Showing posts with label BinoAugustine. Show all posts
Showing posts with label BinoAugustine. Show all posts

സമസ്യ


ആദ്യ പ്രണയവും ആദ്യ ചുംബനവും ആരും എത്ര പ്രായമായാലും മറക്കില്ലത്രേ. എനിക്കെന്തോ രണ്ടാമത്തെ കാര്യം അത്ര ഓർമയില്ല . ആദ്യത്തെ പ്രണയമെന്നു പറഞ്ഞാൽ അതിപ്പോ ഏതായിരുന്നു ആദ്യം എന്നാലോചിക്കെണ്ടിവരും . ഒന്ന് ക്രമപെടുത്തിയപ്പോൾ പിടി കിട്ടി. ആദ്യ പ്രണയം 13 വയസ്സിലായിരുന്നു. വീടിനു തൊട്ടു താഴത്തെ തോമച്ചാൻ സാറിന്റെ മൂന്നു പെണ്മക്കളിൽ രണ്ടാമത്തവൾ. ഇത്തിരി പൊക്കം കുറഞ്ഞു സുമലതയെ പോലിരിക്കും. ഈ പെൺകുട്ടിയുടെ വീടിനു വശത്ത് കൂടി ഇത്തിരി കയറ്റം കഴിഞ്ഞാണ് എന്റെ വീട്. പ്രണയം തലയ്ക്കു പിടിച്ചതിൽ പിന്നെ അവരുടെ വീടിന്റെ വശത്ത്‌ കൂടി വിലകുറഞ്ഞ അല്ലേൽ നിലവാരം കുറഞ്ഞ എന്തേലും ജോലികൾ , എന്ന് വച്ചാൽ പശൂനേം കൊണ്ട് കടന്നു പോവുക, തലയിൽ റബ്ബർ വച്ചോണ്ട് കടന്നുപോവുക , അതിന്റെ ചാണകം കോട്ടയിൽ കൊണ്ടുപോവുക, ഇതൊക്കെയെന്നെ സംബന്ധിച്ചു വളരെ ആത്മഹത്യ സമമായിരുന്നു. നിഭാഗ്യവശാൽ അപ്പോളൊക്കെ അവളതു കാണുകയും ചെയ്യും. പുത്തനുടുപ്പിട്ട് പോകുമ്പോഴും, bsa slr സൈക്കിളിൽ ചെത്തുംപോളും ഞാൻ അവൾ എന്നെ കണ്ടോന്നു തിരിഞ്ഞും മറിഞ്ഞും നോക്കും , എവിടെ.. ?
അങ്ങിനെ ഒളിഞ്ഞും മറഞ്ഞും ഞാൻ പ്രേമിച്ചുകൊണ്ടേയിരുന്നു.
പഠിത്തതിൽ ഞാൻ തീരെ പോരന്നാണ് വീട്ടുകാർ പറയുന്നത്, അവര് നോക്കുമ്പോൾ മൂത്തപെങ്ങൾ സദാ ഊണും ഉറക്കവുമെല്ലാം പുസ്തകത്തിലും . എല്ലാം പാഠപുസ്തകത്തിലല്ല പ്രായോഗിക പഠനത്തിലാണ് അറിവ് എന്ന് ഞാനും വാദിക്കും. അവസാനം എന്റെ നിലവാര തകര്ച്ച കണ്ട വീട്ടുകാർ എനിക്ക് പ്രത്യേക ടൂഷൻ ശരിയാക്കി. ഒരു മുക്കലവലയാണ് ഞങ്ങളുടെ സ്ഥലം. ബസ്സിറങ്ങി ഇത്തിരി മുന്നോട്ടു നടന്നാൽ ആദ്യം ഇടത്തു കാണുന്നതാണ് വീട്ടിലേക്കുള്ള വഴി. അവിടൊരു കിണറുണ്ട് . പലപ്പോഴും ടൂഷൻ ക്ലാസ്സിൽ പോകാതെ ക്രിക്കറ്റ്‌ കളിച്ചിട്ട് ഈ കിണറ്റിലെ വെള്ളം കോരി കാലിലെ പൂഴിമണൽ കഴികിയിട്ടേ വീട്ടില് പോകൂ. അവരുടെ ധാരണയിൽ പാവം ഞാൻ പഠിത്തോം കഴിഞ്ഞു ടൂഷനും കഴിഞ്ഞു വരുന്നു. പക്ഷെ ഒരിക്കൽ പണി കിട്ടി. ബസ്സിറങ്ങി കാലിലെ പൂഴി കഴുകുന്നതിന്‌ മുൻപേ അപ്പൻ എന്നെ കണ്ടു. ഒരു ചോദ്യം " നീ ഇന്ന് ടൂഷന് പോയില്ലേ.. ?
ഞാൻ ഒന്നും മിണ്ടിയില്ല. പൊതുവേ പട്ടാള ചിട്ടയുമുള്ള ക്ഷിപ്രകോപിയുമായ ( എന്ന് വച്ചാൽ എന്ടപ്പാൻ ഉറങ്ങുന്ന സമയത്ത് ഒരു പൂവാൻ കോ ഴിപോലും കൂവാൻ പാടില്ല.. എൻറെരിവിൽ ഒരു കോഴി അങ്ങിനെ ഒരിക്കലേ കൂവിയിട്ടുള്ളൂ .. പിറ്റേന്ന് ഞങ്ങൾക്ക് കോഴിയായിരുന്നു കറി) അദ്ദേഹം ചുറ്റും നോക്കി എനിക്കിട്ടു പെരുക്കാൻ നല്ലൊരു പത്തലെടുത്തു. പൊതുവെ അപ്പന്റെ അടിയെ പേടിയുള്ള ഞാൻ മനസ്സുരുകി ദൈവത്തോട് അപേക്ഷിച്ചു . എന്റെ കാമുകി ഇതൊന്നും കാണല്ലേന്നു.. ആദ്യത്തെ അടി കൃത്യം പിന്നിൽത്തന്നെ കിട്ടി. അടികൊണ്ടു ഞാൻ നേരെ അവളുടെ വീട്ടിലേക്കു നോക്കിയപ്പോൾ കർത്താവ് കുരിശിൽ കിടക്കുന്നപോലെ അവൾ അവളുടെ വീടിന്റെ ഉമ്മറത്തെ ഗ്രില്ലിൽ കൈ വിടർത്തി പിടിച്ചു എല്ലാം കണ്ടു കൊണ്ട് നിൽക്കുന്നു . അവളുടെ ആ നോട്ടത്തിൽ രണ്ടാമത്തെ അടിയുടെ വേദന ഞാൻ അറിഞ്ഞതേയില്ല .
എന്റെ ആദ്യ പ്രണയിനിയുടെ മുൻപിൽ കന്നിനെ പോലെ തല്ലു വാങ്ങുക .. എന്റെ ആത്മാഭിമാനത്തിനേറ്റ മുറിവു പറഞ്ഞറിയിക്കാൻ വയ്യ.അപ്പനോടുള്ള പ്രതികാരമെന്നോണം വീട് വിട്ടുപോയലോന്നു വരെ തോന്നി. അതിലും നല്ലത് ചാകുന്നതാണെന്ന് പിന്നീട് തോന്നി. അതിനു വേണ്ടി നേരെ പറമ്പിലേക്ക് പോയി കയ്യികിട്ടിയ പച്ചില ( പിന്നീടത്‌ കമ്മ്യൂണിസ്റ്റ് പച്ചയാന്നു അറിയാൻ പറ്റി ) കുറെ പറിച്ചു തിന്നു. എന്റെ ശവം ആരും കാണാതെ പൊവെരുതല്ലോ , അതിനു വേണ്ടി നേരെ വീട്ടിലേക്കുള്ള നടപ്പ് വഴിയുടെ അടുത്തുള്ള ഒരു റബ്ബറിന്റെ ചോട്ടിൽ മരണത്തെ മാടിവിളിച്ചു ഞാൻ വടിപോലെ കിടന്നു . നിലത്തു കിടന്നു കൊണ്ട് മേലേക്ക് നോക്കുമ്പോൾ കാണുന്ന കാഴ്ച്ചയിൽ മരത്തിന്റെ ശിഖരങ്ങൾ .. എന്നെ കളിയാക്കുന്നപോലെ അതിലിരുന്നു വാലിളക്കി "ചിൽ. ചിൽ" എന്ന് കരയുന്ന അണ്ണാൻ... അര മണിക്കൂർ കിടന്നിട്ടും മരിക്കാത്തതിനാൽ ഞാൻ എഴുന്നേറ്റിരുന്നു.. അപ്പോഴേക്കും എന്നെ കാണാഞ്ഞിട്ടു എന്റെ ഇളയ പെങ്ങള വന്നിട്ട് " അപ്പൻ ഏത്തക്ക ബോളി വാങ്ങികൊണ്ട് വന്നിട്ടുണ്ട്.. വേണേ വാ ഇല്ലേപ്പോ തീരും..ഇതപ്പന്റെ കോമ്പൻസേഷൻ ആണെന്നറിയാം , പക്ഷെ ഏത്തക്ക ബോളി അന്നും ഇന്നും എന്റെ ഒരു ദൗർബല്യമായതിനാൽ തൽക്കാലം പ്രേമവും നിരാശയും മറന്നു.
എന്തായാലും പിന്നീട് എന്റെ കാമുകിയുടെ മുഖത്തു ഞാൻ നോക്കിയിട്ടില്ല. അതോടെ അത് ശുഭം.
പിന്നെ മനസ്സിൽ ഓര്മ വരുന്നത് ഇത്തിരി കൂടി മുതിർന്ന പത്താം സമയത്തെ പ്രേമമാണ് . നല്ല വെളുത്തു സുന്ദരിയായ , മിഡിയും ടോപ്പും ഇട്ടു, മുടി രണ്ടായി പിന്നി കെട്ടി,അതിലൊന്ന് മുന്നോട്ടും മറ്റൊന്ന് പിറകോട്ടും ഇട്ടു, ചുണ്ടെപ്പോഴും നാവുകൊണ്ട് നനച്ചുകൊണ്ടിരിക്കുന്ന, കൂട്ടുപിരികമുള്ള അതുപോലെ തന്നെ കൺപീലികളിൽ നിറയെ രോമമുള്ള സദാ പുഞ്ചിരിച്ചുകൊണ്ട് നടക്കുന്ന ഒരു പെൺകുട്ടി . നടക്കുമ്പോൾ മിഴി താഴേക്ക്‌ നോക്കി നടക്കുന്ന ഈ സുന്ദരി എന്റെ സാമീപ്യം എങ്ങിനെ മനസ്സിലാക്കുന്നു എന്നറിയില്ല , ഒരു നിമിഷനേരത്തെക്ക് മിഴി ഉയർത്തി അവൾ എന്നെയൊന്നു നോക്കുമ്പോൾ എന്റെ മനസ്സിലൂടെ ഓടുന്ന മിന്നൽ പിണർ പറഞ്ഞറിയിക്കാൻ വയ്യ. രണ്ടു പേരും രണ്ടു ഇടങ്ങളിലെ കോളേജിൽ ആയതിനാൽ അവളുടെ നോട്ടം എനിക്ക് നഷ്ടമായി.
കാലം കടന്നു പോയി, ജോലി കിട്ടി. ജോലി സമയം കുറവും, ഒഴിവുസമയം കൂടുതലും.ആകെ ബോറടിക്കുന്ന ജീവിത സമയങ്ങൾ..നാട്ടിലെ സുഹൃത്തിന്റെ ഒരു കത്തിൽ ഈ പെണ്കുട്ടിയെ കുറിച്ച് വന്ന ഒരു പരാമർശം വീണ്ടും എന്നെ അവളുടെ ഓർമകളിലേക്ക് കൊണ്ടുപോയി. നാലക്ക ശമ്പളമുള്ള സര്ക്കാര് ജോലിയായി ഇനി എന്ത്..? നേരെ ഒരു inland എടുത്തു മനസ്സിലുള്ള സകല ഇഷ്ടവും അവളെ എഴുതി അറിയിച്ചു. അവളെ ഇഷ്ടമാന്നും ,കാത്തിരിക്കാനും , ഇഷ്ടമില്ലേൽ മറുപിടി അയക്കണ്ടാന്നും പറഞ്ഞു.
കുറെ നാളുകൾ അവളുടെ കത്തുകൾക്ക് വേണ്ടി കാത്തിരുന്നു.. ഒന്നും സംഭവിച്ചില്ല..ശൈശവ പ്രണയം !! അതും ഇല്ലാണ്ടായി ..
വർഷങ്ങൾ കഴിഞ്ഞു.. ഇന്ന് ഞാൻ കല്യാണം കഴിഞ്ഞു . എനിക്കിന്ന് 2 മാസം പ്രായമായ ഒരു കുഞ്ഞുമുണ്ട്.. ഞാൻ കത്തയച്ചു കാത്തിരിക്കാൻ പറഞ്ഞ സുന്ദരിയെ ഞാൻ പാടെ മറന്നു.. എങ്കിലും കാലത്തിന്റെ കുത്തൊഴിക്കിൽ ഞങ്ങൾ അപ്രതീക്ഷിതമായി ഒരിക്കൽ കൂടി എന്റെ ഒരു സുഹൃത്തിന്റെ സാന്നിധ്യത്തിൽ കാണാനിടയായി .
ഞങ്ങൾ ഒരു ബീച്ചിന്റെ പാറകൂട്ടത്തിൽ ഇരുന്നു. കൂടണയാൻ ചെറുകിളികൾ മുന്നിലൂടെ തലങ്ങും വിലങ്ങും പറക്കുന്നു. കടലിനോട് ചേര്ന്നുള്ള കെട്ടിൽ വെള്ളം തിരയായി വന്നു തള്ളുന്നതിന്റെ ശബ്ദം . ഞാൻ പരമാവധി ഒന്നും സംസാരിക്കാതിരിക്കാൻ ശ്രമിച്ചു . ഇനിയിപ്പോ ചോദിച്ചിട്ടു കാര്യമില്ലന്നറിയാം.. എങ്കിലും ഒരു ആകാംഷ .. അതിനു മുന്പ് ജീവിതത്തിലിതുവരെ ഞങ്ങൾ മിണ്ടിയിട്ടില്ല , ഇത്രടുത്തു ഒന്ന് കണ്ടിട്ട് കൂടിയില്ല.. അവളുടെ ഒരു നോട്ടം.. ഞാനതിൽ സംതൃപ്തനായിരുന്നു.. എനിക്കുള്ള വാക്കുകൾ അതിലുണ്ടായിരുന്നു എന്നതാണ് സത്യം.
സുഹൃത്ത് മെല്ലെയൊന്നു മാറിയപ്പോൾ ഞാൻ മെല്ലെ അവളെ പേര് ചേർത്തു വിളിച്ചു . അവൾ ആദ്യമായി എന്റെ മുഖത്തേക്ക് കുറെ നേരം നോക്കിയിരുന്നു.. മെല്ല മുഖം മാറ്റിയിട്ടു “എന്നായിരുന്നു വിവാഹം” എന്ന് ചോദിച്ചു.
ഞാൻ മെല്ലെ തീരെ ആത്മധൈര്യമില്ലാതെ ആ കത്തിനെ കുറിച്ചു സൂചിപ്പിച്ചു..സംസാരിച്ചപ്പോൾ സ്വരം പാതി പുറത്തേക്ക് വന്നതുകൂടിയില്ല.. " "ഞാനൊരു കത്തയിച്ചിരുന്നു..
അവൾ " ഉവ്വോ '?
ഉവ്വ്.. മറുപിടി കണ്ടില്ല..
"എന്തായിരുന്നു അതിൽ ?
ഞാൻ ഒന്ന് പതറി.. പിന്നെ ധൈര്യം സംഭരിച്ചു പറഞ്ഞു.." ഒന്ന് സെറ്റിൽ ആയപോൾ അറിയാവുന്ന ഒരാളെ കല്യാണം കഴിച്ചാൽ കൊള്ളാമെന്നു തോന്നി.. അതൂണ്ട് എന്നെ ഇഷ്ടാന്ന് വച്ചാൽ മറുപിടി അയക്കാൻ പറഞ്ഞിരുന്നു..
അവൾ എന്നെ സൂക്ഷിച്ചൊന്നു നോക്കി
" ഇല്ല..എനിക്കങ്ങിനൊരു കത്ത് കിട്ടിയില്ല. ഇനി കടയിൽ കിട്ടീട്ട് പപ്പാ എങ്ങാനും കീറി കളഞ്ഞോ ആവോ?
അവളുടെ വീട്ടിലേക്കുള്ള കത്തൊക്കെ അവളുടെ പപ്പയുടെ പലചരക്കു കടയിലാത്രേ പോസ്റ്മാൻ കൊടുക്കുക .
ഞാൻ ഒന്നും മിണ്ടിയില്ല..തീരെ പ്രസക്തിയില്ലാത്ത ചോദ്യവും ഉത്തരവുമാണ് .. പക്ഷെ മനുഷ്യ സഹജമായ ആകാംഷ .
ഇതൊക്കെ കേട്ട് അടുത്തു നിൽക്കുന്ന സുഹൃത്ത് എന്നെ ഞെട്ടിച്ചോണ്ട് ഒരു കുസൃതിചോദ്യം അവളോട്‌ ചോതിച്ചു .
"അല്ല, ഇനീപ്പോ കത്ത് കിട്ടീന്നു വക്കുക .. എന്ത് തീരുമാനിച്ചേനെ ?
എന്റെ ഉള്ളിലും ഒരു ചെറിയ ആകാംഷ.. ചൂണ്ട വിഴുങ്ങിയ മീന്റെ അവസ്ഥ..
കടൽ തിരമാലകളുടെ ശബ്ദം ഒരു നിമിഷം നിശ്ച്ചലമാകാൻ ഞാൻ കൊതിച്ചു.
ആകാഷയോടെ അവളുടെ മുഖത്തേക്ക്..
അവൾ ഒന്നും പറയാതെ മുഖത്ത് ഒരു ചിരിയോടെ താഴേക്ക്‌ കുനിഞ്ഞിരിക്കുന്നു.. മെല്ലെ എന്റെ നേരെ മുഖം തിരിച്ചു നിറയെ കണ്പീലികലുള്ള കണ്നുകൊണ്ടെന്നെയൊന്നു സൂക്ഷിച്ചു നോക്കിയിട്ട് രണ്ടു കണ്ണും ഒരുപോലെ ഒന്നടച്ചു കാണിച്ചു. ഒരു ചെറു ചിരിയോടെ അവൾ കടലിലേക്ക്‌ നോക്കി ഇരുന്നു.. കുറെ നേരം ഞങ്ങൾ ആരും ഒന്നും മിണ്ടിയില്ല.. അവളുടെ "കണ്ണട"യുടെ പൊരുൾ മനസ്സിലാവാതെ ഞങ്ങൾ പിരിഞ്ഞു . സുവർണ്ണ സൂര്യൻ ഞാനിതൊക്കെ എത്ര കണ്ടതാ എന്ന ഭാവത്തിൽ കടലിലേക്ക്‌ അപ്പോൾ ആളിയിടുകയായിരുന്നു .
By: 

Bino Augustine

ഒരു ട്രെയിൻ യാത്രക്കിടയിൽ .....


വായനകളും യാത്രയും നമ്മുടെ വിജ്ഞാനത്തെ വർദ്ധിപ്പിക്കുന്നു എന്നാ പറയാറ്. പൊതുവെ യാത്രചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും കുടുംബം ഒരു ഒരു ആനയെ ബന്ധിപ്പിക്കുന്ന ചങ്ങലെപോലെ കാലിൽ കുരുങ്ങി കിടക്കുന്നത് കൊണ്ട് പറ്റാറില്ല .ചിലപ്പോളങ്ങ് ആഞ്ഞു വലിച്ചു നോക്കിയാലും അതിനൊരു ഇലാസ്റ്റിക് സ്വഭാവമായതിനാൽ കൊടുക്കുന്ന അത്രയും ബലത്തിൽ വേഗത്തിൽ തിരിച്ചു വലിക്കാറാണുള്ളത് , അതിനുമപ്പുറം വിവേകം ഒരു ദൂതനെപോലെ ചെവീൽ പറയും, അവസാന കാലത്ത് തന്നെ കിടന്നു വലിക്കുന്ന നേരത്തു തന്നെയേ കാണൂള്ളൂത്രേ.. അതുകൊണ്ട് "കഴുത കാമം കരഞ്ഞു തീർക്കുന്നപൊലെ"സന്തോഷ്‌ ജോർജ് കുളങ്ങരയുടെ സഞ്ചാരം കണ്ടു ഞാൻ സായൂജ്യമടയും .
ഏറ്റവും അധികം ഞാൻ യാത്ര ചെയ്തിരിക്കുന്നത് തീവണ്ടിയിലാണ്. അതും കേരള എക്സ്പ്രസ്സ്‌ എന്ന ട്രെയിനിൽ . പാലക്കാട് കഴിഞ്ഞാൽ കേരളം വിട്ടു എന്ന തോന്നൽ തോന്നി തുടങ്ങും, ഒപ്പം നൊസ്റ്റാൾജിയ അനുഭവപ്പെടുകയും ചെയും. അതിനാൽ തന്നെ ഈ ഗൃഹാതരത്വം കൂടെ കൊണ്ടുപോകാനായി ആകെ ചെയ്യാവുന്നത് മലയാള ഭക്ഷണങ്ങൾ വയറു നിറയെ കഴിക്കുകയും ഹൽവ നേന്ത്രക്കായ് വറുത്തത് എന്നിവ വാങ്ങി വക്കലുമാണ്. അതിവേഗം ഓടുന്ന ട്രെയിനിന്റെ ജാലകത്തിലൂടെ നോക്കിയാൽ പ്രകൃതി നമ്മൾക്ക് ഒപ്പം കുറെ ഓടി പിന്നീട് മനപൂർവം നമ്മളെ ജയിപ്പിക്കാൻ തോറ്റു തന്നപോലെതോന്നും. നിലാ രാത്രികളിൽ ചന്ദ്രനും അങ്ങിനെയാണ് . നീ ഉറങ്ങീട്ടെ
ഞാനുറങ്ങുന്നുള്ളൂ എന്ന് പറഞ്ഞു നമ്മളെ ഉറക്കാൻ ശ്രമിക്കുന്നപോലെ..
ആദ്യത്തെ ദിവസ ട്രെയിൻ യാത്രയിൽ 8 പേരുള്ള സ്ലീപ്പർ എന്ന നമ്മുടെ കാബിനിൽ എല്ലാവരെയും ഒന്ന് കണ്ണോടിച്ചു നോക്കും. നമ്മൾ ചെല്ലുമ്പോഴേ ചിലർ ചീട്ടു കളിയിലായിരിക്കും.. ചിലർ കൊന്തചോല്ലുന്നവർ , ചിലർ എന്നെ പോലെ സർവ്വതും വീക്ഷിച്ചിരിക്കും.. അയാൾ ആദ്യം മിണ്ടട്ടെ എന്നു കരുതിയുള്ള ചെറിയൊരു മസിൽ പിടുത്തത്തോടെ ആദ്യ ദിനം കടക്കും.. രണ്ടാം ദിവസം ബലൂണിന്റെ കാറ്റുപോയപോലെ എല്ലാവരുടെയും ഈഗോ ഇറങ്ങും..പിന്നെ പരിചയപെടലായി, വീട്ടിലെ ഭക്ഷണപായ്ക്ക് ഷെയർ ചെയ്യലായി.. അന്താക്ഷരി കളിയായി. ബഹളമായി. ഇതിലൊക്കെ പെടാതെ ഒരാൾ കാണും, അയാളാണ് "ബു: ജി " തന്റെ അഭിപ്രായം പറയാനൊരു അവസരം വരെ അയാൾ കാത്തിരിക്കും..
ഇങ്ങെനെയുള്ള ഉള്ള ഒരു ട്രെയിൻ യാത്രയിലാണ് പാലക്കാടുനിന്നുള്ള സഹപ്രവർത്തകൻ എന്റെ കാബിനിൽ വരുന്നത് . പ്രശ്‌നം അവനു RAC ആണ്. അതായത് reservation against cancellation . ഈ അവസരത്തിൽ രണ്ടു പേർക്ക് ഒരു സീറ്റ് അലോട്ട് ചെയ്യും. ഇതും പലപ്പോഴും clear ചെയ്യാറുണ്ട്. എങ്കിലും ഇടയ്ക്ക് ഇതു കൺഫോം ആവാതെ പലപ്പോഴും രണ്ടുകൂട്ടരും അഡ്ജസ്റ് ചെയ്യാറുണ്ട്. പൊതുവെ സ്ത്രീ വിരോധിയായ അവനു സീറ്റു share ചെയ്യേണ്ടത് ഒരു കോട്ടയം അച്ചായത്തിയോടാത്രേ .. അതിനാൽ ഒരു സഹായമായിട്ടു അവനു പകരം ഞാൻ പോണംത്രെ. ജീവിതത്തിൽ ഇതേവരെ എനിക്കു അവൻ ചെയ്തു തന്നിട്ടുള്ള സഹായങ്ങളുടെ മൊത്തം കെട്ടഴിച്ചപ്പോൾ , അതിൽ ഒരു പത്തു രൂപക്ക് change ആയി രണ്ടഞ്ചു രൂപ വരെ തന്ന കണക്കു കേട്ടപ്പോൾ എനിക്കു പോയേ മതിയാവൂ എന്നുറപ്പായി..
പൊതുവെ ഒരിടത്തു സെറ്റിൽ ആയാൽ പിന്നെ ഞാൻ അവിടെയങ്ങു കൂടാനാണ് പതിവ്. പെട്ടീം തൂക്കി അതും ഓടുന്ന ട്രെയിനിൽ പിറകോട്ടു നടക്കണം.. മനസ്സിൽ പ്രാകി ഞാൻ പെട്ടിയും തൂക്കി അവിടേക്കു ചെന്നു. തമിഴ് നാട്ടിൽ കേറുമ്പഴേ എനിക്കോ അല്ലേൽ അവൾക്കോ സീറ്റ്‌ കിട്ടും എന്നതായിരുന്നു സുഹൃത്തിന്റെ ഉറപ്പ് . അങ്ങിനെ ഞാൻ S3 എന്ന കോച്ചിൽ നിന്നും S8 ലേക്ക് യാത്രയായി.
പെട്ടിയും തൂക്കി യാത്രക്കാരുടെ ഇടയിലൂടെ ഞാൻ നടക്കുന്നു. പല കാബിനിലും കയ്യിൽ കുഞ്ഞു ചൂലുമായി നടക്കുന്ന കൊച്ചു കുട്ടികൾ. മൂക്കൊലിപ്പിച്ചു , വൃത്തിയില്ലാത്ത, കുളിച്ചിട്ടു വർഷങ്ങളായ, അരയിലെ കീറിയ നിക്കർ ഊരി പോകാതിരിക്കാനായി ചാക്കു നൂലുകൊണ്ട് കെട്ടിയ കുട്ടികൾ.. അവർ നമ്മളിരിക്കുന്ന ഭാഗം ക്ലീൻ ചെയ്തു തരും , അതിനുശേഷം ദീനമായ മുഖത്തോടെ നമുക്ക് നേരെ കൈനീട്ടും.. പകരം ഭക്ഷണം അല്ലേൽ ഇരുപത്തഞ്ചു പൈസ , ഇതാണ് കൂലി.
അടുത്ത ബോഗിയിൽ എപ്പോഴും കാണുന്ന പാട്ടുകാരി സ്ത്രീ. അവരുടെ കയ്യിൽ എപ്പോൾ കണ്ടാലും ഒരേ പ്രായത്തിലുള്ള ഒരു കുട്ടിയുണ്ടാവും.. അതു പോലെ തന്നെ ഒരേ പാട്ടും "പർദേശി, പർദേശി .. ജാനാ നഹീ " ഹമേ ചോഡ്‌ക്കെ .. കുട്ടിയെ മാറിൽ കിടത്തി കയ്യിലുള്ള രണ്ടു പലക കഷ്ണങ്ങൾ കൂട്ടി തല്ലിയാണ് പാടുന്നത്. അവർക്കു പിന്നിൽ റയിൽവേ പോലീസ് കാത്തു നിൽപ്പുണ്ടാവും , പാടികിട്ടിയതിന്റെ ഓഹരി പറ്റാൻ .
അങ്ങിനെ ഇവരെയൊക്കെ കടന്നു ഞാൻ എന്റെ പുതിയ സീറ്റിലെത്തി. ഞാൻ ചെല്ലുമ്പോൾ ആ സീറ്റിലാരുമില്ല. ചുറ്റും നോക്കിയിട്ടും ആരെയും കണ്ടില്ല. ഇതിനോടകം അവർക്കു സീറ്റ് അലോട്ടായി കിട്ടി പോയിരിക്കാം. അങ്ങിനെ എന്റെ പെട്ടിയൊക്കെ ഇറക്കി ചങ്ങലയൊക്കെ ഇട്ടു പൂട്ടി ചുറ്റുന്നുമുള്ളവരെ ഒക്കെ ഒന്നു വീക്ഷിച്ചു. അതിലൊരു കുടുംബം , അവരുടെ 3 , 4 വയസുള്ള ഒരു കുഞ്ഞു കുട്ടിയെ ഞാൻ കണ്ടു. ഇടക്ക് എന്തോ സാധനങ്ങളൊക്കെ വിലപ്പനക്കു വരുന്ന ആളുകളുടെ കൂടയിലെ ഏതോ കളിപ്പാട്ടത്തിനു അവൻ വാശിപിടിച്ചു കരയുന്നു.
കുട്ടിയുടെ അപ്പൻ എന്നെ കാണിച്ചു കുട്ടിയോട് "ഇനി കരഞ്ഞാൽ ഈ മാമൻ നിന്നെ പിടിച്ചു കൊണ്ടു പോകും.. മാമൻ പോലീസാ "വെറുതെ ഇരുന്ന എനിക്കു പെട്ടന്ന് പോലീസിന്റെ ഭാവം കാണിക്കേണ്ടി വരുന്ന ഒരവസഥ . ഞാനായിട്ടു ആ കാബിനിലെ സമാധാനം കളയണ്ടാന്നു കരുതി ഞാൻ പോലീസാവാൻ തീരുമാനിച്ചു. ഞാൻ പതുക്കെ മീശ പിരിച്ചു അവനെ ഒന്നു നോക്കി. അഭിനയം ഉഷാറായി. അവൻ കരച്ചിൽ നിർത്തി. കൊച്ചിന്റെ അമ്മ ഈ അവസരം ശരിക്കു മുതലാക്കാനുള്ള ശ്രമമായി. ഫ്‌ളാസ്‌കിലെ പാൽ ഒരു ഗ്ലാസ്സിൽ പകർത്തി "ഇതു കുടിച്ചില്ലേൽ പോലീസ് മാമൻ പിടിച്ചോണ്ടുപോവും , അതോണ്ട് പെട്ടന്ന് കുടിച്ചോ.." ഉണ്ണി എന്നു പേരുള്ള കുട്ടി എന്നെ സൂക്ഷിച്ചൊന്നു നോക്കി , എനിക്കാ നോട്ടത്തിന്റെ അർത്ഥം മനസ്സിലായി.. മാമൻ പോലീസല്ലട്ടോ മോൻ പേടിക്കേണ്ട എന്നെനിക്കു പറയണമെന്നുണ്ട്.. പക്ഷെ മറ്റു വഴിയില്ലാത്തതിനാൽ എനിക്കാഭിനയം തുടരേണ്ടി വന്നു. ഒപ്പം കൊച്ചിന്റെ അമ്മയുടെ ചോദ്യവും.. " പാലുകുടിച്ചില്ലേൽ മാമൻ ഉണ്ണീനെ പിടിച്ചോണ്ടു പോവില്ലേ ?" ഞാൻ തലയാട്ടി .. ഞാൻ തലയാട്ടിയതും കുട്ടി അമ്മയുടെ കയ്യിലെ ഗ്ലാസ്സ് വാങ്ങി ഒറ്റ ഇറക്ക് . ഗ്ളാസ് കാലി !!! കുട്ടീടെ മുഖത്തു പാൽ കൊണ്ടു മീശ വച്ചപോലൊരു പാട്. കൊച്ചിന്റെ അപ്പനും അമ്മയും എന്നെ നന്ദിയോടെ ഒരു നോട്ടവും ചിരിയും.. ആ കാബിനിലെ എല്ലാവരുടെയിടയിലും എനിക്കാണേൽ നല്ലൊരു ഇൻഡ്രോ കിട്ടിയ ഫീൽ .. അഭിമാന നിമിഷം.. !!!
ഒരു നിമിഷം എന്നെ തന്നെ നോക്കിയിരിക്കുകയായിരുന്നു ഉണ്ണിയുടെ മുഖം ഞാൻ ശ്രദ്ധിച്ചു. എന്തോ ഒരു ഭാവ വ്യത്യാസം .. അവന്റെ മുഖത്തു നവരസങ്ങൾ മിന്നിമായുന്നപോലെ.. !! ഒറ്റ ഛർദ്ദി !!!! കുടിച്ച പാൽ അതേപടി പുറത്തേക്കു ഒപ്പം അവിടിരുന്നു എല്ലാവരുടെയും ശരീരത്തിലും വസ്ത്രത്തിലും പുരണ്ടു. ഞാനെന്ന പോലീസ് മാമൻ മെല്ല ഒരു കള്ളനെ പോലെ അവിടുന്നു വലിഞ്ഞു.. നടന്നു മെല്ലെ വാതിലിൽ എത്തി തുറന്ന വാതിലിലൂടെ കുറെ നേരം പുറത്തേക്കു നോക്കി നിന്നു. നേരത്തെ കണ്ട മുഷിഞ്ഞ കുട്ടികൾ അവിടെയുണ്ട്. ഇപ്പോളവരുടെ മുഖത്തു ജോലി ചെയ്ത ശേഷം ആളുകളോട് കൈ നീട്ടീ പണത്തിനു കെഞ്ചുന്ന സങ്കടമുഖമല്ല, മറിച്ച് കിട്ടിയത് എല്ലാവരും കൂടി തുല്യമായി വീതം വക്കുന്ന ,അല്ലേൽ അവനവന്റെ വീതം അല്ലേൽ അവകാശപെട്ടതു പിടിച്ചു വാങ്ങുന്ന നല്ല വീര ശൂരാപരാക്രമികളെയാണ് കാണാൻ കഴിയുക.
ഇതിനിടയിൽ ഒരാൾ ടോയ്‌ലെറ്റിന്റെ കതകു തുറന്നു പുറത്തേക്കു പോയപോലെ.. ഓടി കൊണ്ടിരുന്ന ട്രെയിൻ ഏതോ സ്റ്റേഷനല്ലാത്തിടത്തു പിടിച്ചിട്ടപോലെ.. ഒരു കുറ്റികാടുപോലെ തോന്നുന്ന സ്ഥലാം. നേരം പോയ്കൊണ്ടേയിരിക്കുന്നു. ട്രെയിൻ പോകുന്നുമില്ല . നല്ല ചൂടും ഉള്ളതിനാൽ ആകെയൊരു അസ്വസ്ഥത . കുട്ടികളൊക്കെ ഉച്ചത്തിൽ കരയുന്നു. ഞാൻ എന്റെ സീറ്റിലേക്ക് തിരിച്ചു.
അവിടെ മോഡേൺ ലുക്കിലൊരു 22 ,23 വയസ്സുള്ള പെൺകുട്ടി. ആഭരണങ്ങൾ ഒന്നും ഇല്ല, പൊതുവെ പെൺകുട്ടികൾ ധരിക്കുന്ന ചുരിദാറിനു പകരം കുർത്തയും പൈജാമയും ഇട്ടിരിക്കുന്നു. ഒന്നു ഫ്രഷ് ആയി വന്നപോലെയുള്ള ഭാവം. ആകെ ഞാൻ ഞെട്ടിയത് ഇരിക്കുന്ന ഇരുപ്പിൽ അവളുടെ ഉയരം കണ്ടിട്ടാണ്. എണീറ്റാൽ ഒരു ആറടി രണ്ടിഞ്ചു പൊക്കം. !! പെട്ടന്നൊരു സ്‌കാനിങ് .. ബാക്കിയൊക്കെ ഒക്കെ കൊള്ളാം. പക്ഷെ സീറ്റു കിട്ടിയില്ലേൽ എന്റെ കാര്യം കട്ടപ്പൊക ആകും എന്നെനിക്കു മനസ്സിലായി. വിശാല മനസ്സനാണെന്നു നേരത്തെ അഭിനയിച്ചതിനാൽ ഞാൻ തറയിൽ കിടക്കേണ്ടിവരും. സുഹൃത്ത് രഘുവിനെ മനസ്സാ അറിയാവുന്ന തെറിയൊക്കെ വിളിച്ചു.
ബോറൻ നിമിഷങ്ങൾ.. ആരും ഒന്നും മിണ്ടുന്നില്ല.. ഒരു നിമിഷം മാറിനിന്നു ആലോചിച്ചു, നമ്മുടെ സന്തോഷം നമ്മൾ തന്നെ കണ്ടെത്തണം .. അങ്ങിനെ ഞാൻ തന്നെ ആദ്യം സംസാരിക്കാമെന്നു വച്ചു. അങ്ങോട്ടു ചെന്ന എന്നോട് വേറെ ഏതോ കാബിനിലേക്കാണ് എന്നു കരുതി കടന്നു പോവാൻ അവൾ എനിക്കു വഴി തന്നു. ഞാൻ മെല്ലെ അവളെ മറികടന്നു ആ സീറ്റിൽ ഇരുപ്പായി. ഞാൻ ഹൃദ്യമായി പുഞ്ചിരിച്ചുകൊണ്ട് ഞാൻ അവളോട്‌ "ഞാനും ഇവിടാ.."
സംശയത്തിൽ അവൾ "അതെങ്ങനാ ശരിയാവുന്നെ..? ഇവിടെ രഘു എന്നൊരാളാണല്ലോ " അയാളെന്തിയെ?
"അയാൾ എന്റെ ബെർത്തിലുണ്ട്.. എന്നെ ഇങ്ങോട്ടു പറഞ്ഞു വിട്ടു.. "
"ഓ.. നിങ്ങൾക്കു already confirm സീറ്റ് ഉണ്ട്.. അതു അയാൾക്ക്‌ കൊടുത്തിട്ടു നിങ്ങൾ ഇങ്ങോട്ടു വന്നതാല്ലേ .? "
നിസ്സാര ചോദ്യം..
ആ ഒറ്റ ചോദ്യത്തിലൂടെ എന്നെ കുറിച്ചുള്ള അവളുടെ വ്യാഖാനങ്ങൾ എന്തൊക്കെയാവാം എന്നു ഞാൻ മനസ്സിലാക്കി. ഒരു സിംഹത്തിന്റെ മടയിൽ പെട്ടപോലെ.. ഒരു ആവറേജ് പെൺകുട്ടിയിലും കൂടുതൽ ബോൾഡാണിവൾ .. ഞാൻ അവളെ അളന്നു കഴിഞ്ഞു.. ചുറ്റുമുള്ളവർ എന്നെ ശ്രദ്ധിക്കുന്നു. ശരിയാ.. അവരും അങ്ങിനെ കരുതൂ.. മാനം പോകാതെ നോക്കണമല്ലോ..
സമാന്തരമായ തൊട്ടടുത്ത ട്രാക്കിലൂടെ ഉച്ചത്തിൽ ഹോൺ മുഴക്കി മറ്റൊരു ട്രെയിൻ വിപരീത ദിശയിലേക്കു പായുന്നു. എല്ലാവരും അതിന്റെ പ്രകമ്പനത്തിൽ പെട്ടുപോയ നിമിഷത്തിൽ എനിക്കു ചിന്തിക്കാനുള്ള സമയം കിട്ടി.ഞാൻ അവൾക്കുള്ള മറുപടി ഉടുത്തു.
" ഇതെന്റെ സീറ്റ് ആണ്.. എനിക്കു ഒരു തലവേദന കാരണം ഒന്നു കിടക്കാൻ വേണ്ടിയാ അവന്റെ ബെർത്തിൽ ഞാൻ പോയേ..
അവൾ ടിക്കറ്റു എന്നോട് ചോദിക്കില്ലെന്നെനിക്കുറപ്പായിരുന്നു. അത്രക്ക് ആത്മവിശ്വാസത്തിലാണ് ഞാനാ നുണ പറഞ്ഞത്. സത്യത്തിൽ കല്ലുവച്ച നുണയാണ് , പകരം അവൾ കല്പിച്ചു തരാൻ പോകുന്ന അർത്ഥത്തിൽ നിന്നുള്ള ഒരു രക്ഷയായിരുന്നു എന്റെ ഉത്തരം.
എല്ലാവരും നീണ്ടു നിവർന്നു കിടന്നു കൂർക്കം വലിച്ചുറങ്ങുന്നു. ഇത്തിരി നേരത്തെ സംസാരം പിരിമുറക്കം കുറക്കാൻ സഹായമായി. എന്റെ നാട്ടുകാരിയാണ്.. ഡെൽഹിക്കാണ് യാത്ര, വീട്ടിലെന്തോ അത്യാവശ്യകാര്യത്തിനു വന്നിട്ടു പോവാത്രേ.. എല്ലാത്തിനും മറുപടിയുണ്ട്.. പക്ഷെ ഒന്നും വിട്ടു പറയുന്നില്ല. ചില സുഹൃത്തുക്കൾ എനിക്കങ്ങിനെയുണ്ട്.. ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കും, സംസാരിക്കും.. എല്ലാ കാര്യങ്ങളും തുറന്നു പറയും..പക്ഷെ ചിലപ്പോഴൊക്കെ ഇവർ ഒരുങ്ങി പോകുമ്പോൾ എവിടെപോവാന്നു ചോദിച്ചാൽ പറയും.."ഒരീടം വരെ".. നമ്മൾ വീണ്ടും ചോദിക്കും.. "ഒരിടം വരെയോ? "എന്നാ പരിപാടി..?" അവർ " ങാ ഇത്തിരി ആവശ്യമുണ്ട്...." പെട്ടന്ന് അവർ നമ്മളെ മനസ്സിൽ നിന്നു പടിയടച്ചു പുറത്താക്കിയപോലെ.. ഇവളും ആ ജാതിയിനമായേക്കും.. അതിനാൽ ഞാനും ഒന്നും മിണ്ടിയില്ല.. നീണ്ട സീറ്റിന്റെ രണ്ടറ്റത്തുമായി ഞങ്ങളിരിപ്പായി.. രാത്രിക്കു പതിവിലും നീളം വച്ചപോലെ..
അവൾ സീറ്റിൽ ചാരിയിരുന്നു കാലുനീട്ടി ഇരുന്നിട്ട്, എന്നോടും കാലുനീട്ടി ചാരിയിരുന്നു ഉറങ്ങിക്കോളാൻ പറഞ്ഞു.. ഉറക്കം മാത്രം നടന്നില്ല..പക്ഷെ വെളുപ്പിന് വരെ വാതോരാതെ സംസാരിച്ചു.. ആളൊരു എഴുത്തുകാരിയാണ്.. സിനിമകൾ കാണും.. അതിനെ അവലോകനം ചെയ്യും.. വിമർശിക്കും.. ജീവിതം എന്നത് ഒന്നല്ലേ ഉള്ളൂ , അതിനാൽ എല്ലാ തലങ്ങളും അറിഞ്ഞിരിക്കണമെന്നു.. അങ്ങിനെപ്പഴോ മദ്യപാനത്തെകുറിച്ചും ചർച്ചയായി ..
"ഞാൻ കഴിച്ചിട്ടുണ്ട്.. പക്ഷെ തലവേദനയോർത്തു പിന്നീട് ധൈര്യത്തെ വന്നിട്ടില്ല "
ഇവൾ ആള് കൊള്ളാല്ലോ എന്നു ഞാൻ മനസ്സിൽ ഓർത്തു.. പ്രതേകിച്ചു ഒരാൺകുട്ടിക്കു പെൺകുട്ടിയോട് തോന്നുന്ന ഒരു അടുപ്പം എന്തു കൊണ്ടോ എനിക്കു തോന്നുന്നതേയില്ല.. അതിനുമപ്പുറം ഒരു ആരാധനപോലെ.. കാരണം എല്ലാ എല്ലാവിഷയങ്ങളിലും അവൾക്കു അഭിപ്രായമുണ്ട്.. ഞാനാണേൽ എതിരഭിപ്രായം ഉണ്ടെങ്കിലും തുറന്നു പറഞ്ഞു സൗഹൃദം കളയാൻ ആഗ്രഹമില്ലാത്തതിനാൽ മിണ്ടാതിരിക്കും. ഈ സ്വഭാവ വിശേഷം എനിക്കിപ്പോഴും ഉണ്ട്. അതു പോലെ തന്നെ ഞാൻ കാണിക്കുന്ന എളിമ കണ്ടു ഞാൻ മന്ദനാണ് എന്നു കരുതുന്നവരും ഉണ്ട്.എനിക്കു സ്വാതത്ര്യം ഉള്ളവരുടെ ഇടയിൽ മാത്രം ഞാൻ "എടാന്നു "പോലും വിളിക്കാറുള്ളൂ "മാനുഷിക നിയമങ്ങളിൽ" നമ്മൾ എളിമയുള്ളവരായിരിക്കണം എന്നു പറഞ്ഞാലും സംസാരത്തിൽ നിങ്ങൾക്കു പിടിച്ചു നിൽക്കാൻ പറ്റിയാൽ , അതുമല്ലേൽ ഒരാൾക്കു നിങ്ങളെ dominate ചെയ്തു സംസാരിക്കാൻ ഇട നൽകിയാൽ വിചാരിക്കുക..സംഭവം കൈ വിട്ടു പോയീന്നു..
അപ്പോൾ ട്രെയിൻ ഇത്തവണ വിജയവാഡയിൽ എത്തി. അവിടെ സ്റ്റേഷനിൽ ഫ്രഷ് ജൂസ് കിട്ടും..അതൊന്നു കുടിച്ചില്ലേൽ ട്രെയിൻ യാത്രയിൽ എന്തോ അപൂർണ്ണത വന്നപോലെ.. ഒന്നുകുടിക്കുവേം ഒന്നു വാങ്ങിയും ഞാൻ നേരെ ട്രെയിനിലേക്ക് നടന്നു..
രണ്ടാം ദിവസവും അങ്ങിനെ കഴിഞ്ഞു.. മൂന്നാം ദിവസം മുതൽ അവളെപ്പറ്റി കൂടുതൽ ചോദിക്കാതെ തന്നെ അവൾ പറഞ്ഞു തുടങ്ങി.. പാലായിലെ വലിയൊരു തറവാട്ടിലെ ഒരേ ഒരു പെൺതരി . വീട്ടു പേര് കേട്ടപ്പോഴേ എനിക്കവളുടെ കുടുംബം മനസ്സിലായി. എന്റെയൊരു അമ്മായി അവരുടെ തറവാടിനടത്തു താമസിക്കുന്നുണ്ട്.. അവരെ കുറിച്ചു ഇങ്ങോട്ടു പറഞ്ഞപ്പോൾ എനിക്കു സന്തോഷം. പലപ്പോഴും അവളുടെ കണ്ണിൽ തിളക്കവും ഇതുവരെ കാണാത്ത നാണവും ഞാൻ ആസ്വദിക്കുകയായിരുന്നു.. ഒന്നു ശ്രമിച്ചാലോ.. പൂത്ത കാശുള്ളിവീട്ടിലെ പെണ്ണാണ് .. ഏയ് അതു വേണ്ടാ , ഒരേ ഒരു ജീവിതത്തിൽ ഞാൻ റിസ്ക് എടുക്കാൻ തയാറല്ല.
പക്ഷെ എന്റെ തീരുമാനം മാറി.. എന്നെ നോക്കി എന്തോ എഴുതിക്കൊണ്ടിരുന്ന അവൾ ചുരുട്ടിയ ഒരു പേപ്പർ കഷ്ണം എനിക്കു തന്നു. മെല്ലെ അതു വാങ്ങി ഞാൻ തുറന്നു.. "ഈ ട്രെയിൻ യാത്ര നമുക്കങ്ങു ജീവിതത്തിലേക്കും നീട്ടിയാലോ.." ഇത്രേം നിഷ്കളങ്കനായ മറ്റൊരു ചെറുപ്പക്കാരനെ അവൾ കണ്ടിട്ടില്ലാത്തത്രെ ..
മനസ്സൊന്നു പിടിച്ചു.. അപ്രീസിയേഷന് ഇഷ്ടപെടാത്ത മനസ്സുണ്ടോ..? ഞാൻ അതൊന്നു മടക്കിയിട്ടു അവളെ ഒന്നു മടിച്ചു മടിച്ചു നോക്കി.. അവളുടെ നാണം അവളുടെ മുഖത്തു ചേരാത്തപോലെ.. പുരികം ഉയർത്തി അവൾ ചെറുചിരിയോടെ മറുപിടി ചോദിച്ചു.. കത്തുമായി ഞാൻ ചെറു ചിരിയോടെ ജാനയിലൂടെ പുറത്തേക്കു നോക്കി . എന്തോ പ്രായത്തിൽ കവിഞ്ഞ ഒരു പക്വത കാണിക്കുവാൻ ആരോ എന്നോട് പറയുന്നപോലെ.. ഞാൻ ഇറങ്ങുന്നതിനു മുൻപ് പറയാം എന്നു പറഞ്ഞു.
അടുത്ത സ്റ്റേഷനിൽ ട്രെയിൻ എത്തി.. വെള്ളം വാങ്ങാനെന്ന വ്യാജേനെ ഞാൻ പുറത്തിറങ്ങി.. അടുത്തപ്ലാറ്റുഫോമിലെ ബൂത് നോക്കി ഞാൻ ഓടി.. ക്യൂ നിന്നും എന്റെ ഊഴം വന്നപ്പോൾ ഞാൻ ഫോൺ കറക്കി.. ട്രെയിൻ ഇപ്പോൾ വിടും.. കറക്കി ഡയൽ ചെയ്യുന്ന ഫോണാണ്‌ .. വിരൽ കുത്തി കറക്കി, അടുത്ത നമ്പർ കടക്കുന്നതിനു ഡയൽ തിരിച്ചു വരണം .. അതു തിരിച്ചു വരുന്നവരെയുള്ള ക്ഷമയില്ലാത്തതിനാൽ അതേ
വിരൽ ഉപയോഗിച്ച് തിരിച്ചതും ഞാൻ കറക്കി..ട്രെയിൻ പോകാതെ നോക്കണം.. നാട്ടിലെ അവളുടെ വീടിനടുത്തുള്ള എന്റെ അമ്മായിയെ വിളിച്ചു. ഭാഗ്യം അമ്മായിയെ ലൈനിൽ കിട്ടി.. അമ്മായി ഞാൻ അവധിക്കു നാട്ടിൽ ചെന്നിട്ടു അവരുടെ വീട്ടിൽ ചെല്ലാത്തതിന്റെ പരിഭവം പറയുന്നു.. ഞാൻ അതൊന്നും കേൾക്കാതെ ചോദിച്ചു.. "അമ്മായി ഇങ്ങനെ ഒരു പെങ്കൊച്ചിനെ അറിയുമോ..?
പിന്നേ..ഡാ നമ്മുടെ വീടിന്റെ മുന്നിലായി കാണുന്ന സ്ഥലമൊക്കെ അവരുടേത്.. ഒരു പത്തിരുപതു ഏക്കർ റബ്ബറുണ്ട്.. അതിനുള്ളിൽ കാണുന്ന വീടാ അവരുടെ..
അമ്മായിക്ക് വിവരം മുഴുവൻ അറിയാണം .. എനിക്കാണേൽ സമയവുമില്ല.. കിട്ടിയ സമയത്തിൽ ഞാൻ ഒരു ക്ലൂ കൊടുത്തു.. വീട്ടിൽ പറയണ്ടാന്നും പറഞ്ഞു..
എന്റെ ട്രെയിൻ അതാ ചൂളമടിക്കുന്നു.. പച്ച ഫ്ലാഗ് ആരോ കാണിക്കുന്നു.ട്രെയിൻ മെല്ലെ നീങ്ങി തുടങ്ങി..
ഞാനാണേൽ അമ്മായി പറഞ്ഞ ഏതോ ഒരു വാക്കു കാരണം ഫോൺ വെക്കണോ അതോ ട്രെയിൻ പിടിക്കാനോ എന്ന ചിന്തയിലായി.. രണ്ടും കല്പിച്ചു അമ്മായിയോട് ഒന്നൂടെ ചോദിച്ചു..
" എടാ അവൾ പോക്കാ .. ചുമ്മാ എടാ കൂടത്തിൽ ചാടല്ലേ.. പണ്ട് കോളേജിന് drug അടിച്ചതിനവളെ പുറത്താക്കിയതാ.. "
"ഈശ്വരാ .. എന്റെ മാനസിക നിലയിലേക്കും ബുദ്ധിയിലേക്കും ഉൾകൊള്ളാൻ പാടുള്ളത്തിനും അപ്പുറത്തേക്കുള്ള വിഷയങ്ങൾ.. ഞാൻ ഫോൺ വച്ചിട്ടു ഓടി.. ഓടുന്ന ട്രെയിനിൽ ഏതോ ഒരു കമ്പാർട്മെന്റിൽ കയറിയപ്പോളാ ഓർത്തെ , ഫോൺ ചെയ്തതിന്റെ കാശ് കൊടുത്തില്ലാന്നു..
വിയർത്തു കുളിച്ചു സ്വന്തം സീറ്റിലെത്തി ഞാൻ ഇരുന്നു.. ഒളി കണ്ണുകൊണ്ടു അവളെ ഞാൻ സൂക്ഷിച്ചു നോക്കി.. അമ്പടീ മയക്കു മരുന്നുകാരി നീ എന്റെ കുടുംബം കുളം തോണ്ടാൻ ഇറങ്ങിയേക്കുവാ.. എന്റെ വീട്ടിലെ പാവം എന്റപ്പനും അമ്മക്കുമുള്ള ഏക ആശ്രയമാ ഞാൻ.. ആദ്യമായായി മനസു തുറന്നു ദൈവത്തിനു നന്ദി പറഞ്ഞു..
" ങാ ഇങ്ങെത്തിയോ..? ഞാൻ ഓർത്തു ട്രെയിൻ മിസ്സായി പോയിക്കാണൂന്നു .. ഇനീതൊക്കെ ഞാൻ ചുമക്കണോല്ലോ എന്നോർക്കുവായിരുന്നു.. എന്റെ സാധനങ്ങളിൽ ചൂണ്ടിയാണവൾ പറഞ്ഞത്..
എന്തോ എനിക്കവളോട് ഒന്നും പറയാൻ തോന്നിയില്ല.. അസ്വസ്ഥകൾ പെട്ടന്ന് വെളിപ്പെടുന്ന മുഖത്തോടെയാണ് ദൈവം എന്നെയീ ഭൂമിലയിലേക്ക് വിട്ടത്.. എന്തു ചെയ്യാം..
അവളതു കൃത്യമായി spot ചെയ്തു.. " ഉം എന്തോ ഉണ്ട്.. ഒരു അസ്വസ്ഥത .. ഏതു പറ്റി?
പറയാൻ പറ്റില്ലല്ലോ അവളെ കുറിച്ചു തിരക്കാൻ നാട്ടിൽ വിളിച്ചെന്നു..
പറയാതെ ഇരുന്നിട്ടും കാര്യമില്ല .. ഞാൻ നുണ പറഞ്ഞു തുടങ്ങി.. " എന്റെ ആ അമ്മായി ഇല്ലേ. നിങ്ങളുടെ വീടിനടുത്തുള്ള ... ഇപ്പഴാ ഞാൻ ഓർത്തെ.. അവരുടെ ഇളയ മോന് ജോലി കിട്ടീ.. ഇന്നവൻ പോവാത്രേ..അതോണ്ട് ചുമ്മാ ഒന്നു വിളിച്ചതാവനെ..
അവൾ പുറത്തേക്കു നോക്കി നന്നായി ഒന്നു ചിരിച്ചു.. എന്റെ നേരെ നോക്കി " എന്നിട്ടു അമ്മായി എന്നെകുറിച്ചെന്തു പറഞ്ഞു? ഞാൻ ഒക്കെ ആണോ..?
കള്ള കഥ എത്ര കൂളായി അവൾ പൊട്ടിച്ചു തന്നു.. " ങാ പറ എന്നാ പറഞ്ഞേന്നു.. "
"അതു..അതു.. "
ഞാൻ വാക്കുകൾ തൊണ്ടയിൽ നിന്നു പുറത്തേക്കു വാക്കുകൾ വരാതെ വിഷമിച്ചു..
"അതേയ്.. ഇയാൾ drug അടിച്ചുണ്ടെന്നും കോളെജിന്ന് പുറത്താക്കീന്നും ഒക്കെ കേട്ടു.. "
ഓ .. അതൊക്കെ പറഞ്ഞോ..? "ശരിയാ..പണ്ട് കോളജിന് ടൂർ പോയതാ ഗോവക്ക്.. അവിടെ വച്ചു ഭക്ഷണം കഴിക്കാൻ കയറിയ ഒരു റെസ്റ്റോറന്റിൽ വച്ചു ഒരാൾ തന്നു.. എന്താന്നറിയാനുള്ള ആകാംക്ഷയിൽ ഇത്തിരി ടേസ്റ്റ് ചെയ്തു. മറ്റു പിള്ളേർ അതു കണ്ടു . തിരിച്ചു കോളേജിൽ വന്നപ്പോൾ issue ആയി.. അവരെന്നെ പുറത്താക്കി. ഒക്കെ നടന്നതാ.. . പക്ഷെ ഇതു പത്തു പേരു പറഞ്ഞു പറഞ്ഞു അവരുടെ സംഭാവനകൂടിയായപ്പോ ഞാൻ ഒരു സ്ഥിരം drug addict ആയി.. " റിസ്ക് എടുക്കണ്ടാ ട്ടോ.. ഞാൻ മുൻപ് ചോദിച്ചത് മുഴുവൻ ദേ ഇങ്ങനേ മായിച്ചുകളഞ്ഞേര് .. അവൾ കൈ വീശി മായ്ക്കുന്നപോലെ കാണിച്ചു..
ട്രെയിൻ ഓടി കൊണ്ടിരിക്കുന്നു.. ഡൽഹി അടുക്കറായപോലെ..
ഇതൊന്നും അവളെ തീരെ കുലുക്കാത്തപോലെ.. അവൾ സന്തോഷവതിയായി കാണപ്പെട്ടു.. എന്തോ മാസികയിൽ അവൾ മുഖം മറച്ചിരിക്കുന്നതാണ് പിന്നെ ഞാൻ കണ്ട കാഴ്ച.
ഡെൽഹിക്കടുത്ത് ഇറങ്ങേണ്ട ആളുകൾ അവരവരുടെ സാധനങ്ങൾ തയാറാക്കി വക്കുന്നു..
അത്ര അടങ്ങിയിരിക്കാത്ത അവൾ കുറെ നേരം മിണ്ടാതിരുന്നപ്പോൾ ഞാൻ മെല്ലെ ആ മാസികയാണ് വലിച്ചു മാറ്റി നോക്കി..
നിറഞ്ഞ കണ്ണുകളോടെ അവൾ എന്നെ നോക്കി ഇരിക്കുന്നു..
ഇതൊക്കെ ടൈപ്പ് ചെയ്യുന്നതിനിടയിൽ പുറത്താരോ ശക്തമായി ഇടിച്ചപോലെ.. ടൈപ്പ് ചെയ്തോണ്ടിരുന്നതു തെറ്റി.. അല്ലേൽ തന്നെ മലയാളം ടൈപ്പ് ചെയ്യണമെങ്കിൽ നല്ല ക്ഷമ വേണം..
ഭാര്യയാണ് പുറത്തു ഇടിച്ചത്..
" മോനെ നീ വേണ്ടാത്തതൊക്കെ അടിച്ചു കൂട്ടി നാളെ മുതൽ ആളുകൾ എന്നെ drug addict എന്നു വിളിക്കുവോ..? നമ്മുടാളുകളാ.. വർഷങ്ങൾ പത്തായെന്നൊന്നും ആരും കരുതില്ല..
" പിന്നേ..ഇനി വിളിച്ചാലും ഞാനങ്ങു സഹിക്കും.. അല്ല വിളിക്കുന്നവന്റെ അവസ്ഥ എന്താകുമോ എന്തോ..?
"അതേയ്..സമയമായി മോൻ പോയി പിള്ളേരെ കൊണ്ടുവന്നേ .. സ്‌കൂൾ വിടാറായി..
ഞാൻ നിർത്തി എണീറ്റു അവൾക്കൊരു ചിരി നൽകി.. അവളിലും ഒരു കള്ളച്ചിരി..ഇനി സ്‌കൂളിലേക്ക്.. 

By
Bino Augustine
❤️

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo