Slider

#പിറന്നാൾ_സമ്മാനം

0
#പിറന്നാൾ_സമ്മാനം
•••••••••••••••••••
ബാഗെടുത്തു രാജീവ് കാറിനു നേരെ നടക്കാൻ തുടങ്ങിയപ്പോ പിന്നിൽ നിന്നും അനുമോൾ നീട്ടി വിളിച്ചു.
"അപ്പാ...!"
അയാൾ ടൈ ശരിയാക്കികൊണ്ട് തിരിഞ്ഞു നിന്നു.
"എന്താ അനുക്കുട്ടി...!"
"അനുമോൾ പറഞ്ഞത് മറക്കുവോ...?" അവൾ കെഞ്ചി.
"ഇല്ലെന്നേ.... മാത്രോ അല്ല ഇന്ന് വൈകീട്ട് അപ്പൻ ഇച്ചിരി നേരത്തെ വരുന്നുണ്ട്.. പോരേ...?"
"പ്രോമിസ്...?"
"പിന്നെന്താ..., പ്രോമിസ്. എന്നിട്ട് നമ്മൾ മൂന്നുപേരും ഒരുമിച്ചുപോയി മേടിക്കും മോൾക്ക് എന്താ വേണ്ടതെന്ന്വച്ചാ, എന്താ പോരെ...!"
"ഉം..." ആ സമ്മതത്തിൽ രാജീവിന് കാണാൻ കഴിയുമായിരുന്നു ആ കുഞ്ഞു മുഖത്തു പ്രതിഫലിച്ചു നിൽക്കുന്ന സന്തോഷം.
"എന്താണെച്ചാ അങ്ങ് പറഞ്ഞു കൊടുക്ക് പെണ്ണേ... എങ്കി അപ്പൻ വരുമ്പോ മേടിച്ചു വരത്തില്ലേ..."
"യ്യോ.... ഈ അമ്മ...! ഒന്നും അറിയൂല ഈ അമ്മക്കു... ഇതു സർപ്രൈസാ... അപ്പൻ മേടിച്ചോണ്ടുവന്നാ അതെങ്ങനെ ശരിയാവുന്നേ...?" നീരസോം ശുണ്ടിയുമെല്ലാം ആ കൊച്ചു വർത്തനത്തിൽ തലയെടുപ്പോടെ നിന്നിരുന്നു.
"അതു മോൾ പറഞ്ഞത് ശരിയാ... അമ്മ നല്ല ഒന്നാംതരം മണ്ടിതന്നേ..., ഒരു സംശയോം ഇല്ല" അവനും നല്ല കട്ടക്ക് മോളേ സപ്പോർട്ട് ചെയ്തു.
അതുകേട്ടപ്പോഴാണ് അനുമോൾ മനസ്സറിഞ്ഞൊന്നു ചിരിച്ചത്, രാജീവും ആ ചിരിയിൽ പങ്കുചേർന്നു.
ദേവിക രാജീവിനരികിലേക്ക് രണ്ടടി വച്ചു, എന്നിട്ട് ശബ്ദം നേർപ്പിച്ചു അവനു കേൾക്കാൻ പാകത്തിൽ പറഞ്ഞു.
"മണ്ടിയാണല്ലേ..., കാണിച്ചുതരാട്ടോ..., ഇങ്ങു വാ കിന്നരിച്ചോണ്ട് രാത്രിയിൽ"
"ഡീ..., ഞാൻ ചുമ്മാ പറഞ്ഞതാ..., എന്നുകരുതി ബഹിഷ്‌കരിച്ചേക്കല്ലേ... വേറെ ഓപ്ഷൻ ഇല്ലാത്തോണ്ടാ..."
"ഛീ... വഷളൻ...!"
"അല്ല എന്താ രണ്ടാളുംകൂടെ ഒരു സ്വകാര്യം പറച്ചിൽ..?" അനുമോൾ അങ്ങോട്ട് വന്നുകൊണ്ട് കൊഞ്ചിക്കൊണ്ടു ചോദിച്ചു.
"ഒന്നുല്ല അനുമോളേ..., രാത്രീല് ചിലപ്പോ റോഡ് ബ്ലോക്ക് ആവാൻ സാധ്യതയുണ്ട്..., അതുകൊണ്ട് കാർ നേരത്തെ ഷെഡിൽ കയറ്റേണ്ടി വരുമെന്ന് പറഞ്ഞതാ ഈ മണ്ടി അമ്മ." പറഞ്ഞു കൊണ്ട് രാജീവ് ദേവികയെ ഏറുകണ്ണിട്ട് നോക്കി.
അവൾ ഗൗരവം നടിച്ചു രാജീവിനെ തുറിച്ചു നോക്കി നിന്നതേയൊള്ളൂ, അതു കണ്ടിട്ടവൻ ചുമ്മാ അവളെയൊന്നു ശുണ്ഠി പിടിപ്പിക്കാൻ വേണ്ടി വെറുതെ കണ്ണിറുക്കി കാണിച്ചു.
"അയ്യോ അപ്പൊ രാത്രീല് പോകാൻ പറ്റൂലെ..." അനു മോൾക്ക് ആധിയായി.
"പിന്നെ..., എന്റെ അനുകുട്ടിയെ അപ്പൻ എന്തായാലും കൊണ്ടുപോയിരിക്കും. പോരേ...?" ബാഗ് കാറിന്റെ ഡോർ തുറന്ന് അകത്തേക്കിട്ട് തിരിഞ്ഞവളെ കോരിയെടുത്തുകൊണ്ടവൻ പറഞ്ഞു.
മതിയെന്നവൾ സമ്മതത്തോടെ തലയാട്ടി.
ശേഷം ആ കൊച്ചുകവിളിൽ ഒരുമ്മ കൂടി നൽകി അയാൾ അവളെ തറയിൽ വച്ചു.
"അപ്പാ..."
"എന്താ ചക്കരേ..."
"എഗൈൻ.., ഹാപ്പി ബർത്ത് ഡേ...!"
"താങ്ക് യു സ്വീറ്റി.." എന്നു പറഞ്ഞു ഒരു ഫ്ലയിങ് കിസ് കൊടുത്തയാൾ കാറിൽ കയറി.
അനുമോൾ അമ്മയുടെ അരികിലേക്ക് ചേർന്നു നിന്നു.
കാർ സ്റ്റാർട്ടാക്കി ഫസ്റ്റ് ഗിയറിലേക്കിട്ടുകൊണ്ട് അയാൾ ദേവികയെ നോക്കി.
"ബർത്ത് ഡേ ആയ സ്ഥിതിക്കപ്പോ ഇന്നു കാർ നേരത്തെ ഷെഡിൽ കയറ്റിയേക്കാം അല്ലെടീ പെണ്ണേ..." കാർ മുന്നോട്ടെടുക്കുന്നതിനിടയിൽ ചിരിവിടാതെ അവൻ പറഞ്ഞു.
അവളതുകേട്ടു ചിരിച്ചുകൊണ്ട് ഗേറ്റ് വരെ കാറിനെ ഫോള്ളോ ചെയ്തു.
അനുമോൾ മാത്രം ഒന്നും മനസ്സിലാകാതെ അമ്മയേയും മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്ന കാറിനേയും മാറിമാറി നോക്കിനിന്നു.
"വാ... ഇങ്ങോട്ട്, അച്ഛൻ പോയി." ദേവിക അവളുടെ കയ്യിൽ പിടിച്ചു അകത്തേക്കു നടന്നു.
രാജീവ് ഓഫീസിലെത്തിയപ്പോ എല്ലാരും അവനെ കാത്തിരുന്നപോലെ പോലെ ജന്മദിനാശംസകൾ കൊണ്ടു പൊതിഞ്ഞു.
"FB യിൽ നോട്ടിഫിക്കേഷൻ വന്നപ്പഴേ ഞങ്ങൾ ചിലതെല്ലാം പ്ലാൻ ചെയ്തു കഴിഞ്ഞിരുന്നു." AR അക്കൗണ്ടന്റ് അനൂപ് അവന്റെ കാബിനിൽ കയറിവന്നു കൊണ്ടു പറഞ്ഞു.
"എന്തോന്നാ ഞാൻ അറിയാത്തൊരു പ്ലാൻ...?!" അവൻ സിസ്റ്റം ഓൺ ചെയ്തു യൂസർ ഐഡിയും പാസ്സ്‌വേർഡും എന്റർ ചെയ്തുകൊണ്ട് ചോദിച്ചു.
"അതൊക്കെ ഉണ്ടളിയോ..., അല്ലങ്കിലും നീ ഇവിടെ നടക്കുന്ന എന്തു പരിപാടിയിലാ മനസ്സറിഞ്ഞു കൂടിയിട്ടിള്ളേ....?"
"ഇല്ലേ..., എങ്കിൽ വേണ്ട, ഇനിയിപ്പോ ഇതിനു സഹകരിച്ചു ഞാനായിട്ടെന്റെ പിൽക്കാല റെക്കോർഡ് തകർക്കണ്ടല്ലോ...!"
"അതു വേണ്ടി വരില്ല, കാരണം അത്രയും വെൽ പ്ലാൻഡ് ആണ് ഇന്നത്തെ പ്രോഗ്രാം...! ചുമ്മാ വൈകീട്ടൊരു ഗെറ്റ് റ്റുഗെതെർ..., ഞങ്ങടെ വക...!"
"യ്യോ... അതൊന്നും നടക്കത്തില്ല.., ഞാനാണേൽ അനുമോൾക്ക് വാക്കു കൊടുത്തതാ ഇന്നു നേരത്തെ വന്നേക്കാന്ന്, ചെറിയൊരു ഔട്ടിങ് ആൾറെഡി ഫിക്സ് ചെയ്തു വച്ചേക്കുവാ അവൾ."
"ദേ കെടക്കണ്..., സംഗതി നീയെന്റെ സീനിയർ ഒക്കെത്തന്നെയാ എങ്കിലും ചില നേരത്തെ നിന്റ സംസാരം കേട്ടാൽ കരണകുറ്റി നോക്കി ഒന്നു പൊട്ടിക്കാൻ തോന്നും.
ഡാ നീയൊക്കെ എന്തു കോപ്പിലെ സീനിയർ അക്കൗണ്ടന്റ്ഡാ...? ഇത്രേം നാളത്തെ സർവീസിനിടക്ക് ഒരു തവണയെങ്കിലും നീ തന്റെ ബർത്തഡേ ഞങ്ങടെ കൂടെ സെലിബ്രേറ്റ് ചെയ്തിട്ടുണ്ടോ...?
അതുപോട്ടെ ഇന്നേവരെ ഏതെങ്കിലും ഒരു കള്ളുകുടി പാർട്ടിയിൽ മനസറിഞ്ഞു നീ വന്നൊന്നു ജോയിൻ ചെയ്തിട്ടുണ്ടോ...? മദ്യസേവയില്ലാത്ത എന്തു നശിച്ച ജീവിതാടാ തന്റേ...? അല്ല അറിയാൻ മേലാഞ്ഞു ചോതിക്കാ നീയാരാ ഹരിശ്ചന്ദരനോ...?"
"നീ കുടിച്ചിട്ടാണോടാ ഓഫീസിൽ വന്നേ..."
"കുടിച്ചിട്ടല്ല ഓഫീസിൽ വന്നത്.., പക്ഷെ ഓഫീസ് വിട്ടു പോകുമ്പോ കുടിക്കും, നിന്റെ കൂടെ. അതു വക്കാ."
"പോടാ പോ... പോയി പണിചെയ്യാൻ നോക്ക്."
"ഡാ ഞാനൊന്നു ചോദിക്കട്ടെ. കല്യാണം കഴിഞ്ഞു ഒരു മോൾ ഉണ്ടായി ഇത്രേം ആയില്ലേ, എന്നിട്ടും ഒരാഘോഷം പോലും വിടാതെ അവരോടൊപ്പം തന്നെ അല്ലെ നീ ആഘോഷിച്ചോണ്ടിരുന്നേ...? അല്ലേ...!?
ഇത്രമാത്രം പേടിക്കാൻ അവൾക്കെന്താ കൊമ്പുണ്ടോ...?, മണതോണ്ടു പിന്നാലെ നടക്കാതെ പോയി പണിനോക്കാൻ പറയെടാ അവളോട്..?" അനൂപ് ശബ്ദം ത്താഴ്ത്തി അവനു കേൾക്കാൻ പാകത്തിൽ പറഞ്ഞു.
രാജീവ് ചിരിച്ചു.
"അതിനു പേടി എന്നല്ലെടാ കോപ്പേ പറയുന്നേ, അതിനാണ് സ്നേഹം എന്നു പറയുന്നത്. അതു നിന്നെപ്പോലത്തെ മണകുണാപ്പന്മാർക്ക് പറഞ്ഞാ മാമസ്സിലാകുലാ..!"
"ഒന്നുപോടാ... തന്റെ കോപ്പിലെ സ്നേഹം..., പറയുന്നത് കേട്ടാ തോന്നും ഈ ലോകത്തു നീ മാത്രേ കേട്ടിട്ടൊള്ളുന്നു, കഷ്ട്ടം...!"
"എന്താ സംശയം...? ങ്ങാ അതൊക്കെ വിട്, നീ പോയി ആ ജമിനി ഫെർട്ടിലൈസേഷന്റെ പേയ്മെന്റ് എന്തായീന്നു നോക്ക്, ഓവർ ഡ്യൂ കാരണം ക്രെഡിറ്റ് ബ്ലോക്ക് അയാ കിടക്കുന്നെ, എനിക്കിന്ന് റിപ്പോർട്ട് വിടേണ്ടതാ..."
"അതൊക്കെ എപ്പഴേ റെഡിയാ..., ഞാൻ ഇപ്പൊതന്നെ ഫോർവേഡ് ചെയ്തേക്കാം, പക്ഷെ ഇപ്പറഞ്ഞതൊന്നും മറക്കണ്ട, ഇന്നു ഞങ്ങൾ നിന്നെ കുടിപ്പിച്ചു കിടത്തും മോനേ, അതൊറപ്പാ.., ഇത് എന്റെ മാത്രം തീരുമാനമല്ല. ഇവുടുത്തെ മൊത്തം സ്റ്റാഫും ഐക്യകണ്ടേനെ എടുത്ത തീരുമാനാ. അപ്പോ മറക്കണ്ട, വൈകീട്ട് ലെ-മരിഡിയന്."
രാജീവതു കേട്ടു ഒച്ചയെടുത്തു ചിരിച്ചു. ഒപ്പം ഫോൺ റിംഗ് ചെയ്യുന്നത് കണ്ട് എടുത്ത് അനൂപിനു നേരെ തിരിച്ചു പിടിച്ചു.
ഡിസ്‌പ്ലേയിൽ തെളിഞ്ഞ പേരുനോക്കി അവനൊരു ചിരിയോടെ പുറത്തേക്കു നടന്നു.
"എന്താ മോളുസ് ..." മൈബൈൽ ചെവിയോടു ചേർത്തു അയാൾ ചോദിച്ചു തുടങ്ങി.
••••••••••
രാജീവിനുവേണ്ടി ലേ-മെറിഡിയനിൽ അവന്റെ കൊളീക്സ് വമ്പൻ അറേഞ്ച്മെന്റ് തന്നെ നടത്തിക്കഴിഞ്ഞിരുന്നു.
ശരിക്കും എല്ലാം കണ്ട് അവൻ ഞെട്ടി തരിച്ചു പോയിഎന്നു വേണം പറയാൻ.
ആദ്യമായി അവനെകൊണ്ട് ചിയേർസ് പറയിപ്പിച്ചത് അനൂപായിരുന്നു.
നിറച്ചുവച്ച നുര പൊന്തുന്ന ഗ്ലാസ് അനൂപ് അവന്റെ കൈവെള്ളയിൽ വച്ചുകൊടുത്തപ്പോ അറിയാതെ അവന്റെ കൈ ഒന്നു വിറപൂണ്ടു.
"എന്തുവാടേ ഇത്...?" അതുകണ്ടു കുറ്റപ്പെടുത്തും പോലെ അനൂപ് ചോദിച്ചു.
അവനൊന്നു ചിരിക്കാൻ ശ്രമിച്ചു.
ഉടൻ മൊബൈൽ റിങ് ചെയ്യാൻ തുടങ്ങി. അവനതെടുത്തു, പ്രതീക്ഷിച്ചപോലെ ദേവികയായിരുന്നു.
വല്ലാത്ത കഷ്ട്ടം തന്നെ..! ഇതിപ്പോ എത്രാമത്തെ തവണയാ പറഞ്ഞതു തന്നെ വീണ്ടും വീണ്ടും പറഞ്ഞോണ്ടിരിക്കുന്നത്.
"ദേവീ ഞാൻ എത്ര തവണ പറഞ്ഞു നിന്റടുത്, ചെറിയൊരു ഗെറ്റ് റ്റുഗെതെർ. അങ്ങനെ ഇട്ടേച്ചു പോരാൻ പറ്റാത്തതോണ്ടാ, ഇവരെല്ലാം ഫിക്സ് ചെയ്തു വച്ചേക്കുവായിരുന്നു നേരത്തേ, പറഞ്ഞതല്ലേ ഇച്ചിരി വൈകി ആണേലും ഞാൻ എത്തിക്കോളാന്ന് " അവനൽപ്പം നീരസത്തോടെ പറഞ്ഞു.
"അതേ..., അനുമോൾ ഒരേ വാശിയിലാ.. ഞാൻ പറഞ്ഞിട്ടൊന്നും അവൾ കേൾക്കുന്നില്ല.."
"അതേയ് ഞാൻ കൂടുതൽ പിന്നെ പറയാം, എന്നാ ശരി."
"രാജിയേട്ടാ മോളോട് ഞാൻ എന്താ പറയണ്ടേ..?"
"ദേവി..., കെ ജി യിൽ പഠിക്കുന്ന കൊച്ചാ അവൾ.. ഇപ്പഴേ നീയവളെ ഇങ്ങനെ വഷളാക്കല്ലെ... പറയുന്നത് കേൾക്കുന്നില്ലേൽ രണ്ടെണ്ണം അങ്ങ് പൊട്ടിച്ചേക്ക്. കൊഞ്ചിച് കൊഞ്ചിച്ചു വഷളാക്കി തലയിൽ കയറ്റി വച്ചേക്കല്ലേ..."
"അതേയ്... ഞാൻ അവൾക്ക് കൊടുക്കാം.., അറ്റ് ലീസ്റ്റ് അവൾക്കു പറയാനുള്ളതെങ്കിലും ഒന്ന്..." അതു മുഴുമിപ്പിക്കാൻ സമയം കൊടുക്കാതെ അവൻ കാൾ കട്ട് ചെയ്തു.
ശേഷം അവൻ കുട്ടുകാരുടെ അരികിലേക്കു നടന്നു.
സൽക്കാരവും മദ്യസേവയുമെല്ലാം കഴിഞ്ഞപ്പോ സമയം അൽപ്പം വൈകിയിരുന്നു.
"ഇന്നാടാ എനിക്കൽപ്പം സന്തോഷം ആയത്.."
"ഉം...!?" അവൻ ചോദ്യരൂപേണ അനൂപിന്റെ മുഖത്തേക്കു നോക്കി.
"നീ കുടിച്ചു നാലുകാലിൽ പോകുന്നത് കാണാൻ പറ്റിയല്ലോ...! സന്തോഷം.."
"ഹ... ഹ... ഹാാാാാ....!" രാജീവത്തുകെട്ട് ഒച്ചയെടുത്തു ചിരിച്ചു.
അനൂപ് അന്തംവിട്ട് കുട്ടുകാരനെത്തന്നെ നോക്കി നിന്നു.
"എന്താടാ...!?"
"ഉം... ഹും...!"
"ഛെ... എന്തോ ഉണ്ട്... താൻ പറയെടോ..., ഒന്നുല്ലേലും എന്നെ ഒരു കള്ളുകുടിയനാക്കിയ ചെങ്ങായിയല്ലേ നീ... ഇനി ഇതു മനസ്സിൽവച്ചു നിങ്ങൾ മറ്റുവല്ല പാർട്ടിയും ഒപ്പിക്കൊന്നാ എന്റെ പേടി." എന്നുപറഞ്ഞവൻ വീണ്ടും ചിരിക്കാൻ തുടങ്ങി.
അനൂപ് അവനരികിലേക്കു ചേർന്നു നിന്നു.
"ഇത്രേം പെർഫൊം ചെയ്യാൻ അറിയാഞ്ഞിട്ടും എന്തിനാടാ നീ ഇത്രേം വൈകിച്ചേ...!"
"ഹ ഹ ഹ ഹാ...!" അതു കേട്ടപ്പോഴും രാജീവ് അവന്റെ കണ്ണുകളിലേക്കു നോക്കി ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.
"ഡാ... നീ ഈ കോലത്തിൽ എങ്ങനെ ഡ്രൈവ് ചെയ്യാ... കാർ ഇവിടെ കിടക്കട്ടെ..., ഞാൻ ഡ്രോപ്പ് ചെയ്തേക്കാം നിന്നേ.."
"ഒന്നു പോടാ... കുടിച്ചാൽ വെളിവു പോകുന്നത് നിനക്ക്, കാറല്ല തീവണ്ടി വരെ വേണേൽ ഞാൻ ഓടിക്കും...!"
"ശരിയാ... നല്ല ഫിറ്റാ...! എന്തായാലും വേഗം വീട്ടിലെത്താൻ നോക്ക്. ഇല്ലേൽ ഇനി കെട്ടിലമ്മ എന്നെകാണുമ്പൊ മുഖം വീർപ്പിക്കും." എന്നു പറഞ്ഞു ശേഷമൊരു ഗുഡ് ബൈ യും പറഞ്ഞു ചെറുതായി ആടിക്കൊണ്ട് അനൂപ് പുറത്തേക്കു നടന്നു.
"ഡാ.. നിന്നെ ഞാൻ വീട്ടിലാക്കണോ...?" ആ പോക്ക് നോക്കികൊണ്ട് രാജീവ് വിളിച്ചു ചോദിച്ചു.
"ഒന്നു പോടാ ............ അനൂപിനിതു ആദ്യമല്ല" എന്നഭിമാനത്തോടെ പറഞ്ഞുകൊണ്ട് തിരിഞ്ഞു നോക്കാതെ അവൻ മുന്നോട്ടു നടത്തം തുടർന്നു.
രാജീവ് വീട്ടിലെത്താൻ അൽപ്പം സമയമെടുത്തു.
കാർ ഷെഡിൽ കയറ്റി പുറത്തിറങ്ങിയപ്പോഴേ കേട്ടു അനുമോളുടെ നീട്ടിയുള്ള കരച്ചിൽ.
അതു കേട്ടതും അവനു ചെറുതായി ശുണ്ഠി കയറാൻ തുടങ്ങി.
പറയുന്നത് ഒട്ടും ചെവികൊള്ളാതെയുള്ള അവളുടെ വാശി കൂടി കൂടി വന്നു തുടങ്ങിയേക്കുന്നു.
ഈയിടെയായി അനുസരണയും അൽപ്പം കുറഞ്ഞിട്ടുണ്ട്.
"ഒരുപാടു വൈകിയല്ലോ... ഞങ്ങൾ എത്ര സമയമായി കാത്തിരിക്കാ..." ഡോർ തുറന്നു അകത്തു കടന്നതും കുറ്റപ്പെടുത്തും പോലെ ദേവി പറഞ്ഞു.
"ഉം..." അവൻ വെറുതെ മുളിയാതെയൊള്ളു.
"കുടിച്ചിട്ടുണ്ടല്ലേ...?" ദേവി മണം പിടിച്ചു മണം പിടിച്ചു അവനരികിലേക്കു വന്നുകൊണ്ടു ചോദിച്ചു.
"ഉം... എന്തേ...??" കർക്കശ്യത്തോടെ അവനും തിരിച്ചു ചോദിച്ചു.
"എന്തിനാ ഈ പതിവില്ലാത്ത ശീലമൊക്കെ തുടങ്ങി വച്ചേക്കുന്നേ.... അപ്പൊ അതിനു വേണ്ടിയായിരുന്നല്ലേ എന്നേം മോളെയും പറഞ്ഞു പറ്റിച്ചേ...?!"
"ഇച്ചിരി കുടിച്ചു ശരിയാ, എന്നുകരുതി അതിത്ര പാപമൊന്നുമല്ല..." അവന്റെ ശബ്ദമുയർന്നു.
ദേവി അയാളെ മിഴിച്ചു നോക്കിപ്പോയി.
"എന്തുപറ്റി രാജീവേട്ടാ...? എന്തിനാ ഇങ്ങനെ കയർക്കുന്നേ...?" അവൾ അനുനയിപ്പിക്കുംപോലെ ചോദിച്ചു.
"പിന്നല്ലാതെ ഞാൻ എന്തു ചെയ്യണം...?" അവനവൾക്കുനേരെ തട്ടിക്കയറി.
"യ്യോ... പ്ലീസ്... മോൾ കേൾക്കും...!"
"മോ...ള്...! അവൾക്കും ഈയിടെയായി അൽപ്പം അഹന്ത കൂടിയിട്ടുണ്ട്...!"
"ഓഹോ...! മൂക്കുമുട്ടെ കുടിച്ചപ്പോഴാണോ ഈവക തിരിച്ചറിവൊക്കെ ഉണ്ടായേ...? അല്ല ഇത്രേം നാൾ പറഞ്ഞു കേൾക്കാത്ത പുതിയ അറിവായതുകൊണ്ട് ചോദിച്ചതാ...?"
"ആണെന്നു കൂട്ടിക്കോ... ഞാൻ സമ്മതിച്ചു... എന്നുകരുതി എന്നെ നീ ഒരു മുഴു കുടിയനാക്കി കളയല്ലേ...?" അവനൽപ്പം പരിഹാസത്തോടെ പറഞ്ഞു.
"ഞാനാണോ കുടിപ്പിച്ചേ...? സ്വയം കുടിച്ചു വന്നേക്കുന്നത് രാജീവേട്ടൻ തന്നെയല്ലേ...?"
"ആണെങ്കിൽ...!!? ഞാൻ പറഞ്ഞതാണല്ലോ നേരത്തെ. അൽപ്പം കുടിച്ചിട്ടുണ്ടെന്ന്, ഇല്ലേ...? അതിപ്പോ നീ പറയുന്നത്ര വല്യ തെറ്റായി എനിക്കു തോന്നുന്നില്ലാന്ന്."
"ശരിയാ..., സമ്മതിച്ചു..., തെറ്റിന്റെ വ്യാപ്തി അളന്നു ചിട്ടപ്പെടുത്തി എടുക്കൽ എനിക്ക് വശമില്ല.
അത്രവലിയ തെറ്റല്ലാന്നല്ലേ പറഞ്ഞെ... എങ്കിൽ ഇന്നുമുതലങ്ങോട്ടൊരു ശീലമാക്കിയേക്ക്, ഒന്നുല്ലേലും നാലുകാലിൽ വരുന്നതുകണ്ട് നാട്ടുകാർക്ക് പറഞ്ഞു ചിരിക്കെങ്കിലും ചെയ്യാല്ലോ..." അവളൊന്നു നിർത്തികൊണ്ട്
തുടർന്നു.
"രാജീവ് എന്തൊക്കെ ന്യായികരിക്കാൻ വേണ്ടി പറഞ്ഞാലും ഒന്നു ഞാൻ പറഞ്ഞേക്കാം, ഇങ്ങനെ നിസാരമായി കണ്ടു തുടങ്ങുന്നതു കൊണ്ടാണ് പലരും ഇന്നതു നിർത്താൻ കഴിയാതെ ബുദ്ധിമുട്ടുന്നത്, പറയാനുള്ളത് ഞാൻ പറഞ്ഞു ഇനി രാജീവേട്ടന്റെ ഇഷ്ട്ടം" ദേവിയും വിട്ടുകിടക്കാൻ ഭാവമില്ലായിരുന്നു.
"നീയൊന്നു നിർത്തുന്നുണ്ടോ...?"
"അല്ലേലും ഞാനില്ല തർക്കിക്കാൻ..., പക്ഷെ ഈ കൊച് എത്ര സമയം കൊണ്ടാ ഇതുപോലെ കാത്തിരിക്കാൻ തുടങ്ങിയെന്നറിയോ... അതിനെയെങ്കിലും ഒന്ന് മനസ്സിലാക്ക്"
"ആവശ്യമില്ലാത്ത വാശി നീതന്നെയല്ലേ പഠിപ്പിച്ചു വച്ചേ..."
"ആവശ്യമില്ലാത്ത വാശിയോ...? അവൾ അവളുടെ അച്ഛന്റെ കൂടെ പുറത്തു പോവാൻ വേണ്ടിയാ കാത്തിരിക്കുന്നേ... മാത്രോമല്ല അതു രാജീവേട്ടൻ അവൾക്ക് വാക്കും കൊടുത്തതല്ലേ...?"
"ഓക്കേ എങ്കിൽ ഞാൻ ആവാക്ക് ക്യാൻസൽ ചയ്തിരിക്കുന്നു പോരെ... ഇന്നിനി ഇങ്ങോട്ടും പോക്കില്ല.., പറഞ്ഞേക്ക് അവളോട്...!" എന്നും പറഞവൻ നേരെ കലിതുള്ളി അകത്തേക്കു കയറിപ്പോയി.
ദേവിക നേരെ കിച്ചണിലേക്കും.
"അപ്പാ...!"
രാജീവ് ടൈ അഴിക്കുന്നതിനിടയിൽ പിറകിൽനിന്നും അനുമോളുടെ വിളി വന്നു.
"ഉം...!" അവൻ തിരിഞ്ഞു നോക്കാതെ വിളി കേട്ടു.
"അപ്പൻ വാക്കു തന്നതല്ലേ..., നമുക്ക് പോവാം അപ്പാ..."
"എങ്ങോട്ട്...?" അവൻ തിരിഞ്ഞു ആക്രോശിച്ചു കൊണ്ട് അവളുടെ അരികിലേക്കു ചെന്നു.
"ഗിഫ്റ്റ് മേടിക്കാൻ പോവാം അപ്പാ..., പ്ലീസ്..."
"കയറിപോടീ അങ്ങോട്ട്... ഞാൻ പറഞ്ഞതല്ലേ ഇന്നിനി ഇങ്ങോട്ടും പോണില്ലാന്ന്...!"
"അപ്പാ പ്ലീസ് അപ്പാ..." അവൾ കെഞ്ചി.
"നിന്നോടല്ലേടി ഞാൻ പറഞ്ഞേ...? എന്താ നിനക്കിത്ര വാശി...?" എന്നു ചോദിച്ചുകൊണ്ടവൻ കൈ നിവർത്തി ഒറ്റയടി.
ആ നീക്കം അനുമോൾ ഒട്ടും പ്രധീക്ഷിക്കാത്തതായിരുന്നതിനാൽ അലറിക്കരഞ്ഞുകൊണ്ടവൾ പിറകിലേക്കു തല്ലിയലച്ചു വീണു.
അവനതു ഗൗനിക്കാതെ തിരിഞ്ഞുനിന്നു ഷർട്ട് അഴിച്ചു ഹാങ്ങറിലേക്കിട്ടു.
പാന്റ് അഴിക്കുന്നതിനിടയിൽ മോളുടെ നിലവിളികേട്ട് അങ്ങോട്ട് ഓടിവന്ന ദേവികയുടെ 'എന്റെ മോളേ' എന്ന നിലവിളി അവൻ കേട്ടെങ്കിലും അതു ഗൗനിക്കാതെ അവൻ ശ്രദ്ധ ഡ്രസ്സ് ചേഞ്ച് ചെയ്യുനതിലേക്കു തന്നെ തിരിച്ചു വിട്ടു.
"ഞാൻ എന്തെങ്കിലും പറഞ്ഞിട്ടുണ്ടേൽ അതിന്റെ ദേഷ്യം എന്റെ നേരെ എടുക്കണം, അല്ലാതെ ഈ കൊച്ചിനെ ഇതുപോലെ തല്ലിക്കൊല്ലാൻ നാണം ഇല്ലാതെ പോയല്ലോ എന്റീശ്വരാ നിങ്ങൾക്ക്...!" പറച്ചിലും കരച്ചിലും ഒപ്പം കഴിഞ്ഞിരുന്നു.
"ഒന്നു നിർത്തി പോവുന്നു....!" ദേഷ്യം ഇരച്ചുകയറിയ രാജീവ് വെട്ടി തിരിഞ്ഞു എന്തോ പറയാൻ വന്നതായിരുന്നു, പക്ഷെ അവിടെ ഒട്ടും പ്രധീക്ഷിക്കാതെ ചോരയിൽ കുളിച്ചു നിൽക്കുന്ന അനുമോളെ കണ്ടതും അവന്റെ കണ്ണുകളിൽ ഇരുട്ട് കയറാൻ തുടങ്ങി.
കുടിച്ച മദ്യമെല്ലാം നിന്ന നിൽപ്പിൽ ആവിയായി പോയിരുന്നു.
പെട്ടെന്ന് അവനിലെ പിതാവ് സടകുടഞ്ഞെണീറ്റു, ഓടിചെന്നവൻ തന്റെ മകളെ വാരിയെടുത്തു മാറോടു ചേർക്കാൻ തുനിഞ്ഞെങ്കിലും ദേവിക അവനു നേരെ ചീറി.
"തൊട്ടു പോകരുതവളെ...! നിങ്ങടെ സന്തോഷത്തിനു വേണ്ടി നിങ്ങൾ വരുന്നതും കാത്തു കാത്തു നിന്ന ഈ പാവത്തിനെ...!" അവൾക്ക് വാക്കുകൾ പൂർത്തീകരിക്കാൻ കഴിഞ്ഞില്ല.
കുറ്റബോധം കൊണ്ടവന്റെ തലതാഴ്ന്നു വന്നു.
"മോളേ... അനുമോളേ...!" നിലവിളിയോടെ ദേവിക തിരിഞ്ഞു അവളെ കുലുക്കി വിളിച്ചുകൊണ്ടിരുന്നു.
അവൾക്ക് അനക്കമൊന്നും കണ്ടില്ല.
"എന്റെ ദൈവമേ... രാജീവേട്ടാ മോള്..." സർവം തകർന്നപ്പോലെ അവൾ തിരിഞ്ഞു രാജീവിനെ നോക്കി മകളെ കോരിയെടുത്തു നേരേ പുറത്തേക്കോടി.
അവനും ദൃതിയിൽ അവളെ അനുഗമിച്ചു.
ഓടിച്ചെന്നു ഡ്രൈവിംഗ് സീറ്റിൽ കയറാൻ തുനിഞ്ഞ അവനെ പക്ഷെ അവൾ തട്ടി മാറ്റി.
"വേണ്ട... വണ്ടി ഓടിക്കണ്ട... കള്ളു കുടിച്ചതല്ലേ... തലയ്ക്കു വെളിവുണ്ടായിരിക്കണമെന്നില്ല..." കരച്ചിലോടെയും കുറ്റപ്പെടുത്തലോടെയും പറഞ്ഞുകൊണ്ടവൾ ഓടി കയറി കാർ സ്റ്റാർട്ട് ചെയ്തു.
ഒരു കുറ്റവാളിയെപോലെ അവൻ മോളെയും പിടിച്ചു മറുവശത്തിരുന്നു.
ദേവി കരഞ്ഞു കൊണ്ട് വണ്ടി ഓടിച്ചതല്ലാതെ ഒരക്ഷരം ശബ്ദിച്ചില്ല.
ഹോസ്പിറ്റലിൽ എങ്ങനെയാണ് എത്തിയതെന്ന് പോലും അവനു നിശ്ചയം ഇല്ലായിരുന്നു.
ഹോസ്പിറ്റലിൽ എത്തിയതും അത്യാഹിത വിഭാഗത്തിൽ പോലും കയറ്റാതെ നേരെ തിയേറ്ററിലേക്കാണ് അനുമോളെ കൊണ്ടുപോയത്.
അവിടെ അടഞ്ഞു കിടക്കുന്ന തിയേറ്ററിനു മുന്നിൽ നിരനിരയായി കിടന്നിരുന്നു കസേരകളിൽ അവർ രണ്ടുപേരും മാത്രം അവശേഷിച്ചു.
കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ദേവി രാജീവിനെ നോക്കി പറഞ്ഞു തുടങ്ങി.
"അന്നു സ്വന്തക്കാരെയും ബന്ധക്കാരെയും ഉപേക്ഷിച്ചു നിങ്ങടെ കൂടെ ഇറങ്ങി പുറപ്പെട്ടപ്പോ എനിക്കൊരു വിശ്വാസമുണ്ടായിരുന്നു, നിങ്ങളുടെ കൈകളിൽ എന്റെ സംരക്ഷണം ഉറപ്പായിരിക്കുമെന്ന്.., അതു ശരിയായിരുന്നു താനും. പക്ഷേ...!"
അവളെന്താണ് പറഞ്ഞു വരുന്നതെന്നു മനസ്സിലാവാതെ രാജീവ് കുറ്റബോധത്തോടെ അവളെ തുറിച്ചു നോക്കിയതല്ലാതെ ഒരക്ഷരം ഉരിയാടിയില്ല.
അവൾ തുടർന്നു..!
"നാളിത്രയുമായിട്ടും എന്റെ വീട്ടുകാരെ കാണാനോ അവരുടെ അരികിൽ പോവാനോ ഞാൻ വാശിപിടിച്ചിരുന്നില്ല, എത്രയായാലും സ്വന്തം അച്ഛനും അമ്മയുമല്ലേ ചെന്നു കണ്ടുകളയാം എന്നു പറഞ്ഞു നിങ്ങൾ നിർബന്ധിച്ചിട്ടു പോലും ഞാനതിനു കൂട്ടാക്കിയില്ല..."
"ദേവീ...!!"
"അതെന്തുകൊണ്ടാണെന്നറിയോ നിങ്ങൾക്ക്...? ഒരിക്കൽ കുടിച്ചിട്ടു വന്നു എന്റച്ഛൻ വഴക്കുണ്ടാക്കി പോയ കാര്യം നിങ്ങളെന്നോടു പറഞ്ഞിരുന്നില്ല, എങ്കിലും പക്ഷെ എനിക്കതറിയാൻ കഴിഞ്ഞിരുന്നു. ഇനിയും അതുപോലെ നാണം കെട്ടു തലതാഴ്ത്തി ഒരാളുടെ മുന്നിലും നിങ്ങളെ കൊണ്ടു നിർത്താൻ എനിക്കിഷ്ടമില്ലായിരുന്നു. കാരണം എനിക്കെല്ലാമായിരുന്ന നിങ്ങൾ എവിടെയും തോൽക്കരുതെന്ന് ഞാൻ ആഗ്രഹിച്ചു പോയി... അതുകൊണ്ട് മാത്രമാണ് ചില സന്തോഷങ്ങൾ എന്റെ ജീവിതത്തിൽ പോലും ഞാൻ വേണ്ടന്നു വച്ചത്..!"
"അതിനു ഞാനൊന്നും...!"
"ഇതിൽ കൂടതൽ ഇനി എന്തു വേണം രാജീവേട്ടാ...? ഇതിൽ കൂടുതൽ ഇനി എന്താ വേണ്ടേ...? കള്ളുകുടിച്ചുള്ള അച്ഛന്റെ പെരുമാറ്റം പരാക്രമണവും സഹിക്കാൻ കഴിയുമായിരുന്നില്ല ഞങ്ങൾക്ക്.
എന്തിന് എന്റെ നേർക്കുള്ള നോട്ടത്തിലും പെരുമാറ്റത്തിലും ഒരച്ഛന്റെ കണ്ണുകളല്ല അയാൾക്കെന്ന് മനസ്സിലാക്കിക്കഴിഞ്ഞ അമ്മ അതിനെ ചോദ്യം ചെയ്തതിൽ പ്രകോപിച്ചു മുഷ്ടി ചുരുട്ടി അമ്മയുടെ പിൻ കഴുത്തി അടിച്ചത് ഇന്നും എനിക്കോര്മയുണ്ട്.. എന്റെ കണ്മുന്നിലാണ് അന്ന് അമ്മ പിടഞ്ഞു തീർന്നത്, നിസ്സഹായയായി എനിക്കെല്ലാം കണ്ടു നിൽക്കാനേ കഴിഞ്ഞൊള്ളു.
മറക്കാൻ കഴിയില്ലായിരുന്നു അതൊന്നും... വെറുപ്പായിരുന്നു അയാളോട്, അന്നും ഇന്നും എന്നും.
ജന്മം തന്നല്ലോ എന്ന ഒറ്റ ഔദാര്യമേ ഞാനയാൾക്ക് കൊടുത്തിട്ടൊള്ളു.., അത്രയേ അയാൾ അർഹിച്ചിട്ടുമുള്ളൂ.
പക്ഷെ വർഷങ്ങൾക്ക് ശേഷം ഇന്നെനിക് ആ അച്ഛനെ വീണ്ടും കാണാൻ കഴിഞ്ഞു, ഒരൊറ്റ വ്യത്യാസമേ എനിക്കു കാണാൻ കഴിഞ്ഞൊള്ളു, ഇവിടെ വേദനിക്കപ്പെട്ടത് ഭാര്യക്കു പകരം സ്വന്തം മോളായിരുന്നെന്നു മാത്രം..!"
"ദേവീ....!" അമ്പരപ്പോടെ അവൻ അവളുടെ ഉള്ളം കൈ കവർന്നുകൊണ്ടു വിളിച്ചു.
"ഇന്നൊരു ദിവസം.... അതും അറിയാതെ പറ്റിപ്പോയതാ മോളേ... ഇനിയുണ്ടാവില്ല... തീർച്ച... എന്റെ മോളാണേ സത്യം..."
"മിണ്ടരുത്... നിങ്ങളുടെ മോളാണല്ലേ അവൾ....? എന്നിട്ട് ആ മോളെ ഒന്നു മനസ്സിലാക്കാനെങ്കിലും ശ്രമിച്ചോ നിങ്ങൾ...? വേണ്ടാ എന്തിനായിരുന്നു അവൾ വാശി പിടിച്ചു കരഞ്ഞതെന്ന് എന്നോടെങ്കിലുമൊന്ന് അന്വേഷിച്ചോ നിങ്ങൾ... ?"
"എന്തിനായിരുന്നു...? എന്തിനായിരുന്നു ദേവീ അവൾ...!?" ഗദ്ഗദംകൊണ്ട് അയാൾക്ക് വാക്കുകൾ വിങ്ങിപ്പോയി.
"അവളുടെയൊരു കൂട്ടുകാരി അച്ഛന്റെ ബർത്ത്‌ഡേക്ക് വാങ്ങിക്കൊടുത്ത ഗിഫ്റ്റ് കണ്ട അന്നുമുതൽ അവൾ എന്റെ പിന്നാലെ നടക്കുവായിരുന്നു രാജീവേട്ടന്റെ ബര്ത്ഡേയും അന്വേഷിച്ചു.
എന്നോടുപോലും പറഞ്ഞിരുന്നില്ല അവൾ, അത്രക്കുണ്ടായിരുന്നു അവളുടെ സസ്പെൻസ്. പക്ഷെ അച്ഛൻ വരാൻ വൈകുന്നതിലുള്ള അവളുടെ സങ്കടത്തിനിടയിൽ എപ്പോഴോ പൊട്ടിത്തെറിച്ചുകൊണ്ടാ അവൾ എന്നോടുപോലും അതു പറഞ്ഞേ, ഒരു ചുവന്ന ടൈ, ആ കളറിലൊരെണ്ണം രാജീവേട്ടന് ഇല്ല എന്നുപോലും അവൾ മനസ്സിലാക്കി വച്ചിരുന്നു....!" ദേവിയുടെ വാക്കുകൾ മുറിഞ്ഞു പോയിരുന്നു.
രാജീവിന്റെ കണ്ണുകൾ നിറയാൻ തുടങ്ങി.
"എന്റെ മോൾക്ക് അരുതാത്തതെന്തെങ്കിലും സംഭവിച്ചാൽ... ദൈവം പോലും പൊറുക്കില്ല...!"
രാജീവ് പക്ഷെ അവളുടെ വാ പൊത്തി പിടിച്ചു.
"ദേവീ.. പ്ലീസ്... അറിയാതെ... അറിയാതെ... പറ്റിപ്പോയി എനിക്ക്... ഞാൻ നിന്റെയും മോളുടെയും കാലിൽ വീണു മാപ്പു പറയാം... എങ്കിലും ദൈവദോഷം പറയല്ലേ... പ്ലീസ്..."
ആനിമിഷം തിയേറ്ററിന്റെ ചില്ലു വാതിൽ തുറന്നു ഡോക്ടർ പുറത്തേക്കു വന്നു.
രാജീവും ദേവികയും ചാടി എണീറ്റു.
"ഡോക്ടർ... എന്റെ... എന്റെ മോൾ...!?" അവൾ തുടിക്കുന്ന മനസ്സുമായി ഡോക്ടറുടെ അടുത്തേക്കോടി.
"ഞാനൊന്നു കണ്ടോട്ടെ ഡോക്ടർ അവളെ... പ്ലീസ്..." കരഞ്ഞു കൊണ്ട് കൈ കൂപ്പികൊണ്ടാണ് അവൾ അനുവാദം ചോദിച്ചത്.
"മേഴ്‌സി..." ഡോക്ടർ പേരെടുത്തു ഒരു സിസ്റ്ററെ വിളിച്ചു, അവർ വന്നു ദേവിയോട് എന്തൊക്കെയോ പറയാൻ തുടങ്ങി.
അവൾ പക്ഷെ തന്നെ വിട്ടു രാജീവിന്റെ അടുത്തേക്കു നീങ്ങിയ ഡോക്ടറെ ആയിരുന്നു ശ്രദ്ധിച്ചിരുന്നത്.
ഡോക്ടർ അതുശ്രദ്ധിക്കാതെ രാജീവിനെ ചേർത്തു പിടിച്ചു പതിയെ പറഞ്ഞു തുടങ്ങി.
"വീ ട്രൈഡ് അവർ ബെസ്റ്റ് രാജീവ്, ബട്ട് ആം സോറി...!"
അവൻ ഒന്നും മനസ്സിലാകാതെ ഡോക്ടറെ തുറിച്ചു നോക്കിനിന്നു.
"അവൾ പോയെടോ..., തിരിച്ചു കൊണ്ടുത്തരാൻ ഞങ്ങൾക്കു കഴിഞ്ഞില്ല ...!" അയാൾ അവന്റെ മുഖത്തു നോക്കാതെ അത്രയും പറഞ്ഞു നേരെ മുന്നോട്ട് നടന്നു.
ചങ്കു തകർന്നൊരു നിലവിളി പിന്നിൽ നിന്നും കേട്ടെങ്കിലും പിന്തിരിഞ്ഞു നോക്കാനുള്ള ശക്തിയില്ലായിരുന്നു രാജീവിനു. അപ്പോഴേക്കും കാറ്റിലുലഞ്ഞ വൃക്ഷം കണക്കെ അവൻ നിന്ന് ആടാൻ തുടങ്ങിയിരുന്നു.
ശുഭം
••••
✍️ ഷാൻ ബാബു ഓടക്കൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo