Showing posts with label BindhuS. Show all posts
Showing posts with label BindhuS. Show all posts

ചാനലുകൾ നാണിത്തള്ളയെ പോലെയാണ്...


ബിന്ദു സുന്ദർ
---------------------
ചാനലുകൾ നാണിത്തള്ളയെ പോലെയാണ്...
====================================
നാണിത്തള്ള ആയിരുന്നു ഞങ്ങളുടെ പണ്ടത്തെ ഹീറോയിൻ. മേൽമുണ്ടിടാതെ, ലുങ്കിയും ബ്ലൗസും മാത്രം ധരിച്ചു മെലിഞ്ഞു കുറച്ചു കറുത്ത നാണിത്തള്ള ദൂരെ നിന്നും വരുമ്പോഴേ മനസ്സിന് ഒരു തുടിപ്പാണ്. അയല്പക്കത്തേയും നാട്ടിലേയും വിശേഷങ്ങൾ എല്ലാം അറിയാമല്ലോ.
അവരുടെ വരവ് കാണുമ്പോഴേ അകത്തു നിന്നും അമ്മ പറയും. നീ അപ്പുറത്തേക്ക് പൊയ്ക്കോ. മുതിർന്നവർ സംസാരിക്കുന്നിടത്തു ഇരിക്കേണ്ട.
എന്റെ കാതുകളെ അമ്മ കാണാതെ ഉമ്മറത്ത് വച്ചിട്ട് ഉം... എന്നു മൂളി ഞാൻ അപ്പുറത്തേക്ക് പോകും.
വല്ലാത്ത ചൂട്, ഇഞ്ഞു.... ഒരു കിണ്ണത്തിൽ കഞ്ഞിയും ബെള്ളം എടുത്തട്ടേ... എന്നും പറഞ്ഞു നാണിത്തള്ള കാലും നീട്ടി പലക മേലെ
ഒരു ഇരുത്തമാണ്...
കഞ്ഞിയും വെള്ളത്തിൽ 'വറ്റും ' കൂടെ വേണം എന്നറിയാവുന്നതു കൊണ്ട് അമ്മ അതും കൂടെ ചേർത്തേ അവർക്കു കൊടുക്കാറുള്ളു..
ഇന്റെ പണിയെല്ലാം കയിഞ്ഞ... ?
ഇല്ല; എന്നു അമ്മ പറഞ്ഞാലും, അയ് പിന്നെ എടുക്കാഡോ.... ഇഞ്ഞു ഇബിടെ ഇരിക്ക്. ഞമ്മക്ക് രണ്ടു നാട്ടു വർത്താനം പറയാം. അമ്മ ഉമ്മറത്തിണ്ണയിലും നാണിത്തള്ള താഴേ പലകയിലും..
പിന്നെ അവർ ഒരു ഭാണ്ഡക്കെട്ടു അഴിച്ചു വെക്കലാണ്. എണ്ണ കറുപ്പുള്ള കണ്ണന്റെ ഓള് ബെളുത്ത കാർത്തി കാഴ്ചക്ക് ഓനു ഒട്ടും ചെരൂല. എങ്ങനെയാപ്പ ഓക്ക് ഓനെ പിടിച്ചത് എന്നാർക്കറിയാം...അല്ലെങ്കിൽ നാട്ടിൽ കുറച്ചു പണവും പ്രതാപവും ഉള്ള ഗോവിന്ദൻ നായരെ പറ്റിയാകും.
ഓനെയെല്ലാം ഞമ്മക്ക് പണ്ടേ അറിയുന്നതല്ലേ... ഓൻ പണ്ട് തെങ്ങുമ്മ കേരലല്ലായിരുന്നോ പണി.പിന്നെങ്ങനെ ആണ് അമ്മോപ്പ...ഈ പൈസയെല്ലാം ഉണ്ടാക്കിയതെന്ന് ആർക്കറിയാം...
ഓൻ തെങ്ങുമ്മ കേറുമ്പോ ഓരോ തെങ്ങുമ്മലും വിളഞ്ഞ തേങ്ങ രണ്ടോ മൂന്നോ ഒയിച്ചിടും പോലും. അതെല്ലാം രാത്രി ആരും കാണാതെ ആരാന്റെ പറമ്പിൽ കേറി പറിക്കുമത്രേ. എന്നിട്ട് അതൊക്കെ പിന്നേ കൊപ്പര ആക്കി ബിറ്റിട്ട ഓനിപ്പം കാണുന്ന നിലയിലൊക്കെ ആയതു.. ചിരട്ട കൈയിൽ പോലത്തെ ഓന്റെ ഓളെ ഭാഗ്യം എന്നല്ലാണ്ട് എന്തു പറയാനാ....
അങ്ങനെ രണ്ടോ മൂന്നോ മണിക്കൂർ കൊണ്ട് അഞ്ചാറു എപ്പിസോഡ് തീർക്കും. അതിനിടയിൽ ഓറു ബരാനായി പണിയൊന്നും കായിഞ്ഞിനില്ല. എന്നു അമ്മ ഓർമ്മപെടുത്തുമ്പോൾ നാണിത്തള്ള പറയും., ഇഞ്ഞു ആട ഇരിക്കമ്മ. നാളെയെങ്ങാനും ഞാൻ ചത്തു പോയാൽ ഈ പറഞ്ഞതൊക്കെ അല്ലേ ഉണ്ടാകൂ..
അവസാനം ഉച്ച ഊണിന്റെ സമയം ആകുമ്പോൾ അവർ മെല്ലെ എഴുന്നേൽക്കും. എത്ര നിര്ബന്ധിച്ചാലും അവർ ഉച്ച ഭക്ഷണം കഴിക്കൂല അതു അവരുടെ വീട്ടിൽ നിന്നും മാത്രം.
ലീല (നാണിത്തള്ളയുടെ മകൻ നാരാണേട്ടന്റെ ഭാര്യയാണ് ). നേരം ബെല്ക്കുമ്പോൾ എണിറ്റു ബേഷമിച്ചു ഉണ്ടാക്കിട്ടു ഞാള് അതു കായിക്കണ്ടിരുന്നാൽ ഓക് ഒരു ബെശമം ഉണ്ടാവൂലെഡോ ഒന്നുമില്ലെങ്കിലും ഓള് ഒരു എന്ങത്തിയല്ലേ എന്നും പറഞ്ഞു ഇരുന്ന പലക യദാ സ്ഥാനത്തു വച്ചിട്ട് അവർ എണിറ്റു പോകും.
ഇന്ന് ഇതൊന്നും പറയാൻ നാണിത്തള്ളയില്ല. അയല്പക്കത്തു വെറുതെ poyi ഇരിക്കാൻ ആർക്കും സമയവും ഇല്ല. പകരം ചില ചാനലുകളിലെ വാർത്തകൾ കാണുമ്പോൾ എനിക്ക് എന്റെ ആ പഴയ നാണിത്തള്ളയെ തിരിച്ചു കിട്ടിയപോലെ......
=====================================

Bindhu S

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo