Slider

ഓർമയുടെ ചില്ലുകുപ്പി

0
രാവിലത്തെ പണികളെല്ലാം ഒതുക്കി എഫ്ബിയിൽ മുഴുകിയിരിക്കുമ്പോൾ ആണ് ജനാലയുടെ ഗ്ലാസിൽ എന്തോ ശക്തിയായി ചിതറി തെറിക്കുന്ന പോലുള്ള ശബ്ദം കേട്ടത്. എന്താണെന്നറിയാതെ കുറച്ച് നേരം അങ്ങനെ ഇരുന്നു. മഴത്തുള്ളികൾ ചില്ലിൽ തട്ടിത്തെറിക്കുന്ന ശബ്ദം ആണതെന്ന് മനസിലാക്കിയപ്പോൾ മനസ്സിനുള്ളിൽ ആകെ ഒരു കുളിർമ. വേഗം എഴുന്നേറ്റ് ജനലരികിൽ പോയി പെയ്തൊഴിയുന്ന മഴയും നോക്കി നിന്നപ്പോൾ മനസ്സ് ഒരു കൊച്ചുകുട്ടിയെപ്പോലെ തുള്ളിച്ചാടി. ഈ മണലാരണ്യത്തിൽ ഇങ്ങനെയൊരു കുളിർമയുള്ള കാഴ്ച വല്ലപ്പോഴും മാത്രം വീണ് കിട്ടുന്ന സൗഭാഗ്യം ആണല്ലോ. മണലാരണ്യങ്ങളിൽ തണുപ്പ്കാലം വിരുന്നെത്തുന്നത് ഇങ്ങനെ ഒരു മഴയുടെ അകമ്പടിയോടു കൂടി ആയിരിക്കും.
കണ്ണെത്താത്ത ദൂരത്തിൽ ആകാശത്തിലൂടെ ഒഴുകിനടക്കുന്ന പെയ്യാൻ വിതുമ്പി നിൽക്കുന്ന മേഘങ്ങളിൽ നിന്നും യാത്ര തുടങ്ങി ഇങ്ങു താഴെ ഭൂമിയിലേക്ക് വന്നു പതിക്കുന്ന മഴതുള്ളികൾക്ക് ഒരു താളമുണ്ട്.ആ സംഗീതം ആവോളം ആസ്വദിച്ച് ആ മഴനൂലുകളിലേക്ക് കണ്ണും നട്ടിരുന്നപ്പോൾ ഞാൻ അറിയാതെ എന്റെ മനം എപ്പോഴോ എന്നെ ആ പഴയ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ട് പോയി.
നാട്ടിലെ മഴക്ക് എന്തൊക്കെ ഭാവങ്ങൾ ആയിരുന്നു. നിമിഷനേരം കൊണ്ട് ശാന്തസുന്ദരിയായും ഉഗ്രരൂപിണിയായും അവൾ മാറിമറിയുന്നത് ഇന്നും എനിക്കൊരു അത്ഭുതക്കാഴ്ച്ച ആണ്. എന്താണെന്നറിയില്ല ഇവിടുത്തെ മഴ കണ്ടാൽ നഷ്ടബോധത്തിന്റെ കണ്ണീർപെയ്ത്തായിട്ടാണ് എനിക്ക് തോന്നാറുള്ളത്. നനഞ്ഞൊലിച്ച ഓര്‍മ്മകളില്‍ ഇരമ്പിയെത്തുന്ന മഴക്ക്‌ ഒരായിരം വര്‍ണങ്ങളുണ്ട്‌,സംഗീതമുണ്ട്‌, സൗന്ദര്യമുണ്ട്‌. ഒരു പക്ഷെ നമ്മൾ മലയാളികൾക്ക് മാത്രം മനസ്സിലാകുന്ന ഒരായിരം ഭാവങ്ങൾ.
ഓർമകളെ ഈറനണിയിച്ചുകൊണ്ട് പതിഞ്ഞു പെയ്യുന്ന മഴ. പെട്ടന്നുണ്ടായ ഒരു ഉൾപ്രേരണയാൽ പതിയെ ജനൽ തുറന്ന് ഞാൻ കൈകൾ പുറത്തേക്ക് നീട്ടി. കൈക്കുമ്പിൾ നിറഞ്ഞ് കൈകളിലൂടെ താഴോട്ട് ഒഴുകി ഇറങ്ങിയ മഴത്തുള്ളികൾക്ക് നഷ്ട്ടപെടലിന്റെ നനവ് ആയിരുന്നു. വർഷങ്ങൾക്കും ഓർമ്മകൾക്കും അകലെ ഇന്നും ഞാൻ തിരയുന്ന ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലാത്ത എന്റെ നഷ്ടബാല്യത്തിൻ്റെ നനവ്.
അമ്മയുടെ അടിയുടെ പേടി നന്നായിട്ടുണ്ടെങ്കിലും അതെല്ലാം മറന്ന് കൂട്ടകാർക്കൊപ്പം കളിവീട് ഉണ്ടാക്കിയും മണ്ണപ്പം ചുട്ടും കണ്ണാരംപൊത്തിയും കളിച്ചു നടന്ന കുട്ടിക്കാലം. മഴക്കാറിനൊപ്പം വീശിയടിക്കുന്ന കാറ്റിൽ ഞെട്ടറ്റു വീഴുന്ന മാമ്പഴങ്ങൾക്കും പേരക്കകൾക്കും വേണ്ടി മത്സരിച്ചുള്ള ഓട്ടം. പങ്കിട്ടെടുത്ത മൂവാണ്ടൻ മാങ്ങയുടെ ചെന പൊള്ളിച്ച ചുണ്ടുകളാൽ മധുരമാമ്പഴം നുണഞ്ഞ് കഴിച്ചിരുന്ന ആ കാലം ഓർമയിൽ പോലും മധുരം നിറക്കുന്നു.
മഴ പെയ്തൊഴിയുമ്പോൾ തൊടിയിൽ ഉറവ പൊട്ടുന്ന വെള്ളത്തിൽ തുമ്പപ്പൂക്കളും കടലാസ്സ്‌വഞ്ചികളും ഒഴുക്കിവിട്ടും, വെള്ളത്തിൽ ജീവനുവേണ്ടി പിടക്കുന്ന ചോണനുറുമ്പുകളെ പ്ലാവില ഇട്ട് രക്ഷപെടുത്തിയും, ഒഴുകി നീങ്ങുന്ന നീർകുമിളകളുടെ ഭംഗി നോക്കിയും, ചേമ്പിലകളിൽ ഉരുണ്ട് നടക്കുന്ന പളുങ്ക് മണികളെയും കണ്ണിലെഴുതാൻ മഴത്തുള്ളി ചെടികളെ തേടി അലഞ്ഞും മഴയെ ഒരു ഉത്സവമാക്കിയ കുട്ടിക്കാലം. മുറ്റത്ത് പൂത്തുലഞ്ഞ് നിന്നിരുന്ന കുടമുല്ലയിൽ നിന്നും കൊഴിഞ്ഞുവീണ പൂക്കൾ പെറുക്കി മാലകോർത്തതും, ഒളിച്ചിരുന്ന് പാടുന്ന കുയിലിനൊപ്പം എതിർപാട്ട് പാടിയതും, നട്ടു വെച്ച ചെടികൾക്ക് വേര് കിളിർത്തുവോ എന്നറിയാൻ ആരും കാണാതെ പിഴുത് നോക്കിയതും അങ്ങനെയങ്ങനെ ഇന്നും ചുണ്ടിൽ ചിരി വിടർത്തുന്ന ഒരിക്കലും മറക്കാനാവാത്ത എത്രയെത്ര ഓർമ്മകൾ.
അഞ്ച് വയസുകാരനായ എന്റെ മകൻ ആദിക്ക് മഴ എന്നാൽ ഇച്ചിച്ചീ ആണ് , അവന്‍റെ ഉടുപ്പെല്ലാം നനയ്ക്കുന്ന, ഷൂവിൽ അഴുക്ക് പറ്റിക്കുന്ന ഡേർട്ടി റെയിൻ. അവനറിയില്ലല്ലോ ഇതിലും കോരിച്ചൊരിയുന്ന മഴയത്ത് കുടയുണ്ടായിട്ടും മനപ്പൂർവം നനഞ്ഞ് കുതിർന്ന്, ചെരിപ്പ് പോലും ഇടാതെ മഴയിൽ തുള്ളിക്കളിച്ച് നടന്ന ഈ അമ്മക്ക് മഴയെന്നാൽ അവനൊരിക്കലും അനുഭവിക്കാൻ ഭാഗ്യം ലഭിക്കാത്ത സ്വപ്നതുല്യമായ ഒരു ബാല്യകാലത്തിന്റെ ഓർമപ്പെടുത്തൽ ആണെന്ന്.
ഓർമയുടെ ചില്ലുകുപ്പിയിൽ വിവിധ വർണ്ണങ്ങളിൽ ഉള്ള വളപ്പൊട്ടുകൾപോലെ ഇന്നും ഞാൻ സൂക്ഷിക്കുന്ന എന്റെ ആ മധുര ബാല്യത്തിന്റെ ഓർമക്കായി അറിയാതെ കൊതിച്ച് പോകുന്നു ഈ മഴ ഒരിക്കലും തോരാതിരുന്നെങ്കിൽ....

Deepthi
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo