഒരുമ്മ തന്നതും ഒരുമിച്ചായിരുന്നു.
കിരണേട്ടാ ഒറിജിനാലിറ്റിയുള്ള നല്ലൊരു ഫോട്ടോ കിട്ടിയെന്ന് ഫോട്ടോഗ്രാഫർ പറഞ്ഞപ്പോൾ എനിക്കാകെ ചമ്മൽ അനുഭവപ്പെട്ടു .
ഫോട്ടോ ഷൂട്ടിനിടയിലും ധ്വനി നിനക്കെന്തെങ്കിലും വയ്യായ്ക ഉണ്ടോയെന്നു ഇടക്കിടെ ചോദിച്ചതും ഞാനെന്റെ കിരണേട്ടനെ അടുത്തറിയാനുള്ള നിമിഷങ്ങളായിരുന്നു.
കിരണേട്ടന്റെ വീട്ടിലേക്ക് വലതുകാൽ വച്ച് കയറുമ്പോഴും ബന്ധുജനങ്ങൾക്കിടയിൽ അശുദ്ധിയായപ്പെണ്ണ് ഏഴു തിരിയിട്ട നിലവിളക്കെടുത്ത് അകത്തു കയറാൻ പാടുണ്ടോയെന്ന ചോദ്യമുണർന്നു.
അടുക്കള വശത്തൂടെ കയറാമല്ലോ ...
ഇവർക്കു വേണ്ടി മാത്രം പണിത ഒരു മുറിയുണ്ട് 3 ദിവസം അവിടെ ... അതു കഴിഞ്ഞ് മതി അകത്തേക്ക് കയറലും തൊടലും ഒക്കെയെന്ന് മൂത്തമ്മായി പറഞ്ഞപ്പോൾ കിരണേട്ടൻ പല്ലുകടിച്ചു ഞെരിച്ചു.
ഒടുവിൽ എല്ലാവരുടെയും നിർദ്ദേശപ്രകാരം നിലവിളക്കില്ലാതെ കിരണേട്ടന്റെ കൈയും പിടിച്ച് വീടിനകത്ത് വലതുകാൽ വച്ച് ഞാൻ കയറി.
ഓരോ ആൾക്കാരും മുറിയിലേക്ക് വന്നെത്തി നോക്കലും പിറുപിറുക്കുന്നതും ഞാനെന്ന കാഴ്ച്ചക്കാരിനോക്കി നിന്നു ...
വൈകീട്ട് കുളി കഴിഞ്ഞ് അടുക്കളയുടെ സമീപമെത്തിയപ്പോഴായിരുന്നു കിരണേട്ടന്റെ അടുത്ത ബന്ധുവായ ഒരു സ്ത്രീയുടെ അലർച്ച കേട്ടത്.
അടുക്കളയും അശുദ്ധിയാക്കല്ലോ ... പരിഷ്ക്കാരികൾ വരുമ്പോ നിയമങ്ങളെല്ലാം തെറ്റാനും തുടങ്ങിയല്ലോ ഭഗവതിയേ....
അതു വരെ അടക്കിപ്പിടിച്ച വേദനകളെയൊന്നായി പുറത്തെടുത്ത് ഭഗവതിയും പെണ്ണു തന്നെയല്ലേ.... പൊറുത്തോളും എന്നുറക്കെ ഞാനും പറഞ്ഞു ...
വന്നു കേറിയില്ല അതിനു മുന്നേ അഹങ്കാരം കണ്ടോയെന്ന് കൂടി നിന്നവർ വീണ്ടും പറഞ്ഞെങ്കിലും മറുത്തൊന്നും പറയാതെ ഞാൻ മുറിയിലേക്ക് നടന്നു .
രാത്രി ബെഡ്ഷീറ്റെടുത്ത് കട്ടിലിനു താഴെ വിരിക്കാൻ ശ്രമിക്കുമ്പോഴാണ് കിരണേട്ടൻ തടഞ്ഞത്.
ഇതൊന്നും നിന്റെം എന്റെം കുറ്റമല്ല..
നിന്റെയീരൊവസ്ഥയിൽ നിന്നെ മനസ്സിലാക്കി നിന്നോടൊപ്പം ഞാൻ നിന്നില്ലെങ്കിൽ പിന്നെ ഞാനൊരു ഭർത്താവ് എന്നു പറയുന്നതിൽ എന്തർഥമാണുള്ളത്?
അന്ന് കിരണേട്ടന്റെ നെഞ്ചിൽ തലചേർത്ത് കിടക്കുമ്പോൾ അതുവരെ അനുഭവിച്ച വേദനകളെല്ലാം ആവിയായ് പറന്നു തുടങ്ങിയിരുന്നു. ഒരു പെണ്ണിന് എന്നും കൂടെ വേണ്ടത് തന്നെ മനസ്സിലാക്കുന്ന തനിക്കൊപ്പം ചേർന്നു നിൽക്കുന്ന ഒരാൺ തുണ കൂടെ ഉണ്ടെങ്കിൽ എല്ലാ വേദനകളേം മറന്ന് പുഞ്ചിരിക്കാമെന്ന് കിരണേട്ടൻ മനസ്സിലാക്കി തന്നു.
Shalinivijayan.

വീണ്ടും വീണ്ടും



ഈ വർഷത്തെ മികച്ച കഥയ്ക്കുള്ള അവാർഡിനർഹയായത് യുവ എഴുത്തുക്കാരിയായ മീര മാധവിന്റെ എന്റെ അച്ഛൻ എന്ന പുസ്തകത്തിന്............... എത്ര തവണ ഞാനാ ന്യൂസ് വീണ്ടും വീണ്ടും വായിച്ചു എന്നറിയില്ല. എന്റെ അചഛൻ.... സ്വപ്നങ്ങൾക്കിടയിലെ അച്ഛനെക്കുറിച്ചുള്ള വാക്കുകൾ എഴുതിയതിന് കിട്ടിയ അവാർഡ് ..... ഓഫീസിലെ തിരക്കിനിടയിൽ വീണ ഓടി വന്നു.... മീരാ... ഞാനറിഞ്ഞു പുതിയ വിശേഷം.ഇത്രം നല്ലൊരു അചഛനെ കിട്ടിയ നീ ഭാഗ്യവതിയാ... ഇന്നെനിക്ക് നിന്റെ വക ഒരു ബിരിയാണി.. ....ഭാഗ്യവതി: ...... ഞാൻ......... നന്ദൻ അവൻ ഇടയ്ക്കിടെ എന്നെ നോക്കുന്നുണ്ട്. എന്നത്തെപോലുമല്ല ഇന്ന് അവൻ ദേഷ്യ ഭാവങ്ങളൊക്കെ അടക്കിവെച്ചിട്ടുണ്ട്.. അല്ലെങ്കിലും പ്രണയം ഇങ്ങനെയാണല്ലോ ഒരാൾ ഇഷ്ടപ്പെടാൻ തുടങ്ങുമ്പോഴേക്കും മറ്റെയാൾ വഴി മാറി സഞ്ചരിച്ചു തുടങ്ങും.. വൈകിട്ടത്തെ പാർട്ടിക്കിടയിൽ ഞാൻ പരസ്യ പ്രഖ്യാപനം നടത്തി ഞാൻ നാളെ റിസൈൻ ചെയ്യുന്നു.. അതേറെ വേദനിപ്പിച്ചത് വീണയെയായിരുന്നു. അവൾ ... എന്റെ ജീവനാണ് .. അവൾക്കും അതുപോലെ.. ഇനി മുതൽ അവൾ തനിച്ചാണ് വൈകിട്ടത്തെ തട്ടുകട ചായ കുടിക്കാനും കടൽ കാണാൻ പോകാനും അവൾ തനിച്ചായി.. അല്ലെങ്കിൽ ജീവിതം ഇങ്ങനെയാണല്ലോ പഴയ ആൾക്കാരുടെ സ്ഥാനം പുതിയ ആൾക്കാർ പതിയെ പിടിച്ചടക്കും.... മീരാ എനിക്ക് നിന്നോടു സംസാരിക്കണം.... പോകും മുൻപ് .... തട്ടുകടയിൽ ഞാനും നന്ദനും ... പ്രത്യേകിച്ച് സംസാരിക്കാൻ വിഷങ്ങളൊന്നും ഇല്ല. ഇന്നലെ വരെ ഓഫീസ് കാര്യങ്ങൾ ഉണ്ടായിരുന്നു. ഇന്നു ശൂന്യമാണ് മനസ്.. മീരാ ഇനിയെന്താ ഭാവി പ്രോ ഗ്രാം ... നാട്ടിൽ പോകണം അവിടെ ഏതെങ്കിലും കമ്പനിയിൽ ... മീരാ എന്നെ കാണാൻ വരുമോ ഇവിടെ ക്ക് .. ഞാൻ കാത്തിരിക്കാം... നന്ദാ ..എന്റെ യാത്രയിൽ തനിച്ചാണെന്ന് എനിക്ക് തോന്നുന്ന നിമിഷം .... അപ്പോ ഞാൻ നന്ദനെ തേടിയെത്തും ഇവിടെ ക്ക് .... ചില ബന്ധങ്ങൾ അങ്ങനെയാണല്ലോ .. വാക്കുകളുടെ മുൾമുന കൊണ്ട് എപ്പോഴും എരിഞ്ഞു കൊണ്ടിരിക്കും. നാട്ടിലേക്കുള്ള യാത്രകൾ കുറവാണ്. എന്റെ മനസിനെ സ്വാധീനിച്ച നല്ല ഓർമ്മകൾ ആ നാട്ടിൽ നിന്നും എനിക്ക് കിട്ടിട്ടില്ല.. പിന്നെയുള്ളത് അച്ഛന്റെ ഓർമകളാണ് .ഓർമ്മ വെച്ച നാൾ തൊട്ടു എനിക്ക് അച്ഛനെക്കുറിച്ചുള്ള നല്ല ഓർമകളൊന്നും ഇല്ല. ഭയത്തോടെ കമ്പിളി പുതപ്പിനടിയിൽ ചുരുണ്ടുകൂടി വായിൽ തോർത്ത് തിരുകി കയറ്റി കിടന്നുറങ്ങിയ നാളുകൾ.. അമ്മയെ തല്ലുമ്പോൾ ശബ്ദം പുറത്തു വരാതിരിക്കാൻ മൂന്നാം ക്ലാസുക്കാരി കണ്ടെത്തിയ മാർഗം... അങ്ങനെ ഒരു പാടു രാത്രികൾ.. ഒരിക്കൽ പോലും മോളേ എന്നൊരു വിളി ഞാൻ കേട്ടിട്ടില്ല.. ആഗ്രഹിച്ചിരുന്നു ഞാനും ഒരു പാടു ... ഒന്നു താലോലിക്കാൻ .. കൊഞ്ചിക്കാൻ ..സ്ക്കൂൾ കാലഘട്ടങ്ങളിൽ എല്ലാ ആവശ്യങ്ങൾക്കും അമ്മയാണ് മുന്നിൽ നിന്നത് .. എപ്പോഴോ ഞാനും അമ്മയും ഭാരമായി തൊടങ്ങി എന്നറിഞ്ഞപ്പോൾ അമ്മ എന്നെം കൂട്ടി ഒരു ദീർഘയാത്രയിലേക്ക്................... ഒടുവിൽ എല്ലാവരുടെം സംശയദൃഷ്ടിയോടെയുള്ള ചോദ്യങ്ങൾക്ക് മുന്നിൽ അമ്മ തകർന്നപ്പോൾ ഒരു തുണ്ടു കയറിൽ അവസാനിപ്പിച്ചു എല്ലാം '... പിന്നീടങ്ങോട്ടു ഞാൻ തനിച്ചായി എല്ലായിടത്തും ... ബന്ധങ്ങളുടെ മൂല്യം അന്നറിയാൻ തൊടങ്ങി... ആരും അന്വേഷിച്ചുവരാനില്ലാതെ കോൺവെന്റ് സ്കൂളിലെ വരാന്തയിൽ ഞാൻ തനിച്ചായി.. കൂടെ അമ്മയുടെ ഓർമകളും.. കുറെ വർഷങ്ങൾ:... എനിക്ക് കിട്ടിയ .അവാർഡ് തുകയിൽ നിന്നും5 പൈസ പോലും ഞാനെടുത്തിട്ടില്ല. എന്നെപ്പോലെ അനാഥരായി ജീവിക്കുന്നവർക്ക് .... എല്ലാം അനാഥാലയത്തിന് ദാനമായി കൊ' ടുത്തു... അങ്ങനെയെങ്കിലും മനസ്സൊന്നു തണുക്കട്ടെ ........... ഇനി തിരിച്ചു പോകണം നന്ദന്റെ മാത്രം മീരയായിട്ട്... ഒരായുസു മുഴുവനും നന്ദനോടൊപ്പം ജീവിക്കണം....
By Shalini Vijayan

നിന്റെ ഓർമ്മയ്ക്ക്



നാളെ ഒരിടം വരെ പോകണം...... അതായിരുന്നു അവളുടെ അവസാനത്തെ മെസേജ് .ഉറക്കത്തിലേക്ക് വഴുതി വീണെങ്കിലും മനസിൽ നിറയെ അവളെക്കുറിച്ചുള്ള ചോദ്യങ്ങളായിരുന്നു... സൗഹൃദത്തിനും അപ്പുറം തോന്നിയ പ്രണയം.ഒരു കുടുംബത്തിലെ 2 പേരെ കാൻസർ എന്ന രൂപത്തിൽ കവർന്നെടുത്തു. അച്ഛൻ പോയതോടെ അവൾ തനിച്ചായി.. അതിനിടെ കോളേജിൽ വച്ച് അവളെ കണ്ടു പരിചയപ്പെട്ടു.. സൗഹൃദം സ്ഥാപിച്ചു.ക്യാമ്പസ് ജീവിതം കഴിഞ്ഞ് അവൾക്കും എനിക്കും ജോലി കിട്ടിയിട്ടും ആ സ്നേഹ ബന്ധത്തിന് മങ്ങൽ ഏറ്റില്ല. ഒരിക്കൽ ഞാനവളോടു ചോദിച്ചു... നിനക്കായ് ഞാനൊരു താലി കരുതട്ടെയെന്നു, അന്നവൾ ഉറക്കെ പൊട്ടിച്ചിരിച്ചു. ചില നേരങ്ങളിൽ അവൾ ഇങ്ങനെയാണ് ഒന്നിനും വ്യക്തമായ മറുപടി നൽകാതെ ഉറക്കെചിരിക്കും. പലതവണ ദേഷ്യം തോന്നിയിരുന്നുവെങ്കിലും എനിക്കറിയാമായിരുന്നു ഉത്തരം നൽകാൻ കഴിയാത്ത നേരങ്ങളിൽ അവളിൽ നിന്നുമുണ്ടാകുന്ന ഇത്തരം പൊട്ടിച്ചിരികളുടെ പൊരുൾ. കൊഴിയാൻ നിൽക്കുന്ന പൂവിനെ നീ എത്ര നാൾ സൂക്ഷിക്കും എന്നവൾ ചോദിച്ചപ്പോൾ അവസാന ഇതൾ കൊഴിയും വരെ ഞാനെന്റെ കൈ പടയ്ക്കുള്ളിൽ സൂക്ഷിക്കും എന്നൊരു മറുപടിയും കൊടുത്തു. ഇപ്പോഴുള്ള ആ വലിയ വീട്ടിന്റെ വരാന്തയിലിരുന്ന് പലതവണ അവൾ പറഞ്ഞിട്ടുണ്, എനിക്കെന്നും ഒരു പാടു നേട്ടങ്ങളും സൗഭാഗ്യങ്ങളും അതോടൊപ്പം കുറെ നഷ്ടങ്ങളും സമ്മാനിച്ചത് ആ പഴയ തറവാട്ടിൽ നിന്നായിരുന്നുവെന്ന്. മനു നിനക്കറിയോ അച്ഛനും അമ്മയും ഏട്ടനും ഒക്കെയുള്ള കുടുംബം'... എന്നും കളിയുംചിരിയും മാത്രം. അമ്മയിലായിരുന്നു ആദ്യ ലക്ഷണം കണ്ടുതുടങ്ങിയത്.പതിയെ അമ്മയുടെ രൂപം മാറി മാറി വന്നു.അമ്മയ്ക്ക് എന്നെക്കുറിച്ചായിരുന്നു ആശങ്ക.. പക്ഷേ അവസാനം.... ഏട്ടനു ഇടയ്ക്കിടെ തൊണ്ടവേദനയും ഉണ്ടായിരു ന്നു, അമ്മയെ സംരക്ഷിക്കുന്ന തിരക്കിൽ ഏട്ടൻ എല്ലാം മറന്നു ഒരു ദിവസം മൂക്കിൽ നിന്നും രക്തം വന്നു .ഉടൻ മാoഗ്ലൂർ ഹോസ്പിറ്റലിൽ പോയി രണ്ടാഴ്ച്ച അവിടെ കിടന്നു പിന്നെ വേണുഗോപാൽ ഡോക്ടറിനെ കാണിക്കാൻ എറണാകുളം ഹോ സ്പിറ്റലിലെക്ക് മാറ്റി. എല്ലാം ശരിയായി ഏട്ടൻ തിരിച്ചു വരുമെന്ന് ദിവസവും പറയും. പക്ഷേ എല്ലാം വൈകി പോയിരുന്നു. ഒരു മാസം കൊണ്ട് ഏട്ടൻ... ഒടുവിൽ അച്ഛനും.. രാവിലത്തെ അലറാം മുഴങ്ങിയപ്പോൾവേഗം റെഡിയായി അവളെ കാണാൻ ചെന്നു. അവളാണ് എന്റെ അമൃത. ആ വലിയ വീട്ടിന്റെ വരാന്തയിൽ പതിവിലേറെ സന്തോഷത്തിലായിരുന്നു അന്നവൾ. എന്റെ ബൈക്കിന്റെ പിറകിൽ അവളേം കൊണ്ടു പോകുമ്പോൾ ലോകം കീഴടക്കിയ പ്രതീതി ആയിരുന്നു എനിക്കപ്പോൾ. ആ തറവാടിന്റെ അകത്തേക്ക് കയറുമ്പോൾ നഷ്ടങ്ങളുടെ കണക്കുകൾ അവളുടെ മുഖത്ത് നിന്നും വായിച്ചെടുത്തു ഞാൻ. വീടിന്റെ കിഴക്കേഭാഗത്തുള്ള മരം ചൂണ്ടി അവൾ പറഞ്ഞു മനൂ ഇതു കണ്ടോ... പണ്ടു ഞാൻ അമ്മയോടു എന്നും പറഞ്ഞിരുന്നു ഈ മരത്തിനു കീഴെ എന്നെ ദഹിപ്പിക്കണമെന്ന്.പക്ഷേ അതിനും മുൻപേ അവർ മൂന്ന് പേർ.... അവിടത്തെ ചുവരുകളോടു അന്നവൾ ഒരുപാടു വിശേഷം പറഞ്ഞുചിരിച്ചു, ഒടുവിൽ കരഞ്ഞു.. തിരികെ വരുമ്പോൾ അവളെന്റെ ചെവിയിൽ മന്ത്രിച്ചു നീ അന്നു കരുതി വച്ച ആ താലി ഇന്നും നിന്റെ മനസ്സിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ടോയെന്ന്... ബൈക്ക് റോഡിനരികെ നിർത്തി അടുത്തുള്ള ജ്വലറിയിൽ നിന്നും ഒരു കുഞ്ഞു താലിയും മഞ്ഞച്ചരടും വാങ്ങി. അപ്പോഴാണ് ഓർമ വന്നത് ഫോൺ അവളുടെ തറവാട്ടിൽ വച്ചു മറന്നെന്ന്.ബൈക്കിന്റെ വേഗത കൂട്ടി അവളേം കൊണ്ട് തറവാട്ടിലേക്ക് കുതിച്ചു.അപ്പോഴും മനസ്സിൽ നിറയെ അവളുടെ അച്ഛനേം അമ്മയേയും സാക്ഷി നിർത്തി താലികെട്ടുന്നതായിരുന്നു. എന്റെ ബൈക്കിനു പിറകിൽ എന്നേം കെട്ടിപ്പിടിച്ചുറങ്ങിയ ആ യാത്രയിൽ എനിക്ക് ബാക്കിയായത് ആ ഒരു താലി മാത്രമായിരുന്നു.. തറവാട്ടിനു മുന്നിൽ ബൈക്ക് നിർത്തിയപ്പോൾ അവളെന്റെ ദേഹത്തു നിന്നും കുഴഞ്ഞു വീണു.......

By: Shalini vijayan

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo