Showing posts with label HarithaUnni. Show all posts
Showing posts with label HarithaUnni. Show all posts

അമ്മൂട്ടിയുടെ അപ്പേട്ടൻ


Image may contain: 2 people, people smiling, indoor

അമ്മൂട്ടിക്ക് അപ്പേട്ടൻ ന്നെച്ചാ ജീവനാണ്. അമ്പല കോളത്തിന്ടെ കരേലും ആലിന്ടെ തറേലും ക്കെ അപ്പേട്ടൻ കൂട്ടരുടെ കൂടെ സൊറ പറഞ്ഞിരിക്കണത് അമ്മൂട്ടി അമ്പലത്തീ പോമ്പൊക്കെ കാണാറുണ്ട്ച്ചാലും ഒളികണ്ണിട്ടെ നോക്കാറുള്ളു.. പെങ്കുട്ട്യോൾക്ക് നല്ല അടക്കോം ഒതുക്കോം വേണംനാണ് അമ്മമ്മ എപ്പഴും പറയാറ്.. അതോണ്ട് അമ്മൂട്ടി ആരുടേം മുഖത്തു നോകാണ്ടാ നടക്കാ..
ഒരീസം രാവിലെ ദേവിയെ തൊഴാൻ പോണ വഴീല് അമ്മൂട്ടി കാല് തെറ്റി വീണു.. കണ്ട് നിന്നോരൊക്കെ കളിയാക്കി ചിരിച്ചപ്പോ അപ്പേട്ടനാണ് അമ്മൂട്ടിനെ എണീപ്പിച്ചത്.. അമ്മൂട്ടി കണ്ണും നിറച്ചു വീട്ടിലേക്കാണ് ഓടിയതെങ്കിലും ചെന്ന് കേറിയത് അപ്പേട്ടന്റെ മനസിലാണ്...
പൊറകേ നടന്ന് ശല്യം ചെയ്യാണ്ട് അപ്പേട്ടൻ അമ്മേനേം കൂട്ടി വീട്ടിലേക്ക് പെണ്ണ് ചോയ്ക്കാൻ വന്നത് അമ്മൂട്ടിക്ക് പെരുത്തിഷ്ടായി.. വരണ ചിങ്ങത്തില് വേളി നടത്താന്ന് തീരുമാനായപ്പോ അമ്മൂട്ടി അമ്മയെ കെട്ടിപിടിച്ചൊരുമ്മ കൊടുത്തു..
അധികം ആർഭാടൊന്നിലാണ്ട് അപ്പേട്ടൻ അമ്മൂട്ടിനെ താലി കെട്ടി.. അമ്മൂട്ടി വന്നേൽ പിന്നെ വീട് സ്വർഗമായെന്ന് അപ്പേട്ടന്റെ 'അമ്മ എല്ലാരോടും പറയും..
അമ്മൂട്ടി പുലർച്ചെ എണീറ്റ് വീട്ടിലെ പണിയോൾ ഒക്കെ ചെയ്യും.. അപ്പേട്ടനെ പണിക്ക് പറഞ്ഞയച്ച്‌ അമ്മയ്ക്ക് കാലിൽ കൊഴമ്പ്‌ തേച്ച്‌ കൊടുക്കും.. പശൂനെ കറക്കുന്നതും ചാണകം വാരുന്നതും തുണി അലക്കുന്നതും ഒക്കെ അമ്മൂട്ടി ഓടി നടന്ന് ചെയ്യും..
ഉച്ചയ്ക്ക് ഊണ് കഴിഞ് 'അമ്മ മയങ്ങുമ്പോ അമൂട്ടി പത്രം തൊറന്ന് ടാകീസിലെ സിനിമാപേരൊക്കെ നോക്കിയിരിക്കും.. മൂന്ന് മണിയാകുമ്പോ അമ്മൂട്ടി പലഹാരം ഉണ്ടാക്കാൻ ആടുക്കളേല് കേറും.. ശർക്കരേം ചക്കയും കൂട്ടി വഴറ്റി വാഴിലേല് അടയിണ്ടാക്കും.. അപ്പേട്ടന് വന്നാൽ അതും കാപ്പിയും ഉമ്മറത്ത് കൊണ്ടോയി അപ്പേട്ടൻ കഴിക്കണത് നോക്കിയിരിക്കും..
ന്നിട്ട് രണ്ടാളും കൂടി അപ്പേട്ടന്റെ ബൈക്കിൽ ചുറ്റാൻ പോകും..ചിലപ്പോ ടാകീസിലോ അല്ലെങ്കിൽ കായലിന്റെ ഓരത്തോ പോയി ഇരിക്കും...അപ്പേട്ടന്റെ തോളിൽ തല ചായ്ച്ച്‌ ഇരിക്കുമ്പോ അമ്മൂട്ടിക്ക് കൊറേ വിശേഷങ്ങൾ ഉണ്ടാകും പറയാൻ.. അമ്മിണി പശു ഇമ്മിണി കുറുമ്പ് കാണിക്കുന്നുണ്ടെന്നും മച്ചില് പൊടി തട്ടാൻ കേറിയപ്പോ അപ്പേട്ടന്റെ പഴയ കളി കോപ്പ് കണ്ടെന്നും ഒക്കെ..
വീട്ടിലേക്ക് മടങ്ങുമ്പോൾ അമ്മൂട്ടി അപ്പേട്ടന്റെ അരയിലൂടെ കൈ ഇട്ട് ചേർത്ത് പിടിക്കും ന്നിട്ട് കാതില് ഒരു പൂതി പറയും.. മിക്ക ദിവസങ്ങളിലും ഉപ്പിലിട്ട കാരക്കയോ, മാങ്ങയോ, പുളിമിട്ടായിയോ ഒക്കെയാവും അമ്മൂട്ടി പറയാ.. അതുമല്ലെങ്കിൽ കുപ്പിവളയോ വട്ടപൊട്ടോ.. അത് അപ്പേട്ടൻ സന്തോഷത്തോടെ വാങ്ങികൊടുക്കും.. ഒരീസം പക്ഷെ അമ്മൂട്ടിക്ക് പതിവില്ലാത്തൊരു പൂതി..
അമ്മൂട്ടിക്ക്‌ കല്ല് വെച്ച മൂക്കുത്തി വേണത്രെ.. അപ്പൊന്റെ അമ്മൂട്ടിക്ക് നോവൂലെന് ചോയ്ച്ചപ്പോ അമ്മൂട്ടി പറയാ നൊന്താ അപ്പേട്ടൻ ഉമ്മ വെച്ചാ മതീന്ന്..
അമ്മൂട്ടിടെ ആഗ്രഹല്ലേച്ച്‌ അപ്പേട്ടൻ പിറ്റേന്ന് തട്ടാനേം കൂട്ടി വീട്ടി വന്നു.. തട്ടാന്റെ കൈയിലെ പെട്ടി കണ്ടപ്പോ അമ്മൂട്ടി മുട്ട് കൂട്ടി ഇടി തുടങ്ങി.. കുത്താൻ നേരം അമ്മൂട്ടി എണീറ്റ് പറമ്പായ പറമ്പോക്കെ ഓടി.. അപ്പേട്ടൻ പിന്നാലെ ഓടി പോയി അമ്മൂട്ടിയെ തട്ടാന്റെ മുന്നിൽ പിടിച്ചിരുത്തി.. മൂക്ക് കുത്തിയ അമൂട്ടി അമ്മേടെ മടിയിൽ ഏങ്ങി കരഞ്ഞുറങ്ങി..
രണ്ടീസം കഴിഞ്ഞപ്പോ എന്തോ വല്ലായ്മ തോന്നി അമ്മൂട്ടി തൊഴുത്തിൽ തല കറങ്ങി വീണു.. പാല് വാങ്ങാൻ വന്ന ശാന്തമ്മേടത്തി വീണ് കിടക്കണ അമ്മൂട്ടിയെ കണ്ട് നിലവിളിച്ചു...
വിവരമറിഞ്ഞ് അപ്പേട്ടൻ ഓടി വരുമ്പോ അയൽക്കാരി പെണ്ണുങ്ങളും അമ്മൂട്ടിയും അമ്മയും ഒക്കെ ഉമ്മറത്തുണ്ടായിരുന്നു.. അമ്മൂട്ടിയുടെ മുഖത്ത് പതിവിലാത്ത നാണവും.. ഒന്നും മനസിലാവാതെ അപ്പേട്ടൻ അമ്മേടേം അമ്മൂട്ടിയുടേം മുഖത്തേക്ക് മാറി മാറി നോക്കിയപ്പോൾ നാണി തള്ളയാണ് പറഞ്ഞത് അമ്മൂട്ടിക്ക് വിശേഷമുണ്ടെന്ന്..
സ്ഥലകാല ബോധം മറന്ന് അപ്പേട്ടൻ അമ്മൂട്ടിയെ വാരി പുണർന്നപ്പോൾ എല്ലാവരുടേയും കൂടെ ആ ഒറ്റക്കൽ മൂക്കുത്തിയും ചിരിക്കുന്നുണ്ടായിരുന്നു...
സ്നേഹപൂർവ്വം
ഹരിത

ഒരു ടോം& ജെറി ടെയ്ൽ

Image may contain: 1 person, standing, shoes and outdoor

"കണ്ണുക്ക് മൈ അഴക്.. 'കവിതയ്ക്ക്' പൊയ് അഴക്.. 'കവിതയ്ക്ക്' പൊയ് അഴക്.." അടുക്കളയിൽ എന്റെ അടുത്ത് വന്ന് തൊണ്ട കീറി പാടുകയാണ് ഏട്ടൻ..
ഞാൻ മെല്ലെ കത്തി എടുത്തു മൂർച്ച കൂട്ടി കൈയിൽ പിടിച്ചു തിരിച്ചും മറിച്ചും നോക്കി..
"എന്റമ്മോ കവിതയ്ക്ക് ഒരഴകുമില്ലേ.."
ഹിഹി .. ഏട്ടന്റെ പഴയ ലൈൻ ആയിരുന്നു കവിത..തേച്ചിട്ടു പോയപ്പോ കൊറേ കാലം മാനസമൈനേ പാടി നടന്നതാണ് കക്ഷി.. അത് കൊണ്ട് എന്നെ ചൂടാകാനുള്ള നമ്പറുമായി ഇറങ്ങിയതാണ്..ഇപ്പോ ദേ മുഖം കൂർപ്പിച്ചു ടീവിയുടെ മുന്നിൽ പോയി ഇരിപ്പുണ്ട്..
"ഏട്ടാ..ചപ്പാത്തി ചുടാലോ വാ.. "
"വേണ്ടാ.. മോള് ചുട്ടോട്ടാ.."
ദൈവമേ. ചതിച്ചോ. എല്ലാ ദിവസവും ഞാൻ പരത്തി കൊടുക്കുന്ന ചപ്പാത്തി ചുടുന്നത് ഏട്ടന്റെ ഡ്യൂട്ടി ആണ്..
"കുട്ടുസാ..തുത്തുരു.. ബാ..ചപ്പാത്തി ചുടാലോ.."
"വേണ്ടാന്നേ ഇന്ന് നീ ചുട്ടോ.. "
പണി പാളി.
"എന്റെ മുത്തുമണിയല്ലേ ബാ .. കൊരങ്ങാ ബാ.. "
"കൊരങ്ങൻ നിന്റെ.. "
"ആ എന്റെ കെട്ടിയോൻ തന്നെ.. അല്ലാണ്ട് ആരാ..."
അവസാനം ഏട്ടൻ എണീച്ചു വന്നു..
"എന്നെ കെട്ടിയതു നിന്ടെ ഭാഗ്യം... വേറെ ആരെങ്കിലും ആവണായിരുന്നു.... നീ അനുഭവിച്ചേനെ.."
" അതെനിക്കറിയാലോ.. എന്റെ ചക്കര ഏട്ടനല്ലേ... രാവിലെ എന്താ ഇണ്ടാക്കണ്ടേ..ദോശയ്ക്ക്‌ ഇടട്ടേ.. "
"ആ ശെരി.. അതാകുമ്പോ പിന്നെ എളുപ്പാണല്ലോ.. ചെമ്മന്ദിനും പറഞ്ഞു
തേങ്ങ അരച്ച് തന്നാ
മതീലോ നിനക്ക്.. ഇവിടാകുമ്പോ നാട്ടിലെ പോലെ തേങ്ങ ചിരകുകേം വേണ്ട.. പാക്കറ്റിൽ കിട്ടൂലോ.. എന്റെ മടിച്ചി പാറു.. തോറ്റല്ലോ ഞാൻ നിന്നെ കൊണ്ട്.. "
"ചപ്പാത്തി കഴിഞ്ഞല്ലോ... ഏട്ടൻ വിട്ടോ.. ഇനീം ഇവിടെ നിന്നാൽ ഞാൻ വേറെ പലതും കേൾക്കേണ്ടി വരും.. ഞാൻ ഈ കറി ഒന്ന് കാച്ചിയിട്ട് കഴിക്കാൻ ഇരിക്കാം.. "
"വേണ്ട ഞാൻ ഇവിടെ നിന്നോളാം. "
"വേണ്ടാന്നേ പോയ്ക്കോ.. "
"എന്നാ പിന്നെ ഒരു ബിയറും അടിച്ചു അവിടെ പോയി ഇരിക്കാലേ.. "
"അതിനെന്റെ മോൻ ഇന്ന് കുടിക്കുന്നില്ലല്ലോ.."
"പ്ലീസ് പാറു.. എന്റെ പാറുക്കുട്ടിയമ്മയല്ലേ.. ഒരു ബിയർ പ്ലീസ്.. "
"ആ കൊഞ്ചണ്ട.. ഫ്രിഡ്ജിൽ നാലെണ്ണം ഉണ്ട്.. നാളെ ഞാൻ തുറക്കുമ്പോ ബാക്കി മൂന്നെണ്ണവും അവിടെ തന്നെ കാണണം.."
"ശെരി മാഡം.. "
ഏട്ടൻ ഒരു ബോട്ടിലും എടുത്തോണ്ട് ഫേസ്‌ബുക്കും കുത്തി പിടിച്ചിരുന്നു..
"ഏട്ടാ.. ഭക്ഷണം എടുത്തു വെച്ചിട്ടുണ്ട് .. കഴിക്കാൻ വാ.. "
"ആ.... "
പിന്നേം വിളിച്ചു..
"ആ....."
ഒരു അനക്കവും ഇല്ല..
ഞാൻ നേരെ ഫ്രിഡ്ജിൽ പോയി ഒരു ഐസ് ക്യൂബ് എടുത്തു..
"ഏട്ടാ.."
"ആ വരാന്ന്.."
"വേണ്ടാന്ന് ..ഏട്ടൻ ഇരുന്നോ... എന്ത് വീഡിയോയാ കാണാണെ.. "
മെല്ലെ ഐസ് ക്യൂബ്
എടുത്തു കഴുത്തിലൂടെ ഉരച്ചു.. ഏട്ടൻ ഒന്ന് വിറച്ചു..പിന്നെ പുറത്തൂടേം നെഞ്ചിലൂടേം എല്ലാം ഉരച്ചു..
"എടി ഭദ്രകാളി.. നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി കാന്താരി.. "
എന്റെ പുറകെ വീട് മുഴുവൻ ഓടി ഒടുവിൽ പിടിച്ചു നിർത്തി കുടിച്ചോണ്ടിരുന്ന ബിയർ എടുത്തു എന്റെ തലയിലൂടെ ഒറ്റ ഒഴി..
"പ്പൊ നല്ല രസിണ്ട് കാണാൻ.. "
ഞാൻ ബിയറിൽ
കുളിച്ചു നിന്നു..
" ഞാൻ ഇനി പിന്നേം കുളിക്കണ്ടേ ശേ.."
" എനിക്കറിയാടി മടിച്ചി പാറു പിന്നേം കുളിക്കണ്ടതാ നിന്ടെ വിഷമന്ന്.. "
"ആ ബിയർ മുടിക്ക് നല്ലതാ.. അല്ലെങ്കി ഇപ്പൊ കാണായിരുന്നു.."
"ബാ ഞാൻ കുളിപ്പിച്ചെരാലോ.."
"വേണ്ടേ.. എന്റെ മോൻ ഇവിടൊക്കെ തുടച്ചു വൃത്തിയാക്ക്‌.. ഞാൻ അപ്പോഴേക്കും കുളിച്ചു വരാം.. "
"ശേ.. വെണ്ടാർന്നു പുല്ല്.. ഇതിപ്പോ പിന്നേം പണി എനിക്കായല്ലോ.. "
"ആ കിട്ടണം.. ഞാൻ ചെയ്യില്ല.. ഏട്ടൻ തന്നെ ചെയ്യണം.."
അങ്ങനെ അടിയും പിടിയും അണുബോംബ് സ്ഫോടനവും കഴിഞ്ഞു ഞങ്ങൾ കഴിക്കാനിരുന്നു..
ആ... ഏട്ടൻ എന്റെ വായിക്കു നേരെ നീട്ടി..
"ഉം അപ്പൊ എന്നോട് സ്നേഹം ഉണ്ടല്ലേ.. "
"പിന്നേ..നീ ഉണ്ടാക്കിയ കറി അല്ലേ... ആദ്യം നീ തന്നെ തിന്നോട്ടെന്നു വെച്ചു..
പരീക്ഷിക്കാൻ വയ്യേ..
ഇനിയിപ്പോ നിന്ടെ മുഖത്തെ ഭാവങ്ങൾ കണ്ടിട്ട് വേണം എനിക്ക് കഴിക്കാൻ.. "
"ആരെ വാ.. കിടു ആയിട്ടുണ്ട് ഏട്ടാ.. കഴിക്കൂ.."
"ഉം ശെരി.. "
ഭക്ഷണം കഴിച്ചു പാത്രവും കഴുകി ഉറങ്ങാൻ കിടക്കുകയായിരുന്നു ഞങ്ങൾ..
"ഏട്ടാ .."
"ഉം ..."
"തക്കുടു ഏട്ടനല്ലേ.. ഞാൻ ഒരു കാര്യം പറയട്ടേ.. "
"എന്താടി കിടന്നുറങ്ങു.. "
"ഏട്ടാ.. "
"എന്താ ??"
"ഏട്ടാ ..."
"എന്താന്ന് ??"
"നിക്ക് ലൈറ്റ് ഇട്ട ദുബായ് കാണണം.. "
"കർത്താവേ കിടന്നുറങ്ങ് പാറു.. നാളെ നമ്മുക്ക് ഓഫീസിൽ പോണ്ടേ.. "
"ഏട്ടനെന്നോട് ഒരു സ്നേഹോം ഇല്ല.. പാവം ഞാൻ.."
"കള്ള കരച്ചിൽ ഒന്നും വേണ്ട വാ എണീക്ക്.."
"ങേ.. ശരിക്കും?? "
"ആ എണീക്കടി.. "
ഒരു നൈറ്റ് ഡ്രൈവും കഴിഞ്ഞു വീട്ടിൽ എത്തി നേരെ കിടന്നു..
"ഇനിയെങ്കിലും ഉറങ്ങു പാറു.. "
"ആ ഏട്ടൻ കിടന്നോ.. എനിക്ക് ചെറിയൊരു പണി കൂടി ഉണ്ട്.. "
"ങേ എന്റെ മൊബൈലിൽ നിനക്കെന്താടി ചെറിയ പണി.."
ഏട്ടൻ ഫോൺ എടുത്തു നോക്കുമ്പോൾ ഞങ്ങൾ ഒരുമിച്ചു ഐസ്ക്രീം കഴിക്കുന്ന ഫോട്ടോയും അടിക്കുറുപ്പും
Crazy night drive with lovely wife!!
#foreverlove #midnightmadness #icecreamlove #crazycouple #couplegoals
ശുഭം!
ഹരിത സുബിൻ 😉

അച്ഛനെ ആണെനിക്കിഷ്ട്ടം


അച്ഛനെ ആണെനിക്കിഷ്ട്ടം
******************************
വീട് മുഴുവൻ ബഹളമാണ്... പെയിന്റ് പണിക്കാരും, ഇടയ്ക്കിടെ വന്നു പോകുന്ന നാട്ടുകാരും, പന്തല് പണിയാൻ അളവെടുക്കാൻ വന്നവരുമായി..ഒരാഴ്ച കൂടി കഴിഞ്ഞാൽ ഞാൻ ഈ പടി ഇറങ്ങണം.. എന്റെ കല്യാണമാണ്..
ഈ തിരക്കുകൾക്കിടയിൽ ഓടി നടന്നു ചായ കൊടുക്കുകയാണെന്റെയമ്മ.. ആൾക്കാരുടെ ഇടയിൽ നിന്നും ഇടയ്ക്കിടെ കണ്ണ് കൊണ്ട് എന്നെ തിരയുന്നുണ്ട് അച്ഛൻ..
അച്ഛനും അമ്മയും ഞാനും മാത്രം അടങ്ങുന്ന ഒരു കുഞ്ഞു സ്വർഗമാണ് എന്റേത്.. അച്ഛനെന്ന തണൽവൃക്ഷം എന്റെ എല്ലാ ശാഠ്യങ്ങൾക്കും കൂട്ട് നിൽക്കുന്ന കളികൂട്ടുകാരനായിരുന്നു.. അമ്മ എന്റെ മനസാക്ഷി സൂക്ഷിപ്പുകാരിയും.. ഇല്ലായ്മയും കഷ്ടപ്പാടും ഒന്നും അറിയിക്കാതെ എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തന്നു.. ഒരു കാര്യത്തിനും വാശി പിടിച്ചു കരഞ്ഞതായി ഞാൻ ഓർക്കുന്നതേ ഇല്ല..
കുഞ്ഞായിരുന്നപ്പോൾ രാവിലെ എന്നെ അച്ഛന്റെ ബൈക്കിനു മുന്നിൽ ഇരുത്തി നാട് മുഴുവനും കൊണ്ട് നടക്കുമെന്നും , 'അമ്മ ഒന്ന് എടുക്കാൻ നോക്കിയാൽ കുഞ്ഞിനെ കിട്ടില്ലെന്നും 'അമ്മ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്..
ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ സൈക്കിൾ വേണമെന്ന് അച്ഛനോട് പറഞ്ഞു.. തൊട്ട് അടുത്ത ദിവസമെന്റെ മുന്നിൽ സൈക്കിൾ എത്തിച്ചതാണെന്റെയച്ഛൻ.. അതേ സൈക്കിളിൽ നിന്ന് വീണു മുട്ട് പൊട്ടി ചോര വന്നപ്പോൾ എന്റെയൊപ്പം , അല്ലെങ്കിൽ എന്നെക്കാളേറെ കരഞ്ഞത് എന്റെ അമ്മയായിരുന്നു..
ആദ്യമായി പ്രണയത്തിന്റെ വിത്തുകൾ മനസിൽ കിളിർത്തപ്പോൾ അതറിഞ്ഞത് അമ്മയായിരുന്നു.. ആ പ്രണയതകർച്ചയിൽ കണ്ണീരിൽ കുതിർന്നു നിന്ന എന്നെ ചേർത്ത് പിടിച്ചു പോട്ടെടാ കുട്ടൂസാ.. എന്റെ മുത്തിനെ കിട്ടാനുള്ള ഭാഗ്യം അവനില്ലാഞ്ഞിട്ടല്ലേ എന്ന് പറഞ്ഞെന്നെ സാന്ത്വനിപ്പിച്ചത് അച്ഛനായിരുന്നു..
വീട്ടിൽ നിന്ന് ആദ്യമായി മാറി ഹോസ്റ്റലിൽ പഠിക്കാൻ കൊണ്ടാക്കിയപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു.. അത് കണ്ടു അമ്മയുടേയും കണ്ണ് നിറഞ്ഞു.. പക്ഷെ അച്ഛൻ അന്ന് കുലുങ്ങിയില്ല.. പിറ്റേ ദിവസം രാവിലെ തന്നെ മോളെ കാണണം എന്ന് പറഞ്ഞു ഹോസ്റ്റലിന്റെ വാതുക്കൽ അച്ഛൻ ഉണ്ടായിരുന്നു.. പിന്നീടങ്ങോട്ട് വാരാന്ത്യത്തിൽ ഞാൻ എത്തുന്നതും കാത്തിരുന്നു രണ്ടു പേരും .. വെള്ളിയാഴ്ച രാത്രി ഞാൻ വീട്ടിലെത്തുമ്പോഴേക്കും എനിക്കിഷ്ടമുള്ളതെല്ലാം തീന്മേശയിൽ വേണമെന്ന് അച്ഛന് നിർബന്ധമായിരുന്നു..
ചെറുപ്പം മുതലേ എല്ലാ സ്വതന്ത്രവും, ധൈര്യവും തന്ന് എന്നെ കാര്യപ്രാപ്തിയോടെ വളർത്തിയതും, എപ്പോഴും ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കണം എന്നെന്നെ പഠിപ്പിച്ചതും അച്ഛനായിരുന്നു..
ഒരുപാട് വഴക്കിടുമെങ്കിലും എന്തിനും ഏതിനും അച്ഛന് എന്നെ വേണമായിരുന്നു.. എനിക്ക് അച്ഛനേയും..
ഇന്നിപ്പോൾ കല്യാണ തിരക്കുകളുടെ ഇടയിൽ അച്ഛന് എപ്പോഴും എന്നെ കണ്ണിനു മുന്നിൽ തന്നെ വേണം.. ഹരി.. ഹരി.. എന്ന് വിളിച്ചെന്നെ എപ്പോഴും അടുത്തിരുത്തുന്നു.. 'അമ്മ പറഞ്ഞാണ് ഞാൻ അറിയുന്നത് അച്ഛന്റെ മനസ്.. "മോള് പോവാനായല്ലേ ലതേ.. ഇനി കൊറച്ചീസം കൂടിയല്ലേ അവൾ നമ്മളുടെ കൂടെ ഉണ്ടാവു "എന്ന് അമ്മയോട് മാത്രമേ പറയു.. ഒന്നും പുറത്തു കാണിക്കാതെ.. ഞാൻ ഈ പടിയിറങ്ങുമ്പോൾ എന്റെ അച്ഛന്റെ മനസ് വിങ്ങും.. എന്റെ കുട്ടിക്ക് നല്ലതു വരുത്തണെ എന്നല്ലേ ആ മനസ് മന്ത്രിക്കു...
ഒരുപാട് നന്ദിയുണ്ട് ദൈവത്തിനോട് എനിക്കിങ്ങനെ ഒരു അച്ഛനെ തന്നതിൽ.. മാപ്പ്.. അറിയാതെ പലപ്പോഴും വേദനിപ്പിച്ചു പോയതിൽ...

By
Haritha Unni

മാർക്കോയുടെ അന്നകുട്ടി


"ഇച്ചായാ...ഇച്ചായോ..
എണീക്ക്‌... ഓഫിസിൽ പോണം.."
"അതിന് ഞാൻ എന്തോ വേണമെടി പോത്തേ??"..
"ഓ അതിനിയിപ്പോ എല്ലാ ദിവസവും ഞാൻ പറഞ്ഞ് തരണായിരിക്കും...ഒന്നെണീറ്റേ.. നിക്ക് സിന്ദൂരം തൊട്ട് താ മനുഷ്യാ.. "
"ങാ ഇങ്ങ്‌ വാ"..
മാർക്കോ കണ്ണ് തിരുമ്മി കൊണ്ട് കട്ടിലിൽ എണീറ്റിരുന്നു..
" അയ്യടാ മോനേ.. പോയി ആദ്യം കുളിച്ചേച്ചും വാ.. എന്നിട്ട് മതി ഈ ചടങ്ങ്‌"..
"ഹും, ആ തലേൽ കെട്ടിയേക്കണ തോർത്തിങ്ങു താ.. ഞാൻ പോവാം"..
" നിങ്ങക്കെന്താ മനുഷ്യാ ഈ നനഞ്ഞ തോർത്ത് വെച്ച് തുടച്ചില്ലെങ്കിൽ കുളിക്കാൻ പറ്റൂലേ..ഈ ഉണങ്ങിയ തോർത്തെടുത്തോ"..
"അത് പറ്റൂലെടി അന്നക്കുട്ടി.. നിന്റെ ഈ ഈറൻ മുടിയിൽ ചുറ്റിയ തോർത്ത് തന്നെ വേണമെനിക്ക് കുളിച്ചിറങ്ങാൻ"..
അതും കേട്ടാണ് അമ്മച്ചി കാപ്പിയുമായി മുറിയിലേക്ക് കയറിയത്..
"പിള്ളേരേ നിങ്ങക്കെന്താ എല്ലാ ദിവസോം രാവിലെ ഈ സിനിമയിലെ പോലെ ഡയലോഗ് അടിച്ചില്ലേൽ പണിക്ക് പോകാൻ പറ്റത്തില്ലയോ??"
" ഇല്ലമ്മച്ചി.. രാവിലെ ഇത് റിപ്പീറ്റ് അടിച്ചില്ലേൽ ന്റെ അനുകുട്ടിയുടെ മുഖമൊക്കെ കടന്നലു കുത്തിയത് പോലെ വീർക്കും.. പിന്നെ ഇന്നത്തെ കാര്യം കട്ട പുക...കൃഷ്ണാ കാത്തോണേന് പറഞ്ഞ് കർത്താവിന്റെ മുന്നിൽ കുരിശ് വരക്കണ ടീം ആണ്"..
"ദേ ഇച്ചായാ.. ചെല്ല് എന്റെ മോൻ പോയി കുളിക്ക്..."
കുളിച്ച് വന്ന് അനുവിന്റെ സീമന്തരേഖയിൽ സിന്ദൂരം ചാർത്തുമ്പോ മാർക്കോ അവളുടെ കാതിൽ ചുണ്ടുരുമ്മി ചോദിച്ചു.. "ഇതെന്തിനാടി അന്ന കൊച്ചേ എന്നെ കൊണ്ട് ദിവസോം തൊടീക്കണെ?? നിനക്ക് തന്നെയങ്ങു തൊടാൻ മേലായോ??"
" ദതേ.. ഞാൻ ഭഗവതിക്ക് നേർന്നതാ.. ജീവനുള്ളിടത്തോളം എല്ലാ ദിവസോം ഇച്ചായന്റെ കൈ കൊണ്ട് സിന്ദൂരം തൊടീച്ചോളാമെന്ന്.."
" ഹാ ബെസ്റ്റ്.. നസ്രാണിയായ നിന്റെ കെട്ടിയോനെ കൊണ്ട് സിന്ദൂരം തൊടീക്കാന്ന് നീ ഭഗവതിയോട് എഗ്രിമെന്റ് വെച്ചല്ലേ.. എന്നിട്ടെന്തേ?? പുള്ളിക്കാരി സമ്മതിച്ചോ?? "
" നിങ്ങടെ അന്തോണീസ് പുണ്യാളൻ സമ്മതിച്ചിട്ടാണോ ഈ നായരുകുട്ടിയെ കെട്ടിയേ??"
" പിന്നേ.. പുള്ളി കട്ട സപ്പോർട്ടല്ലേ.."
" ആണല്ലേ.. അണിഞ്ഞൊരുങ്ങി മോൻ താഴേക്ക് പോന്നോട്ടാ..ബ്രേക്ക്ഫാസ്റ്റ് എടുത്തു വെക്കാം ഞാൻ.."
അവധിക്ക് തറവാട്ടിൽ നിൽക്കാൻ വന്നപ്പോൾ മൊട്ടിട്ട പ്രേമമാണ് മാർക്കോയുടേയും അനുവിന്റെയും.. അനുവിന്റെ അച്ചാച്ചൻ, പേര് കേട്ട വക്കീൽ സദാശിവൻ നായർ നാട്ടിലെ പ്രമാണി കൂടിയായിരുന്നു.. സരസ്വതിയമ്മ തറവാടും മക്കളുമായി ഒതുങ്ങി കൂടിയ ഒരു പാവം സ്ത്രീ ആയിരുന്നു..
തൊട്ടപ്പുറത്തെ വീട്ടിലെ നസ്രാണി ചെക്കനുമായി കൊച്ചുമകൾ പ്രണയത്തിലാണെന്നറിഞ്ഞപ്പോൾ ഗൾഫിലുള്ള അനുവിന്റെ അച്ഛനെ പോലും അറിയിക്കാതെ അവളെ വീട്ടിൽ നിന്ന് പുറത്താക്കി പിണ്ഡം വെച്ചു.. അന്ന് മാർക്കോയുടെ കൈ പിടിച്ചിറങ്ങിയതാണവൾ..
മൂന്ന് കൊല്ലം ആരെയും അറിയിക്കാതെ മനസ്സിൽ കൊണ്ട് നടന്ന സ്നേഹം, തമ്മിൽ കാണുവാനുള്ള അവധികൾക്ക് വിരാമമിട്ട് 'ഇനി നീയെന്റെ അന്നകുട്ടി' എന്നും പറഞ്ഞ് മാർക്കോ അവളേയും കൂട്ടി ഒരു മതിലിനപ്പുറമുള്ള അവന്റെ വീട്ടിലേക്ക് നടന്നു.. അച്ഛനെ ധിക്കരിക്കാനുള്ള ധൈര്യം ഇല്ലാത്തത് കൊണ്ട് ഭാര്യ നഷ്ടപെട്ട അനുവിന്റെ അച്ഛൻ പിന്നെ നാട്ടിൽ വരാതെയായി.. പക്ഷെ മാർക്കോയുടെ പപ്പ ജോണിച്ചനും ഭാര്യയും ഇരു കൈയും നീട്ടിയവരെ സ്വീകരിച്ചു..
പഴയ കാര്യങ്ങളൊക്കെ ഓർത്ത് അനു അടുക്കളയിലേക്ക് നടന്നു...
അവിടെ അമ്മച്ചിയും റോസിച്ചേച്ചിയും സൊറ പറഞ്ഞു കൊണ്ട് പ്രാതൽ എടുത്തു വെക്കുകയായിരുന്നു..
"ഞാനെന്തേലും ചെയ്യാണോ അമ്മച്ചിയേ.. "
"ദേ ഇതങ്ങു കൊണ്ട് വെക്കടി മോളേ.. ന്നിട്ട് പപ്പയെ കൂടിയിങ്ങു വിളിച്ചോ.." ചൂട് പറക്കുന്ന വെള്ളപ്പവും സ്റ്റുവും അനുവിന്റെ കൈയിൽ കൊടുത്തിട്ടമ്മച്ചി പറഞ്ഞു..
ജോണിച്ചൻ മുറ്റത്ത് ചെടി നനച്ചു കൊണ്ടിരിക്കുകയായിരുന്നു.. പപ്പാ ബ്രേക്ക്ഫാസ്റ്റ് എടുത്ത് വെച്ചിട്ടുണ്ട്.. കഴിക്കാൻ വരൂ എന്ന് പറഞ്ഞ് അനു ചെന്ന് വിളിച്ചപ്പോൾ ശെരി മോളെ എന്നും പറഞ്ഞയാൾ കൈ തുടച്ച് അകത്തേക്ക് നടന്നു..അപ്പോഴേക്കും മാർക്കോയും അവർക്കൊപ്പം കൂടി..
"എന്ത് പേരാ പപ്പാ ഇച്ചായനിട്ടേക്കണേ??..." അനു രാവിലെ തന്നെ മാർക്കോയെ കളിയാക്കാൻ തുടങ്ങി..
"എന്നതാടി മോളേ?? "
"അത് പപ്പാ.. ഞാനേ വഴീലൂടെ നടന്നു പോകുമ്പോ പപ്പയുടെ മോൻ എന്നെ തടഞ്ഞു നിർത്തി മാർക്കോ എന്ന് പറഞ്ഞു.. ഞാൻ കരുതി +2വിലെ മാർക്ക് ചോദിക്കുവാണെന്ന്.. 88 ശതമാനം എന്ന് പറഞ്ഞപ്പൊ സൈക്കിളിൽ നിന്ന് വീണ ചിരി ചിരിച്ച് പപ്പയുടെ മോൻ പറയുവാ അതെന്റെ പേരാണെന്ന്.."
ഹഹഹ..
അവരുടെ കളിചിരികളും തമാശകളും കൊണ്ട് ആ വീട് ഒരു കൊച്ചു സ്വർഗം തന്നെയായിരുന്നു..
അനുവും മാർക്കോയും കൂടി ഓഫീസിലേക്കിറങ്ങുമ്പോൾ പപ്പയും അമ്മച്ചിയും കൂടി കൈ വീശി കാണിച്ചു.. എന്നിട്ട് ജോണിച്ചൻ ഭാര്യയോട് പറഞ്ഞു.. "നോക്കെടി നമ്മുടെ പിള്ളേരുടെ ചിരിയും കളിയും സ്നേഹവും ഒക്കെ തന്നെയാണ് നമ്മടെ കുടുംബത്തിന്റെ ഐശ്വര്യവും നമ്മടെ ഊർജവും.. "
അമ്മച്ചി കുരിശു വരച്ചു..
തറവാട് കടന്നു പോകുമ്പോൾ മാർക്കൊ അനുവിന്റെ കൈ മുറുക്കെ പിടിച്ചു.. സരസ്വതിയമ്മ മുറ്റമടിക്കുകയായിരുന്നു.. അവരെ കണ്ടതും ചൂലും കൊണ്ട് അകത്തേക്ക് നടന്നു.. സദാശിവൻ നായർ മുറ്റത്തേക്കൊന്ന് കാർക്കിച്ചു തുപ്പി..
ടോമി മാത്രം ഗേറ്റിന്റെ അടുത്തേക്ക് കുരച്ചു കൊണ്ട് ഓടി വന്ന് വാലാട്ടി നിന്നു.. അനു അവനെന്നും കൊടുക്കാറുള്ള ബിസ്കറ്റ് ബാഗിൽ നിന്നെടുത്ത് എറിഞ്ഞു കൊടുത്തു..
എന്നിട്ട് രണ്ടു പേരും കൂടി കാറിൽ കയറി..
"ഇച്ചായാ നിങ്ങളെന്തിനാ കാറെപ്പോഴും ഇവിടെ കൊണ്ട് വന്ന് പാർക്ക് ചെയ്യണേ?? നമ്മുടെ മുറ്റത്തിട്ടാൽ പോരേ ?? "
"അപ്പൊ പിന്നെ നിനക്ക് രാവിലെ ടോമിയെ കാണണ്ടേ?? "
അവളൊന്ന് ചിരിച്ചു..
ആ ചിരിയിൽ അവളുടെ കണ്ണിലെ നീർമണികൾ തിളങ്ങി..
" അനൂ.. എന്തിനാ ഇങ്ങനെ എല്ലാ ദിവസവും കണ്ണ് നനക്കണേ?? "മാർക്കൊ അവളുടെ കണ്ണ് തുടച്ചു കൊണ്ട് ചോദിച്ചു..
"ഇത് മാത്രമെനിക്ക് ഇഷ്ടല്ലാട്ടോ.. നീ ഡിഗ്രിക്ക് പൊട്ടിയെങ്കിലും നിനക്ക് നല്ല മാർക്ക് .. ഛെ നല്ലൊരു മാർക്കോയെ കിട്ടിയില്ലേ.. പിന്നെ ബോണസായിട്ട് പപ്പയും അമ്മച്ചിയും.. അത് പോരെ എന്റെ അന്നക്കുട്ടിക്ക്?? "മാർക്കോയവളുടെ കവിൾ തടവിക്കൊണ്ട് പറഞ്ഞു..
"ഞാൻ കണ്ണ് നിറച്ചില്ലേൽ രാവിലെ ഇച്ചായന്റെ പതപ്പിക്കൽ കേൾക്കാൻ പറ്റത്തില്ലല്ലോ.."അവന്റെ ചൂണ്ടു വിരൽ കടിച്ചവൾ പറഞ്ഞു.. മോൻ വണ്ടിയെടുക്ക് ലേറ്റായി..
അനുവിനെ ഓഫീസിൽ ഇറക്കി മാർക്കോ അവന്റെ ജോലി സ്ഥലത്തേക്ക് പോയി.. പന്ത്രണ്ടരക്ക് ഫോൺ നിർത്താതെ അടിയുന്നത് കേട്ടാണ് മാർക്കോ നോക്കിയത്.. അനുവാണ്..
"എന്താടി അന്നമ്മേ?? നിനക്ക് പണിയൊന്നുമില്ലായോ?? "
"ഇച്ചായാ ഒന്നിവിടം വരെ വന്നേ.. എനിക്കെന്തോ വല്ലാത്ത ക്ഷീണം.. തലയൊക്കെ ചുറ്റുന്ന പോലെ.. "
മാർക്കോ അനുവിനേയും കൊണ്ട് സിറ്റി ഹോസ്പിറ്റലിൽ ചെന്നു.. ചെക്കപ്പിന് ശേഷം കുടുംബ സുഹൃത്ത് കൂടിയായ ഡോ.വീണ പറഞ്ഞു ഒരു കുട്ടി മാർക്കോ വരാൻ പോകുന്നെന്ന്..
രാവിലെ റോസി ചേച്ചി ചോദിച്ചാരുന്നു അനുമോളുടെ മുഖത്തൊരു വിളർച്ചയുണ്ടല്ലോന്ന്.. ഇപ്പോഴല്ലേ കാര്യം മനസിലായത്.. ഹാഫ് ഡേ ലീവെടുത്ത് രണ്ടു പേരും നേരെ വീട്ടിലേക്കു വാ.. ഇന്നിനി ഓഫീസിൽ പോകാൻ നിക്കണ്ട.. അമ്മച്ചി സന്തോഷം കൊണ്ട് തുള്ളി ചാടി..
അനുവിനെ പുറത്തേക്ക് കാണാതായപ്പോൾ സരസ്വതിയമ്മ പതിയെ സദാശിവനറിയാതെ റോസി ചേച്ചിയോടന്നേഷിച്ചു.. താനൊരു മുത്തശ്ശിയാവാൻ പോകുന്നെന്നറിഞ്ഞപ്പോൾ ആ അമ്മ മനം നിറഞ്ഞു.. ആ വാർത്ത സദാശിവൻ നായരിലേക്കെത്തിയപ്പോൾ രണ്ടു വീടിനുമിടയിലുള്ള മതിൽ അലിഞ്ഞു തുടങ്ങി.. ടോമി ഇടക്കിടെ മതിലു ചാടി അനുവിന്റെ അടുത്തെത്തി..
ദിവസങ്ങൾ മാസങ്ങളായി.. ഒഴിവ് കിട്ടുന്ന സമയത്തെല്ലാം അനു ജനലിനരികിൽ പോയി തറവാട് നോക്കി നിൽക്കും.. ഒരു ദിവസം മാർക്കോ വന്നവളെ പുറകിൽ നിന്ന് കെട്ടിപിടിച്ചു ചോദിച്ചു.. "അന്നകുട്ടി.. പണ്ട് നിനക്ക് ഞാൻ കത്തെഴുതി അയക്കാറുണ്ടായിരുന്ന പോലൊരു വിമാനം ഞാനങ്ങോട്ടയക്കട്ടേന്ന്.. "
വേണ്ടിച്ചായാ എന്ന് പറഞ്ഞ് അവളവന്റെ നെഞ്ചിലേക്ക് ചാഞ്ഞു..
അങ്ങനെ ഒരു ക്രിസ്മസ് രാത്രിയിൽ നേഴ്സ് മാലാഖയുടെ കൈയിൽ നിന്ന് കുഞ്ഞു മാർക്കോയെ ഏറ്റു വാങ്ങാൻ വിറയാർന്ന കൈകളോടെ സദാശിവൻ നായരുണ്ടായിരുന്നു...
സ്നേഹപൂർവ്വം
ഹരിത ഉണ്ണി

വെള്ളാരംകല്ലുകൾ


ഡാ ചെക്കാ.. മണ്ണിൽ കളിക്കാണ്ട് കേറി വരുന്നുണ്ടോ നീയ്?? ചേച്ചിയാണ്.. കുഞ്ഞുണ്ണിയെ അകത്തേക്ക് കയറ്റാനുള്ള വിളിയാണ്..
പാവം കുഞ്ഞുണ്ണി.. ഒന്നും മിണ്ടാണ്ട് കയറി വരുന്നുണ്ട്.. ചേച്ചി അകത്ത് ഓപ്പയോട് കത്തി കയറുകയാണ്.. " ന്റെ ഓപ്പേ.. പറഞ്ഞാൽ ഒരക്ഷരം ചെക്കൻ കേൾക്കില്ല.. എപ്പോഴും അവന്റെ ലോകത്താ..ഒന്നും പഠിക്കുമില്ല .. ഞാനും ഏട്ടനും ജോലി കഴിഞ്ഞ് എത്തുന്നതിനു മുൻപേ അവനെത്തും.. അടുക്കള പണിയൊക്കെ ഒന്നൊതുക്കി ഞാൻ വരുമ്പോഴേക്കും അവൻ ഉറക്കായിട്ടുണ്ടാകും.. ആ സമയത്തിരുന്നു ഹോം വർക്ക് ചെയ്യാൻ പറഞ്ഞാൽ എന്തൊക്കെയോ കാട്ടി കൂട്ടി വെക്കും.. ഞാൻ പഠിക്കാനിരുത്തി കഴിഞ്ഞാലോ.. ഒരക്ഷരം അറിയിന്നുണ്ടാവില്ല.. പിന്നെ ആ ഉണ്ടക്കണ്ണും നിറച്ച് പോയി കിടക്കും..ഇവന്റെ ഭാവി ആലോചിക്കുമ്പോ തന്നെ എനിക്ക് വേവലാതിയാ.. എന്താകുമോ എന്തോ.."
"നീ ഒന്നടങ്ങ് ഹേമേ".. ഓപ്പയാണ്.. "അവൻ കുഞ്ഞല്ലേ.. ഒന്നാം ക്ലാസ്സിലല്ലേ ആയുള്ളു.. അവനെ നീയിങ്ങനെ പീഡിപ്പിക്കല്ലേ..അവൻ പഠിച്ചോളും.."
ഞാൻ കുഞ്ഞുണ്ണിയെ നോക്കിയിരുന്നു..അവൻ ഒന്നും മിണ്ടാണ്ട് കൈ ഒക്കെ പുറകിൽ കെട്ടിയാണ് കയറി വന്നത്.. അവനെന്തോ പുറകിൽ ഒളിപ്പിക്കുന്നതായി എനിക്ക് തോന്നി.. ഞാൻ അവനെ അടുത്തേക്ക് വിളിച്ചു..
" കുഞ്ഞു.. മേമേടെ മോൻ ഇങ്ങു വന്നേ.. എന്താടാ കള്ളാ നിന്റെ കയ്യില്??"
അവൻ മെല്ലെ എന്നെ മയക്കുന്ന ആ കുസൃതി ചിരി ചിരിച്ചു.. എന്നിട്ട് തലയാട്ടി..
" ഒന്നൂല്ല മേമേ.."
" സ്വകാര്യം പറഞ്ഞാ മതിയെടാ.. മേമേടേം മോന്റേം സീക്രെറ്റാ.."
അവൻ മെല്ലെ കുഞ്ഞി കൈ തുറന്ന് ഒളിപ്പിച്ച അവന്റെ സ്വത്തുക്കൾ കാണിച്ചു തന്നു.. നല്ല ഭംഗിയുള്ള വെള്ളാരം കല്ലുകൾ.. അപ്പുറത്തെ വീട് പണിക്ക് കൂട്ടിയിട്ട മണലിൽ നിന്ന് അവൻ പെറുക്കിയെടുത്തതാണ്..
"നല്ല രസിണ്ടല്ലോ കുഞ്ഞു".. ചേച്ചിയേന്ന്‌ ഞാൻ വിളിക്കുമ്പോഴേക്കും അവൻ എന്റെ വായ പൊത്തി.. "അമ്മയോട് പറയല്ലേ മേമേ.. ബാഗ് മൊത്തം ഡേർട്ടി ആക്കിയെന്ന്‌ പറഞ്ഞ് അമ്മയൊക്കെ എടുത്തു കളയും".. അവൻ നിസ്സഹായതയോടെ പറഞ്ഞു...
അത്താഴം കഴിഞ്ഞ് അവൻ കിടന്നപ്പോൾ ഞാൻ ചേച്ചിയോട് ചോദിച്ചു "നീയെന്തിനാ ചേച്ചി കുഞ്ഞു പെറുക്കി കൊണ്ട് വരുന്ന വെള്ളാരം കല്ലൊക്കെ എടുത്തു കളയണെ??"..
" നിനക്കറിയില്ലെടി മോളേ..കഴിഞ്ഞ പ്രാവിശ്യം വന്നു പോകുമ്പോ ബാഗിന് വെയിറ്റു തോന്നിയിട്ട് ഞാൻ തുറന്നു നോക്കിയപ്പോഴാ ഒരു സഞ്ചി നിറയെ കല്ലും മണ്ണും"...
" വെറും കല്ലല്ല ചേച്ചീയത്.. നല്ല ഭംഗിയുള്ള വെള്ളാരം കല്ലുകളാണ്"..
" ആ ഞാൻ അത് സഞ്ചിയോടെ തൂക്കി തട്ടിന്റെ പുറത്തിട്ടിട്ടുണ്ട്.. എടുത്തു കളയാൻ എനിക്കും മനസു വന്നില്ല.. പക്ഷെ അവൻ കണ്ടാൽ എങ്ങനെയെങ്കിലും അത് ബാഗിൽ കുത്തി കേറ്റും എന്റെ കണ്ണ് വെട്ടിച്ച്‌.."
ഞാൻ ഉറങ്ങി കിടക്കുന്ന കുഞ്ഞുവിനെ നോക്കി.. നീ വന്നേ.. അത് നമുക്കൊന്ന് എടുത്തു നോക്കാമെന്നും പറഞ്ഞ് ഞങ്ങൾ തട്ട് അരിച്ചു പെറുക്കി.. ഒരു മൂലയ്ക്ക് കിടക്കുന്നുണ്ടായിരുന്നു കുഞ്ഞുണ്ണിയുടെ നിധി സഞ്ചി..
തുറന്നു നോക്കിയപ്പോൾ ഞാൻ ശെരിക്കും അത്ഭുദപ്പെട്ടു.. നിറയെ തിളങ്ങുന്ന വെള്ളാരം കല്ലുകൾ.. ബാംഗ്ളൂർ നഗരം മാത്രം കണ്ടു വളരുന്ന കുഞ്ഞിന് നമ്മുടെ നാട്ടിലെ വെള്ളാരം കല്ലുകളൊക്കെ കൗതുകമായിരിക്കും.. പാവം...
പിറ്റേന്ന് ഞാൻ കുഞ്ഞുണ്ണിയേയും കൂട്ടി നടക്കാൻ ഇറങ്ങി.. അവന്റെ കുഞ്ഞു മനസിലെ വലിയ കാര്യങ്ങൾ അറിയാൻ തന്നെ ഞാൻ തീരുമാനിച്ചു..
" കുഞ്ഞുവേ.. നിനക്ക് എന്താ മോനേ വേണ്ടേ??"..." ഞാൻ പറഞ്ഞാൽ മേമ തരുവോ??" അവന്റെ മുഖം വിടർന്നു.. വല്ല മിട്ടായിയോ ഐസ്ക്രീമോ ആയിരിക്കും അവൻ ചോദിക്കുക എന്ന് എനിക്കുറപ്പായിരുന്നു.. കൂടി വന്നാൽ ഒരു കളിപ്പാട്ടം.. " നീ പറയെടാ കുട്ടാ.. മേമ വാങ്ങി തരാലോ..."
അവൻ മടിച്ചു മടിച്ചു പറഞ്ഞു.. മേമേടെ മുറിയിൽ കളർ പെൻസിലിന്റെ ബോക്സ് ഇല്ലേ.. അത് പോലൊരെണ്ണം കുഞ്ഞുവിനും വേണം..
ഞാൻ അവനെ പൊക്കിയെടുത്തു പറഞ്ഞു " ഇതാണോടാ കുറുമ്പാ വല്യ ആന കാര്യം?? അച്ഛനോട് പറഞ്ഞാ കുഞ്ഞൂന് അതിലും വലിയ ബോക്സ് വാങ്ങി തരുമല്ലോ.." അവൻ മുഖം താഴ്ത്തി പറഞ്ഞ മറുപടി എന്നെ വല്ലാതെ വേദനിപ്പിച്ചു...
" അച്ഛനുമമ്മയും കുഞ്ഞൂന് എന്താ വേണ്ടെന്ന്‌ ചോയിക്കാറില്ല.. ഒക്കെ അവര് വാങ്ങി തരാ ചെയ്യാ.. "
ഞാൻ അവന്റെ മുഖമുയർത്തി പറഞ്ഞു.. " അത് കുഞ്ഞു പറയാഞ്ഞിട്ടല്ലേ.. പറഞ്ഞിരുന്നേൽ അച്ഛ വാങ്ങി തരൂലായിരുന്നോ??.."
അവൻ മെല്ലെ താഴെയിറങ്ങി.. എന്നിട്ട് പറഞ്ഞു.. " ഞാൻ അച്ഛേടെ കൂടെ ചോറ് കഴിക്കാൻ കാത്തിരിക്കും.. പച്ചെ കുഞ്ഞു ഉറങ്ങി കഴിഞ്ഞിട്ടാ അച്ഛ വര്വാ.. രാവിലെ കുഞ്ഞൂന് ഷൂ ലേസ് കെട്ടി തരാൻ അച്ഛേടെ പുറകിൽ ഓടുമ്പോഴേക്കും അച്ഛ ലിഫ്റ്റിൽ കയറി പോകും.. "
പാവം കുഞ്ഞു... ചേട്ടൻ ഈയിടെയായി പുതിയ പ്രൊജക്റ്റ് കാരണം മുഴുവൻ തിരക്കിൽ ആണെന്ന് ചേച്ചി പറഞ്ഞത് ഞാൻ ഓർത്തു.. അത് കുട്ടിയെ എത്ര ആഴത്തിൽ ബാധിച്ചിരിക്കുന്നു..
" സാരിലാട്ടോ കുഞ്ഞുണ്ണിയേ.. മേമ അച്ഛനോട് പറയാട്ടോ കുഞ്ഞൂന് ലേസ് കെട്ടി കൊടുത്തിട്ട് ഇനി ഓഫീസിൽ പോയാൽ മതീന്ന്.. " അവൻ ചിരിച്ചു കൊണ്ട് വീട്ടിലേക്കോടി...
വീട്ടിലെത്തിയപ്പോൾ ഞാൻ അവന്‌ എന്റെ കളേഴ്സും പേപ്പറും ഒക്കെ കൊടുത്തിട്ട് കുളിക്കാൻ പോയി.. തിരിച്ചു വരുമ്പോഴേക്കും അവൻ വരച്ചു വെച്ച പടങ്ങൾ എന്നെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു.. ഒരുപാട് നന്നായി വരക്കുന്നുണ്ട് അവൻ.. അസാമാന്യ കഴിവുണ്ട്.. അത് തിരിച്ചറിയുവാനും പ്രോത്സാഹിപ്പിക്കാനും അവന്റെ അച്ഛനും അമ്മയ്ക്കും തിരക്കേറിയ ബാംഗ്ലൂർ ജീവിതത്തിൽ സമയമില്ല..
ഞാൻ ചേച്ചിയെ വിളിച്ച് അവൻ വരച്ച ചിത്രങ്ങൾ ഒക്കെ അവൾക് കാട്ടി കൊടുത്തു... അവൾ അത്ഭുദപ്പെട്ടു.. " അവൻ ഇത്ര നന്നായി വരക്കുമെന്ന്‌ എനിക്ക് അറിയില്ലായിരുന്നെടി..
" ഇല്ല ചേച്ചി.. നീയിതു വരെ കുഞ്ഞുനെ അറിയാൻ ശ്രമിച്ചിട്ടില്ല.. അവന് ഇംഗ്ലീഷിലും മാത്‍സിലും 'C' ഗ്രേഡ് കിട്ടിയത് മാത്രമേ നീ ശ്രദിച്ചിട്ടുണ്ടാവൂ.. എല്ലാ കുട്ടികളും ഒരുപോലെ പഠിക്കാൻ മിടുക്കരാവണമെന്നില്ല.. പക്ഷെ അവർക്ക് ദൈവം മറ്റു പല മേഖലകളിലും കഴിവ് കൊടുത്തിട്ടുണ്ടാകും.. അത് കണ്ടു പിടിച്ചു വളർത്തി കൊണ്ട് വരേണ്ടത് മാതാപിതാക്കളുടെ ചുമതലയാണ്...
അവൻ വളരെ ടാലന്റഡ് ആണ്.. കുഞ്ഞുവിന് ആർട്ടിസ്റ്റിക് ആയിട്ടുള്ള എല്ലാ കഴിവുകളുമുണ്ട്.. അത് വേണ്ട രീതിയിൽ പ്രൊമോട്ട് ചെയ്താൽ അവൻ ഭാവിയുടെ വാഗ്ദാനമാണ്.. അതിന് നിങ്ങൾ രണ്ടു പേരും അവനെ ശ്രദിക്കണം, മനസിലാക്കണം.. എപ്പോഴും ഇരുന്നു പഠിക്ക്‌, ഹോം വർക്ക് കംപ്ലീറ്റ് ചെയ്യ് എന്ന് മാത്രം പറയാതെ കുഞ്ഞുണ്ണിയുടെ കൂടെ കുറച്ചു സമയം ചിലവഴികണം.. ലേറ്റ് ആയി വീട്ടിൽ വന്ന് സ്മാർട്ഫോണും കുത്തി കൊണ്ടിരിക്കുന്ന ചേട്ടനോടും പറയണം മൊബൈലിൽ കുത്തുന്നതിനു പകരം കുഞ്ഞുവിനൊപ്പം ഒന്ന് കളിക്കാൻ, അവനെ ലാളിക്കാൻ.."
പറഞ്ഞു തീരുമ്പോഴേക്കും ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..
കുഞ്ഞു ഒരിക്കലും അവന്റെ അച്ഛനേയും അമ്മയേയും കുറിച്ചോർത്ത് ഇനി വിഷമിക്കാനിടവരില്ല എന്നെനിക്കുറപ്പാണ്..
നിങ്ങളുടെ വീട്ടിലുമുണ്ട് കുഞ്ഞുണ്ണികൾ.. സയൻസിലും മാക്സിലും മാർക്ക് കുറഞ്ഞതിൽ അവരെ കുറ്റപ്പെടുത്താതെ അവരുടെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന കഴിവുകളെയും സർഗ്ഗവാസനകളേയും ഉണർത്താൻ എല്ലാ അച്ഛനമ്മമാരും ശ്രമിക്കണം...
വളർന്നു വരുന്ന തലമുറയെ നമുക്ക് അറിവും കഴിവും കൊടുത്ത് വാർത്തെടുക്കാം..!!
സ്നേഹപൂർവ്വം
ഹരിത ഉണ്ണി

പകച്ചു പോയി എന്റെ യവ്വനം


കല്യാണ ഒരുക്കങ്ങൾ പറ്റി നാട്ടിലുള്ള അനിയത്തി അമ്മുവിനോട് ചർച്ച ചെയുന്ന ലേ ഞാൻ...
ഞാൻ : എപ്പൊ ലീവ് എടുക്കണമെന്ന് ഒരു പിടിയും ഇല്ല.. ഒന്നര മാസം മതിയോ.. അല്ല രണ്ട് മാസം തികച്ച് എടുക്കണോ..
അമ്മു : എന്തിനാ ഇത്ര നേരത്തേ ഇങ്ങോട്ട് കെട്ടി എടുക്കണേ.. പയ്യേ വന്നാ പോരേ..എല്ലാം വല്ലോരും ചെയ്തു വെക്കില്ലേ.. ചേച്ചിക്ക് ചുമ്മാ വന്ന് കഴുത്ത് നീട്ടി കൊടുത്താ പോരെ??
ഞാൻ : നീ എന്താ ഈ പറയണേ.. ഹാൾ സെലക്റ്റ് ചെയ്തത് ഞാൻ.. സ്റ്റേജ് ഡെക്കറേഷൻ എങ്ങനെ വേണം എന്ന് തീരുമാനിച്ചത് ഞാൻ.. സദ്യയ്ക്ക് ഏതൊക്കെ പായസം വേണമെന്ന് സെലക്റ്റ് ചെയ്തത് ഞാൻ.. ഫോട്ടോഗ്രാഫറെയും ബ്യൂട്ടീഷ്യനേയും ബുക്ക് ചെയ്തത് ഞാൻ.. എന്തിനധികം പറയുന്നു.. ആര് എന്ത് ഇടണം എന്ന് വരെ തീരുമാനിക്കുന്നത് ഞാൻ ആണ്..
അമ്മു : അപ്പൊ സത്യം പറഞ്ഞാൽ ചെക്കനെ ഒഴിച്ച് ബാക്കി എല്ലാം സെലക്ട് ചെയ്തത് ചേച്ചി ആണല്ലേ!!??!!....
പകച്ചു പോയി എന്റെ യവ്വനം..
എന്താലേ!!!!

നീലിയാർ കോട്ടം


"ഈയ് കോട്ടത്തിൽ പോയിട്ടുണ്ടോ?" പെട്ടെന്നായിരുന്നു ചോദ്യം..
"കോട്ടോ, അതെന്താണ്?"...
നാരാണേട്ടന്റെ പീടികയിൽ ചായ കുടിക്കായിരുന്നു ഞങ്ങൾ.. മൂപ്പര് ചില്ല് ഗ്ലാസിൽ മാത്രേ ചായ കുടിക്കൂത്രേ.. ഇപ്പൊക്കെ എല്ലാടത്തും പ്ലാസ്റ്റിക് ഗ്ലാസിലാത്രേ ചായ കിട്ട്വാ.. അതോണ്ട് ഇവിടത്തെ പീടികേന്ന് കിട്ടണ ചായ കുടിക്കുമ്പോഴുള്ള സുഖം ഒന്ന് വേറെ തന്നെയാന്ന് എപ്പോഴും പറയും.. എപ്പോഴുംന്നെച്ചാ ഞങ്ങൾ പരിചയപ്പെട്ടിട്ടു രണ്ടു ദിവസേ ആയിട്ടുള്ളെ.. അതിന്റിടയിൽ ഇതും കൂട്ടി എട്ടാമത്തെ ചായയാ.. അപ്പോഴാണ് ഒരു കോട്ടം..
" ആ വെറും കോട്ടൊന്വല്ല... നീലിയാർ കോട്ടം.." ആ കുഞ്ഞി കണ്ണോൾ ഒക്കെ വിടർത്തി, നുണകുഴീം കാണിച്ച് , എന്നെ നോക്കി ചോദിച്ചു..
" എപ്പോഴാ പോണ്ടേ? ഇന്നെന്നെയായാലോ? വൈകീട്ട്‌ ?"..
" ഇന്നോ? ഇന്നെനിക്ക്‌ സെമിനാർ ഉള്ളതാ നാല് മണിക്ക് "..
" ഓ പിന്നേ.. ഇന്റെ ഒരു സെമിനാറ്.. ഇന്നമ്മൾ പോവാ.. നാലാകുമ്പൊ ഇങ്ങടെത്തണട്ടോ "..
ആ നോക്കാന്നും പറഞ്ഞ് ഗ്ലാസും വെച്ച് ഞാൻ കോളേജിലേക്ക് നടന്നു... ഇനി ഒരു അവറും കൂടി ക്ലാസുണ്ട് ..അത് കഴിഞ്ഞിറങ്ങണം.. അങ്ങനാണേൽ..പക്ഷെ.. കോട്ടമോ.. അയ്യോ എടെയാണാവോ..
തിരിഞ്ഞു നടന്നു.. മൂപ്പരെ കാണാനില്ലാ..
" നാരാണേട്ടാ, ഓരേടെ പോയി?"..
ദേ മോളേനും പറഞ്ഞ് ചൂണ്ടി കാണിച്ചു.. നോക്കുമ്പോണ്ട് ഒരു കൂട്ടം കുഞ്ഞി പിള്ളേരുടെ കൂടെ ഗോട്ടി കളിക്കുന്നു.. അതും റോഡിന്റെ സൈഡിൽ കുത്തിയിരുന്നിട്ട്.. പുറകിലൂടെ ചെന്ന് തലയിൽ ഒരു കൊട്ട് കൊടുത്തിട്ട് ചോദിച്ചു
" ഇതെന്താപ്പത്‌.. ഇങ്ങക്ക് ശെരിക്കും ജോലീം കൂലിയൊന്നും ഇല്ലേ? പിള്ളേരുടെ കൂടെ ഗോട്ടി കളിച്ചിരിക്കലാ?"..
ഗോ റ്റു യുവർ ക്ലാസെസ് എന്ന് പറഞ്ഞെന്നെ അപ്പൊ ഓടിച്ചു വിട്ടു..
" അല്ല, ഈ പറഞ്ഞ സ്ഥലത്തേക്ക് എത്ര ദൂരണ്ട് ?"..
" ഒരു മൂന്ന് കിലോമീറ്റർ ഇണ്ട്.. എന്തേ.. ഈടെ അടുത്താണ്.. നമ്മക്ക് നടന്നു പോകാം"..
" പിന്നേ നടക്കാനോ.. ഞാനെങ്ങുമില്ല.."
" എന്നാ പിന്നെ ഞാനെന്റെ ശകടോം എടുത്തങ്ങു വരാം..എന്തേ?"..
" സൈക്കിൾ ആയിരിക്കൂലോ ഇങ്ങടെ ശകടം"..
ആ നീ കണ്ടോ.. ഇപ്പൊ നീ പോന്നും പറഞ്ഞെന്നെ അയച്ചു. എന്നിട്ട് ഗോട്ടി കളി തുടർന്നു.. ഇതാണ് വൈശാഖൻ.. ആരാണ്, എന്താണ് എന്നൊന്നും എനിക്കും അറിയിലായിരുന്നുട്ടോ..
രണ്ടു ദിവസം കൊണ്ട് അറിയാത്തൊരാളുമായ് എങ്ങനിത്ര അടുത്തെന്നു ചോദിച്ചാൽ, അതിന് എനിക്കും ഉത്തരമില്ല.. അതായിരുന്നു വൈശാഖൻ..
ഒരു കാവി മുണ്ടും, പെയിന്റ് കറ വീണു നരച്ച ഒരു ഷർട്ടും, പാറിപ്പറക്കുന്ന മുടിയിഴകളും ആയാണ് ഞാൻ ആദ്യമായയാളെ കാണുന്നത്.. ഇടവപ്പാതിയിൽ തിമർത്തു പെയ്യുന്ന മഴയിൽ ഒരു കടത്തിണ്ണയിൽ ഇരിക്കുകയായിരുന്നു ഞാൻ.. കുട ഉണ്ടായിട്ടും കാര്യമുണ്ടാരുന്നില്ല.. അത്രയ്ക്ക് കാറ്റായിരുന്നു..
കോളേജിൽ പോകാൻ സമയം വൈകി അറ്റന്റൻസ് പോകുമെന്നുള്ള വിഷമത്തിൽ, നനയുന്നുണ്ടെങ്കിൽ നനയട്ടെന്നു വിചാരിച്ച് കുട നിവർത്തി ഞാൻ നടന്നു.. രണ്ടടി വെച്ചതും, എവിടെനാണെന്നറിയില്ല ആരോ ഒരാൾ എന്റെ കുടയിലേക്കു ഓടി കയറി..
ഒച്ച വെക്കണ്ട ഞാൻ ആ തിരിവ് വരേ ഉള്ളു എന്ന് പറഞ്ഞു.. ദേഷ്യം ആളിക്കത്തി ഞാൻ ആ മുഖത്തേക്ക് തീക്ഷ്ണമായൊന്ന് നോക്കി.. പക്ഷെ ആ മുഖം കണ്ടപ്പോൾ എല്ലാം അലിഞ്ഞില്ലാതായി.. തിളങ്ങുന്ന വെള്ളാരം കണ്ണുകളും, നുണക്കുഴി കാണിച്ചുള്ള കുസൃതി ചിരിയും.. അങ്ങനെ വേറൊന്നും മിണ്ടാതെ ഞങ്ങൾ നടന്നു..
" നല്ല കുടയാണല്ലോ.. ഇത് കണ്ടിട്ടാ ഞാൻ ശ്രദിച്ചേ"..
കറുപ്പിൽ നിറയെ വെള്ള പുള്ളികൾ ഉള്ള കാലൻ കുടയായിരുന്നു എന്റേത്..
ഉം ഞാൻ ഒന്ന് മൂളി..
" കുട്ടി കോളേജിലേക്കാ.. "..
"ഉം" ..
" എനിക്കൊരു ഉപകാരം ചെയ്യുമോ?"
"എന്താ?" ...
" ഈ കുട എനിക്കൊന്നു കടം തരുമോ.. പേടിക്കണ്ട .. പതിനൊന്നു മണിയാകുമ്പോഴേക്കും ഞാൻ തിരിച്ചു കൊണ്ട് തന്നോളാം'...
എന്നെ ഒന്നും പറയാൻ അനുവദിക്കാതെ അയാൾ തുടർന്നുകൊണ്ടേയിരുന്നു..
" അതൊന്നും പറ്റില്ല.. ഞാൻ ക്ലാസിലായിരിക്കും"..
അത് സാരില്ല.. ഞാൻ വാച്ച്മാന്റെ അടുത്ത് കൊടുത്തോളാംന് പറഞ്ഞു കോളേജ് വരാന്ത വരെ എന്നെ കൊണ്ടാക്കി കുടയും കൊണ്ടയാൾ നടന്നു പോയി..
കൃത്യം പതിനൊന്നായപ്പോൾ ഞാൻ പുറത്തിറങ്ങി നോക്കി..
ഇല്ല.. ആരുമില്ല..
വാച്ച്മാന്റെ അടുത്ത് പോയി ചോദിച്ചു..
" ചേട്ടാ ആരേലും ഒരു പുള്ളികുട കൊണ്ട് തന്നിരുന്നോന്ന്"..
ഇല്ല ..അയാൾ തറപ്പിച്ചു പറഞ്ഞു..
എന്റെ കണ്ണ് നിറഞ്ഞു പോയി.. ആറ്റു നോറ്റ് കൊറേ കടയിൽ കയറിയിറങ്ങി വാങ്ങിച്ച പുള്ളികുടയാണ്.. എവിടെയും കണ്ടു പരിചയം പോലും ഇല്ലാത്തോരാൾക്ക് ഞാൻ അത് കൊടുത്തയച്ചു, അത് പോയി, എന്നൊക്കെ ഞാൻ എങ്ങനെ മറ്റുള്ളവരോട് പറയും..
ഠോന്ന് പറഞ്ഞ് പുറകിൽ ഒരു ശബ്ദം.. തിരിഞ്ഞു നോക്കുമ്പോണ്ട് മൂപ്പര് കൂടേം പിടിച്ചു നീക്കണ്..
" പേടിച്ചൂലെ കുട പോയിന് വിചാരിച്ചിട്ട്?"..
" ഉം "..
ന്നാ മ്മക്കോരോ ചായ കുടിച്ചാലോ.. വാന്നും പറഞ്ഞ് പുറത്തേക്കു നടക്കാൻ തുടങ്ങി.. പുറകേ പോവുകയല്ലാതെ എനിക്ക് വേറെ നിവർത്തിയുണ്ടായിരുന്നില്ല.. നേരെ പോയത് നാരാണേട്ടന്റെ പീടികേലിക്കായിരുന്നു..
"പെയിന്റ് പണിക്കാരനാണോ ?".. ഞാൻ അവജ്ഞയോടെ ചോദിച്ചു..
" അല്ല, ഗ്രാഫിക് ഡിസൈനറാ"..
ങേ? ഞാൻ വിശ്വാസം വരാതെ നോക്കി..
അപ്പോൾ ദൂരെ ഒരു മതിൽ ചൂണ്ടി കാണിച്ചിട്ട് ചോദിച്ചു എങ്ങാനുണ്ടെന്ന്..
കാട് പിടിച്ചു കിടക്കുന്നൊരു സ്ഥലത്ത് മതിലിൽ, മനോഹരമായൊരു തെയ്യത്തിന്റെ പടം.. അതിന്റെ പുറകിൽ ഉള്ള മരങ്ങൾ തിരുമുടി പോലെ ഉയർന്നു നിൽക്കുന്നു.. അത്ഭുതം കൂറി ഞാൻ നോക്കികൊണ്ടിരുന്നു..
" ഞാൻ വരച്ചതാ".. കണ്ണിറുക്കി ചൂട് ചായ ഊതി കൊണ്ട് പറഞ്ഞു..
അപ്പൊ തുടങ്ങിയതാ ഈ ചായ കുടി.. കോളേജിലേക്ക് നടക്കുമ്പോൾ ഞാൻ ഓർത്തു .. ആ ചായയും, ഉച്ചക്കലെ ഊണും, മൂന്ന് മണീടെ ചായയും, അഞ്ചു മണീടെ ചായയും, പിന്നേം ഒരു ചായയും ഒക്കെ ഒരുമിച്ചായിരുന്നു.. ഹോസ്റ്റലിലെ പന്ന ഫുഡ് കഴിക്കണ്ട, രാത്രി കഴിച്ചോന്നു പറഞ്ഞു പുട്ടും, ചിക്കനും പാർസൽ വാങ്ങി തന്നിട്ടാണ് എന്നെ വൈകിട്ട് പറഞ്ഞ് വിട്ടത്..
പിറ്റേന്ന് രാവിലെ തന്നെ പുള്ളി ഹാജരായിരുന്നു.. കോളേജിൽ കൊണ്ടാക്കി പതിനൊന്നു മണിക്ക് നാരാണേട്ടന്റെ പീടിയേൽ വരണട്ടോന്ന് ഓർമിപ്പിച്ചു.. ദേ ഇപ്പൊ നീലിയാർ കോട്ടവും.. ഞാൻ പോകാൻ തന്നെ തീരുമാനിച്ചു..
ഹൃദയത്തിൽ ചെറിയൊരു താളപിഴയുമായി ജനിച്ച ഭാഗ്യദോഷിയായിരുന്നു ഞാൻ.. ഒരുപാട് ചികിത്സയും, വഴിപാടും ഒക്കെ നടത്തുന്നുണ്ടെങ്കിലും, മരണം ഏതു നിമിഷം വേണമെങ്കിലും എന്നെ വന്നു വിളിക്കാമെന്ന ചിന്ത എപ്പോഴും എന്റെ ഉള്ളിലുണ്ടായിരുന്നു.. അത് കൊണ്ട് ജീവിതത്തിൽ ഇങ്ങനെ കിട്ടുന്ന അപൂർവമായുള്ള സാഹസികതകൾ ഒന്നും വിട്ടു കളയാൻ ഞാൻ തയ്യാറല്ലായിരുന്നു..
അധികം സുഹൃത്തുക്കളും, ആളും, ആരവങ്ങളും ഒന്നും ഇല്ലാതിരുന്ന എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ആളായിരുന്നു വൈശാഖൻ.. വറ്റി വരണ്ട് ഉണങ്ങി കിടന്നിരുന്ന എന്റെ ജീവിതത്തിനു രണ്ട ദിവസം കൊണ്ടയാൾ പുതുജീവൻ തന്നു..
നാലായപ്പോൾ ഞാൻ പീടികേൽ എത്തി.. ഒരു പരിപ്പുവടേം കഴിച്ചിരിക്കുമ്പോഴാണ് മൂപ്പര് ഒരു ബുള്ളറ്റിൽ വരണേ.. വേഗം കേറടി.. ഭാഗ്യിണ്ടേൽ മ്മക്ക് തെയ്യം കെട്ട് കാണാം..
ഞാൻ ഒരു നോട്ടം പാതി കടിച്ചു കൈയിലിരിക്കുന്ന പരിപ്പുവടയെ നോക്കി.. ഹോ അതിന്റെടെലാ ഓളെ ഒരു പരിപ്പുവട.. എന്റെ കൈയിൽ നിന്ന് തട്ടിപ്പറിച്ച് ഒറ്റ വായയ്ക്ക് അത് അകത്താക്കി എന്നിട്ട് പുറകിൽ കേറാൻ പറഞ്ഞു..
കുറച്ചു ദൂരം പോയി വണ്ടി നിർത്തി സ്ഥലമെത്തിനു പറഞ്ഞ് എന്നെയിറക്കി.. ചുറ്റും നോക്കിയിട്ടും എനിക്കൊന്നും കാണാൻ കഴിഞ്ഞില്ല.. വണ്ടി സൈഡിൽ വെച്ചിറങ്ങി പുള്ളി രണ്ടു മരങ്ങൾക്കിടയിലൂടെ നടന്നു.. പുറകെ ഞാനും..
നഗരത്തിനു നടുവിൽ ഒളിഞ്ഞിരിക്കുന്ന പത്തൊമ്പതേക്കർ വിസ്തീർണം ഉള്ളൊരു കാട്.. അതായിരുന്നു നീലിയാർ കോട്ടം. തെയ്യം കെട്ടിയാടുന്നൊരു കാവ്.. ഉള്ളിലേക്ക് നടക്കുന്തോറും കുളിരും, കാറ്റും ഒക്കെ കൂടി പവിത്രവും ശാന്തവുമായൊരു കാവ്.. നിറയെ ചെടികളും, മാനം മുട്ടെ ഉയരമുള്ള മരങ്ങളും ഒക്കെ നിറഞ്ഞു നിൽക്കുന്നു...
"ച്ചെ.. ഇന്ന് തെയ്യം കെട്ട് ഇല്ലാന്ന് തോന്നുന്നു.. നമുക്ക് ഭാഗ്യം ഇല്ലന്ന് .. സാരല്യ ഉള്ളിൽ പോയി തൊഴാം".. പുള്ളി പറഞ്ഞു..
ഞാൻ മൂളി..
ചെടികൾക്കിടയിലൂടെ ചെറിയ ഒരു വഴി മാത്രം.. പക്ഷെ അതും പരിചയമില്ലാത്ത ആൾക്കാർക്ക് കണ്ടു പിടിക്കാൻ ബുധിമുട്ടാണ്..
എന്തോ കണ്ടപ്പോ ദേ അങ്ങോട്ട് നോക്കിയേന്നു പറഞ്ഞ എന്നെ "ഇവിടെ ഇങ്ങോട്ടും കൈ ചൂണ്ടരുത്ട്ടോ" എന്ന് പറഞ്ഞു ശകാരിച്ചു.
എന്നിട്ട് മുകളിൽ നിറഞ്ഞു നിൽക്കുന്ന മരങ്ങളുടെ ചില്ലകൾ കാട്ടി പറഞ്ഞു തന്നു.. " ഇതിനിടയിൽ ഒരു സ്പേസ് കണ്ടോ? അത് തെയ്യം നടന്നു പോകുമ്പോ തിരുമുടി എവിടെയും തട്ടാതെ പോകാൻ പ്രകൃതി ഉണ്ടാക്കിയതാണെന്ന്.. ഉയരമുള്ള തിരുമുടി ഒരു ഇല പോലും സ്പർശിക്കാതെ ഇതിലൂടെ കടന്നു പോകുമെന്ന്..
കുറേക്കൂടി മുന്നിലേക്ക് പോകുമ്പോൾ കുറച്ചു സ്ഥലം കണ്ടു.. അവിടെയാണത്രെ തെയ്യം കെട്ടിയാടുക..അവിടം വരെയേ ചെരുപ്പിടാൻ അനുവാദമുള്ളൂ.. ചെരുപ്പൂരി വെച്ച് പിന്നെയും മുന്നോട്ട് നീങ്ങി...ചെടികൾക്കിടയിൽ കുറച്ചു കൽപ്പടവുകൾ..
"സൂക്ഷിച്ചിറങ്ങണട്ടോ.. വഴുക്കളുണ്ടാക്കും" നു പറഞ്ഞു ആദ്യം ഇറങ്ങി എന്നെ കൈ പിടിച്ച് ശ്രദ്ധയോടെ ഇറക്കി..
ദൂരെ കാണാനുണ്ട് കല്ലുകൊണ്ടുണ്ടാക്കിയ ചെറിയൊരു മതിൽ.. ആ മതിൽകെട്ടിനകത്ത് വലിയ മരവും, പാറക്കല്ല് കൊണ്ടുള്ള പ്രതിഷ്ഠയും, വിളക്കും ഒക്കെ..
പോക്കറ്റിൽ നിന്ന് ചെറിയൊരു കുപ്പി എണ്ണയും, തിരിയും എടുത്ത് വിളക്കിലൊഴിച്ചു പുള്ളി.. എന്നിട്ട് കത്തിക്കാൻ നേരം എന്നോട് പറഞ്ഞു
"ഉവ്വാവു മാറാൻ ദേവിയോട് മനസ്സറിഞ്ഞ് പ്രാർത്ഥിച്ചോട്ടോ.. ഒക്കെ ബേദാവുംന്ന്‌ "..
അത്ഭുദത്തോടെ ഞാൻ ആ മുഖത്തേക്ക്‌ നോക്കി.. ഭംഗിയേറുന്നാ കള്ളച്ചിരി ചിരിച്ച് തരിച്ചു നിന്ന എന്റെ കൈകൾ കൂട്ടി പിടിച്ച്‌ തൊഴിച്ചു .. ഞാൻ മനമുരുകി പ്രാർത്ഥിച്ചു..
അത് കഴിഞ്ഞ് ചുറ്റും പ്രദിക്ഷിണം വെച്ച് പാറക്കല്ല് കൊണ്ടുണ്ടാക്കിയ ഒരു ഇരിപ്പിടത്തിൽ ഞങ്ങളിരുന്നു കുറച്ചു നേരം.. ഇനീം ഉളിൽ പോണോന്നു ചോദിച്ചു.. ഞങ്ങൾ എണീറ്റ് പിന്നേയും പിന്നേയും ഉള്ളിലേക്ക് നടന്നു..
ഇത് വരെ ഞാൻ കേൾക്കാത്ത പക്ഷികളുടെ ശബ്ദവും കാണാത്ത പൂമ്പാറ്റകളും നിറഞ്ഞതായിരുന്നു നീലിയാർ കോട്ടം.. പ്രകൃതിയിൽ അലിഞ്ഞ് നിന്ന എന്നോട് പുള്ളി പറഞ്ഞു..
" ഇവിടെ നിന്ന് നീ ഒച്ച വെച്ചാൽ പോലും പുറത്ത്‌ ഒരാൾ കേൾക്കില്ല" എന്ന്..
ഒരു നിമിഷം തരിച്ചു നിന്ന് പോയി ഞാൻ.. ആരാണെന്നോ എന്താണെന്നോ അറിയാതെ രണ്ടു ദിവസത്തെ പരിചയം മാത്രം ഉള്ള ഒരാളുടെ കൂടെ ഞാൻ കാറ്റിൽ ഒറ്റയ്ക്ക് .. നേരം ഇരുട്ടി തുടങ്ങിയിരുന്നു.. അയാൾ പറഞ്ഞത് ശെരിയാണ്.. ഞാൻ എത്ര അലറി വിളിച്ചാലും, കരഞ്ഞാലും പുറത്തു നിന്നൊരു പൂച്ച കുഞ്ഞു പോലും എന്റെ ശബ്ദം കേൾക്കില്ല..
വിളറി വെളുത്ത എന്റെ മുഖം കണ്ടിട്ടാണെന്നു തോന്നുന്നു.. പുള്ളി പൊട്ടിച്ചിരിച്ചു.. എന്നിട്ട് പറഞ്ഞു " ഈ കാട്ടിൽ നിറച്ചും ഔഷധ സസ്യങ്ങൾ ആണ്.. പക്ഷെ ഇത് തേടി ആരും ഇവിടെ വരാത്തത് എന്ത് കൊണ്ടാണെന്ന് അറിയോ?.. ഇവിടുന്നു ഒരു ചുള്ളികമ്പെടുത്താൽ അന്ന് പനിക്കുംന്നാ പറയാ.. അത്ര ശക്തിയാന്ന്"..
നേരം ഒരുപാട് വൈകി.. ഇരുട്ടുന്നതിനു മുൻപ് നമുക്ക് തിരിച്ചെത്തണ്ടേ.. പോവാം എന്ന് പറഞ്ഞു.. ഒരക്ഷരം മിണ്ടാതെ ഞങ്ങൾ രണ്ടു പേരും തിരിച്ചു നടന്നു.. കോട്ടത്തിനു പുറത്തിറങ്ങി വണ്ടി എടുത്ത് കയറാൻ പോകുമ്പോൾ നിറഞ്ഞു തുളുമ്പിയ കണ്ണുമായി ഞാൻ ചോദിച്ചു..
" എങ്ങനെ?"..
മുഴുമിക്കാൻ സമ്മതിക്കാതെ വിരൽ എന്റെ ചുണ്ടിൽ വെച്ച് പറഞ്ഞു
" എല്ലാം എനിക്കറിയാം.. ഞാൻ ഉണ്ടാകും കൂടെ.. പൊന്നു പോലെ ഞാൻ നോക്കിക്കോളാം.. അസുഖത്തെ നമുക്കൊരുമിച്ചു നേരിടാം.. ദൈവം എന്നും നമ്മുടെ കൂടെ ഉണ്ടാകുമെന്ന്"..
അന്ന് ഞങ്ങൾ തുടങ്ങിയത് ഒരുമിച്ചുള്ള ജീവിതയാത്രയായിരുന്നു.. ഇപ്പോൾ ഞങ്ങൾക്ക് കൂട്ട് അച്ഛന്റെ നുണകുഴികളുള്ള രണ്ടു വയസുകാരി ആത്മികയും, വെള്ളാരം കണ്ണുകളുള്ള ഞങ്ങളുടെ കുഞ്ഞു കണ്ണൻ ആദിദേവും...

By: haritha Unni

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo