Showing posts with label HimaMalhal. Show all posts
Showing posts with label HimaMalhal. Show all posts

മെക്കാനിസം ഓഫ് പുകയില


എന്റെ ജീവിതത്തിൽ ആദ്യമായി ഞാൻ ഒരു ലഹരി പദാർത്ഥം കഴിക്കുന്നത് എഴാം വയസ്സിലാണ്... ആരും ഞെട്ടണ്ടാട്ടോ.... ആ കഥ പറഞ്ഞു തരാം...
ചെറുപ്പത്തിൽ എനിക്ക് ഒരു സത്സ്വഭാവം ഉണ്ടായിരുന്നു... അമ്മ അതിനെ വികൃതി എന്നു വിഷേശിപ്പിക്കുമെങ്കിലും ഞാൻ സ്വയം അതിനെ അറിവ് നേടാനുള്ള ത്വര എന്ന് വിശേഷിപ്പിക്കും...
എന്തു പുതിയ ഐറ്റം കണ്ടാലും അതിന്റെ മെക്കാനിസം എന്താന്നു അറിയാതെ എനിക്ക് ഒരു ഇരിക്കപ്പൊറുതിയും കിട്ടൂല്ല.... പണ്ടത്തെ വി.സി.ആർ, അച്ഛനു ആരോ ഗിഫ്റ്റ് കൊടുത്ത ഒരു വിലകൂടിയ പേന, ടി.വി റിമോട്ട് അങ്ങനെ ഞാൻ മെക്കാനിസം പഠിച്ച ഐറ്റംസ് ഒരുപാടുണ്ട്...
പിന്നെ പരലോകം പൂകിയ ആ സാധനങ്ങളുടെ നിത്യശാന്തിക്കായി ഞാനും, എന്റെ "പാർട്ട്ണർ ഇൻ ക്രൈം " ആയ അനിയനും കൂടി കണ്ണുനീർ പൊഴിക്കും.... അല്ല തൊള്ള കീറി കരയും.... വിഷമം കൊണ്ടല്ലാട്ടോ മുറ്റത്തെ ചെമ്പരത്തിയിൽ നിന്നും ഞാൻ തന്നെ വെട്ടി കൊണ്ടുവന്ന വടി വെച്ച് അച്ഛന്റെ കയ്യിൽ നിന്ന് അടി കിട്ടുമ്പോഴാണെന്നു മാത്രം..
അങ്ങനെ ദിവസത്തിൽ ഒന്നു രണ്ട് റൗണ്ട് അടിയെങ്കിലും വാങ്ങിയെടുത്ത് അതിന്റെ ഒരഹങ്കാരവുമില്ലാതെ പിന്നെയും തക്കം നോക്കി നടക്കുന്ന സമയമായിരുന്നു അത്.... ആയിടക്കാണ് തൊട്ടടുത്ത വീട്ടിൽ ഒരു കല്യാണം വന്നത്....
പണ്ട് കല്ല്യാണ വീടുകളിൽ എല്ലാം കണ്ടിരുന്ന ഒന്നായിരുന്നു.. ഒരു തട്ടിൽ ചെറുനാരങ്ങ, പഴം, പിന്നെ വെറ്റില, പുകയില, അടക്ക, ചുണ്ണാമ്പ് എന്നിവ... അവസാനം പറഞ്ഞ സാധനങ്ങൾ എടുക്കാൻ ശ്രമിച്ചപ്പോഴൊക്കെ അതു കുട്ട്യോൾക്കുള്ള സാധനമല്ലാന്നും പറഞ്ഞ് അമ്മ ദേഷ്യപ്പെടാറുള്ളതുകൊണ്ട് അവ എന്നും എന്റെ നോട്ടപ്പുള്ളികളായിരുന്നു.
പച്ച വെറ്റില, കറുപ്പ് പുകയില, വെള്ള ചുണ്ണാമ്പ് ഇതൊക്കെ കൂടി മുറുക്കി ചുവപ്പു കളറിൽ തുപ്പുന്നത് ഏതോ മാജിക്ക് കാണുന്നതു പോലെയായിരുന്നു അന്നു ഞങ്ങൾ കണ്ടിരുന്നത്..
സ്വന്തം വീടുപോലെ തന്നെ അധികാരം ഉള്ള സ്ഥലമാണ് കല്ല്യാണവീട്.... ഇതിനേക്കാൾ നല്ല അവസരം ഇനി കിട്ടില്ല. ഇന്ന് ഇതൊന്നു പരീക്ഷിച്ചിട്ടു തന്നെ കാര്യം എന്നു ഞങ്ങൾ ഉറപ്പിച്ചു... വെറ്റിലയും മറ്റുമുറുക്കാൻ ഐറ്റംസും സംഘടിപ്പിച്ചു.. പിന്നെ പന്തലിന്റെ ഒരു മൂലയിൽ പോയിരുന്നു..
മുറുക്കുന്ന അമ്മൂമ്മമാരെ മനസ്സിൽ ധ്യാനിച്ച് കൈയ്യിൽ തോണ്ടിയെടുത്ത ചുണ്ണാമ്പ് വെറ്റിലയിൽ ഭംഗിയായി തേച്ച് അടക്കയും, പുകയിലയും അകത്ത് വച്ച് വൃത്തിയായി മടക്കി... ഇനി ഏതെങ്കിലും സ്റ്റെപ്പ് തെറ്റിയാ തുപ്പുമ്പോ ചുവന്നില്ലെങ്കിലോ... അങ്ങനെ ആകാംക്ഷയോടെ വായിലിട്ടു ചവച്ചു...രണ്ട് വിരലും ചുണ്ടിൽ ചേർത്ത് നടുവിലൂടെ നീട്ടി തുപ്പി.
അഞ്ചു മിനിട്ട് ആയിക്കാണില്ല...ഭൂമികുലുക്കം ആണോ.... ഇനി ഭൂമി കറങ്ങുന്നേന്റെ കൂടെ നമ്മളേം കറക്കാൻ തുടങ്ങിയോ... ഒന്നും മനസ്സിലാവുന്നില്ല..
ഞാൻ കണ്ണു പകുതി തുറന്നു ഒന്നു നോക്കി.... നല്ല പരിജയം ഉള്ള ബെഡ് ആണല്ലോ...ദേ ഗുലു (അനിയൻ) തൊട്ടടുത്ത് ഉറങ്ങുന്നു.. എപ്പൊ, എങ്ങനെ വീട്ടിലെത്തിയോ ആവോ... ഒന്നും ഓർമ്മയില്ല... പതുക്കെ ഒന്നു ചെവി വട്ടം പിടിച്ചു... അപ്പുറത്ത് വല്ല്യമ്മേടെ സംസാരം കേൾക്കുന്നുണ്ട്...
"കൈയ്യിൽ പൊകല കണ്ടത് ഭാഗ്യം അല്ലെങ്കിൽ തല കറങ്ങി വീണിട്ടാ വായിന്നു ചോര വന്നെന്നു വിചാരിച്ച് ഇപ്പോ ആശൂത്രീ കൊണ്ടേയേനേ... "
അങ്ങനെ ഓപ്പറേഷൻ പുകയില ഫെയില്യുർ... അല്ല.... ഈ ചെമ്പരത്തീടെ വടിയാണോ, പുളി വടിയാണോ അടിക്കുമ്പോ വേദന കുറവ്... ഇനി അതു മാത്രം ചിന്തിച്ചാ മതി....
സത്യം പറഞ്ഞാ.....ഈ പുകയിലേടെ മെക്കാനിസം ഇത്ര sഫാണെന്ന് അന്നാ എനിക്ക് മനസ്സിലായത്... ഹൌ..
അതിൽ പിന്നെ ഞാൻ പുകയില കണ്ടാൽ ഒന്നു തിരിഞ്ഞു നോക്കുക പോലും ഇല്ല... നമുക്കെന്തിനാ ഈ ആവശ്യമില്ലാത്ത കൂട്ടുകെട്ട്... വെറുതെ മനുഷ്യനെ ചീത്തയാക്കാനായിട്ട്...
ഹിമ മൽഹാൽ

ചീളൂട്ടി

Image may contain: 1 person, indoor and closeup


അമ്മയുടെ മൂത്ത സഹോദരിക്ക് അതായത് എന്റെ വല്ല്യമ്മക്ക് ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് സന്താന സൗഭാഗ്യം ഉണ്ടായത്.
ഒരുപാടു നാളുകൾ കുട്ടികളുടെ കളിയും ചിരിയും കുസൃതിയും ഇല്ലാതെ ജീവിതം ഇരുളടഞ്ഞു കിടന്നതു കൊണ്ടാവാം ദൈവം ഇരട്ട കുട്ടികളെ കൊടുത്തു കൊണ്ടാണ് അവരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശിയത്. ഒരാൺകുട്ടിയും, പെൺകുട്ടിയും....
ഇത്ര നാൾ കാണാൻ ആഗ്രഹിച്ച കുസൃതി മുഴുവൻ അവർ ഒരുമിച്ച് കാണിക്കുന്നതു കൊണ്ട് വല്ല്യമ്മക്ക് ഇപ്പോ കണ്ണടയ്ക്കാൻ പോലും സമയം കിട്ടാറില്ല.
ഇരട്ടകളിൽ മൂത്തയാളാണ് ചീളൂട്ടി .പേരു കേട്ട് ആരും ആശ്ചര്യപ്പെട്ടണ്ട... കുറേ കാത്തിരുന്നു കിട്ടിയതോണ്ടും, ഇരട്ടക്കുട്ടികളായതിനാൽ വലിപ്പം നന്നേ കുറവായതുകൊണ്ടുo അമ്മേടെ കരളിന്റെ ചീളേ (കഷണം) എന്ന് വല്ല്യമ്മ എപ്പോഴും ഓമനിച്ചു വിളിക്കും .അത് ലോപിച്ചാണ് ചീളു എന്ന വിളിപ്പേരുണ്ടായത്.
ഒരു കുഞ്ഞു കാന്താരിമുളകിന് കയ്യും കാലും വച്ചാൽ എങ്ങനെയിരിക്കും അതാണ് ചീളു .ദേഷ്യം വന്നാൽ നാഗവള്ളിയാവാനും, സ്വന്തം കാര്യം നടത്താൻ ഏത് കൂടിയ പതയുള്ള സോപ്പാവാനും അവൾക്ക് അനായാസം കഴിഞ്ഞിരുന്നു. എല്ലാവരുടേയും കരളിന്റെ കഷണം തന്നെയായിരുന്നു അവൾ.
അമ്മയെ നേരത്തെ കല്യാണം കഴിപ്പിച്ചയച്ചതു കൊണ്ട് ഞാനായിരുന്നു അമ്മ വീട്ടിലെ പുതിയ തലമുറയിലെ ഏറ്റവും മൂത്ത ആൾ.. അതു കൊണ്ട് ഇവരുടെ എല്ലാ വാശികളും, ആവശ്യങ്ങളും, സംശയങ്ങളും ആദ്യം എന്റെയടുത്താവും എത്തുക.അവധിക്ക് എല്ലാവരും അമ്മ വീട്ടിൽ ഒത്തുകൂടും.
നാല് സ്ത്രീകൾ ഒത്തുകൂടിയാൽ അവിടെ ഒരാൾക്കെങ്കിലും ഉണ്ടാകുന്ന വികാരമാണല്ലോ കുശുമ്പ്. ഇവിടെ കുഞ്ഞി ചീളൂന്റെ കുഞ്ഞി കുശുമ്പാണ് വിഷയം. അവളെ ഓരോന്നു പറഞ്ഞ് ആ കുശുമ്പ് പുറത്തുചാടിച്ച് ആ ശുണ്ഠി കണ്ട് രസിക്കലാണ് എല്ലാവരുടേയും നേരം പോക്ക്.
അമ്മക്ക് ലേശം പ്രായകൂടുതലുണ്ടോ ? ചെറിയമ്മയും ചേച്ചിയും എന്നെക്കാൾ ഭംഗിയുണ്ടോ ?അങ്ങനെ നൂറു നൂറു ചിന്തകളാ ആ കുഞ്ഞിത്തലയിൽ.
എരിതീയിൽ എണ്ണ ഒഴിക്കാൻ ഞാൻ അവളോട് പറയും.. ചീളൂന്റെ അമ്മേടെ ഭംഗി ഒക്കെ പോയല്ലോ ... മുടി ഒക്കെ നരച്ചു. വയസ്സായ പോലെയായി.
പാവം.... അവൾക്ക് പിന്നെ ഭയങ്കര തിരക്കിട്ട പണിയാവും. പണി മൊത്തത്തിൽ കിട്ടുന്നത് എന്റെ വല്ല്യമ്മക്കും. ഒരു മെയ്ക്കപ്പ് ബോക്സും എടുത്ത് അവൾ ആ പാവത്തിനെ അതിൽ കുളിപ്പിച്ചെടുക്കും..... അവൾക്ക് ദേവി കയറിയാ പിന്നെ പിടിച്ചാ കിട്ടില്ല. അമ്മേടെ മുഖത്ത് കുറച്ചെന്തെങ്കിലും വാരിതേച്ചാലേ പിന്നെ അവൾ അടങ്ങൂ.
അതു കഴിഞ്ഞാൽ പിന്നെ ഫാഷൻ ഷോയ്ക്ക് മോഡലിനെ ഒരുക്കിയ മെയ്ക്കപ്പ് ആർട്ടിസ്റ്റിന്റെ ഭാവത്തിൽ അമ്മയുടെ കൈയും പിടിച്ച് എന്റെ മുമ്പിലൂടെ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടു നടക്കും.
ഒരാൾ ഇഷ്ടപ്പെട്ട് ചെയ്യുന്ന പ്രവൃത്തി എന്തായാലും അത് തടസ്സപ്പെടുത്തുക എന്നത് അവൾക്ക് ഒരു പ്രത്യേക ആനന്ദം നൽകിയിരുന്നു. ഒരു ദിവസം ഞാൻ ടി.വി കാണുന്നതിനിടയിൽ ഓടി വന്ന് റിമോട്ട് തട്ടിപറച്ച് വാങ്ങി. തല്ല് കൂടി കരയിപ്പിക്കാൻ ഒരു മൂഡും ഇല്ലാത്തോണ്ട് ഞാൻ അത് അവൾക്ക് വിട്ടു കൊടുത്തു.
അവൾ ചാനൽ മാറ്റിയതും
"പ്ഫ മൂദേവി റിമോട്ട് ഇങ്ങ് താടി "
ഏതോ ഒരു സീരിയലിലെ ഡയലോഗ്... പെട്ടെന്ന് ഞാനവളുടെ മുഖത്തേക്ക് പുച്ഛ ചിരിയോടെ നോക്കി. ചമ്മിയത് ഞാൻ കാണാതിരിക്കാൻ റിമോട്ട് എന്റെ മടിയിലേക്ക് ഇട്ട് വന്നതിന്റെ ഇരട്ടി സ്പീഡിൽ ഒരോട്ടം.....
കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൾ എന്റെ അടുത്തേക്ക് ചിണുങ്ങി കൊണ്ട് വന്നു. എന്തോ കാര്യം സാധിക്കാനുണ്ടെന്ന് എനിക്ക് മനസ്സിലായി
ഒരു സംശയവും കൊണ്ടായിരുന്നു അവൾ വന്നത്.
" ഈ മൂദേവിന്നു പറഞ്ഞാലെന്താ സാധനം "
ഇത്രയും നേരം ടിവിയിൽ കേട്ടതും ചിന്തിച്ചു കൊണ്ടിരിക്കുകയായിരുന്നു അവൾ.ഇത് എങ്ങനെയാ ഇവൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കണ്ടെന്നു ഞാൻ ചിന്തിച്ചു. എന്തെങ്കിലും പറഞ്ഞ് കൊടുത്തില്ലെങ്കിൽ പുറകിന്നു പോവുകയും ഇല്ല.
അവസാനം ഞാൻ പറഞ്ഞു
"ഈ അമ്പലത്തിലൊക്കെ ദേവിമാരെ കണ്ടിട്ടില്ലേ, അതുപോലെ വേറൊരു ദേവിയാണ് മൂദേവി. "
അപ്പൊ അടുത്ത സംശയം
"മൂദേവിനെ കാണാൻ ഭംഗിണ്ടാവോ"
"പിന്നേ... നല്ല ഭംഗിയല്ലേ "
അതും പറഞ്ഞ് അടുത്ത ചോദ്യം ഒഴിവാക്കാൻ വേഗം ഞാൻ ഫോണെടുത്ത് നോക്കാൻ തുടങ്ങി.
പതിവിലും വിപരീതമായി കാന്താരി ചോദ്യം നിർത്തി എന്തോ മറന്നകാര്യം ചെയ്യാനുള്ള പോലെ ഗൗരവത്തിൽ വല്ല്യമ്മ ഉച്ചയുറക്കത്തിന് കിടക്കുന്ന റൂമിലേക്ക് പോയി. പിന്നെ ഒരനക്കവും ഉണ്ടായിരുന്നില്ല.
കുറച്ചു നേരം കഴിഞ്ഞതും അവൾ എന്നെ പിടിച്ചു വലിച്ച് നിർബന്ധിച്ച് റൂമിലേക്ക് കൊണ്ടുപോയി. പാവം വല്ല്യമ്മ ഉറക്കമൊക്കെ പോയി എന്നത്തെയും പോലെ അവളുടെ മെയ്ക്കപ്പിന് ബലിയാടായി ഇരിക്കുന്നു. ഇന്ന് കുറച്ചു കൂടുതൽ പുട്ടി ഇട്ടിട്ടുമുണ്ട്.
ഇപ്പോ മെയ്ക്കപ്പിടാൻ മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ എന്നോർത്തോണ്ട് ഞാൻ റൂമിലേക്ക് കയറിയതും അവൾ ഓടി പോയി അമ്മയുടെ മുഖത്ത് അഭിമാനത്തോടെ പിടിച്ചിട്ട് പറയാ.....
"നോക്കെടി മോളെ..... ഞാൻ എന്റെ അമ്മേനെ മൂദേവിയാക്കി "
അടക്കാനാവാത്ത ചിരി ഒരു ചെറിയ കുറ്റബോധം കാരണം കൈ പൊത്തി ഞാൻ മറച്ചു.
പാവം വല്യമ്മ മാത്രം എന്താ ഇപ്പോ സംഭവിച്ചതെന്നറിയാതെ അന്തം വിട്ടിരുന്നു.
കുട്ടികളുടെ സംശയങ്ങൾക്ക് തെറ്റായ ഉത്തരങ്ങൾ നൽകിയാൽ അതിന്റെ പരിണിത ഫലവും അനുഭവിക്കാതെ തരമില്ലല്ലോ......😢
ഹിമ മൽഹാൽ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo