വാങ്ങൽ ശേഷിയും വായനാശേഷിയും :- സാമ്പത്തികശാസ്ത്രത്തിൽ ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി എന്നൊരു ഘടകമുണ്ട്. ഉപ്പും മുളകും പഞ്ചസാരയും പോലെ എല്ലാവരും വാങ്ങുന്ന കുറേ സാധനങ്ങളുണ്ട്. വാങ്ങൽശേഷി കൂടിയവർ മാത്രം വാങ്ങുന്ന മറ്റു വില കൂടിയ ഉൽപന്നങ്ങളുമുണ്ട്! ഇതുപോലെയാണ് വായനയുടെ കാര്യവും. ബഹു ഭൂരിപക്ഷത്തിന് രുചിക്കുന്ന സാമാന്യമായ എഴുത്തും, ബുദ്ധിയും ഹൃദയവും ഉദാത്തഭാവനയോടെ ഉയരാൻ ആവശ്യപ്പെടുന്ന അസാമാന്യമായ എഴുത്തും. സാധാരണ വായനക്കാരന്റെ സ്ഥാനം അത്തരം അസാമാന്യ എഴുത്തിന് പുറത്താണ്. വിശ്വസാഹിത്യം വായിക്കാൻ മിക്കവരും ചെല്ലാത്തതും, സാധാരണ എഴുത്തുകാർ എഴുതിയത് വായിക്കാൻ കൂടുതൽ പേർ ചെല്ലുന്നതും ഇക്കാരണത്താലാണ്. പക്ഷെ സാധാരണ എഴുത്തുകാരും അവരോടു കടപ്പാടുള്ളവരും മരിക്കുന്നതോടെ സാധാരണ എഴുത്തുകാരൻ ചരിത്രത്തിൽ നിന്നും അപ്രത്യക്ഷരാകും. പകരം ജീവിച്ചിരിക്കുന്ന സാധാരണ എഴുത്തുകാരൻ അവന്റെ സ്ഥാനം കയ്യടക്കും! അസാമാന്യമായി എഴുതിയ വിശ്വസാഹിത്യകാരനാകട്ടെ വായനാശേഷി കൂടിയ വായനക്കാരിലൂടെ ഭാഷയും വായനയും ഉള്ള കാലത്തോളം നിലനിൽക്കുകയും ചെയ്യും. പാഴ്മരം ഉപയോഗം കഴിഞ്ഞ് നശിച്ചു നാമാവശേഷമാകുന്നു. കാതലുള്ള ഈടുള്ള മരമാകട്ടെ ശില്പമായോ മറ്റു കാലാതിവർത്തിയായ ഏതെങ്കിലും നിർമ്മിതിയായോ നില നിൽക്കുന്നു. ഇതു തന്നെ എഴുത്തിന്റെ ഗതിയും. ഇത് കേവലം പ്രകൃതി നിയമം മാത്രം! ഇത്രയും പറഞ്ഞ സ്ഥിതിക്ക് എന്റെ ഒരനുഭവം കൂടി പറയാം. കുറച്ച് ആത്മപ്രശംസയുണ്ട് ,ക്ഷമിക്കുക. ഞാൻ കഴിഞ്ഞ എട്ടുമാസത്തിനകം നൂറ്റൻപതോളം തവണ ഈ ഗ്രൂപ്പിൽ പോസ്റ്റി. എല്ലാം ഓരോ പേജ് വരുന്ന ചെറിയ എഴുത്തുകൾ . ആ എഴുത്തുകളിൽ പലപ്പോഴും മഹദ് ഗ്രന്ഥങ്ങളോടോ വിശ്വസാഹിത്യത്തോടോ കിടനിൽക്കുന്ന വാചകങ്ങൾ അവസരോചിതമായി ഞാൻ ഉൾപ്പെടുത്തി. എന്നാൽ ആ വാചകങ്ങളുടെ മേന്മ ആസ്വദിച്ചതായി വളരെ കുറച്ച് പേരാണ് അറിയിച്ചത്. ഇത് വായനക്കാരന്റെ പരാജയം എന്നല്ലാതെ മറ്റൊന്നും പറയാനില്ല. എനിക്ക് വ്യക്തിപരമായി അംഗീകാരം വേണ്ട താനും. കാരണം മനസ്സിലുദിച്ച ആ വാചകങ്ങളെല്ലാം ഞാൻ നന്നായി ആസ്വദിച്ച് തന്നെയാണ് എഴുതിയത്. അതുകൊണ്ട് എന്റെ നൈരാശ്യത്തിന് പ്രസക്തിയില്ല. എന്നാൽ അതാസ്വദിക്കാതെ അവഗണനയിലേക്ക് തള്ളിയ വായനക്കാരൻ സഹതാപാർഹനത്രെ! വാങ്ങൽ ശേഷി ഇല്ലാത്ത ദരിദ്രനെ പോലെ വായനാശേഷി ഇല്ലാത്ത വായനക്കാരനും സഹതാപമർഹിക്കുന്നു!!
Kadarsha
Kadarsha
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക