നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അമ്മയും അമ്മയുടെ മക്കളും

അമ്മയും അമ്മയുടെ മക്കളും
വളരെ ഹൃദയ വേദനയോടെയാണ് ഞാൻ ഇതെഴുതുന്നത്.. മക്കൾ ജീവിച്ചിരിപ്പുണ്ടാവുമ്പോൾ തന്നെ വേറെ മക്കൾ ഉണ്ടാവുക ഒന്നാലോചിച്ചു നോക്കു. അച്ഛനും അമ്മയ്ക്കും ഞങ്ങൾ രണ്ടുപേരല്ലാതെ വേറെ മക്കളില്ല എന്നായിരുന്നു ഇതുവരെയുള്ള എന്റെ അറിവ്. അവരെ വീട്ടിലേക്ക് കൊണ്ടുവരുന്നത് വരെ. ചേച്ചി അന്നേരം വീട്ടിൽ ഉണ്ടായിരുന്നില്ല ഞാൻ മാത്രമായിരുന്നു ഏക ദൃക്‌സാക്ഷി. ആ കാഴ്ച കണ്ടപ്പോൾ എന്തുപറയണം എന്നറിയാതെ ഞാൻ നിന്നു. താഴെ ഒരു കൂട്ട് വേണമെന്ന് എന്നും ആഗ്രഹിച്ചിരുന്നു പക്ഷേ....
അവരെ തൊട്ടും തലോടിയും അമ്മ എന്നോട് ചോദിച്ചു..
" ഇവർക്ക് എന്തു പേരിടാം ??"
" മണികുട്ടനും, മണിക്കുട്ടിയും "..
ഞാൻ നിസ്സംഗത നിറഞ്ഞ ഭാവത്തിൽ പറഞ്ഞു.. സ്വന്തം അച്ഛനിട്ടുതന്നെ താങ്ങണം മോളേ എന്ന രീതിയിൽ അച്ഛൻ കത്തിക്കുന്നൊരു നോട്ടം..
അച്ഛൻ അല്ലേ കൊണ്ടുവന്നേ അനുഭവിച്ചോ എന്നർത്ഥത്തിൽ ഞാനും നോക്കി.. അല്ല പിന്നെ !!!!
" അതൊന്നും വേണ്ട
അർജുനൻ, അമൃത ആ പേരുകൾ മതി.. "അമ്മയുടെ കമെന്റ്..
അയ്യോ എന്തിനാ അതായിട്ട് കുറയ്ക്കുന്നേ ? അഭിഷേകും, വർഷയും എന്നിടാം..
വേണ്ട വർഷ ആള് ഭീകരിയാ !!കൊടും ഭീകരി !! നമുക്ക് അമൃത മതി എന്നു പറഞ്ഞു അമ്മ അച്ഛന്റെ കൈയിൽ നിന്നു കയർ വാങ്ങി കെട്ടിയിട്ടു..
ഒരു കുഴപ്പം മാത്രം സീരിയലിലെ അർജുനനെ പോലെ മോങ്ങുന്ന ആളല്ല. സമയത്തിന് തീറ്റ കിട്ടിയില്ലെങ്കിൽ അടുത്തേക്ക് പോവുന്നയാളെ കുത്തി തെറിപ്പിക്കാൻ കഴിവുള്ളവനാ..
അമൃതയും വിട്ടാപുള്ളിയല്ലട്ടോ. അടുക്കളയിൽ അമ്മയുടെ നിഴലനക്കം കണ്ടാൽ തനിക്കു തിന്നാൻ എന്തെങ്കിലും കൊണ്ടുവരും എന്നു കരുതി തൊള്ള തുറക്കുന്ന മുതലാണ്.
പിന്നെ ഇവിടെ അർജുൻ വെളുത്തിട്ടും, അമൃത കറുത്തിട്ടുമാണ് അപ്പോൾ ശെരിക്കും ബാലചന്ദ്രനും, കാർത്തികയും എന്നാണ് വിളിക്കേണ്ടത്.ആ സമയത്തു അമ്മയ്ക്ക് ആ ബുദ്ധി തോന്നാത്തതിൽ ഈശ്വരനോട് നന്ദി പറയുന്നു.
അവര് വന്നതിന്റെ ആദ്യത്തെ മൂന്നു ദിവസം ഒച്ചയും ബഹളവുമായിരുന്നു. എങ്ങോട്ടു തിരിഞ്ഞാലും അവർ മാത്രം..രണ്ടുപേരും ഒരുമിച്ചു ചേർന്നാൽ കുറുമ്പും. അതിനിടയിൽ അമ്മയുടെ പരാതി ഉയർന്നു.. മേയ്ക്കാൻ കൊണ്ടുപോവുമ്പോൾ തീറ്റയൊന്നും ഇഷ്ട്ടമാവുന്നില്ല പോലും, ഒന്നും കഴിക്കുന്നില്ല വീട്ടിൽ തിരിച്ചെത്തിയാൽ കരച്ചിലും, തട്ടും, മുട്ടും മാത്രം ബാക്കി..
വൈകുന്നേരം ചായ കുടിക്കുമ്പോൾ അമ്മ അച്ഛനോടായി പറഞ്ഞു..
" നമുക്ക് അമൃതയെ കൊടുത്തിട്ട് വേറെ ഒന്നിനെ വാങ്ങണം ! അവൾക്കു ഒരു അനുസരണയില്ല...
" കരുമി എന്നു പറയടി "!"അവളുടെ ഒരു അമൃത !!ആട്ടിൻ കുട്ടിയെ വിളിക്കുന്ന പേരാണ് അമൃത !എണീറ്റു പൊക്കോ എന്റെ മുൻപീന്നു "
അതോടെ പേരിനൊപ്പം തന്നെ അച്ഛന്റെ പൊന്നോമനയായ കരുമിയെ വിൽക്കാനുള്ള ശ്രമവും അമ്മ ഉപേക്ഷിച്ചു.
പിറ്റേന്ന് മുതൽ ഒരു പക്ഷഭേദവും കാണിക്കാതെ അമ്മ അവരെ പരിചരിക്കാൻ തുടങ്ങി.. കാലത്ത് 5 നു അമ്മ എണീക്കുമ്പോൾ തന്നെ അവരും കൂടെ എണീക്കും. 7 മണിക്ക് കണ്ണു തുറക്കുന്ന എന്നോട് അവരെ കണ്ടുപഠിക്കാൻ പറഞ്ഞിട്ടുണ്ട്.. 7. 15 നു എനിക്ക് ചായ തന്നാൽ ഉടനെ അവർക്ക് കാടിവെള്ളം കൊടുക്കും !! എന്തിനും ഒരു സാമ്യം ഉള്ളതുപോലെ.
അച്ഛൻ കൊണ്ടുവന്ന പലഹാരപ്പൊതി ആർത്തിയോടെ തുറന്നെടുത്ത എന്റെ തലക്കിട്ടു ഒരു കൊട്ടുതന്നിട്ട് പറഞ്ഞു
" അമ്മുവിന് കൊണ്ടുപോയി കൊടുക്കാൻ "
ചേച്ചിയുടെ മോനെ അമ്മ വിളിക്കുന്ന പേരാണ് അമ്മു ! അവൻ വന്നെന്നു കരുതി റൂമിലേക്ക്‌ പോയി നോക്കിയ എന്റെ കൈപിടിച്ച് അടുക്കളയുടെ തെക്കുഭാഗത്തുള്ള ആട്ടിൻ തൊഴുത്തിലേക്കുള്ള വഴി കാണിച്ചു തന്നു. !! അച്ഛന് പേര് ഇഷ്ടമാവാത്തതു കൊണ്ട് പേര് മാറ്റിയത്രേ ! അമ്മുവും, കുഞ്ഞുവും !! രണ്ടും ചേച്ചിടെ മോനെ വിളിക്കുന്നതാ അവളിതു കേട്ടാൽ വാളെടുത്തുറയും തീർച്ച !!
തീർന്നില്ല രാത്രി ഉറങ്ങുന്നതിനു മുൻപ് അവരുടെ അടുത്തേക്ക് പോവും..
" അമ്മുസേ നിന്റെ വയറു നിറഞ്ഞോടാ ?
" കുഞ്ഞുനോടൊപ്പം അടികൂടല്ലട്ടോ.... "
കൊതുക് കുത്തിയാൽ വിളിക്കണം !! ഏങ്ങനെ വിളിക്കണം എന്നു പറയണ്ടല്ലോ അവർ അമറിക്കോളും !
രാത്രി ഒന്നും കണ്ടു പേടിച്ചു കരയരുത്.. അമ്മ കാലത്ത് വരാട്ടോ "
പിന്നെ രണ്ടുപേർക്കും ഒരു മുത്തം !! ശുഭം !
നേരെ എന്റെ മുറിയിലോട്ടു വരും..
ഞാൻ അടുക്കളയിലെ ലൈറ്റ് അണക്കാൻ പോവുന്നു. വല്ലതും വേണേൽ ഏടുത്തു കഴിക്ക്.. കഴിക്കാൻ വിളിച്ചാൽ വരില്ല.. പാതിരാത്രി വരെ ലൈറ്റ് ഇട്ടുവച്ചാൽ കറന്റ്‌ ചാർജ് കൂടും.. രാത്രി 9 മണിയെ ആണ് പാതിരാത്രിയെന്നു പറയുന്നതെന്ന് ഓർക്കണം !!
അമ്മയുടെ കൂടെ എങ്ങോട്ടെങ്കിലും പോവുന്നത് തന്നെ ചടങ്ങാണ്. മൂപ്പത്തിക്ക് ഇഷ്ട്ടമുള്ള ഡ്രസ്സ്‌ ഇടണം, പറയുന്നത് പോലെ മുടി ഒതുക്കണം, കണ്ണെഴുതണം, വലിയ പൊട്ടുവയ്ക്കണം, അതിനു മുകളിൽ ചന്ദനക്കുറി വേണം... ഹോ ഓർക്കാൻ വയ്യ !!.
ഇതൊന്നുമില്ലാതെ എന്നെ കൊണ്ടുപോവുന്നത് ആശുപത്രിയിലേക്കാണ്.. ഇടയിൽ പനി വന്നപ്പോൾ ആശുപത്രിയിൽ പോയി.. ഡോക്ടറെ കാണുമ്പോഴും, മരുന്ന് വാങ്ങുമ്പോഴൊക്കെ അമ്മയുടെ ചിന്ത അവരെ കുറിച്ചായിരുന്നു, നേരത്തിനു വെള്ളം കൊടുക്കാൻ ആരുമില്ലെന്ന് തനിയെ പറഞ്ഞു..
എല്ലാ പരിപാടിയും കഴിഞ്ഞു ബസ് കേറാൻ പോവുമ്പോൾ അകലത്തിലുള്ള ഒരു ബന്ധുവിനെ കണ്ടു.. ഓരോ വിശേഷങ്ങൾ അന്വേഷിക്കുന്നതിനിടയിൽ അവര് ചോദിച്ചു എത്ര മക്കളാണെന്ന്‌..
4 മക്കൾ... 3 പെണ്ണ് 1 ആണ്.. മൂത്തവളുടെ കല്യാണം കഴിഞ്ഞു.. ഇവളും, ഇവൾക്ക് താഴെ രണ്ടുപേരും... അവര് പഠിക്കുന്നു.. " എന്നിട്ട് അമ്മ എന്നെ നോക്കി..
ആണോ എന്ന രീതിയിൽ ഞാനും... ആ മക്കൾ ആരാന്നു ഞാൻ പറയണ്ടല്ലോ ലേ ??
NB; എല്ലാ ചരാചരങ്ങളെയും സ്വന്തം മക്കളായി സ്നേഹിക്കുന്ന എല്ലാ അമ്മമാർക്കും വേണ്ടി സമർപ്പിക്കുന്നു..

രഞ്ചുഷ മണി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot