Showing posts with label SarathMangalath. Show all posts
Showing posts with label SarathMangalath. Show all posts

അമുദ I Short Story I Sarath Mangalath

 

സ്റ്റീല്‍ പാത്രത്തില്‍ വാഴയില വട്ടത്തില്‍ മുറിച്ച് അതിനു മുകളില്‍ വിളമ്പിയ  ചൂടു പൂരിമസാല ഞാനും , അമുദയും  പതിയെ കഴിച്ചു.
        അതിനു ശേഷം റോഡ് മുറിച്ച് കടന്നു ബസ്സ്റ്റോപ്പില്‍ വന്നയുടനെ തന്നെ നാഗര്‍കോവില്‍ ബസ്സ് വന്നു. ഞാനതില്‍ കയറി ഇടതു വശത്തെ സീറ്റില്‍ ഇരുന്നപ്പോഴും അമുദയെന്നെ  നോക്കുന്നുണ്ടായിരുന്നു, 
 ഏറ്റവും പ്രിയപ്പെട്ട ഒരാളെ യാത്രയാക്കുന്ന ഭാവമായിരുന്നു അവളുടെ മുഖത്ത്.  കുറച്ചു മണിക്കൂറുകള്‍ കൊണ്ട്  ഒരാള്‍ അത്രയും പ്രിയപ്പെട്ടതാവുമോ...?
      ''ഒരു മുഴം സന്തോഷം തരാന്‍ ഒരായുസ്സിന്റെ ബന്ധമൊന്നും വേണ്ട, ഏതാനും നിമിഷങ്ങള്‍ മതിയെന്ന് '' 
               അമ്മു ഒരിക്കല്‍ എഴുതിയതോര്‍ത്തു. 
        അമുദയുടെ മുഖം കണ്ടപ്പോള്‍ ആ വാക്കുകള്‍ എത്ര ശരിയെന്ന് എനിക്കും തോന്നി. 
                 കന്യാകുമാരിയുടെ കാഴ്ച്ചകളെ പിന്നിലാക്കി ബസ്സ് മുന്നോട്ട് ചലിച്ചു കൊണ്ടിരുന്നു. 
                               ഇന്നലെ രാവിലെ പെട്ടന്നൊരു തോന്നലിലാണ്  ഈ യാത്ര പ്ലാന്‍ ചെയ്തത്. വൈകിട്ട് ഏകദേശം ഏഴു മണിയോടു കൂടി ഇവിടെയെത്തി. 
    ഒരുലോഡ്ജില്‍ മുറിയെടുത്തു ഫ്രഷ് ആയ ശേഷം പതിയെ പുറത്തിറങ്ങി, കടല്‍ തീരത്തിന്റെ ഭാഗത്തേക്ക് നടന്നു. 
     രതി സമാഗമത്തിന്റെ ആലസ്യത്തില്‍ മയങ്ങി കിടക്കുന്നൊരു പെണ്ണിനെ പോലെ രാവ്  കടലിനോട് ചേര്‍ന്നു കിടന്നു. തിരമാലകള്‍ കരിങ്കല്‍ കൂട്ടങ്ങളില്‍ മുത്തുകളായി  ചിതറി തെറിക്കുന്നുണ്ടായിരുന്നു. 
                      കടലിനഭിമുഖമായുള്ള കല്‍പ്പടവിലിരുന്ന് വെറുതെ ഫോണ്‍ നോക്കിയപ്പോഴാണ് അമ്മു  അവളുടെ ഫെയ്സ്ബുക്ക് പേജില്‍ എന്റെ യാത്രയെ പറ്റി എഴുതിയിരിക്കുന്നത് കണ്ടത്, 
       പെട്ടന്നൊരു ദിവസം സഞ്ചീം തൂക്കി കന്യാകുമാരിക്ക് പോയ എന്റെ സുഹൃത്ത് എന്നു പറഞ്ഞൊരു കുറിപ്പ് ...വായിച്ചപ്പോ ചിരി വന്നു.
                     യാത്രകളും , കാഴ്ച്ചകളുമെല്ലാം സ്വന്തം വീടിനടുത്തുള്ള ചെറിയ ടൗണിന്റെ സിഗ്നലിനപ്പുറം  പോകാത്തൊരാള്‍ എന്ന് പറഞ്ഞവളത്  അവസാനിപ്പിച്ചിരിക്കുന്നു.  
       യാത്രകളെപ്പോഴും ഒത്തിരി ഇഷ്ടങ്ങള്‍ തന്നെയാണ് , പലപ്പോഴുമത് കൂടതലായി സാധിക്കാറില്ലെങ്കിലും....
             കടലെടുത്തു പോയൊരു നഗരത്തിന്റെ അവശേഷിപ്പുകളെ പേറുന്ന ധനുഷ്ക്കോടിയിലും, വയലറ്റ് പൂക്കളുടെ ഇടയിലൂടെ കുടജാദ്രിയിലെ തണുപ്പിലൂടെയും മനസ്സു കൊണ്ടാല്ലാതെ യാത്രകള്‍ പോവണമെന്നുണ്ട്.
                 കഥയും, നമ്മളും യാത്രകളില്‍ വളരുമെന്നല്ലേ...? 
      എവിടെയോ വായിച്ചൊരു വരികള്‍ വീണ്ടും ഓര്‍മ്മകളിലേക്കണയുന്നു.
     '' രാജീവനും, നന്ദിതയും വന്നിരുന്ന കടല്‍ തീരത്തെ കല്‍പ്പടവില്‍ കാറ്റു കൊള്ളാന്‍ വരുന്നോ നീ ...? 
    ''അവരൊക്കെയാരാ...?''
                       എന്റെ മെസ്സേജിന് സ്വതവേ ട്യൂബ് ലൈറ്റായ അമ്മുവിന്റെ മറുപടി അതായിരുന്നു. 
       '' മേഘമല്‍ഹാറിലെ ബിജുമേനോനും, സംയുക്തയും....''   ഞാന്‍  മറുപടി നല്‍കി.
      '' ആ ഇപ്പോ മനസ്സിലായി ''
ഒരു ചിരിയോടെ അമ്മു മറുപടി അയച്ചു.
     നേരം വൈകിയതിനാലാവണം കടല്‍തീരം ഏറെക്കുറേ വിജനമാണ്. ഞാനിരിക്കുന്ന കല്‍പടവിന് അങ്ങേ അറ്റത്ത് ഒരു സ്ത്രീ രൂപം എന്നേ നോക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. നേരിയ വെളിച്ചത്തില്‍ അവളുടെ നിറം മങ്ങിയ സാരി കാണാമായിരുന്നു. കുറച്ച് ചെമ്പിച്ച മുടിയില്‍ മുല്ലപൂ ചൂടിയിട്ടുണ്ട്. 
     എന്റെയുള്ളിലെ മാംസ ദാഹിയുണര്‍ന്നു ഞാനവളെ നോക്കി ചിരിച്ചപ്പോള്‍ അവളും പതിയെ ചിരിച്ചു.. എന്നിട്ട് അരികിലേക്ക്  വന്നു.
  ''മുന്നൂറു രൂപാ കൊടുത്താ പോതും സാര്‍ കൂടെ വാങ്കോ...!!''
                 കാണാന്‍ അത്രയൊന്നും  ഭംഗിയില്ലെങ്കിലും, മെലിഞ്ഞ ശരീരമാണെങ്കിലും  സാരിക്കുള്ളില്‍ ഉയര്‍ന്നു നില്‍ക്കുന്ന അവളുടെ മാറിടങ്ങളില്‍ എന്റെ കണ്ണുകള്‍ ഇഴഞ്ഞു നടന്നു. 
   ''എന്റെ റൂമിലേക്ക് പോവാം..'' 
    അവള്‍ തലയാട്ടി കൊണ്ട് പുറകെ വന്നു. 
ഒരു തട്ടുകടക്കു മുന്നിലെത്തിയപ്പോള്‍ ഭക്ഷണം കഴിച്ചിട്ട് പോവാമെന്ന് പറഞ്ഞപ്പോള്‍ മടി പറയാതെ കൂടെ  വന്നു. കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാനവളാട് പേര് ചോദിച്ചു.
     ''അമുദ'' അവള്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു. 
         ലോഡ്ജിലേക്ക് കയറി പോകുമ്പോള്‍ റിസപ്ഷനില്‍ ഉണ്ടായിരുന്ന പയ്യന്‍ അമുദയെ പാളി നോക്കുന്നുണ്ടായിരുന്നു.
   റൂമിലെത്തി ഞാന്‍ ഫ്രെഷ് ആയി വന്നപ്പോള്‍ അമുദ കട്ടിലില്‍ തല കുനിച്ചിരിക്കുകയായിരുന്നു. അവളുടെ കൈകളില്‍  കറുത്ത കുപ്പി വളകളുണ്ടായിരുന്നു. വില കുറഞ്ഞ ഏതോ സ്പ്രേയുടെ മണമുണ്ടായിരുന്നു.
               ഞാനവളെ അടുത്തേക്ക് ചെന്ന് ചേര്‍ത്തു പിടിച്ചുമ്മ വെച്ചു...മാറില്‍ നിന്ന് സാരി ഊര്‍ത്തിയിട്ടു...എന്റെ ശരീരം ചൂട് പിടിക്കുന്നുണ്ടായിരുന്നു. ബ്ലൗസ് അഴിക്കാന്‍  കൈകള്‍ തുനിഞ്ഞപ്പോള്‍ അവള്‍ തടഞ്ഞു...
      ''അതു വേണ്ടാം സാര്‍...''
              ഞാന്‍ ചോദ്യഭാവത്തില്‍ അവളെ നോക്കി ... അവള്‍ പാവാടചരടില്‍ പതിയെ പിടിച്ച് അഴിക്കാന്‍ ശ്രമിച്ച് എന്റെ ശ്രദ്ധ അങ്ങോട്ടേക്ക് ആകര്‍ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ വീണ്ടും അവളുടെ മാറിടത്തില്‍ കൈ വെക്കാന്‍ ശ്രമിച്ചു...അമുദയത് തടഞ്ഞപ്പോള്‍ എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. ഞാന്‍ ബലമായി അവളുടെ ബ്ലൗസ്സിന്റെ ഹുക്കുകള്‍ അഴിച്ചു. കറുത്ത ബ്രായിക്കുള്ളില്‍ ഉയര്‍ന്നു നില്‍ക്കുന്ന മാറിടം എന്നെ വീണ്ടും കൊതിപ്പിച്ചു. ഉള്ളില്‍ ചുര മാന്തുന്ന മൃഗ തൃഷ്ണയോടെ ഞാന്‍ ബ്രായും ഉരിയെടുത്തു.
   ഒരു നിമിഷം ....!
               അഴിഞ്ഞു പോയ ബ്രായോടൊപ്പം ചുരുട്ടിയ ഒരു തുണിക്കഷ്ണവും താഴേക്ക് വീണു....അവളുടെ ഇടതു മാറിടത്തിനു സ്ഥാനത്ത് ശൂന്യത മാത്രം.... അതു വരെ 
കാമത്താല്‍ ചൂടു പിടിച്ചു നിന്ന എന്റെ ശരീരം ഉരികിയൊലിച്ച പോലെ ഇല്ലതായി.
ഞാന്‍ കട്ടിലിലേക്ക് പതിയെ ഇരുന്നു...കൂടെ അവളും...
                     കുറച്ചു നിമിഷത്തെ നിശബ്ദത ആ ലോഡ്ജുമുറിയെ വീര്‍പ്പു മുട്ടിച്ചു.
  ''എല്ലാരും സൊല്ല മാതിരി പസി, പട്ടിണി സൊല്ലി ഇന്ത തൊഴിലിക്ക് വരലയേ നാന്‍,  എങ്ക അപ്പാ, അമ്മ നാന്‍ ചിന്ന വയസ്സായിരുക്കുമ്പോതെ എരന്തിടിച്ച് ,അതുക്കപ്പുറം എന്‍ ചിറ്റി കൂടെ താന്‍ എന്‍ വാഴ്ക്കൈ''
           ഞാന്‍ ശ്രദ്ധിക്കുന്നു എന്ന് തോന്നിയതിനാലാവണം അമുദ തുടര്‍ന്നു...
             '' പ്ലസ് ടു പഠിച്ചിരിക്കുമ്പോ താന്‍ ഒരുത്തരെ കാതലിച്ചേ... കടസ്സിയില്‍ അവന്‍ എന്നെ യേമാത്തി ഇന്നൊരു കല്ല്യാണം  പണ്ണീട്ടേന്‍, അവന്‍ മേലേ ഇറക്കണ കോപത്തിലെ താന്‍ നാന്‍ 
ഇന്ത തൊഴിലിക്ക് വന്തേ...എന്‍കിട്ടേ വന്ത വര്‍ക്കിട്ടേയെല്ലാം പോയിട്ടേന്‍.. ഇരണ്ട് വര്‍ഷത്ത്ക്ക് മുന്നാടി താന്‍ ഇന്ത നോയി ഇരിക്ക്റ്തെന്ന് തെരിഞ്ചത്.  പോന വര്‍ഷം ബ്രെസ്റ്റ് എടുക്ക വേണ്ടിയതാ പോച്ച് , ഇപ്പോ  മരുന്ന്, മന്ത്ര എന്ന് നാന്‍ വാഴ്ക്കയെ ഓട്ടിട്ടിറ്ക്കേന്‍ സാര്‍ ....എന്നാലും ഇപ്പോ  പറവാലേ....''
       കുറച്ചു നേരത്തെ പരിചയം കൊണ്ട് അമുദ അവളുടെ ജീവിതം തന്നെ എന്നോട് പറഞ്ഞിരിക്കുന്നു. അല്ലെങ്കിലും ആദ്യമായി കാണുന്ന ചിലരോട് ഒരു പ്രത്യേക അടുപ്പം നമുക്ക് തോന്നാറില്ലേ..? 
       അപ്രതീക്ഷിതമായ ആ കാഴ്ച്ചയില്‍ പതറി പോയ എന്റെ മനസ്സിന്റെ സംയമനം ഞാന്‍ വീണ്ടെടുത്തിരുന്നു...ഞാന്‍ പതിയെ അമുദയെ ചേര്‍ത്തു പിടിച്ചു. പക്ഷെ അപ്പോഴെനിക്ക് അവളോട് കാമം തോന്നുന്നുണ്ടായിരുന്നില്ല..
                        ആ രാത്രി ഞങ്ങള്‍ ഉറങ്ങിയില്ല.....ഓരോ വിശേഷങ്ങള്‍ പറഞ്ഞു....അമുദ തമിഴ് പാട്ടുകള്‍ പാടി...നേരം വെളുക്കും വരെ ഞങ്ങള്‍ പരസ്പരം വെറുതെ പുണര്‍ന്നു കിടന്നു. 
             ഓര്‍ത്തു വെക്കാന്‍ ചില നേരങ്ങള്‍ അതിഥികളായി നമ്മേ തേടിയെത്തുന്ന നേരങ്ങളുണ്ടാവും ഓരോ ജീവിതങ്ങളിലും....
              ബസ്സ് ഒരു ഗട്ടറില്‍ ചാടിയപ്പോഴാണ് ഞാന്‍ ചിന്തകളില്‍ നിന്നുമുണര്‍ന്നത് ....
      ''അമുദാ...ഞാനിനിയും വരും ഇവിടേക്ക്....നിന്നെ കാണാന്‍....''
ഞാന്‍ മന്ത്രിച്ചു...!!
    കൊഴിഞ്ഞു പോകുന്ന ഓരോ നിമിഷങ്ങളിലും നമുക്കായി കാലം കാത്തു വെച്ചിരിക്കുന്നത് എന്താണെന്നറിയാത്ത കൊണ്ടാവും ജീവിതമെന്നും ഒരു അദ്ഭുതമായി തന്നെ നമുക്കു മുന്നിലിങ്ങനെ നില്‍ക്കുന്നത്....!!
Written by Sarath Mangalath

പുണ്യാളന്‍കുന്നിലെ കുഞ്ഞാടുകള്‍ .(കഥ)


മഴയുടെ വരവറിയിച്ച മിഥുനമാസപെയ്ത്തിന്റെ ഇടവേളകളിലൊന്നില്‍ നിലാവിന്റെ കൈകള്‍ പുണ്യാളന്‍ കുന്നിനെ, പരിരംഭണം ചെയ്തൊരു രാവായിരുന്നു അത്.

പാതി തുറന്നു കിടന്ന ജനലിലൂടെ തന്നെ നോക്കി പുഞ്ചിരിക്കുന്ന നക്ഷത്രത്തെ നോക്കികൊണ്ട് അലന്‍ പതിയെ വിളിച്ചു.

''അമ്മാമ്മേ....'' ''

''ന്താടാ നീ ഉറങ്ങീലേ....? ''

''ഇല്ല, ഉറക്കം വരണില്ല അമ്മാമ്മ ഒരു കഥ പറയാമോ...? ''

പപ്പയേയും,മമ്മിയേക്കാളും അലന് അവന്റെ അമ്മാമ്മയേയാണ് കൂടുതല്‍ ഇഷ്ടം.

'' ഏതു കഥയാണ് മോനു വേണ്ടത് ''

'' പുണ്യാളന്റെയും വ്യാളിയുടേയും കഥ...''

''അത് അമ്മാമ്മ ഒത്തിരി തവണ പറഞ്ഞതല്ലേ ....? ''

''സാരമില്ല ....അതു തന്നെ മതി....'' അലന്‍ അമ്മാമ്മയുടെ വയറിലൂടെ കൈചുറ്റി തിരിഞ്ഞു കിടന്നു കൊണ്ട് പറഞ്ഞു.

''ആ......എന്നാ കേട്ടോ....,
കൊറേ, കൊറേ വര്‍ഷങ്ങള്‍ക്കു മുന്‍പ് , അങ്ങു ദൂരെ ഏഴു കടലിനും , ഏഴു മലകള്‍ക്കും അപ്പുറം പാലസ്തീന എന്നൊരു രാജ്യമുണ്ടായിരുന്നു.''

അമ്മാമ്മ കഥ പറഞ്ഞു തുടങ്ങിയപ്പോഴേക്കും അലന്‍ പതുക്കെ ഉറക്കം പിടിച്ചിരുന്നു. മൂളല്‍ കേള്‍ക്കാതായപ്പോള്‍ അവനെ ചേര്‍ത്തു പിടിച്ചു കിടന്നു, പതുക്കെ അവരും ഉറങ്ങി.

***********

''ഡാ പൗലോ നീ കേട്ടിട്ടില്ലേ ഇതു പോലൊരു രാത്രിയിലാ നമ്മടെ വല്ല്യാപ്പന്‍മാര് അങ്ങ് ഹൈറേഞ്ചില്‍ നിന്ന് ഇങ്ങോട്ട് വന്നതെന്ന്..?''

''ഒണ്ടെടാ ഉവ്വേ.......!!
അന്നീ സ്ഥലത്തിന്റെ പേര്
കടുവാകുന്നെന്നല്ലായിരുന്നോ..? ''

'' പേര് അങ്ങനെയാന്നേലും ഇവിടെ കടുവേം ,പുലീം ഒന്നുമില്ലാരുന്നല്ലോ .....!ഒള്ളതാണെങ്കില്‍ ആനയും കാട്ടുപന്നിയുമൊക്കെയല്ലായിരുന്നോ..? അതിനോടൊക്കെ പടവെട്ടി ഈ കുന്നിന്റെ അടിവാരത്ത് നമ്മുടെ അപ്പാപ്പന്‍മാരും അപ്പന്‍മാരും കൂടി ഒരു സ്വര്‍ഗ്ഗം തന്നെ ഉണ്ടാക്കിയല്ലോ...? ''

''ആരാ മത്തായിച്ചനാണോടാ..?''

''ആന്നേ....'' മത്തായിച്ചന്‍ പ്രതിവചിച്ചു.

'' നീ പറഞ്ഞത് ഒള്ളതാ മത്തായിച്ചാ,പക്ഷെ പറഞ്ഞിട്ടെന്താ കാര്യം.., ഇപ്പോ ഒരു കുടുംബം പോലെ കഴിഞ്ഞവര്‍ തമ്മില്‍ കണ്ടാ മുഖത്ത് നോക്കൂലല്ലോ...!! പുണ്യാളന്റെ പള്ളിയുടെ പേരും പറഞ്ഞ്...''

ഒരു ചുമയുടെ ഇടവേളക്ക് ശേഷം കുഞ്ഞു വര്‍ക്കി തുടര്‍ന്നു.

അങ്ങ് സഭേടെ പൊക്കത്തിരിക്കുന്നോര്
അവരുടെ കഴപ്പ് തീര്‍ക്കാന്‍ നമ്മളെടവകക്കാരോട് ഓരോന്നിങ്ങനെ പറയും....അതും കേട്ട് ഒരുമിച്ച് നടന്നോന്‍മാര് മെത്രാനും, ബാവയും എന്നൊക്കെ പറഞ്ഞ് തല്ലുകൂടും....! ഒത്തൊരുമയോടെ പണിത , മനസമാധാനത്തോടെ പ്രാര്‍ത്ഥിക്കാന്‍ ഒത്തു കൂടിയിരുന്ന പുണ്യാളന്റെ ഈ പള്ളി കേസും കൂട്ടോമാക്കി പൂട്ടിച്ചു...''

''ഇനി എന്നാണാവോ ഇതൊന്ന് തുറന്ന് കാണുക...എല്ലാവരും പഴയപടി ആവുക...''

അതു വരെ നിശബ്ദ ശ്രോതാവായിരുന്ന കറിയാച്ചന്‍ ഒരു നെടുവീര്‍പ്പോടെ പറഞ്ഞു....!!

അവരുടെ സംഭാഷണങ്ങള്‍ക്ക് മൂകസാക്ഷിയായി ഗീവറുഗീസ് പുണ്യാളന്റെ പള്ളി , രാവ് വലിച്ചു കെട്ടിയ പന്തല്‍ പോലുള്ള നിലാവില്‍ കുളിച്ചങ്ങനെ നിന്നു.....

കറിയാച്ചനും, കുഞ്ഞുവര്‍ക്കിയും, മത്തായിച്ചനും പൗലൊയുമൊക്കെ അവരുടെ പഴയ തലമുറയുടെ കാര്യങ്ങളും കൊച്ച് വര്‍ത്തമാനവുമായൊക്കെ ചിലപ്പോളിങ്ങനെ ഒത്തു കൂടും, അവരവരുടെ കല്ലറക്കു മുകളില്‍ ...!! ജീവിച്ചിരുന്ന കാലത്തെ സന്തോഷങ്ങളും ആശങ്കകളും പങ്കുവെച്ചങ്ങനെ, രാവ് മുഴുവന്‍ ..!!

അവിടം തഴുകി പോയൊരു കാറ്റ്
ആ സിമിത്തേരിയില്‍ വൈകിട്ട് ആരോ കത്തിച്ച് വെച്ച മെഴുതിരി നാളത്തിന്റെ അവസാന ശ്വാസത്തേയും പതിയെ ഊതികെടുത്തി...!!

***********

പുണ്യാളന്‍കുന്നിലെ പള്ളിക്കും സിമിത്തേരിക്കും സമീപത്തായുള്ള കടത്തിണ്ണയില്‍ ആ ഭ്രാന്തന്‍ വന്ന് താമസമാക്കുന്നത് പള്ളി, സഭാതര്‍ക്കത്തിന്റെ പേരില്‍ കോടതിവിധിയുടെ ഫലമായി പൂട്ടിയതിന്റെ പിറ്റേന്ന് മുതലാണ്....!

പകല്‍ മുഴുവന്‍ അയാള്‍ പുണ്യാളന്‍ കുന്നിലും , അടിവാരത്തും അലഞ്ഞ് നടക്കും. ആരെങ്കിലും ഭക്ഷണം കൊടുത്താല്‍ കഴിക്കും. അല്ലെങ്കില്‍ പട്ടിണി കിടക്കും. ചിലപ്പോള്‍ തന്നെത്താന്‍ എന്തൊക്കെയോ സംസാരിക്കും...!!

''കടലിന്റെ നിറമെന്താണ്..?

''നീല'' ........!!

''ആകാശത്തിന്റെയോ''....?

''അതും നീല''....!!

''അപ്പോ സ്നേഹത്തിന്റെ നിറമോ...? ''

''അതു ചുവപ്പ് ....! അപ്പോള്‍
പകയുടെ നിറമോ...?

അതും ചുവപ്പ് ......ചോരയുടെ ചുവപ്പ്....!!

രാവിന്റെ നിശബ്ദതയില്‍ അയാളുടെ പിറുപിറുക്കലുകള്‍ അങ്ങനെ തുടര്‍ന്നു. തോളൊപ്പം വളര്‍ന്ന ചെമ്പന്‍ മുടിയില്‍ ഇടക്കിടെ കൈകൊണ്ട് തലോടി. ഇടക്കെപ്പോഴോ , കാലിന്റെ പെരുവിരലില്‍ രക്തം കുടിച്ചു കൊണ്ടിരുന്ന കൊതുകിനെ അനുകമ്പയോടെ നോക്കി.

എന്നിട്ട് വിദൂരതയിലേക്ക് മിഴിനട്ട് നിശബ്ദം ചിരിച്ചു.

*************

ജനലില്‍ കൂടി സൂര്യ രശ്മികള്‍ കണ്ണിലടിച്ചപ്പോഴാണ് അലന്‍ കണ്ണു തുറന്നത്. പതിയെ എണീറ്റ് കണ്ണും തിരുമി അവന്‍ വരാന്തയില്‍ പത്രം വായിക്കുകയായിരുന്ന വല്ല്യപ്പച്ചനരികില്‍ ചെന്നു നിന്നു. വല്ല്യപ്പച്ചനും പപ്പയും കാര്യമായ എന്തോ ചര്‍ച്ചയിലാണ്. അവരുടെ സംഭാഷണങ്ങളില്‍ നിന്ന് മനസ്സിലായി പള്ളിതുറക്കുന്ന കാര്യത്തെ പറ്റിയാണെന്ന്. അപ്പോഴാണ് അവനും ഓര്‍ത്തത് ഇന്നാണല്ലോ വിധി വരുന്ന ദിവസമെന്ന്.

പുണ്യാളച്ചന്റെ ആ പള്ളി കുറച്ച് വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്നു. അലനും അവന്റെ കുടുംബാംഗങ്ങളും , പുണ്യാളന്‍ കുന്നിന്റെ താഴ്വരയിലെ മറ്റുള്ള ക്രൈസ്തവ വിശ്വാസികളും പുഴയോരത്ത് പണികഴിപ്പിച്ച പുതിയ പള്ളിയിലാണിപ്പോ പോകാറുള്ളത്.

''ഇന്ന് പതിനൊന്നു മണിക്കല്ലേ കൊടതി വിധി പറയുന്നത്'' വല്ല്യപ്പച്ചന്‍ പപ്പയോട് ചോദിക്കുന്ന കേട്ടു.

''വിധി നമ്മുടെ കൂട്ടര്‍ക്കു തന്നെ ആവാതെ എവിടെ പോവാനാ..?'' അവന്‍മാരുടെ അഹങ്കാരം ഇന്നത്തോടെ തീരണം..''

പപ്പ ആത്മവിശ്വാസത്തോടെ പറയുന്നത് അലന്‍ കേട്ടു നിന്നു.

പള്ളി തുറന്നാലും ഇല്ലെങ്കിലും പപ്പയും , വെല്ല്യപ്പച്ചനും ഹന്നയുടെ പപ്പയോട് വഴക്കൊന്നും കൂടരുതെന്നാണ് അലന്‍ മനസ്സിലോര്‍ത്തത്. ഹന്ന അവന്റെ കൂട്ടുകാരിയാണ്.

സ്ക്കൂളില്‍ അവര്‍ ഒരു ക്ലാസ്സിലാണെങ്കിലും വീടിനടുത്തു വെച്ച് കണ്ടാല്‍ മിണ്ടുന്നത് അലന്റെ പപ്പക്ക് ഇഷ്ടമല്ല. അവര് മറ്റേ സഭക്കാരാണത്രേ..!! നമ്മുടെ കൂട്ടക്കാരുടെ ശത്രുക്കള്‍. പക്ഷെ അവനത് കേള്‍ക്കുമ്പോള്‍ സങ്കടം വരും. അതു കൊണ്ട് തന്നെയാണ് ഈ പള്ളിയുടെ പേരിലുള്ള തര്‍ക്കം ഒന്ന് തീര്‍ന്നിരുന്നെങ്കിലെന്ന് അലന്‍ കരുതുന്നത്.

വല്ല്യപ്പച്ചനും , പപ്പയും പള്ളിയില്‍ പോകാനിറങ്ങിയപ്പോ ഞാനും വരട്ടേയെന്ന് ചോദിച്ച് അലനും കൂടെയിറങ്ങി. പക്ഷെ അമ്മാമ്മയും , മമ്മിയും അവനെ തടഞ്ഞു.

അതിലവന് ചെറിയ പരിഭവം തോന്നിയെങ്കിലും അടുത്ത വീട്ടിലെ ടോണി കളിക്കാന്‍ വന്നപ്പോള്‍ അവന്റെ കൂടെ മുറ്റത്തേക്കിറങ്ങി.
മമ്മിയും അമ്മാമ്മയും ടെലിവിഷനു മുന്‍പിലായിരുന്നു.

കുറച്ച് കഴിഞ്ഞപ്പോള്‍ മമ്മിയുടേയും , അമ്മാമ്മയുടേയും ആധിയോടെയുള്ള സംസാരം കേട്ടപ്പോഴാണ് അവന്‍ വീട്ടിലേക്ക് കേറി ചെന്നത്. അവരുടെ സംസാരത്തില്‍ നിന്നും പള്ളി തര്‍ക്കത്തില്‍ വിധി പറയുന്നത് നീട്ടി വെച്ചെങ്കിലും അവിടെ കൂടിയ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള വാക്കു തര്‍ക്കം വലിയൊരു സംഘര്‍ഷത്തിലേക്ക് വഴി വെച്ചെന്നുള്ള വിവരം ടെലിവിഷനിലെ തത്സമയ വാര്‍ത്തയില്‍ കൂടി അറിഞ്ഞതാണെന്ന് മനസ്സിലായി.

മമ്മി പപ്പയുടെ ഫോണിലേക്ക് വിളിച്ചെങ്കിലും അത് ഓഫായിരുന്നു. അലന്റെ മനസ്സിലും ഒരു ഭയം ഇരച്ചു കയറി. അമ്മാമ്മ കൈയിലുള്ള ജപമാലയില്‍ തെരു പിടിപ്പിച്ചു കൊണ്ട് കണ്ണടച്ചിരുന്നു. ആ ചുണ്ടുകള്‍ പതിയെ മന്ത്രിക്കുന്നത് അലന്‍ നോക്കിയിരുന്നു. കുറേ കഴിഞ്ഞപ്പോള്‍ പപ്പയും വല്ല്യപ്പച്ചനും വന്നു. അവിടെ ഉണ്ടായ സംഘര്‍ഷത്തില്‍ കുറേ പേര്‍ക്ക് പരിക്കു പറ്റിയെന്നും ആശുപത്രിയില്‍ കൊണ്ടു പോയെന്നും അവര്‍ പറഞ്ഞു.

പള്ളിയുടെ മുന്‍പില്‍ കാണാറുള്ള ആ ഭ്രാന്തനും ഗുരുതരമായ പരിക്കുണ്ട്. ആരോ എറിഞ്ഞ കല്ല് കൊണ്ടതാണ്. ആശുപത്രിയിലേക്ക് അയാളേയും കൊണ്ടു പോയിട്ടുണ്ടെന്നും പപ്പ പറയുന്നത് അലന്‍ കേട്ടു.

പള്ളിയില്‍ പോകുമ്പോഴും മറ്റും ഇടക്കിടെ അയാളെ കാണാറുള്ളത് അലനോര്‍ത്തു. അവന്‍ അയാളെ നോക്കുമ്പോഴെല്ലാം നേര്‍ത്തൊരു പുഞ്ചിരി അയാളുടെ ചുണ്ടില്‍ കാണാറുള്ളത് മങ്ങിയ ഒരു കാഴ്ച്ച പോലെ അലന്‍ ഓര്‍ത്തെടുത്തു.

'' യഥാര്‍ത്ഥത്തില്‍ ഭ്രാന്ത് അയാള്‍ക്കല്ല....., അങ്ങനെ കരുതുന്ന ലോകത്തിനാണെന്ന്'' ഒരിക്കല്‍ അമ്മാമ്മ പറഞ്ഞത് അലന്‍ ഓര്‍മ്മ വന്നു. അതിന്റെ അര്‍ത്ഥം അലന് ശരിക്കും മനസ്സിലായില്ലാരുന്നു.

അന്ന് ഉച്ച തിരിഞ്ഞ് ആരംഭിച്ച മഴ പതുക്കെ പതുക്കെ ശക്തി പ്രാപിച്ചു. പിറ്റേന്ന് രാവിലെ ആയിട്ടും മഴക്ക് വലിയ ശമനമുണ്ടായില്ലാ..കുറച്ചു ദൂരത്തായി ഉരുള്‍ പൊട്ടലുണ്ടായെന്നു കേട്ടപ്പോള്‍ അലന് ഹന്നയെ ഓര്‍മ്മ വന്നു. അവിടെ മലയടിവാരത്തില്‍ ആണല്ലോ അവളുടെ വീട്.

ആരോടോ വാശി തീര്‍ക്കാനെന്ന മട്ടില്‍ നിര്‍ത്താതെ പെയ്യുന്ന മഴ പുണ്യാളന്‍കുന്നുകാര്‍ അന്നുവരെ കാണാത്ത പോലെയുള്ളതായിരുന്നു. പള്ളിതര്‍ക്കത്തിന്റെ പേരിലുണ്ടായ സംഘര്‍ഷത്തില്‍ പുണ്യാളന്‍ കോപിച്ചിട്ടാണ് ഇങ്ങനെയെന്ന് പ്രായം ചെന്നവര്‍ പറഞ്ഞപ്പോള്‍ അവിടുത്തെ പുതുതലമുറ അത് പുച്ഛിച്ചു തള്ളി.

ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന കൊണ്ട് അതില്‍ പെട്ടു പോകാനിടയുള്ള വീടുകളിലെ ആളുകളെ മാറ്റി പാര്‍പ്പിക്കാനുള്ളൊരു ശ്രമം നാട്ടിലെ ചിലരെല്ലാം ചേര്‍ന്ന് തുടങ്ങി. പക്ഷെ സുരക്ഷിതമായ മറ്റൊരിടം ഏതെന്ന ചിന്ത എങ്ങുമെത്താതെ പോയി. ഒടുവില്‍ ഒരു വിഭാഗം ആളുകളുടെ നിര്‍ദ്ദേശപ്രകാരം പള്ളി തുറന്ന് അപകടഭീഷണി നില നില്‍ക്കുന്ന കുടുംബങ്ങളെ അങ്ങോട്ട് മാറ്റിപാര്‍പ്പിക്കാമെന്ന് തീരുമാനിച്ചു.

എതിര്‍കക്ഷിക്കാരും അതിനെ അനുകൂലിച്ചതോടെ അധികാരികളുടെ സമ്മതത്തോടെ പള്ളി തുറന്നു. അങ്ങനെ കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം പുണ്യാളന്റെ പള്ളി തുറന്നു. ആരാധനക്കായിട്ടല്ലെങ്കിലും...!!

നില്‍ക്കാതെ പെയ്ത മഴ നാലാം നാള്‍ രാവിലെ മുതലാണ് തോര്‍ന്നു തുടങ്ങിയത്.

കരുതിയതു പോലെ
അനിഷ്ഠ സംഭവങ്ങളൊന്നും ഉണ്ടാവാത്തതിനാല്‍ പള്ളിയില്‍ പാര്‍പ്പിച്ചിരുന്ന കുടുംബങ്ങള്‍ തിരികെ തങ്ങളുടെ വീടുകളിലേക്ക് മടങ്ങി.

ദിവസങ്ങളും , ആഴ്ച്ചകളും , മാസങ്ങളും കടന്നു പോയി. വീണ്ടും പള്ളിതര്‍ക്കത്തിന്റെ വിധി പറയുന്ന ദിവസമായി. വിധി അലന്റെ പപ്പയുള്‍പ്പെടുന്ന കക്ഷികാര്‍ക്ക് അനുകൂലമായാണ് വിധിച്ചത്. ആഹ്ലാദപ്രകടനത്തില്‍ പങ്കെടുക്കാന്‍ പപ്പയോടൊപ്പം അലനും പോയിരുന്നു.

വിധി അനുകൂലമായവരുടെ സന്തോഷപ്രകടനങ്ങള്‍ ഒരു ആഘോഷമായി കടന്നു പോകുമ്പോള്‍ വഴിയോരത്ത് തോല്‍വിയില്‍ നിരാശപൂണ്ട എതിര്‍ കക്ഷിക്കാര്‍ നില്‍ക്കുന്നുണ്ടായിരുന്നു. അലന്‍ അവരുടെ മുഖങ്ങളിലേക്ക് നോക്കി. അവിടെ ദേഷ്യത്തിന്റെ കടലിരമ്പം കാണാമായിരുന്നു. പെട്ടന്നാണ് ആഹ്ലാദപ്രകടനത്തിനു നേരേ ആക്രമണമുണ്ടായത്. അവിടെ വഴിയോരത്ത് നിന്നവരില്‍ ആരോ ഒരു കല്ലെറിഞ്ഞതും അതൊരു സംഘര്‍ഷത്തിന് വഴിയൊരുക്കി....!!

ആളുകള്‍ ചിതറിയോടി പുണ്യാളന്‍ കുന്ന് വീണ്ടും, ചോരയുടെ രുചിയറിഞ്ഞു. പപ്പയുടെ കൈ പിടിച്ച് അലന്‍ ഓടുമ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ അയാളെ കണ്ടു. ഉറക്കെ ചിരിച്ചു കൊണ്ട് തമ്മില്‍ തല്ലുന്ന ആളുകളെ പുച്ഛത്തോടെ നോക്കുന്ന ആ ഭ്രാന്തനെ.....!!

''കടലിന്റെ നിറമെന്താണ്...? ''

'' നീല ''

''ആകാശത്തിന്റെയോ..? ''

''അതും നീല''

''അപ്പോ സ്നേഹത്തിന്റെ നിറമോ ..?''

''അതു ചുവപ്പ് ''

''അപ്പോള്‍ പകയുടെ നിറമോ..? ''

''അതും ചുവപ്പ്, ചോരയുടെ ചുവപ്പ്........!!''

(അവസാനിച്ചു)

Written by- Sarath Mangalath

രാക്കാഴ്ച്ചകൾ

Image may contain: 1 person
അന്നത്തെ ദിവസം ഉച്ച തിരിഞ്ഞ്, വിളിക്കാതെ വന്ന അതിഥിയെ പോലെയെത്തിയ വേനൽമഴ നഗരത്തെ ഒരുവിധം നന്നായി തന്നെ നനച്ചു. അതിന്റെ പരിണിത ഫലമെന്നോണം വെയിലിന്റെ തീക്ഷണതയിൽ വരണ്ടു ക്കിടന്ന നഗരത്തിന്റെ മുക്കിലും മൂലയിലും രാത്രിയായിട്ടും ചെറിയൊരു തണുപ്പ് അവശേഷിച്ചു.
ആസന്നമായ തെരഞ്ഞെടുപ്പിന്റെ വരവറിയിച്ചുള്ള സ്ഥാനാർത്ഥികളുടെ ചിത്രങ്ങളിലും , ചുവരെഴുത്തുകളിലും മഴയുടെ കൈകൾ തലോടിയിരുന്നു.
നഗരത്തിന്റെ കിഴക്കേ വശത്ത് , ആളൊഴിഞ്ഞ പാതയോടു ചേർന്നുള്ള കടത്തിണ്ണയിലാണ് പതിവുപോലെ അവൾ അന്നും കിടന്നിരുന്നത്. എതിർ വശത്തുള്ള തെരുവു വിളക്കിൽ നിന്നും വരുന്ന പ്രകാശത്തിൽ , മുഖത്തിന്റെ വലതു വശം മുഴുവൻ പൊള്ളിയ പാടു കാണാമായിരുന്നു.
കൈയ്യിലുണ്ടായിരുന്ന മുഷിഞ്ഞ തുണി കൊണ്ട് അടുത്തു കിടന്നിരുന്ന കുഞ്ഞിനെ അവൾ തന്നോട് ചേർത്തു കിടത്തി പുതപ്പിച്ചു. അവ്യക്തമായിട്ട് എന്തൊക്കെയോ പറഞ്ഞു കൊണ്ട് പതിയെ കണ്ണുകളടച്ചു.
കുറച്ചപ്പുറത്തുള്ള റെയിൽവേ പാളത്തിലൂടെ പതിനൊന്നരയുടെ തീവണ്ടി പോകുന്ന ശബ്ദം അവളുടെ ചെവിയിൽ വന്നലച്ചു. പലവിധ മോഹങ്ങളും , ലക്ഷ്യങ്ങളും പേറിയ
അനേകരെ വഹിച്ചു കൊണ്ട് അത് ദൂരേക്കകന്നകന്നു പോയി.
വണ്ടി പോയി കഴിഞ്ഞ് കുറച്ചു നിമിഷങ്ങൾക്കു ശേഷം ഇരുട്ട് കട്ട പിടിച്ചു കിടക്കുന്ന പാളത്തിനു സമീപമുള്ള പൊന്തക്കാട്ടിൽ നിന്നും രണ്ടു പേർ ഇറങ്ങി വന്നു. അതിലൊരാളുടെ വേഷം സാരിയായിരുന്നു.
''ഇതു നൂറ് രൂപയല്ലേയുള്ളു എനിക്കിതു പോരാ..''
തന്റെ പുറകുവശത്തു പറ്റിയ മണ്ണ് തട്ടികൊണ്ട് സാരി ധരിച്ചവൾ പറഞ്ഞു.
'' ഒന്നു പോയേടി..., ഈ വെച്ചു കെട്ടിനും നിന്റെ ഊത്തിനുമൊക്കെ ഇതു തന്നെ അധികമാണ്..''
അതും പറഞ്ഞ് പാളത്തിനു സമീപത്തുള്ള വഴിച്ചാലിലൂടെ നടന്നു നീങ്ങിയ അയാൾ തന്നിട്ടു പോയ വിയർപ്പു പറ്റിയ നൂറ് രൂപയിൽ നോക്കുമ്പോൾ അവളുടെ മനസ്സിൽ ഓർമ്മ വന്നത് കുറച്ചകലെയുള്ളൊരു നാട്ടിലെ, തേയ്ക്കാത്ത ചുമരുകളുള്ള ഷീറ്റ് മേഞ്ഞൊരു വീടും, അതിനുള്ളിലെ മുറിയിൽ ഒരു കയറു കട്ടിലിൽ കിടക്കുന്ന സ്ത്രീയുടെ താഴെ ഇരിക്കുന്ന പത്തും, പന്ത്രണ്ടും വയസ്സുള്ള രണ്ടു പെൺ കുട്ടികളെയുമാണ്.
സ്വന്തം ഭർത്താവാൽ ഉപേക്ഷിക്കപ്പെട്ടു പോയ അനിയത്തിയും പെൺമക്കളും. അനിയത്തി നിത്യരോഗിയാണ്. ആസ്മയുടെ ഉപദ്രവം. കല്ല്യാണം കഴിച്ചു കൊടുത്തയാൾക്ക് ഉപേക്ഷിക്കാൻ അതൊരു കാരണമായി.
അല്ലെങ്കിലും ചേർത്തു നിർത്തലിനേക്കാൾ എല്ലാവർക്കും ഉപേക്ഷിക്കപ്പെടാനാണല്ലോ കാരണങ്ങൾ ഏറെയുള്ളത്...!!
തന്റെയുള്ളിലെ സ്ത്രീയെ തിരിച്ചറിഞ്ഞ നാളുകളിൽ അനിയത്തിയുടെ നാവിൽ നിന്നും വന്ന വാക്കുകൾ ....!!
''എനിക്കു വളർന്നു വരുന്നത് രണ്ടുപെൺകുട്ടികളാണ്. ഭർത്താവുപേക്ഷിച്ചു പോയ, സുഖമില്ലാത്ത ഈ ഞാൻ അവരെയും കൊണ്ട് എങ്ങനെ ജീവിക്കുമെന്നറിയില്ല. അതിനിടയിൽ ചേട്ടന്റെ ഈ കോപ്രായം കൂടി കാണാൻ വയ്യാ....!! ഒന്നു പോയിത്തരുമോ , ഞങ്ങളെ നാണം കെടുത്താതെ..''
തകർന്ന മനസ്സുമായി, ആ രാത്രിയിൽ ജനിച്ചു വളർന്ന വീടിന്റെ പടിയിറങ്ങുമ്പോൾ ഒരു തരം മരവിപ്പായിരുന്നു. പിന്നെ ലക്ഷ്യബോധമില്ലാത്ത അലച്ചിലുകൾ ..!
ഒടുവിൽ ജീവിക്കാൻ വേണ്ടി സ്വന്തം ശരീരത്തെ തന്നെ ഒരു ഉപകരണമാക്കുമ്പോഴും , തന്നെ ഉപേക്ഷിച്ച ആ പ്രിയപ്പെട്ടവരുടെ മുഖം തന്നെയായിരുന്നു മനസ്സിൽ.
അത്യാവശ്യത്തിനു മാത്രം പൈസയെടുത്തിട്ട് ബാക്കിയെല്ലാം വീട്ടിലോട്ട് തന്നെ അയച്ചു കൊടുത്തു കൊണ്ടിരുന്നു. അപ്പോഴൊക്കെയും തന്നെ തേടിയെത്തുന്ന അവരുടെ ഒരു ഫോൺവിളി അവൾ പ്രതീക്ഷിക്കുമായിരുന്നു. '' ഇവിടെ നിക്കേണ്ട വീട്ടിലോട്ടു വരൂ " എന്ന സ്നേഹപൂർണ്ണമായ വാക്കുകളെ വെറുതെ സ്വപ്നം കാണും. എല്ലാം വെറും മോഹങ്ങൾ മാത്രം.
നാളെയും കുറച്ചു തുക അയക്കണം എന്നോർത്തതാണ്. പക്ഷെ കൈയ്യിൽ അധികമില്ല. ഇന്ന് തന്റെയടുത്ത് ആദ്യം വന്നയാൾ ഇയാളായിരുന്നു. ''ബോണി''തന്നെ ഇങ്ങനെ ആയാൽ ഇന്നു മുഴുവൻ മോശമായിരിക്കും.
ഷേവു ചെയ്തു മിനുസപ്പെടുത്തിയ കവിളിൽ തേച്ചു പിടിപ്പിച്ച ഏതോ വില കുറഞ്ഞ ഫെയ്സ്ക്രീമിന്റെ തെളിച്ചമുള്ള ആ മുഖം നിരാശയും അമർഷവും കൊണ്ട് വലിഞ്ഞു മുറുകി.
മുന്നോട്ടു നടക്കുമ്പോൾ അടുത്തുള്ള എച്ചിൽക്കൂനയിൽ തന്റെ അന്നം തിരഞ്ഞിരുന്ന തെരുവുനായ ഒന്നു മുഖമുയർത്തി നോക്കിയ ശേഷം തന്റെ കർമ്മത്തിൽ വ്യാപൃതനായി.
'' എങ്ങോട്ടാടി ഈ പാതിരാത്രിയില്.., ഓ ഇതവളല്ല....അവനാണോ...? "
മുഖത്തു പതിച്ച ടോർച്ചിന്റെ പ്രകാശത്തിനൊപ്പം കേട്ട ശബ്ദത്തിന്റെ ഉടമയെ നോക്കിയപ്പോൾ, നൈറ്റ് പെട്രോളിംഗിനിറങ്ങിയ രണ്ട് പോലീസുകാരെയാണ് കണ്ടത്.
അവർക്കു മുൻപിൽ പരിഭ്രമത്തോടെ അവൾ നിന്നു.
'' കാശ് സമ്പാദിച്ചു വരുന്ന വഴിയായിരിക്കുമല്ലേ..? നിന്റെ പേഴ്സിങ്ങു തന്നേ...''
അതിലൊരാൾ അവളുടെ കൈയ്യിലെ പേഴ്സ് തട്ടിപ്പറിച്ചു..
''സാർ ഇന്നധികമൊന്നും കിട്ടിയില്ലാ...''
സ്ത്രൈണതയുടെ ചുവകലർന്ന പുരുഷ ശബ്ദത്തിലുള്ള ആ പറച്ചിൽ അവർ ശ്രദ്ധിക്കുക പോലുമുണ്ടായില്ല..
അതിൽ ഉണ്ടായിരുന്ന അഞ്ഞൂറിന്റെ രണ്ടു നോട്ടും നേരത്തെ അയാൾ കൊടുത്ത നൂറും ഏതാനും ചില്ലറകളും എടുത്ത ശേഷം പേഴ്സ് തിരികെ നൽകുമ്പോൾ, താഴെ വീണ വില കുറഞ്ഞ കോണ്ടത്തിന്റെ പാക്കറ്റ് അവൾ കുനിഞ്ഞെടുത്തു.
''ഓ ഉറയൊക്കെയുണ്ടല്ലേ...? ശരി ശരി വേഗം വിട്ടോ....ഇനിയിവിടെ കണ്ടു പോകരുത്…"
ദേഷ്യത്തോടെ പറഞ്ഞ് അവർ നടന്നു നീങ്ങി. അവളും പതിയെ മുന്നോട്ടു ചലിച്ചു.
ഈ കാഴ്ച്ചകളൊക്കെ കണ്ട് കടത്തിണ്ണയിൽ കിടന്ന, മുഖം പൊള്ളിയവൾ തന്റെ കുഞ്ഞിനെ ഒന്നു കൂടി ചേർത്തു പിടിക്കാൻ ശ്രമിച്ചു. അവരെല്ലാം കണ്ണിൽ നിന്ന് മറഞ്ഞപ്പോൾ ആശ്വാസത്താൽ അവൾ ദീർഘനിശ്വാസമയച്ചു.
പതിയെ മയക്കത്തിലേക്ക് വീണപ്പോഴാണ് വീണ്ടുമൊരു കാൽപ്പെരുമാറ്റം കേട്ടത്. നോക്കുമ്പോൾ ഇടക്കിടെ അവിടെ വന്നു കിടക്കാറുള്ള വൃദ്ധനായ ഭിക്ഷക്കാരനാണ്. അയാൾ കൈയ്യിലിരുന്ന ബീഡി കത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. അതു കണ്ടെണീറ്റ അവൾ അയാളോട് കയർത്തു.
''ഉങ്കളോട്‌ നാൻ എത്തന തവണൈ സൊല്ലിയിരിക്കെ ഇങ്കെയിരുന്ത് പുകൈ വലിക്ക കൂടാതെന്റ്. എന്നോട് കുഴന്തൈ ഇങ്കെ പടുക്കറ്ത് പാരുങ്കേ... അതോടു ഉടമ്പു സെരിയലേ..''
അയാൾ അവളെ ഒന്നു നോക്കി പരിഹാസത്തോടെ ചിരിച്ചു. എന്നിട്ട് ബീഡി വലിച്ചെറിഞ്ഞ് കൈയ്യിലുള്ള ഭക്ഷണപൊതിയുമെടുത്ത് മുൻപോട്ട് നടന്നു. പോകുന്ന പോക്കിൽ അയാൾ പറയുന്നുണ്ടായിരുന്നു.
''ഇങ്ങനെയൊക്കെ കുട്ടികളെ നോക്കിയിട്ടെന്തിനാ...? എനിക്കുമുണ്ടായിരുന്നു മക്കൾ, സ്വന്തം കാലിൽ നിക്കാനായപ്പോ അപ്പൻ അവർക്ക് ബാദ്ധ്യതയായി...ആ…. പോട്ട് പുല്ല്...ഇതു തന്നെയാ സുഖം.''
കുറച്ചു ദൂരെ പോയിരുന്ന് അയാൾ കയ്യിലെ പൊതിയഴിച്ച് അതിലുണ്ടായിരുന്ന ഭക്ഷണം ആർത്തിയോടെ വാരി കഴിക്കാൻ തുടങ്ങി. ഒരാഴ്ച പഴക്കമുള്ള പത്രത്തിന്റെ താളിലായിരുന്നു ഭക്ഷണം പൊതിഞ്ഞിരുന്നത്. അയാളത് നിവർത്തി വെച്ചപ്പോൾ ഒരു ചെറിയ കോളം വാർത്ത കാണാമായിരുന്നു.
'' അഞ്ചു വയസ്സുള്ള നാടോടിബാലിക മാനഭംഗത്തിനിരയായി റെയിൽവേ ട്രാക്കിനു സമീപം കൊല്ലപ്പെട്ട നിലയിൽ ''
ഭക്ഷണം കഴിച്ച ശേഷം അവശിഷ്ടം ദൂരേക്ക് വലിച്ചെറിഞ്ഞു. കയ്യിൽ കരുതിയ കുപ്പിയിലെ വെള്ളം കവിൾ കൊണ്ട ശേഷം ഒന്നു നീട്ടിതുപ്പിയിട്ട് അയാൾ ആ നടപ്പാതയിൽ തന്നെ കിടന്നു.
അയാളുടെ തുപ്പൽ ചെന്നു പതിച്ചത് വോട്ടഭ്യർത്ഥിച്ചു നിൽക്കുന്ന ഒരു സ്ഥാനാർത്ഥിയുടെ ചിരിച്ച മുഖമുള്ള ചിത്രത്തിൽ ആയിരുന്നു .
ആകാശത്ത് ഒരു കൊള്ളിയാൻ മിന്നിയപ്പോൾ തന്റെ സമീപത്തു കിടത്തിയിരുന്ന ആരോ ഉപേക്ഷിച്ചു കളഞ്ഞ ആ പഴയ പാവക്കുട്ടിയെ മുഖം പൊള്ളിയ തമിഴ് യുവതി ഒന്നു കൂടി ചേർത്തു പിടിച്ചു.
രചന - ശരത് മംഗലത്ത്

കുമ്പളങ്ങി രാത്രികൾ.

Image result for കുമ്പളങ്ങി രാത്രികൾ.

Kumbalangi Nights - Review Written by Sarath Mangalath, Nallezhuth

രണ്ടു ദിവസങ്ങൾക്കു മുൻപുള്ളൊരു രാത്രി ഞാനൊരു യാത്ര പോയിരുന്നു. എറണാകുളത്തിനടുത്തുള്ള കുമ്പളങ്ങിയിലേക്ക്. അവിടെ ഞാൻ കുറച്ചാളുകളെ കണ്ടു ...! നാട്യങ്ങളില്ലാതെ ജീവിക്കുന്ന, ദേഷ്യം വരുമ്പോൾ തല്ലു കൂടാനും, സ്നേഹം തോന്നുമ്പോൾ ചേർത്തു പിടിക്കാനും മടിയില്ലാത്ത ചിലർ.
കായലിനോടു ചേർന്നുള്ള ചുവര് തേക്കാത്ത ആ വീട്ടിലെ നാലു സഹോദരങ്ങളിൽ മൂത്തവനായ സജിയെ പറ്റി ഓർക്കുമ്പോൾ തോറ്റു പോയവന്റെ ചിരിയാണ് എന്റെ മനസ്സിലേക്ക് ആദ്യം കടന്നു വരുന്നത്. ചായ കുടിക്കാൻ ചായക്കട തുടങ്ങണോയെന്ന് കൂട്ടുകാരനോട് ചോദിക്കുന്ന ബോബി പിന്നീട് ട്രൂ ലവിന്റ ലഹരിയിൽ ചിരിക്കുന്നതും, ഉള്ളിലെ വേദനകൾ പ്രിയപ്പെട്ടവളോട് പങ്കു വെച്ച് നിസ്സഹായനാകുന്നതും ഞാൻ കണ്ടു.
പ്രണയമെന്നത് ബാഹ്യ സൗന്ദര്യത്തിന്റെ പകിട്ടല്ലായെന്നും , അത് കാണുന്നവന്റെ കണ്ണിലാണെന്നും ശക്തിയായി വാദിക്കുന്ന പെൺകുട്ടികളുണ്ടവിടെ....അവധിക്ക് കൂട്ടുകാർ വീട്ടിൽ വരുന്നുണ്ടെന്നു പറയുമ്പോൾ സ്വന്തം വീടിന്റെ അവസ്ഥയോർത്ത് , വീട്ടുകാരെല്ലാം ചിക്കനടിച്ച് കിടക്കുകയാണെന്ന് പറയുന്ന ഫ്രാങ്കിയുടെ നിസ്സഹായതയും കണ്ടു.
പ്രേമിക്കുന്ന ചെക്കൻ ക്രിസ്ത്യാനിയാണോയെന്ന് ചോദിക്കുന്ന ചേച്ചിയോട് '' അതിനെന്താ ക്രിസ്തു നമ്മളറിയാത്ത ആളൊന്നുമല്ലല്ലോ''യെന്ന് പറയുന്ന ബേബി , നൈസായിട്ട് ഈ മതത്തിലൊന്നും ഒരു കാര്യവുമില്ലാന്ന് പറഞ്ഞു വെക്കുന്നതും ഞാൻ കണ്ടു.
സ്വന്തം ഭർത്താവിനോട് സ്നേഹവും, ബഹുമാനവും, ഭയവുമുണ്ടെങ്കിലും സ്ത്രീകളെ എടി ,പോടി എന്നൊന്നും വിളിക്കരുതെന്നു ധൈര്യപൂർവ്വം പറയുന്ന ഭാര്യയും അവിടെയുണ്ട്.
ഒരു വീട് വീടാവണമെങ്കിൽ അവിടെ സ്ത്രീകൾ വേണം..അതാണ് ഒരു വീടിന്റെ എെശ്വര്യമെന്നും അവിടുത്തെ കാഴ്ച്ചകൾ ഒരിക്കൽ കൂടി പറഞ്ഞു തരുന്നുണ്ട്.
ഇഷ്ട്ടമുള്ള തൊഴിൽ ചെയ്യാൻ അഭിമാനം സമ്മതിക്കുന്നില്ലെന്നു പറയുന്ന കാമുകനോട് നമുക്കിഷ്ട്ടമുള്ളത് ചെയ്യുമ്പോൾ ലഭിക്കുന്ന സംതൃപ്തിയോളം വലുതല്ല മറ്റൊന്നും എന്നു പറയുന്ന കാമുകിയുടെ നിലപാട് എത്ര സുന്ദരമാണെന്നും കുമ്പളങ്ങി എനിക്ക്
കാണിച്ചു തന്നു.
അവിടെ ഞാൻ കണ്ട , ഏറ്റവും പ്രധാനമായി പറയേണ്ട ഒരാളുണ്ട്..അയാൾ അവിടുത്തുകാരനല്ല...അതു പോലൊരാളെ ഞാൻ അധികം കണ്ടിട്ടുമില്ല...അയാളെ പറ്റി പറയുമ്പോൾ....!!
അല്ലെങ്കിൽ വേണ്ട അയാളെ നിങ്ങൾ കുമ്പളങ്ങിയിൽ തന്നെ പോയി കാണണം.., കാരണം അതൊരു ജിന്നാണ്, ഒരേ സമയം ഭയപ്പെടുത്തുകയും , ചിരിപ്പിക്കുകയും ചെയ്തൊരു ജിന്ന്...!!
നന്ദി-
കുമ്പളങ്ങിയിലേക്ക് കൊണ്ടു പോയ ശ്യാം പുഷ്ക്കരനോട്, മധു സി നാരായണനോട്, ഷൈജു ഖാലിദിനോട്..ബാക്കി എല്ലാവരോടും...

Written by Sarath Mangalath

ഇനിയുമൊരിക്കല്‍

Image may contain: 1 person, sitting, closeup and indoor
പതിവിലും അല്‍പ്പം വേഗത്തിലായിരുന്നു. കൃഷ്ണയുടെ അന്നത്തെ ഡ്രൈവിംഗ്. അത് ധീരജിന് ഏറെയിഷ്ടമായെന്ന് അവന്റെ മുഖത്തെ ആവേശത്തില്‍ നിന്നും വ്യക്തമായിരുന്നു.
''അമ്മാ , ഗോ ഫാസ്റ്റ്''
നനഞ്ഞു കിടക്കുന്ന മുന്നിലെ റോഡിന്റെ നടുവിലൂടെ സ്ഥാപിച്ച റിഫ്ലക്ടറുകള്‍ ചുവന്ന നിറത്തില്‍ തിളങ്ങി നില്‍ക്കുന്നത് കാണാാന്‍ ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു.
വൈകിട്ട് ഏഴു മണിക്കായിരുന്നു പ്രോഗ്രാം തുടങ്ങുമെന്ന് പറഞ്ഞിരുന്നത്. അപ്പുവേട്ടനെ കാത്തിരുന്ന് നേരം വൈകി. ഒടുവില്‍ എപ്പോഴത്തേയും പോലെ ഓഫിസിലെ തിരക്കു കൊണ്ട് എത്താനാവില്ല നീ പൊയ്ക്കോളു എന്ന് പറയുമ്പോള്‍ കൃത്രിമ ദേഷ്യം നടിച്ചെങ്കിലും അറിയാമായിരുന്നു പാവത്തിന്റെ തിരക്കു കൊണ്ടാണെന്ന്.
കൃഷ്ണ ഓടിച്ചിരുന്ന കാര്‍ പ്രോഗ്രാം ഹാളിന്റെ കവാടം കടന്നു. പാര്‍ക്കിംഗ് ഏരിയയില്‍ കാറൊതുക്കി വേഗത്തില്‍ തന്നെ അവള്‍ ധീരജിന്റെ കൈയ്യും പിടിച്ച് വേഗത്തില്‍ തന്നെ ഹാളിലുള്ള ഒരു ഒഴിഞ്ഞ കസേരയില്‍ കയറിയിരുന്നു.
''ഈ വര്‍ഷത്തെ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്ക്കാരം ''ഇനിയുമൊരിക്കല്‍'' എന്ന ചിത്രത്തിലൂടെ നേടിയ കാര്‍ത്തിക്കിനെ വേദിയിലേക്ക് ക്ഷണിക്കുന്നുവെന്ന അവതാരകയുടെ ശബ്ദം അവിടെ മുഴങ്ങി.
നിറഞ്ഞ കൈയ്യടിയുടെ അകമ്പടിയോടെ വേദിയിലേക്ക് ആനയിക്കപ്പെട്ട കാര്‍ത്തിക്ക് സദസ്സിനു നേരെ നോക്കി ശിരസ്സു നമിച്ചു കൈ കൂപ്പി.
അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷമാണ് കാര്‍ത്തിക്കിനെ വീണ്ടും കാണുന്നത്.
'' എനിക്കൊരു ലക്ഷ്യമുണ്ട് , അത് നേടാന്‍ നിങ്ങളോ നിങ്ങളുടെ സ്നേഹമോ ഒരു തടസ്സമാകരുത് ഇത് മാത്രമേ എനിക്ക് പറയാനുള്ളു.''
എന്നുള്ള എന്റെ ക്രൂരമായ വാക്കുകള്‍ കേട്ട് ഉള്ളുലഞ്ഞിട്ടും പുറമേ അത് പ്രകടിപ്പിക്കാതെ...
''ഇല്ല കിച്ചു ഒരിക്കലും അങ്ങനെ ഉണ്ടാവില്ല''
എന്നു പറഞ്ഞ് ദൂരേക്കകന്നു പോയൊരു രൂപം...!!
നീയറിഞ്ഞിരുന്നുവോ നിറ കണ്ണുകളോടെയാണ് ആ മടക്കം ഞാന്‍ നോക്കി നിന്നതെന്ന്..? ഹൃദയം കീറി മുറിക്കുന്ന വേദനയോടെയാണ് ഞാനാ വാക്കുകള്‍ പറഞ്ഞതെന്ന്...? അത്രമേല്‍ ഇഷ്ട്ടമുള്ളതിനെ മാറ്റി നിര്‍ത്തുമ്പോള്‍ ഹൃദയം പൊള്ളിപിടഞ്ഞിരുന്നുവെന്ന്..?
അറിഞ്ഞിട്ടുണ്ടാവും, കാരണം നിന്നോളം എന്നെ മനസ്സിലാക്കിയ മറ്റൊരാളും ഇല്ലായിരുന്നവല്ലൊ...!!
അവസാനമായുള്ള നമ്മുടെ കൂടിക്കാഴ്ച്ച അതായിരുന്നു ...!! പക്ഷെ പിന്നിടൊരിക്കലും കണ്ടില്ലെങ്കിലുമൊരു നിഴല്‍ പോലെ നിന്റൊപ്പം ഞാനുമുണ്ടായിരുന്നു. നിന്റെ വളര്‍ച്ചകളില്‍ അഭിമാനിച്ച്, ഹൃദയം നിറഞ്ഞ് സന്തോഷിച്ച്.
മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ വായിച്ച
ഒരു കഥ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു. അതെഴുതിയ ആളുടെ മേല്‍വിലാസം തേടിപിടിച്ച് ഒരു എഴുത്തയക്കുമ്പോള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അതിനൊരു മറുപടി വരുമെന്നും കാര്‍ത്തിക്ക് ‍ എന്ന ആ എഴുത്തുകാരന്‍ തന്റെ പ്രിയപ്പെട്ട സുഹൃത്താകുമെന്നും.
പിന്നീടെപ്പോഴോ ആ സൗഹൃദം കൂടുതല്‍ ദൃഢമാകുന്നതും അതിന് മറ്റൊരു മാനം കൈവരുന്നതും രണ്ടു പേരും അറിയുന്നുണ്ടായിരുന്നു. കാര്‍ത്തിക്ക് വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമാണെന്നുള്ളതറിഞ്ഞിട്ടും അതൊരു പ്രണയമായി മാറി.
കുടുംബജീവിതത്തിലെ താളപ്പിഴകളും , പൊരുത്തക്കേടുകളും പലപ്പോഴും അസ്വസ്ഥമാക്കുമ്പോള്‍ എന്റെ സാമിപ്യവും , സ്നഹവും കാര്‍ത്തിക്കിന് ശരിക്കും ഒരു ആശ്വാസമായിരുന്നുവെന്ന് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.
''വൈരുദ്ധ്യങ്ങളുടെ കൂടിച്ചേരല്‍ എത്രമാത്രം അസ്സഹനീയമാണെന്ന് നിനക്കറിയാമോ കിച്ചു. ഞാനിന്ന് അനുഭവിക്കുന്നത്, അതാണ്.'' പലപ്പോഴും കാര്‍ത്തിക്ക് പറയാറുണ്ടായിരുന്നത്.
ഭ്രാന്തമായിരുന്നു കാര്‍ത്തിക്കിന് എന്നോടുള്ള പ്രണയം. ഓരേ ചിന്തകള്‍, കാഴ്ച്ചപ്പാടുകള്‍ , ഇഷ്ടങ്ങള്‍ അതെല്ലാം ഞങ്ങളെ കൂടുതല്‍ അടുപ്പിച്ചു. എങ്കിലും പ്രണയത്തിന്റെ വിശുദ്ധിയെ തച്ചുടക്കുന്ന ഒരു പ്രവര്‍ത്തി പോലും കാര്‍ത്തിക്കിന്റെയൊ എന്റെയോ ഭാഗത്ത് നിന്നുണ്ടായില്ല...!!
പക്ഷെ ഉറക്കമില്ലാത്ത രാത്രികളില്‍ എപ്പോഴോ ഒന്നില്‍
കുറ്റബോധത്തിന്റെ നേര്‍ത്ത വലകള്‍ എന്നില്‍ കൂടുകൂട്ടാന്‍ തുടങ്ങുന്നത് ഞാന്‍ അറിഞ്ഞു തുടങ്ങി. അനര്‍ഹമായ എന്തോ ഒന്ന് കൈവശം വെച്ച പോലൊരു തോന്നല്‍..!!
കണ്ണടക്കുമ്പോള്‍ ഞാനൊരിക്കലും കണ്ടില്ലാത്ത ആ കുഞ്ഞിന്റെ മുഖം മനസ്സില്‍ തെളിയുന്ന പോലെ...ഇനിയും വൈകിയാല്‍ നിങ്ങളെ ഞാന്‍ മറ്റാര്‍ക്കും വിട്ടു കൊടുക്കില്ല അതിനെനിക്ക് സാധിക്കില്ല...അതു കൊണ്ട്, അതു കൊണ്ട് മാത്രമാണ് സ്നേഹത്തിന്റെ ഒരായിരം കടലിരമ്പുമ്പോഴും നിങ്ങളോട് വെറുപ്പോടെ സംസാരിച്ചത്..അടുക്കാന്‍ ശ്രമിക്കുമ്പോഴും അകറ്റി നിര്‍ത്തിയത്.
വാക്കുകള്‍ കൊണ്ട് കൂടുതല്‍ കൂടുതല്‍ മാറ്റി നിര്‍ത്തുമ്പോഴും നമ്മളൊരുമിച്ചുള്ള നിമിഷങ്ങളുടെ ഓര്‍മ്മകള്‍ എന്നെ പൊള്ളിക്കുന്നുണ്ടായിരുന്നു.
ടൗണിലെ പള്ളിപ്പെരുന്നാള്‍ രാത്രിയില്‍ ആവേശത്തോടെ നിന്റെ കൈ പിടിച്ച് നടന്നതും, മഴ നനഞ്ഞ് ഒരുമിച്ച് നടത്തിയ ബൈക്ക് യാത്രകളും, ''താല്‍'' റസ്റ്റോറന്റിലെ രുചിവൈവിദ്ധ്യങ്ങള്‍ തേടുന്ന സായാഹ്നങ്ങളും, ചുമയും , തൊണ്ടവേദനയും അസഹനീയമാകുമ്പോഴും എന്റെ വാശിക്കു വഴങ്ങി നീ വാങ്ങിത്തരുന്ന എനിക്കേറെയിഷ്ടമുള്ള മൗണ്ടന്‍ ഡ്യൂവിന്റെ രുചിയും...അങ്ങനെ ഓര്‍ത്തെടുക്കാന്‍ കുറഞ്ഞ കാലത്തിനുള്ളില്‍ എന്തെല്ലാം....!!
കുറച്ചു നാളുകള്‍ക്കു ശേഷം ഹോസ്റ്റലിലേക്ക് എന്നെ തേടി വന്നൊരു കൊറിയറില്‍ എനിക്കുള്ള ജന്മദിന സമ്മാനമായിരുന്നു.അതിലൊരു കുറിപ്പുണ്ടായിരുന്നു. ''ഇനി ഒരു ജന്മദിനത്തിന് സമ്മാനം തരാന്‍ എനിക്ക് സാധിച്ചില്ലെങ്കിലൊ ഏന്നോര്‍ത്താണ് ഇത് നീ എന്നും സൂക്ഷിച്ചു വെക്കണംഎന്ന് . അത് വായിക്കുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞിരുന്നു.
മെഡിസ്സിന്‍ കംപ്ലീറ്റ് ചെയ്ത് ഹൗസ്‌ സര്‍ജന്‍സി ചെയ്യുമ്പോഴായിരുന്നു അപ്പുവുമായുള്ള വിവാഹം. തൊട്ടടുത്ത വര്‍ഷം ധീരജുണ്ടായി. അപ്പുവിന്റെ ഇഷ്ടമായിരുന്നു ആ പേര്. കാര്‍ത്തിക്കിന്റെ രചനകളെല്ലാം ഏറെ ജനശ്രദ്ധ നേടുന്നതും പുതിയ പുസ്തക സമാഹാരങ്ങള്‍ ഇറങ്ങുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതും പത്രങ്ങളിലൂടെയും ,സോഷ്യല്‍ മീഡിയകളിലൂടെയും അറിയുന്നുണ്ടായിരുന്നു.
പിന്നീട് മലയാളത്തിലെ ഒരു പ്രശസ്ത സംവിധായകന് വേണ്ടി ഒരു സ്ക്രിപ്റ്റ് ചെയ്തതറിഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു. ''കുട്ടൂസാ നിന്റെ ജീവിതത്തില്‍ നീയേറെ ആഗ്രഹിച്ചിടത്തു തന്നെ എത്തിചേര്‍ന്നല്ലൊ അത് മതിയെനിക്ക്...'' ( പറയാന്‍ മറന്നു ഞങ്ങളുടേതായ നിമിഷങ്ങളില്‍ കാര്‍ത്തിക്കിനെ ഞാന്‍ അങ്ങനെ ആയിരുന്നു വിളിച്ചിരുന്നത്.)
എന്നില്‍ നിന്നും പറിച്ചെറിഞ്ഞ് നിന്നെ അകറ്റി വിടുമ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിച്ചതും അതായിരുന്നു..നീ ആഗ്രഹിക്കുന്നിടത്ത് തന്നെ നീയെത്തിച്ചേരണമെന്ന്.
ഒരിക്കലും കൂടിച്ചേരാത്ത രണ്ടു സമാന്തര രേഖകളായിരുന്നു നമ്മള്‍ അകലങ്ങളില്‍ നിന്നു മാത്രം നിയോഗങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്നവര്‍...
ഇന്നിവിടെ നടക്കുന്ന സിനിമ പുരസ്ക്കാര ദാന ചടങ്ങില്‍ കാര്‍ത്തിക്കും പങ്കെടുക്കുന്നുണ്ട് എന്നറിഞ്ഞതു കൊണ്ടാണ് ആവേശത്തോടെ ഓടി വന്നത്. വൈകിയെങ്കിലും അവന് പുരസ്ക്കാരം കൊടുക്കുന്നത് കാണാന്‍ സാധിച്ചല്ലൊ!
ഇനി തമ്മില്‍ കാണുന്നതിനു മുന്‍പ് ഇവിടുന്നിറങ്ങണം. ഇത്തരമൊരു പരിപാടിയില്‍ ആദ്യമായി പങ്കെടുക്കുന്ന കൊണ്ട് തിരശ്ശീലയിലും ടെലിവിഷനിലും മാത്രം കണ്ടു പരിചയിച്ച താരങ്ങളെ കാണുന്നതിന്റെ ആശ്ചര്യം ധീരജിനുണ്ടായിരുന്നു.
അതു കൊണ്ട് തന്നെ പാതിയില്‍ ഇറങ്ങി പോകാമെന്ന് പറഞ്ഞപ്പോള്‍ അവന്‍ സമ്മതിച്ചില്ല. പുരസ്ക്കാരമേറ്റു വാങ്ങി, തന്റെ മറുപടി പ്രസംഗത്തിനും ശേഷം വേദിയില്‍ നിന്നും തന്റെ ഇരിപ്പിടത്തിലേക്ക് മടങ്ങിയിരുന്നു കാര്‍ത്തിക്കപ്പോള്‍.
ഒരു വിധത്തില്‍ ധീരജിനെ പറഞ്ഞു സമ്മതിപ്പിച്ച ശേഷം കൃഷ്ണ പതിയെ അവനേയും കൂട്ടി പുറത്തേക്ക് നടന്നു...
''കിച്ചു...''
കാലങ്ങള്‍ക്കപ്പുറത്തു നിന്നും കേള്‍ക്കുന്നതു പോലെ ആ വിളി. തന്റെ തൊട്ടു പുറകില്‍ തന്നെ കാര്‍ത്തിക്ക്..
ഒരു നിമിഷം നിശബ്ദതയുടെ, ഒരു കടല്‍ ചുറ്റും അലയടിച്ച പോലെ...!! വീണ്ടും മൗനം ഭഞ്ജിച്ചതു കാര്‍ത്തിക്ക് തന്നെയാണ്.
''ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചൊരു കാര്യം നടക്കുന്ന സമയത്ത് അതിന് സാക്ഷിയാകാന്‍ നീ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ഓര്‍ത്തിരുന്നു. കിച്ചു വരുമെന്നും എനിക്കറിയാമായിരുന്നു. അതു കൊണ്ട് തന്നെയാണ് വേദിയിലിരിക്കുന്ന ഓരോ മുഖങ്ങളിലും ഞാന്‍ നിന്നെ തേടിയത്.''
''രാധികയും മോനും''
എന്റെ ശബ്ദത്തിന് വല്ലാത്തൊരു പതര്‍ച്ചയുണ്ടെന്നെനിക്കു തോന്നി.
''ദാ അവിടെയുണ്ട്''
കാര്‍ത്തിക്ക് വിരല്‍ ചൂണ്ടിയിടത്തേക്ക് നോക്കിയപ്പോള്‍ കണ്ടു വേദിയിലേക്ക് നോക്കി സന്തോഷത്തോടെയിരിക്കുന്ന രാധികയും ,മോനും..!!
''ഞാന്‍ പൊയ്ക്കോട്ടെ....''
കാര്‍ത്തിക്ക് പതിയെ തലയാട്ടി...
വണ്ടി മുന്നോട്ട് ചലിക്കുമ്പോള്‍ റിയര്‍വ്യൂ മിററിലൂടെ കൃഷ്ണ കണ്ടു അവിടെ തന്നെ നില്‍ക്കുന്ന കാര്‍ത്തിക്കിനെ...!!
''ഇനിയുമൊരിക്കല്‍ കൂടി ഒരു കണ്ടുമുട്ടല്‍ നമുക്കിടയിലുണ്ടാകില്ലാ...ഇഷ്ടങ്ങള്‍ രണ്ടു തരത്തിലാണ്. ഒന്ന് നേടാനുള്ളതും , മറ്റൊന്ന് ഇഷ്ട്ടപ്പെടാന്‍ വേണ്ടി മാത്രമുള്ളതും എനിക്ക് നീ അതു മാത്രമായിരുന്നു കാര്‍ത്തിക്ക് ...അതു മാത്രം...''
കൃഷ്ണയുടെ മനസ്സു മന്ത്രിച്ചു. പതിയെ നഗരത്തിരക്കിലേക്ക് ആ കാറും ചേര്‍ന്നൊഴുകി....
***********
''അമ്മാ....അമ്മെയെന്തിനാ കരയുന്നേ...ഇതൊരു സിനിമയല്ലേ...?
ധീരജിന്റെ ആ ചോദ്യം കൃഷ്ണയുടെ കാതില്‍ മുഴങ്ങുമ്പോള്‍ അവള്‍ നിറഞ്ഞ മിഴികള്‍ തുടക്കാന്‍ ശ്രമിക്കുകയായിരുന്നു.
കണ്‍മുന്നില്‍ ഇത്രയും നേരം കണ്ടത് സിനിമയായിരുന്നില്ല എന്റെ ജീവിതമായിരുന്നുവെന്നും, തന്റെ കഥ തന്നെ സിനിമയായി അവതരിപ്പിച്ച കാര്‍ത്തിക്ക് ചിത്രം പുറത്തിറങ്ങുന്നതിനും രണ്ടാഴ്ച്ച മുന്‍പ് ഒരു അപകടത്തില്‍ ഈ ലോകത്തു നിന്നും വിടവാങ്ങിയെന്നും ഈ അഞ്ച് വയസ്സുകാരനോട് പറഞ്ഞാല്‍ അവന്‍ അതെത്രമാത്രം ഉള്‍ക്കൊള്ളുമെന്ന് അവള്‍ക്കറിയില്ലായിരുന്നു...!!
കാറിന് സമീപത്തേക്ക് നടക്കുമ്പോള്‍ ആ ചിത്രത്തിനു വേണ്ടി കാര്‍ത്തിക്ക് എഴുതിയ ആ സംഭാഷണം കൃഷ്ണയുടെ കാതില്‍ വീണ്ടും മുഴങ്ങുന്നുണ്ടായിരുന്നു.
''ഇഷ്ടങ്ങള്‍ രണ്ടു തരത്തിലാണ് ഒന്ന് നേടാനുള്ളതും, മറ്റൊന്ന് ഇഷ്ടപ്പെടാന്‍ വേണ്ടി മാത്രമുള്ളതും...!! ''
പെയ്തൊഴിഞ്ഞ ആകാശത്തിന്റെ കോണില്‍അപ്പോള്‍ തെളിഞ്ഞ ഒരു നക്ഷത്രം തന്നെ ഉറ്റ് നോക്കുന്നതു പോലെ തോന്നി കൃഷ്ണക്കപ്പോള്‍. എല്ലാമറിയുന്ന അപ്പുവിന്റെ കൈ പിടിച്ച് അവള്‍ പതിയെ കാറിന് സമീപത്തേക്ക് നടന്നു.
രചന - ശരത് മംഗലത്ത്

ഞാന്‍ മേരിക്കുട്ടി (അവളിടങ്ങളിലേക്കണയുമ്പോള്‍...)

Image may contain: 1 person

=========
വളര്‍ച്ചയുടെ ഏതോ നിമിഷങ്ങളില്‍ സ്വയം സത്വം തിരിച്ചറിയപ്പെടുകയും , അത് സ്ഥാപിക്കാന്‍ പരിശ്രമിക്കുമ്പോള്‍ പരിഹാസങ്ങളും , വാക്ശരങ്ങളും , വേദനകളും ഒരു ശാപം പോലെ ഏറ്റു വാങ്ങേണ്ടി വന്ന ഒരു വിഭാഗം ആളുകള്‍ നമുക്കിടയിലുണ്ട്. അവരുടെ ഒരു പ്രതിനിധിയാണ് മേരിക്കുട്ടി.
അതിജീവനത്തിന്റെ ഓരോ കനല്‍വഴികളും അവള്‍ കടന്നു പോകുന്നത് അത്രയധികം കഠിനമായ ഒരു പാതയിലൂടെയാണ്. നമ്മള്‍ എന്താണെന്ന് ആദ്യം തിരിച്ചറിയേണ്ടത് നമ്മള്‍ തന്നെയാണ്. പക്ഷെ ആ തിരിച്ചറിവില്‍ ജീവിക്കാന്‍ തുടങ്ങുമ്പോള്‍ ഒരു ട്രാന്‍സ്ജെന്‍ഡറിനെ സംബന്ധിച്ചിടത്തോളം അതെത്ര മാത്രം ദുരിതമാണെന്ന് മുന്‍വിധികള്‍ മാറ്റിവെച്ച് അവരെയൊന്ന് അടുത്തറിയാന്‍ ശ്രമിച്ചാല്‍ നമുക്ക് സാധിക്കും.
''ഞാന്‍ മേരിക്കുട്ടി'' എന്ന ചിത്രം കണ്ടിറങ്ങിയപ്പോള്‍ മനസ്സില്‍ തോന്നിയ ചില കാര്യങ്ങളാണ് മുകളില്‍ പങ്കു വെച്ചത്. എന്റെയൊരു ട്രാന്‍സ്ജെന്‍ഡര്‍ സുഹൃത്തിനോടുള്ള സംസാരമദ്ധ്യേ അയാള്‍ പറയുകയുണ്ടായി ''അവനില്‍ നിന്നും അവനിലേക്ക് തന്നെ ഒരു മടങ്ങിവരവല്ല ഞങ്ങള്‍ ആഗ്രഹിക്കുന്നത് അവനില്‍ നിന്നും അവളിടങ്ങളിലണയാനാണ്..., ജീവിക്കാനാണ്''.
ഈ ചിത്രത്തെ പറ്റി കേട്ടതു മുതല്‍ കാണാന്‍ ആകാംക്ഷ ഏറെ ആയിരുന്നു. ഇന്നിതു കണ്ടിറങ്ങിയപ്പോള്‍ മനസ്സിലായി കാത്തിരിപ്പ് വെറുതെ ആയില്ലാന്ന്. അത്രക്കും മികച്ചൊരു ദൃശ്യാനുഭവമായിരുന്നു. ജയസൂര്യയുടെ കരിയറിലെ ഏറ്റവും മികച്ചൊരു കഥാപാത്രത്തെ അതിഭാവുകത്വങ്ങളുടെ ചേരുവകളില്ലാതെ മനോഹരമായി അവതരിപ്പിച്ചു .
ഒരോ ചിത്രങ്ങളും എഴുത്തുകാരനെന്ന നിലയിലും , സംവിധായകനെന്ന നിലയിലും രഞ്ജിത് ശങ്കര്‍ തന്റെ വ്യക്തി മുദ്ര പതിപ്പിക്കുന്നു എന്നത് ഈ ചിത്രവും അടയാളപ്പെടുത്തുന്നു. മാത്തുക്കുട്ടിയില്‍ നിന്നും മേരിക്കുട്ടിയിലേക്ക് , (അനിവാര്യമായ തന്റെ പൂര്‍ണ്ണതയിലേക്ക് ) മാറാന്‍ ശ്രമിക്കുന്ന ജയസൂര്യയുടെ കഥാപാത്രം നേരിടുന്ന പ്രശ്നങ്ങളും ഒപ്പം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മോഹം സാക്ഷാത്ക്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
പള്ളിലച്ചനായി ഇന്നസെന്റെും , എസ്സ് എെ കുഞ്ഞിപ്പാലുവായി ജോജോയും , സുഹൃത്ത് ആല്‍വിന്‍ എന്ന കഥാപാത്രമായി അജു വര്‍ഗ്ഗീസും, കളക്ടറായി സുരാജ് വെഞ്ഞാറമൂടും മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നു എന്ന് പറയുന്നതിനോടൊപ്പം ഇതിലെ ഒരു ചെറിയ കഥാപാത്രങ്ങള്‍ക്കു പോലും വ്യക്തമായ ഒരു എെഡന്റിറ്റി ഉണ്ടെന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്.
ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും രഞ്ജിത്ത് ശങ്കര്‍ തന്നെയാണ്. ഛായാഗ്രഹണം വിഷ്ണു നാരായണന്‍ നിര്‍വ്വഹിച്ചിരിക്കുന്നു. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ആനന്ദ് മധുസൂദ്ദനനാണ്. ''ദൂരെ ദൂരെ ഇതള്‍ വിരിയാനായൊരു സ്വപ്നം കാത്തു നില്‍ക്കുന്നു'' എന്ന ഗാനം ബിജു നാരായണന്റെ ആലാപനമികവില്‍ ഏറെ നന്നായിട്ടുണ്ട് .
''ഈ ലോകം ആണിന്റെതല്ല, ഈ ലോകം പെണ്ണിന്റേയുമല്ല...മറിച്ച് അത് കഴിവുകളുടേതാണ്....'' അത് തന്നെയാണ് യാഥാര്‍ത്ഥ്യം ...ആണിനും, പെണ്ണിനും ഉപരിയായി ഈ ലോകം ഓരോ വ്യക്തിയേയും അടയാളപ്പെടുത്തുന്നത് അവരുടെ കഴിവുകള്‍ കൊണ്ട് തന്നെയാവട്ടെ. അതിനുള്ള ആര്‍ജ്ജവം കാണിക്കാന്‍ ഈ സമൂഹം തയ്യാറാവട്ടെ....!! അങ്ങനെ നമുക്കു ചുറ്റുമുള്ള ഓരോ മേരിക്കുട്ടിമാരുടേയും കനവുകള്‍ യാഥാര്‍ത്ഥ്യമാകട്ടെ...!! അവളിടങ്ങളിലണയട്ടെ...!!!

By Sarath Mangalath

ചില ഇഷ്ടങ്ങള്‍

''ഒറ്റക്കായി പോകുന്ന ഒരു പെണ്‍കുട്ടി, അതൊരു അവസരമല്ല...നേരെ മറിച്ച് ഒരു ഉത്തരവാദിത്വമാണ്...''
ഈയടുത്ത് കണ്ട ''ക്വീന്‍'' സിനിമയിലെ ഒരു സംഭാഷണമാണിത്. ഈ വാക്കുകള്‍ എന്നെ
രണ്ടര വര്‍ഷം മുന്‍പ് എന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു കാര്യം വീണ്ടുമോര്‍മ്മിപ്പിച്ചു.
കുറ്റബോധത്തിന്റെ ഉപ്പുരസം കലര്‍ന്ന ഒരോര്‍മ്മ...!!
ഒരു ഉത്രാട രാത്രി...!! ഞാന്‍ ജോലി കഴിഞ്ഞ് എന്റെ വീട്ടിലേക്ക് പോകുന്നതിനു പകരം കോഴിക്കോട് ടൗണിലേക്കാണ് പോയത്. ലക്ഷ്യം ഓണത്തോടനുബന്ധിച്ച്
റിലീസായ മമ്മുക്കയുടെ പുതിയ പടം കാണല്‍.
പടത്തിന്റെ പേര് വഴിയെ പറയാം. ഓണത്തിന് വേറെയും ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. എല്ലാം കണ്ടു തീര്‍ക്കുന്ന ഒരു ശീലം എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ തുടങ്ങിയതാണ്. (ഒറ്റക്കു പോയുള്ള കാര്യമാണ് പറഞ്ഞത്. അല്ലാതെ അച്ഛനോടൊപ്പമുള്ള സിനിമ കാണല്‍ ആറാം മാസത്തില്‍ തുടങ്ങിയെന്നാണ് അമ്മ പറഞ്ഞുള്ള അറിവ്..!!)
മമ്മുക്കയുടെ സിനിമ റിലീസ് ദിവസം ആദ്യ ഷോ തന്നെ കണ്ടില്ലെങ്കില്‍ ഒരു തരം
അസ്വസ്ഥതയായിരുന്നു..അന്ന് ആദ്യ ഷോ കാണാന്‍ പോകാന്‍ പറ്റിയില്ല. അതു കൊണ്ടാണ് ജോലി കഴിഞ്ഞ് രാത്രി പോയത്.
കൈരളിയില്‍ 9.30 യുടെ ഷോ കാണാന്‍ ബുക്ക് ചെയ്തു.
ഒരു മണിക്കൂര്‍ കൂടി സമയമുള്ളതു കൊണ്ട് ഞാന്‍ മാവൂര്‍ റോഡിലെ സോപാനം ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് വീണ്ടും തിയേറ്റര്‍ ലക്ഷ്യമാക്കി നടക്കുമ്പോഴാണ്
ഒരു പെണ്‍കുട്ടി ധൃതിയില്‍ എതിരെ നടന്നു വരുന്നതു കണ്ടത്..(നമ്മുടെ സ്വഭാവം വെച്ച് എന്തായാലും നോക്കാതിരിക്കില്ലല്ലൊ...
നോക്കി, ശരിക്കും നോക്കി..)
പെട്ടന്നാണ് എന്റെ മുഖം അദ്ഭുതം കൊണ്ട് വിടര്‍ന്നത്..അതെന്റെ കൂട്ടുകാരി ആയിരുന്നു. ഡിഗ്രിക്ക് എന്റെയൊപ്പം പഠിച്ച പ്രിയപ്പെട്ട കൂട്ടുകാരി..പഠനം ഇടക്കു നിര്‍ത്തി
അവള്‍ നേഴ്സിംഗ് പഠനത്തിനായി പോയെങ്കിലും മാസത്തില്‍ ഒരിക്കലെങ്കിലും
കത്തിലൂടെ സ്നേഹാന്വേഷണങ്ങള്‍ നടത്തിയവള്‍, (അന്ന് മൊബൈല്‍ ഫോണ്‍ അത്ര പ്രചാരത്തിലല്ലായിരുന്നു.) വിവാഹശേഷവും തന്റെ സൗഹൃദം എന്നും നില നിര്‍ത്തിയവള്‍.
''അമ്മൂ..''എന്റെ ശബ്ദം കേട്ട് അവള്‍ മുഖമുയര്‍ത്തി നോക്കി..!!(യഥാര്‍ത്ഥ പേര് അതല്ല..എന്റെ സൗഹൃദവലയത്തിലുള്ളതു കൊണ്ട് അവളെ വീട്ടില്‍ വിളിക്കുന്ന പേര് ചേര്‍ക്കുന്നു )
''നീയെന്താടാ ഇവിടെ..? ''
ആ സമയത്ത് എന്നെ കണ്ടതിന്റെ സന്തോഷം അവളുടെ മുഖത്ത് പ്രതിഫലിച്ചു.
ഞാന്‍ കാര്യം പറഞ്ഞു. അവള്‍ ടൗണിലെ പ്രശസ്ത ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്നത്. അന്ന് ഈവനിംഗ് ഡ്യൂട്ടി ആയിരുന്നു. സാധാരണ ഏഴു മണിക്ക് കഴിയുന്നതാണ്. അന്നെന്തോ പ്രത്യേക സാഹചര്യത്തില്‍ വൈകി. അതിന്റെ വെപ്രാളത്തില്‍ ഓടുകയാണ്. 9.30 ക്ക് അവള്‍ക്ക് നാട്ടിലേക്ക് ഒരു സര്‍ക്കാര്‍ വണ്ടിയുണ്ട്.
കോഴിക്കോട് ടൗണില്‍ നിന്നും ഏകദേശം മുപ്പത് കിലോമീറ്റര്‍ അകലെയാണ് അവളുടെ വീട്. ഇനി ആ ബസ്സ് കിട്ടി വീടിനടുത്തുള്ള ചെറിയ ടൗണില്‍ ബസ്സിറങ്ങുമ്പോ 10.30 ആകും. അവിടെ അവളുടെ ടൂ വീലര്‍ ഉണ്ട്. അതില്‍ രണ്ടു കിലോമീറ്റര്‍ കൂടി പോയാലെ വീടെത്തു.
അമ്മുവിന്റെ ഭര്‍ത്താവും ,സഹോദരനും
വിദേശത്താണ്. അച്ഛന്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ അടുത്തുള്ള ടൗണില്‍ വന്ന് നില്‍ക്കാറുണ്ടെങ്കിലും അന്ന് പനിച്ചു കിടക്കുന്നത് കൊണ്ട് വരില്ലാ എന്ന് പറഞ്ഞിരുന്നു.
'' നീ സിനിമക്ക് പോകുകയല്ലെ..? പോയ്ക്കോളു...എന്ന് പറഞ്ഞ് അവള്‍ നടന്നു..എന്റെ സിനിമാ ഭ്രാന്ത് നന്നായി അറിയാവുന്നതു കൊണ്ടാണ്..അവളങ്ങനെ പറഞ്ഞത്.
ഞാന്‍ അവളോട് യാത്ര പറഞ്ഞ് സിനിമാ തിയേറ്റര്‍ ലക്ഷ്യമാക്കി നടന്നു. സിനിമയുടെ ഇടവേള ആയപ്പോഴാണ് വീണ്ടും ഞാന്‍ അവളെ പറ്റിയോര്‍ത്തത്. ഉത്തരവാദിത്വമുള്ള എന്നിലെ കൂട്ടുകാരന്‍(?)
ഉണര്‍ന്നത്. ഞാന്‍ ഫോണ്‍ ചെയ്തു.
ഞാന്‍ കരുതി നീയെന്നെ ഇവിടെ കൊണ്ടാക്കുമെന്ന്..ഞാനിന്ന് എത്ര പേടിച്ചെന്നറിയാമോ..? കോഴിക്കോട് ബസ്സ് കാത്ത് നിന്നപ്പോഴും, നാട്ടില്‍ ഇറങ്ങിയപ്പോഴും ആരെല്ലാമോ എന്തൊക്കെയോ അശ്ലീലം പറഞ്ഞ് വന്നു..ടൂ വീലര്‍ എടുക്കാന്‍ നടന്നു പോയപ്പോ പുറകെ വന്നൊരുത്തന്‍ മേത്ത് തൊടാന്‍ ശ്രമിച്ചു.''
'' അമ്മു ഞാന്‍....'' വാക്കുകള്‍ എന്റെ തൊണ്ടയില്‍ കുരുങ്ങി. തലക്കു ചുറ്റും ആയിരം കടന്നലുകള്‍ മൂളി പറക്കും പോലെ..!! ഞാന്‍ ഒന്നും പറയാതെ ഫോണ്‍ വെച്ചു..!! ഓണത്തിനും, വിഷുവിനും അവളുടെ അമ്മ വിളമ്പി തന്ന സ്വാദേറിയ ഭക്ഷണങ്ങള്‍ തികട്ടി വരും പോലെ..!!
നന്ദി കെട്ടവനെന്ന് ആരെല്ലാമോ ചുറ്റും നിന്ന് വിളിക്കും പോലെ...!!
ഞാന്‍ സിനിമ മുഴുവന്‍ കാണാതെ വീട്ടിലേക്ക് തിരിച്ചു. മനസ്സു കൊണ്ട് എത്രയോ തവണ ക്ഷമ ചോദിച്ചു. വര്‍ഷം രണ്ടു കഴിഞ്ഞിട്ടും കുറ്റബോധത്തിന്റെ ശല്ക്കങ്ങള്‍ ഹൃദയഭിത്തിയില്‍ ഇപ്പോഴും അള്ളിപ്പിടിച്ച് നില്ക്കുന്നു.
സിനിമയെ ഞാന്‍ അത്രമാത്രം ഇഷ്ട്ടപ്പെടുന്ന കൊണ്ടാണ് അന്നങ്ങനെ ചെയ്തത്. അവള്‍ ഒറ്റക്കാണ് എന്നത് സൗകര്യപൂര്‍വ്വം മറന്നത്. ചില ഇഷ്ടങ്ങള്‍ പ്രിയപ്പെട്ടവര്‍ക്കു വേണ്ടി ത്യജിക്കണമെന്ന പാഠം അന്ന് ഞാന്‍ പഠിച്ചു.
വാല്‍ക്കഷ്ണം--
അന്ന് ഞാന്‍ കണ്ട ചിത്രം ഏതാണെന്നു പറഞ്ഞാല്‍ ഇത് വായിക്കുന്ന മാന്യവായനക്കാര്‍ എന്നെ ഓടിച്ചിട്ടിടിക്കും. എങ്കിലും ചിത്രത്തിന്റെ പേര് വഴിയെ പറയാമെന്ന വാക്ക് ആദ്യമെ തന്നതു കൊണ്ട് പറയാം..
''ഉട്ട്യോപ്യയിലെ രാജാവ്''

sarath M

കറുത്ത ദൈവം

Image may contain: 1 person

എഡി 1750 - 1800 കാലഘട്ടം.
അതൊരു ശൈത്യകാലമായിരുന്നു. വയനാടന്‍ മണ്ണിന്റെ പൊതുവേയുള്ള തണുപ്പിന് ആക്കം കൂടിയ നാളുകള്‍. രാവിന്റെ കരങ്ങൾ ഭൂമിയെ മുറുകെ പുണർന്നു തുടങ്ങിയിരുന്നു. ഇല ത്തുമ്പുകളുടെ ആലിംഗനത്തില്‍ നിന്നും കുതറി മാറിയ നീഹാര കണങ്ങൾ മണ്ണിന്റെ മാറിലേക്ക് നിപതിച്ച് കൊണ്ടിരുന്നു.
ഇരുള്‍ വീണു കിടക്കുന്ന വഴിയിലൂടെ ഒരു കാളവണ്ടി പതിയെ ചലിക്കുന്നുണ്ടായിരുന്നു. ദുർഘടമായ ആ കാട്ടു പാതയിലൂടെ ശ്രമകരമായ രീതിയിലായിരുന്നു
അതിന്റെ ഗമനം. മുന്നിൽ കുത്തനെ വളഞ്ഞ് , പുളഞ്ഞ് കിടക്കുന്ന ചുരം റോഡ്. കാളകളുടെ കഴുത്തിലെ കുടമണി ശബ്ദം ആരണ്യത്തിന്റെ നിതാന്ത നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ടിരുന്നു. വണ്ടിയിൽ തൂക്കിയിരുന്ന റാന്തൽ വിളക്കിന്റെ നേരിയ വെട്ടം ചുറ്റുമുള്ള ഇരുട്ടിനെ അതിജീവിക്കാൻ പര്യാപ്തമായതല്ലായിരുന്നെങ്കിലും
അതൊരു ആശ്വാസമായിരുന്നു.
പ്രാണൻ ഉള്ളം കൈയ്യിലേന്തിയുള്ള
പലായനത്തിൽ ഒരു മിന്നാമിനുങ്ങിന്റെ
വെളിച്ചം പോലും നായർക്കും കുടുംബത്തിനും വലുതായിരുന്നു. കോട മഞ്ഞ് പെയ്തിറങ്ങുന്ന രാത്രി ആയിട്ടും നായരുടെ മുഖത്ത് സ്വേദകണങ്ങൾ ഉയിരെടുത്തു.
മക്കൾ രണ്ടു പേരും ഭാര്യയുടെ
മടിയിൽ കിടന്നുറങ്ങുകയാണ്. ഒരു
ആശ്രയത്തിനെന്നവണ്ണം ഭാര്യ ജഗദമ്മ
യുടെ കൈകൾ നായരുടെ ഇടം കൈയ്യിൽ വലയം ചെയ്തിരുന്നു.
ഈ വിധി അനിവാര്യമാണ്. ദുര മൂത്ത മനസ്സിനു കിട്ടിയ തിക്ത ഫലം.
നിരപരാധിയായ ഒരു പാവം യുവാവിന്റെ രുധിരം ഈ മണ്ണിൽ വീഴാൻ കാരണഭൂതനായതിനുള്ള ശിക്ഷ.
വനാന്തരങ്ങളിലെവിടെയോ നിന്ന് ഒരു നെടുലാൻ പക്ഷിയുടെ നീട്ടിയുള്ള
കൂവൽ കേട്ടു...!! കാലന്റെ മരണദൂത്
പോലെ...
''എന്തിനാ തമ്പ്രാ എന്നോടി ചതീ...? ''
നിലത്ത് വീണു പിടയും മുൻപ് കരിന്തണ്ടന്റെ ദയനീയമായ ചോദ്യം,
അന്നത് പുച്ഛിച്ചു തള്ളി...പക്ഷെ ഇന്ന്..?
കച്ചവടമെന്ന പേരിൽ നാട്
ഭരിക്കാൻ വന്ന വെള്ളക്കാരുടെ സ്വാർത്ഥ മോഹങ്ങൾക്കു കുട പിടിക്കാൻ തയ്യാറായ നിമിഷങ്ങളെ ഓർത്ത് നായർ പശ്ചാത്തപിച്ചു.
വയനാടൻ മണ്ണിൽ വിളയുന്ന
സുഗന്ധ വ്യഞ്ജനങ്ങളോടുള്ള ആര്‍ത്തിയും ടിപ്പുവിന്റെ സാമ്രാജ്യമായ ശ്രീരംഗ പട്ടണത്തിൽ എത്തിച്ചേരാനുള്ള ബ്രിട്ടീഷകാരുടെ മോഹങ്ങൾക്കും തടസ്സമായത് പശ്ചിമഘട്ടമല നിരകളിലൂടെ ഒരു യാത്ര മാർഗ്ഗമില്ലാത്തതായിരുന്നു. ഒരു
പാത നിർമ്മിക്കാനുള്ള ശ്രമങ്ങൾ
പലതും പരാജയമായി.
ശക്തിയുള്ളവരുടെ ആശ്രീതനായി
വർത്തിക്കുകയെന്നതും ഒരു തരം നിലനിൽപ്പാണല്ലൊ, അഭിമാന ബോധമില്ലാത്തവന്റെ നാണം
കെട്ട നില നിൽപ്പ്. അതിലൊരിക്കലും തനിക്ക് കുറച്ചിൽ തോന്നിയിരുന്നില്ല.
പക്ഷെ മരണഭയം പിടി മുറുക്കിയ
ഈ നേരത്ത് അതെല്ലാം നായരോർത്തു.
സ്ഥിരമായി ആ വനത്തിനുള്ളിലൂടെ
തന്റെ നാൽക്കാലികളേയും മേയ്ച്ചു
കൊണ്ടു പോകുന്ന കരുത്തനായ ആ യുവാവ് വെള്ളക്കാർക്ക് ഒരു അദ്ഭുതകരമായ കാഴ്ച്ചയായി
തീർന്നപ്പോഴായിരുന്നു തന്നോട് അവനെ പറ്റി ചോദിച്ചത്. വയനാടൻ മലനിരകൾക്കു താഴെ ഭാഗത്തു സ്ഥിതി ചെയ്യുന്ന ചിപ്പിലി ത്തോടെന്ന ഊരിലെ പണിയരുടെ മൂപ്പനായ കരിന്തണ്ടനായിരുന്നത്.
തന്നോടെന്നും ഒരു ഭയ ഭക്തി
ബഹുമാനം അവൻ നിലനിർത്തി
യിരുന്നു. അതു കൊണ്ട് തന്നെയാണ്
സായിപ്പൻമാരുടെ ആവിശ്യം അറിയിച്ച
പ്പോൾ തങ്ങളുടെ കാടിന് ദോഷം വരുന്ന ഒന്നും ചെയ്യില്ല എന്ന ഉറപ്പിൻ
മേൽ മലമുകളിലേക്ക് ഒരു പാതയൊരുക്കാൻ കരിന്തണ്ടൻ
സഹായിച്ചത്.
കണ്ണിമ ചിമ്മുന്ന വേഗത്തിൽ
കരിന്തണ്ടൻ ആ ആരണ്യ മദ്ധ്യത്തിലൂടെ അങ്ങ് മല മുകളിലേക്ക്
മാർഗ്ഗം തെളിച്ചു കൊടുത്തപ്പോൾ
വെള്ളക്കാർക്കും , കൂടെയുള്ള
ഉദ്യോഗസ്ഥർക്കും അദ്ഭുതവും, അസൂയയും നിറയുന്നത് മനസ്സിലാക്കാൻ സാധിച്ചിരുന്നു.
വളഞ്ഞു തിരിഞ്ഞുള്ള വഴിയും
കയറ്റവും കൊണ്ടാവും ഭാരം വഹിക്കുന്ന കാളകളുടെ നടപ്പ് തീർത്തും മന്ദഗതിയിൽ ആയിരുന്നു.അപ്പോഴാണ് കാട്ടിനുള്ളിലെവിടെയോ നിന്ന് ആനയുടെ ചിന്നം വിളി കേട്ട പോലെ തോന്നിയത്. ജഗദമ്മയുടെ മുഖത്ത് വിരിഞ്ഞ ഭയത്തിന്റെ അനുരണനങ്ങൾ നായരും തിരിച്ചറിഞ്ഞു.
പതുക്കെ പതുക്കെ ആ ശബ്ദത്തിന്റെ ഉറവിടം അകന്നു പോയപ്പോൾ അവരിൽ നിന്നും ആശ്വാസത്തിന്റെ ഒരു നെടുവീർപ്പുതിർന്നു.
'' കുറച്ചു നാഴികകൾക്കുള്ളിൽ നമ്മൾ
അങ്ങ് മുകളിൽ ലക്കിടിയിലെത്തും പിന്നെ ഒന്നും പേടിക്കാനില്ല...''
നായർ ജഗദമ്മയോടായി പറഞ്ഞു.
സായിപ്പൻമാർക്ക് മല മുകളിലേക്കുള്ള വഴി കരിന്തണ്ടൻ
കണ്ടു പിടിച്ചു കൊടുത്ത അന്ന് വൈകുന്നേരം റിച്ചാർഡ് സായിപ്പ്
തന്നെ അവരുടെ സങ്കേതത്തിലേക്ക്
വിളിപ്പിച്ചു. അവരുടെ ഉദ്ദേശം അറിഞ്ഞപ്പോൾ ആദ്യം ഭയം തോന്നിയെങ്കിലും ഉള്ളിൽ ചുര മാന്തുന്ന സ്വാർത്ഥതയുടെ വിഷമൃഗം
അതിനെ അനുകൂലിച്ചു.
''വരും നാളുകളിൽ കച്ചവടാവിശ്യങ്ങൾക്കുള്ള ഒരു
പ്രധാനപ്പെട്ട പാതയാവും ഈ ചുരം
റോഡ്. പക്ഷെ ഈ വഴി കണ്ടു പിടിച്ചതിന്റെ അംഗീകാരം ഒരിക്കലും ആ പണിയന് കരഗതമാകരുത്. അതിനു വേണ്ടി അവനെ ഇല്ലാതാക്കണം.''
തികഞ്ഞ യോദ്ധാവായ കരിന്തണ്ടനെ നേരിട്ടുള്ള ഒരു ആക്രമണത്തിലൂടെ നേരിടുവാൻ സാധിക്കില്ലെന്ന് തനിക്കറിയാമായിരുന്നു. അതു കൊണ്ട്
തന്നെ എന്തെങ്കിലും ചതി പ്രയോഗത്തിലൂടെ ഇല്ലായ്മ ചെയ്യണമെന്നുറപ്പിച്ചു. അത് മനസ്സിൽ വെച്ചാണ് കരിന്തണ്ടനെ സുരപാനത്തിന് ക്ഷണിച്ചത്.
മൂപ്പന്റെ സ്ഥാനചിഹ്നമായി വലം കൈയ്യിൽ ധരിക്കുന്ന വള രാത്രി സ്നാനത്തിനു മുൻപേ ഊരിവെക്കുകയും പുലർച്ചക്ക് മന്ത്ര ജപത്തോടെ കൈയ്യിൽ ധരിക്കുകയും ചെയ്യുകയാണ് പതിവ്. പക്ഷെ അന്ന് അത് അവനറിയാതെ ഒരിടത്ത് ഒളിപ്പിച്ചു വെച്ചു. അധികാര ചിഹ്നമായ വള കൈയ്യിലില്ലാതെ ഊരിലേക്ക് പോകാൻ സാധിക്കാതെ
വനത്തിൽ തന്നെ കഴിഞ്ഞ കരിന്തണ്ടനെ സായിപ്പൻമാർ തങ്ങളുടെ തോക്കിനിരയാക്കി.
പ്രകൃതി പോലും നിശ്ചലമായ നിമിഷം, നിലത്ത് വീണു പിടയും മുന്‍പ് തന്റെ
നേരെ നോക്കിയപ്പോള്‍ ആ നോട്ടത്തെ നേരിടാനാകാതെ തലകുനിച്ചു.
അങ്ങനെ സമർത്ഥമായി വയനാട് ചുരം
വഴി കണ്ടു പിടിച്ച അംഗീകാരം
ബ്രീട്ടീഷുകാർ തന്നെ സ്വന്തമാക്കി. പൊൻപണവും , സുഗന്ധ ദ്രവ്യങ്ങളുമായി ആ മരണത്തിന്റെ വിഹിതം താനും സ്വീകരിച്ചു. തങ്ങളുടെ കൂട്ടത്തിൽ തന്നെയുണ്ടായിരുന്ന
നാട്ടുകാരിൽ നിന്നും പണിയൻമാർ
കരിന്തണ്ടന്റെ മരണവാർത്ത അറിഞ്ഞെങ്കിലും പ്രതികരിക്കാനുള്ള
ധൈര്യമില്ലാതെ മൗനം പാലിച്ചതേയുള്ളു.
ദിവസങ്ങൾ കടന്നു പോയി...!!
കരിന്തണ്ടന്റെ മരണം നടന്ന് നാൽപ്പത്തി ഒന്നാം നാൾ ചുരം പാത നിർമ്മിക്കുന്നതിനിടക്ക് മണ്ണിടിഞ്ഞ്
രണ്ടു തൊഴിലാളികൾ മരിച്ചു. തൊട്ടടുത്ത ദിവസം റിച്ചാർഡ് സായിപ്പ് വിഷം തീണ്ടി മരിച്ചു. അതൊരു തുടക്കമായിരുന്നു. മരണങ്ങളുടെ ഒരു ഘോഷയാത്രയുടെ തുടക്കം. കരിന്തണ്ടന്റെ പ്രേതത്തെ കണ്ടു എന്ന് പലരും പറഞ്ഞു. അപ്പോൾ മുതൽ മനസ്സിൽ ഭയത്തിന്റെ തുടി കൊട്ടി തുടങ്ങി. ആ ഭീതിയാണ് ഈ പലയാനത്തിന്റെ പിന്നിലെ ഹേതു.
നരച്ച മാനത്തെ ചന്ദ്രക്കലയെ സാക്ഷിയാക്കി കാളവണ്ടി പതുക്കെ
നീങ്ങുകയായിരുന്നു. പെട്ടന്നാണ് കൺ
മുൻപിൽ കണ്ട ആ കാഴ്ച്ചയിൽ നായരും , ജഗദമ്മയും നടുങ്ങിയത്. റാന്തൽ വെളിച്ചത്തിൽ മുൻപിലെ പാതയിൽ ഫണം വിടർത്തി നിൽക്കുന്ന ഒരു കരി മൂർഖൻ !! കാളകളും നിശ്ചലമായി നിന്നു. ഭയത്തിന്റെ തീനാമ്പുകൾ ഉടലാകെ പെയ്തിറങ്ങും
പോലെ...!
വണ്ടിയിൽ നിന്നും പതുക്കെ നായർ ഇറങ്ങി. അതോടൊപ്പം മക്കളേയും
എടുത്ത് ജഗദമ്മയും. പാമ്പ് പതിയെ അവർ നിൽക്കുന്നിടത്തേക്ക് ഇഴഞ്ഞു
വന്നു തുടങ്ങി. വിഷം ചീറ്റുന്ന ജിഹ്വയുമായി....!! ജഗദമ്മ മക്കളേയും
ചേർത്ത് പിടിച്ച് നിന്നു.
മഞ്ഞും ഇരുട്ടും ഇണ ചേർന്നു കിടക്കുന്ന വനത്തിന്റെ ഉള്ളിലേക്ക്
പെട്ടന്നാണ് നായർ ഓടി മറഞ്ഞത്.
ആ കാഴ്ച്ച തൊട്ടു മുൻപിലെത്തിയ
മരണത്തേക്കാൾ അവരെ വേദനിപ്പിച്ചു. കണ്ണുകളിറുക്കിയടച്ച് അനിവാര്യമായ മരണത്തെ ഏറ്റു വാങ്ങൻ മക്കളേയും ചേർത്ത് പിടിച്ച് അവർ നിന്നു. നിമിഷങ്ങൾ കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാത്ത കൊണ്ട് കണ്ണു തുറന്ന് നോക്കുമ്പോൾ മുന്നിൽ ആ പാമ്പ് ഉണ്ടായിരുന്നില്ല....!!
എട്ടു നാളുകൾക്ക് ശേഷം വനത്തിനുള്ളിൽ നിന്ന് വിഷം തീണ്ടി നീലച്ച് അഴുകിയ നായരുടെ ശവം കിട്ടിയന്നറിഞ്ഞപ്പോൾ മരണത്തിന്
മുന്നിൽ തന്നെയും , മക്കളേയും വലിച്ചെറിഞ്ഞ് പോയവനായിട്ടും
ജഗദമ്മ ഹൃദയം പൊട്ടിക്കരഞ്ഞു.
എ. ഡി. 1900
-----------------------
കാലത്തിന്റെ ചില്ലകളിൽ ഋതു
ഭേദങ്ങൾ ഏറെ സംഭവിച്ചു. വർഷങ്ങളേറെ കടന്നു പോയി. വയനാടൻ ചുരം പാത ഏറെ അഭിവൃദ്ധപ്പെട്ടു.
ഒരുച്ച നേരത്ത് ലക്കിടി. മീനത്തിലെ സൂര്യനേയും കുളിർപ്പിക്കുന്ന വയനാടൻ തണുപ്പ്.
ആ വിദേശികൾ കരിന്തണ്ടന്റെ ആത്മാവിനെ ചങ്ങലയിൽ ബന്ധിച്ച
മരത്തിന് സമീപം നിന്ന് സംസാരിക്കുകയായിരുന്നു. അവരുടെ
കാഴ്ച്ചപ്പാടിൽ ഇതെല്ലാം വെറും വിഡ്ഢിത്തരങ്ങൾ ആയിരുന്നു .
'' 1890 മുതൽ ഇവിടെ ഒട്ടേറെ അപകടങ്ങൾ നടന്നത്രേ..!! അത് ഈ കരിന്തണ്ടന്റെ കോപം കൊണ്ടാണെന്ന് ..!! അതിനു ശേഷമാണ് ഈ മരത്തിൽ ആത്മാവിനെ ബന്ധിച്ചു.
ഇപ്പോൾ ഇയാൾ ഇവിടുത്തെ വിഡ്ഢികൾക്ക് ദൈവമാണെന്ന്..! കറുത്ത ദൈവം...!!ഹഹഹ'' അത് പറഞ്ഞിട്ട് ആ വിദേശിയും കൂടെയുള്ള മറ്റുള്ളവരും ഉറക്കെ ചിരിച്ചു. പരിഹാസപൂർവ്വം.
കുറച്ചു സമയങ്ങൾക്ക് ശേഷം
അവർ കയറിയ വാഹനം ചുരമിറങ്ങി
തുടങ്ങി....!! പെട്ടന്നാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട പോലെ അവർക്കു തോന്നിയത്. എതിർ വശത്തെ അഗാധമായ കൊക്ക കണ്ടപ്പോൾ ആസന്നമായ മരണത്തെയോർത്ത് അവർ അലറി കരഞ്ഞു.
അപ്പോൾ അങ്ങു മുകളിൽ ആ വലിയ മരത്തിൽ ബന്ധിച്ചിരുന്ന ചങ്ങല
ഒന്ന് ഇളകിയ പോലെ തോന്നി...!! ഒരു കാറ്റ് അവിടെ മാത്രം വീശിയടിച്ചു....!!
അടങ്ങാത്ത പ്രതികാരത്തിന്റെ മണം
പേറുന്ന കാറ്റ്......!!!

#ഭാസുരി

വടക്കും നാഥന്റെ മണ്ണിൽ
തല ഉയർത്തി നിൽക്കുന്ന പ്രശസ്തമായൊരു ആകാശ ക്കൂടാരം, നിശയുടെ കറുപ്പിനെ തോൽപ്പിക്കാനെന്നവണ്ണം വൈദ്യുതി വിളക്കുകളാൽ ഉജ്വലിച്ചു നിൽക്കുകയാണത്.
അതിന്റെ എട്ടാം നിലയിലെ ശീതീകരിച്ച മുറിയിലെ മൃദുലമായ മെത്തയിൽ പരസ്പരം പുണർന്നു കിടന്നു സംസാരിക്കുകയായിരുന്നു ഭാസുരിയും ഘനശ്യാമനും.
''ഉറക്കം അതിന്റെ പൂർണ്ണമായ നിമിഷങ്ങളിലേക്ക് കടന്ന നിമിഷം,
അപ്പോഴാണ് മുഖത്ത് ഒരു നനവു പടർന്ന പോലെ തോന്നിയത്. ബെഡ് റൂം ലാമ്പിന്റെ നേർത്ത വെട്ടത്തിൽ കണ്ട കാഴ്ച്ച എന്നെ ചിരിപ്പിച്ചു. തംബുരു മൂത്രമൊഴിച്ചതാണ്. നനഞ്ഞ പാദങ്ങൾ പൊക്കിപ്പിടിച്ച് പല്ലില്ലാത്ത മോണ കാട്ടി അവൻ എന്നെ നോക്കി ചിരിച്ചു. ആ മുഖത്തുമുണ്ടായിരുന്നു അതിന്റെ നനവ്.''
ഘനശ്യാമൻ അത് പറഞ്ഞു നിർത്തുമ്പോൾ ഭാസുരിയുടെ മുഖത്തും ഒരു പുഞ്ചിരി വിടർന്നു.
'' തംബുരു എന്നായിരുന്നു മോനെ വിളിച്ചിരുന്നതല്ലെ...? ''
''അതേ, സത്യം പറഞ്ഞാൽ കല്ല്യാണം എന്ന കാര്യത്തിനോടേ എനിക്ക് താത്പര്യമില്ലായിരുന്നു. ഒരു ബന്ധത്തിന്റെയും ചട്ട ക്കൂടിലൊതുങ്ങാതെ എഴുത്തും, വായനയും, യാത്രകളുമായി സ്വതന്ത്രമായി നടക്കണം. പക്ഷെ അമ്മക്കു വേണ്ടി ഞാൻ അതിന് തയ്യാറായി. എങ്കിലും വിവാഹത്തിന്റെ ആദ്യ നാളുകളിലൊന്നും വർഷക്ക് ഒരു ഭാര്യയെന്ന പരിഗണന ഞാൻ നൽകിയിരുന്നതേയില്ല...!!
ഒന്ന് നിർത്തിയ ശേഷം ഘന ശ്യാമൻ തുടർന്നു...
''പതിയെ പതിയെ അവളെന്നെ സ്നേഹം കൊണ്ട് കീഴടക്കി. പിന്നെ തംബുരു കൂടി ഞങ്ങളുടെ ജീവിതത്തിലേക്കു കടന്നു വന്നപ്പോൾ അത് മറ്റൊരു സ്വർഗ്ഗമായി മാറി.
പക്ഷെ ....!! എല്ലാം എത്ര വേഗത്തിലാണ് അവസാനിച്ചത്. ''
അത് പറയുമ്പോൾ ഘന ശ്യാമന്റെ നയനങ്ങൾ ആർദ്രമാകുന്നുണ്ടായിരുന്നു. ഭാസുരി വലം കൈയ്യാൽ അവന്റെ അധരത്തെ മൂടി. ഇനിയൊന്നും പറയേണ്ടാ എന്ന അർത്ഥത്തിൽ .
''ഓർമ്മിക്കുമ്പോൾ കുത്തി നോവിക്കുന്നതൊന്നും ഇനി ചിന്തകളിൽ കടന്നു വരണ്ട....!! അത് പറയുമ്പോൾ ഭാസുരിയുടെ വദനത്തിൽ നിറഞ്ഞ ഭാവത്തിന് വല്ലാത്തൊരു വശ്യതയുണ്ടായിരുന്നു.
'' ഈ രാവ് നമുക്കുള്ളതാണ്.''
അവൾ പതിയെ ഘനശ്യാമന്റെ കാതോരം മൊഴിഞ്ഞു. അവന്റെ പരിരംഭണത്തിൽ നിന്നും വിമുക്തയായി ഭാസുരി മുറിയുടെ വലതു വശത്തുണ്ടായിരുന്ന മേശയുടെ സമീപത്തേക്ക് പതിയെ നടന്നു.
അവളുടെ പിൻ ചലനങ്ങളിൽ ഘന ശ്യാമന്റെ മിഴികൾ ആർത്തിയോടെ മേഞ്ഞു. മേശപ്പുറത്തിരുന്ന വൈൻ കുപ്പിയിൽ നിന്നും അവൾ രണ്ടു ഗ്ലാസ്സുകളിലേക്കായി ആ ദ്രാവകം പകർത്തി. എന്നിട്ടു വീണ്ടും അവനരികിലേക്ക് വന്നു. കൈയ്യിലിരുന്ന ഒരു ഗ്ലാസ് അവനു നേരെ നീട്ടിയപ്പോൾ വേണ്ട എന്ന അർത്ഥത്തിൽ അയാൾ തല ചലിപ്പിച്ചു.
'' നിനക്കറിയില്ലെ ഭാസുരി ഒരു ലഹരിയും ഞാൻ ഉപയോഗിക്കാറില്ലെന്ന്. അക്ഷരങ്ങളാണെന്റെ ലഹരി, യാത്രകളാണെന്റെ ഊർജ്ജം...!!''
''അതെനിക്കറിയാം എങ്കിലും എനിക്കു വേണ്ടി.'' ഭാസുരിയുടെ അഭ്യർത്ഥന തള്ളിക്കളയാൻ അപ്പോഴെന്തോ ഘനശ്യാമനു കഴിയുമായിരുന്നില്ല .
ചുവന്ന നിറത്തിലുള്ള ആ ദ്രാവകം പതിയെ അവൻ ചുണ്ടോട് ചേർത്തു കുടിക്കുന്നത് ഒരു ചെറു മന്ദഹാസത്തോടെ അവൾ നോക്കി നിന്നു.
പാതി തുറന്നു കിടന്ന ജനലിൽ
കൂടി നരച്ച അകാശത്തിന്റെ ഒരു കീറ് കാണാമായിരുന്നു . ക്ലോക്കിലെ നിമിഷങ്ങൾ പതിയെ മണിക്കൂറുകൾക്ക് വഴി മാറി. പുലർവെട്ടം എട്ടാം നിലയിലെ ആ മുറിയിൽ വിരുന്നെത്തി.
കണ്ണുകളിൽ നിന്നും നിദ്ര വിട്ടൊഴിഞ്ഞപ്പോൾ ഘനശ്യാമന്റെ മിഴികൾ ആദ്യം തിരഞ്ഞത് ഭാസുരിയെ ആയിരുന്നു. ഇന്നലെ അവൾ തന്ന വീഞ്ഞു കുടിച്ച ശേഷം
പെട്ടന്ന് മയങ്ങി വീണ പോലെ , ഒന്നുമോർമ്മയില്ല!!
വിളിച്ചിട്ടും വിളി കേൾക്കാതായപ്പോൾ റൂമിൽ എല്ലായിടത്തും അവളെ നോക്കി. പക്ഷെ നിരാശയായിരുന്നു ഫലം. കണ്ണുകൾ പതിയെ മേശയിലേക്ക് പതിഞ്ഞപ്പോൾ ഇന്നലെ അവൾക്കായി ഒഴിച്ച വീഞ്ഞു ഗ്ലാസ്സ് അതേ അളവിൽ മേശയുടെ മുകളിൽ ഇരിക്കുന്നത് കണ്ടു, അതിന്റെ അടിയിൽ ഒരു വെള്ള പേപ്പറും. അതിലെ ഉള്ളടക്കം വായിക്കും തോറുംഘനശ്യാമന്റെ ശരീരത്തിൽ മുറിയിലെ ഏസിയുടെ തണുപ്പിലും സ്വേദകണങ്ങൾ ഉയിരെടുക്കും പോലെ തോന്നി.
പ്രിയ എഴുത്തുകാരന്...,
അങ്ങിനെ വിളിക്കാനാണ് എനിക്കിപ്പോൾ ഇഷ്ടം , കാരണം
ശരീരത്തിനോടുള്ള കൊതിക്കപ്പുറം
നിങ്ങൾക്കെന്നോട് മറ്റൊരു ഇഷ്ടവും ഇല്ലായെന്ന് എനിക്ക് വ്യക്തമായറിയാം. എന്നോടെന്നല്ല,
നിങ്ങൾ പ്രാപിച്ചിട്ടുള്ള ആരോടും
നിങ്ങൾക്ക് അങ്ങനെ തോന്നിയിട്ടുണ്ടാവില്ല. ജീവിച്ചിരിക്കുന്ന ഭാര്യയും , മകനും
മരിച്ചു പോയി എന്നു വരെ നീ കഥയുണ്ടാക്കി, നിന്നോടടുക്കുന്ന സ്ത്രീകളുടെ സിംപതിക്കു വേണ്ടി. എല്ലാമറിഞ്ഞിട്ട് തന്നെയാണ് മൂന്നു
മാസങ്ങൾക്കു മുൻപ് നിന്റെ
എഴുത്തുകളുടെ ആരാധികയായി ഞാൻ കടന്നു വന്നത്. എന്തിനെന്നല്ലെ പറയാം..!! നീ കാരണം കണ്ണീര് കുടിച്ച ഒരുപാട് പെൺകുട്ടികൾക്കു വേണ്ടി , ഒന്നുമറിയാത്ത നിന്റെ പാവം ഭാര്യക്കും മകനും വേണ്ടി. ഒരു പെണ്ണിന്റെയും കണ്ണു നീർ ഈ ഭൂമിയിൽ വീഴാൻ പാടില്ല നിന്റെ പേരിൽ . കള്ളത്തരങ്ങളുടെ സ്നേഹകൊട്ടാരം കാട്ടി ഒരു പെണ്ണിനേയും വഞ്ചിക്കാൻ പാടില്ല. അങ്ങനെ ഇനി ഉണ്ടായാൽ പ്രശസ്ത എഴുത്തുകാരന്റെ കാമ കേളികൾ യൂട്യൂബിൽ തരംഗമാവും.
ഇന്നലെ രാത്രി നീ മയങ്ങി കിടന്നപ്പോൾ ഞാൻ പകർത്തിയ എന്റെയും , നിന്റെയും നഗ്നചിത്രങ്ങൾ എന്റെ പക്കലുണ്ട്. എന്റെ മുഖം വ്യക്തമാക്കാതെ അത്
ചെയ്യാൻ എനിക്കറിയാം. ഇനി ഒരിക്കലും ഭാസുരിയെ തിരഞ്ഞ്
വരേണ്ടതില്ല , കാരണം ഇത് ഞാൻ
കെട്ടിയാടിയ വേഷങ്ങളിൽ ഒന്ന്
മാത്രമാണ്. നിന്നേ പോലെയുള്ള ആട്ടിൻ തോലിട്ട ചെന്നായ്ക്കൾക്കു പുറകേ ഓരോ വേഷത്തിൽ എന്നെ
പ്രതീക്ഷിക്കാം ഇനിയും..!!
ആ കത്ത് ഘനശ്യാമന്റെ കൈയ്യിലിരുന്ന് വിറച്ചു...!!
സമയം 7.45 AM
തിരുവനന്തപുരം ലക്ഷ്യമാക്കി കുതിക്കുന്ന കെ.എസ്. ആർ.ടി.സി ബസ്സിന്റെ മദ്ധ്യഭാഗത്തുള്ള വിൻഡോ സീറ്റിൽ ഒരു യുവതി ഉണ്ടായിരുന്നു . കാറ്റിലിളകുന്ന അവളുടെ മുടിയിഴകളെ പതിയെ മാടി വെച്ചു കൊണ്ട് അലസമായ് പുറം കാഴ്ച്ചകളിലേക്ക് കണ്ണും നട്ട്.
അത് ഭാസുരിയായിരുന്നു!!
ബാഗിൽ നിന്ന് ഫോണിന്റെ റിംഗ് ടോൺ കേട്ടപ്പോൾ അത്
കൈയ്യിലെടുത്തു. ഡിസ്പ്ലേയിൽ
തെളിഞ്ഞ പേര് കണ്ടപ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി
വിടർന്നു. ഫോൺ ചെവിയോട്
ചേർത്തവൾ സംസാരിച്ചു തുടങ്ങി.
'' വർഷേ..നിന്റെ ഭർത്താവിനെ
നിനക്ക് തിരിച്ചു കിട്ടും, ഇനി ഒരിക്കലും അയാൾ പഴയ പോലെ
ആകില്ല. നിനക്കു വേണ്ടി ഇത്രയെങ്കിലും ചെയ്തില്ലേൽ ഞാൻ
നിന്റെ കൂട്ടുകാരി ആണെന്നു പറയുന്നതിൽ എന്ത് കാര്യം, പിന്നെ
നമ്മുടെ തിരക്കഥയുടെ ഭാഗമായി
കുറച്ചു നേരം നിന്റെ കെട്ട്യോന്റെ കൂടെ കെട്ടിപ്പിടിച്ചു കിടക്കേണ്ടി വന്നു, അത് നീ അങ്ങ് ക്ഷമിക്കുട്ടോ..''
മറു ഭാഗത്ത് വർഷയുടെ പൊട്ടി
ചിരി കേട്ടപ്പോൾ ഭാസുരിയും കൂടെ
ചിരിച്ചു.
പുറം കാഴ്ച്ചകളെ പിന്നിലാക്കി
ബസ്സ് അതിവേഗത്തിൽ കുതിച്ചു
പായുകയായിരുന്നപ്പോഴും.
***** ******* *******
'' നന്നായി അങ്ങനെ തന്നെ വേണം ആ ഘനശ്യാമന് .. പെണ്ണിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത അവനെ പോലുള്ളവരോട് ഇങ്ങനെ തന്നെ വേണം ചെയ്യാൻ. വായിച്ചു
കൊണ്ടിരുന്ന ''ഭാസുരി'' എന്ന കഥ തീർന്നപ്പോൾ അമ്മു ആത്മഗതം ചെയ്തതിങ്ങനെയാണ്.
''അമ്മൂ , നീ ആ വാരികയും വായിച്ചിരിക്കാതെ ഈ അടുക്കളയിലോട്ട് വരുന്നുണ്ടോ..?
അതോ ഞാൻ അങ്ങോട്ട് വരണോ..?
അമ്മയുടെ സ്വരത്തിലെ ഭാവമാറ്റം
തിരിച്ചറിഞ്ഞ അമ്മു പതുക്കെ
അടുക്കളയിലേക്ക് നടന്നു...!!!
***** ****** *******
അവസാനത്തെ വരിയും
എഴുതി കസേരയിലേക്ക് ചാരി ഇരിക്കുമ്പോൾ എഴുതി കൊണ്ടിരുന്ന കഥക്ക് അമ്മു എന്ന കഥാ പാത്രത്തിലൂടെ ഒരു അപ്രതീക്ഷിത ക്ലൈമാക്സ് വീണു കിട്ടിയതിന്റെ സന്തോഷം ഋഷിയുടെ മുഖത്ത് പ്രതിഫലിക്കുന്നുണ്ടായിരുന്നു, ഒപ്പം വായനക്കാർ അത് സ്വീകരിക്കുമോയെന്ന ആശങ്കയും..!!

Sarath M

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo