Showing posts with label AbdulGhafoor. Show all posts
Showing posts with label AbdulGhafoor. Show all posts

വൃത്തി ഹീനൻ

വൃത്തി ഹീനൻ
***************
"സാർ..., ഒരു സ്ത്രീ താങ്കളെ കാണണമെന്നു പറഞ്ഞു പുറത്തു നിൽപ്പുണ്ട്"
"വരാൻ പറയൂ"
ശീതീകരിച്ച മുറിയിലെ തിരിയുന്ന കറുത്ത കുഷ്യനിട്ട ചാരു കസേരയിൽ നിവർന്നിരുന്നു ലാപ്ടോപ്പിൽ എന്തോ ടൈപ് ചെയ്യുന്നതിനിടയിൽ അയാൾ പറഞ്ഞു.
"നമസ്കാരം സാർ.."
തടിച്ച ചില്ലുവാതിൽ തള്ളിത്തുറന്ന്, ബഹുമാനത്തോടെ തന്റെ മുന്നിൽ നിക്കുന്ന സ്ത്രീയെ കണ്ട് അയാൾ ഞെട്ടി ഒപ്പം ആകാംക്ഷയും
"നമസ്കാരം, ഇരിക്കൂ.."
അനുസരണയുള്ള ഒരുകുട്ടിയെപോലെ ആ സ്ത്രീ അയാൾക്ക് അഭിമുഖമായി ഇരുന്നു.
നീലയിൽ ഇളം പച്ചനിറത്തിൽ ഡിസൈൻ ചെയ്ത നിറം മങ്ങിയ സാരിയും നീല ബ്ലൗസും ധരിച്ച ഒരു സുന്ദരി.
ഉള്ളിലെ വിഷമം കാരണമാവാം സൗന്ദര്യം മുഖത്തെവിടെയോ ഒളിച്ചു നിൽക്കുന്നപോലെ തോന്നുന്നുണ്ടായിരുന്നു അയാൾക്ക്.
"സാർ ഞാൻ ദിവ്യ, ഒരാഴ്ചയായി എന്റെ മകൻ നിങ്ങളുടെ ഹോസ്‌പിറ്റലിൽ അഡ്മിറ്റായിരുന്നു. ഗോയീറ്ററിനു സർജറികഴിഞ്ഞു ഇന്ന് ഡിസ്ചാര്ജ്ജാണ്."
"സാർ ബില്ലടയ്ക്കാൻ എന്റെ കയ്യിൽ കാഷ് തികയില്ല എന്തെങ്കിലും ഇളവുകിട്ടുമോ സാർ..."
സങ്കടം കൊണ്ടാവാം സാരിത്തലകൊണ്ട് മുഖം അമർത്തി അവൾ തേങ്ങി..
"കരയാതിരിക്കൂ നമുക്ക് വഴിയുണ്ടാക്കാം"
അയാൾ സമാധാനിപ്പിച്ചു.
"ദിവ്യയുടെ ഭർത്താവോ.."?
അയാളുടെ ചോദ്യം കേട്ട് അവൾ പൊട്ടിക്കരഞ്ഞു.
ഒരു ഭൂതകാല ഓർമ്മയുടെ നേർചിത്രങ്ങൾ അവളുടെ മനോമുകുരത്തിൽ മിന്നിമറഞ്ഞു ഡിഗ്രിക്ക് പഠിക്കുമ്പോൾ ഒരു ലൗ അഫെയർ ഉണ്ടായതും വീട്ടുകാരുടെ വിലക്ക്‌ലങ്കിച്ചു ഒളിച്ചോടിയതും പിന്നീട് പുതുമകഴിഞ്ഞപ്പോൾ ഭർത്താവ് മറ്റൊരുത്തിയെ സ്വന്തമാക്കി തന്നെയുപേക്ഷിച്ചതും തനിക്കൊരു കുഞ്ഞിനെ തന്നു കടന്നുകളഞ്ഞതും എല്ലാം ആ കരച്ചിലിനൊപ്പം അവൾ പറഞ്ഞു നിറുത്തി.
എല്ലാം കേട്ടു അയാൾ അമ്പരന്നു.
ദിവ്യഎന്ന തന്റെ കൂടെ പഠിച്ച മിടുക്കിക്കുട്ടി സമ്പന്നരായ മാതാപിതാക്കളുടെ ഏക സന്തതി ക്‌ളാസിലെ സൗന്ദര്യ റാണി
ആ സൗന്ദര്യം എന്നെ ആകർഷിച്ചതും അവളോടൊരു ചെറിയ പ്രണയം മൊട്ടിട്ടതും
ഒരുദിവസം തുറന്നു പറഞ്ഞതും...
"ദിവ്യ എനിക്ക് നിന്നെ ഇഷ്ടമാണ്, ഐ ലൗ യു..."
അതുകേട്ടതും അവൾ തിരിഞ്ഞു നിന്നുഉറക്കെപറഞ്ഞത് ഇന്നും ഞാൻ ഓർമ്മിക്കുന്നു.
"എഡാ ദരിദ്രവാസി എന്നെ ഇഷ്ടമാണെന്ന് പറയാൻ എന്തുയോഗ്യതയാ നിനക്കുള്ളത്..?
വൃത്തിയായി നല്ല വസ്ത്രം ധരിച്ചു സ്‌കൂളിൽപോലും വരാൻ കഴിവില്ലാത്തവൻ എന്നെ പ്രേമിക്കാൻ വന്നിരിക്കുന്നു ഇനിയുമിതാവർത്തിച്ചാൽ ഞാൻ പ്രിന്സിപ്പലിനോട് കംപ്ലയിന്റ് ചെയ്യും..!
"ശരിയായിരുന്നു അമ്മയും അച്ഛനും പാടത്തുപണിക്കുപോയികിട്ടുന്ന ചെറിയകൂലികൊണ്ട് മകനെ പഠിപ്പിക്കാൻ സന്തോഷത്തോടെ പറഞ്ഞയക്കുമ്പോൾ എനിക്കുണ്ടായിരുന്നത് ഒന്നോ രണ്ടോ വസ്ത്രങ്ങളായിരുന്നു. ചിലദിവസങ്ങളിൽ അലക്കാൻ കഴിയാതിരുന്നത്കൊണ്ട് അവൾ പറഞ്ഞപോലെതന്നെയായിരുന്നു...
"സാർ എന്തെങ്കിലും പറയൂ.
ദിവ്യയുടെ വിളികേട്ട് അയാൾ ചിന്തവിട്ടുണർന്നു
ഒരുകടലാസിൽ എന്തൊഎഴുതി അവൾക്കുനീട്ടി
"ഇതു കൗണ്ടറിൽ കൊടുത്തോളു ."
അതുവാങ്ങി അവൾ പുറത്തിറങ്ങുമ്പോൾ അയാളുടെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു...
***********
കാഷ്കൗണ്ടറിൽ ഏൽപ്പിച്ച എഴുത്ത്കണ്ട് അവിടെയുള്ളവർ എത്രയുംപെട്ടന്നു ഡിസ്ചാര്ച്ചു ഷീറ്റ് തയ്യാറാക്കി പെയ്ഡ് എന്ന സീൽ പതിച്ചു അവൾക്കുനീട്ടി.
"ഇനി നിങ്ങൾക്കുപോകാം പണം ഒന്നും അടക്കേണ്ടതില്ല..!"
ദൈവത്തോട് ഒരായിരം നന്ദി പറഞ്ഞു കൊച്ചിനെയും കൂട്ടി അവൾ പുറത്തിറങ്ങുമ്പോൾ തന്നോട് കരുണകാണിച്ച മാനേജരുടെ റൂമിലേക്ക് ഒരിക്കൽക്കൂടി നടന്നു.
"അദ്ദേഹത്തോട് നന്ദിപറയണം തന്റെ കടപ്പാട് അറിയിക്കണം" അതായിരുന്നു ലക്‌ഷ്യം.
വാതിൽ തള്ളിത്തുറന്നു അവൾ അകത്തുകയറുമ്പോൾ ഒരു സുന്ദരിഅയാളുടെ തോളിൽ കയ്യിട്ടുപിടിച്ചു കൂടെയുണ്ടായിരുന്നു രണ്ടുപേരുംകൂടി ലാപ്ടോപ്പിൽ എന്തോനോക്കിക്കൊണ്ടിരിക്കുകയായിരുന്നു..
"ദിവ്യ വരൂ..ഇരിക്കൂ.."
അവൾ ഇരുന്നു കൂടെ മോനും ഉണ്ടായിരുന്നു.
"സാർ താങ്കളോട് എങ്ങിനെ നന്ദിപറയണമെന്നറിയില്ല എങ്കിലും പറയട്ടെ ഒരുപാട് നന്ദിയും കടപ്പാടും അറിയിക്കുന്നു ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.."
"നന്ദിയെല്ലാം ദൈവത്തോട് പറയൂ..
സഹായം അവിടുന്നാണ് ഞാൻ ഒരുകാരണം മാത്രം".
അയാൾ തന്റെ അടുത്തുള്ള ഡോ സുമക്ക് ദിവ്യയെ പരിചപ്പെടുത്തികൊടുത്തു.
"ഇതെന്റെ ക്‌ളാസ് മേറ്റ് ദിവ്യ പ്ലസ്‌ടുവിനു ഒന്നിച്ചുപഠിച്ചിരുന്നു,"
"ക്‌ളാസിലെ മിടുക്കി അതിലേറെ സുന്ദരിയുമായിരുന്നു"
ദിവ്യക്കെന്നെ ഓർമ്മയുണ്ടോ...?
"ബാലചന്ദ്രൻ" വൃത്തിയില്ലാതെ ക്‌ളാസിൽ വന്നിരുന്ന...."
അറിയാതെ വായിൽനിന്നും പുറത്തുവന്ന വാക്കുകൾ പുടിച്ചുനിർത്താൻ അയാൾ പാടുപെടുന്നുണ്ടായിരുന്നു...
"സാർ...ഇനിയൊന്നും എന്നോടുപറയരുത് ഞാൻ എല്ലാം ഓർക്കുന്നു. അതിനു ദൈവം തന്നശിക്ഷയാവാം ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നത്..."
"ഞാൻ ചെയ്ത അവിവേകത്തിനു എന്നോട് പൊറുക്കണം സാർ..."
"ഇതുപഴയ ബാലചന്ദ്രൻ തന്നെ...! "സറേ"ന്ന വിളിവേണ്ട.."
ഇതെന്റെ ഭാര്യ ഡോ സുമ"
അയാൾ തന്റെ ഭാര്യയെ ദിവ്യക്കു പരിചയപ്പെടുത്തി.
ആ രണ്ടുപേരെയും കൺകുളിർക്കെ കാണുന്നതിനിടയിലാണ് ആ ബോർഡ് അവളുടെ ശ്രദ്ധയിൽ പെട്ടത്..
"ദിവ്യ മെഡി ക്ലിനിക്ക്"
"മാനേജിങ് ഡൈറെക്റ്റർ ഡോ:ബാലചന്ദ്രൻ"
ബാലചന്ദ്രന് തന്നോടുണ്ടായിരുന്ന ഉദാത്ത പ്രറണയത്തിന്റെ ഒരായിരം ശക്തി ആ അക്ഷരങ്ങളിൽ മിന്നിമറഞ്ഞു തന്നെ നൊമ്പരപ്പെടുത്തുന്നതായി അവൾക്കുതോന്നി...!
അബ്ദുൾ ഗഫൂർ

മാളൂട്ടി..


മാളൂട്ടി..
*******
"സാർ... എനിക്ക് കുറച്ചു ദിവസത്തേക്ക്‌ ലീവ്‌ വേണം" നീട്ടിപ്പിടിച്ച ലീവ് ആപ്ലിക്കേഷനുമായി അഫ്സൽ മുമ്പിൽ നിൽക്കുകയാണ്
"എന്തുപറ്റി അഫ്സലേ....ഇപ്പോൾ പെട്ടന്നൊരു ലീവ് " ആപ്ലിക്കേഷൻ വാങ്ങിക്കൊണ്ട് ഞാൻ ചോദിച്ചു
"സാർ, വൈഫ് ഹോസ്പിറ്റലിലാണ് ഡെലിവറി അടുത്തിട്ടുണ്ട്. ഇന്നുകാലത്താണ് ഹോസ്പിറ്റലിൽ അഡ്മിറ്റ്ചെയ്തത് "
അഫ്സലിന്റെ മുഖത്തെ ഭീതിയും ഉൽക്കണ്ഠയും വായിച്ചെടുത്ത ഞാൻ തനിക്ക് അഭിമുഖമായി ഇട്ടിട്ടുള്ള കസേരയിൽ ഇരിക്കാൻ പറഞ്ഞു
ആപ്ലിക്കേഷനിൽ സൈൻ ചെയ്ത് ലീവിനു വേണ്ടകാര്യങ്ങളൊക്കെ ശരിയാക്കുന്നതിനിടെ കാര്യങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കിയപ്പോൾ അയാൾ ഓരോന്നായി പറയാൻ തുടങ്ങി.
അയാളുടെ ജീവിതം എത്തിനിൽക്കുന്ന വഴികൾ പുതുമയും അതിലേറെ വിഷമങ്ങളും നിറഞ്ഞതായിരുന്നുവെന്ന് എനിക്കുതോന്നി
അയാൾ മനസ്സ് തുറന്നു...
"സാർ പതിവിലും നേരത്തെയാണ് അന്ന് ഞാൻ ഓഫീസിൽനിന്നും ഇറങ്ങിയത് എന്റെ മാളൂട്ടിയുടെ ജന്മദിനമായിരുന്നു മാളൂട്ടി എന്റെ ഭാര്യയാണ് ഞാൻ സ്നേഹക്കൂടുതൽകൊണ്ടാ അങ്ങിനെ വിളിക്കുന്നത് കൊച്ചുകുട്ടികളെപ്പോലെ കോരിയെടുത്ത് "മാളൂട്ടി..." എന്നുവിളിക്കുമ്പോൾ ആ മുഖത്തുള്ള സന്തോഷം ഒന്നു കാണേണ്ട കാഴ്ചതന്നെയാണ്"
"നേരെ മലബാർ ജ്വല്ലറിയുടെ മലപ്പുറത്തുള്ള ബ്രാഞ്ചിൽകയറി, വെട്ടിത്തിളങ്ങുന്ന സ്വർണ്ണക്കാഴ്ചകളിൽ നിന്നും
22 കാരറ്റ് സ്വർണ്ണത്തിൽ നിർമിച്ച,
കൂട്ടത്തിൽ ഭംഗിയുള്ള ഒരുനെക്ലസ് വാങ്ങി, വർണ്ണകവറിൽ പേക്കുചെയ്തു കയ്യിൽവെച്ചു. അവൾക്കൊരു സർപ്രൈസ് ആവട്ടേയെന്നുകരുതി"
"ജന്മദിനത്തെ കുറിച്ച് അവൾ കാലത്ത് ഓർമ്മപ്പെടുത്തിയിരുന്നില്ലങ്കിലും മനസ്സിൽ സ്‌നേഹം കൊണ്ടെഴുതിച്ചേർത്ത ആ ദിവസം തെളിഞ്ഞുവന്നിരുന്നു"
"ബൈക്ക് നിർത്തി കോളിംഗ് ബെല്ലടിച്ചു. നിറ പുഞ്ചിരിയോടെ അവൾ വാതിൽ തുറന്നെങ്കിലും പതിവിലും നേരത്തെയുള്ള എന്റെ വരവ് പ്രതീക്ഷിക്കാതെ എന്ത് ചെയ്യണമെന്നറിയാതെ പരുങ്ങി"
പതിവായി എന്നെ കാത്തിരിക്കാറുള്ള അവളിലിൽ പല പുതുമയും കാണാറുണ്ട്..
ഭംഗിയായി വസ്ത്രം ധരിച്ചു മുടിചീകിയൊതുക്കി സുഗന്ധം പൂശി പുഞ്ചിരിതൂകി സ്വീകരിക്കുമ്പോൾ എല്ലാ പ്രയാസങ്ങളും ഇല്ലാതാകുന്നതുപോലെ തോന്നിയിട്ടുണ്ട്
ഇന്നും എന്റെ മാളൂട്ടി എന്നെസ്വീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നെന്ന് ഒറ്റനോട്ടത്തോൽ അറിയാം. മുഖത്ത് പലയിടങ്ങളിലായി മിനുസപ്പെടുത്താതെ കിടക്കുന്ന ടാൽക്കം പൗഡറും വരച്ചു പൂർത്തീകരിക്കാതെ കയ്യിൽപിടിച്ച ഐ ലൈനറും കാണാമായിരുന്നു.
ചേർത്തുപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ ശ്രമിക്കവേ അവൾ കുതറിമാറി
"ഇക്കാ ഒരുമിനിറ്റ് ഞാൻ റെഡിയായിട്ടുവരാം"
"ഇങ്ങ് അടുത്തുവാ ഇത്രയൊക്കെ ഒരുങ്ങിയാൽ മതി"
അവളെചേർത്തുപിടിച്ചു മാറോടടുപ്പിച്ചു നെറ്റിയിൽ ചുംബിച്ചു
അതിനിടെ കരുതിവെച്ചിരുന്ന നെക്‌ലസ്‌ എടുത്തു അവളുടെകഴുത്തിൽ അണിഞ്ഞു
ആ മുഖത്തുണ്ടായിരുന്നു സന്തോഷമൊന്നു കാണേണ്ടതുതന്നെ!! എന്നെ ചേർത്തുപിടിച്ചു തുരുതുരാ ഉമ്മവെച്ചുകൊണ്ടവൾ പറയാ
"ഇക്കാ... ഈ സ്വർണ്ണത്തിലല്ല എന്റെ സന്തോഷം എന്നെ ഓർത്തതിനും പരിഗണിച്ചതിനുമാണ്"
നെക്ലേസ് അണിഞ്ഞ മാളൂട്ടി നേരെ കണ്ണാടിയുടെ മുമ്പിലേക്ക് എന്നെയും വലിച്ചു കൊണ്ടുപോയി. എന്റെ കരങ്ങൾ കവർന്നുകൊണ്ട്തന്നെ അതിന്റെ ഭംഗി ആസ്വദിക്കുകയാണ്
"ഞാൻ അവളുടെ കഴുത്തിലൂടെ
എന്റെ വിരലോടിച്ചു. തൊണ്ടയുടെ ഭാഗത്ത് ചെറുതായി തടിച്ചപോലെ! ഒന്നുകൂടെ ഉറപ്പുവരുത്താൻ സൂക്ഷ്മമായി നിരീക്ഷിച്ചു ശരിയാണ് ഒരല്പം വീങ്ങിയിട്ടുണ്ട്"
"അവളോട് അതിനെ കുറിച്ച് പറഞ്ഞപ്പോഴാണ് അവളും ശ്രദ്ദിക്കാൻ തുടങ്ങിയത് തൈറോയിഡ് പ്രോബ്ളമാണെന്ന് നിരീക്ഷണത്തിൽ മനസ്സിലായി ഡോക്ടറെ കാണാൻ തീരുമാനിച്ചു"
"രാവിലെ ഞങ്ങളുടെ കുടുംബ ഡോക്ടറെ കണ്ടു അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ തൈറോയ്ഡ് ഗ്രന്ധിക്കുള്ള വീക്കമാണ് ഉമിനീരിറക്കാൻ പറഞ്ഞു. ചില പരീക്ഷണങ്ങൾ നടത്തി. കൈവിരലുകൾ നിവർത്തിപ്പിടിച്ചു അവ താഴ്ന്നുപോകുന്നുണ്ടോ എന്നുനോക്കി... അവസാനം Eltroxin100 കുറിച്ച്തന്നു അതൊരാഴ്ച കഴിക്കാനും പിന്നെ ഒരു പ്രഥമ പരിശോധന എന്നനിലയിൽ എഫ് എൻ എ സി ചെയ്യാനും നിർദ്ദേശിച്ചു"
എഫ് ആൻ എ സി റിസൾട് എന്നെവല്ലാതെ ഞെട്ടിച്ചുകളഞ്ഞു "സി എ തൈറോയിഡ് "
എന്നിൽ പടർന്ന ഭീതികണ്ടിട്ടാവാം പുറത്ത് തട്ടി ഡോക്ടർ പറഞ്ഞു "പേടിക്കാനൊന്നുമില്ല തൈറോയിഡ് കാൻസർ പെട്ടന്ന് സുഖപ്പെടുത്താൻ പറ്റുന്നതും ഫലപ്രദമായ ചികിത്സ ലഭിക്കുന്നതുമാണ് "
തിരുവനന്തപുരം ആർ സി സി യിൽ ന്യൂക്ലിയർ മെഡിസിൻ ഡിപ്പാർട്മെന്റിൽ ഡോക്ടർ പ്രദീപ്ന്റെ മുന്നിൽ നിൽക്കുമ്പോഴും തനിക്കുവന്ന രോഗത്തെ കുറിച്ച് അവൾ അറിഞ്ഞിരുന്നില്ല മനപ്പൂർവം അറിയിക്കാതിരുന്നതാ.. രോഗത്തെക്കാൾ വലുതാണ് അതിനെക്കുറിച്ചുള്ള പേടി പിന്നെ സമൂഹത്തിന്റെ പേടിപ്പെടുത്തുന്ന കഥകളും
"ആരെയും അറിയിക്കാതെയാണ് അവിടെ എത്തിയത് ടൂറെന്നു പറഞ്ഞപ്പോൾ ആരും കുത്തിക്കുത്തിച്ചോദിക്കാനും വന്നില്ല"
റേഡിയോ അയോഡിൻ നൽകി സ്കാനിങ് ചെയ്ത ശേഷം ഡോക്റ്റർ എന്നെവിളിച്ചു
"തുടക്കമാണ് പേടിക്കാനൊന്നുമില്ല ഇവിടെ മൂന്നുദിവസം അഡ്മിറ്റ് ചെയ്ത് ഉയർന്ന അളവിൽ റേഡിയോ അയഡിൻ കൊടുത്താൽ തീർച്ചയായും മാറും"
അന്നുതന്നെ അവിടെ അഡ്മിറ്റുചെയ്തു ഐസോലേഷൻ വാർഡിൽ കിടന്നു റേഡിയോ അയോഡിൻ കഴിച്ചു.
മൂന്നാം നാൾ പുറത്തുവന്നപ്പോൾ അവളുടെ മുഖം വളരെ സന്തോഷത്തിലായിരുന്നു കയ്യിൽ പിടിച്ചിരുന്ന റിസൽറ്റുനോക്കി അവൾ പറയാ
"ഇക്ക എന്നിൽനിന്ന് മറച്ചുവെങ്കിലും എല്ലാം ഞാൻ മനസ്സിലാക്കിയിട്ടുണ്ട് . ഇക്ക എനിക്കുവേണ്ടി കുറേ കഷ്ടപ്പെട്ടു അല്ലേ..?
കൂടെ ഉണ്ടായിരുന്ന രോഗിയിൽ നിന്ന് എല്ലാം
മനസ്സിലാക്കിയ അവളുടെ കണ്ണുനിറഞ്ഞു.
അവളുടെ കയ്യിൽനിന്നും റിസൽറ്റുവാങ്ങി വായിച്ചു "നോർമൽ" സന്തോഷം കാരണം അവിടെവവച്ചുതന്നെ അവളെ വാരിപ്പുണർന്നു ഉമ്മവെച്ചു ചുറ്റുമുള്ളതൊന്നും അപ്പോൾ ഞാൻ കാണുന്നുണ്ടായിരുന്നില്ല!
പിന്നെ ഇടക്കൊക്കെ ഡോക്ടറെ കാണും തൈറോയിഡ് പരിശോധയും രക്തത്തിലെ ടി എച് എസ്‌ ഉം നോക്കും എപ്പോഴും നോർമ്മലായിരുന്നു..
റേഡിയോ അയഡിൻ കഴിച്ചുള്ള പരിശോധന സമയത്തും അതിനുശേഷം ആറുമാസവും ഗർഭിണിയാവരുതെന്ന ഡോക്ടറുടെ നിർദ്ദേശമുണ്ടായിരുന്നു...
രണ്ടുവർഷത്തിനു ശേഷമാണ് ഇപ്പോൾ അവൾ ഗർഭിണിയായായത്. എല്ലാം മറന്ന് ഒരു നവ സ്വപ്നലോകം യാഥാർഥ്യമായികാണാനുള്ള തയ്യാറെടുപ്പിലാണവൾ...
എല്ലാം കേട്ട
എന്റെ മനസ്സ് സന്തോഷിച്ചു അഫ്സലിന്റെ
കഥ കേൾക്കുന്നതിനിടയിലും ഞാൻ അവനുവേണ്ടി ടിക്കെറ്റ് ബുക്കുചെയ്യുകയായിരുന്നു
"ഇതാ അഫ്സൽ ടിക്കറ്റ് ഇപ്പോൾ തന്നെ പുറപ്പെട്ടോളൂ എല്ലാം ഞാൻ ശരിയാക്കിയിട്ടുണ്ട് " എന്റെ കൈപിടിച്ചു ഒരുപാട് നന്ദിപറഞ്ഞു അഫ്സൽ ഇറങ്ങി.
ഇ-ഗേറ്റുവഴി ബോർഡിങ്
ചെയ്യാൻ പാസ്‌പോർട്ടിന്റെ ഫസ്റ്റ് പേജ് മറിക്കുമ്പോൾ ഫോൺ റിങ്‌ചെയ്യുന്നുണ്ടായിരുന്നു ഫോണെടുത്തു ചെവിയോട് ചേർത്തുവെച്ചു
"മ്മോനെ...മാളൂട്ടി പ്രസവിച്ചു ആൺകുഞ്ഞാ... നീ എപ്പളാ വര്ആ.."
ഉമ്മയുടെ ശബ്ദം
"ഇതാ ഞാൻ പുറപ്പെട്ടു ഉമ്മാ.."
പാസ്പോർട്ട് എടുത്ത് ഇ-ഗെയ്റ്റിൽ അമർത്തി ഗേറ്റുകടക്കുന്നതിനിടയിലും അയാളുടെ മനസ്സ് തന്റെ മാളൂട്ടിയുടെ അരികിലേക്ക് പറന്നുയരുകയായിരുന്നു...
ഒരു റോക്കറ്റിനേക്കാളും വേഗതയിൽ അത് കുതിക്കുന്നുണ്ടായിരുന്നു...
അബ്ദുൾ ഗഫൂർ

റാമല്ല


റാമല്ല
*******
"ഹബീബതി ലേഷ് മാ ഫീ നോം" എന്റെ പ്രിയ സഖീ നീ ഉറങ്ങിയില്ലേ ഖൽദൂനിന്റെ പുഞ്ചിരിച്ചുള്ള ചോദ്യം ഹന യുടെ മനസ്സിൽ തേൻ മഴ വർഷിച്ചു
"ലാ യാ ഹബീബി അന ബിൻതിളാരിക്.."
ഇല്ല മിത്രമേ ഞാൻ അങ്ങയെ കാത്തിരിക്കയായിരുന്നു...
ഖൽദൂനിന്റെ സെറ്റ് ചെയ്ത താടിയുടെ അടിഭാഗത്തെ മെത്തപോലുള്ള പ്രതലത്തിൽ വിരലോടിച്ചു ഹന ഓർമ്മിപ്പിച്ചു...
ഹനയെ മാറോടുചേർത്തുവെച്ചു നെറ്റിയിൽ ഉമ്മവെച്ചു മൗനമായിനിന്ന കൽദൂനിന്റെ കണ്ണിൽനിന്നൊഴുകിയെത്തിയ കണ്ണീർതുള്ളികൾ തന്റെ കവിൾതടത്തിലൂടെ ഒഴുകുന്നത് ഹന അറിഞ്ഞു...
അവന്റെകവിളിൽ ഉമ്മവെച്ചു ഹന പൊട്ടിക്കരഞ്ഞു സന്തോഷത്തിന്റെ കരച്ചിൽ ഉള്ളിൽ സന്തോഷം വരുമ്പോളുണ്ടാകുന്ന കരച്ചിൽ...അനുഭവിച്ചവർക്ക് ആസ്വദിക്കാനല്ലാതെ വരികൾക്കോ വർണനകൾക്കോ നിറം പകരാൻസാധ്യമല്ലാത്ത കരച്ചിൽ
കൽദൂനിന്റെ നെഞ്ചിൽ ഒട്ടിച്ചേർന്നുകിടക്കുന്ന ഹനയുടെ ശരീരത്തിനൊപ്പം അവളുടെ മനസ്സുണ്ടായിരുന്നില്ല അത് ഭൂതകാലസ്‌മൃതിതിതേടി എങ്ങോ അലയുകയായിരുന്നു
ഒലീവ് മരങ്ങളും ഓക്കും യൂകാലിഫും തഴച്ചുവളരുന്നഫലസ്റ്റീനിന്റെ മണ്ണിൽ അവൾക്ക് പ്രിയപ്പെട്ട ഒരു സ്ഥമുണ്ട് "റമല്ല" പിറന്നുപോയതുകൊണ്ട് പ്രിയപെട്ടതായ സ്വന്തം ഗന്ധമുള്ളനാട്
മുന്തിരിവള്ളികൾ പടർന്നു പന്തലിട്ട പച്ചപ്പരവതാനിവിരിച്ച വിശാലമായ മുറ്റവും മുറ്റത്തിനുചുറ്റും ഓർക്കിഡ് പൂക്കൾ നട്ടുവളർത്തിയ രാജകീയ സൗദവുമുള്ള സ്വന്തം നാട്...
പ്രൗഢിയോടെതലയെടുത്തുനിൽക്കുന്ന ആവീട്ടിൽ മഹ മാഹിർ ദമ്പദികളേടെ സീമന്ത പുത്രി ഹന ഷബാൻ ജനിച്ചുവളർന്ന നാട്
മുറ്റത്ത് ഓടിക്കളിച്ചപ്പോൾ അങ്ങു ദൂരെ കേട്ടിരുന്നത് ഇസ്രാഈൽ സൈന്യത്തിന്റെ തോക്കിൽനിന്നും ഉയർന്നുവീഴുന്ന വെടിയൊച്ചകളുടെശബ്ദം... ഓരോ വെടിയൊച്ചകൾ കേൾക്കുമ്പോഴും കെട്ടിപ്പുണർന്നു തന്നെ ചുംബിക്കാറുള്ള ഉമ്മയോട് ചോദിക്കും
"മാമാ ലേഷ് ഖൗഫ്ഫ് "എന്താ ഉമ്മ നിങ്ങൾ ഭയപ്പെടുന്നത് മൗനിയാകുന്ന ഉമ്മയുടെ കവിളിൽ മുത്തം നൽകി ധൈര്യം പകർന്നുനൽകിയബാല്യം...
സ്വന്തം നാട്ടിൽ ജീവിക്കാൻ അവകാശം നൽകാത്ത ഇസ്രഈലീ പട്ടാളത്തെ ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത അവളുടെ മനസ്സിൽ അന്നേ വെറുപ്പായിരുന്നു അടക്കാനാവാത്ത വെറുപ്പ്....
ഉപ്പവരാത്ത രാത്രിയിൽ തേങ്ങിക്കരഞ്ഞ ഉമ്മയെ സമാധാനിപ്പിച്ച ആ കൊച്ചുപെണ്ണിന്നറിയില്ലല്ലോ ഇസ്രാഈൽ പട്ടാളം ചുട്ടുകൊന്ന തന്റെ പിതാവിനെ കുറിച്ച് എങ്കിലും ആ നിഷ്കളങ്ക ഹൃദയം ചോദിച്ചുപോയി "മാമാ വെയിൻ ബാബ"
ഉമ്മ ഉപ്പയെവിടെ..? ആചോദ്യത്തിനു ഉത്തരം പറയാൻ കഴിയാതെ ബോധരഹിതയായ ഉമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞ രാത്രി!! അങ്ങിനെ എത്ര എത്ര കാളരാത്രികൾ!!
ഉപ്പയുടെ സ്നേഹം ആസ്വദിക്കാൻ കഴിയാതെ പോയ പിന്നീടുള്ള ദിനങ്ങൾ
കാലത്തിനൊപ്പം ഹനയും വളരുന്നുണ്ടായിരുന്നു സ്വർഗീയ സുന്ദരികളെപോലെ വശ്യമാർന്ന പുഞ്ചിരി തൂകിനിന്ന ഹനയെ പലരും മോഹിച്ചു പക്ഷെ തന്റെ ജീവിത സഖിയായി ഖൽദൂൻ അവളുടെ മനസ്സിൽ സ്ഥാനമുറച്ചിരുന്നു...
തന്റെ ചുണ്ടിൽ അമർത്തി പുണർന്നുകൊണ്ടിരുന്ന പ്രിയതമനെ നാണത്തോടെ തട്ടിമാറ്റിയതും ഹന ഞെട്ടിയുണർന്നു...താൻ കണ്ടത് സ്വപ്നമായിരുന്നെന്ന് മനസ്സിലാക്കിയ അവൾ പൊട്ടിക്കരഞ്ഞു ആ കരച്ചിൽ റാമല്ല മുഴുവനും കേൾക്കാമായിരുന്നു...
വെറും രണ്ടുമാസം മാത്രം ഭർത്താവൊന്നിച്ചു ജീവിച്ച ഹന തന്റെ പ്രിയതമനെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് ആറുമാസമായി കണ്മുന്നിൽ വെച്ചാണ് ഇസ്രാഈലീ പട്ടാളം അദ്ദേഹത്തെ അടിച്ചുകൊന്നത്...
മധുവിധു ആഘോഷിക്കാൻ തന്റെ കൂട്ടുകാരും കുടുംബവുമുള്ള നബുൽസിലേക്ക് പോകുമ്പോൾ ഹനയെ മാനഭംഗം ചെയ്യാൻ കടന്നുപിടിച്ച പട്ടാളക്കാരനെ മുഖത്തടിച്ചപ്പോൾ കൂടിനിന്ന പട്ടാളക്കാർ ഇരട്ടക്കുഴലുള്ള തോക്കുകൊണ്ട് അദ്ദേഹത്തെ തുരുതുരാ അടിക്കുകയായിരുന്നു....
അവിടെവച്ചു തന്നെ അദ്ദേഹംമരണമടഞ്ഞു...
ഓർമ്മയുടെ ചില്ലുകൊട്ടാരം തല്ലിതകർത്ത് കവിളിലൂടെ ഒഴുകുന്ന ചുടു കണ്ണീർ തുടച്ചുകൊണ്ട് തന്റെ അടിവയറിൽ കൈവെച്ചു അവൾ പ്രതിഞ്ഞചെയ്തു തനിക്കുപിറക്കാൻ പോകുന്നത് ഒരാണ്കുഞ്ഞാണെങ്കിൽ ഈ നാടിന്റെ സമ്പൂർണ്ണ സ്വതന്ത്ര്യത്തിനു വേണ്ടി ഞാൻ സമർപ്പിക്കും...ആ പ്രതിജ്ഞയിൽ മഞ്ഞുവീഴുന്ന രാമല്ലയിൽ സൂര്യകിരണം തട്ടി മഞ്ഞുകട്ടകൾ ഉരുകിയൊലിച്ചുകൊണ്ടേയിരുന്നു...
അബ്ദുൾ ഗഫൂർ

ഉറക്കമില്ലാത്ത ഭാര്യ

ഉറക്കമില്ലാത്ത ഭാര്യ
*********************
"ഹാലോ.. അബ്ദുൾ.. വിനിലാണ് വിളിക്കുന്നത്...ഒന്നു കാണണമായിരുന്നു..കാര്യങ്ങൾ നേരിട്ടുപറയാം.."
വിനിൽ!!
അവൻ "അബ്ദുൾ" എന്നാ എന്നെ വിളിക്കുന്നത് ഓഫീസിലെ ഫിലിപ്പൈൻസ് വിളിക്കുന്നതുകേട്ട് ശീലിച്ചതാ.
എന്റെ കൂടെപഠിച്ചതാ...! പഠിക്കുമ്പോൾ കളികൂടിപ്പോയതാണെന്നു എല്ലാവരും പറയും റിസൾട്ടുവന്നപ്പോൾ അതുശരിയായിരുന്നെന്നു മനസ്സിലായി
ഇപ്പോൾ എന്റെ ഓഫീസിൽ അസിസ്റ്റന്റായി ജോലിചെയ്യുന്നു "ഓഫീസ് ബോയി" കൂട്ടുകാരോട് ഓഫീസ് അസിസ്റ്റന്റ് എന്നെപറയൂ..
അവൻ ഇവിടെ എത്താൻ എന്റെ ശ്രമമായിരുന്നെന്നുപറഞ്ഞാൽ അഹങ്കാരമായി തോന്നുന്നതുകൊണ്ടാ അതൊന്നും ആരോടും പറയാതിരുന്നത്
അവന്റെ 'അമ്മ കരഞ്ഞുപറഞ്ഞപ്പോൾ ഞാനത് ഏറ്റടുക്കുകയായിരുന്നു
അരമണിക്കൂറിനുള്ളിൽ അവനെത്തി അമ്മക്കുസുഖമില്ലെന്നും അത്യാവശ്യമായി അഞ്ഞൂറ് ദിർഹം വേണമെന്നും പറഞ്ഞപ്പോൾ എനിക്കു മറുത്തൊന്നും പറയാൻ തോന്നിയില്ല
ഞാൻ കരുതിവെച്ചിരുന്ന കാഷിൽനിന്നും അഞ്ഞൂർദിർഹം അവനുനീട്ടി അതുവാങ്ങുമ്പോൾ അവന്റെ മുഖത്തെ സന്തോഷം ഒന്നുകാണേണ്ട കാഴ്ച തന്നെയായിരുന്നു.
പ്രയാസം അനുഭവിക്കുന്ന ഒരാളെ സഹായിക്കാൻ കഴിഞ്ഞ സന്തോഷത്തിലായിരുന്നു ഞാൻ
****
പതിവില്ലാതെ വിനിലിന്റെ വീട്ടിൽനിന്നുള്ള മിസ്സ്ഡ്കാൾ കണ്ടപ്പോൾ നെഞ്ചൊന്നു പിടച്ചു
അവന്റെ അമ്മക്കെന്തങ്കിലും..!? അങ്ങിനെയൊന്നും ഉണ്ടാവരുതേ എന്നുപ്രാർത്ഥിച്ചുകൊണ്ട് ഉടനെത്തന്നെ തിരിച്ചുവിളിച്ചു.
അവന്റെ ഭാര്യയാണ് ഫോണെടുത്തത്
"വിനിലിനു കുറേനേരമായിവിളിച്ചുകൊണ്ടിരിക്കുന്നെന്നും അവൻ ഫോണെടുക്കുന്നില്ലന്നും മോൾ അവനോട് സംസാരിക്കാൻ വാശിപിടിക്കയാണെന്നും പറഞ്ഞപ്പോൾ ആശ്വാസമായി അതെ അമ്മക്കൊന്നും പറ്റിയിട്ടില്ല
എങ്കിലും ചോദിച്ചു "അമ്മയെവിടെ"
"അമ്മ ഉറക്കായി" ഒറ്റവാക്കിൽ അവൾ പറഞ്ഞുനിർത്തി.
"എനിക്കറിയാം കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത് അമ്മയുടെ ശീലമാണെന്നു വിനിൽ പറയാറുണ്ട്"
"എങ്കിലും വെറുതെ ചോദിച്ചതാ" ഞാൻ ജാള്യത മറച്ചു.
"വിനിലിനെ ഞാനൊന്നു അന്വേഷിക്കാം എന്നിട്ടു തിരിച്ചു വിളിക്കാം"
ഫോൺ കട്ടുചെയ്തു "അമ്മക്കു അസുഖമൊന്നുമില് ല പിന്നെ എന്തിനാണ് കള്ളംപറഞ്ഞു അവൻ കാശുവാങ്ങിയത്
ഒന്നു അന്വേഷിച്ചുനോക്കാം തുടർച്ചയായി റിങ്ങുചെയ്തിട്ടും അവൻ ഫോണെടുക്കുന്നില്ല നേരിട്ട് ചെന്നുനോക്കാം
ഫ്ളാറ്റിൽനിന്നും ഇറങ്ങി കാറെടുത്ത അവൻ പതിവായി പോകുന്നിടത്തെല്ലാം ഒന്നു കറങ്ങി എവിടെയും കാണുന്നില്ല
തിരക്കുള്ള റോഡിൽനിന്നും പാർക്കിങ്ങിനായുള്ള ഏരിയയിൽ കയറ്റി കാറു പാർക്കുചെയ്തു.
അവന്റെ വീട്ടിൽ എന്തു വിളിച്ചുപറയുമെന്നാലോചിക്കുമ്പോളാണ്
അവൻ തൊട്ടടുത്തുള്ള ബിൽഡിങ്ങിനു താഴെനിൽക്കുന്നതു കണ്ടത് കൂടെ സാരിയുടുത്ത തടിച്ച ഉയരം തോന്നിക്കുന്ന ഒരുസ്ത്രീയും.
കുറച്ചുകഴിഞ്ഞപ്പോൾ അവർ രണ്ടുപേരും ബില്ഡിങ്ങിന്റെ പ്രധാന കൗണ്ടറിലേക്ക്‌കയറിപോകുന്നതു കാണാമായിരുന്നു.
അവൻ വരുന്നതുവരെ കാത്തുനിൽക്കാൻ തീരുമാനിച്ചു. ഒരുമണിക്കൂറായി അവന്റെ ഒരുവിവരവുമില്ല കുറച്ചുകൂടെ കാത്തിരിക്കാം
അടുത്തുള്ള ബഖാല(ഗ്രോസറി)യിൽകയറി ഒരു ചിപ്സുപേക്കും തണുത്ത ജൂസും വാങ്ങി കാറിലിരുന്ന് നുണഞ്ഞുകൊണ്ടിരിക്കെ അവനും അവളും ഇറങ്ങിവരുന്നത് ശ്രദ്ധയിൽ പെട്ടത്.
അവർ നടന്നു എന്റെ കാറിനരികിലെത്തി.
ഭാഗ്യത്തിന് എന്റെ കാർ തിരിച്ചറിഞ്ഞിട്ടില്ല എന്തൊക്കെയോ പറയുന്നു ഫോൺനമ്പർ കൈമാറുന്നു.
കാറിന്റെ മറവിൽ ഒരിക്കൽകൂടി കെട്ടിപ്പിടിച്ചു നില്കുന്നത് നോക്കിനിൽക്കെ വീണ്ടും അവന്റെ വീട്ടിൽനിന്നും ഫോൺകോൾ.
എന്തുപറയണമെന്നറിയാതെ പകച്ചുനിന്ന നിമിഷം. ഫോൺ കട്ടുചെയ്തു തിരിച്ചുവിളിച്ചു
"ഹലോ....ഞാൻ വിനിലിനെ അന്വേഷിച്ചു അവൻ രാത്രി ഡൂട്ടിയിലാണ് ഫോൺ റൂമിൽ മറന്നതുകൊണ്ടാ നിങ്ങൾ വിളിച്ചത് അറിയാതിരുന്നത് അവൻ വന്നാൽ തിരിച്ചുവിളിക്കാൻ പറയാം"
ഗൾഫുകാരന്റെ ഭാര്യയുടെ ശരീരത്തിലൂടെ ചൂഴ്ന്നിറങ്ങുന്ന കഴുകക്കണ്ണുകളെ അവഗണിച്ചും കുടുംബത്തിലെ പ്രയാസങ്ങൾ സഹിച്ചും ഭർത്താവിന്റെ സാമീപ്യം കൊതിച്ചു ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന ആ സഹോദരിയോട്‌ മറ്റൊന്നും പറയാൻ എനിക്കു വാക്കുകൾ കിട്ടിയില്ല.!
അബ്ദുൾ ഗഫൂർ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo