Slider

നാണിയമ്മ എന്ന മീൻകാരി

0
നാണിയമ്മ എന്ന മീൻകാരി
**********************************
ഒരു അവധി ദിവസം,വീടിന്റെ ഉമ്മറപ്പടിയിൽ മോനോട് കഥയും പറഞ്ഞു ഇരിക്കുമ്പോഴാണ് , നാണിയമ്മ മീൻകൊട്ടയും ചുമന്നു കൊണ്ട് അവിടേക്കു വരുന്നത് .
മോളെ ..മീൻ വേണോ ?....നല്ല മീൻ ആണ്.
ഓ ! വേണ്ട ചേച്ചീ ..എന്ന മറുപടി ശ്യാമ കൊടുത്തെങ്കിലും , അവർ വിടാനുള്ള ഭാവമില്ല .
മോളെ ..നല്ല മീൻ ആണ്, നല്ല പെട പെടക്കണ മീൻ ആണ് , വാങ്ങൂ മോളെ.
വേണ്ട ചേച്ചീ .. ഇവിടെ ആവശ്യത്തിനുള്ള മീൻ ഉണ്ട്.
എന്നിട്ടും നാണിയമ്മ വിടാനുള്ള ഭാവമില്ല.
അവർ പറഞ്ഞു, കൊട്ടയിൽ ഇത്രേം മീനേയുള്ളൂ.. ഇതും കൂടെ തീർന്നു കഴിഞ്ഞാൽ വേഗം വീട്ടിൽ എത്താമായിരുന്നു.
അവരുടെ മുഖത്തെ ദൈന്യത കണ്ടപ്പോൾ ശ്യാമ മീൻ മേടിക്കാം എന്ന് തീരുമാനിച്ചു. അവളുടെ ഭാര്തതാവ് രാഹുൽ വഴക്കു പറയുമോന്നായിരുന്നു അവളുടെ പേടി. വേറെ ഒന്നുംകൊണ്ടല്ല, തലേദിവസം ആണ് മീൻ വാങ്ങിയത്. ഇപ്പോഴും ബാക്കിയുണ്ട്. എന്നാലും ആ അമ്മൂമ്മയുടെ ശുഷ്കിച്ച ശരീരവും ദൈന്യതയാർന്ന നോട്ടവും അവഗണിക്കാൻ തോന്നുന്നില്ല.
രണ്ടും കൽപ്പിച്ചു അവൾ മീൻ മേടിക്കാൻ തീരുമാനിച്ചു.
എന്നാ ശരി, മീൻ എടുത്തോ, ഞാൻ ഇപ്പോൾ ചട്ടിയും കൊണ്ടുവരാം.
അതും പറഞ്ഞു ,ശ്യാമ വീടിനകത്തേക്കു പാത്രം എടുക്കാൻ പോയി. ആ സമയത്തു നാണിയമ്മ ശ്യാമയുടെ മോനോട് സംസാരിച്ചുകൊണ്ടിരുന്നു.
അപ്പോഴേക്കും, ശ്യാമ പാത്രവും, രൂപയും കൊണ്ട് വന്നു.
മീൻ മുഴുവൻ പാത്രത്തിലാക്കി കൊടുത്തുത്തതിനുശേഷം മീനിന്റെ വില നാണിയമ്മ മുണ്ടിന്റെ ഇടയിൽ തിരുകിയിരുന്ന പേഴ്സിൽ വച്ചു.
പോട്ടെ മക്കളെ, ഇനി പിന്നീട് വരാം എന്ന് പറഞ്ഞു നാണിയമ്മ തിരിയാൻ ഭാവിച്ചതും , ശ്യാമ നാണിയമ്മയോടു ചോദിച്ചു,
അമ്മൂമ്മേ , അമ്മൂമ്മയോടു ഒരു കാര്യം ചോദിക്കട്ടെ? ഇത്രേം പ്രായമായിട്ടും അമ്മൂമ്മ എന്തിനാ മീൻ വിൽക്കാൻ നടക്കുന്നെ? അമ്മൂമ്മക്ക് മക്കളില്ലേ. ഒരു പാട് ദൂരം നടന്നു, മീൻ കോട്ട തലയിൽ കേറ്റി, അതെല്ലാം വിറ്റു, വീട്ടിൽ ചെന്ന് കഴിഞ്ഞാൽ ശരീരം മുഴുവൻ വേദനിക്കില്ലേ?
അപ്പോൾ നാണിയമ്മ , ദീർഘനിശ്വാസം വിട്ടുകൊണ്ട്, വീടിന്റെ വരാന്തയിൽ ഇരുന്നു , അവരുടെ കഥ പറയാൻ തുടങ്ങി,
എന്റെ മോളെ,.. ഒന്ന് നിർത്തിക്കൊണ്ട് അവർ തുടർന്നു, എന്റെ കെട്ടിയോൻ , നന്ദിനിയ്ക്കു അഞ്ചു വയസുള്ളപ്പോൾ ആണ് മരിച്ചുപോയത്. കെട്ടിയോൻ പോയതിനുശേഷം , കെട്ടിയോന്റെ വീട്ടുകാർ ആരും തന്നെ എന്നെയും അഞ്ചു വയസായ എന്റെ മോളെയും തിരിഞ്ഞു നോക്കിയിട്ടില്ല. പറഞ്ഞിട്ട് കാര്യമില്ല.ഞങ്ങളെന്ന ബാധ്യത ഏറ്റെടുക്കുവാൻ അവർക്കു തടസ്സം സാമ്പത്തികം തന്നെ.
ഭാഗ്യത്തിനു, എന്റെ വീട്ടിൽ നിന്നും എനിക്ക് വിഹിതമായി കിട്ടിയ വീടും കുറച്ചു സ്ഥലവും ഉണ്ട്. പക്ഷെ, ഞങ്ങൾക്കു ജീവിക്കണ്ടേ… അതുകൊണ്ടു , ആരെയും ബുദ്ധിമുട്ടിക്കാതെ അധ്വാനിച്ചു ജീവിക്കാൻ തന്നെ തീരുമാനിച്ചു. അങ്ങനെയാണ് മീൻ കച്ചവടം തുടങ്ങിയത്. ജീവിക്കണം, നന്ദിനിയെ പഠിപ്പിക്കണം , അവളെ കെട്ടിക്കണം എന്നുള്ള കാര്യങ്ങൾ മുമ്പിൽ ഉള്ളതുകൊണ്ട്, രാവിലെ മുതൽ മീൻ വിറ്റു തീരുന്നതു വരെ ഞാൻ മീൻ കോട്ടയും കൊണ്ട് നടക്കും.
അപ്പോൾ , ശരീര വേദന ഉണ്ടാകില്ലേ അമ്മൂമ്മേ? ശ്യാമ ചോദിച്ചു.
പ്രാരാബ്ദങ്ങൾ ഉള്ളപ്പോൾ ശരീര വേദനയുടെ കാര്യം ആരു ഓർക്കുന്നു. മോളെ..
അപ്പോൾ നന്ദിനിയുടെ കാര്യം എങ്ങനെ?
ആ… നന്ദിനി പഠിക്കാൻ അത്ര മിടുക്കിയല്ലായിരുന്നു. കെട്ടിക്കേണ്ട സമയമായപ്പോൾ അവളെ കെട്ടിച്ചു. അവളുടെ കെട്ടിയോൻ ഒരു മരപ്പണിക്കാരനാണ്.
അപ്പോൾ അമ്മൂമ്മ ഒറ്റക്കാണോ വീട്ടിൽ താമസം. അതോ മകളുടെ കൂടെയാണോ?
അല്ല മോളെ. മകളും അവളുടെ ഭർത്താവും, അവരുടെ കൊച്ചും എന്റെ കൂടെയാണു താമസം.
അപ്പോൾ പിന്നെ എന്തിനാ അമ്മൂമ്മേ, മീൻ വിൽക്കുന്നത്. മരപ്പണിക്കാരനാണ് മരുമോനെങ്കിൽ നല്ല വരുമാനം ഉണ്ടാവുമല്ലോ.
നല്ല വരുമാനം ഉണ്ട് മോളെ…. എന്നാലും നമ്മൾ ആയിട്ട് അവരെ ബുദ്ധിമുട്ടിക്കരുതല്ലോ. അവർക്കു നമ്മൾ ഒരു ഭാരമാവരുതല്ലോ. ആരോഗ്യമുള്ളിടത്തോളം കാലം ഞാൻ മീൻ വിറ്റു ജീവിക്കും. എനിക്ക് അവരെ ആശ്രയിക്കാതെ , എന്റെ ആവശ്യങ്ങൾക്ക് നിറവേറ്റാൻ, അതായത് , ആശുപത്രിയിൽ പോകാനും , മരുന്ന് മേടിക്കാനും എനിക്ക് പറ്റുന്നുണ്ട്. ഞാൻ അവരെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കുന്നില്ല. അത് പറയുമ്പോൾ അവരുടെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കം ഉണ്ടായിരുന്നു.
ഇനി ഞാൻ പോകട്ടെ മോളെ. ഇപ്പോൾ ഒരു ബസ് ഉണ്ട്. അത് കിട്ടിയാൽ വേഗം വീട്ടിലെത്താം എന്ന് പറഞ്ഞു, കാലിയായ മീൻകൊട്ടയും കൊണ്ട് നാണിയമ്മ പോയി.
വീടുകൾ തോറും മീൻ വിറ്റു നടക്കുന്ന , ഒരു നേരത്തെ ആഹാരത്തിനും, മരുന്നിനും വേണ്ടി നടക്കുന്ന ഇവരോട് എങ്ങനെയാണു, വില പേശി വാങ്ങുവാൻ കഴിയുക. കുറഞ്ഞ വിലയ്ക്ക് അവർ തരുമെങ്കിലും, അവരുടെ ഉള്ളിൽ നിന്നും ഉയരുന്ന തേങ്ങൽ എങ്ങനെ കണ്ടില്ല എന്ന് നടിക്കും. ഇതുപോലുള്ള പാവപ്പെട്ടവരുടെ മേലെ നമുക്ക് വില പേശാൻ യാതൊരു മടിയുമില്ല. ഇക്കാര്യത്തിൽ , നമുക്ക് യാതൊരു അഭിമാന പ്രശ്നവും ഉദിക്കുന്നില്ല. ഞാനുൾപ്പെടെയുള്ള ആളുകൾ ,സാധാരണക്കാരിയായ മീൻ കാരിയോട് തോന്നാത്ത അഭിമാനപ്രശ്നം വലിയ വലിയ മാളുകളിൽനിന്നോ, വൻകിട ഷോപ്പുകളിൽനിന്നോ സാധനം വാങ്ങുമ്പോൾ ഉയർന്നു വരും. ഇങ്ങനെ ഓരോന്ന് ഓർത്തുകൊണ്ട് ശ്യാമ മീൻ വൃത്തിയാക്കാൻ തുടങ്ങി.
സുമി ആൽഫസ്
***************************
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo