Showing posts with label JishnuMuraleedharan. Show all posts
Showing posts with label JishnuMuraleedharan. Show all posts

വൈറൽ

Image may contain: 1 person, smiling, outdoor

**********
"സാർ, ഇത് ക്ലോസിംഗ് ടൈമാണ്."
ഹരിദാസ് തലയുയർത്തി നോക്കി. ബാറിലെ സപ്ലെയർ പയ്യനാണ്. അവന്റെ മുഖത്ത് അക്ഷമ പ്രകടമാണ്. സമയം 9.30 ആയിരിക്കുന്നു. ഹരിദാസ് ചുറ്റും നോക്കി. ബാറിൽ താൻ മാത്രമേ ഉള്ളൂ. ബാക്കിയുള്ള മദ്യപന്മാരെല്ലാം പൊയ്ക്കഴിഞ്ഞിരിക്കുന്നു. അയാൾ എഴുന്നേറ്റു.
"എനിക്കൊരു ബോട്ടിൽ വിസ്കി കൂടി വേണം."
ഹരി പറഞ്ഞു. സപ്ലെയറുടെ മുഖത്ത് നിരാശ.
"സാർ, ഇപ്പൊ തന്നെ ഒരുപാടായി. ഇനിയും..."
"താൻ വിഷമിക്കണ്ട ഞാൻ വീട്ടിൽ കൊണ്ടുപോയി കഴിച്ചോളാം."
അയാൾ അനുസരിച്ചു. പോക്കറ്റിൽ ഉണ്ടായിരുന്ന പണം സപ്ലെയറുടെ കൈയിൽ കൊടുത്ത് ഹരിദാസ് ബാറിൽ നിന്നിറങ്ങി. മദ്യലഹരിയിൽ അയാളുടെ കാലുകൾ ഇടറി. ബാറിന് പുറത്ത് ഹരിയുടെ സുഹൃത്ത് ബാലചന്ദ്രൻ അയാളെ കാത്തു നിന്നിരുന്നു. ബാലചന്ദ്രൻ ഒരു ഗൈനക്കോളജിസ്റ്റാണ്. ബാലനൊപ്പം ഹരിയുടെ അസിസ്റ്റന്റായ ബിബിൻ എന്ന ചെറുപ്പക്കാരനും ഉണ്ടായിരുന്നു.
"ഹാ, ബാലനോ, നീയെന്താ ഇവിടെ?"
"വീട്ടിൽ ചെന്നപ്പോൾ കണ്ടില്ല. അപ്പൊ ബിബിനാ പറഞ്ഞേ ഇവിടെ ഉണ്ടാകുമെന്ന്."
ഹരി ബിബിനെ ഒന്ന് തറപ്പിച്ചു നോക്കി.
ബാലചന്ദ്രൻ കാറിന്റെ ഡോർ തുറന്നു. ഹരി മുൻസീറ്റിൽ അയാൾക്കൊപ്പം ഇരുന്നു.
"നീ ഇതെന്ത് ഭാവിച്ചാ, രണ്ടു വർഷം മുമ്പ് നിർത്തിയതല്ലേ ഈ ശീലം. ഇപ്പൊ വീണ്ടും തുടങ്ങാൻ മാത്രം എന്താ ഉണ്ടായത്?"
"ഉണ്ടായതൊന്നും നീയറിഞ്ഞില്ലേ? അത് കള്ളം. രണ്ടു ദിവസമായി ഞാനല്ലേ മോനെ ഇവിടുത്തെ സൂപ്പർ സ്റ്റാർ. "
'കോളേജ് വിദ്യാർത്ഥിനിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയ വഴി അപമാനിച്ച ഫോട്ടോഗ്രാഫർ അറസ്റ്റിൽ.' വാർത്ത നീയും കണ്ടതല്ലേ?"
ഹരിദാസ്ചിരിച്ചു. വേദന കടിച്ചമർത്തിയുള്ള ഒരു ചിരി.
"അത് കള്ളമാണെന്ന് നമുക്കറിയാമല്ലോ. പിന്നെ നീയെന്തിനാ വിഷമിക്കുന്നേ?"
"അതേ ബാലാ. ആ വാർത്ത വ്യാജമാണ്. അവർ ഈ പറയുന്ന കുട്ടിയെ ഞാൻ എന്റെ ജീവിതത്തിൽ ഇന്നുവരെ കണ്ടിട്ടില്ല. നീയെന്നെ വിശ്വസിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം. പക്ഷേ, അത് കൊണ്ടായില്ലല്ലോ, എന്റെ ജീവനായി ഞാൻ കരുതുന്ന എന്റെ ഭാര്യ, അവൾക്ക് എന്റെ മേൽ വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു."
"നീലിമ.... അവൾ എന്ത് പറഞ്ഞൂന്നാ?"
"ഒന്നും പറഞ്ഞില്ല. ഈ സംഭവം നടന്നിട്ട് ഇപ്പൊ ദിവസം മൂന്നായി. ഈ നിമിഷം വരെ അവൾ എന്നോട് സംസാരിച്ചിട്ടില്ല. അവളുടെ മൗനം, അതാണ് എന്നെ തളർത്തുന്നത്. സങ്കടം സഹിക്കാൻ പറ്റില്ല എന്ന് വന്നപ്പോഴാ രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് ഞാൻ വീണ്ടും മദ്യപിച്ചത്."
"നീ വിഷമിക്കണ്ട. നീലിമ നിന്നോട് സംസാരിക്കാത്തത് പെട്ടെന്നുണ്ടായ ഷോക്ക് കൊണ്ടാവും. കുറച്ചു ദിവസം കഴിയുമ്പോൾ അതങ്ങു ശരിയാവും. ഞാൻ സംസാരിക്കാം അവളോട്."
ബാലചന്ദ്രൻ സുഹൃത്തിനെ ആശ്വസിപ്പിച്ചു. അയാളുടെ കാർ ഹരിയുടെ വീടിന്റെ ഗേറ്റ് കടന്നു. പോർച്ചിൽ കാർ നിർത്തി, ഡോർ തുറന്ന്, രണ്ടു പേരും കൂടി ഹരിയെ ചുമലിൽ താങ്ങി ബാലൻ കോളിംഗ് ബെല്ലിൽ വിരലമർത്തി. നീലിമ വാതിൽ തുറന്നു. ബാലൻ ഹരിയെ അവരുടെ ബെഡ്റൂമിൽ കട്ടിലിൽ കിടത്തിയ ശേഷം തിരികെ നീലിമയുടെ അടുത്തു ചെന്നു.
"അവൻ അല്പം കഴിച്ചിട്ടുണ്ട്. താൻ അവനോടു വിരോധമൊന്നും കാണിക്കരുത്. ആ പാവത്തിന് അത് താങ്ങാൻ പറ്റില്ല. അത്രയ്ക്കിഷ്ടാ തന്നെ."
"ഹും... ഇഷ്ടം. നിങ്ങൾ ആണുങ്ങൾക്ക് എന്തെങ്കിലും വിഷമം വന്നാൽ അത് മറക്കാനുള്ള സൂത്രപ്പണിയാ ഈ മദ്യപാനം. എന്നാ ഞങ്ങള് പെണ്ണുങ്ങൾ എന്താ വേണ്ടത്? എന്റെ കുടുംബക്കാരെ മുഴുവൻ ഉപേക്ഷിച്ച് ഹരിയേട്ടനൊപ്പം ഇറങ്ങി തിരിച്ചവളാ ഞാൻ. ആ എന്നോട് അല്പമെങ്കിലും സ്നേഹമുണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒരു വൃത്തികേട് ചെയ്യുമോ?"
ബാലൻ ശബ്ദിച്ചില്ല.
"ഇപ്പൊ എനിക്കൊരു ഫോൺ വന്നു. ആ കുട്ടി...അവൾ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. ഇപ്പൊ ആശുപത്രിയിൽ അഡ്മിറ്റാ. ആ പെൺകുട്ടിയെ ഹരിയേട്ടൻ വിവാഹം കഴിക്കണം എന്നതാണ് ഈ പ്രശ്നത്തിന് അവർ മുന്നോട്ടു വയ്ക്കുന്ന പരിഹാരം. ഇത്രയും ആയിട്ടും ഇനി ഇവിടെ കടിച്ചു തൂങ്ങി നിൽക്കാൻ എനിക്കിഷ്ടമല്ല. രാവിലെ അച്ഛൻ വരും.ഞാൻ നാളെ എന്റെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു കഴിഞ്ഞു."
ബാലചന്ദ്രൻ സ്തബ്ധനായി നിന്നു.
"കൊള്ളാം നീലിമ.... നീ ചെയ്തത് തന്നെയാണ് ശരി. ഞാൻ ചെയ്ത തെറ്റിന് ഇതിനേക്കാൾ വലിയ ശിക്ഷ ഞാൻ അർഹിക്കുന്നു."
നീലിമ ഞെട്ടി. ഹരിദാസിന്റെ ശബ്ദമാണത്. പറഞ്ഞതെല്ലാം കേട്ടു കൊണ്ട് അവരുടെ മുറിയുടെ വാതിൽക്കൽ നിൽക്കുകയായിരുന്നു അയാൾ.
പിറ്റേന്ന് രാവിലെ തന്നെ നീലിമയുടെ അച്ഛൻ ശങ്കരമേനോൻ അവരുടെ വീട്ടിലെത്തി. സ്ഥലത്തെ പ്രമാണിയാണ്. നീലിമ പെട്ടിയുമായി ഇറങ്ങാൻ തുടങ്ങിയപ്പോഴേക്കും ബാലനും ബിബിനും അവിടെയെത്തി. ഹരിദാസ് എല്ലാം കണ്ടു കൊണ്ട് ഒന്നും മിണ്ടാതെ കസേരയിൽ ഇരിക്കുകയാണ്.
"ഹാ, ചങ്ങാതിമാരെത്തിയല്ലോ. ഞാനും എന്റെ മോളും ഇവിടുന്ന് ഇറങ്ങുവാ. ഇനി നിങ്ങൾക്ക് നിങ്ങടെ ഇഷ്ടം പോലെ എന്താണെന്ന് വച്ചാൽ ആവാം."
പെട്ടെന്ന് അഡ്വക്കേറ്റ് ശർമ്മ അവിടെയെത്തി. അയാൾ ശങ്കരമേനോന്റെ അടുത്ത സുഹൃത്തും, കുടുംബ വക്കീലുമാണ്.
"വക്കീൽ കൃത്യസമയത്ത് തന്നെ വന്നല്ലോ."
"അല്ലെങ്കിലും ഞങ്ങൾ വക്കീലന്മാർ ഒരിക്കലും വൈകാറില്ലല്ലോ മേനോൻ സാറേ."
അവർ ഇരുവരും ചിരിച്ചു. ശർമ്മ ഒരു കടലാസ് മേനോന്റെ കൈയ്യിൽ കൊടുത്തു. അയാൾ അതുമായി ഹരിയുടെ നേർക്ക് തിരിഞ്ഞു.
"മോള് എന്നോട് എല്ലാം പറഞ്ഞു. എന്തായാലും നീ ഇനി പുതിയ കല്യാണമൊക്കെ കഴിക്കാൻ പോകുവല്ലേ. അപ്പൊ ഇവൾ നിനക്കൊരു ഭാരമാവും. അത് കൊണ്ട് എല്ലാം നേരായ വഴിക്ക് തന്നെ ആവട്ടെ. ഡിവോഴ്സ് പെറ്റീഷനാ. നീ ഇതിലൊരു ഒപ്പിട്ടാൽ മാത്രം മതി. ബാക്കി ഞാൻ നോക്കിക്കോളാം."
അച്ഛന്റെ വാക്കുകൾ നീലിമയെ ഞെട്ടിച്ചു. അത്തരമൊരു നീക്കം അവൾ പ്രതീക്ഷിച്ചിരുന്നില്ല.
"ഒന്നൂടെ ഒന്നാലോചിച്ചിട്ട് പോരേ.... സ്വന്തം മകളുടെ ഭാവിയുടെ കാര്യമല്ലേ. എന്തിനാ ഈ എടുത്തു ചാട്ടം?"
ബാലചന്ദ്രൻ ചോദിച്ചു.
" എടോ ഡോക്ടറേ, ഒന്നല്ല ഒരായിരം വട്ടം ആലോചിച്ച ശേഷം തന്നെയാ ഈ തീരുമാനം. ഇത് കുറച്ചു മുൻപേ വേണ്ടിയിരുന്നു. എന്റെ മോൾക്ക് ഒരു കുഞ്ഞിനെ കൊടുക്കാൻ പോലും കഴിവില്ലാത്തവനല്ലേ ഇവൻ. അത് അറിഞ്ഞ അന്ന് തന്നെ ഞാൻ ഇവളോട് പറഞ്ഞതാ ഈ ബന്ധം ഉപേക്ഷിക്കാൻ. അപ്പൊ അവൾക്ക് എന്റെ വാക്കുകളെക്കാൾ വലുത് ഹരിയേട്ടന്റെ സ്നേഹമായിരുന്നു. എന്നിട്ടിപ്പൊ എന്തായി?"
അടുത്ത നിമിഷം ഡോ.ബാലചന്ദ്രൻ പൊട്ടിത്തെറിച്ചു.
"നിർത്തണം മിസ്റ്റർ. നിങ്ങൾ എന്തറിഞ്ഞിട്ടാ ഈ പറയുന്നേ....ഈ ഇരിക്കുന്ന ഹരിയുണ്ടല്ലോ അവൻ ഈ ജന്മം നിങ്ങളുടെ മകൾക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ്."
"ബാലാ....വേണ്ട."
ഹരി സുഹൃത്തിനെ തടയാൻ ശ്രമിച്ചു.
"വേണം. ഇവർ അതറിയണം. അല്ലെങ്കിൽ ഇയാൾ ഇനിയും നിന്നെ കുത്തിനോവിക്കും."
എല്ലാവരും അമ്പരന്നു നിൽക്കേ ഡോക്ടർ ബാലചന്ദ്രൻ തുടർന്നു.
" ഞാൻ ഹരിയുടെ സുഹൃത്ത് മാത്രമല്ല, ഇവരെ ചികിത്സിച്ച ഡോക്ടർ കൂടിയാണ്. നിങ്ങൾ വിചാരിക്കുന്നത് പോലെ ഇവർക്ക് കുട്ടികൾ ഉണ്ടാവാത്തത് ഹരിയുടെ കുഴപ്പം കൊണ്ടല്ല. തകരാറ് നിങ്ങളുടെ മകൾക്കാണ്. നീലിമ ഒരിക്കലും അമ്മയാവില്ല. അതിനുള്ള ഭാഗ്യം ദൈവം അവൾക്ക് വിധിച്ചിട്ടില്ല."
നീലിമയുടെ കൈയിൽ നിന്നും പെട്ടി താഴെ വീണു.
"കുഴപ്പം നീലിമയ്ക്കാണെന്നറിഞ്ഞാൽ ഒരു പക്ഷേ, അവൾ തന്നെ ഉപേക്ഷിച്ചു പോവുകയോ, മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുകയോ ചെയ്യുമെന്ന് ഭയന്നാണ് അവൻ നിങ്ങളോട് കള്ളം പറഞ്ഞത്."
ബാലചന്ദ്രൻ, മേനോന്റെ കൈയിൽ നിന്ന് ഡിവോഴ്സ് പേപ്പർ വാങ്ങി സുഹൃത്തിന്റെ അടുത്ത് ചെന്നു.
"ഹരീ, നിന്നെ മനസ്സിലാക്കാൻ കഴിയാത്തവരെ നിനക്കെന്തിനാടാ. നീ ഇതിൽ ഒപ്പിട്ടു കൊടുത്തേക്ക്. അവർ എന്തെങ്കിലും കാണിക്കട്ടെ. നിന്റെ സ്നേഹം അനുഭവിക്കാനുള്ള യോഗം ഇവൾക്കില്ലടാ."
ഹരിദാസ് വിറയ്ക്കുന്ന കൈകളോടെ പേനയെടുത്തു. അടുത്ത നിമിഷം, നിന്ന നിൽപ്പിൽ താൻ ഇല്ലാതായിരുന്നെങ്കിൽ എന്ന് നീലിമയ്ക്ക് തോന്നി. അയാൾ ഒപ്പിടാൻ തയ്യാറായി.
ഒരു നിമിഷം, എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ബിബിൻ ഹരിദാസിന്റെ കാൽക്കൽ വീണു.
"ഹരിയേട്ടൻ എന്നോട് പൊറുക്കണം. ആ ഫോട്ടോ....അത്....അത് മോർഫ് ചെയ്തത് ഞാനാ."
ഹരിദാസ് കസേരയിൽ നിന്നെഴുന്നേറ്റു.
"ആ കുട്ടി, നമ്മുടെ സ്റ്റുഡിയോയിൽ ഒന്നു രണ്ടു തവണ ഫോട്ടോ എടുക്കാൻ വന്നിട്ടുണ്ട്. പക്ഷേ അന്നൊന്നും ഹരിയേട്ടൻ അവിടെ ഉണ്ടായിരുന്നില്ല. ഒരു ദിവസം ഞാൻ ആ കുട്ടിയോട് എനിക്കിഷ്ടമാണെന്നും കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞു. നിന്നെപ്പോലൊരു കരിമാക്കാനെ എനിക്ക് വേണ്ടാ എന്നാ അവൾ പറഞ്ഞത്. ആ ദേഷ്യത്തിലാ ഞാൻ....പക്ഷേ, അത് ഇത്രയേറെ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ഞാൻ ചിന്തിച്ചില്ല."
"നിന്നെ ഞാൻ ഒരു ജോലിക്കാരനായിട്ടല്ല അനിയനായിട്ടാ കണ്ടത്. എന്നിട്ടും നീ...."
ഇത്രയും പറഞ്ഞ് ഹരി അവന്റെ കരണത്തൊന്നു പൊട്ടിച്ചു. അൽപസമയം കഴിഞ്ഞപ്പോൾ പോലീസ് അവിടെയെത്തി. ബിബിൻ അവരുടെ മുന്നിൽ കുറ്റസമ്മതം നടത്തി.
"നിന്റെ ഒരു നിമിഷത്തെ എടുത്തു ചാട്ടം എത്ര ജീവിതങ്ങളെയാണ് ബാധിച്ചതെന്ന് കണ്ടോടാ?"
എസ്.ഐ രാജശേഖരൻ, ബിബിനോട് ചോദിച്ചു. ശേഷം, ഹരിയുടെ നേരെ തിരിഞ്ഞു.
"സോറി മിസ്റ്റർ ഹരിദാസ്, നിങ്ങൾക്ക് ഇതുവരെയുണ്ടായ എല്ലാ ബുദ്ധിമുട്ടുകൾക്കും ഞാൻ മാപ്പ് ചോദിക്കുന്നു. ഇനി ഇവന്റെ കാര്യം ഞങ്ങൾ നോക്കിക്കോളാം. ഹോസ്പിറ്റലിൽ പോയി ആ കുട്ടിയുടെ മാതാപിതാക്കളെ നേരിൽ കണ്ട് എല്ലാ സത്യങ്ങളും ഞാൻ തന്നെ അവരെ അറിയിക്കാം."
എസ്.ഐ ഉറപ്പ് നൽകി. പൊലീസുകാർ വീട് വിട്ടു പോയപ്പോൾ നീലിമ ഹരിയുടെ അടുത്തേക്ക് ചെന്നു. അല്പനേരം അവർ നിശ്ശബ്ദരായി പരസ്പരം നോക്കി നിന്നു. ശേഷം, നിറകണ്ണുകളോടെ അവൾ ഭർത്താവിന്റെ മാറിലേക്ക് ചാഞ്ഞു. കഠിന ഹൃദയനായ ശങ്കരമേനോന്റെ കണ്ണുകളെ പോലും ഈറനണിയിച്ചു.
~ ജിഷ്ണു മുരളീധരൻ ~

പഠിപ്പിസ്റ്റ്

Image may contain: 1 person, smiling, selfie and closeup
**********
തിങ്കളാഴ്ച നടത്തിയ കണക്ക് പരീക്ഷയുടെ ഉത്തരക്കടലാസ് വിതരണം ചെയ്യുകയാണ് ഗ്രേസി ടീച്ചർ. 10 ബി ഡിവിഷനിലെ ക്ലാസ് ടീച്ചറും അവർ തന്നെ. നാല്പതു വയസ്സു കഴിഞ്ഞിരിക്കുന്നു ടീച്ചർക്ക്. സ്വന്തം തൊഴിലിനോട് തികഞ്ഞ ആത്മാർത്ഥതയുള്ളവരാണവർ.പഠനകാര്യത്തിൽ ഒരു വിട്ടുവീഴ്ചയും കാണിക്കാത്ത കർക്കശക്കാരി. പേപ്പർ നൽകുന്നതിനിടയിൽ, കണ്ണടയുടെ വട്ടത്തിലുള്ള ഫ്രെയിമിലൂടെ വിദ്യാർത്ഥികളെ ഓരോരുത്തരെയായി നോക്കുന്നുണ്ട്.
"രമ്യ 25 ൽ 20....റസിയ 25 ൽ 15....രഞ്ജിനി..."
"വന്നിട്ടില്ല ടീച്ചർ"
ക്ലാസിലെ ഒരു കുട്ടി വിളിച്ചു പറഞ്ഞു.
"അല്ലെങ്കിലും അവൾ ഒരിക്കലും നേരത്തെ വരാറില്ലല്ലോ ടീച്ചർ."
രമ്യ പിന്താങ്ങി. ഗ്രേസി ടീച്ചർ കനത്തിലൊന്നു മൂളി. പെട്ടെന്ന് വാതിൽക്കൽ നിന്നും ഒരു ശബ്ദം.
"മേ ഐ കം ഇൻ ടീച്ചർ?"
രഞ്ജിനിയാണ്. അവൾ കിതയ്ക്കുന്നുണ്ടായിരുന്നു. നെറ്റിയിൽ നിന്നും വിയർപ്പ് തുള്ളികൾ ഇറ്റു വീണു. ടീച്ചർ ക്ലാസ്സിൽ കയറാൻ മൗനാനുവാദം നൽകി. അവൾ തന്റെ ബെഞ്ചിൽ ഇരുന്നു. ഈ സമയം ഉത്തരക്കടലാസുമായി ഗ്രേസി ടീച്ചർ അരികിലേക്ക് ചെന്നു.
"ഒരു ദിവസമെങ്കിലും നിനക്ക് സമയത്തിന് ക്ലാസ്സിൽ വന്നു കൂടെ?"
"വീട്ടിൽ കുറച്ചു പണി തീരാൻ ബാക്കിയുണ്ടായിരുന്നു ടീച്ചർ."
അവൾ അത് പറഞ്ഞു കഴിഞ്ഞതും ക്ലാസ്സിൽ കൂട്ടച്ചിരി ഉയർന്നു. ഗ്രേസി ടീച്ചർ ബെഞ്ചിൽ തട്ടി ഉച്ചത്തിൽ ശബ്ദമുണ്ടാക്കി. അതോടെ ക്ലാസ്സ് വീണ്ടും നിശ്ശബ്ദമായി.
"പരീക്ഷയ്ക്ക് എന്തെങ്കിലും പഠിച്ചിട്ടു തന്നെയാണോ എഴുതിയത്?"
"അതെ ടീച്ചർ."
"പേപ്പർ കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ."
ടീച്ചറുടെ ശബ്ദം കുറച്ചു കൂടി ഉയർന്നു. അതോടെ രഞ്ജിനിയുടെ മുഖം വാടി. ഗ്രേസി ടീച്ചർ ഉത്തരക്കടലാസ് അവൾക്കു നേരെ നീട്ടി. അടുത്ത നിമിഷം, സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ വിടർന്നു. 25 ൽ 25 മാർക്ക്....ഗ്രേസി ടീച്ചർ ചിരിച്ചു.
"സിറ്റ് ഡൗൺ. കീപ്പ് ഇറ്റ് അപ്പ്."
ഫുൾ മാർക്ക് നേടിയ രഞ്ജിനിയെ ക്ലാസ്സ് മുഴുവൻ കരഘോഷം മുഴക്കി അഭിനന്ദിച്ചു. ഈ സമയം ഒരാളുടെ മുഖത്തു മാത്രം തികഞ്ഞ പുച്ഛവും ദേഷ്യവുമായിരുന്നു. ആ ക്ലാസ്സിലെ ലീഡർ അപർണ്ണയുടെ.....
ഒൻപതാം ക്ലാസ്സിൽ വച്ചാണ് രഞ്ജിനി ഈ സ്കൂളിൽ ചേർന്നത്. അതുവരെ വയനാട് ഭാഗത്ത് എവിടെയോ ആയിരുന്നു. അവൾ വരുന്നത് വരെ അപർണ്ണയായിരുന്നു ക്ലാസ്സിലെ പഠിപ്പിസ്റ്റ്. പക്ഷേ, രഞ്ജിനിയുടെ വരവോടെ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പഠനത്തിൽ മാത്രമല്ല, കലാ രംഗത്തും.
" എന്നോട് റസിയ പറഞ്ഞിരുന്നു, കുട്ടിക്ക് ഡോക്ടറാവാനാണ് ഇഷ്ടമെന്ന്. നേരാണോ?"
"അതെ ടീച്ചർ."
രഞ്ജിനി മറുപടി പറഞ്ഞു.
"തനിക്ക് അതിനുള്ള കഴിവുണ്ട് കേട്ടോ. ഒന്ന് ആഞ്ഞു പിടിച്ചാൽ മതി."
ഇത് കൂടി കേട്ടതോടെ, അപർണ്ണയുടെ മുഖം ചുവന്നു. ഉച്ചയൂണിന്റെ സമയത്ത് കൂട്ടുകാരുടെ കളിയാക്കൽ വേറെ.
"ഹും, ഇന്നലെ വന്ന അവള് കേറി സ്റ്റാറായത് കണ്ടില്ലേ?"
"ശരിയാ...ഗ്രേസി ടീച്ചർക്ക് പണ്ട് നമ്മുടെ അപ്പുവിനെ എന്തിഷ്ടമായിരുന്നു....ഇപ്പൊ അവളെയാ കാര്യം."
"ഇനി എസ് എസ് എൽ സി ക്ക് അവൾ ഫുൾ എ പ്ലസ് വാങ്ങില്ലെന്ന് ആരു കണ്ടൂ.
ചിലപ്പോ നാളെ അവള് ഡോക്ടറുമാവും."
ഇതോടെ അപർണ്ണയുടെ നിയന്ത്രണം വിട്ടു.
"ഒന്ന് നിർത്തുന്നുണ്ടോ. അവൾ ഇനി ഇവിടെ തുടർന്ന് പഠിച്ചാലല്ലേ നിങ്ങൾ ഈ പറയുന്നത് പോലെയൊക്കെ നടക്കൂ. ഇന്ന് വ്യാഴം. തിങ്കളാഴ്ച മുതൽ അവൾ ഈ സ്കൂളിൽ കാണില്ല. അപർണ്ണയാ പറയുന്നേ."
കൂട്ടുകാർ ഭയന്നു.
"നീയെന്താ ചെയ്യാൻ പോകുന്നേ....?"
"അത് നാളെ കണ്ടോ."
അപർണ്ണ, മനസ്സിൽ എന്തോ തീരുമാനിച്ചുറപ്പിച്ചു എന്ന് മുഖത്തു നിന്ന് വ്യക്തം.
പിറ്റേന്ന് ഉച്ചയ്ക്ക് ഹെഡ്മാസ്റ്ററും ചില അദ്ധ്യാപകരും രഞ്ജിനിയുടെ ക്ലാസ്സിലെത്തി. അവർക്ക് പിന്നാലെ, കരഞ്ഞു കൊണ്ട് അപർണ്ണയും.
"അപർണ്ണയുടെ ഒരു സ്വർണ്ണമാല, ക്ലാസ്സിൽ വച്ച് കാണാതായെന്ന് പരാതി കിട്ടിയിട്ടുണ്ട്. സോ, എല്ലാവരുടെയും ബാഗ് പരിശോധിക്കണം."
ഹെഡ്മാസ്റ്റർ പറഞ്ഞു. കുട്ടികൾ എല്ലാവരും ക്ലാസ്സിന്റെ ഒരു മൂലയിലേക്ക് മാറി. അദ്ധ്യാപകർ ഓരോരോ ബാഗുകളായി പരിശോധിച്ചു. തങ്ങളുടെ ബാഗിൽ മാല ഇല്ല എന്ന് ഉറപ്പായപ്പോൾ ചില കുട്ടികൾ ദീർഘ നിശ്വാസം പുറപ്പെടുവിച്ചു.
"കിട്ടി...മാല കിട്ടി സാർ. രഞ്ജിനിയുടെ ബാഗിൽ ഉണ്ടായിരുന്നു."
ഒരാൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. ക്ലാസ്സ് ഒന്നടങ്കം നിശ്ശബ്ദമായി. ഗ്രേസി ടീച്ചർ ദേഷ്യത്തോടെ രഞ്ജിനിയെ നോക്കി. അവൾ ഒന്നും മനസ്സിലാകാതെ മിഴിച്ചു നിൽക്കുകയാണ്. അദ്ധ്യാപകർ തിരച്ചിൽ അവസാനിപ്പിച്ചു മടങ്ങി. രഞ്ജിനിയെ ഹെഡ്മാസ്റ്റർ തന്റെ ഓഫീസ് മുറിയിലേക്ക് നയിച്ചു. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അദ്ദേഹത്തെ പിന്തുടരുമ്പോൾ, വിജയീഭാവത്തിൽ ചിരിക്കുന്ന അപർണ്ണയുടെ മുഖം അവൾ ശ്രദ്ധിക്കാതിരുന്നില്ല.
"അറിഞ്ഞോ, ആ രഞ്ജിനിയോട്, തിങ്കളാഴ്ച വീട്ടിൽ നിന്ന് അച്ഛനെ വിളിച്ചു കൊണ്ടു വരാൻ പറഞ്ഞിരിക്കുവാ എച്ച്.എം."
അൽപ സമയം കഴിഞ്ഞപ്പോൾ 10 സി ഡിവിഷനിലെ ഒരു കുട്ടി വന്ന് അപർണ്ണയോട് പറഞ്ഞു.
"ഹോ, അങ്ങനെ അപ്പുവിന്റെ ശത്രു തോറ്റു. ഇപ്പൊ സന്തോഷമായില്ലേ...?"
ഒരു കൂട്ടുകാരി ചോദിച്ചു. പെട്ടെന്ന് രഞ്ജിനി ക്ലാസ്സിലെത്തി. അവിടമാകെ കൂട്ടച്ചിരി ഉയർന്നു. പക്ഷേ, അതൊന്നും വക വയ്ക്കാതെ അവൾ നേരെ പോയത്, അപർണ്ണയുടെ അടുത്തേക്കാണ്.
"അപർണ്ണ, എനിക്കൊരു കാര്യം പറയാനുണ്ട്."
"ഉം...എന്താ..."
"ഇന്നത്തെ ദിവസത്തിന് ശേഷം ഞാൻ ഈ സ്കൂളിലേക്ക് വരാൻ സാദ്ധ്യതയില്ല. അത് കൊണ്ട് അവസാനമായി എനിക്കൊരു ഉപകാരം ചെയ്യണം....നാളെ എന്റെ വീട് വരെ ഒന്നു വരണം.
"നിന്റെ വീട്ടിലേക്കോ? എന്തിന്?"
"വെറുതെ."
"ഉം. പക്ഷേ നിന്റെ വീട് എനിക്കറിയില്ലല്ലോ."
"റസിയ പറഞ്ഞു തരും."
"ശരി."
രഞ്ജിനി തന്റെ ബെഞ്ചിലേക്ക് മടങ്ങി. കൂട്ടുകാരുടെ കളിയാക്കലുകളും പൊട്ടിച്ചിരികളും അവളെ സ്പർശിച്ചില്ല.
റസിയയോടൊപ്പം അപർണ്ണ പിറ്റേന്ന് രാവിലെ രഞ്ജിനിയുടെ വീട്ടിലെത്തി. അപ്പോൾ അവളുടെ അമ്മ ഉമ്മറത്ത് ചക്ക വെട്ടുകയായിരുന്നു.
"ആഹാ, ഇതാര് റസിയയോ....കൂടെയുള്ളത് ആരാ?"
"ഇത് അപർണ്ണ. ഞങ്ങടെ ക്ലാസ്സ് ലീഡറാ."
"ഓ, മോള് പറഞ്ഞിരുന്നു...നിങ്ങള് വരുമെന്ന്."
പെട്ടെന്ന് രഞ്ജിനി വീടിനുള്ളിൽ നിന്നും വെളിയിലേക്ക് വന്നു.
"ഹാ, നിങ്ങള് വന്നോ, വരൂ...അകത്തിരിക്കാം."
അവൾ അവരെ അകത്തേക്ക് കൂട്ടി. രണ്ട് മുറിയും ഒരടുക്കളയും മാത്രമുള്ള, ഓടിട്ട ചെറിയ വീടാണത്.
"ഇവിടെ സൗകര്യങ്ങളൊക്കെ അല്പം കുറവാണ്. ഒന്ന് അഡ്ജസ്റ്റ് ചെയ്യണം."
രഞ്ജിനി പറഞ്ഞു. അല്പ സമയം കഴിഞ്ഞപ്പോൾ അമ്മ ഒരു പ്ലേറ്റിൽ ചക്ക ചുളകൾ കൊണ്ടു വന്ന് അപർണ്ണയ്ക്ക് നേരെ നീട്ടി. ഒരുപാട്മ നിർബന്ധിച്ചപ്പോൾ മനസ്സില്ലാ മനസ്സോടെ അവൾ ഒരെണ്ണം കഴിച്ചു. അമ്മ വീണ്ടും അടുക്കളയിലേക്ക് പോയി.
"വരൂ, ഇനി ഒരാളെ കൂടി കാണാനുണ്ട്."
രഞ്ജിനി അവരെ ഒരു മുറിയിലേക്ക് കൊണ്ടു പോയി. ആ മുറിയുടെ ഒരു മൂലയിൽ, കട്ടിലിൽ അരയ്ക്ക് കീഴ്പോട്ട് തളർന്ന് ഒരാൾ കിടപ്പുണ്ടായിരുന്നു.
"എന്റെ അച്ഛനാണ്. ഞങ്ങൾ വയനാട്ടിലായിരുന്നപ്പോൾ അച്ഛന് ഒരു തടി മില്ലിലായിരുന്നു ജോലി. ഒരു ദിവസം ലോറിയിൽ നിന്ന് തടി ഇറക്കിയപ്പോൾ ഒരെണ്ണം ദേഹത്തേക്ക് വീണു. കാല് മുറിച്ചു കളയേണ്ടി വരുമെന്ന് കരുതിയതാ. പക്ഷേ, ദൈവാധീനം പോലെ അത് വേണ്ടി വന്നില്ല. ഇങ്ങനെ അരയ്ക്ക് കീഴ്പോട്ട് തളർന്ന രീതിയിലാണെങ്കിലും എനിക്ക് എന്റച്ഛനെ തിരിച്ചു കിട്ടിയല്ലോ. അച്ഛന്റെ ഒരു സുഹൃത്ത് വഴിയാണ് വയനാട്ടിൽ നിന്നും ഇവിടെ വന്നത്."
അപർണ്ണ ഒരു നടുക്കത്തോടെ എല്ലാം കേട്ടു നിന്നു.
"അച്ഛന്റെ അവസ്ഥ കണ്ട് സഹിക്കാൻ വയ്യാത്തതു കൊണ്ടാണ് പഠിച്ചു ഡോക്ടറാവണമെന്ന് തീരുമാനിച്ചത്. പക്ഷേ, ഇനി അതും നടക്കില്ലല്ലോ. വയ്യാതെ കിടക്കുന്ന ഈ പാവം എങ്ങനെ തിങ്കളാഴ്ച സ്കൂളിൽ വരും?"
അപ്പോഴും അപർണ്ണ മൗനം പാലിച്ചു.
"അമ്മയോട് ഞാൻ ഇതുവരെ ഒന്നും പറഞ്ഞില്ല. പക്ഷേ, പറയണം. എന്നിട്ട് ഇവിടെ നിന്നും പോകണം...മറ്റൊരിടത്ത്....മറ്റൊരു സ്കൂളിൽ....കൃത്യമായി എന്റെ ബാഗിൽ തന്നെ സ്വർണ്ണമാല ഒളിപ്പിക്കാൻ, മറ്റൊരു അപർണ്ണ അവിടെ ഉണ്ടാകരുതേ... എന്ന പ്രാർത്ഥന മാത്രമേ ഉള്ളൂ ഇപ്പൊ മനസ്സിൽ."
പെട്ടെന്ന് അവർ മൂവരെയും ഞെട്ടിച്ചു കൊണ്ട്, രഞ്ജിനിയുടെ അമ്മ മുറിയിലെത്തി. അവർ, അപർണ്ണയെ ഒന്ന് നോക്കി. അതുവരെ പറഞ്ഞതെല്ലാം അമ്മ കേട്ടു എന്ന് വ്യക്തം. രഞ്ജിനിയും റസിയയും ഭയന്നു. ഒരു നിമിഷം! അപർണ്ണ കരഞ്ഞു കൊണ്ട് ആ സ്ത്രീയുടെ കാൽക്കൽ വീണു. ചെയ്തു പോയ തെറ്റിന് ഹൃദയം നൊന്ത് മാപ്പ് പറഞ്ഞു. അവർ അവളെ പിടിച്ചെഴുന്നേല്പിച്ചു. കണ്ണു തുടച്ചു.
"സാരമില്ല മോളെ, കഴിഞ്ഞത് കഴിഞ്ഞു. അസൂയയും വാശിയുമൊക്കെ കൂട്ടുകാർക്കിടയിൽ സാധാരണയാ....പ്രത്യേകിച്ചും ഈ പ്രായത്തിൽ."
അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ രഞ്ജിനിയ്ക്ക് സന്തോഷമായി.
"മോള് സാറിനോട് പറയുവോ, ഇവള് തെറ്റൊന്നും ചെയ്തിട്ടില്ലെന്ന്. ആണായിട്ടും പെണ്ണായിട്ടും ഒന്നേയുള്ളൂ..... ഇവളിലാണ് എന്റെ പ്രതീക്ഷ അത്രയും."
അപർണ്ണ, രഞ്ജിനിയുടെ അമ്മയ്ക്ക് ഉറപ്പ് നൽകി. വൈകിട്ട് ഏറെ സമയം കഴിഞ്ഞാണ് തിരികെ പോയത്. ആ മടക്കയാത്ര പുതിയൊരു സൗഹൃദത്തിന്റെ ആരംഭം കൂടിയായിരുന്നു.
~ജിഷ്ണു മുരളീധരൻ~

ആർട്ട് ഓഫ് ലവ്

Image may contain: 1 person, smiling, selfie and closeup

"ഈ തിരമാലകൾക്കൊക്കെ എന്ത് ശക്തിയാണല്ലേ ശ്രീയേട്ടാ?"
കടപ്പുറത്തെ മണലിൽ, ശ്രീറാമിന്റെ ചുമലിൽ ചാരിയിരുന്നപ്പോൾ ആനി ചോദിച്ചു.
"അതെ... നല്ല വേഗതയും."
അയാൾ പ്രതിവചിച്ചു.
"നമ്മുടെ വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് മൂന്നു വർഷമായി.ഈ മൂന്നു വർഷത്തിനിടയിൽ ഒരിക്കൽ പോലും ശ്രീയേട്ടന് എന്നോട് വെറുപ്പ് തോന്നിയിട്ടില്ലേ?"
"വെറുപ്പോ.....താനെന്താ ഇപ്പൊ ഇങ്ങനൊക്കെ ചോദിക്കുന്നേ....?"
"ഒരു ഭാര്യ എന്ന നിലയിൽ ശ്രീയേട്ടന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളുമൊന്നും സാധിച്ചു തരാൻ കഴിയാത്തവളല്ലേ ഞാൻ...എന്തിനേറെ....ഈ മടിയിലിരുത്തി ലാളിക്കാൻ ഒരു കുഞ്ഞിനെപ്പോലും....?"
പറഞ്ഞു വന്നത് പൂർത്തിയാക്കാൻ സമ്മതിക്കാതെ ശ്രീ അവളുടെ ചുണ്ടിനോട് തന്റെ കൈവിരൽ ചേർത്തു വച്ചു.
"നല്ലൊരു ദിവസമായിട്ടു തനിക്ക് വേറൊന്നും പറയാനില്ലേ?"
അയാൾ ഭാര്യയെ ശകാരിച്ചു.ശ്രീറാമിന്റെ മുഖത്ത് ദുഃഖം പ്രകടമായിരുന്നു.അത് മനസ്സിലായപ്പോൾ ആനി തന്റെ സംസാരം അവസാനിപ്പിച്ചു.അവൾ വീണ്ടും ആർത്തിരമ്പുന്ന തിരമാലകളിലേക്ക് തന്റെ ദൃഷ്ടിയൂന്നി.
"ഒരു പകൽ നീണ്ട പ്രണയലീലകൾക്കൊടുവിൽ താമരപ്പൂവിനോട് യാത്ര പറഞ്ഞു പോകാനൊരുങ്ങുന്ന സൂര്യൻ....ഈ ഭൂമിയിലെ ഏറ്റവും മനോഹരമായ ദൃശ്യങ്ങളിൽ ഒന്നാണത്."
അസ്തമയ സൂര്യനെ നോക്കി ശ്രീറാം പറഞ്ഞു.അയാളിലെ പഴയ പെയിന്റർ വീണ്ടും ഉയിർത്തെഴുന്നേറ്റിരിക്കുന്നുവെന്ന് ആനിക്ക് തോന്നി.അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.പിന്നീട് അവർ രണ്ടുപേരും മനസ്സ് കൊണ്ട് ഒരു യാത്ര പോയി.മൂന്നു വർഷം പിറകിലേക്ക് ഒരു യാത്ര......
അറിയപ്പെടുന്ന ചിത്രകാരനാണ് ശ്രീറാം ഗണേഷ്.വേളി കടപ്പുറം അയാളുടെ ഇഷ്ടസങ്കേതങ്ങളിലൊന്നാണ്.മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഇതേ കടപ്പുറത്ത് വച്ചാണ് ശ്രീറാം, ആനി ഫെർണാണ്ടസ് എന്ന ഇരുപതിമൂന്നുകാരിയെ കാണുന്നത്.അച്ഛനായ ഫെർണാണ്ടസിനൊപ്പം എന്നും കടൽ കാണാൻ വരാറുണ്ടായിരുന്ന,വെള്ളാരം കണ്ണുകളുള്ള സുന്ദരി.തലയിൽ ഒരു വെളുത്ത തൂവാലയും കെട്ടി,വട്ടക്കണ്ണടയും വച്ച്,വലിയ കാൻവാസിൽ ചിത്രം വരയ്ക്കുന്ന ശ്രീറാമിനെ അവൾ എന്നും ശ്രദ്ധിക്കുമായിരുന്നു.എന്താണ് അയാൾ വരയ്ക്കുന്നതെന്നറിയാൻ ആനി ആഗ്രഹിച്ചിരുന്നു.ഒരു ദിവസം കടപ്പുറത്തു വച്ച് ഫെർണാണ്ടസ് ശ്രീയെ തങ്ങളുടെ അടുത്തേക്ക് വിളിച്ചു.
"ഹലോ,ഞാൻ ഫെർണാണ്ടസ്. പഴയൊരു പട്ടാളക്കാരനാണ്.ഇതെന്റെ മകൾ ആനി.നിങ്ങൾ എന്തു ചിത്രമാണ് വരയ്ക്കുന്നതെന്നറിയാൻ ഇവൾക്ക് ആഗ്രഹമുണ്ട്.അതൊന്ന് ചോദിച്ചറിയാം എന്നു കരുതി വിളിച്ചതാണ്."
"എന്ത് ചിത്രമാണ് വരയ്ക്കുന്നത്?"
ആനി ചോദിച്ചു.
'താമരയെ പ്രണയിച്ച സൂര്യൻ'...
"പക്ഷേ പൂർത്തിയായിട്ടില്ല."
ശ്രീറാം പറഞ്ഞു.
"പൂർത്തിയാകുമ്പോൾ ആ ചിത്രം എനിക്ക് തരുമോ?"
"തീർച്ചയായും."
അല്പനേരത്തെ സംഭാഷണങ്ങൾക്ക് ശേഷം അവർ പിരിഞ്ഞു.പിന്നീടുള്ള ദിവസങ്ങളിലെല്ലാം അവർ തമ്മിൽ സംസാരം പതിവായി.അങ്ങനെ
ആനിയുടെ അമ്മ ഒരു കാറപകടത്തിൽ മരണപ്പെട്ടതാണെന്നും പപ്പ മാത്രമേയുള്ളൂവെന്നും ശ്രീ മനസ്സിലാക്കി.അത്തരം സംഭാഷണങ്ങൾക്കിടയിൽ ഒരു തവണയെങ്കിലും അവൾ ചോദിക്കും....
"ചിത്രം പൂർത്തിയായോ?"
"ഇല്ല"
ഒരു ചെറുചിരിയോടെ ശ്രീറാം മറുപടി പറയും.
ദിവസങ്ങൾ മുന്നോട്ടു നീങ്ങി. എന്നാൽ പതിവിന് വിപരീതമായി എന്നും കടൽ കാണാൻ വരാറുണ്ടായിരുന്ന ആനിയെ ഇടയ്ക്ക് രണ്ടു ദിവസം കണ്ടില്ല.മൂന്നാം ദിവസം അവളെ കണ്ടപ്പോൾ ശ്രീറാം അരികിലേക്ക് ചെന്നു.അന്ന് ആനിയോടൊപ്പം മറ്റൊരു പെൺകുട്ടിയാണ് ഉണ്ടായിരുന്നത്.
"രണ്ടു ദിവസം കണ്ടില്ലല്ലോ.... എവിടെപ്പോയിരുന്നു?"
അവൾ നിസ്സംഗതയോടെ പുഞ്ചിരിച്ചു.
"അല്ലാ ഇതാരാ?"
ഒപ്പം നിന്ന കുട്ടിയെ ചൂണ്ടിക്കാട്ടി ശ്രീ ചോദിച്ചു.
"ഇത് റിയ.എന്റെ കസിനാണ്."
"വെക്കേഷൻ ചെലവഴിക്കാൻ വന്നതാണോ?പപ്പയ്ക്ക് സുഖമില്ലേ?രണ്ടു ദിവസമായി പുള്ളിക്കാരനേയും ഈ വഴി കാണുന്നില്ല."
ആനി റിയയുടെ നേർക്ക് ഒരു നോട്ടമയച്ചു. അതിന്റെ അർത്ഥം മനസ്സിലാക്കിയിട്ടെന്ന പോലെ അവൾ മാറി നിന്നു.
"പപ്പ....രണ്ടു ദിവസം മുമ്പ് പപ്പ മരിച്ചു. ഹാർട്ട് അറ്റാക്കായിരുന്നു.എന്റെ മമ്മ പോയ ശേഷം എനിക്ക് വേണ്ടി മാത്രമാ പപ്പ ജീവിച്ചത്.ഇപ്പൊ എന്നെ ഒറ്റയ്ക്കാക്കി പപ്പയും മമ്മയുടെ അടുക്കലേക്ക് പോയി."
ആനിയുടെ കണ്ണുകൾ നിറഞ്ഞു, തൊണ്ട ഇടറി.അവളുടെ വാക്കുകൾ അയാൾ ഒരു ഞെട്ടലോടെ കേട്ടു നിന്നു.അല്പസമയത്തിനു ശേഷം ശ്രീറാം ഒരു കടലാസ് അവൾക്ക് നേരെ നീട്ടി.
"ഇതാ,താമരയെ പ്രണയിച്ച സൂര്യൻ."
ആനി ആ കടലാസ് വിടർത്തി. അടുത്ത നിമിഷം തികഞ്ഞ അവിശ്വസനീയതയോടെ അവൾ ശ്രീറാമിനെ നോക്കി.ആ കടലാസിൽ ആനി കണ്ടത് അവളുടെ തന്നെ സുന്ദരമായൊരു ഛായാചിത്രമായിരുന്നു.
"സംശയിക്കേണ്ട.ഞാനെന്ന സൂര്യൻ സ്നേഹിക്കുന്ന താമര,താൻ തന്നെയാണ്.ഫെർണാണ്ടസ് സാറിനോട് നേരിൽ ഇക്കാര്യം പറയാനിരിക്കുകയായിരുന്നു.പക്ഷേ...."
അയാൾ സംസാരം ഇടയ്ക്കു വച്ചു നിർത്തി.എന്നിട്ട് തന്റെ കൈ അവൾക്കു നേരെ നീട്ടി.
"തനിക്കെന്നെ വിശ്വാസമുണ്ടെങ്കിൽ ഈ കൈ പിടിക്കാം. ഞാനൊരിക്കലും ആനിയെ ഒറ്റയ്ക്കാക്കില്ല."
അന്ന് അവളെ ചേർത്തു പിടിച്ച കൈകൾ മൂന്നു വർഷങ്ങൾക്ക് ശേഷവും പിരിയാതെ തന്നെ ആനിക്കൊപ്പമുണ്ട്....താങ്ങായും തണലായും.
"ശ്രീയേട്ടനെന്താ ആലോചിക്കുന്നത്?"
ആനിയുടെ ശബ്ദം ശ്രീറാമിനെ ചിന്തകളിൽ നിന്നുണർത്തി.
"ഹേയ് ഒന്നുമില്ല."
"എനിക്കറിയാം....ശ്രീയേട്ടന്റെ സ്നേഹത്തിൽ സംശയമുണ്ടായിട്ടല്ല. എന്റെ സങ്കടം കൊണ്ടു ചോദിച്ചു പോയതാ.''
"അതൊന്നും സാരമില്ല."
അയാൾ ഭാര്യയെ ആശ്വസിപ്പിച്ചു.
"സമയം ഒരുപാടായി.നമുക്ക് പോകണ്ടേ?"
ശ്രീറാം ചോദിച്ചു.
"ഉം.പോയേക്കാം"
ശ്രീറാം എഴുന്നേറ്റു. അയാൾ ആനിയെ തന്റെ കൈകൾ കൊണ്ട് കോരിയെടുത്ത് തൊട്ടടുത്തുണ്ടായിരുന്ന വീൽചെയറിൽ ഇരുത്തി.അവളുടെ അമ്മയുടെ ജീവനെടുത്ത ആ കാറപകടത്തിൽ ആനിയുടെ രണ്ടു കാലുകളും തളർന്നു പോയിരുന്നു.ഫെർണാണ്ടസ് തന്റെ മകൾക്കായി ഒട്ടേറെ ഡോക്ടർമാരെ സമീപിച്ചിട്ടും അവരെല്ലാം കൈയൊഴിയുകയാണുണ്ടായത്.എങ്കിലും തന്റെ ഭാര്യ എന്നെങ്കിലും പഴയതു പോലെ എഴുന്നേറ്റു നടക്കുമെന്ന് ശ്രീ ഉറച്ചു വിശ്വസിക്കുന്നു.അതിനായി വിദഗ്ദ്ധ ചികിത്സകളും നൽകി വരുന്നു.
"ഞാനൊരു കാര്യം പറഞ്ഞാൽ സാധിച്ചു തരുമോ?"
വീൽചെയറിൽ കാറിനടുത്തേക്ക് പോകുമ്പോൾ ആനി ചോദിച്ചു.
"താൻ പറ."
"ശ്രീയേട്ടൻ വീണ്ടും വരയ്ക്കണം....എനിക്ക് വേണ്ടി."
ശ്രീറാം മറുപടി നൽകിയില്ല.ആനി പറയുന്നതിന് മുമ്പ് തന്നെ അയാൾ അതേപ്പറ്റി ആലോചിച്ചിരുന്നു.....വർഷങ്ങൾക്ക് ശേഷം തന്റെ പ്രിയപ്പെട്ടവൾക്കായി വരയ്ക്കാൻ പോകുന്ന ചിത്രത്തിന് ഒരു പേരും കണ്ടു വച്ചു.
"പ്രണയത്തിന്റെ കലാസൃഷ്ടി"
"ദി ആർട്ട് ഓഫ് ലവ്...."
~ജിഷ്ണു മുരളീധരൻ~

ചൊവ്വാദോഷക്കാരി


ചൊവ്വാദോഷക്കാരി
**********************
"ആ നശിച്ചവള് വീട്ടിലേക്ക് വലതുകാല് വച്ചു വന്നു കയറിയപ്പോഴേ ഞാൻ പറഞ്ഞതാ ഇങ്ങനെയൊക്കെ കാണേണ്ടി വരുമെന്ന്.ഇപ്പൊ എന്തായി?"
ദേവകിയമ്മ മരുമകളെ പഴി പറഞ്ഞു കൊണ്ട് ഓപ്പറേഷൻ തീയേറ്ററിന്റെ വാതിൽക്കൽ എത്തി.ഭർത്താവ് അവരെ ശാന്തയാക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നൂ.തീയേറ്ററിന് പുറത്ത് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നീതു നിൽപ്പുണ്ടായിരുന്നു.അവളുടെ മുറിഞ്ഞ കൈമുട്ട് ഡ്രസ്സ് ചെയ്തിരുന്നു.
"താൻ ഒന്നടങ്ങ് ദേവൂ.ഇതൊരു ഹോസ്പിറ്റലാ."
"നിങ്ങളൊന്നു ചുമ്മാതിരി മനുഷ്യാ.അകത്തു കിടക്കുന്നതേ നമ്മുടെ മോനാ.അത് മറക്കണ്ട."
"നമ്മുടെ മോന് മാത്രമല്ലല്ലോ,നീതു മോൾക്കും പരിക്ക് പറ്റിയില്ലേ?"
"ഹും, ഇതാണോ പരിക്ക്?ഇവള് നമ്മളെ പറ്റിക്കാൻ വേണ്ടി ചുമ്മാ കെട്ടിവച്ചിരിക്കുവാ...മൂശേട്ട.നിങ്ങൾക്കോർമ്മയില്ലേ ഇന്ന് അവന്റെ വിവാഹം കഴിഞ്ഞിട്ട് എട്ടാം ദിവസമാ."
പെട്ടെന്ന് ഡോക്ടർ പുറത്തേക്ക് വന്നു.
"എന്താ ഇവിടെയൊരു ബഹളം?"
പെട്ടെന്ന് അവിടമാകെ നിശ്ശബ്ദമായി.
"ഡോക്ടർ, ഞങ്ങളുടെ മോന് എങ്ങനെയുണ്ട്?"
ഗോവിന്ദൻ നായർ ചോദിച്ചു.
"ഞങ്ങൾ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. ബാക്കിയൊക്കെ ഈശ്വരന്റെ കൈയിലാണ്."
ഇത്രയും പറഞ്ഞ് അദ്ദേഹം വീണ്ടും ഓപ്പറേഷൻ തീയേറ്ററിലേക്ക് കയറി.
ഡോക്ടറുടെ വാക്കുകൾ കേട്ടതോടെ ദേവകിയമ്മയുടെ കോപം വീണ്ടും ഇരട്ടിച്ചു.
"ഈ വൃത്തികെട്ടവളോട് പോകാൻ പറ എന്റെ മുമ്പിൽ നിന്ന്.അല്ലെങ്കിൽ ഇവളെ ഞാൻ....?"
അവർ മുഴുവൻ പറഞ്ഞില്ല.അപ്പോഴേക്കും നീതു കരഞ്ഞു കൊണ്ട് മറ്റൊരു മൂലയിലേക്ക് മാറി നിന്നു.
"എന്താ മോളേ ഉണ്ടായത്?"
ഗോവിന്ദൻ നായർ ചോദിച്ചു.
"ഞങ്ങൾ അമ്പലത്തിൽ നിന്ന് മടങ്ങി വരുന്ന വഴിയിൽ ബൈക്കിലേക്ക് ഒരു ലോറി വന്നിടിക്കുകയായിരുന്നു അച്ഛാ.ഇടിയുടെ ശക്തിയിൽ ഞാൻ റോഡിന്റെ ഒരു വശത്തേക്ക് തെറിച്ചു വീണു.നാട്ടുകാരിൽ ചിലരുടെ സഹായത്തോടെയാണ് രാജേഷേട്ടനെ ഇവിടെ എത്തിച്ചത്."
പറഞ്ഞു തീർന്നപ്പോൾ അവൾ വിങ്ങിപ്പൊട്ടി.
"ഈ ലോകത്ത് ആയിരക്കണക്കിന് പെണ്ണുങ്ങളുണ്ടായിട്ടും ഒരു ചൊവ്വാദോഷക്കാരിയെയാണല്ലോ ഈശ്വരാ എന്റെ മോന് കൂടെ കൂട്ടാൻ തോന്നിയത്."
ദേവകിയമ്മ തന്റെ സങ്കടം പറച്ചിൽ തുടർന്നുകൊണ്ടിരുന്നു.നീതു എല്ലാം മിണ്ടാതെ കേട്ടു നിന്നു
തന്റെ ജാതകത്തിൽ ദൈവം കാണിച്ച ഒരു ക്രൂരമായ തമാശയുടെ പേരിൽ ഒരുപാട് കണ്ണീര് കൂടിക്കേണ്ടി വന്നവളാണവൾ.നീതുവിന് എട്ടിൽ ചൊവ്വയാണ്.ജാതകത്തിൽ ഈ ദോഷമുള്ള സ്ത്രീകളെ വിവാഹം കഴിച്ചാൽ എട്ടാം ദിവസം ഭർത്താവ് മരണപ്പെടുമെന്നാണ് ശാസ്ത്രം.ഇക്കാരണത്താൽ അവൾക്കു വന്ന പല നല്ല വിവാഹാലോചനകളും മാറിപ്പോയി.ഏറ്റവുമൊടുവിലാണ് രാജേഷിന്റെ ആലോചന വരുന്നത്.ജാതകദോഷത്തിന്റെ കാര്യമറിഞ്ഞപ്പോൾ അയാളുടെ വീട്ടുകാർ പിന്മാറാൻ ശ്രമിച്ചതാണ്.പക്ഷേ രാജേഷ് അതിന് തയാറായില്ല.ജാതകത്തിലും ദോഷങ്ങളിലുമൊന്നും വിശ്വാസമില്ലായിരുന്നു അയാൾക്ക്.
"എന്തിന് വേണ്ടിയാണ് ഇങ്ങനെയൊരു ത്യാഗം ചെയ്തത്? എന്നെക്കാൾ നല്ല എത്രയോ പെൺകുട്ടികളെ രാജേഷേട്ടന് കിട്ടുമായിരുന്നല്ലോ.എന്നിട്ടും എന്തിന്?
വിവാഹം കഴിഞ്ഞ അന്ന് രാത്രി നീതു ഭർത്താവിനോട് ചോദിച്ചു.
"ഇതൊരു ത്യാഗമൊന്നുമല്ല.ശരിക്കും തന്നെ ഇഷ്ടപ്പെട്ടത് കൊണ്ട് തന്നെയാണ് ഒപ്പം കൂട്ടിയത്.ഞാൻ ഇതുവരെ കണ്ട പെൺകുട്ടികളെക്കാളൊക്കെ സുന്ദരിയാണ് താൻ.രൂപത്തിലും സ്വഭാവത്തിലും.പിന്നെ ജാതകത്തിൽ ദോഷമുണ്ടായത് തന്റെ കുറ്റം കൊണ്ടല്ലല്ലോ.ഞാൻ അത് കാര്യമാക്കുന്നില്ല.ഒരു കാര്യം എനിക്കുറപ്പാണ്....ഇനിയുള്ള എട്ടു ദിവസം മറ്റാരേക്കാളും കൂടുതലായി താൻ എന്നെ സ്നേഹിക്കും.ആ സ്നേഹം അനുഭവിച്ച ശേഷം പിറ്റേന്ന് മരിച്ചാലും എനിക്ക് പരാതിയൊന്നുമില്ല."
നീതു അയാളുടെ വാ പൊത്തി. ശേഷം നിറകണ്ണുകളോടെ മാറിലേക്ക് ചാഞ്ഞു.
വിവാഹ ശേഷം ഓരോ ദിവസവും അവൾ ഭർത്താവിന്റെ ദീർഘായുസ്സിനായി താലി മുറുകെ പിടിച്ച് മനമുരുകി പ്രാർത്ഥിച്ചു. അമ്പലങ്ങളിൽ വഴിപാടുകൾ നേർന്നു.രാജേഷിന്റെ അമ്മ തക്കം കിട്ടിയപ്പോഴെല്ലാം ജാതകദോഷത്തിന്റെ പേരിൽ അവളെ ആക്രമിച്ചു കൊണ്ടേയിരുന്നു.വീട്ടിൽ ആർക്കെന്തു പ്രശ്നമുണ്ടായാലും അതിന്റെ കാരണം അവളാണെന്നാണ് ദേവകിമ്മയുടെ വിശ്വാസം.പക്ഷേ അതൊന്നും നീതുവിനെ അലട്ടിയിരുന്നില്ല.സ്വന്തം മകനെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരമ്മയുടെ ആവലാതികളാണ് അവയെല്ലാമെന്ന് അവൾക്കറിയാമായിരുന്നു.ഇന്ന് വിവാഹ ശേഷമുള്ള എട്ടാം ദിവസമാണെന്നറിഞ്ഞുകൊണ്ടു തന്നെയാണ് രാജേഷിനൊപ്പം ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്.മരണത്തിലും ഒന്നിച്ചുണ്ടാവണമെന്ന് അവൾ മനസ്സിലുറപ്പിച്ചിരുന്നു.എന്നാൽ അവിടെയും വിധി വില്ലനായി.എല്ലാ വിഷമഘട്ടങ്ങളിലും തുണയായി നിന്ന പ്രിയപ്പെട്ട ഭർത്താവിനെ തന്നിൽ നിന്നും തട്ടിപ്പറിക്കരുതേ എന്ന് അവൾ ദൈവത്തോട് യാചിച്ചു.
അല്പസമയത്തിനു ശേഷം ഡോക്ടർ വീണ്ടും തീയേറ്ററിൽ നിന്നും പുറത്തു വന്നു.അദ്ദേഹം എല്ലാവരെയും മാറിമാറി നോക്കി.
"എന്റെ മോന് എങ്ങനുണ്ട് ഡോക്ടറേ?"
ദേവകിയമ്മ ചോദിച്ചു.
"പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കണമെന്നില്ല.നിങ്ങളുടെ മകൻ മരണപ്പെട്ടുവെന്നു തന്നെ ഞങ്ങൾ ഉറപ്പിച്ചിരുന്നു.മുഖത്തു നിന്ന് ഓക്സിജൻ മാസ്‌ക് എടുത്തു മാറ്റാൻ തുടങ്ങിയപ്പോഴാണ് അയാൾ കണ്ണുകൾ ചിമ്മുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടത്.പതിയെ ശ്വാസഗതിയും സാധാരണനിലയിലായി.ഹീ ഈസ് പെർഫെക്റ്റലി ആൾ റൈറ്റ് നൗ.ദിസ് ഈസ് റിയലി ഏ മെഡിക്കൽ മിറാക്കിൾ"
അദ്ദേഹത്തിന്റെ വാക്കുകൾ രാജേഷിന്റെ മാതാപിതാക്കളെ സന്തോഷിപ്പിച്ചു.അവിശ്വസനീയതയും സന്തോഷവും കൂടിക്കലർന്ന ഒരു ഭാവമായിരുന്നു അപ്പോൾ നീതുവിന്റെ മുഖത്ത്.
"ബൈ ദി ബൈ,ആരാണ് നീതു...?അയാൾ ഒന്ന് കാണണമെന്ന് പറയുന്നുണ്ട്."
നീതു ഡോക്ടറെ അനുഗമിച്ചു. ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയോടെ രാജേഷ് അവളെ സ്വീകരിച്ചു. അയാൾ പ്രതീക്ഷയോടെ ഡോക്ടറെ നോക്കി.അതിന്റെ അർത്ഥം മനസ്സിലാക്കിയിട്ടെന്ന പോലെ അദ്ദേഹം അവരെ ഇരുവരെയും അവിടെ തനിച്ചു വിട്ട് മുറിയ്ക്ക് പുറത്തു പോയി.
"താൻ പേടിച്ചു പോയോ?"
"ഉം.."
അവൾ തേങ്ങലടക്കിക്കൊണ്ട് മൂളി.
"എന്തിന്... ഞാൻ അന്നേ പറഞ്ഞില്ലേ താൻ ഈ എട്ടു ദിവസവും എന്നെ മറ്റാരേക്കാളും കൂടുതൽ സ്നേഹിക്കുമെന്ന്. അത് ദൈവമായിട്ട് എന്നെക്കൊണ്ട്‌ പറയിപ്പിച്ചതാണെന്ന് ഇപ്പോൾ തോന്നുന്നു.അങ്ങനെ താനെന്നെ സ്നേഹിച്ചതു കൊണ്ടാവും മരണം പോലും വഴിമാറി പോയത്...ഇനി ഒരു ചൊവ്വാദോഷത്തെയും പേടിക്കണ്ട കേട്ടോ...ഈ ജന്മം മുഴുവൻ താൻ എന്നെയും ഞാൻ തന്നെയും ജീവന് തുല്യം സ്നേഹിച്ചു ജീവിച്ചു മരിക്കണമെന്നാ മുകളിലുള്ളവന്റെ തീരുമാനം."
രാജേഷ് നീതുവിന്റെ കൈയിൽ മുറുകെ പിടിച്ചു.അവൾ അയാളുടെ കൈകൾ ഉയർത്തി അതിൽ വർധിച്ച സ്നേഹത്തോടെ ചുംബിച്ചു.
~ജിഷ്ണു മുരളീധരൻ~

കണ്ണാടിക്കണ്ണുകൾ

Image may contain: 1 person, selfie and closeup


നീ എന്താ ഈ പറയുന്നതെന്ന് വല്ല ബോധവുമുണ്ടോ ശ്രുതീ നിനക്ക്?"
"ഞാൻ നല്ല ബോധത്തോടെ തന്നെയാണ് സംസാരിക്കുന്നത്.നമുക്ക് പിരിയാം."
റോഷൻ ഇടിവെട്ടേറ്റത് പോലെ നിന്നു.കഴിഞ്ഞ നാലു ദിവസമായി ശ്രുതി അവനോട് സംസാരിക്കാറുണ്ടായിരുന്നില്ല.മെസ്സേജിന് മറുപടി ഇല്ല,വിളിച്ചാൽ ഫോണും എടുക്കില്ല. അവസാനം തമ്മിൽ കണ്ടു പിരിഞ്ഞപ്പോൾ അവളുടെ മനസ്സിൽ എന്തെങ്കിലും വിഷമമുള്ളതായി റോഷന് തോന്നിയിരുന്നില്ല. അവളിൽ പെട്ടെന്നുണ്ടായ മാറ്റം അയാളെ ഞെട്ടിച്ചു.
"താൻ കാണണമെന്ന് പറഞ്ഞു വിളിച്ചപ്പോൾ ഞാൻ എത്ര സന്തോഷിച്ചുവെന്നോ.നിനക്കോർമ്മയുണ്ടോ രണ്ടു വർഷം മുൻപ് ഈ വാകമരത്തിന്റെ ചുവട്ടിൽ വച്ചാണ് നമ്മൾ പരസ്പരം തോന്നിയ ഇഷ്ടം ആദ്യമായി തുറന്നു പറഞ്ഞത്."
"എനിക്കറിയാം. അതുകൊണ്ടാണ് ഇവിടെ വച്ചു തന്നെ കാണാമെന്നു പറഞ്ഞത്.ഇവിടെ വച്ചു തുടങ്ങിയത് ഇവിടെ വച്ചു തന്നെ അവസാനിക്കട്ടെ."
"നിന്റെ ഉള്ളിലെ വിഷമം എന്താണെന്ന് എനിക്കിപ്പോഴും അറിയില്ല.പിരിയാനാണ് നിന്റെ ആഗ്രഹമെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ."
ഒരു നീണ്ടനേരത്തെ മൗനത്തിനു ശേഷം റോഷൻ നൽകിയ മറുപടി ശ്രുതിയെ ഞെട്ടിച്ചു.അത് അവൻ മനസ്സിലാക്കാതിരിക്കാൻ വേണ്ടി അവൾ വീണ്ടും ക്ഷോഭിച്ചു.
"അല്ലെങ്കിലും നിനക്ക് വിഷമമുണ്ടാവില്ല എന്നെനിക്കറിയാം.ഞാൻ പോയാലെന്താ അവളുണ്ടല്ലോ നിനക്ക്,നിന്റെ പ്രീതി."
റോഷൻ കോപം കടിച്ചമർത്തി.
"ഓഹോ,അപ്പൊ അതാണ് നിന്റെ പ്രശ്‌നം. കഷ്ടം,പ്രീതി എന്റെ നല്ലൊരു സുഹൃത്തും സഹോദരിയുമാണ്. അത് മറ്റാരേക്കാളും നീ മനസ്സിലാക്കിയിട്ടുണ്ടെന്നാണ് ഞാൻ വിചാരിച്ചത്.നമ്മൾ ഒന്നിക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് അവളാണ്.അതറിയാമോ നിനക്ക്?"
"എനിക്കൊന്നും കേൾക്കണ്ട. പറയാനുള്ളതെല്ലാം ഞാൻ പറഞ്ഞു കഴിഞ്ഞു. ഇനി മേലിൽ എന്നെ കാണാൻ ശ്രമിക്കരുത്."
ശ്രുതി മുഖം തിരിച്ചു. നിറഞ്ഞു തുടങ്ങിയ കണ്ണുകൾ റോഷൻ കാണാതിരിക്കാനായി ഷാളിന്റെ തുമ്പു കൊണ്ട് പതിയെ തുടച്ച് അവൾ നടന്നകന്നു.
ശ്രുതി വീട്ടിലെത്തിയപ്പോൾ അവളുടെ അച്ഛൻ വിശ്വനാഥ മേനോൻ മകളെ കാത്ത് വരാന്തയിലെ ചാരുകസേരയിൽ ഇരിപ്പുണ്ടായിരുന്നു.അയാൾ മുഖം ഉയർത്തി അവളെ നോക്കി.
"അച്ഛൻ പറഞ്ഞത് പോലെ തന്നെ റോഷനുമായുള്ള എല്ലാ ബന്ധവും ഞാൻ ഉപേക്ഷിച്ചു. ഇനി മേലിൽ ഞങ്ങൾ തമ്മിൽ കാണുകയോ സംസാരിക്കുകയോ ചെയ്യില്ല.
സ്വന്തം മകൾ ഒരന്യജാതിക്കാരനെ സ്നേഹിച്ചതിന്റെ പേരിൽ മേലേടത്ത് വിശ്വനാഥ മേനോന് ആരുടെ മുമ്പിലും തല കുനിക്കേണ്ടി വരില്ല."
വിശ്വനാഥ മേനോൻ ഒന്നു ചിരിച്ചു,കൗശലക്കാരനായ ഒരു കുറുക്കനെ പോലെ.
ശ്രുതി അവളുടെ മുറിയിലേക്ക് പോയി.കതകടച്ച ശേഷം ഒരു കരച്ചിലോടെ കട്ടിലിലേക്ക് വീണു.കരഞ്ഞു കലങ്ങിയ കണ്ണുകൾക്കു മുന്നിൽ നാലു ദിവസം മുമ്പ് വീട്ടിലുണ്ടായ സംഭവങ്ങൾ വീണ്ടും തെളിഞ്ഞു വന്നു.
"മോളെ നീ നമ്മുടെ ശ്രീജേഷിനെ അറിയില്ലേ.അംബുജാക്ഷൻ ഡോക്ടറുടെ മകൻ. ഡോക്ടറാ. അവന് നിന്നെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട്.ഞാൻ നോക്കിയിട്ട് ഇത് നമ്മുടെ കുടുംബത്തിന് പറ്റിയ ബന്ധമാ.സമ്പത്തിലും തറവാടിത്തത്തിലും നമ്മളേക്കാൾ ഒട്ടും പിന്നിലല്ല അവർ."
റോഷനെ അവസാനമായി കണ്ടു പിരിഞ്ഞ അന്ന് രാത്രി അവർ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സമയത്ത് ശ്രുതിയുടെ അച്ഛൻ അവളോട് പറഞ്ഞു.
"എനിക്കിപ്പോ കല്യാണം വേണ്ടച്ഛാ.കോഴ്സ് കഴിയാൻ ഒരു കൊല്ലം കൂടിയുണ്ട്."
"കല്യാണം ഒരു കൊല്ലം കഴിഞ്ഞു മതി.ഇപ്പൊ ഒന്നു വാക്കാൽ ഉറപ്പിച്ചു വയ്ക്കാം.അവരെല്ലാവരും ഈ ഞായറാഴ്ച ഇങ്ങോട്ടു വരും."
ശ്രുതി ഊണ് നിർത്തി.
"മോളൊന്നും പറഞ്ഞില്ല."
"അച്ഛൻ ക്ഷമിക്കണം. എനിക്കൊരാളെ ഇഷ്ടമാണ്.അയാളെയല്ലാതെ മറ്റാരെയും ഞാൻ വിവാഹം കഴിക്കില്ല."
മേനോന്റെ മുഖം കോപം കൊണ്ടു ജ്വലിച്ചു.
"ഏതവനാടി അത്?"
ശ്രുതിയുടെ അമ്മ ചോദിച്ചു.
"പേര് റോഷൻ.ക്രിസ്‌ത്യാനിയാണ്.കോളേജിൽ എന്റെ സീനിയറാ.കഴിഞ്ഞ രണ്ടു വർഷമായി ഞങ്ങൾ തമ്മിൽ സ്നേഹത്തിലാണ്."
വിശ്വനാഥ മേനോൻ വർദ്ധിച്ച കോപത്തോടെ ഊണ് നിർത്തി എഴുന്നേറ്റു.
"ഈ മോഹം മുളയിലേ നുള്ളിക്കളയുന്നതാണ് നിനക്ക് നല്ലത്.ഒരു അന്യജാതിക്കാരന് നിന്നെ കെട്ടിച്ചു കൊടുക്കുമെന്ന് എന്റെ മോള് കരുതണ്ട.എന്റെ കൊക്കിന് ജീവനുണ്ടെങ്കിൽ അത് നടക്കില്ല."
മേനോൻ തന്റെ മുറിയിലേക്ക് കയറിപ്പോയി.പിന്നീടുള്ള രണ്ടു ദിവസം അവൾ ഉറങ്ങിയില്ല.റോഷന്റെ കാളുകൾ അറ്റൻഡ് ചെയ്തതുമില്ല.മൂന്നാം ദിവസം രാത്രി വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ വരെ ശ്രമം നടത്തി.പക്ഷേ ഹാളിൽ എത്തിയ അവൾ കണ്ടത് കൈയിൽ വിഷക്കുപ്പിയുമായി നിൽക്കുന്ന സ്വന്തം മാതാപിതാക്കളെയാണ്.
"എന്റെ മോള് ഇഷ്ടപ്പെട്ട പയ്യനൊപ്പം ജീവിക്കാൻ പോകുവല്ലേ. അതിന് മുൻപ് അച്ഛനും അമ്മയും മരിക്കുന്നത് കൂടി കണ്ടിട്ടു പൊയ്ക്കോ."
എന്തു ചെയ്യുമെന്നറിയാതെ അവൾ നിസ്സഹായയായി നിൽക്കേ,വിശ്വനാഥ മേനോൻ വിഷം തന്റെ ചുണ്ടോട് ചേർത്തു.അടുത്ത നിമിഷം ശ്രുതി അച്ഛന്റെ അടുക്കൽ ഓടിയെത്തി അത് തട്ടിത്തെറിപ്പിച്ചു.അന്ന് രാത്രി അവൾ റോഷനെ തന്നിൽ നിന്നും അകറ്റാൻ തീരുമാനിച്ചു.അവൾക്കു വേണ്ടിയല്ല, അച്ഛനമ്മമാരുടെ സന്തോഷത്തിനായി....അതു കൊണ്ടാണ് നല്ല സുഹൃത്തുക്കൾ മാത്രമാണെന്ന് ഉത്തമ ബോദ്ധ്യമുണ്ടായിട്ടും പ്രീതിയേയും റോഷനെയും അവൾ കാമുകീ കാമുകന്മാരായി ചിത്രീകരിച്ചത്.ഒടുവിൽ എല്ലാം അവളുടെ അച്ഛൻ വിചാരിച്ച വഴിക്ക് തന്നെ എത്തി.ആർക്കു മുന്നിലും തോൽക്കാത്ത മേലേടത്ത് വിശ്വനാഥ മേനോൻ ഒടുവിൽ സ്വന്തം മകൾക്ക് മുന്നിലും ജയിച്ചു.
പെട്ടെന്ന് മുറിയുടെ വാതിലിൽ ആരോ മുട്ടുന്നത് കേട്ട് ശ്രുതി തന്റെ ചിന്തകളിൽ നിന്നുണർന്നു.വാതിൽ തുറന്ന അവൾ കണ്ടത് തനിക്ക് മുന്നിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന റോഷനെയും പ്രീതിയേയുമാണ്.
"റോഷൻ....പ്രീതി.... നിങ്ങൾ ഇവിടെ?"
"സംശയിക്കേണ്ട.അവരെ ഞാനാ കൊണ്ടു വന്നത്.''
അവൾ അത്ഭുതപ്പെട്ടു നിൽക്കേ വിശ്വനാഥ മേനോനും ഭാര്യയും അവിടെയെത്തി.
"എനിക്കൊന്നും മനസ്സിലാകുന്നില്ല."
"നീ ഇവിടെ നിന്നിറങ്ങിയപ്പോഴേ എനിക്കറിയാമായിരുന്നു ഇന്ന് നിങ്ങൾ തമ്മിൽ കാണുമെന്ന്.ഒരു പക്ഷേ, റോഷനെ നേരിൽ കണ്ടു സംസാരിച്ചാൽ നിന്റെ മനസ്സു വീണ്ടും മാറുമെന്ന് ഞാൻ കരുതി.അതു കൊണ്ട് ഞാൻ നിന്റെ പിന്നാലെ തന്നെയുണ്ടായിരുന്നു.നിങ്ങൾ തമ്മിൽ സംസാരിച്ചതെല്ലാം ഞാൻ കേട്ടു.നീ ഞങ്ങളെ എത്ര മാത്രം സ്നേഹിക്കുന്നുണ്ടെന്ന് ഇന്നെനിക്ക് മനസ്സിലായി.ഞങ്ങൾ മരിക്കുമെന്ന് ഭയന്നല്ലേ നീ നിന്റെ ഇഷ്ടം വേണ്ടെന്നു വച്ചത്.ഇനി അത് വേണ്ട."
മേനോൻ റോഷന് നേരെ തിരിഞ്ഞു.
"റോഷൻ,നാളെ തന്നെ വീട്ടുകാരെയും കൂട്ടി വന്നോളൂ.നമുക്ക് എല്ലാം പറഞ്ഞുറപ്പിക്കാം.ഒരു കൊല്ലം കഴിഞ്ഞ് വിവാഹം എന്താ?"
"ശരി അങ്കിൾ."
ശ്രുതി അവിശ്വസനീയതയോടെ അച്ഛനെ നോക്കി.അവളെ നോക്കി ഒന്നു പുഞ്ചിരിച്ച ശേഷം മേനോനും ഭാര്യയും മുറി വിട്ടു പോയി.
"എന്നാലും നീയെന്നെ വില്ലത്തിയാക്കി കളഞ്ഞല്ലോ മോളേ?"
പ്രീതി ചോദിച്ചു.
"സോറി പ്രീതി, റോഷൻ എങ്ങനെയെങ്കിലും എന്നെ വെറുക്കണമെന്നു മാത്രമേ ഞാൻ വിചാരിച്ചുള്ളൂ.അതിന് വേറൊരു വഴിയും ഞാൻ കണ്ടില്ല."
"ഉം... എന്തായാലും കൊള്ളാം.എന്നാ നിങ്ങൾ സംസാരിക്ക്. ഞാൻ പുറത്തുണ്ടാവും."
പ്രീതി കൂടി പോയതോടെ ആ മുറിയിൽ ശ്രുതിയും റോഷനും മാത്രമായി.അവൾ അവന്റെ മാറിലേക്ക് ചാഞ്ഞു.റോഷൻ അവളുടെ മുഖമുയർത്തി,കണ്ണിൽ നിന്നും ഒഴുകി വന്ന കണ്ണുനീർ പതിയെ തുടച്ചു.
"സോറി റോഷൻ."
"എന്തിന്?നീ പറയുന്നതെല്ലാം കള്ളമാണെന്ന് പറഞ്ഞു തുടങ്ങിയപ്പോഴേ എനിക്ക് മനസ്സിലായി."
"എങ്ങനെ?"
"ഞാൻ പറഞ്ഞിട്ടില്ലേ എനിക്കേറ്റവും ഇഷ്ടം നിന്റെ കണ്ണുകളാണെന്ന്.നിന്റെ ചുണ്ടുകൾ കള്ളം പറഞ്ഞാലും കണ്ണുകൾ എനിക്ക് കാട്ടിത്തരും പറയുന്നത് കളവാണോ സത്യമാണോ എന്ന്. അത് നിനക്കുമറിയാം. അത് കൊണ്ടാണല്ലോ അവിടെ വച്ച് അത്രയും സമയം സംസാരിച്ചിട്ടും ഒരു തവണ പോലും നീ എന്റെ മുഖത്ത് നോക്കാതിരുന്നത്.പിന്നെ പ്രീതിയെക്കുറിച്ചു നീ പറഞ്ഞതു കേട്ടപ്പോൾ മാത്രം എനിക്ക് ദേഷ്യം വന്നു.നിന്നിൽ നിന്നും ഞാൻ അത് പ്രതീക്ഷിച്ചിരുന്നില്ല."
അവൾ തന്റെ വലത് കൈ കൊണ്ട് റോഷന്റെ വാ പൊത്തി. അവൻ ആ കൈയിൽ മൃദുവായി ചുംബിച്ചു.ആ സമയം അവൾ നാണത്തോടെ കൈ പിൻവലിച്ചു.അവൻ ശ്രുതിയുടെ അടുത്തേക്ക് കൂടുതൽ കൂടുതൽ നീങ്ങി നിന്നു.
"അല്ല,അപ്പൊ എങ്ങനാ കാര്യങ്ങള്?"
"എന്ത്?"
"അല്ലാ, ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഇനി ഒരു കൊല്ലം കാത്തിരിക്കണോ?നാളെ അപ്പച്ചനെയും അമ്മച്ചിയേം കൂട്ടിക്കൊണ്ടു വരാനല്ലേ അങ്കിള് പറഞ്ഞത്.നാളെ തന്നെ നല്ലൊരു മുഹൂർത്തം നോക്കി ഈ മാസം തന്നെ നിന്നെ എന്റെ വീട്ടിലോട്ട് കൊണ്ടു പോയാലെന്താന്നാ ഞാൻ ആലോചിക്കുന്നേ. എന്താ നിന്റെ അഭിപ്രായം?"
"അയ്യടാ."
അവൾ തന്റെ അരികിലേക്ക് നീങ്ങി വന്ന റോഷനെ തള്ളിമാറ്റി ഓടാൻ ഭാവിച്ചു.അവൻ ശ്രുതിയെ തന്റെ കൈകൾ കൊണ്ട് തന്നിലേക്ക് വലിച്ചടുപ്പിച്ചു. എന്നിട്ട് അവളുടെ നെറുകയിൽ ഉമ്മ വച്ചു.
~ജിഷ്‌ണു മുരളീധരൻ~

മിസ്സ്ഡ് കാൾ


മിസ്സ്ഡ് കാൾ
*************
കുളികഴിഞ്ഞ് മുറിയിലേക്കെത്തിയ അനുപമ മേശപ്പുറത്തിരുന്ന മൊബൈൽ ഫോൺ കൈയിലെടുത്തു.അപ്പോഴാണ് തനിക്ക് വന്ന ഒരു മിസ്സ്ഡ് കാൾ അവളുടെ ശ്രദ്ധയിൽപ്പെട്ടത്.പരിചയമില്ലാത്ത നമ്പർ ആയതിനാൽ അവൾ മൈൻഡ് ചെയ്തില്ല.പിന്നീട് അത്താഴം കഴിഞ്ഞു കിടക്കാൻ നേരം അതേ നമ്പറിൽ നിന്നും അവൾക്ക് വീണ്ടും കാൾ വന്നു.ഇത്തവണ അനു ഫോണെടുത്തു.
"ഹലോ, രാജീവല്ലേ?"
മറുതലയ്ക്കൽ പുരുഷ ശബ്ദം.
"സോറി,റോങ്ങ് നമ്പർ."
അനു ഫോൺ കട്ട് ചെയ്തു.അനുപമ ഒരു സ്വാകാര്യ കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയാണ്. അച്ഛനും അമ്മയ്ക്കും ഒറ്റ മകൾ.അനു വീണ്ടും ഫോൺ മേശപ്പുറത്ത് വച്ച ശേഷം ഉറങ്ങാൻ കിടന്നു.എന്നാൽ തൊട്ടടുത്ത നിമിഷം ഫോണിൽ അതേ നമ്പർ തെളിഞ്ഞു.അവൾ ദേഷ്യത്തോടെ വീണ്ടും ഫോൺ എടുത്തു.
"ഹലോ,ഇത് തിരുവനന്തപുരത്തെ രാജീവ് കുമാറിന്റെ നമ്പർ തന്നെയല്ലേ?"
"ഹേയ് മിസ്റ്റർ, നിങ്ങളോട് ഞാൻ പറഞ്ഞില്ലേ റോങ്ങ് നമ്പർ ആണെന്ന്.നമ്പർ നോക്കി ഡയൽ ചെയ്യടോ."
അനു അയാളോട് ചൂടായി.മറുതലയ്ക്കൽ വിളിച്ചയാൾ ഫോൺ കട്ട് ചെയ്തു. രണ്ടു ദിവസങ്ങൾക്ക് ശേഷം ആ നമ്പറിൽ നിന്ന് അനുപമയ്ക്ക് ഒരു മെസ്സേജ് വന്നു.
"പ്രിയ സുഹൃത്തേ,
താങ്കളെ ബുദ്ധിമുട്ടിക്കേണ്ടി വന്നതിൽ ക്ഷമ ചോദിക്കുന്നു. അന്ന് ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു ഞാൻ.എന്റെ സഹോദരി തിരുവനന്തപുരം ആർ.സി.സി യിൽ ചികിത്സയിലായിരുന്നു.ഇന്നലെ അവൾ ഞങ്ങളെ വിട്ടു പോയി.അവളുടെ ഭർത്താവിനെ വിളിക്കാൻ ശ്രമിക്കുന്നതിനിടയിൽ അബദ്ധത്തിൽ താങ്കളുടെ ഫോണിലേക്ക് കാൾ വന്നതാണ്.എന്നോട് ക്ഷമിക്കണം."
മെസ്സേജ് വായിച്ചു കഴിഞ്ഞപ്പോൾ താൻ ചെയ്തത് തെറ്റായി പോയി എന്ന് അനുവിന് തോന്നി.അവൾ അയാളുടെ നമ്പറിലേക്ക് തിരിച്ചു വിളിച്ചു.അയാൾ ഫോണെടുത്തു.
"ഹലോ."
"ഹലോ എന്റെ പേര് അനുപമ, താങ്കളുടെ മെസ്സേജ് വായിച്ചു. എന്റെ നമ്പറിലേക്കാണ് രണ്ട് ദിവസം മുമ്പ് വിളിച്ചിരുന്നത്. ഐ ആം സോറി.താങ്കളുടെ അവസ്ഥ മനസ്സിലാക്കാതെ സംസാരിച്ചതിൽ എനിക്ക് നല്ല വിഷമമുണ്ട്."
"കുട്ടി വിഷമിക്കേണ്ട.എന്തായാലും ഞങ്ങൾക്ക് പോവാനുള്ളത് പോയി."
"വിഷമിക്കരുത്.ഇന്നു നമ്മോടൊപ്പമുള്ളവരെല്ലാം എന്നും കൂടെ ഉണ്ടായെന്ന് വരില്ല.എന്തു സംഭവിച്ചാലും ജീവിതം മുന്നോട്ടു പോവുക തന്നെ വേണം."
അനുപമ അയാളെ ആശ്വസിപ്പിച്ചു.
"അതെ കുട്ടി പറഞ്ഞത് നേരാണ്.കുട്ടിയോട് അല്പ സമയം സംസാരിച്ചപ്പോൾ തന്നെ മനസ്സിന് എന്തെന്നില്ലാത്ത ഒരു സമാധാനം തോന്നുന്നു. ശരി, ഞാൻ വയ്ക്കുകയാണ്. വിളിച്ചതിന് നന്ദിയുണ്ട്."
അയാൾ ഫോൺ കട്ട് ചെയ്തു. അത് ഒരു തുടക്കമായിരുന്നു, പുതിയ സൗഹൃദത്തിന്റെ തുടക്കം.അതിന് ശേഷം അവർ തമ്മിൽ ഫോൺ സംഭാഷണങ്ങൾ പതിവായി.അനുപമ തന്നെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും അയാളുമായി പങ്കു വെച്ചു. അയാൾ തിരിച്ചും.തന്റെ പേര് ശരത് ചന്ദ്രൻ എന്നാണെന്നും തിരുവനന്തപുരത്തെ ഒരു ഐ. ടി കമ്പനിയിലെ സ്റ്റാഫ് ആണെന്നും അയാൾ അനുപമയെ അറിയിച്ചു.പതിയെ പതിയെ അവരുടെ സൗഹൃദത്തിന് പ്രണയത്തിന്റെ രൂപഭാവങ്ങൾ കൈവന്നു.ഒരു ദിവസം പോലും പരസ്പരം സംസാരിക്കാതിരിക്കാൻ പറ്റാത്ത അവസ്ഥ.
എന്നാൽ അതിനിടയിലും മിസ്സ്ഡ് കാൾ പ്രണയത്തിലകപ്പെട്ട് ജീവിതം പൊലിഞ്ഞു പോയ പെൺകുട്ടികളുടെ അനുഭവങ്ങൾ പത്രത്തിലൂടെയും ടി വി യിലൂടെയും അറിഞ്ഞിരുന്നതിനാൽ ഒരുറപ്പിന് വേണ്ടി അനുപമ ശരത്തിനോട് അയാളുടെ ഫോട്ടോ ആവശ്യപ്പെട്ടു. ശരത് അപ്പോൾ തന്നെ അവളുടെ ആവശ്യം നിറവേറ്റി.അതോടെ അനുവിന്റെ വിശ്വാസം ഇരട്ടിച്ചു.
ദിവസങ്ങൾ കടന്നു പോയി. അനുപമയ്ക്ക് വിവാഹാലോചനകൾ വരാൻ തുടങ്ങി.തന്നെ കാണാൻ വന്ന ഓരോരുത്തരെയും നിസ്സാര കാര്യങ്ങൾ പറഞ്ഞ് അവൾ ഒഴിവാക്കി.പക്ഷേ ദിവസങ്ങൾ കഴിയുന്തോറും അവളുടെ മനസ്സിൽ ഭയം ഏറി വന്നു.ഒരു ദിവസം രാത്രി അവൾ ശരത്തിനെ വിളിച്ചു.
"ഹലോ ശരത്,"
"അനു, എന്താ ശബ്ദം വല്ലാതിരിക്കുന്നേ? എന്ത് പറ്റി?"
"ശരത്, ഇവിടെ അച്ഛൻ എനിക്ക് കല്യാണാലോചനകൾ നടത്തുന്ന കാര്യം ഞാൻ പറഞ്ഞിരുന്നില്ലേ,ഇനി എനിക്ക് പിടിച്ചു നിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.എന്തെങ്കിലും ചെയ്തേ പറ്റൂ."
അല്പസമയത്തെ മൗനത്തിനു ശേഷം ശരത് സംസാരിച്ചു തുടങ്ങി.
"ഞാൻ നോക്കിയിട്ട് ഇനി ഒരു വഴിയേ ഉള്ളൂ.നമുക്ക് രജിസ്റ്റർ മാരേജ് ചെയ്യാം.നീ നാളെ എന്നത്തേയും പോലെ വീട്ടിൽ നിന്ന് ഇറങ്ങിയാൽ മതി. ഞാൻ ഓഫീസിൽ വന്ന് പിക്ക് ചെയ്തോളാം."
"എനിക്ക് പേടിയാവുന്നു ശരത്."
"ഞാനല്ലേ പറയുന്നേ ഡോണ്ട് വറി."
പിറ്റേന്ന് അനുപമ എന്നത്തേയും പോലെ ഓഫീസിലേക്കെന്ന വ്യാജേന വീട്ടിൽ നിന്നിറങ്ങി.അവൾ പോകാൻ നേരം അച്ഛൻ ഉമ്മറത്ത് പത്രം വായിക്കുകയായിരുന്നു.അനു അച്ഛന്റെ കാലിൽ തൊട്ട് വന്ദിച്ചു.
"അച്ഛൻ എന്നെ അനുഗ്രഹിക്കണം"
അദ്ദേഹം പത്രം താഴെ വച്ച് മകളെ പിടിച്ചെഴുന്നേല്പിച്ചു.
"എന്താ മോളെ ഇതൊക്കെ അതിനും മാത്രം ഇന്നെന്താ പ്രത്യേകത?"
"ഒന്നുമില്ലച്ഛാ.ഇന്നെന്തോ ഇങ്ങനെ വേണമെന്ന് തോന്നി."
"ഞങ്ങളുടെ അനുഗ്രഹം നിനക്കെന്നും ഇല്ലേടാ."
അദ്ദേഹം മകളെ സ്നേഹപൂർവ്വം തലോടി.പെട്ടെന്ന് പത്രത്തിലെ ഒരു വാർത്തയിൽ അനുപമയുടെ കണ്ണുകൾ ഉടക്കി.അവൾ പത്രം കൈയിലെടുത്തു.
"മിസ്ഡ് കാൾ വഴി പത്തോളം പെൺകുട്ടികളെ കബളിപ്പിച്ചു പണം തട്ടുന്ന റാക്കറ്റിലെ പ്രധാനി പിടിയിൽ"
വാർത്തയോടൊപ്പം അറസ്റ്റിലായ പ്രതിയുടെ ചിത്രവുമുണ്ടായിരുന്നു. ഒരു ഞെട്ടലോടെ അനു ആ മുഖം തിരിച്ചറിഞ്ഞു.....
"ശരത് ചന്ദ്രൻ" അയാളുടെ ഒരുപാട് ഇരകളിൽ ഒരാൾ മാത്രമായിരുന്നു താനും എന്ന തിരിച്ചറിവ് അവളെ തളർത്തി. പെട്ടെന്ന് അനുവിന്റെ അമ്മയും അവിടേക്കെത്തി.
"ഹോ അവന്റെ മുഖം കണ്ടില്ലേ,കണ്ടാൽ എത്രയോ മാന്യൻ,പക്ഷേ കൈയിലിരിപ്പോ?"
ശരത്തിന്റെ ഫോട്ടോ കണ്ടപ്പോൾ അമ്മ പറഞ്ഞു.
"ശരിക്കും ഇവനെ മാത്രം പറഞ്ഞാൽ പോരാ.ഏതെങ്കിലും ഒരുത്തൻ പ്രേമമാണെന്നു പറഞ്ഞു വിളിക്കുമ്പോഴേക്കും അത്രയും കാലം നോക്കി വളർത്തിയ അച്ഛനമ്മമാരെ ഉപേക്ഷിച്ച് അവന്റെയൊക്കെ കൂടെ ഇറങ്ങിപ്പോകുന്ന ഇന്നത്തെ പെൺപിള്ളേരെയാ ആദ്യം പറയേണ്ടത്."
അച്ഛനും പിന്താങ്ങി.അടുത്ത നിമിഷം ഇരുവരും അത്ഭുതപ്പെട്ടു നിൽക്കേ അനുപമ കരഞ്ഞു കൊണ്ട് അമ്മയുടെ മാറിലേക്ക് വീണു.കണ്ണിൽ നിന്നും ഊർന്നിറങ്ങിയ കണ്ണുനീർ അവളുടെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ ചുട്ടു പൊള്ളിച്ചു.
-ജിഷ്ണു. മുരളീധരൻ-

ജയ് ജവാൻ

Image may contain: 1 person, closeup

രണ്ടു ദിവസമായി മാമ്പിള്ളി തറവാടിന്റെ അന്തരീക്ഷം ശബ്ദമുഖരിതമാണ്.അവിടെ ഒരു വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നടക്കുകയാണ്.ജയദേവന്റെ മുറപ്പെണ്ണാണ് മായ.അഞ്ച് വർഷം നീണ്ടു നിന്ന അവരുടെ തീവ്രപ്രണയത്തിന്റെ സാക്ഷാത്കാരം കൂടിയാണ് നാളെ.
" നാളെ എപ്പോഴാ മുഹൂർത്തം?"
ജയദേവന്റെ ഒരു സുഹൃത്ത് ചോദിച്ചു.
"പത്തിനും പതിനൊന്നിനും ഇടയ്ക്ക്."
" മണി എട്ടായല്ലോ. അവന്റെ ട്രെയിൻ എപ്പോ എത്തുമെന്നാ പറഞ്ഞത്?"
"ഒമ്പത് മണിക്ക് സ്റ്റേഷനിൽ എത്തുമെന്നാ അല്പം മുമ്പ് വിളിച്ചപ്പോൾ പറഞ്ഞത്.കൂട്ടുകാരുമുണ്ടല്ലോ കൂടെ.അവരാ ഫോൺ എടുത്തത്.ജയൻ നല്ല ഉറക്കത്തിലാണത്രെ."
ജയന്റെ അച്ഛൻ രാമൻ നായർ പറഞ്ഞു.പെട്ടെന്ന് മായയും അവളുടെ രക്ഷിതാക്കളും അവിടെയെത്തി.
"അല്ല,ഇതാരൊക്കെയാ വന്നിരിക്കുന്നേ, എന്താ ഇത്ര നേരത്തെ ഇങ്ങു പോന്നത്?"
"എന്ത് പറയാനാ അളിയാ,ഈ പെണ്ണ് എനിക്ക് സ്വസ്ഥത തരുന്നില്ല.അവളുടെ ജയേട്ടൻ വരുമ്പോൾ ആദ്യം അവളെ തന്നെ കാണണമത്രെ.ഓരോരോ പിടിവാശികളേ."
"ഇപ്പോഴത്തെ പിള്ളേരല്ലേ അളിയാ.കാര്യമാക്കണ്ട."
"സൗദാമിനി ഏടത്തി എവിടെ?"
മായയുടെ അമ്മ ചോദിച്ചു.
"ഞാൻ ഇവിടെത്തന്നെയുണ്ട് ഗോമതി."
പെട്ടെന്ന് ജയന്റെ അമ്മ സൗദാമിനി ചിരിച്ചു കൊണ്ട് മുറ്റത്തേക്കിറങ്ങി വന്നു.അവർ മായയെ അടിമുടിയൊന്നു നോക്കി.
"ഹായ്,ന്റെ കുട്ടി ഇന്ന് സുന്ദരിയായിരിക്കണല്ലോ."
"ഇന്നവളുടെ ജയേട്ടൻ വരുന്ന ദിവസമല്ലേ... സുന്ദരിയാകാതെ പറ്റില്ലല്ലോ."
ഗോമതി സൗദാമിനിയെ പിന്താങ്ങി.രണ്ടമ്മമാരുടെയും സംസാരം തുടർന്ന് പോയപ്പോൾ മായ നാണത്തോടെ വീടിനകത്തേക്കോടി."
"പാവം കുട്ടി.അവൾ വല്യ സന്തോഷത്തിലാണ്.കല്യാണമുറച്ച അന്ന് മുതൽ നിലത്തൊന്നുമല്ല."
"അവൾ സന്തോഷിക്കട്ടെ ഗോമതി.ഒന്നും രണ്ടും അല്ലല്ലോ അഞ്ചു വർഷത്തെ പ്രണയമല്ലേ പൂത്തുലയാൻ പോകുന്നത്."
ജയന്റെ അച്ഛൻ അഭിപ്രായപ്പെട്ടു.
"അതെ അതെ അവൻ പട്ടാളത്തിൽ ചേരുന്നതിന് മുമ്പ് തുടങ്ങിയതാ.നിങ്ങൾ അറിഞ്ഞപ്പോൾ വൈകി എന്ന് മാത്രം."
ജയദേവന്റെ സുഹൃത്ത് രവി പറഞ്ഞു.മായയുടെ അച്ഛൻ ഗോവിന്ദൻ നായർ രവിയെ നോക്കി കനത്തിലൊന്ന് മൂളി.അടുത്ത നിമിഷം അവൻ സ്ഥലം വിട്ടു.കല്യാണവീടിന്റെ ഒരു മൂലയിൽ ജയദേവന്റെ സുഹൃത്തുക്കൾ നേരത്തെ തമ്പടിച്ചിരുന്നു.
"അവൻ അവസാനം വന്നപ്പോൾ തന്നിട്ടു പോയ സാധനത്തിന്റെ രുചി ഇപ്പോഴും നാവിലുണ്ട്."
"അതെ.ഇന്നും കിട്ടും നല്ല ഉശിരൻ മിലിട്ടറി."
പെട്ടെന്ന് രാമൻ നായർ അവരുടെ അടുത്തെത്തി.
"എന്താടാ ഇവിടൊരു ഗൂഢാലോചന?"
അദ്ദേഹം ചോദിച്ചു.
"ഹേയ്, ഒന്നുമില്ല.നാളെ കല്യാണം എങ്ങനെ അടിപൊളിയാക്കാം എന്നതിനെപ്പറ്റി ഒരു ചെറിയ ചർച്ച...അത്രേ ഉള്ളൂ."
രവി പരുങ്ങി.
"ഉം...കാര്യം മനസ്സിലായി...അത്തരം ആഘോഷങ്ങളൊക്കെ രാത്രിയായിട്ടു മതി.ഇപ്പൊ ഇവിടെ ഒരുപാട് പണി ബാക്കിയുണ്ട്.എല്ലാവരും കൂടി ഒന്നുത്സാഹിച്ച് അതൊക്കെ തീർക്കാൻ നോക്ക്."
ഒരു കള്ളച്ചിരിയോടെ രാമൻ നായർ നടന്നകന്നു.അല്പസമയത്തിനു ശേഷം ഒരു ടാക്സി കാർ മാമ്പിള്ളി തറവാടിന്റെ മുറ്റത്ത് ബ്രേക്കിട്ടു.അതിൽ നിന്നും യൂണിഫോം ധരിച്ച ഒരു ആർമി ഉദ്യോഗസ്ഥൻ പുറത്തിറങ്ങി.അയാൾ രാമൻ നായരുടെ സമീപം ചെന്നു.
"ഇതല്ലേ മാമ്പിള്ളി വീട്...ലഫ്റ്റനന്റ് ജയദേവന്റെ...."
"അതെ.ജയന്റെ സുഹൃത്താണല്ലേ. ആട്ടെ,അവൻ എവിടെ?"
"അത്...അത്..."
പെട്ടെന്ന് കാറിൽ നിന്നും രണ്ടു ജവാന്മാർ കൂടി പുറത്തിറങ്ങി.അവർ ജയദേവനെ വീഴാതെ താങ്ങിപിടിച്ചിരിക്കുകയായിരുന്നു.ആ കാഴ്ച രാമൻ നായർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.തന്റെ മകന്റെ വലതു കാൽ നഷ്ടപ്പെട്ടിരിക്കുന്നു.അദ്ദേഹം വർദ്ധിച്ച ദുഃഖത്തോടെ തന്റെ സമീപം നിന്നിരുന്ന ജവാന്റെ യൂണിഫോമിൽ കടന്നു പിടിച്ചു.
"സത്യം പറയടോ, ന്റെ കുട്ടിക്ക് എന്ത് പറ്റിയതാ?"
"രണ്ടു മാസം മുമ്പ് ഞങ്ങളുടെ ക്യാമ്പിൽ ഒരു അറ്റാക്ക് ഉണ്ടായി.അതിലാ ജയന്റെ കാല്.."
അയാൾ വാക്കുകൾ പൂർത്തീകരിച്ചില്ല. ആ വൃദ്ധൻ തന്റെ പിടി അയച്ചു.മകനെ കാണുവാൻ ഓടിക്കിതച്ചെത്തിയ സൗദാമിനിയമ്മയ്ക്കും ആ കാഴ്ച താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
"എന്റെ മോനേ, പിറന്ന നാടിനെ സേവിക്കാൻ പുറപ്പെട്ട നിനക്ക് ഈ ഗതി വന്നല്ലോ.ഇതൊക്കെ കാണാൻ വേണ്ടിയാണോ ഈശ്വരാ ഞാനിത്രയും കാലം ജീവിച്ചത്?"
"അമ്മ എന്തിനാ കരയുന്നത്?അമ്മയുടെ മകനെ ഓർത്ത് അഭിമാനിക്കുകയാണ് വേണ്ടത്.ജയദേവൻ ധീരനായ ഒരു ജവാനാണ്."
കൂടെ വന്ന ഒരു പട്ടാളക്കാരൻ പറഞ്ഞു.
"അമ്മ കരയരുത്.എന്റെ ശരീരത്തിൽ നിന്ന് ഈ കാൽ അറുത്തു മാറ്റിയപ്പോൾ പോലും ഞാൻ കരഞ്ഞില്ല.അത് എനിക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ അംഗീകാരമായാണ് ഞാൻ കാണുന്നത്.ഇനി,എന്തെങ്കിലും ദുഃഖം എന്റെ ഉള്ളിൽ അവശേഷിക്കുന്നുവെങ്കിൽ അത് കാലിനു പകരം എന്റെ ജീവൻ നല്കാൻ കഴിഞ്ഞില്ലല്ലോ എന്നത് മാത്രമാണ്."
ജയദേവന്റെ സ്വരം ദൃഢമായിരുന്നു.ഈ സമയം ഗോവിന്ദൻ നായരുടെ കണ്ണുകൾ കോപം കൊണ്ട് ജ്വലിച്ചു.
"അളിയൻ ഒന്നും വിചാരിക്കരുത്.ഒരു ഒറ്റക്കാലന് കൈ പിടിച്ചു കൊടുക്കാൻ വേണ്ടിയല്ല ഞാൻ എന്റെ മോളെ വളർത്തിയത്.ഈ കല്യാണം നടക്കില്ല."
അയാൾ മായയുടെ കൈയ്യിൽപ്പിടിച്ച് അവിടെ നിന്ന് പോകാൻ ഭാവിച്ചു.എന്നാൽ മായ,അച്ഛന്റെ കൈ തട്ടി മാറ്റി ജയദേവന്റെ അരികിലെത്തി,അയാളെ സ്വന്തം ചുമലിൽ താങ്ങി.
"ജയേട്ടന് അപകടം പറ്റിയ അന്ന് തന്നെ എന്നെ വിളിച്ച് വിവരം പറഞ്ഞിരുന്നു.അച്ഛൻ അറിഞ്ഞാൽ ഇതുപോലെയൊക്കെ സംഭവിക്കും എന്നറിയാവുന്നത് കൊണ്ടാണ് ഇത്രയും സമയം വരെ ഞാനൊന്നും പറയാതിരുന്നത്.അന്നും ഇന്നും ഞാൻ സ്നേഹിച്ചതും ഇഷ്ടപ്പെട്ടതും ജയേട്ടന്റെ മനസ്സിനെയാണ്.ആ എനിക്ക് അറ്റ് പോയ വലതു കാൽ ഒരു കുറവായി തോന്നുന്നില്ല.പിറന്ന നാടിനു വേണ്ടി പടപൊരുതിയ ഈ ധീരജവാന്റെ ഭാര്യയാകാൻ കഴിയുന്നതാണ് ഈ ജന്മത്തിൽ അച്ഛന്റെ മോൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം."
മകളുടെ ഉറച്ച മറുപടി ആ പിതാവിനെ ഞെട്ടിച്ചു.ജയനെ സ്വന്തം ചുമലിൽ താങ്ങി വീടിനുള്ളിലേക്ക് കൊണ്ടു പോകുന്ന മായയെ ഏവരും അത്ഭുതത്തോടെ നോക്കി നിന്നു. ജയദേവനൊപ്പം വന്ന ജവാന്മാർ അവളെ ബഹുമാനപൂർവ്വം സല്യൂട്ട് ചെയ്തു.പിറ്റേന്ന് രാവിലെ ജയദേവന്റെയും മായയുടേയും വിവാഹം ആ ഗ്രാമം മുഴുവൻ ആഹ്ലാദത്തോടെ കൊണ്ടാടി.
~ ജിഷ്ണു മുരളീധരൻ ~

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo