Showing posts with label SameerChengambally. Show all posts
Showing posts with label SameerChengambally. Show all posts

പെൺകോന്തൻ

 


പെൺകോന്തൻ എന്ന വിളി പലകുറി കേട്ടിട്ടുണ്ട്.... ജോലിയും കൂലിയുമില്ലാതെ വീട്ടിലിരിക്കേണ്ടി വന്നപ്പോൾ അവളുടെ അധ്വാനത്തിന്റെ വിഹിതം ഒരു മടിയും കൂടാതെ വെട്ടി വിഴുങ്ങിയിരുന്നു, അന്നേരം പലരും എന്നെ ഒളിഞ്ഞും തെളിഞ്ഞും വിളിച്ചു

"ഭാര്യയുടെ ചിലവിൽ കഴിയുന്ന പെൺകോന്തൻ ഭർത്താവെന്ന്"....
സ്വന്തമായി ഒരു കാർ വാങ്ങാൻ ബാങ്കിൽ നിന്ന് ലോണെടുക്കാമെന്ന സുഹൃത്തിന്റെ ഉപദേശത്തിന് മറുപടിയായി " അവളോടും കൂടെ ചോദിക്കട്ടെ " എന്ന് പറഞ്ഞപ്പോൾ അവനും അത് തന്നെ ആവർത്തിച്ചു
" സ്വന്തമായി ഒരു തീരുമാനംപോലും എടുക്കാൻ കെൽപ്പില്ലാത്ത നാണം കെട്ട പെൺകോന്തൻ ഭർത്താവാണ് ഞാനെന്ന്.....
കുടുംബക്കാർ മുഴുവൻ കൂടി നിൽക്കെ ഞാൻ പറഞ്ഞ ഒരു മണ്ടൻ അഭിപ്രായം അവൾ തിരുത്താൻ ധൈര്യം കാണിച്ചപ്പോൾ വീട്ടുകാർ മുഴുവൻ പരസ്പരം പിറുപിറുത്തുകൊണ്ട് വീണ്ടും പറഞ്ഞു
"അവിടത്തെ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് അവളാണ്, അവനൊരു പെൺകോന്തനാണെന്ന്"....
അടുക്കളയിൽ കറി വെക്കാൻ സവാള അരിഞ്ഞു കൊടുത്തപ്പോഴും, തിരക്കുള്ള വേളകളിൽ അവളെ സഹായിക്കാൻ വസ്ത്രങ്ങൾ അലക്കിയപ്പോഴും ഇസ്തിരിയിട്ടപ്പോഴുമൊക്കെ അവരത് തന്നെ വീണ്ടും വീണ്ടും ആവർത്തിച്ചു
" ആ വീട്ടിലെ ഭർത്താവ് അവളാണ്, അവനിങ്ങനെ ഒരു മണകൊണാഞ്ചൻ ഭർത്താവാണ് ".....
അവളുടെ വീട്ടിൽ വല്ലപ്പോഴുമൊക്കെ താമസിച്ചാൽ ഉടനെ തന്നെ എന്നിലെ പൗരുഷം ഒലിച്ചുപോയി എന്ന് അവർ പരാതി പറയാൻ തുടങ്ങും, നാണമുള്ള ഒരു ഭർത്താവും കെട്ടിയോളുടെ വീട്ടിൽ താമസിക്കില്ലത്രേ....
ആണധികാരത്തിന്റെ നിയമപുസ്തകത്തിൽ പൊറുക്കാൻ പറ്റാത്ത തെറ്റുകൾ ആണ് ഇവയൊക്കെ.പക്ഷേ, ആ തെറ്റുകൾ പലകുറി ആവർത്തിച്ചപ്പോൾ ഞാനവരുടെയൊക്കെ മുൻപിൽ ഒരു പെങ്കോന്തനായി മാറിയെങ്കിലും എന്റെ ജീവിതം സുന്ദരവും മനോഹരവുമായ മാറുകയായിരുന്നു.....
രണ്ടുപേർക്കും ജോലി ഉള്ളത്കൊണ്ട് ഒരു സാമ്പത്തിക മാന്ദ്യവും എന്റെ വീടിന്റെ പടി കടന്ന് കയറിട്ടില്ല,ആരുടേയും മുൻപിൽ കൈ നീട്ടാതെ നല്ല അന്തസ്സോടെ ഞാൻ എന്റെ കുടുംബത്തെ മുന്നോട്ട് കൊണ്ടുപോയി....
എന്റെ കുട്ടികളുടെ പഠനം, അവരുടെ ഭാവി, ജോലി ഇതെല്ലാം ഇന്നെന്റെ മാത്രം ഉത്തരവാദിത്വമല്ല, ഞാനും അവളും മാത്രം അടങ്ങുന്ന ഒരു ചെറിയ ട്രസ്റ്റിന്റെ ഭാഗമാണ്....
ഏകപക്ഷീയമായ തീരുമാനങ്ങളുടെക്കുമ്പോൾ ഉണ്ടാകാറുള്ള അപകടരമായ സാഹചര്യങ്ങൾ എന്റെ കുടുംബത്തിൽ ഉണ്ടായിട്ടില്ല...
അടുക്കളയിൽ വല്ലപ്പോഴുമൊക്കെ കയറി ശീലമുള്ളതുകൊണ്ട് അവൾ വീട്ടിലില്ലാത്ത സന്ദർഭങ്ങളിൽ പട്ടിണി കിടക്കേണ്ടിയും വന്നിട്ടില്ല....
ഒരാൾ ചെയ്യേണ്ട ജോലി രണ്ടാൾ ചെയ്യുമ്പോൾ കിട്ടുന്ന സുഖവും അനായാസതയും ഞാനിന്ന് ആസ്വദിക്കുന്നു, കുടുംബത്തിനെ ബാധിക്കുന്ന സകല പ്രശ്നങ്ങളും പ്രതിസന്ധികളും പങ്കുവെക്കാനും പരിഹാരം കാണാനും ഈ "പെൺകോന്തന്" മറ്റുള്ളവരെക്കാൾ എളുപ്പമാണ്....
പങ്കുവെക്കലിലൂടെ വളർന്നു വരുന്ന ബന്ധങ്ങൾക്കെപ്പോഴും മധുര പതിനേഴിന്റെ സൗന്ദര്യമായിരിക്കും, മീശയുള്ളതിന്റെ അധികാരം മാത്രം മുഴച്ചു നിൽക്കുന്ന ബന്ധങ്ങളേക്കാൾ ആഴവും വ്യാപ്തിയും അതിന് കൂടുതലാകും....
അവളുടെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം കൊടുക്കുക , അവളുടെ അഭിപ്രായങ്ങൾക്ക് മൂല്യം കൊടുക്കുക...
പിന്നെ ആ വിളി, അത് ഒറ്റക്ക് ഓടിത്തളർന്നവന്റെ നിരാശ മാത്രം....

ചോദ്യങ്ങൾ


 "ഒന്നര വർഷമായില്ലേ, ഒരു കുട്ടിയൊക്കെ വേണ്ടേ, ഇങ്ങനെയൊക്കെ നടന്നാൽ മതിയോ??...

വയസ്സ് മുപ്പതായല്ലോ, ഇനിയും താമസിച്ചാൽ ചിലപ്പോൾ ദൈവം തരില്ല കേട്ടോ....

അവൾക്ക് കുട്ടി ആയാലും പഠിക്കാമല്ലോ, അങ്ങനെ എത്ര കുട്ടികൾ പഠിക്കുന്നുണ്ട്.... "

ഒരു ബന്ധുവിന്റെ വീട്ടിലെ കല്യാണത്തിന് പോയതായിരുന്നു. ഇപ്പോൾ തോന്നുന്നു പോകേണ്ടിയില്ലായിരുന്നു....

എനിക്ക് മാത്രമല്ല അവൾക്കും....

" ഏട്ടാ, ഈ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു മടുത്തു. ഇനിയും നമ്മളിങ്ങനെ താമസിച്ചാൽ ഇവരെല്ലാവരും എന്നെ കൊത്തിക്കീറി തിന്നും. എന്റെ പഠിത്തത്തെ കുറിച്ച് നിങ്ങൾ വേവലാതിപ്പെടേണ്ട. ഒന്നോ രണ്ടോ കൊല്ലങ്ങൾ കഴിഞ്ഞാൽ അത് continue ചെയ്യാലോ??... "

" നമ്മളിത്രവരെ എത്തിച്ചില്ലേ, ഇനി ഒരു കൊല്ലം കൂടെ അല്ലേ ഒള്ളൂ, അപ്പോഴേക്കും നിന്റെ പഠിത്തം തീരുമല്ലോ, അത് കഴിഞ്ഞാൽ ദൈവം നമുക്ക് നല്ലൊരു കുഞ്ഞിനെ തരും, അതുവരെ ഒന്ന് ക്ഷമിക്ക്... "

ക്ഷമ നശിച്ചാവണം അവളിത് എന്നോട് പറഞ്ഞത്. പക്ഷേ എനിക്കിപ്പോൾ അവള് പറഞ്ഞതുപോലെ ചെയ്യാൻ പറ്റില്ല. അങ്ങനെ ചെയ്യേണ്ടി വന്നാൽ അതെന്റെ പരാജയാണ്...

അവളെ പെണ്ണുകാണാൻ പോയ ആ ദിവസം ഞാനിന്നും ഓർക്കുന്നു. അവളെന്നോട് ഒരു ആവശ്യവും അന്ന് ഉന്നയിച്ചിരുന്നില്ല, ഒന്നൊഴിച്ച്...

" എനിക്ക് പഠിക്കണം, എന്റെ അച്ഛൻ കഷ്ടപ്പെട്ടാണ് എന്നെ ഇതുവരെ എത്തിച്ചത്, അത് തുടരാൻ നിങ്ങളെനിക്ക് സമ്മതം തരണം "

ഒരു നിമിഷം പോലും ആലോചിക്കാൻ നിൽക്കാതെ ഞാനവളോട് പറഞ്ഞു

" പഠിക്കാം, നീ ആഗ്രഹിക്കുന്നത് വരെ, വാക്ക് "

അന്നവളുടെ കണ്ണുകളിൽ കണ്ട ആ തിളക്കം ഞാനിന്നും ഓർക്കുന്നു. അതെന്നെ കുറിച്ചുള്ള അവളുടെ ആത്മവിശ്വാസം മാത്രമായിരുന്നു...
ആ വിശ്വാസം എന്ത് വിലകൊടുത്തും എനിക്ക് കാത്തുസൂക്ഷിച്ചേ മതിയാകൂ.....

വീട്ട് ജോലിക്കിടെയിൽ കിട്ടുന്ന ഇടവേളകൾ അവൾ ഓരോ പുസ്തകങ്ങൾക്കായി വീതിച്ചു നൽകി. അതിനിടെയിൽ എനിക്ക് വേണ്ടി ചിലവഴിക്കാനും അവൾ സമയം കണ്ടെത്തിയിരുന്നു.....

എല്ലാ ദിവസവും മാർക്കെറ്റിൽ പോകാൻ ഒരുങ്ങി നിൽക്കുന്ന എന്നോട് അവൾ ചില ആവശ്യങ്ങൾ പറയും...

"ഏട്ടാ, ഒരു നീല മഷി പേന, പിന്നെ ഒരു പച്ച മഷി, രണ്ട് വരയില്ലാത്ത നോട്ടുബുക്കുകൾ... "

ചില ദിവസങ്ങളിൽ എന്റെ മുഖത്തേക്ക് നോക്കി ദൈന്യതയോടെ പറയും...

"ഒരു ടെക്സ്റ്റ്‌ ബുക്ക്‌ ഉണ്ട്, എനിക്ക് പഠിക്കേണ്ട എല്ലാം അതിലുണ്ട്. പക്ഷേ പൈസ അൽപ്പം കൂടുതലാ, രണ്ടായിരമാകും, ഓർഡർ ചെയ്താൽ മതി, വേണോ...

അല്ലേൽ വേണ്ടല്ലേ, നെറ്റിൽ നിന്ന് എടുക്കാൻ പറ്റുമോന്ന് നോക്കട്ടെ.... "

അവളുടെ ഓരോ ആവശ്യങ്ങൾക്കും വേണ്ടിയും കീശയിലേക്ക് കൈ ഇറക്കുമ്പോൾ എനിക്കൊരല്പം പോലും നഷ്ടബോധം തോന്നാറില്ല....

രാത്രി പതിനൊന്നും പന്ത്രണ്ടും കഴിഞ്ഞാലും പാതികൂമ്പിയ കണ്ണുകളോടെ പുസ്തകത്തിൽ പരതി നോക്കുന്ന അവളോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട്....

" ഡീ, മതിയെടീ, ഇനി ഒന്ന് ഉറങ്ങേടി, ബാക്കി നാളെ നോക്കാം.... "

" ഏട്ടൻ എന്റെ ഉറക്കിനെ ചൊല്ലി വേവലാതിപ്പെടേണ്ട, എന്റെ മുത്ത് പോയി സുഖമായി ഉറങ്ങ്... "

അവളെന്റെ നെറ്റിയിൽ മൃദുവായി ചുംബിക്കും, പിന്നെ എന്നെ പുതപ്പിച്ചതിന് ശേഷം വീണ്ടും വായനയിലേക്ക് മടങ്ങും...

പക്ഷേ, പ്രഭാതമാകുന്നതിന് മുൻപേ അവളുടെ സംസാരം അടുക്കളയിൽ നിന്ന് കേൾക്കുമ്പോൾ ഞാൻ ആശ്ചര്യപ്പെടും....

" ഇവളിത് എപ്പോ ഉറങ്ങി, എപ്പോ എണീറ്റു.... "

ഒരു നല്ല ഭാര്യാകുന്നത്പോലെ ബുദ്ധിമുട്ടാണ് നല്ല വിദ്യാർത്ഥിനി ആകുന്നതും, ഭാഗ്യവശാൽ ഇവ അവൾ രണ്ടുമാണെന്ന് എനിക്ക് തോന്നീട്ടുണ്ട്....

ഒരു ദിവസം അമ്മാവൻ വീട്ടിൽ വന്നു. ഏറെ നേരത്തെ അർത്ഥമുനയുള്ള സംസാരങ്ങൾക്ക് ശേഷം അമ്മാവൻ പറഞ്ഞു തുടങ്ങി....

" ഞാൻ ഇരുപത്തിയഞ്ചാം വയസ്സിലാണ് കെട്ടിയത്. ഒരു കൊല്ലം കഴിയുന്നതിനു മുൻപേ രവി ഉണ്ടായി.ഇപ്പോൾ എനിക്ക് അമ്പത് വയസ്സായി, അപ്പോഴേക്കും രവി വളർന്നു വലുതായി. ഇപ്പോൾ ഈ അമ്പതാം വയസ്സിൽ തന്നെ എനിക്ക് ധൈര്യമായി വിശ്രമിക്കാം. നേരെത്തെ കാലത്തെ കുട്ടികളെ ഉണ്ടാക്കിയാൽ അച്ചന്മാർക്ക് പെട്ടെന്ന് വിശ്രമിക്കാം.... "

അമ്മാവന്റെ ചോദ്യങ്ങൾക്കപ്പോൾ മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും അതിനുള്ള ഉത്തരം എന്റെ മനസ്സിൽ ഉണ്ടായിരുന്നു....

അച്ഛന്റെ വിശ്രമ ജീവിതത്തെ കുറിച്ച് വാചാലമാകുന്ന നമ്മുടെ സമൂഹം അമ്മയെ സൗകര്യപൂർവ്വം മറക്കുന്നു.

തിരിച്ചറിവില്ലാത്ത പ്രായത്തിൽ തന്നെ അവളെ കോളേജിൽ നിന്നും പടിയിറക്കുന്നു,അവളെ ഭാര്യയാക്കുന്നു, അമ്മയാക്കുന്നു...

അവളുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം ആ താലിച്ചരടിൽ തൂങ്ങി ആത്മഹത്യ ചെയ്യുന്നു....

വിവാഹം കഴിഞ്ഞ് ഒന്നോ രണ്ടോ വർഷങ്ങൾക്കുള്ളിൽ തന്നെ അച്ഛനാകേണ്ടി വന്നതിന്റെ സന്തോഷം നിങ്ങൾ ആഘോഷിച്ചു തീർക്കുമ്പോൾ നിങ്ങൾ എപ്പോഴെങ്കിലും അവൾ അത് മനസ്സുകൊണ്ട് ആഗ്രഹിച്ചിരുന്നോ എന്ന് അന്വേഷിച്ചിട്ടുണ്ടോ....

ഒരു നറു ചിരിയോടെ അവൾ "അതേ" എന്ന് കള്ളം പറയാൻ ശ്രമിച്ചാലും ആ മനസ്സിൽ എന്നോ മരിച്ചുപോയ ചില ആഗ്രഹങ്ങളുടെ കൂമ്പാരങ്ങൾ നിങ്ങൾക്ക് കാണാൻ സാധിക്കും....

നിങ്ങളെപ്പോലെ നല്ലൊരു കോളേജിൽ പഠിക്കാൻ കൊതിച്ച, നല്ലൊരു കമ്പനിയിൽ ജോലി ചെയ്യാൻ കൊതിച്ച,താൻ അധ്വാനിച്ച പണത്തിൽ നിന്ന് സ്വന്തം അച്ഛന്റെ കയ്യിൽ ഒരു നൂറു രൂപ വെച്ച് കൊടുക്കാൻ കൊതിച്ച, ഒരു പാവം മനസ്സ് തന്നെയാണ് അവൾക്കുമുണ്ടായിരുന്നത്...

അത് നിങ്ങൾ മനസ്സിലാക്കാൻ വൈകിയെങ്കിൽ ഉടനെ തിരുത്താൻ ശ്രമിക്കുക....

നിങ്ങൾ സ്വപ്നങ്ങൾക്ക് പിന്നാലെ പായുമ്പോൾ അവളെയും കൂടെ ചേർത്തുപിടിക്കുക...

അവളെ ചേർത്തുപിടിക്കാൻ നിങ്ങൾ മാത്രമേ ഒള്ളൂ...

സമീർ ചെങ്ങമ്പള്ളി

ബന്ധം

Image may contain: one or more people and eyeglasses
സ്വന്തം അച്ഛന്റെയൊപ്പം അവിഹിതബന്ധം ആരോപിക്കപ്പെട്ട ഒരു മകളുടെ ദുർവിധി നിങ്ങൾക്ക് സങ്കല്പിക്കാനാകുമോ???
എന്റെ അച്ഛൻ എന്റെ മുഖത്തേക്ക് നോക്കിയിട്ട് ഒരു മാസത്തിലേറെയായി, മുൻപൊക്കെ ഞാൻ അച്ഛന്റെ കൂടെയാണ് കോളേജിലേക്ക് പോയിരുന്നതും തിരിച്ചുവന്നിരുന്നതും, പക്ഷേ ഇപ്പോൾ ഞാൻ കുളിച്ചൊരുങ്ങുന്നതിന് മുൻപേ അച്ഛൻ വീട്ടിൽ നിന്നിറങ്ങും, തിരിച്ചു വരുന്നതാകട്ടെ ഞാൻ ഉറങ്ങിയതിന് ശേഷം മാത്രം....
അച്ഛനെന്നോടുള്ള ഈ അവഗണന ഏറ്റവും കൂടുതൽ വേദനിപ്പിച്ചിരുന്നത് അമ്മയെയാണ്, ഒരിക്കൽ അമ്മ അച്ഛനോട് ചോദിക്കുന്നത് കേട്ടു
"നിങ്ങളെന്താ ഇപ്പോൾ നമ്മുടെ മോളോട് മിണ്ടാത്തത്, അവളുടെ മുഖത്തേക്ക് നോക്കാൻ പോലും നിങ്ങളിപ്പോൾ ശ്രമിക്കാറില്ലല്ലോ???... "
അച്ഛന്റെ മുഖം മ്ലാനമായി , കണ്ണുകൾ നിറഞ്ഞൊഴുകി, ശബ്ദമിടറിക്കൊണ്ടദ്ദേഹം പറഞ്ഞു...
"അവളുടെ മുഖത്തേക്ക് ഞാൻ എങ്ങനെ നോക്കും, സ്വന്തം മകളുടെ കൂടെ അവിഹിതം ആരോപിക്കപ്പെട്ട ഒരു നാണംകെട്ട അച്ഛനായിപ്പോയില്ലേ ഞാൻ.... "
അച്ഛൻ കൈമലർത്തിക്കൊണ്ടത് പറഞ്ഞപ്പോൾ എന്റെ ഉള്ളം നീറിപ്പുകഞ്ഞു.
മൂന്ന് മാസങ്ങൾക്ക് മുൻപാണ് അത് സംഭവിച്ചത്, പ്ലസ് ടു പരീക്ഷയിൽ എനിക്ക് നല്ല മാർക്കുണ്ടെന്ന് ടീച്ചർ വിളിച്ചുപറഞ്ഞപ്പോൾ ഞാനാദ്യം ഓടിയത് അച്ഛന്റെയും അമ്മയുടെയും റൂമിലേക്കായിരുന്നു. ടൗണിൽ നിന്നും വന്നതിന്റെ ക്ഷീണം തീർക്കാൻ അൽപ്പം സമയം മയങ്ങാൻ കിടന്നതായിരുന്നു അച്ഛൻ. ഞാൻ പതിയെ അച്ഛന്റെയടുത്തേക്ക് നടന്നു, കുറ്റിരോമം നിറഞ്ഞ ആ നെഞ്ചിൽ തല താഴ്ത്തിവെച്ചു, കയ്യിലുണ്ടായിരുന്ന മൊബൈലിന്റെ ഫ്രണ്ട് കാമറ തുറന്നതിന് ശേഷം ഒരു സെൽഫിയെടുത്തു....
സുഹൃത്തക്കൾ മാത്രം അംഗങ്ങളായുള്ള എന്റെ വാട്സാപ്പിൽ സ്റ്റാറ്റസായി ഞാൻ ആ ഫോട്ടോയിട്ടു, കൂടെ ഒരു അടിക്കുറിപ്പും..
"Celebrating my win with my dear dad"
ദിവസങ്ങൾക്ക് ശേഷമാണ് ഞാനത് ശ്രദ്ധിക്കാൻ തുടങ്ങിയത്, കോളേജിലും ക്യാന്റീനിലും ബസ് സ്റാൻഡിലുമെല്ലാം ആളുകൾ എന്നെ സംശയത്തോടെ നോക്കുന്നു, അവർ പരസ്പരം എന്തൊക്കെയോ പിറുപിറുക്കുന്നു, അതിനിടയിൽ അർത്ഥമുനയുള്ള സംസാരങ്ങളും നോട്ടങ്ങളുമായി കഴുകൻ കണ്ണുകളോടെ മറ്റു ചിലർ....
എനിക്കാദ്യമൊന്നും മനസ്സിലായില്ല, ഒടുവിൽ എന്റെ മൊബൈലിലേക്ക് ഒരു ചിത്ര സന്ദേശമെത്തി,കൂടെ ഒരു കുറിപ്പും....
"സ്വന്തം അച്ഛന്റെ കൂടെ പ്ലസ് ടു കാരിയായ മകളുടെ ലൈംഗിക പരാക്രമം,നമ്മുടെ നാടിതെങ്ങോട്ട്?? "
ഞാനന്ന് വാട്സാപ്പിൽ ഷെയർ ചെയ്ത അതേ ചിത്രമായിരുന്നു,ആരോ അത് തെറ്റായ രീതിയിൽ പ്രചരിപ്പിച്ചിരിക്കുന്നു... ഫേസ്ബുക്കിലും വാട്സാപ്പ് ഗ്രൂപ്പുകളിലും ഞങ്ങളെ കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകൾ ഒഴുകി നടന്നു, പലരും ഞങ്ങൾക്ക് നേരെ കേട്ടാൽ അറക്കുന്ന തെറിവിളീകൾ നടത്തിക്കൊണ്ടിരുന്നു...
കേരളീയ സംസ്കാരത്തിന് അപമാനമാണ് ഈ അച്ഛനും മകളുമെന്ന് ഫേസ്ബുക് ലൈവിലൂടെ പലരും ഉത്‌ഘോഷിച്ചുകൊണ്ടിരുന്നു... അതിനിടയിൽ സത്യമെന്താണെന്നന്വേഷിക്കാൻ ആരും തയ്യാറായില്ല....
അയൽവാസികളുടെയും ബന്ധുക്കളുടെയും മുഖത്തേക്ക് നോക്കാനാകാതെ ഞങ്ങൾ വീടും നാടും വിട്ടു, പുതിയ ഗ്രാമത്തിൽ ചേക്കേറി....
അന്ന്മുതലാണ് അച്ഛൻ എന്നിൽ നിന്നും മാറി നടക്കാൻ തുടങ്ങിയത്, ഞാനുറങ്ങിയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം ഒരു കള്ളനെപ്പോലെ വീട്ടിലേക്ക് കയറി വരാൻ തുടങ്ങിയത്....
ഒരു തീന്മേശയ്ക്ക് ചുറ്റും ഇരുന്ന് ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിക്കാതായത്...
ഓരോ രാത്രിയിലും എന്റെ കട്ടിലിന് ചാരെ ഇരുന്ന് അച്ഛൻ വിതുമ്പിക്കരയുമ്പോൾ അച്ഛനെ കെട്ടിപിടിച്ചുകൊണ്ട് ആ കണ്ണീരൊപ്പാൻ ഞാൻ ആഗ്രഹിക്കാറുണ്ട്, പക്ഷേ, ഞങ്ങൾക്കിടയിൽ ഈ സമൂഹം അപവാദങ്ങൾക്കൊണ്ട് കെട്ടിപ്പൊക്കിയ ഒരു വൃത്തികെട്ട മറയുണ്ട്,ഒരു അച്ഛനും മകൾക്കും മനസ്സ് തുറന്ന് സംസാരിക്കാൻ അതൊരിക്കലും അനുവദിക്കില്ല...
ഇനിയും ഈ പീഡനങ്ങൾ സഹിക്കാനാകില്ല, ജീവിക്കുന്നെങ്കിൽ എന്റെ അച്ഛന്റെ മകളായി പഴയപോലെ അന്തസ്സായി ഞാൻ ജീവിക്കും,അതിനും അനുവദിച്ചില്ലെങ്കിൽ....
ഞാൻ തീരുമാനമെടുത്തിരുന്നു....
അടുത്ത ദിവസം അച്ഛൻ വീട്ടിൽ നിന്നും ഇറങ്ങാൻ തുടങ്ങുന്നതിന് മുൻപേ ഞാൻ എഴുന്നേറ്റു, അച്ഛന്റെ റൂമിലേക്ക് നടന്നു...
അച്ഛൻ എന്നെക്കണ്ടതും പരിഭ്രമിച്ചുകൊണ്ട് മുഖം വെട്ടിക്കാൻ തുടങ്ങി...
"എന്റെ അച്ഛന്റെ നെഞ്ചിൽ തലവെച്ചു കിടക്കാനുള്ള അവകാശം പോലും ഒരു മകളായ എനിക്കില്ലേ.... പിന്നെന്തിനാണച്ഛാ നമ്മളിവിടെ ജീവിക്കുന്നത്???... "
മറുത്തെന്തെങ്കിലും പറയാൻ അനുവദിക്കാതെ ഞാൻ അച്ഛന്റെ കയ്യുംപിടിച്ച് പുറത്തേക്ക് നടന്നു, കാര്യം മനസ്സിലാകാതെ അച്ഛൻ എന്റെ കൂടെ പോന്നു...
ഞങ്ങൾ നേരെ ടൗൺ ഹാളിലേക്ക് നടന്നു, സുഹൃത്തുക്കളുടെ സഹായത്തോടെ ഞാൻ നേരത്തെ വിളിച്ചു തയ്യാറാക്കി നിർത്തിയ മാധ്യമങ്ങൾക്ക് മുൻപിൽ ഞങ്ങൾ വന്നിരുന്നു...
"ഇത് എന്റെ അച്ഛൻ... നിങ്ങളുടെയൊക്കെ അച്ഛനെപ്പോലെ സ്നേഹവും വാത്സല്യവും വേണ്ടുവോളം എനിക്ക് തന്ന എന്റെ അച്ഛൻ... പക്ഷെ, ആ അച്ഛനെ ഒന്നുമ്മ വെക്കാൻ, ആ നെഞ്ചിൽ തല ചാഴ്ച്ചുറങ്ങാൻ,ഷർട്ടിടാത്ത ആ മേനിയിൽ കെട്ടിപ്പിടിക്കാൻ എനിക്ക് അനുവാദം നൽകാത്ത സമൂഹമേ.... ഏത് തെളിവിന്റെ അടിസ്ഥാനത്തിൽ ആണ് നിങ്ങൾ ഞങ്ങളെ തെറ്റുകാരാക്കിയത് , ഏത് മുൻവിധികളുടെ അടിസ്ഥാനത്തിൽ ആണ് നിങ്ങൾ ഞങ്ങൾക്കെതിരെ പോസ്റ്റുകൾ ഷെയർ ചെയ്തത്....
കരുതിയിരുന്നോ... നാളെ നിങ്ങൾക്കും ഈ ഗതികേട് വരും, സ്വന്തം അച്ഛനെയും അമ്മയെയും ആലിംഗനം ചെയ്യാൻ സമ്മതിക്കാത്ത, അവരുടെ കൂടെ ഒറ്റക്ക് യാത്ര ചെയ്യാൻ പോലും സമ്മതിക്കാത്ത ഒരു സമൂഹത്തിൽ നാണം കേട്ടു ജീവിക്കുന്ന ഗതികേട്....
ഒരു ഫോണും ഇന്റര്നെറ്റുമുണ്ടെങ്കിൽ ആർക്കും ആരെയും തേജോവധം ചെയ്യാൻ കഴിയുന്ന ഈ നാട്ടിൽ നാളെ നിങ്ങളും ഇരയാക്കപ്പെടും....
എനിക്ക് ഒരപേക്ഷയെ നിങ്ങളോട് പറയാനുള്ളൂ... ഇനിയെങ്കിലും ഇങ്ങനെ കിട്ടുന്ന വാർത്തകളെ മുൻവിധികളില്ലാതെ ആഘോഷിക്കരുത്, അതിൽ തകർന്നുപോകുന്നത് പല ജീവിതങ്ങളാണ്,പല ബന്ധങ്ങളാണ്.... പ്ലീസ്...... "
(സോഷ്യൽ മീഡിയയിലൂടെ നമ്മൾ പടച്ചുണ്ടാക്കുന്ന കഥകളിൽ ഇരയാകേണ്ടി വന്നവർക്ക് വേണ്ടി, ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് )
സമീർ ചെങ്ങമ്പള്ളി

അമ്മത്തൊട്ടിൽ

Image may contain: 1 person, beard, selfie, closeup and indoor
തന്റെ ചൂണ്ടുവിരലിൽ മുറുകെപ്പിടിച്ചുറങ്ങുകയായിരുന്ന ആ കുഞ്ഞു പൈതലിനെ പള്ളിമുറ്റത്തെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കുമ്പോൾ ഗീതയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. അവൾ രാജീവിന്റെ കണ്ണുകളിലേക്ക് പ്രതീക്ഷയോടെ നോക്കി, അവസാനമായി അപേക്ഷിച്ചു.
"രാജീവേട്ടാ, എന്റെ കുഞ്ഞിനെ ഇവിടെ ഉപേക്ഷിക്കാൻ മനസ്സ് വരുന്നില്ല... നമുക്കിതിനെ കൊണ്ടുപോകാം, ആരും ശല്യപ്പെടുത്താൻ വരാത്ത ഒരിടത്ത് പോയി മനസ്സമാധാനമായി ജീവിക്കാം "
അവന്റെ കണ്ണുകൾ അലക്ഷ്യമായി എവിടെയൊക്കെയോ സഞ്ചരിച്ചുകൊണ്ടിരുന്നു ,അവളുടെ അപേക്ഷയെ കണ്ടില്ലെന്ന് നടിക്കാൻ അവൻ കഷ്ടപ്പെടുകയായിരുന്നു.
കുറച്ചു സമയത്തെ മൗനത്തിനു ശേഷം അവൻ ഗീതയുടെ മുഖത്തേക്ക് നോക്കി.
"നമ്മുടെ കുഞ്ഞിനെ ഉപേക്ഷിക്കാൻ എനിക്കൊട്ടും ആഗ്രഹമില്ല, പക്ഷേ വിവാഹത്തിന് മുൻപ് ഒരു കുഞ്ഞിന് ജന്മം നല്കിയവനെന്ന അപമാന ഭാരം താങ്ങാനുള്ള ശക്തി എനിക്കില്ല... ഈ കുഞ്ഞ് ഇവിടെ വളരട്ടെ....കാലങ്ങൾക്ക് ശേഷം നമ്മൾ ഇവിടെ വരും, അവനെ കാണും, കുട്ടിയില്ലാത്ത ദമ്പതികളെന്ന വ്യാജേന നമ്മൾ നമ്മുടെ കുഞ്ഞിനെ തന്നെ ദത്തെടുക്കും... ഒന്നും പേടിക്കണ്ട "
അവൻ ഗീതയെ തന്റെ ശരീരത്തിലേക്ക് പതിയെ അടുപ്പിച്ചു.അവളെയും കൂട്ടി പതിയെ നടക്കാൻ ആരംഭിച്ചു.
ഓരോ അടി മുന്നിലേക്ക് നടക്കുമ്പോഴും മനസ്സ് പത്തടി പിറകിലോട്ട് നടക്കുന്നതുപോലെ അവൾക്ക് തോന്നി.
"ഈശ്വരാ... എന്റെ കുഞ്ഞിന് ഒരാപത്തും വരുത്തരുതേ, അവളെ നീ സുരക്ഷിതമായി തിരിച്ചേൽപ്പിക്കണേ... "
അവൾ മനസ്സിൽ പലവട്ടം മന്ത്രിച്ചുകൊണ്ടിരുന്നു.
രാജീവ്‌ അവളെയും കൂട്ടി കാറിലേക്ക് കയറി. അയാൾ വളരെയധികം അസ്വസ്ഥനായിരുന്നു. ഗീതയുടെ കൂടെ ആശുപത്രിയിൽ കൂട്ടിരുന്ന ആ രണ്ട്‌ ദിവസങ്ങൾക്കൊണ്ട് അയാൾ തന്റെ കുഞ്ഞിനെ ഒരുപാട് സ്നേഹിച്ചുപ്പോയിരുന്നു.
പണക്കാരനും ദുരഭിമാനിയുമായ തന്റെ അച്ഛനിൽ നിന്നും ഒരു താൽക്കാലിക ആശ്വാസം തേടിയായിരുന്നു അയാൾ ഈ ബാംഗ്ലൂർ നഗരത്തിൽ വന്നത്.അതിനിടെയിൽ കൂടെ ജോലി ചെയ്തിരുന്ന ഗീതയോട് അടുപ്പം തോന്നി.പിന്നീടെപ്പോഴോ അത് പ്രണയമായി വളർന്നു. സകല സദാചാര സീമകളും പൊട്ടിച്ചെറിഞ്ഞ അതിശക്തമായി അത് മുൻപോട്ട് പോയപ്പോഴാണ് അത് സംഭവിച്ചത്.... രാജീവിന്റെ ജീവന് അവളുടെ വയറ്റിൽ വളരുന്നെണ്ടെന്നറിഞ്ഞതും ആ കുഞ്ഞു ജീവനെ വയറ്റിൽ വെച്ചുതന്നെ കൊല്ലാൻ പല മാർഗ്ഗങ്ങൾ ശ്രമിച്ചതാണ്.... എല്ലാം പരാജയമായിരുന്നു....
അർദ്ധ രാത്രിയുടെ ആലസ്യത്തിൽ ഉറങ്ങുകയായിരുന്ന നഗരമധ്യത്തിലൂടെ അവർ വളരെ വേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്നു.തെരുവ് വിളക്കിന്റെ അരണ്ട വെളിച്ചം കാറിലേക്ക് ഇരച്ചു കയറിയതും അവൻ ഗീതയുടെ മുഖത്തേക്ക് നോക്കി,ഗീത അപ്പോഴും വിതുമ്പി കരയുകയായിരുന്നു....
അവൻ പതിയെ ഗീതയെ വിളിച്ചു...
"ഗീതേ... നീ ഇങ്ങനെ കരയല്ലേ... നമുക്കവളെ തിരിച്ചുകിട്ടും... "
"എനിക്കവളുടെ മുഖം മനസ്സിൽ നിന്ന് മായുന്നില്ല രാജീവേട്ടാ... നമുക്ക് തിരിച്ചു പോകാം, ദയവായി വണ്ടി തിരിക്കൂ... "
രാജീവൻ അവളുടെ അപേക്ഷയെ മുഖവിലക്കെടുക്കാതെ കാറിന്റെ വേഗത കൂട്ടി... കുറേ ദൂരം മുന്നോട്ട്പോയപ്പോൾ..
പെട്ടെന്നാണത്...
"വണ്ടി നിർത്താൻ... അല്ലെങ്കിൽ സത്യമായിട്ടും ഞാൻ കാറിൽ നിന്ന് ചാടുവേ " ഗീത ഉഗ്ര ശബ്ദത്തിൽ അലറി...
പേടിച്ചരണ്ട രാജീവൻ കാർ ഉടനെ തന്നെ റോഡ് സൈഡിലേക്ക് തിരിച്ചു, സഡ്ഡൻ ബ്രെക്കിട്ട് നിർത്തി,...
ഒരു ദീർഘ നിശ്വാസത്തോടെ അവൻ ഗീതയുടെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണുകൾ ഉഗ്ര കോപത്താൽ ചുവന്ന് തുടുക്കുന്നത് അയാൾ കണ്ടു.
അവൻ അവളുടെ ചുമലിലേക്ക് തന്റെ വിറയ്ക്കുന്ന കൈകൾ നീട്ടാൻ തുടങ്ങിയതും അവളത് തട്ടിത്തെറിപ്പിച്ചുക്കൊണ്ട് പൊട്ടിത്തെറിച്ചു....
"നിങ്ങൊളൊരു ആണാണോ??....
ജന്മം നൽകിയ സ്വന്തം കുഞ്ഞിന്റെ പിതൃത്വം പോലും അംഗീകരിക്കാൻ ധൈര്യമില്ലാത്ത നിങ്ങളുടെ കൂടെ ഞാൻ എങ്ങനെ ജീവിക്കും...
ആണും പെണ്ണും കെട്ട നിങ്ങളുടെ കൂടെ ജീവിക്കുന്നതിനേക്കാൾ എത്രെയോ ഭേദമാണ് തന്തയില്ലാത്ത ഒരു കുഞ്ഞിന്റെ അമ്മയായി ജീവിക്കുന്നത്... അതുകൊണ്ട് എനിക്കിപ്പോൾ എന്റെ കുഞ്ഞിനെ കൊണ്ടുപോകണം....
നിങ്ങൾ നിങ്ങൾ അച്ഛന്റെ കൂടെ പോകുകയോ അതോ കടലിൽ ചാടി ചാകുകയോ എന്ത് വേണേൽ ചെയ്തോ... പക്ഷേ എന്ത് അപമാന ഭാരം സഹിച്ചാലും വേണ്ടീല്ല, ഞാൻ എന്റെ മകളെ വളർത്തും... നല്ല അന്തസ്സായി.... "
അവളുടെ വാക്കുകൾ ദൃഢമായിരുന്നു. അവളുടെ കണ്ണുകളിൽ അന്നോളം അന്യമായിരുന്ന ആ അഗ്നി അയാളെ ചുട്ടുപൊള്ളിക്കാൻ പോന്നതായിരുന്നു....
അയാൾ തന്റെ വിരലുകൾ സ്റ്റിയറിങ്ങിൽ അമർത്തിപ്പിടിച്ചു തലകുമ്പിട്ടിരുന്നു....
കുറച്ചു സമയത്തെ മൗനത്തിനു ശേഷം എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ അയാൾ കാർ സ്റ്റാർട്ട് ചെയ്തു... അല്പം ദൂരം മുന്നോട്ട് പോയതിന് ശേഷം കാർ യൂ ടേൺ തിരിച്ചു...
ലക്ഷ്യസ്ഥാനത്ത് വണ്ടി നിർത്തുന്നതിന് മുൻപേ ഗീത അക്ഷമയോടെ കാറിൽ നിന്നും ചാടിറങ്ങി. അവൾ അമ്മ തോട്ടിൽ ലക്ഷ്യമാക്കി കുതിച്ചു...
രാജീവ് നിർവികാരതയോടെ കാറിൽ ചാരി നിന്നു...
കുറച്ചു സമയത്തിന് ശേഷം, ഭ്രാന്തമായ ആവേശത്തോടെ തന്റെ കുഞ്ഞിനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവൾ രാജിവനടുത്തേക്ക് വന്നു...
അയാളപ്പോൾ മൊബൈലിൽ ആരോടെക്കെയോ സംസാരിക്കുകയായിരുന്നു... കാർക്കശ്യത്തോടെ , ദേഷ്യത്തോടെ...
"എന്റെ മകളെയും അവളുടെ അമ്മയെയും മറ്റൊന്നിന് വേണ്ടി ഈ രാജീവ്‌ ഉപേക്ഷിക്കില്ല... അങ്ങനെ ചെയ്താൽ ഞാൻ മനുഷ്യനല്ല... അച്ഛൻ ഞങ്ങളെ മനസ്സമാധാനമായി ജീവിക്കാൻ അനുവദിക്കൂ... "
രാജീവ്‌ ആദ്യമായി ഒരു പിതാവായി മാറുന്നതുകണ്ടപ്പോൾ ഗീത അവനെ നോക്കി മന്ദഹസിച്ചു .... അവൻ തിരിച്ചും....
സമീർ ചെങ്ങമ്പള്ളി

മാഷിന് മാപ്പ്

Image may contain: 1 person, ocean, outdoor and water

ഒരിക്കൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് കയറുന്നതിനിടെ ഉപ്പ എന്നോട് പറഞ്ഞു
"നിങ്ങളുടെ സുനിൽ മാഷ് ബൈക്കിൽ നിന്ന് വീണ് ക്രിട്ടിക്കലാണ്... "
ഉപ്പയത് പറഞ്ഞവസാനിക്കുന്നതിന് മുൻപേ എന്റെ മനസ്സിൽ ഒരായിരം പൂത്തിരി കത്തി....
ഞാൻ മനസ്സിൽ ദൈവത്തെ മുക്തകണ്ഠം സ്തുതിച്ചുകൊണ്ടിരുന്നു...
"അൽഹംദുലില്ലാഹ്.... ഓന് അതന്നെ വേണം "
അടുത്ത നിമിഷം ഞാൻ ലാൻഡ് ഫോണിനരികിലേക്ക് ഓടി... ഫോണെടുത്തതും ഓരോരുത്തരോടായി ആ സന്തോഷ വാർത്ത വിളിച്ചു പറയാൻ ആരംഭിച്ചു...
"സമീറെ, സഫ്‌വാനെ, കുഞ്ഞാവു.... അറിഞ്ഞോ സുനിലിന്റെ ബൈക്ക് ആക്സിഡന്റായി... എന്തായാലും സംഗതി ഗുരുതരമാണ്... ഒരു മാസത്തേക്കെങ്കിലും അവന്റെ ശല്യം കാണൂല്ല... "
അവരെല്ലാവരും കേട്ട വാർത്ത സത്യമല്ലേയെന്ന് വീണ്ടും വീണ്ടും എന്നോട് ആരാഞ്ഞുകൊണ്ടിരുന്നു....
ഒരു മാസത്തേക്കെന്നല്ല, ഈ കൊല്ലം മുഴുവൻ അയാൾ കട്ടിലിൽ തന്നെ കിടന്നിരുന്നെങ്കിലെന്ന് പലരും ആഗ്രഹം പ്രകടിപ്പിച്ചു....
അത്രമാത്രമായിരുന്നു ഞങ്ങൾക്ക് അദ്ദേഹത്തോടുള്ള വെറുപ്പ്...
അതിന് കാരണങ്ങളും പലതാണ്...
ഹാജർ എടുത്തതിന് ശേഷം ഓഫിസ് റൂമിലേക്ക് മടങ്ങുമായിരുന്നു മറ്റു ക്ലാസ് ടീച്ചർമാരെ പോലെയായിരുന്നില്ല സുനിൽ മാഷ്...
തലേ ദിവസം വരാതിരുന്ന കുട്ടികളുടെ പേര് വിളിക്കും.കാരണങ്ങൾ ന്യായമല്ലെങ്കിൽ വീട്ടിൽ നിന്ന് രക്ഷിതാവിനെ കൊണ്ടുവരുന്നതുവരെ ക്‌ളാസിൽ ഇരിക്കേണ്ട എന്ന് കട്ടായം പറയും...
അർദ്ധ വാർഷിക പരീക്ഷകളിലും ക്ലാസ് ടെസ്റ്റുകളിലും മാർക്ക് കുറഞ്ഞ കുട്ടികളെ നിര നിരയായി നിർത്തും. പിന്നെ മൂന്നടിയോളം നീളം വരുന്ന ചൂരൽ വായുവിൽ ചുഴറ്റിയതിന് ശേഷം ചന്തിക്കു നേരെ ശക്തമായി പ്രഹരിക്കും...
ആദ്യ അടിയിൽ തന്നെ വേദന സഹിക്കാനാകാതെ പുളഞ്ഞുകരഞ്ഞിരുന്ന കുട്ടികളെ രണ്ടും മൂന്നും തവണ നിർദാക്ഷണ്യം തല്ലുന്നതോടെ ക്‌ളാസ് റൂം മൊത്തം കൂട്ടക്കരച്ചിൽ മുഴങ്ങും...
ഒഴിവ് പീരിയഡുകളിൽ ശബ്ദമുണ്ടാക്കി തലങ്ങും വിലങ്ങും ഓടിയിരുന്ന കുട്ടികളെയെല്ലാം സ്റ്റാഫ്‌ റൂമിലേക്ക്‌ കൊണ്ടുപോയി നല്ല ചൂരൽ കഷായം സമ്മാനിക്കും...
സുനിൽ മാഷ് വരാത്ത ദിവസങ്ങൾ വിരളമായിരുന്നെങ്കിലും ആ ദിവസങ്ങളിലെല്ലാം ഞങ്ങൾ ഏഴ് ഡി യിലെ കുട്ടികൾക്ക് പെരുന്നാളായിരുന്നു....
അങ്ങനെയിരിക്കെ, ഒരിക്കൽ പതിവിൽ നിന്ന് വിപരീതമായി മുണ്ടെടുത്ത് ക്‌ളാസ്സിലേക്ക് കയറിയ സുനിൽ മാഷ്, ഹാജർ എടുത്ത് കഴിഞ്ഞതിന് ശേഷം ഞങ്ങളെ നോക്കിക്കൊണ്ട് പുഞ്ചിരി തൂകി പറഞ്ഞു
"ഞാനിന്ന് ഒരു ഹാപ്പി മൂഡിലാണ്.. അതുകൊണ്ട് ഇന്ന് നിങ്ങളെ പഠിപ്പിക്കുന്നില്ല... നിങ്ങൾ ശബ്ദമുണ്ടാക്കാതെ സംസാരിക്കുകയോ പഠിക്കുകയോ ചെയ്തോളൂ.... "
ജീവിതത്തിൽ ആദ്യമായി ഞങ്ങൾ കുട്ടികളെല്ലാവരും അദ്ദേഹത്തെ പുഞ്ചിരിയിലൂടെ അഭിവാദ്യം ചെയ്തത് അന്നേരമാണ്... പലരും പരസപരം മുഖത്തോട് മുഖം നോക്കി അവിശ്വസനീയതയോടെ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു....
"ഡാ...ഇയാൾക്കിതെന്താ പറ്റിയെ???.."
അന്നേ ദിവസമാണ് അതും സംഭവിച്ചത്
അവസാന പീരിയഡ് കഴിഞ്ഞതും ദേശീയ ഗാനം ചൊല്ലാൻ ബെല്ലടിച്ചു... ക്‌ളാസിൽ മറ്റു ടീച്ചർമാരാരും ഇല്ലാത്തത്കൊണ്ട് തന്നെ ഞങ്ങൾ കുട്ടികളെല്ലാവരും ആ മുഹൂർത്തത്തെ ആഘോഷിക്കുകയായിരുന്നു...
പുസ്തകമെടുത്ത് ബാറ്റാക്കിയും നോട്ടുബുക്കിലെ പേജുകൾ ചീന്തി ബോളുണ്ടാക്കിയും ഞങ്ങൾ ക്രിക്കറ്റ് കളിച്ചു... അതിനിടെ ദേശീയ ഗാനം ചൊല്ലി തുടങ്ങിയതും തീർന്നതുമെല്ലാം ഞങ്ങൾ കേട്ടില്ലായിരുന്നു...
ഒടുവിൽ കൂട്ടബെല്ല്‌ കേട്ടതും ഞങ്ങളെല്ലാവരും കളി മതിയാക്കി ബാഗും പുസ്തകങ്ങളും എടുത്ത് മുറ്റത്തേക്ക് ചാടിയതും സുനിൽ മാഷ് മുൻപിൽ വന്നു നിന്നു ....
"മറ്റു കുട്ടികളെല്ലാം അന്തസ്സായി ദേശീയ ഗാനം ചൊല്ലിത്തീർത്തു... പക്ഷേ സുനിലിന്റെ കുട്ടികൾ മാത്രം ഈ സ്‌കൂളിനെ നാണം കെടുത്തി... നിങ്ങളാരും ഇന്ന് അത്ര ഈസിയായി ഈ ക്‌ളാസിൽ നിന്നിറങ്ങിപ്പോകേണ്ട...സ്‌കൂൾ മുറ്റത്തുപോയി ദേശീയ ഗാനം മുഴുവൻ പാടി എന്റെ അടിയും വാങ്ങിച്ചുപോയാൽ മതി "
അദ്ദേഹം ഞങ്ങളെ ഓരോരുത്തരെയായി സ്‌കൂൾ മുറ്റത്തേക്ക് കൊണ്ടുപോയി... ദേശീയ ഗാനം ചൊല്ലിപ്പിച്ചതിന് ശേഷം കൈവെള്ളയിൽ ചൂരൽ പ്രയോഗം നടത്തി.. പിന്നെ വിട്ടയച്ചു...
അപമാനഭാരവും സങ്കടവും സഹിക്കാനാകാതെ ഞങ്ങലെല്ലാവരും അദ്ദേഹത്തെ മനസ്സുകൊണ്ട് ശപിച്ചുകൊണ്ടിരുന്നു...
വീട്ടിലേക്കുള്ള നടത്തത്തിനിടെ അദ്ദേഹം ബൈക്കിൽ പാസ്സ് ചെയ്തു പോകുന്നത് കണ്ടപ്പോൾ ആരോ വിളിച്ചു പറഞ്ഞു
"പോകുന്ന വഴിയിൽ ഏതെങ്കിലും വണ്ടി തട്ടി തീർന്നിരുന്നെങ്കിലെന്ന്.... "
ആ ശാപവാക്കാണ് ഇപ്പോൾ അച്ചട്ടായത്.....
അടുത്ത ദിവസം സ്‌കൂളിലെത്തിയ ഞങ്ങലെല്ലാവരും ഒരു ആഘോഷ മൂഡിലായിരുന്നു...പലരും പൊട്ടിചിരിച്ചുകൊണ്ട് ഈ സന്തോഷ വാർത്തയെ ആഘോഷിച്ചു..
അതിനിടെയിൽ ക്‌ളാസ്സിലേക്ക് കയറിവന്ന കുര്യാക്കോസ് മാഷ് ഒരൊറ്റ ചോദ്യം
"നിങ്ങളുടെ മാഷ് ഒരു അപകടത്തിൽ പെട്ടു... അറിഞ്ഞില്ലേ???... "
"അത് ഞങ്ങളുടെ പ്രാർത്ഥനകൊണ്ടാ... അങ്ങേര് ഞങ്ങളെ അത്രേം തല്ലിയിട്ടുണ്ട് "
കൂട്ടത്തിലെ ഏറ്റവും ബുദ്ധിമാനും മിടുക്കാനുമായ ക്‌ളാസ് ലീഡർ അർത്ഥശങ്കയില്ലാതെ അത് പറഞ്ഞവസാനിപ്പിച്ചതും കുര്യാക്കോസ് മാഷിന്റെ മുഖം മങ്ങി... അദ്ദേഹം അൽപ്പസമയം തല കുനിച്ചു നിന്നു....
പിന്നെ വെട്ടി തിളങ്ങുന്ന കണ്ണുകളോടെ അദ്ദേഹം പറഞ്ഞു തുടങ്ങി...
"നിങ്ങൾക്കറിയില്ല.... സുനിൽ നിങ്ങളെ എത്ര സ്നേഹിക്കുന്നെന്ന്... അവൻ എപ്പോഴും സംസാരിക്കാറുള്ളത് നിങ്ങളെ പറ്റിയാണ്...അവൻ പറയാറുണ്ട്, എന്റെ കുട്ടികളാണ് ഈ സ്‌കൂളിലെ ഏറ്റവും നല്ല കുട്ടികൾ ... അവരെ ഓരോരുത്തരെയും ഞാൻ ഏറ്റവും നല്ല മാർക്കിൽ പാസ്സാക്കും... കൂലിപ്പണി ചെയ്ത് മക്കളെ ഇങ്ങോട്ടയക്കുന്ന അവരുടെ രക്ഷിതാക്കൾക്ക് ഒരു അത്താണിയായി അവർ വളരും....
നിങ്ങൾക്ക് പരീക്ഷകളിൽ മാർക്ക് കുറയുമ്പോഴെല്ലാം അവന്റെ ഹൃദയം വേദനിക്കുന്നത്പോലെ നിങ്ങളുടെ രക്ഷിതാക്കൾപോലും വേദനിച്ചു കാണില്ല...
അവനെനിക്ക് സ്വന്തം അനിയനെപ്പോലെയായിരുന്നു... അവനെ എന്നേക്കാൾ നന്നായി ഇവിടെ ആരും മനസ്സിലാക്കി കാണില്ല...
അവനെപ്പോലെ ഒരു അധ്യാപകനെ ഇനി നിങ്ങൾക്ക് കിട്ടില്ല... അവനോട് ഒരല്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ ആ ജീവന് വേണ്ടി ഒന്ന് പ്രാർത്ഥിക്കുകയെങ്കിലും ചെയ്യണം ... "
നിറ കണ്ണുകളോടെ അദ്ദേഹം ആ ക്ലാസ് മുറിവിട്ടിറങ്ങിയത് ഇന്നും എന്റെ ഓർമയിലുണ്ട്...
സുനിൽ മാഷ് പിന്നീട് മാസങ്ങളോളം ആശുപത്രിയിൽ കിടന്നു.തലയിൽ സാരമായി ക്ഷതം സംഭവിച്ചിരുന്നതിനാൽ ഓർമ്മക്കുറവുണ്ടെന്ന് ആരോ ഞങ്ങളോട് പറഞ്ഞതും ഞങ്ങളുടെ മനസ്സിൽ കുറ്റബോധം നിറഞ്ഞു...
ഒരിക്കൽ ഞങ്ങളെല്ലാവരും അദ്ദേഹത്തെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയി... അദ്ദേഹം ഞങ്ങളെ കണ്ടതും കൊച്ചു കുട്ടികളെപ്പോലെ നിഷ്കളങ്കമായി ചിരിച്ചു, അവ്യക്തമായി എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരുന്നു....
മാസങ്ങൾക്ക് ശേഷം ഉമ്മയുടെ കൂടെ പെരിന്തൽമണ്ണയിലെ മൗലാനാ ഹോസ്പിറ്റലിൽ പോയപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയെ അപ്രതീക്ഷിതമായി കാണാൻ ഇടയായി....
ഞാനുമ്മക്ക് അവരെ പരിചയപ്പെടുത്തിക്കൊടുത്തു...
പ്രണയിച്ചു അന്യമതക്കാരനെ വിവാഹം കഴിച്ചതിന്റെ പേരിൽ ബന്ധുക്കളുമായി അത്ര രസത്തിലല്ലായിരുന്നു അവർ രണ്ടുപേരും.. അതുകൊണ്ട് തന്നെ മാഷിന്റെ ചികിത്സ വളരെ ബുദ്ധിമുട്ടിയാണ് അവർ ഒറ്റക്ക് നടത്തിപോന്നിരുന്നത്....
അതിനിടയിൽ തന്റെ വയറ്റിൽ വളരുന്ന മാഷിന്റെ കുഞ്ഞിനെക്കുറിച്ചുള്ള ആശങ്കയും അവർ പങ്കുവെച്ചു,...
"ഞാനിങ്ങനെ സങ്കടപ്പെട്ട് നടന്നാൽ എന്റെ കൊച്ചിനെ അത് ബാധിക്കുമോ ഉമ്മാ......"എന്ന് അവർ എന്റെ ഉമ്മയുടെ കയ്യിൽ പിടിച്ചു പൊട്ടിക്കരഞ്ഞുകൊണ്ട്‌ ചോദിച്ചു ....
ഉമ്മ അവരെ പലതും പറഞ്ഞ് സമാധാനിപ്പിച്ചു, അവരുടെ മനം നിറയുന്നതുവരെ....
മുകളിലത്തെ നിലയിൽ സ്വബോധമറ്റ് കിടന്നിരുന്ന അദ്ദേഹത്തെ ഞാൻ ഒരിക്കൽക്കൂടി കണ്ടു... എന്തോ ചോദിക്കണമെന്നോ പറയണമെന്നോ ഉണ്ടായിരുന്നു എനിക്കപ്പോൾ... പക്ഷേ മനസ്സനുവദിച്ചില്ല...
പിന്നീടൊരിക്കലും ഞാനദ്ദേഹത്തെ കണ്ടിട്ടില്ല....
വർഷങ്ങൾ ഏറെ ആയെങ്കിലും ആ ഗുരു ശാപം എന്നെ വിടാതെ പിന്തുടരുന്നത്പോലെ എനിക്ക് തോന്നാറുണ്ട്...അതൊരുപക്ഷേ എന്റെ വെറും തോന്നലാവാം...
നാട്ടിൽ പോയാൽ അദ്ദേഹത്തെ കാണണമെന്നും ആ അബോധ മനസ്സിനോട് മാപ്പ് ഇരക്കണെമെന്നും ഒരുപാട് ആഗ്രഹിച്ചിരുന്നു....
പക്ഷേ, ആ വലിയ കടം ജീവിതാവസാനം വരെ ബാക്കിവെക്കാനായിരുന്നു ദൈവ വിധി...
കുറേ നാളത്തെ നരകയാതനക്ക് ശേഷം അദ്ദേഹം മരണപ്പെട്ടുവെന്ന വാർത്ത കേട്ടത് നാളുകൾക്ക് മുൻപാണ്....
കുട്ടികളുടെ പ്രാർത്ഥനയ്ക്ക് പെട്ടെന്ന് ഉത്തരം കിട്ടുമെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്....
അതുപോലെ ഒരു നല്ല ഗുരുനാഥനെ അളക്കേണ്ട അളവുകോൽ അദ്ദേഹത്തിന്റെ ബാഹ്യപ്രകടനങ്ങളല്ല ....
കാരണം, കണ്ണുരുട്ടിയും വടി വീശിയും സുനിൽ മാഷ് പഠിപ്പിച്ചു തന്ന ഓരോ ഇംഗ്ലീഷ് അക്ഷരങ്ങളും വാക്കുകളും പിന്നീടൊരിക്കലും ഞാൻ മറന്നുപോയിട്ടില്ല.... മറ്റെന്തൊക്കെ മറന്നാലും...
മാഷായിരുന്നു ശെരി... അതിന് കാലമാണ് സാക്ഷി ... എന്റെ ജീവിതമാണ് സാക്ഷി....
സമീർ ചെങ്ങമ്പള്ളി

മാളു

Image may contain: 1 person, ocean, outdoor and water

അടിവയർ അമർത്തിപ്പിടിച്ചുകൊണ്ട് മാളു മേശയിൽ തലവെച്ചു കിടക്കുന്നതുകണ്ടപ്പോൾ എന്റെ ഉള്ള് പിടഞ്ഞു....
ഞാനവളുടെ അടുത്തേക്ക് ചേർന്ന് നിന്നുകൊണ്ട് ചുമലിൽ പതിയെ കൈ അമർത്തി...
"മാളു.. എന്താ നിനക്ക് പറ്റിയെ... സുഖല്ല്യേ??? "
"വയറിനടിയിൽ വല്ലാതെ നോവുന്നു അമ്മേ "
"അത് സാരല്യ... ഉച്ചക്ക് കഴിച്ച ആ പുഴുക്കത്ര ശെരിയായി കാണൂല്ല... ഞാൻ പോയി എന്തേലും മരുന്നുണ്ടാക്കിക്കൊണ്ട് വരം "
അടുക്കളയിലെ തട്ടിൽ നിന്നും വെളുത്തുള്ളിയും ഇഞ്ചിയും പെറുക്കിയെടുത്ത് ഞാൻ അമ്മിക്കല്ലിനരികിലേക്ക് നടന്നു....
"അമ്മേ... എനിക്ക് വയ്യാ... ഞാനിപ്പോ ചാകുവേ .. "
മാളുവിന്റെ പെട്ടെന്നുള്ള കരച്ചിൽ കേട്ടതും ഞാൻ ഞെട്ടിത്തരിച്ചു... കയ്യിലുണ്ടായിരുന്ന ഇഞ്ചിയും വെളുത്തുള്ളിയും അമ്മിക്കല്ലിലേക്ക് അലക്ഷ്യമായി വലിച്ചെറിഞ്ഞുകൊണ്ട് ഞാൻ അവളുടെ അടുത്തേക്ക് ഓടി...
വേദന സഹിക്കാനാകാതെ അവൾ കൈകൾ രണ്ടും മേശയിലിട്ടടിക്കുന്നു....
കാലുകൾ രണ്ടും പരസ്പരം കൂട്ടിപ്പിടിച്ചുകൊണ്ട് ഞെരിപിരി കൊള്ളുന്നു...
ഞാനവളുടെ മുഖം പതിയെ ഉയർത്തി...

"എന്താ എന്റെ മോൾക്ക്‌ പറ്റിയേ.... ഈ അമ്മയോട് പറ??? "
അവൾ വിക്കി വിക്കി എന്തോ പറയാൻ ശ്രമിച്ചുകൊണ്ടിരുന്നു ...
പക്ഷേ, വാക്കുകൾ പുറപ്പെടുവിക്കാനാകാതെ അവളുടെ അധരങ്ങൾ അശക്തയാകുന്നത്പോലെ എനിക്ക് തോന്നി....
ഞാൻ ഉടനെ തന്നെ മുറിയിലേക്ക് ഓടി, വസ്ത്രം മാറിയതിന് ശേഷം അവളെയും താങ്ങിപ്പിടിച്ചുകൊണ്ട് കാറിനരികിലേക്ക് നടന്നു....
തൊട്ടടുത്ത ആശുപത്രിയെ ലക്ഷ്യമാക്കി ഞാൻ വേഗത്തിൽ കാറോടിച്ചു....
അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ച അവളെ പരിശോധിക്കാൻ ഡോക്ടർമാരും നഴ്‌സുമാരും പാഞ്ഞെത്തി.... തൊഴുകൈയ്യോടെ മനമുരുകി പ്രാർത്ഥിച്ചുകൊണ്ട് ഞാൻ പുറത്ത് ക്ഷമയോടെ കാത്തുനിന്നു....
ഒരു മണിക്കൂറിനു ശേഷം അവർ വാതിൽ തുറന്നതും ഞാൻ ജിജ്ഞാസയോടെ ഡോക്ടറുടെ അടുത്തേക്ക് ഓടി....
"എന്താ ഡോക്ടർ എന്റെ കുട്ടിക്ക്???,, "
"നിങ്ങളുടെ കൂടെ നിങ്ങളുടെ ഭർത്താവ് വന്നിട്ടില്ലേ??..."
"ഇല്ല സാർ.... അദ്ദേഹം മൂന്ന് വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടു... എനിക്കിവൾ മാത്രമേ ഒള്ളൂ... "
"നിങ്ങൾ ടെൻഷൻ ആകരുത്... ക്ഷമയോടെ കേൾക്കുക...നല്ല തീരുമാനം എടുക്കുക... നിങ്ങളുടെ മകൾ റേപ്പ് ചെയ്യപ്പെട്ടിട്ടുണ്ട്....സംഭവം കഴിഞ്ഞിട്ട് രണ്ട്‌ ദിവസങ്ങളായി....ഞങ്ങൾ അവളോട് ആളെപ്പറ്റി കുറേ ചോദിച്ചു... പക്ഷേ അവളൊന്നും പറയാൻ തയ്യാറാകുന്നില്ല "
ഡോക്ടർ പറഞ്ഞവസാനിപ്പിക്കുന്നതിന് മുൻപേ എന്റെ ശരീരം വിറക്കാൻ തുടങ്ങി, തലചുറ്റുന്നതുപോലെ....
ഞാൻ തൊട്ടടുത്ത കസേരയിലേക്ക് കൈകൾ എത്തിപ്പിടിക്കാൻ ശ്രമിച്ചു ,ഒരു ദീർഘനിശ്വാസത്തോടെ ഞാൻ അവിടെ ഇരുന്നു..
"നിങ്ങൾ പോലീസിൽ പരാതി പറയണം... ഇനി ഒരു പെൺകുട്ടിക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുത്... നിങ്ങളുടെ കൂടെ ഞങ്ങളുമുണ്ട്.. "
നനഞ്ഞ മിഴികളോടെ എനിക്ക് കരുത്തുപകരാൻ നഴ്‌സുമാരും കൂടെ നിന്നു... പക്ഷേ, ഞാനവരോട് പറഞ്ഞു
"എന്നെ പിന്തുണയ്ക്കാൻ തയ്യാറാകുന്ന നിങ്ങളുടെയെല്ലാം നല്ല മനസിന് നന്ദി... പക്ഷേ,എന്റെ മകൾക്ക് നീതി നേടിക്കൊടുക്കുമെന്ന് നിങ്ങൾക്ക് ഉറപ്പ് നൽകാൻ കഴിയുമോ... കൂടിയാൽ നിങ്ങൾ കോടതി വരെ അവരെ എത്തിക്കും... അത് കഴിഞ്ഞാൽ???... "
ഡോക്ടർ എന്റെ സമീപത്തേക്ക് അൽപ്പം കൂടി അടുത്തു... ചുറ്റുപാടും കണ്ണുകളോടിച്ചതിന് ശേഷം ശബ്ദം താഴ്ത്തി പറഞ്ഞു
"നിങ്ങൾക്കവനെ ഈ അത്യാഹിതവിഭാഗം വരെ എത്തിക്കാൻ കഴിയുമോ...കോടതിയിൽ കയറുന്നതിന് മുൻപേ ഈ കേസിൽ ഞങ്ങൾ തീർപ്പുണ്ടാക്കി തരാം"
അയാളുടെ കണ്ണുകളിൽ നിന്നും ഞാൻ വായിച്ചെടുത്ത രോഷാഗ്നി എന്റെ ആത്മവിശ്വാസത്തെ ഉണർത്തി ...
നിസ്സഹായായ ഒരു അമ്മയുടെ നിലവിളിക്കുത്തരം നൽകാൻ ദൈവം നിയോഗിച്ചവനാണ് അയാളെന്ന് എനിക്കപ്പോൾ തോന്നി...
രണ്ട്‌ മാസങ്ങൾക്ക് ശേഷം ഇന്നാണ് ഞാൻ ആ ആശുപത്രിയിലേക്ക് വീണ്ടുമെത്തിയത്....
അയലത്തെ വീട്ടിലെ ഷാജിയേട്ടൻ ഒരു കൊച്ചുവർത്തമാനത്തിനായി എന്റെ ഉമ്മറത്ത് വന്നിരുന്നു... സംസാരിക്കുന്നതിനിടെ എന്റെ കയ്യിൽ നിന്നും ഒരു ഗ്ലാസ്‌ കട്ടൻ ചായ വാങ്ങിക്കുടിച്ചതോർമ്മയുണ്ട്....
പിന്നെ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു....
ഞാൻ അദ്ദേഹത്തെയും കൂട്ടി ആശുപത്രിയിലേക്ക് പാഞ്ഞു...
എന്റെ മകൾ കിടന്ന കട്ടിലിൽ തന്നെ അയാളെയും കിടത്തി...
അതെ ഡോക്ടർമാർ... അതെ നഴ്‌സുമാർ...
അരമണിക്കൂറിന് ശേഷം അവർ മുഖം കുനിച്ചുകൊണ്ട് പുറത്തേക്ക് വന്നു....
പ്രതീക്ഷയോടെ അവരെ നോക്കിനിന്നിരുന്ന കുടുംബാംഗങ്ങളോട് അവർ പറഞ്ഞു
"ഹൃദയാഘാതമായിരുന്നു... വരുന്നതിന് മുൻപേ.... "
കൂട്ടക്കരച്ചിലുകൾക്കൊണ്ട് ശബ്ദമുഖരിതമായിരുന്ന ആശുപത്രി വാർഡിൽ ഞാൻ മാത്രം നിറഞ്ഞ മനസ്സോടെ ഇരുന്നു... പെട്ടെന്നാണ് എന്റെ മൊബൈലിലേക്ക് ആ മെസ്സേജ് വന്നത്...
"നിങ്ങളുടെ മകൾക്ക് ഞാൻ വാഗ്ദാനം നൽകിയ ആ നീതി കിട്ടിയിരിക്കുന്നു... ഞാൻ അയാളെ കൊന്നിട്ടില്ല... പകരം ചികില്സിക്കയായിരുന്നു... ഈ സമൂഹത്തെ... അല്ല അയാളെത്തന്നെ "
സമീർ ചെങ്ങമ്പള്ളി

നീതി

അടിവയർ അമർത്തിപ്പിടിച്ചുകൊണ്ട് മാളു മേശയിൽ തലവെച്ചു കിടക്കുന്നതുകണ്ടപ്പോൾ എന്റെ ഉള്ള് പിടഞ്ഞു....
ഞാനവളുടെ അടുത്തേക്ക് ചേർന്ന് നിന്നുകൊണ്ട് ചുമലിൽ പതിയെ കൈ അമർത്തി...
"മാളു.. എന്താ നിനക്ക് പറ്റിയെ... സുഖല്ല്യേ??? "
"വയറിനടിയിൽ വല്ലാതെ നോവുന്നു അമ്മേ "
"അത് സാരല്യ... ഉച്ചക്ക് കഴിച്ച ആ പുഴുക്കത്ര ശെരിയായി കാണൂല്ല... ഞാൻ പോയി എന്തേലും മരുന്നുണ്ടാക്കിക്കൊണ്ട് വരം "
അടുക്കളയിലെ തട്ടിൽ നിന്നും വെളുത്തുള്ളിയും ഇഞ്ചിയും പെറുക്കിയെടുത്ത് ഞാൻ അമ്മിക്കല്ലിനരികിലേക്ക് നടന്നു....
"അമ്മേ... എനിക്ക് വയ്യാ... ഞാനിപ്പോ ചാകുവേ .. "
മാളുവിന്റെ പെട്ടെന്നുള്ള കരച്ചിൽ കേട്ടതും ഞാൻ ഞെട്ടിത്തരിച്ചു... കയ്യിലുണ്ടായിരുന്ന ഇഞ്ചിയും വെളുത്തുള്ളിയും അമ്മിക്കല്ലിലേക്ക് അലക്ഷ്യമായി വലിച്ചെറിഞ്ഞുകൊണ്ട് ഞാൻ അവളുടെ അടുത്തേക്ക് ഓടി...
വേദന സഹിക്കാനാകാതെ അവൾ കൈകൾ രണ്ടും മേശയിലിട്ടടിക്കുന്നു....
കാലുകൾ രണ്ടും പരസ്പരം കൂട്ടിപ്പിടിച്ചുകൊണ്ട് ഞെരിപിരി കൊള്ളുന്നു...
ഞാനവളുടെ മുഖം പതിയെ ഉയർത്തി...

"എന്താ എന്റെ മോൾക്ക്‌ പറ്റിയേ.... ഈ അമ്മയോട് പറ??? "
അവൾ വിക്കി വിക്കി എന്തോ പറയാൻ ശ്രമിച്ചുകൊണ്ടിരുന്നു ...
പക്ഷേ, വാക്കുകൾ പുറപ്പെടുവിക്കാനാകാതെ അവളുടെ അധരങ്ങൾ അശക്തയാകുന്നത്പോലെ എനിക്ക് തോന്നി....
ഞാൻ ഉടനെ തന്നെ മുറിയിലേക്ക് ഓടി, വസ്ത്രം മാറിയതിന് ശേഷം അവളെയും താങ്ങിപ്പിടിച്ചുകൊണ്ട് കാറിനരികിലേക്ക് നടന്നു....
തൊട്ടടുത്ത ആശുപത്രിയെ ലക്ഷ്യമാക്കി ഞാൻ വേഗത്തിൽ കാറോടിച്ചു....
അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ച അവളെ പരിശോധിക്കാൻ ഡോക്ടർമാരും നഴ്‌സുമാരും പാഞ്ഞെത്തി.... തൊഴുകൈയ്യോടെ മനമുരുകി പ്രാർത്ഥിച്ചുകൊണ്ട് ഞാൻ പുറത്ത് ക്ഷമയോടെ കാത്തുനിന്നു....
ഒരു മണിക്കൂറിനു ശേഷം അവർ വാതിൽ തുറന്നതും ഞാൻ ജിജ്ഞാസയോടെ ഡോക്ടറുടെ അടുത്തേക്ക് ഓടി....
"എന്താ ഡോക്ടർ എന്റെ കുട്ടിക്ക്???,, "
"നിങ്ങളുടെ കൂടെ നിങ്ങളുടെ ഭർത്താവ് വന്നിട്ടില്ലേ??..."
"ഇല്ല സാർ.... അദ്ദേഹം മൂന്ന് വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടു... എനിക്കിവൾ മാത്രമേ ഒള്ളൂ... "
"നിങ്ങൾ ടെൻഷൻ ആകരുത്... ക്ഷമയോടെ കേൾക്കുക...നല്ല തീരുമാനം എടുക്കുക... നിങ്ങളുടെ മകൾ റേപ്പ് ചെയ്യപ്പെട്ടിട്ടുണ്ട്....സംഭവം കഴിഞ്ഞിട്ട് രണ്ട്‌ ദിവസങ്ങളായി....ഞങ്ങൾ അവളോട് ആളെപ്പറ്റി കുറേ ചോദിച്ചു... പക്ഷേ അവളൊന്നും പറയാൻ തയ്യാറാകുന്നില്ല "
ഡോക്ടർ പറഞ്ഞവസാനിപ്പിക്കുന്നതിന് മുൻപേ എന്റെ ശരീരം വിറക്കാൻ തുടങ്ങി, തലചുറ്റുന്നതുപോലെ....
ഞാൻ തൊട്ടടുത്ത കസേരയിലേക്ക് കൈകൾ എത്തിപ്പിടിക്കാൻ ശ്രമിച്ചു ,ഒരു ദീർഘനിശ്വാസത്തോടെ ഞാൻ അവിടെ ഇരുന്നു..
"നിങ്ങൾ പോലീസിൽ പരാതി പറയണം... ഇനി ഒരു പെൺകുട്ടിക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുത്... നിങ്ങളുടെ കൂടെ ഞങ്ങളുമുണ്ട്.. "
നനഞ്ഞ മിഴികളോടെ എനിക്ക് കരുത്തുപകരാൻ നഴ്‌സുമാരും കൂടെ നിന്നു... പക്ഷേ, ഞാനവരോട് പറഞ്ഞു
"എന്നെ പിന്തുണയ്ക്കാൻ തയ്യാറാകുന്ന നിങ്ങളുടെയെല്ലാം നല്ല മനസിന് നന്ദി... പക്ഷേ,എന്റെ മകൾക്ക് നീതി നേടിക്കൊടുക്കുമെന്ന് നിങ്ങൾക്ക് ഉറപ്പ് നൽകാൻ കഴിയുമോ... കൂടിയാൽ നിങ്ങൾ കോടതി വരെ അവരെ എത്തിക്കും... അത് കഴിഞ്ഞാൽ???... "
ഡോക്ടർ എന്റെ സമീപത്തേക്ക് അൽപ്പം കൂടി അടുത്തു... ചുറ്റുപാടും കണ്ണുകളോടിച്ചതിന് ശേഷം ശബ്ദം താഴ്ത്തി പറഞ്ഞു
"നിങ്ങൾക്കവനെ ഈ അത്യാഹിതവിഭാഗം വരെ എത്തിക്കാൻ കഴിയുമോ...കോടതിയിൽ കയറുന്നതിന് മുൻപേ ഈ കേസിൽ ഞങ്ങൾ തീർപ്പുണ്ടാക്കി തരാം"
അയാളുടെ കണ്ണുകളിൽ നിന്നും ഞാൻ വായിച്ചെടുത്ത രോഷാഗ്നി എന്റെ ആത്മവിശ്വാസത്തെ ഉണർത്തി ...
നിസ്സഹായായ ഒരു അമ്മയുടെ നിലവിളിക്കുത്തരം നൽകാൻ ദൈവം നിയോഗിച്ചവനാണ് അയാളെന്ന് എനിക്കപ്പോൾ തോന്നി...
രണ്ട്‌ മാസങ്ങൾക്ക് ശേഷം ഇന്നാണ് ഞാൻ ആ ആശുപത്രിയിലേക്ക് വീണ്ടുമെത്തിയത്....
അയലത്തെ വീട്ടിലെ ഷാജിയേട്ടൻ ഒരു കൊച്ചുവർത്തമാനത്തിനായി എന്റെ ഉമ്മറത്ത് വന്നിരുന്നു... സംസാരിക്കുന്നതിനിടെ എന്റെ കയ്യിൽ നിന്നും ഒരു ഗ്ലാസ്‌ കട്ടൻ ചായ വാങ്ങിക്കുടിച്ചതോർമ്മയുണ്ട്....
പിന്നെ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു....
ഞാൻ അദ്ദേഹത്തെയും കൂട്ടി ആശുപത്രിയിലേക്ക് പാഞ്ഞു...
എന്റെ മകൾ കിടന്ന കട്ടിലിൽ തന്നെ അയാളെയും കിടത്തി...
അതെ ഡോക്ടർമാർ... അതെ നഴ്‌സുമാർ...
അരമണിക്കൂറിന് ശേഷം അവർ മുഖം കുനിച്ചുകൊണ്ട് പുറത്തേക്ക് വന്നു....
പ്രതീക്ഷയോടെ അവരെ നോക്കിനിന്നിരുന്ന കുടുംബാംഗങ്ങളോട് അവർ പറഞ്ഞു
"ഹൃദയാഘാതമായിരുന്നു... വരുന്നതിന് മുൻപേ.... "
കൂട്ടക്കരച്ചിലുകൾക്കൊണ്ട് ശബ്ദമുഖരിതമായിരുന്ന ആശുപത്രി വാർഡിൽ ഞാൻ മാത്രം നിറഞ്ഞ മനസ്സോടെ ഇരുന്നു... പെട്ടെന്നാണ് എന്റെ മൊബൈലിലേക്ക് ആ മെസ്സേജ് വന്നത്...
"നിങ്ങളുടെ മകൾക്ക് ഞാൻ വാഗ്ദാനം നൽകിയ ആ നീതി കിട്ടിയിരിക്കുന്നു... ഞാൻ അയാളെ കൊന്നിട്ടില്ല... പകരം ചികില്സിക്കയായിരുന്നു... ഈ സമൂഹത്തെ... അല്ല അയാളെത്തന്നെ "
സമീർ ചെങ്ങമ്പള്ളി

ഈ വിജയം എന്റേതല്ല

അമ്മായി എന്റെ നേരെ വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു
"ഇവൻ.... എന്നെ... "
മറുത്തെന്തെങ്കിലും പറയുന്നതിന് മുൻപേ അച്ഛൻ എന്നെ കഴുത്തിന് കുത്തിപിടിച്ച് മുറ്റത്തേക്ക് തള്ളി. അപമാനവും ദേഷ്യവും സഹിക്കാനാകാതെ അച്ഛന്റെ മുഖം വികൃതമായതുപോലെ എനിക്കപ്പോൾ തോന്നി.
ജനിച്ച നാൾ തൊട്ട് ഈ നിമിഷം വരെ ഞാൻ അമ്മായിയെ സ്വന്തം അമ്മയുടെ സ്ഥാനത്ത് മാത്രമേ കണ്ടിട്ടുള്ളൂ. അത് ഏറ്റവും നന്നായി അറിയുന്നതും അച്ഛനാണ്...
എന്നിട്ടും ഇവൻ എന്നെ കയറിപ്പിടിച്ചെന്ന് കള്ള കണ്ണീരൊഴുക്കി അമ്മായി വിളിച്ചു പറഞ്ഞപ്പോൾ അച്ഛൻ എന്നെ ആദ്യമായി അവിശ്വസിച്ചു. എന്റെ കവിളിൽ ആഞ്ഞടിച്ചു....
നമ്മുടെ ഗോപു അത് ചെയ്യില്ലാ എന്ന് മുത്തശ്ശിയും അമ്മയും അച്ഛനോട് അലമുറയിട്ട് പറയുന്നുണ്ടായിരുന്നു.
തറവാട്ടിലെ മറ്റു അംഗങ്ങളെല്ലാവരും അച്ഛനെ പലതും പറഞ്ഞ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവരെയെല്ലാം തട്ടിമാറ്റിക്കൊണ്ട് അച്ചൻ എന്നെ മർദ്ധിച്ചുകൊണ്ടേയിരുന്നു...
പക്ഷേ, അകത്തെ മുറിയിലെ ജനവാതിലിന് പിറകിൽ,
എന്റെ നിസ്സഹായാവസ്ഥയെ ആസ്വദിച്ചു ചിരിച്ചുകൊണ്ടിരുന്ന ശാരിയെ മാത്രം ആരും കണ്ടില്ല... ഞാനൊഴിച്ച്...
എന്റെയും ശാരിയുടെയും വിവാഹം ഞങ്ങൾ കുട്ടികളായിരുന്ന കാലത്ത് തന്നെ അച്ഛനും അമ്മായിയും പറഞ്ഞുറപ്പിച്ചതായിരുന്നു...
അന്ന് മുതൽ ഞാൻ വിജയിച്ചതും പരാജയപ്പെട്ടതുമെല്ലാം അവൾക്ക് വേണ്ടി മാത്രമായിരുന്നു...
നടുമുറ്റത്തെ നാടൻ മാവിലെ മാമ്പഴത്തിന് വേണ്ടി കൈവീശി കരഞ്ഞിരുന്ന അവൾക്ക് വേണ്ടിയാണ് ഞാൻ മരം കയറാൻ പഠിച്ചത് ...
തറവാട്ടു തൊടിയിലെ നീലക്കുളത്തിൽ നീരാടാൻ കൊതിച്ച അവൾക്ക് വേണ്ടിയാണ് ഞാൻ നീന്തൽ പഠിച്ചത് ....
കുഴിപ്പന്തുകളിയിലും കക്കുകളിയിലുമെല്ലാം അവൾ തോൽക്കാതിരിക്കാൻ വേണ്ടിയായിരുന്നു ഞാൻ അന്ന് തോറ്റുകൊടുത്തിരുന്നത്...
വല്യച്ഛന്റെ സൈക്കിളിൽ സഞ്ചരിക്കാൻ കൊതിച്ച അവൾക്ക് വേണ്ടിയാണ് ഞാൻ സൈക്കിളും ബൈക്കും ഓടിക്കാൻ പഠിച്ചത്.....
പത്താം ക്‌ളാസ് പാസായപ്പോൾ ശാരിയെ നന്നായി നോക്കാൻ നല്ല ജോലിയും വരുമാനവും വേണമെന്ന് അച്ഛനും അമ്മയും ഉപദേശിച്ചതുകൊണ്ടാണ് ഞാൻ നന്നായി പഠിച്ചത്...
പഠനം കഴിഞ്ഞ് ഏറെ ആയിട്ടും ജോലി കിട്ടാതെ വന്നപ്പോൾ വീട്ടുകാരും നാട്ടുകാരും കുത്തുവാക്കുകൾ പറയാൻ തുടങ്ങിയിരുന്നു. എന്നിട്ടും ഞാൻ പുറത്തേക്ക് പോകാതെ നാട്ടിൽ തന്നെ ജോലി അന്വേഷിച്ചിരുന്നതും അവൾക്ക്
വേണ്ടിയായിരുന്നു...
പക്ഷേ, എന്നിട്ടും...
മുത്തശ്ശിയുടെ പിറന്നാളാഘോഷിക്കാൻ അമ്മായിയുടെ കൂടെ തറവാട്ടിലെത്തിയ അവൾക്ക് ഒരു ഒറ്റുകാരിയുടെ മനസ്സുണ്ടായിരുന്നെന്ന് ഞാൻ മനസ്സിലാക്കിയില്ല...
ഊണ് കഴിഞ്ഞ് എല്ലാവരും റൂമിലേക്ക് പോയതും അമ്മായി എന്റെ കൈപിടിച്ച് അടുക്കള പിൻഭാഗത്തേക്ക് പോയി.
പരിസരത്താരുമില്ലെന്ന് ബോധ്യമായതും അമ്മായി എന്നോട് ശബ്ദം താഴ്ത്തി പറഞ്ഞു തുടങ്ങി.
"അവൾക്ക് ഒരു ഗൾഫുകാരന്റെ ആലോചന വന്നിട്ടുണ്ട്... അവന് നല്ല ശമ്പളമുണ്ട്, നല്ല കുടുംബമാണ്... അവൾക്കും അവനെ ഇഷ്ടമായി...അടുത്ത വർഷം നടത്താമെന്നാണ് കരുതുന്നത്... നിനക്കിപ്പോൾ ജോലി ഒന്നും ആയിട്ടില്ലല്ലോ... അത്കൊണ്ട് നീ അവളുടെ നല്ല ഭാവി ആഗ്രഹിച്ച് മാറിതരണം "
അമ്മായി പറഞ്ഞ കാര്യങ്ങൾ ഓരോന്നും ഒരു ഇടിത്തീ പോലെ എന്റെ നെഞ്ചിൽ തറച്ചു. മക്കളുടെ ഭാവി നന്നായി കാണണമെന്നേ എല്ലാ മാതാപിതാക്കളും ആഗ്രഹിക്കൂ... പക്ഷേ, ഓർമ വെച്ച കാലം മുതൽ ശാരി നിനക്കുള്ളതാണെന്നും, നീ അവൾക്കുള്ളതാണെന്നും പലവട്ടം പറഞ്ഞുപഠിപ്പിച്ച അതേ നാവുകൊണ്ട് അവളെ മറക്കണമെന്ന് ഭാവവ്യത്യാസമില്ലാതെ അമ്മായി പറഞ്ഞവസാനിച്ചപ്പോൾ എന്റെ കേൾവിയെ ഞാൻ അന്നാദ്യമായി അവിശ്വസിച്ചു.
"അമ്മായി... അമ്മായി എന്തൊക്കെയാണീ പറയുന്നത്...അവൾ എന്റേതാണെന്ന് അമ്മായി തന്നെയല്ലേ പലവട്ടം പറഞ്ഞിട്ടുള്ളത്????..."
"അതന്നല്ലേ ഗോപൂ... വളർന്നു വരുമ്പോൾ നീ ഇത്ര തല്ലിപ്പൊളിയാകുമെന്ന് ഞങ്ങളാരെങ്കിലും ഓർത്തോ... "
"പക്ഷേ, ശാരിയോട് നിങ്ങളെന്ത് പറയും.. അവളിതെങ്ങനെ സഹിക്കും "

"അവളാണ് ഇത് നിന്നോട് അവതരിപ്പിക്കാൻ പറഞ്ഞത്... അവൾക്ക് ഈ കല്യാണത്തിന് നൂറു വട്ടം സമ്മതമാണ്... ഇനി നീ സ്വമനസ്സാലെ മാറി തന്നാൽ മതി "
അവിടം മുതലായിരുന്നു എന്റെ മനസ്സിൽ ഇന്നും ഇടിവെട്ടി പെയ്തുകൊണ്ടിരിക്കുന്ന ആ പേമാരിയുടെ തുടക്കം. പിന്നീട് സംഭവിച്ചതൊന്നും എന്റെ അറിവോടെ ആയിരുന്നില്ല...
എന്റെ കണ്ണുകളിൽ ഇരുട്ടുപരണ്ടു, കൈകളിൽ രക്തയോട്ടം കൂടി.ഏതോ ഒരു വികാരത്തള്ളിച്ചയിൽ ഞാൻ അമ്മായിയുടെ കഴുത്തിൽ കൈ അമർത്തി....
അപ്പോഴേക്കും...
"ഓടി വരണേ... ഗോപി എന്നെ കേറിപ്പിടിക്കുന്നെ..."
അമ്മായിയുടെ പെട്ടെന്നുള്ള നിലവിളി എന്റെ ബോധമണ്ഡലത്തെ ഉണർത്തി.ഞാൻ എന്റെ കരങ്ങൾ അമ്മായിയുടെ കഴുത്തിൽ നിന്നും പെട്ടെന്നുതന്നെ പിറകോട്ട് വലിച്ചു, പിന്നെ തലയും തൂക്കി നിശബ്ദനായി നിന്നു.
അപ്പോഴേക്കും ഞാൻ എന്റെ കുടുംബത്തിന് മുൻപിൽ കാമവെറിയനും വെറുക്കപ്പെട്ടവനുമായി തീർന്നിരുന്നു....
അച്ഛൻപോലും എന്നെ അഭിസംബോധന ചെയ്തത് നായിന്റെ മോനെ എന്നാണ്...
ഇളയച്ഛന്റെ നാലരവയസ്സുകാരിയായ ഗീതുമോൾ പോലും എന്റെ അടുത്തേക്ക് വരാതെയായി.... ഒരിക്കൽ അവൾ എന്റെ മുഖത്ത് നോക്കി വിളിച്ചു പറഞ്ഞു...
"ഗോപു മാമൻ ചീത്തയാ " എന്ന്....
പ്രണയനഷ്ടവും അഭിമാന ക്ഷതവും സഹിക്കാനാകാതെ ഞാൻ മരുഭൂമിയിലേക്ക് വിമാനം കേറി.... ആരോടും പറയാതെ,ആരോടും സമ്മതം ചോദിക്കാതെ....
ഒന്നരവർഷത്തെ ഇടവേളക്ക് ശേഷമാണ് അമ്മ എന്നെ നാട്ടിലേക്ക് വിളിച്ചു തുടങ്ങിയത്. വരുന്നില്ലെന്ന് പലവട്ടം അമ്മയോട് മറുപടി പറഞ്ഞതുമാണ്. അച്ഛനും അമ്മൂമ്മയും ബന്ധുക്കളുമെല്ലാം എന്നെ കാണാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞിട്ടും എന്റെ മനസ്സുമാറിയിരുന്നില്ല...
പക്ഷേ, അന്നൊരിക്കൽ അമ്മ വിളിച്ചപ്പോൾ അത് പറഞ്ഞു...
"ശാരിയുടെ വിവാഹമാണ് അടുത്ത മാസം.. തറവാട്ടിൽ വെച്ചാണ് നടത്താൻ തീരുമാനിച്ചിട്ടുള്ളത്...ബന്ധുക്കളെല്ലാവരും വരുന്നുണ്ട്.... കുട്ടിക്കാലം മുതലേ നിങ്ങൾ പരസ്പരം അറിയുന്നവരല്ലേ... നീ വന്നില്ലെങ്കിൽ മോശല്ലേടാ... "
പതിവിന് വിപരീതമായി ഞാൻ അമ്മയോട് മറുപടി പറഞ്ഞു...
"വരും... തീർച്ചയായും വരും "
എന്റെ മനസ്സിൽ ഒന്നര വർഷത്തോളമായി എരിഞ്ഞുകൊണ്ടിരുന്നിരുന്ന ആ കനൽ അണയ്ക്കാൻ ഉചിതമായ സമയം അതാണെന്ന് എനിക്കപ്പോൾ തോന്നിയിരുന്നു.
ഒടുവിൽ ആ കല്യാണ ദിവസം വന്നെത്തി.
വാദ്യഘോഷങ്ങളാൽ ശബ്ദ മുഖരിതമായിരുന്ന ആ കല്യാണ പന്തലിലേക്ക് ഞാൻ കാലെടുത്തുവെച്ചു.
"വാസുവിന്റെ മകൻ... നാടുവിട്ട ഗോപു അതാ തിരിച്ചുവന്നിരിക്കുന്നു."
സ്വീകരണ പടിയിൽ നിന്നും ആരോ കൊളുത്തുവിട്ട ആ സന്ദേശം പലരും കൈമാറി കൈമാറി കല്യാണപ്പന്തൽ മുഴുവൻ പ്രതിഫലിച്ചു. ആളുകൾ എന്നെ അറപ്പോടെയും വെറുപ്പോടെയും നോക്കിക്കൊണ്ടിരുന്നു.
മണ്ഡപത്തിന്റെ ഒരറ്റത്ത് മുറുക്കാൻ പൊതിയും വെറ്റിലയുമായി വിരുന്നുകരുമായി സൊറ പറഞ്ഞുകൊണ്ടിരുന്ന മുത്തശ്ശി എന്നെക്കണ്ടതും ചാടിയെഴുന്നേറ്റു. സുഖമില്ലാത്ത കാലുകൾ രണ്ടും ഏച്ചു വലിച്ചുകൊണ്ട് എന്റെ അടുത്തേക്ക് ഓടി വന്നു.
അതിനിടയിൽ, ആൾക്കൂട്ടത്തിൽ നിന്ന് എവിടെ നിന്നോ നിറകണ്ണുകളുമായി അമ്മയും എന്നെക്കാണാൻ വന്നു...
"എവിടായിരുന്നു എന്റെ കുട്ടി... മുത്തശ്ശിയെ നീ എന്തെ മറന്നുപോയത്..."
ഞാൻ മുത്തശ്ശിയുടെ മാറിൽ തലപൂഴ്ത്തി വെച്ചു... എന്റെ ശിരസ്സ് കൈവെച്ച് വിതുമ്പിക്കരഞ്ഞുകൊണ്ട് അമ്മയും കൂടെ നിന്നു.
മുഹൂർത്തത്തിന് സമയമായി.അച്ഛന്റെയും അമ്മായിയുടെയും കൈപിടിച്ചുകൊണ്ട് ശാരി കതിർ മണ്ഡപത്തിലേക്ക് നടന്നുവന്നു.
കുടുംബത്തിലെ മുതിർന്ന അംഗങ്ങൾക്കെല്ലാവർക്കും അടക്കയും വെറ്റിലയും ദക്ഷിണ നൽകി അനുഗ്രഹം വാങ്ങിച്ചതിന് ശേഷം അവൾ മണ്ഡപത്തിൽ വന്നിരുന്നു. ഇതിനിടയിൽ ഇടം കണ്ണിട്ട് എപ്പോഴോ എന്നെയും നോക്കി.
ഞാൻ അവളെ നോക്കി ചെറുതായൊന്ന് പുഞ്ചിരിച്ചു. പക്ഷേ, പ്രതികരണമൊന്നുമുണ്ടായില്ല...
അമ്മായി ആകട്ടെ എന്റെ മുഖത്തേക്ക് നോക്കിയതുപോലുമില്ല....
വാദ്യഘോഷങ്ങളും മന്ത്രോച്ചാരണങ്ങളും ഉച്ചസ്ഥായിയിലെത്തിയതും അവളുടെ കഴുത്തിൽ വരണ്യ മാല കേറി.
നവ ദമ്പതിമാർ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു. അവരെ രണ്ടുപേരെയും ആശംസ വാക്കുകൾകൊണ്ട് പൊതിയാൻ അതിഥികൾ ഓരോരുത്തരും മത്സരിച്ചു.
പൊട്ടിച്ചിരികൾക്കും അടക്കം പറച്ചിലുകൾക്കുമിടയിൽ അമ്മായിയും അച്ഛനും ബന്ധുക്കൾ ഓരോരുത്തരെയും നവവരന് പരിചയപ്പെടുത്തിക്കൊടുക്കുന്നു.
ഇതിനിടയിൽ എപ്പോഴോ വരന്റെ കണ്ണുകൾ അമ്മയുടെ പിറകെ നിന്ന്കൊണ്ട് പുഞ്ചിരി തൂകി നിന്നിരുന്ന എന്റെ മുഖത്തേക്ക് പതിഞ്ഞു.
അവൻ എന്റെ നേരെ വിരൽ ചൂണ്ടിക്കൊണ്ട് സംശയത്തോടെ അച്ഛനോട് ചോദിച്ചു....
"ഇത്.... ??"
"ഇത് എന്റെ മോൻ ഗോപു.. "
"അല്ല... ഇതെന്റെ ബോസ് ഗോപിനാഥല്ലേ ??"
"ഇതാണോ നിന്റെ ബോസ്... നിനക്ക് ലീവ് തന്ന സാർ ???"... പയ്യന്റെ അച്ഛൻ ഇടയ്ക്ക് കേറി ചോദിച്ചു...
"അതെ... ഇന്നലെ ഞാൻ ഓഫീസിൽ വിളിച്ചപ്പോൾ സാർ ഏതോ കല്യാണത്തിന് നാട്ടിൽ പോയെന്ന് പറഞ്ഞു... എന്റെ കല്യാണമാണെന്ന് അറിഞ്ഞില്ല... "
"ശാരി എന്റെ ബന്ധുവാണ്.... അതെ പറ്റി പിന്നെ സംസാരിക്കാം.. നീ ഇപ്പോൾ എല്ലാരേം പരിചയപ്പെട്... "
ഞാൻ അവന്റെ ചുമലിൽ കൈവെച്ചു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
ശാരി എന്റെ മുഖത്തേക്ക് അവിശ്വസനീയതയോടെ തുറിച്ചു നോക്കികൊണ്ടിരുന്നു.
അന്നേരം വരെ ഹൈ വോൾട്ടേജിൽ തിളങ്ങി നിന്നിരുന്ന അമ്മായിയുടെ മുഖം പെട്ടെന്ന് നിറം മങ്ങി. തീകനലിൽ ചവിട്ടി നിൽക്കുന്നപോലെ...
അമ്മയും അച്ഛനും മുത്തശ്ശിയും എല്ലാം അറിയാമായിരുന്നെന്ന ഭാവത്തിൽ പുഞ്ചിരി തൂകി നിന്നപ്പോൾ മറ്റു ബന്ധുക്കളെല്ലാവരും ഒന്നും മനസ്സിലാകാതെ പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു.
വരൻ ശാരിയുടെ കയ്യുംപിടിച്ച് മുന്നോട്ട് നടന്നപ്പോൾ അമ്മായിയും അച്ഛനും അവരെ പിന്തുടർന്നു.
ഉന്മേഷം നഷ്ടപെട്ട ശാരി ഒരു കൃത്രിമ പുഞ്ചിരി മുഖത്ത് പുരട്ടിയതിന് ശേഷം മറ്റുള്ളവരോടെല്ലാം സന്തോഷം അഭിനയിച്ചുകൊണ്ടിരുന്നു.
ഇതിനിടയിൽ അച്ഛനെപ്പോഴോ മുഖം തിരിച്ചു എന്നെനോക്കി, പിന്നെ കൈകൾകൊണ്ട് ചുണ്ട് പൊത്തി ചെറിയ ശബ്ദത്തിൽ ചിരിച്ചുകൊണ്ടിരുന്നു....
ജീവിതത്തിൽ ഇത്രയും മനോഹരമായി അച്ഛൻ ചിരിക്കുന്നത് ഞാനൊരിക്കൽ പോലും കണ്ടിട്ടില്ല ....
ഞാൻ അമ്മായിയോട് അപമര്യാദയായി പെരുമാറിയിട്ടില്ലായെന്ന് ഏറ്റവും നന്നായി അറിയുന്നത് അച്ഛനായിരുന്നു... എന്നിട്ടും അച്ഛനെന്നെ തല്ലിയിരുന്നു ...
എന്നെ ദയാരഹിതമായി ആക്രമിച്ചുകൊണ്ടിരുന്ന അച്ഛന്റെ കരങ്ങളെ മാത്രമേ അന്ന് അവിടെ കൂടിയവർ കണ്ടിട്ടുണ്ടയിരുന്നോള്ളൂ... പക്ഷേ, ഓരോ മർദ്ദനങ്ങൾക്കിടയിലും എന്റെ ശിരസ്സ് തടവി സമാധാനിപ്പിച്ചിരുന്ന അച്ഛന്റെ മറ്റൊരു കരത്തെ ഞാൻ മാത്രമേ കണ്ടിട്ടുണ്ടായിരുന്നോള്ളൂ....
വഞ്ചിക്കപ്പെട്ടതിന്റെ വിഭ്രാന്തിയിൽ ജീവിതം മുഴുവൻ ഈ തറവാട്ട് മുറ്റത്തിരുന്ന് കരഞ്ഞു തീർക്കാൻ അച്ഛൻ എന്നെ വിട്ടില്ല... പകരം അറിഞ്ഞുകൊണ്ട് എന്നെ മറ്റൊരു ജീവിതത്തിലേക്ക് പറിച്ചു നടുകയായിരുന്നു അന്നച്ചൻ ചെയ്തത്...
ഈ വിജയം എന്റേതല്ല... അച്ഛന്റേതാണ്...
ഈ പ്രതികാരവും...
സമീർ ചെങ്ങമ്പള്ളി

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo