Showing posts with label VarunSNamboothiri. Show all posts
Showing posts with label VarunSNamboothiri. Show all posts

ചെമ്പരത്തികൾ പൂക്കുമിടം

Image may contain: 1 person, beard and text
-------------------------------------
"നാളെ തന്നെ അവൾക്കു ഒരു മറുപടി കൊടുക്കണം, അവൾ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു മറുപടി "
കോളേജിൽ കുട്ടികൾ ഒഴിഞ്ഞിരുന്നു, സമരം പടർത്തിയ തീജ്വാലയിൽ ക്ലാസ്സ്‌ മുറികൾ കരിഞ്ഞു കിടന്നു. സൂവോളജി ലാബ് ന്റെ പിന്നിലെ, പൊളിഞ്ഞ പഴയ ലൈബ്രറി വിങ്ങിൽ ആയിരുന്നു അവർ..
സിഗരറ്റ് പുക വളയങ്ങൾ ആയി മേലേക്ക് ഊതി ആൽബിൻ ശ്രീദേവിനെ നോക്കി.. ഭിത്തിയിൽ പടർന്ന ആൽമരത്തിന്റെ തളിരിലകൾ നുള്ളി ശ്രീദേവ് ആലോചനയിൽ ആയിരുന്നു..
നിലത്തു കിടന്ന ഇഷ്ടികതുണ്ട് എടുത്തു 'അയ്യപ്പൻ ' ഭിത്തിയിൽ എഴുതി.
"സുസ്മിത. K. K. "
എന്നിട്ട് അതിനു മീതെ കാറിതുപ്പി.
"ശവം,, അവൾക്കു അറിയില്ല നീ ആരാണെന്നു, കോളേജ് ചെയർമാൻ ആണെന്ന് പോലും നോക്കാതെ, കോളേജ് ഫുൾ നോക്കി നിൽക്കെ.. നിന്നെ ഷൌട്ട് ചെയ്തു മുഖത്തു അടിക്കാൻ അവൾ ആരാണ്??
കോളേജ് അവളുടെ തന്തയുടെ ആണെന്ന് ആണോ അവളുടെ വിചാരം ""??
ആൽബിൻ ശ്രീയുടെ കവിളിൽ പിടിച്ചു തിരിച്ചു ..
"അല്ല അളിയാ, നീയെന്താ അവളെ ഒന്നും തിരിച്ചു ചെയ്യാതെ ഇരുന്നേ.?? "
"ഹ, അത് എങ്ങനെ ആണ് ആൽബീ.. അളിയന്റെ കിളി പോയില്ലേ,, അളിയൻ ഫുൾ ബ്ലാങ്ക് ആയി പോയി. ആ ടൈം..,
ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ അടിയല്ലേ..
അളിയൻ ബോധം വന്നപ്പോൾ ലവൾ പോയി. ""
""അയ്യപ്പാ.. വേണ്ട. എത്ര അടി കൊണ്ടു എത്ര അടി കൊടുത്തു ഉള്ളവർ ആണ് നമ്മൾ?? ""
"ആൽബി ഇത് അങ്ങനെ ആണോ??
ഒരു നരുന്തു, പീക്കിരി പെണ്ണ്, അതും ഡിഗ്രി സെക്കന്റ്‌ ഇയർ. അവളുടെ "നൂഡിൽസ് "പോലെ ഇരിക്കുന്ന കൈ കൊണ്ടു ഇവനെ തല്ലുംമെന്നു ആരെങ്കിലും ഓർത്തോ ""??
ആ ഓർമയിൽ ശ്രീദേവ് തല ഒന്നു കുടഞ്ഞു..
ആൽമരത്തിന്റെ തടിച്ച ഒരു വേരു അവൻ വലിച്ചു എടുത്തു. ചുമരിൽ കൂടെ നീളത്തിൽ പായൽ അടർത്തി അത് തെറിച്ചു വന്നു.
"ഞങ്ങൾ പഠിക്കാൻ ആണ് വരുന്നത്,
എവിടെയോ രണ്ടു പേര് കള്ളു കുടിച്ചു തമ്മിൽ തല്ലി, ഒരുത്തൻ ചത്തു.. അവൻ പാർട്ടിയിൽ ഉണ്ടായിരുന്നു എന്നത് കൊണ്ട് നിങ്ങൾ അവനെ രക്തസാക്ഷി ആക്കി..
എന്നിട്ട് ബക്കറ്റ് പിരിവ് വേറെ അവന്റെ കുടുംബത്തിനു, അതോ നേതാവിന്റെ വീട്ടിലേക്കോ??
ഇന്ന് മൂന്നു ദിവസം ആയി നിങ്ങളുടെ സമരം. അതും എക്സാം അടുത്ത ഈ ടൈം എന്തോന്നാ നേതാവേ ഇത്.. കോളേജ് ആണോ അതോ നിങ്ങളുടെ രാഷ്ട്രീയ പഠനശാലയോ?? ""
അവളുടെ ചോദ്യങ്ങൾ ഇപ്പോളും ചെവിയിൽ മുഴുവൻ മുഴങ്ങുന്നത് അവൻ അറിഞ്ഞു.
"നിങ്ങൾക്ക് ഒക്കെ എന്തും ആവാം. ഇവിടെ നിന്നും കോഴ്സ് തീരാതെ ഇറങ്ങി പോയാലും ഏതെങ്കിലും M.L.A.യുടെയോ മന്ത്രിയുടെ കൂടെയോ നിങ്ങൾക്ക് അത്താഴം റെഡി ആണ്..
ചിലപ്പോൾ നാളെ നിങ്ങൾ തന്നെ അതൊക്കെ ആവും ചിലപ്പോൾ.
പക്ഷെ ഞങ്ങളൊക്കെ???
ഒരു ഡിഗ്രി, ഒരു പിജി എന്തെങ്കിലും പഠിച്ചു ഇവിടെ നിന്നും ഇറങ്ങിയിട്ട് വേണം ഞങ്ങളുടെ മുന്നിൽ ഒരു വഴി കാണാൻ..
പ്ലീസ് അത് മുടക്കല്ലേ സഖാവേ ""
എന്തൊക്കെയോ പറഞ്ഞു താനും, അവളും കൂട്ടുകാരികളും ക്ലാസ്സിൽ നിന്നും ഇറങ്ങില്ല ന്ന് പറഞ്ഞപ്പോൾ ആണ് കയ്യിൽ പിടിച്ചു വലിച്ചു പുറത്ത് കൊണ്ട് വന്നത്
നടപ്പാതയുടെ അരികിൽ കുട നിവർത്തി നിൽക്കുന്ന കാറ്റാടി മരങ്ങളുടെ ചുവട്ടിൽ അവളെ തള്ളി.. അപ്പോൾ അവളെ വിളിച്ചത് "ബാസ്റ്റാർട് "എന്നോ
"വേശ്യയുടെ മോളെ "ന്നോ ഓർമ ഇല്ല
അതിനു അവളുടെ മറുപടി..
ശ്രീദേവ് കവിളിൽ തഴുകി. നഖം കൊണ്ട് നീറുന്ന മൂന്നു വിരൽ പാടുകൾ..
വെട്ടി തിരിഞ്ഞു പോയ അവളുടെ കോലന് മുടിയും, ജീൻസ് പിറകെ തുളുമ്പി ഉലയുന്ന പുറകു വശവും കണ്ടാണ് അയ്യപ്പൻ "കുതിര "എന്ന് പറഞ്ഞത്.
"അളിയാ നീ എന്ത് പിണ്ണാക്ക് ആണ് ആലോചിച്ചു കൂട്ടുന്നെ... വല്ലതും പറ നീ.. ""
,
"ഒന്നും പറയാൻ ഇല്ല അയ്യപ്പാ, പ്രവൃത്തി മാത്രം ഉള്ളു ബാക്കി.. "
ശ്രീദേവ് സിഗരറ്റ് വലിച്ചു മുകളിലേക്ക് എറിഞ്ഞു.
അയ്യപ്പനും ആൽബീനും ചിരിച്ചു.
"സുസ്മിതെ.നീ തീർന്നു മോളെ. നീ തീർന്നു. ""
_____________
രാവിലെ അമ്പലത്തിൽ നിന്നും ശിവസ്തുതികൾ ഒഴുകി വരുന്നുണ്ടായിരുന്നു. വയലുകൾക്ക് ആഭിമുഖം കിഴക്കോട്ടു തിരിഞ്ഞു തേവർ ഗ്രാമം നോക്കി ഇരുന്നു.
അരയാൽത്തറ കഴിഞ്ഞുള്ള ചെറിയ മണ്ണ് വഴിയിൽ ഇരു വശം നിറയെ മഞ്ഞ കോളാമ്പി പൂക്കൾ ആയിരുന്നു. വേലിക്കെട്ടുകളിൽ പടർന്നു ശംഖുപുഷ്പങ്ങൾ വാലിട്ട് കണ്ണെഴുതി ശ്രീയെ നോക്കി.
ഒന്ന് രണ്ടു പേരോട് വഴി ചോദിച്ചു ശ്രീ അവിടെ എത്തുവാന്. ജീൻസ് ഇട്ടു കോലന്മുടി ഇളക്കി പോയ കുതിര യുടെ വീട് ഇവിടെ എന്നത് അവനു അത്ഭുതം തോന്നി.
തലേന്ന് പെയ്ത മഴയുടെ ഈറൻ തുള്ളികൾ വള്ളികളിൽ മിഴിനീർമുത്ത്‌ പോലെ തൂങ്ങി കിടന്നു.
ബാല്യത്തിൽ എന്ന് പോലെ ശ്രീ അതൊന്നു പൊട്ടിച്ചു കണ്ണിൽ ചേർത്തു. തേൻ പോലെ കൊഴുത്ത, തണുത്ത വെള്ളം കണ്ണിൽ കുളിരു പടർത്തിയപ്പോൾ ശ്രീക്ക് ചിരി വന്നു..
പച്ചപായൽ പടർന്ന ഒതുക്കുകല്ലുകൾ കേറി ചെല്ലുന്ന വലിയ മുറ്റം നിറയെ രാജമല്ലിയും, വെളുത്ത മന്ദാരവും, ചെമ്പരത്തിക്കാടുകളും പൂത്തു നിന്നു.
ഗന്ധരാജന്റെയും, ചെമ്പകത്തിന്റെയും, പവിഴമല്ലിയുടെയും മദിപ്പിക്കുന്ന സുഗന്ധം ഉണ്ടായിരുന്നു പുലർകാലത്തെ തണുത്ത വായുവിൽ.
മുറ്റം കടന്നു ശ്രീ ചെല്ലുമ്പോൾ സിമന്റ് ഇട്ട വരാന്തയിൽ ഇരുന്നു പത്രം നോക്കി ഇരുന്ന സ്ത്രീ തല ഉയർത്തി..
"ആരാണ്.. വരു.. എന്താണ് ""
"ഞാൻ ശ്രീദേവ്, സുസ്മിതയുടെ കോളേജിൽ നിന്നാണ്. "
ഇത്തവണ സ്ത്രീ വിടർന്നു ചിരിച്ചു.
"ഓഹ് കുട്ടിനേതാവ് ല്ലേ. വാ . വാ.. "
അവർ പത്രം മടക്കി മുട്ട് കാലിൽ കൈ കുത്തി നിവർന്നു .
"നടുവേദന ഉണ്ട് മോനെ. ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ ഒരു പിടിത്തം ആണ് പിറകിൽ
മോൻ വാ അവൾ അടുക്കളയിൽ ആണ്, ഞാൻ വിളിക്കാം "
പടി കയറുമ്പോൾ ശ്രീ അവരുടെ കൈ പിടിച്ചു. അവർ ശ്രീയെ നന്ദിയോടെ നോക്കി.
"മോളെ സ്മിതേ. നിനക്ക് ഒരു വിരുന്നുകാരൻ ഉണ്ട് "
കോലായിൽ കിടന്ന കസേര നിറം മങ്ങിയ കോട്ടണ് സാരിയുടെ മുന്താണി കൊണ്ടു തുടച്ചു അവർ ശ്രീ യുടെ നേരെ നീക്കി..
ഇരുന്നിട്ട് ശ്രീ ചുറ്റും നോക്കി, തേക്കാതെ വെട്ടുകല്ല് ചെത്തി പോളിഷ് ചെയ്തു വൈറ്റ് മാർക്ക്‌ ഇട്ടു പണിത പൂമുഖഭിത്തിയിൽ നിറയെ മാർക്സും, ഏഗൽസും, സ്റ്റാലിനും, E. M. S. ഉം A. K. G യും ആയിരുന്നു.
ഒരു വശത്തു ക്രൂശിത രൂപവും, അതിനു ചേർന്ന് ജടഭസ്മധാരിയും, ചോറ്റാനിക്കര ഭഗവതിയും പുഞ്ചിരി പൊഴിച്ചു നിന്നു..
"എന്താണ് നേതാവ് ഈ വഴി. "?
ശ്രീ ശബ്ദം കേട്ടു അവിടെ നോക്കി, അയഞ ഒരു കോട്ട ചുരിദാർ ഇട്ടു മുടി മേലെ ഉയർത്തി കെട്ടി സുസ്മിത.
കയ്യിൽ മിക്സിയുടെ ജാറിൽ ചുവന്ന ചമ്മന്തി. ശ്രീയുടെ നോട്ടം കണ്ടു അവൾ അത് പിറകിൽ മാറ്റി ചമ്മലോട് കൂടി.
"ഞാൻ ദോശയ്ക്ക് ചമ്മന്തി അരച്ച് നിന്നപ്പോ ആണ് അമ്മ പറഞ്ഞെ അതാണ് "
ആ ചമ്മിയ ചിരിക്ക് ഭിത്തിയിലെ ദേവിയുടെ ചിരിയുടെ ഛയ തോന്നി ശ്രീക്കു.
"ന്തായാലും വന്നത് നന്നായി, തല്ലു തിരിച്ചു തരണം എന്ന് ആണെങ്കിൽ ഇവിടെ ആരും കാണില്ലല്ലോ "
"അല്ല സുസ്മിത, വെളിച്ചത്ത് കിട്ടിയത് ഇരുട്ടിൽ തിരിച്ചു കൊടുക്കുന്ന രാഷ്ട്രീയം ഞാൻ പഠിച്ചിട്ടില്ല.
ഇതു വരെ, ഇയാൾക്ക് ഉള്ളത് ഇയാൾക്ക് കിട്ടും . എല്ലാവരും കാണാൻ പാകത്തിന് "
"ഇവൾ ഇന്നലെ വന്നപ്പോൾ പറഞ്ഞു ഒക്കെ, ദേ മോനെ ഇതു പിടിക്കു. "
തൂവെള്ള കപ്പിൽ നിറയെ പാൽ ഒഴിച്ച് കുറുകിയ ചായ ശ്രീയുടെ നേരെ നീട്ടി സുസ്മിതയുടെ അമ്മ.
"അപ്പോൾ തന്നെ ഞാൻ ഇവളെ കൊറേ വഴക്ക് പറഞ്ഞു, തല്ലാൻ പറ്റുമോ പോത്തു പോലെ വളർന്നു, അല്ലെ പുളിവാർ വെട്ടി ഞാൻ പുറത്തു അടിച്ചേനെ.
ആൺകുട്ടികളെ കൈ നീട്ടി അടിക്കാൻ നിക്കുന്നു "
"അത് സാരമില്ല അമ്മേ, ഞാൻ വഴക്കിനു വന്നത് അല്ല, ഇന്നലെ നടന്ന ഒക്കെ അച്ഛൻ അറിഞ്ഞു വീട്ടിൽ, അപ്പോൾ തന്നെ ഇവിടെ വന്നു നിങ്ങളുടെ മുന്നിൽ മാപ്പ് പറയാൻ പറഞ്ഞു അച്ഛൻ .
പിന്നെ രാത്രി പരിചയം ഇല്ലാത്ത ഇടം ആയത് കൊണ്ട് രാവിലെ പോന്നു ""
സുസ്മിതയുടെ മുഖം വിടർന്നു.
"മാപ്പ്.. എന്നോട് ഹൈ.. എങ്കിൽ വേഗം പറഞ്ഞോ.. "
"കേറിപോടീ കഴുതേ, അവളുടെ ഒരു കിന്നാരം "
അമ്മ കൈ ഉയർത്തിയപ്പോൾ സുസ്മിത ചാടി അകത്തു കേറി.
"മോൻ ഒന്നും മനസ്സിൽ വയ്ക്കരുത്, ഒരു കഥ ഇല്ലാത്ത പെണ്ണാ, അറിയാതെ മോൻ അങ്ങനെ പറഞ്ഞപ്പോൾ.
മോൻ പറഞ്ഞ രണ്ടും ശെരി ആണ്. അവൾക്കു അപ്പൻ ഇല്ല . ഞാൻ ആണെങ്കിൽ... "
അമ്മയുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി അടർന്നു.
"സാരമില്ല അമ്മേ, അച്ഛൻ ഒക്കെ പറഞ്ഞു, കുര്യൻ സഖാവിന്റെയും ദേവകി തമ്പുരാട്ടിയുടെയും കഥ ഉൾപ്പെടെ "
അവരുടെ മുഖത്തു അത്ഭുതം വിടർന്നു.
"അച്ഛൻ?? ""
"മധുസൂദനൻ നായർ. നിങ്ങളുടെ പഴയ സഖാവ് മധു. "
അമ്മയുടെ മുഖം ഹർഷ,തിശയത്താൽ വിടരുന്നതു ശ്രീ കണ്ടു.
ഓർമ്മകൾ തന്റെ വേലിയേറ്റത്തിൽ കുതിർന്ന പോലെ അവർ ശ്രീയെ അടിമുടി നോക്കി. പിന്നെ വന്നു അവനെ ചേർത്ത് പിടിച്ചു.
"അച്ഛൻ ഒക്കെ പറഞ്ഞു. ഞാനാ തെറ്റുകാരൻ,
തങ്കമണിയിലെ പോലീസ് വേട്ട കഴിഞ്ഞു അമ്മ, അച്ഛൻ ഇല്ലാത്ത ഒരു കുഞ്ഞിനെ പ്രസവിച്ചതും, വീട്ടുകാർ പുറത്ത് ആക്കിയതും, സഖാവ് അമ്മയെ വിവാഹം കഴിച്ചതും ഒക്കെ അച്ഛൻ പറഞ്ഞു..
നിങ്ങളുടെ മകളെ ഞാൻ ഒരിക്കലും അങ്ങനെ പറയാൻ പാടില്ല.
നിങ്ങൾ ഒക്കെ അനുഭവിച്ച സഹന സമരങ്ങളുടെ ഒരംശം പോലും ഞങ്ങൾ അനുഭവിച്ചിട്ടില്ല..
നിങ്ങൾ ഒക്കെ ഞങ്ങൾക്ക് മീതെ ഇങ്ങനെ പല ഇടങ്ങളിൽ ചിതറി കിടന്നു പരത്തുന്ന തണലിനു താഴെ ഞങ്ങൾ ഒക്കെ വെറുതെ നെഗളിക്കുവാ. സഖാവ് എന്ന് പറഞ്ഞു ""
വെറുതെ ഓരോ നാടകം. സുസ്മിത അല്ല വേറെ ആരായാലും ഞാൻ ചെയ്തത് തെറ്റാ ""
,വാതിൽ പിന്നിൽ നിൽക്കുന്ന സുസ്മിതയെ നോക്കി ശ്രീ
"വരണം കോളേജിൽ, ഒന്നും ഉണ്ടാവില്ല, നിനക്ക് ട്യൂഷൻ കുട്ടികൾ വരാൻ ആയില്ലേ ഞാൻ അതാണ് രാവിലെ വന്നത്. "
"ട്യൂഷൻ?? ""
"ഉം ഒക്കെ അന്വേഷിച്ചു ഇന്നലെ തന്നെ, നടക്കട്ടെ. തല ഉയർത്തി നിവർന്നു തന്നെ ക്ലാസ്സിൽ പോരെ "
സുസ്മിത നിറഞ്ഞു ചിരിച്ചു. ഭംഗിയായി.
"പിന്നെ അമ്മേ.. അച്ഛൻ ഒരു കാര്യം കൂടി പറഞ്ഞു. "
ശ്രീ അടുത്ത് ചെന്ന് അമ്മയുടെ കൈ രണ്ടും കവർന്നു.
"സുസ്മിത അമ്മയുടെ മോൾ ആണെന്ന് അറിഞ്ഞപ്പോൾ, അച്ഛൻ ആദ്യം പറഞ്ഞത് ഒന്ന് കൂടി ഉറപ്പിച്ചു. "
"എന്ത് "?
സുസ്മിത വീണ്ടും പുറത്ത് വന്നു. അമ്മയുടെ കണ്ണിലും ആ ചോദ്യം ഉണ്ടായിരുന്നു.
"എന്നെ ഇവൾ അടിച്ചു എന്ന് അറിഞ്ഞു അച്ഛൻ ആദ്യം പറഞ്ഞത് ഇവൾ ആൾ കൊള്ളാം എന്നാ. എന്നെ പോലെ ഒരാളെ പരസ്യം ആയി അടിക്കാൻ നല്ല തന്റേടം വേണം എന്ന്. "
ഒന്ന് നിർത്തി സുസ്മിതയുടെ മുഖം നോക്കി ആണ് ശ്രീ തുടർന്നതു..
"എന്റെ ഒപ്പം ലൈഫിൽ വേണ്ടത് ഇവളെ പോലെ ഒരാൾ ആണെന്ന് "
സുസ്മിത കണ്ണ് മിഴിച്ചു അവനെ നോക്കി.
"മോൻ പറയുന്നത്... "
അമ്മ ആശങ്കയോടെ ശ്രീയെ നോക്കി..
"അമ്മേ.. സുസ്മിത അമ്മയുടെ മോൾ ആണെന്ന് അറിഞ്ഞപ്പോൾ അച്ഛൻ ഉറപ്പിച്ചു പറഞ്ഞു.. എന്നെ തല്ലിയ ഇവളെ കല്യാണം കഴിച്ചു വീട്ടിൽ കൊണ്ടു വന്നു സ്നേഹിച്ചു പ്രതികാരം ചെയ്യാൻ.. ""
"അയ്യടാ മോനെ.. കെട്ടി വീട്ടിൽ കൊണ്ടു പോയി എന്നെ ഡെയിലി കുനിച്ചു നിർത്തി ഇടിക്കാൻ ഉള്ള സൈക്കിളോടിക്കൽ മൂവ്. മോനെ വേറെ ആളെ നോക്ക്. എന്നെ കിട്ടില്ല
"
"അതേടി കുറുമ്പി . നിന്നെ എന്ത് ചെയ്യണം ന്ന് ഇവർ കാർന്നോന്മാർ തീരുമാനം എടുത്തോളും. നീ കോളേജിൽ വാ രണ്ടു കൊല്ലം കൂടെ ഉണ്ട്. നമുക്ക് "
ശ്രീ വൈരം തിളങ്ങുന്ന സുസ്മിതയുടെ കണ്ണിൽ നോക്കി.
"നീ വേണം ന്റെ കൂടെ പൂവാകചോട്ടിൽ ഇരുന്നു കഥ പറയാനും, സ്വപ്നം കാണാനും ഇങ്കിലാബു വിളിക്കാനും.. ഞാൻ പോട്ടെ.. കോളേജിൽ വരണം ഞാൻ കാത്തിരിക്കുമവിടെ "
"പോട്ടെ അമ്മേ അച്ഛൻ അമ്മയെ കാണാൻ വരും കേട്ടോ "
സുസ്മിതയെ നോക്കി തലയാട്ടി യാത്ര ചോദിച്ചു ശ്രീദേവ് നിറഞ്ഞ ചിരിയോടെ ഇറങ്ങി നടന്നു.
അമ്മയുടെ തോളിൽ താടി അമർത്തി സുസ്മിത അവനെ നോക്കി കൈ വീശി . നിറയെ പൂത്ത ചെമ്പരത്തിക്കാടിന് അപ്പുറം അവന്റെ രൂപം മറയുന്ന വരെ...
----വരുൺ ----

കാലത്തിന്റെ നീതി

Image may contain: one or more people, sunglasses and beard

ബീക്കൺ ലൈറ്റും സൈറണും ഇട്ട് വേഗതയിൽ വന്ന പോലീസ് ജീപ്പ് മന്ത്രി തോമസ് നാലപ്പാടന്റെ വീടിന്റെ ഗേറ്റിനു മുന്നിൽ തടിച്ചു കൂടിയ ജനങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും പിറകിലായി ടയറുകൾ തറയിലുരച്ച് ഒരലർച്ചയോടെ നിന്നു .
ഗേറ്റിൽ നിന്ന കോൺസ്റ്റബിൾസ് ജീപ്പിനടുത്തേക്ക് ഓടി വന്ന് അറ്റൻഷനായി .
ജീപ്പിൽ നിന്നിറങ്ങാതെ തന്നെ ACP വാട്സൺ ഡാനിയേൽ അവരെ നോക്കി തലയാട്ടി .
" എന്താണടോ സിറ്റുവേഷൻ ... തുറന്നോ വാതിൽ .."
''നോ സർ .. സർ വന്നിട്ട് തുറന്നാൽ മതിയെന്ന് പറഞ്ഞതു കൊണ്ട് ...."
"ഒക്കെ .. ഇവരെയൊന്ന് ഹാന്റിൽ ചെയ്തേക്ക് ... ആരെയും അകത്ത് വിടണ്ട .. കേരള ടുഡേയുടെ ഫൈസൽ അഹമ്മദ് വന്നാൽ എന്നെ വിളിക്കാൻ പറയൂ ..."
ഗേറ്റിനു മുന്നിലെ ആൾക്കൂട്ടം ശ്രദ്ധിക്കാതെ വാട്സൺ ഡാനിയേൽ വിക്കറ്റ് ഗേറ്റിലൂടെ അകത്ത് കടന്നു ..
അകത്ത് കടന്ന് ഒരു നിമിഷം വാട്സൺ ആ കോമ്പൗണ്ട് മുഴുവൻ ഒന്നു നോക്കി ..
ചുവന്ന ഇഷ്ടിക പാകിയ നടപ്പാതയും , നിറയെ പൂത്ത പൂക്കളുമായി നാലപ്പാട് വീടും രാത്രി മുല്ലയുടെ മണം തൂകുന്ന മുറ്റവും അയാളുടെ മുന്നിൽ നിറഞ്ഞു നിന്നു ..
വാട്സൺ മുന്നോട്ട് ചെന്നപ്പോൾ വീടിന്റെ വാതിൽക്കൽ കൂടി നിന്ന പോലീസ് അറ്റൻഷനായി .. എന്നിട്ട് അകത്തേക്കുള്ള വാതിൽ തുറന്നു ..
മന്ത്രിയുടെ റൂമിനു മുന്നിൽ പേഴ്സണൽ സ്റ്റാഫും മന്ത്രിയുടെ മകനും നിൽപ്പുണ്ട് .
"ഇവിടം ക്ലിയറാണ് സർ ... " SI ഫിലിപ് അഗസ്റ്റിൻ മുന്നോട്ട് വന്ന് പറഞ്ഞു ..
"എങ്കിൽ തുറക്കാൻ നോക്കു .. വാതിൽ ചെക്ക് ചെയ്തില്ലേ ... "
"യെസ് സർ .. ഫിംഗർ പ്രിൻറ്സ് നോക്കി .. പിന്നെ വാതിൽ അകത്തു നിന്ന് ലോക്കാണ് ... "
" വേറെ കീ .. "
" ഉണ്ട് ..മകൻ കൊണ്ടു വന്നിട്ടുണ്ട് .. "
'' ദെൻ ..ഓപ്പൺ ... "
വാട്സണും ഫിലിപ്പും മുന്നോട്ട് ചെന്നപ്പോൾ കോൺസ്റ്റബിൾ മന്ത്രിയുടെ മകന്റെ കയ്യിൽ നിന്നും താക്കോൽ വാങ്ങി റൂം തുറന്നു ..
മുറിയുടെ നടുവിൽ , മറിഞ്ഞു കിടക്കുന്ന സ്റ്റൂളിനു മീതേ കാൽപാദങ്ങൾ കോച്ചി വലിച്ച് മന്ത്രി തോമസ് നാലപ്പാടൻ തൂങ്ങി കിടന്നിരുന്നു .. അഴിഞ്ഞു പോയ വെള്ള കോട്ടൺ മുണ്ട് താഴെ പടർന്ന് കിടപ്പുണ്ട് ..
തുടകൾക്ക് മീതെ മാന്തിക്കീറിയ പാടുകളിൽ നിന്ന് രക്തം ഊറി കട്ടപിടിച്ചിരുന്നു . വെള്ളമുണ്ടിൽ രക്ത തുള്ളികൾ മഷി കുടഞ്ഞതുപോൽ കാണപ്പെട്ടു ..
തുറിച്ച കണ്ണുകളും കടിച്ച നാവുമായി തോമസ് മരവിച്ച് കിടന്നു ..
നാലു നിമിഷം കൊണ്ട് വാട്സൺ ഡാനിയേലിന്റെ എക്സ്റേ കണ്ണുകൾ ആ മുറി മുഴുവൻ ഒപ്പിയെടുത്തു ..
അസ്വാഭാവികമായി അവിടെ ഒന്നും തന്നെ കണ്ടില്ല .. വൃത്തിയായി അടുക്കും ചിട്ടയോടും സൂക്ഷിച്ച മുറി ..
മിറർ ടേബിളിനു മുകളിലിരുന്ന കാപ്പി കപ്പുകളും ഫ്ലാസ്കുകളും വാട്സൺ കണ്ടു ...
''സർ മന്ത്രിയുടെ വീട്ടുകാർ എത്തി ... "
" ഉം .. ക്ലിയർ ചെയ്തോളു .. ഒന്നും വിട്ടു പോകണ്ട .. ഫസ്റ്റ് ലുക്ക് ആത്മഹത്യ തന്നെ എങ്കിലും .. മന്ത്രിയല്ലേ ...എന്തിന് ..? ഏതിന് ..? ആൻസർ കിട്ടും വരെ നമുക്ക് തലവേദന തന്നെ ... "
ചുമരിലൂടെ കയ്യോടിച്ച് മുറി മുഴുവൻ നടന്നു വാട്സൺ ...
താഴെയും മുകളിലും മൂലകളിലും ഒരു പരുന്തിന്റെ ജാഗ്രതയോടെ ആ കണ്ണുകൾ ഓളം വെട്ടി ...
"ഫിലിപ്പേ .. "
''യെസ് സർ .."
"തോമസിന്റെ വൈസിന്റെ പേരെന്താ ...? "
"റേയ്ച്ചൽ ... റേയ്ച്ചൽ തോമസ് .."
''മന്ത്രിക്ക് അവർ വളരെ പ്രിയപ്പെട്ടതാണല്ലേ .... ലുക്ക് ഇറ്റ് ..."
ഫിലിപ്പ് അലമാരയുടെ ഗ്ലാസിൽ നോക്കി ... അതിൽ മാർക്കർ പെൻ കൊണ്ട് എഴുതിയിരിക്കുന്നത് അയാൾ വായിച്ചു ..
"ഇറ്റ്സ് മൈ റേയ്ച്ചൽ ... "
" ഒക്കെ ..താൻ ഇൻക്വസ്റ്റ് തീർത്ത് ഓഫീസിൽ വാ ... ബാക്കി നമുക്ക് അവിടെ സംസാരിക്കാം ... "
''മന്ത്രിയുടെ വീട്ടുകാരുമായി ഒരു മീറ്റിംഗ് വേണം ... പതുക്കെ മതി ... ബാക്കി പ്രോസസിംഗ് ഒക്കെ നടക്കട്ടെ .. നമ്മുടെ കാര്യം കഴിഞ്ഞിട്ട് മതി മീഡിയ അകത്തേക്ക് ...വിവരം മാത്രം പുറത്തു കൊടുത്തേക്കു ... "
* * * * * * * * * * * * * * * * * * * *
മന്ത്രി തോമസിന്റെ മരണം കഴിഞ്ഞ് അഞ്ചാം ദിവസമാണ് വാട്സൺ വീട്ടുകാരെ കാണുന്നത് .. തോമസില്ലാത്ത ആ വീട് മൂകമായി കിടന്നു.....
റേയ്ചലും മകൾ എലീനയും മകൻ ആൽവിനും വാട്സനു മുന്നിൽ നിശബ്ദരായി ഇരുന്നു ....
" മാഡം .. പൊളിറ്റിക്കലി സർ ഇപ്പോൾ ഹാപ്പി ആയിരുന്നു .. അല്ലെങ്കിൽ രാഷ്ട്രിയത്തിലിറങ്ങി ഈ ഇരുപത്തഞ്ചു വർഷവും അദ്ദേഹത്തിനു ക്ലീൻ ഇമേജായിരുന്നു .. സാമ്പത്തികമായി നാലപ്പാട്ടുകാർ വെൽസെറ്റിൽഡ് ആണ് കഴിഞ്ഞ നൂകഴിഞ്ഞ നൂറ്റാണ്ടു മുതലേ .. പിന്നെ എന്തിന് അദ്ദേഹം ഇപ്പോൾ ഇത് ചെയ്തു എന്നെ ഞങ്ങൾക്കറിയേണ്ടതുള്ളു ....."
റേയ്ചലും എലീനയും ഒന്നും മിണ്ടിയില്ല .. ആൽവിൻ മാത്രം സംസാരിച്ചു ..
"ഓഫീസർ .. ഇവിടെ എന്താണ്ടുണ്ടായതെന്ന് ഞങ്ങൾക്കും ഒരു പിക്ചറില്ല .. ഞാൻ നാട്ടിൽ വന്നിട്ട് ഒരു മാസമേ ആയിട്ടുള്ളു .. ഇവർ വന്നിട്ട് നാലു ദിവസവും ... "
"യെസ് .. നിങ്ങൾ വിദേശത്തായിരുന്നു അല്ലേ ...."
" ഉം ... ലാസ്റ്റ് ഫൈവ് ഇയേർസായി ഞങ്ങൾ ജർമനിയിലാണ് .. ചാച്ചൻ എന്തിനിത് ചെയ്തു എന്നത് ഞങ്ങൾക്കും ഒരു പിടിയുമില്ല ... "
" ഇനി പുറത്തു നിന്നെന്തെങ്കിലും പ്രഷറോ മറ്റോ ... നിങ്ങൾക്ക് ഒരു സൂചന പോലുമില്ലല്ലേ ... "
കുറച്ചു സമയം കൂടി സംസാരിച്ചിരുന്ന ശേഷം വാട്സൺ എഴുന്നേറ്റു ...
"മരിക്കുന അന്ന് രാത്രി നിങ്ങൾ സാറിനെ കണ്ടിരുന്നോ വൈകുന്നേരം ആറിനുശേഷം .. "
" ഇല്ല ... ഒരു എട്ടിന് പപ്പ വിളിച്ചിരുന്നു ."
" ആരേ ... "
'' എന്നെ .. " എലീനയാണ് മറുപടി പറഞ്ഞത് ....
"ഇവിടെ നിന്നോ ...? "
"യെസ് ..... വാട്സപ് കോളായിരുന്നു ... പപ്പ എന്തോ ഡിസ്റ്റർബ്ഡ് ആയിരുന്നു .. ഞാനത് അമ്മച്ചിയോട് പറയുകയും ചെയ്തു ... "
"എന്തെങ്കിലും പറഞ്ഞോ പപ്പ .. സംതിഗ് സ്പെഷ്യൽ ?"
"ഒന്നൂല്ല ... നന്നായി ഇരിക്കണം എന്ന് പറഞ്ഞു എന്നത്തെയും പോലെ തന്നെ ... "
" ഒക്കെ .. ഞാനിറങ്ങുന്നു .... " വാട്സൺ റേയ്ചലിനെ നോക്കി ...
* * * * * * * * * * * * * * * * * * * * * *
കോഫീ ഹൗസിലിരുന്ന് ഓർഡർ ചെയ്ത കാപുചീനോ കുടിച്ചുകൊണ്ടാണ് വാട്സണും ഫിലിപും സംസാരിച്ചത് ....
"സർ .. ഇതൊരു ആത്മഹത്യ തന്നെയാണ് ... എല്ലാ മാർക്സും തെളിവുകളും ഉണ്ട് ... എന്തിനു ചെയ്തു എന്നതിന് നമുക്ക് ഉത്തരമില്ല ... പക്ഷെ നമുക്കിത് ക്ലോസ് ചെയ്യാമല്ലോ ..? സർ പിന്നെന്തിന് വറീടാകണം .. "
"അതല്ല ഫിലിപ്പ് .. തോമസിനെ പോലെ ഒരാൾ ... വെൽ സെറ്റിൽഡ്... ക്ലീൻ ഇമേജ് ..... ചുറ്റും പരിവാരങ്ങൾ ... ജീവിതമിങ്ങനെ ഹാപ്പിയായി പോകുമ്പോൾ പെട്ടെന്നെന്തിനൊരു സഡൻ ബ്രേക്ക് ... ഐ സ്മെൽ എ റാറ്റ് ഫിലിപ് ... സംതിംഗ് റോങ്ങ് ..."
വാട്സൺ നെറ്റിയിൽ കൈതാങ്ങി കണ്ണടച്ചു .... തോമസിന്റെ ആ റൂം ആ നിമിഷം വാട്സന്റെ മുന്നിൽ തെളിഞ്ഞു വന്നു ....
"ഫിലിപ്പേ ... തോമസിന്റെ ഹൈറ്റ് എത്രയാ ...? "
" 5.7 അടി സർ ...."
''5.7 വാഡ് സൺ മന്ത്രിച്ചു ...അപ്പോ അത് എഴുതിയത് മന്ത്രിയല്ല .... "
'' ഏതാ സർ ... "
''എടോ ആ അലമാരയിൽ എഴുതിയിരുന്നത് ... ഇറ്റ്സ് മൈ റേയ്ചൽ ... "
"അതെങ്ങനെ സാറിനറിയാം ... "
''ഫിലിപ്പേ ... ഒരാൾ ഫിത്തിയിലോ അതുപോലൊരു ഒബ്ജക്ടിലോ എഴുതുമ്പോൾ ... എപ്പോഴും അത് അവരുടെ ഐ ലെവലിൽ ആയിരിക്കും ... അല്ലെങ്കിൽ അതിനു തൊട്ടു താഴെ .... ആ ലെറ്റേർസ് എന്റെ ലവൽ ആയിരുന്നു ... സോ അതെഴുതിയത് ആറടി മേൽ ഉയരമുള്ള ആരോ ആണ് ..."
ഒറ്റ നിമിഷം കൊണ്ട് ഫിലിപ് അലർട്ടായി ...
"മന്ത്രി അവിടെ ഒറ്റക്കാണ് ..മുറിയിൽ .. അവിടെ രണ്ട് കോഫി മഗ്സ് ഉണ്ടായിരുന്നില്ലേ .. സോ ഹി ഹാവ് എ ഗസ്റ്റ് ... ആ രാത്രി മന്ത്രിക്ക് ഒരു വിരുന്നുകാരനുണ്ടായിരുന്നു .. യു ഗോട്ട് ഇറ്റ് ..."
"യെസ് സർ .. ബട്ട് നമ്മൾ സിസിടിവി ദൃശ്യങ്ങൾ ഫുൾ ചെക് ചെയ്തതാണ് ... അവിടെയാരും വന്നിട്ടില്ല ... പകൽ വന്നു പോയ ഓഫീസേർസും മന്ത്രിയുടെ പേർസണൽ സ്റ്റാഫുമല്ലാതെ , പിന്നെയുള്ളത് ആ വീട്ടിലെ ജോലിക്കാരും ... "
'' ഒക്കെ നമുക്കാ വിഷ്വൽസ് ഒന്നുകൂടി നോക്കാം ... അന്ന് അവിടെ വന്ന ഗസ്റ്റിൽ ആറടിയിൽ കൂടുതൽ ഉയരമുണ്ടെന്ന് തോന്നുന്നവരെ പ്രത്യേകം നോട്ട് ചെയ്യണം ... നമുക്കിതേയുള്ളു ഇപ്പോൾ ഒരു ഓപ്പണിംഗ് ..."
"യെസ് സർ ... നമുക്കിപ്പോൾ തന്നെ അത് ക്ലിയർ ചെയ്യാം ... "
ഒരു മണിക്കൂറിനു ശേഷം സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അരിച്ചെടുത്ത നാലു പേരുടെ വിവരം വാട്സൺ ഡാനിയലിനു മുന്നിൽ എത്തി ...
''നാലു പേർ അല്ലേ ഫിലിപ് ...."
"യെസ് സർ ... നാലു പേർ ... കമ്മിഷണർ രാജൻ മാത്യൂസ് , തോമസ് സർ ന്റെ ബ്രദർ ഇൻ ലോ സ്റ്റാൻലി , സിറ്റി മാൾ ഓണർ യൂസഫ് ഷാ , മന്ത്രിയുടെ പേർസണൽ ഡോക്ടർ അലക്സ് സാമുവേൽ ... "
"സോ ഇവർ നാലു പേരിൽ ആരാകും തോമസ് സർനെ ഒരു കയറിൽ തൂക്കാൻ മാത്രം ഷോക്കു കൊടുത്തിട്ടുണ്ടാകുക .. "
"സർ .. ഇതിൽ നിന്ന് രാജൻ സർനെ മാറ്റി നിർത്താം .... കമ്മിഷണർ ഇങ്ങനൊരു ക്രൈമിലേക്ക് വരില്ലല്ലോ..."
"നോ ഫിലിപ് .. നാലു പേരെയും നമ്മൾ ഒരു പോലെ സസ്പെക്ട് ചെയ്യുക.. സാത്യതകളും കാരണങ്ങളും ഒക്കെ ചേർത്തിണങ്ങി വരുമ്പോൾ മൂന്നു പേർ താനേ പുറത്താകും ... അയാൾ ആരായിരുന്നാലും , അതൊരിക്കലും വിശ്വസിക്കാൻ പറ്റുന്നില്ല എങ്കിലും അതായിരിക്കും അൾട്ടിമേറ്റ് ട്രൂത്ത് ...
ഇവർ പോകുന്നതും വരുന്നതുമായ ടൈംസ് , എത്ര സമയം മന്ത്രിയുടെ റൂമിൽ ചിലവഴിച്ചു എന്നതൊക്കെ നമ്മൾ ചെക് ചെയ്യണം ... "
ഫിലിപും വാട്സനും കൂടിയാണ് ദ്യശ്യങ്ങൾ വീണ്ടും പരിശോധിച്ചത് ...
മുന്നോട്ടും പിന്നോട്ടും ദൃശ്യങ്ങൾ പരിശോധിച്ച് ഒടുവിൽ വാട്സന്റെ കണ്ണുകൾ ഒരു ദൃശ്യത്തിൽ ഉടക്കി നിന്നു ...
" സീ ഫിലിപ് ... തത്ക്കാലം ബാക്കി മൂന്നു പേരെ നമുക്ക് വിടാം .. എന്നിട്ട് ഈ ഒരാളെ ഫോളോ അപ് ചെയ്യാം ... "
ഡോ .അലക്സ് സാമുവേൽ .. ഫിലിപ് ആ ദൃശ്യത്തിലേക്ക് സാകൂതം നോക്കി ...
കണ്ണിൽ , ചുണ്ടിൽ ഒക്കെ ചിരിയുമായി വരുന്ന ഡോക്ടർ ..
"വൈ ..സർ .. ഇതിൽ എന്താണ് പ്രത്യേകത ... ഡോക്ടർ ഹാപ്പിയായി വരുന്നത് കൊണ്ടാണോ ..?"
''നോ ഡിയർ .. യൂ ജസ്റ്റ് സൂം ഇറ്റ് ആൻഡ് ..ഒബ്സർവ് "
" നത്തിംഗ് .. സർ എനിക്കൊന്നും കിട്ടിയില്ല ... "
ഫിലിപ് വാട്സണെ നോക്കി ...
'' ലുക്ക് ഹിസ് ഫിംഗേർസ് ഫിലിപ് .. ഹിസ് ലെഫ്റ്റ് ഹാൻഡ് .. "
ഫിലിപ് അവിടേക്ക് വിഷ്വൽസ് ഫോക്കസ് ചെയ്തു ...
"സർ .."
"യെസ് ഫിലിപ് .. അതൊരു പെൻ ആണ് .. എ മാർക്കിംഗ് പെൻ വിത് ബ്ലൂ ക്യാപ്പ് .. "
വാട്സൺ കസേര കയ്യിൽ അടിച്ചു കൊണ്ട് ചാടിയെഴുന്നേറ്റു ...
ഡോക്ടർ അലക്സ് സാമുവേൽ .. തോമസ്‌ സർ ന്റെ മെഡിക്കൽ ടീമിൽ ആറു മാസം മുൻപ് ജോയ്ൻ ചെയ്തു .... അടുത്ത അര മണിക്കൂറിൽ എനിക്ക് ആളെ കുറിച്ചുള്ള ഫുൾ ഡീറ്റെയ്ൽസ് കിട്ടണം .. അതു കഴിഞ്ഞ് നമുക്ക് അദ്ദേഹവുമായി ഒരു കൂടി കാഴ്ച ..ok .. "
"യെസ് സർ ... " ഫിലിപ് ഊർജസ്വലനായി പുറത്തേക്ക് നടന്നു ..
വാട്സന്റെ നെറ്റിയിലെ ഞരമ്പുകൾ പിടച്ചു ..
വൈ ... വൈ ഡോക്ടർ ... മന്ത്രി തോമസിനെ ഒരു കയറിലൊതുക്കാൻ മാത്രം എന്ത് ന്യൂസ് ആണ് താങ്കൾ കൈമാറിയത് ...
രാത്രി ഏഴു മണി കഴിഞ്ഞിരുന്നു ACP യുടെ ബൊലീറോ ഡോ . അലക്സ് സാമുവേലിന്റെ കോർട്ടേർസിനു മുന്നിൽ നിന്നപ്പോൾ ... "
കാളിംഗ് ബെൽ അമർത്തി കാത്തു നിൽക്കവെ ഫിലിപ് വാട്സനെ നോക്കി ...
ഇര മണത്ത ഹിംസ്ര മൃഗത്തെ പോലെ ഉഴറി നടക്കുകയായിരുന്നു വാട്സൺ അപ്പോൾ ...
വാതിൽ തുറന്നു വന്നത് ഡോക്ടർ തന്നെയായിരുന്നു ..
"ഗുഡ് ഈവനിംഗ് ഡോക്ടർ .." ഫിലിപ് ആണ് പറഞ്ഞത് .. "
''യെസ് ..ഈവനിംഗ് .... പ്ലീസ് കം ... "
വാതിൽ പൂർണമായി തുറന്ന് ഡോക്ടർ വഴിയൊഴിഞ്ഞു .
അകത്തു കയറിയിരുന്ന വാട്സൺ ഡോക്ടറെ പഠിക്കും പോലെ അടിമുടി നോക്കി ...
" ഡോക്ടർ കാര്യങ്ങളൊക്കെ അറിയാമല്ലോ .. തോമസ് സർ ന്റെ മരണമാണ് വിഷയം .. അതൊരു സൂയ്സൈഡ് ആയിരുന്നു ... എങ്കിൽ കൂടി അതിനു പിന്നിലെ റീസൺ തേടുകയായിരുന്നു ഞാൻ ... "
ഡോക്ടറുടെ കണ്ണിൽ നോക്കിയാണ് വാട്സൺ സംസാരിച്ചത് ..
" സ്ട്രെയിറ്റ് ..ഞാൻ മാറ്ററിലേക്ക് വരാം ... ഡോക്ടർ , താങ്കളാണ് ആ ആത്മഹത്യക്ക് പിന്നിലെ കാരണം .. എന്ത് ഇൻഫർമേഷനാണ് താങ്കൾ ആ രാത്രി അദ്ദേഹത്തിനു കൈമാറിയത് ..
നേരം വെളുക്കുവാൻ പോലും കാത്തു നിൽക്കാതെ ആദ്ദേഹം ഈ ലോകത്തോട് വിട പറയാൻ പാകത്തിനുള്ള ആ റീസൺ എന്തായിരുന്നു ..?"
ഡോ .അലക്സ് ഹൃദ്യമായി ഒന്നു ചിരിച്ചു . അദ്ദേഹത്തിന്റെ കൺപീലികൾ പോലും പതറിയില്ല എന്ന് വാട്സൺ കണ്ടു ...
" ടെൽ മീ ഡോക്ടർ .. ഹാംബർഗിലെ ജോലി പോലും വേണ്ടെന്നു വച്ച് താങ്കൾ ഇവിടെ വന്ന് ജോയ്ൻ ചെയ്യാൻ കാരണമെന്തായിരുന്നു ....?"
"ഹാംബർഗ് ...? " ഡോക്ടർ പുരികം വളച്ചു ...
"യെസ് ഹാംബർഗ് ....."
"സോ നിങ്ങൾ എന്നെ പറ്റി വെൽ സ്റ്റഡീഡ് ആണ് ..."
" യെസ് ... ഡോക്ടറുടെ ജാതകം ഇപ്പോൾ എന്റെ കയ്യിലുണ്ട് ...."
അഞ്ചു നിമിഷം ഡോക്ടർ അലക്‌സ് മൗനമായി ഇരുന്നു ..
"മിസ്റ്റർ ഓഫീസർ.. ഇതൊരു ഏറ്റു പറച്ചിലായി നിങ്ങൾ കാണണ്ട ... ഉള്ളിൽ പ്രതികാരത്തിന്റെ ഒരു അഗ്നിയുണ്ടായിരുന്നു ... പക്ഷെ അയാൾ ആത്മഹത്യ ചെയ്യുമെന്ന് ഞാൻ കരുതിയില്ല ... അയാൾ ഇഞ്ചിഞ്ചായി നീറണം എന്നാണ് ഞാനഗ്രഹിച്ചത് .... മറ്റുള്ളവരുടെ മുന്നിൽ അപമാനിതനായി ..ഒക്കെ നഷ്ടപ്പെട്ട് ... കുടുംബവും .. കരിയറും .. നശിച്ച് .."
പറഞ്ഞു വന്നപ്പോൾ ഡോക്ടർ കിതച്ചു തുടങ്ങി ...
"കൂൾ ... റിലാക്സ് ഡോക്ടർ ... " ഫിലിപ് ഡോക്ടറുടെ തോളിൽ തട്ടി ..
''ഞാൻ ചുരുക്കി പറയാം .. ഞാനും എലീനയും .. മീൻസ് തോമസ് സാർന്റെ മകൾ ... ഞങ്ങൾ ക്ലാസ്മേറ്റ്സ് ആയിരുന്നു ... പ്രണയത്തിലും ...
പതിനെട്ട് വർഷം മുൻപ് ഇതേ മന്ത്രിയുടെ കൈ കൊണ്ട് ...ജീവശവമാക്കി കെട്ടി കായലിൽ താഴ്ത്തി എന്നെയും എന്റെ കുടുംബത്തെയും .. ആയുസ്സ് ബാക്കിയുള്ളത് കൊണ്ട് ഞാൻ ഇപ്പോഴും ഇവിടെ ...
അന്ന് നാടുവിട്ട ഞാൻ ഒരു വർഷം മുൻപേ തിരിച്ചെത്തി ... നേർക്കുനേരെ നിന്നിട്ടും പുള്ളിക്ക് ഇതുവരെ എന്നെ മനസിലായിട്ടില്ലായിരുന്നു ... പക്ഷെ എലീന തിരിച്ചറിഞ്ഞു ജർമനിയിൽ വച്ചു തന്നെ .
അന്നത്തെ മീറ്റിംഗിൽ പഴയതൊക്കെ ഞാനദ്ദേഹത്തെ ഒന്നോർമ്മിപ്പിച്ചു ...
പതിനെട്ടു കൊല്ലം മുന്നത്തെ ധൈര്യം ഇപ്പോൾ അദ്ദേനത്തിനില്ലായിരുന്നു ... "
"സോ ... ആ എഴുത്ത് ... അലമാരയിലെ ....."
''അത് കഥകൾ പറഞ്ഞു വന്നപ്പോൾ എഴുതിയതാണ് .... "
'' പക്ഷെ മൈ എലീന എന്നല്ലല്ലോ ..... മൈ റേയ്ചൽ എന്നല്ലേ .. താങ്കൾ എഴുതിയത് ... "
അലക്സ് ഒന്നു ചിരിച്ചു ...'' മൈ റേച്ചാ .. എന്നാ ഞാനെഴുതിയത് ... റേച്ചൽ എന്ന് ഒരു ലെറ്റർ കൂടി ഞാൻ കൂട്ടിച്ചേർത്തതാ .... റേച്ച എന്നാൽ ജർമൻ ഭാഷയിൽ പ്രതികാരം എന്നാണ് അർത്ഥം ... "
ഫിലിപ് കണ്ണു മിഴിച്ച് വാട്സനെ നോക്കി .... വാട്സൺ ചിരിച്ചു ...
''സോ ഫിലിപ് .. നമുക്ക് മടങ്ങാം ... ഡോക്ടർ നല്ലൊരു രാത്രി നേരുന്നു .... "
ഫിലിപിന് ഒന്നും പറയാൻ അവസരം നൽകാതെ വാട്സൺ പുറത്തേക്ക് നടന്നു ....
"സർ അപ്പോ ഡോക്ടറെ ...." ബൊലീറോയിൽ കയറും മുൻപ് ഫിലിപ് വാട്സനെ നോക്കി ....
" വിട്ട് കളയടോ ... തോമസ് സർ ആത്മഹത്യ ചെയ്തു .... ഇത് കാലത്തിന്റെ നീതിയാണ് ... നമുക്ക് ചിലപ്പോഴൊക്കെ ഒന്നു മനുഷ്യരാകാം ... എപ്പോഴും പോലീസ് ആയാൽ ഒരു സുഖവുമുണ്ടാകില്ല .... താൻ വാ നമുക്ക് ക്ലബ്ബിൽ പോയി രണ്ടെണ്ണം വീശിയിട്ട് പിരിയാം ... "
ഫിലിപ് ഒന്നും മിണ്ടിയില്ല ... ജീപ്പ് പുറത്തേക്ക് പോയപ്പോൾ ഡോ.അലക്സ് അത് നോക്കി നിന്നു ..
വരുൺ. എസ് . നമ്പൂതിരി.
Amrutha Ajayan.. നിനക്ക് ഒരുപാട് ഒരുപാട് നന്ദി. സമയം ഇല്ലാതെ നടന്ന എനിക്ക് ഇത് ഫുൾ ടൈപ്പ് ചെയ്തു തന്നതിന്.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo