Showing posts with label UnniKT. Show all posts
Showing posts with label UnniKT. Show all posts

“അശ്വത്ഥാമാവ്



കൊലക്കത്തിയെന്‍റെ ചങ്കോടുചേര്‍ത്തു-
കണ്ണുകളിറുകെപ്പൂട്ടി വിറയ്ക്കും
കരങ്ങളോടെ, കരളലിവോടെന്‍റെ 
ചങ്കറുക്കുനീ, വിതുമ്പിക്കരയൂ...!
കത്തിമുനയിലെ നിണം വിരല്‍ത്തുമ്പു
 കൊണ്ടുതൊട്ടെടുത്താ ചോപ്പു നിന്‍റെ
പകയിലണിയുക, പിന്നെപ്പകച്ചും,
പതറിയും പതംപറഞ്ഞും ഉറക്കെ
കരഞ്ഞീടുക...,
ഇറ്റുനിണമീ പൂഴിയിലിറ്റുവീഴാതെ
പാര്‍ക്കുക, ഒരിറ്റില്‍നിന്നുഞാനിനി-
യുമുയിരു തേടിയെങ്കിലോ...?!?
പുനര്‍ജ്ജനിയുടെ പന്ഥാവില്‍ നീ
കാവല്‍നില്‍ക്കുക, പുലരാനൊരു
കിനാവു ഞാന്‍ കാണുമ്പോള്‍
ഇനിയുമെന്‍റെ ചങ്കറുക്കുക,
ചോരയൂറ്റുക.....,
ചിത്തഭ്രമത്തിന്‍റെ . ചടുലതകള്‍
വേട്ടയാടവേ നീ തിരയും
ബലിമൃഗമല്ലേ ഞാന്‍, നിന്‍റെ -
യറവുകത്തിയെന്‍റെ ചങ്കോടു-
ചേര്‍ക്കുക, വിറയ്ക്കും കരങ്ങളാ
ലെന്‍റെ ചങ്കറുക്കുക, ചിത്തശാന്തി-
യ്ക്കായ്‌ വിതുമ്പിക്കരയുക...!
ചിത്തത്തിലലിവുറവപൊട്ടും
നേരത്തെന്‍റെ ചില്ലിട്ട ചിത്ര-
മുടയ്ക്കുക,ബന്ധനങ്ങളഴിയട്ടെ,
നിണച്ചോപ്പിലാളും നിന്‍റെ
പകയാറട്ടെ,പ്പതിയെശ്ശമിയ്ക്കട്ടെ!
അനേകവട്ടമാരൊക്കെയോ അരും-
കൊല ചെയ്തൊരെന്‍റെ ചിതറിയ
പ്രാണനെ കൈക്കുമ്പിളില്‍ക്കോരി-
യെടുത്തുമുകര്‍ന്നീടുവാനാശബാക്കി-
വച്ചിനിയും കൊലക്കത്തിയൊരുക്കി
കാത്തിരിയ്ക്കുക.....!
കാലദേശങ്ങളിലവസാനമില്ലാ മോക്ഷ-
പ്രാര്‍ത്ഥിയായലയും അശ്വത്ഥാമാവു-
ഞാന്‍...!
സങ്കല്‍പ്പിച്ചൊരുക്കിയ നിയോഗങ്ങളില്‍
പൊറുക്കാവ്രണങ്ങളുമായ് അലയുമാത്മ-
സംഘര്‍ഷങ്ങളില്‍ തൂവല്‍സ്പര്‍ശ-
സാന്ത്വനം നേരും നിന്‍റെ കത്തിമുന-
യിലെന്‍റെ മോക്ഷമന്ത്രം പിറവി
കൊള്ളുന്നതറിയുന്നു ഞാന്‍
കൃതാര്‍ത്ഥനാകുന്നു...!

By Unni KT

വേനല്‍

Image may contain: 1 person, sunglasses, beard and closeup
മോഹിച്ചുപോയി മാരിക്കാറൊന്നു
ചുരത്തിയെങ്കില്‍, വാനത്തിന്‍ മന-
മാര്‍ദ്രമായെങ്കില്‍, കനയ്ക്കും
വേനലാറിയെങ്കില്‍, ഒരിളംതെന്നല്‍
പ്പതുക്കെത്തലോടിയേറുമുഷ്ണമാറ്റി
യെങ്കില്‍.....!!!
പ്രതീക്ഷകള്‍ക്കുമേലേ കനലാടുന്നു
വാനം, ആര്‍ദ്രത വറ്റിയ വന്ധ്യമേഘ-
ങ്ങള്‍തന്‍ ദാഹം പെരുകവേ നിശ്ശബ്ദം
നിലവിളിയ്ക്കുന്നു വസുധ...!!!
അല്ലലൊട്ടേറുന്നു, ആറു,മടവിയും
മായുന്നു, മണ്ണിന്മേനിയൂഷര-
നഗ്നതയിലാടതേടുന്നു....,
വരണ്ട മിഴികളും, വിണ്ടടര്‍ന്ന-
യധരങ്ങളും ഒരു നീര്‍മേഘത്തെ
പ്രാര്‍ത്ഥി ച്ചുണര്‍ത്താന്‍ വെമ്പുന്നു
വൃഥാ...!
ഒരുവേള മുന്നേ വീശിയകന്നുപോയ
കാറ്റിനോടും, കന്മഷംപോലെ കനയ്ക്കും
വെയിലിനോടും വെറുതെ പരാതി
ചൊല്ലുന്നൂഴി.....,
ബധിര കര്ണ്ണങ്ങളിലില്ല കേള്‍വിതന്‍
കനിവെന്നറിയെ പിറവിയെപ്പഴിക്കുന്നു
കേഴുന്നാസന്നമൃതിയുടെയങ്കലാപ്പില്‍..!
എന്നുമേറ്റം പ്രിയമോടെ പാലിച്ച
പുത്രനവന്‍റെ കൊടുമകള്‍ കൊണ്ടു
വന്നുപോയതാണീ ദുരന്തമെന്നോര്‍ക്കിലും
നീറുന്നുകണ്തട,മിറ്റുനീരിനു ദാഹിക്കു-
മവന്‍റെ ദൈന്യത പാര്‍ക്കുകില്‍...!

By Unni KT

എന്‍റെ ഭൌതികമോഹങ്ങളില്‍


എന്‍റെ ഭൗതീക മോഹങ്ങളിൽ
വീടിന് സ്ഥാനമില്ല.......!
പാർപ്പിടം ഒരു മിഥ്യാ സങ്കല്പമെന്നു
ഞാൻ കരുതുന്നു. വിഹായസ്സിന്‍റെ
 കീഴെ വസ്തുതാപരമായി നിങ്ങളെന്നെ
നിര്‍വചിക്കുമ്പോൾ നിസ്വനാണ് ഞാൻ…!

ഓടിത്തീർക്കാൻ ബാക്കിവച്ച ദൂരത്തിന്
അവകാശികളില്ല…! എന്‍റെ സംഗ്രാമങ്ങളിൽ
ഇടംവലം നിൽക്കുന്നത് ഭാഗ്യനിര്‍ഭാഗ്യങ്ങൾ മാത്രം.
പിന്നിൽനിന്ന് വരുന്ന ചതിവെട്ടുകളെ
നിതാന്തജാഗ്രതയുടെ പരിചനീട്ടിത്തടുക്കും.
വിധിവിധാനങ്ങളുടെ പ്രകോപനങ്ങളെ
അർഹിക്കുന്ന അവഗണനയോടെ
ഞാൻ തള്ളുന്നു..!
ഇതുവരെ കൂട്ടിന് നിഴലുണ്ടായിരുന്നു…!
ഇടവഴികളിലെ ഇരുളിനെപ്പേടിച്ചു
നിഴൽ വെട്ടത്തിൽ പതിഞ്ഞു കിടപ്പുണ്ട്.
പാവം, കൂട്ടുവിടാൻ മനസ്സുണ്ടായിട്ടാവില്ല,
ജീവനിലുള്ള കൊതികൊണ്ടാകും.

തുടിക്കുന്ന സ്പന്ദനങ്ങളോട്
കടപ്പാടൊന്നുമില്ലെങ്കിലും ഒരു
ബാധ്യതപോലെ ഞാനതിനെ
സംരക്ഷിക്കുന്നുണ്ട്.....!
ഏല്പിച്ചവൻ തിരികെവാങ്ങുമ്പോൾ
ആത്മാവിൽ ക്ഷതങ്ങൾ ഉണ്ടയിരിക്കരുത്.
ആത്മാവിനൊരു കച്ചതുന്നിയിട്ടുണ്ട് ഞാന്‍…!
രക്തം കിനിയാതെ, ചർമ്മം കീറാതെ
സുഭദ്രം ഞാനതിനെ കാത്തുവയ്ക്കും.
എന്‍റെ ഭൗതീകമോഹങ്ങളിൽ വീടില്ല,
 വീടിനുള്ളിൽ സുരക്ഷിതമായ സൂക്ഷിപ്പ്
സങ്കേതങ്ങളുമില്ല…!
ഇനിയും എന്‍റെ ഭവനം തേടുന്നവരോട്…,
നിങ്ങളെ ഞാൻ നിരാശപ്പെടുത്തിയിട്ടില്ല!
നിറമുള്ള ഭിത്തികളും, വലിയ
വാതായാനങ്ങളും, മട്ടുപ്പാവിൽ നിന്ന്
ആരാമസുരഭിലതകളിലേയ്ക്ക്
 തുറക്കുന്ന ജാലകങ്ങളും നിങ്ങളുടെ
മാത്രം സങ്കല്പങ്ങളായിരുന്നു…!

bY Unni KT

വിശുദ്ധപാപികള്‍ നമ്മള്‍


ഓര്‍മ്മകളിലൊരു കാലമിതോര്‍ത്തെടുക്കാം,
ഇല്ലായിരുന്നു ഭാവഭേദങ്ങളന്യരല്ലായിരുന്നു
നമ്മള്‍ പരസ്പരമുണ്ടായിരുന്നു നോവില്‍
നീറുന്നൊരു മനം നിനക്കുമെനിക്കുമൊന്നുപോല്‍!
വേണ്ടായിരുന്നു വേലികള്‍ നമുക്കിടയിലില്ലാ-
യിരുന്നതിരുകള്‍, കാവലായിരുന്നു നിനക്കു
ഞാന്‍, വ്രണിതനാക്കിയില്ല നീയെന്നെയും...!
ഇല്ലെന്‍റെ വീട്ടിലുണ്ടെങ്കില്‍ പശി നിനക്കും
നിന്നമ്മ വേവിച്ചതൊക്കെയും പ്രിയമായിരുന്നെനിക്കും
പിന്നെങ്ങിനെ മറന്നുപോയ്‌ നമ്മള്‍ പരസ്പരം
ബദ്ധവൈരികളായ് കണ്ടാലറിയാത്തവരായ്...!
നമ്മളറിയാചങ്ങാത്തങ്ങളിലേക്കു ദിശതിരിഞ്ഞു
നടന്നു നമ്മെയറിയാത്തവര്‍ക്കൊ പ്പം ചമഞ്ഞു,
നമ്മളവര്‍ ചൊല്ലിയ വൈരം വീതിച്ചെടുത്തു,
വാള്‍ത്തല നന്നായ് മൂര്‍ച്ചയേ റ്റിയെടുത്തു, വാക്ക്-
പോരില്‍ വിഷംതേച്ചയമ്പുകള്‍ കരുതിവച്ചു,
വാശിയോടെപ്പോര്‍വിളിച്ചു...!
വിഷംചീറ്റുന്നു ചിന്തകളില്‍ വാക്കുകളില്‍,
വകതിരിവില്ലാത്ത വകതിരിവുകളില്‍
വിദ്വേഷം കൊണ്ടു നിറംചാര്‍ത്തു ന്നു നേരല്ലാതെ
ചിരിക്കുന്നു, നേരായ് നടിക്കുന്നു....!
പതിരില്ലാചൊല്ലിനാലെ പറഞ്ഞവാക്കുകളില്‍
പാഷാണം പുരട്ടുന്നു പലരൂപത്തില്‍, ഭാവത്തില്‍
വില്‍ക്കുന്നമൃതെന്നു ചൊല്ലുന്നു...!
വിഷം വാങ്ങിഭുജിക്കുന്നു, വിശപ്പുമാറിയെന്നു
നടിക്കുന്നു, വൈകൃതംതന്നെയെങ്ങു പാര്‍ക്കി ലും...!
ഇല്ലായിരുന്നു തമ്മില്‍ ഭേദങ്ങള്‍ നമ്മില്‍,
എന്‍റെതായിരുന്നു സോദരിയെങ്കിലെന്ത്
നീയുമവള്‍ക്കാങ്ങളതന്നെയെന്നു
നേരായുണ്ടായിരുന്നൊരുകാലം....,!!!
ലക്ഷ്യമറിയാത്ത യാത്രകള്‍ക്ക്
വഴികാട്ടികളായെത്തിയവര്‍ അശാന്തിയുടെ
കാവലാളരവരുടെ ചൊല്ലുകളില്‍ ചരിതങ്ങളി-
തിഹാസങ്ങള്‍ മാറ്റിയെഴുതിപ്പഠിച്ചു മഹിതങ്ങലളാം
പൈതൃകങ്ങളെപ്പരിഹസിച്ചവര്‍ നമ്മള്‍......!!!
ഉണ്ടായിരുന്നു സൌഹൃദങ്ങള്‍, കൂട്ടായ്മകള്‍,
അയല്പയക്കങ്ങളും, കല്യാണവും, കാതുകുത്തും
നമ്മളൊന്നായ് കൊണ്ടാടിയാണ്ടറുതികളു-
മുത്സവങ്ങളും, പിന്നെങ്ങിനെ തുലഞ്ഞു
പോയ്‌ നമ്മിലെ നന്മയും, സൗഹൃദങ്ങളും...?!
ജാതി, മതഭേദങ്ങളില്‍ ജാഗ്രതയുള്ളോര്‍
ജാത്യാലുള്ള നന്മയെ തുരത്തിയോര്‍, കണക്കുചോല്ലേ-
ണ്ടിവരും കൂട്ടുകാരാ, കാലത്തിന്‍ കോടതിയില്‍
ശിരസ്സുതാഴ്ത്തി നില്ക്കും നമ്മള്‍.....!
വിശുദ്ധപാപികള്‍ നമ്മള്‍ കാംക്ഷിക്കും
സ്വര്‍ഗ്ഗങ്ങളിലേക്കുണ്ടോ കുറുക്കുവഴികള്‍,
കൂടെപ്പിറന്നവര്‍ നമ്മള്‍, കൂടിക്കഴിഞ്ഞാലെന്തു
ചേതം ചൊല്ലുനീ ചങ്ങാതി..?!
വേണ്ട നമുക്കിടയിലാഴക്കിടങ്ങുകള്‍
എങ്ങിനെയോ വന്നുപോയ
വിടവുകള്‍ക്കിടയിലൊഴുകും ലാവാ പ്രവാഹങ്ങളില്‍
തണുത്ത കാറ്റു വീശട്ടെ, കരിമ്പാറപോലുറക്കും
സ്നേഹക്കരുതലുകളില്‍ സൌഹൃദസായാഹ്നങ്ങളില്‍
നല്‍ക്കഥകളും, മനസ്സുകുളിര്‍ക്കും
പാട്ടുകളുമായൊത്തു കൂടാം, മറക്കാം, പൊറുക്കാം,
മറന്നുപോയോരാ മന്ദഹാസത്തെ വരവേല്‍ക്കാം ...!

by: 
Unni Kt

ഇരുവഴി പിരിയും മുൻപേ


രമ്യമൊരു വാക്കില്‍ 
രമിച്ചു നമ്മള്‍ ഇരുവഴി
പിരിയും മുന്‍പേ ....,
ഇടം, വലം പിരിഞ്ഞകന്നു
പിന്നെ പരിചിത
വീഥികളിലപരിചിതരായ്,
സ്വരമിടറി നിന്നൊരു
യാത്രാമൊഴിയനാഥമാകവെ,
രമ്യമൊരു വാക്കില്‍
രമിച്ചു നമ്മളിരുവഴി
പിരിയും മുന്‍പേ !
വിധാതാവു വിളക്കിചേര്‍ത്ത
നിയോഗങ്ങള്‍ തന്‍ തണലിലും,
വെയിലിലും പരസ്പര-
മോര്‍ത്തും മറന്നും സഫലയാത്ര
തന്‍ സങ്കീര്‍ണ്ണപാ തകളില്‍
നമ്മള്‍ വെറും സങ്കല്പ്പങ്ങളായ്....,
ഓര്‍ത്തെടുത്ത വാക്കില്‍
ഓര്‍മ്മയില്‍ വെറും വിരഹം
ചുവയ്ക്കവേ ഓര്‍മ്മകളെ നമ്മ-
ളോര്‍ത്തെടുക്കാന്‍ മറന്നു...
ഉറക്കം മറന്ന രാവിന്നേകാന്ത
യാമങ്ങളില്‍ ജാലകപ്പഴുതിലൂ-
ടൊഴുകിയിറങ്ങും രാപ്പാടിതന്‍
വിരഹ ഗീതകങ്ങള്‍ വിഷാദ-
സ്മൃതികള്‍ പടര്ത്തകവേ ഇരുളിന്‍റെ
കാരുണ്യം പൊതിഞ്ഞു പിടിച്ചെന്നെ,
നിന്നെയും....!
തണുത്ത ഇരുള്‍ തല്‍പ്പത്തിലെ
തളര്‍ന്ന ചേതനകളായ് നമ്മളുറക്കെ
കരയാതെ,വിതുമ്പാതെയുറഞ്ഞു,
വാക്കടര്‍ന്ന് മൗനം വാചാലമാര്‍ന്ന നേരം
വചനങ്ങളെയവിശ്വസിച്ചു നമ്മള്‍....,
നമ്മളൊന്നായ്‌ നട്ട തണല്‍മരമിന്നു
പന്തലിച്ചു ശാഖികള്‍ തണല്‍
ചൊരിയവേ,ഈ വെയില്പ്പാടങ്ങളില്‍
ഇളവേല്‍പ്പിന്‍റെയുരുകും
കിനാക്കള്‍ തന്‍ തണല്‍ക്കുടചൂടി
നമ്മളിരുദിശതേടി നിയോഗങ്ങളില്‍
നിരതരായ്....,
നോവിന്‍റെമുനകൂര്‍ത്ത വാക്കൊന്നും
മൊഴിയാതെ, നോവാതെ എതിര്‍ദിശ-
കളില്‍ നിഴലളന്നു, നമ്മളകന്നു,
നിഴല്‍ മാഞ്ഞ നേരത്തെന്‍റെ
ഇടത്തരികത്തു നീയും, നിന്‍റെ
വലത്തരികത്തു ഞാനുമെന്നു
നമ്മളോര്‍ത്തേകാന്തത മറന്നു!
നിന്‍റെ പൊട്ടിച്ചിരി കുപ്പിവള-
പ്പൊട്ടുകളുണ്ടെന്‍റെ ചെപ്പിലാരും
കാണാതെ ഞാനൊളിപ്പിച്ചതായ്,
മാനം കാണാതെ, മനസ്സിന്‍റെ
താളില്‍ നീയെടുത്തുവച്ച
മയില്‍‌പീലിത്തുണ്ടു പെറ്റുവോ...,
ആണെത്ര...., പെണ്ണെത്ര...?!
അകന്ന കാലങ്ങളുടെ
ഗതിവേഗങ്ങള്ക്കടകമ്പടിയൊപ്പിച്ചു
നമ്മളകന്നു, മറന്നുവെന്നോ...?!?
ജന്മ ജന്മാന്തരങ്ങളിലേയ്ക്കുനീളും
വിരഹവുമായ് മറവിയുടെ
താഴ്വരയിലെ മരക്കൊമ്പി-
ലിരുശാഖിയിലയല്‍ക്കാരായ് നമ്മള്‍....!
അപരിചിതത്ത്വങ്ങളിലേയ്ക്കു
വിരല്‍ത്തുമ്പുവിട്ടകലും മുന്‍പേ
രമ്യമൊരു വാക്കില്‍ രമിച്ചു നമ്മള്‍....!
നമ്മളൊരേ തൂവല്‍പ്പക്ഷികള്‍........,
കാട്ടുതീയില്‍ വെന്തെരിഞ്ഞ
വെണ്ണീറില്‍ നിന്നു പുനര്‍ജ്ജനിയുടെ
ആകാശനീലിമയില്‍ ചിറകുനീര്ത്തി
പറന്നൊരേ ശാഖിയില്‍
ഇളവേല്‍ക്കും നേരമോര്‍ത്തെടുത്തും,
പങ്കുവച്ചും പിരിയുവോര്‍...!
അപരിചിതത്ത്വങ്ങളിലേയ്ക്കു
വിരല്‍ത്തുമ്പു വിട്ടകലും മുന്‍പേ
രമ്യമൊരു വാക്കില്‍ രമിച്ചു നമ്മള്‍....!
നാളെയുടെ ചില്ലുകൂടിന്നകത്തു
നിസ്തേജചിത്രമായ്‌
പരിണമിയ്ക്കുമീ സ്വത്വവു,മുടലും
പങ്കുവയ്ക്കാന്‍ കൊതിച്ചു പരസ്പരം,
പിന്നെ രമ്യമൊരു വാക്കിന്‍ ലഹരിയില്‍
ശമിച്ചവര്‍ നമ്മള്‍...!
ഓര്ത്തെരടുക്കാത്തൊരോര്‍മ്മയാ യ്
എന്നില്‍ നീ,നിന്നില്‍ ഞാനു, മെന്നാലു,
മെന്നാളും രമ്യമൊരുവാക്കില്‍ രമിച്ചു
നമ്മളിരുവഴി പിരിയും മുന്‍പേ...!

by: Unni KT

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo