#ഒളിച്ചോടിയവരുടെ_സമ്മാനം
*********************************
*********************************
അമ്മയുടെ നിരാഹാരത്തിനും പെങ്ങളുടെ സാരോപദേശത്തിനും വഴങ്ങിയാണ് ബ്രോക്കറിനൊപ്പം നീനയെ പെണ്ണു കാണാൻ പോയത് ....
എന്നെപോലൊരു ഒളിച്ചോട്ടക്കഥയിലെ നിഷ്കളങ്കനായ ഭർത്താവിനു രണ്ടാമതൊരു പെണ്ണ് എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ് ...അതോടൊപ്പം തന്നെ ഒരുപാട് ദുഷ്ട ചിന്തകളും കൂടുതലായിരിക്കും .
ഒന്നാമത് പെൺ വർഗ്ഗത്തോട് തന്നെ കെട്ടടങ്ങാത്ത പക ..മറ്റൊന്നു ഇനിയൊരു പെണ്ണ് വന്നാൽ അവളും ഇത് പോലെ പോകിലെന്ന് എന്തുറപ്പ് ?...
അതുകൊണ്ടാണ് എന്നെ പോലെ മറ്റൊരു ഒളിച്ചോട്ടക്കഥയിലെ നിഷ്കളങ്കയായ ഭാര്യയെ മതി എനിക്കിനി കൂട്ട് എന്ന തീരുമാനം അമ്മയോടും പെങ്ങളോടും പറഞ്ഞത് ...കേട്ട പാതി കേൾക്കാത്ത പാതി പിന്നീടങ്ങോട്ട് അങ്ങനെയൊരുവളെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു രണ്ടു പേരും ...കൂടെ ബ്രോക്കറും കൂടെ ചേർന്നപ്പോൾ അവരുടെ ജോലി ഭംഗിയായി പര്യവസാനിച്ചു ...ഇനി ബാക്കി എന്റെ ജോലിയാണ് ...
ബ്രോക്കറിനൊപ്പം നീനയുടെ വീട്ടിൽ ചെന്ന് കേറിയപ്പോൾ അവളുടെ ബന്ധുക്കളും അയൽക്കാരും ഒരന്യഗ്രഹ ജീവിയെപ്പോലെ തന്നെ തുറിച്ചു നോക്കുന്നു ..
അവരെ കുറ്റം പറയാനൊക്കില്ല ..ഭാര്യ ഏതോ ഒരുത്തന്റെ കൂടെ ഒളിച്ചോടിപോയവനാ പെണ്ണു കാണാൻ വരുന്നതെന്നു അവരെല്ലാം നേരത്തെ അറിഞ്ഞു കാണും ..അതിന്റെ ഗുണദോഷങ്ങൾ മനസ്സിലിട്ടു കൂട്ടിയും കിഴിച്ചും അവരെന്റെ അവസ്ഥയെ വ്യാഖ്യാനിക്കുന്നുണ്ടാകും ...
ഓരോന്ന് സ്വയം ചിന്തിച്ചുക്കൂട്ടുന്നതിനിടയിൽ , നീന ചായയുമായി വന്നതും പോയതും ഒരു യന്ത്രം കണക്കെ ഞാൻ നോക്കി നിന്നു .....
"അവർക്കെന്തേലും സംസാരിക്കാനുണ്ടേൽ ആയിക്കോട്ടെ അല്ലേ "?
ബ്രോക്കറിന്റെ ചോദ്യമാണ് എന്നെ നിശ്ചലാവാസ്ഥയിൽ നിന്നും മുക്തനാക്കിയത് ..
പരസ്പര മൗനത്തെ ഭേദിച്ചുകൊണ്ട് ആദ്യം സംസാരിച്ചത് ഞാനാണ് ....
"നീനക്ക് എന്നെ ഉൾക്കൊള്ളാൻ കഴിയുമോ ?"..
എന്തോ ആലോചിചെന്ന പോലെ അവളൊന്ന് ചിരിച്ചു ..
"ഒളിച്ചോടിയവന്റെ പെണ്ണാണിപ്പോളെന്റെ മേൽവിലാസം , അതിൽ നിന്നൊരു മുക്തി നേടിയൊരു ഭാര്യയായ് ജീവിക്കാൻ ആഗ്രഹം ഉണ്ട് "..
നീനയുടെ മറുപടി എനിലൊരു പുതു ജീവിതത്തിന്റെ തുടക്കമായിരുന്നു ..
"അവളു പോയപ്പോൾ എനിക്ക് നഷ്ടപ്പെട്ടത് എന്റെ ആണത്വമായിരുന്നു ...കാണുന്നവർക്ക് മുൻപിൽ ഞാനൊരു കഴിവ് കെട്ടവനും തന്റേടമില്ലാത്തവനുമായി മാറി ..അതൊന്നു മാറ്റി കുറിക്കാൻ ഈ ഒളിച്ചോടിയവന്റെ പെണ്ണിനെ ഞാനെന്റെ പെണ്ണാക്കികോട്ടെ "
ഒരിറ്റു കണ്ണു നീരോടെ , ചെറിയ പുഞ്ചിരിയിൽ അവളെനിക്ക് സമ്മതം മൂളുമ്പോൾ ഇനിയിവളും നഷ്ടപ്പെടരുതെ എന്ന പ്രാർത്ഥന മാത്രമായിരുന്നു മനസ്സിൽ ...
ചിലരുടെ അകൽച്ച മറ്റു ചിലരുടെ കൂടിചേരലുകൾക്ക് വഴിയാക്കുന്ന ദൈവവികൃതിയിൽ ഞങ്ങളും ഒന്നു ചേരാൻ പോകുന്നു ..
________________________
ഫർസാന വളാഞ്ചേരി
ഫർസാന വളാഞ്ചേരി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക