Slider

“അശ്വത്ഥാമാവ്

0


കൊലക്കത്തിയെന്‍റെ ചങ്കോടുചേര്‍ത്തു-
കണ്ണുകളിറുകെപ്പൂട്ടി വിറയ്ക്കും
കരങ്ങളോടെ, കരളലിവോടെന്‍റെ 
ചങ്കറുക്കുനീ, വിതുമ്പിക്കരയൂ...!
കത്തിമുനയിലെ നിണം വിരല്‍ത്തുമ്പു
 കൊണ്ടുതൊട്ടെടുത്താ ചോപ്പു നിന്‍റെ
പകയിലണിയുക, പിന്നെപ്പകച്ചും,
പതറിയും പതംപറഞ്ഞും ഉറക്കെ
കരഞ്ഞീടുക...,
ഇറ്റുനിണമീ പൂഴിയിലിറ്റുവീഴാതെ
പാര്‍ക്കുക, ഒരിറ്റില്‍നിന്നുഞാനിനി-
യുമുയിരു തേടിയെങ്കിലോ...?!?
പുനര്‍ജ്ജനിയുടെ പന്ഥാവില്‍ നീ
കാവല്‍നില്‍ക്കുക, പുലരാനൊരു
കിനാവു ഞാന്‍ കാണുമ്പോള്‍
ഇനിയുമെന്‍റെ ചങ്കറുക്കുക,
ചോരയൂറ്റുക.....,
ചിത്തഭ്രമത്തിന്‍റെ . ചടുലതകള്‍
വേട്ടയാടവേ നീ തിരയും
ബലിമൃഗമല്ലേ ഞാന്‍, നിന്‍റെ -
യറവുകത്തിയെന്‍റെ ചങ്കോടു-
ചേര്‍ക്കുക, വിറയ്ക്കും കരങ്ങളാ
ലെന്‍റെ ചങ്കറുക്കുക, ചിത്തശാന്തി-
യ്ക്കായ്‌ വിതുമ്പിക്കരയുക...!
ചിത്തത്തിലലിവുറവപൊട്ടും
നേരത്തെന്‍റെ ചില്ലിട്ട ചിത്ര-
മുടയ്ക്കുക,ബന്ധനങ്ങളഴിയട്ടെ,
നിണച്ചോപ്പിലാളും നിന്‍റെ
പകയാറട്ടെ,പ്പതിയെശ്ശമിയ്ക്കട്ടെ!
അനേകവട്ടമാരൊക്കെയോ അരും-
കൊല ചെയ്തൊരെന്‍റെ ചിതറിയ
പ്രാണനെ കൈക്കുമ്പിളില്‍ക്കോരി-
യെടുത്തുമുകര്‍ന്നീടുവാനാശബാക്കി-
വച്ചിനിയും കൊലക്കത്തിയൊരുക്കി
കാത്തിരിയ്ക്കുക.....!
കാലദേശങ്ങളിലവസാനമില്ലാ മോക്ഷ-
പ്രാര്‍ത്ഥിയായലയും അശ്വത്ഥാമാവു-
ഞാന്‍...!
സങ്കല്‍പ്പിച്ചൊരുക്കിയ നിയോഗങ്ങളില്‍
പൊറുക്കാവ്രണങ്ങളുമായ് അലയുമാത്മ-
സംഘര്‍ഷങ്ങളില്‍ തൂവല്‍സ്പര്‍ശ-
സാന്ത്വനം നേരും നിന്‍റെ കത്തിമുന-
യിലെന്‍റെ മോക്ഷമന്ത്രം പിറവി
കൊള്ളുന്നതറിയുന്നു ഞാന്‍
കൃതാര്‍ത്ഥനാകുന്നു...!

By Unni KT
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo