നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആ മഴയും അനേകം പേരും

ആ മഴയും അനേകം പേരും
……………………………….
ഒരു ദിവസം മൂന്നു മണി നേരത്ത് അവിടെ കൂടിയിരുന്ന ധാരാളം മിഴികൾക്കു മീതേ കരയുകയായിരുന്ന മാനത്ത് നിന്നും താഴേക്ക് പൊഴിഞ്ഞ ശക്തി കൂടിയ മഴത്തുള്ളികളേറ്റ് കുറേ മണ്ണ് അരികിൽ നിന്നും താഴേക്ക് താഴേക്ക് തെന്നി ഉരുണ്ടിറങ്ങുകയും കലക്ക വെള്ളത്തിൽ പതഞ്ഞ് പൊങ്ങുകയും ചെയ്തു. അതേ സമയം ആരുടെയൊക്കെയൊ കൈ പത്തികൾ മുഖത്ത് സ്വന്തം പിരികത്തിനു തൊട്ടു മുകളിലേക്ക് പോവുകയും അതിനുതാഴെയുള്ള കണ്ണുകളിൽ പലതും ആകാശത്തേ നോക്കുകയും ചെയ്തു.
അതൊരു നല്ല സൂചനയാണ് അല്ലെ ശാമുവേൽ അതൊരു നന്മയുടെ ഫലമാണ്. അല്ലെ?
ആരോ ആരോടൊ ചോദിക്കുന്ന വളരെ ദൂരെ നിന്നും കേട്ട ഒരു ചോദ്യം.അതിനെക്കുറിച്ചാ
ലോചിച്ച് തന്റെ അൽപ്പം വലിപ്പം കൂടിയ നനഞ്ഞു കുതിർന്ന പാൻസ് ചുരുട്ടി കേറ്റാതെ ,അത് തണുത്ത് കനം വച്ച് കിടക്കുന്നത് ഒട്ടും ശ്രദ്ധിക്കാതെ തിരികെ നടന്ന് ബസ്റ്റോപിലെത്തി ദൂരേക്ക് നോക്കി നിൽക്കുമ്പോൾ അയാൾക്കും തോന്നി.
“അത് നല്ല സൂചനയാണ് ഒരു നൻമയുടെ ഫലമാണ്. അതു കൊണ്ടാണ് ആകാശം കരയുന്നത്."
യാതൊരു പരിചയവുമില്ലാത്ത വഴി.യാതൊരു പരിചയവുമില്ലാത്ത വളവ് .മഴ നേർത്ത പുകമറയിട്ട വഴിയുടെ ഇടത്തും വലത്തുമായി ഓരോ വെയിറ്റിങ്ങ് ഷെഡുകൾ മുഖത്തോട് മുഖം നോക്കി നിൽപ്പുണ്ട്. ആരും കാത്തു നിൽക്കാനില്ലാതെ ദ്രവിച്ച കുമ്മായ കൂട്ടുകൾക്കിടയിലും മഴവെള്ളം ചോരാതെ കാത്ത മേൽക്കൂരയെ പറ്റിച്ച് സിമൻറുതറയിൽ വീണ കുറേ മഴതുള്ളി പാടുകൾ. അതിനുള്ളിൽ ഇരുവശത്തേക്കും നോക്കി സമയം പോകെ ഒരു പഴഞ്ചൻ ബസ് വലിഞ്ഞു വലിഞ്ഞ്
ആ മനുഷ്യന്റെ മുന്നിലെത്തി നിന്നു. വെയിറ്റിങ്ങ് ഷെഡിൽ നിന്നുമിറങ്ങി കൈ തലയിൽ വച്ച് കോരിച്ചൊരിയുന്ന മഴയിൽ കൂടി മുന്നിലും പിന്നിലും വാതിലുകളെന്നു തോന്നിക്കുന്ന തുറക്കാതെ കിടന്നിരുന്ന തകരപ്പാട്ടകളിൽ ആഞ്ഞിടിച്ചപ്പോൾ അതിലേതൊ ഒന്ന് അയാൾക്കായി തുറക്കപ്പെട്ടു.
“ ..ഇതൊരു പഴയ വണ്ടിയാണ് ഇങ്ങനെ ആധിപിടിച്ച് കേറാൻ വരുന്നവർക്ക് ഒരു വിചാരമുണ്ട് നിരത്തി ഇടിച്ചാൽ പെട്ടന്നങ്ങ് കേറാന്ന് അതൊട്ടും നല്ലതല്ല. ഇത്തിരി ബുദ്ധിമുട്ടാ ഇത് തുറക്കാൻ.
ആ സ്ത്രീക്ക് അതൊട്ടും ഇഷ്ടപെട്ടില്ല എന്നു തോന്നുന്നു .എന്തോ അയാൾ മുഖം ഉയർത്തു ന്നതിനു മുൻപെ അവർ പറഞ്ഞു കഴിഞ്ഞിരുന്നു.
ഇളം നീല യൂണിഫോം .അതിനു ചേരുന്ന തരം കർക്കശ്യം നിറഞ്ഞ മുഖവുമായി മുൻപിൽ നിൽക്കുന്ന ഒരു നാൽപ്പതുകാരി .അവരുടെ കൈയ്യിൽ ഒരു പഴയ ടിക്കറ്റിംഗ് മെഷീൻ. അകത്ത് വന്ന ആദ്യ കാഴ്ച തന്നെ ഒരു കല്ലുകടിപോലെ തോന്നി. അയാളാകെ നനഞ്ഞിരുന്നു. മഴവെള്ളം ഇറ്റുവീഴുന്ന
കോട്ടൺ തുണിക്ക് വല്ലാത്ത കനം.
താനെവിടെയാ വീണത് .? അവർ വീണ്ടും ചോദിച്ചു. വളരെ പരുഷമായ ചോദ്യം
"ഞാനെങ്ങും വീണില്ല ഇത് മഴ നനഞ്ഞതാണ്.
ഒരു പതിഞ്ഞ ശബ്ദത്തിൽ അയാൾ പറഞ്ഞു.
എന്തോ അതവർക്ക് വിശ്വാസമായില്ല എന്നു തോന്നുന്നു. ആ വരവിൽ പിറുപിറുത്ത് അവർ പിൻഭാഗത്തേക്ക് നീങ്ങി. എന്താ അവർ അങ്ങനെ പറഞ്ഞത് അയാൾ ആലോചിച്ചു. പിന്നെ കോട്ടിൽ മൂക്ക് തൊട്ട് മണത്തു .അതിനൊരു ചേറ്റുമണം. അലക്കിയില്ലെ ഇന്നലെ ? അയാൾ വീണ്ടും ചിന്തിച്ചു. പിന്നെ പോക്കറ്റിന്റെ തുമ്പിലിരുന്ന ഒരു നനഞ്ഞ ഇല വിരൽ കൊണ്ട് തട്ടി ആ വണ്ടിയിലാകെ കണ്ണോടിച്ചു. കണ്ണിന് അത്ര തെളിച്ചം പോര കാഴ്ചകൾ വ്യക്തമാവാ ത്തതുപോലെ അയാൾ കണ്ണു തിരുമി.
ഒരുപാടാളുകൾ ഒന്നുമില്ല .വളരെ ചെറിയ ഒരു ബസ്സാണത് . വാതിലിനോട് തൊട്ടു ചേർന്ന് പ്രായമുള്ള അപ്പച്ചൻമാർ ഇരിക്കുന്ന സീറ്റ്. അവിടെ മൂന്നു പേർ ഇരിപ്പുണ്ട്. അവർ മാത്രം ചെറുതായി ചിരിച്ചു .എന്തോ അവരെ കണ്ടു പരിചയമുണ്ട് പോട്ടെ അയാൾ തിരിച്ച് അവരെ നോക്കിയും ചിരിച്ചു. അതിനു തൊട്ടു മുന്നിൽ ഒരു യുവതി ഒറ്റക്കിരുപ്പുണ്ട്. അവൾ കരയുന്നുണ്ടോ അയാൾ ഒന്നു പാളി നോക്കി. ഉവ്വ് അവർ കരയുന്നുണ്ട്. മഴതുള്ളി വീണതു പോലെ കണ്ണിൽ നിന്നും ചെറിയ നീരൊഴുക്ക്. മോഡേൺ ഡ്രസ് ധരിച്ചാണിരുപ്പ് .നല്ല പരിചയം തോന്നി സ്ഥിരമായി കാണുന്ന മുഖം പക്ഷെ എത്ര ആലോചിച്ചിട്ടും ഓർമ്മ കിട്ടുന്നില്ല .അപ്പോഴാണ് ശ്രദ്ധിച്ചത് ആ ജനലിന്റെ മാത്രം ഷട്ടർ ഇട്ടിരുന്നില്ല. തുറന്നു കിടന്നിരുന്ന ചെറു വാതിലിൽ കൂടി ഇരുണ്ട പ്രകാശരശ്മിയും മഴവെള്ളവും അകത്തേക്ക് വീഴുന്നുണ്ട്. ആ പെൺകുട്ടിയാവട്ടെ മുഖത്തും ശരീരത്തിലും വീഴുന്ന മഴ വെള്ളം തുടയ്ക്കാതെ പുറത്തെ ദൂര കാഴ്ചകളിൽ ചലനമറ്റിരിക്കുന്നു. എന്നാൽ തൊട്ടുപുറകിലിരുന്ന വൃദ്ധർ ആ തണുപ്പിൽ വിറക്കുന്നുണ്ട്.
“ ….നിങ്ങളോട് എത്ര തവണ പറഞ്ഞു അതടയ്ക്കാൻ ഈ വണ്ടിയില് നിങ്ങള് മാത്രമല്ല ഉള്ളത്. പുറത്തെന്താ ഇത്ര കാണാൻ..?
എങ്കി പിന്നെന്തിനാ ഉരുണ്ടു പിടച്ച് ഇതിനകത്തോട്ട് കേറിയത്.
ആരാണ്ടാവശ്യപ്പെട്ടതു പോലെ…."
വീണ്ടും യൂണിഫോമിട്ട ആ ശബ്ദം ഇടി മുഴക്കം പോലെ അവിടെ മുഴങ്ങി.ഒരാക്രോശമായിരുന്നു അത് .ഒപ്പം അവർ ആ ഷട്ടർ ക്ലിപ്പുകൾ ഉയർത്തുകയും പുറത്തെ കാഴ്ചകൾ ഞങ്ങളിൽ നിന്ന് മറയുകയും ചെയ്തു. അയാൾക്കവരോട് വല്ലാത്ത ദേഷ്യം തോന്നി മനുഷ്യ പറ്റില്ലാത്ത സ്ത്രീ . പാവം യാത്രക്കാരി അവൾ ഒന്നും പറയാതെ കണ്ണുകൾ തുടച്ച് മുൻ സിറ്റിലെ കമ്പിയിൽ തല കുമ്പിട്ടിരുന്നു. പക്ഷെ അയാൾ അതധികം ശ്രദ്ധിക്കാൻ നിന്നില്ല. അവരുടെ അടുത്ത് ഇരിക്കാനും ആശ്വസിപ്പിക്കാനും തോന്നുന്നുണ്ട് പക്ഷെ വേണ്ട. ഈ ലോകത്ത് ദു:ഖം മാത്രമാണുള്ളത് കേൾക്കാൻ തുടങ്ങിയാൽ പറയാൻ ധാരാളം പേരുള്ള ദുഃഖം.വല്ലാത്തൊരു സാധനമാണത് .ഒന്നു കേട്ടാൽ അത് മറക്കണമെങ്കിൽ അതിനേക്കാൾ വല്യ മറ്റൊന്നു കേൾക്കണം. അയാൾ മനസ്സിൽ പറഞ്ഞു. പിന്നെ വീണ്ടും മുന്നിലേക്ക് നടന്നു. സ്ത്രീയുടെ മുന്നിൽ വീണ്ടും ഒരു സീറ്റ് അത് ഒഴിഞ്ഞുകിടക്കുന്നു. അതിൽ ഇരിക്കാൻ തോന്നിയില്ല ആ വണ്ടിയിലെ ഏറ്റവും മോശം സീറ്റായതിനാലാവണം ആരും അതിൽ ഇരിക്കാത്തത്. അതിനു തൊട്ടു മുൻപിൽ
രണ്ടു സ്കൂൾ യൂണിഫോമിട്ട കുട്ടികൾ ഇരിക്കുന്നു.
അവരിൽ നിന്നാണ് ആദ്യമായി ഒരു ചിരി അയാൾക്ക് ലഭിക്കുന്നത്. അതൊരു വലിയ ആശ്വാസമായിരുന്നു.
കുട്ടികളുടെ സീറ്റിന് എതിർവശത്തായി ഇരുന്നു. കണ്ടക്ടറോടുള്ള എതിർപ്പുകാരണം ഇരുന്ന ഉടൻ ഷട്ടർ ഉയർത്തി അയാൾ പ്രതിക്ഷേധിച്ചു. അവർ അയാളെ രൂക്ഷമായി നോക്കിയെങ്കിലും അതു ശ്രദ്ധിക്കാതെ കുട്ടികളെ നോക്കിയിരിക്കുകയാണ് അയാൾ ചെയ്തത് .രണ്ടു കുഞ്ഞു യൂണിഫോമുകൾ. പുറത്തു തകർത്തു പെയ്യുന്ന മഴയുടെ തണുപ്പു കൊണ്ടാവും പൂച്ചകുട്ടികളെ പോലെ ബാഗും തോളിൽ തന്നെയിട്ട് ഒട്ടിപ്പിടിച്ചിരിക്കുകയാണ് രണ്ടു പേരും .ഇടക്ക് എന്തോ പറഞ്ഞ് വായപൊത്തി ചിരിക്കുന്നുണ്ട്. അതു കണ്ട് അയാളും ചിരിച്ചു. പിന്നെ അവരെ തന്നെ നോക്കി തന്നെയിരുന്നു. ഇഷ്ടങ്ങളാണ് ഒരു മനുഷ്യനെ ആദ്യം തടവിലിടുന്നത് ആ തടവിൽ കിടന്നാണ് അവൻ ആദ്യമായി തെറ്റു ചെയ്യുന്നതും. കുട്ടികളെ അയാൾക്ക് വലിയ ഇഷ്ടമായിരുന്നു. എത്രയോ കാലമായി എന്നും പകലുകൾ ആരംഭിക്കുന്നതും പ്രകാശം മറയുന്നതും കിലുക്കാംപെട്ടി പോലെയുള്ള ചിരികൾ പൊഴിച്ചു കൊണ്ടായിരുന്നു. പഴയ കാലം മഴക്കൊപ്പം ഓർമ്മയുടെ കുഞ്ഞു തണുപ്പു തുള്ളികൾ മനസ്സിൽ തൂവിക്കൊണ്ടിരിക്കുമ്പോൾ ബസ് ഒരു വലിയ പാലത്തിലേക്ക് തിരിഞ്ഞു കയറി. മഴ കുറച്ചു കൂടി ശക്തിപ്പെട്ടതായി തോന്നി. അയാൾ ഒരു നിമിഷം പുറത്തേക്ക് നോക്കി. പാലത്തിനപ്പുറത്ത് വലിയ പെരുമ്പാമ്പിനെ പോലെ മഞ്ഞ നിറത്തിൽ കലങ്ങി ഒഴുകുകയായിരുന്നു പുഴ. കുത്തിമറിയുന്ന കലക്കവെള്ളത്തിൽ കാടും ചപ്പും ചവറുകളും പരസ്പരം കെട്ടി പുണർന്ന് ദൂരേക്കൊഴുകി പോവുന്നു. അതു നോക്കിയിരുന്നപ്പോൾ ഒരേ നിറമുള്ള ധാരാളം പൂക്കൾ ആ കലക്ക
വെള്ളത്തിൽ അയാൾ കണ്ടു. മഞ്ഞയും
വെളുപ്പും കലർന്ന പൂക്കൾ. അത് എവിടെ നിന്നാണ് വരുന്നത് അയാൾ അതിലേക്ക് സൂക്ഷിച്ചു നോക്കിയിരിക്കുമ്പോൾ ഒരു ശബ്ദം
വീണ്ടും കേട്ടു
നിങ്ങൾക്ക് എവിടെയാ ഇറങ്ങേണ്ടത്?
പുറത്തേക്ക് നോക്കിയുള്ള ആലോചനയിൽ നിന്നും അയാൾ തല വെട്ടിച്ചത് ഒരു ചോദ്യത്തിലേക്കായിരുന്നു. ചിന്തകളിൽ നിന്നും പുറത്തു വരാതെയിരുന്ന തലക്കകത്തേക്ക് ഒരു തരത്തിലും കയറാനാവാത്ത ആ ചോദ്യം അയാളുടെ മുഖത്ത് കിടന്ന് പരുങ്ങി.
“ഇനി ചെവി കേൾക്കില്ലെ ?”
ആത്മഗതമെന്നോണം ആ സ്ത്രീ മന്ത്രിച്ചു പിന്നെ
വീണ്ടും ചോദ്യം ആവർത്തിച്ചു.
.“ഹലോ എവിടെയാ ഇറക്കേണ്ടത് പറഞ്ഞാ ടിക്കറ്റ് കീറി തരാം ഇവിടെ തന്നെ നോക്കിയിരിക്കാൻ നേരമില്ല എനിക്ക് വേറെ പണിയുണ്ട്…. " അവർ വീണ്ടും നിന്നു തിളച്ചു.
പക്ഷെ ആ തവണയും ഉത്തരമുണ്ടായില്ല. ഉത്തരമുണ്ടായില്ല എന്നല്ല ഉത്തരം അയാൾക്കില്ലായിരുന്നു. ചോദ്യത്തിന്റെ ആഘാതമെന്നോണം മൗനം പിടികൂടിയ കുറേ നേരം ആ ചെറുപ്പക്കാരൻ ആവത് ചിന്തിച്ചു നോക്കി ഒരു പേരിനായി പക്ഷെബുദ്ധിയുടെ ഒരു കോണിലും അത് കണ്ട് കിട്ടിയില്ല.
എനിക്ക് ഇറങ്ങേണ്ട സ്ഥലം അറിയില്ല.
അയാൾ പറഞ്ഞത് കേട്ടപ്പോൾ ബസിൽ കനത്ത നിശബ്ദത. തെല്ല് ഭയം കലർന്ന ചമ്മലോടെ അയാൾ പിന്നിലേക്ക് നോക്കി. ഒരു കുഞ്ഞ് അവന്റെ അമ്മയെ തിരയുന്ന ഭാവം അയാളുടെ മുഖത്തുണ്ടായിരുന്നു. ഇല്ല ആരും അത് ശ്രദ്ധിക്കുന്നില്ല. പലരും യാത്രയുടെ ആലസ്യത്തിൽ പാതി മയക്കത്തിലാണ് എന്നയാൾക് തോന്നി. ചമ്മലിനേക്കാൾ തന്നെ ആരെങ്കിലും സഹായിക്കുമോ എന്നൊരു ചിന്ത കൂടി അയാൾക്കുണ്ടായിരുന്നു അല്ലെങ്കിൽ അങ്ങനെ ആരെയൊ അയാൾ പ്രതീക്ഷിച്ചു. എന്നാൽ അതും വൃഥാവിലായി. തെല്ല് നേരം കഴിഞ്ഞ് വളരെ ബുദ്ധിമുട്ടിയാണ് അയാൾ ടിക്കറ്റ് കീറുന്ന സ്ത്രീയുടെ നേരെ നോക്കിയത് .
,”എവിടുന്ന് വന്നെടാ ഇവൻ" എന്ന ഭാവത്തിൽ കുറേ നേരം വലിഞ്ഞു മുറുകിയ മുഖം കൊണ്ട് അയാളെ തന്നെ നോക്കി നിന്ന ആ സ്ത്രീ ഒന്നും നോക്കാതെ ഒരു ടിക്കറ്റ് അയാൾക്ക് കീറി കൊടുത്തു. അതു വാങ്ങി ഒന്നും പറയാതെ അയാൾ പോക്കറ്റിൽ കൈയ്യിട്ടു പണം പരതി .പക്ഷെ അതിൽ ഒന്നുമുണ്ടായിരുന്നില്ല .നനഞ്ഞൊട്ടിയ പോക്കറ്റിൽ നിന്നും ഏതോ പായൽ ചെടിയുടെ രണ്ടിലകൾ വിരലിൽ തടഞ്ഞു.കൂടെ പേരറിയാ ത്ത പാതി വാടിയ രണ്ടു പൂക്കളും. വിഷമത്തോടെ അയാൾ കണ്ടക്ടറായ സ്ത്രീക്ക് നേരെ തിരിഞ്ഞു. അത്ഭുതം അവരെ കാണാനില്ല .അയാൾ അന്ധാളിപ്പോടെ പിന്നിലേക്ക് നോക്കിയപ്പോൾ അതുവരെയുള്ള കണക്കുകൾ പരിശോധിച്ച് അയാളെ ശ്രദ്ധിക്കുക പോലും ചെയ്യാതെ വളരെ പിന്നിലായി സ്വന്തം സീറ്റിൽ ഇരിക്കുകയായിരുന്നു അവർ. അതു കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു ആശ്വാസം . ഒരു മനുഷ്യരേയും ഒറ്റനോട്ടത്തിൽ വിലയിരുത്തരുത് എന്ന വലിയ പാഠം കൂടി ഇവിടെ പഠിക്കുന്നു. അത്ര നെറിവ് താൻ പോലും കാണിക്കില്ല എന്നയാൾ ചിന്തിച്ചു. പിന്നെ മഴ കോരിച്ചൊ രിയുമ്പോൾ ഒരു പ്രതികാരമെന്ന വണ്ണം തുറന്നു വച്ച ഷട്ടർ അതിന്റെ ക്ലിപ്പുകൾ വിടുവിച്ച് പുറം ലോകത്തെ വെളിച്ചത്തിൽ നിന്നും മഴയുടെ തണുപ്പിൽ നിന്നും അയാൾ ആ വാഹന ത്തിന്റെ ഉൾവശത്തെ വേർതിരിച്ചു.
ഇതേ സമയം കലങ്ങി മറഞ്ഞ ചെളി നിറത്തിൽ
വീണു പൊഴിയുന്ന മഴത്തുള്ളികളിൽ നോക്കി അനങ്ങാതെ നിൽക്കുകയായിരുന്നു ളോഹയിട്ട ആ വലിയ ശരിരം. പിന്നിൽ കെട്ടിയ തന്റെ വലതുകൈയ്യിലെ ജപമാലയിലെ മണികൾ ഓരോന്നായി വിരലുകളിൽ നിന്നും തെന്നിയിറ ങ്ങുമ്പോൾ മനസ്സ് വീണ്ടും വീണ്ടും ആ പഴയ വാക്കുകൾ ഉരുവിട്ടു കൊണ്ടേയിരുന്നു.
“ അതൊരു നല്ല സൂചനയാണ്
ഒരു നൻമയുടെ ഫലമാണ്."
നിശ്ചലമായി ദൂരെ മാറി ചെളി കെട്ടിയ ആ നിലത്തേക്ക് തന്നെ നോക്കി നിൽക്കുമ്പോൾ അയാളുടെ മനസ്സിൽ പെട്ടെന്ന് വരുന്ന ചിത്രം കോൺവന്റ് റോഡ് കടന്ന് വരുമ്പോൾ വലതു വശത്ത് നിന്ന് ആരംഭിക്കുന്ന കുത്തനെയുള്ള പടിക്കെട്ട് കയറി ചെല്ലുന്ന ആ ചെറിയ കെട്ടിടത്തിന്റെ വരാന്തയായിരുന്നു. ചാപ്പലിനു നേരെ എതിർവശത്ത് പണ്ട് ഗ്രിഗോറിയോസിന്റ കാലത്ത് മുതൽ സിമന്റ് ദേഹവുമായി നിന്നു തുടങ്ങിയ കന്യാമറിയവും ഉണ്ണീശോയും ആ കെട്ടിടത്തിലെ ഒരു പാട് കുഞ്ഞു മുഖങ്ങളുടെ തുടക്കം കണ്ടിട്ടുള്ളവരാണ്.
എല്ലാവരും ഏൽപ്പിക്കപ്പെട്ടവർ എന്നാൽ ആർക്കും വേണ്ടാത്തവർ.അംഗ സംഖ്യ കൂടിയപ്പോൾ. ഇടിക്കുള അച്ചനാണ് ഇന്നു കാണുന്ന നിലയിൽ അത് പുതുക്കി പണിതത്.കൂടെ ഒരു നീളൻ വരാന്തയും .അന്ത്രിയോസ് വഴക്കു പറയാറുള്ളത് കേട്ടാണ് അന്നൊക്കെ ആ ഭാഗത്ത് സൂര്യൻ അസ്തമിക്കാറ് പതിവ്. എല്ലാ വൈകുന്നേരങ്ങളിലും വരാന്തയിലിരുന്ന് സ്റ്റീൽ പിഞ്ഞാണത്തിൽ ഉപ്പുമാവ് തിന്നുന്ന ഒരുത്തനെ എത്ര പറഞ്ഞിട്ടും അയാൾക്ക് മാറ്റിയെടുക്കാ നായില്ല. അവിടെയുള്ള എല്ലാ കുട്ടികളും ആ കുടുമ്പത്തെ സ്റ്റഫി സിസ്റ്റർ വിളിക്കുന്ന പേരായ ആകാശവീട്ടിലെ വലിയ വട്ടമേശക്കു ചുറ്റും ഇരിക്കുമ്പോൾ അവൻ മാത്രം ഇടയ്ക്കിടക്ക് ഊർന്നു വീഴുന്ന ഒരിക്കലും പാകമാവാത്ത തന്റെ വള്ളി നിക്കറും താങ്ങിപ്പിടിച്ച് ആ വരാന്തയുടെ അറ്റത്തെ അരപ്രൈസ്സിൽ കാലും നീട്ടിയിരിക്കും.
അവനു മാത്രമെന്താ ഒന്നും പാകമാവാത്തത്.
പലപ്പോഴും അതാലോചിച്ചിട്ടുണ്ട്. ഒന്നെങ്കിൽ വലുത് അല്ലെങ്കിൽ ചെറുത്. പക്ഷെ ഒരിക്കൽ പോലും കൃത്യ അളവിൽ പാകമായ ഒരു ഉടുപ്പ് അവന് കിട്ടിയിട്ടില്ലായിരുന്നു.
“ ….നീയെന്തിനാ മോനെ ഇങ്ങനെ വെറുതെ വഴക്കുകേൾക്കുന്നത്. അകത്തു പോയിരുന്ന് കഴിച്ചൂടെ ഈ താഴെ വീണ ഉപ്പുമാവു കണ്ടാൽ അന്ത്രിയോസ് ഇപ്പോ നിന്നെ വഴക്കുപറയും…”
ഒരിക്കൽ ഒരു വൈകുന്നേരം അതവനോട് പറയുമ്പോൾ ഇവിടെ ഇരുന്നാൽ എനിക്ക് വണ്ടികൾ കാണാം എന്നായിരുന്നു അവനിൽ നിന്നും കിട്ടിയ മറുപടി.അതു ശരിയായിരുന്നു .മുൻപിൽ പടിക്കെട്ടിനു താഴെ മുരണ്ടു നീങ്ങുന്ന വാഹനങ്ങൾ കോൺവന്റ് റോഡ് നിറഞ്ഞു പോവുന്നത് അവിടെയിരുന്നാൽ കാണാം അതായിരുന്നു അവൻ പറഞ്ഞത്. പറഞ്ഞറിഞ്ഞട
ത്തോളം ഒരു വലിയ വണ്ടി പ്രേമിയാണവൻ
“എന്തിനാ അത്. ? '' ….വീണ്ടും ചോദിച്ചു. അതിനാവട്ടെ വഴിയിലേക്ക് ചൂണ്ടി. '’അമ്മ വരുവല്ലൊ” ... എന്ന ഹൃദയം തകർത്ത ഒരുത്തരവും.പിന്നീട് ഒന്നും പറയാതെ അവനിൽ നിന്നും അന്ന് നടന്നകന്നു .അവനിൽ നിന്നു മാത്രമല്ല അവിടെയുള്ള എല്ലാ കുട്ടികളിൽ നിന്നും ആ ഉത്തരം പിന്നീട് അകറ്റി നിർത്തി.
അച്ചോ ഒരു ചെറിയ വിവരമുണ്ട്.
ശാമുവേലിന്റെ ശബ്ദം .അതു കേട്ട് ഇരുപത് വർഷങ്ങൾക്ക് മുൻപത്തെ ഓർമ്മകളിൽ നിന്നും ളോഹയിട്ട ഇന്നത്തെ ശരീരത്തിലേക്ക് മനസ്സ് ഓടിയെത്തിയത് അയാൾ പറയുന്ന ആ വാർത്ത കേൾക്കാനായിരുന്നു.
“കുറച്ചു മുന്നേ പോലീസ് പറഞ്ഞത് തെറ്റാണെന്നാ
ചാനല് കാര് പറയുന്നെ. രണ്ട് പിള്ളേരെ കൂടി കിട്ടാനുണ്ടെന്ന്….."
മരണത്തിന്റെ എച്ചി കണക്ക് നിരത്തുന്നവരെ അതു വിറ്റ് കാശാക്കുന്നവരെ നിങ്ങൾക്ക് വേണ്ടി
പള്ളിയിൽ ഒരു നാൾ ഒരു ചാട്ടയുടെ ശബ്ദം മുഴങ്ങും എന്ന് ളോഹക്കുള്ളിലെ മനസ്സ് മന്ത്രിച്ചു.
അത് വിധി അതിനപ്പുറം വെൻറിലേറ്ററിലെ 27 ശരീരങ്ങളുടെ ശ്വാസോച്ഛാസം ദൈവം തീരുമാനിക്കും വരെ തുടരും. അയാൾ മനസ്സിനെ അങ്ങനെ പറഞ്ഞ് പഠിപ്പിച്ചു .
“ ...ശാമുവേലെ ക്രെയിൻകാര് വണ്ടി ഉയർത്തിയൊ എങ്കി എനിക്കതൊന്ന് കാണണം. അതായിരുന്നു .എല്ലാം കേട്ടിട്ടും അതായിരുന്നു
ആ മനുഷ്യന്റ മറുപടി .അതു കേട്ട് ശാമുവേൽ വല്ലാതായി .
“ ...അയ്യൊ അത് അപ്പോഴെ പൊക്കി. പിന്നെ പൊഴേടെ ഓരത്ത് കുഞ്ഞവറാച്ചന്റെ പഴയ റമ്പറ് കടേടെ അടുത്ത് അവര് ഇട്ടിട്ടുണ്ട്. ആ കണ്ടത്തിനോട് ചേർന്ന്‌ .പക്ഷെ നമ്മക്കിപ്പം അങ്ങോട്ട് പോണൊ" ....?
പോണം ..അതു പറഞ്ഞ് അച്ചൻ ഓഫീസിലേക്ക്
നടന്നു.
ഈ കണ്ടീഷനിൽ അച്ചന് അങ്ങോട്ട് പോവാനാവില്ല എന്ന് അയാൾക്ക് നല്ലതു പോലെ അറിയാം എങ്കിലും അച്ചനോട് കള്ളം പറഞ്ഞിട്ടില്ലാത്ത ആ സാധു ഉള്ള കാര്യം ഉള്ളതു പോലെ പറഞ്ഞു.
സിസ്റ്റർ സ്റ്റെഫി എവിടെ. ?ഉറച്ച കാൽവയ്പ്പോടെ
നടക്കുമ്പോൾ അച്ചൻ ചോദിച്ചു. ഓഫിസിലുണ്ട് എന്ന മറുപടിയും ശാമുവേലിൽ നിന്ന് കിട്ടി.
ഓഫീസ് റൂം തുറന്നു കിടക്കുകയായിരുന്നു. സിസ്റ്റർ സ്റ്റെഫി മേശയിലെ ലാമ്പിന്റെ വെളിച്ചത്തിൽ തിരക്കിട്ട് എന്തോ എഴുതി തയ്യാറാക്കുന്നു. രണ്ടു കത്തുകളാണ് അവർ എഴുതിക്കൊണ്ടിരിക്കുന്നത് ആദ്യത്തേത് ഇപ്പോൾ തയ്യാറാക്കുന്നതാണ്. അടുത്തതിനായി മറ്റൊരു വെള്ള പേപ്പർ മടക്കി മേശപ്പുറത്തു തന്നെ വച്ചിട്ടുണ്ട്. അടുത്ത ദിവസത്തെ മനോരമ പത്രത്തിൽ തന്നെ സ്കൂൾ ബസിന് പുതിയ ഡ്രൈവറെ ആവശ്യമുണ്ടെന്ന് കാണിച്ച് ഒരു പരസ്യം കൊടുക്കണമെന്ന് അൽപ്പം മുമ്പുതന്നെ അരമനയിൽ നിന്നും വിളിച്ചു പറഞ്ഞിരുന്നു.
അതു വെറും ചടങ്ങു മാത്രമാണ്. അത് വിളി കേട്ടപ്പോഴെ തോന്നി
അരമനയിൽ നിന്നും വിളിച്ച അക്കൗണ്ടൻറ് സാംകുട്ടിയുടെ ഒരു ബന്ധു നേരത്തെ നോട്ടമിട്ടിരുന്നതാണ് ഈ ജോലി. പിന്നെ
സഭയുടെ അനാഥാലയത്തിൽ വളർന്ന ഒരു പയ്യൻ ആസ്ഥാനത്തിരുന്ന തടസ്സം കൊണ്ട് മാത്രം നീണ്ടു പോയതായിരുന്നു ആ നിയമനം .അതാണിപ്പോൾ ഒറ്റ ദിവസം കൊണ്ട് ഒരു മഴ കൊണ്ടു പോയിരിക്കുന്നത്. വിളിച്ചപ്പോൾ അവൻ മഴക്ക് സ്തുതി പറഞ്ഞതോർത്ത് ആ എഴുത്തിനിടയിലും സിസ്റ്ററിന് ചിരിപൊട്ടി. എന്നാൽ സാംകുട്ടിയുടെ കോളൊന്നുമല്ല ഇത്ര പെട്ടെന്ന് ഈ തിടുക്കപ്പെട്ടുള്ള എഴുത്തിനു കാരണം.അത് രണ്ടാമതായി ഇനിയും എഴുതാനുള്ള കത്ത് ഒന്നെത്തിക്കാനുള്ള ധൃതിയാണ്. ടീച്ചർ നിയമനത്തിൽ സഭയുടെ ക്വാട്ടയനുസരിച്ചുള്ള ലിസ്റ്റിൽ അടുത്ത റാങ്ക് ഷോമിക്കാണ്. ഒരേയൊരു
പൊന്നാങ്ങള കളത്തിൽ ഫ്രാൻസിസിന്റെ ഇളയ സന്താനം ഷോമി ഫ്രാൻസിസിന് . അത് അവളെ എത്രയും വേഗം അറിയിച്ചില്ലെങ്കിൽ കുഴപ്പമാണെന്ന് സിസ്റ്ററിന് തോന്നി. അതും പോയാലൊ ആ തോന്നലാണ് ഈ തിടുക്കപ്പെട്ട കത്തെഴുത്തിന് കാരണം. എന്നാൽ ഇടക്കുവച്ച് ആ എഴുത്ത് നിന്നു .അത് തണുപ്പു കൊണ്ടായിരുന്നു.
ഇതെന്തൊരു മഴയാ തണുത്തിട്ട് വയ്യ.
എഴുത്തു നിർത്തിയ സിസ്റ്റർ ജനാലകൾ കൊട്ടിയടച്ച് തണുപ്പിനെ മുറിയിൽ നിന്നും പുറത്താക്കുമ്പോൾ. മഴ കൊണ്ട് തണുക്കാത്ത ശരീരവുമായി ആ വയലിന്റെ വരമ്പിൽ ചേറും നെയ്യാമ്പലും കാട്ടു പായലും ചുറ്റി വരഞ്ഞ ആ വാനിലേക്ക് ചലനമറ്റ് നോക്കി നിൽക്കുക യായിരുന്നു ആ ളോഹ. ഒരു വശം ചെരിഞ്ഞ ശരീരത്തിൽ ആറുചക്രങ്ങൾ മണ്ണു തൊടാതെ ഉയർന്നു നിൽക്കുന്നു. അകത്ത് നിന്നും പൊട്ടി തകർന്ന മുൻവശത്തെ വലിയ വിടവിൽ കൂടി
ചിതറി കിടക്കുന്ന അനേകം സ്കൂൾ ബാഗുകൾ
ആ ളോഹയിട്ട രൂപം തന്റെ ചലിക്കാത്ത കണ്ണുകൾ കൊണ്ട് നോക്കി നിന്നു. പിന്നെ സ്റ്റീയറിങ്ങിനടുത്ത് കിടന്നിരുന്ന സാധാരണയിൽ കവിഞ്ഞ വലിപ്പമുള്ള ആ പൊളിഞ്ഞ കണ്ണടയുടെ ഫ്രെയിമിലേക്കും.അപ്പോഴൊന്നും അയാൾക്ക് തണുപ്പു തോന്നിയതെയില്ല.ചില ശരീരങ്ങൾ ചില മഴകളിൽ അങ്ങനെയാണ് അത് തണുക്കാതെ പൊഴിയുന്ന തണുപ്പിലും ചൂടായിക്കൊണ്ടെ യിരിക്കും. പാവം ശാമുവേൽ അപ്പോഴും കാറ്റ് തകർത്തു കളഞ്ഞ ആ പഴയ കുട നന്നാക്കാൻ അയാൾ പെടാപാടു പെടുകയായിരുന്നു.
നന്ദി.

Jyothilal

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot