Showing posts with label Dev. Show all posts
Showing posts with label Dev. Show all posts

ജീവിതം

Image may contain: 1 person
------------
തിരിഞ്ഞൊന്നു നോക്കിയാൽ ആകെയുള്ള സമ്പാദ്യമെന്നത് കുറച്ചു സന്തോഷങ്ങളും കുന്നോളം സങ്കടങ്ങളും മാത്രം. എന്നാൽ ഇതെല്ലാം കെട്ടി പെറുക്കി വിൽക്കാൻ തന്നെ ഞാൻ തീരുമാനിച്ചു . രണ്ടും വെവ്വേറെ സഞ്ചികളിലാക്കി ഞാൻ ചന്തയിലേക്ക് നടന്നു. അൽപ്പസമയത്തിനുള്ളിൽ എന്റെ എല്ലാ സന്തോഷങ്ങളും ആരൊക്കെയോ വാങ്ങി കൊണ്ടുപോയി. പക്ഷെ സങ്കടങ്ങൾ മാത്രം ആരും വാങ്ങിയില്ല .
നിരാശനായി ഞാൻ വീട്ടിലേക്ക് നടന്നു.
വീട്ടിലെത്തിയപ്പോൾ 'നല്ലപാതി' ചോദിച്ചു. "എന്തു പറ്റി വിഷമിച്ച്??"
ഞാൻ പറഞ്ഞു ;"എന്റെ സങ്കടങ്ങളൊന്നും വിറ്റ് പോയില്ല"
" എങ്കിൽ പാതിയെനിക്ക് തന്നേക്കൂ ഞാനെടുത്തു കൊള്ളാം' എന്നവൾ പറഞ്ഞു.
അങ്ങിനെ പാതി സങ്കടങ്ങൾ അവൾക്ക് കൊടുത്ത ശേഷം ബാക്കിയെടുത്ത് പതിവായി സന്ധ്യക്ക് ചെന്നിരിക്കാറുള്ള മുണ്ടകൻ പാടവരമ്പിലെ ഒടിഞ്ഞ വൈദ്യുതികാലിൽ ചെന്നിരുന്നു .
അൽപ്പസമയം കഴിഞ്ഞപ്പോൾ പുറകിൽ നിന്നൊരു ചോദ്യം "എന്താണ് ചങ്ങാതി വിഷമിച്ചിരിക്കണേ?.
അതെന്റെ ആത്മമിത്രമായിരുന്നു.
ഞാൻ പറഞ്ഞു ;'എന്റെ കുറച്ചു സങ്കടങ്ങൾ ആരും വാങ്ങിയില്ല'
അവൻ പറഞ്ഞു "എങ്കിൽ കുറച്ചെനിക്ക് തന്നേക്ക് ഞാനെടുത്തു കൊള്ളാം".
ഞാൻ സന്തോഷത്തോടെ ബാക്കിയുള്ള സങ്കടത്തിൽ നിന്ന് കുറച്ചവന് നൽകി.
അൽപ്പസമയം കഴിഞ്ഞ് അവൻ തിരിച്ചുപോയി. പിന്നെ ഞാനും എന്റെ ബാക്കിയായ സങ്കടങ്ങളും മാത്രമായി.
ഒടുവിൽ ബാക്കിയായ സങ്കടങ്ങളെ മനസ്സിന്റെ സെമിത്തേരിയിലെ തെമ്മാടിക്കുഴിയിലിട്ട് മൂടിയ ശേഷം വീട്ടിലേക്ക് തിരിച്ചു നടന്നു. അപ്പോഴേക്കും തിരിച്ചു പോകേണ്ട വഴിയെല്ലാം ഇരുട്ടു വീണിരുന്നു..
ദേവ്
24/ 02/18

നെറ്റിയിലെ ഒന്നാം തിരുമുറിവ്


നെറ്റിയിലെ ഒന്നാം തിരുമുറിവ്
--------------------------------------------
" എന്താ പേര് ?, ക്രിത്രിമ ഗൗരവത്തോടെ പാരലൽ കോളേജ് പ്രിൻസിപ്പാൾ എന്നോട് ചോദിച്ചു.
ഞാൻ വളരെ ഭവ്യമായി "ദേവാനന്ദ്". ഇത്രയും ഭവ്യത എന്റെ ഹൈസ്കൂൾ ഹെഡ്മാസ്റ്ററുടെ മുന്നിൽ പോലും ഞാൻ കാണിച്ചിട്ടില്ല സത്യം.
"SSLC ബുക്ക് തരൂ"
ബുക്കിൽ നോക്കി പ്രിൻസി " ഓ ലാംഗ്വേജ് കഴിച്ചിലായി ; സബ്ജക്റ്റ് ആണല്ലേ പോയത് , ഉം മാത്സ് " എന്നിട്ട് അവിടെ ഇരിക്കുന്ന വേറെ ഒരു മാഷിനെ നോക്കി പറഞ്ഞു " ഗണേഷ് മാഷേ ഇവനെ ഒന്നു നോക്കി വെച്ചോളു" അദ്ദേഹം എന്നെ അടിമുടി ഒന്നു നോക്കി. എനിക്കു മനസ്സിലായി 'ഈ ദേഹമാണ് കണക്കു വാധ്യാര്'
നമ്മളു വല്ല്യ എന്തോ അപരാധം ചെയ്ത കണക്കാ അങ്ങേര് നോക്കണത്. സോഡാ കുപ്പി കണ്ണട മൂക്കിനു മുകളിലോട്ടു തന്റെ നടുവിരലുകൊണ്ട് തള്ളി പ്രിൻസി പറഞ്ഞു. "സബ്ജക്റ്റ് മാത്രമാണ് പഠിക്കുന്നതെങ്കിലും ഫുൾഫീസ് തരണം. പിന്നെ ക്ലാസ് തുടങ്ങി രണ്ടു മാസമായി ആ ഫീസും കൂട്ടി അടക്കണം എടുത്ത നോട്ടെല്ലാം എഴുതി എടുതോണം." ഞാൻ അതെയെന്ന അർത്ഥത്തിൽ തലയാട്ടി.
"ബഷീറേ ഇവന് ക്ലാസ് റൂം കാണിച്ചു കൊടുക്കൂ"
നിങ്ങളീ വായിച്ച സീന് വർഷങ്ങൾക്ക് മുമ്പ് SSLC തോറ്റപ്പോൾ വീണ്ടും എഴുതിയെടുക്കാൻ സമീപിച്ച പൊന്നാനിയിലെ ഒരു പ്രസിദ്ധ പാരലൽ കോളേജിലെ ഓഫീസ് റൂമ്മിൽ നടന്നതാണ്. ദൃഢമായ സൗഹൃദത്തിന്റെ ഹാസ്യാവിഷ്കരണമാണ് .എന്റേയും ബീരാൻ കുഞ്ഞിന്റേയും പേര് യഥാർത്ഥമാണ് മറ്റു പേരുകൾ വ്യാജമാണ്. കാരണം ഇതൊരു സംഭവകഥ ആയതു കൊണ്ട് തന്നെ.
അങ്ങനെ ഞാൻ പ്യൂൺ ബഷീറിന്റെ പിന്നാലെ നടന്നു. ഓല മേഞ്ഞ ഓലയാൽ മറച്ച ഒരു സ്ഥാപനം. ബഷീർ ചൂണ്ടിയ ഒരു ക്ലാസിലേക്ക് കയറി. ബെഞ്ചുകളെല്ലാം കുട്ടികൾ നിറഞ്ഞിരിക്കുന്നു ക്ലാസ് തുടങ്ങി രണ്ടുമാസമായി. എല്ലാവരും ഒരു അന്യഗ്രഹജീവിയെ പോലെ എന്നെ നോക്കുന്നു, ഞാൻ വെള്ളത്തിൽ വീണ പൂച്ചയെ പോലെ ക്ലാസിന്റ മധ്യത്തിൽ സ്തംഭിച്ചു നിൽക്കുകയാണ് . പെട്ടെന്ന് അവസാന ബെഞ്ചിൽ നിന്ന് ഒരു ശബ്ദം" അൻസാ ഇബ്ട് വാ ഇബ്ടിരിക്ക്യാം " കറുത്തിരുണ്ട് ഉയരം കുറഞ്ഞ രൂപത്തിൽ നിന്നാണ് . ഞാനവന്റെ അടുത്തിരുന്നു അവൻ ഹസ്തദാനം നൽകി കൊണ്ട് പറഞ്ഞു. "ഞാൻ വീരാൻ കുഞ്ഞി ; പെര കടപ്പൊർത്താ ".
ഭഗവാനേ കടപ്പുറത്തോ ,ഇവൻ കടപ്പിയാണല്ലോ (കടപ്പുറത്ത് താമസിക്കുന്നവരെ അങ്ങിനെയും വിളിക്കും) സ്നേഹിച്ചാൽ നക്കി കൊല്ലും ദ്രോഹിച്ചാൽ ഞെക്കി കൊല്ലും അതാണ് അവരുടെ സ്വഭാവഗുണം , .എന്തായാലും മരണം ഉറപ്പായി ഞാൻ മനസിൽ കരുതി. ഇങ്ങനെ ചിന്തയിൽ നിൽക്കുമ്പോൾ അടുത്ത ചോദ്യം "ചെങ്ങായി ന്താ അന്റെ പേര്?" ഞാൻ പേരു പറഞ്ഞു.
''നല്ല ഉസാറ് പേര്; അയിനി ന്റെ വാപ്പ .... വീരാൻ കുഞ്ഞി പോലും വീരാൻ കുഞ്ഞി. അവന്റെ പേര് അവനിഷ്ട്ടമല്ല എന്ന് എനിക്കു മനസ്സിലായി. അതിട്ട അവന്റെ വാപ്പാനോടുള്ള അനിഷ്ടം അവൻ മറച്ചു വെച്ചില്ല. അവന്റെ നിഷ്ക്കളങ്ക സ്വഭാവം എനിക്കിഷ്ടമായി ,ഞങ്ങൾ തമ്മിൽ വല്ലാത്തൊരു ആത്മ ബന്ധം ഉടലെടുത്തു. അസാമാന്യ ചങ്കൂറ്റമുള്ള അവനെ ആ പാരലൽകോളേജിലെ എല്ലാ ക്ലാസുകാർക്കും ഭയമായിരുന്നു. ചുരുക്കത്തിൽ അവൻ അവിടുത്തെ ചെറിയ ചട്ടമ്പിയായിരുന്നു. പഠിക്കാൻ വലിയ താത്പര്യം കാണിക്കാത്ത അവനെ മാഷ് മാർ ചോദ്യം ചോദിക്കുമ്പോൾ ഉത്തരം പതിയെ പറഞ്ഞു കൊടുത്ത് പലപ്പോഴും ഞാൻ രക്ഷിച്ചിട്ടുണ്ട്. അവിടെ സബ്ജക്റ്റ് മാത്രം പോയ ഒരു പെൺകുട്ടിയുണ്ടായിരുന്നു അവളെ നമുക്ക് ഷെമി എന്നു വിളിക്കാം. ഞങ്ങൾ ഒരേ തൂവൽ പക്ഷികളായതിനാൽ എനിക്ക് എഴുതാനുണ്ടായിരുന്ന രണ്ടു മാസത്തെ നോട്ടെല്ലാം അവളാണ് എഴുതി തന്നത്..
ഷെമി ,വട്ട മുഖമുള്ള, ചിരിച്ചാൽ രണ്ട് നുണക്കുഴികൾ വിടരുന്ന ,മുല്ലമൊട്ട് പോലെ പല്ലുള്ള , പല്ലിന് നല്ല മൂർച്ചയാണ് കാരണം രണ്ടുമൂന്ന് വട്ടം അവളുടെ കടി കിട്ടിയതിനാൽ ഇവിടെ സാക്ഷ്യ പെടുത്തട്ടെ. ക്ലാസിലെ വളരെ ഊർജസ്വലയായ പെൺകുട്ടി. പൊന്നാനിയിലെ പേര് കേട്ട മുസ്ലിം തറവാട്ടിലെ അംഗം.
അങ്ങിനെ വീരാൻ കുഞ്ഞാണ് ആ ഞെട്ടിപ്പിക്കുന്ന സത്യം കണ്ടു പിടിച്ചത് " ദേവ് ഓളന്യാടാ നോക്കണേ" ഞാൻ നോക്കിയപ്പോൾ ഷെമി നോട്ടം മാറ്റി." ജ്ജ് ധൈര്യായിട്ട് പ്രേമിച്ചോ അന്റെ കൂടെ ഞങ്ങണ്ട് ". അങ്ങനെ ഞങ്ങളുടെ മതസൗഹാർദ്ദ പ്രണയം ശക്തമായ് മുന്നോട്ട് പോയി. അവളുടെ ഉപ്പാന്റെ ജ്യേഷ്ഠ പുത്രനായ ഫസലായിരുന്നു ഞങ്ങളുടെ ഏക ഭീഷണി അവനെ ബീരാൻ കുഞ്ഞിനെ ഉപയോഗിച്ച് ഞാൻ പ്രതിരോധിച്ചു.
ഞാൻ ശരിക്കും ഞെട്ടിയ ദിവസം അന്നാണ്. ''ദേവ് നുമ്മക്കിന് ന്റെ മൊഞ്ചത്തിയെ കാണണം ഓള് ചെല്ലാൻ പറഞ്ഞിക്ക്ണ്, മ്മക്ക് ഇന്നുച്ചക്ക് ശേസം പോണം. "
അവന് ഒരു പ്രണയം ഉണ്ട് പൊന്നാനിയുടെ അന്തർഭാഗത്താണ് . അവളെ കണ്ട് സംസാരിക്കാൻ കൂടെ ചെല്ലാനാണ് പറഞ്ഞത് . ഭഗവാനെ പൊന്നാനി കാരുടെ അടി ശരീരത്തിനു തീരെ പിടിക്കാത്തതാണ്, പോയാൽ പൊന്നാനിക്കാർ പോയില്ലെങ്കിൽ ബീരാൻകുഞ്ഞ് ന്തായാലും അടി ഉറപ്പായി. "അപ്പോ ഞമ്മന്റെ ബൈക്കിൽ ഉച്ചക്ക് ശേസം പോവാം " ഞാൻ സ്വപ്നത്തിലെന്ന പോലെ തലയാട്ടി. അവൻ ബൈക്കെന്ന് പറഞ്ഞപ്പോ നിങ്ങള് അന്നത്തെ യമഹ RX 100, ഹീറോ ഹോണ്ട ss എന്നൊന്നും ചിന്തിക്കണ്ട ,ഞാനും ഇങ്ങനെതന്യാ ചിന്തിച്ചത് , പക്ഷെ അതവന്റെ ഉപ്പാന്റെ മീൻ വിൽക്കണ M80 ആയിരുന്നു ,അതിൽ കയറണമെങ്കിൽ ടെറ്റനസ് വാക്സിൻ മുൻകൂർ എടുക്കണം. പൊന്നാനി പള്ളി കടവ് റോഡിലേക്ക് കയറി ഉള്ളിലെവിടേയോ, ആണ് അവന്റെ കാമുകിയുടെ വീട്. അവിടുത്തെ വീടുകളെല്ലാം ഒന്നിനോട് ഒന്ന് ഉരുമ്മി നിൽക്കുന്ന തരത്തിലാണ് ,രണ്ടു വീടുകൾക്കിടയിൽ ഒരാൾക്ക് ഞെരുങ്ങി പോവാനുളള ഇടം മാത്രമേ ഉണ്ടാവൂ. അങ്ങിനെ അവന്റെ കാമുകിയുടെ വീടിനു സമീപത്തെ ഒരു ചെറിയ കടയുടെ സമീപത്ത് സ്കൂട്ടർ നിർത്തി. കടക്കാരൻ അവനെ നോക്കി ചിരിച്ചു. അവൻ അയാളോട് എന്തൊക്കയോ കുശലം പറഞ്ഞു. പിന്നെ ഞങ്ങൾ കുറച്ചു ദൂരം മുന്നോട്ട് നടന്നു. അവന്റെ കാമുകിയുടെ വീടിന്റെ അടുത്തെത്തി . "ഞാനോളോട് സൊള്ളിയിട്ട് വരാം ജ്ജ് ബ്ടെ നിക്ക് ആരേലും ബരണ് ണ്ടെങ്കിൽ ബിസിലടിക്കണം ,ഞി ഞാ നിക്കണോടത്ത് ബല്ല പുക്കാറ് കേട്ടാ അന്റെ തടി ജ്ജ് നോക്കിക്കോ"
ഇത് കേട്ടപ്പോൾ എന്റെ അവശേഷിച്ച ധൈര്യമൊക്കെ ചോർന്നു. ഇത് പറഞ്ഞ് ആ വീടിന്റെ ഒരാൾക്ക് മാത്രം കടന്നു പോകാൻ കഴിയുന്ന ഇടയിലൂടെ അവൻ നടന്നു എന്നിട്ട് വീടിന്റെ മധ്യഭാഗത്തിനു ശേഷമുളള ജനവാതിലിൽ തട്ടി പെട്ടെന്ന് ജനവാതിൽ തുറന്നു. അവന്റെ കാമുകിയെ കാണാനുള്ള ആകാംക്ഷയിൽ ഞാനൊന്നു പാളി നോക്കി ,ജനലഴിയിൽ പിടിച്ച മൈലാഞ്ചിയിട്ട വെളുത്തു തുടുത്ത മൊഞ്ചത്തി കൈ മാത്രം കാണാനുള്ളൂ, അവനാണെങ്കിൽ പശു പുല്ലൂട്ടിലേക്ക് തലയിട്ട പോലെ തല ജനലിൽ മുട്ടിച്ച് കാലുകൾ അടുത്ത വീടിന്റെ ചുമരിൽ ചവിട്ടി കാവടി പോലെ വളഞ്ഞ് സൊള്ളുന്നു. എനിക്ക് ഒരു ത്രിശങ്കു സ്വർഗ്ഗം (നരകം) ത്തിൽ പെട്ട പ്രതീതി . പെട്ടെന്ന് അവൻ നിന്ന ഭാഗത്ത് ഒരു ബഹളം " ഡാ നിക്കടവിടെ , നിന്നെ ശെരാക്കി തരാം" ഭഗവാനെ വീരാനെ ആരോ പിടിച്ചു, എന്റെ തടി രക്ഷിച്ചേ പറ്റൂ. ഞാൻ നൂറിന് നൂറ്റി പത്ത് സ്പീഡിൽ വിട്ടു . നിങ്ങളെന്റെ മുന്നിലുള്ള ടെലിഫോൺ പോസ്റ്റ് കാണുന്നില്ലേ? എന്നാൽ സത്യായിട്ടും ഞാനതു കണ്ടില്ല പിന്നിലാരെങ്കിലും വരുന്നുണ്ടോന്നറിയാൻ തിരിഞ്ഞു നോക്കി ഓടല്ലേ , ഠിം ചക്ക വെട്ടിയിട്ട പോലെ താഴത്ത്.
ഒന്ന് ,രണ്ട് ,മൂന്ന്, നാല് അതെ നാല് നക്ഷത്രം വരെ ഞാൻ എണ്ണി പിന്നൊന്നും ഓർമ്മയില്ല.
മുഖത്ത് തണുത്ത വെള്ളം വീണപ്പോൾ പതിയെ കണ്ണു തുറന്നു നെറ്റിയുടെ ഇടതു ഭാഗത്തിനൊരു മരവിപ്പ് ഇടത് കണ്ണിൽ ചോര ഒലിച്ചിറങ്ങി നിറഞ്ഞിരുന്നു. മഞ്ഞു വീണ കണ്ണാടിയിൽ കൂടി നോക്കും പോലെ വ്യക്തത കുറഞ്ഞ മൂന്നു നാല് മുഖങ്ങൾ ഒന്ന് ബീരാന്റെ മുഖമായിരുന്നു , "ഇബനെന്തിനാ ഓട്യേ" ചോദ്യംമുമ്പു കണ്ട കടക്കാരന്റെ വക. മറുപടി പറഞ്ഞത് ബീരാൻ "ഓനെ നേർച്ച കൊറ്റൻ (ആട്) ഓടിച്ചതാ" ഞാൻ അവനെ രൂക്ഷമായി നോക്കി. എന്തും ചങ്കുവിരിച്ച് നേരിടുന്ന അവൻ എന്റെ നോട്ടത്തിനു മുന്നിൽ പതറുന്നത് ഞാനാദ്യമായ് കണ്ടു. എന്നെ ഒരു ഓട്ടോയിൽ കയറ്റി മുറിവ് കെട്ടിക്കാൻ കൊണ്ടുപോവുമ്പോൾ അവനെന്നോട് ചോദിച്ചു "ആട്ടെ ഇജെന്തിനാ ഓട്യേ??., "
"ഞാൻ കരുതി അവിടെ ബഹളം കേട്ടപ്പോൾ ആരോ നിന്നെ പിടിച്ചെന്ന് "
"അതോ അതപ്പറത്തെ പെരേലെ ചെക്കൻ മാര് തല്ലൂടി താടാ "
ഇപ്പോഴും എന്റെ നെറ്റിയിലെ മുറിപാട് കണ്ണാടിയിൽ കാണുമ്പോൾ , കാണാതെ പോയ പോസ്റ്റിനേയും മൈലാഞ്ചിയിട്ട കൈകളേയും ബീരാനേയും ഓർത്തു പോകും , ഇനി എന്റെ നെറ്റിയിലെ മുറിപ്പാട് കാണുമ്പോൾ നിങ്ങളും ഇതെല്ലാം ഓർക്കുമെന്നനിക്കറിയാം.
സ്നേഹത്തോടെ
ദേവ് :- 18/1/17

മൂകസാക്ഷി


ഇത് 9. 7 . 2005 ൽ ഡയറിയിൽ കുറിച്ചിട്ടതാണ്. കവിത എന്നു പറയാൻ കഴിയോ എന്നറിയില്ല.
മൂകസാക്ഷി
xxxxxxxxxxx
ഹേ സൂര്യാ ; നിനക്കായ് പ്രഭാതങ്ങൾ ഇനിയുംവിരിയും.
പൊഴിഞ്ഞ പ്രദോഷങ്ങൾക്കായിനി
നെടുവീർപ്പു വേണ്ട വിഷാദവും വേണ്ട .
ഇന്നലെകളിൽ ആർത്തട്ടഹസിച്ച
സുനാമികളിൽ നീ വിഷാദനാവേണ്ട
നാളത്തെ ശാന്തസുന്ദര ചെറുതിരകളിൽ
നിനക്കുണർന്നെഴുന്നേൽക്കാം
വീണ്ടും നിദ്രപ്രാപിക്കാം .
സമുദ്രത്തിൻ സമ്പാദ്യമാം കരിമണലൂറ്റുമ്പോൾ
നീയാകുലനാ വേണ്ട
കാരണം നീയാണിനിയും പ്രകൃതിദുരന്തങ്ങൾക്കു സാക്ഷി വെറും മൂകസാക്ഷി.
കത്തുന്ന മരുഭൂവു താണ്ടി
മഞ്ഞുറഞ്ഞ ധ്രുവങ്ങൾ താണ്ടി
മഴക്കാടുകൾ താണ്ടി
നീയിനിയും ചെയ് വേണം യാത്രയേറെ
കാർമേഘം വന്നു മൂടിയാലും തട്ടിയെറിഞ്ഞു കൊൾവേണം നീയതിനെ
നീയുജ്ജ്വലമായ് പ്രകാശിക്കേണം
നിന്നെയിനിയും ഭൂമിക്കായ് വേണം
നീയാണിനിയും ദുരന്തങ്ങൾക്ക് മൂകസാക്ഷി.
ദേവ്: - 9/7/05

ഇതൊരു നുറുങ്ങാണ് മൂന്നു ദിവസങ്ങൾക്ക് മുമ്പ് നടന്നത്.


രാവിലെ എണീറ്റ് പൂമുഖത്ത് കസേരയിൽ പത്രം വായിച്ചിരിക്കുമ്പോഴാണ് എന്റെ മകൾ ശ്രീലക്ഷ്മീ ഇത്തിരി ഉറക്കച്ചടവോടെ കണ്ണുകൾ തിരുമ്മി എന്നരികിലെത്തിയത്. ഞങ്ങളവളെ സ്നേഹപൂർവ്വം "കുഞ്ഞു " എന്നാ വിളിക്കുന്നത്.നാലര വയസ്സാണു പ്രായം. " പപ്പാ, പപ്പാ ; പപ്പയുടെ ഉണ്ണി ആരാ? ഞാനോ....? ,കുഞ്ഞാപ്പുവോ'....?. സത്യത്തിൽ അവളുടെ ചോദ്യം കേട്ട് പകച്ചുപോയി . ഞങ്ങൾക്ക് ദിവസങ്ങൾക്ക് മുമ്പ് പിറന്ന മകനേയാണ് അവൾ ഉദ്ദേശിച്ചത് , അവനെ ഞങ്ങൾ കുഞ്ഞാപ്പു എന്നാണ് വിളിക്കുന്നത് . കുശുമ്പു കലർന്ന ചോദ്യം അവളെ കുറച്ചായി അലട്ടുന്നുവെന്ന് തോന്നുന്നു. ഇത്രയും നാളും ഞങ്ങളുടെ എല്ലാ വാത്സല്യങ്ങളും നുകർന്നതവളായിരുന്നു. ഇപ്പോൾ അവൾക്ക് പഴയ പരിഗണന കിട്ടുന്നില്ലെന്ന തെറ്റായ ധാരണയാണ് ഈ ചോദ്യത്തിനു പിന്നിലെന്ന് എനിക്കു മനസ്സിലായി. മക്കളെല്ലാം മാതാപിതാക്കൾക്ക് തുല്യരെല്ലേ; എങ്ങിനെ അവളുടെ പിഞ്ചുമനസ്സ് നോവാതെ ഒരു മറുപടി കൊടുക്കും, ഞാൻ പറഞ്ഞു " പപ്പയുടെ ഉണ്ണി കുഞ്ഞു തന്നെയാട്ടോ " അവളുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു . ഉടനെ തന്നെ അവളുടെ അടുത്ത ചോദ്യം " അപ്പോ കുഞ്ഞാപ്പോ.....??. ഞാൻ പറഞ്ഞു അവനോ അവൻ നിന്റെ ഉണ്ണിയല്ലേ ; അവനെ നീയല്ലേ നന്നായി നോക്കേണ്ടത് " .അതുക്കേട്ട് അവൾ സന്തോഷം കൊണ്ട് പൊട്ടിച്ചിരിച്ചു എന്നിട്ട് അകത്തേ മുറിയിലേക്ക് ഓടിപ്പോയി ; ഞാൻ പിറകെ പോയി നോക്കുമ്പോൾ തൊട്ടിലിൽ കിടക്കുന്ന കുഞ്ഞാപ്പുവിന്റെ നെറ്റിയിൽ സ്നേഹത്തോടെ അവൾ ഉമ്മ വെക്കുന്നു
ദേവ്: -

സോപ്പുപൊടി ചോദിച്ച അറബി


ഇതൊരു സംഭവ കഥയാണ് കേട്ടോ എന്റെ ജീവിതത്തിലെ. നീളം കൂടിയോണ്ട് തുടർക്കഥയാണ്
സോപ്പുപൊടി ചോദിച്ച അറബി
** xxxxxxxxxxxxxxxxxxxxxxxxx
ന്യൂ ജൻ പിള്ളേർ പറയുന്ന പോലെ "മൂന്നു വർഷത്തെ കട്ടപ്രേമം " പൊട്ടി തകർന്നതിന്റെ 'കെട്ട്" വിടാൻ ഒരു മാറ്റം ഞാൻ ആഗ്രഹിച്ചതിന്റെ ഫലമായി എന്റെ "കട്ട പ്രേരണ" മൂലം എന്റെച്ഛൻ സൗദിയിലേക്ക് എനിക്ക് വിസ ശരിയാക്കി . അങ്ങിനെ 2003 ജൂലായ് മാസത്തിൽ നനുത്ത സൗഹൃദങ്ങളും നഷ്ടപ്രണയവും മനസ്സിൽ സൂക്ഷിച്ച് ഞാൻ സൗദിയിലേക്ക് വിമാനം കയറി. ഏകദേശം ഉച്ചയോടെ റിയാദ് എയർപോർട്ടിൽ ഞാൻ ഇറങ്ങി പുറത്ത് അച്ഛനും അച്ഛന്റെ സുഹൃത്ത് സുരേഷേട്ടനും എന്നെ കാത്തുനിൽപ്പുണ്ടായിരുന്നു. ഞങ്ങൾക്ക് പോവേണ്ടത് ഖർജ് എന്ന സ്ഥലത്തേക്കാണ് റിയാദിൽ നിന്ന് 110 കിലോമീറ്റർ ദൂരമുണ്ട് അവിടേക്ക് .സുരേഷേട്ടന്റെ ടയോട്ട ക്രസിഡ കാറിൽ ഞങ്ങൾ യാത്ര തിരിച്ചു ഇടക്ക് ഒരു ഹോട്ടലിൽ കയറി കബ്സയും ( ഒരു തരം ചോറ് ) നരകത്തിലെ കോഴിയും (Grilled chicken) കഴിച്ചു ആദ്യമായതിനാൽ എനികെന്തോ അരുചി തോന്നി. പിൽക്കാലത്ത് എന്റെ പ്രിയഭക്ഷണമായി അതു മാറി എന്നത് വേറെ കാര്യം. അങ്ങിനെ ഞങ്ങൾ ഖർജിലെത്തി അവിടുത്തെ ഒരു പെട്രോൾ പമ്പ് ചൂണ്ടി കാട്ടി അവിടെയാണ് എനിക്ക് ജോലിയെന്ന് അച്ഛൻ പറഞ്ഞു. അതിന്റെ പിന്നിലെ വർക്ക് ഷോപ്പിലാണ് അച്ഛൻ ജോലി ചെയ്തിരുന്നത്.
ഖർജ് ഒരു മസ്റ (കാർഷിക) പ്രദേശം . കൂടുതലും ബദു അറബികൾ (കാട്ടറബികൾ) . അച്ഛന്റെ മുറിയിൽ കുളി കഴിഞ്ഞ് അച്ഛൻ എന്നെയും കൂട്ടി പമ്പിലെ മസൂൽ (എല്ലാ ചുമതലയും ) ആയ ഖാദർക്കാന്റെ അടുത്തെത്തി. ഖാദർക്കാ എന്നെ പമ്പിന്റെ മുദീർ (മാനേജർ) സുഡാനി സുലൈമാന്റെ അരികിലേക്ക് കൂട്ടികൊണ്ടു പോയി. ഖാദർക്കാ സലാം പറഞ്ഞു കൊണ്ട് ഓഫീസിലേക്ക് കയറി സുലൈമാൻ സലാം മടക്കി. ഖാദർക്ക പറഞ്ഞു " ഹാദി ജദീദ് നഫർ . അലിയോം ഈജി ഷുഗൽ മൽ മഹത്ത" (പുതിയ ആള് .ഇന്ന് വന്നതാണ് പമ്പിലെ ജോലിക്ക് ) സുലൈമാൻ എന്നോടായി പറഞ്ഞു "കോയിസ് ; സൂസ്മക്ക്?" എനിക്കൊന്നും മനസ്സിലായില്ല ഞാൻ ഖാദർക്കാനെ നോക്കി. "ഓന ന്റെ പേരാ ചോദിച്ചേ." ഖാദർക്കാ സ്വതസിദ്ധമായ കോഴിക്കോടൻ ശൈലിയിൽ പറഞ്ഞു ഞാൻ പറഞ്ഞു "ദേവാനന്ദ് " .
സുലൈമാൻ: ലേശ് ? (എന്താണ് ?). അങ്ങേർക്ക് മനസ്സിലായില്ല .ഞാൻ വീണ്ടും എന്റെ പേര് പറഞ്ഞു കക്ഷിക്ക് അത് ഉച്ചരിക്കാൻ പറ്റിയില്ല.
സുലൈമാൻ: "ഇന്ത ഇസ്മക്ക് കലം മുഷ്ക്കിലെ; അന കലം അഹമ്മദ് " ( നിന്റെ പേര് പറയാൻ ബുദ്ധിമുട്ട് ആണ് ;ഞാൻ നിന്നെ അഹമ്മദ് എന്നു വിളിക്കും . ഷേക്ക് സ്പിയർ പറഞ്ഞ പോലെ" ഒരു പേരിലെന്തിരിക്കുന്നു അല്ലേ "??( പറഞ്ഞത് അങ്ങേരല്ലെങ്കിൽ എന്നെ കല്ലെറിയല്ലേ.). അങ്ങനെ ഖാദർക്ക് പറഞ്ഞു " അപ്പോ ജ്ജ് നാളെ മൊതലു പണി തൊടങ്ങിക്കോ ; എണ്ണക്കം പെട്ടെന്ന് പടച്ചോളിൻ " ഞാൻ സമ്മതിച്ചു. അങ്ങിനെ കക്ഷി 12 വരെയുള്ള തും 20,30,40, തുടങ്ങി 100 വരെ അറബിഎണ്ണൽ സംഖ്യയുടെ ഉച്ചാരണം മലയാളത്തിൽ എഴുതി തന്നു. അടുത്ത ദിവസം മുതൽ ഖാദർക്കാന്റെ സഹായി ആയി ഞാൻ ജോലി തുടങ്ങി, " ജ്ജ് എണ്ണക്കം പെട്ടെന്ന് പഠിക്കീട്ടോ നുമ്മ 24 മണിക്കൂറാ പണിട്ക്ക്ണേ; ജ് വേണം പകൽ ഡ്യൂട്ടി ഇട്ക്കാൻ" . ഞാൻ : 24മണിക്കൂറോ ????? അത്ഭുതത്തോടെ ചോദിച്ചു. ഒരൽപ്പം ചമ്മലോടെ ഖാദർക്ക: "അത് പിന്നെ കമ്പനീന്റ കണക്കില് രണ്ട് ഷിഫ്റ്റ് നമ്മ രാത്രി ഒരു മണിക്ക് പെട്രോള് കയിഞ്ഞി ന്ന ബോഡു വെച്ചങ്ങട്ട് ഒറങ്ങും അത്രന്നേ "
തുടരും -----
ദേവ് :-

ചേർച്ച


വലതുകയ്യിലെ കാലൻ കുടയൂന്നി വളരെ ആയാസപ്പെട്ടാണ് വാർദ്ധക്യത്തിന്റെ അവശതയോടെ അപ്പു മാഷ് അമ്പലത്തിന്റെ കൽപ്പടവുകൾ കയറിയത് . ഇന്ന് മാഷിന്റ പേരക്കുട്ടിയുടെ പിറന്നാളാണ് .മാഷിന്റെ സഹധർമ്മിണി സുമതിയമ്മയുടെ നിർബന്ധപ്രകാരമാണ് മാഷ് അമ്പലത്തിലെത്തിയത്. മാഷിന്റെ ഏക സന്താനമായ ഹരി കുടുംബസമേതം വിദേശത്താണ്. വഴിപാട് ശീട്ടാക്കി തിരിഞ്ഞപ്പോളാണ് തന്റെ അരികിലേക്ക് നടന്നു വരുന്ന സ്ത്രീയെ അപ്പു മാഷ് കണ്ടത്. 'രാധ .... രാധയല്ലേ അത് 'അപ്പു മാഷ് സ്വയം പറഞ്ഞു , വെള്ളെഴുത്തു കണ്ണാടിയിൽ കൂടെയാണെങ്കിലും കാഴ്ച്ച അത്ര പോര മാഷിന്. അപ്പേഴേക്കും ആ സ്ത്രീ അടുത്തെത്തിയിരുന്നു അവർ ചോദിച്ചു "അപ്പുവേട്ടന് സുഖല്ലേ? ".
"ഉം, നീ എന്നാ വന്നേ?"
" ഞാനിപ്പോ തറവാട്ടിലാ താമസം ; ഹരി വിളിക്കാറില്ലേ?"
"അതേയോ; ഞാനറിഞ്ഞില്ല , ഉണ്ട് വിളിക്കാറുണ്ട്"
അവർ യാത്ര പറഞ്ഞു പിരിഞ്ഞു
തിരിച്ചു വീട്ടിലേക്കുള്ള യാത്രയിൽ മാഷ് രാധയെ കുറിച്ചാണ് ചിന്തിച്ചത് ; രാധ മാഷിന്റെ മുറപ്പെണ്ണായിരുന്നു അവർ തമ്മിൽ അനുരാഗത്തിലുമായിരുന്നു. ജാതകചേരായ്മയിൽ കാരണവർമാർ അവരുടെ വിവാഹത്തെ നിഷേധിച്ചു; കാരണവർമാരെ പിണക്കാൻ മാഷിനായതുമില്ല. ഓരോന്ന് ചിന്തിച്ച് നടന്ന അയാൾ ആറ്റിറമ്പിലെ വാകമരചുവട്ടിലെത്തി. അവിടെ നിന്നും തുടങ്ങുന്ന പാടം കഴിഞ്ഞാൽ മാഷിന്റെ വീടായി. മാഷ് ആ വാകമരത്തെ നോക്കി ,ആ മരത്തിനും തന്നെ പോലെ പ്രായത്തിന്റെ അവശതകൾ തുടങ്ങിയിരിക്കുന്നു തന്റെ മുടിയിലെ നര പോലെ അതിന്റെ ചില്ലകൾ പലതും ഉണങ്ങിയിരിക്കുന്നു. നിറയെ പൂക്കളുണ്ടായിരുന്നത് ഇപ്പോൾ അങ്ങിങ്ങ് മാത്രമേ ഉള്ളൂ. അവിടെ വെച്ചായിരുന്നു മാഷും രാധയും കണ്ടുമുട്ടിയിരുന്നത്. അവസാന വേർപിരിയലിനും ആ വൃക്ഷം സാക്ഷിയായി. പിരിയുമ്പോൾ അയാളുടെ മുഖത്തു തട്ടിയ അവളുടെ ചുടുനിശ്വാസത്തോടൊപ്പം ഊർന്ന കണ്ണുനീർ തുള്ളികൾ അയാളുടെ പാദത്തിലാണ് വീണത്. അവ വർഷങ്ങൾക്കിപ്പുറവും അയാളുടെ കാലടിപ്പാടുകളെ പൊള്ളിച്ചുകൊണ്ടിരുന്നു.
പാതി മനസ്സിലാണ് മാഷ് സുമതിയെ പിന്നീട് കെട്ടിയത്. രാധയുടെ ഓർമ്മകൾ ഉള്ളിൽ ഉള്ളതിനാലാവണം മാഷിന് സുമതിയെ സ്നേഹിക്കാനും കഴിഞ്ഞിരുന്നില്ല എങ്കിലും അവർ ഒരു പരാതിയോ പരിഭവമോ പറഞ്ഞതുമില്ല ; അടുക്കളയുടെ നാലു ചുമരുകൾക്കിടയിൽ തന്നെ പുൽകിയിരുന്ന പുകയുമായി സമരസപ്പെട്ട് ഉത്തമ കുടുംബിനിയായ് . രാത്രിയുടെ അന്ത്യയാമത്തിലുണർന്ന ശരീരപ്രേരണയിൽ മാത്രമായിരുന്നു പലപ്പോഴും മാഷ് അവരെ സ്പർശിച്ചിരുന്നത്. ഇണചേരലുകളുടെ ആലസ്യത്തിൽ മാഷിന്റെ മാറിൽ മുഖം ചേർത്ത് അവർ പല രാത്രികളിലും ചോദിക്കുമായിരുന്നു "അപ്പുവേട്ടന് രാധയായ്ർന്നു ചേർച്ച". അപ്പോഴെല്ലാം നിശ്വാസം മാത്രമാണ് മാഷിൽ നിന്ന് ഉണ്ടാവാറ്. ഹരി പിറന്നതിനു ശേഷമാണ് അവരെ പുഞ്ചിരിച്ച് കണ്ടത് പോലും. അവരുടെ സങ്കടങ്ങളെ അവർ ഹരിയിലൂടെ മറന്നു.
ദൂരെ പാടവരമ്പിലേക്ക് വഴികണ്ണുമായി ഉമ്മറകോലായിൽ സുമതി ഇരിക്കുന്നത് പടിപ്പുരകയറുമ്പോൾ മാഷ് കണ്ടു. താൻ പുറത്തു പോയി തിരിച്ചെത്തുന്നതു വരെ അവൾക്ക് ആവലാതിയാണ്. ഉമ്മറകോലായിലേക്കു കയറുമ്പോൾ അവർ മാഷ് ടെ കയ്യിൽ നിന്ന് കുടവാങ്ങി ഉത്തരത്തിലെ ഇരുമ്പാണിയിൽ കൊളുത്തി കൊണ്ടു പറഞ്ഞു " രാധ ഇപ്പോൾ തറവാട്ടിലാണത്രേ താമസം "
" ഞാൻ അമ്പലത്തിൽ വെച്ച് കണ്ടു "
" അപ്പുവേട്ടന് രാധയായ്ർന്നു ചേർച്ച " അന്ന് ആദ്യമായ് മാഷ് മറുപടി പറഞ്ഞു " അല്ല നീ മാത്രമാണ് എനിക്ക് ചേർച്ച " . ആയിരം പൂർണ്ണചന്ദ്രൻ മാരുടെ തെളിച്ചം ആദ്യമായ് മാഷ് അവരുടെ മുഖത്ത് കണ്ടു. നിമിഷാർദ്ധത്തിൽ അവർ മാഷിനെ പുണർന്ന് കൊണ്ട് ചുളിവു വീണ നെറ്റിയിൽ അമർത്തി ചുംബിച്ചു. സ്ഥലകാലബോധം വീണ്ടെടുത്ത അവർ നാണത്തോടെ ചൂണ്ടുവിരൽ കടിച്ച് അകത്തളത്തേക്ക് ഓടി മറഞ്ഞു. മാഷിന് മനസ്സിലായി ഇത്രയും കാലം ഈ മറുപടി കേൾക്കാനാണ് അവരിത് ചോദിച്ചതെന്ന്. നഷ്ടബോധത്തിന്റെ ഒരു ചുടുനിശ്വാസം മാഷിൽ നിന്നും ഉതിർന്നു പക്ഷെ അതൊരിക്കലും രാധയെ കുറിച്ചോർത്തായിരുന്നില്ല. പുറത്ത് മഴ മെല്ലെ ചാറാൻ തുടങ്ങിയിരുന്നു.
ദേവ്: -

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo