ഭര്‍ത്താവ് ഗള്‍ഫിലുള്ള , അയാളുടെ ഭാര്യയും മൂന്നു കുട്ടികളും

ഭര്‍ത്താവ് ഗള്‍ഫിലുള്ള , അയാളുടെ ഭാര്യയും മൂന്നു കുട്ടികളും മാത്രം താമസിക്കുന്ന ആ വീടിന്റെ മുറ്റത്ത് രാത്രികാലങ്ങളില്‍ ഒരു ബൈക്ക് നിര്‍ത്തിയിട്ടിരിക്കുക പതിവായിരുന്നു .
രാത്രി വളരെ വൈകി അവിടെ കാണാം .
അതി രാവിലെ കാണില്ല
നാട്ടിലെ പ്രധാനപ്പെട്ട ഒരു നാരദന്‍ ഇത് എങ്ങനെയോ മണത്തറിഞ്ഞു .
അവളുടെ അടുത്തേക്ക്‌ രാത്രി ഒരുത്തന്‍ വരുന്നുണ്ട് . നാടുണരും മുന്‍പേ ‘എല്ലാം കഴിഞ്ഞ് ‘ കുളിച്ചു കുട്ടപ്പനായി 'അവന്‍ ' തിരിച്ചു പോകുന്നു .!! അയാള്‍ കണ്ടു പിടിച്ചു !! പറഞ്ഞു പരത്തി
കഥ നാടാകെ പരന്നു . വിശേഷം വിദേശത്തും എത്തി . ഭര്‍ത്താവിന്റെ പല സുഹൃത്തുക്കളും അറിഞ്ഞു . ഏറ്റവും ഒടുവിലാണ് ഭര്‍ത്താവിന്റെ ചെവിയിലെത്തിയത് .
സാധാരണ ഗതിയില്‍ ഇത്തരം അപവാദ കഥകള്‍ ആദ്യം അറിയേണ്ടവര്‍ അതറിയുക നാട് മുഴുവന്‍ അറിഞ്ഞ ശേഷം ഏറ്റവും അവസാനം ആയിരിക്കും .
ഭാഗ്യത്തിന് ആ ഭര്‍ത്താവ് ഒരു മന്തനായിരുന്നില്ല . അയാള്‍ക്ക്‌
വിദ്യാഭ്യാസമുണ്ട് . ലോകവിവരവും .
അയാള്‍ കേട്ടത് അപ്പടി വിശ്വസിച്ചില്ല .
ചാടിപ്പുറപ്പെട്ടു ഒന്നും ചെയ്തില്ല .
വിഷയം ഒന്ന് പഠിക്കാന്‍ നാട്ടിലുള്ള തന്റെ ആത്മ സുഹൃത്തിനെ ചുമതലപ്പെടുത്തി . നാട്ടിലും മറുനാട്ടിലും നടക്കുന്ന ഈ പുകിലൊന്നും ആ പെണ്ണ് അറിയുന്നുണ്ടായിരുന്നില്ല .
അധികം വൈകാതെ സുഹൃത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് വന്നു .
അതിങ്ങനെയായിരുന്നു .
അവന്‍ , ബൈക്കുകാരന്‍ അതിരാവിലെ പുറപ്പെട്ട് രാത്രിയില്‍ തിരിച്ചെത്തുന്ന ഒരു ദീര്‍ഘ ദൂര ബസ്സിലെ കണ്ടക്റ്റര്‍ ആണ് .
ബസ്സ് തൊട്ടടുത്ത നഗരത്തില്‍ ഹാള്‍ട്ട് ആക്കി രാത്രി തന്റെ വീട്ടിലേക്കു വരുന്നതും അതി രാവിലെ തിരിച്ചു പോകുന്നതും ബൈക്കിലാണ് .
അവന്റെ വീട്ടിലേക്ക് വയലുകളും ഊട് വഴികളും കടന്നു കുറച്ചു ഉള്ളോട്ട് പോകണം . രാത്രിയില്‍ ബൈക്ക് ആ വീടിന്റെ മുറ്റത്ത് ഒരരികില്‍ നിര്‍ത്തിയിടും .
വരാനും കാത്തിരിക്കാനും ആരുമില്ലാത്തത് കൊണ്ട് മൂന്നു കുട്ടികളും അവളും നേരത്തെ ഉറങ്ങും . അവര്‍ ഉറങ്ങിയിട്ടാണ് അവന്‍ വരിക . അവരുണരും മുന്‍പേ അവന്‍ ബൈക്കെടുത്ത് പോവുകയും ചെയ്യും . സത്യം അതായിരുന്നു .
പ്രത്യുല്പ്പ ന്നമതിയും ദീര്‍ഘ വീക്ഷണവും ഉള്ള ഒരു ഭര്‍ത്താവ് ആയതു കൊണ്ടാണ് ഈ കഥാന്ത്യം ഇങ്ങനെ ആയത് .
അപവാദ കഥകള്‍ക്ക് നമ്മുടെ നാട്ടില്‍ പഞ്ഞമൊന്നും
ഇല്ല . അവിഹിത ബന്ധങ്ങളും ജാര കഥകളും ഇഷ്ടം പോലെ നടക്കുന്നുണ്ട് .
പക്ഷേ 'കേട്ടീമേ കേട്ട' കഥകളില്‍ കുറെയേറെ , കാര്യം എന്തെന്നറിയാതെ കെട്ടിച്ചമക്കുന്നവയാണ് . അത്തരം കഥകള്‍ പറയാനും പ്രചരിപ്പിക്കാനും എല്ലാവര്‍ക്കും വല്ലാത്ത ഒരു ആവേശമാണ് . ആര്‍ക്കു കിട്ടിയാലും അത് ആഘോഷിക്കും . അവ പരത്താനും സംപ്രേക്ഷണം ചെയ്യാനും ആയിരം പേരുണ്ടാവും .
കഥാ നായിക പ്രവാസി ഭാര്യ കൂടി ആണെങ്കില്‍ ആവേശം ഒന്നു കൂടി കൂടും .
എന്നാല്‍ സത്യം വെളിച്ചത്തു വരുമ്പോഴാവട്ടെ എല്ലാവരുടെയും നാവിറങ്ങിപ്പോവും . അന്നേരം അവരൊക്കെ മൌനം പാലിച്ചു വിദ്വാന്മാര്‍ ആവും .
അല്ലെങ്കിലും പരത്തുന്നതിനു കിട്ടുന്ന സുഖം തിരുത്തുന്നതിന് കിട്ടില്ലല്ലോ .
കൊതുകുകള്‍ ആവാതെ
കുതുകികള്‍ ആവുക !!!
- ഉസ്മാൻ ഇരിങ്ങാട്ടിരി
OO

കള്ളനും ദൈവവും മിനിക്കഥ

കള്ളനും ദൈവവും
മിനിക്കഥ
ശ്രീകോവിലിന്റെ പൂട്ടു പൊളിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അങ്ങനെയാണ് ഞാൻ മേൽക്കൂര തകർത്തു അകത്തു കടന്നത്. നല്ല സുഗന്ധം. വലിച്ചു കേറ്റിയ റമ്മിന്റെ ദുർഗന്ധം തുരന്നു ചന്ദനത്തിന്റെയും കളഭത്തിന്റെയും മണം ഉള്ളിലേക്ക് കടന്നു.
ഈ പൂജാരിമാർ ഒരു കണക്കിന് ഭാഗ്യവാൻമാർതന്നെ. 
പഞ്ചലോഹത്തിൽ തീർത്ത ശിവ വിഗ്രഹം കണ്ടപ്പോൾ മനസ്സിൽ ഭയം തോന്നി. ഇതു പിഴുതെടുത്താൽ എല്ലാ പ്രശ്നവും തീരും. കോടികൾ. അത്ര വേണ്ട. ലക്ഷങ്ങൾ മതി.
ഒരു കള്ളനെ സംബന്ധിച്ചിടത്തോളം വിഗ്രഹം വെറും മോഷണ വസ്തു. എന്നാലും ഒന്ന് തൊട്ടു നമിച്ചേക്കാം. തൊഴിൽ തുടങ്ങുകയല്ലേ.
ഞാൻ വിഗ്രഹം പിടിച്ചൊന്ന് കുലുക്കാൻ ശ്രമിച്ചു.
ദാസാ....
ശബ്ദം കേട്ടു ഞാൻ ഒന്നു ഞെട്ടി.
പിടിക്കപ്പെട്ടുവോ ദൈവമേ ?
ഞാൻ അറിയാതെ പറഞ്ഞു പോയി.
ഹ ഹ ഹ
പെട്ടെന്ന് ആരോ ചിരിക്കുന്നതായി തോന്നി
ആരാണ് ?
ഞാൻ ചോദിച്ചു.
ദൈവം.
ദൈവമോ ?നല്ല കഥ. അങ്ങനെ ഒരു സാധനം ഉണ്ടെങ്കിൽ ഞാൻ ഇപ്പണിക്ക് ഇറങ്ങേണ്ടി വരില്ലായിരുന്നു.
ഡിഗ്രി വരെ പഠിച്ചു. ഒരു പണിയും കിട്ടിയില്ല. പിന്നെ ബാർക്ക പണിക്കിറങ്ങി. എന്നിട്ടും രക്ഷയില്ല. അല്പം പച്ച പിടിച്ചു വരുമ്പോൾ ഓരോ........
നീ ഇപ്പോൾ ഇവിടെ നിന്നും രക്ഷപ്പെടുക. അല്ലെങ്കിൽ പോലീസ് വന്നു നിന്നെ തുറങ്കിൽ അടക്കും. അതു മാത്രം അല്ല. വിശ്വാസികൾ കൈ വെച്ചാൽ നരകത്തിലും..
ദൈവം പറഞ്ഞു
ഞാൻ പോകില്ല . എനിക്ക് വേറെ ഒരു പണി അറിയില്ല. ഈ വിഗ്രഹം കിട്ടിയാൽ രക്ഷപ്പെടും.
ഞാൻ പറഞ്ഞു.
നീ പോകു...
ആരുടെയോ കാൽപ്പെരുമാറ്റം കേട്ടത് പോലെ.
നിനക്ക് ഒരു വരം തരാം
ദൈവം പറഞ്ഞു.
വരമോ ?
ദൈവം എനിക്കൊരു സമ്മാനപ്പൊതി തന്നു. ഞാൻ അതു വാങ്ങുമ്പോൾ ദൈവം പറഞ്ഞു.
വീട്ടിൽ ചെന്നു തുറന്നു നോക്കിയാൽ മതി.
ഞാൻ തല കുലുക്കി.
ഇനി നീ രാത്രിയിൽ ഇപ്പണിക്ക് പോകണ്ട.
പകൽ തന്നെ ചെയ്തോ. നിന്നെ ആരും സംശയിക്കില്ല.
ദൈവം പറഞ്ഞു.
എനിക്ക് ക്ഷമയില്ല. ഞാൻ പൊതി തുറന്നോട്ടെ.
ശരി
ഞാൻ പൊതി തുറന്നപ്പോൾ അതിൽ രണ്ടു ജോഡി ഖദർ വസ്ത്രങ്ങൾ.
അപ്പോൾ പുറത്തെ കാൽ പെരുമാറ്റത്തിന് ശക്തി കൂടി.
Ceevi

അഞ്ചു വർഷത്തിനു ശേഷമായിരുന്നു ആ കണ്ടുമുട്ടൽ....,

അഞ്ചു വർഷത്തിനു ശേഷമായിരുന്നു ആ കണ്ടുമുട്ടൽ....,
അയാൾ എന്നെ തന്നെ നോക്കി നിൽക്കുന്നതു കണ്ടപ്പോൾ എനിക്ക് ഭയമായി....,
ഇനി വീണ്ടും എന്നെ എല്ലാവർക്കും മുന്നിലിട്ടു ചീത്ത വിളിക്കാനാവുമോ....?
ഒരിക്കൽ മാത്രമേ ഞാനയാൾക്കു മുന്നിൽ പോയിട്ടുള്ളൂ,
അതും അയാളുടെ വീട്ടിൽ..!
എന്റെ പ്രാണനായിരുന്ന അയാളുടെ മകളുമായി ഞാൻ ഇഷ്ടത്തിലാണെന്നും അവളെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞ്.....!
അന്നയാൾ എന്നെ പിടിച്ചു തള്ളി തല്ലുമെന്നും കൊല്ലുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി...!
എന്നിട്ടും യാതൊരു ഭാവമാറ്റവുമില്ലാതെ അവരുടെ വീട്ടുമുറ്റത്ത് തന്നെ നിന്നപ്പോൾ അയാൾ അതായത് അവളുടെ അച്ഛൻ എന്റെ കോളറിൽ കുത്തിപ്പിടിച്ച് എന്നെ വീടിന്റെ ഗെയ്റ്റിനു വെളിയിലെത്തിച്ചു...,
ആ സമയമൊക്കയും
വീടിനകത്തുണ്ടായിട്ടും അവൾ ഒന്നു പുറത്തിറങ്ങുകയോ എനിക്കുവേണ്ടി
ഒരു ചെറുവിരലക്കുകയോ ചെയ്തില്ല...,
ചുറ്റം കൂടിയവർക്കിടയിൽ അപമാനിക്കപ്പെട്ടതിലല്ല..,
അവളുടെ മൗനമാണ് എന്നെ തോൽപ്പിച്ചത്....!
ആ ധൈര്യത്തിലാവണം അവളുടെ അച്ഛൻ എന്റെ മുഖത്തു നോക്കി പറഞ്ഞു....,
ഞാൻ നട്ട ചെടിയാണ് അതിൽ തൊട്ടാൽ നിന്റെ കൈ ഞാൻ വെട്ടും നായിന്റെ മോനെ.....!!
എന്റെ മകളെ നിന്നെപ്പോലുള്ള എരപ്പാളികൾക്ക് കെട്ടിച്ചു കൊടുക്കാനുള്ളതല്ലടാ
പുല..........ടി മോനെ......!
അവൾക്ക് രാജകുമാരനെ പോലെ ഒരു ചെക്കനെ ഞാൻ കണ്ടെത്തി കൊടുക്കും....,
നിനക്കൊന്നും പെണ്ണു കിട്ടാനില്ലെങ്കിൽ വല്ല അനാഥാലയത്തിലും പോയി നോക്കടാ എരണംക്കെട്ടവനെ.....!
അതും പറഞ്ഞയാൾ എന്റെ മുന്നിൽ ഗെയ്റ്റ് കുറ്റിയിട്ടു ഉള്ളിലെക്ക് നടന്നുപ്പോയി.....!
പ്രണയിനി നിശബ്ദമായി നിരസിച്ചപ്പോൾ ഞാൻ പരാജിതനായി.....!!
മടങ്ങി പോന്നു....!
ഈ സംഭവം അവളുടെ ചുറ്റുവട്ടം മൊത്തം അറിഞ്ഞതു കൊണ്ടാവാം പിന്നെയും രണ്ടു വർഷമെടുത്തു അവളുടെ വിവാഹം കഴിയാൻ....!
അതോടെ സർവ്വ പ്രതീക്ഷകളും അറ്റ്
ആ ബന്ധം വേരോടെ പിഴുതെറിയപ്പെട്ടു......!
പിന്നീട് അവളെ കണ്ടട്ടില്ല..,
ഇതെല്ലാം ഒാർത്തെടുക്കുന്നതിനിടയിൽ അയാൾ എന്റെയടുത്തേക്ക് തന്നെ നടന്നു വന്നു...,
അയാളുടെ വരവ് എന്നെ കൂടുതൽ ഭയചിതനാക്കി...
എനിക്കെന്തോ പേടി പോലെ...,
ഇനി അവളുടെ പുതിയ കുടുംബജീവിതം മോശമാണെങ്കിൽ പോലും അതിനും ഞാൻ തന്നെ ചീത്ത കേൾക്കേണ്ടി വരും.....,
കാരണം...,
മകളുടെ കാമുകനാണല്ലെ അവളുടെ പിതാവിന്റെ ആജീവനാന്ത ശത്രൂ.......!
അയാൾ എനിക്കു മുന്നിലെത്തിയതും ഞാൻ മുഖം വെട്ടിച്ചു അതു കണ്ടതും അയാൾ എന്നെ പേരേടുത്തു വിളിച്ചു.....!
എന്റെ പേരയാൾ ഒാർത്തിരിക്കുന്നതിലെ അതിശയം കലർന്നു ഞാനയാളെ നോക്കവെ....,
എനിക്കൊരു ചായ വേണം.....!
എന്നു കൂടി അയാൾ പറഞ്ഞതോടെ എനിക്കൊരു എത്തും പിടിയും കിട്ടിയില്ല...,
അയാളുടെ ആ വാക്കുകൾ കേട്ടതും ഞാൻ തലയാട്ടി സമ്മതിച്ചു.....,
ഹോട്ടലിലെത്തിയതും അയാൾ എന്നെ തന്നെ നോക്കിയിരുന്നു...,
ചായ വന്നതും അതിൽ നിന്നും ഒരു കവിൾ മൊത്തി കുടിച്ചു കൊണ്ട് അയാൾ എന്നോട് ചോദിച്ചു...,
നീയറിഞ്ഞിട്ടില്ലാലെ....?
ഇല്ലെന്നർത്ഥത്തിൽ ഞാൻ തലയാട്ടിയതും...,
അയാൾ പറഞ്ഞു തുടങ്ങി..,
എല്ലാം അവസാനിച്ചിട്ട് ഒന്നര വർഷായി...!
എനിക്കെന്റെ മോളെ നഷ്ടപ്പെട്ടിട്ടും....!!
തൂങ്ങി മരിക്കുകയായിരുന്നു....!
അതു കേട്ടതും എന്റെ നെഞ്ചിൽ ഒരു വാൾ കുത്തിയിറങ്ങിയ പോലെ വേദന കൊണ്ടു ഞാൻ പുളഞ്ഞു....,
അതെ സമയം അമ്പരപ്പിക്കുന്ന വേഗത്തിൽ രണ്ടു വലിയ കണ്ണീർത്തുള്ളികൾ എന്റെ കണ്ണിൽ നിന്നും പൊടിഞ്ഞു...,
മറ്റു രണ്ടെണ്ണം എപ്പോൾ വേണേലും പൊഴിയാൻ തക്കം പാർത്ത് കണ്ണോരത്ത് തന്നെ തങ്ങി നിന്നു....,
ആ നിമിഷം പഴയ ആ സ്നേഹ പരിരംഭണത്തിൽ ഞാനൊന്ന് ലയിച്ചതും എന്റെ കണ്ണിൽ അത്ര നേരം തങ്ങി നിന്ന കണ്ണീർത്തുള്ളികൾ കവിളിലൂടെ ഹൃദയത്തിലെക്ക് അരിച്ചിറങ്ങി....!
അയാൾ പിന്നെയും പറഞ്ഞു തുടങ്ങി...,
എന്റെ മകൾ മരിച്ചതല്ല...,
അവൻ ആ നായിന്റെ മോൻ മാനസീകമായി പീഠിപ്പിച്ചു കൊന്നതാ....,
അവന്റെ പതിവുക്കാരികൾക്ക് കൂട്ടു കിടക്കാൻ വേണ്ടി....!
ഒന്നു നിർത്തി അയാൾ വീണ്ടും ചായ ഗ്ലാസ്സ് കൈയിലെടുത്ത് അത് കുടിക്കാൻ തുടങ്ങി...,
വീണ്ടും ഒന്നു നിർത്തി അയാൾ പറഞ്ഞു..,
എനിക്കു വേണ്ടിയ അവള് നിന്നെ വേണ്ടാന്നു പറഞ്ഞത്...,
അന്നെനിക്ക് അതൊന്നും മനസ്സിലായില്ല..,
പാവം ജീവിച്ചു കൊതി തീർന്നിട്ടുണ്ടാവില്ല എന്റെ മോൾക്ക്...,
എല്ലാം എന്റെ തെറ്റാണ്..,
എന്റെ മോളെ ഞാൻ അതിരറ്റ് സ്നേഹിച്ചു പക്ഷെ അവളുടെ ഇഷ്ടങ്ങളെ സ്നേഹിക്കാൻ മറന്നു പോയി....,
കൂടെ നിന്നെയും..,
അതു കേട്ട് നനവു പറ്റിയ കണ്ണോടെ ഞാനയാളെ നോക്കവേ അയാൾ പറഞ്ഞു..,
വീട്ടിൽ കയറി വന്ന് പെണ്ണു ചോദിക്കുന്നവനെ നമ്മൾ മനസിലാക്കാൻ ശ്രമിക്കണം
കാരണം
അവനു വേണമെങ്കിൽ അവളെ ആരും അറിയാതെ കടത്തി കൊണ്ടു പോയി വിവാഹം കഴിക്കാം എന്നിട്ടും അതിനൊന്നും മുതിരാതെ വീടിന്റെ പടി വന്ന് മകളെ ഇഷ്ടമാണെന്നു പറയാൻ കാണിക്കുന്ന
ആ മനസ്സ് പലപ്പോഴും ഒരച്ഛനും കാണാൻ ശ്രമിക്കാറില്ല...,
ഞാനും അങ്ങിനെയായി പോയി....,
അതു പറഞ്ഞു കൊണ്ട് പോക്കറ്റിൽ നിന്ന് ഒരു കടലാസ് എടുത്തു എന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു
ഇതവൾ അവസാനമായി നിനക്കെഴുതിയതാണെന്ന്...,
അതു വാങ്ങുമ്പോൾ കണ്ണുകൾ നിറഞ്ഞ് കൈ വിറക്കുന്നുണ്ടായിരുന്നു കണ്ണീര് സമം ചേർത്താണത് വായിച്ചത് നാലു വരി മാത്രമെ അവളതിൽ എഴുതിയിട്ടുള്ളൂ...,
വേദനിപ്പിച്ചതിനെല്ലാം എന്നോട് ക്ഷമിക്കുക...,
അടുത്ത ജൻമത്തിലും ഇതെ കാര്യങ്ങൾക്കായി ഞാൻ വാശിപ്പിടിച്ചാലും അതൊന്നും ചെവി കൊള്ളാതെ എന്നെ സ്വന്തം ജീവിതത്തിലെക്ക് കൂട്ടണേ.....!
അവൾ അതു വരെ അനുഭവിച്ച മൊത്തം വേദനയും ആ വാക്കുകളിൽ സ്പഷ്ടമായിരുന്നു....,
കത്തു മടക്കി ഞാൻ എന്റെ നെഞ്ചോടു ചേർത്തു പോക്കറ്റിൽ വെച്ചു...,
ഹോട്ടലിൽ നിന്നിറങ്ങി അയാൾ യാത്ര പറയാൻ തുനിഞ്ഞപ്പോൾ എന്താവശ്യമുണ്ടെങ്കിലും ഏതു നേരത്താണെങ്കിലും
വിളിക്കണമെന്നു പറഞ്ഞു എന്റെ നമ്പർ അയാളുടെ ഫോണിൽ സേവ് ചെയ്തു കൊടുത്തു....,
തുടർന്ന് അതിൽ നിന്നു എന്റ ഫോണിലേക്ക് ഞാൻ ചെയ്ത മിസ്സ് കോൾ അച്ഛൻ " എന്ന പേരിൽ എന്റെ ഫോണിൽ സേവ് ചെയ്യവേ..,
അവളുടെ അച്ഛൻ തിരിഞ്ഞു നോക്കി എന്റെ പേരു വിളിച്ചു കൊണ്ട് ചോദിച്ചു..."
" അത്രക്ക് ഇഷ്ടമായിരുന്നെങ്കിൽ നിനക്കവളെ വിളിച്ചോണ്ട് പോവായിരുന്നില്ലെ...?
എന്നാൽ ഇന്നെന്റെ മകളെ ജീവനോടെ
ഒന്ന് കാണാനെങ്കിലും എനിക്ക് കഴിയുമായിരുന്നില്ലെയെന്ന്.....???
അതും പറഞ്ഞവർ തിരിഞ്ഞു നടന്നെങ്കിലും ആയിരം ശരങ്ങൾ ഒന്നിച്ചു പതിച്ച പോലായി അതു കേട്ട എന്റെ ഹൃദയം....!!!

#പെണ്ണൊരുത്തി

തേക്കാനും വാർക്കാനും ഒന്നും എനിക്ക് താല്പര്യമില്ല.മര്യാദക്കുള്ള ഒരു ജോലിയുണ്ടെങ്കിൽ വീട്ടിൽ വന്നു പെണ്ണ് ചോദിച്ചോ...
അവർക്ക് സമ്മതമാണെങ്കിൽ എനിക്ക് ഒരു എതിർപ്പും ഇല്ല.
ആ പിന്നെ...
എനിക്ക് ആകെയുള്ള ഒരു ഡിമാൻഡ് ഡിഗ്രി കംപ്ലീറ്റ് ആക്കണം എന്നുള്ളതാണ്.അത് കല്യാണം കഴിഞ്ഞിട്ടാണെങ്കിലും കല്യാണത്തിന് മുമ്പാണെങ്കിലും.
കല്യാണത്തിന് മുമ്പാകുന്നതാകും എനിക്കും നിങ്ങൾക്കും ഉത്തമം.അതാകുമ്പോൾ ഭാവിയിൽ ഒരു സംശയ രോഗം ഒഴിവാക്കാലോ....
എടീ കാന്താരീ......
നീ ആള് കൊള്ളാല്ലോ ...
ഞാൻ നിന്നോട് ഇഷ്ട്ടം പറഞ്ഞപ്പോയെക്കും നീ ഭാവി വരെ പറഞ്ഞു കഴിഞ്ഞല്ലോ....
അതെ,
ഞാൻ അങ്ങനെയാണ് മാഷേ....
എനിക്കിപ്പോ പ്രായം പതിനെട്ട് കഴിഞ്ഞു.പിന്നെ വിവാഹത്തെ കുറിച്ചുള്ള സങ്കൽപ്പം ഒന്നുമില്ലാത്ത ഒരാളും ഭൂമിയിൽ ഉണ്ടാകില്ല.അതിൽ പെട്ട ഒരാളാണ് ഈ ഞാനും.
മറ്റുള്ളവർ പ്രണയിച്ചു നടക്കുന്നത് കാണുമ്പോൾ എന്റെ മനസ്സും കൊതിക്കാറുണ്ട്,ഞാനും ഒരു പെണ്ണല്ലേ മാഷേ.....
അതൊക്കെ കാണുമ്പൊൾ പ്രണയവും ചെക്കന്റെ കൈപിടിച്ചു നടക്കലും ഒക്കെ എന്റെ കുഞ്ഞു മനസ്സിലും അതുപോലുള്ള ആഗ്രഹങ്ങൾ തോന്നിയിട്ടുണ്ട്.
പക്ഷേ......
അതൊരു പൈങ്കിളി ആക്കി ചുറ്റുമുള്ളവരെ ത്രസിപ്പിക്കുന്ന പ്രണയമല്ല.
എന്റെ പ്രണയവും എന്റെ ശരീരത്തിലെ ഓരോ സ്പർശനവും അത് എന്റെ കഴുത്തിൽ താലി കെട്ടുന്നവനായുള്ളതാണ്.എന്റെ അവസാന ശ്വാസം വരെ അയാളെ ഞാൻ പ്രണയിക്കും,അയാളെമാത്രമേ ഞാൻ പ്രണയിക്കുകയുള്ളൂ...
നിങ്ങളെപ്പോലെ ഒരുപാട് പേര് ഇങ്ങനെ എന്നോട് ഇഷ്ട്ടം പറഞ്ഞിട്ടുള്ളതാണ്.അവരൊന്നും തന്നെ എന്റെ ഈ ആവശ്യം അംഗീകരിക്കരിക്കാൻ കെല്പില്ലാത്തവരായിട്ടോ,അല്ലെങ്കിൽ മറ്റുള്ളവരുടെ വാക്കുകൾ കേട്ട് വീട്ടിലെത്താത്ത അവരെ പോലെ നിങ്ങൾക്കും ആകാം.എനിക്ക് ഒരു വിഷമവും ഇല്ല.
കാരണം ഇഷ്ടമാണെന്ന് പറഞ്ഞത് ഞാനല്ല,നിങ്ങളാണ്.
പിന്നെ ഞാനിതൊക്കെ പറയാൻ കാരണവുമുണ്ട്.ഇന്ന് ഞാൻ നിങ്ങളോട് ഇഷ്ടമാണെന്ന് പറയുകയും പിന്നീട് എന്റെ വീട്ടുകാർ എനിക്ക് ഒരു ആലോചന കൊണ്ട് വന്നാൽ നിങ്ങൾ പറയും എന്റെ കൂടെ ഇറങ്ങി വരാൻ.ജോലിയും കൂലിയുമില്ലാത്ത ഒരാളോടൊപ്പം പൊന്നു പോലെ പോറ്റി വളർത്തിയ എന്റെ രക്ഷിതാക്കളെ നാണം കെടുത്തി വരാൻ താല്പര്യം ഇല്ലാ എന്ന് പറഞ്ഞ് കൊണ്ട് ഞാൻ അയാളെ വിവാഹം കഴിച്ചു പോകുമ്പോൾ നാളെ നിങ്ങളുടെ മുന്നിൽ ഒരു തേപ്പു കാരി ആകാൻ പാടില്ലല്ലോ....
അപ്പൊ പോട്ടേ മാഷേ...
നിങ്ങൾക്ക് താൽപ്പര്യം ഉണ്ടെങ്കിൽ
ദാ....
ആ കാണുന്നതാണ് എന്റെ വീട്,ആരെയാണെന്നു വെച്ചാൽ കൊണ്ടുവന്നു നിങ്ങൾക്ക് പെണ്ണ് ചോദിക്കാം.
എന്റെ അച്ഛൻ നല്ല അഭിമാനിയാണ്.ഉശിരുള്ള ആണുങ്ങളെ അവർക്കും ഇഷ്ടമാണ്.അവർക്ക് സമ്മതമാണെങ്കിൽ എത്രയാണെന്ന് വെച്ചാൽ കാത്തിരിക്കാൻ ഞാൻ തയ്യാറുമാണ്.
പെണ്ണേ....
നീയാണ് പെണ്ണ്.നിന്നെ കണ്ടതും,എനിക്ക് നിന്നോട് ഇഷ്ട്ടം പറയാൻ തോന്നിയതും ഒരു ഭാഗ്യമാണ്.അത് കൊണ്ട് നിന്നെ തള്ളി കളയുന്നത് എന്റെ ജീവിതത്തിലെ വലിയ നഷ്ടമായിരിക്കും.
എനിക്കൊരാളെയും ബോധിപ്പിക്കേണ്ട ആവശ്യം ഇല്ല.നിങ്ങൾ വീട്ടിലേക്ക് പൊക്കോളൂ,അച്ഛനെ കാണാൻ പിറകിൽ ഞാനും വരുന്നുണ്ട്.
ഈ പെണ്ണൊരുത്തിയെ എനിക്ക് കെട്ടിച്ചു തരുമോ എന്ന് ചോദിക്കാൻ.ഡിഗ്രി അല്ല,ഇനി pg കഴിയുന്നത് വരെ കാത്തിരിക്കാനും ഞാൻ തയ്യാറാണ്.
കാരണം നിങ്ങളെപ്പോലുള്ള പെൺ കുട്ടികൾ മുപ്പതിൽ ഒന്നേ കാണൂ...
അങ്ങനെയുള്ള ഒരാളെ കെട്ടാൻ കഴിയുക എന്നുള്ളത് വലിയ ഭാഗ്യം തന്നെയാണ്.
ഓഹോ,
എന്നാ പിറകേ പോര്,ഈ സമയം അച്ഛൻ എന്നേയും കാത്ത് ഉമ്മറത്തിരിക്കുന്നുണ്ടാകും.
ആരാ
മനസ്സിലായില്ല.... ?
എന്റെ പേര് അക്ഷയ്,
നാട് ഇവിടെ അല്ല,കുറച്ചു ദൂരെയാണ്.
ഈ നാട്ടിൽ ഒരു ജോലി ആവശ്യാർഥം വന്നതാണ്.
ഞാൻ നിങ്ങളുടെ മകളെ പെണ്ണ് ചോദിക്കാൻ വന്നതാണ്.
ഞങ്ങൾ കുറച്ചു അപ്പുറത്ത് ഒരു വീട് വാടകക്കെടുത്തു താമസിക്കുകയാണ്.കൂടെ അമ്മയും അച്ഛനും പെങ്ങളുമുണ്ട്.നിങ്ങൾക്ക് സമ്മതമാണെങ്കിൽ നാളെ ഞാൻ വീട്ടുകാരെയും കൊണ്ട് പെണ്ണ് കാണാനും ഉറപ്പിക്കാനും വരാം.
അല്ല,
മോന് ഇവിടെ എന്താ ജോലി.. ?
മോളെ എങ്ങനെയാണ് പരിജയം ?
ജോലി എന്ന് പറഞ്ഞാൽ ഈ സിറ്റിയിലെ പോലീസ് സ്റ്റേഷനിലെ പുതിയ si ആണ്.ഇവരുടെ കോളേജിന് മുന്നിൽ ഡ്യൂട്ടി നോക്കുമ്പോൾ രണ്ട് മൂന്ന് ദിവസമായി കാണുന്നു.ഐശ്വര്യം നിറഞ്ഞ മുഖം കണ്ടപ്പോൾ ഒന്ന് പോയി ചോദിച്ചതാണ്.അപ്പൊ അവളാണ് പറഞ്ഞത് അച്ഛനോട് ചോദിക്കാൻ.
മോനേ....
അവളുടെ മുഖം പോലെ തന്നെ ഈ വീടിന്റെ ഐശ്വര്യം തന്നെയാണവൾ.അമ്മയുടെ അതേ പ്രകൃതമാണ് അവൾക്കും.ഒരാളെയും വിഷമിപ്പിക്കുന്നത് അവൾക്ക് ഇഷ്ടമല്ല.....
ഞാനും അവളും നല്ല കൂട്ട് ആയോണ്ട് കോളേജിലെ വിശേഷങ്ങൾ എല്ലാം പറയാറുണ്ട്.ഓരോരുത്തർ പിറകേ നടക്കുന്നതും,വന്നു പ്രപ്പോസ് ചെയ്യുന്നതും,അവരോട് വീട്ടിൽ വന്നു പെണ്ണ് ചോദിക്കാൻ പറയുന്നതൊക്കെ വൈകുന്നേരത്തെ ചായകുടിയിൽ ഉള്ള ചർച്ചയിൽ സംസാരിക്കുന്നത് ഇവിടെ പതിവാണ്.
പക്ഷേ....
ആദ്യമായാണ് ഇങ്ങനെ ഒരാൾ പെണ്ണ് ചോദിച്ചു വരുന്നത്.അതും ഒരു പോലീസുകാരൻ.
ഒരു ഗവണ്മെന്റ് ജോലിക്കാരന് പെണ്ണിനെ കെട്ടിച്ചു കൊടുക്കാൻ ഇന്ന് ഏതൊരു അച്ഛനും ആഗ്രഹം കാണും.
മോനേ...
ഞാനൊരു പാവം പ്രവാസി ആയിരുന്നു.കാര്യമായിട്ട് ഒന്നും സമ്പാദിച്ചിട്ടില്ല.ഇന്നത്തെ കാലത്ത് നിങ്ങൾക്കൊക്കെ നല്ല മാർക്കറ്റണല്ലോ.....
ഒപ്പം സ്ത്രീധനമായും ഞാൻ നിങ്ങൾക്ക് ഒരു വലിയ സംഖ്യ തന്നെ തരേണ്ടി വരും.എന്നെ സമ്പന്തിച്ചിടത്തോളം നിങ്ങളുമായുള്ള ബന്ധം കൂട്ടിയാൽ കൂടുന്ന ഒന്നല്ല.
കല്യാണം കഴിഞ്ഞിട്ട് എന്റെ മോളുടെ കണ്ണീര് കാണാൻ എനിക്ക് പറ്റില്ല.അത് കൊണ്ട് ഇത് നടക്കില്ല മോനേ...
മോന് അത്യാവശ്യം സാമ്പത്തികം ഉള്ള വല്ല കുടുമ്പത്തിൽ നിന്നും നോക്കുന്നതല്ലേ നല്ലത്.
അയ്യോ....
അച്ഛാ,ഞാൻ നിങ്ങളുടെ മകളെ മാത്രമാണ് ചോദിക്കുന്നത്.അല്ലാതെ അതിന്റെ കൂടെ നിങ്ങളുടെ വീടും പറമ്പും എഴുതി തരാൻ പറയുന്നില്ല.നിങ്ങൾ എന്താണോ മകൾക്കായി കരുതി വെച്ചിട്ടുള്ളത് അത് കൊടുത്താൽ മതി.എനിക്കല്ല നിങ്ങളുടെ മകൾക്ക് തന്നെ.
നിങ്ങൾക്ക് സമ്മതമാണെങ്കിൽ ഞാൻ നാളെ വീട്ടുകാരുമായി വരാം...
അത് മോനേ....
മ്മ്,
നാളെ വീട്ടുകാരുമായി വരൂ,അവർക്ക് എതിർപ്പില്ലെങ്കിൽ നമുക്ക് ഉറപ്പിക്കാം.
എന്നാ ശെരി അച്ഛാ,
ഞാൻ നാളെ അവരുമായി വരാം.
********** **********
ഇവൻ രണ്ട് മൂന്ന് ദിവസമായി ഇവളെ കുറിച്ചു പറയുന്നു.
അപ്പൊ ഇവന്റെ അച്ഛനാണ് പറഞ്ഞത് ആദ്യം പോയി പെണ്ണിനോട് ചോദിക്കാൻ.
കലികാലമല്ലേ,കുട്ടികളുടെ മനസ്സിൽ വേറെ മോഹം എന്തെങ്കിലും ഉണ്ടോന്ന് പറയാൻ പറ്റില്ലല്ലോ.....
ഇന്നലെ മോളുടെ സംസാരം ഒക്കെ റെക്കോർഡ് ചെയ്തു കൊണ്ട് വന്നു കേൾപ്പിച്ചപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചതാണ് ഇവൾ തന്നെയാണ് എന്റെ മരുമോളെന്ന്.
മോളേ...
പഠിപ്പ് തീരുന്നത് വരെ കാത്തിരിക്കേണ്ട എന്നാണ് അക്ഷയ് പറയുന്നത്.വിവാഹം കഴിഞ്ഞിട്ടും തുടർന്ന് പഠിച്ചോട്ടെ എന്നാണ് അവന്റെ പക്ഷം.ഞങ്ങൾക്കും അതിൽ എതിർപ്പില്ല.നിന്റെ പ്രായത്തിൽ ഒരു മോള് ഞങ്ങൾക്കും ഉണ്ടല്ലോ.അപ്പോ മോളുടെ ഇങ്ങനെയുള്ള ഒരു ആഗ്രഹത്തിനും ഞങ്ങൾ എതിരല്ല.
ചായ കുടിയൊക്കെ കഴിഞ്ഞ സ്ഥിതിക്ക് അവർക്കെന്തെങ്കിലും ഒക്കെ ചോദിക്കാനോ പറയാനോ ഉണ്ടെങ്കിൽ നടക്കട്ടെ.
അല്ലേ....
അക്ഷയ് അച്ഛനെ ഒന്ന് കണ്ണ് കൊണ്ട് നമസ്കരിച്ചു.മനസ്സിലെ ആഗ്രഹം എത്ര എന്ന് വെച്ചാ പിടിച്ചു വെക്കുക.
അതേ...
നീ പറഞ്ഞപോലെ ഞാൻ വാക്ക് പാലിച്ചു.
നിന്റെ അച്ഛനോട് പെണ്ണ് ചോദിച്ചു.എന്റെ വീട്ടുകാരെ കൊണ്ട് വന്നു അത് ഉറപ്പിക്കുകയും ചെയ്തു.
ഒക്കെ സമ്മതിച്ചു.
പക്ഷേ,എന്റെ തുടർ പഠനത്തിന്റെ കാര്യത്തിൽ എനിക്ക് ഒരു വിശ്വാസം പോരാ.....
എടീ,
ഞാൻ പറഞ്ഞില്ലേ,കല്യാണം കഴിഞ്ഞിട്ട് നീ എത്രയാണെന്ന് വെച്ചാ പഠിച്ചോ.എനിക്ക് ഒരു വിരോധവും ഇല്ല,ദയവ് ചെയ്തിട്ട് പഠിപ്പ് കഴിഞ്ഞിട്ട് മതി കല്യാണം എന്ന് മാത്രം പറയരുത്.അത് വരെ കാത്തിരിക്കാനുള്ള ക്ഷമ ഒന്നും എനിക്കില്ല.
നിങ്ങൾ വാക്കിനു വില കല്പിക്കുന്ന ആളാണെങ്കിൽ കല്യാണത്തിന് എനിക്ക് സമ്മതമാണ്.
ആണോ...
എങ്കിൽ ഒരു കാര്യം കൂടി പറയട്ടെ,കല്യാണം കഴിഞ്ഞു വർഷം ഒന്നാകുമ്പോഴത്തേക്ക് ഒരു കുറുമ്പത്തിയേ ഈ കയ്യിൽ തന്നാൽ അതോടെ തീരില്ലേ നിന്റെ പഠിപ്പിന്റെ കാര്യം.
അയ്യേ...
നാണക്കേട്,
പെണ്ണ് കാണാൻ വന്നിട്ട് ഇങ്ങനെ പറയുന്നോ,ആരെങ്കിലും കേട്ടാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ.... ?
മോനേ...
പോലീസ് ചേട്ടാ...
പഞ്ചാര അടിച്ചത് മതിയായില്ലേ..... ?
നിന്നോട് ആരാണെടീ ഇപ്പോ ഇങ്ങോട്ട് കേറി വരാൻ പറഞ്ഞത്.
നിങ്ങളെ അറിയുന്നതോണ്ട് ഇങ്ങോട്ട് കേറി വന്നതാണ്.കൂടുതൽ സമയമായിട്ടും കാണാതായപ്പോൾ നാറ്റിച്ചു കയ്യിൽ തരും എന്ന് എനിക്ക് തോന്നി.
ഏട്ടത്തീ.....
ഒന്നും തോന്നരുത് ട്ടോ,
ഞാനാ ഇത് പറഞ്ഞു കൊടുത്തത്.അത് ഒരു ഉളുപ്പുമില്ലാതെ നിങ്ങളോട് പറയുമെന്ന് ഞാൻ കരുതിയില്ല.
അതേ...
ഞാനും ഓപ്പണാണ്,
ആ സമയത്ത് തുടർന്ന് പഠിക്കുന്ന കാര്യം നമുക്ക് പരിഗണിക്കാം.
ഇപ്പോ മോൻ പൊക്കോ ട്ടോ......
ചെവിയിൽ അവൾ പറഞ്ഞത് കേട്ട് തിരിഞ്ഞു നോക്കിയപ്പോയേക്കും അവനെ പെങ്ങൾ വലിച്ചു മുറിയിൽ നിന്നും പുറത്തേക്കെത്തിയിരുന്നു.
കാറിൽ കേറി യാത്ര തുടങ്ങവേ അക്ഷയ് അവളെ ഉമ്മറത്തു ഒരുപാട് തിരഞ്ഞു.നിരാശയോടെ കാർ മുന്നോട്ടെടുക്കുമ്പോൾ മുകളിലെ മുറിയിലെ ജനാലകൾക്കിടയിൽ വിടർന്ന രണ്ട് കരിനീലക്കണ്ണുകൾ അവരെ യാത്രയാക്കുന്നുണ്ടായിരുന്നു.

പ്രിയകഥാകാരിയുടെ സമ്മാനം


പ്രിയകഥാകാരിയുടെ സമ്മാനം
••••••••••••••••••••••••••••••••••••••
ചെരുപ്പഴിച്ച്‌ ചവിട്ടു കല്ലിൽ വച്ച്‌ മൊന്തയിലെ വെള്ളം കാലിലേക്കൊഴിക്കുന്നതിനിടയിൽ അയാൾ നീട്ടി വിളിച്ചു
"ദേവ്യേ"
അകത്തേതോ പാത്രം മേശപ്പുറത്ത്‌ ഇടിച്ച്‌ വച്ചതിന്റെ ശബ്ദം കേട്ടപ്പോ തന്നെ അപകടം മണത്തു കൂടെ ഒരു കൊഞ്ഞനം കുത്തിയ ചോദ്യവും കൂടി ആയപ്പോ തൃപ്‌തിയായി..
"ന്താ കേവ്യേ" കെട്ടിയെടുക്കാനായാ എന്താ വേണ്ടേ??"
"ഒന്നും വേണ്ടേ ചുമ്മ ഒന്ന് ലോഹ്യം പറയാൻ വിളിച്ചതാ"
"
നിങ്ങള കാര്യത്തിനല്ലേ ലോഹ്യം"
അത്‌ കേൾക്കാത്തത്‌ പോലെ
"പൂമുഖവാതിൽക്കൽ മോന്ത വീർപ്പിക്കുന്ന മൂദേവിയാണിന്നു ഭാര്യ"
സ്ഥിരമായ ഒരു നമ്പറും കൂടി ഇറക്കി നോക്കി. രക്ഷയില്ല...
പഠിച്ച്‌ കൊണ്ടിരിക്കുന്ന മോളുടെ മുഖത്തേക്ക്‌ നോക്കിയപ്പൊ മനസ്സിലായി അവൾക്കും ഏതാണ്ടെന്തോ കിട്ടീട്ടുണ്ട്‌.
അല്ലേൽ ആ പാട്ട്‌ കേട്ടാൽ അവൾ വാ പൊത്തി ചിരിക്കുന്നതാണു.
അത്‌ കണ്ട്‌ അവളും ആദ്യം കൊഞ്ഞനം കാട്ടിയാലും
"അച്ഛനും മോൾക്കും കോമഡി കളിക്കാനും പാരഡി പാടാനും കളിയാക്കാനും ഈടൊരുത്തീള്ളത്‌ നന്നായി"
സാധാരണ ആ ഒരു പറച്ചിലിലെ തോൽവി സമ്മതിക്കലിലും ഒരു ഗ്ലാസ്സ്‌ ചായയിലും തീരും ശ്രീമതിയുടെ മുഖം വീർപ്പിക്കൽ.
ചായ നീട്ടിയ കൈയാലവളെ ഒന്ന് വലിച്ച്‌ നെഞ്ചിലേക്കടുപ്പിച്ച്
‌ "നീയല്ലാതാരാ പിന്നെ ഞങ്ങൾക്ക്‌ തമാശയാക്കാൻ"
ന്ന ഒറ്റ ചോദ്യത്തിൽ തീരും
ഏത്‌ വലിയ അഗ്നിപർവ്വതത്തിന്റെയും ഉള്ളിലെ തീ.. പക്ഷെ ഇന്നെന്ത്‌ പറ്റി??
മുണ്ടും ഷർട്ടും അഴിച്ച്‌ വച്ച്‌ കീശയിലെ പൊതി ഭദ്രമായി മേശയുടെ വലിപ്പിൽ വച്ച്‌ ഒരു ലുങ്കിയുമുടുത്ത്‌ വാതിലിൽ ഇട്ടിരുന്ന തോർത്തുമായി പുറത്തിറങ്ങി.
സാധാരണ അപ്പൊളേക്കും
ഒരു കൈയിൽ തോർത്തും മറുകൈയ്യിൽ കാച്ചിയ എണ്ണയുമായി വരുന്നവളാ.. ഇടം കണ്ണിട്ടൊന്ന് നോക്കി ഒരു മൈന്റുമില്ല.
എന്ത്‌ പറ്റി?
കാലത്ത്‌ പോകുമ്പോൾ ഒരു പ്രശ്നവുമുണ്ടായിരുന്നില്ലല്ലൊ??
സാധാരണ കുളിമുറിയിൽ കുളിക്കാൻ വരുമ്പോളേക്കും ബക്കറ്റിൽ വെള്ളം പിടിച്ച്‌ വെക്കുന്നവളാ..
ഇന്ന് ബക്കറ്റും കാലി. കാര്യമായതെന്തോ സംഭവിച്ചിട്ടുണ്ട്‌.
വെള്ളം കോരുന്നതിനിടയിൽ നാലഞ്ചു പ്രാവശ്യം കിണറ്റിൽ ആഞ്ഞു കുത്തി പടയിലൊക്കെ ഇരുമ്പ്‌ തൊട്ടി അടിച്ച്‌ മുകളിലേക്ക്‌ വരുന്ന ശബ്ദം കൂടിയപ്പോ അകത്ത്‌ നിന്ന് കേൾക്കുന്നുണ്ടായിരുന്നു
"തൊട്ടി പൊളിക്കണ്ട നാളെ കിണറ്റിലിറങ്ങി കുളിക്കേണ്ടി വരും"
ഗൗനിക്കാതെ വേഗം കുളിച്ച്‌ തല തോർത്തിക്കൊണ്ട്‌ വരുമ്പോ മേശപ്പുറത്ത്‌ രാത്രി ഭക്ഷണം എടുത്ത്‌ വെക്കുകയായിരുന്നു അവൾ.
ശ്രദ്ധിക്കാതെ പോയി ടി വിക്ക്‌ മുന്നിലിരുന്നു.
"ആർക്കും ഇന്ന് ചോറൊന്നും വേണ്ടേ ടീ... വന്ന് ചോറുണ്ണാൻ നോക്ക്‌"
"അച്ഛാ വാ ചോറുണ്ണാം"
"അച്ഛനു വേണ്ട മോളുണ്ടോളൂ"
ഇത്തിരി ഒച്ച കൂട്ടി പറഞ്ഞു കൊണ്ട്‌ മോളോട്‌ കൈ കൊണ്ട്‌ ആംഗ്യം കാണിച്ചു?
"എന്താ അമ്മക്ക്‌ പറ്റ്യേന്ന്"
ചോദിച്ചപ്പൊ അവളും ചുമലുയർത്തി
"അറീല്ലാന്ന്" ആംഗ്യം കാട്ടി.
അകത്ത്‌ പോയ മോൾ ഓടി വന്ന് ഒരു പുസ്തകം നീട്ടി കാണിച്ചു.
കൈ നീട്ടി അത്‌ വാങ്ങി .
എഴുത്ത്‌ ഗ്രൂപ്പിലെ ഒരു കഥാകാരിയുടെ പുതുതായി പ്രസിദ്ധീകരിച്ച പുസ്തകമാണു.
എല്ലാരും ഓരോ കോപ്പിയെങ്കിലും വാങ്ങിക്കണം ന്ന് തീരുമാനിച്ചപ്പോൾ താനും അഡ്രസ്സ്‌ കൊടുത്തിരുന്നു അയക്കാൻ വേണ്ടി.
രണ്ട്‌ ദിവസം മുന്നെ പോസ്റ്റുമാൻ വീട്ടിൽ വന്ന് രജിസ്റ്റേർഡ്‌ ആണു ഒപ്പിട്ട്‌ വാങ്ങിക്കണം എന്ന് പറഞ്ഞപ്പോ ഞാൻ അവളോട്‌ പറഞ്ഞതാ
"വിവാഹവാർഷികത്തിനൊരു സാരി വേണം ന്ന് പറഞ്ഞില്ലേ
"നീ ടൗണിൽ സാരി എടുക്കാൻ പോകുമ്പോ ഇതും കൂടി ഒന്ന് വാങ്ങിച്ചോളൂ "എന്ന് .
നല്ല പുറം ചട്ടയിലൊരു കുഞ്ഞു പുസ്തകം സാഹചര്യത്തിന്റെ സമ്മർദ്ദം കാരണം പുസ്തകം തുറന്നൊന്നും നോക്കാതെ ടീപ്പോയിയിൽ വച്ച്‌ ടി വിയിൽ ശ്രദ്ധിക്കുന്നു എന്ന വ്യാജേന അടുക്കളയിലേക്ക്‌ ശ്രദ്ധയൂന്നി.
മോൾ വളരെ ശാന്തയായി കൊടുത്ത ഭക്ഷണം കഴിച്ചിട്ടും വെള്ളം കുടിച്ചില്ലാന്ന് പറഞ്ഞ്‌ ഒരു കിഴുക്ക്‌ കിട്ടിയതും ഒരു ചിണുങ്ങലുമായി അവൾ പോയി കിടന്നു.
എന്താപ്പോ ഇത്രക്ക്‌ വലിയ സംഘർഷാവസ്ഥ എന്നാലോചിച്ച്‌
ടി വിയിലേക്ക്‌ നോക്കിയിരിക്കേ
ഇത്തിരി ക്ഷമ കെട്ട്‌ അവൾ വന്ന്
"നിങ്ങക്ക്‌ ചോറു വേണ്ടേ? വേണ്ടേൽ വെള്ളമൊഴിക്ക്വാ ലൈറ്റണച്ച്‌ കിടക്കാം"
എന്ന് പറഞ്ഞപ്പോളും ശ്രദ്ധിക്കുന്നില്ലാന്ന് കണ്ടപ്പോ
"എന്തിനാപ്പാ ഇങ്ങക്ക്‌ ചോറൊക്കെ ഇഷ്ടമുള്ളോരുടെ പുസ്തകങ്ങൾ വന്നതല്ലേ ഇന്നിനി വേറൊന്നും വേണ്ടല്ലൊ?"
ക്ഷമ കെട്ട്‌ ചോദിച്ചു പോയി
"നിനക്കിതെന്തിന്റെ കേടാ? എന്താ കാര്യം ന്ന് പറ? ആളെ വെറുതെ വട്ട്‌ പിടിപ്പിക്കാതെ?"
ഞാനും ചൂടായി ന്ന് കണ്ടപ്പോ അവൾ മെല്ലെ അയഞ്ഞു.
"നാളത്തെ ദിവസത്തിന്റെ പ്രത്യേകത എന്താന്നറിയോ നിങ്ങക്ക്‌?"
"അതെന്താ അറിയാണ്ട്‌? നീ എന്റെ തലേൽ കേറീട്ട്‌ നാളേക്ക്‌ ഏഴു കൊല്ലം പൂർത്തിയാവണു. ന്തേ"? അറിയാണ്ടാ കാലത്ത്‌ നിനക്കിഷ്ടമുള്ള സാരി വാങ്ങിച്ചോന്ന് പറഞ്ഞ്‌ പൈസ തന്നിട്ട്‌ പോയെ?"
"എന്നിട്ട്‌ സാരി എവിടേന്ന് ചോദിച്ചാ നിങ്ങൾ"
"എങ്ങനാ ചോദിക്കണ്ടേ? നീ നിന്ന് തുള്ളുകയല്ലേ? നിലത്ത്‌ നിന്നിട്ട്‌ ചോദിക്കാന്ന് കരുതി?"
"നിങ്ങക്ക്‌ എന്തിനാപ്പാ സാരി കാണുന്നേ? പുസ്തകം കിട്ടീല്ലേ?" അറുന്നൂറു രൂപയായി പുസ്തകം വാങ്ങിക്കാൻ പിന്നെ നാനൂറു രൂപക്കാണോ സാരി?
ഇരുന്നൂറു രൂപ പുസ്തകത്തിനും പോസ്റ്റൽ ചാർജ്ജ്‌ നാനൂറു രൂപയും നല്ല കടച്ചിലല്ലേ നിങ്ങക്ക്‌?
"നിനക്ക്‌ ഇപ്പൊ ഒരു സാരി വേണം അത്രല്ലേ ഉള്ളൂ? അതിനു നീ എന്തിനാ ഇങ്ങനെ കിടന്ന് തുള്ളുന്നേ?"
"അതേയപ്പാ നിങ്ങക്കിപ്പോ എനിക്കൊരു സാരിയേക്കാളും വലുത്‌ ഏതോ ഒരുത്തിയുടെ പുസ്തകല്ലേ? എഴുത്തും കളിയും ആർക്കും ഒന്നും മനസ്സിലാവുന്നില്ലാന്ന് കരുതണ്ട കേട്ടാ"
നീ എന്തിനാ ഒച്ച വെക്കുന്നേ? നിന്നോട്‌ പറഞ്ഞതല്ലേ പുസ്തകത്തിന്റെ കാര്യം?
"എന്നോട്‌ നിങ്ങൾ പറഞ്ഞോ നിങ്ങളെ ഇഷ്ടക്കാരിയുടെ പുസ്തകാണെന്ന്?"
"എന്റമ്മേ? "
പുറത്ത്‌ നിന്നാരെങ്കിലും കേട്ടാൽ???
ദേഷ്യം വന്നാൽ കണ്ണും കാണില്ല വായിലെ നാവിനു എല്ലും ഉണ്ടാവില്ല.
"അതിനു മാത്രം എന്താ ഉണ്ടായേ?"
ഞാൻ ശാന്തനായി. ഇല്ലെങ്കിൽ ഇന്നത്തെ രാത്രി അവൾ ശിവരാത്രി ആക്കും. കരച്ചിലും മൂക്ക്‌ പിഴിച്ചിലും ഇടക്ക്‌ ഞാൻ ഉറങ്ങീന്നറിഞ്ഞാൽ പുറത്തിട്ട്‌ ഓരോ കുത്തും , അതാലോചിച്ചപ്പോ സമാധാനാന്തരീക്ഷം നിലനിർത്തേണ്ടത്‌ കുടുംബനാഥന്റെ ഉത്തരവാദിത്തമാണെന്ന് ആരോ പറഞ്ഞതിന്റ അടിസ്ഥാനത്തിൽ ഒരു ഉഭയകക്ഷി ചർച്ചക്ക്‌ ഞാൻ തന്നെ മുൻ കൈ എടുത്തു.
"നീ മെല്ലെ പറ എന്താ കാര്യം?"
അവളും അയഞ്ഞു.
"ആരാ കാമിനി?"
"കാമിനിയോ? അതാരാ?"
"ഈ പുസ്തകം എഴുതിയ പെണ്ണു"
"പൊട്ടത്തി അത്‌ കാമിനിയല്ല ,യാമിനിയാ"
"ഇതാ നോക്ക്‌ "
പുസ്തകത്തിന്റെ പുറംചട്ടയിലെ അവരുടെ പേരു കാണിച്ച്‌ ഞാൻ പറഞ്ഞു..
"ഓഹോ" അപ്പോൾ ഉള്ളിൽ അവളുടെ അമ്മാവനാണോ എഴുതിയത്‌"?
"എന്താ ഉള്ളിൽ?"
"തുറന്ന് നോക്ക്‌ മനുഷ്യാ....
അവൾ മുരണ്ടു.
ഞാൻ മെല്ലെ ആദ്യ പേജ്‌ തുറന്നു.
അതിലെ അക്ഷരങ്ങൾ ആദ്യവായനക്ക്‌ ശേഷം മൊത്തം മങ്ങിപോയത്‌ പോലെ എനിക്ക്‌ തോന്നി.
ഞാൻ ഒന്ന് കൂടി വായിക്കാൻ ശ്രമിച്ചു.
"പ്രിയപ്പെട്ട ഗണേഷിനു
സ്വന്തം കാമിനി
...ഒപ്പ്‌,
എന്റെ കണ്ണിലൂടൊരു കൊള്ളിയാൻ പാഞ്ഞു..
"നിങ്ങളുടെ പുസ്തകം നിങ്ങളുടെ കൈയ്യൊപ്പ്‌ ചാർത്തി എനിക്കയക്കണം."
അങ്ങനെ പറയാൻ തോന്നിയ നിമിഷവും അവരുടെ " യ" "ക" യായ നിമിഷവും ഒന്നിച്ച്‌ വന്ന് എന്റെ മുന്നിൽ ഇളിച്ച്‌ നിന്നു.
ഞാൻ സംഭവിച്ചത്‌ മുഴുവൻ പറഞ്ഞു.
"നീ വിചാരിക്കുന്നത്‌ പോലെയല്ല " അവരൊരു വലിയ എഴുത്തുകാരിയാണു, മക്കളും മക്കളുടെ മക്കളും ഒക്കെ ഉള്ള ഒരു റിട്ടയേർഡ്‌ ടീച്ചറാണു.
ഇതൊരു അക്ഷരതെറ്റായിരിക്കും. "
വിശ്വാസം വരാത്ത അവളെ ഞാൻ ആ പുസ്തകത്തിന്റെ പറകിലെ അവരുടെ തലനരച്ച വട്ടക്കണ്ണട വച്ച ഫോട്ടോ കാണിച്ച്‌ ബോധ്യപ്പെടുത്തി.
"ആ എനിക്കറിയാം എന്നാലും...
ആ വാ ചോറുണ്ണാം"
മെല്ലെ ആ തഞ്ചത്തിൽ പുസ്തകവും മേശപ്പുറത്ത്‌ വച്ച്‌ അവളുടെ
പിന്നാലെ പോയി
ചോറുമുണ്ട്‌ തിരിച്ച്‌ വരുമ്പോ അവൾ നിരാശയോടെ പറയുന്നുണ്ടായിരുന്നു.
"ന്നാലും എനിക്ക് നാളേക്ക്‌ ഒരു സാരി പോലും ഇല്ലാലോന്ന്"
വാതിലും അടച്ച്‌ ആ കെറുവിൽ വന്ന് കിടക്കാൻ നോക്കിയ അവൾക്ക്‌ മേശയിലെ ആ പൊതി കൈക്കുമ്പിളിലാക്കി നിവർത്താതെ ഞാൻ കാട്ടി. കൊച്ചു കുഞ്ഞിനേ പോലെ വിരലുകൾ ഓരോന്നായി നിവർത്തി അവളാ സമ്മാനം സ്വന്തമാക്കി.
കെട്ടിപ്പിടിച്ച്‌ എന്നെയും കൊണ്ടാ കിടക്കയിലേക്ക്‌ അവൾ വീഴുമ്പോൾ ആ ഫോട്ടോ പ്രസിദ്ധീകരിക്കാൻ തോന്നിയ ആ വലിയ എഴുത്തുകാരിയുടെ നല്ല മനസ്സിനു മുന്നിൽ എന്റെ ഏഴാം വിവാഹവർഷത്തിലെ അവസാന ദിവസം ഞാൻ സമർപ്പിക്കുകയായിരുന്നു.
✍️ഷാജി എരുവട്ടി..

റാണി

Image may contain: 1 person, beard

ലളിത കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു.. മിണ്ടാതെ കിടന്ന എന്നെ കുലുക്കി വിളിച്ചു പിന്നേയും ചോദിച്ചു.
എന്തു പറ്റിയതാ മോഹനേട്ടാ..?
എന്തു പറയണമെന്നാലോചിച്ചു ഞാൻ. പിന്നെ പയ്യെ പറഞ്ഞു. .അറിയില്ല.. ആരോ..?!
രാവിലെ ഞാൻ ജോലിയ്ക്കു ചെല്ലുമ്പോൾ റാണിയെയവിടെ കണ്ടില്ല. തിരക്കിലായതു കൊണ്ടു ശ്രദ്ധിച്ചതുമില്ല..ഉച്ചയൂണു കഴിഞ്ഞു ഞാൻ അപ്പാർട്ടുമെന്റിന്റെ താഴെയൊക്കെ റാണിയെ തിരഞ്ഞു. അവസാനം പതിനാലാം നമ്പർ വില്ലയുടെ അരികിൽ..
റാണി ചോര ഒലിക്കുന്ന തലയുമായി.... 
വാക്കുകൾ മുഴുവനാക്കും മുൻപു
ചോരയൊലിക്കുന്ന മുഖവുമായി ആ ദയനീയമായ നോട്ടം കൺമുന്നിൽ വീണ്ടും മിന്നി മറഞ്ഞു..
മോഹനേട്ടാ ആ നായ്ക്കുട്ടികൾ...
മഴ പെയ്ത ആ ദിവസം പണി തീരാത്ത അപ്പാർട്ടുമെന്റിന്റെ ഒരു വശത്തെ മതിലിനരുകിൽ.
നാലു ചെറിയ നായ്ക്കുട്ടികൾ..
ഒരു കാർഡു ബോർഡു കൊണ്ടു മൂടവേ വാലാട്ടി റാണി നന്ദി പ്രകടിപ്പിച്ചു. 
പക്ഷെ..
ലളിത എന്നെ മുറുകെ പിടിച്ചു.
ഇരുട്ടിൽ ലളിതയുടെ മുഖം എനിക്കു കാണുവാനായില്ല .കറുത്തിരുണ്ട ഇരുട്ടിൽ വാക്കുകൾ പരതി ഞാൻ കിടന്നു.
ഇന്നലെകളുടെ ഓർമ്മകളിലേവിടെയക്കോ റാണി ഓടി വന്നു.
കഴുത്തിൽ ചങ്ങലയിട്ട ഒരു പെൺപട്ടി.. സെക്യൂരിറ്റി റൂമിന്റെ അരികിൽ പേടിച്ചു വിറച്ച്..
സ്നേഹത്തോടെ വാലാട്ടി ദയനീയമായി നോക്കി നിന്ന ആ പട്ടിയെ അങ്ങനെ ഓടിച്ചു കളയാൻ എനിക്കായില്ല. 
"ആരോ വളർത്തിയ നായാണ് "
എന്റെ ശുപാർശ കേട്ടിട്ടാവും
മുതലാളി അവസാനം പറഞ്ഞു നിന്നോട്ടെ പാവം..
അനുസരണയുള്ള ആ വെളുത്ത പെൺപട്ടി എനിക്കൊരത്ഭുതമായിരുന്നു. 
അതിലുപരി കൂട്ടായിരുന്നു. സെക്യൂരിറ്റി റൂമിന്റെ അരുകിൽ സ്നേഹത്തോടെ എന്നെ നോക്കി അവൾ കിടന്നു. 
ആ വലിയ ചുറ്റുമതിലുള്ള ഓഫീസിൽ സെക്യൂരിറ്റിയായി ഞാനും എനിക്കു കൂട്ടായി റാണിയും..പുറത്തെ ഗേറ്റിൽ ആളുകൾ വരുമ്പോൾ അവൾ എന്നെ നോക്കി കുരച്ചു. 
ലളിതയാണു പേരു പറഞ്ഞത്.
"റാണി ".
അങ്ങനെ ഞാനവളെ റാണിയെന്നു വിളിച്ചു. 
മാനേജർ ജോസഫ് സാർ ഒരിക്കൽ തമാശ രൂപേണ ചോദിച്ചു. റാണി മോഹനനു കൂട്ടായല്ലോ അല്ലേ.?
ഞാൻ ചിരിച്ചു... പല രാത്രികളിലും ഞാൻ റാണിയെ പറ്റി വാ തോരാതെ പറഞ്ഞു.ലളിത ആകാംക്ഷയോടെ കേട്ടു. എന്റെ ഊണു പൊതികളിൽ റാണിയുടെ പങ്കു ലളിത ഓർമ്മിപ്പിച്ചു സ്നേഹം വിളമ്പി..
പിന്നീടൊരു ദിവസം ഞാൻ ലളിതയോടാ വിശേഷം പറഞ്ഞു.
" റാണി ഗർഭിണിയാണ്. "
അമ്മയാകാത്ത ലളിതയ്ക്ക് അതൊരു വിശേഷ ദിവസമായിരുന്നു. കുഞ്ഞുങ്ങളെ കാണുമ്പോൾ ആർത്തിയോടെ എടുക്കാനായുന്ന കൈകൾ സാവധാനം പിൻവലിക്കുന്ന എത്ര എത്ര സന്ദർഭങ്ങൾ ഞാൻ നേരിൽ കണ്ടതാണ്. സങ്കടങ്ങൾ അണ പൊട്ടിയൊഴുകിയ പല രാത്രികൾ.. 
നമുക്കാരും ഇല്ല അല്ലേ മോഹനേട്ടാ..
തമാശ കേട്ട പോലെ ഞാൻ ഉറക്കെയുറക്കെ ചിരിച്ചു. അവൾ കാണാതെ ഊറി വന്ന കണ്ണുനീരുകൾ തുടച്ചു.
ഇരുട്ടിൽ ലളിതയുടെ തേങ്ങലടി ഞാൻ കേട്ടു.തുറന്നിട്ട ജനാലയിലൂടെ മഴ മേഘങ്ങൾ തിങ്ങിയ ഒരു കീറാകാശം അകലെ കാണാമായിരുന്നു.തല പൊട്ടിപ്പിളർന്നു ചോര വാർന്നു മരിക്കാൻ കിടന്ന റാണിയുടെ നോട്ടങ്ങളും, പാലു കിട്ടാതെ മരിച്ചു മരവിച്ചു കിടന്ന നായ്ക്കുട്ടികളുടേയും ഓർമ്മകളിൽ ഞാൻ നെഞ്ചു വിങ്ങി കിടന്നു .പിന്നെ വിക്കി കൊണ്ടു പറഞ്ഞു.
എല്ലാരും മരിക്കും .. ജനിച്ചാൽ മരിക്കണ്ടേ.? നമ്മളും മരിക്കും.
അവളെന്റെ നെഞ്ചിലേക്കു തല വച്ചു. എന്റെ നെഞ്ചു നനയുന്നുണ്ടായിരുന്നു.
അധികകാലം ഒന്നും ജീവിക്കണ്ട മോഹനേട്ടാ.. ആർക്കും ഭാരമാകാതെ ആരോഗ്യമുള്ളപ്പോൾ തന്നെ..
ഞാൻ പയ്യെ അവളുടെ തലയിൽ തലോടി ശബ്ദം താഴ്ത്തി ചോദിച്ചു.
" ഞാൻ പോയാൽ നിനക്കാരാ കൂട്ടിന് ? 
ഒന്നുറക്കെ കരയുവാനാവാത്ത നിസഹായത.
ഇരുട്ടിൽ വഴി തെറ്റി വന്നൊരു കാറ്റിൽ ആരുടെയോ തേങ്ങലുകൾ ഒഴുകിയകന്നു..
അകലെ പടിഞ്ഞാറൻ മാനത്തു എന്റെ ദുഃഖങ്ങൾ വലിയൊരു മഴയ്ക്കായി കറുത്തിരുണ്ടു നിന്നു..
അനങ്ങാതെ...ആരും കാണാതെ..
... പ്രേം...

നല്ലെഴുത്തുകൾ ഓണ്ലൈൻ ദ്വൈമാസിക രചനാ റിവ്യൂ.. part 3 -കഥ. : യാത്രാമൊഴി. അംബിക മേനോൻ/ കവിത. : മെഡിക്കൽ ഇൻഷുറൻസ് ലാലു കെ ആർ ചേർത്തല


നല്ലെഴുത്തുകൾ ഓണ്ലൈൻ ദ്വൈമാസിക രചനാ റിവ്യൂ.. part 3
നല്ലെഴുത്തുകൾ ഓണ്ലൈൻ മാസിക. നിറയെ വിഭവങ്ങളുമായി വായിക്കാൻ ഇരുന്നപ്പോൾ നല്ല സന്തോഷം തോന്നി. ഒരുപാട് നല്ല കഥകൾ, കവിതകൾ, ലേഖനം, കാർട്ടൂണ് . ഒരു നല്ല സാഹിത്യമാസിക തന്നെ.
*** ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും Nallezhuth ആപ്പ് ഡൌൺലോഡ് ചെയ്യുക. അതിൽ "നല്ലെഴുത്തുകൾ" മാസിക വളരെ സുഖകരമായി വായിക്കാവുന്നതാണ്. **
സമയകുറവിനാലും എല്ലാ രചനകളും ഒന്നിനൊന്നു മികച്ചതായതിനാൽ എല്ലാം ഉൾക്കൊള്ളിക്കേണ്ടതിനാലും ഇന്ന് രണ്ടു രചനകൾ ആസ്വാദന കുറിപ്പിലേക്ക്....
കവിത. : മെഡിക്കൽ ഇൻഷുറൻസ്
ലാലു കെ ആർ ചേർത്തല
ഇൻഷുറൻസിന്റെ പേരിൽ നടക്കുന്ന അക്രമങ്ങൾക്കെതിരെ വിരൽ ചൂണ്ടുന്ന ഒരു കവിതയാണ് ലാലുമാഷിന്റെ മെഡിക്കൽ ഇൻഷുറൻസ് എന്നത്. അക്രമങ്ങൾക്കും അനീതികൾക്കുമെതിരെ തൂലിക ചലിപ്പിക്കുന്ന ലാലുമാഷിന്റെ വിപ്ലവം മണക്കുന്ന മറ്റൊരു രചന.. പല തട്ടിപ്പുകളിലൂടെയും ഇരയാക്കപ്പെടുന്ന നമ്മുടെ പരിതാപകരമായ അവസ്ഥയ്ക്ക് എതിരെയുള്ള സൂചന കൂടിയാണ് ഈ കവിത. രണ്ടു സുഹൃത്തുക്കൾ ഒരു ഡോക്ടറെ കാണാൻ പോകുന്നതും, ഒരാൾ തഴയപ്പെടുന്നതും, തഴയപ്പെട്ടവന്റെ തെറ്റിദ്ധാരണയുമാണ് കവിതയുടെ ഇതിവൃത്തം.. ശരിയായ തീരുമാനം ശരിയായ പരിഹാരമെന്ന ഉപദേശരൂപത്തിലെ കവിതയിൽ തന്നെ ശരിയായ തീരുമാനത്തിലേക്കുള്ള വഴിയും പറഞ്ഞു തരുന്നുണ്ട്. വലിയൊരു സത്യത്തിലേക്ക് തൂലിക ചലിപ്പിച്ചുവെങ്കിലും ഇതിനു പിറകിൽ നടക്കുന്ന അഴിമതിയും ചതിയും പൊതുജനം തിരിച്ചറിയപ്പെടാതെ പോകുന്നു എന്ന തിരിച്ചറിവ് വേദനിപ്പിക്കുന്നതാണ്. ഇനിയും സമൂഹത്തിലെ അക്രമങ്ങൾക്ക് എതിരെ തൂലിക ചലിപ്പിക്കാൻ, ലാലുമാഷിന്റെ കഴിവിന് ധൈര്യം കൂട്ടായിരിക്കട്ടെയെന്നാശംസിക്കുന്നു...
******************************************
കഥ. : യാത്രാമൊഴി.
അംബിക മേനോൻ
കൃപ പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിൽ നിന്നും ആരംഭിക്കുന്ന കഥയിൽ ഉടനീളം കഥാപാത്രമായി വരുന്നത് 'കൃപ' തന്നെയാണ്.. എല്ലാവരോടും അമ്മമനസ്സോടെ പെരുമാറുന്ന ടീച്ചറമ്മ എന്നറിയപ്പെടുന്ന അംബിക മേനോൻ എന്ന അക്ഷരവിളക്കിന്റെ മറ്റൊരു സ്നേഹ പ്രകാശമാണ് "യാത്രാമൊഴി" എന്ന കഥ. വേദനകളുടെയും ഒറ്റപ്പെടലിന്റെയും രൂക്ഷതകൾക്കിടയിൽ സാന്ത്വനം പകരുന്ന ഒരു നന്മയ്ക്കും, സംഗീതം മാത്രം അഭയമരുളിയ വേദനകൾക്കിടയിലെ ആൾരൂപമായ ടോണിച്ചൻ എന്ന വ്യക്‌തിക്കുമിടയിലെ പാവനമായ സ്നേഹത്തിന്റെ കഥയാണ്. നായികക്ക് "സ്നേഹ" എന്ന പേരു നൽകിയത് എഴുത്തുകാരി ബുദ്ധിപൂർവ്വം ഉപയോഗിച്ച പ്രതീകമെന്ന് വ്യക്തം... സ്നേഹത്തിനും കരുണയ്ക്കും നല്ല വാക്കുകൾക്കും വിലയിടിവ് സംഭവിക്കുന്ന ഇന്നത്തെ കാലത്തു കൈമോശം വന്നിട്ടില്ലാത്ത ചില ആത്മബന്ധങ്ങൾ ഹൃദയസ്പർശിയായി ടീച്ചറമ്മ വരച്ചിട്ടിരിക്കുന്നു.. കഥയിലെ നന്മ ഒട്ടും ശോഷണം സംഭവിക്കാതെ വായനക്കാരന്റെ ഹൃദയത്തിലേക്കും വെളിച്ചമായി പടർത്തുന്നതിൽ കഥാകൃത്ത് അനായാസേന വിജയിച്ചിരിക്കുന്നു എന്നതാണ് "യാത്രാമൊഴി"എന്ന കഥയുടെ അവശേഷിപ്പ്. വെള്ളയുടുപ്പിട്ട മാലാഖമാരിൽ ദൈവത്തിന്റെ കൈയ്യൊപ്പ് ചേർത്ത സ്നേഹമരുന്നാണ് ഈ രചനയെന്നു നിസ്സംശയം പറയാം..സ്നേഹത്തിന്റെ പ്രകാശത്തിനു ജ്വലിക്കാൻ രക്തബന്ധത്തിന്റെ തിരികൾ വേണ്ടായെന്നു കാണിക്കുന്ന കഥ, പേരു സൂചിപ്പിക്കുന്നത് പോലെ അല്പം വേദന സമ്മാനിക്കുന്ന ക്ലൈമാക്സ് വായനക്കാരെ ഈറനണിയിക്കും....
ഇനിയും ഒരുപാട് നന്മ,അക്ഷരങ്ങളിലൂടെ വിതറാൻ ടീച്ചറമ്മക്കു കഴിയട്ടെയെന്നു ആശംസിക്കുന്നു...
മലയാള സാഹിത്യത്തിൽ പൊൻതൂവൽ ചൂടാൻ കഴിയുന്ന ഒരുപാട് പ്രതിഭകളെ സമ്മാനിക്കാൻ നല്ലെഴുത്തിനാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

Aswathy

പ്രവാസ ദുഃഖങ്ങൾ !

പ്രവാസ ദുഃഖങ്ങൾ !
" നീഡഡ് ആമ്പ്യുട്ടേഷൻ ..!! നൊ അദർ വേ !"
ഡ്യൂട്ടിക്ക് ചെന്ന് ബാഗ് കബോർഡിൽ വെച്ച് ട്രോമാ ഏരിയായിൽ കൂടി ഡിപ്പാർട്മെന്റിന് അകത്തേക്ക് നടക്കുമ്പോൾ കേട്ടത് ഡോക്ടർ ആദിൽ ആരോടോ ഫോണിൽ ഇങ്ങനെ പറയുന്നതാണ് ..
ഒരു ട്രോമാക്കെയർ യൂണിറ്റിൽ ഇതൊക്കെ സാധാരണ സംഭാഷണങ്ങൾ ആയതുകൊണ്ട് എനിക്കതിൽ വലിയ ആകാംക്ഷയൊന്നും തോന്നിയില്ല ..
ആരുടെയോ ഏതോ ഒരവയവം മുറിച്ചു മാറ്റാതെ വേറെ നിവൃത്തിയില്ല എന്ന് കേട്ടീട്ടും ആർക്കാണ് ആ ദുരവസ്ഥയെന്ന് അറിയാനുള്ള താത്പര്യം പോലും കാണിക്കാത്ത എന്റെ മനസിന്റെ മാറ്റത്തിൽ എനിക്ക് തന്നെ അതിശയം തോന്നി.. നഴ്സിംഗ് ഫസ്റ്റ് സെമസ്റ്ററിൽ പോസ്റ്റുമാർട്ടം കണ്ട് ഭയന്ന് ഒരു രാത്രി മുഴുവൻ മരിച്ചയാളെ ഓർത്ത് ഉറങ്ങാതിരുന്ന് പിറ്റേന്ന് പനിച്ചു വിറച്ച ഞാൻ തന്നെയാണോ ഇത് ...??!
ഡ്യൂട്ടി തുടങ്ങാൻ ഇനിയും അരമണിക്കൂർ കൂടെയുണ്ട് .. ഞാൻ കോഫീറൂമിൽ പോയി മൊബൈൽ ഓൺ ചെയ്തു .. ഡ്യൂട്ടിയിൽ കൂടെയുള്ളവരുടെ പേരുകൾ കോഫിറൂമിലേക്ക് പോകും വഴി ഒന്ന് അസൈൻമെന്റ് ബോർഡിലോട്ട് പാളി നോക്കിയിരുന്നു .. ഇന്ത്യൻ ആയി ഞാൻ ഒരാളെ ഫ്ലോറിലുള്ളൂ എന്ന് മനസിലായി .. കൂടെയുള്ളത് സ്വദേശികളും ഫിനിപ്പയ്ൻസ്കാരുമാണ് . ഫേസ്ബുക്ക് തുറന്ന് ഒരു കഥ വായിക്കാൻ തുടങ്ങിയപ്പോൾ ആരോ കോഫീ റൂമിന്റെ ഡോറിൽ തട്ടി അകത്തേക്കു കയറിവന്നു .. ഡോക്ടർ ഫൈസൽ ആണ് .. എമർജൻസി ഫിസിഷ്യൻ ..
" ഓഹ് .. യൂ ആർ ഹിയർ .. ഡോക്ടർ ആദിൽ വാസ്‌ ലുക്കിങ് ഫോർ സംബഡി ഹൂ കാൻ സ്പീക് കേരളാ "
(ഡോക്ടർ ആദിൽ കേരളം സംസാരിക്കുന്ന ആളെ തിരക്കുന്നുണ്ട് .. നിങ്ങൾ ഇവിടെ ഉണ്ടായിരുന്നോ ?)
സത്യത്തിൽ എനിക്ക് ചിരിവന്നു .. ഞാൻ തിരുത്തി ..
" ഡോക്ടർ ഇറ്റ് ഈസ് നോട്ട് കേരളാ ... ഇറ്റ് ഈസ് മലയാളം "
ഏതോ ഒരു മലയാളി രോഗിയോട് എന്തോ കാര്യത്തെപറ്റി വിവരണം നൽകാൻ ഇറാനിയായ ഡോക്ടർ ആദിലിന് ഒരു ദ്വിഭാഷിയുടെ സഹായം വേണം .. കാരണം രോഗിക്ക് അല്പംപോലും ഇംഗ്ലീഷോ അറബിയോ അറിയില്ല.
" പ്ലീസ് ഹെൽപ്‌.. ഹി വാൻഡ് ടു ടേക് ദാറ്റ് പേഷ്യന്റ് ടു തീയറ്റർ ആസ് ഏർളി ആസ് പോസിബിൾ "
( ഒന്ന് സഹായിക്കൂ .. ആ രോഗിയെ എത്രയും പെട്ടെന്ന് ഓപ്പറേഷൻ തീയറ്ററിൽ കൊണ്ടുപോകണം )
എന്റെ ഡ്യൂട്ടി തുടങ്ങിയിട്ടില്ല എന്നറിയാവുന്നത് കൊണ്ട് സ്വതവേ വിനയാന്വിതനായി മാത്രം സംസാരിക്കുന്ന ഡോക്ടർ ഫൈസലിന്റെ സ്വരത്തിൽ ഒരല്പം യാചന കൂടി കലർന്നിരുന്നു.. അതെന്നെ ഒരു 'നോ' പറയുന്നതിൽ നിന്നും പിൻതിരിപ്പിച്ചു .. ഡ്യൂട്ടി സമയത്തിന് മുൻപോ ശേഷമോ രോഗികളുമായി ബന്ധപ്പെടുന്ന ഒരുകാര്യത്തിലും നഴ്‌സോ ഡോക്ടറോ ഇടപെടാൻ പാടില്ല എന്നാണ് ഹോസ്പിറ്റൽ നിയമം .. !
ഞാൻ കോഫീറൂമിന് വെളിയിൽ വന്ന് ഡോക്ടർ ആദിലിനെ തിരക്കി ... ആദിൽ ജനറൽ സർജനാണ് .. അദ്ദേഹം ട്രോമാ ഏരിയായിൽ തന്നെ ഉണ്ടായിരുന്നു .. തിരക്കിട്ട്‌ സർജറിക്കുള്ള സമ്മതപത്രം പൂരിപ്പിക്കുന്നു ..
" ഡോക്ടർ .. ആർ യു ലുക്കിങ് സംവൺ ഫോർ ട്രാൻസിലേഷൻ .. ഐ കാൻ ടോക് മലയാളം വെരി വെൽ "
( താങ്കൾ മലയാളം അറിയാവുന്ന ആളെ തേടിയിരുന്നോ ? എനിക്ക് നന്നായി മലയാളം സംസാരിക്കാനാകും )
അദ്ദേഹം കസേരയിൽ നിന്നും ചാടി എഴുനേറ്റു..
" ഒഹ്‌ റിയലി .. യു കാൻ ടോക് കേരളാ ?"
ഞാൻ തിരുത്താൻ പോയില്ല
" യെസ് ... ഐ ക്യാൻ "
അദ്ദേഹം എന്നെ കൂട്ടിക്കൊണ്ടു പോയത് ബെഡ് നമ്പർ മൂന്നിലേക്കാണ് ..
കർട്ടൻ മാറ്റി അകത്തു കയറും മുൻപ് ഒരു ചെറിയ വിവരണം ആ രോഗിയെ കുറിച്ച് നൽകാൻ ഡോക്ടർ ആദിൽ മറന്നില്ല ..
രണ്ടു മണിക്കൂർ മുൻപ് പോലീസിന്റെ ആംബുലൻസ് സർവീസ്കാർ കൊണ്ടുവന്ന രോഗിയാണ് .. ഇവിടെ ഏതോ കെട്ടിട നിർമാണത്തിനിടെ പറ്റിയ ഒരപകടം .. ആ രോഗി ഒരു കെട്ടിട നിർമാണ തൊഴിലാളിയാണ് .. മൂന്നാം നിലയിൽ നിന്നും താഴെ വീണതാണ് .. അയാളുടെ വലത്തേ കാലിൽ വളരെ ഭാരമുള്ള ഇരുമ്പിന്റെ ഒരു കട്ട വന്നു വീണു .. ആ കാൽ ഇനി ഒന്നും ചെയ്യാനില്ല .. അസ്ഥികളും പേശികളും അത്രക്കും ചതഞ്ഞു പോയിരിക്കുന്നു.. ! ഇനി അധികം താമസിയാതെ ആ കാൽ മുറിച്ചു മാറ്റുകയെ നിവൃത്തിയുള്ളൂ.. താമസിച്ചാൽ വളരെയധികം രക്തം വാർന്നു പോയേക്കാം .. അണുബാധക്കുള്ള സാധ്യത വേറെയും ..!
ഞങ്ങൾ കർട്ടൻ മാറ്റി അകത്തു കയറി .. രോഗിയെ കണ്ടപ്പോൾ ഞാൻ മുൻപ് പറഞ്ഞ ആ മനക്കട്ടി എന്നെ വിട്ട് പോയതു പോലെ എനിക്ക് തോന്നി .. ഞാൻ പേഷ്യന്റ് ചാർട് നോക്കി .. "രാകേഷ് കുമാർ.. 23 വയസ് ".. !! എങ്ങനെ പറയും ഞാൻ .. ?? വെറും 23 വയസു മാത്രം പ്രായമുള്ള അയാളുടെ വലതുകാൽ ഉപയോഗശൂനയമായിരിക്കുന്നു എന്നും അതിനി മുറിച്ചു മാറ്റുകയല്ലാതെ വേറെ നിവൃത്തിയില്ല എന്നും !!
ഡോക്ടർ ആദിൽ പ്രതീക്ഷയോടെ എന്നെ നോക്കി ..
ഞാൻ പാതി മയക്കത്തിൽ ആയിരുന്ന രോഗിയെ പതിയെ തട്ടി വിളിച്ചു ..
" രാകേഷ് ... മലയാളിയാണോ ??"
"അതെ സിസ്റ്റർ .. "
" എന്താ സംഭവിച്ചത് "
ഞാൻ സംഭാഷണം തുടങ്ങാൻ വഴികൾ തേടി
" കെട്ടിടത്തിന്റ മുകളിൽ നിന്നും വീണു സിസ്റ്റർ.. പിന്നെ കുറച്ചു നേരം ഒന്നും ഓർമയില്ല .. ഓർമ്മവന്നപ്പോൾ കാലിന് ഭയങ്കര വേദന .. ആരൊക്കെയോ ഇവിടെ കൊണ്ടുവന്നു "
" എങ്ങനെ വീണു .. സേഫ്റ്റി ബെൽറ്റ് ഒന്നും ഇല്ലായിരുന്നോ "
"ഞാൻ ആ ബിൽഡിങ് സൈറ്റിലെ സ്ഥിരം തൊഴിലാളിയല്ല സിസ്റ്റർ .. കരാർ തൊഴിലാളിയാണ് .. അതുകൊണ്ട് കമ്പനി തൊഴിലാളികൾക്ക് കിട്ടുന്ന എല്ലാ സൗകര്യങ്ങളും ഞങ്ങൾക്ക് കിട്ടില്ല .. സേഫ്റ്റി മെഷർ ഒന്നും ഉണ്ടായിരുന്നില്ല "
" രാകേഷിന് ഇപ്പോൾ എന്താണ് സംഭവിച്ചത് എന്നറിയാമോ?"
"അറിയില്ല സിസ്റ്റർ .. കുറച്ചു നേരം മുൻപുവരെ കാലിന് വേദന ഉണ്ടായിരുന്നു .. ഇപ്പോൾ ഒന്നും തോന്നുന്നില്ല "
" രാകേഷ് .. വീഴ്ചയിൽ രാകേഷിന്റെ കാലിൽ ഭാരമുള്ള എന്തോ വന്ന് വീണിരിക്കുന്നു .. വലത്തേ കാലിന് സാരമായ പരിക്ക്‌ പറ്റിയിട്ടുണ്ട് "
"എനിക്ക് നാട്ടിൽ പോണം സിസ്റ്റർ.. അച്ഛനേം അമ്മേം ചേച്ചിയേം കാണണം .. അവിടെ ചെന്നാൽ എനിക്ക് എല്ലാം സുഖമാകും "
"രാകേഷ് .. ഈ അവസ്ഥയിൽ നാട്ടിൽ പോകാൻ സാധിക്കില്ല .. ആ കാലിന്റെ എല്ലുകൾക്കും മസിലുകൾക്കും വളരെ ഒടിവും ചതവും സംഭവിച്ചീട്ടുണ്ട് .. ഇനി ഞാൻ പറയാൻ പോകുന്നത് രാകേഷ് മനഃസാന്നിധ്യത്തോടെ കേൾക്കണം .. "
ഞാൻ ഒന്ന് നിർത്തി അയാളെ നോക്കി ... അയാളുടെ കണ്ണുകളിൽ ഒരു പരിഭ്രമം ഞാൻ കണ്ടു
ഇത്രയധികം പരിക്കുകൾ ഉള്ള ഒരു കാൽ പൂർവസ്ഥിതിയിൽ ആക്കാൻ വളരെ പ്രയാസമാണെന്നാണ് ഡോക്ടറുടെ അഭിപ്രായം.. അതുകൊണ്ട് ചിലപ്പോൾ ..."
"ചിലപ്പോൾ ??! പറഞ്ഞോളൂ സിസ്റ്റർ !"
"ചിലപ്പോൾ രാകേഷിന്റെ ആ കാൽ മുറിച്ചു മാറ്റേണ്ടി വന്നേക്കും "!
ഞാൻ രണ്ടും കൽപ്പിച്ച് പറഞ്ഞൊപ്പിച്ചു !!
അയാളുടെ മുഖത്തോട്ട് നോക്കാതെ ചാർട്ടിലേക്ക് നോക്കിയാണ് ഞാൻ സംസാരിച്ചത് .. ആ വാർത്ത കേൾക്കുമ്പോൾ ഉള്ള അയാളുടെ പ്രതികരണം കാണാൻ എനിക്ക് സാധിക്കില്ലെന്ന് തോന്നി !!
കുറച്ചു കഴിഞ്ഞ് ഞാൻ പതിയെ കണ്ണുകൾ ചാർട്ടിൽ നിന്നും മാറ്റി അയാളുടെ മുഖത്തേക്ക് നോക്കി .. കണ്ണടച്ചിരിക്കുന്നു .. ഇറുക്കി !! കണ്ണുനീർ ഒഴുകുന്നുണ്ട് .. കരച്ചിലിന്റെ ശബ്ദം പുറത്തുവരാതിരിക്കാൻ ചുണ്ടുകൾ കടിച്ചു പിടിച്ചിരിക്കുന്നു .. അടക്കി പിടിച്ച കരച്ചിൽ അയാളുടെ ശരീരത്തെ ഇടക്കിടെ ഉലക്കുന്നുണ്ട്.!
കുറച്ചു നേരം ഞാനും ഡോക്ടറും ഒന്നും സംസാരിച്ചില്ല .. അയാളുടെ കരച്ചിലിനെ ഞങ്ങൾ തടസപ്പെടുത്തിയില്ല .. അല്ലെങ്കിൽ എന്ത് പറഞ്ഞ് അയാളെ ഞങ്ങൾ ആശ്വസിപ്പിക്കും..?? സാരമില്ല എന്ന് പറയുമോ ?? അതോ ഒക്കെ ശരിയാകും എന്ന് പറയണോ ??!! ഞങ്ങളുടെ ഒരാശ്വാസവാക്കും അയാളുടെ മനസിനെ തണുപ്പിക്കില്ല .. അല്ലെങ്കിൽ അയാളുടെ മനസിന് ആശ്വാസം നൽകുന്ന നല്ലതൊന്നും ഞങ്ങൾക്ക് പറയാനില്ല !!
കുറച്ചു കഴിഞ്ഞ് അയാൾ പറഞ്ഞു
" മൂന്നു മാസമേ ആയുള്ളൂ സിസ്റ്റർ ഇവിടെ വന്നീട്ട്‌.. വിസക്ക് കൊടുത്ത പൈസ കടമാണ് .. അതൊന്നും കൊടുത്തു തീർത്തില്ല .. ആ വീഴ്ചയിൽ ഞാനങ്ങ് മരിച്ചാൽ മതിയായിരുന്നു.. ആഹാരത്തിന് വകയില്ലാത്ത വീട്ടിലെ ഏക പ്രതീക്ഷയാണ് ഞാൻ .. അവിടേക്കു ഞാനെങ്ങനെ ഈ ഒറ്റക്കാലിൽ ചെന്ന് കയറും?!"
എനിക്കൊന്നിനും ഉത്തരമില്ലായിരുന്നു ..
വളരെ യാന്ത്രികമായി ഡോക്ടർ ആദിൽ പറഞ്ഞ ഇടങ്ങളിൽ എല്ലാം അയാൾ ഒപ്പു വെച്ചു...
ഓപ്പറേഷന്റെ അപകട സാധ്യതയും അനസ്തീഷ്യയുടെ അപകട സാധ്യതയുമെല്ലാം ഞാൻ വിവരിച്ചപ്പോൾ ഇതിൽ കൂടുതൽ ഇനി എന്ത് എന്ന ഭാവമായിരുന്നു അയാൾക്ക് ..
അയാളുടെ സ്പോൺസർ ഇതുവരെ അങ്ങോട്ട് തിരിഞ്ഞു നോക്കിയില്ലെന്നും ഹോസ്പിറ്റലിൽ നിന്നും അയാളെ ബന്ധപെടാൻ ശ്രമിച്ചെങ്കിലും ഫോൺ ഓഫ് ആണെന്നും അഡ്മിനിസ്ട്രേറ്റർ പറഞ്ഞറിഞ്ഞു .. പക്ഷെ രോഗിയുടെ പ്രായവും താമസിച്ചാലുള്ള അപകട സാധ്യതയും കണക്കിലെടുത്ത് ഡോക്ടർ ആദിലും സംഘവും രോഗിയെ വളരെ പെട്ടന്നു തന്നെ ഓപ്പറേഷൻ തീയറ്ററിലേക്ക് ‌ മാറ്റി ..
തീയറ്ററിലേക്ക് പോകും വഴി പതിയെ ചിരിച്ച് അയാൾ പറഞ്ഞു
" പോട്ടെ സിസ്റ്റർ ... "
ഞാൻ ഉത്തരം പറയാതെ തലയാട്ടി ...!!!
ഇനിയുള്ള അയാളുടെ ജീവിതം എത്ര ദുഷ്കരമാകുമെന്ന് എനിക്ക് നന്നായറിയാം .. അയാളുടെ സ്പോൺസർ ഹോസ്പിറ്റൽ ബിൽ അടച്ചു തീർക്കും വരെ ഹോസ്പിറ്റൽ വിട്ട് അയാൾക്ക് പോകാനാവില്ല .. ശരിയായ ഇൻഷുറൻസ് ഒന്നും ഇല്ലയെങ്കിൽ അയാൾക്ക് ആ അപകടത്തിന്റെ പേരിൽ പത്തു പൈസ കിട്ടില്ല . സന്നദ്ധ സംഘടനകൾ ഇടപെട്ട് ചിലപ്പോൾ അയാളെ നാട്ടിൽ കയറ്റി അയച്ചേക്കും.. പക്ഷെ വെറും കയ്യുമായി നാട്ടിൽ തിരികെ പോകേണ്ടി വരും !!
പൂർണ ആരോഗ്യത്തോടെ സന്തോഷകരമായ ഒരു ജീവിതം ഉണ്ടാകേണ്ട ഒരു ചെറുപ്പക്കാരനാണ് എല്ലാ പ്രതീക്ഷയും നശിച്ച് ഇപ്പോഴാ ഓപ്പറേഷൻ ടേബിളിൽ കിടക്കുന്നത് !!
ഇനി ഒരു രാകേഷും ഈ ഗൾഫ്‌ നാടുകളിൽ ഉണ്ടാകാതിരിക്കട്ടെ ... ശരിയായ സ്പോൺസർഷിപ്പും ഇൻഷുറൻസും ജോലിസ്ഥലത്ത് ആവിശ്യത്തിന് സുരക്ഷാ സംവിധാനങ്ങളും ഒന്നുമില്ലാതെ വളരെ പേർ ഇവിടെ ജോലിചെയ്യുന്നു .. അപകടം ആർക്കും ഏതു സമയത്തും സംഭവിക്കാം .. രാകേഷിന്റേത് ഒരു ഒറ്റപ്പെട്ട സംഭവമൊന്നുമല്ല ... വളരെയധികം രോഗികൾ ഈ തരത്തിലുള്ള അപകടങ്ങൾ പറ്റി നിരാലംബരായി ഗൾഫിലെ പല ആശുപത്രികളിലും കഴിയുന്നുണ്ട് .. സഹായിക്കാൻ സന്നദ്ധസംഘടനകൾ പലതും രംഗത്തുണ്ടെങ്കിലും അവർക്കും ഒരു പരിധിയുണ്ട്.. ഗൾഫ് നാടുകളിലെ നിയമങ്ങൾ വളരെ കർക്കശമാണ് .. അതുകൊണ്ട് നാട്ടിൽ നിന്നും ജോലിക്കായി വരുന്നവർ ഒന്നിന് രണ്ടു വട്ടം ആലോചിച്ചതിനു ശേഷം മാത്രം വിസ സ്റ്റാമ്പ് ചെയ്യണം എന്ന് അപേക്ഷിക്കുകയാണ് .. കാരണം നിങ്ങൾക്ക് കിട്ടാൻ പോകുന്ന തുച്ഛമായ ശമ്പളത്തിന്റെ വില നിങ്ങളുടെ ജീവൻ തന്നെ ആകാതിരിക്കട്ടെ 🙏🏻🙏🏻
വന്ദന

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo