Showing posts with label SatheedeviRadhakrishnan. Show all posts
Showing posts with label SatheedeviRadhakrishnan. Show all posts

ക്ഷമ


നഗരത്തിലെ ആഡംബര സമുച്ചയങ്ങളിലൊന്നിന്റെ ഒൻപതാം നിലയിലെ തങ്ങളുടെ ഫ്ലാറ്റിന്റെ ജാലകത്തിലൂടെ പുറത്തേയ്ക്കു നോക്കി നിൽക്കുമ്പോൾ
ഡോ. മരിയയുടെമനസ്സ്, അങ്ങകലെ സ്വയം തലതല്ലിയാർക്കുന്ന കടലുപോലെ പ്രക്ഷുബ്ധമായിരുന്നു. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഉള്ളിന്നുള്ളിൽ അലയടിച്ചു കൊണ്ടേയിരുന്നു.

"ഒരച്ഛന് കൊടുക്കാൻ കഴിയുന്നത്ര സ്നേഹവും ശ്രദ്ധയും ഞാനവന് നൽകുന്നില്ലേ.. മരിയാ
ഞാനവനോടെന്തെങ്കിലും വേർതിരിവ് കാണിയ്ക്കുന്നതായി നിനക്ക് ഫീൽ :.!ചെയ്തിട്ടുണ്ടോ ?...''

അലക്സത് ചോദിച്ചത് ഹൃദയം നുറുങ്ങുന്ന വേദനയോടെയായിരുന്നു.
അലക്സ് എന്നും നവീന് നല്ലൊരു പപ്പയായിരുന്നു. മോൾ ജനിച്ചപ്പോഴും അവനൊരു വിഷമവും തോന്നാതിരിയ്ക്കാൻ അലക്സെപ്പോഴും ശ്രദ്ധിച്ചിരുന്നു. പക്ഷേ നവീൻ....
അവനെന്താണിങ്ങനെയെന്നത് തന്നെ വല്ലാതെ കുഴപ്പിയ്ക്കുന്നു. പ്രായത്തിൽക്കവിഞ്ഞ പക്വത കാണിച്ചിരുന്ന കുട്ടി. അവനെക്കുറിച്ച് മോശമായൊന്നും ആരിൽ നിന്നും ഇതുവരെ കേട്ടിട്ടില്ല. അനുസരണയുള്ള ശാന്തശീലനായ പഠനത്തിൽ മിടുക്കനായ വിദ്യാർത്ഥി. തങ്ങൾ ഹോസ്പിറ്റലിൽ നിന്നും വരാൻ വൈകുന്ന ദിവസങ്ങളിൽ വാശിക്കാരി അനിയത്തിക്കുട്ടിയെ ക്ഷമയോടെ നോക്കുന്നവൻ... ഒരു വലിയ നഷ്ടത്തിനു പകരം ദൈവം തന്ന വരദാനമായിരുന്നു അവൻ എന്ന് എത്രയോ തവണ അഭിമാനിച്ചിരിയ്ക്കുന്നു

കട്ടിലിൽ ചെരിഞ്ഞു കിടന്നുറങ്ങുകയായിരുന്നു നവീൻ... കവിളിൽ രണ്ടു കണ്ണീർ പുഴകൾ വറ്റിവരണ്ടുണങ്ങിയ പാടുകൾ. അവന്റെ കാലിലെ അടി കൊണ്ടു തിണർത്ത പാടുകളിൽ മെല്ലെത്തടവുമ്പോൾ മരിയയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു തുളുമ്പി.
അടിയ്ക്കരുതായിരുന്നു. പക്ഷേ അവന്റെ കണ്ണുകളിൽ ദൃശ്യമായ ക്രൗര്യം.. വാക്കുകളിലെ നിർഭയത്വം... അത് തന്നെ വല്ലാതെ പ്രകോപിപ്പിച്ചു .

സ്വന്തം ചോരയല്ലാഞ്ഞിട്ടും സ്വന്തം കുഞ്ഞിനേക്കാൾ ആഴത്തിൽ സ്നേഹിച്ചിട്ടും നിഷ്കരുണം അവഗണിയ്ക്കപ്പെടുന്ന അലക്സിന്റെ വേദന തനിയ്ക്ക് താങ്ങാൻ കഴിയാതായിട്ട് നാളുകളേറെയായി. ഇന്നവൻ ചെയ്ത പ്രവൃത്തി അലക്സിനോ തനിക്കോ ഈ ജന്മം മറക്കാനാവുന്നതല്ലെന്ന് മരിയയ്ക്ക്...
അലക്സ് അക്ഷരാർത്ഥത്തിൽ ജീവന് വേണ്ടി പിടയുകയായിരുന്നു. ഉറങ്ങുകയായിരുന്ന അലക്സിന്റെ മുഖത്ത് തലയിണവെച്ച് അതിനു മേലെ കയറിയിരുന്ന് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിയ്ക്കുന്ന നവീൻ... ആ സമയത്ത് അവനിൽ പ്രകടമായ കായിക ശക്തി,അവന്റെ കണ്ണുകളിൽ ദൃശ്യമായ പറഞ്ഞറിയിക്കാനാവാത്ത വികാരം
താൻ ഉറക്കത്തിലെപ്പോഴോ കണ്ടൊരു ദു:സ്വപ്നം മാത്രമായിരുന്നു അതെങ്കിലന്നവർ ആശിച്ചു പോയി.... ആ സമയത്ത് മുറിയിലേയ്ക്ക് വരാൻ തനിയ്ക്കു തോന്നിയില്ലായിരുന്നുവെങ്കിൽ... ഈശ്വരാ

പപ്പയോട് സോറി പറയാൻ പറഞ്ഞപ്പോൾ അവൻ നോക്കിയ നോട്ടം..
"ഐ ഡോണ്ട്ഫീൽ സോറി ഇൻ വാട്ട് ഐ ഡു "
എന്ന് പറഞ്ഞപ്പോൾ .. തന്റെ മാറിൽ പറ്റിച്ചേർന്നുറങ്ങി തന്നെ നോക്കി പുഞ്ചിരിയ്ക്കാറുണ്ടായിരുന്ന ,തന്റെ ലോകം തന്നെയായി മാറിയകുഞ്ഞേയല്ലയെന്ന് തോന്നിപ്പോയി. ക്ഷമ കൈവിട്ടു തുടങ്ങിയിരുന്നു.
" നവീൻ പപ്പ നിന്നെയെത്ര മാത്രം സ്നേഹിയ്ക്കുന്നുണ്ടെന്നറിയോ...'' പറഞ്ഞു തീരാൻ അവൻ അനുവദിച്ചില്ല.
"ഐ ഡോണ്ട് വാണ്ട് ഹിസ് ലൗ ആന്റ്
ഐ ഹെയ്റ്റ്ഹിം ... " പിന്നെ താൻ താനല്ലാതായി മാറുകയായിരുന്നു.
അലക്സ് പിടിച്ചു മാറ്റിയില്ലായിരുന്നെങ്കിൽ...

****************************************

ഡോ.സുബ്രഹ്മണ്യ അയ്യർ
സൈക്യാട്രിസ്റ്റ്
അക്ഷരങ്ങൾ മങ്ങിത്തുടങ്ങിയ ആ ബോർഡ് കണ്ടതും മരിയയിൽ ഓർമ്മകളുടെ വേലിയേറ്റമുണ്ടായി. 'മണി മന്ദിരം ' എന്ന ആ വീട്ടിൽ നവനീതിന്റെ അമ്മയ്ക്ക് കാണാൻ വേണ്ടി ആദ്യമായി വന്നത്.... മകനെ ജീവനു തുല്യം സ്നേഹിച്ചിരുന്ന ഒരമ്മയുടേയും ഗൗരവക്കാരനെന്നു തോന്നിയ്ക്കുമെങ്കിലും ശുദ്ധഹൃദയനായ ഒരപ്പയുടേയും സ്നേഹം ആദ്യമായി അനുഭവിച്ചറിഞ്ഞത്... മരണമില്ലാത്ത ഓർമ്മകൾ... തീർത്തും അനാഥയായ അന്യമതസ്ഥയായ ഒരു പെൺകുട്ടിയെയാണ് മകൻ കണ്ടെത്തിയതെന്നറിഞ്ഞിട്ടും എതിർത്തൊരു വാക്കു പോലും പറയാതിരുന്നവർ...മകന്റെ ഇഷ്ടമായിരുന്നു അവരുടെയും ഇഷ്ടം. അവർ എന്നും തനിക്ക് അത്ഭുതങ്ങൾ മാത്രമാണ് നൽകിയത്. ഇത്രയുംവിശാലമായി മനുഷ്യർക്ക് ചിന്തിയ്ക്കാനാവുമെന്ന് തന്നെ പഠിപ്പിച്ചതവരാണ്...
" ഹൗസ് സർജൻസി മുടിഞ്ചത്ക്കപ്പുറം തിരുമണം"
"അതുവരേയ്ക്കും രണ്ടാൾക്കും പഠിപ്പ് താൻ മുഖ്യം"
"നിന്റെ അപ്പാ ഇതെന്തായീ പറയുന്നേ
തിരുമണമോ?"
"ഓ ന്റെ പൈത്യക്കാരീ തിരുമണം ന്ന് ച്ചാ വെഡ്ഡിംഗ്...''
പഠിപ്പ് തന്നെയായിരുന്നു തങ്ങൾക്ക് മുഖ്യം. എന്നിട്ടും.... പ്രണയത്തിന്റെ,അതിരുകളില്ലാത്ത ആകാശത്ത് രണ്ട് കൊച്ചു മേഘത്തുണ്ടുകളായി പരസ്പരമലിയുകയായിരുന്നു തങ്ങൾ.

താൻ ,നവനീത്, അലക്സ്, സോന ... എല്ലാ കാര്യങ്ങളിലും മുൻപിൽ നിൽക്കുന്ന നാൽവർ സംഘം. സൗഹൃദത്തേക്കാൾ കവിഞ്ഞൊരിഷ്ടം നവനീതിന് തന്നോടുണ്ടെന്നറിയിച്ചത് അലക്സാണ്.
ആ ഇഷ്ടം ചിറകുവിരിച്ചു പറക്കുകയായിരുന്നു.
ആഴ്ചാവസാനങ്ങളിൽ അവന്റെ വീട്ടിലേയ്ക്കുള്ള യാത്രകൾ.. അവന്റെയിഷ്ടവിഭവങ്ങൾ ഒരുക്കി കാത്തിരിയ്ക്കുന്ന അമ്മ.. പാറിപ്പറന്ന തന്റെ ചെമ്പൻതലമുടിയിൽ തേയ്ക്കുവാൻ കാച്ചെണ്ണ ഒരുക്കുന്ന അമ്മ.. അനാഥയായ താൻ ആദ്യമായി അറിഞ്ഞ മാതൃവാത്സല്യം....
പക്ഷേ ആ സന്തോഷങ്ങൾക്കൊന്നും അധികം ആയുസ്സുണ്ടായില്ല....

ആൺകുട്ടികളുടെ സംഘം പ്ലാൻ ചെയ്ത ഒരു പിക്നിക്... ഒരിയ്ക്കലും മറക്കാൻ കഴിയാത്ത വേദനയായി മാറി. നീന്തലറിയാത്ത നവനീത് എന്തിന് പുഴയിലിറങ്ങിയെന്നത് ഇന്നും തന്റെ മനസ്സിനെ അലട്ടുന്ന ചോദ്യമാണ്. വെള്ളത്തിൽ നിന്നും ജീവനറ്റ അവന്റെ ശരീരം കണ്ടെത്തുമ്പോൾ താൻ ബോധമറ്റ് കുഴഞ്ഞു വീണു പോയി. രണ്ടു മാസം പ്രായമുള്ള അവന്റെ ജീവന്റെ അവശേഷിപ്പ് അപ്പോൾ തന്റെ ഉദരത്തിൽ തുടിച്ചു തുടങ്ങിയിരുന്നു.

"ആരുമൊന്നുമറിയണ്ട നിന്നെ ഞാൻ സ്വീകരിച്ചോളാം "എന്ന് അലക്സ് പറഞ്ഞപ്പോൾ തനിയ്ക്കവനെ കൊല്ലാനുള്ള ദേഷ്യമാണുണ്ടായത്.
" അപ്പാ എന്നെ ഉപേക്ഷിയ്ക്കല്ലേ.. അവന്റെ ഓർമ്മകൾ മാത്രം മതിയെനിയ്ക്കു ജീവിയ്ക്കാൻ.... " എന്ന് കരഞ്ഞതന്നെ "ഞങ്ങൾക്ക് അവനെ നഷ്ടമായി .. ആ വേദന താങ്ങാവുന്നതിലും അപ്പുറമാണ്..."
"നീയിവിടെ നിന്നാൽ അത് ഒരു തീരാവേദനയായി മാറും. അലക്സ് നല്ലവനാണ്.. '' എന്നു പറഞ്ഞ് ഒരച്ഛന്റെ സ്ഥാനത്തു നിന്ന് കൈ പിടിച്ചു കൊടുത്ത വലിയ മനുഷ്യൻ. ഒന്നു മാത്രമാണ് അദ്ദേഹം തങ്ങളോട് ആവശ്യപ്പെട്ടത്. തങ്ങളുടെ ശേഷക്രിയ ചെയ്യാൻ ജനിയ്ക്കാൻ പോകുന്ന കുഞ്ഞിനെ അനുവദിയ്ക്കണം എന്നതായിരുന്നു അത്

*********************************************

നവീൻ ആദ്യമായി തന്റെ മുത്തച്ഛനേയും മുത്തശ്ശിയേയും കാണാൻ പോവുകയാണ്. അവനെ കാണുമ്പോൾ അവരുടെ പ്രതികരണം എങ്ങനെയാവുമെന്നോർത്ത് ഒരാശങ്കയും മരിയയ്ക്കുണ്ടായി.
നഗരവീഥികളിലൂടെ വന്നപ്പോൾ വഴിക്കാഴ്ചകളിൽ ഒരു താല്പര്യവും കാണിയ്ക്കാതെ നിശ്ശബ്ദനായിരിയ്ക്കുകയായിരുന്നു അവൻ.
മണിമന്ദിരത്തിനു മുന്നിലെത്തിയതും അവൻ ഉത്സാഹഭരിതനായി.... ചിരകാല പരിചയമുള്ളവനെപ്പോലെയായിരുന്നു അവൻ ആ പടികൾ ഓടിക്കയറിയത്. മരിയ കൂടെയുണ്ടോയെന്നു പോലും അവൻ ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നില്ല.. വീട്ടുമുറ്റത്തെ മൂവാണ്ടൻ മാവിനടുത്തെത്തിയതും അവൻ നിന്നു.
" ഊഞ്ഞാലാരാ അഴിച്ചു കളഞ്ഞത്.. ''? എന്ന ചോദ്യം കേട്ട് മരിയ നടുങ്ങി. കൈക്കുഞ്ഞായിരുന്നപ്പോൾ മണിയങ്കിളിനെ കൊണ്ടുവന്നു കാണിച്ചതാണ്. പിന്നീടിപ്പോഴാണി വിടേയ്ക്ക്...
''ഇവിടൂഞ്ഞാലുണ്ടായിരുന്നൂന്ന് മോനെങ്ങനെയറിയാം...''
അവനത് കേട്ടതായി ഭാവിച്ചില്ല. അവൻ ആ വിശാലമായ വീടിന്റെ അകമുറികളിൽ ചിരപരിചിതനെപ്പോലെ കയറിയിറങ്ങി. മകനെ നഷ്ടപ്പെട്ടതറിഞ്ഞ് തളർന്നുവീണ ലീലാമണിയമ്മാൾ... കണ്ടാൽ തിരിച്ചറിയാത്ത വിധം എല്ലും കൂടുമാത്രമായൊരു ശരീരം. അവരുടെ കട്ടിലിരികിൽ അവൻ മുട്ടുകുത്തി നിന്നു. പിന്നെ അവരുടെ നെറ്റിയിൽ തലോടി..
അവരുടെ കണ്ണിൽ നിന്നു മുതിർന്ന കണ്ണുനീർ തുള്ളികളൊപ്പി ..
"അഴാതമ്മാ... അമ്മാവുടെ ചെല്ലം ഇങ്കതാനിരുപ്പേ.." എന്നു പറഞ്ഞു.
പിന്നെ അവർക്ക് കഞ്ഞി കോരിക്കൊടുത്തു. ആരു കൊടുത്താലും കഴിയ്ക്കാത്ത അവർ അന്നാദ്യമായി നിറയെ കഴിച്ചു.
എല്ലാം കണ്ടും കേട്ടുമറിയുകയായിരുന്നു അയ്യർ.
" അപ്പാ അവനെന്താണിങ്ങനെ എനിയ്ക്കൊന്നും മനസ്സിലാവുന്നില്ലപ്പാ "
"എന്റെ മോൻ.....''
" കുട്ടി അപ്സെറ്റവാതെ.... എല്ലാറ്റിനും പരിഹാരമുണ്ടാക്കാം..
" അവൻ എപ്പോഴൊക്കെയാണ് ഇത്തരത്തിൽ അബ്നോർമൽ ആയി ബിഹേവ് ചെയ്തത്
എല്ലാം വിശദമായി അപ്പയോട് പറയൂ.

മരിയ പറഞ്ഞു തുടങ്ങി... തനിയ്ക്ക് പലപ്പോഴായി തോന്നിയ ആശങ്കകൾ.. അലക്സിൽ നിന്നു പോലും മറച്ചുവെച്ച ചില സംശയങ്ങൾ...
സ്കൂളിലെ നീന്തൽ പരിശീലന ക്ലാസ്സിൽ നിന്നും നവീൻ പേടിച്ച് ഓടിപ്പോയത്... ആ പേടിയ്ക്കിടയിൽ അവൻ തമിഴിൽ സംസാരിച്ചുവെന്ന് അവന്റെ ടീച്ചർ പറഞ്ഞത്...
അത് അറിഞ്ഞപ്പോ " ആ ടീച്ചർക്കെന്തോ കുഴപ്പമുണ്ടെ "ന്ന് പറഞ്ഞ് അലക്സ് ചിരിച്ചത്...
അപ്പോൾ അകാരണമായൊരു പേടി തന്നെപ്പൊതിഞ്ഞത്... അലക്സിനോടുള്ള അവന്റെ അകാരണമായ ഇഷ്ടക്കേടുകൾ
നവീൻ അലക്സാണ്ടർ എന്ന തന്റെ പേര് വെട്ടി ഒരിക്കൽ നവീൻ നവനീത് എന്നെഴുതിയത്..
തനിക്കും അലക്സിനും മണിയങ്കിളിനും മാത്രമാണ് അവൻ നവനീതിന്റെ മകനാണെന്നറിയാവുന്നത് എന്നിട്ടും എന്തുൾപ്രേരണയാണവനെക്കൊണ്ടിങ്ങനെ ചെയ്യിപ്പിക്കുന്നതെന്നോർത്ത് താനതിശയിച്ചത്.. എല്ലാറ്റിനുമൊടുവിൽ അലക്സിനെ കൊല്ലാൻ ശ്രമിച്ചത്... അതിനുമപ്പുറം അവൻ തമിഴിൽ പുലമ്പിയത്...
"ഉന്നൈ നാൻ വിടമാട്ടേ... ഉന്നൈ കൊല്ലരു ത്ക്ക് താനേ നാൻ വന്നിറ്ക്കതേ... "
പറഞ്ഞു കഴിഞ്ഞതും മരിയ പൊട്ടിപ്പൊട്ടിക്കരഞ്ഞു .

********************************************

വല്ലാത്തൊരു നിയോഗമാണ് തന്റെതെന്ന് സുബ്രഹ്മണ്യ അയ്യർക്ക് തോന്നി. Past life regression, future life progression എന്നിവയെക്കുറിച്ച് വർഷങ്ങൾ നീണ്ട ഗവേഷണത്തിനു ശേഷം ലോകസമക്ഷം' അവതരിപ്പിയ്ക്കാനിരിയ്ക്കവേയാണ് ഏക മകന്റെ അകാല നിര്യാണം . ജീവിതത്തിന്റെ വെളിച്ചം എന്നെന്നേക്കുമായി കെടുത്തിക്കൊണ്ട് ഭാര്യയും ശയ്യാവലംബിയായി. ഉള്ളിന്നുള്ളിൽ ആരുമറിയാതെ ഒളിപ്പിച്ച പ്രതീക്ഷയുടെ തിരിനാളമായിരുന്നു ഈ കുഞ്ഞ്. നവനീതിനെ പകർത്തിവെച്ചതു പോലെ... അത് സ്വാഭാവികം
പക്ഷേ അവൻ സ്വയം നവനീതായി മാറിക്കൊണ്ടിരിയ്ക്കുന്നു....

ആത്മാവിന്റെ ഗതിയെക്കുറിച്ച്, ജനനത്തിനു മുൻപും മരണത്തിനു ശേഷവുമുള്ള അവസ്ഥകളെക്കുറിച്ച് ഓരോ ജന്മത്തിൽ നിന്നും ആത്മാവിൽ രേഖപ്പെടുത്തപ്പെടുന്ന വാസനകളെക്കുറിച്ചൊക്കെ പഠിയ്ക്കാനാണ് തന്റെ ജീവിതത്തിലെ ഒട്ടേറെ വർഷങ്ങൾ ചെലവഴിച്ചത്.. ഇപ്പോൾ ആ അറിവുകൾ സ്വന്തം കൊച്ചുമകന്റെ രക്ഷയ്ക്കായി ഉപയോഗപ്പെടുത്തേണ്ടതായി വന്നിരിയ്ക്കുന്നു.

നാളെ അവനെ Regressive therapi യ്ക്കു വിധേയനാക്കുകയാണ്. അലക്സിന്റെ സാന്നിധ്യവും അതിനാവശ്യമായിരുന്നു.

****************************************

നവീൻ ഹിപ്നോട്ടിക് നിദ്രയിലാണ്ടു കഴിഞ്ഞിരുന്നു.... കുറച്ചു ചോദ്യങ്ങൾ ... ഓരോ ചോദ്യത്തിനും സ്പഷ്ടമായ ഉത്തരങ്ങൾ... എട്ടുവർഷങ്ങൾക്കപ്പുറമെത്തി... പെട്ടെന്നവൻ പൊട്ടിക്കരഞ്ഞു..... താൻ മരിച്ചു കിടക്കുന്നത് കണ്ട് അമ്മ കുഴഞ്ഞു വീണതു കണ്ടിട്ടാണത്രെ... അയ്യരുടെ ഹൃദയം വല്ലാതൊന്നു തുടിച്ചു.. മരിയയുടേയും....
പിന്നെയും പിന്നിലോട്ട്.... അഞ്ചു ദിവസങ്ങൾ മുൻപ്
" നവീൻ മോനിപ്പോൾ എവിടെയാണ്...? "
" നവീനല്ല അപ്പാ അപ്പാവുടെ നവനീത്... ''
" അപ്പാ സോറി നാനൊരു തപ്പ് സെയ്തിര്ക്കേൻ... സോറി അപ്പാ " അവൻ വിതുമ്പി.
തന്റെ ഹൃദയം പൊടിയുന്ന വേദന അദ്ദേഹമറിഞ്ഞു. ആദ്യമായ് അവൻ ചെയ്ത ആ തെറ്റാണല്ലോ അവനെ തങ്ങൾക്കു നഷ്ടപ്പെടുത്തിയത് എന്നദ്ദേഹം ഉള്ളിൽ കരഞ്ഞു
തൊണ്ട ഇടറുന്ന ശബ്ദത്തിൽ അദ്ദേഹം പറഞ്ഞു.
"ഇറ്റ്സ് ഓക്കേ ചെല്ലം... അപ്പാ മന്നിച്ചിട്ടേൻ.."
" അപ്പാ ഞാൻ ഫ്രണ്ട്സിനൊപ്പം ഒരു യാത്ര പോയി. വിത്തൗട്ട് യുവർ പെർമിഷൻ.
ഞങ്ങളിപ്പൊ ഉൾക്കാട്ടിലെ ഒരു പുഴയരികിലാണ്. അവരെല്ലാവരും വെള്ളത്തിലിറങ്ങി. നീന്തലറിയാത്തതെന്തു വലിയ കുറവാണെന്നറിയോ അപ്പാ.. ഞാൻ മാത്രം തീരത്തൊരു പാറക്കല്ലിലിരുപ്പാ..... അലക്‌സെന്നെ നിർബന്ധിക്കുകയാണ് വെള്ളത്തിലിറങ്ങാൻ... അപ്പാ... അമ്മാ... അവൻ വല്ലാതെ ശ്വാസം മുട്ടുന്നതു പോലെ പിടഞ്ഞു.... പിന്നെ ശാന്തനായി.. അവൻ എന്നെ ചതിച്ചതാ അപ്പാ .. ഞാൻ മുങ്ങിപ്പൊങ്ങുന്നത വൻ കണ്ടതാ.. എന്നെ രക്ഷിയ്ക്കാൻ അവൻ ശ്രമിച്ചതേയില്ല.... ആഘോഷത്തിമിർപ്പിൽ മറ്റുള്ളവർ അത് ശ്രദ്ധിച്ചതുമില്ല.. എന്റെ ശരീരത്തിൽ നിന്നും ഞാനുയർന്നുപൊങ്ങിയ നിമിഷം വെള്ളത്തിൽ നിന്നും ഞാൻ വീണ്ടും പൊങ്ങി വരുന്നില്ലെന്നുറപ്പാക്കിയ അവന്റെ കണ്ണിലെ തിളക്കവും ഞാൻ കണ്ടതാ... അവന്
മരിയയോടിഷ്ടമായിരുന്നു. അവനവളെ വേണമായിരുന്നു.... അവൻ വിതുമ്പി
ഒരു കുഞ്ഞിഷ്ടം മനസ്സിൽ നാമ്പിട്ടപ്പോഴേ അവനോടാണ് ഞാൻ ഷെയറ് ചെയ്തത്.. കൂടപ്പിറപ്പിനെപ്പോലെയാണ് ഞാനവനെ സ്നേഹിച്ചത് ... എന്നിട്ടും

"കണ്ണാ... അപ്പാവുടെ ചെല്ലം ആരെയും ശിക്ഷിയ്ക്കാനോ രക്ഷിയ്ക്കാനോ നമുക്കാവില്ലല്ലോ.. കുട്ടാ... നിനക്കവനോട് പൊറുത്തു കൂടെ.... എല്ലാം മറന്നുകളയ്..
ഇത് നിന്റെ പുതു ജന്മം. നല്ല കാഴ്ചകളാൽ നന്മകളാൽ ഈ ജന്മം സഫലമാക്കണം...

നവീന്റെ നെഞ്ചിടിപ്പു കൂടി...
"റിലാക്സ്... റിലാക്സ്...'' അയ്യർ അവന്റെ തിരുനെറ്റിയിൽ തന്റെ തള്ളവിരൽ മൃദുവായ മർത്തി. അവൻമെല്ലെ.. മെല്ലെ ശാന്തനായി

ഒരു വലിയ അരുതായ്മയുടെ മുന്നിൽ പകച്ചിരിക്കുകയായിരുന്നു മരിയ .
"അലക്സ്... അവൻ പറഞ്ഞത് സത്യമാണോ
അതവന്റെ തോന്നൽ മാത്രമല്ലേ... പറയൂ അലക്സ്... ഒരു നിമിഷത്തിന്റെ കുഞ്ഞോരം ശത്തിെലെങ്കിലും അങ്ങനെ ചിന്തിയ്ക്കാൻ നിനക്കാവുമായിരുന്നോ....."

അലക്സ് തലകുനിച്ചിരുന്നു മരിയ അയാളുടെ നെഞ്ചത്ത് ആഞ്ഞാഞ്ഞടിച്ചു.. പിന്നെ പൊട്ടിക്കരഞ്ഞുകൊണ്ട് നിലത്തേയ്ക്ക് വീണു.

*********************************************

''മുത്തച്ഛാ ഈ മുട്ടകളെന്നാ വിരിയുക...''
പ്രാവിൻ കൂട്ടിലെ മുട്ടകൾ നോക്കി നവീൻ ചോദിച്ചു.
" ഇനിയും ഒത്തിരി ദിവസമെടുക്കും കണ്ണാ''
''ശ്ശോ അപ്പോഴേയ്ക്കും ഞങ്ങള് പോവൂലേ "
അവൻ സങ്കടപ്പെട്ടു.
'' അപ്പാ എന്റെ മോന്ശരിയ്ക്കും എന്തായിരുന്നു... എല്ലാം വിശദമായി പറയാമെന്നു പറഞ്ഞിട്ട് അതിന് കഴിഞ്ഞില്ലായിരുന്നല്ലോ..."
"ഇവിടം വിട്ടാൽ അവൻ ഇനിയും...
"ഇല്ല മോളേ... അവൻ നവീൻ ആണ് ഇനിയെന്നും അങ്ങനെയായിരിക്കും.... "
"പക്ഷേ അവൻ നവനീതിന്റെ പുനർജന്മവുമാണ്... നിന്നെ വിട്ടു പോവാൻ കഴിയാതെ നിന്റെ മകനായി പിറന്ന എന്റെ മകൻ.. "
"മോളേ പല പ്രാവശ്യം പറഞ്ഞു കഴിഞ്ഞതാ
എന്നാലും അയാളിനി വന്നു വിളിയ്ക്കുമ്പോൾ നിങ്ങൾ കൂടെപ്പോണം...''
" അപ്പയ്ക്കെങ്ങനെ അയാളോട് പൊറുക്കാൻഴിയുന്നു .. "?
" അപ്പായ്ക്കു കഴിഞ്ഞു... നിനക്കും കഴിയണം
തെറ്റുപറ്റാത്ത മനുഷ്യരുണ്ടോ ഭൂമിയിൽ...?
അല്ലെങ്കിൽ തന്നെ നാം ചെയ്യുന്ന ഓരോ കർമ്മത്തിന്റെയും ഫലങ്ങൾ രക്ഷയായും ശിക്ഷയായും ജന്മജന്മാന്തരങ്ങളായി നമ്മെ പിന്തുടരുമ്പോൾ മറ്റുള്ളവർക്ക് ശിക്ഷ വിധിയ്ക്കാൻ നമുക്കെന്തവകാശം....? പുത്രവിയോഗം അനുഭവിയ്ക്കുകയെന്നത് ഞങ്ങളുടെ കർമ്മഫലമാണ്... ഞാനാ വിധിയെ മനസ്സാ സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു.

" അപ്പായ്ക്ക് ഞാനും മക്കളും ഒരു ഭാരമാ അല്ലേ... അല്ലെങ്കിൽ ഞങ്ങളെ പറഞ്ഞു വിടാൻ ഇത്ര ധൃതി കാണിയ്ക്കുമോ.''
'"ഒരിയ്ക്കലുമല്ല കുഞ്ഞേ... നീയും നിന്റെ രണ്ടു കുഞ്ഞുങ്ങളുമായി ഇവിടെ നിന്ന ഈ ആറു മാസക്കാലമാണ് ഈ വാർദ്ധക്യത്തിൽ എനിയ്ക്കാകെ ഓർക്കാനുള്ള നിമിഷങ്ങൾ ..
പക്ഷേ.. നിന്റെ ജീവിതം .... ജോലി... അലക്സ്
അയാൾ ദയ അർഹിയ്ക്കുന്നു മോളേ....

"സഹിയ്ക്കുകയും അന്യോന്യം ഉദാരമായി ക്ഷമിയ്ക്കുകയും ചെയ്യുക "
"നിങ്ങൾ മനുഷ്യരോട് പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവ് നിങ്ങളുടെ പിഴകളെയും ക്ഷമിക്കുകയില്ല"
എന്നൊക്കെയല്ലേ കുഞ്ഞേ ബൈബിളിലും പറയുന്നത്.

മരിയയുടെ മനസ്സിന്റൊരു പാതി ക്ഷമയുടെ മാർഗ്ഗത്തിലും മറുപാതി എതിർദിശയിലും അവളെ വലിച്ചിഴച്ചു. അവൾ കണ്ണുകളടച്ചിരുന്നു. വറ്റിപ്പോയൊരു കണ്ണീർച്ചാല് വീണ്ടും ഉറവയെടുത്തൊഴുകി.

"ഹായ് പപ്പാ... മീവലും നവീനും ഒരു പോലെ വിളിച്ചുകൂവി....''
അലക്സ് അവരെ രണ്ടുകൈകളിലായെടുത്തു.. മരിയയുടെ മുന്നിൽ ചെന്നു നിന്നു.
"മരിയ പ്ലീസ്... നമ്മുടെ മക്കൾക്കു വേണ്ടി.... ''

'ജീവിതത്തിൽ ഒരിയ്ക്കലും നിന്നെയെനിയ്ക്കിനിസ്നേഹിയ്ക്കാനാവില്ലല്ലോ അലക്സ് ' എന്ന് ഉള്ളിൽക്കരഞ്ഞുകൊണ്ടവൾ ഇറങ്ങി നടന്നു.

സതീദേവി

പ്രൈവസി ( കഥ)


" മക്കൾ പ്രായപൂർത്തിയായാൽ അവർക്ക് അവരുടേതായ പ്രൈവസിയുണ്ടെന്ന് അമ്മയ്ക്കിനിയെന്നാ മനസ്സിലാവുന്നേ "ന്ന് മനുക്കുട്ടൻ ചാടിത്തുള്ളിയ ദിവസമാണ്, അടുക്കളയോട് ചേർന്നുള്ള ഇടനാഴിയിലെ ഈ ഇരുമ്പ് കട്ടിലിൽ അമ്മ ആദ്യമായി വന്നുകിടന്നത്.

" കുറേനേരമായില്ലേ ഫോണിൽ നോക്കിയിരുന്നു പഠിയ്ക്കുന്നു... ഞാനവനീ പാല് കൊടുത്തിട്ട് വരാം...''ന്നു പറഞ്ഞ് പോയതായിരുന്നു അമ്മ..
പിന്നെന്താ ഉണ്ടായതാവോ.. രണ്ടുപേരും ഉച്ചത്തിൽ സംസാരിയ്ക്കുന്നുണ്ടായിരുന്നു പിന്നെ മനു വാതിൽ കൊട്ടിയടയ്ക്കുന്ന ശബ്ദവും കേട്ടു .
അമ്മയുടെ കണ്ണുകളിൽ നിന്നും രണ്ടു പുഴകൾ ഒഴുകുന്നുണ്ടായിരുന്നു. ആ ചൂടു കണ്ണീർ എന്നെ പൊള്ളിച്ചു. ആശ്വാസവാക്കു പറയണമെന്നെനിക്ക് തോന്നിയെങ്കിലും അമ്മയുടെ അടുത്ത് അനങ്ങാതെ
കിടക്കുകയാണ് ഞാൻ ചെയ്തത്.

കൊറോണ പടർന്നു പിടിച്ചേപ്പിന്നെ അച്ഛൻ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. രാവിലെ കുളി കഴിഞ്ഞ് മുറിയിച്ചവിടെയിരിയ്ക്കും. ആരെങ്കിലും അങ്ങോട്ട് ചെന്നാൽ ദേഷ്യപ്പെടും.
അച്ഛൻ പണ്ടേ അങ്ങനാ.. മുരടൻ സ്വഭാവമാ..

"അതങ്ങനെ കാണിയ്ക്കൂന്നുന്നേയുള്ളു..ആള്
പാവമാ''ന്നാ അമ്മ പറയുന്നത്. അതെന്തായാലും എനിയ്ക്കച്ഛനെപേടിയാ..
കമലേച്ചീടെ കൂടെ ആദ്യായിട്ട് ഇവിടെ വന്നപ്പോ എന്നെയിവിടെ നിർത്താൻ അച്ഛനൊട്ടും ഇഷ്ടം കാണിച്ചില്ലായിരുന്നു.

"വേണ്ടാത്ത ഓരോ മാരണങ്ങള്'' ന്നച്ഛൻ പിറുപിറുത്തത് ഞാൻ നന്നായി കേട്ടതാ..
മനുക്കുട്ടന് വല്യ സന്തോഷായിരുന്നു. അതൊറ്റയ്ക്കല്ലേ വളരണേ. കളിയ്ക്കാൻ ഒരു കൂട്ടുകിട്ടിയ സന്തോഷം. എന്തു കഴിയ്ക്കുമ്പോഴും ഒരു പങ്ക് എനിയ്ക്കു തരും.
'കിങ്ങിണീ 'ന്നൊള്ള വിളി കേൾക്കാൻ തന്നെ നല്ല ചേലായിരുന്നു. ഇപ്പൊ മനുക്കുട്ടൻ എന്നെ മൈന്റു ചെയ്യാറേയില്ല. അമ്മയോടുള്ള കിന്നാരവും കുറഞ്ഞു. കുറച്ചു നാൾ മുമ്പുവരെ അമ്മയുടെ പുറകേ നടന്ന് കലപില കൂട്ടിയിരുന്ന ചെക്കനാ.. മനുഷ്യരെത്ര പെട്ടെന്നാ മാറിപ്പോകുന്നത്. ഇപ്പോൾ ഓരോരുത്തർ ഓരോ മുറികളിൽ ജോലിയും പഠിപ്പുമൊക്കെയായി അടച്ചു പൂട്ടിയിരിപ്പാ..
ഓരോരുത്തർക്കും ഓരോ ലോകങ്ങൾ....

"മായമ്മേ.... മായമ്മേ.... ''
തത്തപ്പെണ്ണ് ചിലയ്ക്കുന്നതാണ്. മനുഷ്യര് പറയുന്ന പോലെത്തന്നെയാണ് അവളുടെ സംസാരം
''കിങ്ങിണി.... കിങ്ങിണീ...''
ചില നേരങ്ങളിൽ അവളുടെ ചിലപ്പ് എന്നെ ദ്വേഷ്യം പിടിപ്പിയ്ക്കണ് ണ്ട്. ഇടനാഴിയിലെ ഇരുമ്പു കട്ടിലിൽ തനിയെയിരുന്ന് തേങ്ങിയ ഒരുച്ചയ്ക്ക് മായമ്മ അവളെ തുറന്നു വിട്ടതാണ്.
സ്വാതന്ത്യം കിട്ടിയ സന്തോഷത്തിൽ ഒന്നു വട്ടംചുറ്റിപ്പറന്നെങ്കിലും അവൾ തിരിച്ചു വന്ന് അമ്മയുടെ തോളത്തിരുന്നു. അവൾക്ക് അമ്മയെ വിട്ട് പോകാൻ കഴിയില്ലായിരുന്നു.
സൂര്യൻ നെറുകയിൽ കത്തിനിൽക്കുന്ന ഉച്ചനേരങ്ങളിൽ ഞാനും അമ്മയും പിന്നെ തത്തപ്പെണ്ണും ഞങ്ങളുടെ ലോകം ചമച്ചു.

ഈ വരാന്തയും കട്ടിലും ഇവിടെ ജോലിയ്ക്കു നിന്നിരുന്ന കമലേച്ചിയുടെ ഇടമായിരുന്നു. അന്നൊക്കെ നല്ല രസമായിരുന്നു. അമ്മയും കമലേച്ചിയും കൂടി പറയാത്ത വിശേഷങ്ങളില്ല. നാട്ടുവിശേഷങ്ങളും പഴങ്കഥകളുമൊക്കെപ്പറഞ്ഞ് ചിരിച്ച് വീട്ടുജോലികൾ തീർത്ത്....
അന്നൊക്കെ അമ്മ കുളിച്ച് വട്ടപ്പൊട്ടൊക്കെ തൊട്ട് സുന്ദരിയായി ഇരിയ്ക്കുമായിരുന്നു.
ഉറക്കെയുറക്കെ ചിരിക്കുമായിരുന്നു.
അച്ഛന്റെയും മനുക്കുട്ടന്റെയും ഇഷ്ടമനുസരിച്ചുള്ള പലഹാരങ്ങളുടെ ഗന്ധം അടുക്കളയിൽ നിറയുമായിരുന്നു..

മനുക്കുട്ടൻ സ്കൂളീന്ന് വന്നാ പിന്നെ അമ്മയുടെ പിറകെ നടന്ന് വിശേഷം പറഞ്ഞോണ്ടേയിരിയ്ക്കും. ഓരോരോ കുറുമ്പൊക്കെ ഒപ്പിച്ച് ടീച്ചർമ്മാരെ ചിരിപ്പിച്ചതും പെൺകുട്ടികൾ കളിയാക്കിയതുമൊക്കെ...
സുന്ദരമായ ആ വൈകുന്നേരങ്ങളിൽ അമ്മചെടികൾക്ക് വെള്ളം നനയ്ക്കുകയും
കിളികളോടും പൂക്കളോടും പുന്നാരം പറയുകയും ചെയ്തിരുന്നു. ഹോസ് തട്ടിപ്പറിച്ച് അമ്മയെ നനയ്ക്കുന്നത് മനുക്കുട്ടന്റെ വികൃതിയായിരുന്നു. അമ്മയും മോനുംഅങ്ങോട്ടുമിങ്ങോട്ടും വെള്ളം ചീറ്റിച്ച് നനഞ്ഞ് കുതിർന്ന് ചിരിച്ച് തിമിർക്കുന്നത് കാണുമ്പോൾ ഇവർക്ക് ഭ്രാന്താണോന്ന് വരെ തോന്നിയിട്ടുണ്ട്.
അത്ര വലിയ ചെക്കനായിട്ടും അമ്മ വാരിക്കൊടുക്കുന്ന ഉരുള തിന്നാൻ മനുക്കുട്ടന് ഇഷ്ടായിരുന്നു.
"അമ്മ വാരിത്തരുമ്പൊ നല്ല രുചിയാന്ന് " പറഞ്ഞ് അമ്മയ്ക്കുമ്മ കൊടുക്കും. അന്നൊക്കെ അമ്മ നിറഞ്ഞു ചിരിച്ചിരുന്നു.

"മനുക്കുട്ടൻ മായമ്മേടെ തനിപ്പകർപ്പാ... വർത്താനോം സ്വഭാവോം എല്ലാം ഒരു പോലെ "
മനുക്കുട്ടൻ കിലുകിലാന്ന് വർത്താനം പറയുമ്പോകമലേച്ചിഅമ്മയോട് പറയുന്നതാ.
അച്ഛന് മനുക്കുട്ടന്റെ കലപില കൂട്ടൽ ഇഷ്ടല്ലായിരുന്നു.
" ആൺകുട്ടികളായാ അല്ലം കാര്യ ഗൗരവമൊക്കെ വേണം. അതെങ്ങനാ പുന്നാരിച്ച് വഷളാക്കി വെച്ചിരിക്കുകയല്ലേ.. " ന്ന്
അച്ഛൻ കുറ്റപ്പെടുത്തും.
" വായ തുറന്ന് മിണ്ടിയാ മുത്തു പൊഴിയൂന്നാ ഇവിടൊരാൾടെവിചാരം..''
"ഒന്നു മിണ്ടാനും പറയാനും ആ കൊച്ചെങ്കിലും ഉണ്ടായതോണ്ടാ ഞാൻ ശ്വാസം മുട്ടിച്ചത്തു പോവാഞ്ഞത്... " അമ്മ കമലേച്ചിയോട് പരാതി പറയും. അപ്പോഴൊക്കെ എനിക്കൊന്നു മിണ്ടാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാനുളളിൽ തേങ്ങിയിട്ടുണ്ട്. തത്തപ്പെണ്ണ് വിളിക്കുമ്പോലെ മായമ്മേന്നൊന്നു വിളിയ്ക്കാനെങ്കിലും കഴിഞ്ഞിരുന്നെങ്കിലെന്ന് എന്റെ ഉള്ള് തുടിയ്ക്കാറുണ്ട്.
കോളേജിൽ പോയിത്തുടങ്ങിയേപ്പിന്നെ മനുക്കുട്ടൻ വല്ലാതെ മാറിപ്പോയി. എപ്പോഴുംസ്വന്തം മുറിയിൽ കംപ്യൂട്ടറിന്റെ മുന്നിലും പിന്നെഫോണിലുമായി മനുക്കുട്ടന്റ ലോകം വലുതായപ്പോ അമ്മയുടെ ലോകം വല്ലാതെ നിറം മങ്ങുകയായിരുന്നു.
"ഏയ് അവൾക്ക് വാട്ട്സാപ്പും ഫെയ്സ് ബുക്കുമൊന്നും നോക്കാനറിയില്ല..... അവളൊരു പഴഞ്ചനാ... കുട്ടി വെറുതെ പേടിക്കണ്ട'ന്ന് അച്ഛൻ ആരോടോ പറഞ്ഞത് അബദ്ധത്തിൽ കേട്ടന്ന് മുതലാണ് അമ്മ രാത്രിയുറക്കവും ഇവിടെയാക്കിയത്. അന്നു മുതലാണ് അമ്മഎപ്പൊ വേണമെങ്കിലും പെയ്യാവുന്ന ഒരു മഴക്കാറായി മാറിയത്.

അമ്മയ്ക്ക് വയ്യാതാവുകയായിരുന്നു. കമലേച്ചിയെങ്കിലും ഉണ്ടായിരുന്നെങ്കിലൊരാശ്വാസമായേനെ. വയ്യാഞ്ഞിട്ടും അമ്മ വീട്ടുകാര്യങ്ങൾ കൃത്യമായി ചെയ്തിരുന്നു. പിന്നെ പിന്നെ അതും കഴിയാതായി. അമ്മ എല്ലാം മറന്നു പോയിത്തുടങ്ങി. അച്ഛൻ പലപ്പോഴും ഉറക്കെ ദ്വേഷ്യപ്പെട്ടു.... അപ്പോഴൊക്കെ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ അമ്മ പകച്ചു നിന്നു .. പിന്നെ അമ്മ ഒന്നും ചെയ്യാതായി. കുറേ നേരം എവിടെയെങ്കിലും കൂനിക്കൂടിയിരിക്കും പിന്നെ വളഞ്ഞു കൂടിക്കിടക്കും... അമ്മയെ തൊട്ടുരുമ്മി ഞാനും
ഒരാഴ്ച മുമ്പാണ് കമലേച്ചിവീണ്ടും വന്നത്. അമ്മയുടെ കോലം കണ്ട് കമലേച്ചി കരഞ്ഞുപോയി. അമ്മയുടെ കണ്ണുകളും നിറഞ്ഞൊഴുകുകയായിരുന്നു.കമലേച്ചി വന്നേപ്പിന്നെ സമയത്തിന് ഭക്ഷണം കഴിപ്പിച്ചും മരുന്നു കൊടുത്തുമൊക്കെ വന്നപ്പൊ അമ്മയുടെ ആരോഗും ഭേദപ്പെട്ടു തുടങ്ങി.

ഇന്നലെയാണ് ഞങ്ങളെയൊക്കെ ഞെട്ടിച്ചു കൊണ്ട് അമ്മ പഴയ പോലെ ഒരു പാട് മിണ്ടാൻ തുടങ്ങിയത്.
"എന്റെ ചെടികളൊക്കെ വാടിപ്പോയി.. ". ന്ന് സങ്കടം പറഞ്ഞു. പൂക്കളൊഴിഞ്ഞ ചെടികൾ കുറ്റബോധത്തോടെ തല കുനിച്ചു.. സാരമില്ല പോട്ടേയെന്ന് അമ്മ ആശ്വസിപ്പിച്ചു. അമ്മയ്ക്കേറ്റവും ഇഷ്ടമുള്ള ചെമ്പകം നിറച്ചു പൂത്തിരിയ്ക്കുന്നത് കണ്ട് "ചെമ്പകപ്പൂ മണമുള്ള ... "എന്നൊരു പാട്ടുമൂളി അമ്മ പുഞ്ചിരിച്ചു.

.ഇന്നലെമുഴുവൻ കഥ പറയലായിരുന്നു. അമ്മയുടെ നാടിനെക്കുറിച്ച്.. കുട്ടിക്കാലത്തെക്കുറിച്ച്... പിന്നെ പണ്ടു പണ്ടത്തെ ഒരു കുഞ്ഞിഷ്ടത്തെക്കുറിച്ച്...
" പ്രാണസഖി ഞാനൊരു പാമരനാം പാട്ടുകാരൻ
ഗാനലോകവീഥികളിൽ വേണുവൂതുമാട്ടിടയൻ"
എന്ന പാട്ട് അമ്മയ്ക്കു വേണ്ടി പാടുമായിരുന്ന ഒരുപാടൊരുപാട് തമാശകൾ പറയുമായിരുന്ന ഒരു പാവം കൂട്ടുകാരനെക്കുറിച്ച്..
അത് വീട്ടിലറിഞ്ഞപ്പൊ പതിനെട്ടു തികയും മുൻപേ ഉദ്യോഗസ്ഥനെക്കൊണ്ട് കല്യാണം കഴിപ്പിച്ചതിനെക്കുറിച്ച്...അതൊക്കെ പറയുമ്പോൾ അമ്മ സ്വയം ഒരു കുഞ്ഞായും പിന്നെയൊരു കൗമാരക്കാരിയായും മാറി.
ഓർമ്മകൾ ഒരു കുസൃതിക്കുരുന്നിനെപ്പോലെ അങ്ങുമിങ്ങുമോടിക്കളിച്ചു.. അവയ്ക്കൊപ്പം ചിരിച്ചും കളിച്ചും പിന്നെ കരഞ്ഞും അമ്മ തളർന്നു... ചിരിയുടേയും കരച്ചിലിന്റെയും അവസാനം പെട്ടെന്ന് വല്ലാതെ ചുമച്ച് കിതച്ച് വിയർത്താണ് അമ്മ കുഴഞ്ഞു വീണത്...

കമലേച്ചിയാണ് ഉറക്കെ കരഞ്ഞു കൂവി ആളെക്കൂട്ടിയത്. ആരൊക്കെയോ കൂടി എടുത്ത് അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി....
"ഇങ്ങനൊരു ചതി ചെയ്യുമെന്ന് ഞാനോർത്തില്ലല്ലോയെന്റീശ്വരാ..." കമലേച്ചി പതം പറഞ്ഞു കരഞ്ഞു.
കമലേച്ചിയാണ് നല്ല മധുരമിട്ട പാൽ അമ്മയ്ക്ക് കൊടുത്തത്. അമ്മ അതിൽ ഒരു പാട് മരുന്നുകൾ കൂടി ചേർത്തത്രെ...
'' മായമ്മേ.. മായമ്മേ...''
തത്തപ്പെണ്ണുചിലച്ചു....
"മായമ്മ പോയെന്റെ തത്തപ്പെണ്ണേയെന്ന് കമലേച്ചിനെഞ്ചത്തടിച്ചു കരഞ്ഞു..."

കട്ടിലിനരികിൽ അമ്മ കുടിച്ചു ബാക്കി വെച്ച പാൽ.... എന്നത്തെയും പോലെ അമ്മയെനിയ്ക്കായി വെച്ചതാവും...
ഞാനത് നക്കിക്കുടിച്ചു.

പൂമണം പേറി വന്ന ഒരു കുഞ്ഞിക്കാറ്റിനൊപ്പം ഒരപ്പൂപ്പൻ താടി പോലെ ഞാൻ പറന്നുയരുന്നു..
എന്റെ പ്രിയപ്പെട്ട മായമ്മയോടൊപ്പം... എനിക്കിപ്പൊ മിണ്ടാൻ കഴിയുന്നുണ്ടല്ലോ.. കഥകൾ പറഞ്ഞ് ചിരിച്ച് ഞങ്ങൾ പറന്നുയരുകയാണ്... ചെമ്പകപ്പൂമണമുള്ള ഞങ്ങളുടെ ലോകത്തേക്ക്...

**********************************************

Written by Satheedevi Radhakrishnan

ഭഗവാന്റെ വീട്ടിലേയ്ക്കുള്ള വഴി

Image may contain: 1 person, smiling, sitting
കഥ:-
"അച്ഛമ്മയെന്തിനാ അമ്മയെ എപ്പോഴും വഴക്കു പറയുന്നേ... അച്ഛമ്മ ചീത്തയാ.. "
അമ്മയുടെ കണ്ണീരു തുടച്ചു കൊടുത്തുകൊണ്ട് ഉണ്ണിക്കുട്ടൻ പറഞ്ഞു.
"ഇനി എന്റമ്മയെ വഴക്കു പറഞ്ഞാ അച്ഛമ്മയ്ക്ക് ഞാൻ നല്ല ഇടി കൊടുക്കും... ദാ ഇങ്ങനെ മോഗൻ ലാൽ ഇടിയ്ക്കണപോലെ.. "
അവൻ മടിയിൽ നിന്നും ചാടിയിറങ്ങി കുട്ടിക്കരണം മറിഞ്ഞ് ഇടിക്കുന്നത് അഭിനയിച്ചു.
സങ്കടത്തിനിടയിലും അമ്മയ്ക്ക് ചിരി പൊട്ടി.
കുഞ്ഞിനെ ചേർത്തു പിടിച്ച് അമ്മ പറഞ്ഞു.
'' മോഹൻലാൽ ദുഷ്ടന്മാരെയല്ലേ ഇടിയ്ക്കുന്നത്.
അച്ഛമ്മയെ അങ്ങനൊന്നും ചെയ്യാൻ പാടില്ല. അങ്ങനെ പറയാൻ പോലുംപാടില്ല... മോന്റെ അച്ഛന്റെ അമ്മയല്ലേ.... ''
''പക്ഷേ അച്ഛമ്മേം ദുഷ്ടനാ.. അതല്ലേ ന്റമ്മേ നെ എപ്പഴും വഴക്കുപറയണേ... ''
" നമുക്ക് അച്ഛമ്മേനെ പാട്ട പെറുക്കണ കുഞ്ഞാണ്ടിയ്ക്ക് കൊടുക്കാം... ''
"അയ്യയ്യോ അങ്ങനൊന്നും പറയല്ലേ വാവേ
അങ്ങനെയൊക്കെ പറഞ്ഞാ ഭഗവാൻ ശിക്ഷിക്കൂട്ടോ..... ''
" ഭഗവാൻ കുട്ടികളെയൊന്നും ശിക്ഷിക്കൂലന്ന് അമ്മ പറഞ്ഞതല്ലേ.... ഞാൻ അമ്മേനോട് പിണക്കമാ... " ഉണ്ണിക്കുട്ടൻ ചിണുങ്ങി.
" അയ്യയ്യോ അമ്മയ്ക്ക് ഉണ്ണിക്കുട്ടൻ മാത്രല്ലേ ഉള്ളൂ അമ്മേനോട് പിണങ്ങല്ലേ ഉണ്ണീ"
"ന്നാ കഥ പറഞ്ഞു താ.... "
" പറഞ്ഞു തരാലോ.... ''
'' പണ്ട് പണ്ട് ഒരു വല്യ മരത്തില് ഒരമ്മക്കിളീം അച്ഛൻ കിളീം...... "
''......... പിന്നൊരു കുഞ്ഞിക്കിളീം താമസിച്ചിരുന്നു
ഉണ്ണിനെപ്പോലെ ല്ലേ അമ്മേ..."
അവൻ ഇടയ്ക്കു കയറി കഥ പൂരിപ്പിച്ചു.
" ഉം... അതേ മോന."
"ഒരു ദിവസം കുഞ്ഞിക്കിളിയ്ക്ക് ഭക്ഷണം തേടിപ്പോയ അച്ഛൻ കിളി തിരികെവന്നില്ല.... "
"ഈ കഥ വേണ്ട.. ഈ കഥ പറയുമ്പഴൊക്കെ അമ്മ കരയും. അമ്മ കരയണത് ഉണ്ണിക്കിഷ്ടല്ല ട്ടോ.
അമ്മയുടെ കണ്ണിൽ അപ്പോഴും ഒരു കണ്ണീർ മുത്തു തിളങ്ങി നിന്നു. അമ്മ ഉണ്ണിക്കുട്ടനെ തന്നിലേയ്ക്കൊന്നു കൂടി ചേർത്തു പിടിച്ചു.
" വേറെ കഥ പറയ്...അമ്മേ.. അമ്മേ വേറെ കഥ പറയ്....''
'' കുറേ കാലം മുൻപ് ഒരു വീട്ടിൽ ഒരമ്മയും ഉണ്ണീടത്രയുള്ള ഒരു മോനും ഉണ്ടായിരുന്നു.
ആ കു.ട്ടീടച്ഛൻ അവൻ കുഞ്ഞായിരുന്നപ്പഴേ
മരിച്ചു പോയിരുന്നു.. "
" എല്ലാരും മരിയ്ക്കോ അമ്മേ...: ?"
''എല്ലാരും ഒരു ദിവസം മരിച്ചു പോവും...''
''അവരൊക്കെ എങ്ങടാ പൂവ്വാ.. "
"എങ്ങടാ പൂവ്വാ കുട്ടൻ പറയ്...."
"ഭഗവാന്റടുത്ത്...ല്ലേ? അവൻ ചിരിച്ചു. പിന്നെ ആ കുഞ്ഞു മുഖം മ്ലാനമായി. "
ഉiണ്ണീനെ ഒറ്റയ്ക്കാക്കി അമ്മ പോവോ ഭഗവാന്റടുത്ത് ...? "
ആകുഞ്ഞു മുഖത്ത് വ്യസനമായിരുന്നു.
അമ്മ അവനെ ചേർത്തു പിടിച്ച് മൂർധാവിൽ ചുംബിച്ചു.
"ഇല്ലട്ടോ ന്റെ കുഞ്ഞിനെ തനിച്ചാക്കി ഞാൻ പോവില്ലൊരിയ്ക്കലും..."
അമ്മയുടെ ശബ്ദം ഇടറിയിരുന്നു.
"ന്നിട്ട്... അമ്മേ ബാക്കി കഥ പറയ്...''
" ങാ... എന്നിട്ട് അച്ഛനില്ലാത്തആ കുഞ്ഞിനെ വളർത്താൻ ആ അമ്മ ഒരുപാട് കഷ്ടപ്പെട്ടു.
അമ്മയ്ക്ക് മോനെന്നു വെച്ചാ ജീവനായിരുന്നു.
ഒരിയ്ക്കൽ ആ കുഞ്ഞിന് ഒരസുഖം വന്നു. കുഞ്ഞൊന്നും കഴിയ്ക്കണില്ല. അമ്മ കുഞ്ഞിനേം തോളിലിട്ട് ഒരുപാടൊരുപാട് നടന്നു. വൈദ്യന്റടുത്ത് കൊണ്ടുപോയി. "
" അവർക്ക് കാറിൽ പോയാമതിയാരുന്നില്ലേ?"
"അന്ന് കാറൊന്നുമില്ലായിരുന്നു മോനേ "
"ന്നിട്ട്.... ''
'' കുഞ്ഞിന്റസുഖം മാറുന്നതു വരെ ആ അമ്മ
ഊണും ഉറക്കവുമില്ലാതെ പ്രാർത്ഥിച്ചോണ്ടേയിരുന്നു... ''
ആ അമ്മയുടെ പ്രാർത്ഥനയുടെ ശക്തി കൊണ്ട് കുഞ്ഞിന്റസുഖം മാറി. അവൻ മിടുക്കനായി.
"നല്ല അമ്മ ല്ലേ .... ''
" അതേ കുഞ്ഞേ നല്ല അമ്മ...''
'' അതൊക്കെ ആരാന്നറിയണോ ഉണ്ണിയ്ക്ക്?
" മോന്റെ അച്ഛനായിരുന്നു ആ കുട്ടി ."
" ആ അമ്മ അച്ഛമ്മയായിരുന്നോ ?"
"ഉം .. അപ്പൊ അച്ഛമ്മയോട് ദേഷ്യപ്പെടാമോ?"
" പക്ഷേ അച്ഛമ്മയ്ക്ക് അമ്മയോട് എപ്പഴും ദേഷ്യാണല്ലോ... "
"അത് സാരല്യ ഉണ്ണീ.. അച്ഛമ്മയ്ക്ക് വയസ്സായില്ലേ.. അതോണ്ടാ...''
''അച്ഛമ്മയ്ക്ക് അച്ഛനോട് മാത്രേ ഇഷ്ടള്ളു..... ''
" ഉം... അതുപോട്ടെ മോൻ പോയി കളിച്ചോളൂട്ടോ... " '
.............................................................................
അമ്മ പിന്നീടും ഒരുപാട് തവണ കരഞ്ഞു. അച്ഛമ്മ ഉറക്കെയുറക്കെ അമ്മയെ ശകാരിച്ചു. അമ്മയ്ക്ക് ജാതകദോഷാത്രെ. അതെന്താന്ന് ഉണ്ണിക്ക് മനസ്സിലായില്ല. പട്ടാളത്തിൽ പോയ ഉണ്ണീടച്ഛൻ വരാഞ്ഞത് അതോണ്ടാത്രെ. അമ്മ കൂടെ നിന്നാ ഉണ്ണിയ്ക്കും ദോഷാ ണ്ന്ന്. അമ്മയെ അമ്മമ്മയുടെ വീട്ടിലേക്ക് പറഞ്ഞു വിടാൻ അച്ഛമ്മ ഒരുപാട് നോക്കി. പക്ഷേ അമ്മ പോയില്ല.
വീട്ടിലേയ്ക്ക് കൊണ്ടുപോവാൻ വന്ന അമ്മമ്മയോട് "ന്റെ കുഞ്ഞിനെക്കൂടാതെ ഞാനെവിടേയ്ക്കും വരില്ല " ന്നു പറഞ്ഞ് കരഞ്ഞ്ഉണ്ണിയെ ചേർത്തുപിടിച്ചു. അമ്മമ്മ കരഞ്ഞുകൊണ്ട് അമ്മാവന്റൊപ്പം തിരിച്ചു പോയി.
ഉണ്ണിയെ തനിച്ചാക്കി എവിടേം പോവില്ലന്ന് പറഞ്ഞ അമ്മ, ഒരു ദിവസം ഉണ്ണി ഒരുപാട് വിളിച്ചിട്ടും കണ്ണുതുറന്നില്ല. പിന്നെ ഒരു പാടാളുകൾ വന്നു. 'ഉണ്ണീടമ്മ മരിച്ചു പോയത്രെ.'
ഉണ്ണി വിടാതെ പിടിച്ചിട്ടും എല്ലാരും കൂടി അമ്മയെ എവിടേയ്ക്കോ കൊണ്ടുപോയി. വീട്ടിൽ നിറയെ പോലീസുവന്നു.അവർഅച്ഛമ്മയോടെന്തൊക്കെയോ ചോദിച്ചു. പിന്നെ വല്യ ജീപ്പിൽ തിരിച്ചുപോയി.ഉണ്ണിയെ ചേർത്തു പിടിച്ചോണ്ട് അച്ഛമ്മ അമ്മിണിയാൻറിയോട് പറഞ്ഞു." ആ കുട്ടി ചെറുപ്പമല്ലേ.... ന്റെ മോൻപോയി.. അതിന്റെ ജീവിതോം കൂടി ഇവടെ നിന്ന് നശിപ്പിച്ചു കളയണ്ടാലോന്ന് മാത്രേ ഞാൻ വിചാരിച്ചൊള്ളു.. ന്റ മ്മിണീ..... ഒറ്റയ്ക്ക് പൊരുതുന്ന പെണ്ണിന്റെ ചിറക് അവർ ആദ്യംഅരിയും.. പിന്നെ ഹൃദയം കുത്തിത്തുരക്കും.. ഒറ്റയ്ക്കിവിടെ വല്യ പാടാണെന്റ മ്മിണീ.... അത് നന്നായറിയുന്നോണ്ടാ..ഞാൻ....'' അച്ഛമ്മ പിന്നെയും എന്തൊക്കെയോ പറഞ്ഞ് കരഞ്ഞു.
അപ്പോഴും മിന്നി മിന്നിത്തെളിയുന്ന ബൾബിന്റെ പുറകിലെ ഫോട്ടോയിൽ ഉണ്ണീടച്ഛൻ ചിരിച്ചു നില്പുണ്ടായിരുന്നു.
..............................................................................
അന്ന് അമ്മ,അമ്മമ്മയുടെ വീട്ടിലേയ്ക്ക് പോയാൽ മതിയായിരുന്നു. അമ്മമ്മയുടെ വീട്ടിലേയ്ക്കുള്ള വഴി ഉണ്ണിയ്ക്കറിയാം. പക്ഷേ
'ഭഗവാന്റെ വീട്ടിലേയ്ക്കുള്ള വഴി'.. അത് ഉണ്ണിയ്ക്കറിയില്ലായിരുന്നു.
സതീദേവി
16-11-2019

മാനസ

മാനസ
*********
കാറിൽ ac യുടെ തണുപ്പിലും അയാൾ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു. മനുഷ്യജീവിതത്തിന്റെ കാണാക്കയങ്ങളിലേയ്ക്ക് ആഴ്ന്നാഴ്ന്നുപോകുന്ന തന്റെ മനസ്സിനെ നിയന്ത്രിക്കാൻ തനിയ്ക്ക് ആവുന്നതേയില്ലെന്നത് ആ നിമിഷത്തിലെ അയാളുടെ തിരിച്ചറിവായിരുന്നു.
എഴുത്ത് വഴി ലഭിച്ച ചുരുക്കം ചില സൗഹൃദങ്ങളിൽ ആത്മാവിനെ തൊട്ട ഒന്നായിരുന്നു അവൾ. പാർവതി.
ഒരു ശുഭദിനാശംസയിലൂടെ തന്നിലേക്ക് അവൾ ചേക്കേറുകയായിരുന്നു. ചെറിയ സംഭാഷണങ്ങളിലൂടെ വളർന്ന സൗഹൃദം. പാർവതിയെന്ന പേരും കുറേ അക്ഷരക്കൂട്ടുകളും. ഒരു ഫോട്ടോയിലൂടെ പോലും കണ്ടിട്ടില്ലാത്ത മുഖം.
എന്നിട്ടും അവൾ ആരൊക്കെയോ ആണെന്ന തോന്നൽ. ജന്മാന്തരങ്ങളായി ആത്മാവിൽ അലിഞ്ഞുചേർന്നി രുന്നപോലെ.
തന്റെ ചേതനയുടെ ഞരമ്പിനെ ഉണർത്തുന്നതായിരുന്നു പലപ്പോഴും അവളുമായിട്ടുള്ള സംവാദങ്ങൾ. ചിലപ്പോൾ ഒരു കുളിരല പോലെ... മറ്റുചിലപ്പോൾ സപ്തവർണ്ണത്തിൻ വില്ലഴിയുന്ന പോലെ.
"എന്റെ നഷ്ടപ്രണയിനിയുടെ പേരും പാർവതിയെന്നാണ്.. "
"ഹ ഹ അതുകൊള്ളാലോ" അവൾ ചിരിച്ചു.
"അവളുടെ യഥാർത്ഥ പേര് അപർണ.... ഞാൻ പാറുക്കുട്ടിയെന്നു വിളിയ്ക്കും.. "
"ഞാൻ കണ്ടിട്ടില്ലാത്ത നിന്റെ മുഖത്തിന് ഇപ്പോൾ അവളുടെ ഛയയാണ് "
അവൾ മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി.
എല്ലാ സംഭാഷണങ്ങളിലും, സ്നേഹത്താൽ വീർപ്പുമുട്ടിയ്ക്കുന്നതന്റെ ഭർത്താവിനെക്കുറിച്ചും ഓമനത്തം തുളുമ്പുന്ന മകനെക്കുറിച്ചും അവൾ വാചാലയായി.
ഒരു കാര്യത്തിലും സാമ്യമില്ലാത്ത രണ്ട് ആത്മാക്കളായി വരണ്ടുണങ്ങിയ തന്റെ ദാമ്പത്യം സൃഷ്ടിച്ച വിരസതയിൽ... നഷ്ടപ്രണയത്തിന്റെ കനലുകൾ കെടാതെ എരിഞ്ഞി രുന്ന ആത്മാവിൽ ഒരു കുളിർ തെന്നൽ പോലെ അവൾ അലിഞ്ഞുചേർന്നു. ഉള്ളിൽ രൂപ പ്പെട്ടിരുന്ന മൗനവത്മീകം ഉടഞ്ഞുപോയതെത്ര പെട്ടെന്നായിരുന്നു. അവൾ അറിയാതെ അവളോടുള്ള പ്രണയം ഒരു കുഞ്ഞുപൂവായി ആത്മാവിൽ വിരിഞ്ഞുനിന്നു.
ആ രസാനുഭൂതികളിൽനിന്നും കവിതകൾ ഉണ്ടായി... അംഗീകാരങ്ങൾ തേടിവന്നു.
മോന്റെ പിറന്നാളിന്റെയന്ന്..
"മോന്റെ പിറന്നാളാണ്.. "
"അമ്പലത്തിൽ പോകുന്നു... "
"വന്നിട്ട് കാണാം.. "
"Ok ഗിരിയേട്ടാ "
"ഇന്നാണ് എന്റെ മോന്റെയും പിറന്നാൾ "
"ആഹാ അതുകൊള്ളാലോ... "
"എന്നിട്ട് എന്തൊക്കെയാണ് ആഘോഷങ്ങൾ.. ?"
"അമ്പലത്തിൽ പോകണം മോനും മോന്റച്ഛനും വേണ്ടി പ്രാർത്ഥിയ്ക്കണം "
"ശരി വന്നിട്ടു കാണാം.. "
"ശരി "
"പോയിവന്നിട്ട് 'മാനസപുത്രി' അവസാനഭാഗം വായിച്ച് അഭിപ്രായം പറയണം ട്ടോ "
"ശരി... കാണാം.. "
അവൾ നന്നായി എഴുതിയിരുന്നു. കഥയായാലും കവിതയായാലും നല്ല കയ്യടക്കം. ആറുഭാഗങ്ങളായി എഴുതിയ നോവലൈറ്റ് ആയിരുന്നു 'മാനസപുത്രി ' അവിവാഹിതയായ സ്ത്രീ ദത്തെടുത്തുവളർത്തുന്ന പെൺകുട്ടി. അവർതമ്മിലുള്ള ആത്മബന്ധം... അതിനിടയിൽ വില്ലനായി വരുന്ന മാറാരോഗം.
ഇതിവൃത്തത്തിൽ പുതുമയൊന്നും തോന്നിയില്ലെങ്കിലും രചനാശൈലികൊണ്ട് വ്യത്യസ്തത പുലർത്തിയ ഒന്നായിരുന്നു അത്.
അവളുമായി സംസാരിയ്ക്കുമ്പോൾ മനസ്സിൽ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും ഉണ്ടായി.
എങ്കിലും ഹൃദ്യവും ആരോഗ്യകരവുമായ ഒരു സൗഹൃദം മാത്രമായി അത് നിലനിർത്താൻ താൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സന്തോഷകരമായ അവളുടെ കുടുംബജീവിതത്തിൽ തന്റെ സൗഹൃദം ഒരു കല്ലുകടിയാവരുതെന്ന കരുതൽ എപ്പോഴും ഉണ്ടായിരുന്നു.
ഒരു ദിവസം... മേഘങ്ങളിൽ നിന്നുമുതീർന്ന ആദ്യമഴത്തുള്ളികൾ തന്നിലേയ്ക്ക് ആവാഹിച്ച് ഭൂമി നിർവൃതിയുടെ നിശ്വാസമുതിർത്ത ഒരു മഴദിവസം......
"ഗിരിയേട്ടാ ഇവിടെ നല്ല മഴയാ.."
"മഴ ഇഷ്ടമാണോ... "
"ഒരുപാട് ഇഷ്ടം.... മഴ നനയുന്നത്.... മഴക്കുളിരും.... "
അവൾ വാചാലയായി. മഴയേറ്റാൽ തളിർക്കുന്ന ഭാവനയെക്കുറിച്ച്.... എഴുതുമ്പോൾ കൂട്ടിരിയ്ക്കുന്ന
പ്രിയതമനെക്കുറിച്ച്.........
"എന്നാൽ താനും തന്റെ പ്രിയതമനും മഴ നനയൂ....... "
"ഞാനൊന്നുറങ്ങട്ടേ.... "
മനസ്സിൽ വേലിയേറ്റമായിരുന്നു. മഴയേറ്റാൽ മതിവരാത്ത ഒരു പാവാടക്കാരി മനസ്സിലേക്ക് ഇറങ്ങിവന്നു. നഷ്ടങ്ങൾ എത്ര തീവ്രമായിരന്നെന്ന് ആർത്തലച്ച് കണ്ണുകളിൽ നിന്നും പെയ്തിറങ്ങി കാലവർഷം. മഴ നനഞ്ഞുചിരിച്ച് ഓടുന്നതിനിടയ്ക്ക് ഇടിമുഴക്കം കേട്ടുപേടിച്ചുകരഞ്ഞോടിവന്ന് ഇറുകെ കെട്ടിപ്പിടിയ്ക്കുന്ന ഒരു കൊച്ചുകുറുമ്പി ഓർമ്മയിൽ ചിരിച്ചുനിന്നു.
കളിക്കൂട്ടുകാരിയായി പിന്നെ ആത്മാവിന്റെ ഭാഗമായവൾ. മഴയെത്രനനഞ്ഞാലും അവൾക്ക് മതിവരില്ലായിരുന്നു.
മഴ തന്നെയായിരുന്നു തങ്ങളെ വേർപെടുത്തിയതും..
ഒരു പുതുമഴയിൽ... മണ്ണിൽ നിന്നുയർന്ന ഗന്ധം ആത്മാവിൽ ഉന്മാദം നിറച്ച ഒരു കൗമാരസന്ധ്യയിൽ....മഴയിൽ കുളിർന്ന് നിന്ന അവളെക്കണ്ടപ്പോൾ അതുവരെ തോന്നിയിട്ടില്ലാത്തൊരു കുസൃതി തോന്നി. നെറ്റിയിൽ ഒരുമ്മ... മിന്നൽ പോലെ പ്രത്യക്ഷപ്പെട്ട അവളുടെ അച്ഛൻ.... എന്നെന്നേക്കുമായി അവളെ നഷ്ടമാവുകയായിരുന്നു. അവളുടെ അച്ഛൻ സ്ഥലംമാറ്റം ചോദിച്ചുവാങ്ങി. അച്ഛനമ്മമാരോടൊപ്പം പോകുമ്പോൾ യാത്ര പറയാതെ പറഞ്ഞ രണ്ടു നിറമിഴികൾ... ആ കൗമാരകുതൂഹലം എന്നും എരിയുന്ന കനലായി ആത്മാവിനെ പൊള്ളിച്ചുകൊണ്ടിരിക്കുന്നു..
വീണുകിട്ടിയ ഈ സൗഹൃദം അവളെ തിരിച്ചു തരികയായിരുന്നു. കുസൃതികളും കുറുമ്പുകളുമായി. സൂര്യനുതാഴെയുള്ളതെന്തും അവൾക്ക് സംസാരവിഷയമായിരുന്നു.
ഒരിക്കൽ തന്റെ പ്രണയത്തെക്കുറിച്ച് ചോദിച്ചു.
"ഗിരിയേട്ടന് ഒത്തിരി ഇഷ്ടമായിരുന്നോ അവളെ ?"
"അറിയില്ല കുട്ടീ... "
"ഓർമ്മകൾ ഉണരുന്നിടത്ത് അവൾ ഉണ്ടായിരുന്നു... കാണാമറത്താണെങ്കിലും ആത്മാവുകൾ കെട്ടിപ്പിണഞ്ഞു കിടക്കുകയാണ്. "
"ഗിരിയേട്ടാ എനിക്ക് കരച്ചിൽ വരുന്നു.. "
"നിന്റെ മനസ്സ് ഇത്ര ലോലമാണോ ?"
"അതൊക്കെ എന്നോ കഴിഞ്ഞകഥകൾ അല്ലേ.. "
"അവൾ എവിടെയെങ്കിലും സുഖമായിരിക്കുന്നുണ്ടാവും "
"ഉം.. "
കുറച്ചുനാളുകളായി പാർവതിയെക്കാണറില്ലായിരുന്നു. എഴുത്തുകൾ കണ്ടില്ല. Fb,messenger എല്ലാം ഉപേക്ഷിച്ച് അജ്ഞാതയായി.
വിരഹത്തിന്റെ ഒരു നൊമ്പരപ്പൂവ് ആത്മാവിൽ പൊട്ടിയടർന്നു.
അവസാനമായി കിട്ടിയ സന്ദേശം അവൾക്ക് തന്നെയൊന്നു കാണണം എന്നു പറഞ്ഞുള്ളതായിരുന്നു. അവൾ RCC യിൽ ഉണ്ടത്രേ. ഒരു ഫോട്ടോയിലൂടെ പോലും കണ്ടിട്ടില്ലാത്ത മുഖം. അവളെക്കാണാനുള്ള യാത്ര.
ആകാംക്ഷയുടെ നെരിപ്പോട് ആത്മാവിനെ വറുത്തുപൊരിച്ചു.
വേദനയുടെ നീരാവി ഘനീഭവിച്ചു നിൽക്കുന്ന മുറി.
വാടിയ ചീരത്തണ്ടുപോലെ അർദ്ധബോധാവസ്ഥയിൽ അവൾ. പത്തുവയസ്സുമാത്രം പ്രായമുള്ള ഒരു കൊച്ചുപെൺകുട്ടി. തന്നെ കണ്ടതും അവൾ അടുത്തുവന്നു.
"ഗിരിയങ്കിൾ ആണോ.. ?"
"അതെ.. "
"അമ്മ പറഞ്ഞിരുന്നു അങ്കിൾ വരുമെന്ന്... "
"വരുമ്പോൾ ഇതെല്ലാം തരണമെന്നു പറഞ്ഞിരുന്നു.... "
അഞ്ചു ഡയറികൾ..... അവൾ കുത്തിക്കുറിച്ചതെല്ലാം
ഒരു കത്ത്..
"ഗിരിയേട്ടാ
ഒരു പക്ഷേ ഏട്ടൻ ഇവിടെയെത്തും മുൻപേ എന്റെ പ്രാണൻ പറന്നുപോയേക്കും. ഒരു മാത്രമുൻപെങ്കിലും ഗിരിയേട്ടൻ എത്തണേയെന്നാണെന്റെ പ്രാർത്ഥന.
വരുമ്പോൾ എന്റെ നെറ്റിയിൽ ഒരുമ്മ തരണം ട്ടോ.
ഗിരിയേട്ടൻ എന്റെ മോളെക്കണ്ടുവോ?അവൾ 'മാനസ 'എന്റെ മാനസപുത്രിയിലെ നായിക. അത് കഥയല്ല ഗിരിയേട്ടാ എന്റെ ജീവിതം
എവിടെ അവളുടെ ഭർത്താവ് ?
എവിടെ അവളുടെ പ്രിയപ്പെട്ട മകൻ.....
ഒരു ചാരിറ്റബിൾ സ്ഥാപനത്തിലെ രണ്ട് അമ്മമാർ അങ്ങോട്ട്‌ വന്നു.
"അപർണ കുറച്ചുനാളായി ഞങ്ങളുടെ കൂടെയായിരുന്നു "
"അപർണ... .."
അപർണയെന്ന തന്റെ പാറുക്കുട്ടി.....തന്റെ കളിക്കൂട്ടുകാരി... .....കണ്ണിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ ആ കത്തിലേയ്ക്ക് അടർന്നു വീണു.
"അപർണയുടെ ഭർത്താവ്.. ?"
"ഭർത്താവോ...?"അപർണ അവിവാഹിതയാണ്
അപ്പോൾ വീശിയകാറ്റിൽ അവളുടെ കുസൃതിച്ചിരി മുഴങ്ങുന്നതായി അയാൾക്ക്‌ തോന്നി.
അയാൾ അവളുടെ അടുത്തേക്ക്ചെന്നു. മുടിയെല്ലാം കൊഴിഞ്ഞ ആ തലയിൽ അരുമയോടെ തലോടി. നെറ്റിയിൽ ചുംബിച്ചു. അവളുടെ കണ്ണുകൾ ഒന്നു ചിമ്മിയടഞ്ഞു. ജനലിലിരുന്നൊരു പ്രാവ് കുറുകി... പിന്നെ ചിറകടിച്ച് അകലേക്ക്‌ പറന്നുപോയി.
സതീദേവി
8/2/2018

വാസന്തിയുടെ കഥ

വാസന്തിയുടെ കഥ
**********************
"നീയറിഞ്ഞോ.. ആ വാസന്തി ചാവാറായി ആശുപത്രിയിൽ കിടക്കുകയാ... ആകെ പഴുത്തു ചീഞ്ഞുന്നാ പറയണേ... "
മക്കൾക്ക് അവധി കിട്ടിയപ്പോ രണ്ടു ദിവസം അമ്മയോടൊപ്പം നാട്ടിൽ ചിലവഴിയ്ക്കാൻ എത്തി യതായിരുന്നു താൻ.
പട്ടണത്തിലെ കോൺക്രീറ്റ് വനത്തിൽ നിന്നും നാട്ടിൻപുറത്തെ കുളിർമയിലേയ്ക്ക് ഒരു താൽക്കാലിക രക്ഷപെടൽ.
വർത്തമാനയാഥാർഥ്യങ്ങളിൽ നിന്നും ഭൂതകാലസ്വപ്നച്ചില്ലകളിലേയ്ക്ക്... വർണ്ണവിസ്മയങ്ങളിലേയ്ക്ക്
മനസ്സിലെ പൂമ്പാറ്റയെ പറത്തിവിടാൻ....
വാസന്തി....
ബാല്യം മുതൽ വെറുപ്പിനോട് ചേർത്തുവായിച്ച് വല്ലാതെ കയ്ച്ചുപോയൊരു പേര്.
ഒരു പുഞ്ചിരിയിലൂടെ... ഒരു നോട്ടത്തിലൂടെ വസന്തം വിടർത്തിയവൾ.... ആ മാന്ത്രികതയിൽ അന്നാട്ടിലെ ഓരോ പുരുഷപ്രജയേയും തടവിലാക്കിയവൾ....
രാത്രികളിൽ, അടുക്കളയിലെ അവസാനക്കടമയും കഴുകിത്തീർത്ത് ഉറക്കം തൂങ്ങി യ കണ്ണുകളും വിരക്തിയുടെ കനച്ച ഗന്ധവും പേറി, പെണ്ണുടലിന്റെ ഒരു ദിവസത്തെ
അവസാനച്ചടങ്ങിന്, മനസ്സില്ലാമനസ്സോടെ കിടപ്പറയിൽ എത്തുന്ന ഭാര്യമാരെ മറക്കാൻ അവർ വാസന്തിയെ ധ്യാനിച്ചു. പതിവ്രതകളായഭാര്യമാർ അവളെ ഭയന്നു... വെറുത്തു.
അവൾ ചീഞ്ഞുപുഴുത്തു മരിയ്ക്കുമെന്നു പ്രാകി.
* * * * *
രാജപ്പന്റെ പെണ്ണ് കുഞ്ഞിക്കോത നാലാമത് പെറ്റത് ഇരട്ടയായിരുന്നു. വാസന്തിയും കാഞ്ചനയും. തമ്മിൽ തിരിച്ചറിയാൻ കഴിയാത്തത്ര സാമ്യമുള്ളവർ. സ്വഭാവത്തിൽ അവർ കറുപ്പും വെളുപ്പും ആയിരുന്നു. കാഞ്ചനയ്ക്ക് എന്തും ആദ്യം വേണം. കിട്ടിയാലും കരച്ചിലും വാശിയും. മുലപ്പാലടക്കം എന്തും എന്നും രണ്ടാമത് മാത്രം കിട്ടിയിരുന്ന.. ചിലപ്പോൾ കിട്ടാതെയും ഇരുന്ന വാസന്തി പക്ഷേ കരഞ്ഞില്ല....... ചിരിച്ചു വിടർന്നപൂവുപോലെ.....
ഒന്നിച്ച് മൊട്ടിട്ട് വിടർന്ന് സുഗന്ധം പരത്തിയ രണ്ടുവസന്തങ്ങൾ...
കൊല്ലത്തു നിന്നും കല്യാണം ആലോചിച്ചു വന്നവർക്ക് വാസന്തിയുടെ ചിരി വിടർന്ന മുഖമായിരുന്നു ഏറെ പിടിച്ചത്. അപ്പോൾ മുതൽ മുഖം വീർപ്പിച്ചു നടന്ന കാഞ്ചനയ്ക്കു വേണ്ടി, തനിയ്ക്ക് ഇപ്പൊ കല്യാണം വേണ്ടെന്ന് പ്രഖ്യാപിയ്ക്കുകയായിരുന്നു വാസന്തി.
കറുത്തിരുണ്ട അരോഗദൃഡഗാത്രനും അജാനു ബാഹുവുമായിരുന്നു കാഞ്ചനയുടെ വരൻ. അവന്റെ കൈകളിൽപ്പിടിച്ച് കാഞ്ചന തന്റെ ഭദ്രമായ കുടുംബജീവിതത്തിലേയ്ക്ക് വലതുകാൽ വെച്ചുകയറി. ഒരാണ്ട് തികയും മുൻപ് പെറ്റു.
കാഞ്ചനയുടെ മൂന്നു പ്രസവം കഴിഞ്ഞതിനു ശേഷമാണ് വാസന്തിയ്ക്ക് ഒരു വരനെതേടിപ്പിടിയ്ക്കാൻ രാജപ്പന് സാധിച്ചത് . വാർദ്ധക്യത്തിന്റെ വിവശതയിലും അവിവാഹിതയായ, സുന്ദരിയായ മകൾ അയാളുടെ നെഞ്ചിലെ കനലായി. ഒന്ന് വിശ്വസിച്ച് ഏൽപ്പിയ്ക്കാൻ പറ്റിയ ആരെങ്കിലും ഒരാൾ മതിയെന്നായിരുന്നു ആ വൃദ്ധന്.
അങ്ങനെയാണ് അവളെക്കാൾ പൊക്കം കുറഞ്ഞ കാഴ്ചയിൽ അല്പം പോലും ആണത്തം തോന്നിയ്ക്കാത്ത ദാസൻ അവളുടെ ഭർത്താവായത്. അന്നാണ് വാസന്തിയെന്ന പിഴച്ച പെണ്ണ് ജനിച്ചതും.
അർഹിയ്ക്കാത്ത... അവിചാരിതമായി കിട്ടിയ നിധി..
എന്തു ചെയ്യണമെന്ന് ദാസന് അറിയില്ലായിരുന്നു. ഒരു തരത്തിലും താൻ വാസന്തിയ്ക്ക് അനുരൂപനല്ലെന്ന് ദാസനു ബോധ്യമായി. ആ തിരിച്ചറിവ് അവനെ ഭ്രാന്ത് പിടിപ്പിച്ചു. അവളുടെ മാസ്മരികതയിൽ അവനെന്നും ഉറഞ്ഞുപോയി. അവന്റെ അപകർഷത അവളോടുള്ള അടങ്ങാത്ത ദേഷ്യമായി പുറത്തു വന്നു.
തങ്ങളുടെ സ്വപ്നറാണിയെ ദാസനെപ്പോലൊരുത്തൻ സ്വന്തമാക്കിയത് അന്നാട്ടിലെ ആണ്സിംഹങ്ങൾക്ക് സഹിക്കാ വുന്നതിലും അപ്പുറമായിരുന്നു. അന്തിക്കള്ളൂമോന്തുന്നതിനിടയിൽ കഥകൾ പിറന്നു. ഓരോ കഥ യിലും അവൾ നായികയായി. കെട്ടുപിണഞ്ഞ നാഗങ്ങളിൽ ഒന്ന് എന്നും അവളായിരുന്നു. അവളുടെ സർപ്പ സൗന്ദര്യ സുഗന്ധം ആവാഹിച്ച കാറ്റും ആ കഥകൾ ഏറ്റുപാടി.
ഓരോ കഥയും അവളെ തല്ലുകൊള്ളിച്ചു. ഓരോ തല്ലും അവളെ ഉന്മത്തയാക്കി.
ശൂന്യതയിൽ ജനിച്ച, കാറ്റിലൂടെ പറന്ന കഥകൾ ഉറഞ്ഞാടിയാണ് വാസന്തി ജീവിതത്തോട് പകരം വീട്ടിയത്. അവൾ പെറ്റ മൂന്നുമക്കളിൽ ഒരാൾക്കുപോലും ദാസന്റെ രൂപ സാമ്യം ഉണ്ടായിരുന്നില്ല.
അവൾ പുരുഷൻമാരുടെ രതിസ്വപ്‌നങ്ങളിലും ഭാര്യമാരുടെ പേടിസ്വപ്‌നങ്ങളിലും ഒരേപോലെ നിറഞ്ഞുനിന്നു.
തല്ലിത്തളർന്ന്, പതിൻമടങ്ങു താ ഡനം മനസ്സിലേറ്റുവാങ്ങി ദാസൻ നാടുവിട്ടു.
പൂ പോലെ ചിരിച്ചവൾ. പത്തു മുപ്പതു വയസ്സുവരെ ആഗ്രഹാഭി ലാഷങ്ങൾ ഉള്ളിലൊതുക്കി, ഒരു ഗന്ധർവമകുടിയ്ക്കു മുന്നിലും ആടിയുലയാതിരുന്നവൾ...
അവളുടെ ചിരി കുലടച്ചിരിയാക്കി മാറ്റിയതേതു കാറ്റ് ?
ഇന്ന് വാർദ്ധക്യത്തിൽ മക്കളാൽ ഉപേക്ഷിയ്ക്കപ്പെട്ട, സർക്കാർ ആശുപത്രിയിൽ മരണത്തോട് മല്ലിടുന്ന വെറുക്കപ്പെട്ട ഒരു ജന്മം. എന്നിട്ടും.....
ഒരു നിമിഷത്തിന്റെ കുഞ്ഞോരം ശത്തിൽ എനിയ്ക്ക് വാസന്തിയെചെന്നു കാണണ മെന്നും ആർക്കൊക്കെയോ വേണ്ടി ക്ഷമ ചോദിയ്ക്കണം എന്നും തോന്നി.
സതീദേവി
24/3/2018

മസ്തിഷ്കാഘാതം


കഥ
മസ്തിഷ്കാഘാതം
*********************
മരുന്നുപൊതികളുമായി അയാൾ കയറിവന്നപ്പോൾ അവൾ മച്ചിൽ കണ്ണും നട്ടു കിടക്കുകയായിരുന്നു.
"How do you feel.. ?"അയാൾ ചോദിച്ചു. അവൾ മറുപടിയൊന്നും പറഞ്ഞില്ല. അല്ലെങ്കിലും കുറേനാളുകളായി
അയാളുടെ ചോദ്യങ്ങൾക്കൊന്നും ഉത്തരം
പറയാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല. ഉത്തരങ്ങളില്ലാത്ത, അവസാനമില്ലാത്ത കുറേ ചോദ്യങ്ങൾക്കു മുന്നിലെ ചോദ്യചിഹ്നം മാത്രമായി അവൾ മാറിയിരുന്നു. അവൾ സാവധാനം അയാളെ നോക്കി.
ചത്തുമലച്ച മീനിന്റേതുപോലെ
നിർജീവമായിരുന്നു അപ്പോൾ അവളുടെ കണ്ണുകൾ.
ഒരു ദിവസം വല്ലാതെ പ്രണയാതുരമായൊരു രാത്രിയിൽ അയാൾ അവളോട്‌
പറഞ്ഞു. "You are precious....
I love you... "
വലിയ വിലയുടെ ടാഗ് കഴുത്തിലണിഞ്ഞ, അതിമനോഹരമായ കണ്ണാടിക്കൂട്ടിലെ കണ്ണടച്ചു തുറക്കുന്ന പാവക്കുട്ടിയായി താൻ മാറുന്നതായി അവൾക്കനുഭവപ്പെട്ടു. വിലകൂടിയ കളിപ്പാട്ടം എങ്ങനെ
യാണ് ഉപയോഗിക്കേണ്ടത് എന്നറിയാത്ത കുട്ടിയാണ് അയാളെന്നും അവൾക്ക് തോന്നി.
"താനെന്താ ആലോചിക്കുന്നേ?"
അയാളുടെ ചോദ്യം അവളെ അലോസരപ്പെടുത്തി. ശബ്ദങ്ങൾ അവൾക്ക് അരോചകമായിത്തുടങ്ങിയിരുന്നു.
"നീയെന്തായിങ്ങനെ... ?"
"അവൾക്കെന്താ കൊമ്പുണ്ടോ?
കുറേചോദ്യങ്ങൾ ഒരു ദിവസം
അലറിവിളിച്ച് അവൾക്കുനേരെ
പാഞ്ഞുവന്നു. ഒരു കല്ലിൽ തട്ടിവീണതുകൊണ്ടാണ് അന്നവൾ രക്ഷപ്പെട്ടത്.
"നിന്നെ കൊള്ളാഞ്ഞിട്ടാണ്.. "
"ആണുങ്ങളായാ പെണ്ണുങ്ങളെ നിലയ്ക്ക് നിർത്താനറിയണം.. "
കുറ്റവാളിയെപ്പോലെ തലകുനിച്ച് അയാൾ നിൽക്കുന്നത് കണ്ടപ്പോൾ അവൾക്ക് വല്ലാത്തൊരു നിസ്സഹായത അനുഭവപ്പെട്ടു.
ഇനി ഓടിരക്ഷപ്പെടുമ്പോൾ
അയാളെയും കൂടെക്കൂട്ടണം
എന്ന് അവൾ തീരുമാനിച്ചു.
പക്ഷേ പിന്നീട് അവൾ രക്ഷപ്പെട്ടോടാൻ ശ്രമിച്ചത് അയാളിൽനിന്നുതന്നെയായിരുന്നു.
അനുമോളെ സ്കൂളിൽ ചേർക്കാൻ തീരുമാനിച്ച ദിവസം. ഒരു കറുത്ത ദിവസമായിരുന്നു അത്. ആകാശം നിറയെ കറുത്ത മേഘങ്ങളായിരുന്നു. അവ പരസ്പരം ആക്രമിക്കുകയും അട്ടഹസിക്കുകയും ചെയ്തുകൊണ്ടിരുന്നു.
"അനുമോളെ നമുക്ക് ICSE സിലബസുള്ള സ്കൂളിൽ ആക്കണം.. " എന്നയാൾ പറഞ്ഞപ്പോഴാണ് അത് സംഭവിച്ചത്. അവളുടെ മസ്തിഷ്‌കം വല്ലാത്ത വേഗത്തിൽ ഉരുണ്ടുകയറാൻ തുടങ്ങി. തലയോട്ടി പിളർന്ന് അത് പുറത്തുവരുമെന്ന് അവൾ ഭയന്നു.
"അനുമോളെ ഏതെങ്കിലും സാധാരണ സ്കൂളിൽ ചേർത്താൽ മതി. പലവ്യഞ്ജനത്തിന്റെയും പച്ചക്കറിയുടെയും ലിസ്റ്റെഴുതാനും വീട്ടുചിലവ് കൂട്ടിക്കിഴിക്കാനും ആ പഠനം തന്നെ ധാരാളം "
"കണ്ണനെ നല്ല സ്കൂളിലായക്കണം...... അവൻ
വലുതാവുമ്പോ നിങ്ങളെപ്പോലെ നല്ല പൊസിഷനിൽ എത്തേണ്ടതല്ലേ "
അയാളിലെ പിതാവ് വല്ലാതെ പിടഞ്ഞത് അവൾ അറിഞ്ഞു.
ശേഷം മൂർച്ചയേറിയ വാക്കുകൾകൊണ്ട് അയാൾ
അവൾക്കൊരു ശരശയ്യ തീർത്തു. ജോലി ഉപേക്ഷിച്ചതിന് ശേഷം അന്നാദ്യമായി അവൾ
വല്ലാത്തൊരു ആത്മഹർഷം അനുഭവിച്ചു.
അപ്പോൾ മേഘങ്ങൾ താണ്ഡവം തുടങ്ങിയിരുന്നു.
അവ തമ്മിൽ മുറിവേൽപ്പിയ്ക്കുകയും
പൊട്ടിക്കരയുകയും ചെയ്തു.
പിന്നെ ആസ്ത്മാരോഗികളെപ്പോലെ
ചുമയ്ക്കുവാനും കുറുകുവാനും തുടങ്ങി. എവിടെയോ ഒരമ്മയുടെ തേങ്ങൽ കേട്ടു.
ഏകമകളെപ്പഠിപ്പിച്ച് മിടുക്കിയാക്കാൻ ഒരു ജീവിതം തന്നെ ഹോമിച്ച ഒരച്ഛന്റെ ദൈന്യതയാർന്ന മുഖം മേഘങ്ങൾക്കിടയിൽ തെളിഞ്ഞുവന്നു. ഒരുനിമിഷം
അവൾക്ക് അച്ഛന്റെ മടിയിലും
പിന്നെ അമ്മയുടെ ഗർഭത്തിലും
അഭയം തേടണമെന്നു തോന്നി.
"ഇങ്ങനെ ആവശ്യമില്ലാത്തതൊക്കെ ചിന്തിച്ചു കൂട്ടുന്നതുകൊണ്ടാ
തനിയ്ക്ക്...... "
"താനില്ലാതെ ഈ ലോകത്ത്
ഞാനും കുഞ്ഞുങ്ങളും എങ്ങനെ ജീവിയ്ക്കും എന്ന്
താൻ ആലോചിച്ചിട്ടുണ്ടോ ?"
അയാളുടെ ചോദ്യത്തിൽ അഗാധമായ ദുഃഖം നിറഞ്ഞിരുന്നു.
പക്ഷേ അവൾ നിസ്സഹായയായിരുന്നു.
യഥാർത്ഥത്തിൽ അവൾ ഒന്നും
ആലോചിയ്ക്കുന്നുണ്ടായിരുന്നില്ല. അതിന് അവൾ അശക്തയായിരുന്നു. അന്ന് സംഭവിച്ചത് ഒരാവർത്തി അയാളോട് പറഞ്ഞതാണ്. പക്ഷേ അയാൾ വിശ്വസിച്ചില്ല.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. അന്നാണ് അച്ഛൻ വിളിച്ചത്.
"അമ്മയ്ക്ക് തീരെ വയ്യ മോളെ..
കുഞ്ഞുങ്ങളെക്കണ്ടിട്ടും ഒത്തിരിയായില്ലേ..... ഒരീസം
ലീവെടുക്കാൻ വിനൂനോട് പറയുകുട്ടീ... ന്നിട്ട് അമ്മയെ
വന്നോന്നു കാണൂ... "
അമ്മയ്ക്ക് കാണാൻ എന്നു
പറയുമ്പോഴും കണ്ണിലെ കൃഷ്ണമണി പോലെ വളർത്തിയ മകളെ ഒരു നോക്കുകാണാനുള്ള ഒരച്ഛന്റെ
ആഗ്രഹം അതിൽ നിറഞ്ഞുനിന്നിരുന്നു.
അന്ന് അവൾ ഒത്തിരി കരഞ്ഞു.
പിന്നെ കുട്ടികൾക്ക് ഭക്ഷണം കൊടുത്ത് ഉറക്കാൻ കിടന്നത്
അവളോർക്കുന്നുണ്ട്. ഒന്നു മയങ്ങിക്കാണണം. അപ്പോഴാണ് അത് സംഭവിച്ചത്. അവളുടെ
മസ്തിഷ്കം ഉരുണ്ടുയർന്ന് തലയോട്ടി പിളർന്നുപുറത്തുവന്നു. പുരാണകഥകളിൽ ഒരുതുള്ളി
രക്തത്തിൽനിന്നും ഭീമാകാരന്മാരായ രാക്ഷസന്മാർ ഉയിർത്തെഴുന്നേല്ക്കാറുള്ളതുപോലെ അത് ഒരു ബീഭത്സരൂപമായി വളരുകയും അവളെ വല്ലാതെ ചീത്ത വിളിക്കുകയും ചെയ്തു.
"നിറങ്ങൾ നിറഞ്ഞ എന്റെ ഭാവനകൾ നിന്റെ കണക്കു
പുസ്തകത്തിൽ ചത്തുമലച്ചു.
എന്റെ ഓരോ കോശങ്ങളും
ഉപയോഗശൂന്യമായി തണുത്തുറഞ്ഞിരിയ്ക്കുന്നു.
നിനക്കുവേണ്ടി കൂട്ടിയും കിഴിച്ചും എനിയ്ക്കു മടുത്തിരിയ്ക്കുന്നു. നാമ്പിടാൻ കൊതിച്ച, എന്നിലെ കഥകളും
കവിതകളും പിറക്കാതെ കരിഞ്ഞുണങ്ങിയിരിക്കുന്നു..
I hate you...ഇല്ല ഇനി നിന്നിലേയ്ക്കില്ല..... "ശേഷം അത് ഉയർന്നുപൊങ്ങി മച്ചിൽ
കയറിയിരിപ്പായി. പൊട്ടിയ തലയോട്ടിയിൽ നിന്നും രക്തം
പ്രവഹിച്ചു. കണ്ണുകൾ തുറക്കാൻ അവൾക്കു ഭയം തോന്നി. ആരോ കഴുത്തിൽ പിടുത്തമിടുന്നത് അവൾ അറിഞ്ഞു. കണ്ണുകൾ തുറിച്ചുവന്നു. കയ്യിൽ കിട്ടിയ
കത്തിയെടുത്ത് വെട്ടിമുറിച്ചപ്പോൾ മാത്രമാണ് അത് പിടിത്തം വിട്ടത്.
രക്തത്തിൽ കുളിച്ചുകിടന്ന അവളെ അയാളാണത്രെ ആശുപത്രിയിൽ എത്തിച്ചത്. തന്റെ വലതുകയ്യിൽ ഈ മുറിവ് എങ്ങനെയുണ്ടായാവോ. അയാൾ എപ്പോഴാണ് എത്തിയത്.. ഒന്നും ഓർക്കാനാവുന്നില്ല. എങ്കിലും താൻ പറഞ്ഞതൊന്നും അയാൾ വിശ്വസിയ്ക്കാത്തതെന്തെന്ന് അവൾ അത്ഭുതപ്പെട്ടു.
ഇവിടെയും താൻ സുരക്ഷിതയല്ലെന്ന് അവൾക്കുതോന്നി. അവളെ പേടിപ്പിയ്ക്കുന്ന ഒരായിരം ചോദ്യശരങ്ങൾ ആ മുറിയിൽ ഒളിച്ചിരിക്കുന്നത് അവൾ കണ്ടു. എപ്പോൾ വേണമെങ്കിലും തന്റെ അവയവങ്ങൾ ഓരോന്നായി തന്റെ നേരെ ആക്രോശിക്കുമെന്നും പിന്നെ അവ തന്നെ ആഹരിക്കുമെന്നും അവൾ ഭയപ്പെട്ടു.
രക്ഷപ്പെട്ടേ മതിയാവൂ
അവൾ മെല്ലെ എഴുന്നേറ്റു. അയാൾ മയക്കത്തിലാണ്. ഓടി
ഒളിയ്ക്കണം. ചോദ്യങ്ങളിൽ നിന്ന്.... അയാളുടെ ദുഃഖം നിറഞ്ഞ കണ്ണുകളിൽ നിന്ന്..
വാതിൽ തുറന്ന് ഒറ്റ ഓട്ടമായിരുന്നു. ആരൊക്കെയോ ചേർന്ന്‌ അവളെ മുറിയിലേയ്ക്കു കൊണ്ടു വന്നപ്പോഴും അവളുടെ മസ്തിഷ്കം മച്ചിലിരുന്ന് പൊട്ടിച്ചിരിയ്ക്കുകയായിരുന്നു.
ആ പൊട്ടിച്ചിരി പിന്നെ ഒരു അട്ടഹാസവും കരച്ചിലുമായി മാറിയതും കാലിൽ ചങ്ങല കിലുങ്ങിയതും അവൾ അറിഞ്ഞതേയില്ല...
അപ്പോൾ മേഘങ്ങൾ പെയ്തൊഴിഞ്ഞിരുന്നു... ...
വീശിയകന്നകാറ്റിൽ പറന്നകന്നിരുന്നു അവളുടെ സ്വപ്നങ്ങളും... .....
Satheedevi Radhakrishnan
18/8/2017

ആത്മാവിന്റെ ഏകാന്തത

Image may contain: 1 person, eyeglasses and closeup

പ്രപഞ്ചത്തിന്റെ കണ്ണാടിയിൽ
കാണുന്നു ഞാൻ എന്നെയും നിന്നെയും
നിന്റെ മുഖവും എന്റെ മുഖവും
ഒന്നാവുമ്പോൾ
നിന്റെ ഹൃദയത്തുടിപ്പുകൾ
എന്റേതും കൂടിയാവുന്നു
വേർപിരിക്കാനാവാത്ത
തീവ്രനൊമ്പരമാവുന്നു
എല്ലാം ഒന്നാണെന്നുള്ള
ഭ്രമമാകാം
ഏകാന്തപഥികയാക്കിയത്
ആത്മാവിന്റെ ഈ ഏകാന്തത
ഭൗതികതയിൽ അപ്രസക്തമെങ്കിലും
ബോധത്തിന്റെ ആരംഭം മുതൽ
ഇനി അന്ത്യം വരെയും
അറിഞ്ഞും അറിയാതെയും
അനുഭവവേദ്യമാകുന്ന
ഈ ആത്മപീഡയെ
ആവിഷ്കരിക്കാൻ
ഒറ്റ ഭാഷയേയുള്ളു
ആത്മാവിന്റെ ഭാഷ
ആവുമോ നിനക്ക്
അത് തിരിച്ചറിയാൻ ?
ഒരിക്കലെങ്കിലും
Satheedevi Radhakrishnan
8/12/2017

നീ

Image may contain: 1 person, eyeglasses and closeup

ഒരു കൊച്ചു മേഘത്തുണ്ടായ്‌
ഒഴുകിനടക്കാൻ 
നല്ല രസമാണെന്ന് പറഞ്ഞത് നീയായിരുന്നു
എണ്ണ വറ്റിയൊരു ചിരാതിലെ കരിന്തിരിനാളമായിരുന്നു ഞാൻ
നിന്നെ കണ്ടെത്തുംവരെ
നിന്റെ വാക്കുകളായിരുന്നു
എന്നിൽ ചിറകുകളായത്
ഒരു മിന്നാമിനുങ്ങായ് ഞാൻ പറന്നുയർന്നത്
നിനക്കായ്‌ മാത്രമായിരുന്നു
ഒരു സ്വപ്നത്തിൻ ഉണർവ്വിൽ
തിരിച്ചറിയുന്നു ഞാൻ
ആകാശവും നീയും
എന്നുള്ളിൽത്തന്നെയെന്ന്
എന്നിട്ടും
വിങ്ങിപ്പൊട്ടി നിൽക്കുകയാണൊരു കൊച്ചുമേഘം
ഒന്നുപൊട്ടിക്കരഞ്ഞു
പെയ്തൊഴിയുവാനായ്

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo