നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തെയ്യം -2

പ്രിയരെ എൻ്റെ കോരൻ തെയ്യത്തെ ഇരുകൈയും നീട്ടി സ്വീകരിച്ച് എന്നെ പ്രോത്സാഹിപ്പിച്ച,സ്നേഹിച്ച ഏവർക്കും നന്ദി...അതോടൊപ്പം ചെറിയൊരു ക്ഷമാപണം. രണ്ട് ഭാഗം കൊണ്ട് തീർക്കാമെന്നായിരുന്നു കരുതിയത്.. എന്നാൽ തെയ്യത്തെ കുറിച്ച് അറിയാത്ത ചില വായനക്കാരുടെ സ്നേഹപൂർണമായ നിർബന്ധത്തതിനാൽ തെയ്യത്തിനെ കുറിച്ചും അവയുടെ ഐതിഹ്യത്തെ കുറിച്ചും അല്പം എഴുതേണ്ടി വന്നതിനാൽ കഥ മൂന്ന് ഭാഗമായി എഴുതുന്നു...മറ്റ് വായനക്കാർ സദയം ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു..
നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ് തെയ്യം.തെയ്യത്തിൻ്റെ നർത്തനം തെയ്യാട്ടം എന്നും തെയ്യത്തിൻ്റെ വേഷം തെയ്യക്കോലം എന്നും അറിയപ്പെടുന്നു. ഏതാണ്ട് അഞ്ഞുറോളം തെയ്യങ്ങൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്.
സങ്കീർണ്ണവും മനോഹരവുമായ മുഖത്തെഴുത്തും കുരുത്തോലകളും പൂക്കളും മറ്റും ഉപയോഗിച്ചുള്ള രക്തവർണ്ണാങ്കിതമായ ആടയാഭരണങ്ങളും ചെണ്ട,ചേങ്ങില,ഇലത്താളം, കറുംകുഴൽ,തകിൽ തുടങ്ങിയ വാദ്യമേളങ്ങളും, ലാസ്യതാണ്ഡവ നൃത്താദികളും സമ്മോഹനമായി സമ്മേളിക്കുന്ന തെയ്യം വിശ്വാസത്തോടൊപ്പം കലാസ്വാദന ചാതുര്യവും ഉണർത്തുന്ന അപൂർവ്വമായ ഒരു കലാരൂപമാണ്.
പ്രധാനമായും അഞ്ഞൂറ്റാൻ,വണ്ണാൻ,മലയർ,വേലർ,പുലയർ തുടങ്ങിയ സമുദായക്കാരാണ് തെയ്യം കലാകാരമാരായി അറിയപ്പെടുന്നത്...ഇതിൽ ദേവത തെയ്യങ്ങളെ(സ്ത്രീ തെയ്യങ്ങൾ)വണ്ണാൻ സമുദായകാരും മുത്തപ്പൻ ഒഴിച്ചുള്ള ആൺതെയ്യങ്ങളെ മലയ സമുദായക്കാരുമാണ് പൊതുവേ കെട്ടിയാടാറ്...അഞ്ഞൂറ്റാൻ സമുദായക്കാർക്ക് എല്ലാ തെയ്യങ്ങളും കെട്ടാനുള്ള അവകാശമുണ്ട്..അതുകൊണ്ട് തന്നെ തെയ്യങ്ങളുടെ തോറ്റം പാട്ടുകളിൽ ചില വ്യത്യാസങ്ങൾ കണ്ടേക്കാം...
......കോരൻ തെയ്യം-2...
.....................................................
കോരൻ പണിക്കറുടെ വീട്.
"ഉയ്യ് എന്ത്ന്നാ ഇനി ചെയ്യൻ്റെ പണിക്കറെ.നാളേല്ലെ അടയാളം ബാങ്ങേണ്ടത്"
"നീയൊന്ന് മിണ്ടാണ്ടിരി പാറ്വോ"
ക്ഷോഭവും സങ്കടവും കൊണ്ട് പണിക്കറുടെ ശബ്ദം ഇടറിയിരുന്നു.പണിക്കരുടെ ഭാര്യയാണ് പാറു
"തീചാമുണ്ടി കെട്ടാൻ ആരും ബരൂലാ പോലും.ഓർക്കെല്ലാം പറ്ന്നേ പൈസ കൊടുക്കാന്ന് ഞാൻ പറഞ്ഞിന്..എല്ലാ ആ കണ്ണൻ പണിക്കരെ പണിയാണെന്ന് എനക്കറിയാ..ഓറോട് ഞാനെന്ത് കുറ്റാപ്പാ ചെയ്തേ എന്നെയിങ്ങനെ കെണിക്കാൻ? ഓറ ധിക്കരിച്ച് തെയ്യം കെട്ടിയാല് ശരിയാവൂലാന്നാ എല്ലോരും പറയ്ന്ന്.എന്നാലും ഞാൻ തോക്കാനൊന്നും പോന്നില്ല"
കോരൻ പണിക്കറുടെ മനസ്സിൽ ചില ഉറച്ച തീരുമാനങ്ങളുണ്ടായിരുന്നു.
പിറ്റേന്ന് തെയ്യത്തിൻ്റെ അടയാളം വാങ്ങേണ്ട ദിവസമായി.രാവിലെ തന്നെ പണിക്കർ ചാമുണ്ടി കോട്ടത്ത് എത്തി..
"ഓട്ത്തു എളേപ്പാ ഇങ്ങളെ ചാമുണ്ടീനാ കെട്ടുന്നോറ്"
കണ്ണൻ പണിക്കരുടെ സംസാരത്തിൽ ഒരു പരിഹാസ ചുവയുണ്ടായിരുന്നു.കോരൻ പണിക്കർ ഒന്നും മിണ്ടാതെ ഒരു മൂലയിലേക്ക് മാറിനിന്നു...
അടയാളം വാങ്ങേണ്ട സമയമായി.രാഘവേട്ടൻ്റെ ശബ്ദം
"ആ പണിക്കരെ ഇങ്ങളെ ആളെ ബിളി"
പണിക്കർ മുന്നിലേക്ക് കയറി നിന്നു
"അടിയനെന്ന്യാ ചാമുണ്ടീന കെട്ടുന്നത്"
കൂടി നിന്നവരിൽ അല്പം അതിശയവും അത്ഭുതവും ഉടലെടുത്തു..
"ന്താ പണിക്കറെ ഇങ്ങള് പറയ്ന്ന്..ഇതെന്താ പിള്ളേര് കളിയാ..ഇങ്ങക്ക് എത്ര ബയസ്സായി..തീചാമുണ്ടീന കെട്ടാൻ ബാല്യക്കാർക്കെന്നെ ശരിക്കും പറ്റ്ന്നില്ല..അയിനെടക്കാണ് ഇങ്ങള് കെട്ട്ന്നത്"
"ൻ്റെ പരദേവതേന കെട്ടാൻ എനക്ക് ബേറാരെയും കിട്ടീലാ..ഇങ്ങക്ക് തന്ന ബാക്ക് അടിയന് നോക്കണം. പതിമൂന്നാം ബയസ്സിലാ അടിയാനാദ്യയിറ്റ് ചാമുണ്ടീന കെട്ടീത്..ഇനിയീ ബയസ്സാംകാലത്ത് ൻ്റെ പരദേവതേന കെട്ടാൻ എനക്ക് യോഗോണ്ടായല്ല..ൻ്റെ പരദേവത ന്നെ കാത്തോളും".
അടയാളം വാങ്ങി വാഴ്ന്നോരെ വണങ്ങി,മറ്റ് കോലാധാരികളെ വണങ്ങി,മരിച്ചു പോയ പൂർവികരെ വണങ്ങി എല്ലാവരുടെയും അനുഗ്രഹത്തോടെ
ഇനി കുച്ചലിലേക്കുള്ള മടക്കം(പ്രത്യേകം തയ്യാറാക്കിയ പുര)ഇരുപത്തിയൊന്ന് ദിവസത്തെ വ്രതാനുഷ്ഠാനം.. മത്സ്യമാംസാദികൾ ഉപേക്ഷിച്ച് നാരായണ സ്തുതികൾ ചൊല്ലി മനസ്സും ശരീരവും തീചാമുണ്ടി എന്ന ആ കോലത്തെ ആവാഹിക്കാനുള്ള തയ്യാറെടുപ്പ്...ഇരുപത്തി രണ്ടാം ദിനം പുലർച്ചെ തീചാമുണ്ടി അഗ്നിയെ പുണർന്ന് ഭക്തർക്ക് അനുഗ്രഹം ചൊരിയും എല്ലാവരുടെയും കണ്ണും കാതും ഇനി ചാമുണ്ടി കോട്ടത്തേക്ക്..
പക്ഷെ അതിനിടയിലും അസ്വസ്ഥതയും അസൂയയും നിറഞ്ഞ മനസ്സുമായി കണ്ണൻ പണിക്കർ ഉഴറിനടക്കുന്നുണ്ടായിരുന്നു..അയാളുടെ ഉള്ളിൽ ഒരു മൃഗം ഉണരുന്നത് ആരും അറിഞ്ഞില്ല.(തുടരും)
തീചാമുണ്ടി അഥവാ ഒറ്റക്കോലം എന്ന തെയ്യത്തിൻ്റെ ഐതിഹ്യം അടുത്ത ഭാഗത്ത് വിശദീകരിക്കുന്നതായിരിക്കും
ബിജു പെരുംചെല്ലൂർ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot